കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നു

കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നതായും മയക്കുമരുന്ന് ലോബി കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ ചടങ്ങില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ ശ്രദ്ധയുണ്ടാവണം. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും അദ്ധ്യാപകരും ജാഗ്രത പാലിക്കണം. രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. ജോലിത്തിരക്കും ടി വി സീരിയലും മൊബൈല്‍ ഫോണും മൂലം കുട്ടികള്‍ക്കൊപ്പം അധികസമയം പല രക്ഷിതാക്കളും ചെലവഴിക്കുന്നില്ല. മാതാപിതാക്കളുടെ സാമീപ്യം നിഷേധിക്കപ്പെടുമ്പോള്‍ കുട്ടികള്‍ ഒറ്റപ്പെടുന്നു. അദ്ധ്യാപകരോട് മനസു തുറന്ന് പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. മയക്കുമരുന്നിന് അടിമയാകുന്നതോടെ കുട്ടിയുടെ ജീവിതവും കുടുംബത്തിന്റെ സമാധാനവും നാടിന്റെ ഭാവിയും നശിക്കും. ചതിക്കുഴികളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ബാലാവകാശ കമ്മീഷന്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നുണ്ട്.

സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. കുഞ്ഞുങ്ങളുടെ വിഷമം ലഘൂകരിക്കാന്‍ സമൂഹം വലിയ ശ്രമം നടത്തണം. ശിശുസൗഹൃദ പരിപാടികള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വലിയ തോതില്‍ കുട്ടികളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് അദ്ദേഹം പറഞ്ഞു. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. നല്ല വാക്കോതി കുട്ടികളെ ധീരരായി വളര്‍ത്തണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അനുഭവങ്ങളുടെ കരുത്തുള്ള കുട്ടികള്‍ക്കാണ് ഭാവിയെ കരുപ്പിടിക്കാനാവുക. ഉറക്കെ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം സ്വയം കണ്ടെത്താനും കളിച്ചു വളരാനും കുട്ടികളെ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. ശിശുദിന ചിത്രം വരച്ച കുട്ടിയെയും സ്‌കൂളിനെയും മന്ത്രി ആദരിച്ചു.

കുട്ടികളുടെ പ്രധാനമന്ത്രി അഭിനവമിരാഗ് എസ്. എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് അദ്വൈത് പി. ആര്‍ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ സ്പീക്കര്‍ ആര്‍ച്ച എ. ജെ മുഖ്യപ്രഭാഷണം നടത്തി. വി. എസ്. ശിവകുമാര്‍ എം. എല്‍. എ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, കുട്ടികളുടെ പ്രതിനിധികളായ ആഷ്‌ലിന്‍ ക്ലാറന്‍സ്, അലീന എ. പി, ദേവിപ്രിയ വി. എസ്, നഗരസഭാ കൗണ്‍സലര്‍ എം. വി. ജയലക്ഷ്മി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്. പി എന്നിവര്‍ സംബന്ധിച്ചു.