ലൈഫ് – കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവനപദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ എനിക്ക് ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ആദ്യ സമ്പൂര്‍ണ ഭവനവല്‍കൃത ലൈഫ് മിഷന്‍ ജില്ലയായി മാറാന്‍ കോഴിക്കോട് നടത്തിയിട്ടുള്ള തയ്യാറെടുപ്പ് വളരെ പ്രശംസനീയമാണ് എന്നു പറയട്ടെ.

ഏകദേശം പതിനായിരത്തോളം ഭൂരഹിത, ഭവനരഹിതരും പതിനായിരത്തോളം ഭൂമിയുള്ള ഭവനരഹിതരുമാണ് ഈ ജില്ലയിലുള്ളത്. ഇതിനുപുറമെ മുന്‍കാലങ്ങളില്‍ ചില ഭവനപദ്ധതികളുടെ ഭാഗമായി നിര്‍മാണം തുടങ്ങിവെച്ചതും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ എണ്ണായിരത്തി ഒരുന്നൂറ് വീടുകളുടെ അവകാശികളുമുണ്ട്. ഇവര്‍ക്കാകെ താമസസ്ഥലം ഉണ്ടാക്കിക്കൊടുക്കുക എന്നത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയാണ്. ലൈഫ് പദ്ധതിക്കു കീഴില്‍ ആ വെല്ലുവിളി ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ് കോഴിക്കോട് ജില്ല.കോഴിക്കോട് ജില്ലയിലെ എല്ലാ ഭൂരഹിത-ഭവനരഹിതര്‍ക്കും വീട് നല്‍കുന്നതിന് ഏതാണ്ട് 188 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്.

നിലവില്‍ 23.45 ഏക്കര്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ബാക്കി ഭൂമി കോര്‍പ്പറേഷനിലും പ്രാന്തപ്രദേശങ്ങളിലുമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള അധികഭൂമി, നല്ല മനസ്സുള്ളവര്‍ സംഭാവനയായി നല്‍കാന്‍ ഇടയുള്ള ഭൂമി എന്നിവ ഉപയോഗിക്കേണ്ടതുണ്ട്.

ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടുവെയ്ക്കുന്നതിന് നാലുലക്ഷം രൂപയും ഭൂരഹിത ഭവനരഹിതര്‍ക്കായി ഭവനസമുച്ചയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് ഒരു കുടുംബത്തിന് പത്തുലക്ഷം രൂപയും എന്ന നിലയ്ക്ക് കണക്കാക്കുമ്പോള്‍ കോഴിക്കോട് ജില്ലയ്ക്ക് ആകെ ആവശ്യമാവുക 2148 കോടി രൂപയാണ്. ഇതില്‍ 45 ശതമാനവും കോഴിക്കോട് കോര്‍പ്പറേഷനിലേക്കാണ് ആവശ്യമായി വരുന്നത്. എട്ടുശതമാനം ഏഴ് മുനിസിപ്പാലിറ്റികള്‍ക്കും 47 ശതമാനം 70 ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് വേണ്ടിവരുന്നത്.

ഈ വിധത്തിലുള്ള വിഭവസമാഹരണം എളുപ്പമുള്ള കാര്യമല്ല. എളുപ്പമുള്ളതല്ല എന്നതിനര്‍ത്ഥം വിഭവസമാഹരണത്തിന് നൂതനമായ മാര്‍ഗങ്ങള്‍ തേടണം എന്നതാണ്. ഇവിടെയാണ് പ്രാദേശികമായി നടത്തേണ്ട ധനസമാഹരണത്തിന് വലിയ പ്രാധാന്യമുണ്ടാകുന്നത്. ആ രംഗത്ത് വളരെ ശ്രദ്ധാപൂര്‍വം കേന്ദ്രീകരിച്ചാലേ ലൈഫ് പദ്ധതി ഇവിടെ പൂര്‍ണമായ അര്‍ത്ഥത്തില്‍ വിജയിപ്പിക്കാനാവൂ. അത് ആ നിലയില്‍ വിജയിപ്പിച്ചെടുക്കാനുള്ള ഭാവനാപൂര്‍ണമായ പദ്ധതികളുമായാണ് നിങ്ങള്‍ മുമ്പോട്ടുപോകുന്നത് എന്നു കാണുന്നത് സംതൃപ്തി തരുന്നുണ്ട്.

ജില്ലയിലെ പദ്ധതിനടത്തിപ്പിന് ആവശ്യമായ 2200 കോടി രൂപയില്‍ പകുതി തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്നും വകുപ്പുതല പദ്ധതികളില്‍നിന്നുമായി അടുത്ത രണ്ടുവര്‍ഷം കൊണ്ട് കണ്ടെത്താനാവും. ബാക്കി വരുന്ന ആയിരം കോടി രൂപയാണ് പ്രാദേശികമായി കണ്ടെത്തേണ്ടിവരിക. ഒറ്റ മനസ്സായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ ഇത് സാധിക്കാവുന്നതേയുള്ളു. അതിനായുള്ള ഏകോപിതവും സംഘടിതവുമായ ശ്രമങ്ങള്‍ ഉടനെ തന്നെ നിങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകണമെന്ന് അഭ്യര്‍ഥിക്കട്ടെ.

‘കരുണാര്‍ദ്രം കോഴിക്കോട്’ പോലെ വളരെ പുതുമയാര്‍ന്ന പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ള ചരിത്രമുള്ള ജില്ലയാണിത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇട്ടിട്ടുള്ള ലക്ഷ്യം ഈ ജില്ലയ്ക്ക് അപ്രാപ്യമല്ല. ഏഴുലക്ഷം കുടുംബങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇവരില്‍ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്കും ഭവനരഹിതരായ സഹജീവികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിക്കായി ഈ വരുന്ന വര്‍ഷം പതിനായിരം രൂപയെങ്കിലും സംഭാവന ചെയ്യുക എന്നത് വിഷമമുള്ള കാര്യമാവില്ല. ക്രൗഡ് ഫണ്ടിങ് രീതിയില്‍ ഇങ്ങനെയൊരു ധനസമാഹരണം നടത്താന്‍ ജില്ലാ ഭരണസംവിധാനം ശ്രമിച്ചാല്‍ അഞ്ഞൂറുകോടി രൂപ കണ്ടെത്താനാകും.

കോഴിക്കോട് ശ്രദ്ധേമായ ഒരു വാണിജ്യകേന്ദ്രം കൂടിയാണല്ലോ. മിഠായി തെരുവു മുതല്‍ ആധുനിക മാളുകള്‍ വരെയുള്ള സ്ഥലം. വികസനപ്രവര്‍ത്തനങ്ങളുമായും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കാന്‍ എന്നും സന്നദ്ധത കാട്ടിയിട്ടുള്ളവരാണ് വാണിജ്യമേഖലയിലെ പ്രമുഖര്‍. പണമായോ സാമഗ്രികളായോ കെട്ടിടനിര്‍മാണ സ്പോര്‍ണര്‍ഷിപ്പായോ ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവനപദ്ധതിക്ക് സഹായം നല്‍കാന്‍ അവര്‍ പൂര്‍ണ മനസ്സോടെ സഹകരിക്കും.

ഇതില്‍ പങ്കാളികളാകുന്നവരെ ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ് എന്നീ തലങ്ങളിലുള്ള പങ്കാളികളാക്കി അംഗീകരിച്ചുകൊണ്ട് ഇവരുടെ സംഭാവനകള്‍ സ്വരൂപിക്കാനുള്ള പദ്ധതി ജില്ലാ ഭരണസംവിധാനത്തിന്‍റെ കീഴില്‍ നടപ്പാവുന്നതോടെ 600 കോടി രൂപയ്ക്ക് തുല്യമായ വിഭവസമാഹരണം സാധ്യമാകും.

ഈ വിധത്തില്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി മുമ്പോട്ടുപോവുകയാണ് ജില്ലാ ഭരണസംവിധാനം. കോഴിക്കോടിന്‍റെ ഊര്‍ജസ്വലമായ ഈ ശ്രമം മറ്റു ജില്ലകള്‍ക്ക് വലിയതോതില്‍ മാതൃകയാകുന്നുണ്ട്. ഈ നില ഇനിയുള്ള ഘട്ടങ്ങളിലും ഇതേപോലെ തുടരണമെന്ന് അഭ്യര്‍ഥിക്കട്ടെ.

വാണിജ്യമേഖലയിലെ പ്രമുഖര്‍ നല്‍കുന്ന സംഭാവനകളും സഹകരണങ്ങളുമാണ് ഈ ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവനപദ്ധധതിയുടെ അടിസ്ഥാനമാവുക. നിങ്ങള്‍ എത്ര ഉദാരമനസ്കരാകുന്നുവോ അത്രയ്ക്ക് ഊര്‍ജസ്വലമായി ഇവിടത്തെ ഭവനനിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോകും. നിങ്ങളോരോരുത്തരുടെയും പൂര്‍ണ സഹകരണവും അകമഴിഞ്ഞ സംഭാവനകളും ഈ പദ്ധതിക്കായി ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കട്ടെ.

അതിമഹത്തായ ഒരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരളം ഇപ്പോള്‍ മുമ്പോട്ടുപോകുന്നത്. പല മേഖലകളിലും ശ്രദ്ധേമായ നേട്ടങ്ങള്‍ കൈവരിക്കാന്‍, അതിലൂടെ രാഷ്ട്രത്തിനുതന്നെ മാതൃകയാകാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് നമ്മുടേത്. എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന സ്കൂള്‍ വിദ്യാഭ്യാസവും എല്ലാ പൗരജനങ്ങള്‍ക്കും പ്രാഥമിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് നമ്മുടേത്. ദുര്‍ബല വിഭാഗങ്ങളുടെ ജീവിതസുരക്ഷ മുന്‍നിര്‍ത്തി വിവിധ ക്ഷേമപെന്‍ഷനുകളും നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ജീവിതാവശ്യത്തിനായുള്ള ഈ കേവല കാര്യങ്ങളുടെ നിര്‍വഹണത്തില്‍ ഒതുങ്ങിനില്‍ക്കുന്നില്ല നമ്മുടെ പ്രവര്‍ത്തനങ്ങള്‍. വൈദ്യുതിയും ഗതാഗതസൗകര്യങ്ങളും കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സങ്കേതങ്ങളും അടക്കമുള്ള ആധുനിക സാങ്കേതികവിദ്യാ സംബന്ധമായ ഒരു ഘടനയുടെ
വിന്യാസവും നഗര ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് സാധ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വലിയ സമ്പത്തോ വ്യാവസായിക കുതിപ്പോ ഒന്നും ഉണ്ടായിട്ടല്ല. ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ക്ക് പലതിനും ഇന്നോളം ഇതുവരെ സാധ്യമാകാത്ത ഇത്തരം നേട്ടങ്ങള്‍ സാധിച്ചെടുക്കാന്‍ നമുക്ക് കഴിഞ്ഞത്.

ഇങ്ങനെ ആധുനിക കാലത്തിനനുസരിച്ചുള്ള അടിസ്ഥാന ഭൗതിക ഘടനാ വികസനവുമായി മുമ്പോട്ടുപോകുമ്പോഴും നമ്മെ ദുഃഖിപ്പിക്കുന്ന വലിയ ഒരു കാര്യം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സുരക്ഷിതമായി അന്തിയുറങ്ങാന്‍ വേണ്ട സൗകര്യമില്ല എന്നതാണ്. ഈ അവസ്ഥ ഒരു നാടിനും അഭിമാനകരമല്ല എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. അഭിമാനകരമായ മറ്റ് ഏതു നേട്ടത്തിന്‍റെയും തിളക്കം കെടുത്തും ദൈന്യതയാര്‍ന്ന ഈ സാമൂഹ്യസാഹചര്യം. അതിലുമുപരി മാനുഷികമായ കരുതലുള്ള ഒരു ഭരണസംവിധാനത്തിന് തലയ്ക്കുമേല്‍ കൂരയില്ലാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ഉള്ളപ്പോള്‍ അവരെ വിസ്മരിച്ചുകൊണ്ട് വികസനത്തെക്കുറിച്ച് മാത്രമായി സംസാരിക്കുക വയ്യ.

രാജ്യത്ത് വികസനം കൂടിയേ തീരൂ. എന്നാല്‍, ആ വികസനം പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ വലിയൊരു വിഭാഗം ജനതയ്ക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നല്ല. ഒരിടത്ത് സൈബര്‍ ഹൈവേയും മറ്റൊരിടത്ത് പട്ടിണിമരണവും എന്ന അവസ്ഥ ഉണ്ടായിക്കൂടാ. ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതും മൂന്നാം സഹസ്രാബ്ധഘട്ടത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ നാടിനെ വികസനോډുഖമായി നയിക്കുന്നതുമായ ഒരു സമതുലിത സമീപനമാണ് ആവശ്യം. അത് മനസ്സില്‍വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ലൈഫ് മിഷന്‍ എന്നത് ഒരു പതിവ് ഭവനനിര്‍മാണപദ്ധതിയായല്ല വിഭാവനം ചെയ്തിട്ടുള്ളത്. ഭവനം എന്നതിന് ഒപ്പം മാന്യമായ ഭൗതിക ജീവിതസാഹചര്യവും കൂടി ഉറപ്പാക്കുന്ന പദ്ധതിയാണിത്. മെച്ചപ്പെട്ട ജീവിതനിലവാരം കൂടി ഉറപ്പാക്കുന്ന പദ്ധതി എന്നര്‍ത്ഥം. അതുകൊണ്ടാണ് ലൈഫ് എന്ന് ഈ മിഷന് പേരുകൊടുത്തതു തന്നെ. കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള സംവിധാനം, യുവജനങ്ങളുടെ തൊഴില്‍ശേഷി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, രോഗാതുരരുടെയും വൃദ്ധജനങ്ങളുടെയും സംരക്ഷണം, റിക്രിയേഷന്‍ ക്ലബ് സൗകര്യം, കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രം, ബാലവാടി എന്നിങ്ങനെ പലതും അനുബന്ധമായുള്ള ഹൗസിങ് കോംപ്ലക്സുകള്‍ കൂടിയാണ് ലൈഫിന്‍റെ ഭാഗമായി ഉയര്‍ന്നുവരിക.

ശ്രദ്ധേയമായ മറ്റൊരു കാര്യം ജീവനോപാധിയായ തൊഴില്‍ ഒരിടത്തും താമസിക്കാനുള്ള ഇടം അതിവിദൂരമായ മറ്റൊരിടത്തും എന്ന അവസ്ഥ ഉണ്ടാവില്ല എന്നതാണ്. കടലില്‍ പണിയെടുക്കുന്നവര്‍ക്ക് വളരെ ദൂരെയുള്ള ഏതെങ്കിലും മലയ്ക്കു മുകളില്‍ വീടുണ്ടാക്കിക്കൊടുത്താല്‍ പോരല്ലോ. അതുകൊണ്ടുതന്നെ പണി എവിടെയോ അതിനടത്തുതന്നെ വീട് എന്ന രീതിയിലാണ് ലൈഫ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതെല്ലാം കാണിക്കുന്നത് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളോടുള്ള കരുതലാണ്. ഈ കരുതല്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു മാത്രമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാവുന്നതല്ല. അതുകൊണ്ടാണ് സമൂഹത്തിന്‍റെ പൊതുവിലുള്ള സഹകരണം ഇതിനോട് ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നത്.

അടുത്ത മൂന്ന് മൂന്നര വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ പാര്‍പ്പിടപ്രശ്നം പൂര്‍ണമായി പരിഹരിക്കുവാനാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മാന്യവും സുരക്ഷിതവുമായ ഭവനം ഒപ്പം ജീവിതസുരക്ഷിതത്വം- ഇതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്‍റെ സാമൂഹികരംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിക്കാന്‍ ഇത് പൂര്‍ണ വിജയത്തിലെത്തുന്നതോടെ കഴിയും എന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. നേരത്തെ ഇവിടെ പല ഭവനപദ്ധതികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയില്‍ ചേരുകയും ധനസഹായത്തിന്‍റെ ലഭ്യതയില്ലായ്മ കൊണ്ടും പലിശഭാരം ദുര്‍വഹമാകകൊണ്ടും ഒക്കെ അവ പൂര്‍ത്തിയാക്കാനാവാതെ വൈഷമ്യത്തിലായവരുണ്ട്. ലക്ഷ്യപൂര്‍ത്തീകരണത്തിനു മുമ്പുതന്നെ ചില ഭവനപദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം അവസ്ഥ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഈ ഭവനപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

എല്ലാവര്‍ക്കും ഭൂമിയും വീടും എന്ന ലക്ഷ്യം അസാധ്യമായ കാര്യമല്ല എന്ന് ഞങ്ങള്‍ക്ക് നിശ്ചയമുണ്ട്. കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടി ഇടപെട്ടാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ സാധ്യമാക്കാവുന്നതാണിത്. ഈ ബോധ്യത്തോടെയാണ് ലൈഫ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഭൂമി കച്ചവടച്ചരക്കാവുകയും അതിന്‍റെ വില കുതിച്ചുയരുകയും ചെയ്തതോടെ ഭൂരഹിതരായ പാവപ്പെട്ടവനെ സംബന്ധിച്ചിടത്തോളം സ്വന്തമായ വീട് എന്നത് നടക്കാത്ത സ്വപ്നമായി. നടക്കാത്തതെന്ന് പലരും കരുതുന്ന ആ സ്വപ്നം നടത്തിയെടുക്കുക എന്ന ദൃഢ നിശ്ചയത്തോടെയാണ് ലൈഫ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ഭൂമിയുള്ള ഭവനരഹിതര്‍ ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ മുന്‍ ഗുണഭോക്താക്കള്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍, ഭൂമിക്ക് കൈവശാവകാശ രേഖയോ പട്ടയമോ ഇല്ലാത്തവര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതി വഴി വാസയോഗ്യമായ പാര്‍പ്പിടം ഉറപ്പുവരുത്തുകയാണ്.

ഭവനസമുച്ചയങ്ങളിലെ താമസക്കാര്‍ക്ക് ഐടി പരിശീലനം, കൗമാരക്കാര്‍ക്കുള്ള കൗണ്‍സിലിങ്, വൈദഗ്ധ്യ പരിശീലനം, സ്വയംതൊഴില്‍ പരിശീലനം, ആരോഗ്യപരിരക്ഷ, വയോജന പരിചരണം മുതലായ സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അഗതികള്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, വിധവകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

ഇത് അതിബൃഹത്തായ ഒരു ജീവകാരുണ്യ പദ്ധതിയായി കാണണമെന്നും ഇതിനെ സഹായിക്കല്‍ മനുഷ്യസ്നേഹത്തിന്‍റെ പേരിലുള്ളതാണെന്നും മനസ്സിലാക്കണം. അതിന്‍റെ അടിസ്ഥാനത്തില്‍ ഈ പദ്ധതിയുടെ നിര്‍വഹണവുമായി എല്ലാ തരത്തിലും സഹകരിക്കണമെന്നും അഭ്യര്‍ഥിക്കട്ടെ. ഈ പദ്ധതിക്ക് സാമ്പത്തികം അടക്കമുള്ള എല്ലാവിധ സഹായവും നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കട്ടെ. നന്ദി.