ദുരന്തമുഖതെത്തി മുഖ്യമന്ത്രി

നമ്മുടെ ജീവിതാനുഭവത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് പറഞ്ഞു. ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രി കടലില്‍ പോയവരെ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലെത്തി അവരുടെ ദു:ഖത്തിലും ഉത്കണ്ഠയിലും സര്‍ക്കാരും പങ്കുചേരുന്നതായി അറിയിച്ചു.

സര്‍ക്കാരിന്റെ എല്ലാ എജന്‍സികളും വിവിധ സേനാവിഭാഗങ്ങളും സംയുക്തമായി ഒരേ മനസോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അങ്ങേയറ്റം ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രാവിലെ നടന്ന ഉന്നതതല യോഗത്തിലും എല്ലാവരും ഇക്കാര്യം അറിയിക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മത്സ്യതൊഴിലാളികളും സജീവമാണ്. നമ്മുടെ ശ്രമം ഉടന്‍ വിജയിത്തിലെത്തുമെന്ന് തന്നെയാണ് സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും വിഴിഞ്ഞം സിന്ധു യാത്രാമാതാവ് പഴയപളളിയില്‍ ഒത്തുചേര്‍ന്നവരോട് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ.മെഴ്‌സിക്കുട്ടി അമ്മ, കടകംപളളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.