ലോക കേരള സഭ ഉദ്ഘാടന പ്രസംഗം

ലോക കേരളസഭ എന്ന മഹത്തായ സങ്കല്‍പം യാഥാര്‍ത്ഥ്യമാവുകയാണ്. സഭയുടെ പ്രഥമ സമ്മേളനം നടക്കുകയാണിവിടെ. ഇതിലേക്കു വന്നെത്തിയിട്ടുള്ള മുഴുവന്‍ പേരെയും സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍’ എന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ മലയാളത്തിന്‍റെ ഒരു മഹാകവി കുറിച്ചുവെച്ചു- മഹാകവി പാലാ നാരായണന്‍നായര്‍. അന്നും അതിനുശേഷവും ആ വാക്കുകള്‍ കുടുതല്‍ കൂടുതല്‍ സത്യവും യാഥാര്‍ത്ഥ്യവുമാവുന്നതാണു നമ്മള്‍ കണ്ടത്. അതെ, കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയത്. ആ വളര്‍ച്ച ഇന്നും തുടരുകയാണ്.

കേരളം ഇന്ന് അതിരുകളാല്‍ മാത്രം മനസ്സിലാക്കപ്പെടേണ്ട ഒരു ഭൂപ്രദേശമല്ല. അതിരുകളെ അതിലംഘിച്ച് ലോകമെമ്പാടുമായി പടര്‍ന്നുനില്‍ക്കുന്ന മഹത്വമാര്‍ജിച്ച ഒരു അന്താരാഷ്ട്ര സമൂഹത്തെയാണ് കേരളീയര്‍ എന്ന വാക്ക് ഇന്ന് അടയാളപ്പെടുത്തുന്നത്.

ഈ വിശാലത നമ്മുടെ മനസ്സിലും പ്രതിഫലിക്കേണ്ടിയിരിക്കുന്നു. ഈ ചിന്തയാണ് ലോക കേരളസഭ എന്ന സങ്കല്‍പത്തിലേക്കു നമ്മെ നയിച്ചത്. ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള ഏതു മലയാളിയുടെയും ഏതു രംഗത്തെ നൈപുണ്യവും വൈദഗ്ധ്യവും നമുക്ക് ഈ കേരളത്തിനായി കൂടി പ്രയോജനപ്പെടുത്താന്‍ കഴിയണം. ലോകത്തിന്‍റെ ഏതു ഭാഗത്തെ ഏതു തരത്തിലുള്ള സാധ്യതകളും നമ്മുടെ കേരളീയസമൂഹത്തിന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍കഴിയണം.

ഇത്തരം ഒരു കൊടുക്കല്‍ വാങ്ങലിന്‍റെ പാലം കേരളത്തില്‍ കഴിയുന്ന സമൂഹത്തിനും കേരളത്തിനു പുറത്തുള്ള കേരളീയ പ്രവാസി സമൂഹത്തിനും ഇടയില്‍ ഉണ്ടാവണം. അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അതുണ്ടാവുമ്പോള്‍ കേരളത്തിലുള്ള കേരളീയര്‍ എന്നും കേരളത്തിനു പുറത്തുള്ള കേരളീയര്‍ എന്നുമുള്ള വേര്‍തിരിവു പോലും പതിയെ അലിഞ്ഞ് ഇല്ലാതാവും. ഒരു ലോക കേരളസമൂഹം പിറവിയെടുക്കും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളത്.

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള കേരളീയസമൂഹത്തിന്‍റെ പ്രാഗല്‍ഭ്യത്തിനും പ്രാവീണ്യത്തിനും ഇതില്‍ പ്രാതിനിധ്യമുണ്ടാവണമെന്ന കാര്യത്തില്‍ പരമാവധി നിഷ്കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. എങ്കിലും എല്ലാ പ്രഗല്‍ഭരെയും ഉള്‍ക്കൊള്ളാന്‍ പറ്റി എന്നോ, ഇതിനു പുറത്ത് പ്രഗല്‍ഭരില്ല എന്നോ അര്‍ത്ഥമാക്കേണ്ടതില്ല. ഇത് ഒരു തുടക്കമാണ്, പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍, അത് പരിഹരിച്ച് മുമ്പോട്ടുപോകാനുള്ള ഘട്ടമാണ് നമ്മുടെ മുമ്പിലുള്ളത്. അത് ആ വിധത്തില്‍ത്തന്നെ പ്രയോജനപ്പെടുത്തിയാവും നാം തുടര്‍ന്നു നീങ്ങുക.

ഈ സമ്മേളനത്തില്‍ കേരളത്തിലെ എംഎല്‍എമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. പ്രവാസി പ്രതിനിധികളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സംസ്ഥാന-കേന്ദ്ര നിയമനിര്‍മാണ സഭകളില്‍ ഉയര്‍ത്തുക, അതിന്‍പ്രകാരമുള്ള നയ-നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന്‍റെ സാധ്യതകള്‍ ആരായുക എന്നിവയാണ് പ്രധാനമായും അവരുടെ സാന്നിധ്യംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ നിയമനിര്‍മാണ സഭാചരിത്രത്തിന് നൂറ്റിമുപ്പതു വയസ്സാവുന്ന ഘട്ടത്തിലാണ് നിയമനിര്‍മാണാധികാരമില്ലാത്തതെങ്കിലും ഉപദേശാധികാരമുള്ള ലോക കേരളസഭ പിറവിയെടുക്കുന്നത്.

ഇതു തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തിന്‍റെ വളര്‍ച്ചയെയും വൈവിധ്യവല്‍ക്കരണത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ലോക കേരളസഭ നാളെ ഏതൊക്കെ രൂപത്തിലായി മാറും എന്നതും ഏതൊക്കെ അധികാരമാര്‍ജിക്കും എന്നതുമൊക്കെ നാം കാലത്തിനു വിട്ടുകൊടുക്കുക. ഏതായാലും കേരളത്തിന്‍റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയുന്ന ക്രിയാത്മകതയുടേതായ സഭ എന്ന നിലയിലാണ് നാം ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്. ഈ സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിയുമെന്ന പ്രത്യാശ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.

മദ്രാസ് പ്രൊവിന്‍സിന്‍റെ ഭാഗമായിരുന്ന മലബാറിന് 1920 മുതല്‍ മദിരാശി ലജിസ്ലേറ്റീവ് അസംബ്ലിയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. 1932ഓടെ തിരുവിതാംകൂറില്‍ ശ്രീമൂലം സഭ എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്ന ഉപരിസഭയും ഉണ്ടായി. സഭയും അധികാരാവകാശങ്ങളും വളര്‍ന്നുവന്നു. തിരുവിതാംകൂറിലേതിനു സമാനമായ സംവിധാനങ്ങള്‍ കൊച്ചിയിലും വികസിച്ചുവന്നു.

സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതും ഉത്തരവാദിത്വഭരണം വന്നതും 1948ല്‍ സാര്‍വത്രിക വോട്ടവകാശമുണ്ടായതും തിരു-കൊച്ചി ലയനം സംഭവിച്ചതും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയവും ഐക്യകേരളപ്പിറവിയും ഉണ്ടായതും ആദ്യ ഐക്യകേരള മന്ത്രിസഭയുണ്ടായതും ഇന്നു കാണുന്ന വിധത്തിലുള്ള നിയമസഭ രൂപപ്പെട്ടതുമൊക്കെ ജനാധിപത്യ വികസനത്തിന്‍റെ നാള്‍വഴികളിലെ നാഴികക്കല്ലുകളാണ്. ജനാധിപത്യത്തിന്‍റെ തേരുരുള്‍ച്ചക്ക് അവസാനമില്ല. പുതിയ തലങ്ങളിലേക്ക് അത് കടന്നെത്തിക്കൊണ്ടേയിരിക്കും. അത്തരം ഒരു പുതിയ തലമാണ് ലോകകേരളസഭ എന്ന് ഭാവിചരിത്രം വിലയിരുത്തുക തന്നെ ചെയ്യും.

ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂര്‍വം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണ്. ഇക്കാര്യം ആദ്യഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയ മഹാനാണ് എ കെ ജി.

എ കെ ജിയെ സംബന്ധിച്ചിടത്തോളം, പുറത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാര്‍ലമെന്‍റ്. മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ കെ ജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്‍റ് പിന്നീട് എന്നും സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. അവരുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിച്ചു. ലോക കേരളസഭയിലും അതുതന്നെയാണുണ്ടാവേണ്ടത്. ലോകത്തെമ്പാടുമുള്ള മലയാളിയുടെ ആശയാഭിലാഷങ്ങളും മാറ്റത്തിനുവേണ്ടിയുള്ള വാഞ്ഛകളുമാവണം ഇവിടെ പ്രതിഫലിക്കേണ്ടത്.ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാനുള്ള കരടുരേഖയിലേക്കു കടക്കുംമുമ്പ് ഒരു കാര്യം കൂടി പ്രത്യേകം പറയട്ടെ. പ്രവാസിസമൂഹം തങ്ങളുടെ രാജ്യങ്ങളില്‍ നേരിടുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ വേദികൊണ്ടു സാധിക്കും എന്ന ധാരണ നമുക്കില്ല. കാരണം സ്വതന്ത്ര പരമാധികാര രാജ്യങ്ങളാണവ. അവയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിനവകാശമില്ല; സംസ്ഥാനത്തിന്‍റെ കാര്യമാവുമ്പോള്‍ പറയാനുമില്ല. ഈ വിഷയത്തില്‍ ആകെ ചെയ്യാന്‍ കഴിയുക ശ്രദ്ധയില്‍വരുന്ന പ്രശ്നങ്ങള്‍ക്കുള്ള നമ്മുടെ പരിഹാര ഫോര്‍മുലകള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ്. അതു ചെയ്യാം. പ്രവാസിസമൂഹത്തിന്‍റെ പ്രവാസ ജീവിതാനന്തരമുള്ള പുനരധിവാസമെന്ന പ്രശ്നം സമ്പൂര്‍ണമായി പരിഹരിക്കുക എന്നതും ഇത്തരമൊരു സംവിധാനം കൊണ്ട് സാധ്യമാവില്ല.

പ്രവാസിസമൂഹം അയയ്ക്കുന്ന വിദേശനാണ്യം കൊണ്ട് വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുന്ന കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നേതൃപരമായ പങ്കാളിത്തത്തോടെയല്ലാതെ ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കുക സാധ്യമാവില്ല. ചെയ്യാന്‍ കഴിയുന്നത്, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും സംയുക്ത പങ്കാളിത്തത്തോടെ ഒരു കണ്‍സോര്‍ഷ്യം ഉണ്ടാക്കി പുനരധിവാസപ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശം മുമ്പോട്ടുവെക്കുക എന്നതാണ്. അതു ചെയ്യാം.
കേരളത്തിലുള്ളവര്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കേരളീയര്‍, ഇന്ത്യയ്ക്കു പുറത്തുള്ള കേരളീയര്‍ എന്നിവരുടെ പൊതുവിലുള്ള ഒരു വേദി ഇതുവരെയില്ല. ഈ പോരായ്മ പരിഹരിക്കുകയാണ് നമ്മള്‍ ലോക കേരളസഭയുടെ രൂപീകരണത്തോടെ ചെയ്യുന്നത്.

മുന്നണി മന്ത്രിസഭയടക്കം പല കാര്യങ്ങളിലും ഇന്ത്യയ്ക്കുമുമ്പില്‍ മാതൃക വെച്ചിട്ടുള്ളവരാണ് കേരളീയര്‍. നിയമസഭാ സമിതികള്‍ രൂപവല്‍ക്കരിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്‍റിനുപോലും മാതൃക കാട്ടി. സാക്ഷരത, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം തുടങ്ങി പിന്നെയും പല കാര്യങ്ങളിലും ഇന്ത്യയ്ക്കു മാതൃക കാട്ടിയ കേരളം ലോക കേരളസഭാ രൂപീകരണത്തിലൂടെ അനുകരണീയമായ മറ്റൊരു മാതൃക കൂടി ഇതര സംസ്ഥാനങ്ങള്‍ക്കും ഇന്ത്യയ്ക്കും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ്. ഈ മാതൃകയും ഇതര മാതൃകകള്‍ പോലെ വിപുലമായി സ്വീകരിക്കപ്പെടും എന്ന ബോധ്യമാണ് നമുക്കുള്ളത്.

ലോകത്തിന്‍റെ ഏതു ഭാഗത്തു ചെന്നു ജീവിക്കുമ്പോഴും അവിടത്തെ സാമൂഹ്യജീവിതത്തിന്‍റെ മുഖ്യധാരയിലൂടെ ഒഴുകുന്നവരാണ് കേരളീയര്‍. എന്നാല്‍, അതേസമയം തന്നെ നമ്മുടെ നാടിന്‍റെ, ഭാഷയുടെ, സംസ്കാരത്തിന്‍റെ തനിമകള്‍ വിട്ടുകളയാതെ സൂക്ഷിക്കുകയും ചെയ്യും. ഈ പ്രത്യേകത ലോക കേരളസഭയുടെ ലക്ഷ്യപ്രാപ്തിക്ക് വലിയതോതില്‍ ഗുണം ചെയ്യും എന്നാണു നാം കരുതുന്നത്.

ചെന്നുപെടുന്ന രാജ്യത്തെയും അന്താരാഷ്ട്ര മണ്ഡലത്തിലെയും സേവന-വിജ്ഞാന രംഗങ്ങള്‍ക്ക് വലിയതോതില്‍ സര്‍ഗ്ഗ പ്രതിഭയും പ്രാവീണ്യവും നൈപുണ്യവും കൊണ്ട് സംഭാവന നല്‍കുന്നവര്‍ കേരളത്തെക്കുറിച്ചും ഇവിടത്തെ ജനങ്ങളെക്കുറിച്ചും മനസ്സില്‍ വലിയ ഒരു കരുതല്‍ സൂക്ഷിക്കുന്നു എന്നാണല്ലൊ ഇതിനര്‍ത്ഥം. ആ കരുതല്‍ അവര്‍ക്കുള്ളിലുണ്ട് എന്നതുകൊണ്ടുതന്നെ, അവരുടെ പ്രാവീണ്യവും പ്രാഗല്‍ഭ്യവും ഒക്കെ തങ്ങളുടെ നാടിനും നാട്ടുകാര്‍ക്കും കൂടി പ്രയോജനപ്പെടുത്തുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ സന്തോഷവും അഭിമാനവുമേ ഉണ്ടാവൂ.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരുടെ കഴിവുകള്‍ നാടിനു പ്രയോജനപ്പെടുത്താനുതകുന്ന ഒരു സംവിധാനം ഇതുവരെ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടായിരുന്നില്ല. ആ പോരായ്മ പരിഹരിക്കുകയാണ് ലോക കേരളസഭ. ഇതു പ്രാവര്‍ത്തികമാവുന്നതോടെ ആഗോള വിജ്ഞാനഘടനയിലെ തെളിവെളിച്ചങ്ങള്‍ ഇവിടേയ്ക്കു വരും. ഇവിടത്തെ വിവിധങ്ങളായ വിജ്ഞാനമണ്ഡലങ്ങള്‍ കൂടുതല്‍ പ്രകാശപൂര്‍ണമാവും. പ്രവാസിയുടെ പണമുപയോഗിക്കാമെന്നല്ലാതെ, വിജ്ഞാനവും നൈപുണ്യവും അനുഭവജ്ഞാനവും ഉപയോഗിക്കാം എന്ന് ഇതുവരെ ആരും കാര്യമായി ചിന്തിച്ചില്ല. ആരും ചിന്തിക്കാതിരുന്ന അക്കാര്യം ലോക കേരളസഭ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുകയാണ്.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും പ്രവാസിസമൂഹം വഹിക്കുന്ന പങ്ക് നിര്‍ണായക പ്രധാന്യമുള്ളതാണ്. എന്നാല്‍, കേരളത്തിന്‍റെ ഭാവിഭാഗധേയം എങ്ങനെയാവണം എന്നു നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രവാസിസമൂഹത്തിന് അഭിപ്രായം പറയാന്‍ പോലും വേദിയില്ല. അഭിപ്രായം പറയാനും ജനാധിപത്യത്തിന്‍റെ പരിധിക്കുള്ളില്‍ ആവുന്നത്ര അതു വിലപ്പോവുന്നു എന്നുറപ്പാക്കാനുമുള്ള ഒരു ജനാധിപത്യവേദിയാവും ലോക കേരളസഭ.

അതായത്, കേരളത്തിന്‍റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടും. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍
മുതല്‍ കേരളത്തിന്‍റെ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ഇതിലൂടെ ഒരു പൊതു വേദിയുണ്ടാവുകയാണ്.

പ്രവാസി സമൂഹത്തിന്‍റെ മൂലധനം അതിശക്തമായി വളര്‍ന്നുവെന്നത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സത്യമാണ്. അതിസമ്പന്നരായ ഇന്ത്യക്കാരെ ഫോര്‍ബ്സ് മാസിക കണ്ടെത്തിയപ്പോള്‍ അതില്‍ പ്രവാസി മലയാളി വ്യവസായപ്രമുഖരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായ തോതിലുള്ളതായി കാണാം. ലോകത്തിലെ സമ്പന്നര്‍ക്കിടയില്‍ ആദ്യത്തെ ആയിരത്തില്‍ത്തന്നെ രണ്ടുപേര്‍ മലയാളികളാണ്. ആദ്യ രണ്ടായിരത്തിനിടയില്‍ അഞ്ചുപേരും മലയാളികളായുണ്ട്. മലയാളിയുടെ മൂലധനത്തിന്‍റെ വളര്‍ച്ചയെയാണിത് പ്രതിഫലിപ്പിക്കുന്നത്.

ഇതിന്‍റെ ഒരു ഭാഗം തീര്‍ച്ചയായും കേരളത്തിന്‍റെ പല മേഖലകളുടെയും കൂടിയ വളര്‍ച്ചയ്ക്ക് ഉപയുക്തമാവും. ഇത് കൂടുതലായി എങ്ങനെ നാടിന്‍റെ പൊതുവികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമാവും എന്ന് ആരായുക എന്നതും സഭയ്ക്കു മുമ്പിലുള്ള പ്രധാന വിഷയങ്ങളിലൊന്നാണ്. പ്രവാസികളെ സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന്‍റെ മുഖ്യപങ്കാളികളും ചാലകശക്തികളുമാക്കി മാറ്റുന്നതിന് അനുരൂപമായ സാഹചര്യം എങ്ങനെ സൃഷ്ടിക്കാം, എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം തുടങ്ങിയവ സംബന്ധിച്ച് വ്യക്തതവരുത്താനും ലോക കേരളസഭയ്ക്കു സാധിക്കും.

അന്താരാഷ്ട്രരംഗത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രവാസി മലയാളി പ്രമുഖര്‍ക്ക് തങ്ങളുടെ രംഗങ്ങളിലെ ഇതര പ്രമുഖരുടെ വിഭവവും നൈപുണ്യവും ഇവിടേക്കാകര്‍ഷിക്കാന്‍ കഴിയുമെങ്കിലതും വലിയ പ്രയോജനം ചെയ്യും.

വിജ്ഞാന വിസ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ അനുനിമിഷം മാറിവരുന്ന ശാസ്ത്ര-സാങ്കേതിക അറിവുകള്‍ ലോക വൈജ്ഞാനിക ഘടനയുടെ സവിശേഷതയായിരിക്കുകയാണ്. ലോകരംഗത്ത് അറിവിന്‍റെ വിപ്ലവത്തിനു ചാലുകീറുന്നവരുടെ മുന്‍നിരയില്‍ത്തന്നെ മലയാളികളായ പ്രവാസി
ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണډാരും മറ്റുമുണ്ട്. അവരുടെ കേരള സന്ദര്‍ശന വേളകളിലെ സേവനം നമ്മുടെ സര്‍വകലാശാലകളിലും കോളേജുകളിലും ഒക്കെ പ്രയോജനപ്പെടുത്താന്‍ കഴിയുക എന്നതു പ്രധാനമാണ്.

അവരുടെ മാര്‍ഗനിര്‍ദേശം കൂടി ഉള്‍ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാവണം. അങ്ങനെവന്നാല്‍ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേര്‍ക്കാനാവും. കൂടുതല്‍ നൈപുണ്യവും പ്രാവീണ്യവുമുള്ള പ്രതിഭകളെ നമുക്ക് വാര്‍ത്തെടുത്ത് ലോകത്തിനു നല്‍കാനുമാവും. ലോക മത്സരത്തിന്‍റേതായ പുതുകാലത്തെ തൊഴില്‍കമ്പോളങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രാപ്തരായി നമുക്ക് നമ്മുടെ പുതുതലമുറയെ വാര്‍ത്തെടുക്കാനുമാവും. ഇതിനുള്ള സാധ്യതാന്വേഷണ-സമ്പര്‍ക്ക വേദിയായി ലോക കേരളസഭയ്ക്കു പ്രവര്‍ത്തിക്കാനാവും.

ഇങ്ങനെ പല തലങ്ങളില്‍ പ്രവാസീസമൂഹം ഉയര്‍ത്തുന്ന സാധ്യതകളെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്ന വലിയ ഒരു പോരായ്മ പരിഹരിക്കാനുള്ള സഫലമായ ഉദ്യമമാണ് ലോക കേരളസഭ.

ലോകത്ത് ഏറ്റവും വലിയ പ്രവാസിസമൂഹമുള്ള രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏറ്റവും ഉയര്‍ന്നതോതില്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യവുമാണ് നമ്മുടേത്. 2015ല്‍ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം അറുപത്തിയെണ്ണായിരത്തി തൊള്ളായിരത്തി പത്ത് മില്ല്യന്‍ ഡോളറായിരുന്നു. അതായത് ആഗോള പ്രവാസി പണത്തിന്‍റെ പന്ത്രണ്ടേമുക്കാല്‍ ശതമാനം.

ഇത്ര വലിയതോതില്‍ പണം വരുമ്പോഴും ഭാവനാപൂര്‍ണമായി, പ്രത്യുല്‍പാദനപരമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തിേډല്‍ നാടിന്‍റെ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികളില്ല എന്നതാണ് വലിയ ദൗര്‍ഭാഗ്യം. ഈ പോരായ്മ പരിഹരിക്കുക മാത്രമല്ല, തുകയുടെ വിനിയോഗത്തില്‍ അതിന്‍റെ നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകല്‍പിക്കുക കൂടി ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയെടുക്കുകയാണ് കേരളം. ഈ സാധ്യതയിലേക്ക് ലോക മലയാളിക്ക് ഒരു ജാലകം തുറന്നുകൊടുക്കാന്‍ ലോക കേരള സഭയ്ക്ക് കഴിയണം.

വന്‍ പലിശയ്ക്കെടുക്കുന്ന വിദേശ കടത്തേക്കാള്‍ എത്രയോ അധികം പ്രയോജനം ചെയ്യുന്നതാണ് പ്രവാസിസമൂഹത്തിന്‍റെ നിക്ഷേപം. ഇതിലേക്ക് കേന്ദ്രഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ ക്ഷണിക്കുക എന്നതും പ്രധാനമാണ്.

പ്രവാസിസമൂഹത്തോട് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള ഒരു കരുതല്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയില്‍നിന്നുമുള്ള കുടിയേറ്റത്തിന്‍റെ കൃത്യമായ കണക്കെടുക്കുന്നതിനു പോലുമുള്ള ഒരു സംവിധാനം ഔദ്യോഗികമായി ദേശീയതലത്തില്‍ ഇതുവരെയില്ല എന്നതില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളം കുറച്ച് മെച്ചപ്പെട്ട നിലയിലാണ്. സിഡിഎസ് പോലെയുള്ള സ്ഥാപനങ്ങള്‍ സ്ഥിതിവിവര കണക്കുകള്‍ സമാഹരിക്കുന്നതില്‍ ശ്രദ്ധവെച്ചിട്ടുണ്ട്. സാമ്പിള്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാണ് എന്ന പരിമിതിയുണ്ട് അതിനും. ചുരുക്കിപ്പറഞ്ഞാല്‍ ചില മതിപ്പ് കണക്കുകളേ നമ്മുടെ പക്കലുള്ളു. പദ്ധതി രൂപപ്പെടുത്തലുകള്‍ക്ക് കൃത്യമായ കണക്കുകള്‍ കൂടിയേ തീരൂ.

കേരള മൈഗ്രേഷന്‍ സര്‍വെ കാണിക്കുന്നത് 24 ലക്ഷം കേരളീയര്‍ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ്. 12.52 ലക്ഷം പ്രവാസികള്‍ തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചെത്തുന്നവരുടെ കണക്ക് ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. വിദേശത്തുള്ളവരുടെ അമ്പതുശതമാനത്തോളം ആയിട്ടുണ്ട് അത് ഇപ്പോള്‍.

ആഗോള തൊഴില്‍വിപണിയിലെ മാറ്റങ്ങള്‍ കേരളത്തില്‍നിന്നുള്ള കുടിയേറ്റത്തില്‍ കൃത്യമായും പ്രതിഫലിക്കുന്നുണ്ട്. അവിദഗ്ധ തൊഴിലാളികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെയുള്ളവരുടെ സാന്നിധ്യം കൊണ്ട് വൈവിധ്യസമൃദ്ധമാണ് നമ്മുടെ പ്രവാസസമൂഹം. കൂലി കുറഞ്ഞതും വൈദഗ്ധ്യം വേണ്ടതില്ലാത്തതുമായ മേഖലകളിലെ കേരള പ്രവാസി സാന്നിധ്യം കുറഞ്ഞുവരികയുമാണ്.

ഇതുമായി ബന്ധപ്പെട്ട് ലോക കേരളസഭ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹ്രസ്വകാല കുടിയേറ്റത്തെ സേവനവ്യാപാരമായി ഗാട്ട് കരാര്‍ കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഒരു പ്രശ്നം. അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ പ്രവാസസംബന്ധമായ തൊഴിലവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ഇതിന്‍റെ രണ്ടിന്‍റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെയുണ്ടാകണം. അതിന്‍റെയടിസ്ഥാനത്തില്‍ പാര്‍ലമെന്‍റിലടക്കം പ്രവാസിസമൂഹത്തിന്‍റെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവിടെയുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കഴിയണം.

പ്രവാസവും കുടിയേറ്റവും സംബന്ധിച്ച നിരവധി തീരുമാനങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രം കൈക്കൊള്ളുന്നുണ്ട്. എന്നാല്‍, ഇവയെയാകെ നയിക്കാനുതകുന്ന ഒരു കുടിയേറ്റ പ്രവാസനയം പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പോലുമല്ലാത്ത, സുതാര്യമല്ലാത്ത പല തീരുമാനങ്ങളും ഈ പശ്ചാത്തലത്തില്‍ പ്രവാസിസമൂഹത്തിന്‍റെ താല്‍പര്യങ്ങളെ ഹനിക്കുന്നുണ്ട്. ഇതും ചര്‍ച്ചയ്ക്കു വരേണ്ടതുണ്ട്. പ്രവാസികളുടെ പൗരാവകാശം സംരക്ഷിക്കുന്ന വിധത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയേണ്ടതുണ്ട്.

കേന്ദ്രത്തിന്‍റെ നയനിലപാടുകള്‍ ഉണ്ടാക്കുന്ന നിയന്ത്രണങ്ങള്‍മൂലം ആതിഥേയ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള തൊഴിലാളികളെ തേടിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന വൈഷമ്യങ്ങളും പരിഗണനയ്ക്കു വരേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ മുറിച്ചുകടക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാകണം.

നൈപുണ്യവും വൈദഗ്ധ്യവും കൂടിയതോതില്‍ ആവശ്യമുള്ള തൊഴില്‍മേഖലകളിലാവും ഇനി വരുന്ന ഘട്ടത്തില്‍ കൂടുതല്‍ അവസരങ്ങള്‍ എന്നതിനാല്‍ നമ്മുടെ വിദ്യാഭ്യാസഘടനയില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കേണ്ടതുണ്ട്. വിശ്വാസ്യതയും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ വളര്‍ത്തിയെടുക്കാന്‍ കഴിയേണ്ടതുണ്ട്.

പ്രവാസത്തിനു മുമ്പുള്ള ഘട്ടത്തില്‍ പ്രവാസജീവിതത്തിലെ ഒരുപാട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വ്യക്തമായ ധാരണകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട്. ചതിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായകരമാകും.

നിയമസഹായം, സ്ത്രീപ്രവാസികള്‍ നേരിടുന്ന ചൂഷണത്തിന്‍റെ സാഹചര്യം ഒഴിവാക്കല്‍ എന്നിവയുടെ കാര്യത്തിലും കാര്യമായി ശ്രദ്ധിക്കാന്‍ കഴിയേണ്ടതുണ്ട്. മടങ്ങിയെത്തുന്നവരുടെ സമ്പാദ്യവും സാങ്കേതികവിജ്ഞാനവും തൊഴില്‍ നൈപുണ്യവും നാടിന്‍റെ വികസനത്തിന് ഉപകരിക്കുന്ന വിധത്തില്‍ ഇവിടെ ഉപയോഗിക്കാന്‍ കഴിയുന്ന പുനരധിവാസത്തിന്‍റെ സാധ്യതകള്‍ ആരായേണ്ടതുണ്ട്.

സാമ്പത്തികമായി ദുര്‍ബലരായ പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി രൂപീകരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. വിദേശനാണ്യത്തിലൂടെ പ്രവാസികള്‍ ദേശീയ ഖജനാവിനെ ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വലിയതോതിലുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വ നിര്‍വഹണം ഏതുവിധത്തിലാവണം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായാല്‍ എംപിമാര്‍ക്ക് അത് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പറ്റും. വിദേശനാണ്യ നേട്ടം കേന്ദ്രത്തിനും പ്രവാസത്തിന്‍റെ സാമൂഹ്യച്ചെലവ് സംസ്ഥാനത്തിനും എന്ന നീതിയില്ലാത്ത നില നീതിയുക്തമായി മാറേണ്ടതുണ്ട്.

പ്രവാസത്തിന്‍റെ നീണ്ട ചരിത്രമാണ് നമുക്കുള്ളത്. അറബിക്കടലിന്‍റെ സാമീപ്യം ഒരുപക്ഷെ ഇതിന്‍റെ കാരണമായിരിക്കാം. ലോകത്തിന്‍റെ ഇന്ത്യയിലേക്കുള്ള വാതിലായി കേരളം. ആ വാതിലിലൂടെ ധാരാളമായി ഇന്ത്യക്കാര്‍ പുറത്തേക്ക് പോവുകയും ചെയ്തു. മലേഷ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കായിരുന്നു ആദ്യ ഘട്ടത്തില്‍. ഇന്ത്യന്‍ നഗരങ്ങളിലേക്കു തന്നെയായി രണ്ടാംഘട്ട കുടിയേറ്റം.

രണ്ടാം ലോക മഹായുദ്ധത്തോടെ മാറിവന്ന അന്താരാഷ്ട്ര സാഹചര്യം യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റത്തിന്‍റെ വാതില്‍ തുറന്നു. 70കളില്‍ അറേബ്യന്‍ രാജ്യങ്ങള്‍ വലിയതോതില്‍ എണ്ണ ഉല്‍പാദിപ്പിച്ചു തുടങ്ങിയതോടെ അവിടേയ്ക്കായി മുഖ്യ കുടിയേറ്റം. ആ കുടിയേറ്റ പരമ്പരകള്‍ കേരളത്തെ സാമൂഹികമായും സാമ്പത്തികമായും എത്രമാത്രം ശക്തിപ്പെടുത്തി എന്നത് പഠനഗവേഷണങ്ങളിലൂടെ കണ്ടെത്തുന്നത് ഈ രംഗത്തെ ഭാവിയെ രൂപപ്പെടുത്തുന്നതിന് വലിയതോതിലുള്ള സംഭാവനകള്‍ നല്‍കും.

സ്വദേശീവല്‍ക്കരണം, ഫിലിപൈന്‍സില്‍നിന്നും ബംഗ്ലാദേശില്‍നിന്നും മറ്റുമുള്ള കുറഞ്ഞ വേതനക്കാരുടെ മത്സരാധിഷ്ഠത കുടിയേറ്റം, എണ്ണലഭ്യതയില്‍ വരാനിടയുള്ള കുറവ് എന്നിവ കാരണം നാളെ ഗള്‍ഫിന്‍റെ പ്രലോഭനീയത മങ്ങുന്ന അവസ്ഥയുണ്ടായാല്‍ പിന്നീടെന്ത് എന്ന നിലയ്ക്കുള്ള ചിന്തയും ഉണ്ടാവണം.

ഇന്നത്തെ കേരളത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലകള്‍ താരതമ്യേന ദുര്‍ബലപ്പെട്ടു നില്‍ക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ രണ്ടാം തലമുറ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇതുപോലെയുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് എങ്ങനെയൊക്കെ പ്രവാസ സംഭാവനകള്‍ ഉപയോഗിക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാവണം. പ്രവാസി സമൂഹങ്ങള്‍ തമ്മില്‍തമ്മിലും കേരള സമൂഹവും പ്രവാസി സമൂഹവും തമ്മിലും ആശയവിനിമയം, വികസനാത്മക സഹകരണം എന്നിവ ഫലപ്രദമാംവിധം ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവേദിയായി ലോക കേരളസഭ മാറണം.

കേരളത്തിന്‍റെ വികസനപ്രക്രിയയില്‍ കാര്യമായ പങ്കുവഹിക്കാന്‍ പ്രവാസിസമൂഹത്തിന് സാധ്യമാകുന്ന അന്തരീക്ഷമുണ്ടാവണം.പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ, ബിസിനസ് രംഗങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ശ്രദ്ധേയമായ നടപടികളുമായി നീങ്ങുകയാണ് ഗവണ്‍മെന്‍റ് എന്നറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. ലൈസന്‍സുകളും അനുമതികളും ലഭിക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ ഒരു ഏകജാലക സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത തീയതിക്കുമുമ്പ് അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാം എന്ന പരിഷ്കാരമാണ് ഈ രംഗത്തുവരുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ഗള്‍ഫിലെ സ്വദേശിവല്‍ക്കരണത്തിന്‍റെയും പശ്ചാത്തലത്തില്‍ മടങ്ങിവരുന്നവര്‍ക്ക് പലിശ കുറഞ്ഞ വായ്പ നല്‍കാന്‍ ഇപ്പോള്‍ കേരളത്തില്‍ സംവിധാനമുണ്ട്. പ്രവാസി പുനരധിവാസരംഗത്ത് സഹകരണപ്രസ്ഥാനത്തിനും പ്രാദേശിക ഗവണ്‍മെന്‍റുകള്‍ക്കും കുറച്ചൊക്കെ ഇടപെടാന്‍ കഴിയും. പ്രവാസി സംഘടനകളുടെയും കേന്ദ്രത്തിന്‍റെയും സഹായത്തോടെ ഇതെങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നത് സര്‍ക്കാര്‍ ആലോചിക്കും.

പ്രവാസിക്ഷേമ ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്താന്‍ ശ്രമിക്കും. സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കും. കേരളത്തിലെ ഭൂബന്ധങ്ങളില്‍ വന്ന അടിസ്ഥാനപരമായ മാറ്റമാണ് പല സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായത് എന്നതു മറന്നുകൂടാ. 1957ലെ ഇ എം എസ് ഗവണ്‍മെന്‍റ് കാര്‍ഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും വരുത്തിയ ചരിത്രപരവും വിപ്ലവപരവുമായ മാറ്റങ്ങളാണ് അതുവരെ താഴ്ത്തപ്പെട്ട നിലയിലായിരുന്ന വലിയൊരു വിഭാഗത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കിയത്.

ആ മാറ്റമാണ് കര്‍ഷകത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും ഒക്കെ മക്കള്‍ക്ക് പത്താംക്ലാസ് വരെയെങ്കിലും പഠിക്കാമെന്ന നില കേരളത്തിലുണ്ടാക്കിയത്. ആ അവസ്ഥ ഉണ്ടായതുകൊണ്ടാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ഗള്‍ഫിലേക്ക് തൊഴില്‍തേടി പോകാമെന്ന അവസ്ഥയുണ്ടായത്. സാമൂഹ്യമാറ്റങ്ങളും കുടിയേറ്റത്തിലെ വര്‍ധനവും തമ്മിലുള്ള ബന്ധത്തിന്‍റെ ഈ ചരിത്രമൊന്നും മറന്നുകൂടാ. ഈ ചരിത്രത്തിലൂടെയാണ് കേരളം ഇന്നുകാണുന്ന അവസ്ഥയിലേക്ക് എത്തിയത് എന്നതും മറന്നുകൂടാ.

പ്രവാസികളുടെ പണം കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. എങ്കിലും നിക്ഷേപത്തിലെ വലിയൊരു ഭാഗം ഭൂമിയിലും കെട്ടിടനിര്‍മാണത്തിലുമായി ഒതുങ്ങിപ്പോയി. അതുകൊണ്ടുതന്നെ പ്രത്യുല്‍പാദനപരം അല്ലാതെയായിപ്പോയി.

ചിന്നിച്ചിതറി കിടക്കുന്ന നിക്ഷേപങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും അതിനെ പ്രത്യുല്‍പാദനപരമായ മേഖലകളില്‍ മൂലധനമാക്കി മാറ്റുന്നതിനും വേണ്ടത്ര ശ്രദ്ധ സര്‍ക്കാരില്‍നിന്നുണ്ടായില്ല. സേവനമേഖലകളെ അര്‍ഹമാംവിധം പരിഗണിച്ചുകൊണ്ടുതന്നെ ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ട്. നിക്ഷേപങ്ങളുടെ ഏകോപനം സാധ്യമാക്കേണ്ടതുണ്ട്. ഈ കാര്യത്തില്‍ സര്‍ക്കാരിനും ലോക കേരളസഭയ്ക്കും ചിന്തകള്‍ പങ്കുവെച്ചുകൊണ്ട് മുമ്പോട്ടുപോകാനാകും.
പ്രവാസം മസ്തിഷ്ക ചോര്‍ച്ച (യൃമശി റൃമശി) യ് ക്കു വഴിവെക്കുന്നു എന്നൊരു വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, ഈ ചോര്‍ച്ചയെ നേട്ടമാക്കാം എന്ന കാര്യം, യൃമശി റൃമശി നെ യൃമശി ഴമശി ആക്കി മാറ്റാം എന്ന കാര്യം വേണ്ടപോലെ ആലോചനാ വിഷയമായിട്ടില്ല. ലോക വൈജ്ഞാനിക മേഖലകളിലേക്ക് എത്തുന്ന പ്രവാസി മലയാളി അവിടത്തെ അനുഭവങ്ങള്‍ കൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുമ്പോള്‍ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം.

അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊണ്ട് യൃമശി റൃമശിനെ യൃമശി ഴമശി ആക്കി മാറ്റാന്‍ ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും.ജډനാടിന്‍റെ നവീകരണത്തിനും ശാക്തീകരണത്തിനും തങ്ങളുടെ പ്രതിഭ പ്രയോജനപ്പെടുന്നതില്‍ സന്തോഷിക്കുന്നവരും അഭിമാനിക്കുന്നവരുമാണ് പ്രവാസി ബുദ്ധിജീവി വിഭാഗം. അവരുടെ മനസ്സിന്‍റെ സന്നദ്ധതയെ നമുക്ക് പൂര്‍ണമായും പ്രയോജനപ്പെടുത്താനാവണം.

പ്രവാസി സമൂഹത്തില്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും ഉള്ളവരുണ്ട്. ഇവരുടെയാകെ ക്ഷേമ പുനരധിവാസ കാര്യങ്ങള്‍ക്കായി ദേശീയതലത്തില്‍ തന്നെ ഒരു പദ്ധതി രൂപപ്പെടേണ്ടതുണ്ട്. ചൈനയും ഫിലിപൈന്‍സുമൊക്കെ രൂപപ്പെടുത്തിയ മാതൃകയിലുള്ള അത്തരമൊരു പദ്ധതി ഇവിടെയും ഉണ്ടാക്കാന്‍ കഴിയണം. അതിനുവേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു മുമ്പില്‍ വെയ്ക്കാനും ലോക കേരളസഭയ്ക്ക് കഴിയേണ്ടതുണ്ട്.

പശ്ചാത്തല മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പ്രവാസികള്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിത്തന്നെ നിക്ഷേപം നടത്താന്‍ കഴിയുന്ന ഒരു സംവിധാനം ഇപ്പോള്‍ കേരളത്തിലുണ്ട്. പരമ്പരാഗത ധനസമാഹരണ രീതി വിട്ട് ഈ ഗവണ്‍മെന്‍റ് ആവിഷ്കരിച്ചിട്ടുള്ള കിഫ്ബി പോലുള്ള പുതിയ സമ്പ്രദായം അതിനവസരം ഒരുക്കുന്നു. അത് ഉപയോഗിക്കുമ്പോള്‍ തന്നെ, മാന്യമായ ലാഭവിഹിതം ഉറപ്പുനല്‍കിക്കൊണ്ട് ക്രൗഡ് ഫണ്ടിങ് മാതൃകയില്‍ എങ്ങനെ പ്രവാസി നിക്ഷേപം സമാഹരിക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ലോക കേരളസഭ രൂപം നല്‍കണം.

നാലുമേഖലകളില്‍ സര്‍ക്കാര്‍ വികസന മിഷനുകള്‍ ആരംഭിച്ചിട്ടുള്ളത് അറിയാമല്ലോ. ജലസമ്പത്തിന്‍റെ സംരക്ഷണം, ശുദ്ധീകരണം, മാലിന്യനശീകരണം, വിദ്യാഭ്യാസത്തിന്‍റെ നവീകരണം, ആരോഗ്യ ചികിത്സാരംഗത്തിന്‍റെ കാര്യക്ഷമതാവല്‍ക്കരണം, സമഗ്ര പാര്‍പ്പിട-ഉപജീവന സൗകര്യമൊരുക്കല്‍ എന്നിവയ്ക്കായുള്ള മിഷനുകളാണിവ. ഈ മേഖലകളില്‍ പ്രവാസി സഹകരണം ഉറപ്പാക്കുന്നതിന്‍റെ സാധ്യതകള്‍ ലോക കേരളസഭയ്ക്ക് ആരായാവുന്നതാണ്.

ആരോഗ്യമേഖലയില്‍ ലക്ഷ്യം, കുടുംബഡോക്ടര്‍, രോഗീ സൗഹൃദ ആശുപത്രി എന്നിവയാണ്. ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും വൃദ്ധജന പരിപാലനം വരെയുള്ള സംവിധാനങ്ങളും നടപ്പാവുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ ആഗോളവിജ്ഞാന നിലവാരം ഇവിടെ ഉറപ്പാക്കാന്‍ പോവുകയാണ്. ഭവനനിര്‍മാണരംഗത്ത് അഞ്ചേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് കിടപ്പാടമുണ്ടാകാന്‍ പോവുകയാണ്. ദൂരവ്യാപകമായ സാമൂഹിക ചലനങ്ങള്‍ ഉണ്ടാക്കുന്ന ഈ പദ്ധതികളില്‍ പ്രവാസിസമൂഹത്തിന്‍റെ ഇടപെടല്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാക്കും.

നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. ഗവണ്‍മെന്‍റ് സെക്യൂരിറ്റി അടക്കം ഉറപ്പുനല്‍കിക്കൊണ്ട് ധനസമാഹരണം നടത്തുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുമ്പോട്ടുപോകുന്ന കാര്യം നിങ്ങള്‍ക്ക് അറിയാം എന്നു ഞാന്‍ കരുതുന്നു. നിക്ഷേപസുരക്ഷ ഉറപ്പാക്കുന്ന സിയാല്‍-കണ്ണൂര്‍ എയര്‍പോര്‍ട്ട് മാതൃകകള്‍ പ്രവാസിസമൂഹത്തിന് ഏറെ ആകര്‍ഷകമാകും എന്നു കരുതുന്നു.

സാങ്കേതികവിദ്യാ നയവും വ്യവസായനയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്യം അറിയാമല്ലോ. ഋമലെ ീള റീശിഴ യൗശെിലൈ – ബിസിനസ് നടത്തുന്നത് ലളിതമാക്കല്‍ – ഉറപ്പാക്കാന്‍ വേണ്ട നിയമനിര്‍മാണവും നടത്തിയിട്ടുണ്ട്. ഇന്നവേഷന്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനും ഒഴികെയുള്ളവരെല്ലാം പ്രവാസികളാണ്. കേരളത്തിലെ ഈ മാറിയ സാഹചര്യങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവണം.

ഭാഷ, കല, സംസ്കാരം എന്നിവ നമ്മുടെ സമൂഹത്തിന്‍റെ ചൈതന്യസത്തയാണ്. അവയെ പരിരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുവാനുള്ള വഴികള്‍ ഈ സഭ ആരായണം. കേരളീയന്‍ എന്ന വിലാസമില്ലെങ്കില്‍ പ്രവാസി സമൂഹത്തിന് അന്താരാഷ്ട്ര രംഗത്ത് വ്യക്തിത്വമില്ലാതായിപ്പോവും. ഒഴുകിനടക്കുന്നതും വേരുകളില്ലാത്തതുമായ ഒരു സമൂഹമായി പുതിയ തലമുറ മാറും.അത്തരം സമൂഹങ്ങളിലാണ് ക്രിമിനലുകള്‍ തഴച്ചുവളരുക. ആ ആപത്തുണ്ടാകുന്നില്ല എന്നുറപ്പുവരുത്താന്‍ കലാസാംസ്കാര ഭാഷാ പരിരക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ ഈ വേദിയില്‍ ഉണ്ടാകണം. ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അഭിമാനം ഏതുതരത്തിലുള്ള സാമ്രാജ്യത്വ അധിനിവേശത്തെയും ചെറുക്കാനുള്ള വലിയ ഒരു നിലപാടുതറയാവും. ഈ ബോധത്തോടെയുള്ളതാവണം സംസ്കാരരംഗത്തോടുള്ള നമ്മുടെ സമീപനം.

കേരളീയ പ്രാക്തന കലാരൂപങ്ങളായ തെയ്യം, പടയണി തുടങ്ങിയവ മുതല്‍ ക്ലാസിക് കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയവ വരെ ദേശാന്തരശ്രദ്ധയിലേക്ക് കൂടുതലായി കൊണ്ടുവരാന്‍ ലോക കേരളസഭയ്ക്ക് അവസരമൊരുക്കാന്‍ കഴിയും. നമ്മുടെ കലാരൂപങ്ങളെ ഡിജിറ്റല്‍ വിപണനരംഗത്തേക്ക് എത്തിച്ച് സാര്‍വദേശീയ ശ്രദ്ധയാകര്‍ഷിക്കാനും അതിലൂടെയുണ്ടാകുന്ന വരവ് കലയുടെയും കലാകാരډാരുടെയും ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനും കഴിയണം.

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആയുര്‍വേദ കേന്ദ്രങ്ങളിലേക്കും വാസ്തുവിദ്യാ രംഗത്തേക്കും ഒക്കെ ലോകശ്രദ്ധ ആകര്‍ഷിക്കുവാനും ഇതൊക്കെയുമായി ബന്ധപ്പെട്ട നൂതന സവിശേഷതകളെ ലോകത്തിനുമുമ്പില്‍ ഷോക്കേസ് ചെയ്യാനും കഴിയണം.

ഇങ്ങനെ വിപുലമായ സാധ്യതയുടെ ഒരു ലോകമാണ് ലോക കേരളസഭയുടെ മുമ്പില്‍ തുറന്നുകിടക്കുന്നത്. ആ സാധ്യതകളെ പരമാവധി നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രയോജനപ്പെടുത്തുവാനുള്ള വേദിയായി ലോക കേരളസഭ മാറട്ടെ. കേരളത്തിന്‍റെ സാഹിത്യ സാംസ്കാരികാദി പൈതൃകങ്ങള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തിനും ആസ്വദിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകട്ടെ. ലോകത്തിന്‍റെ നാനാ കോണുകളിലെ കലയും സാഹിത്യ സവിശേഷതകളും ഇവിടെയുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയട്ടെ. ലോക വിജ്ഞാനശേഖരത്തില്‍ നിന്നുള്ള പുതുപുത്തന്‍ അറിവുകള്‍ നമ്മുടെ പുതുതലമുറകളിലേക്ക് എത്തിച്ചേരാനുള്ള വഴി തുറക്കട്ടെ. ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള ഏതു വൈജ്ഞാനിക സമൂഹത്തിനുമൊപ്പം നിന്നുകൊണ്ട് പുതിയ ഒരു കാലത്തെ വരവേല്‍ക്കാന്‍ നമ്മുടെ കേരളീയ സമൂഹത്തിന് സാധ്യമാകട്ടെ.

ലോകമേ തറവാട് എന്നു പറഞ്ഞ് ശീലിച്ച ഒരു സംസ്കാരമാണ് നമ്മുടേത്.’വസുധൈവ കുടുംബകം’ എന്നും ‘യെത്ര വിശ്വം ഭവത്യേക നീഡം’ എന്നും ഒക്കെ പണ്ടേ പറഞ്ഞിട്ടുള്ള ഒരു ജനതയാണിത്. ലോകമാകെ ഒരു കുടുംബമാണെന്ന് കരുതിപ്പോന്ന സമൂഹം. ആ കരുതലിനും സങ്കല്‍പത്തിനും നിരക്കുന്ന വിധത്തിലുള്ള ആധുനിക കാലത്തിന്‍റെ സംവിധാനം കൂടിയാണ് ലോക കേരളസഭ. ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള മലയാളിക്കും ആത്യന്തികമായി നോക്കിയാല്‍ ഉള്ള വീട് കേരളം തന്നെയാണ്. സ്വന്തം കുടുംബത്തിലേക്കെത്തിയ പ്രതീതിയാവും ഏത് ലോക മലയാളിക്കും ഇവിടെയെത്തുമ്പോള്‍ ഉണ്ടാകുന്നത്. ഈ വികാരത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലോക കേരളസഭ ഉപകരിക്കും.

‘ഏതു വിദേശത്തുപോയി വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍’ എന്ന് എഴുതിയത് മഹാകവി വള്ളത്തോളാണ്. ലോകത്തിന്‍റെ ഏതു കോണിലുമായിക്കൊള്ളട്ടെ മലയാളി, ആ മലയാളിസമൂഹമാകെ ഒരമ്മയുടെ മക്കളാണ്. ഇതാണ് വള്ളത്തോള്‍ മുമ്പോട്ടുവെച്ച ചിന്ത. അതേ ചിന്തതന്നെയാണ് ലോക കേരളസഭാ രൂപീകരണത്തില്‍ ഞങ്ങളെ നയിച്ചത്. ലോകത്തിന്‍റെ പലപാടുമായുള്ള മക്കളെല്ലാം അമ്മയുടെ സവിധത്തില്‍ ഒത്തുചേരുന്ന ഒരനുഭവമാണ് ലോക കേരളസഭാ സമ്മേളനം പ്രധാനം ചെയ്യുന്നത്.

One who is not a nationalist cannot be an internationalist; One who is not an internationalist cannot be a humanist എന്ന് ഒരു ചൊല്ലുണ്ട്. അതായത് മാനവികതാവാദിയാവാന്‍ ആദ്യം സാര്‍വദേശീയ വാദിയാവണമെന്നും സാര്‍വദേശീയതാവാദിയാവാന്‍ ആദ്യം സ്വന്തം നാടിനെക്കുറിച്ച് സ്നേഹമുള്ളവരാകണമെന്നും അര്‍ത്ഥം. സ്വന്തം നാടിനെക്കുറിച്ചുള്ള ആ സ്നേഹമാണ് നമ്മെയെല്ലാം ഇവിടെ ഒരുമിപ്പിക്കുന്നത്. നാടിനെയും ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കാത്ത ഒരു ജനതയുണ്ടായാല്‍ ആ രാഷ്ട്രവും സംസ്കാരവും അധികകാലം അതിജീവിക്കില്ല. സോക്രട്ടീസിനെയും ഹെറോക്ലീറ്റസിനെയും പോലെയുള്ള മഹാമനീഷികള്‍ കാവല്‍ നിന്ന അതിമഹത്തായ സംസ്കാരങ്ങള്‍ പോലും തകര്‍ന്നടിയുന്നത് നാം കണ്ടു.

അത്തരം സംസ്കാരനാശത്തിന് ഇടവരാതിരിക്കണമെങ്കില്‍ ഭാഷയുടെ പേരില്‍, സംസ്കാരത്തിന്‍റെ പേരില്‍, നാടിന്‍റെ പേരില്‍ ഇതുപോലെയുള്ള ഒരുമിക്കല്‍ ഉണ്ടായേ തീരൂ. ആ നിലയ്ക്കുള്ള ചരിത്രപരമായ ഒരു നിയോഗം ഏറ്റെടുക്കുകയാണ് ലോക കേരളസഭയിലൂടെ നാമിന്നു ചെയ്യുന്നത്. ആ ബോധത്തിന്‍റെ വെളിച്ചം വരുംകാലത്ത് ഈ സഭയെയും ഇതിലെ അംഗങ്ങളെയും നയിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലോകത്തിന് മാതൃകയാകുന്ന ഈ മഹത്തായ സംരംഭം ഉദ്ഘാടനം ചെയ്തതായി ഞാന്‍ അറിയിക്കുന്നു.

നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഒരു വാചകം കൂടി ഉദ്ധരിച്ചുകൊണ്ട് ഉപസംഹരിക്കട്ടെ:
‘Democracy and Socialism are means to an end, not the end itself’.