ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും

ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാഗ്യക്കുറി സുവര്‍ണ ജൂബിലി സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരും ഭാഗ്യക്കുറി വകുപ്പും നടത്തുന്നത്. ഭാഗ്യക്കുറി ടിക്കറ്റിന്റെ സുരക്ഷ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വ്യാജ ലോട്ടറികളാണ് ഒരു പ്രധാന പ്രശ്‌നം. വ്യാജ ലോട്ടറികള്‍ ഒഴിവാക്കാനായി വലിയ സുരക്ഷയുള്ള പ്രസുകളിലാണ് സര്‍ക്കാര്‍ ലോട്ടറി അച്ചടിക്കുന്നത്. ഭാഗ്യക്കുറിയുടെ അന്‍പത് വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. എഴുത്തു ലോട്ടറിയും ഇതര സംസ്ഥാന ലോട്ടറിയുമാണ് ഭാഗ്യക്കുറി പ്രസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധികള്‍. എഴുത്തു ലോട്ടറികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് 62 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. കേന്ദ്രീകൃത മാഫിയയാണ് ഇതിനു പിന്നില്‍. സംസ്ഥാനത്തെ ഭാഗ്യക്കുറി വ്യവസായത്തെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ജാഗ്രത പാലിക്കണം. ഇതരസംസ്ഥാന ലോട്ടറികളും കേരളത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെ ഒറ്റക്കെട്ടായി തടഞ്ഞു.

സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള നടപടിയാണിത്. ഒരു ലോട്ടറി ടിക്കറ്റ് എടുക്കുമ്പോള്‍ ഭാഗ്യപരീക്ഷണം മാത്രമല്ല നടക്കുന്നത്, നാട്ടിലെ ജനങ്ങളുടെ ആരോഗ്യ രക്ഷയ്ക്കായുള്ള സംഭാവന കൂടിയാണത്. ഇതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ നേട്ടം നാടിനാകെ എന്ന സ്ഥിതിയാകും. കാരുണ്യ ബെനവലന്റ് ഫണ്ടില്‍ ഇതുവരെ 1600 കോടി രൂപ ചികിത്‌സാ സഹായമായി വിതരണം ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് ഉതകുന്ന പ്രസ്ഥാനമായി ഭാഗ്യക്കുറി മാറുകയാണ്. രണ്ടരലക്ഷം പേരുടെ ഉപജീവന മാര്‍ഗമാണ് ലോട്ടറി. ലോട്ടറി തുടങ്ങിയ 1967-68 കാലത്ത് 14 ലക്ഷം രൂപയായിരുന്നു ലാഭമെങ്കില്‍ 2016-17ല്‍ ഇത് 1691 കോടി രൂപയായി. 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് പ്രതിദിനം വിറ്റഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി ലോട്ടറി ഉയര്‍ന്നുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ലോട്ടറിയില്‍ ചെറിയ സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ലോട്ടറിയുടെ 50 വര്‍ഷം പ്രമാണിച്ച് ലോട്ടറി ക്ഷേമനിധി ആനുകൂല്യം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എഴുത്തു ലോട്ടറി തട്ടിപ്പാണ്. ഇത് തടയാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഒരു മാസത്തിനുള്ളില്‍ ലോട്ടറി നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രേക്ഷണം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ 12 ശതമാനം പേര്‍ ദരിദ്രരാകുന്നത് രോഗത്തിനുള്ള ചികിത്‌സയിലൂടെയാണെന്ന് കേന്ദ്ര കണക്കുകള്‍ വ്യക്തമാക്കുന്നു. ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ വരെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്‌സയ്ക്ക് ലഭ്യമാക്കും. സമ്മാനം, കമ്മീഷന്‍ എന്നിവ കഴിച്ച് ആയിരം കോടി രൂപ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കേരളത്തില്‍ ആരംഭിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. മേയര്‍ വി. കെ. പ്രശാന്ത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, കൗണ്‍സലര്‍ പാളയം രാജന്‍, ഭാഗ്യക്കുറി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി. ആര്‍. ജയപ്രകാശ്, ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഭാഗ്യോല്‍സവം കലാസാംസ്‌കാരിക പരിപാടി അരങ്ങേറി.