കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്ഷന് വിതരണത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. എത്രയും വേഗത്തില്‍ തന്നെ പെന്ഷന് വിതരണം പൂര്‍ത്തിയാക്കും. പെന്ഷന് തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ നിങ്ങള്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധമായ ഇടപെടലിലൂടെ സാധിക്കുകയാണ്.
കേരള സംസ്ഥാന സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡര്‍ ആക്കി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തി പെന്ഷന് വിതരണത്തിന് ആവശ്യമായ തുക സമാഹരിക്കാനുള്ള തീരുമാനത്തിന് സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സഹകരണ വകുപ്പ് കെഎസ്ആര്‍ടിസി പെന്ഷന് നല്‍കുന്നതിനായി സമാഹരിക്കാന്‍ ഉദ്ദേശിച്ചതി നേക്കാള്‍ ഇരട്ടിയോളം തുക നല്കാന് സന്നദ്ധമായി പ്രാഥമിക സംഘങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. ഇരുനൂറോളം സംഘങ്ങള്‍ പണം നല്കാന് സ്വമേധയാ തയ്യാറായി.
കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്നായി 140 കോടി രൂപയും, എറണാകുളം ജില്ലയിലെ 4 സംഘങ്ങളില്‍ നിന്ന് 50 കോടി രൂപയും, പാലക്കാട് ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയും, തിരുവനന്തപുരം ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്ഷന് നല്കാന് ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്ഷന് തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് ഈ പണം പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത്. ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുമുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ കരുത്താണ് ഇത്രയധികം തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ഇടപെടലിലൂടെ വ്യക്തമായിരിക്കുന്നത്.
കെ.എസ്.ആര്.ടി.സി. ചില സാമ്പത്തികപ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത് വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വരുന്നതുകൊണ്ടാണ്. കഴിഞ്ഞ ഭരണകാലത്തും ഇത്തരം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2017-18 ലെ കെ.എസ്.ആര്.ടി.സിയുടെ കണക്കനനുസരിച്ച് 7966 കോടി രൂപ സഞ്ചിത നഷ്ടമുള്ള സ്ഥാപനമാണിത്. എന്നാല്‍ അക്കാലത്ത് അടിസ്ഥാനപരമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന വിധത്തിലുള്ള നടപടി സ്വീകരിച്ചിരുന്നില്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമൂഹ്യസേവന മേഖലയില്‍പ്പെടുന്ന കെ.എസ്.ആര്.ടി.സി.യെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുന്നതിനുള്ള ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കെ.എസ്.ആര്.ടി.സിയുടെ സമഗ്ര പുന:സംഘടന ലക്ഷ്യമാക്കി നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് വിശദമായ പഠനം നടത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കല്‍ക്കത്ത ഐ.ഐ.എം പ്രൊഫ. സുശീല്‍ ഖന്നയെ ചുമതലപ്പെടുത്തിയത്. അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കെ.എസ്.ആര്.ടി.സിയിലെ അംഗീകൃത സംഘടനകളുടെ യോഗം ചേര്‍ന്ന് പുനരുദ്ധാരണത്തിനായി ശിപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് തീരുമാനമെടു ക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയുടെ വരുമാന വര്‍ദ്ധനവിനും കാര്യക്ഷമായ പ്രവര്‍ത്തനത്തിനും അനുഗുണമായി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുകയും ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുകയും ചെയ്തു.
വാഹന ഉപയോഗ നിരക്ക് ദേശീയ ശരാശരിക്കൊപ്പം എത്തുന്നതിനുതകുംവിധം വര്‍ക്ക്ഷോപ്പുകളുടെ പ്രവര്‍ത്തന ത്തിലും ഇതര സെക്ഷനുകളിലും മാറ്റങ്ങള്‍ വരുത്തി. ഇന്ധനോപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനും ഷെഡ്യൂളുകള്‍ പുനക്രമീകരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനും നടപടി കൈക്കൊണ്ടിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ കൂടി പിന്തുണയോടെ മുഴുവന്‍ ഷെഡ്യൂളുകളും ഡ്യൂട്ടി രീതിയും ഏകീകരിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും കെ.എസ്.ആര്.ടി.സിയല്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഡീസലിന്റെ അനിയന്ത്രിതമായ വിലക്കയറ്റം കൂനിന്മേല് കുരു എന്ന പോലെയുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. 2017 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതു മൂലം പ്രതിമാസം 10 കോടി രൂപയുടെ അധിക ചെലവുണ്ടായിട്ടുണ്ട്. ഇത് കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി യുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലയളവില്‍ കെ.എസ്.ആര്.ടി.സി.ക്ക് നല്കിയ പദ്ധതിയേതര സാമ്പത്തിക സഹായം 1220.82 കോടി രൂപയായിരുന്നു. ഇതിനു പുറമെ 32 കോടി രൂപ അക്കാലത്ത് ഗ്രാന്റായി നല്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ 1075.28 കോടി രൂപ കെ.എസ്.ആര്.ടി.സി.ക്ക് സാമ്പത്തിക സഹായമായി നല്കികഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തെ പെന്‍ഷനും രണ്ട് മാസത്തെ ശമ്പളവും മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കിയത്. മറ്റ് മാസങ്ങളില്‍ ശമ്പളം നല്കാന് സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പയെടുക്കാന്‍ കെ.എസ്.ആര്.ടി.സി.യെ സഹായിച്ചു.
ബാങ്ക് കണ്‍സോര്‍ഷ്യവുമായി നിരന്തരം ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ നിരക്കായ 9 ശതമാനം പലിശ നിരക്കില്‍ എസ്.ബി.ഐ. കണ്സോര് ഷ്യത്തില് നിന്നും ഒരു പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 3,350 കോടി രൂപ വായ്പ ലഭ്യമാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഫെബ്രുവരിയില്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ബാങ്കുകളുള്ള ഈ കണ്‍സോര്‍ഷ്യത്തില്‍ നിന്നും രണ്ട് ബാങ്കുകള്‍ 1,000 കോടി രൂപ വരുന്ന വായ്പാപദ്ധതി ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. ഈ പുനരുദ്ധാരണ പദ്ധതിയിലൂടെ പ്രതിമാസം 60 കോടി രൂപ കെ.എസ്.ആര്.ടി.സി.ക്ക് വായ്പാ തിരിച്ചടവില്‍ കുറവുവരുമെന്നാണ് കണക്കാക്കുന്നത്.
കെ.എസ്.ആര്.ടി.സി. ഗൗരവമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഒരു മാസത്തെ പെന്ഷന് തുക മുഴുവനായി നല്കാന് വേണ്ടിവരുന്ന തുക 60 കോടി സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി.ക്ക് നല്‍കിയത് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതമൂലമാണ്. എല്ലാവര്ക്കും പെന്ഷന് കൃത്യസമയത്ത് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. മാസംതോറും കുടിശ്ശികയില്ലാതെ കെ.എസ്.ആര്.ടി.സി. മുഖേനതന്നെ പെന്ഷന് നല്‍കുന്നത് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന പറഞ്ഞു കൊണ്ട് ഈ പെന്ഷന് വിതരണം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.