കേരളത്തിലെ വികസനവെല്ലുവിളികള്‍ പരിഹരിക്കാന്‍ കെ-ഡിസ്‌ക് വഴിതെളിക്കണം

കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം കനകക്കുന്നില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ആരോഗ്യപരിപാലനം, കൃഷി, സാമ്പത്തിക മേഖലകളില്‍ വളര്‍ച്ചയ്ക്കുള്ള വഴിതെളിക്കാനുള്ള ഉത്തരവാദിത്വം കൗണ്‍സില്‍ ഏറ്റെടുക്കണം. ഇവ സംസ്ഥാനത്തിന്റെ വികാസത്തിന് യോഗ്യമായ പ്രായോഗികതയുള്ള കണ്ടുപിടുത്തങ്ങളായി മാറണം.

മാലിന്യസംസ്‌കരണം, ചെലവുകുറഞ്ഞ വീടുനിര്‍മാണം, നിലവാരമുള്ള കുടിവെള്ള ലഭ്യത, ചെലവുകുറഞ്ഞ ആരോഗ്യസംരക്ഷണസൗകര്യം, വിദ്യാഭ്യാസസൗകര്യം വര്‍ധിപ്പിക്കല്‍, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇ-മൊബിലിറ്റി, ബയോടെക്‌നോളജി എന്നിവയില്‍ സംസ്ഥാനം മികച്ച നിലയില്‍ എത്താന്‍ നല്ല ആശയങ്ങളും മികച്ച പ്രതിഭകളെയും കണ്ടെത്തി പ്രയോജനപ്പെടുത്താനാകണം.

ലോക കേരള സഭയില്‍ ആഗോളതലത്തിലെ മലയാളി പ്രതിഭകള്‍ സംഗമിച്ചിരുന്നു. ഇത്തരത്തിലുള്ളവരില്‍ സംസ്ഥാനത്തിന്റെ നിലവാരം ഉയര്‍ത്താനാകുന്ന ആശയങ്ങളും പരിഹാരമാര്‍ഗങ്ങളും നല്‍കാനാവുന്നവരെ കെ-ഡിസ്‌കിന് ഉപയോഗിക്കാനാകണം.

സ്റ്റാര്‍ട്ടപ്പ് മിഷന്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കെ-ഡിസ്‌കിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കണം. സമഗ്രമായ മാറ്റത്തിനും പ്രവര്‍ത്തനശൈലിയില്‍ അഴിച്ചുപണിക്കുമായി കൂടുതല്‍ മാറ്റങ്ങളോടെയാണ് ഇന്നവേഷന്‍ കൗണ്‍സിലിനെ ‘കെ-ഡിസ്‌ക്’ ആയി മാറ്റിയെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുവപ്രതിഭകളെ കണ്ടെത്താനുള്ള ‘യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാ’മിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ചടങ്ങില്‍ കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യത്തിലെ നല്ലശ്രമങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. നാളത്തെ കേരളത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും കെ-ഡിസ്‌ക് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗവുമായ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, കെ-ഡിസ്‌ക് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗങ്ങളായ എസ്. ഷിബുലാല്‍, ശ്യാം ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ-ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ.എം. എബ്രഹാം സ്വാഗതവും പ്ലാനിംഗ് ആന്റ് ഇക്കണോമിക്‌സ് അഫയേഴ്‌സ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് നന്ദിയും പറഞ്ഞു.

യുവാക്കളിലെ നവീന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കനകക്കുന്നില്‍ നാല്പതോളം വികസന മാതൃകകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. മനുഷ്യര്‍ക്ക് പകരം മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ട്, ശരീര അളവുകള്‍ ടേപ്പിന്റെ സഹായമില്ലാതെ മനസിലാക്കാവുന്ന വിര്‍ച്വല്‍ ട്രയല്‍ റൂം, കടലാഴങ്ങളിലെ രഹസ്യങ്ങളറിയുന്ന ഡ്രോണ്‍, ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഇ.സി.ജി ഉപകരണം, ശരീരത്തിന് അധികം ആയാസമില്ലാതെ സഞ്ചരിക്കാവുന്ന ഈസിമൂവര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു.

കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ അറിയുന്നവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചും ലോകത്തുടനീളമുള്ള മലയാളി പ്രഗത്ഭരുടെ കഴിവുകള്‍ ഒന്നിച്ചു ചേര്‍ത്തും സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുക എന്നതാണ് കെ-ഡിസ്‌കിന്റെ ലക്ഷ്യം.