മന്ത്രിസഭാ തീരുമാനങ്ങള്‍   27/03/2018

1. വന്യജീവി ആക്രമണം: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു
വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.

മൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കും. ഇപ്പോള്‍ എഴുപത്തയ്യായിരം രുപവരെയാണ് അനുവദിക്കുന്നത്.

വീടുകള്‍, കുടിലുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം പരമാവധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇപ്പോള്‍ പരമാവധി എഴുപത്തയ്യായിരും രൂപയാണ് നല്‍കിവരുന്നത്. വ്യക്തികള്‍ക്കുണ്ടാകുന്ന പരിക്കിന് നല്‍കുന്ന സഹായം പരമാവധി എഴുപത്തയ്യായിരം രൂപ എന്നത് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ ചികിത്സയ്ക്കു ചെലവാകുന്ന മുഴുവന്‍ തുകയും അനുവദിക്കും.

2. പിരപ്പന്‍കോട് നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നെടുമങ്ങാട് മുക്കംപാലമൂട് കുന്നൂര്‍കോണത്തു വീട്ടില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

3. 2007ലെ സ്പെഷ്യല്‍ ഓളിമ്പിക്സില്‍ രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇ.ബി. ഷൈഭന് (കോട്ടയം) പ്രത്യേക കേസായി പരിഗണിച്ച് സ്പോര്‍ട്സ് ക്വാട്ടയില്‍ ചൗക്കിദാര്‍, ഗാര്‍ഡനര്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

4. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 131 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെളള വിതരണ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കുഞ്ഞിമംഗലം ചെറുതാഴം (കണ്ണൂര്‍ – 44 കോടി രൂപ), മൂവാറ്റുപുഴ പൈങ്ങോട്ടൂര്‍ (23 കോടി), കൊഴിഞ്ഞാമ്പാറ വടകരപതി എരുത്തംപതി (29 കോടി), പെരുമാട്ടി, പട്ടണച്ചേരി, എലപ്പുളളി, നല്ലേപ്പളളി (25 കോടി), അമ്പലപ്പാറ (10 കോടി).

5. കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നിന്ന് മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിച്ചു വാങ്ങാന്‍ തീരുമാനിച്ചു. ഇതിന് 18.24 കോടി രൂപ ചെലവ് വരും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ബി.പി.സി.എല്‍, കൊച്ചി കപ്പല്‍നിര്‍മാണശാല എന്നീ സ്ഥാപനങ്ങളുടെ സംഭാവന കൂടി ഉപയോഗിച്ചാണ് ആംബുലന്‍സുകള്‍ വാങ്ങുന്നത്.

6. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേകനിയമനം നടത്തുന്നതിന് വ്യവസായപരിശീലനവകുപ്പില്‍ രണ്ട് എല്‍.ഡി.ടൈപ്പിസ്റ്റുമാരുടെയും തസ്തികകള്‍ സൂപ്പര്‍ന്യൂമററിയായി സൃഷ്ടിക്കും.

7. പാലിയം ഈസ്വരസേവ ട്രസ്റ്റിന് പതിനൊന്ന് അക്കൗണ്ടുകളിലായി നല്‍കിവരുന്ന പൊളിറ്റിക്കല്‍ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

8. സംസ്ഥാനസര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പദ്ധതികള്‍ക്ക് വേണ്ടി രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ പേരില്‍ എഴുതി നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കി പൊതു ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

9. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന് നഗരകാര്യവകുപ്പ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. അവധികഴിഞ്ഞ് വന്ന നവജോത് ഖോസയെ ആരോഗ്യകുടുംബക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ആയൂഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതലയും അവര്‍ക്കുണ്ടാവും.

10. അസാപ് സി.ഇ.ഒ ഡി. സജിത് ബാബുവിനെ സഹകരണ രജിസ്റ്റ്രാര്‍ ആയി നിയമിക്കും. നഗരകാര്യവകുപ്പ് ഡയറക്റ്റര്‍ ഹരിത വി. കുമാറിനെ അസാപ് സി.ഇ.ഒ. ആയി മാറ്റി നിയമിക്കും.