പരമ്പരാഗത ഔഷധനിര്‍മാണത്തില്‍ ഔഷധി ഗുണമേന്മ നിലനിര്‍ത്തി

ഔഷധിയുടെ പുതിയ ഔഷധ നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ മികച്ച ഗുണ നിലവാരം നില നിര്‍ത്താന്‍ ഔഷധിക്കു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഔഷധിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുര്‍വേദത്തിന്റെ വ്യാപനത്തിന് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔഷധിക്കു വേണ്ടി തിരുവനന്തപുരത്തെ മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഔഷധ നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ഒരു ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ആയുര്‍വേദരംഗത്ത് മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമുണ്ടാക്കുമെന്നതായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകത.

ഔഷധിക്ക് കണ്ടെത്താന്‍ കഴിഞ്ഞതുപോലുള്ള ഒട്ടേറെ പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ഈ ഗവേഷണ സ്ഥാപനത്തിന് സാധിക്കും. രാജ്യത്താകെ ആയുര്‍വേദമുണ്ടെങ്കിലും കേരളാ ആയുര്‍വേദത്തിന് അതിന്റേതായൊരു പ്രത്യേകതയുണ്ട്. ആയുര്‍വേദത്തിനാവശ്യമായ ഔഷധ സസ്യങ്ങള്‍ നമ്മുടെ പ്രകൃതിയില്‍ ധാരാളമായി ലഭ്യമായിരുന്നു എന്നതാണ് ആ പ്രത്യേകത. നല്ല രീതിയില്‍ വളര്‍ന്നു വന്ന ചികിത്സാ രീതിയായി ആയുര്‍വേദം മാറിയെങ്കിലും ഇപ്പോള്‍ ധാരാളം കുറവുകളുണ്ട്. അതു നാം കാണാതിരിക്കരുത്. ഔഷധ സസ്യങ്ങളും ആയുര്‍വേദ മൂലികകളും ലഭ്യമല്ലാത്ത സാഹചര്യമുണ്ടാവുന്നു. ഗുണമേന്മയുള്ള ആയുര്‍വേദമരുന്ന് ഉത്പാദിപ്പിക്കണമെങ്കില്‍ അതിനാവശ്യമായ എല്ലാ ഘടകങ്ങളും ഇവിടെ ഉത്പാദിപ്പിക്കപ്പെടേണ്ടതുണ്ട്.

മരുന്നിന് വേണ്ട ചേരുവകള്‍ ചേര്‍ക്കുന്നതില്‍ ഔഷധി മാതൃകാപരമായ സമീപനമാണ് പുലര്‍ത്തുന്നത്. ഈ മാതൃക തുടരണം. അതിന് നമ്മുടെ ജൈവസമ്പത്തും ആയുര്‍വേദ സസ്യസമ്പത്തും പരിപാലിക്കപ്പെടണം. നാട്ടില്‍ എല്ലായിടത്തും വിവിധ തരത്തിലുള്ള അപൂര്‍വ ഔഷധ സസ്യങ്ങള്‍ തിരിച്ചെത്താന്‍ ഓരോ വീട്ടിലും ഒരു ഔഷധച്ചെടിയെങ്കിലും നാം നട്ടുവളര്‍ത്തണം. അങ്ങനെയൊരു ജീവിതശൈലി നാം രൂപപ്പെടുത്താന്‍ കുടുംബശ്രീയുടെ സഹകരണം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദ മേഖലയിലെ മുന്നേറ്റത്തിന്റെ പ്രതീകമാണ് ഔഷധിയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2016-17ല്‍ 90 കോടിയുടെ വളര്‍ച്ച നേടിയ ഔഷധി 17-18ല്‍ 140 കോടി രൂപയുടെ വളര്‍ച്ചയാണ് നേടിയതെന്നും മന്ത്രി പറഞ്ഞു.

ഔഷധി ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍, മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന്‍, ദേശീയ ആയുര്‍വേദ മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ഔഷധി ഡയറക്ടര്‍ അനിത ജേക്കബ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.