സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം മുന്‍നിരയില്‍

ഹഡില്‍ കേരള’ ഉദ്ഘാടനം ചെയ്തു

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡില്‍-കേരള’ ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സ്റ്റാര്‍ട്ട് അപ്പ് ഭൂപടത്തില്‍ കേരളത്തിന് പ്രമുഖസ്ഥാനം നേടിയെടുക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സജീവമായ പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ്. വിനോദസഞ്ചാരികളുടെ മുന്‍നിര ആകര്‍ഷണകേന്ദ്രമെന്ന ഖ്യാതിയായിരുന്നു സംസ്ഥാനത്തിന് മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകളെ ആകര്‍ഷിക്കാനാവുന്ന മികച്ച ലക്ഷ്യ കേന്ദ്രമെന്ന പേരും നേടി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി നമ്മുടെ നാട്ടിലെ പ്രതിഭകളെയും കണ്ടുപിടുത്തങ്ങളെയും കണ്ടെത്തി പ്രോത്‌സാഹിപ്പിക്കാനുള്ള കേരള മാതൃക നമ്മള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ശക്തമായ അന്തരീക്ഷം മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ ഒരുക്കും.

സ്റ്റാര്‍ട്ട് അപ്പ് മിഷന്‍വഴി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ആദ്യമായൊരു സ്റ്റാര്‍ട്ട് അപ്പ് നയമുണ്ടാക്കി സംസ്ഥാനമാണ് കേരളം. പുതുസംരംഭങ്ങളുടെ വിജയത്തിന് എന്തെല്ലാം ഇടപെടലുകള്‍ ആവശ്യമാണെന്ന് കണ്ടെത്തി സൂചിപ്പിക്കുന്ന രണ്ടാമത് നയരേഖയും 2017ല്‍ പുറത്തിറക്കി.

സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങളുമായി വരാനുള്ള യുവാക്കളുടെ താത്പര്യം മനസിലാക്കി യുവ സംരംഭകത്വ വികസനത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടേയും പ്രൊഫഷണലുകളുടേയും സംരംഭകത്വവും നൂതനാശയങ്ങളും പ്രോത്‌സാഹിപ്പിക്കാനും സ്റ്റാര്‍ട്ട് അപ്പ് നയത്തില്‍ പദ്ധതികളുണ്ട്. നിലവില്‍ 1000ല്‍ അധികം സ്റ്റാര്‍ട്ട് അപ്പുകള്‍ സ്റ്റാര്‍ട്ട് അപ്പ് മിഷനുകീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പ്രത്യാശയുളവാക്കുന്നതാണ്. രണ്ടു ലക്ഷം ചതുരശ്ര അടി ഇന്‍കുബേഷന്‍ സ്‌പേസ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

സമൂഹത്തിന് മുതല്‍ക്കൂട്ടാകുന്ന നൂറിലധികം ആശയങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇവര്‍ക്ക് ഇന്നവേഷന്‍ ഗ്രാന്റ് നല്‍കി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സഹായിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപത്തിനായി ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ പദ്ധതി ഒരുപാട് സംരംഭങ്ങള്‍ക്ക് സഹായമായിട്ടുമുണ്ട്. നമ്മുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി-ഡാക്കുമായി സഹകരിച്ച് രൂപം നല്‍കിയ ‘ഇന്നവേഷന്‍ പ്ലാറ്റ്‌ഫോം’, സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ ആഗോള ഇന്നവേഷന്‍ ചലഞ്ച്, നാസ്‌കോം ഫൗണ്ടേഷനുമായി ചേര്‍ന്ന് ഐ.ഐ.ഐ.ടി.എം-കെയില്‍ സിസ്‌കോ ‘തിങ്കുബേറ്റര്‍’ പ്രോഗ്രാം, കേരളത്തില്‍ സിസ്‌കോ നെറ്റ്‌വര്‍ക്കിംഗ് അക്കാദമി പ്രോഗ്രാം എന്നീ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തുടക്കമിട്ടു.

ഷാര്‍ജ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ചെയര്‍മാനുമായ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു.
യു.എ.ഇയും ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളതെന്നും ഡിജിറ്റല്‍ വികസന, വിനിമയ രംഗത്ത് ഈ കൂട്ടായ്മ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യസമ്പന്നരും സാങ്കേതിക ജഞാനമുള്ളവരുമായ സമൂഹം വിവരവിനിമയരംഗത്തെ വികാസത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് സഹായമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുബോ റോയ്, നാസ്‌കോം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീകാന്ത് സിന്‍ഹ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്റ്റാര്‍ട്ട് അപ്പുകളെയും മികച്ച നിക്ഷേപകരെയും സാങ്കേതിക വിദഗ്ധരെയും വ്യവസായപ്രമുഖരെയും ഒന്നിപ്പിക്കുന്ന

‘ഹഡില്‍ കേരള’ സമ്മേളനം ഇന്നു സമാപിക്കും. വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും അവയ്ക്ക് സമാന്തരമായി നടക്കുന്ന ചര്‍ച്ചകളും നെറ്റ്‌വര്‍ക്കിംഗ് സെഷനുകളും കൂടിയാലോചനകളും സമ്മേളനത്തിലുണ്ട്.

സമ്മേളനത്തില്‍ പ്രഭാഷണത്തിനെത്തുന്നവരില്‍ വ്യവസായ പ്രമുഖര്‍ക്കുപുറമേ വിജയകരമായി സ്റ്റാര്‍ട്ട് അപ്പുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നവരും സംരംഭകരും നിക്ഷേപകരുമുണ്ട്. ‘സോഹോ’ പ്രതിനിധി കുപ്പുലക്ഷ്മി കൃഷ്ണമൂര്‍ത്തി, ട്രൂ കോളര്‍ സഹ സ്ഥാപകന്‍ നമി സരിങാലം തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബ്‌ളോക്ക് ചെയിന്‍, ക്രിപ്‌റ്റോകറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വിനോദങ്ങള്‍,ഓഗ്‌മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, നിര്‍മിത ബുദ്ധി, ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ്, യൂസര്‍ ഇന്റര്‍ഫെയ്‌സ്, യൂസര്‍ അനുഭവം തുടങ്ങിയവയിലാണ് ‘ഹഡില്‍ കേരള’ പ്രധാനശ്രദ്ധ നല്‍കുന്നത്.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐ.എ.എം.എ.ഐ സ്റ്റാര്‍ട്ട് അപ്പ് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.