മന്ത്രിസഭാ തീരുമാനങ്ങള്‍   02/05/2018

ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും

പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട വാരാപ്പുഴ ദേവസ്വംപാടംകരയില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ തുക മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്റ്റ്രേഷന്‍ (കില) ജീവനക്കാര്‍ക്ക് 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റിലെ ജീവനക്കാര്‍ക്ക് 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം അനുവദിക്കും.

മേലാറ്റൂര്‍ ആര്‍.എം.ഹൈസ്കൂളിലെ മലയാളം അധ്യാപകനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം വിരമിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രൊഫസര്‍ കേശവന്‍ വെളുത്താട്ടിനെ പുനര്‍നിയമന വ്യവസ്ഥയില്‍ മുസിരിസ് പ്രോജെക്റ്റ് ലിമിറ്റഡില്‍ കണ്‍സള്‍ടന്റായി നിയമിക്കാന്‍ തീരുമാനിച്ചു.