സ്‌കൂളുകളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇത് ഉണര്‍വിന്റെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. പഠന സമ്പ്രദായവും പാഠ്യ വിഷയങ്ങളും മാറി വരികയാണ്. മാറ്റം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കുകയാണ്. എല്ലാ വിദ്യാര്‍ത്ഥികളെയും പഠനത്തിന് സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൂര്‍ണ അന്ധരായ ചില നിര്‍ഭാഗ്യവാന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. ആലപ്പുഴയില്‍ വച്ച് ഇത്തരത്തിലുള്ള ഒരാള്‍ നേരിട്ടു കണ്ട് പഠിക്കുന്ന കാലത്തെ വിഷമത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രെയിലി പഠന സഹായി കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിന് ആവശ്യമായ തൊഴിലാളികളെ കണ്ടെത്തി നിയമിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ വകുപ്പിനൊപ്പം പൂര്‍വ വിദ്യാര്‍ത്ഥികള്‍, പി. ടി. എ, തദ്ദേശസ്ഥാപനങ്ങള്‍, നാട്ടുകാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂര്‍ണതയിലെത്തിക്കേണ്ടത്. പാഠപുസ്തകം ലഭിക്കുന്നില്ലെന്നതായിരുന്നു വിദ്യാഭ്യാസ മേഖലയിലെ വലിയ പരാതി. എന്നാല്‍ ഇപ്പോഴത് പഴങ്കഥയായിരിക്കുന്നു. സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പാഠപുസ്തകം എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളായ ഇന്ദ്രാര്‍ജുന്‍, നിമിഷ, നിഖില്‍ നായര്‍ എന്നിവര്‍ക്ക് ബ്രെയിലി പാഠപുസ്തകം മുഖ്യമന്ത്രി നല്‍കി. മണക്കാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഐശ്വര്യ, പാര്‍വതി, ഗീതാഞ്ജലി, അശ്വനി എന്നിവര്‍ക്ക് പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും മുഖ്യമന്ത്രി വിതരണം ചെയ്തു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ അഭിമാനകരമായ നേട്ടത്തിലേക്ക് കടക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി
എ. സി. മൊയ്തീന്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണ് നടക്കുന്നത്. ഈ വര്‍ഷം 23 ലക്ഷം മീറ്റര്‍ തുണിയാണ് സ്‌കൂള്‍ യൂണിഫോമിനായി തയ്യാറാക്കിയത്. അടുത്ത വര്‍ഷം കൂടുതല്‍ തൊഴിലാളികളെയും തറികളും ഇതിനായി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന്റെ മികച്ച സഹകരണത്താലാണ് കൈത്തറി യൂണിഫോം വിതരണം ഫലപ്രദമായി നടപ്പാക്കാനായതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യാനായതും നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, കൈത്തറി ഡയറക്ടര്‍ പി. സുധീര്‍, എസ്.എസ്.എ ഡയറക്ടര്‍ എ.പി. കുട്ടികൃഷ്ണന്‍, കെ.ബി.പി.എസ് ചെയര്‍മാന്‍ കെ. കാര്‍ത്തിക് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.