പ്രത്യേക മന്ത്രിസഭാ യോഗം   18/06/2018

1. കാല വര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കുവാന്‍ തീരുമാനിച്ചു.

2. പൂര്‍ണ്ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയ ഒരു വീടിന്, ദുരന്തബാധിതര്‍ പുതുതായി വീട് നിര്‍മ്മിക്കും എന്ന വ്യവസ്ഥയോടെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിഹിതവും ചേര്‍ത്ത് 4 ലക്ഷം രൂപയായി ഉയര്‍ത്തി പരിഷ്കരിച്ച് നല്‍കാന്‍ തീരുമാനമെടുത്തു.

3. പൂര്‍ണ്ണമായും സ്ഥലം ഒഴുകിപ്പോയവര്‍ക്ക് വേറെ സ്ഥലം കേരളത്തില്‍ സ്വന്തമായി ഇല്ലെങ്കിലോ, നിലവിലെ സ്ഥലം വീട് വയ്ക്കുന്നതിന് അനുയോജ്യമല്ലെങ്കിലോ സ്ഥലം വാങ്ങുവാനായി 6 ലക്ഷം രൂപയോ, പ്രമാണത്തില്‍ ഉള്ള തുകയോ ഏതാണോ കുറവ് അത് അനുവദിക്കാന്‍ തീരുമാനിച്ചു.

4. ദുരന്തബാധിതര്‍, വീട് തകര്‍ന്ന അതേസ്ഥലത്താണ് വീട് പുനര്‍നിര്‍മ്മിക്കുന്നതെങ്കില്‍ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളില്‍ അനുമതി നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

5. ദുരന്തബാധിതര്‍ക്ക് തുക രണ്ട് ഗഡുക്കളായാണ് അനുവദിച്ച് നല്‍കുക. ആദ്യ ഗഡുവായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നുമുള്ള മുഴുവന്‍ തുകയും തുടര്‍ന്ന്, വീടിന്‍റെ നിര്‍മ്മാണം 25% പൂര്‍ത്തീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ബാക്കി തുകയും അനുവദിച്ചു നല്‍കും.

6. വാസയോഗ്യമല്ലാതായ വീട് എന്നത്, 75 ശതമാനത്തിലധികം തകര്‍ച്ച നേരിട്ട വീട് എന്ന് അംഗീകരിച്ചു.

7. നിലവിലുള്ള നിരക്ക് കുറഞ്ഞതോ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ പുനഃപരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തി.

8. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 2016 മുതലുള്ള കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യമായ 12 കോടി രൂപയും, 2016 മുതലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ ഇനത്തില്‍ നല്‍കുവാനുണ്ടായിരുന്ന പ്രളയക്കെടുതിയുടെ കുടിശ്ശിക തീര്‍ക്കാന്‍ 44.82 കോടി രൂപയും 2018 ലെ നഷ്ടപരിഹാര ഇനത്തില്‍ 64.19 കോടി രൂപയും ചേര്‍ത്ത് 121.01 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

9. ഭാവിയില്‍ ഈ കാലവര്‍ഷത്തില്‍ ഉണ്ടായതുപോലുള്ള ദുരന്തങ്ങള്‍ ചെറുക്കുവാന്‍ കേരളത്തിലെ സവിശേഷ സാഹചര്യത്തിനനുസരിച്ച് ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കുവാന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി കണ്‍വീനറും, കെ.എസ്.ആര്‍.ഇ.സിയുടെ ഡയറക്ടര്‍, സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. വി.പി. ദിനേശന്‍, കൊച്ചി സര്‍വ്വകലാശാലയിലെ ഡോ. എസ്. അഭിലാഷ്, നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ശ്രീ. ജി. ശങ്കര്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു പ്രതിനിധി എന്നിവര്‍ അടങ്ങുന്ന സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.

10. ദുരന്തങ്ങളില്‍ പ്രമാണങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആയത് പുനര്‍സൃഷ്ടിച്ച് നല്‍കുവാന്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുവാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരേയും ചുമതലപ്പെടുത്തി.