മന്ത്രിസഭാ തീരുമാനങ്ങള്‍   18/07/2018

കാലവര്‍ഷം: ദുരിതാശ്വാസ ക്യാമ്പിലുളളവര്‍ക്ക് സഹായധനം
കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജൂലൈ 17 വൈകിട്ട് ആറ് മണിവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉളളവര്‍ക്കും ക്യാമ്പുകളില്‍ എത്തി തിരിച്ചുപോയവര്‍ക്കും സഹായധനം ലഭിക്കും. വീട്ടുസാധനങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് സഹായം നല്‍കുന്നത്.

കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കും
കയര്‍ മേഖലയില്‍ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്തുന്നതിന് കേരള കയര്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന പേരില്‍ പത്തു കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ആധുനിക സങ്കേതങ്ങളുടെ പിന്‍ബലത്തോടെ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കുന്നത്. നിര്‍ദ്ദിഷ്ട കമ്പനിയില്‍ കേരള സര്‍ക്കാരിന് 49 ശതമാനം ഓഹരിയുണ്ടാകും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനും അതുപോലെയുളള സ്ഥാപനങ്ങള്‍ക്കും നല്‍കും.

അമ്പലവയലില്‍ കാര്‍ഷിക കോളേജ്
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിനും ഈ അധ്യയന വര്‍ഷം തന്നെ ബി.എസ്.സി. അഗ്രികള്‍ച്ചര്‍ (ഹോണേഴ്സ്) കോഴ്സ് തുടങ്ങാനും തീരുമാനിച്ചു. ആദ്യവര്‍ഷം 60 സീറ്റുകള്‍ ഉണ്ടാകും. കോളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റല്‍ സൗകര്യവും ഗവേഷണ കേന്ദ്രത്തില്‍ ഇപ്പോള്‍ തന്നെ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാണ് കാര്‍ഷിക കോളേജ് ആരംഭിക്കുന്നത്. ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാര്‍ഷിക കോളേജുകള്‍ ഉളളത്. നിര്‍ദ്ദിഷ്ട കോളേജ് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയോജനമാകും.

മത്സ്യബന്ധന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്മെന്‍റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്) യിലെ 37 ഫാം തൊഴിലാളികളുടെ ശമ്പളവും അലവന്‍സും പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന്‍റെ വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ജില്ലാതലത്തില്‍ അദാലത്ത് സംഘടിപ്പിക്കാന്‍ അനുമതി നല്‍കി. 31-01-2018-ലെ കണക്കുപ്രകാരം 215 കോടി രൂപ ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുണ്ട്.

ഗുരു പ്രതിമ സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു
ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിന് തൈക്കാട് വില്ലേജില്‍ മ്യൂസിയത്തിന് എതിര്‍വശം 8.02 ആര്‍ സ്ഥലം സാംസ്കാരിക വകുപ്പിന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് സാംസ്കാരിക വകുപ്പിന് കൈവശാവകാശം നല്‍കാനാണ് തീരുമാനം. ഗുരുവിന്‍റെ ‘ജാതിയില്ലാ വിളംബരം’ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരത്തില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സി-ഡിറ്റിലെ സ്റ്റേറ്റ് സ്കെയിലില്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

കല്ലറ-പാങ്ങോട് സമരത്തിലെ ആദ്യ രക്തസാക്ഷി പണയില്‍ കൃഷ്ണപിള്ളയുടെ മകളും വിധവയുമായ സേതു അമ്മയ്ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതര്‍ക്കുളള പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

എല്ലാ പോലീസ് ജില്ലകളിലെയും മൊബൈല്‍ ഫോറന്‍സിക് യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും തൃശ്ശൂര്‍ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഹൈടെക് ആക്കുന്നതിനും വിവിധ വിഭാഗങ്ങളിലായി 59 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 തസ്തികയിലേക്കുളള നിയമനം പൊതുവിഭാഗത്തില്‍ നിന്ന് മാറ്റി കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ സി.എ ഗ്രേഡ് 2 വിഭാഗം പ്രത്യേകമായി സൃഷ്ടിച്ച് പി.എസ്.സി. മുഖേന നിയമനം നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.

വ്യവസായ-വാണിജ്യ നയം അംഗീകരിച്ചു
വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന വ്യവസായ-വാണിജ്യ നയം അംഗീകരിച്ചു. നയത്തിന്‍റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നയത്തിന് അന്തിമ രൂപം നല്‍കിയത്. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നല്‍കുമെന്നും നയം പ്രഖ്യാപിക്കുന്നു. പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്ത ഭടന്‍മാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിന് പ്രോത്സാഹിപ്പിക്കും. സ്വകാര്യവ്യവസായ എസ്റ്റേറ്റുകള്‍ പ്രോത്സാഹിപ്പിക്കും. മലബാര്‍ മേഖലയില്‍ പ്രകൃതിവാതകം ഉപയോഗിച്ചുളള വ്യവസായം തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തും. മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും.

മുഴുവന്‍ പൊതുമേഖലാ വ്യവസായങ്ങളെയും ലാഭത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കും. സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാ വ്യവസായവും വിപുലീകരിക്കും. മലബാര്‍ സിമന്‍റ്സിലേയും ടി.സി.സിയിലേയും ഉല്‍പാദനം ഇരട്ടിയാക്കും. ട്രാവന്‍കൂര്‍ സിമന്‍റ്സില്‍ ഗ്രേ സിമന്‍റ് ഉല്‍പാദനം ആരംഭിക്കും.

സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നവീകരണത്തിനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.

കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ തീരുമാനിച്ച ബി.എച്ച്.ഇ.എല്‍-ഇ.എം.എല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് എന്നിവ ഏറ്റെടുക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകും.

നിയമനം
ജോയിന്‍റ് ലാന്‍റ് റവന്യൂ കമ്മീഷണര്‍ എന്‍. പത്മകുമാറിനെ ഗ്രാമവികസന വകുപ്പ് കമ്മീഷണറായി മാറ്റി നിയമിക്കും. കയര്‍ ഡയറക്ടറുടെ ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

ലാന്‍റ് റവന്യൂ കമ്മീഷണര്‍ എ.ജെ. ജെയിംസിന് റോഡ്സ് ആന്‍റ് ബ്രിഡ്ജ്സ് കോര്‍പ്പറേഷന്‍ എം.ഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ദിവ്യ എസ് അയ്യര്‍ അവധിയില്‍ പോയ ഒഴിവിലാണ് ഹരികിഷോറിന് ചുമതല നല്‍കിയത്.