എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

ശരീരത്തിന്റെയും മനസിന്റെയും താളം കാത്തുസൂക്ഷിക്കാനാകുന്ന ജീവിതചര്യയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ വെറും വ്യായാമമല്ല. ആരോഗ്യസംരക്ഷണത്തിനൊപ്പം ശരീരത്തിന്റെയും മനസിന്റെയും സുസ്ഥിതിക്ക് യോഗ ഫലപ്രദമാണ്.

യോഗയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആഗോളതലത്തില്‍ ആരോഗ്യകരമായ സമൂഹമെന്ന വികസന കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യു.എന്‍ യോഗയെ അംഗീകരിച്ചതും എല്ലാ ജൂണ്‍ 21നും അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതും.

ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും യോഗ പരിശീലിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഏകാഗ്രതയും പഠനവും മെച്ചപ്പെടുത്താന്‍ യോഗ പരിശീലിപ്പിക്കുന്നുണ്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ശാരീരികക്ഷമതയ്ക്കും കോര്‍പറേറ്റുകള്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും യോഗ പരിശീലിപ്പിക്കുന്നുണ്ട്.

യോഗ സംബന്ധിച്ച് ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗയുടെ പ്രചാരം വര്‍ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായികമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. യോഗ സാര്‍വത്രികമായ പ്രചാരമുള്ള വ്യായാമമായും ജനകീയ പ്രസ്ഥാനമായും മാറിയിരിക്കുകയാണ്. ബുദ്ധിപരവും ശാരീരികവുമായ അഭിവൃദ്ധിക്കും രോഗപ്രതിരോധത്തിനും യോഗ ഫലപ്രദമാണ്. കുട്ടികളിലും യുവാക്കളിലും സ്ത്രീകളിലും യോഗ പ്രചാരണത്തിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗ വെറും ആചാരമല്ല, ആരോഗ്യകരമായ ജീവിതക്രമമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പാരമ്പര്യം ഗുണപരമായി ഉയര്‍ത്തിപ്പിടിക്കുംവിധം യോഗയുടെ ഗുണപരമായ വശങ്ങളില്‍ ശ്രദ്ധയൂന്നിയാണ് കേരളം മുന്നോട്ടുപോകുന്നത്. ഒരുപക്ഷേ, സാമാജികര്‍ക്ക് യോഗ പരിശീലനം നല്‍കിയ ആദ്യ സഭ കേരള നിയമസഭയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേവല വില്‍പനചരക്കാക്കിയല്ല, മതാതീതമായി അര്‍ഥപൂര്‍ണമായ ജീവിതരീതിയായാണ് കേരളം യോഗ പ്രചരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക്കുമാര്‍ അഗര്‍വാള്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.ബി. ബാലചന്ദ്രന്‍ സ്വാഗതവും ഏഷ്യന്‍ യോഗ ഫെഡറേഷന്‍ സെക്രട്ടറി പ്രബീര്‍ കര്‍മാകര്‍ നന്ദിയും പറഞ്ഞു.

നൗഫ് മാര്‍വായ് (ദുബായ്), ഡോ. ഡി.എസ്. ലിംഗം പിള്ള (മലേഷ്യ), സിയങ് ഹ്വാന്‍ ലീ (സൗത്ത് കൊറിയ), ശ്രീനിവാസ് സുരേഷ് കമല്‍ (തായ്‌ലന്റ്), പ്രബീര്‍ കര്‍മാക്കര്‍ (ഹോങ്‌കോങ്), കുമരേശന്‍ സുബ്രഹ്മണ്യന്‍ (സിംഗപൂര്‍), ന്യൂയെന്‍ തി ഗാ (വിയറ്റ്‌നാം), ഇന്ദു അഗര്‍വാള്‍ (ഇന്ത്യ), ബി. ബാലചന്ദ്രന്‍ (ഇന്ത്യ) എന്നിവര്‍ക്ക് യോഗ രത്‌ന പുരസ്‌കാരം ചടങ്ങില്‍ സമ്മാനിച്ചു.

ഇന്ത്യ, ഇറാന്‍, മലേഷ്യ, സിംഗപൂര്‍, വിയറ്റ്‌നാം, ശ്രീലങ്ക, തായ്‌ലന്റ്, യു.എ.ഇ, ഹോങ്‌കോങ്, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മത്‌സരാര്‍ഥികളും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് 30ന് സമാപിക്കും. സമാപനസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.