മന്ത്രിസഭാ തീരുമാനങ്ങള്‍ 13-11-2018

മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്. 1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയ ഉളള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും. ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവ്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുളള അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാവിക് ഫലപ്രദമാണ്. തീരദേശ ജില്ലകളില്‍ നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക.
ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് 9.43 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്‍റെ വില. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.
ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 8 പേര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേര്‍ക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട രജിസ്ട്രേഷനും ലൈസന്‍സുമില്ലാത്ത മൂന്നു യൂണിറ്റുകള്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂണിറ്റുകള്‍ക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. നഷ്ടപരിഹാരം ലഭിക്കുന്നതിനു മുമ്പ് യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിബന്ധനകളോടെയാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. 40,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ (ഓഖി ഫണ്ട്) നിന്ന് വിനിയോഗിക്കും. ലൈഫ് ജാക്കറ്റിന് ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 250 രൂപ നല്‍കണം.
കോഴിക്കോട് ജില്ലയില്‍ ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ ഭാഗികമായി നഷ്ടപ്പെട്ട പുത്തന്‍പുരയില്‍ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചു. മെഹമൂദിന്‍റെ പേര് നേരത്തെ പട്ടികയില്‍ നിന്ന് വിട്ടുപോയതായിരുന്നു.
തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ പുതിയതായി ആരംഭിച്ച എം.എസ്.സി കെമിസ്ട്രി കോഴ്സിലേക്ക് രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള നാളികേര വികസന കൗണ്‍സില്‍
നാളികേര കൃഷിയുടെ വിസ്തൃതിയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കേരള നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, രോഗം ബാധിച്ചതും ഉല്‍പാദനക്ഷമത നശിച്ചതുമായ തെങ്ങുകള്‍ക്കു പകരം അത്യുല്‍പാദന ശേഷിയുളള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉല്‍പാദനക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയര്‍ത്തുക, നാളികേരത്തിന്‍റെ മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസന കൗണ്‍സിലിന്‍റെ ലക്ഷ്യങ്ങള്‍. കൃഷി മന്ത്രി ചെയര്‍മാനായുളള കൗണ്‍സിലില്‍ കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെയും കേര കര്‍ഷകരുടെയും ഉല്‍പാദന കമ്പനികളുടെയും  പ്രതിനിധികള്‍  അംഗങ്ങളായിരിക്കും. കൗണ്‍സിലിന് ജില്ലാതലത്തിലും സമിതികള്‍ ഉണ്ടാകും.
പ്രശസ്ത ചലച്ചിത്രകാരനും കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് 30 ലക്ഷം രൂപ കോര്‍പ്പറേഷന്‍റെ ഫണ്ടില്‍ നിന്ന് പ്രത്യേക കേസായി അനുവദിക്കുന്നതിന് തീരുമാനിച്ചു.
പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സുകേശനെ കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി.യായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
നവംബര്‍ 27-ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകളുടെ മുന്‍ഗണനാക്രമം മന്ത്രിസഭ അംഗീകരിച്ചു.