കേരള സമ്പദ്‌വ്യവസ്ഥയുടെ പുനഃസംഘടന

പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,
ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് വന്നിരിക്കുന്ന എല്ലാവരെയും ആരംഭത്തില്‍ തന്നെ സ്വാഗതം ചെയ്യട്ടെ.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം അഭിമുഖീകരിച്ചത്. നിരവധി പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നു മാത്രമല്ല വ്യാപകമായ നാശനഷ്ടങ്ങളും നമുക്കുണ്ടായി. കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് തുല്യമായ
31,000 കോടി രൂപയുടെ നഷ്ടമാണ് നമുക്കുണ്ടായത്. കൃഷി, ജലസേചനം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെല്ലാം ഭീമമായ നഷ്ടമാണുണ്ടായത്.
ഇത്ര വലിയ ഒരു ദുരന്തത്തെ നാം അതിജീവിച്ചത് കേരള സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ത്തതുകൊണ്ടാണ്. ഇനിയിപ്പോള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന സമാനതകളില്ലാത്ത ഒരു കര്‍ത്തവ്യം ഏറ്റെടുക്കുകയാണു നാം.

കേരള പുനര്‍നിര്‍മാണം
നമ്മെ സംബന്ധിച്ചിടത്തോളം പുനര്‍നിര്‍മാണം എന്ന ഈ പ്രക്രിയ സുസ്ഥിരമായ നവകേരളം കെട്ടിപ്പടുക്കാനുളള ഒരു സുവര്‍ണാവസരമാണ്. നഷ്ടപ്പെട്ടുപോയതിനെ വീണ്ടെടുക്കുക എന്നതുമാത്രമല്ല, നമ്മുടെ ലക്ഷ്യം. അതിനുമപ്പുറം ദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് നാം ശ്രമിക്കുന്നത്. ആ ലക്ഷ്യം കൈവരിക്കാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുളള അറിവുകളും ശേഷികളും സ്വാംശീകരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമെ ഭാവിയില്‍ ഉയര്‍ന്നുവരാവുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുകയുളളൂ. അതിനുതകുന്ന വിധത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനോടൊപ്പം അറിവുകളും ആശയങ്ങളും സുഗമമായി കൈമാറ്റം ചെയ്യാനുള്ള അവസരങ്ങള്‍ ഒരുക്കുക കൂടി ചെയ്യുകയാണ് സര്‍ക്കാര്‍.
അതുകൊണ്ടു തന്നെ ഇത്തരത്തിലുളള അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ നവകേരളം യാഥാര്‍ത്ഥ്യമാക്കാനുളള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യഘടകങ്ങളാണ്. നമ്മുടെ വരുംതലമുറകള്‍ക്കു വേണ്ടി മെച്ചപ്പെട്ട ആവാസവ്യവസ്ഥ തയ്യാറാക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അക്കാദമിക സമൂഹവും തങ്ങളുടേതായ പങ്കുവഹിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. ഇന്നിവിടെ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന ‘കേരള സമ്പദ്‌വ്യവസ്ഥയുടെ പുനഃസംഘടന – ബദല്‍ കാഴ്ചപ്പാടുകള്‍’ എന്ന വിഷയം തന്നെ പുനര്‍നിര്‍മാണത്തെ ഒരു സാധ്യതയായി നിങ്ങള്‍ കാണുന്നു എന്നതിന്റെ തെളിവാണ്. അതില്‍ സംഘാടകരെ അഭിനന്ദിക്കട്ടെ.


ജനകീയ ഇടപെടലുകളുടെ ശക്തി
ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും ഒരു നാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നതിലും ജനകീയ ഇടപെടലുകള്‍ എത്രത്തോളം ഫലവത്താണ് എന്നതിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളം. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണ് എന്നു മാത്രമല്ല, അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപ്പറ്റുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് കേരള മോഡല്‍ ഓഫ് ഡവലപ്‌മെന്റ് ആഗോളതലത്തില്‍ തന്നെ പ്രചാരം നേടിയത്.
അതിന്റെ അടുത്ത പടിയെന്നോണം ഈ പുനര്‍നിര്‍മാണ പ്രക്രിയ നാം ഏറ്റെടുക്കുമ്പോള്‍ ലോകത്തിന്റെയാകെ സഹായം തേടുകയാണ്. അവ ലഭ്യമാകത്തക്ക വിധത്തില്‍ കേരള സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന നിലയ്ക്ക് നമുക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയുക സാമൂഹ്യമേഖലകളില്‍ ലോകോത്തര നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മെ പ്രാപ്തമാക്കിയ നമ്മുടെ ജനകീയ ഇടപെടലുകള്‍ തന്നെയാണ്.
കൂട്ടായ്മയില്‍ ഊന്നിയ ഇത്തരം ജനകീയ ഇടപെടലുകള്‍ തന്നെയാണ് ഒരു വര്‍ഷത്തിനിടയില്‍ നാം അഭിമുഖീകരിച്ച ഓഖി, നിപ, പ്രളയം തുടങ്ങിയ ദുരന്തങ്ങളെ വിജയകരമായി അതിജീവിക്കാന്‍ നമ്മെ സഹായിച്ചത്. ആ ദുരന്തങ്ങളുടെയെല്ലാം ഘട്ടത്തില്‍ ഒരു സമൂഹമെന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി നില്‍ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ക്കുകയും ചെയ്തു. ഈ ഒരുമയും പരാജിതരാകാന്‍ നിന്നുകൊടുക്കാത്ത മനോഭാവവുമാണ് പുനര്‍നിര്‍മാണ ഘട്ടത്തിലും കേരളത്തിന്റെ ഏറ്റവും വലിയ മുതല്‍ കൂട്ടാവാന്‍ പോകുന്നത്. നാം അഭിമഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ കാണാനായി പുനര്‍നിര്‍മാണഘട്ടത്തിലും ഈ ശക്തി പ്രയോജനപ്പെടുത്താനാവണം.


കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച
ഈ കോണ്‍ഫറന്‍സ് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ പുനസംഘാടനം എന്ന വിഷയം മുന്‍നിര്‍ത്തി നടത്തപ്പെടുന്നതിനാല്‍ നവകേരളം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേരള സമ്പദ്‌വ്യസ്ഥ അഭിമുഖീരിക്കുന്ന ചില സാധ്യതകളും വെല്ലുവിളികളും നിങ്ങളുമായി പങ്കുവെക്കട്ടെ.
1980കളുടെ അവസാനം മുതല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ താരതമ്യേന വേഗത്തിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. 80കളുടെ തുടക്കത്തില്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ ശരാശരിയുടേതിനേക്കാള്‍ 16 ശതമാനം താഴെയായിരുന്നു. എന്നാല്‍, 2000ത്തിന്റെ അവസാന പാദത്തോടെ അത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ 34 ശതമാനം മുകളിലായി. അഭൂതപൂര്‍വ്വമായ ഈ വളര്‍ച്ചയ്ക്ക് ആധാരമായത് കേരളത്തിന്റെ സേവനമേഖലയാണ്. മാനവവിഭവ സൂചികകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും മറ്റു ലോകരാജ്യങ്ങളുമായി നമുക്കുണ്ടായ ബന്ധങ്ങളുമാണ് സേവനമേഖലയിലധിഷ്ഠിതമായ നമ്മുടെ വളര്‍ച്ചയ്ക്ക് കാരണമായത്.


പ്രവാസം
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടിയത് നമ്മുടെ സംസ്ഥാനത്തുനിന്നും ഗള്‍ഫ് മേഖലകളിലേക്കും മറ്റും പ്രവാസികളായി കുടിയേറിപ്പാര്‍ത്തവര്‍ നാട്ടിലേക്കയച്ച സമ്പാദ്യങ്ങളാണ്. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് വരുന്നത്, 19 ശതമാനം. പല കണക്കുകള്‍ പ്രകാരം ഈ തുക കേരളത്തിന്റെ ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ 30 മുതല്‍ 33 ശതമാനം വരെ വരും.
എന്നാല്‍, അടുത്തിടെ നടത്തപ്പെട്ട ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇപ്പോള്‍ ഇതില്‍ കുറവുണ്ടാകുന്നുണ്ട് എന്നാണ്. മൈഗ്രേഷന്‍ സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നമ്മുടെ കുടിയേറ്റക്കാരുടെ എണ്ണവും കുറയുകയാണ്. അതായത്, ഗള്‍ഫ് മേഖലയിലെ പല രാജ്യങ്ങളിലും ഉണ്ടാകുന്ന പുതിയ നയസമീപനങ്ങളുടെ ഫലമായി കുടിയേറ്റത്തിലും അതിലൂടെ കേരളത്തിലേക്ക് വരുന്ന സമ്പത്തിന്റെ അളവിലും കുറവുണ്ടാകുന്നു. അതേ സമയം, തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു.
നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ ഏറ്റെടുക്കാതെ കേരളത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ണ്ണമാവുകയില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നിക്ഷേപത്തിനും സംരംഭകത്വത്തിനും വേണ്ട അവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍. കിഫ്ബി ബോണ്ടുകളിലൂടെയും കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിലൂടെയും പ്രവാസികള്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സമാഹരിക്കുകയാണ് സര്‍ക്കാര്‍. ഇത്തരം നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ഗ്യാരന്റി നല്‍കുകയാണ്. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സമീപനം ഒരു സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ ഉപയോഗിച്ച് നഷ്ടപ്പെട്ടുപോയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളളവയെ പുനര്‍നിര്‍മിക്കുകയാണ് സര്‍ക്കാര്‍. അങ്ങനെ നവകേരള നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുകയാണ്.


ടൂറിസം
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് ടൂറിസം. നമ്മുടെ ജി.എസ്.ഡി.പിയുടെ ഏകദേശം പത്തു ശതമാനം വരുന്നത് ടൂറിസത്തില്‍ നിന്നാണ്. എന്നാല്‍, പ്രളയാനന്തരഘട്ടത്തില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി ടൂറിസം മേഖലയിലാകെ സുസ്ഥിരവും ഉത്തരവാദിത്വപൂര്‍ണവുമായ നടപടികള്‍ കൈക്കൊള്ളണം എന്നതാണ്. നമ്മുടെ പ്രധാനപ്പെട്ട പല ടൂറിസം കേന്ദ്രങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളിലായതിനാല്‍ നാം ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അനിവാര്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇത്തരം മേഖലകളില്‍ അനുവദിക്കാനാകൂ. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റു വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദമായേ തീരൂ.
അന്താരാഷ്ട്ര ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെയെല്ലാം പുനര്‍നിര്‍മാണപ്രക്രിയയുമായി ബന്ധപ്പെടുത്തുകയാണ്. കൊച്ചി മുസീരിസ് ബിനാലെയില്‍ കലാസൃഷ്ടികളുടെ ലേലം നടക്കാറുണ്ട്. ഇത്തവണത്തെ ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും പ്രയോജനപ്പെടുത്തുകയാണ്. ഇത്തരം നടപടികള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തതനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുന്നതോടൊപ്പം അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയാകെ അവയുമായി ബന്ധപ്പെടുത്തുകയും ചെയ്യും.


വിവരസാങ്കേതിക വിദ്യ
കേരള സമ്പദ്‌വ്യവസ്ഥയുടെ ചാലക ശക്തികളാണ് വിവരസാങ്കേതിക വിദ്യ ഉള്‍പ്പെടെ അറിവിലധിഷ്ഠിതമായ മേഖലകള്‍. അഭ്യസ്ഥവിദ്യരും വിവരസാങ്കേതിക വിദ്യയില്‍ ശേഷികളുള്ളവരുമായ നിരവധി യുവാക്കളാണ് കേരളത്തില്‍ ഓരോ വര്‍ഷവും തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നത്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങള്‍ സ്വാംശീകരിക്കാനുളള ശേഷി നമുക്കുണ്ട്.
ശാസ്ത്രത്തേയും വിവരസാങ്കേതി വിദ്യയേയും മനുഷ്യപുരോഗതിക്കും സാമൂഹ്യനന്മയ്ക്കുമായി പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനുതകുന്ന വിധത്തില്‍ ആ മേഖലകളിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളെ കേരളത്തിലേക്ക് നാം ആകര്‍ഷിക്കുകയാണ്. നിസാനും, ഫുജിറ്റ്‌സുവും മറ്റും കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചും എല്ലാ വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കിയും പാര്‍ക്കുകളും ലൈബ്രറികളും ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ വൈഫൈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും സംസ്ഥാനത്താകെ വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍. അതോടൊപ്പം അവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്യുകയാണ്.
അത്തരത്തില്‍ രൂപീകൃതമായ കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതന ആശയങ്ങള്‍ക്കുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇടമായി ഭാവിയില്‍  മാറും. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പുനര്‍നിര്‍മാണ പ്രക്രിയയിലെ അവിഭാജ്യഘടകങ്ങളാണ്. നവകേരളം കെട്ടിപ്പടുക്കാന്‍ ഉതകുന്ന നൂതന ആശയങ്ങളേയും വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.


കൃഷി
സാമൂഹ്യമേഖലകളിലെ നേട്ടങ്ങളും സേവനമേഖലയില്‍ അധിഷ്ഠിതമായ സാമ്പത്തികവളര്‍ച്ചയും നിലനില്‍ക്കുമ്പോള്‍ തന്നെ ഉല്‍പാദന മേഖലകളില്‍ ഇനിയും വളരേണ്ടതുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ കൃഷി, വ്യവസായം എന്നീ മേഖലകളില്‍ പുതിയ ചുവടുവെയ്പ്പുകള്‍ നടത്താനൊരുങ്ങുകയാണ് നാം. അങ്ങനെ നവകേരളം എന്നത് കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന ഒന്നായിരിക്കും.
അതിശക്തമായ മഴയും വെള്ളപ്പൊക്കവും പലയിടങ്ങളിലും ഭൂമിയുടെ ഘടനയെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ മേല്‍മണ്ണ് പൂര്‍ണമായും ഒലിച്ചുപോയിരിക്കുന്നു. അതുകൊണ്ടുതന്നെ കൃഷിയിറക്കുന്നതിനു മുമ്പ് അവിടങ്ങളിലൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ട്. പ്രളയം മണ്ണിലും ജൈവ വൈവിധ്യത്തിലും ഉണ്ടാക്കിയിട്ടുള്ള ആഘാതം പഠനത്തിനു വിധേയമാക്കിയിരുന്നു. ഇപ്പോള്‍ ജൈവവൈവിധ്യ സംരക്ഷണത്തിനായി ഒരു കര്‍മപദ്ധതി തന്നെ തയ്യാറാക്കുകയുമാണ്. വെള്ളപ്പൊക്കത്തിന്റെ അളവ് ഡിജിറ്റലായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചരിത്രത്തിലാദ്യമായി നടത്തിയിട്ടുള്ള ഈ ഇടപെടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകളോടെ അനുയോജ്യമായ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.


നിക്ഷേപാവസരങ്ങള്‍
നവകേരളത്തില്‍ നിക്ഷേപകര്‍ക്കും സംരഭകര്‍ക്കും ധാരാളം അവസരങ്ങള്‍ ഉറപ്പുവരുത്തുകയാണ് നാം. അതില്‍ ആദ്യത്തേത് കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങളെയും പ്രകൃതി വിഭവങ്ങളെയും പ്രയോജനപ്പെടുത്തുന്നതാണ്. അരി, തേങ്ങ, റബ്ബര്‍, കുരുമുളക്, ഏലം, വാഴപ്പഴം തുടങ്ങി നിരവധി കാര്‍ഷിക ഉല്‍പന്നങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനോടൊപ്പം കാര്‍ഷിക ഉല്‍പന്നങ്ങളില്‍ അധിഷ്ഠതമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ്.
പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മാംസം എന്നിവയുടെ സംസ്‌കരണം, മൂല്യവര്‍ധനവ് എന്നിവയില്‍ വലിയ സാധ്യതകളാണ് കേരളത്തിലുള്ളത്. തേങ്ങ, ചക്ക, വാഴപ്പഴം, കപ്പ എന്നിവയുടെ സംസ്‌കരണത്തിലാകട്ടെ പ്രത്യേക സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള മൂല്യവര്‍ധനവ് നമ്മുടെ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും. കേരളത്തിന്റെ തനത് സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യവസായവളര്‍ച്ച ലക്ഷ്യമിടുന്ന ഇത്തരമൊരു സമീപനം തീര്‍ച്ചയായും സുസ്ഥിരമായ ഒന്നാണ്. അത്തരത്തില്‍ സുസ്ഥിരതയില്‍ അധിഷ്ഠിതമായിരിക്കും നവകേരളം.


ഉല്‍പാദനവും വ്യവസായവും
ഭക്ഷണം, വസ്ത്രം, ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള ഉപഭോഗ വസ്തുക്കള്‍ക്കെല്ലാം മികച്ചൊരു കമ്പോളമാണ് കേരളം. കേരളത്തിന്റെ ജനസംഖ്യ ഏകദേശം മൂന്നര കോടിയാണ്. ഇന്ത്യയുടെ ഏതാണ്ട് മൂന്നുശതമാണം മാത്രമാണിത്. എന്നാല്‍, ഗ്രാമീണ ഇന്ത്യയിലെ പ്രതിശീര്‍ഷ കണ്‍സംഷന്‍ എക്‌സപെന്‍ഡിച്ചറിന്റെ ഏകദേശം ഇരട്ടിയാണ് ഗ്രാമീണ കേരളത്തിലെ പ്രതിശീര്‍ഷ കണ്‍സംഷന്‍ എക്‌സപെന്‍ഡിച്ചര്‍. 2011-12ലെ നാഷണല്‍ സാമ്പിള്‍ സര്‍വെ പ്രകാരമുള്ള കണക്കാണിത്. എന്നാല്‍, ഈ വലിയ ഡിമാന്റിന്റെ വളരെ ചെറിയൊരംശം മാത്രമേ കേരളത്തില്‍ നാം ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളു.
നവകേരളം കൊണ്ടുദ്ദേശിക്കുന്നത് ആഭ്യന്തര കമ്പോളത്തിനുവേണ്ട ഉല്‍പാദനം നടത്തുന്ന ശക്തമായ ഉല്‍പാദനമേഖല സൃഷ്ടിക്കുക എന്നതു കൂടിയാണ്. ഭക്ഷ്യ-കാര്‍ഷികോല്‍പാദന മേഖലയില്‍ വലിയ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട് എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നു. കേരളത്തിലെ കൈത്തറി ഉള്‍പ്പെടെയുള്ള വസ്ത്ര വ്യവസായം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരുന്നുകളുടെ ഉല്‍പാദനവും കേരളത്തില്‍ മെച്ചപ്പെടുത്തുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക് തുടങ്ങിയവയിലൂടെ ബയോടെക്‌നോളജിയില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ്.
ഉല്‍പാദനമേഖലയ്ക്കു നല്‍കുന്ന പ്രോത്സാഹനം കേരളീയര്‍ക്ക് ആവശ്യമായത്രയും തൊഴിലുകള്‍ നമ്മുടെ സംസ്ഥാനത്തു തന്നെ ഉണ്ടാകുന്നു എന്നുറപ്പുവരുത്തുന്നതിനു സഹായിക്കും. മടങ്ങിവരുന്ന പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും അതൊരു പരിധിവരെ ഉപകരിക്കും. ആഗോളതലത്തില്‍ യന്ത്രങ്ങള്‍ക്ക് ഉല്‍പാദനത്തില്‍ മേല്‍ക്കൈ ഉണ്ടാകുന്നു എന്ന വസ്തുത നിലനില്‍ക്കുമ്പോഴും കേരളത്തിലെ വിദ്യാസമ്പന്നരായ ജനതയുടെ ശേഷികള്‍ പുതിയ തൊഴിലവസരങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല.


ഗതാഗതം
പ്രളയം ഏറ്റവുമധികം ബാധിച്ച ഒന്നാണ് നമ്മുടെ ഗതാഗതമേഖല. ഈ മേഖലയിലെ പുനര്‍നിര്‍മാണവും സുസ്ഥിര ആശയങ്ങളില്‍ ഊന്നിയതായിരിക്കും. തകര്‍ന്നുപോയ റോഡുകളും മറ്റും പുനര്‍നിര്‍മിക്കാന്‍ പ്രളയം അവശേഷിപ്പിച്ച കല്ലും ചരലുമൊക്കെത്തന്നെ ഉപയോഗപ്പെടുത്തുകയാണ്.
കേരളത്തിന്റെ ഗതാഗത സംവിധാനങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതിനനുസൃതമായ വിധത്തില്‍ ചെലവും മലിനീകരണവും കുറഞ്ഞതായ ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുകയാണ്. പൊതു ഗതാഗതത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഇലക്ട്രിക് വെഹിക്കിള്‍സ് പോളിസ് തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. നവകേരളത്തിന്റെ മുഖമുദ്രയായ സുസ്ഥിരത ഉറപ്പുവരുത്തുന്ന വിധത്തില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയുമാണ്.


വെല്ലുവിളികള്‍
ഈ സാധ്യതകളൊക്കെ നിലനില്‍ക്കുമ്പോഴും നമുക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി വിഭവങ്ങളുടെ അഭാവമാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശങ്ങള്‍ക്കു മേല്‍ കനത്ത പ്രഹരമേറ്റിട്ടുണ്ട് എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ സ്വന്തം നിലയ്ക്കുള്ള
ധനസമാഹരണം നടത്തുന്നതിനുള്ള കുറഞ്ഞ സാധ്യതകള്‍ മാത്രമേ നമുക്കു മുമ്പിലുള്ളു.
അതേസമയം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ കടം വാങ്ങല്‍ശേഷി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് കേന്ദ്രത്തില്‍നിന്ന് വ്യക്തമായ ഉറപ്പുകളൊന്നും ഇനിയും ലഭ്യമായിട്ടില്ല. സ്വമേധയാ വിദേശ രാജ്യങ്ങള്‍ നല്‍കാന്‍ തയ്യാറായ സാമ്പത്തിക സഹായം വാങ്ങാന്‍ അനുവദിച്ചിട്ടുമില്ല. ഈ അസന്തുലിതമായ കേന്ദ്ര-സംസ്ഥാന ബന്ധം, പ്രത്യേകിച്ച് സാമ്പത്തിക അധികാരങ്ങളുടെ കാര്യത്തില്‍, നമ്മുടെ സംസ്ഥാനത്തെ പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്.
ഇപ്പോഴുള്ള സ്ഥിതിയില്‍ തന്നെ നമ്മുടെ വികസനത്തിന്റെ ഫലമായി നാം മുന്നേറ്റങ്ങള്‍ കൈവരിച്ച ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ മേഖലകളില്‍ കേന്ദ്രത്തില്‍നിന്നുള്ള സഹായം വേണ്ടിവിധത്തില്‍ ലഭിക്കുന്നില്ല. തത്വത്തില്‍ നമ്മുടെ നേട്ടങ്ങളുടെ പേരില്‍ നമ്മെ ശിക്ഷിക്കുന്നതിനു തുല്യമാണിത്. രാജ്യത്തിന്റെ പൊതുവിഭവങ്ങളില്‍ സംസ്ഥാനത്തിന് അര്‍ഹമായ അവകാശം പൂര്‍ണമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ വിഭവലഭ്യതയില്‍ കാര്യമായ നഷ്ടം നാം ഇപ്പോള്‍ വഹിക്കേണ്ടിവരുന്നുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുനഃസംഘടന എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ കോണ്‍ഫറന്‍സ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടെ ചര്‍ച്ച ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്.


നവകേരളം
നവകേരളത്തിലൂടെ നാം ലക്ഷ്യംവെയ്ക്കുന്നത് സുസ്ഥിരവും പ്രകൃതി സൗഹൃദവുമായ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതോടൊപ്പം ഉയര്‍ന്ന ശേഷി വികസനവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും ലഭ്യമാക്കുക എന്നതാണ്. സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.
അതിനനുസൃതമായി സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, അംഗപരിമിതര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായിരിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ക്കുപകാരപ്രദമായ പ്രത്യേക നയങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അങ്ങനെ മാത്രമേ നവകേരളം എന്ന ആശയം നമ്മുടെ ലക്ഷ്യത്തിനനുസരിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നാവുകയുള്ളു.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ കേരളസമൂഹത്തെയും അതിന്റെ സമ്പദ് ഘടനയെയും ആധുനികവല്‍കരിക്കുന്നതിനുള്ള പുനഃസംഘടനയാണ് നാം നടത്തുന്നത്. നമ്മുടെ ചരിത്രപരമായ നേട്ടങ്ങളില്‍ അടിസ്ഥാനപ്പെടുത്തി ഊര്‍ജസ്വലവും ഉല്‍പാദനക്ഷമവും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ നവകേരളം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.
വളരെ സന്തോഷത്തോടുകൂടി ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുകൊള്ളുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിവാദനങ്ങള്‍.