മന്ത്രിസഭാ തീരുമാനങ്ങള്‍ 19-02-2019

വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ യോഗം പങ്കുചേര്‍ന്നു.

ഭീകരപ്രവര്‍ത്തനങ്ങളെ കരുത്തോടെ നേരിടുന്നതിനും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കുന്നതിനും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ആക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്‍റെ കുടുംബത്തെ സഹായിക്കാന്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തു.

1.    വസന്തകുമാറിന്‍റെ ഭാര്യയ്ക്ക് ഇപ്പോള്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുന്ന വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് തസ്തികയില്‍ സ്ഥിരം നിയമനം നല്‍കും.

2.    വസന്തകുമാറിന്‍റെ ഭാര്യയ്ക്ക് സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കും.

3.    ഇതിനു പുറമെ വസന്തകുമാറിന്‍റെ മാതാവിന് 10 ലക്ഷം രൂപ അനുവദിക്കും.

4.    വസന്തകുമാറിന്‍റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും.

5.    വസന്തകുമാറിന്‍റെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കും.


കൊട്ടിയൂര്‍ റെയിഞ്ചിന്‍റെ പരിധിയിലുള്ള നരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജു അഞ്ചാനിക്കലിന്‍റെ വിധവ കത്രീനയ്ക്ക് ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ പാര്‍ട്ടൈം സ്വീപ്പറുടെ  തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

താഴെപ്പറയുന്ന ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ തീരുമാനിച്ചു

1.    2018-ലെ കേരള സര്‍വ്വകലാശാല (സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ഓര്‍ഡിനന്‍സ്.

2.    2018-ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വ്വകലാശാല (ഭേദഗതി) ഓര്‍ഡിനന്‍സ്.

3.    2018-ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്സും അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസും (മാനേജ്മെന്‍റും ഭരണനിര്‍വ്വഹണവും ഏറ്റെടുക്കല്‍) ഓര്‍ഡിനന്‍സ്.

4.    2018-ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓര്‍ഡിനന്‍സ്.

5.    2018-ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്‍റെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഓര്‍ഡിനന്‍സ്.

6.    2018-ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മ എന്‍ഡോവ്മെന്‍റുകള്‍ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.

7.    കേരള പ്രിന്‍വെന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍റ് പെയ്മെന്‍റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ്, 2019.

8.    2019-ലെ കേരള പോലീസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

9.    2019-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓര്‍ഡിനന്‍സ്.