മന്ത്രിസഭാ തീരുമാനങ്ങള്‍ 10-07-2019

എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി

പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം.

പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ ഹോള്‍ഡിംഗ് കമ്പനിക്കു കീഴില്‍ രൂപീകരിക്കാവുന്നതാണ്. എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം, പശ്ചാത്തല സൗകര്യവികസനം മുതലായ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.

കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.

കെ.എ.എസ് – മൂന്നു സ്ട്രീമിലും സംവരണത്തിന് ചട്ട ഭേദഗതി

നിയമ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

റിക്രൂട്ട്മെന്‍റിന്‍റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന 2, 3 സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിേډല്‍ അഡ്വ. ജനറലിന്‍റെ നിയമോപദേശം തേടിയാണ് കെ.എ.എസ്. വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

ബൈ-ട്രാന്‍സഫര്‍ റിക്രൂട്ട്മെന്‍റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് 2, 3 സ്ട്രീമുകളില്‍ കൂടി സംരവണം ബാധകമാക്കുന്നത്.

രാജ്കുമാറിന്‍റെ കസ്റ്റഡിമരണം – പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു

ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്‍റെ കസ്റ്റഡിമരണം അന്വേഷിക്കുന്നതിന് നിയമിതനായ റിട്ട. ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു. രാജ്കുമാറിന്‍റെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച  സാഹചര്യങ്ങളും അന്വേഷിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കില്‍ കണ്ടെത്തണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് സാന്ദര്‍ഭികമായി ഉയര്‍ന്നുവരുന്ന മറ്റ് കാര്യങ്ങള്‍ പരിശോധിക്കാനും കമ്മീഷന് അധികാരം ഉണ്ടാകും.

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍, ബി.ഫാം യോഗ്യതയുള്ള ഷിഫറ്റ് സൂപ്പര്‍വൈസര്‍മാരുടെ 6 താല്‍ക്കാലിക തസ്തികകള്‍ കമ്പനിയുടെ തനത് ഫണ്ടില്‍നിന്നും തുക കണ്ടെത്തി നിലവിലുള്ള കരാര്‍ നിയമന വ്യവസ്ഥയ്ക്ക് വിധേയമായി ഒരു വര്‍ഷ ത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മാറ്റങ്ങള്‍, നിയമനങ്ങള്‍

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന സഞ്ജയ് ഗാര്‍ഗിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന സത്യജിത് രാജനെ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും.

പോക്സോ കേസുകള്‍ക്ക് മാത്രമായി കോടതി

പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെയാണ് 10 തസ്തികകള്‍ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.

സ്വയംപര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ നിരക്കില്‍ കൂടുതല്‍ ഓണറേറിയം ലഭിക്കുന്ന ചെയര്‍മാന്‍മാരുടെ ഓണറേറിയം അതേ നിരക്കില്‍ തുടര്‍ന്നും അനുവദിക്കും.

കേരള ഹൈക്കോടതി സര്‍വ്വീസിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു.