ആർസിഇപി കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും

ആർസിഇപി കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാർ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഇത്. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥസത്ത ഉൾക്കൊണ്ടുവേണം കരാർ നടപടികളെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായമേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


രാജ്യത്തെ സാമ്പത്തികാസമത്വം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനാണ് കരാർ സഹായിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ ഇത് ഭീകരമായി പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്. മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള മലവെള്ളപ്പാച്ചിലിനാണ് ഈ കരാർ വഴിവയ്ക്കുക. വലിയ തോതിൽ ഉത്പന്നങ്ങൾ ഇവിടേക്ക് ഒഴുകിയെത്തിയാൽ നമ്മുടെ കർഷകരുടെ നിലയെന്താവും? ആസ്യാൻ കരാറിന്റെ ഭാഗമായി റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ ഉത്പന്നങ്ങളുടെ വില പ്രതിസന്ധിയിലായി. ആസ്യാനിൽ നാണ്യവിളകളാണ് പ്രതിസന്ധി നേരിട്ടതെങ്കിൽ ആർ.സി.ഇ.പിയിലൂടെ കൃഷി, ക്ഷീരമേഖലകളിലാകെ ദൂരവ്യപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും. സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്ന സംസ്ഥാനത്തിന്റെ ക്ഷീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നു കണ്ടാണ് സർക്കാർ ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. കരാർ നടപ്പിലാക്കുമ്പോൾ ദശലക്ഷക്കണക്കിന് കർഷകർ കാർഷികമേഖലയിൽനിന്ന് ആട്ടിയോടിക്കപ്പെടുമെന്നും സിംഹഭാഗവും ചെറുകിടകൃഷിക്കാരെയാണ് ഇത്  ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


ആസ്യാൻ കരാറിന്റെ വിപുലീകരണമാണ് ആർസിഇപിയെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ആസ്യാൻ വ്യാപാരമേഖലയുമായി ബന്ധപ്പെട്ടതായിരുന്നെങ്കിൽ ആർസിഇപി സമഗ്രമാണ്. ഡബ്ള്യൂടിഒയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പുതിയ കരാറിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കരാർ നടപ്പാകുമ്പോൾ വില കുറഞ്ഞ മത്സ്യങ്ങൾ ഇവിടേക്ക് തള്ളപ്പെടുന്നതിലൂടെ നമ്മുടെ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയും ചർച്ച ചെയ്യുകയും വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായമന്ത്രി ഇ.പി.ജയരാജൻ, ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി, വനം, മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജു, വിവിധ കർഷകസംഘടനാ പ്രതിനിധികൾ എന്നിവരും സന്നിഹിതരായി. കൃഷിവകുപ്പ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ സ്വാഗതവും ഡബ്ള്യൂടിഒ സെൽ സ്‌പെഷ്യൽ ഓഫീസർ ആരതി നന്ദിയും പറഞ്ഞു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൺവെൻഷനിൽ കർഷകരും കർഷക സംഘടനകളും പങ്കെടുത്തു.

/ In Public Speeches, Speeches / By CM WEB / Comments Off on ആർസിഇപി കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും