Press Release: 14-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

കഴിഞ്ഞ ദിവസങ്ങളുമായി താരമത്യപ്പെടുത്തിയാല്‍ ഉയര്‍ന്ന രോഗനിരക്ക് രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്.

ഇന്ന് 26 പേര്‍ക്കാണ് ഇത് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് നെഗറ്റീവാണ്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്നുവീതം, കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഓരോരുത്തര്‍ എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.

പോസിറ്റീവായവരില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നു വന്നവര്‍. ചെന്നൈ 2, മുംബൈ 4, ബംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെ കണക്ക്.

11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇടുക്കിയിലെ ഒരാള്‍ക്ക് സെന്‍റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കാസര്‍കോട്ട് ഏഴുപേര്‍ക്കും വയനാട്ടില്‍ മൂന്നുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും (കാസര്‍കോട്) ഒരു പൊലീസുകാര(വയനാട്)നുമുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി ഒറ്റ അക്കത്തിലായിരുന്നു പുതിയ കേസുകളുടെ എണ്ണം. ഇന്നലെയാണ് അത് പത്ത് ആയി മാറിയത്. ഇന്ന് വീണ്ടും വര്‍ധിച്ചു. നാം നേരിടുന്ന വിപത്തിന്‍റെ സൂചനയാണിത്. എന്നാല്‍, ഈ പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം നമുക്കുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.
ഇതുവരെ 560 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 39,619 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ 3, കാസര്‍കോട് 3, വയനാട് 7, കോട്ടയം, തൃശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുള്ളത്.

ഒരുപക്ഷെ കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. വാക്സിന്‍റെ അഭാവത്തില്‍ എച്ച്ഐവിയെ പോലെ തന്നെ ലോകത്താകെ നിലനില്‍ക്കുന്ന ഒരു വൈറസായി നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയിലെ വിദഗ്ധര്‍ പറയുന്നത്.

പൊതുസമൂഹത്തിന്‍റെയാകെ രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്‍റ് പ്രോട്ടോകോളുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതും പരമ പ്രധാനമാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനം അത്തരത്തിലുള്ള ഇടപെടലുകളില്‍ കേന്ദ്രികരിക്കുമ്പോള്‍ തന്നെ പൊതുസമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരും.

മാസ്ക് പൊതുജീവിതത്തിന്‍റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിളും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ഒക്കെ ക്രമീകരണങ്ങള്‍ ഉണ്ടാവണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവയില്‍ ഉണ്ടാവുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ നടപടികള്‍ വ്യക്തികളും കുടുംബങ്ങളും സ്വയമേവ തയ്യാറാകേണ്ടി വരും. റെസ്റ്റോറന്‍റുകളിലും ഷോപ്പിങ് സെന്‍ററുകളിലും മറ്റും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് ടൈം സ്ലോട്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും നാം നമ്മുടെ ഇനിയുള്ള നാളുകള്‍ കൊറോണയെ കരുതിതൊണ്ടായിരിക്കണം ജീവിക്കുന്നത്.

കോവിഡ് 19, മനുഷ്യ ജീവന്‍ കവര്‍ന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അവരുടെ വേര്‍പാട് വേദനാജനകമാണ്. ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നില്‍ക്കുന്നവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതാത് രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ പിന്തുടരാന്‍ എല്ലാ പ്രവാസി മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നിങ്ങളുടെ നാട് നിങ്ങള്‍ക്കൊപ്പമുണ്ട്.

വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്പോസ്റ്റുകളിലും എത്തിയശേഷം വീടുകളിലേക്ക് പോകുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജില്ലകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 185 കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്ക്പോസ്റ്റുകളിലുമുള്ള ഹെല്‍പ് ഡെസ്ക്കുകളില്‍ ലഭിക്കും.  

അതിര്‍ത്തികളില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന പരാതിയുണ്ട്. കര്‍ണാടകത്തില്‍ നിന്ന് കാസര്‍കോട്ടേക്ക് ആളെ കടത്തുന്ന സംഘം സജീവമാണ് എന്ന വാര്‍ത്ത വന്നു. പാസില്ലാതെ ആളുകളെ കടത്തിവിട്ടു എന്ന് ചിലര്‍ ചാനലുകളിലൂടെ പറയുന്നതും കണ്ടു. ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞദിവസം വാളയാറില്‍ കണ്ടത്.

മെയ് എട്ടിന് ചെന്നൈയില്‍നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒമ്പതിന് രാത്രി വാളയാറിലെത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 44കാരന്‍ കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ഒരാളും അവിടെ നിരീക്ഷണത്തിലുണ്ട്. മറ്റ് എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.

കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ഇങ്ങനെ ആളുകള്‍ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്. ഒരാള്‍ അങ്ങനെ കടന്നുവന്നാല്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും. ഇക്കാര്യം പറയുമ്പൊഴും നിബന്ധനകളെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോഴും മറ്റു തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. കര്‍ക്കശമായി തന്നെ നിബന്ധനകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.

ഇന്ന് പാലക്കാട് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ഈ പ്രശ്നങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. ഛര്‍ദിയും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു വന്നയാളെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഡ്യൂട്ടിയുടെ ഭാഗമായി അയാളുമായി സമ്പര്‍ക്കത്തിലുണ്ടായ നഴ്സുമാരെ ഹോസ്പിറ്റല്‍ ക്വാറന്‍റൈനിലേക്കും പൊലീസുകാരെ ഹോം ക്വാറന്‍റൈനിലേക്കും മാറ്റി. ഇത്തരം ഘട്ടങ്ങളില്‍ സന്ദര്‍ഭാനുസരണം ചുമതല നിര്‍വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും പ്രത്യേക പിന്തുണ നല്‍കേണ്ടതുണ്ട്. അവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. അവരെ അഭിനന്ദിക്കുന്നു.

ആ സമയത്ത് വാളയാര്‍ ചെക്ക്പോസ്റ്റില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച ആളും എട്ട് സഹയാത്രികരും ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, മറ്റു നാട്ടുകാര്‍ എന്നിവരെ ലോ റിസ്ക് പ്രൈമറി കോണ്‍ടാക്ടായി കണക്കാക്കി 14 ദിവസത്തേക്ക് ഹോം ക്വാറന്‍റൈനിലേക്ക് വിടാവുന്നതും ഇവരില്‍ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കേണ്ടതുമാണ്- ഇതാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്.

ഈ സമ്പര്‍ക്കപ്പട്ടിക അന്തിമമല്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പെടെ ക്വാറന്‍റൈനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ തന്നെ പെരുമാറണം. രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ല ഇത്.

32 ദിവസം ഗ്രീന്‍സോണില്‍ പെട്ടിരുന്ന വയനാട് ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷമാണ് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് രോഗബാധയുണ്ടായത്. വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്‍റെ സ്രവം രോഗ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി എന്ന കാരണത്താലാണ് പരിശോധനയ്ക്ക് അയച്ചത്. ആ ഒരാളില്‍നിന്ന് ഇപ്പോള്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നു. മറ്റു പലരും രോഗഭീതിയിലുമാണ്.

ഈ കോണ്‍ടാക്ടില്‍ നിന്നുള്ള ഒരാളില്‍നിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വന്നത്. ഇത് അസ്വസ്ഥജനകമായ അനുഭവമാണ്. വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിര്‍ത്തി ജില്ലയായതിനാലും മറ്റു സവിശേഷതകളാലും കൂടുതല്‍ പ്രശ്നങ്ങളുള്ള ജില്ലയാണ് വയനാട്. അത് മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരില്‍ 300ലേറെ പേര്‍ക്ക് അവിടെ ടെസ്റ്റ് നടത്തി. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പൊലീസിന്‍റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊലീസിലെ ഉന്നതതല സമിതി ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്.

റെയില്‍വെ പ്രഖ്യാപിച്ച ഡെല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ നാളെ പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് എത്തുക. സംസ്ഥാനത്ത് മൂന്ന് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ സംസ്ഥാനത്തിന്‍റെ പാസിനായി കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനത്താവളങ്ങളിലേതു പോലുള്ള ക്രമീകരണങ്ങള്‍ റെയില്‍വെ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡെല്‍ഹിക്കു പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി ഇക്കാര്യം സംസാരിച്ചു.

കേന്ദ്ര പാക്കേജ്

ചെറുകിട വ്യവസായ സംരംഭകരെ സംബന്ധിച്ചടത്തോളം ലോക്ക്ഡൗണ്‍ വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്നില്‍ അവര്‍ ഉന്നയിച്ചിട്ടുള്ളത്.

ഒന്ന്, നിലവിലുള്ള വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കുക, പലിശ ഈ കാലയളവില്‍ ഒഴിവാക്കുക. രണ്ട്, പുതിയ വായ്പ അനുവദിക്കുക. ഇന്നലെ പ്രഖ്യാപിച്ച കേന്ദ്ര പാക്കേജില്‍ രണ്ടാമത്തെ കാര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതുതന്നെ ബാങ്കുകള്‍ കനിഞ്ഞാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍, മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ കൈയില്‍ നിന്ന് പണം നല്‍കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റില്‍ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണം.

ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്ന പ്രശ്നം ഈ ദുരിതകാലത്തു പോലും വന്നിട്ടുണ്ട്. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ബാങ്കുകള്‍ ആര്‍ബിഐയില്‍ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇപ്രകാരം നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെയും വ്യവസായങ്ങളെയും മറ്റും ഒരുമിച്ചിരുത്തി ഇക്കാര്യത്തില്‍ സാമ്പത്തിക മേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കും.

വൈദ്യുതിയുടെ ഫിക്സ്ഡ് ചാര്‍ജ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്. എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ സഹായം വേണം. ഇതോടൊപ്പം ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കേണ്ടതുണ്ട്. പിഎഫ് അടയ്ക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കില്‍ 15,000 രൂപയില്‍ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കം ചെയ്യാന്‍ തയ്യാറാകണം.

വൈദ്യുതി കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള 90,000 കോടി രൂപയുടെ സഹായത്തിന്‍റെ ഗ്യാരണ്ടി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടി വരിക. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. ഈ സമീപനം ഇനിയുള്ള ദിവസങ്ങളില്‍ തിരുത്തുമെന്നാണ് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ആശയവിനിമയം നടത്തി ആരോഗ്യ-സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണം. വരുമാനം തീരെയില്ലാത്തതും ചെലവ് ഇരട്ടിച്ചതുമായി ഈ ഘട്ടത്തില്‍ ഇത് അത്യാവശ്യമാണ്.

നമ്മുടെ നഷ്ടം ചെറുതല്ല. കഴിഞ്ഞ മാര്‍ച്ച് 19-ഏപ്രില്‍ 19 മാസവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സംസ്ഥാനത്തിന്‍റെ സ്വന്തം റവന്യു വരുമാനത്തില്‍ 6451 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

കേരളം തീരുമാനിച്ചത്

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണ് എന്ന് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നുവല്ലൊ. നമ്മുടെ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കേണ്ടതുണ്ട്. അതോടൊപ്പം ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം. ഇതിനായി വിപുലമായ പദ്ധതി നടപ്പാക്കും.

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.

പാക്കേജ് പ്രകാരം, നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന അധിക വായ്പയ്ക്ക് മാര്‍ജിന്‍ മണി സഹായവും പലിശ ഇളവും അനുവദിക്കും.

കെഎസ്ഐഡിസിയും കിന്‍ഫ്രയും വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും.

സംരംഭങ്ങള്‍ക്ക് വായ്പ പലിശ തിരിച്ചടവിന് ആറുമാസത്തേക്ക് സമയം നീട്ടിനല്‍കും.

വ്യവസായവകുപ്പിന് കീഴിലെ സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറികളില്‍ മൂന്നുമാസം വാടക ഒഴിവാക്കും.

വ്യവസായ പാര്‍ക്കുകളിലെ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സംരംഭകരില്‍നിന്ന് ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും.

എംഎസ്എംഇകളില്‍പ്പെട്ട ഉല്‍പാദന വ്യവസായങ്ങള്‍ക്ക് പലിശസബ്സിഡി അനുവദിക്കും.

വൈവിധ്യവല്‍ക്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശക്ക് ആറുമാസത്തേക്ക് ആറുശതമാനം കിഴിവുനല്‍കും.

കെഎസ്ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ അനുവദിക്കും.

കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിങ് യൂണിറ്റുകള്‍ക്കും ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശയും മുതലും തിരിച്ചടക്കുന്നതിന് മൂന്നുമാസത്തെ മൊറോട്ടോറിയം അനുവദിക്കും. മൊറോട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടക്കാം.

കെഎസ്ഐഡിസിയില്‍നിന്ന് വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്ക് പൂര്‍ണമായി ഒഴിവാക്കും.

എംഎസ്എംഇകള്‍ക്ക് കെഎസ്ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരുകോടി രൂപയ്ക്കു മുകളിലുള്ള വായ്പ മാത്രമേ അനുവദിക്കുന്നുള്ളു.

കെഎസ്ഐഡിസിയുടെയും കിന്‍ഫ്രയുടെയും വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കും. മുന്‍കൂര്‍ അടയ്ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും.

സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണന നല്‍കി സംരംഭക സഹായപദ്ധതി നടപ്പാക്കും. ഇവര്‍ക്ക് 25 ശതമാനം മാര്‍ജിന്‍ മണി നല്‍കും.

സ്പെഷ്യല്‍ ട്രെയിന്‍ പ്രശ്നം

ഡല്‍ഹിയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയില്‍വെ ട്രെയിന്‍ ഓടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഐആര്‍സിടിസി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. മാത്രമല്ല, കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പോര്‍ട്ടലില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുന്‍കൂട്ടി നല്‍കുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസ്സിലാക്കുന്നതിനും ഇതു ഫലപ്രദമാണ്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്‍റെ രജിസ്ട്രേഷന്‍ നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. അതിനാല്‍ സര്‍ക്കാരിന്‍റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ റെയില്‍വെ പ്ലാന്‍ ചെയ്ത ട്രെയിനുകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രിക്ക് അയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ് ഒരു ചാനല്‍ നല്‍കിയ വാര്‍ത്ത. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം പെട്ടുപോയി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ദുരിതത്തിലായവരുടെ ആശങ്ക വര്‍ധിപ്പിക്കുമെന്ന് തിരിച്ചറിയണം.

സ്കൂള്‍ പ്രവേശനം

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.

ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എസ്സി, എസ്ടി വിഭാഗത്തിലെ കുട്ടികള്‍, മലയോരമേഖലകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഗോത്രമേഖലയിലെ കുട്ടികള്‍, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കുവേണ്ടി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഇത് നടപ്പാക്കുക.

അധിക പഠനസാമഗ്രികള്‍, മാതൃകാപരീക്ഷാ ചോദ്യപേപ്പറുകള്‍, പഠനസഹായികള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വിതരണം ചെയ്യും. 10, 11, 12 ക്ലാസുകളില്‍പ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ്  ഈ സംവിധാനം പ്രയോജനപ്പെടുക.

മഴയ്ക്ക് മുമ്പ് തയ്യാറെടുപ്പ്

ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചപ്പിക്കുന്നത്. കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ആഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.

ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ.

കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ ഇങ്ങനെ നാലു വിഭാഗങ്ങള്‍.

ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതഗതികള്‍ വിലയിരുത്തുകയുണ്ടായി. വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും  തുറക്കേണ്ടിവരില്ല.

സര്‍ക്കാരിന്‍റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്‍റെ ചുമതല.

സഹായം

കാസര്‍കോട് ജില്ലയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് 4 ഏക്കര്‍ 12 സെന്‍റ് സ്ഥലം സര്‍ക്കാരിന് കൈമാറാന്‍ തിരുമാനിച്ചതായി കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് അറിയിച്ചു.

ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) ചെയര്‍മാനായ പി എം ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. വെന്‍റിലേറ്ററുകള്‍, ഐസിയുലാബ് ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്കുകള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും വിതരണത്തിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടതടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കാന്നുള്ള സന്നദ്ധത ദുബായിലെ മലയാളി എഞ്ചിനിയര്‍മാരുടെ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.

ദുബായിലെ ഓവര്‍സീസ് മലയാളി അസോസിയേഷന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താന്‍ 100 ടിക്കറ്റ് നല്‍കുമെന്ന് അറിയിച്ചു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍റെ 2000 പിപിഇ കിറ്റുകള്‍ മനേജിങ്ങ് ട്രെസ്റ്റി ടി കെ എ നായര്‍  കൈമാറി

ദുരിതാശ്വാസം

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരില്‍ ഈ നാടിന്‍റെ നായകരായി നിന്നവരുടെ കുടുംബാംഗങ്ങളുമുണ്ട്. എ.കെ. ജിയുടെ മകള്‍ ലൈല, ഇ കെ നായനാരുടെ പത്നി ശാരദടീച്ചര്‍ തുടങ്ങിയവര്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇവരുടെ പേര് പരാമര്‍ശിക്കാതെ പോകുന്നത് അനൗചിത്യമാകും എന്നതുകൊണ്ടാണ് ഇവിടെ ഇതു പറയുന്നത്.

റെജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓണേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റും പത്തനംതിട്ട ക്വാറി ഓണേഴ്സ് അസോസിയേഷനും ചേര്‍ന്ന് 1,10,50,000 രൂപ

വിശാല കൊച്ചി വികസന അതോറിറ്റി 1 കോടി

കേരള ഗവ. കോളേജ് റിട്ടയേര്‍ഡ് ടീച്ചേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ 26,75,500 രൂപ

തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകര്‍ 13 ലക്ഷം രൂപ

യുകെയിലെ കലാസാംസ്കാരിക സംഘടന സമീക്ഷ 14,612 പൗണ്ട് 11 പെന്‍സ്.

ആലപ്പുഴയിലെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റി സുഭദ്ര രവി കരുണാകരന്‍ 25 ലക്ഷം രൂപ

തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് 13,24,492 രൂപ

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴേതട്ടില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ആശ വര്‍ക്കര്‍മാരുടെ സംഘടന കേരള സ്റ്റേറ്റ് ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ 11,12,700 രൂപ

സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും എറണാകുളം, തൃശൂര്‍ ജില്ലയിലെ കലാകാരډാരും ചേര്‍ന്ന് 11,82,491 രൂപ.

കേരള ഹൈകോര്‍ട്ട് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി 10 ലക്ഷം.

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ബഡ്സ് സ്കൂളുകളിലേയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലെയും അധ്യാപകരും ജീവനക്കാരും 4,17,900 രൂപ

തലശ്ശേരി അണ്ടലൂര്‍ കാവ് ആദ്യ ഗഡു 1 ലക്ഷം രൂപ

അന്തരിച്ച സാഹിത്യകാരി വി വി രുഗ്മിണി ടീച്ചറുടെ മൂന്നേ മുക്കാല്‍ പവന്‍ വരുന്ന താലിമാല മക്കള്‍ കൈമാറി.