Press Release: 20-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

24 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഓരോന്ന് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശങ്ങളില്‍നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍നിന്ന് എട്ടും തമിഴ്നാട്ടില്‍നിന്ന് മൂന്നും. കണ്ണൂരിലെ ഒരാള്‍ സമ്പര്‍ക്കം.

ഇതുവരെ 666 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 74,398 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 73,865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 46,961 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 6090 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5728 നെഗറ്റീവായിട്ടുണ്ട്. പുതിയ ഹോട്ട്സ്പോട്ടുകള്‍ ഇല്ല.

നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ് എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും.

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സഹോദരന്‍മാര്‍ നാട്ടിലേയ്ക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിദേശത്തുനിന്നും ഫ്ളൈറ്റ് വരാന്‍ തുടങ്ങിയത്.

മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ച ആരും ഉണ്ടായിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. മെയ് 13ന് പുതിയ രോഗികളുടെ എണ്ണം പത്ത് ആയി. പതിനാലിന് 26, പതിനഞ്ചിന് 16, പതിനാറിന് 11, പതിനേഴിന് 14, പതിനെട്ടിന് 29, ഇന്നലെ 12, ഇന്ന് 24- ഇങ്ങനെയാണ് പുതുതായി പോസിറ്റിവായ കേസുകള്‍ വര്‍ധിക്കുന്നത്. 16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ നിന്ന് നമ്മള്‍ ഇപ്പോള്‍ 161 ലെത്തി നില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്.

കോവിഡ് 19 വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണ് എന്നു പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യം അതിന്‍റെ വ്യാപനം തടയാനുള്ള പ്രധാന ഉപാധി തന്നൊണ്.

ആ തിരിച്ചറിവ് ശരിക്കും ഉണ്ടാവുക എന്നത് പ്രധാനമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെയിരിക്കുകയും റെഡ്സോണുകളില്‍നിന്ന് വരുന്നവര്‍ എല്ലാവരുമായും അടുത്ത് ഇടപഴകുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനര്‍ത്ഥം കേരളത്തിലേക്ക് എത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ അകറ്റിനിര്‍ത്തപ്പെടേണ്ടവര്‍ ആണ് എന്നോ അല്ല. അങ്ങനെ ആക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടാകാം. എന്നാല്‍, അത്തരം കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകാന്‍ പാടില്ല.

കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എത്തിയ ഒരു കുടുംബത്തിന്‍റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് പെരിനാട് പഞ്ചായത്തില്‍ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ ഏറെനേരം തങ്ങേണ്ടിവന്നു എന്നാണ് വാര്‍ത്ത. അവര്‍ ക്വാറന്‍റൈയിനുവേണ്ടി തയ്യാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു എന്നും പരാതിയുണ്ട്.

മുംബൈയില്‍ നിന്നുതന്നെ പ്രത്യേക വാഹനത്തില്‍ എത്തിയ സംഘം റോഡില്‍ കുറച്ചുനേരം വാഹനം നിര്‍ത്തിയിട്ടത് പരിഭ്രാന്തി പരത്തി എന്നൊരു വാര്‍ത്ത ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് കണ്ടു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ച് പ്രവാസി കേരളീയരെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചാരണവുമായി ഒരു കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്.

ഒരുകാര്യം ഇവിടെ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്- പ്രവാസി കേരളീയരുടെ നാടാണിത്. അവര്‍ക്കു മുന്നില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. അന്യനാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്‍റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്‍റെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിന്‍റെ പുറത്തുണ്ട്. എല്ലാവര്‍ക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങള്‍ അതിന് വേണ്ടിവരും.

വിവിധ മലയാളി സംഘടനകള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളും നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രചാരണങ്ങളില്‍ മുഴുകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

പരീക്ഷ

അവശേഷിക്കുന്ന എസ്എസ്എല്‍സി/ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടക്കുന്നതാണ്. പരീക്ഷാ ടൈംടേബിള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അനുമതി ലഭ്യമാകാന്‍ വൈകിയതുമൂലം ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര അനുമതിയായിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്.

എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവയും പരിഹരിക്കും.

വീഡിയോ കോണ്‍ഫറന്‍സ്

പുറത്തു നിന്ന് ആളുകള്‍ വരികയും ഇളവുകളോടെ നാട് ചലിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ന് രാവിലെ ജില്ലാ കലക്ടര്‍മാര്‍, ജില്ലാപൊലീസ് മേധാവികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. രോഗവ്യാപനം തടയുന്നതില്‍ ജില്ലാ ഭരണ സംവിധാനം ഇതുവരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. എല്ലാ ജില്ലകളിലും നല്ല ഏകോപനത്തോടെ കാര്യങ്ങള്‍ നടന്നു. അതിന് നല്ല ഫലവുമുണ്ടായി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരെയും സര്‍ക്കാര്‍ അഭിനന്ദിക്കുന്നു.

കോവിഡ് 19ന് മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ നമ്മുടെ പ്രയാസം തുടരുകയാണ്. ഇന്നത്തെ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇതിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് നാം മുന്നോട്ടുപോകണം. കണ്ടൈന്‍മെന്‍റ് സോണുകളില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. മാത്രമല്ല, കൂടുതല്‍ കര്‍ക്കശമായ നടപടികളാണ് ഈ പ്രദേശങ്ങളിലുണ്ടാവുക.

പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതില്‍ പ്രധാനമാണ്. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടത് നാടിന്‍റെതന്നെ ചുമതലയായി കാണണം. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടിനകത്തെ മുറിയില്‍ തന്നെ കഴിയണം. മറ്റാരുമായും ബന്ധപ്പെടരുത്.

ഹോം ക്വാറന്‍റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല സമിതികളുടെയും നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. വാര്‍ഡ് തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡന്‍സ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാന്‍ രംഗത്തുണ്ടാകണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളന്‍റിയര്‍മാര്‍ വാര്‍ഡ്തല സമിതിക്കുണ്ടാകണം. പൊലീസും ഇക്കാര്യത്തില്‍ പങ്കുവഹിക്കണം. പൊലീസ് സേനാംഗങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. സമൂഹത്തിന്‍റെ രക്ഷയ്ക്ക് അത്തരം ഇടപെടലുകള്‍ ആവശ്യമാണ്.

ചുരുക്കം സ്ഥലങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ ഉദ്ദേശിച്ച രീതിയില്‍ സജീവമല്ലെന്ന പ്രശ്നമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പഞ്ചായത്ത് തല സമിതികള്‍ ഫലപ്രദമായി ഇടപെടണം. രോഗം സമ്പര്‍ക്കത്തിലൂടെ പടരുന്നത് തടയുക എന്നതാണ് ഇനി നമ്മുടെ മുന്‍പിലുള്ള പ്രധാന കടമ. പുറത്തു നിന്നും വരുന്ന ചിലരില്‍ രോഗം ഉണ്ടാവും എന്ന് നമുക്കറിയാം. എന്നാല്‍, മറ്റുള്ളവരിലേയ്ക്ക് അത് പടരാതിരിക്കാന്‍ നാടാകെ ഒന്നിച്ചുനില്‍ക്കണം. പഞ്ചായത്ത് തല സമിതികളുടെ പ്രവര്‍ത്തനം ജില്ലാതല സമിതികള്‍ തുടര്‍ച്ചയായി പരിശോധിക്കണം.

പ്രശ്നങ്ങളോ പോരായ്മകളോ ഉള്ള സ്ഥലങ്ങളില്‍ ജില്ലാതല സമിതികള്‍ ഇടപെടണം. ജില്ലയിലെ പഞ്ചായത്തുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനാണ്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍  മുഖ്യമായും രംഗത്തുള്ളത്. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിനും നല്ല നിലയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും.

പുതിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങാനാണ് തീരുമാനം. അതിന് ഐഎംഎയുടെ പിന്തുണയുമുണ്ട്. മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരേയും പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തന സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് ഉണ്ടാവും. അത് ഡി.എം.ഒ. തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കണം. രോഗിയെ ഡോക്ടര്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം.

മഴക്കാലത്തിനു മുന്‍പേ മഴ തുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ വരാനിടയുണ്ട്. അതുകൊണ്ട് പരിസരമെല്ലാം ശുചിയായിരിക്കണം. കൊതുക് വളരാനുള്ള സാഹചര്യം അനുവദിക്കരുത്. മാലിന്യ നിര്‍മാര്‍ജനം ഏറ്റവും പ്രധാനമാണ്. നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതിനായി ഇതുവരെ 11.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലകളുടെ ആവശ്യത്തിനനുസരിച്ച് ബാക്കി തുക അനുവദിക്കും.

അതിഥി തൊഴിലാളികളോട് സഹാനുഭൂതിയുണ്ടാവണം. ഭക്ഷണവും പാര്‍പ്പിടവും എല്ലായിടത്തും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അവര്‍ക്ക് തൊഴില്‍ കിട്ടും. തൊഴിലുണ്ടെങ്കില്‍ പ്രയാസം മാറും. ആര്‍ക്കെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം പ്രാദേശിക തലത്തില്‍ പരിശോധിക്കണം.

ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സമൂഹ അടുക്കള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനമായിട്ടുണ്ട്. ഇളവുകള്‍ വന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. സമൂഹ അടുക്കള പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ല. ഇനിയും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതില്‍ സമൂഹ അടുക്കള നിലനിര്‍ത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും ഇതിലെ സമീപനം.

ലോക്ക്ഡൗണ്‍ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനുവേണ്ടി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ജോലിയുള്ളവര്‍ തിരുവനന്തപുരത്തും മറ്റും വീടുകളില്‍ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ശേഖരിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ അവരെ ജോലിയുള്ള ജില്ലകളില്‍ എത്തിക്കണം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം ക്വാറന്‍റൈന്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, ധാരാളം പേര്‍ സ്വമേധയാ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ആവശ്യപ്പെടുന്നുണ്ട്. സ്വന്തം വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം എല്ലാവരും സ്വീകരിക്കണം.
കാലവര്‍ഷത്തിന്‍റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേനകളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മണ്‍സൂണ്‍ ദുരന്ത പ്രതിരോധ പ്രതികരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കി. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനതല ദുരന്തലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും മണ്‍സൂണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിവരങ്ങളും സംസ്ഥാന അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന് ദിനംപ്രതി നല്‍കും.

2948 താല്‍ക്കാലിക തസ്തികകള്‍ കൂടി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്.

ഇതോടെ 6700ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ ഈ ഘട്ടത്തില്‍ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഫസ്റ്റ് ലൈന്‍ കെയര്‍ സെന്‍റര്‍, കോവിഡ് കെയര്‍ സെന്‍ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവരെ വിന്യസിക്കും.

38 ഡോക്ടര്‍മാര്‍, 15 സ്പെഷ്യലിസ്റ്റുകള്‍, 20 ഡെന്‍റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്സുമാര്‍, 169 നഴ്സിങ് അസിസ്റ്റന്‍റുമാര്‍, 1259 ജെഎച്ച്ഐമാര്‍, 741 ജെപിഎച്ച്എന്‍മാര്‍, 358 ക്ലീനിങ് സ്റ്റാഫ് തുടങ്ങി 21ഓളം തസ്തികളാണ് സൃഷ്ടിച്ചത്.

യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്ക്കിന്‍റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം നടത്തും. കേരള പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന ക്യാംപെയ്നിന്‍റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരേയും സമൂഹം ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുന്നതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം നല്‍കി.

മാസ്ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസ് എടുത്തു.

ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാരെ ബ്ലോക്ക് തലത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയില്‍ രണ്ടുദിവസം വീതം കലക്ഷന്‍ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്റ്റോഫീസില്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി നല്‍കും. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗം നിര്‍ബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജന്‍റുമാര്‍ ഭവനസന്ദര്‍ശനം നടത്താന്‍ പാടില്ല.

ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.

സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍റെ അനുവാദമില്ലാതെ തന്നെ ഫ്രാഞ്ചൈസികളെ നിയമിക്കാനുള്ള അനുവാദം വിതരണ ലൈസന്‍സിക്കായിരിക്കും. കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിന് കത്തയച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനം

പ്രകൃതിക്ഷോഭംമൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുകോടി രൂപ അനുവദിച്ചു.

സംസ്ഥാന പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍റെ കാലാവധി മെയ് 31 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്ന സൊസൈറ്റിയായ സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മന്ത്രിസഭ അംഗീകരിച്ചു.

സഹായം

പാല രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറി ക്വാറന്‍റൈനുവേണ്ടി വിട്ടുകൊടുത്തതായി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം  പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. പാലാ അസിസ്റ്റന്‍റ് ബിഷപ്പ് ഉള്‍പ്പെടെ 50 പുരോഹിതډാര്‍ രക്തം ദാനം ചെയ്തു എന്നും പാല രൂപത അറിയിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓര്‍ണേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി 1,11,60,000 രൂപ

ആള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍ 40,00,001 രൂപ

കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്ക് 30,47,590 രൂപ

കുമിളി ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപ

ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ 7 ലക്ഷം രൂപ

കടനാട് പഞ്ചായത്ത് 7 ലക്ഷം

ആള്‍ കേരള മെഷ്യനൈസ്ഡ് ബേക്കറി ഓര്‍ണേഴ്സ് അസോസിയേഷന്‍ 6,32,005 രൂപ

സിഎസ്ഐ മലബാര്‍ മഹായിടവകയുടെ കീഴിലുള്ള മലബാര്‍ ആന്‍റ് വയനാട് എയ്ഡഡ് സ്കൂളുകള്‍ 3,10,000 രൂപ

അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സമിതി (ഐപ്സോ) രണ്ട് ഗഡുകളായി 2 ലക്ഷം രൂപ

ഗുജറാത്ത് ഹൈക്കോടതി റിട്ട. ജഡ്ജ് കെ ശ്രീധരന്‍, ഡോ. ദേവദത്ത ശ്രീധരന്‍ 1,50,000 രൂപ

വണ്ടന്‍മേട് ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം രൂപ

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമന്‍ കമ്പനി 5 ലക്ഷം രൂപ

പീരുമേട് തോട്ടം തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4,55,000 രൂപ

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ അടിമാലി ബ്ലോക്ക് 4,69,645 രൂപ

വണ്ടിപ്പെരിയാര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 4 ലക്ഷം
രൂപ

കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് 1 ലക്ഷം രൂപ.