Press Release:23-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് പുതുതായി കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇന്ന് 141 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ അത് 138 ആയിരുന്നു. അഞ്ചുദിവസത്തെ കണക്കെടുത്താല്‍ വെള്ളി 118, ശനി 127, ഞായര്‍ 133  എന്നിങ്ങനെയാണ്. എല്ലാ ദിവസവും നൂറില്‍ കൂടുതല്‍. ഇന്ന് ഒരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡെല്‍ഹിയില്‍നിന്നും എത്തിയതാണ്. അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സ്ഥിതി  രൂക്ഷമാവുകയാണ് എന്നത് കാണണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ  ചില കേസുകളും സംസ്ഥാനത്തുണ്ട്.

ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 52 പേര്‍. സമ്പര്‍ക്കം 9. ഹെല്‍ത്ത്വര്‍ക്കര്‍ ഒന്ന്.

ഡെല്‍ഹി 16, തമിഴ്നാട് 14, മഹാരാഷ്ട്ര 9, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ് 2 വീതം, മധ്യപ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

പത്തനംതിട്ട, പാലക്കാട് 27 വീതം, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം, കൊല്ലം 4 വീതം, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 60 പേര്‍ രോഗമുക്തി നേടി. മലപ്പുറം 15, കോട്ടയം 12, തൃശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം 3, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.  

ഇന്ന് 4473 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2206 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 38,551 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.

നൂറില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് മലപ്പുറം (201), പാലക്കാട് (154), കൊല്ലം (150),  എറണാകുളം (127), പത്തനംതിട്ട (126), കണ്ണൂര്‍ (120), തൃശൂര്‍ (113), കോഴിക്കോട് (107), കാസര്‍കോട് (102) എന്നീ ജില്ലകളിലാണ്. മെയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ വന്നവരാണ്. ജൂണ്‍ 15 മുതല്‍ 22 വരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്താല്‍ ആകെ രോഗികളില്‍ 95 ശതമാനവും പുറത്തുനിന്ന് കേരളത്തില്‍ വന്നവരാണ്.

തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടില്ല.

രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത (അസിംപ്റ്റമാറ്റിക്ക്) കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. അതില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയില്‍ കാണുന്നു. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കി വരുന്ന 20 ശതമാനം ആളുകളിലാണ്. അവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ പേരെയാണ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടതായി വരുന്നത്.

രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍നിന്ന് രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാല്‍, നമ്മുടെ സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. നാം ഇപ്പോള്‍ വീടിനു പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നതും ശാരീരിക അകലവും പാലിക്കുന്നത്. വീടുകളില്‍ സാധാരണ പോലെയാണ്.

വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ വീട്ടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഉള്ളതുപോലെ തന്നെയുള്ള കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്. പ്രത്യേകിച്ച് വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍. നമ്മളില്‍ ആരും രോഗബാധിതരാകാം എന്ന ധാരണയോടെയാണ് ഇടപെടേണ്ടത് എന്നര്‍ത്ഥം.

ഇതിനേക്കാള്‍ കൂടുതല്‍ ഗൗരവതരമായ പ്രശ്നം രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത കേസുകളാണ്. സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ് അത്. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണ്. കേരളത്തില്‍ അത് 2 ശതമാനത്തിലും താഴെയാണ്.  ബാക്കി 98 ശതമാനം കേസുകളിലും നമുക്ക് സോഴ്സ് കണ്ടെത്താന്‍ നമുക്ക് ആയിട്ടുണ്ട്.

രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ‘ഇന്‍റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍’ നാം പാലിക്കുന്നുണ്ട്.  ഉറവിടമറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളില്‍ ക്ളസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹവ്യാപനത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ്  സോണുകളായി തിരിച്ച് സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു. ഈ നടപടികളുടെ ഫലമായി ക്ളസ്റ്ററുകള്‍ ഉണ്ടാകുന്നതും, അതുവഴി സമൂഹവ്യാപനം സംഭവിക്കുന്നതും തടയാന്‍ ഇതുവരെ നമുക്ക് സാധിച്ചിട്ടുണ്ട്. അതിനര്‍ത്ഥം സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്നല്ല.

ഇവിടെ നിസ്സഹായരായി നമുക്ക് നില്‍ക്കാനാവില്ല. വ്യാപനത്തിന്‍റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണം. അതിന്‍റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം നാം ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കുള്‍പ്പെടെ ഈ ആവശ്യമുന്നയിച്ച് സംസ്ഥാനം കത്തുകള്‍ എഴുതിയിരുന്നു. വിദേശ മന്ത്രാലയത്തിനും തുടര്‍ച്ചയായി കത്തെഴുതി.

അതിന്‍റെയടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടിരുന്നു. അതിന്‍റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യുഎഇയാണ് റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ കഴിഞ്ഞദിവസം ഇവിടെ പറഞ്ഞതുപോലെ, ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യാനുസരണം കൂടുതല്‍ ടെര്‍മിനലുകളിലേക്ക് വ്യാപിപ്പിക്കാനാവും എന്നാണ് വിദേശ മന്ത്രാലയം അറിയിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവുവരിക.

ഒമാനില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍, ജൂണ്‍ 25ന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്.

സൗദിയിലും റാപ്പിഡ്, ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളില്‍ നടത്തുന്നു. പക്ഷെ, അത് ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ല.

ബഹ്റൈനില്‍ ഇതിന് പ്രയാസമുണ്ട് എന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ നാം പറഞ്ഞിട്ടുള്ളത് ജൂണ്‍ 25 മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വരുമ്പോള്‍ യാത്രക്കാര്‍ ടെസ്റ്റ് ചെയ്തിരിക്കണം എന്നതാണ്. യാത്രയ്ക്കിടയില്‍ രോഗപകര്‍ച്ച ഉണ്ടാകാന്‍ പാടില്ല.

ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്തു ചെയ്യാനാകും എന്ന് കേന്ദ്ര ഗവണ്‍മെന്‍റുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഇതുവരെ റൂട്ടീന്‍ സാമ്പിള്‍, ഓഖ്മെന്‍റഡ്, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിന്‍റെ തോത് വര്‍ധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.

കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈ ക്രമീകരണത്തിന്‍റെ ഏകോപന ചുമതല നല്‍കും.

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയാണ്.

മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആള്‍ക്കൂട്ടുമുണ്ടാകുന്നു. കോവിഡ് ബാധിച്ച് അഭിനയിക്കാന്‍ പോയ ആളുകളും ഇവിടെത്തന്നെയാണ്. പനിയുണ്ടായിട്ടും ചുറ്റിക്കറങ്ങി എന്നാണ് പറയുന്നത്. ഇതൊക്കെ നാം അറിയാതെ നമുക്കുചുറ്റും രോഗം സഞ്ചരിക്കുന്നു എന്നതിന്‍റെ തെളിവാണ്.

നഗരത്തില്‍ ശക്തമായ നിയന്ത്രണ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത് വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിന്‍ എന്നതിന് നിയന്ത്രണത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ത്ഥം. രോഗവ്യാപനത്തിന്‍റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കേണ്ടത്.

ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പോസ്റ്റിങ് കൊടുക്കും.

ലോക്ക്ഡൗണില്‍ ഇളവുവരുത്തിയപ്പോള്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുണ്ട്. പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് ആലോചിക്കേണ്ടിവരും. സ്വയം കരുതല്‍ എടുക്കുന്നതാണ് നല്ലത്.

ഇത് എല്ലാ മേഖലകളിലും ബാധകമാണ്. ലോക്ക്ഡൗണില്‍ ഇളവ് നല്‍കുക എന്നതിന് രോഗം നാടുവിട്ടുപോയി എന്നല്ല അര്‍ത്ഥം. ബസുകളിലെയും മറ്റു വാഹനങ്ങളിലെയും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രയ്ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

തീരദേശം

കടലാക്രമണം തീരദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇതിനായി 408 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍നിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്‍റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ വിളിച്ച് കരാര്‍ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തില്‍ മണ്‍സൂണ്‍ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കും. ഈ അടിയന്തര സഹായം ഉടനെ കൈമാറും.

ഭക്ഷ്യസുരക്ഷ

കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യവിതരണം ഉറപ്പുവരുത്താന്‍ സാധിച്ചു. കടകളില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കാന്‍ പോവുകയാണ്. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിവി വിതരണം ചെയ്തത്  കണ്ണൂരിലാണ്. 176 എണ്ണം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് കൊച്ചി സിറ്റിയിലാണ്. 40 എണ്ണം.  സ്പോണ്‍സര്‍മാരുടേയും താല്‍പര്യമുള്ള മറ്റ് വ്യക്തികളുടേയും സഹായത്തോടെയാണ് ഇവ സംഭരിച്ചുനല്‍കിയത്.

കോവിഡ് പ്രതിരോധത്തിന് പൊലീസ് വളണ്ടിയര്‍മാര്‍ നല്‍കുന്ന സംഭാവന മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. റോപ്പ് (റോട്ടറി പൊലീസ് ഇന്‍ഗേജ്മെന്‍റ്) എന്ന പേരില്‍ പൊലീസ് വളണ്ടിയര്‍മാര്‍ക്ക് ധരിക്കാനായി ജാക്കറ്റുകള്‍ നല്‍കുന്ന പദ്ധതിയുമായി കേരളത്തിലെ റോട്ടറി ക്ലബുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 4320 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ദുരിതാശ്വാസനിധി

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മ സാന്ത്വം രണ്ടാം ഗഡു 15,25,000 രൂപ

കുമ്പളം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) 2,55,820 രൂപ

ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് ആന്‍റ് റിട്ടയറീസ് അസോസിയേഷന്‍, കേരള 2,10,000 രൂപ

സിപിഐ എം കുന്നിക്കോട് ലോക്കല്‍ കമ്മിറ്റി 2,03,450 രൂപ

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗം, പ്രീത പി. മേനോന്‍ 1,91,786 രൂപ

ചാത്തന്നൂര്‍ എംഇഎസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് 1,66,182 രൂപ

യൂണിയന്‍ ബാങ്ക് റിട്ടയേര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 1,37,000 രൂപ

ഇഎസ്ഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ 1 ലക്ഷം രൂപ

കേരള ബില്‍ഡിങ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്, എംപ്ലോയീസ് യൂണിയന്‍ 1,50,000 രൂപ

കണ്ണൂര്‍ ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലെ ഫാര്‍മസി കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന 1,00,001 രൂപ

ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കേളേജ് 1 ലക്ഷം രൂപ