Press Release:25-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

തുടര്‍ച്ചയായ ഏഴാം ദിവസവും പതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. 123 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 33 പേര്‍. സമ്പര്‍ക്കം 6.

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  

കഴിഞ്ഞ 24 മണിക്കൂറിനകം 5240 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3726 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ടെസ്റ്റിന്‍റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുന്നുണ്ട്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 41,944 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 40,302 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 113.

കോവിഡ് വ്യാപനത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന പുതിയ വിവരങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിദേശത്തു നിന്നു വരുന്നവരോട് ക്വാറന്‍റൈന്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് അതിന്‍റെ ഭാഗമായാണ്.

പുറമേനിന്നു വന്ന കേസുകളില്‍ 7 ശതമാനം പേരില്‍ നിന്നു മാത്രമാണ് രോഗം പടര്‍ന്നത്. അതായത് 93 ശതമാനം ആളുകളില്‍ നിന്നും രോഗം ഒരാളിലേക്കു പോലും വ്യാപിക്കാതെ നമുക്ക് തടയാന്‍ സാധിച്ചു. ഇതു ഹോം ക്വാറന്‍റൈന്‍ സംവിധാനത്തിന്‍റെ വിജയമാണ്. അതുകൊണ്ട്, ആക്റ്റീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്വാറന്‍റൈന്‍ സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയേ തീരൂ. അതിനായി പുറത്തുനിന്നു വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയതോതില്‍ പിടിച്ചുനിര്‍ത്താനായി എന്നതാണ് നമ്മുടെ പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണം.

വിദേശ നാടുകളില്‍ നിന്നും എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്‍റി ബോഡി ടെസ്റ്റ് നടത്തും. ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്.  കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്‍റി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആന്‍റി ബോഡികള്‍ കണ്ടെത്തുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് കൂടി നടത്തും.

ആന്‍റിബോഡികള്‍ കാണാത്ത നെഗറ്റീവ് റിസള്‍ട്ടുള്ളവര്‍ക്ക് രോഗമില്ലെന്ന് തീര്‍ത്തും പറയാനാവില്ല. രോഗാണു ശരീരത്തിലുള്ളവരില്‍ രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് ടെസ്റ്റ് നടത്തിയാല്‍ ഫലം നെഗറ്റീവ് ആയിരിക്കും. അതുകൊണ്ട് ആന്‍റി ബോഡി ടെസ്റ്റ് നെഗറ്റീവാകുന്നവര്‍ തെറ്റായ സുരക്ഷാ ബോധത്തില്‍ കഴിയാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ല. അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ശരിയായ ബോധവല്‍ക്കരണം നടത്തും.

രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ആത്മാര്‍ഥമായി മുന്നോട്ടുകൊണ്ടുപോയേ തീരൂ. കൈകള്‍ ശുചിയാക്കുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്നു കാര്യങ്ങളില്‍ വീഴ്ച പാടില്ല.

ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവില്‍ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ പോയിട്ടുള്ളൂ. നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ എല്ലാവരും സന്നദ്ധരാവണം. ബ്രേയ്ക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം.  കയറിയ വാഹനത്തിന്‍റെ നമ്പര്‍, സമയം, സന്ദര്‍ശിച്ച ഹോട്ടലിന്‍റെ വിശദാംശങ്ങള്‍ സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തി വെയ്ക്കണം. ഇതു രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളില്‍ പ്രസ്തുത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍ പോലും, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. അതില്‍ കുറയാം അല്ലെങ്കില്‍ വര്‍ധിക്കാം. ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എല്ലാം പാലിക്കാനും തീരുമാനങ്ങള്‍ക്ക് ആത്മാര്‍ഥമായ പിന്തുണ നല്‍കാനും ജനങ്ങള്‍ ഓരോരുത്തരും സന്നദ്ധരാകണം.

ഇന്ന് ഉച്ചവരെ (ജൂണ്‍ 25) വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്.

തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവിടെ വരുന്ന യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ – സ്ക്രീനിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ളവ – ആവശ്യാനുസരണം സജ്ജീകരിക്കും. തിരികെ എത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.

താജികിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.18 ശതമാനവും റഷ്യയില്‍നിന്ന് എത്തിയവരില്‍ 9.72 ശതമാനവും നൈജീരിയയില്‍ നിന്നെത്തിയവരില്‍ 6.51 ശതമാനവും കുവൈത്തില്‍ നിന്നെത്തിയവരില്‍ 5.99 ശതമാനവും സൗദിയില്‍ നിന്നെത്തിയവരില്‍ 2.33 ശതമാനവും യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനവും ഖത്തറില്‍ നിന്നെത്തിയവരില്‍ 1.56 ശതമാനവും ഒമാനില്‍ നിന്നെത്തിയവരില്‍ 0.78 ശതമാനവുമാണ് കോവിഡ് ബാധിതര്‍.

ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത് ഫ്ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 ഫ്ളൈറ്റുകളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതല്‍ ഫ്ളൈറ്റുകള്‍. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്‍റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്‍റെയും ആരോഗ്യവിഭാഗത്തിന്‍റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങള്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്‍റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.

നിലവില്‍ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലുള്ള 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 15,975 കിടക്കകള്‍ കുടി സജ്ജമാക്കിയിട്ടുണ്ട്.

സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്നതാണ് സര്‍ക്കാര്‍ സമീപനം. സര്‍ക്കാര്‍ ചെലവില്‍ ടെസ്റ്റിങ്, ക്വാറന്‍റൈന്‍, ചികിത്സ എന്നിവയ്ക്കായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ച ആളുകളുടെ എണ്ണം – ഏപ്രില്‍ 7,561, മെയ് 24,695, ജൂണ്‍ 30,599 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് പത്തുലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗം (കേസ് പെര്‍ മില്യന്‍). രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തിന്‍റേത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിള്‍ പോസിറ്റിവിറ്റി റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്‍റേത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തില്‍ താഴെയാവുക എന്നതാണ് ആഗോളതലത്തില്‍ തന്നെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20ഉം മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരാണ്.  

ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് പൊലീസ് നടപടി ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് അയച്ചു നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം.

വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണം ലഭ്യമാക്കുമ്പോള്‍ അമിതവില ഈടാക്കരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ എത്തുകയും അവര്‍ക്ക് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ തിരക്കുണ്ടാകും. യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം തങ്ങേണ്ടിവരും. ഈ സാഹചര്യത്തില്‍ ലഘുഭക്ഷണ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സിയാല്‍ എയര്‍പോര്‍ട്ടില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ പ്രവാസി സഹോദരങ്ങള്‍ വരുമ്പോള്‍ സന്നദ്ധ സംഘടനകളുടെയും മറ്റും പേരില്‍ സ്വീകരിക്കാന്‍ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങുന്നവര്‍ക്ക് വാഹനം തടഞ്ഞുനിര്‍ത്തി വഴിയില്‍ സ്വീകരണം നല്‍കുന്നതും അനുവദിക്കില്ല.

കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ കാലതാമസമുണ്ടാകുന്നു എന്ന പരാതി ശദ്ധയില്‍പ്പെട്ടു അത് ഒഴിവാക്കാന്‍ നടപടിയെടുക്കും.

കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും. ഇതില്‍ ഏകീകരണം വരുത്താന്‍ നടപടി സ്വീകരിക്കും.

കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതല്‍ കര്‍ശനമാക്കും. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ.  രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ചിലര്‍ മാസ്ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാസ്ക്കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെയും പോലീസ് കര്‍ശന നടപടി സ്വീകരിക്കും.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്. ജില്ലാ പൊലീസ് മേധാവിമാര്‍ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും ഇടയ്ക്കിടെ സന്ദര്‍ശിക്കും. ക്വാറന്‍റൈല്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ വീടുകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.  

മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സിബിഎസ്ഇ പരീക്ഷ

10, 12 ക്ലാസുകളിലേക്ക് ഇനി നടത്താനുള്ള സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍  റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് അവസാനവാരത്തില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്തുവാന്‍ ഇവിടെ  കഴിഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കേരളത്തിനാണ്. ഇപ്പോള്‍ മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കി. ജൂണ്‍ 30ന് എസ്എസ്എല്‍സി റിസള്‍ട്ട് പ്രസിദ്ധീകരിക്കും. ജൂലൈ 10ന് മുമ്പ് പ്ലസ്ടു റിസള്‍ട്ടും പ്രസിദ്ധീകരിക്കും. ഇതോടൊപ്പം ജൂണ്‍ ഒന്നിനു തന്നെ ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതും നമ്മുടെ നേട്ടമാണ്. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മിപ്പിക്കുന്നത്.

പാലക്കാട്ട് ടെസ്റ്റ് യൂണിറ്റ്

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ പാലക്കാടുള്ള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പുതുതായി ഒരു ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റും കോവിഡ് ഒപിയും ഇന്‍ പേഷ്യന്‍റ് കേന്ദ്രവും ആരംഭിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റിന് ഐസിഎംആറിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ദിവസം 300 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.

പാലക്കാട് ജില്ലാ ആശുപത്രിയുടെ പരിമിതികള്‍ കണക്കിലെടുത്താണ് അതിര്‍ത്തി ജില്ല എന്ന നിലയില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യങ്ങള്‍  സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

കേരള ഡയലോഗ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ എന്ന സംവാദ പരിപാടി നാളെ ആരംഭിക്കും. ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും സാങ്കേതികവിദഗ്ധരും  ഉള്‍പ്പെടെ ആഗോളതലത്തില്‍  വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ് ഈ തുടര്‍ പരിപാടിയില്‍ പങ്കാളികളാകുക.

നാളെ കേരള ഡയലോഗിന്‍റെ ആദ്യ ദിവസം  ‘കേരളം: ഭാവി വികസന മാര്‍ഗങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അമര്‍ത്യ സെന്‍, നോം ചോസ്കി, സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരള മാതൃക മുന്‍നിര്‍ത്തി എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു നേതൃത്വം നല്‍കാന്‍ കേരള ഡയലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

സഹായം

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഷൊര്‍ണൂര്‍ പ്രഭാതം ചാരിറ്റബിള്‍ ട്രസ്റ്റ് 157 കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ 84 ടിവി വിതരണം ചെയ്തു.

ദുരിതാശ്വാസം

റിട്ടയേഡ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ഓഫ് കേരള, ആദ്യ ഗഡു 52,43,132 രൂപ.

മുനമ്പം വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണ സമിതി 19,52,000 രൂപ.

എറണാകുളം എടവനക്കാട് കിഴക്കേവീട്ടില്‍ കാദിര്‍ ഹാജി കുടുംബട്രസ്റ്റ് 7,07,601 രൂപ.

കേരള സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കളമശ്ശേരി ഈസ്റ്റ് കമ്മറ്റി 2,69,000 രൂപ.

പന്ന്യന്നൂര്‍, ചെങ്കൊടിമുക്ക് സഖാക്കള്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 1 ലക്ഷം രൂപ.

എഐവൈഎഫ് കാരമുക്ക് മേഖല കമ്മിറ്റി 70,000 രൂപ.

കല്ല്യാശേരിയിലെ മാങ്ങാട് മഹല്ല് കൂട്ടായ്മ 51,120 രൂപ.