Category: Cabinet Decisions

Cabinet Decisions :20-01-2021

തോട്ടവിള നയം അംഗീകരിച്ചു

സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്‍റേഷന്‍ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.

അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നല്‍കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങള്‍ ലാഭകരമാക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതി നടപ്പാക്കും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തോട്ടവിള നയത്തിന് രൂപം നല്‍കിയത്.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണറും മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ താഴെപ്പറയുന്ന മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തലസ്ഥാനത്തെ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

കൊല്ലം – ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട – കെ. രാജു, ആലപ്പുഴ – ജി. സുധാകരന്‍, കോട്ടയം – പി. തിലോത്തമന്‍, ഇടുക്കി – എം.എം. മണി, എറണാകുളം – എ.സി. മൊയ്തീന്‍, തൃശ്ശുര്‍ – അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാലക്കാട് – കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം – ഡോ. കെ.ടി ജലീല്‍, കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കാസറഗോഡ് – ഇ. ചന്ദ്രശേഖരന്‍.

അഞ്ച് പുതിയ ഐടിഐകള്‍

സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐടിഐകള്‍ സ്ഥാപിക്കും. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകള്‍ സൃഷ്ടിക്കും.

2014-15 അധ്യയനവര്‍ഷം ആരംഭിച്ച 27 എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 173 തസ്തികകള്‍ സൃഷ്ടിക്കാനും 21 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

Cabinet Decisions :13-01-2021

പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്.

സെക്രട്ടറിയേറ്റില്‍ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം
സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക.

നാവിക അക്കാദമിക്ക് ഭൂമി
കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ സൗത്ത് തൃക്കരിപ്പൂര്‍ വില്ലജില്‍ 33.7 ആര്‍ ഭൂമി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിര്‍മാണത്തിന് സൗഹൃദസൂചകമായി പതിച്ചു നല്‍കും.

തസ്തികകള്‍
ഇടയാറില്‍ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്കരണ പ്ലാന്‍റിലേക്ക് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധാരണാപത്രം
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ / അണ്ടര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് ഭേദഗതി വരുത്തിയ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരും റെയില്‍വെയും തമ്മിലാണ് ധാരണാപത്രം.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈന്‍ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ‘ഗവണ്‍മെന്‍റ് ഇ-മാര്‍ക്കറ്റ്പ്ലേയ്സു’മായി (ജെം) ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു.

കോവളത്ത് 22 കാശ്മീരി കുടുംബങ്ങള്‍ക്ക് സഹായം
കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങള്‍ക്ക് കോവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

ശമ്പളം പരിഷ്കരിക്കും
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്ക് പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

പരസ്യനിരക്ക് പരിഷ്കരിക്കും
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
സ്ഥലം മാറ്റം

പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ.എസ്.ഐ.ഡി.സി ഇന്‍വെസ്റ്റ്മെന്‍റ് സെല്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

Cabinet Decisions :06-01-2021

ശബരി പാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും
അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.

നിര്‍മാണ ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

സ്വാശ്രയ കോളേജ് ജീവനക്കാരുടെ നിയമന-സേവന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നതിന് നിയമം വരുന്നു

കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

ബില്‍പ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവര്‍, കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണം. ശമ്പള സ്കെയില്‍, ഇന്‍ക്രിമെന്‍റ്, ഗ്രേഡ്, പ്രോമോഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉണ്ടാകണം. തൊഴില്‍ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. നിയമനപ്രായവും വിരമിക്കല്‍ പ്രായവും സര്‍വകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളേജുകുളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിയെക്കതിരെ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടാകും. സര്‍വകലാശാല സിണ്ടിക്കേറ്റ് പരാതി തീര്‍പ്പാക്കണം.

സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസ ഏജന്‍സി രജിസ്റ്റര്‍ ചെയ്യണം. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനകം ഇതു പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ സര്‍വകലാശാല തീരുമാനിക്കും.

നിയമം പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനകം കോളേജുകളില്‍ ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, പി.ടി.എ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം.

ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.

മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിര്‍മാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്‍റെ കരട് മന്ത്രിസബ അംഗീകരിച്ചു.

പക്ഷിപ്പനി: നഷ്ടപരിഹാരം
സംസ്ഥാനത്ത് പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിക്കപ്പെട്ട (കള്ളിംഗ്) പക്ഷികളുടെയും ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മാസത്തിലധികം പ്രായമായ പക്ഷി ഒന്നിന് 200 രൂപയും രണ്ടു മാസത്തില്‍ താഴെ പ്രായമായ പക്ഷി ഒന്നിന് 100 രൂപയുമായിരിക്കും നഷ്ടപരിഹാരം.

തസ്തികകള്‍
പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ ആരംഭിച്ച ഒ.പി. വിഭാഗത്തില്‍ 101 തസ്തികകള്‍ സൃഷ്ടിച്ച് ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചു. സ്റ്റാഫ് നഴ്സ് – 30 തസ്തികകള്‍, ഫാര്‍മസിസ്റ്റ് – 4, ഇ.സി.ജി ടക്നീഷ്യന്‍ – 2, ഒപ്റ്റോ മെട്രിക്സ് – 2, എക്സ്റേ ടെക്നീഷ്യന്‍ – 4, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – 4, സെക്യൂരിറ്റി / നൈറ്റ് വാച്ച്മാന്‍ – 15, ഇലക്ട്രീഷ്യന്‍ / പ്ലംബര്‍ – 2, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ – 38 എന്നീ തസ്തികകളാണ് ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കുക.

ജില്ലാ ടൂറിസം: ലൈസന്‍സികള്‍ക്ക് വാടക ഇളവ്

കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നു രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് പരിഗണിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ ലൈസന്‍സികള്‍ക്ക് അടഞ്ഞുകിടന്ന കാലത്തെ വാടക ഇളവ് അനുവദിക്കാനും ലീസ് വ്യവസ്ഥയില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് സ്ഥാപനം അടച്ചിട്ട കാലം കണക്കാക്കി കരാര്‍ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചു.

വി.പി. ജോയ് അഡീഷണല്‍ ചീഫ് സെക്രട്ടറി

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വരുന്ന ഡോ. വി.പി. ജോയിയെ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ സര്‍ക്കാരിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിക്കാന്‍ തീരുമാനിച്ചു.

Cabinet Decisions :31-12-2020

രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും
തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.

രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ശമ്പള പരിഷ്കരണം
2018-19 സാമ്പത്തിക വര്‍ഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂര്‍ത്തിയായ ശേഷമേ ശമ്പള പരിഷ്കരണം നടപ്പാക്കാവൂ എന്ന നിബന്ധനയ്ക്കു വിധേയമായി സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 01-04-2014 മുതല്‍ 5 വര്‍ഷത്തേക്ക് പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും

കെല്‍ട്രോണിലും അനുബന്ധ കമ്പനികളിലും പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 25 സി.എല്‍.ആര്‍ ജീവനക്കാരെ എസ്.എല്‍.ആര്‍മാരായി നിയമിക്കും.

നിയമനങ്ങള്‍ / മാറ്റങ്ങള്‍
തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.വി. സാജനെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

ഹൗസിംഗ് കമ്മീഷണറും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുമായ എ. ഷിബുവിനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

സര്‍വ്വെ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറായ ആര്‍. ഗിരിജയ്ക്ക് ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ചുമതലകള്‍ നല്‍കും.

ലാന്‍റ് ബോര്‍ഡ്  സെക്രട്ടറി ജോണ്‍ വി സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

Cabinet Decisions :24-12-2020

നവജീവന്‍ പദ്ധതി

കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.

കേരളാ മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി  5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 65 കോടി രൂപയാണ് ഇതിന്‍റെ ചിലവ്. കെ.എം.എം.എല്ലില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേയ്ക്ക് 235 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും.

പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പഷനിലെ അംഗീകൃത തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ശമ്പള പരിഷ്ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച രജിസ്റ്റര്‍ ചെയ്ത അലങ്കാര മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.9 ലക്ഷം രൂപ  അനുവദിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ റോഡുവികസനം നടപ്പാക്കുന്നതിന് കുടിയൊഴിപ്പിക്കപ്പെടുന്ന 20 കച്ചവടക്കാരെ മാനുഷിക പരിഗണന നല്‍കി പുനരധിവസിക്കാന്‍ തീരുമാനിച്ചു. വഞ്ചിയൂര്‍ വില്ലേജില്‍ കച്ചവടക്കാര്‍ക്ക് 5.9 ചതുരശ്രമീറ്റര്‍ ഭൂമി വീതം മൂന്നുവര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കും. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൂന്നുതവണ കൂടി പാട്ടം പുതുക്കി നല്‍കും. കമ്പോള വിലയുടെ 5 ശതമാനം നിരക്കിലാണ് ഭൂമി പാട്ടത്തിനു നല്‍കുക. 12 വര്‍ഷത്തിനകം ഈ കച്ചവടക്കാരെ കെ.എസ്.ആര്‍.ടി.സി. പണിയാന്‍ ഉദ്ദേശിക്കുന്ന വ്യാപാര സമുച്ചയത്തില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

സംസ്ഥാന പട്ടിക ജാതി- പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദ്ധ്യക്ഷനായി ബി.എസ്. മാവോജിയേയും അംഗങ്ങളായി എസ്. അജയകുമാര്‍ (മുന്‍ എം.പി) അഡ്വ. സൗമ്യ സോമന്‍ (ഇടുക്കി) എന്നിവരെയും നിയമിക്കും.

നിയമനങ്ങള്‍
കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് നിയനം ലഭിച്ച എ. ഷിബുവിനെ ഹൗസിംഗ് കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും.

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേയ്ക്ക് നിയമനം ലഭിച്ച ജോണ്‍ വി. സാമുവലിനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കുവാന്‍ തിരുമാനിച്ചു.

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് നിയമനം ലഭിച്ച വി.ആര്‍. വിനോദിനെ ഡിസംബര്‍ 31ന്  എ. പത്മകുമാർ റിട്ടയര്‍ ചെയ്യുന്ന മുറയ്ക്ക് റൂറല്‍ ഡെവലപ്മെന്‍റ് കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

2021 ലെ സഭാസമ്മേളനത്തിലേയ്ക്കുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

കിലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന
10 വര്‍ഷം സര്‍വ്വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍  തീരുമാനിച്ചു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആന്‍റ് ക്ലിനിക്കല്‍ ലാബ് (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍) വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടിന്‍റെ ഒരു തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Cabinet Decisions :17-12-2020

കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 17 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി.

വിവിധ സര്‍ക്കാര്‍ ഡന്‍റല്‍ കോളേജുകളില്‍ 32 തസ്തികകള്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍ – 9, അസോസിയേറ്റ് പ്രൊഫസര്‍ – 22, പ്രൊഫസര്‍ – 1) സൃഷ്ടിക്കാനും 16 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളാക്കി ഉയര്‍ത്താനും തീരുമാനിച്ചു.

Cabinet Decisions :04-11-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

——————————————–

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും പ്രസ്തുത തീയതിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലും ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്തില്‍ – ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്തില്‍ – ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, ഗ്രാമപഞ്ചായത്തില്‍ – ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ – ജില്ലാ കളക്ടര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍, മുന്‍സിപ്പല്‍ കൗണ്‍സിലില്‍ – മുന്‍സിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറി, മുന്‍സിപ്പല്‍ എഞ്ചിനീയര്‍, മുന്‍സിപ്പാലിറ്റിയിലെ സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണിത്.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍
വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു. പട്ന ഹൈക്കോടതി റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്) ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്.) എന്നിവര്‍ അംഗങ്ങളായുമാണ് കമ്മീഷന്‍.

കലാകാരന്‍മാര്‍ക്ക് ധനസഹായം
കോവിഡ് നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്തതുമായ 30,000 കലാകാരډാര്‍ക്കു കൂടി ആശ്വാസ ധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്യും.

ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു
കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു.  

ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയില്‍ 2020 നവംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ പിഎഫില്‍ നിന്നും പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും.

ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നും 6 ദിവസത്തെ ശമ്പളം മാറ്റിവെച്ചെങ്കില്‍ തിരികെ നല്‍കും.

ഒരു ഉദ്യോഗസ്ഥന്‍ മൂന്നു മാസത്തിനുമുകളില്‍ അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വഹണം നടത്തും.

ജീവനക്കാരെ പുനര്‍വിന്യസിക്കും
പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ ഫീല്‍ഡ് പഠനത്തിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അംഗീകരിച്ചത്.

വിവിധ വകുപ്പുകള്‍ തമ്മിലും സെക്ഷനുകള്‍ തമ്മിലും ജോലിഭാരത്തിന്‍റെ കാര്യത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നതു കാരണം ചില വകുപ്പുകളില്‍ അമിത ജോലിഭാരവും മറ്റു ചിലതില്‍ താരതമ്യേന കുറഞ്ഞ ജോലിഭാരവും നിലനിന്നിരുന്നു.

കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്, ഓഫീസ് അറ്റന്‍ഡന്‍റ് തുടങ്ങിയ തസ്തികകളില്‍ അധികമായി കണ്ടെത്തുന്ന തസ്തികകള്‍ ജീവനക്കാരുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ നിയമിക്കും.
 
പൊതുഭരണ സെക്രട്ടേറിയറ്റില്‍ നടത്തിയതിനു സമാനമായ പ്രവൃത്തിപഠനം നിയമവകുപ്പിലും ധനകാര്യവകുപ്പിലും നടത്തും.

സിബിഐയ്ക്ക് നല്‍കിയ പൊതുഅനുമതി പിന്‍വലിക്കും
ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് 1946 (ഡിഎസ്പിഇ) സെക്ഷന്‍ 6 പ്രകാരം വിജ്ഞാപനങ്ങളിലൂടെ സിബിഐയ്ക്ക് നല്‍കിയ പൊതുഅനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. ആവശ്യമെന്ന് കണ്ടെത്തുന്ന കേസുകളുടെ അന്വേഷണം അതതു അവസരങ്ങളില്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി പ്രകാരം മാത്രം സിബിഐയെ ഏല്‍പ്പിക്കും.  

റീ-ബില്‍ഡ് പദ്ധതി
കേരള പുനര്‍നിര്‍മ്മാണ പദ്ധതി ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ അംഗീകരിച്ചു.  കൃഷി, വനിത-ശിശുവികസനം, പരിസ്ഥിതി, ജലവിഭവം എന്നീ  നാലു വകുപ്പുകളുടെ വകുപ്പുകളുടെ പദ്ധതി നിര്‍ദ്ദേശങ്ങളാണ് റീ-ബില്‍ഡ് പദ്ധതിക്കു കീഴില്‍ നടപ്പാക്കുന്നതിന് അംഗീകാരം നല്‍കിത്.

കോന്നി മെഡിക്കല്‍ കോളേജ്: 286 തസ്തികകള്‍ സൃഷ്ടിച്ചു
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ അക്കാഡമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്സിന്‍റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ തുടങ്ങാന്‍ സാധിക്കും.

സംസ്ഥാനത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 195 ഓവര്‍സിയര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കാസര്‍കോഡ് ജില്ലയില്‍ പുതുതായി അനുവദിച്ച മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണലില്‍ 12 തസ്തികകള്‍ സൃഷിക്കും. ജൂനിയര്‍ സൂപ്രണ്ട് 1, സീനിയര്‍ ക്ലര്‍ക്ക് / ക്ലര്‍ക്ക് 5, കോര്‍ട്ട് കീപ്പര്‍ 1, ഡഫേദാര്‍ 1, ഓഫീസ് അറ്റന്‍റന്‍റ് / അറ്റന്‍റര്‍ 3, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1 എന്നീ തസ്തികകളാണ് അനുവദിച്ചത്.

പാലക്കാട് വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 9 തസ്തികകള്‍ സൃഷ്ടിക്കും. മെഡിക്കല്‍ ഓഫീസര്‍ 3, സ്റ്റാഫ് നഴ്സ് 2, നഴ്സിംഗ് അസിസ്റ്റന്‍റ് 2, രണ്ടാം ഗ്രേഡ് ഹോസ്പിറ്റല്‍ അറ്റന്‍റന്‍റ് 1, ഫാര്‍മസിസ്റ്റ് 1 എന്നീ തസ്തികകളാണ് അനുവദിച്ചത്.

ശമ്പള പരിഷ്കരണം
സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് 7-ാം യു.ജി.സി സ്കീം അനുസരിച്ച് ശമ്പളപരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

യു.ജി.സി. സ്കീമില്‍പ്പെട്ട പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്ക്കരിക്കും. പരിഷ്ക്കരണത്തിന്‍റെ സാമ്പത്തികാനുകൂല്യം 2020 നവംബര്‍ മുതല്‍ നല്‍കും.

തിരുവനന്തപുരം സി.എച്ച്. മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്‍റലി ചലഞ്ച്ഡ് പാങ്ങപ്പാറയിലെ സ്ഥിര ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 20-01-2016 തീയതിയിലെ സ.ഉ (പി) നം. 7/16/ധന ശമ്പള പരിഷ്കരണ ഉത്തരവ് ബാധകമാക്കാന്‍ തീരുമാനിച്ചു.

ഒഡെപെക്കിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

ഭാരത് ഭവനില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിലെ (കെ.എം.എം.എല്‍) ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണത്തിന് അംഗീകാരം നല്‍കി.

അസാപ് കമ്പനിയാക്കും
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അസാപിനെ 2013 കമ്പനീസ് ആക്ട് സെക്ഷന്‍ 8 പ്രകാരം പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു.

10 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ ടെണ്ടര്‍ അംഗീകരിച്ചു
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന 10 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. ചിറയിന്‍കീഴ്, മാളിയേക്കല്‍, ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനംകുറിശ്ശി, താനൂര്‍ തെയ്യാല, ചേലേരി ചെട്ടിപ്പടി, കൊടുവള്ളി എന്നീ ആര്‍.ഒ.ബികളുടെ നിര്‍മ്മാണത്തിനാണ് ടെണ്ടര്‍ അംഗീകരിച്ചത്.

പവര്‍ലൂം തൊഴിലാളികള്‍ക്കും ക്ഷേമനിധി
പവര്‍ലൂം തൊഴിലാളികളെക്കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് 1989-ലെ കേരള കൈത്തറിത്തൊഴിലാളി ക്ഷേനിധി ആക്ട് ഭേദഗതി ചെയ്യും.

ഓര്‍ഡിനന്‍സ്
2018-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കോവിഡ് കാരണം കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ പ്രകാരം ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ താല്‍ക്കാലിക രജിസ്ട്രേഷന്‍ സമയം ഒരു വര്‍ഷത്തേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഓര്‍ഡിനന്‍സ്.  

1979-ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ആക്ട് പ്രകാരമുള്ള അംശദായം വര്‍ധിപ്പിക്കാന്‍ ഭേദഗതി കൊണ്ടുവരുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു
കേരള ലാന്‍ഡ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേണ്‍ മന്ത്രിസഭ അംഗീകരിച്ചു.

നിയമനം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിയമ അംഗത്തിന്‍റെ തസ്തികയിലേക്ക് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പാനലില്‍ നിന്നും അഡ്വ. എ.ജെ. വില്‍സനെ നിയമിക്കാന്‍ തീരുമാനിച്ചു.

Cabinet Decisions :21-10-2020

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം
ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.  

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള  മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനര്‍ഹമായവരെ തീരുമാനിക്കുന്നത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ഉല്‍കണ്ഠ ഉളവാക്കുന്നുണ്ട്. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ നമ്മുടെ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നു മുതല്‍
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരും.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുക. ലിസ്റ്റ് ചെയ്തിട്ടുള്ള വിളകള്‍ കര്‍ഷകരില്‍ നിന്ന് വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 250 വിപണികളില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. ഒരു കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്ഥലത്തിനു മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ.

വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുകയാണെങ്കില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്‍റ് വൈസ് ചെയര്‍മാനായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്.

കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും. കര്‍ഷകരുടെ രജിസ്ട്രേഷന്‍, പ്രദേശവും ഉല്‍പാദനവും നിര്‍ണയിക്കല്‍, പ്രാദേശിക ഉല്‍പന്നമാണെന്ന് സാക്ഷ്യപ്പെടുത്തല്‍ എന്നിവ എ.ഐ.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സംഭരണ ഏജന്‍സികള്‍ക്കെല്ലാം ബാധകമാകുന്ന പ്രവര്‍ത്തന നടപടിക്രമങ്ങള്‍ കൃഷി വകുപ്പ് തയ്യാറാക്കുന്നതാണ്.

വിപണിവില ഓരോ ഉല്‍പന്നത്തിനും നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ താഴെ പോകുമ്പോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നല്‍കും. സംഭരിച്ച വിളകള്‍ ‘ജീവനി-കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡില്‍ വില്‍ക്കാനാണ് തീരുമാനം.

പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും കാലാകാലങ്ങളില്‍ അടിസ്ഥാന വില പുതുക്കി നിശ്ചയിക്കുന്നിതിനും പുതിയ വിള ഉള്‍പ്പെടുത്തുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഏകോപനം) ചെയര്‍മാനും കാര്‍ഷികോല്‍പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായി സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കുന്നതാണ്. സംസ്ഥാനതല കമ്മിറ്റി അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്.

പ്രിസിഷന്‍ ഫാമിംഗ് (സൂക്ഷ്മ കൃഷി) വഴി ഉല്‍പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാന ഉല്‍പാദനക്ഷമത പഠിച്ച ശേഷം ആവശ്യമായ തീരുമാനം എടുക്കുന്നതിന് കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാറ്റിവെച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കും
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്ത ശമ്പളത്തിന്‍റെ 20 ശതമാനം (ആറു ദിവസത്തെ) 2020 ഏപ്രില്‍ മുതല്‍  മാറ്റിവെച്ചിരുന്നു. ഇങ്ങനെ മാറ്റിവെച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉടനെ പണമായി തിരിച്ചുനല്‍കുകയാണെങ്കില്‍ 2500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇന്നത്തെ വിഷമം പിടിച്ച സാഹചര്യത്തില്‍ അത് സര്‍ക്കാരിന് താങ്ങാനാകില്ല. അതുകൊണ്ടാണ് പി.എഫില്‍ ലയിപ്പിക്കുന്നത്. ഇങ്ങനെ പി.എഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി.എഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പി.എഫ് നിരക്കില്‍ പലിശ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്‍പ്പെടെ പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തേയും തുക തുല്യ തവണകളായി നല്‍കുന്നതാണ്.

കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം
ഈസ് ഓഫ് ഡൂയിങ് നടപടികളുടെ ഭാഗമായി കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കുന്നതിന് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, റജിസ്ട്രേഷന്‍ പുതുക്കുന്നതിന് ലേബര്‍ കമ്മീഷണറുടെ ഓട്ടോമേഷന്‍ സിസ്റ്റം വഴി ഫീസ് അടച്ചാല്‍ മതി. തനിയേ റജിസ്ട്രേഷന്‍ പുതുക്കല്‍ നടക്കും.

15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകൾ
സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട് പോലീസ് ജില്ലകളിലാണ് സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. പുതിയ സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍റെ 15 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: പ്രത്യേക ഉദ്ദേശ കമ്പനി
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനത്തിനും നടത്തിപ്പിനുമായി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരിയും കെ.എം.ആര്‍.എല്ലിന് 26 ശതമാനം സ്വെറ്റ് ഇക്വിറ്റിയുമുള്ള കമ്പനിയാണ് രൂപീകരിക്കുക. 30 വര്‍ഷത്തേക്ക് കൊച്ചി വാട്ടര്‍ മെട്രോയുടെ ആസ്തി ഉപയോഗിക്കാനുള്ള അനുമതി ഈ കമ്പനിക്ക് നല്‍കുന്നതാണ്.

2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു.

തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പിരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

തസ്തിക
മലപ്പുറം ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍സെക്കന്‍റി സ്കൂളില്‍ എച്ച്.എസ്.ടി (സീനിയര്‍) അറബിക് ടീച്ചര്‍, എച്ച്.എസ്.ടി (ജൂനിയര്‍) മലയാളം ടീച്ചര്‍ എന്നിവയുടെ ഓരോ തസ്തികയും തിരുവനന്തപരും നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കന്‍ററി സ്കൂളില്‍ എച്ച്.എസ്.ടി (ജൂനിയര്‍) ഹിന്ദിയുടെ ഒരു തസ്തികയും സൃഷ്ടിക്കും.

Cabinet Decisions :14-10-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിന് നിയമ പരിഷ്കരണം

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും 2010-ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

നാശോډമുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ഇതിന്‍റെ ഭാഗമായി പിടിച്ചെടുക്കുന്ന മത്സ്യത്തിന്‍റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കും. മത്സ്യ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അക്വകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കും. ബയോഫ്ളോക്ക്, കൂടുകളിലെ മത്സ്യകൃഷി, അക്വാപോണിക്സ്, പുനചംക്രമണകൃഷി, മുതലായ നൂതന രീതികള്‍ ഇപ്പോള്‍ അക്വാകള്‍ച്ചര്‍ രംഗത്ത് പ്രയോഗിക്കുന്നുണ്ട്. അത്യൂല്‍പാദനശേഷിയുള്ള നൈല്‍തിലാപ്പിയ, വനാമി ചെമ്മീന്‍, പങ്കേഷ്യന്‍ എന്നീ വിദേശ മത്സ്യ ഇനങ്ങളും വളര്‍ത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതും നിയമഭേദഗതിയുടെ ലക്ഷ്യമാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജമെന്‍റ് കൗണ്‍സിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സികളും രൂപീകരിക്കും.

മത്സ്യത്തിന്‍റെ പ്രജനനത്തിനും ജലാശയത്തിന്‍റെ സ്വാഭാവിക ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന ഒരു നിര്‍മാണവും വിജ്ഞാപനം ചെയ്യപ്പെട്ട നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. സര്‍ക്കാര്‍ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്‍റെ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ല. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അനുവദിക്കില്ല.

അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം കൊണ്ടുവരാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ലൈസന്‍സില്ലാത്ത ഒരാള്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തില്‍ ഏര്‍പ്പെടാനോ ടിക്കറ്റ് വെച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. എന്നാല്‍ ഒരു അലങ്കാര മത്സ്യഉല്‍പാദന യൂണിറ്റില്‍ നിന്നും അലങ്കാര മത്സ്യങ്ങള്‍ വില്‍പന നടത്തുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമില്ല. വിദേശ മത്സ്യ ഇനങ്ങളില്‍ ചിലത് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദര്‍ശനമോ വിപണനമോ അനുവദിക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ കേരളത്തിലേക്ക് കൊണ്ടുവരുന്ന അലങ്കാര മത്സ്യങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമുണ്ടായിരിക്കണം. അല്ലാത്തവ വില്‍ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.

ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടു കൂടി റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യുവാന്‍ 2020-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിനും സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 127-ാം അന്താരാഷ്ട്രതൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശ കണക്കിലെടുത്താണ് ഈ തീരുമാനം.

52 സൂപ്പര്‍ന്യൂമററി തസ്തിക

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ അവര്‍ സേവനമനുഷ്ഠിക്കുന്ന ഗ്രാപഞ്ചായത്തുകളില്‍ / നഗരസഭകളില്‍ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തിക സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും മന്ത്രിസഭ അംഗീകരിച്ചു.

അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ക്ക് സഹായം

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് കേടായ അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുദിക്കാന്‍ തീരുമാനിച്ചു.

Cabinet Decisions :07-10-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്

സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  

ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.

1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.

2. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന്  ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും.

3. കുടുംബപെന്‍ഷന്‍: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്‍ഷന്‍ ലഭിക്കുക.

4.  അനാരോഗ്യ ആനുകൂല്യം: പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും.

5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.

6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

6. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.

8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.

വൈസ് ചാന്‍സലര്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡോ. പി.എം. മുബാറക് പാഷയെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിഭാഗത്തിന്‍റെ ഡയറക്ടറായും ഫാറൂക് കോളേജിന്‍റെ പ്രിന്‍സിപ്പാളായും മുബാറക് പാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി പ്രൊഫ. എസ്.വി. സുധീറിനെയും രജിസ്ട്രാറായി ഡോ. പി.എന്‍. ദിലീപിനെയും നിയമിക്കും.  

പെര്‍മനന്‍റ് ലോക് അദാലത്തില്‍ ചെയര്‍മാന്‍

പാലക്കാട് ജില്ലാ ജഡ്ജി വി. പ്രകാശിനെ കോഴിക്കോട് പെര്‍മനന്‍റ് ലോക് അദാലത്തില്‍ ചെയര്‍മാനായി അന്യത്ര സേവന വ്യവസ്ഥയില്‍ 31-10-2020 വരെ നിയമിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 01-11-2020 മുതല്‍ ചെയര്‍മാനായി തുടരും.  

പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.  

247 അധ്യാപക തസ്തികകളും 521 നഴ്സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്‍റ്, 18 ജൂനിയര്‍ റസിഡന്‍റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് തസ്തിക സൃഷ്ടിച്ചത്.

72 സൂപ്പര്‍ ന്യൂമററി തസ്തികകള്‍

ആരോഗ്യ വകുപ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 72 സൂപ്പര്‍ ന്യൂമററി (പട്ടികജാതി 20, പട്ടികവര്‍ഗ്ഗം 52) തസ്തികകള്‍ സൃഷ്ടിക്കും. പ്രത്യേക നിയമനത്തിനായി മാറ്റിവെച്ച തസ്തികകളിന്‍മേല്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒഴിവുകള്‍ ഇല്ലാത്ത തസ്തികകളില്‍ ധനവകുപ്പിന്‍റെ അനുമതിയോടെയായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.

കെമിക്കല്‍ എക്സാമിനേഴ്സ് ലാബോറട്ടറയിലെ കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ടെക്നിക്കല്‍ അസിസ്റ്റന്‍റ് / സീറോളജിക്കല്‍ അസിസ്റ്റന്‍റ് (അനലിസ്റ്റ്) തസ്തികയില്‍ 30 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് കൂടി നിയമിക്കാന്‍ അനുമതി നല്‍കി. കോവിഡ് കാരണം മുഴുവന്‍ ദിനങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാലാണിത്.

ദീര്‍ഘകാല കരാര്‍
സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതു മൂലം സില്‍ക്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നും കണ്ടെത്തണമെന്ന നിബന്ധനയ്ക്ക വിധേയമായിട്ടാണ് ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നത്.

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി

ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയുടെ കാലയളവിലേക്ക് മാത്രമായി കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് (പി.എം.യു) രൂപീകരിക്കും. ഇതിനായി വിദഗ്ധരെ / സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെ ധനകാര്യവകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കും.

ഫിനാന്‍സ് മാനേജ്മെന്‍റ് എക്സ്പേര്‍ട്ട്, പ്രൊക്യുര്‍മെന്‍റ് എക്സ്പേര്‍ട്ട്, എന്‍വയേണ്‍മെന്‍റ് എക്സ്പേര്‍ട്ട്, സോഷ്യല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ജന്‍റര്‍ എക്സ്പേര്‍ട്ട്, അര്‍ബന്‍ സാനിറ്റേഷന്‍ ആന്‍ഡ് ടെക്നിക്കല്‍ എക്സ്പേര്‍ട്ട്, മോണിറ്ററിംഗ് ആന്‍ഡ് വാല്യൂവേഷന്‍ എക്സ്പേര്‍ട്ട്, ഐ.ഇ.സി. എക്സ്പേര്‍ട്ട്, ഫിനാന്‍സ് അസിസ്റ്റന്‍റ് എന്നിവയുടെ ഓരോ തസ്തികയിലേക്കും ഡാറ്റ എന്‍ററി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്ക് പേഴ്സണിന്‍റെ മൂന്നു തസ്തികകളിലേക്കുമാണ് കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുക.

ഒരു വീഡിയോ എഡിറ്റിംഗ് ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദഗ്ധനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറട്കര്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.

ഭൂപരിഷ്കരണ നിയമ ഭേദഗതി

2005-ലെ കേരള  ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം തെറ്റായി ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍’ നല്‍കുന്ന കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

തെറ്റായി ടൈറ്റില്‍ നല്‍കപ്പെടുന്നതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് നിലവില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാരിന് മിച്ചഭൂമി നഷ്ടപ്പെടുന്നതും ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

നെല്ല് സംഭരണം

സംസ്ഥാന സര്‍ക്കാര്‍ 2020-21 സീസണിലേക്ക് സപ്ലൈകോ മുഖേന നടത്തുന്ന നെല്ല് സംഭരണത്തില്‍ സഹകരണ വകുപ്പിനെ കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

ധനസഹായം
അവിനാശി കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തോംസണ്‍ ഡേവിസ്, ബിന്‍സി ഇഗ്നി, ബിനു എന്നിവര്‍ക്ക് അധിക ചികിത്സാ ധനസഹായമായി 13,55,301 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുക്കും. നേരത്തെ ബിനുവിന്‍റെ ചികിത്സക്കായി 6,33,880 രൂപ അനുവദിച്ചിരുന്നു.