Category: Press Release

Press Release: 16-01-2021

ദാരിദ്ര്യനിര്‍മാര്‍ജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം – മുഖ്യമന്ത്രി

ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്.

14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കുള്ള നാലു മിഷനുകള്‍ക്കും കുടുംബശ്രീ വലിയ പിന്തുണയാണ് നല്‍കിയത്. അഗതിരഹിത കേരളം പദ്ധതി വിജയിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ വലിയ പങ്ക് വഹിച്ചു. കേരളം അവിടെനിന്നും മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യം ബജറ്റില്‍ പ്രഖ്യാപിച്ചത്.

കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്നങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും. തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍ പരിശീലനത്തിലൂടെയും നൈപുണ്യവികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകള്‍ക്ക് ഏതു തരത്തിലുമുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അതനുസരിച്ച് നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയും.

ഇടവേളയില്ലാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ നാലു വര്‍ഷം കേരളം നേരിട്ടത്. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മഹാപ്രളയകാലത്ത് രണ്ടു ലക്ഷം വീടുകളാണ് കുടുംബശ്രീ അംഗങ്ങള്‍ വൃത്തിയാക്കിയത്. മാനസികമായി തകര്‍ന്ന 50,000 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ദുരിതത്തിലായവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു. ഇതിനുപുറമെ നവകേരള ലോട്ടറിയിലൂടെ ഒമ്പത് കോടി രൂപ സമാഹരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം സമൂഹഅടുക്കളകള്‍ ആരംഭിച്ചുകൊണ്ട് മികച്ച രീതിയില്‍ അവര്‍ നടപ്പാക്കി. ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളര്‍ന്നു. 2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16-ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വര്‍ധിപ്പിച്ചു. ഈ ബജറ്റില്‍ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. നാലര വര്‍ഷത്തിനിടയില്‍ 2000 കോടി രൂപ വിവിധ ഇനങ്ങളില്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികള്‍ വിജയിപ്പിക്കുന്നതിന് കുടുംബശ്രീ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയില്‍ സംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആവേശകരമായ പ്രതികരണമാണ് ഇതിനുണ്ടായത്. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലാവസരങ്ങള്‍ സൃഷ്ടിച്ചു. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാപാടവവും ഉത്തരവാദിത്വബോധവുമാണ് ഇതിലൂടെ പ്രകടമായത്.

നാലു വര്‍ഷം കൊണ്ട് 850 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേന രൂപീകരിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ്. 25000 കുടുംബശ്രീ അംഗങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിര്‍മാണം കുടുംബശ്രീയുടെ നിര്‍മാണ യൂണിറ്റ് പൂര്‍ത്തിയാക്കി. പ്രളയത്തെതുടര്‍ന്ന് 2.02 ലക്ഷം കുടുംബങ്ങള്‍ക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പയായി നല്‍കിയത്.

എല്ലാ വീടുകളിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചുവരുന്നത്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനവും കുടുംബശ്രീ ഏറ്റെടുക്കണം. ജാതി-മത ചിന്തകള്‍ക്കും വലുപ്പചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

14 ജില്ലകളിലെയും കുടുംബശ്രീ ഭാരവാഹികള്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അവയെല്ലാം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ എന്നിവരും സംബന്ധിച്ചു.

Press Release: 11-01-2021

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Press Release: 09-01-2021

PWD completes over Rs 20,000 crores construction works through KIIFB: CM
 
Chief Minister, Shri Pinarayi Vijayan today said that construction works worth over Rs 20,000 crores have been completed in Kerala by the Public Works Department (PWD) with funding from KIIFB. The CM said this while inaugurating the Ernakulam Kundannur flyover through video conference.
 
In his inaugural address, the Chief Minister said, “KIIFB has already undertaken projects worth over Rs 50,000 crores in the State. In addition to the projects of PWD, currently, there are 5,015 projects of the Local Self Government institutions. Of these, 305 projects have been completed and the rest is expected to be completed by March 15. In the last few years, the state has faced intermittent crises but despite these challenges, the basic infrastructure development has not been compromised. The construction of several bridges and roads are in full swing. We were able to meet the challenges of the state in a positive way.”
 
The Kundannur flyover was also built with state funds. The bridge has been adjusted to allow vehicles with five and a half meters height from Wellington side of to pass through. The bridge was built without any land acquisition. With the completion of the bridge, it will be possible to travel on this section of the NH without any traffic signal breaks. The Chief Minister said that the Kundannur flyover will solve the traffic congestion in Ernakulam city to a great extent.
 
The CM also mentioned that 2.50 lakh houses have been completed as part of the Life mission and ten lakh people have benefited from this. Efforts are underway to complete the remaining houses. The government aims to eradicate poverty and various schemes are being formulated and implemented for this purpose. Welfare pensions have been increased to Rs. 1,500 and new projects have also been launched in the agricultural sector. This is going to change the way people earn their living.
 
Minister of Public Works, Shri G Sudhakaran presided over the function and the Finance Minister, Dr T. M. Thomas Isaac was the chief guest. Shri Hibi Eden, MP; M Swaraj, P. T. Thomas, and S. Sharma (all MLAs) were among those present.

Modern Vyttila flyover to be a boon for Kochi’s traffic congestion: CM
 
Kerala Chief Minister, Shri Pinarayi Vijayan today said that the Vytilla flyover constructed using the latest technology is an asset to the transport system in Kochi. He said this during the virtual inauguration of the Vyttila Flyover.
 
In his address, the Chief Minister said, “The development of the State is a matter of high priority for this government. For this development to be possible, the basic infrastructure like high-quality roads and bridges must be in place, without which people cannot have a good public transport system. The Public Works Department is now working with a mission of ‘New Age, New Construction’.” He commended the department for completing the project on time.
 
The Vyttila flyover was built entirely with the funds of the state government making it toll-free. If it was built by the National Highways Authority, people would have had to pay tolls.
 
The completion of the Vyttila flyover will facilitate the travel on NH 66 to Aluva and Alappuzha, and also to Ernakulam, Tripunithura and the Vyttila Hub. Even though the estimate was for Rs 85.9 crores, the contract was fixed at Rs 78.36 crores, with a saving of Rs 6.73 crore, by including the project under KIIFB.
 
The project was implemented as two flyovers of three lanes each. Each flyover is 440 m long with 12 spans of 30 m length and two central spans of 40 m length. The length of the flyover towards Thiruvananthapuram side is 717 m and towards Aluva side is 702.41 m, including the approach road on both sides. The project includes 320 m long and 375 m long slip roads on both sides of the flyover for easy access to the Vytila Mobility Hub. The construction also includes electric lights and drains on the service roads on both sides.
 
Minister of Public Works, Shri G Sudhakaran presided over the function while Finance Minister, Dr T. M. Thomas Isaac was the chief guest. Shri Hibi Eden, MP; M Swaraj, P. T. Thomas, T. J. Vinod & S. Sharma (all MLAs), and Mayor M. Anil Kumar were among those present.

Press Release: 08-01-2021

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്

പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Press Release: 07-01-2021

വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും

വയനാട് ജില്ലയില്‍ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്‍റെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.

‘ഫിലമെന്‍റ് രഹിത കേരളം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ണമായാല്‍ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറയും.

മൂന്നുവര്‍ഷം ഗ്യാരന്‍റിയുള്ള എല്‍.ഇ.ഡി. ബള്‍ബുകളാണ് നല്‍കുന്നത്. 100 രൂപയിലധികം വിലയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്‍റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബള്‍ബിന്‍റെ വില വൈദ്യുതി ബില്ലിന്‍റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

കെ.എസ്.ഇ.ബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബള്‍ബ് നല്‍കുന്നത്. നിലവില്‍ 17 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാന്‍ 1 കോടി ബള്‍ബുകള്‍ ഈ ഘട്ടത്തില്‍ വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. പരമാവധി പേര്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.

പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെ.എസ്.ഇ.ബിയും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററും ചേര്‍ന്ന് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി തിരിച്ചെടുക്കുന്ന ഫിലമെന്‍റ് ബള്‍ബുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. അവര്‍ അതു ശാസ്ത്രീയമായി സംസ്കരിക്കും. ആഗോളതാപനം തടയാന്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെന്‍റ് രഹിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍.ഇ.ഡി.യായി മാറ്റാനുള്ള ‘നിലാവ്’ പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളില്‍ 5.5 ലക്ഷം ഇപ്പോള്‍ തന്നെ എല്‍.ഇ.ഡി.യാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ബള്‍ബുകള്‍ മാറ്റും. അടുത്ത ഘട്ടത്തില്‍ ബാക്കി മുഴുവന്‍ മാറ്റും. വൈദ്യുതി ഉല്പാദന-വിതരണ-പ്രസരണ രംഗങ്ങളില്‍ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നാലുവര്‍ഷം ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ സ്വാഗതം പറഞ്ഞു.

Press Release: 06-01-2021

പ്രദേശിക സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ

കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണം

പ്രാഥമിക ഉല്‍പന്ന വിപ്ലവം വേണം

സംരംഭകരുടെ മനംമടുപ്പിക്കുന്ന സമീപനം പാടില്ല

ധനകാര്യകമ്മീഷന്‍ ശുപാര്‍ശ പരിഗണിച്ച് കൂടുതല്‍ ഫണ്ട് നല്‍കും

പ്രവാസികൾക്ക് ഓൺലൈൻ ഗ്രാമസഭ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും

1.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. ആയിരം പേര്‍ക്ക് അഞ്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിജയിപ്പിക്കുന്നതിന് ഓരോ സ്ഥാപനവും പ്രത്യേകം പദ്ധതി ആവിഷ്കരിക്കണം. കാര്‍ഷികരംഗത്ത് വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും. ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് നിയമവിധേയമായ എല്ലാ സഹാവും നല്‍കണം. സംരംഭകര്‍ പ്രാദേശിക സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങി മനംമടുക്കുന്ന സ്ഥിതി ഉണ്ടാവരുത്. അവരെ ഒരിക്കലും ശത്രുക്കളായി കാണരുത്. അവര്‍ തൊഴില്‍ നല്‍കുന്നവരാണ് എന്ന ചിന്തയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. സംരംഭകരുടെ പ്രശ്നങ്ങള്‍ അങ്ങോട്ട് ചെന്ന് ചോദിച്ചറിഞ്ഞ് പരിഹരിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണം.

2.ചെറുകിട ഉല്പാദരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഒരുക്കണം. സഹകരണ സംഘങ്ങളുടെ പിന്തുണയും സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കണം.

3.ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാനത്ത് വിജയകരമായി മുന്നോട്ടുപോവുകയാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പുള്ള മാസങ്ങളില്‍ പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണം.

4.നാട്ടില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്‍റെ നയം. അതിന് വേണ്ടിയാണ് കിറ്റ് വിതരണവും കുറഞ്ഞ നിരക്കില്‍ ഉച്ചയൂണ്‍ നല്‍കുന്ന ഹോട്ടലുകളും. കുടുംബശ്രീ നേതൃത്വത്തില്‍ ഇപ്പോള്‍ 850 ജനകീയ ഹോട്ടലുകള്‍ 20 രൂപയ്ക്ക് ഉച്ചയൂണ്‍ നല്‍കുന്നുണ്ട്. ഈ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം.

5.ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുഭിക്ഷ കേരളം പദ്ധതി കൂടുതല്‍ ശക്തമായി നടപ്പാക്കണം. പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മത്സ്യം, പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ വര്‍ധനവിന് ഒരു വിപ്ലവം സൃഷ്ടിക്കണം – പ്രാഥമിക ഉല്‍പന്ന വിപ്ലവം. ഭക്ഷണത്തിലെ മായവും വിഷാംശവും പ്രതിരോധിക്കാനും ഇതാവശ്യമാണ്.

6.അഴിമതിക്കെതിരായ ജാഗ്രത തുടരണം. നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്‍ക്കാരിന് പുറത്തുള്ള ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു സംവിധാനം പരിഗണനയിലുണ്ട്. പദ്ധതി ആസൂത്രണ-നിര്‍വഹണ സമ്പ്രദായങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം അഴിമതി തടയാന്‍ സഹായിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികള്‍ക്കും ടെണ്ടറിങ്ങും ഇ-ടെണ്ടറിങ്ങും നിര്‍ബന്ധമാക്കിയതോടെ ഗുണഭോക്തൃസമിതിയെ മുന്നില്‍ നിര്‍ത്തിയുള്ള അഴിമതി ഇല്ലാതായി.

7.പദ്ധതി രൂപീകരണം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തുടങ്ങി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുകയും നിര്‍വഹണം ഏപ്രില്‍ ഒന്നിന് തുടങ്ങുകയും ചെയ്യുന്ന രീതി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി. പ്രളയവും കോവിഡുമൊന്നും ഇതിന് തടസ്സമായില്ല. 12 മാസം നീളുന്ന പദ്ധതിനിര്‍വഹണത്തിന്‍റെ നേട്ടം വളരെ വലുതാണ്. ഈ നേട്ടം നിലനിര്‍ത്തണം. 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണവും ഏപ്രില്‍ ഒന്നില്‍ ഒന്നിന് ആരംഭിക്കണം.

8.സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ച് കൂടുതല്‍ വിഭവങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറും. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ബജറ്റ് വിഹിതത്തിന്‍റെ 23 ശതമാനമായിരുന്നു പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നത്. പടിപടിയായി അത് 25 ശതമാനത്തിലധികമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കൂടുതല്‍ തുക കൈമാറുന്നുണ്ട്.

9.ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പുതിയ ഭരണ സമിതികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് ജില്ലാ പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.

10.വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ വികസിപ്പിച്ചെടുക്കണം. അതിന് അനുയോജ്യമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും. ഒരുതരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഉണ്ടാകില്ല. രാഷ്ട്രീയത്തിനതീതമായി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ജനകീയാസൂത്രണത്തില്‍ അഭിമാനകരമായ ചരിത്രം എഴുതിച്ചേര്‍ക്കണം.

11.എല്ലാതലങ്ങളിലും ക്ഷേമ-വികസന പരിപാടികള്‍ നടപ്പാക്കണം. ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരണം. അതിലൂടെ കൂടുതല്‍ ജനവിശ്വാസമാര്‍ജിക്കണം. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാലേ നാടിന്‍റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയൂ.

12.പ്രളയദുരന്തങ്ങളെയും കോവിഡ് മഹാമാരിയെയും ഫലപ്രദമായി നേരിട്ടതിന് കേരളം സാര്‍വദേശീയ പ്രശംസ നേടിയിട്ടുണ്ട്. അഭിമാനകരമായ ഈ നേട്ടത്തില്‍ പ്രാദേശിക സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ദുരന്തനിവാരണരംഗത്തും കോവിഡ് പ്രതിരോധത്തിലും ജാഗ്രതയും ഇടപെടാനുള്ള സന്നദ്ധതയും തുടരണം.

13.നവകേരളം കര്‍മ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ പ്രാദേശിക സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ലൈഫ് മിഷനിലൂടെ 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിക്കഴിഞ്ഞു. അതുവഴി പത്തു ലക്ഷം പേര്‍ക്ക് അടച്ചുറപ്പുള്ള വീടായി. ബാക്കി വീടുകള്‍ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തും ബാക്കിയുള്ള വീടുകള്‍ വേഗം പൂര്‍ത്തിയാക്കണം. ഇപ്പോഴത്തെ പട്ടികയില്‍ പെടാതെ പോയ അര്‍ഹതയുള്ളവര്‍ക്ക് വീട് നല്‍കാനുള്ള നടപടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

14.തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍.ഇ.ഡി.യായി മാറ്റുന്ന പദ്ധതിയാണ് നിലാവ്. കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. 2021 മാര്‍ച്ച് 31-നു മുമ്പ് ഇതു പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരി 31-നകം രണ്ടു ലക്ഷം എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കണം. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് നല്ല ഇടപെടല്‍ വേണം.

15.പൊതു ശൗചാലയങ്ങളുടെ നിര്‍മാണത്തിലും പരിപാലനത്തിലും കൂടുതല്‍ ശ്രദ്ധിക്കണം. ആകെ 2365 ശൗചാലയങ്ങളാണ് പണിയുന്നത്. ഇതില്‍ 1224 എണ്ണം ഈ വര്‍ഷം പൂര്‍ത്തിയാക്കണം. ഇതില്‍ 1053 ശൗചാലയങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു കഴിഞ്ഞു.

16.തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിലും ശ്രദ്ധിക്കണം. തിരിച്ചുവന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ യോഗം വിളിക്കണം. വിദേശത്തുള്ളവരുമായി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്താം. ഓണ്‍ലൈനിലൂടെ പ്രവാസി ഗ്രാമസഭകള്‍ സംഘടിപ്പിക്കണം. വികസനത്തിന് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഇതുവഴി ലഭിക്കും.

17.പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. വീട്, വെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാകരുത്.

18.വികസനത്തിന്‍റെ മാനുഷിക മുഖത്തിന് മിഴിവേകുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ മത്സരം വേണം. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കിടപ്പുരോഗികള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും താങ്ങും തണലുമായി പ്രാദേശിക സ്ഥാപനങ്ങള്‍ നിലകൊള്ളണം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങളും മരുന്നും വീടുകളിലെത്തിക്കാനുള്ള പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിജയിപ്പിക്കുന്നതിന് പ്രാദേശിക സ്ഥാപനങ്ങളും സാമൂഹ്യസന്നദ്ധസേനാംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

19.എല്ലാ വില്ലേജുകളിലും വൃത്തിയുള്ള പൊതുഇടങ്ങള്‍ ഉണ്ടാകണം. പ്രഭാത-സായാഹ്ന സവാരിക്കും വയോജനങ്ങള്‍ക്ക് ഒത്തുചേരാനും ഈ പൊതുഇടങ്ങളില്‍ സൗകര്യമുണ്ടാകണം.

20.കുട്ടികളിലെ വിളര്‍ച്ച കണ്ടെത്താനും പരിഹാര നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ വിജയത്തിനും പ്രാദേശിക സ്ഥാപനങ്ങളുടെ നേതൃത്വപരായ ഇടപെടല്‍ ഉണ്ടാകണം.

Press Release: 05-01-2021

ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്‍റെ പ്രധാന വാഗാദാനം – മുഖ്യമന്ത്രി

സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്‍റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 450 കി.മീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്‍റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു. ഗെയില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസ്സങ്ങള്‍ മറികടക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാന്‍ പൈപ്പ്ലൈന്‍ പൂര്‍ത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്‍റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്‍റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊര്‍ജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്‍റെ പ്രശംസ

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 2010-ലാണ്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ല്‍ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പിന്‍വാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവന്‍ പ്രവൃത്തികളും ഗെയില്‍ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് പൈപ്പിടാന്‍ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്‍റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് വെയ്ക്കാന്‍ സൗകര്യം നല്‍കി. അവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നല്‍കി. വിളകള്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തി.

സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്‍റെയൊക്കെ ഫലമായി സര്‍ക്കാരിന്‍റെ ആദ്യ ആയിരം ദിവസങ്ങള്‍ക്കകം 330 കിലോമീറ്റര്‍ പൈപ്പ് ലൈനിടാന്‍ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്‍റെ പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പദ്ധതി പൂര്‍ത്തിയാക്കിയതിന് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടിയില്‍ സംബന്ധിച്ചു.

Press Release: 01-01-2021

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍….

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് വഴിയെ പറയാം.

ഇന്ന് സംസ്ഥാനത്ത് 4991 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 65,054 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4413 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 425 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 52,790 സാമ്പിളുകള്‍ പരിശോധന നടത്തി. 5111 പേര്‍ രോഗമുക്തരായി.

കോവിഡ് കാരണം നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുമുണ്ട്. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങളിലോ ക്ഷേമ പദ്ധതികളിലോ ഒരു കുറവും വരുത്താതെ ഈ കാലത്തെ അതിജീവിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപന നാളുകളില്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടി ഉദ്ദേശിച്ചതില്‍ കവിഞ്ഞ വിജയത്തിലാണ് പര്യവസാനിച്ചത്. തുടര്‍ന്ന് രണ്ടാംഘട്ട നൂറുദിന പരിപാടി പ്രഖ്യാപിച്ച് അതിന്‍റെ പ്രവര്‍ത്തനം നടന്നുവരുന്നു. ഈ പുതുവത്സരനാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി പത്ത് കാര്യങ്ങള്‍ കൂടി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുകയാണ്. ഇവ സമയബന്ധിതമായി നടപ്പില്‍വരുത്തും.

കേരള സമൂഹത്തിലെ വയോധികരുടെ എണ്ണം കൂടിവരികയാണ്. ഇത് നമ്മുടെ ജനസംഖ്യാ ഘടനയുടെ സ്വാഭാവിക പരിണാമമാണ്. പലരുടെയും മക്കളും ബന്ധുക്കളും അടുത്തില്ല. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനോ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഈ ജനുവരി പത്തിനുമുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.

മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍.  ക്രമേണ ഇവര്‍ക്കുവേണ്ട എല്ലാ സേവനങ്ങളും വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ പോയി പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍നടപടികളുടെ വിവരം വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും.

65 വയസ്സിനു മുകളിലുള്ള ആളുകള്‍ താമസമുള്ളതും (പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവര്‍) ഭിന്നശേഷിക്കാര്‍ (കാഴ്ചശക്തി, കേള്‍വി, ചലനശേഷി എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍) ഉള്ളതും ആയ വീടുകളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ ആവശ്യം ഉണ്ടോയെന്ന് അന്വേഷിച്ച് മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള  തുടര്‍നടപടികള്‍ സ്വീകരിക്കും. ഈ പരിപാടി ജനുവരി 15ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടര്‍മാരും ഈ പരിപാടി ഏകോപിപ്പിക്കും.

പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തിലും ഗുണമേډയിലും രാജ്യത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടുപോകാനുണ്ട്. പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നു.

ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍  Eminent Scholars Online- എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ മേല്‍നോട്ടത്തിലായിരിക്കും ഈ പരിപാടി.  ആദ്യ പ്രഭാഷണം ജനുവരിയില്‍ നടത്തും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ലോകോത്തര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ് എന്നത് നമ്മെ അലട്ടുന്ന പ്രശ്നമാണ്.  സാമ്പത്തിക രംഗത്തെ പൊതുവായ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇതിന് മുഖ്യകാരണമാണ്. കേരളം ഇതില്‍ നിന്നും വിഭിന്നമായി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുന്നു.  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്‍കും. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളില്‍ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.

അഴിമതിമുക്ത പൊതുസേവനം
സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും.

അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക. വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്റ്റ്വെയറില്‍ ശേഖരിച്ച് അതിന്‍റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും.

ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അനുമതി നല്‍കുക. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ശാസ്ത്രീയമായ ഫില്‍ട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവില്‍ സര്‍വീസും പൊതുസേവന രംഗവും വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ നാഴികക്കല്ലായിരിക്കും ഈ പരിപാടി. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ
കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത സമൂഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നു. ഈ വിഷയം വിശകലനം ചെയ്ത വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നിലവില്‍ 1024 സ്കൂള്‍ കൗണ്‍സലര്‍മാര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ എണ്ണം ഇരട്ടിയാക്കും. കൗണ്‍സലര്‍മാരുടെ സമയോചിതമായ ഇടപെടല്‍ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്ന കുട്ടികളുടെ മാനസിക നില ശരിയായി നിലനിര്‍ത്തുന്നതിന് സഹായകരമാകും. കൗണ്‍സലര്‍മാരുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. മാസത്തില്‍ രണ്ടു തവണ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കായുള്ള കൗണ്‍സലിങ് സേവനവും ലഭ്യമാക്കും.

സ്കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. കുട്ടികളുടെ കുടുംബസാഹചര്യം ഉള്‍പ്പെടെ മനസ്സിലാക്കി വേണ്ട ശ്രദ്ധയും പരിഗണനയും നല്‍കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്‍റ്മെന്‍റ് പ്രകാരം ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും സാധ്യമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനിടെ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനമുണ്ടാക്കും. സ്ത്രീകള്‍ ഇതില്‍ പരാതി പറയാനായി ഓഫീസുകളില്‍ നേരിട്ട് പോകേണ്ട ആവശ്യം ഉണ്ടാകില്ല.

കുട്ടികളുടെ ആരോഗ്യസുരക്ഷ
ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. നാം പിന്നോക്കം നില്‍ക്കുന്നത് കുട്ടികളുടെ ഇടയിലെ അനീമിയ അഥവാ വിളര്‍ച്ച നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തിലാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്നതിനെ കാര്യമായി പരിഗണിക്കാത്തത് അപകടകരമാണ്. അവരുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും അതുവഴി ഓര്‍മ്മക്കുറവിലേക്കും പഠനകാര്യത്തിലെ പിന്നോക്കാവസ്ഥയിലേക്കും നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകാഹാര ലഭ്യതയില്ലായ്മമൂലം ഈ പ്രായക്കാര്‍ ചെന്നെത്തുന്നത് അനീമിയ പോലുള്ള രോഗത്തിലേക്കാണ്. അത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ 201920 പ്രകാരം സംസ്ഥാനത്തെ 39.4 ശതമാനം കുട്ടികള്‍ക്ക് അനീമിയ ഉണ്ട്. ദേശീയ ശരാശരി 60.2 ശതമാനമാണ്. അനീമിയ കുറച്ചുകൊണ്ടുവരാനായി പ്രത്യേക പരിപാടി ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ എത്രപേര്‍ക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ നടത്തും. അങ്കണവാടിയിലെ ജീവനക്കാര്‍ക്ക് അടക്കം ഈ ലളിതമായ പരിശോധന നടത്താനുള്ള പരിശീലനം നല്‍കും.

കൗമാരപ്രായക്കാരില്‍ ഹീമോഗ്ലോബിന്‍ അളവ് ഡെസിലിറ്ററിന് 12 ഗ്രാമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 15നു മുമ്പ് സംസ്ഥാനതലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പരിശോധന പൂര്‍ത്തിയാക്കും. വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയില്‍ തന്നെ ഉണ്ടാകും. കടുത്ത രീതിയില്‍ വിളര്‍ച്ച ബാധിച്ച കുട്ടികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വനിത-ശിശുക്ഷേമ വകുപ്പ് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.  

പ്രകൃതിസൗഹൃദ നിര്‍മാണം
നമ്മുടെ നിര്‍മാണ ആവശ്യങ്ങള്‍ കൂടിവരുന്നതിനോടൊപ്പം പ്രകൃതിവിഭവങ്ങളുടെ ചൂഷണവും വര്‍ധിക്കുകയാണ്. ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.  ജനങ്ങളുടെ നിര്‍മാണാവശ്യങ്ങള്‍ ഒഴിവാക്കാനാകാത്തതാണ്. അതേസമയം പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം അനുവദിക്കാനാകാത്തതുമാണ്. പ്രകൃതിസൗഹൃദ നിര്‍മാണരീതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. ലൈഫ് മിഷന്‍റെ ചില ഭവനസമുച്ചയങ്ങള്‍ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. എന്നാല്‍, പ്രീഫാബ് സാങ്കേതികവിദ്യ ഗാര്‍ഹിക നിര്‍മാണത്തിന് വിപുലമായി ഉപയോഗിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.  

പരിമിതികള്‍ക്കുള്ളിലും പരമ്പരാഗത നിര്‍മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. മരംമുറിക്കല്‍ ഒഴിവാക്കുക, നിലംനികത്തല്‍ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജലസ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിലനിര്‍ത്തുക എന്നിങ്ങനെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിസൗഹൃദ നിര്‍മാണ രീതി അവലംബിക്കുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ്’ അനുവദിക്കും.  

ഇതിനായുള്ള മാനദണ്ഡങ്ങളും റിബേറ്റിന്‍റെ ശതമാനവും പരിസ്ഥിതി-ധനകാര്യ വകുപ്പുകളുമായി ആലോചിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 2021 ജനുവരി മാസത്തില്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. കൃത്യമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവുകളോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ അനുവദിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും ഇന്‍സ്പെക്ഷനും ഉണ്ടാകുന്നതല്ല. എന്നാല്‍ അപേക്ഷകളുടെ റാന്‍റം സെലക്ഷന്‍ നടത്തി ഒരു ഉദ്യോഗസ്ഥ സമിതി പരിശോധന നടത്തും. രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയാല്‍ റിബേറ്റ് പിഴയോടുകൂടി തിരിച്ചടക്കേണ്ടിവരും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുഇടങ്ങള്‍

പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാത-സായാഹ്ന സവാരി നടത്തുവാനും കുട്ടികള്‍ക്ക് കളിക്കുവാനും പൊതുഇടങ്ങള്‍ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.  

ഉള്ള പൊതുഇടങ്ങള്‍ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കില്‍ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം വിനിയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.  ഘട്ടം ഘട്ടമായി ഈ പരിപാടി വ്യാപിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വില്ലേജുകളിലും ഒരു പൊതു ഇടമെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വയോജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങള്‍ പലയിടത്തും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങള്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാന്‍ പറ്റുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.

ഡിജിറ്റല്‍ മീഡിയ സാക്ഷരത
മറ്റേതു സംസ്ഥാനത്തേക്കാളും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ കേരളത്തിലുണ്ട്. വാര്‍ത്താ അപ്ഡേറ്റുകള്‍ക്കായി കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയാണ്. പൗരന്‍മാരില്‍ വലിയ വിഭാഗത്തിന് വിവരം ലഭിക്കുന്നത് ഡിജിറ്റല്‍ മീഡിയയിലൂടെയാണ്. ഇത് നല്ല കാര്യമാണെങ്കിലും എഡിറ്റോറിയല്‍ മേല്‍നോട്ടമോ ഉത്തരവാദിത്തമോ ഇല്ലാതെ നുണകളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാപനത്തിനുള്ള സാധ്യതയും ഇതിലൂടെ വിപുലപ്പെട്ടു.

ഇന്‍റര്‍നെറ്റിനെയും സ്മാര്‍ട്ട്ഫോണിനെയും ആശ്രയിക്കുന്നതിന്‍റെ തോത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്‍റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പൗരന്‍മാര്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. മുന്നിലെത്തുന്ന സത്യവും അസത്യവും വേര്‍തിരിക്കാനുള്ള കഴിവുണ്ടാവുകയാണ് പ്രധാനം.

‘സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുകയാണ്. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും.  ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാന്‍ സ്കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കും.

1. എന്താണ് ‘തെറ്റായ വിവരങ്ങള്‍’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?

2. എന്തുകൊണ്ടാണ് അത് അതിവേഗത്തില്‍ വ്യാപിക്കുന്നത്?

3. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

4. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?

5. പൗരന്‍മാരെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ‘സത്യമേവ ജയതേ’.

പ്രവാസി ക്ഷേമം
കോവിഡ് മഹാമാരിയുടെ ഗുരുതരമായ പ്രത്യാഘാതം വളരെയധികം അനുഭവിച്ചവരാണ് നമ്മുടെ പ്രവാസികള്‍. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികളില്‍ പലര്‍ക്കും അവര്‍ പിരിഞ്ഞുവന്ന സ്ഥാപനങ്ങളില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.

കോവിഡ് നിയന്ത്രണങ്ങള്‍
കോവിഡ് മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം മുമ്പോട്ടുപോകുന്നതിന് കരുതലുകള്‍ എടുത്തുകൊണ്ട് നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക, സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ഇളവുകള്‍.

സിനിമാശാലകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിയറ്ററിലെ സീറ്റിന്‍റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അതോടൊപ്പം, ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കേണ്ടതാണ്.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്‍റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കും. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക.

പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും. അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും.

സ്പോര്‍ട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എക്സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. മറ്റു വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കും.

Press Release: 31-12-2020

പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികള്‍

നാലു വര്‍ഷത്തിനകം പുതുതായി 6.8 ലക്ഷം കുട്ടികള്‍

പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് – മുന്‍വര്‍ഷത്തേക്കാള്‍ 43,789 കുട്ടികള്‍ അധികം. എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി. അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി.

കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ’ സ്കൂള്‍ മാനേജ്മെന്‍റ് പോര്‍ട്ടല്‍ വഴി ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ മികച്ച അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുകയും പഠന നിലവാരം ഉയര്‍ത്തുകയും ചെയ്തതിന്‍റെ ഫലമാണ് ഈ പുത്തന്‍ ഉണര്‍വെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലുള്ളത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്കുപോലും ആഗോളനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സാമൂഹ്യകാഴ്ചപാടിന്‍റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. പൊതുജനങ്ങളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഈ യജ്ഞത്തിന് അകമഴിഞ്ഞ പിന്തുണ ലഭിച്ചു. കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവര്‍ത്തനത്തിനാണ് ഇതുവഴി സര്‍ക്കാര്‍ തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Press Release:24-12-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 24-12-2020

—————————————-
വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ നേട്ടമാണ്.

പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണം എന്ന നിര്‍ബന്ധം കൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടുള്ളു. അതിന്‍റെ കാരണവും ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

പ്രകടനപത്രിക മിക്കവാറും പൂര്‍ത്തിയാക്കിയ ശേഷമാണ് ഓണക്കാലത്ത് സര്‍ക്കാര്‍ നൂറുദിന പരിപാടി പ്രഖ്യാപിച്ചത്. 100 ദിന പരിപാടി അനന്യമായ ക്ഷേമഓഫീസ്* മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചത്. വിവിധ വിഭാഗം ജനങ്ങള്‍ക്കു സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുനഓഫീസ്*ും പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ കഴിഞ്ഞു. അതില്‍ നമുക്കുണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ വരുമാന വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. ഇത് സര്‍ക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കാരണമാണ് സാധ്യമാകുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടിയിലേക്ക് നമ്മള്‍ കടക്കുന്നത്.

ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നത്.

ഇതിന്‍റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

കൊവിഡ് മഹാമാരി നമ്മുടെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള സമയബന്ധിതമായ കര്‍മ്മ പരിപാടിയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും സാധാരണഗതിയിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്‍റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ല. ഈ ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കുന്നതിന് ഇടപെടുക എന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്കരമായിത്തീരും. നിരവധി പരിമിതികള്‍ നിലവിലുണ്ടെങ്കിലും സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

ഒന്നാം ഘട്ട 100 ദിന പരിപാടിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് രണ്ടാംഘട്ട 100 ദിന പരിപാടി ഒന്നാമത്തേതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഒന്നാംഘട്ട 100 ദിന പരിപാടിയുടെ വിലയിരുത്തലും ഇതോടൊപ്പംപരിഗണിക്കേണ്ടതുണ്ട്. അതിന്‍റെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് രണ്ടാം ഘട്ട പരിപാടിയെ കൂടുതല്‍ ക്രിയാത്മകമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

ഒന്നാം 100 ദിന പരിപാടിയില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. 100 ദിന പരിപാടിയില്‍ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി. സെപ്തംബര്‍ 2020 മുതല്‍ ഡിസംബര്‍ 9 വരെയാണ് ഒന്നാംഘട്ട നൂറുദിന പരിപാടി നടപ്പാക്കിയത്.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ ശ്രദ്ധേയമായി ഉയര്‍ന്നുനില്‍ക്കുകയാണ്.

കേരളത്തില്‍ ഒരാളും പട്ടിണികിടക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി പ്രതിമാസ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പൊതുവിതരണ സമ്പ്രദായത്തിലൂടെ ഫലപ്രദമായി നടപ്പാക്കാനും ഈ കാലയളവില്‍ കഴിഞ്ഞു.

50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

യുവജനങ്ങളുടെ നേതൃത്വപരിശീലനം നല്‍കാനും വിവിധ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ പ്രശസ്ത വ്യക്തികള്‍ മുഖേന ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.

അഞ്ചുകോടി രൂപ ചെലവില്‍ നവീകരിച്ച 34 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം, ഹൈടെക് സ്കൂളുകളുടെ പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ പ്രഖ്യാപനം, കിഫ്ബി, നബാര്‍ഡ് പ്ലാന്‍ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ച മികവിന്‍റെ കേന്ദ്രങ്ങളായ 50 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു.

18 ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായി. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ എന്നീ പദവികളില്‍ നിയമനം നടന്നു.

ശ്രീനാരായണ ഗുരുവിന്‍റെ തിരുവനന്തപുരത്തെ പ്രതിമ അനാച്ഛാദനം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് – ഏകജാലക സംവിധാനം ഉദ്ഘാടനം, ലൈഫ് പദ്ധതിയുടെ ഭാഗമായി നേരത്തെ പൂര്‍ത്തീകരിച്ചതിനു പുറമേ 50,000 ഭവനങ്ങളുടെ പൂര്‍ത്തീകരണം, 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം, 150 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കല്‍, പ്രവാസികളുടെ സമഗ്ര പുനരധിവാസം – സ്കില്‍ ഡെപ്പോസിറ്ററി ഉദ്ഘാടനം, രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രഖ്യാപനം, തോട്ടപ്പള്ളിയിലെ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കല്‍, കുട്ടനാട്ടില്‍ 3 ഇലക്ട്രിസിറ്റി സബ്സ്റ്റേഷനുകള്‍ക്ക് തുടക്കം കുറിക്കല്‍, കുട്ടനാട് ബ്രാന്‍ഡ് അരി ആലപ്പുഴയില്‍ ആരംഭിക്കാന്‍ ഭരണാനുമതി നല്‍കല്‍, ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലമേവറ്റഡ് റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം, കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ എസ്പിവി ആയിട്ടുള്ള വയനാട് തുരങ്ക പാത – കിഫ്ബി – പ്രോജക്ട് ലോഞ്ചിങ്. 200 കോടിയുടെ തീരസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ജലജീവന്‍ മിഷന്‍ സംസ്ഥാനതല പദ്ധതി ഉദ്ഘാടനം, കൊച്ചി മെട്രോ റെയിലിന്‍റെ തൈക്കുടം മുതല്‍ പേട്ടവരെ പൂര്‍ത്തിയായ പാതയുടെ ഉദ്ഘാടനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണം എന്നിവ നടപ്പാക്കിയ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.

കോവിഡ് പ്രതിസന്ധിയും തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കാരണം ഒരുപക്ഷെ പദ്ധതികളാകെ നിലച്ചുപോകുമായിരുന്നു. അത്തരം തടസ്സങ്ങളൊന്നും നൂറുദിന പരിപാടിയുടെ വിജയത്തെ ബാധിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാകെ അതിനായി പ്രവര്‍ത്തിച്ചു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്.

രണ്ടാം ഘട്ട 100 ദിന പരിപാടി

ഒന്നാം ഘട്ട പരിപാടിയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളെ സ്വീകരിച്ചും രണ്ടാം ഘട്ട 100 ദിന പരിപാടി ഇവിടെ മുന്നോട്ടുവയ്ക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍, പുതിയ ജനകീയ ഹോട്ടലുകള്‍, കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍, ഹോം ഷോപ്പികള്‍ എന്നിവിടങ്ങളില്‍ 2500 പേര്‍ക്കാണ് തൊഴില്‍ നല്‍കുക.

കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയിലെ വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ആകെ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ വിശദാംശങ്ങള്‍ പ്രത്യേകം അറിയിക്കും.

2021 ജനുവരി ഒന്നുമുതല്‍ നാടിന് നവവത്സര സമ്മാനമായി ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിച്ച് 1500 രൂപയായി ഉയര്‍ത്തും.

847 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിച്ചു കഴിഞ്ഞു. 153 എണ്ണവും കൂടി ആരംഭിക്കും.

കൊറോണക്കാലമായിട്ടും ഉത്സവകാലഘട്ടങ്ങളില്‍ വില ഉയര്‍ന്നുവെന്ന പരാതി ഉണ്ടായിട്ടില്ല. കേരളീയന്‍റെ പ്രധാന ആഹാര സാധനമായ അരിയുടെ വില കുറയുകയാണുണ്ടായത്. എല്ലാ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം തുടരാന്‍ തീരുമാനിക്കുകയാണ്. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാല് മാസവും കൂടി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കും. 80 ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്കാണ് ഇതിന്‍റെ ഭാഗമായുള്ള സമാശ്വാസം ലഭിക്കുക.

20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും.

ജിപിഎസ് സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും നടപ്പാക്കും.

പ്രതിരോധ പാര്‍ക്ക്, പാലക്കാട് (131 കോടി രൂപ) അടക്കം ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തും.

മലബാര്‍ കോഫിയുടെ നിര്‍മാണത്തിനുള്ള എസ്പിവിക്ക് രൂപം നല്‍കും. അതിന്‍റെ അടിസ്ഥാനത്തില്‍ മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാര്‍ക്കറ്റു വില വരുന്ന 5 ഇനം മരുന്നുകള്‍ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയില്‍ ഉല്‍പ്പാദനം ആരംഭിക്കും.

വെര്‍ച്വല്‍ കയര്‍ മേള ഫെബ്രുവരിയില്‍ നടത്തും. കൊവിഡിനുശേഷം രാജ്യത്ത് നടക്കുന്ന അപൂര്‍വം വാണിജ്യമേളകളിലൊന്നായിരിക്കും ഇത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി ക്രെഡിറ്റേഴ്സുമായുള്ള ബാധ്യത തീര്‍ത്ത് 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.

ടൂറിസം വകുപ്പ് കോവിഡനന്തര കാലത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിങ്ങിലാണ് ഊന്നുന്നത്. 310 കോടി രൂപ ചെലവു വരുന്ന 27 ടൂറിസം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

വന്‍കിട പദ്ധതികള്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ കൊച്ചി-മംഗലാപുരം റീച്ച് ജനുവരി മാസത്തിലും കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരി മാസത്തിലും നടക്കും. ഇതുപോലെ തന്നെയാണ് റായ്പ്പൂര്‍-പുഗലൂര്‍-മാടക്കത്തറ ലൈന്‍. ജനുവരിയില്‍ ഈ പദ്ധതിയുടെയും ഉദ്ഘാടനം നടക്കും.

കെ-ഫോണ്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ഡിജിറ്റല്‍ കേരള എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഒരു നിര്‍ണ്ണായക കാല്‍വയ്പ്പായിരിക്കും. ഇതിന്‍റെ ഭാഗമായുള്ള സംസ്ഥാനതല കണ്‍ട്രോള്‍ റൂം, 14 ജില്ലാതല കേന്ദ്രങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവര്‍ക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ബിപിഎല്‍ കുടുംബങ്ങളിലേയ്ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും കെ-ഫോണ്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയും.

ദേശീയ ജലപാതയുടെ കോവളം മുതല്‍ ചാവക്കാട് വരെയുള്ള റീച്ചിന്‍റെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും ഫെബ്രുവരിയില്‍ നടക്കും.

എറണാകുളം ബൈപ്പാസിന് 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂര്‍, വെറ്റില മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കും. നാലുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനുശേഷം 387.18 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ ബൈപ്പാസ് തുറക്കും.

കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെയും വട്ടോളി പാലത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും.

അകത്തേത്തറ, ചിറയിന്‍കീഴ്, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, താനൂര്‍-തെയ്യാല, ചേലാരി ചെട്ടിപ്പടി, കൊടുവള്ളി എന്നിങ്ങനെ 252 കോടി രൂപ ചെലവു വരുന്ന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ആരംഭിക്കും.
569 കോടി രൂപ ചെലവുവരുന്ന ചുവടെപ്പറയുന്ന 17 പ്രധാന റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

റീ-ബില്‍ഡ് കേരളയുടെ ഭാഗമായി 1613 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പതിനാല് റോഡുകളുടെ പണി തുടങ്ങും.

ഉയര്‍ന്ന നിലവാരത്തില്‍ നവീകരണം നടത്തിയ 18 റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജിന്‍റെ പണികള്‍ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്‍റെ ശിലാസ്ഥാപനവും ഇക്കാലയളവില്‍ നടത്തും.

75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ജനുവരിയില്‍ നീറ്റിലിറക്കും. 3 വാട്ടര്‍ ടാക്സികളും സോളാര്‍, വൈദ്യുതി ബോട്ടുകളും സര്‍വ്വീസ് ആരംഭിക്കും.

കെഎസ്ആര്‍ടിസിയുടെ അനുബന്ധ കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. ഈ സംവിധാനത്തിന്‍റെ കീഴിലാണ് കിഫ്ബി മുഖാന്തിരം വാങ്ങുന്ന ആധുനിക ബസുകള്‍ സര്‍വ്വീസ് നടത്തുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം നടക്കും.

ടെക്നോസിറ്റിയില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പൂര്‍ത്തിയാകും. ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും.

വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ 6 കോര്‍പ്പറേഷന്‍ പരിധിയില്‍ ആരംഭിക്കും.

496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികള്‍ മാര്‍ച്ച് 31നകം തുടങ്ങും.

ഒന്നര ലക്ഷത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. 10000 പട്ടയങ്ങള്‍ കൂടി 100 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. 16 വില്ലേജ് ഓഫീസുകള്‍കൂടി സ്മാര്‍ട്ടാക്കും.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ല്‍ നിന്ന് 10ല്‍ താഴെയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെയും മറ്റും പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യവും കൂടുതല്‍ ജാഗ്രതയോടെ ഏകോപിപ്പിക്കും. കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ കോവിഡ് വാക്സിന്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കും.

പുതിയതായി 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ/കമ്യൂണിറ്റി/ പബ്ലിക് ഹെല്‍ത്ത് സെന്‍ററുകളുടെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കും. 53 ജനറല്‍/ ജില്ല/ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക് തുടങ്ങിയ കൂടുതല്‍ ചികിത്സ/പരിശോധനാ സൗകര്യങ്ങളും രോഗിസൗഹൃദ സംവിധാനങ്ങളും നിലവില്‍ വരും.

25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്കൂളുകളുടെയും 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും.

3 കോടി രൂപയും 1 കോടി രൂപയും മുതല്‍മുടക്കി നിര്‍മ്മിക്കുന്ന 300 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.

ഉന്നതവിദ്യഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാവും. മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജ്, കേരള വര്‍മ്മ കോളേജ് തുടങ്ങി 13 കോളേജുകളിലും എംജി യൂണിവേഴ്സിറ്റി കാമ്പസിലുമായി കിഫ്ബി വഴിയുള്ള 205 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും.

എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.

കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്‍റെ ആദ്യഘട്ടം, എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കും. കാസര്‍ഗോഡ് സുബ്രഹ്മണ്യം തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്‍റെ ഒന്നാം ഘട്ട നിര്‍മ്മാണം 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ഗോവിന്ദ പൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം 9 സാംസ്കാരിക കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ പെരളശ്ശേരി എ കെ ജി മ്യൂസിയം, ചന്തപ്പുരയിലെ തെയ്യം മ്യൂസിയം, രാജാരവി വര്‍മ്മ ആര്‍ട്ട് ഗ്യാലറി കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നടക്കും.

185 കോടി രൂപ മുതല്‍ മുടക്കില്‍ 9 പുതിയ സ്റ്റേഡിയങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തും.

182 കോടി രൂപയുടെ അമൃത് സ്കീമില്‍പ്പെട്ട 24 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടും. 189 കോടി രൂപയുടെ ചെലവു വരുന്ന മറ്റു 37 നഗരവികസന പദ്ധതികള്‍ക്കും തുടക്കമാകും.

100 കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുകയോ നിലവില്‍ വരികയോ ചെയ്യും. 250 പഞ്ചായത്തുകള്‍കൂടി ശുചിത്വ പദവിയിലേയ്ക്ക് ഉയരുന്നതോടെ 80 ശതമാനം ഗ്രാമപ്രദേശവും ശുചിത്വ മാനദണ്ഡങ്ങളിലേയ്ക്ക് എത്തിച്ചേരും.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലായി 190 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പരിപാടിയില്‍പ്പെടുന്ന 1620 പ്രവൃത്തികള്‍ (3598 കിമീ) ജനുവരി 31നകം പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തില്‍പ്പെട്ട 1627 പ്രവൃത്തികള്‍ (3785 കിമീ) ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കും. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 1625 പ്രവൃത്തികള്‍ (4421 കിമീ) മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും.

ലൈഫ് പദ്ധതി പ്രകാരം പുതിയ 15,000 വീടുകള്‍കൂടി മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുകയും 35,000 ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുന്നതിനായി 101 ഭവന സമുച്ചയങ്ങളാണ് ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 5 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കും.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 41,578 കിലോമീറ്റര്‍ നീര്‍ച്ചാലുകളും 390 കിലോമീറ്റര്‍ പുഴയും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പായി ഇത് 50,000 കിലോമീറ്ററായി വര്‍ദ്ധിക്കും.

അയ്യന്‍കാളി നഗര തൊഴിലുറപ്പ് പരിപാടിയില്‍ മാര്‍ച്ച് 31നകം 8 ലക്ഷം തൊഴില്‍ ദിനങ്ങള്‍കൂടി സൃഷ്ടിക്കും.

കെഎസ്എഫ്ഇയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ലാപ്ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരമുണ്ടാകും.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 500 കയര്‍ ആന്‍റ് ക്രാഫ്റ്റ് സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും.

ആറ് പ്രധാന കിഫ്ബി ജലവിതരണ പദ്ധതികള്‍ രണ്ടാം 100 ദിന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യും.

തോട്ടം തൊഴിലാളികള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിയില്‍ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ വീടുകളുടെ ശിലാസ്ഥാപനവും കുളത്തുപ്പുഴ പ്ലാന്‍റേഷന്‍ തൊഴിലാളികളുടെ വീടുകളുടെ താക്കോല്‍ദാനവും നടത്തും.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്കും തുടക്കം കുറിക്കും.

മേനംകുളത്ത് സ്ത്രീ തൊഴിലാളികള്‍ക്കായുള്ള അപ്പാര്‍ട്ട്മെന്‍റിന്‍റെ ശിലാസ്ഥാപനം നടത്തും.

ചെല്ലാനം, താനൂര്‍, വെള്ളിയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ കമ്മീഷനിങ് നടക്കും.

ചെത്തി മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിനു തറക്കല്ലിടും.

തലായി മത്സ്യബന്ധന തുറമുഖത്തോട് അനുബന്ധിച്ചുള്ള തീരസംരക്ഷണം, നീണ്ടകര തുറമുഖത്തില്‍ ഡ്രഡ്ജിങ്, തങ്കശ്ശേരി മത്സ്യബന്ധന തുറമുഖ നവീകരണം എന്നിവയും ഈ സമയത്ത് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും.

60 കോടി രൂപ മുതല്‍മുടക്കില്‍ 9 തീരദേശ ജില്ലകളില്‍ പൂര്‍ത്തിയാകുന്ന 87 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയില്‍ കാരോട്, ബീമാപ്പള്ളി, വലിയതുറ, കൊല്ലം ക്യുഎസ്എസ് കോളനി, പൊന്നാനി ഫ്ലാറ്റ്, ആലപ്പുഴ പുറക്കാട്, കോഴിക്കോട് വെസ്റ്റ് എന്നിവിടങ്ങളിലായി 774 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റുകള്‍/വീടുകള്‍ ഉദ്ഘാടനം ചെയ്യും. അപേക്ഷ നല്‍കിയിട്ടുള്ള മറ്റുള്ളവര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കു തുടക്കം കുറിക്കും. രണ്ട് മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തനക്ഷമമാക്കും.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി 3000 പഠനമുറികള്‍ പൂര്‍ത്തിയാക്കും. 1620 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനായി ധനസഹായം നല്‍കും. 2000 പേര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വഴി 2000 പേര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കും.

3500 പേര്‍ക്ക് വനാവകാശ രേഖയും 2500 പേര്‍ക്ക് നിക്ഷിപ്ത വനഭൂമിയിലുള്ള അവകാശവും 300 പേര്‍ക്ക് ലാന്‍റ് ബാങ്ക് പദ്ധതി പ്രകാരവും കൃഷി ഭൂമിയും ലഭ്യമാക്കും.

4800 പട്ടികവര്‍ഗ വീടുകള്‍കൂടി പൂര്‍ത്തീകരിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ നടപ്പാക്കാനാകുന്ന പ്രോജക്ടുകള്‍ ജനുവരി, 2021ല്‍ പ്രഖ്യാപിക്കും.

തിരുവനന്തപുരം സൈബര്‍ ഡോം കെട്ടിടം, ക്രൈംബ്രാഞ്ച് കോംപ്ലക്സ്, മൂന്നാം ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് സെന്‍റര്‍, വിവിധ ജില്ലകളിലെ ഡിസ്ട്രിക്റ്റ് കമാന്‍ഡന്‍റ് കണ്‍ട്രോള്‍ സെന്‍ററുകള്‍, ആലുവ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, കൊച്ചിയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടക്കും.

സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഇന്‍റഗ്രേറ്റഡ് വിമന്‍ സെക്യൂരിറ്റി ആപ്പ് പുറത്തിറക്കും. തനിച്ചു താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വി-കെയര്‍ പദ്ധതി ആരംഭിക്കും.

പദ്ധതികളുടെ പൂര്‍ണമായ വിവരങ്ങള്‍ സമയപരിമിതിമൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. അത് പിന്നീട് വിശദമായി തന്നെ നിങ്ങളെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
…………………

നിയമസഭാ സമ്മേളനം
ദേശിയതലത്തില്‍ കാര്‍ഷികരംഗവും കര്‍ഷക സമൂഹവും ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ, രാജ്യത്തെ ഇതരഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും പൊതുവായ പൊതു താല്‍പ്പര്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യം സംസ്ഥാനനിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും, കര്‍ഷക സമൂഹത്തിന്‍റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തിര പ്രശ്നമായിത്തന്നെ കണക്കാക്കുകയും ഇത് കാരണം നമ്മുടെസംസ്ഥാനം നേരിടാവുന്ന പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തേണ്ടതും അനിവാര്യമാണ്.

2020 ഡിസംബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതീവ അടിയന്തിര പ്രാധാന്യമുളള ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഡിസംബര്‍ 23ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ബഹു. ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തിരുന്നു. ബഹു. ഗവര്‍ണ്ണര്‍ ഈ ശുപാര്‍ശ അംഗീകരിച്ചില്ല. കാര്‍ഷികരംഗവും കര്‍ഷക സമുഹവും നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 14-ാം കേരള നിയമസഭയുടെ 21-ാം സമ്മേളനം 2020 ഡിസംബര്‍ 31ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലാവ് പദ്ധതി
സംസ്ഥാനത്തെ മുഴുവന്‍ തെരുവ് വിളക്കുകളും എല്‍ഇഡി ആക്കിമാറ്റുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കും.

തെരുവുകള്‍ക്ക് നല്ല പ്രകാശം കിട്ടും എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ 50 ശതമാനം കുറയും. കാരണം, എല്‍ഇഡി ബള്‍ബുകള്‍ക്ക് കുറഞ്ഞ ഊര്‍ജമേ ആവശ്യമുള്ളു. പരിസ്ഥിതിയ്ക്കും ഇത് ഗുണം ചെയ്യും. പരിപാലന ചിലവ് കുറവായിരിക്കും. മറ്റു ബള്‍ബുകളെക്കാള്‍ കൂടുതല്‍ കാലം എല്‍ഇഡി ബള്‍ബുകള്‍ നിലനില്‍ക്കും.

മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണിത്. 296 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കിഫ്ബിയില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. തദ്ദേശ സ്ഥാപനങ്ങളുടെ വലുപ്പവും ആവശ്യവുമനുസരിച്ച് ലഭ്യമായ അഞ്ച് പാക്കേജുകളില്‍ ഒന്നോ അതിലധികമോ പാക്കേജുകള്‍ തെരഞ്ഞെടുക്കാം.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള സംയുക്ത സംരംഭമായ ഇഇഎസ്എല്‍ വഴിയാണ് കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങി സ്ഥാപിച്ചു കൊടുക്കും. ഇതിന്‍റെ പരിപാലനം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. വര്‍ഷം തോറും തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്.

ആദ്യഘട്ടത്തില്‍ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബള്‍ബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി ഒന്നുമുതല്‍ തന്നെ ബള്‍ബുകള്‍ മാറ്റിത്തുടങ്ങും. അടുത്ത മൂന്ന് മാസത്തിനകം 8.5 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റി സ്ഥാപിക്കും. അതോടെ സംസ്ഥാനത്താകെ തെരുവുകളില്‍ കൂടുതല്‍ പ്രകാശം പരത്തുന്ന എല്‍ഇഡി ബള്‍ബുകളായിരിക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

721 പുതിയ അധ്യാപക തസ്തികകള്‍
വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

നവജീവന്‍ പദ്ധതി

കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അര്‍ഹരായവര്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ വായ്പ അനുവദിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38 കോടി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 38.73 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തേ അനുവദിച്ച 961 കോടി രൂപയ്ക്ക് പുറമെയാണിത്.

കോവിഡ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതിന്‍റെ ചില പ്രവണതകള്‍ കാണിക്കുന്നുണ്ട്. ആക്റ്റീവ് രോഗികളുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 13) 59,438 എന്നുള്ളത് ഈ ഞായറാഴ്ച 61,604 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിച്ചത് ആദ്യം ഇലക്ഷന്‍ നടന്ന സ്ഥലങ്ങളിലാണ്. അവസാനം തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിതി നോക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ കുറവാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം ഉണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാന്‍.

അതുകൊണ്ട്, എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഉണ്ടായതു പോലുള്ള ഒരു കോവിഡ് വ്യാപനം കേരളത്തില്‍ ഉണ്ടായതായി കണക്കുകള്‍ കാണിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് നല്ലൊരു ശതമാനം ആളുകളും ജാഗ്രത പുലര്‍ത്തിയതിന്‍റെ ഫലമായാണ് അതു സാധിച്ചത്. സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളോട് ജനങ്ങള്‍ സഹകരിച്ചതിന്‍റെ ഗുണഫലമാണിത്. എന്നിരുന്നാലും ചെറിയ തോതില്‍ രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒരുങ്ങുന്ന ഒരു ഘട്ടം കൂടിയാണിത്. രോഗം പകരാത്ത വിധത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി, സാമൂഹിക അകലം പാലിച്ച് വേണം ഈ ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍. കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും മാസ്കുകള്‍ ധരിക്കാനും മറക്കാന്‍ പാടില്ല. നമ്മുടെ അശ്രദ്ധയുടെ ഫലമായി രോഗം പടര്‍ന്നുപിടിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ അതു തടയേണ്ട ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം.

ക്രിസ്മസ് ആശംസ
ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്.

ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു.

പുതുവര്‍ഷം ഈ മഹാമാരിയില്‍നിന്നുള്ള വിടുതലിന്‍റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്‍റെ സന്ദേശം 2021ല്‍ അര്‍ത്ഥവര്‍ത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.