Ardram

ആരോഗ്യകേരളത്തിന് ആർദ്രം

ഒരു നാടിന്റെ പുരോഗതിയിൽ ജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വലിയ പങ്കുണ്ട്. ആരോഗ്യമുള്ള ഒരു ജനത ഏതൊരു നാടിൻെറയും സാമൂഹ്യ പുരോഗതിയ്ക്കുള്ള അടിത്തറയാണ്.ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നമ്മുടെ ആരോഗ്യ മേഖലയിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടായിരുന്നു. പുതിയ തരം പകര്‍ച്ചവ്യാധികള്‍ ഉടലെടുത്തതും ഹൃദ്രോഗം, അർബുദം തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമാവുകയും ജീവിതരീതി രോഗങ്ങളുടെ വര്‍ദ്ധനയും സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി നിലനിന്നിരുന്നു.കൂടാതെ സ്വകാര്യമേഖലയിലെ വർദ്ധിച്ചു വരുന്ന ചികിത്സ ചെലവുകൾ ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാൻ സാധിക്കാതെ വരുന്ന അവസ്ഥയുമുണ്ടായി.ഈ സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതും ആതുര സേവനത്തിലെ ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു സമഗ്ര ആരോഗ്യ നയം നടപ്പിലാക്കേണ്ടത് അനിവാര്യമായി. അങ്ങനെയാണ് ആർദ്രം മിഷൻ ആവിഷ്കരിച്ചത്.

ആര്‍ദ്രത്തിലൂടെ ആരോഗ്യം എന്നത് ഇപ്പോൾ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് രോഗീ സൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി ആവിഷ്കരിച്ചത്. നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളാകെ നിലവാരമുള്ളതായി മാറുന്നതോടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ആരോഗ്യമേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിയും. നമ്മുടെ സംസ്ഥാനത്തെ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നതിനും സാധാരണക്കാരുടെ ചികിത്സാചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്നതിനും ആശുപത്രിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നമ്മുടെ ആരോഗ്യമേഖല ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വലിയ ചുവടുമാറ്റം തന്നെയാണ് ആര്‍ദ്രത്തിലൂടെ സൃഷ്ടിക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആരോഗ്യസംവിധാനത്തിന്‍റെ പരിപൂര്‍ണ പരിവര്‍ത്തനമാണ് നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായ ആര്‍ദ്രം. തൊഴില്‍ നൈപുണ്യവും അര്‍പണബോധവും ഒത്തുചേര്‍ന്ന ജീവനക്കാര്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഘടനാ സംവിധാനവും നൂതനസാങ്കേതിക വിദ്യയും നിര്‍വഹണ സങ്കേതങ്ങളും പ്രയോഗത്തില്‍ വരുത്തുന്നതിനാണ് ആര്‍ദ്രം മിഷന്‍ മുന്‍തൂക്കം നല്‍കുന്നത്. ആരോഗ്യമേഖലയിലെ ഈ പ്രകടമായ മാറ്റം പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ നേരിട്ട് മനസിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാഥമികതലത്തില്‍ ആര്‍ദ്രം മിഷന്‍റെ ഭാഗമായി 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിലും ചികിത്സാ മാനദണ്ഡങ്ങളിലും മരുന്നുവിതരണത്തിലും തികച്ചും ശാസ്ത്രീയമായ സമീപനമാണ് ഇവിടങ്ങളില്‍ അനുഭവവേദ്യമാകുന്നത്. ഒരു ആതുരാലയത്തെ സംബന്ധിച്ചിടത്തോളം ഓ പി വിഭാഗത്തിലാണ് പൊതുജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. രോഗികളുടെ തിക്കും തിരക്കും രോഗികളുടെ എണ്ണത്തിനാനുപാതികമായി ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ലാത്ത അവസ്ഥ ഇതൊക്കെയായിരുന്നു മുന്‍കാലങ്ങളിലെ അനുഭവം.ഈ ഒരു അവസ്ഥയ്ക്ക് വിരാമം ആയിരിക്കുന്നു. തിരക്ക് കുറയ്ക്കുവാന്‍ കഴിയുന്നരീതിയില്‍ അധിക ഓ പി കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിംഗ് കൗണ്ടര്‍, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയിലെറ്റ് സൗകര്യം, സൈനേജുകള്‍,ഡിസ്പ്ലേ ബോര്‍ഡുകള്‍, ആരോഗ്യബോധവത്കരണ സംവിധാനങ്ങള്‍, രോഗീപരിചരണ സഹായികള്‍, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറികള്‍, മാര്‍ഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകള്‍, ആവശ്യത്തിനുള്ള ഡോക്ടര്‍മാരുടേയും മറ്റുപാരാമെഡിക്കല്‍ ജീവനക്കാരുടേയും സേവനം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഓരോകുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് ലഭ്യമാക്കുന്നത്.
ആരോഗ്യസേവന ശൃംഖലയിലെ ഏറ്റവും താഴെത്തട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഇതേമാതൃകയില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍തന്നെ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമെന്ന നിലയില്‍ 504 പി .എച്ച്.സി കളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുവാന്‍ തെരഞ്ഞെടുത്തുകഴിഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍തലത്തില്‍ 864 പി.എച്ച്.സി കള്‍, 232 സി.എച്ച്.സി കള്‍, 81 താലൂക്കാശുപത്രികള്‍, 18 ജില്ലാ ആശുപത്രികള്‍, 18 ജനറല്‍ ആശുപത്രികള്‍ ,മെഡിക്കല്‍ കോളേജുകള്‍ എന്നിവയാണ് ആരോഗ്യ സേവന സ്ഥാപനങ്ങളായുള്ളത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താലൂക്കാശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. നമ്മുടെ ആശുപത്രി സംവിധാനത്തില്‍ ജില്ലാ താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യലിറ്റി സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ രോഗതീവ്രതയുള്ളവര്‍ക്ക് നേരെ മെഡിക്കല്‍ കോളേജിലേക്ക് പോകാതെതന്നെ ജില്ലാ താലൂക്ക് ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. മുന്‍പ് മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമായിരുന്ന സ്പെഷ്യലിറ്റി ചികിത്സകള്‍ ഇനിമുതല്‍ ഇവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.നമ്മുടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും വിപുലമായ സംവിധാനങ്ങളാണ് ആര്‍ദ്രം പദ്ധതി വഴി നടപ്പാക്കി വരുന്നത്. ഓ പി ട്രാന്‍സ്ഫര്‍മേഷന്‍ സംവിധാനം, പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍, കെട്ടിടങ്ങള്‍,വെയിറ്റിംഗ് ഏരിയ തുടങ്ങി രോഗീസൗഹൃദം ഊട്ടിയുറപ്പിക്കുവാന്‍ പര്യാപ്തമായ എല്ലാ പ്രവര്‍ത്തനങ്ങളും നടന്നുവരുകയാണ്. നമ്മുടെ ആരോഗ്യമേഖലയില്‍ എമര്‍ജന്‍സി കെയര്‍ സംവിധാനം നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ട്രോമാകെയര്‍ സംവിധാനം നടപ്പിലാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലാണ് സര്‍ക്കാര്‍. കൂടാതെ സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമാകെയര്‍ സംവിധാനം ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ആര്‍ദ്രത്തിന്‍റെ ഭാഗമായി നടന്നുവരികയാണ്.
ആര്‍ദ്രംപദ്ധതിയുടെ നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ നിര്‍ണായകമാണ്. ആര്‍ദ്രംപദ്ധതി വിഭാവനം ചെയ്യുന്നതിന് മുന്‍പ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ സമീപിച്ചിരുന്നത് സമൂഹത്തിന്‍റെ 30 ശതമാനത്തില്‍ താഴെ ജനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചുതുടങ്ങിയതോടെ ഈ ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായത്.ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യസംരക്ഷണമൊരുക്കുന്ന കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി സംയുക്തമായി ആര്‍ദ്രംപദ്ധതി വഴി നടപ്പാക്കിവരുന്നത്. രോഗീപരിചരണത്തിന്‍റെ ഗുണനിലവാരത്തിനാണ് ഇവിടെ ഏറെ പ്രാധാന്യം.കൂടാതെ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പരിപൂര്‍ണ ആരോഗ്യസംരക്ഷണമാണ് ഉറപ്പുനല്‍കുന്നത്.

ആര്‍ദ്രം പദ്ധതികളുടെ നിലവിലുള്ള സ്ഥിതി
 • പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നപദ്ധതി 2855 ലക്ഷം രൂപ ചെലവിൽ എന്‍.എച്ച്.എം മുഖേന നടപ്പിലാക്കി വരുന്നു
 • പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 7 കോടി രൂപ ചെലവിൽ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു
 • രോഗീസൗഹൃദ ആശുപത്രി സംവിധാനം വികസിപ്പിക്കുന്നതിന് 17.5 കോടി രൂപ ചെലവിൽ പദ്ധതി
 • . സൂപ്പര്‍സ്പെഷ്യാലിറ്റി സംവിധാനം വികസിപ്പിക്കുവാനുള്ള നടപടികൾ .
 • . ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുവാൻ 49 കോടി രൂപയുടെ പദ്ധതി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ പ്രധാന വികസനപദ്ധതികള്‍
പുതുതായി ആരംഭിച്ച സ്ഥാപനങ്ങള്‍
 • സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പൊന്നാനി
 • ജില്ലാപബ്ലിക് ഹെല്‍ത്ത് ലാബ്, മലപ്പുറം
 • ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, സുല്‍ത്താന്‍ബത്തേരി
 • റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, മലപ്പുറം

പദവി ഉയര്‍ത്തിയ സ്ഥാപനങ്ങള്‍

 • സാമൂഹികആരോഗ്യകേന്ദ്രം, മലയിന്‍കീഴ് – താലൂക്ക് ആസ്ഥാന ആശുപത്രി, മലയിന്‍കീഴ്
 • സാമൂഹിക ആരോഗ്യകേന്ദ്രം, പത്തനാപുരം – താലൂക്ക് ആസ്ഥാന ആശുപത്രി, പത്തനാപുരം
 • സാമൂഹിക ആരോഗ്യകേന്ദ്രം, കൊണ്ടോട്ടി – താലൂക്ക് ആസ്ഥാന ആശുപത്രി, കൊണ്ടോട്ടി
 • സാമൂഹിക ആരോഗ്യകേന്ദ്രം, പനത്തടി – താലൂക്ക് ആസ്ഥാന ആശുപത്രി, പനത്തടി
 • സാമൂഹിക ആരോഗ്യകേന്ദ്രം, മംഗല്‍പാടി – താലൂക്ക് ആസ്ഥാന ആശുപത്രി, മംഗല്‍പാടി
 • സാമൂഹിക ആരോഗ്യകേന്ദ്രം, ബേഡഡുക്ക, താലൂക്ക് ആസ്ഥാന ആശുപത്രി, ബേഡഡുക്ക
 • ആര്‍ദ്രം പദ്ധതിപ്രകാരം ഒന്നാംഘട്ടത്തില്‍ പദവി ഉയര്‍ത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം-170
 • ആര്‍ദ്രം പദ്ധതിപ്രകാരം രണ്ടാം ഘട്ടത്തില്‍ പദവി ഉയര്‍ത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം-503
  ആകെ – 673(170 + 503)
 • ആര്‍ദ്രം പദ്ധതിപ്രകാരം സൃഷ്ടിച്ച ആകെ തസ്തിക – 1721
 • ഈ സര്‍ക്കാരിന്‍റെ കാലത്ത് ആകെ സൃഷ്ടിച്ച തസ്തികകള്‍ – 2142
(ആര്‍ദ്രം പദ്ധതിപ്രകാരം സൃഷ്ടിച്ചതുള്‍പ്പെടെ)

ആരോഗ്യരംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന് ലഭിച്ച പുരസ്‍കാരങ്ങൾ അതിനു തെളിവാണ്.ഇനിയും ഈ മേഖലയിൽ നമുക്ക് ഏറെ മുന്നോട്ട് പോകുവാനുണ്ട്.ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് നമ്മുടെ ആതുരാലയങ്ങൾ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.ആർദ്രം പദ്ധതിയിലൂടെ അത് പൂർണ്ണമായ അർത്ഥത്തിൽ സാക്ഷത്കരിക്കാൻ നമുക്ക് കഴിയും