Haritha Keralam Mission

ഹരിത കേരളം സുന്ദര കേരളം
നമ്മൾ മലയാളികൾ വ്യക്തി ശുചിത്വത്തിലും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തുന്നവരാണ്.അതേസമയം ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ പൊതുഇടങ്ങൾ പ്രത്യേകിച്ചും വഴിയരുകുകളും പുഴകളും തോടുകളും മറ്റു ജലാശയങ്ങളും മലിനമായ അവസ്ഥയിൽ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.ഇതിനൊരു പരിഹാരം എന്ന നിലയിലാണ്
സംസ്ഥാനത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നാലു മിഷനുകളില്‍ ഒന്നായി ഹരിതകേരളം മിഷന്‍ ഉൾപ്പെടുന്നത്. വെള്ളം, വൃത്തി, വിളവ് എന്നീ മൂന്ന് ആശയങ്ങളെ മുന്‍നിര്‍ത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാമൂഹ്യ സംഘടനകളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്.ശുചിത്വ- മാലിന്യസംസ്കരണം, ജലസംരക്ഷണം, കൃഷിവികസനം എന്നീ മൂന്നു മേഖലകളില്‍ യഥാക്രമം തദ്ദേശസ്വയംഭരണ വകുപ്പ്, ജലവിഭവ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മൂന്ന് ഉപമിഷനുകളും ഹരിതകേരളം മിഷനിലുണ്ട്. വൈവിധ്യമാര്‍ന്നതും നൂതനവുമായ ഒട്ടേറെ പദ്ധതികളും ക്യാമ്പയിനുകളും ഇക്കഴിഞ്ഞ 1000 ദിവസങ്ങള്‍ക്കകം കര്‍മ്മപഥത്തിലെത്തിക്കുവാന്‍ ഹരിത കേരളം മിഷന് സാധിച്ചിട്ടുണ്ട്.
മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന ക്യാമ്പയിനും അതോടൊപ്പം സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളും വഴി സംസ്ഥാനത്ത് ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്യാമ്പയിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ഉറവിട മാലിന്യ സംസ്ക്കരണത്തിനാവശ്യമായ എം.സി.എഫ്, ആര്‍.ആര്‍.എഫ്, ഹരിതകര്‍മ്മസേന, ഗാര്‍ഹിക ഉറവിട മാലിന്യ സംസ്ക്കരണ ഉപാധികള്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് ഉപാധികള്‍ എന്നീ സംവിധാനങ്ങളിലൂടെ മാലിന്യ സംസ്ക്കരണത്തിനുള്ള ശ്യംഖല യാഥാര്‍ത്ഥ്യമായി തുടങ്ങി.
ഗ്രീന്‍ പ്രോട്ടോക്കോള്‍ സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായി.പൗര വിദ്യാഭ്യാസത്തിന്‍റെ ശക്തമായ ഉപാധിയായി ഗ്രീന്‍ പ്രോട്ടോക്കോള്‍ മാറിക്കഴിഞ്ഞു.മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 69 ലക്ഷം വീടുകളിൽ മാലിന്യ സംസ്ക്കരണം അവസ്ഥാ പഠനം നടത്തി 30.19 ലക്ഷം വീടുകളിൽ ഉറവിട മാലിന്യ സംസ്ക്കരണം സജ്ജമാക്കി.മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും എതിരെ നടപടി സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് നഗരസഭാ ഡയറക്ടറേറ്റുകള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ്,കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ആരോഗ്യവകുപ്പ്,ഫുഡ്സേഫ്ടി, സ്റ്റേറ്റ് ഠൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. പ്ലാസ്റ്റിക് റീസൈക്ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്ലാസ്റ്റിക് മാനുഫാക്ചറിംഗ് സംരംഭകരുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് റീസൈക്ലിംഗ് പാര്‍ക്കുകള്‍ തുടങ്ങാന്‍ സന്നദ്ധമായിട്ടുണ്ട്. ഇതിനുള്ള മുതല്‍ മുടക്ക് നടത്താന്‍ സ്വകാര്യ സംരംഭകര്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളില്‍ ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിയിറച്ചി മാലിന്യം സംസ്കരിക്കുന്നതിന് റെന്‍ററിംഗ് പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ പതിനെട്ട് സംരംഭകര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇതിലേയ്ക്കായി വ്യവസായ എസ്റ്റേറ്റുകളില്‍ സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിപാലനം, നഷ്ടപ്പെട്ട ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും അനുബന്ധ പ്രവര്‍ത്തനങ്ങളും, കിണര്‍ റീചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണം തുടങ്ങിയ മേഖലകളില്‍ ഹരിതകേരളം മിഷന്‍ നടത്തിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

പുതു ജീവൻ ലഭിച്ച ജലാശയങ്ങൾ
.പുനരുജ്ജീവിപ്പിച്ച പുഴ/തോടുകള്‍ 17182 കി.മീ
.റീചാര്‍ജ്ജ് ചെയ്ത കിണറുകള്‍ 48936
.നവീകരിച്ച കുളങ്ങള്‍ 9889
.നിര്‍മ്മിച്ച കുളങ്ങള്‍ 8675
.നവീകരിച്ച കിണറുകള്‍ 4625
.വൃഷ്ടിപ്രദേശ പരിപാലനം 147239 ഏക്കര്‍
.ആകെ 137 പുഴകള്‍/നീര്‍ച്ചാലുകളിലായി 209.415 കി.മീ ദൂരം ഇതിനകം ശുചീകരിച്ചു.

നദീപുനരുജ്ജീവനം
. വരട്ടാര്‍ നദി പുനരുജ്ജീവനം സാധ്യമാക്കി. ആദിപമ്പ-വരട്ടാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. പുനരുജ്ജീവിപ്പിച്ച
മറ്റ് നദികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
. ഇതോടൊപ്പം കിള്ളിയാര്‍, കോലറയാര്‍, വടക്കേപ്പുഴ, ചാലംകോട് തോട്, മുട്ടം പറപ്പാതോട്, കമ്പ്രയാര്‍, പെരുംതോട്, പൂനൂര്‍ പുഴ എന്നീ മലിനമായിക്കിടന്ന ജല
സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനും നീരൊഴുക്ക് സാധ്യമാക്കുന്നതിനും കഴിഞ്ഞു.

ഹരിത കേരള മിഷൻ പദ്ധതിയിലൂടെ യാഥാർഥ്യമായ മറ്റു പ്രധാന പ്രവർത്തനങ്ങൾ
. മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ പുനസംയോജനം സാധ്യമാക്കി. 800ഹെക്ടര്‍ കൃഷി ഇവിടെ പുനരാരംഭിച്ചു
. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പാണ്ടിവയല്‍ തോട് പുനരുജ്ജീവിപ്പിച്ച പ്രദേശത്തെ നെല്‍കൃഷിപുനരാരംഭിച്ചു.
. പുതിയ കുളങ്ങളുടെ നിര്‍മ്മാണത്തിലൂടെയും നിലവിലുള്ള കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെയും 8066058 ഘനമീറ്റര്‍ വെള്ളം സംഭരിക്കുവാന്‍ സാധിക്കും.
. ജലസംരക്ഷണ – സംഭരണ പരിപാലനം ലക്ഷ്യമിട്ട് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ജല പാര്‍ലമെന്‍റുകള്‍ സംഘടിപ്പിച്ചു.
. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് നീര്‍ത്തട നടത്തംസംഘടിപ്പിച്ചു.
.നീര്‍ത്തട പ്ലാനുകള്‍ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തയ്യാറാക്കിക്കഴിഞ്ഞു. ഇതനുസരിച്ചുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണം ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സംസ്ഥാനത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ജല ആവശ്യങ്ങള്‍ നേരിടുന്നതിനായി അധികജല സംഭരണികള്‍ ആവശ്യമാണ്. പ്രാദേശികമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ചെറു സംഭരണികള്‍ സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതിനു പുറമേ ക്വാറികള്‍ പോലെയുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളാലുണ്ടായജ ലസംഭരണികളിലെ ജലം ഗുണനിലവാരം നിഷ്കര്‍ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

പുഴ പഠനം
ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ നമ്മുടെ പുഴകളില്‍ പ്രളയത്തിന്‍റെ ഭാഗമായി വന്നിട്ടുള്ളമാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് ഒരു ശാസ്ത്രീയ പഠനം പുരോഗമിക്കുന്നു. കേരള സ്റ്റേറ്റ്
റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററിന്‍റെ സാങ്കേതിക സഹായത്തോടെ പമ്പയാറിന്‍റെ മൂന്നു മേഖലകളിലും (മലനാട്, ഇടനാട്, തീരപ്രദേശം) ഉള്‍പ്പെട്ട പ്രദേശത്താണ് പ
പഠനം നടത്തുന്നത്. ഈ പ്രദേശങ്ങളിലെ പുഴയുടെ ഭൗതിക ഘടനയോടൊപ്പം മണ്ണിന്‍റെ സ്വഭാവത്തില്‍ വന്നമാറ്റവും പഠനവിധേയമാക്കുന്നുണ്ട്.

കൃഷി വികസനം: സുജലം-സുഫലം
ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സുരക്ഷിത ഭക്ഷ്യോല്‍പ്പാദനം സംസ്ഥാനത്ത് വ്യാപകമാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കൃഷി വികസന ഉപമിഷന്‍ നടത്തിവരുന്നത്.
സംസ്ഥാനത്ത് നെല്‍കൃഷിയിലും തരിശുനില കൃഷിയിലും നേടിയ അധിക കൃഷി വ്യാപനം ഇത്തരം ശ്രമങ്ങളുടെ ഫലമാണ്.

നെല്‍കൃഷി വിസ്തൃതി വ്യാപനം
സംസ്ഥാനത്തെ നെല്‍ക്കൃഷി വിസ്തൃതി 3 ലക്ഷം ഹെക്ടര്‍ ആക്കുക എന്നതാണ് മിഷന്‍ ലക്ഷ്യം. .2016-17 വര്‍ഷത്തില്‍ 1,96,870 ഹെക്ടറായിരുന്ന നെല്‍കൃഷി
മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ 2017-18 വര്‍ഷത്തില്‍ 2,20,449 ഹെക്ടര്‍ വിസ്തൃതി കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഒന്നാം വിളയ്ക്ക് 23,579ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി
വിളവിറക്കിയിരുന്നു. ഇതില്‍ നല്ലൊരു ഭാഗത്തെ പ്രളയം ബാധിച്ചു. എങ്കിലും പരമാവധി സ്ഥലത്ത് വീണ്ടും കൃഷിയിറക്കി വിള വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. കൃഷി വകുപ്പിലെ വിവിധ
പദ്ധതികളിലൂടെ 2,24,000 ഹെക്ടര്‍ വിസ്തൃതിയിൽ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്.ഇതു കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങശ്, കുടുംബശ്രീ എന്നിവ മുഖേന ഇതിലും കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാവുമെന്നാണ് കരുതുന്നത്.

തരിശുനിലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങള്‍
. മെത്രാന്‍കായല്‍ 160 ഹെക്ടര്‍
. തൊടിയൂര്‍ വട്ടക്കായല്‍ 130 ഹെക്ടര്‍
. ആറന്മുള 55 ഹെക്ടര്‍
. കോട്ടയം മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍
സംയോജന പദ്ധതി
. കോട്ടയം കടുത്തുരുത്തി 130 ഹെക്ടര്‍
.കവിയൂര്‍ പുഞ്ച (പത്തനംതിട്ട) 340 ഹെക്ടര്‍
. പുന്നയൂര്‍ (തൃശൂര്‍) 110 ഹെക്ടര്‍
. വെളിയന്നൂര്‍ ചെല്ലി, പാക്കവയല്‍ പന്തീരായിപ്പറ, ആവളപ്പാണ്ടി, 398 ഹെക്ടര്‍
. മനക്കര, ശാസ്താംകോട്ട (കൊല്ലം) 298.2 ഹെക്ടര്‍
. ഭരണിക്കാവ് പൂവത്തൂര്‍ചിറ, ഇലഞ്ഞിമേല്‍ പാടം,
.കണ്ടങ്കരിപാടം, പള്ളിപ്പാട്-മണക്കാട്ട് കിഴക്ക്, മുപ്പത്ത് വടക്ക്,
.ചുനക്കര മഠത്തില്‍കുളങ്ങര, ചൂരല്ലൂര്‍, കൊട്ടപ്പാട്,
.നൂറനാട് കരിങ്ങാലിയില്‍പുഞ്ച, വള്ളിക്കുന്നം പുഞ്ച, തഴക്കര പെരുവേലിച്ചാല്‍ പുഞ്ച (ആലപ്പുഴ)
.തോട്ടറ പുഞ്ച, കീഴ്മാട് ബ്ലോക്ക്, മുളന്തുരുത്തി-ചോറ്റാനിക്കര, വടവൂകോട് (എറണാകുളം)
.കുറ്റാടന്‍ പാടം, മൂര്‍ക്കനാട് പാടം (തൃശൂര്‍) 161.874 ഹെക്ടര്‍
.വാണിയംകുളം, അമ്പലപ്പാറ, ഷൊര്‍ണ്ണൂര്‍ (പാലക്കാട്) 61.5 ഹെക്ടര്‍
.എടപ്പാള്‍, പെരിന്തല്‍മണ്ണ (മലപ്പുറം) 130 ഹെക്ടര്‍
.പനമരം (വയനാട്) 15 ഹെക്ടര്‍
.മുണ്ടേരി, ചക്കരക്കല്ല്, തളിപ്പറമ്പ് മൊറാഴ, കടന്നപ്പള്ളി,
മയ്യില്‍, കീഴളം പാടശേഖരം (കണ്ണൂര്‍)
.അജാനൂര്‍ ബേഡകം, കാഞ്ഞങ്ങാട് (കാസര്‍ഗോഡ്) 151 ഹെക്ടര്‍

ഹരിതഭവനം
കൃഷി, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, മാലിന്യസംസ്കരണം എന്നിവയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള പരമാവധി ഭവനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും അനര്‍ട്ട്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ തുടങ്ങി വിവിധ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.

ഗ്രീന്‍ പ്രോട്ടോക്കോള്‍
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
അതോടൊപ്പം ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകളും ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു.
തിരുവൈരാണിക്കുളം ക്ഷേത്രോത്സവം, ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വന്‍ഷന്‍, ബീമാപള്ളി ഉറൂസ്, തൃശ്ശൂര്‍ പൂരം, ചെര്‍പ്പുളശ്ശേരി പൂരം, ചെറുകോല്‍ പുഴ ഹിന്ദുമത
കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി ഉത്സവാഘോഷങ്ങളില്‍ ഹരിതപെരുമാറ്റച്ചട്ടം പ്രാവര്‍ത്തികമാക്കി.