Education Mission

പൊതുവിദ്യാഭ്യാസത്തിന് പൊൻ തൂവലായി പുത്തൻ ചുവടുകൾ

അറിവും തിരിച്ചറിവും ഒത്തു ചേരുമ്പോഴാണ് നമ്മുടെ കുഞ്ഞുങ്ങൾ സാമൂഹ്യ ബോധവും ശാസ്ത്ര ബോധവും ഉള്ള ഉത്തമ പൗരന്മാരായി വളരുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ അത്തരത്തിൽ വാർത്തെടുക്കുന്നതിനുള്ള അടിത്തറ പാകുന്നതിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്.ഇത് മനസ്സിലാക്കിയാണ് ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സമൂലമായ പരിഷ്കരണങ്ങൾ നടപ്പിലാക്കി വരുന്നത്.അതിന്റെ ആദ്യ പടി എന്ന നിലയിൽനവകേരളമിഷന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി നടപ്പിലാക്കി. കാല്‍ നൂറ്റാണ്ടിനു ശേഷം കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചാണ് കേരളജനത പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വിജയിപ്പിച്ചത്. 2017-18 അക്കാദമിക വര്‍ഷം 156565 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടി. 2018-19 വര്‍ഷം ഇങ്ങനെ പ്രവേശനം നേടിയത് 184728 വിദ്യാര്‍ത്ഥികളാണ്. 1991-92 അക്കാദമിക വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു പ്രവണത പൊതു വിദ്യാഭ്യാസ മേഖലയില്‍ പ്രാകടമാകുന്നത് .


അടച്ചു പൂട്ടലല്ല, ഏറ്റെടുക്കലാണ് നയം

പൊതു വിദ്യാഭ്യാസ മേഖലയില്‍ നഷ്ടത്തിന്റെ പേരില്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്ന പ്രവണതയ്ക്ക് പൂര്‍ണ്ണമായും കടിഞ്ഞാണിട്ടു. മാത്രവുമല്ല മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചു പൂട്ടാന്‍ തീരുമാനിച്ച നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കോഴിക്കോട് മലാപ്പറമ്പ്, തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എ യു പി എസ്, തൃശൂര്‍ കിരാലൂര്‍ പരുശുരാമ സ്മാരക എല്‍ പി എസ്, മലപ്പുറം മങ്ങാട്ടുമുറി എ എം എല്‍ പി എസ് എന്നീ സ്കൂളുകളാണ് ഏറ്റെടുത്തത്.


ഹൈടെക് സ്കൂളുകൾ
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. അതിന്റെ ഭാഗമായി കുട്ടികൾക്ക് നവീന പഠന മാർഗ്ഗങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകൾ ഹൈടെക് ആക്കുക എന്ന ആശയം നടപ്പിലാക്കിയത് . സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ്.ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യു.എസ്.ബി. സ്പീക്കറുകള്‍, 4688 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍ ,എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്‌ബാന്റ് കണക്ടിവിറ്റി നല്‍കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ അനുവദിച്ചു.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ’ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി. ക്ലബ്ബുകളില്‍ 1898 ഹൈസ്കൂളുകളിലെ 58247 കുട്ടികള്‍ അംഗങ്ങളായി.ഹൈടെക് ക്ലാസ്‌മുറികളില്‍ വിനിമയം നടത്തുന്നതിനായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ സജ്ജമായി. ‘സമഗ്ര’യില്‍ 5.5 ലക്ഷം സമഗ്രാസൂത്രണ രേഖകളും 8.89 ലക്ഷം സൂക്ഷ്മാസൂത്രണ രേഖകളും 24388 ഡിജിറ്റല്‍ റിസോഴ്സുകളും ലഭ്യമാക്കി. അധ്യയന സമയം നഷ്ടമാകാത്ത വിധം അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതി നായി കൂള്‍ (KITE’s Open Online Course) എന്ന ഓണ്‍ലൈന്‍ പരിശീലന സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമായ ‘സമേതം’ പോര്‍ട്ടല്‍ സജ്ജമാക്കി.


ചരിത്രത്തിൽ ആദ്യമായി സ്കൂൾ തുറക്കും മുൻപ് പാഠപുസ്തക വിതരണം

ജൂൺമാസത്തിൽ അധ്യയന വർഷം ആരംഭിച്ച് ഓണ പരീക്ഷ ആയാലും കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കാത്ത സാഹചര്യം മുൻപ് ഉണ്ടായിരുന്നു.ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അത്തരം ഒരു സ്ഥിതിവിശേഷം ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു.
അതിന്റെ ഭാഗമായി പാഠപുസ്തക വിതരണം സമയബന്ധിതമായും കാര്യക്ഷമമായും നടത്തുവാൻ കഴിഞ്ഞു. പുസ്തകഭാരം കണക്കിലെടുത്ത് 3 വാല്യങ്ങളായാണ് പുസ്തകം അച്ചടിക്കുന്നത്. സ്കൂൾ അടക്കുന്നതിന് മുൻപ് തന്നെ അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചു.


സൗജന്യ യൂണിഫോം

ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകളിലെ എ.പി.എൽ/ബി.പി.എൽ ഭേദമന്യേ എല്ലാ കുട്ടികള്‍ക്കും സൗജന്യയൂണിഫോം നൽകുവാൻ നടപടികൾ സ്വീകരിച്ചു. സർക്കാർ സ്കൂളുകളിലെ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയും യാഥാർഥ്യമായി.
അതുപോലെ സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്‍ഷ്വുറന്‍സ് പദ്ധതിയും രക്ഷിതാക്കൾ മരണപ്പെട്ടാൽ കുട്ടിക്ക് സ്ഥിരനിക്ഷേപമായി 50,000 രൂപാ നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചു.

സ്കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്

സംസ്ഥാനത്തെ സ്കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സമഗ്രമായ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു.
കിഫ്ബിയിൽ ഉൾപ്പെടുത്തി 5 കോടി വകയിരുത്തി 141 മികവിന്റെ കേന്ദ്രങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. 3 കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 395 സ്കൂളുകളില്‍ നടപ്പാക്കുന്നു. 1 കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ 585 സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


ഈ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രാവർത്തികമാക്കിയ മറ്റു പ്രധാന പദ്ധതികൾ

.200 വർഷം പിന്നിടുന്ന പൈതൃക സ്കൂളുകൾക്ക് പ്രത്യേക പരിഗണന നല്കുന്ന പദ്ധതി. 150 വർഷം പഴക്കമുള്ള ഹെറിറ്റേജ് സ്കൂളുകൾക്ക് പ്രത്യേക ധനസഹായ പദ്ധതി.
.106 ഹയര്‍ സെക്കന്ററി സ്കൂളുകൾക്കും 27 വി.എച്ച്.എസ്.ഇ സ്കൂളുകൾക്കും 181 എല്‍.പി/യു.പി സ്കൂളുകൾക്കും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ധനസഹായം നൽകി.
.സ്കൂൾ ലൈബ്രറികളും ലബോറട്ടറികളും ആധുനികവല്ക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി 2018-19 ൽ 10 കോടി രൂപ വകയിരുത്തി.
..അന്തർ ദേശീയ നിലവാരമുള്ള ലാബുകൾ സ്കൂളുകളിൽ സജ്ജീകരിക്കാനായി Ideal Lab പദ്ധതി. 4 മേഖലകളിലായി ലാബുകൾ സ്ഥാപിച്ചു.
..ഹയര്‍സെക്കന്ററി സീറ്റുകൾ വര്‍ദ്ധിപ്പിച്ചു, കൂടുതൽ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി. ഹയർ സെക്കന്ററി സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാത്തതിനാൽ വേതനമില്ലാതെ ജോലി ചെയ്തുവരുന്ന മൂവായിരത്തോളം അദ്ധ്യാപകർക്ക് ദിവസവേതനം അനുവദിച്ചു .

.ജൈവ വൈവിധ്യത്തെയും കൃഷിയെയും പരിസ്ഥിതിയെയും കുറിച്ച് വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും ബോധവൽക്കരിക്കുന്നതിന് ‘ക്യാമ്പസ് ഒരു പാഠപുസ്തകം’ എന്ന സങ്കൽപം യാഥാർഥ്യമാക്കി ജൈവവൈവിധ്യ ഉദ്യാനങ്ങൾ തുടങ്ങി. കേരളത്തിലെ 12,000 സ്കൂളുകളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ പ്രാവർത്തികമായി.

.കലാ-കായിക വിദ്യാഭ്യാസത്തിന് അനുഗുണമായ ഭൗതിക സാഹചര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങളെ ആരോഗ്യ-മാനസിക-സാംസ്കാരിക വികാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനായി കലാ-കായിക-സാംസ്കാരിക പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരുന്നു.
.ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വളരാനും വികസിക്കാനുമുള്ള ഇടങ്ങളായി ഓട്ടിസം പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി.
.കുട്ടികളിൽ അന്തർലീനമായ എല്ലാ തരം കഴിവുകളേയും കണ്ടെത്താനും വികസിപ്പിക്കാനും ടാലന്റ് ലാബ്. വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കാൻ എസ്.എസ്.എ. യുടെ നേതൃത്വത്തില്‍ സർഗ്ഗവിദ്യാലയ പദ്ധതി നടപ്പിലാക്കി.