Author: CM WEB

വാര്‍ത്താകുറിപ്പ്: 14-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗൗരവമുള്ളതും ആശങ്കാജനകവുമായ വിവരങ്ങളാണ് ഇന്ന് പറയാനുള്ളത്.

608 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മാത്രം 201 പേര്‍ രോഗബാധിതരായി. ഇത് ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണ്. ഇതിനര്‍ത്ഥം സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയിലേക്ക് പോവുകയാണ് എന്നുതന്നെയാണ്.

ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചുനക്കരയിലുള്ള നസീര്‍ ഉസ്മാന്‍കുട്ടി (47) ആണ് മരണമടഞ്ഞത്. സൗദി അറേബ്യയില്‍നിന്ന് വന്നതാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. സമ്പര്‍ക്കം 396. ഹെല്‍ത്ത്വര്‍ക്കര്‍മാര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2, സിഐഎസ്എഫ് 2. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3.

181 പേര്‍ രോഗമുക്തി നേടി

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5.

കഴിഞ്ഞ 24 മണിക്കൂറിനകം 14,227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍.  ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്നു മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 4454.

ഇതുവരെ ആകെ 2,52,302 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7745 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 75,338 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നല്‍കിയിട്ടുണ്ട്. കെ. ഇമ്പാശേഖര്‍ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖര്‍ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആര്‍ പ്രേംകുമാര്‍ (ഇടുക്കി), ജറോമിക് ജോര്‍ജ് (എറണാകുളം), ജീവന്‍ബാബു (തൃശൂര്‍, എസ്. കാര്‍ത്തികേയന്‍ (പാലക്കാട്), എന്‍.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവന്‍ (വയനാട്), വി. വിഗ്നേശ്വരി (കോഴിക്കോട്), വി.ആര്‍.കെ. തേജ (കണ്ണൂര്‍), അമിത് മീണ (കാസര്‍കോട്).

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍ററുകളും റിവേഴ്സ് ക്വാറന്‍റൈന്‍ സെന്‍ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ ഓഫീസര്‍മാര്‍ സഹായം നല്‍കും.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഇവര്‍ പൂന്തുറ കൊട്ടക്കല്‍, പുല്ലുവിള, വെങ്ങാനൂര്‍ ക്ലസ്റ്ററുകളിലുള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരുമുണ്ട്.

ഈ സാഹചര്യത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടെ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നിലവിലെ നില തൃപ്തികരമായതിനാല്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പൊതുജനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയായി.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള രോഗബാധ വര്‍ധിച്ച ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിനു വേണ്ടിയും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ചെല്ലാനത്ത് ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു. സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 15ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടുപേരുമുണ്ട്. കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേല്‍, താമരക്കുളം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണുകളാണ്. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും വ്യാപകമായ കോവിഡ് പരിശോധനകളും നടത്തുന്നുണ്ട്.

ആകെ 130 ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 209 സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റുകയും നെഗറ്റീവ് ആയവരെ സുരക്ഷിതമായ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അലഞ്ഞ് തിരിയുന്നവര്‍, അഗതികള്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജാഗ്രതാപൂര്‍ണ്ണമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ടു പേരില്‍നിന്ന്  53 പേര്‍ക്ക് രോഗബാധയുണ്ടായെന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കി.  

ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും അശ്രദ്ധമായി വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത ഇതുമൂലം വര്‍ധിക്കുകയാണ്. അതുകൊണ്ട്, ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.  

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്.  രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. കേരളം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മലപ്പുറത്തും തിരുവനന്തപരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, അടുത്ത ഘട്ടമായ സാമൂഹ്യവ്യാപനം തടയുന്നതിനായി നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
 
ഇതിനു മുന്‍പ് നമുക്ക് നേരിടേണ്ടി വന്ന നിപ രോഗബാധ ഏകദേശം ഒരു മാസമാണ് നീണ്ടുനിന്നത്. അത് നമുക്ക് വിജയകരമായി തരണം ചെയ്യാന്‍ കഴിഞ്ഞു. കോവിഡ് നിയന്ത്രണ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയായി. ഇവിടെ മാത്രമല്ല,ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുതല്‍ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നാണ് ഒരു വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വാഭാവികമായും ഒരു തളര്‍ച്ച ഉണ്ടാവുന്നുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീനമായ സമീപനം നാട്ടുകാരില്‍ ചിലരെങ്കിലും സ്വീകരിച്ചു വരുന്നുമുണ്ട്.  സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചുവരുന്നതിന്‍റെ പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധകളാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവുക എന്ന മാര്‍ഗമാണ് നമുക്കു മുന്നിലുള്ളത്.

കഴിഞ്ഞദിവസം പറഞ്ഞ കൂട്ടത്തില്‍ പ്രതിരോധരംഗത്ത് ഉണ്ടാകുന്ന മടുപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നത് പ്രദേശിക സര്‍ക്കാരുകളാണ്. അതത് പ്രദേശങ്ങളിലുള്ള ജനങ്ങള്‍ അതത് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കന്‍മാര്‍ അവിടെയുണ്ട്.

കോവിഡിന്‍റെ പകര്‍ച്ച വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. പഞ്ചായത്ത് കമ്മിറ്റികളും നഗരസഭകളും  ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തണം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐസിഡിഎസ്,  കുടുംബശ്രീ തുടങ്ങി പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരേയും പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കണം.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ പ്രകിയയുടെ ഏറ്റവും അടിസ്ഥാന യൂണിറ്റ് വാര്‍ഡുകളാണ് എന്നതിനാല്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള പങ്ക് ഏറ്റവും നിര്‍ണ്ണായകമാണ്. നമ്മുടെ മെമ്പര്‍മാരും കൗണ്‍സിലര്‍മാരും അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇടപെടേണ്ടതുണ്ട്. കോവിഡ് ബാധയുണ്ടാകാതിരിക്കുന്നതിനും അഥവാ ഉണ്ടായാല്‍ അത് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനും അവരുടെ ഇടപെടല്‍ നിര്‍ണായകമാണ്.

രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുക, രോഗികളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊരുക്കുക,  സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും  ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടര്‍ന്നും മുന്‍ഗണന നല്‍കണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഇത്തരത്തിലുള്ള പ്രാദേശിക മാതൃകകള്‍ പങ്കുവെയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. കേരളത്തിലെ  ജനകീയാസൂത്രണത്തിന്‍റെ ശക്തി നാം ഈ കാര്യത്തില്‍ ഉപയോഗിക്കണം.

ഐടിബിപി ജവാന്‍മാര്‍ക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഐടിബിപി ഡയറക്ടര്‍ ജനറല്‍ ഉറപ്പുനല്‍കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള തീരദേശ മേഖലകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ വിന്യസിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സന്നദ്ധസേന പ്രവര്‍ത്തകര്‍ പൊലീസിനൊപ്പവും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പവും ജോലിചെയ്യുന്നുണ്ട്. ഇത്തരം പൊലീസ് വളണ്ടിയര്‍മാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളില്‍ അഡീഷണല്‍ എസ്പിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. പോലീസ് വളണ്ടിയര്‍മാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാര്‍ എല്ലാദിവസവും പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കും.

മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 13 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഹയര്‍ സെക്കന്‍ററി ഫലപ്രഖ്യാപനം
2019-2020 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുകയാണ്. മാര്‍ച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26ന് പുനരാരംഭിച്ചു. ഒട്ടേറെ എതിര്‍പ്പും സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി പരീക്ഷ നടത്തിയത്.

വീടിനടുത്തു തന്നെയുള്ള സ്കൂളുകളില്‍ പരീക്ഷയെഴുതുന്നതിനുള്ള അവസരം നല്‍കി. അകലെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളില്‍ എത്തിച്ചു. ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ലാതിരുന്നിട്ടും ചോദ്യപേപ്പറുകള്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെത്തിച്ച് പരീക്ഷയെഴുതുന്നതിനു സൗകര്യം ഒരുക്കി.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചത്.

പരീക്ഷപോലെ തന്നെ മൂല്യനിര്‍ണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്.  സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ 3020 അധ്യാപകരെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണം നടത്തുകയും ജൂണ്‍ 24ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കുകയും ചെയ്തു. വിദ്യാഭ്യാസവകുപ്പിനെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഈ നേട്ടത്തില്‍ അഭിനന്ദിക്കുന്നു.

കീം പ്രവേശന പരീക്ഷ
2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസികോഴ്സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16നാണ് നടത്തുക. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡെല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്.

ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ അകറ്റിയും കുറ്റമറ്റ രീതിയില്‍ പ്രവേശന പരീക്ഷ നടത്താനിരിക്കുകയാണ്.  

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന്  പൊലിസിന്‍റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവര്‍ക്കായിരിക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്‍റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേകസര്‍വ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. കൂടാതെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതിയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍സ്പ്രെഡ് മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് എച്ച്എച്ച്എസില്‍ പരീക്ഷയെഴുതാം. ഡെല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്.

അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ജാഗ്രതാ പോര്‍ട്ടല്‍ വഴി ‘ഷോര്‍ട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കും.

ദുരിതാശ്വാസനിധി
ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി രണ്ട് ഗഡുക്കളായി 7,69,600 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൂടാതെ ടെക്നോപാര്‍ക്കിലെ ദിവസ വേതനക്കാരായ അഞ്ഞൂറ് ഐടി ഇതര ജീവനക്കാര്‍ക്ക് ആയിരം രൂപയുടെ കോവിഡ് അതിജീവന കിറ്റ്, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത 40 കുട്ടികള്‍ക്ക് ടിവി എന്നിവയും കൈമാറിയതായി അറിയിച്ചിട്ടുണ്ട്.

എസ്ബിഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ 12 ലക്ഷം രൂപ

എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി 10 ലക്ഷം രൂപ

കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട് ,എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലെ ക്ഷീരസംഘങ്ങള്‍ 5,72,631 രൂപ

കെഎസ്കെടിയു എറണാകുളം ജില്ലാ കമ്മിറ്റി 1,90,000 രൂപ.

കഴക്കൂട്ടം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ സഹകരണ സംഘം 70,000 രൂപ

തൃപ്രയാര്‍ ജലോത്സവ സംഘാടക സമിതി 50,000 രൂപ

എഐവൈഎഫ് മങ്കട വിലേജ് കമ്മിറ്റി 35,110 രൂപ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറിയായി വിരമിച്ച എല്‍ പ്രേമലത 25,000 രൂപ.

കേരളത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ദുബായിലെ സംഘടന എകെസിഎഎഫ് യുഎഇ ഓണ്‍ലൈന്‍ പഠന സഹായമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കാനുള്ള സന്നദ്ധത അറിയിച്ചു.

വാര്‍ത്താകുറിപ്പ്: 13-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
449 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 162 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 64 പേര്‍. സമ്പര്‍ക്കം 144. ഉറവിടം അറിയാത്തത് 18. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്സി 10, ബിഎസ്എഫ് 1, ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്സ് 77, ഫയര്‍ഫോഴ്സ് 4, കെഎസ്ഇ 3.

രണ്ടു മരണങ്ങളുണ്ടായി. കൊല്ലം ജില്ലയിലെ ത്യാഗരാജന്‍ (74), കണ്ണൂര്‍ ജില്ലയിലെ അയിഷ (64) എന്നിവരാണ് മരണമടഞ്ഞത്. ത്യാഗരാജന്‍റെ കോവിഡ് ബാധ വെള്ളിയാഴ്ച സ്ഥിരീകരിച്ച പട്ടികയിലാണ്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9, ഇടുക്കി 4.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍കോട് 5.

കഴിഞ്ഞ 24 മണിക്കൂറിനകം 12,230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 713 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്.

ഇതുവരെ ആകെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 78,002 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 74,676 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്, പുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ പഞ്ചായത്തുകളിലെയും പൊന്നാന്നി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. ഇവിടങ്ങളില്‍ സമ്പര്‍ക്കം, രോഗബാധ എന്നിവ കണ്ടെത്താനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. റിവേഴ്സ് ക്വാറന്‍റൈനും ബോധവല്‍ക്കരണവും ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെയടക്കം ഉള്‍പ്പെടുത്തിയും ജനങ്ങളുടെ സഹകരണം തേടിയും മികച്ച ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയുമുള്ള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് എല്ലാ ഘട്ടത്തിലും നാം ശ്രമിച്ചത്. ഈ മഹാമാരിയെ അതിന്‍റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ല എന്ന പ്രശ്നമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനമായതിനാല്‍ ചില മേഖലകളില്‍ മടുപ്പുവരുന്നുണ്ട്. വളണ്ടിയര്‍മാരുടെ കാര്യത്തില്‍ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ വളണ്ടിയര്‍മാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ വര്‍ധനയുടെ തോത്  ഇനിയും വര്‍ധിച്ചാല്‍ നാം വല്ലാതെ പ്രയാസപ്പെടും.

റിവേഴ്സ് ക്വാറന്‍റൈന്‍ വേണ്ടവര്‍ക്ക് രോഗബാധ കൂടുതലുണ്ടായാല്‍ ഐസിയുവിന്‍റെയും വെന്‍റിലേറ്ററിന്‍റെയും മറ്റു സൗകര്യങ്ങളുടെയും ആവശ്യകത കുതിച്ചുയരുന്ന സ്ഥിതിയാണുണ്ടാവുക. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തില്‍ ആരോഗ്യവകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും.

രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി നിയോഗിക്കും. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവിടങ്ങളിലേക്ക് അവശ്യം വേണ്ട താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം ഇവിടെ കൂടുതല്‍ സമയം പ്രതിപാദിച്ചത് തിരുവനന്തപുരം നഗരത്തിലെ തീരമേഖലയിലെ വിഷയങ്ങളായിരുന്നു. അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കുറേ ആളുകള്‍ തെരുവിലിറങ്ങിയതും ചര്‍ച്ച ചെയ്തു. ഇന്നലെ അവിടെ കണ്ട രംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്നതാണ് അത്. ചെറിയ തെറ്റിദ്ധാരണ കൊണ്ട് തെരുവിലിറങ്ങിയവര്‍ പോലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കോവിഡ് പ്രതിരോധവുമായി സര്‍വാത്മനാ സഹകരിക്കാന്‍ തയ്യാറായ ആ കാഴ്ച പൂന്തുറയിലെ ജനങ്ങളുടെ ഉയര്‍ന്ന ബോധത്തെ സൂചിപ്പിക്കുന്നതാണ്. ആ ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞതുപോലെ സംസ്ഥാനത്ത് കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ശക്തമാവുകയാണ്. നമ്മളിതുവരെ പിന്തുടര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയാകെ സഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായാല്‍ അതിനു തടയിടാന്‍ കഴിയും എന്നതില്‍ സംശയമില്ല. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും 4 സങ്കേതങ്ങളുപയോഗിച്ചാണ്.

1. മരണനിരക്ക്. 2. രോഗവ്യാപനം. 3. ടെസ്റ്റ് പര്യാപ്തത. 4. രോഗമുക്തി.

ഇതില്‍ കേരളത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മെച്ചപ്പെട്ടതാണ് എന്ന് മനസ്സിലാക്കാം. കേസ് ഫെറ്റാലിറ്റി റേറ്റ്, അതായത് നൂറു കേസുകള്‍ എടുത്താല്‍ എത്ര മരണമുണ്ടായി എന്ന കണക്ക്. ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിലെ കേസ് ഫെറ്റാലിറ്റി റേറ്റ് 1.77 ശതമാനവും തമിഴ്നാട്ടിന്‍റേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്‍റെ കേസ് ഫെറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്.

ഒരു ദിവസത്തില്‍ എത്ര മരണങ്ങള്‍ ഉണ്ടായി എന്നതും പരിശോധിക്കാം. ജൂലൈ 12ലെ കണക്കുകള്‍ പ്രകാരം ആ ദിവസം കര്‍ണാടകയില്‍ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്നാട്ടില്‍ 68 പേര്‍ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തില്‍ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്.

പത്തുലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു (ഡെത്ത് പെര്‍ മില്യണ്‍) എന്ന മാനദണ്ഡമെടുത്താല്‍ കേരളത്തില്‍ അത് 0.9 ആണ്. ഇന്ത്യയില്‍ 17.1 ആണ് ഡെത്ത് പെര്‍ മില്യണ്‍. കര്‍ണാടകയില്‍ 11.3ഉം, തമിഴ്നാട്ടില്‍ 27.2ഉം, മഹാരാഷ്ട്രയില്‍ 94.2ഉം ആണ്. വളരെ മികച്ച രീതിയില്‍ കോവിഡ് മരണങ്ങളെ നമുക്ക് തടയാന്‍ സാധിച്ചു എന്നതിന്‍റെ തെളിവാണ് ഈ കണക്കുകള്‍.

ഈ കണക്കുകള്‍ ഇവിടെ പറയുന്നത് എന്തെങ്കിലും മേډ തെളിയിക്കാനല്ല. മറിച്ച് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ തുറന്നുകാണിക്കാന്‍ വേണ്ടിയാണ്.

ടെസ്റ്റുകള്‍ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന മറ്റൊരു പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റിന്‍റെ എണ്ണം കൂട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാട്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്.  

100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകള്‍ നടക്കുമ്പോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവര്‍ക്കിടയിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കിടയിലും മാത്രം ടെസ്റ്റുകള്‍ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ രീതിയില്‍ ടെസ്റ്റുകള്‍ നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണ് എന്നു കാണാം. നിലവില്‍ 2.27 ശതമാനമാണത്. അല്‍പ നാള്‍ മുന്‍പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാല്‍,ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കര്‍ണാടകയില്‍ 4.53ഉം തമിഴ്നാട്ടില്‍ 8.57ഉം മഹാരാഷ്ട്രയില്‍ 19.25ഉം തെലുങ്കാനയില്‍ 20.6ഉം ആണ്.

ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട് എന്നതിന്‍റെ സൂചകമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍. 50നു മുകളില്‍ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ ഇപ്പോള്‍ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു ഇവിടെ മിനിമം 44 ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. തുടക്കം മുതല്‍ ഒരാഴ്ച മുന്‍പു വരെ നമുക്കത് 50നു മുകളില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വീണ്ടും ഉടനടി 50നു മുകളില്‍ ആ നമ്പര്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

എങ്കിലും ഇപ്പോള്‍ പോലും ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ എടുത്താല്‍ കേരളം മറ്റു പ്രദേശങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി 13 ആണ്. കര്‍ണാടകയില്‍ 22ഉം തമിഴ്നാട്ടിലും മഹാരാഷ്ടയിലും ആറുമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വെഴ്സസ് കേസ് പെര്‍ മില്യണ്‍. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തിലും നമ്മള്‍ മുന്നിലാണ് എന്നര്‍ത്ഥം.

ഈ തരത്തില്‍ ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണ്. കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ലോകത്തിന്‍റെ തന്നെ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അത് നിലനിര്‍ത്താനാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതു മനസ്സിലാക്കാതെ വിമര്‍ശനമുന്നയിക്കുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കാന്‍ ശ്രമിക്കണം. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനു പകരം, വിഷയത്തെ ശാസ്ത്രീയമായി സമീപിക്കാനും അതിനാവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കാനും അത്തരക്കാര്‍ ശ്രദ്ധിക്കണം.

തീരമേഖലയിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കും. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കടലോര ജാഗ്രതാസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കും.

കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പുകള്‍ അവസാനിക്കുമ്പോള്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കും.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിലെത്തിയത്  5,60,234 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരില്‍ 64.44 ശതമാനം ആളുകളും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി. 54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്.

മാസ്ക് ധരിക്കാത്ത 5776 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ദുരിതാശ്വാസനിധി
കണ്ണൂര്‍ ജില്ലയിലെ ക്രഷര്‍ ക്വാറി അസോസിയേഷന്‍ 40 ലക്ഷം രൂപ.

കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 1,50,000.

എഐവൈഎഫ് ചെമ്മനാട് മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 56,000 രൂപ.

എന്‍ ഉണ്ണികൃഷ്ണന്‍ സ്മാരക വായനശാല ബമ്മണാച്ചേരി, മയ്യില്‍ 25,097 രൂപ.

കാസര്‍കോട് കണിച്ചിറ ജനകീയ കൂട്ടായ്മ 25,000 രൂപ.

വാര്‍ത്താകുറിപ്പ്: 12-07-2020

തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,
കൊല്ലത്തെ ചവറ, പന്മന
ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ
എറണാകുളത്ത് ചെല്ലാനം,
മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും.
ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല.
ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ
ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്.
മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.

വാര്‍ത്താകുറിപ്പ്: 11-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
488 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 143 പേര്‍ രോഗമുക്തി നേടി.

കോവിഡ് പോസിറ്റീവായ രണ്ടു പേര്‍ മരണമടഞ്ഞു. സൈഫുദീന്‍ (66) തിരുവനന്തപുരം, പി.കെ. ബാലകൃഷ്ണന്‍ (79)  എറണാകുളം എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 234. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 3, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്സി 4.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളം 3, തൃശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1.

കഴിഞ്ഞ 24 മണിക്കൂറിനകം 12,104 സാമ്പിളുകള്‍ പരിശോധിച്ചു. 1,82,050 പേരാണ് നിരീക്ഷണത്തിലുള്ളത്. 3694 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 2,33,809 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6449 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,636 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 195. പുതുതായി 16 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ വന്നത്.

ഇന്ന് ലഭിക്കുന്ന കണക്കുകള്‍ സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്‍റെ സൂചനയാണ്.

തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ 69 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. അതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കം. അതിനുപുറമെ എവിടെനിന്ന് ബാധിച്ചു എന്നറിയാത്ത 11 കേസുകളുണ്ട്.  ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുകയാണ്.

ജില്ലയിലെ ഒന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്മെന്‍റ്, സോഷ്യല്‍ മീഡിയ പ്രചാരണം, മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ എന്നിവ നടത്തുന്നു.

കണ്ടെയിന്‍മെന്‍റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി റവന്യു, പൊലീസ്, ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പമുണ്ടാകും.

ഇതുവരെ പൂന്തുറയില്‍ 1366 ആന്‍റിജെന്‍ പരിശോധന നടത്തി. അതില്‍ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുകയാണ്. അവിടെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കും. രണ്ട് മൊബൈല്‍ മെഡിസിന്‍ ഡിസ്പെന്‍സറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ്ഡെസ്ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.

മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ വാര്‍ഡുകളിലെ ഒട്ടേറെ കുടുംബത്തിന് അഞ്ചു കിലോ അരി വീതം വിതരണം നടത്തിവരുന്നു. ഈ മൂന്നു വാര്‍ഡുകളിലുമായി ആകെ 8,110 കാര്‍ഡ് ഉടമകളാണുള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള അധിക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ
ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ വന്നിട്ടുള്ളത്. 87 പേര്‍. അതില്‍ 51 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
 
താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനു പോയ ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും ഇതിലൊരു മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

താമരക്കുളം, നൂറനാട് മേഖലകളിലും, കായംകുളത്തും തീരദേശ മേഖലയിലും കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും  ഏര്‍പ്പെടുത്തി. നൂറനാട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്‍റൈന്‍ ഉറപ്പാക്കും. നൂറനാട് ഐടിബിപി ക്യാമ്പിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെയും കുടുംബാംഗങളെയും ക്വാറന്‍റൈനില്‍ ആക്കി. തീരദേശത്തെ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരെ  കമ്യൂണിറ്റി സെന്‍ററുകളില്‍ നിയോഗിച്ചു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തയ്യാറാക്കുന്നു.

പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 54 ആണ്. അതില്‍ 25 സമ്പര്‍ക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്‍റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിലൂടെ ജൂലൈ 10ന് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.

മലപ്പുറം
51 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. അതില്‍ 27ഉം സമ്പര്‍ക്കംമൂലമാണ്. മലപ്പുറത്ത് ഇപ്പോള്‍ നാല് ക്ലസ്റ്ററുകളാണുള്ളത്. സമ്പര്‍ക്കത്തിലൂടെ പല മേഖലകളിലും രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണ്.

പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പൊന്നാനിയില്‍ 7266 ആന്‍റിജെന്‍ ടെസ്റ്റ് നടത്തിയതില്‍ 89 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാക്കി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല.  അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണമെന്ന നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്.

പാലക്കാട്
48 പേര്‍ക്ക് ഇന്ന് പുതുതായി പാലക്കാട് രോഗം സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിന് പുറമെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജും മാങ്ങോട് കേരള മെഡിക്കല്‍ കോളേജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കഞ്ചിക്കോട് കിന്‍ഫ്രയില്‍ 1000 ബെഡ് സൗകര്യത്തോടെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ഒരുക്കുന്നുണ്ട്.അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

എറണാകുളം
എറണാകുളം ജില്ലയില്‍ 47 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. അതില്‍ 30 പേര്‍ സമ്പര്‍ക്കം മൂലമാണ്. അഞ്ചുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയില്‍ 45 കണ്ടെയിന്‍മെന്‍റ് സോണുകളാണ് നിലവിലുള്ളത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചെല്ലാനം മേഖലയില്‍ പരിശോധന ശക്തമാക്കിയത്. ഇവരുടെ കോണ്ടാക്റ്റ് ട്രെയിസിങ് ആരംഭിക്കുകയും,  123 പ്രൈമറി കോണ്ടാക്റ്റുകളും 243 സെക്കണ്ടറി കോണ്ടാക്റ്റുകളും കണ്ടെത്തുകയും ചെയ്തു. എല്ലാ പ്രൈമറി കോണ്ടാക്റ്റുകളിലും ടെസ്റ്റ് നടത്തുകയും, 13 പോസിറ്റീവ് കേസുകള്‍ ഈ ദിവസത്തിനുള്ളില്‍  കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം സര്‍വൈലന്‍സ് ശക്തമാക്കുകയും, ജൂലൈ 9, 10 തീയതികളിലായി ഫീല്‍ഡ് ടീം ആ പ്രദേശം സന്ദര്‍ശിക്കുകയും  രോഗലക്ഷണങ്ങളുള്ള 161 പേരെ കണ്ടെത്തുകയും ചെയ്തു.

ആലുവ മാര്‍ക്കറ്റിനോട് ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന രണ്ടു പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. അതിനെത്തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിനെ ഒരു ക്ളസ്റ്റര്‍ എന്ന നിലയില്‍ പരിഗണിക്കുകയും രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രോഗബാധയുള്ള വാര്‍ഡുകള്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഏറ്റവുമടുത്ത എല്ലാ പ്രൈമറി കോണ്ടാക്റ്റുകളിലും ടെസ്റ്റ് നടത്തുകയും അതിനായി 3 മൊബൈല്‍ സ്വാബ് കലക്ഷന്‍ ടീമുകളെ നിയോഗിക്കുകയും ചെയ്തു. 448 സാമ്പിളുകള്‍ ശേഖരിക്കുകയും 24 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തു.

തൃശൂര്‍
തൃശൂരില്‍ 29 പേര്‍ക്കാണ് ഇന്ന് രോഗബാധ. മുളങ്കുന്നത്തുകാവ് കില, ഇഎസ്ഐ ആശുപത്രി, കൊരട്ടി ത്വക് രോഗാശുപത്രി എന്നിവയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്. നാട്ടികയില്‍ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്‍റ് ലെയര്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കാന്‍ വിട്ടുനല്‍കിയിട്ടുണ്ട്. ഇവിടെ 1000 ബെഡ് തയ്യാറാക്കും. മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തൃശൂര്‍ സിറ്റി പൊലീസ് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി വരികയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബ് പ്രവര്‍ത്തിക്കുന്നതു കൂടാതെ 2 നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജമാക്കുകയും പ്ലാസ്മ ചികിത്സ ആരംഭിക്കുകയും ചെയ്തു.

കണ്ണൂര്‍
കണ്ണൂരില്‍ ഇന്ന് 19 പേര്‍ക്കാണ് രോഗബാധ. കൊവിഡ് ചികിത്സക്ക് കരുതല്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യത്തെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റരായി പരിയാരം ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ മാര്‍ക്കറ്റുകളിലും ലോറി ജീവനക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കുന്നുണ്ട്.  കണ്ണൂര്‍ മിംസ് ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു.

കാസര്‍കോട്
ഇന്ന് 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. അതിലെ രണ്ടുപേര്‍ക്ക് എവിടെനിന്ന് ബാധിച്ചു എന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് കോവിഡ് മൂന്നാംഘട്ട രോഗവ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവില്‍പന കടയില്‍ നിന്നുമാണ് ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ ജൂലൈ 17 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് നിന്ന് മംഗലാപുരത്ത് പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം പാസ് ഏര്‍പ്പെടുത്തി.

540 പേരെ കിടത്തി ചികിത്സിക്കാവുന്ന ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഉദുമ നിയോജക മണ്ഡലത്തിലെ ചട്ടഞ്ചാലിനടുത്താണ് ആശുപത്രി പൂര്‍ത്തിയായി വരുന്നത്. ഈ ആശുപത്രിയുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കൊല്ലം
ഇന്ന് 18 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം 7, ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലം ജില്ലയില്‍ മത്സ്യ വില്‍പനക്കാരായ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് രോഗബാധയുണ്ടായി. മത്സ്യവില്‍പന നടന്ന സ്ഥലം, വില്‍പനക്കാരുടെ വാസസ്ഥലം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി വരുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കി സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തിവരുന്നു. ജില്ലയില്‍ ഇന്നലെയാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെക്കാള്‍ സമ്പര്‍ക്ക രോഗികള്‍ എണ്ണത്തില്‍ മുന്നില്‍ വന്നത്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് നിലവിലുള്ള പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിനു പുറമേ വാളകം മേഴ്സി ഹോസ്പിറ്റല്‍ പ്രഥമ ചികിത്സക്കായി തയ്യാറാക്കി. മറ്റു കേന്ദ്രങ്ങളിലും കിടക്കകള്‍ സജ്ജമായി വരുന്നു.

കോഴിക്കോട്
കോഴിക്കോട് 17 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. സമ്പര്‍ക്കം 8, ഉറവിടം അറിയാത്തത് കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍  വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കോട്ടയം ജില്ല
കോട്ടയത്ത് ഇന്ന് 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം 4. രണ്ട് കോവിഡ് ആശുപത്രികളിലും മൂന്ന് പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലുമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.

വയനാട് ജില്ല
വയനാട് ഇന്ന് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദിവാസി മേഖലകളില്‍ നിരീക്ഷണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. ഹൈ റിസ്ക്, ലോ റിസ്ക് കോളനികളെ പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. കോളനിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റിസ്ക് ഫാക്ടര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എല്ലാവരെയും ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇടുക്കി
ഇടുക്കിയില്‍ അഞ്ചുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കേന്ദ്രങ്ങള്‍ തയ്യാറായി വരുന്നു.

ഇതിനിടയില്‍ കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. അതിന്‍റെ പ്രത്യാഘാതം വലുതാകും എന്നു സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നും ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നതു കണ്ടു.

ഇത് എന്തിന്‍റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതിദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ അനുഭവമുള്ള നാടാണ് ഇത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് എന്ന് ബന്ധപ്പെട്ടവരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

സമ്പര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊതുവിടങ്ങളിലെ മാസ്കിന്‍റെ  ഉപയോഗവും. രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാന്‍ മാസ്കുകള്‍ സഹായിക്കുന്നുണ്ട്. കോവിഡ് രോഗബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത്  വരുന്ന സാഹചര്യത്തില്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാല്‍, രണ്ടാളുകളും മാസ്ക് ധരിച്ചു കൊണ്ടാണ് നില്‍ക്കുന്നതെങ്കില്‍ രോഗം പകരാനുള്ള സാധ്യതകുറവാണ്. അതുകൊണ്ടുതന്നെ മാസ്കുകള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും എല്ലാവരും ധരിക്കേണ്ടതുണ്ട്.

പക്ഷേ, മാസ്ക് ധരിച്ചതുകൊണ്ട് എല്ലാമായി എന്നും കരുതരുത്. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ മാസ്ക് ധരിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. ശാരീരിക അകലം പാലിക്കുക, കൈകള്‍ നിരന്തരം വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഒരേ സമയം പാലിച്ചെങ്കില്‍ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ. നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപനതോത് കുറയ്ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നതുകൊണ്ടാണ്.

കോവിഡ്-19 വൈറസ് ബാധിതരില്‍ സിംഹഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങളില്ലാത്തവരില്‍ ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നത് ടെസ്റ്റിന്‍റെ ബലഹീനതയല്ല, മറിച്ച് ചെറിയ അണുബാധകള്‍ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്‍റെ കഴിവായി വേണം കണക്കാക്കാന്‍. ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പരക്കാം എന്നതും ഇത്തരത്തില്‍ രോഗം പകര്‍ന്നു കിട്ടുന്നവരില്‍ ഇത് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കാം എന്നതും വസ്തുതയാണ്.

പ്രായേണ ആരോഗ്യമുള്ളവരിലൂടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോവിഡ് സംസ്ഥാനത്താകമാനം പടര്‍ന്നു പിടിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗബാധ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ രോഗബാധ ചില പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്.

അതത് പ്രദേശങ്ങളിലെ രോഗബാധ കഴിയുന്നത്ര നേരത്തെ നിയന്ത്രിക്കുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനുമായാണ് ഇത് ചെയ്യുന്നത്. വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്നലെ സൂചിപ്പിച്ചത് പോലെ ഉചിതമായ ടെസ്റ്റിങ് രീതികളാണു ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂര്‍ണമനസ്സോടെ സഹകരിക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസില്‍ നിന്നും സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നും ധാരാളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികള്‍ വര്‍ദ്ധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളില്‍ പൊലീസിന്‍റെ ജോലിഭാരം വര്‍ദ്ധിച്ചിട്ടുണ്ട്. പലസ്ഥലത്തും പൊലീസുകാര്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നു. ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യഥാസമയം ജോലിക്ക് എത്താന്‍ കഴിയാതെ വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഷ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാവും ഉചിതമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ യൂണിറ്റില്‍ നിന്ന് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊലീസിലെ സ്റ്റേറ്റ് വെല്‍ഫയര്‍ ഓഫീസറും എഡിജിപിയുമായ കെ പത്മകുമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാപകരണങ്ങള്‍ ലഭ്യമാക്കും. കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങള്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ സന്ദര്‍ശിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇനി മാധ്യമങ്ങളോടാണ് ഒരു കാര്യം പറയാനുള്ളത്

ഇന്ന് ഒരു പ്രധാന പത്രം ഒരു വ്യാജ വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍പെട്ടു. പൂന്തുറ പ്രദേശം ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍റ് സോണ്‍ ആയി മാറിയ ഘട്ടത്തില്‍ ചില കുത്സിത ശക്തികള്‍ അഭ്യൂഹങ്ങള്‍ പരത്തി ജനങ്ങളെ തെരുവില്‍ ഇറക്കിയത് നമ്മള്‍ ഇന്നലെ കണ്ടു. ആപ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിച്ച് ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഒരു മാധ്യമം ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സോദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം പ്രവര്‍ത്തകരെ മോശക്കാരായി ചിത്രീകരിക്കാനുമാണ്.

ആ വ്യാജ ചിത്രത്തില്‍ ഉള്ളത് ഇടതുപക്ഷ പ്രവര്‍ത്തകരായ ബെയ്ലിദാസും ബേബിമാത്യുവും ആണ്. വിശ്വാസികളായ പ്രദേശവാസികള്‍ പുരോഹിതന്മാരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണ്. ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ സ്വാഭാവികമായും അവരെ സമാധാനിപ്പിക്കാന്‍ സത്യാവസ്ഥ ബോധിപ്പിക്കാന്‍ സാമൂഹ്യ വ്യാപനത്തിന് ഇടയാകാതെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നാട്ടുകാരെ സാധ്യമായ രീതിയിലെല്ലാം സമീപിച്ചു. അതിനായി പുരോഹിതന്മാരുടെയും പ്രാദേശിക നേതാക്കളുടെയും സഹായവും തേടി.

അപ്പോള്‍ അവിടെ നിന്ന് എടുത്ത ദൃശ്യങ്ങളില്‍ നിന്ന് പുരോഹിതډാരെയും പൊലീസിനെയും അടര്‍ത്തി മാറ്റി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് ജനങ്ങളെ തെരുവിലിറക്കിയത് സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആണ് എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമ നൈതികതയല്ല. കോവിഡ് ഭീതിയില്‍ അല്ലാത്തപ്പോള്‍ പോലും ചെയ്യുവാന്‍ പാടില്ലാത്ത കാര്യമാണ്.

തീരദേശത്ത് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട അവസ്ഥ വന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ആളുകള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകുന്ന അവസ്ഥ അവിടെയുള്ളതു കൊണ്ടാണ്. അത്തരമൊരു അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെയുള്ള ഇടപെടലുകളാണ് അവിടെ ആവശ്യം. ദൈനംദിനം കടലില്‍ പോയി ജീവനോപാധി കണ്ടെത്തുന്ന നമ്മുടെ സഹോദരങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍മൂലം വിഷമിക്കുകയാണ്. അവര്‍ക്ക് ആകാവുന്ന സഹായങ്ങളെല്ലാം നല്‍കേണ്ട ഘട്ടമാണിത്.

കേരളം മഹാപ്രളയം നേരിട്ടപ്പോള്‍ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് മാധ്യമങ്ങളുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടമ എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. അവര്‍ക്ക് നമ്മുടെ യോജിച്ച പിന്തുണ നല്‍കിയേ തീരൂ.

മാസ്ക് ധരിക്കാത്ത 5274 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 14 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

വാര്‍ത്താകുറിപ്പ്: 10-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

416 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 112 പേര്‍ രോഗമുക്തി നേടി. പുറത്തുനിന്ന് വന്നവരേക്കാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച ദിവസമാണിന്ന്.

ഇന്ന് രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51 പേര്‍. സമ്പര്‍ക്കം 204. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3.

കഴിഞ്ഞ 24 മണിക്കൂറിനകം 11,693 സാമ്പിളുകള്‍ പരിശോധിച്ചു. 1,84,112 പേരാണ് നിരീക്ഷണത്തിലുള്ളത്. 3517 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 2,26,868 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4525 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 70,112 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 193.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന കേസുകളില്‍ നിന്നാണ് പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്ടുകള്‍ വരുന്നത്. മൊത്തം കേസുകളുടെ അനുപാതമായി സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാധ്യതയിലേക്കാണ് നയിക്കുക.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27ന് 5.11 ശതമാനമായി. ജൂണ്‍ 30ന് 6.16 ശതമാനം. ഇന്നലെ അത് 20.64 ആയി ഉയര്‍ന്നിരിക്കുന്നു.

സാമൂഹ്യ വ്യാപനം ഒരു തര്‍ക്ക വിഷയമാക്കേണ്ടതില്ല. സാമൂഹ്യത്തില്‍ കൂടുതലാളുകള്‍ക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നത്. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സാ ഉറപ്പാക്കാന്‍ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഏതാണ്ടെല്ലാം തന്നെ കോവിഡ് മഹാമാരിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി കഴിഞ്ഞു. തുടക്കത്തില്‍ പിടിച്ചുനിന്ന ബംഗളൂരു പോലും കാലിടറുന്ന കാഴ്ചയാണ്. കഴിഞ്ഞ ദിവസം മാത്രം 1373 പുതിയ കേസുകളാണ് ആ നഗരത്തില്‍ ഉണ്ടായത്. ഇതുവരെ

13,882 രോഗികളും 177 മരണങ്ങളും ബംഗളൂരുവില്‍ ഉണ്ടായിക്കഴിഞ്ഞു. ചെന്നൈയില്‍ സ്ഥിതി അതിലും മോശമാണ്. 73,728 കേസുകളാണ് ഇതുവരെ അവിടെ ഉണ്ടായത്. കേരളത്തില്‍ രോഗബാധ ഉണ്ടായതിനു ശേഷമാണ് ഇവിടങ്ങളില്‍ ആദ്യത്തെ കേസുകള്‍ ഉണ്ടായതെന്ന് ഓര്‍ക്കണം.

ഇവിടങ്ങളിലൊക്കെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം ഒരു ക്ളസ്റ്റര്‍ രൂപം കൊള്ളുകയും അതില്‍നിന്നും തുടര്‍ന്ന് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ ഉണ്ടാവുകയും അങ്ങനെ  വലിയ വ്യാപനത്തിലേക്കെത്തുകയുമാണ് ചെയ്തത്. സമാനമായ ഒരു സാഹചര്യമാണ് സൂപ്പര്‍ സ്പ്രെഡ്. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കരുതുന്നതിലും വേഗത്തില്‍ രോഗം പടര്‍ന്നുപിടിച്ചേക്കാം. ജനസാന്ദ്രത കൂടിയ കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇതു ഒട്ടാകെ വ്യാപിക്കാന്‍ അധിക കാലതാമസം വേണ്ടി വരില്ല. ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ട സമയമാണിത്.

മാര്‍ച്ച് 24ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന കോവിഡ് കേസുകളുടെ എണ്ണം 519 ആയിരുന്നു. മരണസംഖ്യയാകട്ടെ 9ഉം. എന്നാല്‍ ഇന്നത്തെ ദിവസം ആ കേസുകളുടെ എണ്ണം 7,93,802 ആയി മാറിയിരിക്കുന്നു. 21,604 ആളുകള്‍ ഇതിനോടകം മരിച്ചു കഴിഞ്ഞു. നമ്മളെത്തി നില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴമെന്താണെന്ന് ഈ കണക്കുകള്‍ വിളിച്ചു പറയുന്നു.

രോഗം അതിന്‍റെ ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്താന്‍ നമ്മള്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുത്.

രോഗവ്യാപനത്തിന്‍റെ അവസ്ഥ അത്യന്തം ഗുരുതരമായി മാറിയ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകള്‍ ഉണ്ടാകുന്നത്. കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ  മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.  

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കകത്ത് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച്  ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം.

അതിനായി സന്നദ്ധ വളണ്ടിയര്‍മാരെയും ഉപയോഗിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്ളസ്റ്റര്‍ മാനേജ്മെന്‍റ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാന്‍ ആവശ്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കണം.  

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.

ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്‍റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്‍റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ ‘പരിരക്ഷ’ എന്ന പേരില്‍ റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്‍റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലര്‍ ഇറങ്ങുന്നത്.

ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിനു മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയിലെ രോഗസാധ്യതയുള്ള ജനങ്ങളെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചാരണം നടത്തുകയാണ്. ആന്‍റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നു പോലും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടും എന്ന ദുര്‍ബോധനപ്പെടുത്തലും നടന്നു.

ഇതിന്‍റെ ഫലമായി സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ 10.30ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടുകയുണ്ടായി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകുന്നേരം വരെ തുറന്നുവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും പുറത്തു പോകുന്നതിന് അനുമതി നല്‍കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലേയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. ഇത് പൂന്തുറ നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു.

വിവരം ലഭിച്ചയുടനെ  ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, പൂന്തുറ പള്ളിവികാരി എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുകയുണ്ടായി.

പൂന്തുറയില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിന്‍റെ പേരു പറയാന്‍ കഴിയില്ലല്ലൊ. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല; മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്‍റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവന്‍ മുന്‍നിര്‍ത്തിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്പ്പെടുത്താമെന്നു വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങള്‍ സ്വഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവെച്ച് ചിലര്‍ ചെയ്യിക്കുന്നതാണ്. അതിനുപിന്നില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഉണ്ട് എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക്  ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്‍റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി.  ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്.  രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്‍റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.

ഇതുപോലെ ആന്‍റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്‍റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്‍റിബോഡി ടെസ്റ്റ് ചെയ്യുന്നത്.  

കോവിഡ് സ്ക്രീനിങ്ങിനായി ആന്‍റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്‍റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല.

ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.

സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്.

സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണം.

ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് ഏകോപനത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ റോഡല്‍ ഓഫീസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാന്‍ നടപടിയെടുക്കും.

ഇതുവരെ 5,31,330 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3,33,304 പേര്‍ തിരിച്ചെത്തി. 1,98,026 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ എത്തുന്നത് അവരെ ക്വാറന്‍റൈന്‍ ചെയ്യാനും മറ്റും തടസ്സമാകുന്നുണ്ട്. അതുകൊണ്ടാണ് രജിസ്ട്രേഷന് നിര്‍ബന്ധിക്കുന്നത്.

മാസ്ക് ധരിക്കാത്ത 5164 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുന്നുണ്ട്.

തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും.

മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചാണ്. അവര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അതിനിടെ പലര്‍ക്കും രോഗബാധയുണ്ടാകുന്നു. പൊലീസിന്‍റെയും സന്നദ്ധ വളണ്ടിയര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. അവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണം. സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതെ കര്‍മനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

വാര്‍ത്താകുറിപ്പ്: 09-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

339 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 149 പേര്‍ രോഗമുക്തി നേടി.

രോഗബാധയുടെ തോത് വര്‍ധിച്ചുവരികയാണ്. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 74 പേര്‍. സമ്പര്‍ക്കം 133. ഉറവിടം അറിയാത്തത് 7. ഡിഎസ്സി 1, ബിഎസ്എഫ് 1, എച്ച്സിഡബ്ല്യു 4. ഐടിബിപിപി 2.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പു. 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായിരിക്കുന്നത്.  

ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്‍റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും.

പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6,534 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളില്‍. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4854 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 66,934  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 63,199 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 181 ആണ്.

കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടം.  സമൂഹ വ്യാപനം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് വരുന്നത്.

ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്‍റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു.

തലസ്ഥാന നഗരത്തില്‍ മാത്രമാണ് ഈ പ്രശ്നമെന്ന് കരുതേണ്ടതില്ല. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ടതില്ല.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്‍റെ തലം സൃഷ്ടിക്കണം. ഇപ്പോള്‍ രോഗം ബാധിച്ച പലരുടേയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആള്‍ക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്‍റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ പാടില്ല. സാധാരണ ജീവിതത്തിലേയ്ക്ക് പൂര്‍ണമായും മടങ്ങാനുള്ള സമയമല്ലിത്. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കില്‍, ഇതുവരെ നമ്മള്‍ നടത്തിയ ക്രമീകരണങ്ങള്‍ എല്ലാം അസ്ഥാനത്താവും. മുന്നറിയിപ്പുകള്‍ക്കു പകരം കടുത്ത നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,355 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 254 ആയി ഉയരുകയും ചെയ്തതാണ് രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള ഏറ്റവും വലിയ കണക്ക്. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പിലാക്കി നാം രോഗവ്യാപനം പരമാവധി കുറച്ചു. രോഗം ഭേദമായവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു കുറഞ്ഞുവന്നു. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,720 ആയും കുറഞ്ഞു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയര്‍ന്നു. മൂന്നാം ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വന്നുതുടങ്ങിയതോടെ കുറച്ച് കൊണ്ടുവന്ന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്.

ഇപ്പോള്‍ ഓരോ ദിവസവും പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണം 300 കടന്നിരിക്കുന്നു. ഇത് ഇനിയും ഉയരും. എന്നാല്‍, നമുക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ കഴിയും. പക്ഷെ, സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുക.

തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരില്‍ 88ഉം സമ്പര്‍ക്കം വഴിയാണ്. തീരമേഖലയായ പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡിലേക്ക് കടന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഫീല്‍ഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ്  നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്‍റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്‍റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്‍റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.

പ്രൈമറി കോണ്ടാക്ട്, സെക്കന്‍ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്‍റൈന്‍ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.

കേസുകളുടെ ട്രെന്‍ഡും ദൈനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടക്കുന്നുമുണ്ട്.

സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും.

രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്‍റൈനിലാക്കുന്നതിന്‍റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഗൈഡ്ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുറമേ സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി റാപ്പിഡ് ആന്‍റിജന്‍ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നു.

ഇതുകൂടാതെയാണ് 5 ക്ലസ്റ്റുകളായി തിരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്ന്‍മെന്‍റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവര്‍ക്കര്‍, ആബുലന്‍സുകാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്, ഓഫീസ് ജീവനക്കാര്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ മൂന്നില്‍ കണ്ടെയ്ന്‍മെന്‍റ് സോണിലെ  ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാര്‍, വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ നാലില്‍ അതിഥി തൊഴിലാളികള്‍ക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്‍റിബോഡി പരിശോധനയാണ് നടത്തുന്നത്.

ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റാണ് ഇവര്‍ക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. ഇതിലൊന്നും ആരും വിട്ടുവീഴ്ച വരുത്തരുത്. വിട്ടുവീഴ്ച ചെയ്താല്‍ അതിന്‍റെ പ്രത്യാഘാതം വലുതാണ്.

വളരെ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് നടപ്പാക്കുന്നത്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു. കമാണ്ടോകളും മുതിര്‍ന്ന ഓഫീസര്‍മാരും ഉള്‍പ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകള്‍ കടലിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസുമായുള്ള സഹകരണം തുടരും.

പൂന്തുറയില്‍ പൊലീസ് ഒരു ലക്ഷം മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു.

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയില്‍ തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കായി പൊലീസിന്‍റെ നേതൃത്വത്തില്‍ സഹായം എത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ സഹകരണത്തോടെ  ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളെ സ്തംഭനത്തിലേക്കാണ് നയിക്കുക. അത്തരം അവസ്ഥ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് ഈ സമയത്ത് നാമെല്ലാം കാണിക്കേണ്ടത്.

കുട്ടികളുടെ ആത്മഹത്യ

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു ആത്മഹത്യയുടെ വാര്‍ത്ത വന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയ  കാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്. കുട്ടികളുടെ മാനസികാവസ്ഥ കണ്ടുകൊണ്ടുള്ള തിരുത്താണ് രക്ഷിതാക്കള്‍ വരുത്തേണ്ടേത്.

താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്‍റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മര്‍ദ്ദം കൂട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടായേ തീരൂ.

കുട്ടികളാണെങ്കിലും കൗമാരക്കാരാണെങ്കിലും അവരില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ പടവുകളിലാണ്. മുതിര്‍ന്നവരെ കൈകാര്യം ചെയ്യേണ്ട പോലെയല്ല അവരുമായി ഇടപഴകേണ്ടത്. അവരുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാനും, അവരെ അടുത്തറിയാനും മുതിര്‍ന്നവര്‍ ശ്രമിക്കണം. ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്നേഹപൂര്‍വം പെരുമാറാനും സാധിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള വിദഗ്ധസഹായങ്ങള്‍ തേടാന്‍ ഉപേക്ഷ പാടില്ല. വിദ്യാഭ്യാസവും കുട്ടികളില്‍ വലിയ തോതില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതുണ്ടാകാന്‍ പാടില്ല. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്‍റ് റെസ്ക്യു മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിയ്ക്ക് രൂപം നല്‍കി. അതിനുപുറമേ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍റ് പോലീസ് കാഡറ്റുകള്‍ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നല്‍കുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ചികിത്സാകേന്ദ്രങ്ങളും നമുക്ക് ആവശ്യമാണ്. അതിനാവശ്യമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കും.

ഒരു സമൂഹത്തിന്‍റെ ഭാവി കുട്ടികളുടെ കൈകളിലാണ്. അവരാണ് നാളത്തെ പൗരന്മാര്‍. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്‍റേയും സര്‍ക്കാരിന്‍റേയും ഉത്തരവാദിത്വമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാന്‍ നമ്മള്‍ ദൃഢനിചശ്ചയം ചെയ്തേ തീരൂ.

വാര്‍ത്താകുറിപ്പ്: 09-07-2020

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ വഴിയാണ് കിറ്റുകൾ വീട്ടിൽ എത്തിക്കുക. കേന്ദ്ര വിഹിതമുള്‍പ്പെടെ 81.37 കോടി രൂപയാണ് ഇതിന് ചെലവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഭക്ഷ്യകിറ്റുകളും ഇതേ രീതിയില്‍ വിതരണം ചെയ്യും.

സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വിജയപ്രദമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി. അക്കാര്യത്തില്‍ നാടും നാട്ടുകാരും സ്ഥാപനങ്ങളും വ്യക്തികളും നല്ലനിലയില്‍ സഹായിച്ചു.

ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാതെ ഏതെങ്കിലും കുട്ടികള്‍ ഇനിയും ഉണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരം ഉണ്ടാക്കും. കുട്ടികള്‍ കളിച്ചും പഠിച്ചും വളരുന്നവരാണ്. ക്ലാസുമുറിയുടെയോ സ്കൂളിന്‍റെയോ അന്തരീക്ഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭിക്കില്ല. ഇത് ഒരു താല്‍കാലിക സംവിധാനമാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ സജ്ജമായാല്‍ ഒരു നിമിഷം താമസിയാതെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ ജീവന്‍ബാബു. കെ, സിവില്‍ സപ്ലൈസ് വകുപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 03-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

211 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 201 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 138 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 39 പേര്‍. സമ്പര്‍ക്കം 27. സിഐഎസ്എഫ് 6. എയര്‍ക്രൂ 1.

രോഗം ബാധിച്ചവരുടെ 200 കടന്നിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിരിക്കുന്നു. ഇന്ന് സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12.

കഴിഞ്ഞ 24 മണിക്കൂറിനകം 7306 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4964 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2098 പേരാണ്. 1,77,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്നു 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,91,773 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4834 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130.

രോഗവ്യാപനത്തിന്‍റെ തോത് വലുതാവുകയാണ്. ഒരു ദിവസം 200 കടന്നത് ആദ്യമാണ്. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തേയുള്ളതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണ്ടതുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്‍റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകും വിധം ഇതുവരെ നമുക്ക് ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്.

എന്നാല്‍, ഈ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നതു കണ്ടു. അന്യദേശങ്ങളില്‍ നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ വാര്‍ത്തകളാണ് വന്നത്.

ഇന്ന് കണ്ടത് കോട്ടയത്തുനിന്നുള്ള വിഷമകരമായ ഒരു അനുഭവമാണ്. ബംഗളൂരുവില്‍നിന്ന് എത്തി 14 ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും വീട്ടില്‍ കയറാനാകാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കലക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓര്‍ക്കണം.

എവിടെയാണ് മനുഷ്യത്വം. സാധാരണ നിലയ്ക്ക് ക്വാറന്‍റൈനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്‍റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണ് എന്നത് അത്തരം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.

വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് ഈ നാടിന്‍റെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. വരുന്നവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടാകാം. അത് പകരാതിരിക്കാനാണ് ക്വാറന്‍റൈന്‍. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ക്വാറന്‍റൈന്‍ നടപ്പിലാക്കിയാല്‍ രോഗം പകരാതെ തടയാന്‍ സാധിക്കും.

ക്വാറന്‍റൈന്‍ എന്നത് ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് വിഷമം ഉള്ള കാര്യമാണം തന്നെയാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടിവരികയാണ്. രോഗം ഇല്ലെങ്കില്‍ കൂടി നമ്മുടെ സഹോദരങ്ങള്‍ അതിനു തയ്യാറാകുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളില്‍ വലിയൊരു ശതമാനവും വരുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നല്‍കാന്‍ നാമാകെ ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

കോവിഡ് രോഗവ്യാപനത്തിന്‍റെ സ്വഭാവം മനസ്സിലാക്കിയാണ് ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചത്. പുറമേ നിന്ന് വരുന്നവര്‍ പ്രത്യേക മുറിയില്‍ താമസിച്ച് റൂം ക്വാറന്‍റൈനിലാണ് ഏര്‍പ്പെടേണ്ടത്. വീട്ടിലുള്ളവര്‍ മാസ്ക് ധരിക്കുകയും പുറമേ നിന്ന് വരുന്നവരുമായി ശാരീരിക അകലം പാലിക്കുകയും വേണം. ക്വാറന്‍റൈനില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കാനായി വാര്‍ഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെല്‍പ്പ്ലൈനും ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

ഈ മഹാമാരിയെ തടുത്തുനിര്‍ത്താന്‍ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവര്‍ ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാം എന്നാണ്. ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുമുണ്ട്.

തലസ്ഥാന ജില്ല എന്ന നിലയില്‍ വിവിധ തുറകളില്‍പ്പെട്ട നിരവധി ആളുകള്‍ തിരുവനന്തപുരത്ത് വന്നുപോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പാളയത്തെ സാഫല്യം കോംപ്ലക്സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വഞ്ചിയൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുമാണ്. അടുത്തയാള്‍ മത്സ്യ കച്ചവടക്കാരനാണ്. ഇവരെല്ലാം നിരവധി ആളുകളുമായി ദിവസേന സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല.

സെക്രട്ടറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ-ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. സെക്രട്ടറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്‍റിനല്‍ സര്‍വയ്ലന്‍സ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസള്‍ട്ടാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്.

നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടെ. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാകുകയുള്ളൂ.

മാര്‍ച്ച് മാസം തൊട്ട് നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിശ്രമമില്ലാത്തതാണ്. ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്‍റ് റെസ്ക്യു തുടങ്ങിയ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധസേനയും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിന്‍റെ എല്ലാ തലത്തിലുമുള്ള ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു. അവര്‍ക്ക് തുടര്‍ച്ചയായ ഈ പ്രവര്‍ത്തനത്തിനിടെ ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതൊഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. വിവിധസ്ഥലങ്ങളില്‍ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയില്‍ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ടാക്സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍പോട്ടില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടില്‍ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.

റിവേഴ്സ് ക്വാറന്‍റൈന്‍ കൂടുതല്‍ ശക്തമാക്കണമെന്ന് കണ്ടിട്ടുണ്ട്. കൂടുതല്‍ റിസ്കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് വളണ്ടിയര്‍മാര്‍

757 വനിതകള്‍ ഉള്‍പ്പെടെ 7592 പേര്‍ പൊലീസ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേര്‍. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകള്‍ ഉള്‍പ്പെടെ 2364 വളണ്ടിയര്‍മാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

മാസ്ക് ധരിക്കാത്ത 4716 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സൗദി അറേബ്യയില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് നാട്ടിലെത്തുന്ന കുട്ടികളുടെ തുടര്‍പഠനം ടിസി ലഭിക്കാത്തതുമൂലം തടസ്സപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം കെഎംസിസി പ്രതിനിധികള്‍ വന്ന് കണ്ടിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്‍റെ ഭക്ഷ്യക്കിറ്റ്

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സപ്ലൈക്കോ മുഖാന്തിരം സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. പ്രഥമാദ്ധ്യാപകര്‍ക്കാണ് സ്കൂളുകളിലെ കിറ്റ് വിതരണത്തിന്‍റെ മേല്‍നോട്ട ചുമതല.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്.

സഹകരണ ദിനം

നാളെ അന്താരാഷ്ട്ര സഹകരണ ദിനമാണ്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്.

ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് നല്‍കുന്നത്. പുനരുജ്ജീവന പദ്ധതികളില്‍ സഹകരണ മേഖല ക്രിയാത്മകമായ പങ്കുവഹിക്കും. ‘സുഭിക്ഷ’ പദ്ധതിയുടെ നടത്തിപ്പിലും സഹകരണ മേഖലയുടെ പങ്കാളിത്തം വലുതാണ്.

നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അതിനെ എല്ലാം മറികടന്നാണ് നമ്മുടെ സഹകരണ മേഖല ശക്തിപ്പെട്ടുവന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

സഹായം

കോവിഡ് 19 മുന്നണി പോരാളികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കള്‍ക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ട്യൂഷന്‍ ഫീസില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവു നല്‍കിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. ഫൗണ്ടേഷനെ അഭിനന്ദിക്കുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാവുന്നതാണ്.

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്കീം എഡ്യുഹെല്‍പ്പ് പദ്ധതി മുഖേന ഇതുവരെ 820 ടിവികള്‍, 170 മൊബൈല്‍ ഫോണുകള്‍, 26 ലാപ്പ്ടോപ്പുകള്‍, 56 കേബിള്‍ കണക്ഷനുകള്‍, 42 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവ കൈമാറി. 1123 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിച്ചത്.

ദുരിതാശ്വാസ നിധി

അമേരിക്കന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (എഎല്‍എ) 10 ലക്ഷം രൂപ

കേരള ഈറ്റ കാട്ടുവള്ളിപന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 5 ലക്ഷം രൂപ

ഇന്‍കം ടാക്സ് ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ കേരള ഘടകം 3,50,000 രൂപ

സെക്രട്ടറിയേറ്റ് എല്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് കേരള 2,38,000 രൂപ

കൊടുങ്ങലൂര്‍, എറിയാട് പരേതനായ കടമ്പോട്ട് സെയ്തു മുഹമ്മദിന്‍റെയും ഭാര്യ നഫീസയുടെയും സ്മരണാര്‍ത്ഥം കുടുംബം 2,25,000 രൂപ

സിപിഐ എം പാറാല്‍തെരു ബ്രാഞ്ച് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 1,02,408 രൂപ

തൃശൂരിലെ പഴയന്നൂര്‍ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ 1 ലക്ഷം രൂപ

ബ്രണ്ണന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ

പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ 50,000 രൂപ

സിപിഐ എം കളിയാംവെള്ളി ബ്രാഞ്ച് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ

തിരുവനന്തപും നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 50,000 രൂപ

പൂവച്ചല്‍ പഞ്ചായത്തിലെ ഡോക്ടര്‍ എസ് രാജേന്ദ്രന്‍റെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് കുടുംബം 30,000 രൂപ കൈമാറി.

സിപിഐ എം കരക്കണ്ടം ബ്രാഞ്ച് 25,110 രൂപ.

പിക്കോസ് പിണറായിയില്‍ 28 വര്‍ഷത്തെ സേവനത്തിനു ശേഷം പിരിഞ്ഞ തൊഴിലാളി പി. പവിത്രന്‍ തനിക്കു തൊഴിലാളികള്‍ നല്‍കിയ സ്വര്‍ണ മോതിരം കൈമാറി.

വാര്‍ത്താകുറിപ്പ്: 01-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

151 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 132 പേര്‍ രോഗമുക്തി നേടി.

ഇതിന്‍റെ വിശദാംശങ്ങളിലേക്ക് വരുന്നതിനു മുമ്പ് ഇന്നത്തെ ദിവസത്തിന്‍െറ പ്രാധാന്യം പറയേണ്ടതുണ്ട്.

ഇന്ന് ഡോക്ടേഴ്സ് ഡേ ആണ്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തിന്‍റെ അടിത്തറകളിലൊന്ന്. ലോകത്തിന്‍റെ നാനാകോണുകളിലും ജീവന്‍ വരെ ബലികൊടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരെ പടപൊരുതുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരികെ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലെന്നും മരണനിരക്ക് വലുതായി വര്‍ധിച്ചിട്ടില്ലെന്നതും നമുക്ക് ആശ്വാസം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തുടര്‍ന്നും കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പുണ്ട്.

ഡോ. ബി.സി. റോയിയുടെ ജډദിനമാണ് ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാര്‍പ്പണം ചെയ്യുന്ന ഡോക്ടര്‍മാരാണ് ഈ ദിനത്തില്‍ ആദരിക്കപ്പെടുന്നത്.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകമാദരിക്കുന്ന കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തിന്‍റെ കീര്‍ത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍ കേരളത്തില്‍ മാത്രമല്ല, മറ്റിന്ത്യന്‍ സംസ്ഥാനങ്ങളിലും പല ലോക രാജ്യങ്ങളിലും സേവനത്തിന്‍റേതായ പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. ഈ ദുരിത നാളുകളിലും കേരളത്തിന്‍റെ അംബാസഡര്‍മാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് അവര്‍ കാഴ്ചവെക്കുന്നത്. അവരെയാകെ ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 86 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51 പേര്‍. സമ്പര്‍ക്കം 13. ജൂണ്‍ 27ന് കോഴിക്കോട്ട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍റെ (68) സ്രവപരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 16, എറണാകുളം 12, കാസര്‍കോട് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3, കോട്ടയം 4, ഇടുക്കി 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16.

കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,81,780 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4042 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,448 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പൊലീസ് കര്‍ശനജാഗ്രത പുലര്‍ത്തിവരികയാണ്. ഉത്തരമേഖലാ ഐജി അശോക് യാദവ് പൊന്നാനിയില്‍ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

പച്ചക്കറിക്കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്ക് വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. ഈ കടകളുടെ മൊബൈല്‍ നമ്പര്‍ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനസാമഗ്രികള്‍ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കാം. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ ജില്ലാ കളക്ടര്‍ പാസ് നല്‍കിയ വളണ്ടിയര്‍മാര്‍ കടകളില്‍ നിന്ന് സാധനസാമഗ്രികള്‍ വീട്ടില്‍ എത്തിച്ചുനല്‍കും.

സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ വാര്‍ഡ്തല സമിതികളെ അറിയിക്കണം.

മാസ്ക് ധരിക്കാത്ത 5373 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

തീവണ്ടികളിലും മറ്റും വരുന്നവര്‍ ക്വാറന്‍റൈന്‍ ഒഴിവാക്കാന്‍ ശ്രമം നടത്തുന്നതായി വിവരമുണ്ട്. അത് അപകടകരമാണ്. നല്ല ജാഗ്രതയോടെ അത്തരം നീക്കങ്ങള്‍ കണ്ടെത്തി തടയും.

പൊതു ഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തും.

ടെലിമെഡിസിന്‍ ആരംഭിച്ചത് ഈ ഘട്ടത്തില്‍ ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അത് പ്രാദേശികതലത്തില്‍ വ്യാപിപ്പിക്കണം. എല്ലായിടത്തും അതിനുള്ള സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്‍റെ ഭാഗമാക്കണം. കോവിഡ് ചികിത്സ ഇപ്പോള്‍ നടത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്. ഇതിന്‍റെ അനുഭവം സ്വകാര്യ മേഖലയ്ക്കു കൂടി പങ്കുവെക്കണം.

ഈ ഘട്ടത്തില്‍ ജോലിക്കുപോകാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകണമെന്ന് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തന രംഗത്തുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ പിന്തുണയാകും. കാസര്‍കോട് ജില്ലയില്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മാതൃകാപരമായ ഇടപെടല്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകര്‍ വാര്‍ഡ്തല സമിതികളുടെ ഭാഗമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണ്. ഈ മാതൃക മറ്റു ജില്ലകളിലും പിന്തുടരണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

രോഗബാധിതരുടെ എണ്ണം കൂടുകയാണ്. സമൂഹവ്യാപനത്തിന്‍റെ ആശങ്കയില്‍നിന്ന് നാം മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടതുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരും മറ്റു രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇടപെടും. ഫീല്‍ഡ്തല നിരീക്ഷണവും റിപ്പോര്‍ട്ടിങ്ങും കൂടുതല്‍ ഫലപ്രദമാക്കും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരവും ശേഖരിക്കും.

ആംബുലന്‍സുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നു എന്നുറപ്പാക്കും. പരാതികള്‍ വരുന്നിടത്ത് ഇടപെട്ട് നടപടി സ്വീകരിക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭ്യമാകും എന്നതിന് കൃത്യത വരുത്തും.

സംസ്ഥാനത്ത് മെയ് ഏഴിനുശേഷം ഇന്നലെ വരെ 870 വിമാനങ്ങളും 3 കപ്പലുകളും വിദേശങ്ങളില്‍നിന്ന് വന്നിട്ടുണ്ട്. 600 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വന്നത് യുഎഇയില്‍ നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നത്. കോഴിക്കോട്ട് 222ഉം കൊച്ചിയില്‍ 201ഉം കണ്ണൂരില്‍ 104 ഉം തിരുവനന്തപുരത്ത് 67ഉം വിമാനങ്ങളെത്തി.

ആകെ വന്ന 1,43,147 പേരില്‍ 52 ശതമാനവും (74,849) തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീര്‍ന്ന 46,257 പേരെത്തി. കേരളം ഇന്നലെ വരെ 1543 ഫ്ളൈറ്റുകള്‍ക്കാണ് അനുമതിപത്രം നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ക്കായി അനുമതിപത്രം ലഭിക്കുന്നുണ്ട്. ആര്‍ക്കും നിഷേധിക്കുന്നില്ല.

ഡ്രീം കേരള പദ്ധതി

കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്‍റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്.

2018ലെ സര്‍വെ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്.

പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും തിരികെ എത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ വന്ന ശേഷം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭ രൂപീകരിച്ചത്. ഇതു കൂടാതെ, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

എന്നാല്‍ കോവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായ-വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഈ പ്രശ്നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്‍റെയടിസ്ഥാനത്തില്‍ ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കയാണ്.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്‍റെ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്‍റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്‍റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.

ഓരോ ആശയവും നടപ്പാക്കുന്നതില്‍ വിദഗ്ദോപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്കു രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ വകുപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.

ഇതിനു വേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.

പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. അബ്രഹാം ചെയര്‍മാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ് സഹസ്ഥാപകന്‍), സി. ബാലഗോപാല്‍ (ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍), സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

ഡ്രീം കേരള കാമ്പയിന്‍, ഐഡിയത്തോണ്‍ – ജൂലൈ 15 മുതല്‍ 30 വരെ.

സെക്ടറല്‍ ഹാക്കത്തോണ്‍ – ആഗസ്റ്റ് 1 മുതല്‍ 10 വരെ.

തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍ – ആഗസ്റ്റ് 14.

പദ്ധതി നിര്‍വഹണം – 100 ദിവസം. 2020 നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കണം.

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് പദ്ധതി

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.

കെഎസ്എഫ്ഇ ‘വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും. കുടുംബശ്രീയുമായി ചേര്‍ന്നാണ് ഇത് പ്രവാര്‍ത്തികമാക്കുക. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നുമാസം മുടക്കം തവണകള്‍ അടക്കുന്നവര്‍ക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്പ്ടോപ്പ് കെഎസ്എഫ്ഇ മുഖേന വായ്പയായി നല്‍കും. വായ്പയുടെ പലിശ 4 ശതമാനം കെഎസ്എഫ്ഇയും 5 ശതമാനം സര്‍ക്കാരും വഹിക്കും.

ഈ പദ്ധതി വഴി ലാപ്പ്ടോപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്സിഡി ലഭ്യമാക്കാനും ശ്രമിക്കും.

യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി

2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതികളും നേരിടുന്നതില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജന സമൂഹം അഭിമാനകരമായ പങ്കാണ് വഹിച്ചത്. ഇവരുടെ ത്യാഗമനോഭാവവും മനുഷ്യസ്നേഹവും വിവിധ രംഗങ്ങളിലുള്ള വൈദഗ്ധ്യവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

ഈ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് 3,43,000 പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഇതിന് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഇതിനകം തന്നെ 3,47,000 പേര്‍ വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ വലിയ പങ്ക് 18നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

യുവസമൂഹത്തിന് ദിശാബോധം നല്‍കാനും അവരെ ഭാവി നേതാക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് ഭരണരംഗത്തും നിയമകാര്യങ്ങളിലും പരിശീലനം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഭരണഘടനയെപ്പറ്റിയും പ്രധാന നിയമങ്ങളെപ്പറ്റിയും അറിവ് നല്‍കുക, ദുരന്തപ്രതികരണത്തിലും വിവിധ തൊഴിലുകളിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിക്ക് ഉണ്ട്.

ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള വിശദമായ നിര്‍ദേങ്ങള്‍ തയ്യാറാക്കുന്നതിന് സാമൂഹിക സന്നദ്ധ സേനാ ഡയറക്ടര്‍ അമിത് മീണയെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് ഇതിനു വേണ്ടി രൂപീകരിക്കുന്നതാണ്.

ബസ് ചാര്‍ജ് വര്‍ധനവ്

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ (കോവിഡ് കാലത്തേക്കുള്ള സ്പെഷ്യല്‍ നിരക്ക്) നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

മിനിമം ചാര്‍ജില്‍ മാറ്റമില്ല. നിലവിലുള്ള മിനിമം ചാര്‍ജ് 8 രൂപ എന്നത് തുടരും. എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്റര്‍ എന്നത് 2.5 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

കിലോമീറ്റര്‍ ചാര്‍ജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് നിലവിലുള്ളതു തന്നെ തുടരും. ഇതിന്‍റെ വിശദാംശങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ടല്ലൊ.

പാഠപുസ്തക വിതരണം

2020-21 അധ്യയന വര്‍ഷത്തിലെ പാഠപുസ്തകവിതരണം ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നീണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി.

പത്തനംതിട്ടയില്‍ 48 ശതമാനം, കോഴിക്കോട് 38 ശതമാനം, കോട്ടയം 27.69 ശതമാനം, കണ്ണൂര്‍ 23.50 ശതമാനം എന്ന തോതിലാണ് വിതരണം നടന്നിട്ടുള്ളത്. കാസര്‍കോട് 18.62 ശതമാനവും കൊല്ലത്ത് 11.74 ശതമാനവും വിതരണം നടന്നിട്ടുണ്ട്. സംസ്ഥാനത്താകെ 54.94 ശതമാനമാണ് വിതരണം നടന്നിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ സമ്പൂര്‍ണ്ണമായി 15 ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി

ഇന്നലെ വന്ന എസ്എസ്എല്‍സി ഫലത്തില്‍ വിജയശതമാനം 98.82 ആണ്. ഇത് റെക്കോഡാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ ഘട്ടത്തില്‍ പോലും സമയബന്ധിതമായി പരീക്ഷ നടത്താനും റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞതില്‍ വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിക്കുന്നു.

പരീക്ഷകളില്‍ പങ്കാളികളായ എല്ലാ കുട്ടികളെയും കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിയ അധ്യാപകരെയും അനധ്യാപകരെയും രക്ഷകര്‍ത്താക്കളെയും വിവിധ വകുപ്പുകളെയും സഹായിച്ചവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ഇത് സമൂഹത്തിന്‍റെ കൂട്ടായ്മയുടെ വിജയമാണ്.

കോവിഡ് കാലമായതിനാല്‍ തുടര്‍പഠനത്തിന് ആവശ്യമായ ചില സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത എളുപ്പമല്ല. അതുകൊണ്ട് പ്രവേശനഘട്ടതിതല്‍ നേരത്തേയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി എന്നു നിര്‍ദേശിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

സിപിഐ മുന്‍ എംഎല്‍എമാരും എംപിമാരും വിവിധ സംഘടനങ്ങളും ചേര്‍ന്ന് 24,25,976 രൂപ

കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ 4,54,592 രൂപ

ഹംദ മുഹമ്മദ് നവാസ്, ദി മോഡല്‍ സ്കൂള്‍ അബുദാബി 3 ലക്ഷം രൂപ

കോഴിക്കോട് ജില്ലയിലെ റിട്ടയര്‍ഡ് റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഓര്‍മ്മ 1 ലക്ഷം രൂപ

ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രെണ്ട് 50,001 രൂപ

കേരള മഹിള സംഘം, തലയോലപ്പറമ്പ് 41,452 രൂപ.

കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ചേളാരി യൂണിറ്റ് തേഞ്ഞിപ്പാലം 61,000 രൂപ.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടി

അദ്ദേഹം ഉത്തരവാദപ്പെട്ട ഉയര്‍ന്ന പദവിയിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ‘ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്’. അത് സമര്‍ത്ഥിക്കാന്‍ ഫയലിന്‍റെ ഒരു ഭാഗവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയുണ്ടായി.

ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതില്‍ ഇതില്‍ ഒരു വാചകം എഴുതിയിട്ടുണ്ട്.
‘ചീഫ് സെക്രട്ടറി കാണുക’ എന്നതാണ് ആണ് ആ വാചകം. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.

അതിനര്‍ത്ഥം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്. ഇത് എന്തിനാണ് പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത്? പ്രതിപക്ഷ നേതാവ് പറയുന്ന ഫയലില്‍ ഒരു തവണ മാത്രമല്ല മുഖ്യമന്ത്രി ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടത്. ഫയല്‍ അദ്ദേഹത്തിന്‍റെ കൈയിലുണ്ടല്ലൊ. ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കണം.

കഴിഞ്ഞദിവസം ഞാനൊരു കാര്യം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണമെന്ന്. ഇപ്പോഴും പറയുന്നു- ഉറപ്പു വേണം. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് നമ്മുടെയാകെ വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്.

തെറ്റായ കാര്യങ്ങള്‍ ഓരോ ദിവസം പറയുകയും അതിനു നിങ്ങള്‍ മറുപടി തേടുകയും ചെയ്യുന്നത് വൃഥാ വ്യായാമമാണ്. എന്നാല്‍, ഒരുകാര്യം ഉറപ്പിച്ചു പറയാം. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യമായ പദ്ധതികള്‍ ഉപേക്ഷിക്കുവാനും പോകുന്നില്ല.

ഇലക്ട്രിക് ബസ് നിര്‍മാണത്തിനുള്ള പദ്ധതി കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതായി വിവരമുണ്ട്. അത്തരം ഒരു ശ്രമത്തിന് വളംവെച്ചുകൊടുക്കാന്‍ തയ്യാറാവരുത് എന്നാണ് പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

ആദ്യമായി പറയാനുള്ളത് കേരളത്തെ വൈദ്യുത വാഹന നിര്‍മാണത്തിന്‍റെ ഹബ്ബാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ രൂപീകരിച്ച വൈദ്യുത വാഹന നയത്തിന്‍റെ പ്രധാന ലക്ഷ്യം എന്നതാണ്. അത് കുറേ വൈദ്യുതി ബസുകള്‍ ഉണ്ടാക്കുക എന്നതിലേക്ക് ചുരുക്കിക്കാണരുത്. വൈദ്യുതി ബസുകള്‍ ഉള്‍പ്പെടെയുള്ളവ നിരത്തിലിറക്കി പൊതുഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹൃദമാക്കുക, വൈദ്യുത വാഹന നിര്‍മാണ മേഖലയിലും അനുബന്ധ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഇതിനോടൊപ്പം ബാറ്ററി നിര്‍മാണം അടക്കമുള്ള അനുബന്ധ വ്യവസായങ്ങളും സംസ്ഥാനത്തേക്കു വരും. വൈദ്യുത വാഹനനിര്‍മാണം പുരോഗമിക്കുമ്പോള്‍ തന്നെ ഐടി, ബിടി, ആഗ്രോ വ്യവസായങ്ങളും വളരുകയാണ്. ഇങ്ങനെ വ്യവസായ മേഖലയെ പരസ്പരബന്ധിതവും കാലാനുസൃതവുമായ പുതിയ തലത്തിലേക്ക് ഉണര്‍വുനല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. അതിനെ ചുരുക്കിക്കാണിക്കാനും വിവാദങ്ങളുയര്‍ത്തി തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ജനവിരുദ്ധമാണ്.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിക്കുമേല്‍ സെബി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിഡബ്ല്യുസിയുടെ കാര്യം വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതല്ലാതെ തന്നെ ചോദിക്കട്ടെ – സെബിയുടെ നിരോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പിഴവ് വരുത്തി എന്ന കാരണം പറഞ്ഞ് സെബി, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ബംഗളൂരു എല്‍എല്‍പി എന്ന സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയത് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിങ് നടത്തുന്നതില്‍ നിന്നും രണ്ടുവര്‍ഷത്തേക്കുള്ള വിലക്കാണ്.
25.03.2019ന് നിക്സി എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികളുടെ ലിസ്റ്റ് താഴെ പറയുന്നു:

1. ഡെലോയിറ്റ് ട്യൂഷ്യേ തൊമാത്സു ഇന്ത്യ
2. ഏണ്‍സ്റ്റ് ആന്‍റ് യങ്
3. കെപിഎംജി
4. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
5. വിപ്രോ ലിമിറ്റഡ്

കണ്‍സള്‍ട്ടന്‍സിക്ക് വിലക്ക് ഉണ്ടെങ്കില്‍ നിക്സി അതു പറയില്ലേ? നിക്സി ഇങ്ങനെ പാനല്‍ തയ്യാറാക്കുമോ? വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ചും യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിച്ചും പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാകുമോ എന്ന ശ്രമമല്ലേ പ്രതിപക്ഷ നേതാവിന്‍റേത്?

അദ്ദേഹം ഉന്നയിച്ച മറ്റൊരു വിഷയം ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്തേക്ക് ഹെസ്സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനെ സംബന്ധിച്ചാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നയത്തിനനുസരിച്ചാണ് ഇ-വെഹിക്കിള്‍ പോളിസി സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി സത്വരമായ നടപടികള്‍ സ്വീകരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട.

2018 മെയ് 15ന് സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇ.വി. റോഡ്മാപ്പ് തയ്യാറാക്കാന്‍ ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. 2018 ജൂണ്‍ 18ന് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേര്‍ന്ന് കരട് വൈദ്യുത വാഹന നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2018 ജൂണ്‍ 27ന്‍റെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജൂലൈ 9ന് ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.

2018 നവംബര്‍ 30, ഡിസംബര്‍ 21 എന്നീ തീയതികളിലെ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കുറിപ്പുകള്‍ പ്രകാരമാണ് ഹെസ് കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചത് സര്‍ക്കാരിന്‍റെ മുന്നില്‍ പരിഗണനയ്ക്കായി എത്തുന്നത്. അവരുടെ സംഘം കെഎസ്ആര്‍ടിസി, കേരള ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വ്യവസായ, ഗതാഗത വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തില്‍ ബസ് ബോഡി നിര്‍മാണത്തിനായുള്ള ഒരു ജോയിന്‍റ് വെന്‍ച്വര്‍ യൂണിറ്റ് സ്ഥാപിച്ച് അസംബ്ലിങ് നടത്തുന്നതിനും താല്‍പര്യം ഹെസ്സ് അറിയിച്ചു. താല്‍പര്യമുള്ള മറ്റു കമ്പനികള്‍ ഉണ്ടോ എന്നറിയാന്‍ കെഎഎല്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. മറ്റൊരു കമ്പനിയും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ഹെസ്സുമായി മുന്നോട്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചു. ഇതിനായി കരട് ധാരണാപത്രം സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

ഈ ഫയലിന്‍റെ ഭാഗമായി 2018 നവംബര്‍ 30ന് സമര്‍പ്പിച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ‘ചീഫ് സെക്രട്ടറി കാണുക’ എന്ന് അഭിപ്രായപ്പെട്ടത്. 2018 ഡിസംബര്‍ 21ന് സമര്‍പ്പിക്കപ്പെട്ട ഫയലില്‍ ഹെസ്സുമായുള്ള ധാരണാപത്രം നിയമവകുപ്പ് കാണണമെന്നും ധനകാര്യവകുപ്പിന്‍റെ അഭിപ്രായം തേടണമെന്നും നടപടി ത്വരിതപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി കുറിപ്പ് എഴുതിയത്. നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയത് എന്നു സാരം.

അതു പ്രകാരമാണ് ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഫയല്‍ പരിശോധിക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. എംഒയു ഒപ്പിടാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശമന്ത്രാലയത്തിന്‍റെ അനുമതി കൂടി ആവശ്യമാണ്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്യോഗസ്ഥ തലത്തില്‍ ഇതിന് അനുമതി തേടുകയും വിദേശമന്ത്രാലയം 2019 ജൂലൈ 22ന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇതെല്ലാം എങ്ങനെയാണ് തെറ്റാവുന്നത്? ആരോടും അഭിപ്രായം തേടാതെ മുഖ്യമന്ത്രി അംഗീകരിക്കുന്നതാണോ ശരി? മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനനുസരിച്ച് വിവിധ വകുപ്പുകള്‍ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്?

എംഒയു ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇപ്പോഴും പരിശോധനയിലാണുള്ളത്. എന്നാല്‍, വൈദ്യുത വാഹന നയത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുമില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അതിലാരും സംശയിക്കേണ്ടതില്ല. ബഹളംവെച്ച് ഒരു നിക്ഷേപക കമ്പനിയെ കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോയി വേറെ എവിടെയെങ്കിലും നട്ടുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുബുദ്ധികളുണ്ടെങ്കില്‍ അവരുടെ അജണ്ടയ്ക്കു പിന്നാലെ പോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല.

നമ്മുടെ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ഒരു കമ്പനി താല്‍പര്യമെടുത്തു വന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് നിലപാട്. ഈ നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരെ തേടി കെഎഎല്‍ താല്‍പര്യപത്രം വിളിച്ചകാര്യം നേരത്തേ പറഞ്ഞല്ലൊ.

നടത്താന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ അംഗീകാരങ്ങള്‍ നേടിയാല്‍ അത് നടത്താന്‍ അനുവദിക്കുക എന്നുള്ളതാണ് നിക്ഷേപ സൗഹൃദ നയം. കഴമ്പില്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങളെ ഇവിടുന്ന് ഓടിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ സ്വിസ് സന്ദര്‍ശനത്തിന്‍റെ ഭാഗമായാണോ സ്വിസ് കമ്പനി കേരളത്തിലേക്കു വരുന്നത്?

ഞങ്ങള്‍ യൂറോപ്പ് യാത്ര നടത്തിയത് 2019 മെയ് എട്ടു മുതലാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിലേക്ക് വരുന്നത് അതിനു മുമ്പത്തെ വര്‍ഷം, 2018 നവംബറിലാണ്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 01-07-2020

നഷ്ടപരിഹാരം നേരിട്ട് നല്‍കും

2019-ലെ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും തീരുമാനിച്ചു.

ധനസഹായം

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത മലപ്പുറം ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

തസ്തികകള്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് 15 അധ്യാപക തസ്തികകളും ഹെഡ് നഴ്സിന്‍റെ 1 തസ്തികയും സൃഷ്ടിക്കും. ഇതിനു പുറമെ കരാര്‍ / ദിവസവേതന അടിസ്ഥാനത്തില്‍ 86 അനധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കും.

കാലാവധി ദീര്‍ഘിപ്പിച്ചു

ഹൈക്കോടതിയിലെ 102 സര്‍ക്കാര്‍ അഭിഭാഷകരെ കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 2021 ജൂണ്‍ 21 വരെ പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.

അധിക ചുമതല

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിക്ക് കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.

ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന് ജലവിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.

കേരളാ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിക്ക് ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.