Author: CM WEB

വാര്‍ത്താകുറിപ്പ്:27-03-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി (ഇന്നലെ പറഞ്ഞതില്‍ ഒരാളുടെ റിസള്‍ട്ട് നെഗറ്റീവായി വന്നിട്ടുണ്ട്).

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ ഒരുലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പതുപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരുലക്ഷത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി എണ്‍പത്തിമൂന്നു പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4448 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളവരുടെ എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്ടാണ് ഇതില്‍ കൂടുതലുള്ളത്. ആ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോര, ഇനിയും ശക്തമായ ഇടപെടല്‍ വേണം എന്നാണ് തീരുമാനിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവതരമാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ നാം ഒരുങ്ങേണ്ടതുണ്ട്.

ഒരു കാര്യത്തില്‍ വ്യക്തത വേണ്ടതുണ്ട്. പോസിറ്റീവ് റിസള്‍ട്ടുകള്‍ വരുന്ന എല്ലാവരും നേരേ ആശുപത്രിയില്‍ പോയി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയല്ല. മറിച്ച്, രോഗസാധ്യത കണ്ടെത്തിയാല്‍ അവരെ നിരീക്ഷണത്തില്‍ വെക്കുകയും അവിടെനിന്ന് സാമ്പിളുകള്‍ അയക്കുകയുമാണ് ചെയ്യുന്നത്.

അതേസമയം ഇന്ന് പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അവര്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചവരുമാണ്. അതുകൊണ്ട് അവരുടെ പേരുവിവരങ്ങളും മറ്റും പരസ്യമായി പറയേണ്ടതല്ലേ എന്ന് ആലോചിക്കുകയാണ്.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഇടുക്കിയിലുള്ള ഒരാളുടെ യാത്രയുടെയും സമ്പര്‍ക്കത്തിന്‍റെയും വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചിട്ടുണ്ട്.

തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂര്‍, പാലക്കാട്ടെ ഷോളയൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍… ഇങ്ങനെ യാത്ര ചെയ്ത സ്ഥലങ്ങളുടെ നീണ്ട പട്ടിക. മെഡിക്കല്‍ കോളേജുകള്‍, സ്കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍, സെക്രട്ടറിയറ്റ്, നിയമസഭാ മന്ദിരം ഇങ്ങനെ സന്ദര്‍ശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റും ദൈര്‍ഘ്യമുള്ളതാണ്. സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളിലാകട്ടെ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഈ സഞ്ചരിച്ച സ്ഥലങ്ങളിലെയെല്ലാം ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍നിന്ന് ഇത്തരം ഒരു സമീപനമാണോ ഉണ്ടാകേണ്ടത്? ഇത് നമുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ വൈറസ് ഏറെയൊന്നും അകലെയല്ല. അത് ബാധിക്കാതിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായിട്ടു തന്നെയാണ്.

കാസര്‍കോടിനു സമീപമുള്ള കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ടാണുള്ളത്. പ്രധാന ആശുപത്രികള്‍ മംഗലാപുരത്താണ്. ദൈനംദിന ഡയാലിസിസ് ചെയ്യേണ്ടവര്‍ക്കുള്‍പ്പെടെ അങ്ങോട്ടു പോകാന്‍ കഴിയുന്നില്ല. കണ്ണൂരില്‍ അവരെയാകെ ഉള്‍ക്കൊള്ളാന്‍ സൗകര്യവുമില്ല. ഇത് ഒരു അടിയന്തര സംഗതിയായി കാണുകയാണ്.

കര്‍ണാടകയും കേരളവും അതിര്‍ത്തി പങ്കിടുന്ന രണ്ടു സംസ്ഥാനങ്ങളാണ്. വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാന്‍ പറ്റും. ഈ അതിര്‍ത്തികളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന സമീപനം കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായ കാര്യമാണിത്. യാത്രാസൗകര്യം മനുഷ്യര്‍ക്കുള്ള യാത്ര മാത്രമല്ല. അങ്ങനെ തടഞ്ഞാല്‍ ഒരു അടിയന്തര സാഹചര്യം, രണ്ടു സര്‍ക്കാരുകള്‍ക്കും യോജിപ്പ് വരുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകും. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നമ്മുടെ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. അദ്ദേഹം മണ്ണുമാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ട്. മണ്ണ് ഏതെങ്കിലും ഒരിടിത്ത് മാത്രമല്ല ഇട്ടത്. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും അടച്ചു. കൂട്ടുപുഴയില്‍ അല്‍പം കേരള അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടുതന്നെ മണ്ണിട്ടു. കാസര്‍കോടും മണ്ണിടുന്ന നിലയുണ്ടായി. അത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമായി. ഉണ്ടായ സംഭവങ്ങള്‍ പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതല്‍ റിസല്‍ട്ടുകള്‍ വരികയാണ്. ചില അടിയന്തര നടപടികള്‍ കൂടി വേണ്ടതുണ്ട്. അവിടെയുള്ള മെഡിക്കല്‍ കോളേജ് കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ ത്വരതിഗതിയിലുള്ള നീക്കം നടത്തുന്നുണ്ട്. മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കും.

ജനങ്ങള്‍ പാലിക്കേണ്ടത്

അവിടെ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മുംബൈ, ഡെല്‍ഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ വീടുകളില്‍ തന്നെ കഴിയണം.

തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം.

വിദേശങ്ങളില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിര്‍ബന്ധിത ഐസൊലേഷന് വിധേയമാകണം.

പ്രായമായവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. അവരുമായി മറ്റാരും തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്താത്തതാണ് നല്ലത്.

പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം, തുടര്‍ചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം.

ആരോഗ്യരംഗത്ത്

രോഗം മൂര്‍ച്ഛിച്ച ആളുകളെ ചികിത്സിക്കുന്നതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുകയാണ്.
അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്‍റിലേറ്ററുകളും ഉണ്ട്.

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റണം. ടെസ്റ്റിങ് സൗകര്യം വിപുലമായി നടത്താനുള്ള സംവിധാനം അവിടെയുണ്ട്. ഐ.സി.എം.ആര്‍ അനുമതിക്കാവശ്യമായ കാര്യങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ പെട്ടെന്നു തന്നെ കോവിഡ് ആശുപത്രിയാക്കി മാറ്റും.

ഇന്ന് അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കാം എന്ന അഭിപ്രായം ഉയര്‍ന്നു. ഡ്രഗ്സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട പ്രശ്നമാണത്. രോഗവ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. രോഗപ്രതിരോധത്തിനുള്ള സാധ്യതകളും തേടും.

എന്‍ 95 മാസ്ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കും. പരിശോധനാ സംവിധാനം കൂടുതല്‍ വേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടിവരും. അനുമതി ലഭിച്ചയുടന്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച്ഐവി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

പൊലീസ്

ഫലപ്രദമായ ഇടപെടല്‍ പൊലീസ് നടത്തിയതു കൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പൊലീസിന്‍റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യം എന്ന് അറിഞ്ഞ് പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നോണ്‍ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നതടക്കം എല്ലാ ലേലങ്ങളും കുടിശ്ശിക നോട്ടീസുകളും നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അടക്കേണ്ട ഫീസുകളുടെ കാലാവധി ദീര്‍ഘിപ്പിക്കും.

നിരാലംബരും തെരുവില്‍ കഴിയുന്നവരുമായ ആളുകള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് കോര്‍പ്പറേഷനുകളിലും 26 നഗരസഭകളിലും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 1545 പേരാണ് ഈ 31 ക്യാമ്പുകളിലായുള്ളത്. ഇവരെ ഭദ്രമായി സ്ഥലത്ത് താമസിപ്പിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ പറ്റിയതുള്‍പ്പെടെ സൗകര്യങ്ങളുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ നമുക്കുണ്ട്.

അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്താകെ ഇതുവരെ 4603 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ ഏറ്റെടുക്കണം. ബന്ധപ്പെട്ട കലക്ടര്‍മാര്‍ വ്യക്തിപരമായ ഉത്തരവാദിത്വമായി ഇവ കാണണം. തൊഴില്‍ വകുപ്പിനും ഫലപ്രദമായി ഇതില്‍ ഇടപെടാനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഏകോപിപ്പിക്കണം.

ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലീഫ്ലെറ്റുകല്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കിവരുന്നു. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങള്‍ക്ക് നടപടി സ്വീകരിച്ചു.

സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ വഴിയും തൊഴിലുടമകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികലും സ്വീകരിച്ചുകഴിഞ്ഞു.

സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്‍മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ വിതരണം ചെയ്യുകയാണ്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.

ബാറുകളും, ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് ചില ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു യുവാവ് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നിട്ടുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും വേണം. എക്സൈസ് വകുപ്പ് വിമുക്തിക്ക് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്‍ററുകളും കൗണ്‍സിലിങ് സെന്‍ററുകളും അതിനായി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ചില കത്തോലിക്കാ സഭകള്‍ സമ്മതിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രങ്ങള്‍ പോലുള്ളവ ഇതിന് ഉപയോഗിക്കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മറ്റ് സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വകുപ്പിനോട് പറഞ്ഞിട്ടുണ്ട്.

ലോക്ക്ഡൗണിന്‍റെ ഭാഗമായി വന്ന മറ്റൊരു വിഷയം വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും (പശു, ആട്, പന്നി, കോഴി, താറാവ്…) തീറ്റയ്ക്കുള്ള ദൗര്‍ലഭ്യമാണ്. ഇതിനായി ചരക്കുനീക്കം സുഗമമാകേണ്ടതുണ്ട്. അതിനു വേണ്ട ഇടപെടല്‍ നടത്തും.

പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമല്ല. വിത്ത്, വളം എന്നിവ വിതരണം ചെയ്യാന്‍ കൃഷിവകുപ്പ് പ്രാദേശികമായി വളണ്ടിയര്‍മാരെ നിയോഗിക്കണം.

ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടക്കും. അതിന് എല്ലാ തരത്തിലും ഇടപെടലുണ്ടാകും.

മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പന ശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്ന എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകും. അതുകൊണ്ട് അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണം.

‘സന്നദ്ധം’ പോര്‍ട്ടലിലേക്ക് യുവജനങ്ങള്‍ നല്ലതോതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രജിസ്ട്രേഷന്‍ മുടങ്ങുന്നു എന്ന പരാതി വന്നു. അടിയന്തരമായി അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച 1.15 ലക്ഷം പേരുടെ സന്നദ്ധ സേനയും കോവിഡ് പ്രതിരോധ രംഗത്ത് ഇടപെടുന്നുണ്ട്.

അടിയന്തര സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നുണ്ട്.

സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഒഴിപ്പിക്കലും (രോഗപ്രതിരോധത്തിന്‍റെ ആവശ്യത്തിനല്ലാതെ) ഇപ്പോള്‍ ഉണ്ടാകരുത്. കടമുറികള്‍ ഒഴിപ്പിക്കാന്‍ പാടില്ല.

സാധനങ്ങളുടെ ദൗര്‍ലഭ്യംമൂലം വിലക്കയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ക്കശമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കി.

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കംകുറിച്ചു.

രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തു നിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്.

ഇതിനായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാരില്‍ ചിലര്‍ ഒറ്റപ്പെടുത്തുന്ന ചില പ്രവണതകള്‍ ഉണ്ടാവുന്നുണ്ട്. അത് ഒരു കാരണവശാലും അനുവദിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നമ്മുടെ പിന്തുണയിലൂടെയാണ് ലഭിക്കേണ്ടത്. സമൂഹം കൃതജ്ഞതയോടെയാണ് അത് നോക്കിക്കാണേണ്ടത്. ഊണും ഉറക്കവുമൊഴിഞ്ഞ് രാപ്പകല്‍ ഭേദമില്ലാതെയുള്ള അവരുടെ സേവനം വിലമതിക്കാനാകാത്തതാണ്. വാക്കിലോ നോക്കിലോ ഒരുതരത്തിലുള്ള അനാദരവോ അകല്‍ച്ചയോ അവരോട് കാണിക്കരുത്.

തെരുവുനായ്ക്കള്‍ ഭക്ഷണം കിട്ടാതെ അലഞ്ഞ് ഭീതിയുണ്ടാക്കുന്ന അവസ്ഥയുണ്ട്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാര്‍ രാത്രിയില്‍ ഉള്‍പ്പെടെ സ്കൂളുകളില്‍ കഴിയേണ്ട അവസ്ഥയുണ്ട്. സ്ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്ത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 350ഓളം അതിഥിത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ കഷ്ടപ്പെടുന്നു എന്ന് വാര്‍ത്ത വരുന്നുണ്ട്. ബീഹാറിലെ പ്രതിപക്ഷ നേതാവ് ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി.

ശാസ്താംകോട്ട, മലപ്പുറം മുന്നിയൂര്‍, തലക്കളത്തൂര്‍, പള്ളിക്കാട് തുടങ്ങി നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇല്ലാതായതോടെ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. അവ അക്രമാസക്തമാകുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ക്ഷേത്ര അധികാരികള്‍ ഇടപെടണം.

പൊലീസിന് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ നവജാതശിശുക്കളുടെ വസ്ത്രത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു പോപീസ് എന്ന് വസ്ത്ര നിര്‍മ്മാണ സ്ഥാപനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സൗജന്യമായി നവജാത ശിശുക്കള്‍ക്കുള്ള ചെയ്ത വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

കോവിഡ് കെയര്‍ സെന്‍ററുകളില്‍ വാട്ടര്‍ പ്യൂരിഫെയര്‍, എയര്‍ കൂളര്‍, ടിവി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്.

ഓട്ടോ ടാക്സികള്‍ക്ക് കര്‍ശനനിയന്ത്രണം ഉണ്ട്. എന്നാല്‍ ചില അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ അവര്‍ അവര്‍ ഓടേണ്ടി വരും അത്തരം സന്ദര്‍ഭങ്ങളില്‍ നിരക്ക് അമിതമാകാന്‍ പാടില്ല. പൊലീസുകാര്‍ റോഡിലാണ് ഡ്യൂട്ടി ചെയ്യുന്നത്. നല്ല വേനലാണ്. അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ തയ്യാറാകുന്നത് നന്നായിരിക്കും.

കേന്ദ്ര പാക്കേജ്

കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ നമ്മള്‍ പൊതുവേ സ്വാഗതം ചെയ്തതാണ്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ വിഷമതകള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സില്‍നിന്ന് സ്വകാര്യ മേഖലയെ ഒഴിവാക്കിയിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളും അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. അതുകൊണ്ട് സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തി ആസംവിധാനം വിപുലപ്പെടുത്തണം.

അഞ്ചു കിലോ അരി, ഒരു കിലോ പയര്‍ എന്നത് എല്ലാവര്‍ക്കും നല്‍കണം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കണം.

ദരിദ്രര്‍ക്കായി പ്രത്യേക പദ്ധതി വേണ്ടതുണ്ട്. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം ആവശ്യമായ ഘട്ടമാണിത്. കേന്ദ്ര ഗവണ്‍മെന്‍റ് അതിനു തയ്യാറാകണം.

സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഓരോ സംസ്ഥാനത്തെയും സ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കൊറോണ പാക്കേജ് വിപുലപ്പെടുത്തണം.

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുന്നത് അടക്കം പരിഗണിക്കണം. നിലവിലുള്ള 3 ശതമാനം 5 ശതമാനമായെങ്കിലും ഉയര്‍ത്തണം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. ഈ മൊറോട്ടോറിയം സമയത്ത് പലിശ ഒഴിവാക്കുന്നത് പരിഗണിക്കണം. പലവ്യഞ്ജനകിറ്റ് നല്‍കുമെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത് ഒന്നിച്ച് നല്‍കുന്നതിന് ആവശ്യമായ ധാന്യങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാക്കുന്നതിന് നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.

പ്രധാനമന്ത്രി രാവിലെ വിളിച്ച് സംസ്ഥാനത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളില്‍ മതിപ്പ് രേഖപ്പെടുത്തി. ഏതു ഘട്ടത്തിലും സമീപിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

അഭ്യര്‍ത്ഥന
നമ്മുടെ നാട് ഇന്നുവരെയില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് ഈ കഠിന പരീക്ഷണത്തെ അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വന്‍ ശക്തികള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന ഈ അവസ്ഥ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. നാം വിവിധ ഘട്ടങ്ങള്‍ തരണം ചെയ്തതാണ്. അതിനുള്ള ഐക്യവും കരുത്തും നമുക്കുണ്ട്.

ഇവിടെയും നാം പകച്ചുപോയിക്കൂട. എല്ലാ ചലനങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരവസ്ഥയില്‍ നമുക്ക് വെറുതെയിരിക്കാനാവില്ല. രോഗം പടരാതിരിക്കാനും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനും നിരീക്ഷണത്തില്‍ കഴിയുന്നവരെ സംരക്ഷിക്കാനും രോഗശാന്തി ഉറപ്പാക്കാനും വലിയ പ്രയത്നം വേണ്ടതുണ്ട്. അത് സര്‍ക്കാര്‍ സംവിധാനം കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നല്ല. ഈ ഘട്ടത്തില്‍ നമ്മുടെ ഇടപെടലിനുള്ള സാമ്പത്തിക ശേഷിയും കൂടുതല്‍ കരുത്തുനേടേണ്ടതുണ്ട്.

ഇപ്പോള്‍ ഈ പോരാട്ടത്തില്‍ സഹായഹസ്തവുമായി ഒട്ടേറെ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് മുന്നിലുള്ള വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ദുരിതാശ്വാസ നിധിയിലേക്ക് ആവുന്നത്ര സംഭാവന ലഭിക്കേണ്ട ഘട്ടമാണിത്.

എല്ലാ പ്രയാസങ്ങള്‍ക്കും നടുവിലും അത്തരമൊരു മുന്‍കൈ ഉണ്ടാവേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്നത് സംഭാവന ചെയ്യാന്‍ പ്രിയപ്പെട്ട ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

എംഎ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി അറിയിച്ചു. കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാര്‍ത്താകുറിപ്പ്:20-03-2020

നബാര്‍ഡിനോട് 2000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോവിഡിന്‍റെ സാമ്പത്തിക ആഘാതം  കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാര്‍ഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്കുമാര്‍ ബന്‍വാലക്ക് മുഖ്യമന്ത്രി കത്തയച്ചു.

മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങള്‍;

1.ആര്‍.ഐ.ഡി.എഫില്‍ നിന്നുള്ള പ്രത്യേക വായ്പ 2 ശതമാനം പലിശയ്ക്ക് അനുവദിക്കുക. ഇപ്പോള്‍ 3.9 ശതമാനമാണ് പലിശ.

2.ബാങ്കുകള്‍ക്ക് വര്‍ധിച്ച പുനര്‍വായ്പ നബാര്‍ഡ് ലഭ്യമാക്കണം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ ഇതാവശ്യമാണ്.

3.സംസ്ഥാന സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കമേഴ്സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കും.

4.ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന  പുനര്‍വായ്പയുടെ പലിശ നിരക്ക്  8.4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണം.

5.ഇടക്കാല-ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം റൂറല്‍ ക്രഡിറ്റ് ഫണ്ടിന്‍റെ പുനര്‍വായ്പ 3 ശതമാനം നിരക്കില്‍ ലഭ്യമാക്കണം.

6.നബാര്‍ഡ്, ആര്‍.ബി.ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്‍ററുകളെ  സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് ഡവലപ്മെന്‍റ് ഫണ്ടില്‍നിന്നും  ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍നിന്നും അധിക ഗ്രാന്‍റ് അനുവദിക്കണം.  

7.സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കോവിഡ് ബാധയുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്താകുറിപ്പ്:19-03-2020

കോവിഡ്-19
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഏഴ് രാജ്യങ്ങളില്‍ കൂടി കോവിഡ് 19 വൈറസ് വ്യാപിച്ചതായിട്ടാണ് ഇന്ന് വരുന്ന വിവരം. ഇന്നലെ 159 രാജ്യങ്ങളിലായിരുന്നു. ഇന്ന് അത് 166 രാജ്യങ്ങളിലായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് (കാസര്‍കോട്). ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 28. ആകെ 31,173 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 30,926 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി 6,103 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 5,155 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 2,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,342 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും അംഗങ്ങളുമായി പ്രതിപക്ഷ നേതാവിനോടൊപ്പം സംസാരിച്ചു. കോവിഡ് 19 വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള യോജിച്ച ഇടപെടല്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്‍റെ അനിവാര്യതയാണ് അതില്‍ ഊന്നിപ്പറഞ്ഞത്.

സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് എന്ന് ആവര്‍ത്തിച്ച് പറയേണ്ടതുണ്ട്. സാധാരണ ജനജീവിതത്തെ രോഗാണുവ്യാപനം ബാധിച്ചിരിക്കുന്നു. സാമ്പത്തികരംഗത്തും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കോവിഡ് കാരണം പ്രതിസന്ധിയിലായ നമ്മുടെ സാമ്പത്തിക മേഖലയെയും ജനജീവിതത്തെയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ചില സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയാണ്.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

1.കുടുംബശ്രീ വഴി ഈ വരുന്ന രണ്ടു മാസങ്ങളില്‍ രണ്ടായിരം കോടി രൂപയുടെ വായ്പ നല്‍കും.

2.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനിയോഗിക്കും.

3.രണ്ടുമാസത്തെ (ഏപില്‍ അടക്കം) സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം നല്‍കും. 1,320 കോടി രൂപയാണ് ഇതിനായി ചെലവാക്കുക.

4.ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് ആയിരം രൂപ വീതം ഉപജീവന സഹായമായി നല്‍കും. ഇതിനുവേണ്ടി നൂറുകോടി രൂപ വിനിയോഗിക്കും.

5.പൊതുവിതരണ സമ്പ്രദായത്തിലൂടെ നൂറുകോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കും. ബി.പി.എല്‍ അന്ത്യോദയ ഒഴികെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക.

6.വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് കൊടുക്കാന്‍ ഭക്ഷണശാലകള്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം ഭക്ഷണശാലകള്‍ ഏപ്രില്‍ മാസം തന്നെ തുടങ്ങും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും.ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും.

7.കോവിഡ് ബാധയെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കൂടുതല്‍ ചെലവുകള്‍ വേണ്ടിവരുന്നു. ഇതിനു വേണ്ടി 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിക്കുകയാണ്.

8.സംസ്ഥാന സര്‍ക്കാര്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തില്‍ കൊടുത്തുതീര്‍ക്കും. പതിനാലായിരം കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.

9.എല്ലാം ചേര്‍ത്ത് ഇരുപതിനായിരം കോടി രൂപ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലേക്ക് എത്തിക്കുകയാണ്. ഇതിലൂടെ കോവിഡ്-19 ബാധമൂലം ഉണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.

10.ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ചാര്‍ജ് ഇളവ് നല്‍കും. മറ്റ് വിധത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കും. റൂട്ട് ബസ് (സ്റ്റേജ് കാര്യേജ്), കോണ്‍ട്രാക്ട് കാര്യേജ് എന്നിവയുടെ നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കും. മൂന്നു മാസത്തെ നികുതിയില്‍ ഒരു മാസത്തെ ഇളവാണ് റൂട്ട് ബസ്സുകള്‍ക്ക് നല്‍കുക. കോണ്‍ട്രാക്ട് കാര്യേജിനും ഇതിനു തുല്യമായ ഇളവ് നല്‍കും. ഇതിനു വേണ്ടി 23.6 കോടി രൂപയുടെ ഇളവാണ് ഇതിലൂടെ നല്‍കുന്നത്.

11.വൈദ്യുതിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കും.

12.സിനിമാ തിയറ്ററുകള്‍ക്ക് എന്‍റര്‍ടെയ്മെന്‍റ് ടാക്സില്‍ ഇളവു നല്‍കും.

കോവിഡ് 19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് സേനാവിഭാഗങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തി.

നേരത്തേ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും മറ്റും സേനാവിഭാഗങ്ങള്‍ സംസ്ഥാനത്തിന് നല്‍കിയ സേവനം പ്രശംസനീയമാണ്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് 19 വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് വിപുലവും ഫലപ്രദവുമായ തയ്യാറെടുപ്പ് സര്‍ക്കാര്‍ നടത്തുകയാണ്. ദുരന്തം ഒഴിവാക്കുന്നതിന് നടത്തുന്ന തയ്യാറെടുപ്പില്‍ സേനാവിഭാഗങ്ങളുടെ പൂര്‍ണ സഹായം വേണമെന്നാണ് അവരോട് അഭ്യര്‍ത്ഥിച്ചത്.

സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തില്‍ കൊറോണ കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് മേധാവികള്‍ ഉറപ്പ് നല്‍കി. ആര്‍മി ബാരക്കുകള്‍ താല്‍ക്കാലിക കൊറോണ കെയര്‍ സെന്‍ററാക്കി മാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും ടെക്നിക്കല്‍ സ്റ്റാഫിന്‍റെയും സേവനം വിട്ടുനല്‍കും. ആംബുലന്‍സുകളുമുണ്ടാകും.

അടിയന്തര സാഹചര്യത്തില്‍ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനല്‍കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.

സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയോട് ക്രിയാത്മകമായി പ്രതികരിച്ച സേനാവിഭാഗങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
ഇന്ന് സംസ്ഥാനത്ത് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, റീജണല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി എന്നീ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് പരിശോധനാ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട്.

വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹിക സുരക്ഷാ സന്നദ്ധ സേനയിലേക്ക് കൂടുതല്‍ ആളുകള്‍ വരേണ്ടതുണ്ട്.

ഇന്നലെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകം നല്‍കുന്ന കാര്യം പറഞ്ഞിരുന്നു. ഇന്ന് കലാകൗമുദി പബ്ലിക്കേഷന്‍സ് അവരുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സൗജന്യമായി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എല്ലാവര്‍ക്കും എത്തിക്കുമെന്ന് കലാകൗമുദി മാനേജിങ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇത് ഒരു നല്ല തുടക്കമാണ്. മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ വിലപ്പെട്ടതാണ്.

പരീക്ഷകള്‍ ഈ ഘട്ടത്തില്‍ നിര്‍ത്തിവെക്കേണ്ടതില്ല എന്നാണ് തീരുമാനം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത് ഒഴിവാക്കണം.
ഇന്നിപ്പോള്‍ നാം ഇങ്ങനെ പരസ്പരം ഒരു മീറ്റര്‍ അകലം പാലിച്ച് ഇരുന്നുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുന്ന രണ്ടാം ദിവസമാണ്. ഈ അകലം നമ്മുടെ ഒരുമയില്‍നിന്നും കരുതലില്‍നിന്നും ഉണ്ടാകുന്നതാണ്. ശാരീരികമായി നിശ്ചിത അകലം പാലിച്ച് ഇരിക്കുമ്പോഴും കൊറോണയെ നേരിടണം എന്ന കാര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഒരേ മനസ്സാണ്.

അപ്പോള്‍ ”ശാരീരിക അകലം സാമൂഹിക ഒരുമ’ ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യം.

വാര്‍ത്താകുറിപ്പ്:17-03-2020

കോവിഡ് പ്രതിരോധം
വിദഗ്ധ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ്-19 പ്രതിരോധം സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്‍മാരുമായും ആശയവിനിയമം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്‍ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സര്‍വ്വകലാശാല ഇതിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കും.

പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

പൊതുജനങ്ങള്‍ക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മുന്‍കൈ എടുക്കണം.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും ആവശ്യമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പിന്തുണയുണ്ടാകണം.

കോവിഡ്-19 സംബന്ധിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങളും നിഗമനങ്ങളും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സംവിധാനമുണ്ടാക്കും.

അറുപതിനു മുകളില്‍ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെ അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കുന്നതിന് ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെന്‍ററുകളുടെയും പാലിയേറ്റിവ് വളണ്ടിയര്‍മാരുടെയും സേവനം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും.

ഡോക്ടര്‍മാരും ആശുപത്രികളില്‍ അവരെ സഹായിക്കുന്ന ജീവനക്കാരും കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കും.

സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു നീങ്ങുകയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഡോ. ബി ഇക്ബാല്‍, ഡോ. കെ.പി. അരവിന്ദന്‍, ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. വി. രാമന്‍ കുട്ടി, ഡോ.ഇ. ശ്രീകുമാര്‍ (രാജീവ് ഗാന്ധി സെന്‍റര്‍ ഫോല്‍ ബയോടെക്നോളജി), ഡോ. സ്റ്റാലിന്‍ രാജ് (ഐസര്‍, തിരുവനന്തപുരം), ഡോ. പി.എസ്. ഷെറീക്, ഡോ. സോഫിയ സലീം മാലിക്, ഐ.എം.എ പ്രസിഡന്‍റ് ഡോ. അബ്രഹാം വര്‍ഗീസ്, ഡോ. രവി പ്രസാദ്, ഡോ. ശ്രീജിത് എന്‍ കുമാര്‍, ഡോ. മോഹന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി). മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

**

കോവിഡ്-19: ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്‍കി.

വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, പലിശയില്‍ അനുഭാവപൂര്‍വ്വമായ ഇളവുകള്‍ നല്‍കുക, പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

എസ്.എല്‍.ബി.സിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് സമിതി കണ്‍വീനര്‍ അജിത് കൃഷ്ണന്‍ യോഗത്തില്‍ ഉറപ്പു നല്കി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ബാങ്കുകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. എസ്.എല്‍.ബി.യുടെ നിര്‍ദേശങ്ങള്‍ ഉടനെ റിസര്‍വ് ബാങ്കിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും അജിത് കൃഷ്ണന്‍ അറിയിച്ചു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടത് കേരളത്തിലും അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കോവിഡ്-19 എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറെന്‍റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ധാരാളം പേര്‍ക്ക് തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. യാത്രാനിയന്ത്രണവും സാമ്പത്തിക മേഖലയെ ബാധിച്ചു. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സാഹചര്യമൊരുക്കുകയും വേണം. അതുകൊണ്ടാണ് വായ്പ കാര്യത്തില്‍ ബാങ്കുകള്‍ അനുഭാവ സമീപനം എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രളയ കാലത്ത് ബാങ്കുകള്‍ നല്‍കിയതിനേക്കാള്‍ വലിയ പിന്തുണയും സഹായവും ഈ ഘട്ടത്തില്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ വകുപ്പ് സെക്രട്ടറി ആര്‍.കെ. സിങ്, ആസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക്, ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ വി.ആര്‍ പ്രവീണ്‍കുമാര്‍, എ.ജി.എം. എം. മുരളീകൃഷ്ണന്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്:16-03-2020

വിമാനത്താവളങ്ങളിലെ ക്രമീകരണം

കോവിഡ് – 19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലു വിമാനത്താളങ്ങളിലെയും മേധവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താളമേധാവികള്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായ ധാരണകള്‍:

1.ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.

2.വിദേശത്തേക്ക് പോകുന്നവരെയും സ്ക്രീന്‍ ചെയ്യണം.

3.വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ ധൃതിയുണ്ടാകും. ഇതു കണക്കിലെടുത്ത് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.

4.പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. കൂടുതല്‍ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

5.കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണം.

6.കസ്റ്റംസ് പരിശോധനയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകണം. വിമാനത്താവളത്തില്‍ ഒരുതരത്തിലുള്ള  തിക്കും തിരക്കും ഉണ്ടാകരുത്.

7.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആംബുലന്‍സില്‍ അപ്പോള്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളില്‍ ഐസോലേഷനില്‍ ആക്കണം. പോലീസിന്‍റെ മേല്‍നോട്ടത്തില്‍ അവരെ വീടുകളില്‍ എത്തിക്കണം.

8.വീടുകളില്‍ ഐസോലേഷനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ സെല്ലില്‍ അറിയിക്കണം.

9.വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് കര്‍ശനമായ നടപടികള്‍ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേര്‍ എത്തുന്നത് തടയണം.

10.വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്‍റൈനില്‍ പോകുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ നല്‍കണം.

11.വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍ ലഭ്യമാക്കും. ഐ.എം.എ ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

വാര്‍ത്താകുറിപ്പ്:15-03-2020

പരിശോധന കൂടുതല്‍ ഫലപ്രദമാക്കും: മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു.

റിസോര്‍ട്ടുകള്‍, ഹോം-സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കേണ്ടതാണ്.

ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് സാധാരണ നിലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ എടുക്കണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണം.

അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്‍റായിട്ടുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം കൂടുതല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. നാം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാര്‍  പരിശോധനയ്ക്ക് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കുകയും പുതിയ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണം. ജനങ്ങള്‍ കൂട്ടം ചേരുന്ന മതപരമായതുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യര്‍ത്ഥന യോഗത്തില്‍ നടത്തും. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, എഡി.ജിപി. ടി.കെ. വിനോദ്കുമാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്:14-03-2020

പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

ഭാഷയ്ക്കും സംസ്‌കാരത്തിനും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ് പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൃതജ്ഞതയോടെ മാത്രമേ പുതുശ്ശേരിയെ ഓര്‍മ്മിക്കാനാകൂ.

ശൂരനാട് കലാപത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോള്‍ വിപ്ലവത്തിന്റെ ആ വീറുറ്റ മണ്ണില്‍ നിന്ന് പ്രസ്ഥാനത്തെ നയിച്ച ധീരനാണ് അദ്ദേഹം. എന്നും അദ്ദേഹം ഇടതുപക്ഷത്തോടുള്ള ഹൃദയ ഐക്യം നിലനിര്‍ത്തി.

ഭാഷാഗവേഷണ രംഗത്ത് അതുല്യമായ സംഭാവനകളാണ് പുതുശ്ശേരിയില്‍ നിന്ന് ഉായിട്ടുള്ളത്. വിസ്മൃതിയുടെ മാറാലകളില്‍ മറഞ്ഞുപോയിരുന്ന കണ്ണശ്ശ കവികളേയും അവരുടെ കവിതകളെയും കെത്തി പുതിയ വെളിച്ചത്തില്‍ സമൂഹ മദ്ധ്യത്തില്‍ അവതരിപ്പിച്ചു. ഭാഷയുടെ സൂക്ഷമങ്ങളായ ചരിത്രധാരകളെ കെത്തുന്നതിന് ഗവേഷണബുദ്ധിയോടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ നമ്മുടെ അക്കാദമിക് മണ്ഡലത്തിന് പുതിയ വെളിച്ചം പകര്‍ന്നു നല്‍കി. അതിനൊക്കെ അപ്പുറം മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടിയെടുക്കാനാവശ്യമായ ചരിത്രരേഖകള്‍ ഭാഷയുടെ ചെപ്പേടുകളില്‍ നിന്ന് കെത്തി അവതരിപ്പിക്കുന്നതിനും അത് മുന്‍നിര്‍ത്തി ശ്രേഷ്ഠഭാഷാപദവിക്ക് മലയാളം അര്‍ഹമാണെന്ന് സമര്‍ത്ഥിക്കുന്നതിനും പുതുശ്ശേരി അസാധാരണമായ അര്‍പണ്ണബോധവും ഗവേഷണബുദ്ധിയുമാണ് പ്രദര്‍ശിപ്പിച്ചത്.

ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിക്കുന്നതിലും ലോകത്തെമ്പാടുമുള്ള മലയാളികളില്‍ ഭാഷാഭിമാനം വളര്‍ത്തുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്കാണ് വഹിച്ചത്.

മലയാള കാവ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണ് പുതുശ്ശേരി രാമചന്ദ്രനുള്ളത്. ‘പുതിയ കൊല്ലനും പുതിയൊരാലയും’ എന്ന കവിതയുമായി കടന്നുവന്ന് മലയാള സാഹിത്യചരിത്രത്തില്‍ അരുണാഭമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു പുതുശ്ശേരി രാമചന്ദ്രന്‍. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തെ മുന്‍നിര്‍ത്തിയും ഗാന്ധിജിയെ മുന്‍നിര്‍ത്തിയുമുള്ള അദ്ദേഹത്തിന്റെ കവിതകള്‍ വലിയ തോതില്‍ ദേശാഭിമാനം ഉണര്‍ത്തുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 11-03-2020

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നു

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ ത്രൈമാസ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്‍റെ കൃത്യമായ കണക്ക് ലഭിക്കാന്‍ രണ്ടുവര്‍ഷമെടുക്കുന്ന സ്ഥിതിയുണ്ട്. മാത്രമല്ല, കേരളത്തിലെ നിക്ഷേപത്തിന്‍റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്‍റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല, ഇതുകാരണം സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണത്തിനും ഗവേഷകര്‍ക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മീഷന്‍റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.സി. മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ ഡവല്മെന്‍റിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വര്‍ഷമാണ് കമ്മീഷന്‍റെ കാലാവധി.

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്ക്, ഇലക്ട്രോണിക് ഹാര്‍ഡ് വേര്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെയുള്ള മെഗാ പ്രൊജക്റ്റുകള്‍ക്ക് രണ്ടു പ്രത്യേക ഉദ്ദേശ കമ്പനികള്‍ (എസ്.പി.വി) രൂപീകരിക്കുന്നതിനുള്ള മെമ്മോറാണ്ഡം ഓഫ് അസോസിയേഷന്‍റെയും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍റെയും കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കേരാഫെഡിന്‍റെ കരുനാഗപ്പള്ളി ഫാക്ടറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 25 കാഷ്വല്‍ തൊഴിലാളികളെ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍ തസ്തികയില്‍ മറ്റുവിധത്തില്‍ യോഗ്യരാണെങ്കില്‍ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ കേരഫെഡ് ഭരണസമിതിക്ക് അനുമതി നല്‍കി.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സിലെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്‍റിലേക്ക് 8 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഇതിലേക്ക് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ അനുമതി നല്‍കുന്നതിനും തീരുമാനിച്ചു.

കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മങ്ങാട്ടുതൊടിക വീട്ടില്‍ അനീഷിന്‍റെ ഭാര്യ അശ്വതി സുകുമാരന് മലപ്പുറം ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കുന്നതിന് തീരുമാനിച്ചു.

പുതിയ തസ്തികകള്‍

സൈനിക ക്ഷേമ വകുപ്പില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍മാരുടെ 9 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തസ്തികകള്‍ സൃഷ്ടിക്കുക.

നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ 6 പേരെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വ്വീസിലേക്ക് അതത് തസ്തികയിലെ ജൂനിയര്‍ മോസ്റ്റ് എന്ന നിബന്ധനയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 149 അധ്യാപക തസ്തികകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വൈപ്പിന്‍, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് നിലമ്പൂര്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തിക ഉള്‍പ്പെടെയാണിത്.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്രസ്റ്റില്‍ 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

35-ാമത് ദേശീയ ഗെയിംസില്‍ റോവിങ്ങില്‍ സ്വര്‍ണ്ണം നേടിയ അഞ്ജലി രാജിന് എല്‍.ഡി.ക്ലാര്‍ക്കിന്‍റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.

നിയമനം

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് പി.എം. അലി അസ്ഗര്‍ പാഷയെ സപ്ലൈകോ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

വി.ആര്‍. പ്രേംകുമാറിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിക്കും.

വാര്‍ത്താകുറിപ്പ്:10-03-2020


കൊറോണ: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.

ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. അതില്‍ 717ന്‍റെയും ഫലം നെഗറ്റീവായിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്.

സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാല്‍, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകള്‍ മുന്നിട്ടിറങ്ങണം.

നിലവില്‍ സംസ്ഥാനത്തുള്ള സാഹചര്യങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപുലവും ശക്തവുമായ ഇടപെടല്‍ തുടരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. അതിന്‍റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

ഒന്നാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഈ നിയന്ത്രണം സിബിഎസ്സി, ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബാധകമാണ്.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചിടും. എസ്എസ്എല്‍സി പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും മാറ്റിവെയ്ക്കുന്നില്ല. ആ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.

ട്യൂഷന്‍ ക്ലാസുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.

മദ്രസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കും.

പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.

എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു.

ശബരിമലയില്‍ പൂജകള്‍ നടക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദര്‍ശനത്തിന് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സിനിമാശാലകളും മാര്‍ച്ച് 31 വരെ അടച്ചിടേണ്ടതാണ്. നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്ാരിക പരിപാടികളും മാറ്റിവെക്കണം.

നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും.

സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഇതില്‍ പെടും.

സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും.

ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധ ഗണ്യമായി തന്നെയുണ്ട്. അവിടങ്ങളില്‍നിന്ന് വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലുകള്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കേണ്ടതുമാണ്.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയില്‍ പെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.

സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകള്‍ എത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്‍റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സര്‍ക്കാരിന്‍റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്‍റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 04-03-2020

‘പഠനത്തോടൊപ്പം തൊഴില്‍’ നയമായി അംഗീകരിച്ചു – പാര്‍ട്ട്ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം

പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് ‘പഠനത്തോടൊപ്പം തൊഴില്‍’. ഇത്തരത്തില്‍ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ അവര്‍ക്ക് തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

മഴമറയ്ക്ക് 75 ശതമാനം സബ്സിഡി

പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12 ഇന പരിപാടിയിലുള്‍പ്പെട്ട ‘മഴമറകള്‍’ എന്ന പദ്ധതി കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകള്‍). 75 ശതമാനം സബ്സിഡി നല്‍കിക്കൊണ്ട് ‘ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പച്ചക്കറിവികസന പദ്ധതിയിന്‍ കീഴില്‍ ഇത് നടപ്പാക്കും.

വെണ്ട. വഴുതിന, ചീര, പയര്‍, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവര്‍ഗ്ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാന്‍ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റര്‍ മുതല്‍ 100 ചതുരശ്രമീറ്റര്‍ വരെ വിസ്തൃതിയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരള പുനര്‍നിര്‍മാണ പദ്ധതി

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ (ആര്‍.കെ.ഐ) ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്‍റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.

1.പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് 12.5 കോടി രൂപ.

2.ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ.

3.കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികള്‍ – 42.6 കോടി രൂപ.

4.മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി രൂപ.

5.കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതി – 63.11 കോടി രൂപ.

6.പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.

7.തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 67.9 കോടി രൂപ.

പുനര്‍ഗേഹം പദ്ധതിക്ക് 200 കോടി

തീരദേശ മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

പോലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പോലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായ റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരെ ഈ കമ്മീഷന്‍റെ അധ്യക്ഷനായി നിയമിക്കും. മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഈ കമ്മീഷനില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും.

പോലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തവും സവിശേഷതകള്‍ ഉള്ളതുമാണ്. സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പല പര്‍ച്ചേസുകളും പോലീസ് വകുപ്പിന് നടത്തേണ്ടിവരുന്നത്. നിലവിലെ ചട്ടങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നത് സുരക്ഷയുടെ കോണില്‍ നിന്ന് നോക്കുമ്പോള്‍ പലപ്പോഴും കാലതാമസം വരുത്തുന്നതാണ്. സി.ആന്‍റ് എജിയുടെ പരാമര്‍ശങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.

ടി.എസ്.പി പരിശോധിക്കാന്‍ കമ്മിറ്റി

സര്‍ക്കാര്‍ വകുപ്പുകളില്‍ പര്‍ച്ചേസുകള്‍ നടത്താനും സേവനകരാറുകള്‍ ഉറപ്പിക്കാനും ടോട്ടല്‍ സൊലുഷന്‍ പ്രൊവൈഡേഴ്സിനെ (ടിഎസ്പി) നിയോഗിക്കുന്ന രീതി സംബന്ധിച്ച് വിശദമായി പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്ന് സീനിയര്‍ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ധനകാര്യം, ആഭ്യന്തരം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി വകുപ്പിന്‍റെ സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ടിഎസ്പി രീതിയില്‍ പര്‍ച്ചേസുകള്‍ നടത്തുന്നതും സേവനകരാറുകള്‍ ഉറപ്പിക്കുന്നതും. കെല്‍ട്രോണ്‍, സിഡ്കോ എന്നീ സ്ഥാപനങ്ങള്‍ ടിഎസ്പിയായി പ്രവര്‍ത്തിച്ചിട്ടുള്ള കരാറുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചു.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് 26 കോടി

2018-ലെ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ബാക്കിയുള്ള 26 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന 205 തസ്തികകള്‍ റദ്ദാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഭവനനിര്‍മ്മാണ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2020 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

കിന്‍ഫ്രയിലെ ഓഫീസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന പിന്നോക്ക വികസന കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് ചക്രവര്‍ സമുദായത്തെ എസ്.ഇ.ബി.സി പട്ടികയില്‍ സക്രവര്‍ (കാവതി) സമുദായത്തോടൊപ്പം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഡിസൈന്‍ നയരേഖ രൂപീകരിക്കാന്‍ കമ്മിറ്റി

കേന്ദ്രസര്‍ക്കാരിന്‍റെ ഡിസൈന്‍ നയരേഖയുടെ പോരായ്മകളും കേരളത്തിന്‍റെ സവിശേഷതകളും പഠിച്ച് സംസ്ഥാനത്തിന് തനതായ ഡിസൈന്‍ നയരേഖ രൂപീകരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ കണ്‍വീനറായി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. തൊഴില്‍, തദ്ദേശസ്വയംഭരണം, ഐടി, പൊതുമരാമത്ത് വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും.

ഡിസൈനിങ്ങില്‍ വിദഗ്ധ പരിശീലനവും ഗവേഷണവും നടത്താന്‍ ഉതകുന്ന മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐടി വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. 2020-ല്‍ ആഗോളതലത്തിലുള്ള ഡിസൈന്‍ മേള കേരളത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഐടി വകുപ്പിനെ ചുമതലപ്പെടുത്തി.

മെത്രാന്‍ കായല്‍: ഉത്തരവ് റദ്ദാക്കി

കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ റക്കിന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിക്കൊണ്ട് 2016 മാര്‍ച്ച് 1 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു. ടൂറിസം പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ച സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

നിയമനങ്ങള്‍, മാറ്റങ്ങള്‍

സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. പിന്നോക്ക വികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി സെക്രട്ടറിയുടെയും സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ ആര്‍. ഗിരിജയെ സര്‍വ്വെ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും അധിക ചുമതല അവര്‍ വഹിക്കും.

സഹകരണ രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു.

രജിസ്ട്രേഷന്‍ ഐജി ഡോ. എ. അലക്സാണ്ടറിനെ സഹകരണ രജിസ്ട്രാറായി മാറ്റി നിമിക്കാന്‍ തീരുമാനിച്ചു.

ജിഎസ്ടി ജോയിന്‍റ് കമ്മീഷണര്‍ കെ. ഇമ്പാശേഖറിനെ രജിസ്ട്രേഷന്‍ ഐജിയായി മാറ്റി നിയമിക്കും.

ബി.എസ്.എന്‍.എല്ലിന്‍ നിന്നു റിട്ടയേര്‍ഡ് ചെയ്ത എസ്. ഹരികുമാറിനെ ധനകാര്യവകുപ്പില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറായി നിയമിക്കാന്‍ തീരുമാനിച്ചു.