Category: Press Release

വാര്‍ത്താകുറിപ്പ്: 11-11-2020

രോഗബാധിതര്‍ക്ക് നേരിട്ടു വോട്ടു ചെയ്യുന്നതിന് ഓര്‍ഡിനന്‍സ്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്‍റൈന്‍) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നിലവിലുള്ള നിയമ പ്രകാരം പോളിങ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്. പോളിങ്ങിന്‍റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിവയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു.

ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്. എന്നാല്‍, ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോട്ടിന് മൂന്ന് ദിവസം മുമ്പോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനകമോ റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. മാത്രമല്ല, പോസ്റ്റല്‍ വോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസം മുമ്പ് മുദ്രചെയ്ത് നല്‍കുകയും വേണം. തെരഞ്ഞെടുപ്പ് ദിവസമോ അതിനു രണ്ടു ദിവസം മുമ്പോ രോഗബാധിതരാകുന്നവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദശിക്കപ്പെട്ടവര്‍ക്കും ഇതു കാരണം വോട്ടു ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കും നേരിട്ട് വോട്ടുചെയ്യാന്‍ നിയമം ഭേദഗതി ചെയ്യുന്നത്.

കോവിഡ്-19 ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട പ്രത്യേക സൗകര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദേശം തയ്യാറാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് നല്‍കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഏജന്‍റുമാര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് തയ്യാറാക്കി നല്‍കണം.

വാര്‍ത്താകുറിപ്പ്: 05-11-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 6820 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 26 പേര്‍ മരണമടഞ്ഞു. 84,087 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5935 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 730 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 61,388 സാമ്പിളുകള്‍ പരിശോധന നടത്തി. 7699 പേര്‍ രോഗമുക്തരായി.

കേരളത്തില്‍ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബര്‍ 24നാണ്. 97,417 പേര്‍ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് കാണുന്നത്.

ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുന്‍പുള്ള ആഴ്ചയിലെ അതാതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1 മുതല്‍ 10 ശതമാനം വരെ കുറവു കാണുന്നുണ്ട്. ഇന്നലത്തെ കണക്കുകള്‍ നോക്കിയാല്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്റ്റീവ് കേസുകളേക്കാള്‍ 10 ശതമാനത്തോളം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ആദ്യമായാണ്.

ഈ കണക്കുകള്‍ കാണുമ്പോള്‍ രോഗം പതുക്കെ പിന്‍വലിയുകയാണോ എന്നൊരു തോന്നല്‍ നമുക്ക് വന്നേക്കാം. അതിന്‍റെ ഭാഗമായി മുന്‍കരുതകലുകളില്‍ വീഴ്ച വരുത്താനും സാദ്ധ്യതയുണ്ട്. അത്തരമൊരു അനാസ്ഥയിലേയ്ക്ക് പോയിക്കൂടാ. നിരവധി സ്ഥലങ്ങളില്‍ രോഗം ഒരു തവണ ഉച്ചസ്ഥായിയില്‍ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാള്‍ മോശമായ രീതിയില്‍ പീക്ക് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യമുടലെടുത്താല്‍ രോഗമേല്‍പ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും.

കോവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാം. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്‍റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ്കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസ്സാരവല്‍ക്കരിക്കാന്‍ ആരും തയ്യാറാകരുത്.

കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിര്‍ബാധം തുടരേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്‍റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുന്‍കരുതലുകള്‍ കാരണം കോവിഡ് വരാതെ കാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.

കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണീത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും റഫറല്‍ ക്ളിനിക്കുകളും പ്രവര്‍ത്തിക്കും.

തൊഴില്‍ നേട്ടം
നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്ന വിവരം സസന്തോഷം പ്രഖ്യാപിക്കുകയാണ്. രണ്ടു മാസം പിന്നിടുമ്പോള്‍ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമായ ആ നേട്ടം കരസ്ഥമാക്കാന്‍ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്ന് പുതിയൊരു ലക്ഷ്യവും കൂടി നിശ്ചയിക്കുകയാണ്. ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍.

സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ 19,607 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ള സംരംഭങ്ങളില്‍ 41,683 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംരംഭകത്വ മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 19,135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളിലാണ് 6965 പേര്‍. സെപ്തംബറിനുശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളില്‍ 613 പേര്‍ക്ക്. ഹോം ഷോപ്പികളിലും വിപണന കിയോസ്കുകളിലുമായി 2620 പേര്‍. മൃഗസംരക്ഷണത്തില്‍ 2153 പേര്‍. 1503 പേര്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത സംരംഭങ്ങളിലാണ്. തൊഴിലവസര സൃഷ്ടിക്കുവേണ്ടി അതിവിപുലമായ ഒരു പരിപാടിയാണ് കുടുംബശ്രീ ആവിഷ്കരിച്ചിട്ടുള്ളത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പ്പര്യമുള്ളവരുടെ പൊതുഅവബോധ പരിശീലനം നടത്തുവാന്‍ പോവുകയാണ്. അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കാമ്പയിന്‍റെ ഭാഗമായി ഒരുലക്ഷത്തിലേറെ പേര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭകത്വ പരിശീലനമോ നൈപുണി പോഷണമോ നല്‍കും. കെഎഫ്സിയില്‍ നിന്ന് വായ്പയും കുടുംബശ്രീയുടെ സഹായവും ലഭ്യമാക്കും.

സംരംഭകത്വ മേഖലയില്‍ 12,325 തൊഴിലുകള്‍ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കേന്ദ്ര ഉത്തേജക പാക്കേജിന്‍റെ ഭാഗമായി 1.01 ലക്ഷം പേര്‍ക്ക് 4525 കോടി രൂപ അധികവായ്പയായി ലഭിച്ചതില്‍ 1200 അധിക തൊഴില്‍ കണക്കാക്കപ്പെടുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്ടിനു കീഴില്‍ ആരംഭിച്ച യൂണിറ്റുകളും ഉള്‍പ്പെടെയാണ് ഇത്രയും തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളില്‍ 1602 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതുപോലെ പിന്നാക്ക സമുദായ കോര്‍പറേഷന്‍റെ സംരംഭക വായ്പയില്‍ നിന്ന് 1490ഉം സഹകരണ സംഘങ്ങള്‍ നല്‍കിയ വായ്പയില്‍ നിന്ന് 4030ഉം മത്സ്യബന്ധന വകുപ്പില്‍ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തില്‍ 842ഉം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനുകളിലും മറ്റുമായി 782 പേര്‍ക്ക് ജോലി ലഭിച്ചു.

ഇതിനുപുറമേ, നേരിട്ട് ജോലി നല്‍കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് സപ്ലൈകോ ആണ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ 7900ല്‍പ്പരം പേര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പായ്ക്കു ചെയ്യുന്നതിന് സെപ്തംബര്‍ മുതല്‍ താല്‍ക്കാലിക ജോലി നല്‍കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ എയിഡഡ് സ്കൂളുകളിലെ 3139ഉം ഹയര്‍ സെക്കന്‍ഡറിയിലെ 92ഉം വിഎച്ച്എസ് സിയിലെ 23ഉം നിയമനങ്ങള്‍ ഉള്‍പ്പെടുന്നു.

കെഎസ്എഫ്ഇയില്‍ 774 പേര്‍ക്ക് പിഎസ്സി വഴി നിയമനം ലഭിച്ചു. ആരോഗ്യവകുപ്പില്‍ 3069 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റിലെ 2491 താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടും.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ 453 പേര്‍ക്ക് ജോലി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ 180 പേര്‍ക്കും.

കാര്‍ഷികേതര മേഖലയില്‍ ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളിലും 1000 പേര്‍ക്കുവീതം തൊഴില്‍ നല്‍കുന്നതിന് ഒരു പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് സംഭവവികാസങ്ങള്‍ ഈ പരിപാടിയ്ക്ക് വിലങ്ങുതടിയായി. ഈയൊരു സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ 100 ദിവസം കൊണ്ട് കാര്‍ഷികേതര മേഖലയില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ലോകമെങ്ങും തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ നാം കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃക കാട്ടുന്നത് അഭിമാനകരമായ നേട്ടമാണ്.

അതോടൊപ്പം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും കാര്‍ഷിക, മത്സ്യമേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനു പുറമെ കാര്‍ഷികേതര മേഖലയിലും തൊഴിലവസരങ്ങളുണ്ടാകും.

സര്‍ക്കാര്‍ നിലപാട്
ആശ്വാസം പകരുന്ന നടപടികള്‍ കൈക്കൊള്ളുകയും നാടിന്‍റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാനായി അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകയും ഈ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് നാടിന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. അതിന്‍റെ ഫലമായാണ് നിസ്സാന്‍, എയര്‍ ബസ്, ടെക്ക് മഹീന്ദ്ര തുടങ്ങിയ വന്‍കിട സംരംഭങ്ങള്‍ കേരളത്തില്‍ കാലുകുത്തിയത്. ഇതോടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ തൊഴില്‍ ലഭ്യമാകുന്ന അവസ്ഥയാണ് സംജാതമായത്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് ഈ മഹാമാരിയുടെ ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്‍പ്പെടെ ആശ്വാസം പകരാന്‍ കഴിയുന്ന നിലയിലേക്ക് വ്യവസായ മേഖലയെ മെച്ചപ്പെടുത്തുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇന്‍റര്‍നെറ്റ് അതിവേഗത്തിലാണ് നമുക്കിടയില്‍ സ്ഥാനമുറപ്പിച്ചത്. ഭക്ഷണവും വെള്ളവും പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി ഇന്നത് മാറിക്കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ഈ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. അതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തിന്‍റെ ഓരോ വീട്ടിലും വൈദ്യുതി പോലെ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് എത്തിക്കുന്ന കെ-ഫോണ്‍ പദ്ധതി വിഭാവനം ചെയ്തത്.

അതുപോലെ തന്നെ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റൊരു പ്രധാന പദ്ധതിയാണ് ഇ-മൊബിലിറ്റി. വായുമലിനീകരണവും കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപഭോഗവും കുറയ്ക്കുന്നതിന് ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. അതിന്‍റെ ഭാഗമായി ഘട്ടംഘട്ടമായി കേരളത്തിലെ പൊതുവാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നയം അംഗീകരിച്ചിട്ടുണ്ട്. ഈ നയം അനുസരിച്ച് 2025നകം 3000 ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഇതിന്‍റെ ഭാഗമായാണ് പ്രവാസി മലയാളികളുടെ കൂടി പ്രരണയില്‍ പ്രധാന ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മ്മാതാക്കളായ സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുള്ള ഹെസ് കേരളത്തില്‍ മുതല്‍ മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇതിന്‍റെ ധാരണാപത്രം വിവിധ തലങ്ങളില്‍ നിയമപരമായ പരിശോധനയിലാണ്. 51 ശതമാനം ഹെസ്സിനും 49 ശതമാനം കെ.എ.എല്ലിനും ഓഹരിയുള്ള സംയുക്ത സംരംഭം വഴി കെഎസ്ആര്‍ടിസിക്ക് ആവശ്യമായ മൂവായിരം ബസ്സുകള്‍ കേരളത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

അഞ്ചുവര്‍ഷത്തോളം ചുവപ്പ് നാടയില്‍ കുടുങ്ങികിടന്ന ടെക്നോപാര്‍ക്ക് ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഐടി മേഖലയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ്. ഇതിലൂടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്. 20 ഏക്കറിലെ പദ്ധതിയില്‍ 50 ലക്ഷം ചതുരശ്ര അടി ബില്‍ടപ്പ് ഏരിയ ഉണ്ടാകും. ഐടി സ്പേസ് മാത്രം 12.3 ഏക്കറിലായി 33 ലക്ഷം ചതുരശ്ര അടിയാണ്. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിംഗ്സും ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എംബസി ഗ്രൂപ്പിന്‍റെ എംബസി പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നുള്ള ജോയിന്‍റ് വെഞ്ച്വര്‍ കമ്പനിയാണ് ഈ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്.

ഇത്തരത്തില്‍ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതും കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതും ഇവിടെ തൊഴിലുകള്‍ സൃഷ്ടിക്കുന്നതുമായ സുപ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. അതിന്‍റെ ഭാഗമായാണ് കേരള സമൂഹത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാ എന്ന് ഉറപ്പുവരുത്തുന്ന കെ-ഫോണ്‍ എന്ന സുപ്രധാന പദ്ധതിയെ അടക്കം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

അതിനായി ഇവിടത്തെ പ്രതിപക്ഷ കക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അവ ഏറ്റുപിടിച്ച് പൊതുസമൂഹത്തില്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇവയുടെയൊക്കെ ചുവടുപറ്റിക്കൊണ്ട് ചില കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കഴിയുമോ എന്നു കൂടി ശ്രമിക്കുകയാണ്.

ഈ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുമതലയേറ്റവരാണ് ഞങ്ങള്‍ എന്നും ഈ നാട്ടുകാരുടെ പ്രശ്നങ്ങളാണ് ഞങ്ങളെ അലട്ടുന്നതെന്നും വിവാദങ്ങളുടെ പുറകെ പോകാന്‍ ഞങ്ങളില്ലാ എന്നും അവയുടെയൊക്കെ ഇടയിലും സംസ്ഥാനത്തിന്‍റെ വികസനം യാഥാര്‍ത്ഥ്യമാക്കി മുന്നോട്ടു പോകുമെന്നും ഈ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളത്. ഒരു ശക്തിക്കും ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിക്കാന്‍ കഴിയില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ കൊടുത്തിട്ടുള്ള ഉറപ്പാണ്. ജനങ്ങള്‍ ഏല്‍പ്പിച്ച ചുമതല നിറവേറ്റുന്നതാണ്.

നാടിന്‍റെ കുതിപ്പിന് സഹായകമായ പദ്ധതികളെ തുരങ്കംവെച്ചും അവയ്ക്കെതിരെ അപവാദം പറഞ്ഞും അവയെ നാടുകടത്തിയും ഹീനമായ രാഷ്ട്രീയം കളിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകണം. എന്തിനാണ് ഈ പദ്ധതികള്‍. അത് നടപ്പിലായാല്‍ നാടിനാകെ ഗുണമാണ്. അത് മനസ്സിലാണമെന്നാണ് അത്തരമാളുകളോട് പറയാനുള്ളത്.

ഉദ്ഘാടനങ്ങള്‍
ഇന്നലെ പ്രധാനപ്പെട്ട ചില ഉദ്ഘാടനങ്ങള്‍ നടന്നു. ജനസൗഹൃദപരമായ ഒരു സേവനത്തിന് തുടക്കമെന്ന നിലയില്‍ ‘എന്‍റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചു. ഇതിലൂടെ ഓരോ ജില്ലയിലെയും 10 പ്രധാനപ്പെട്ട ഓഫീസുകള്‍ പൊതുജനങ്ങളുമായി ബന്ധിപ്പിച്ചു. ഓഫീസുകളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ബന്ധപ്പെടാനും, അവരുടെ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് വിലയിരുത്താനുമുള്ള സംവിധാനവും ഇതിലുണ്ട്.

ജില്ലാ കലക്ടറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം കണക്കാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ സമര്‍പ്പിക്കാന്‍ കഴിയും. ഇന്ത്യയിലെ മികച്ച ഭരണനിര്‍വ്വഹണം നടത്തുന്ന സംസ്ഥാനം എന്ന അംഗീകാരം കേരളത്തിന് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം അതിന് കൂടൂതല്‍ ആക്കം കൂട്ടുകയാണ് ചെയ്യുക.

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലൊന്നാണ് വില്ലേജ് ഓഫീസുകള്‍. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്.

മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്‍ന്ന നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ സംസ്ഥാനത്ത് സജ്ജമായിക്കഴിഞ്ഞു. പുതുതായി അഞ്ചെണ്ണം കൂടി ഉദ്ഘാടനം ചെയ്തു. 159 ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനവും നടന്നു. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും.

പട്ടയം
1,63,610 കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയായിരിക്കുന്നു. ജീവിതത്തില്‍ സ്വന്തമായി ഭൂമി ആഗ്രഹിച്ചു വര്‍ഷങ്ങളായി നിന്നവര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം ലഭ്യമാക്കിയത്. 6526 പട്ടയങ്ങള്‍ വിതരണം ചെയ്തു. മുന്‍ കാലത്തേക്കാള്‍ റെക്കോര്‍ഡ് പട്ടയമാണ് ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്.

അര്‍ഹരായ ആളുകള്‍ക്ക് പട്ടയം നല്‍കുക എന്നത് ഈ സര്‍ക്കാര്‍ ഏറ്റെടുത്ത അതീവ പ്രധാന്യമുള്ള ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. കാലങ്ങളായി സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയിലെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന വലിയ വിഭാഗം ജനതയ്ക്ക് പട്ടയം നല്‍കാന്‍ ഈ സര്‍ക്കാരിനായിട്ടുണ്ട്. ഇച്ഛാശക്തിയോടെ നടത്തിയ ഭരണനടപടികളും ചട്ടഭേദഗതികളുമാണ് ഇതിന് കാരണമായത്.

ഈ കോവിഡ് കാലത്തും ഭൂരഹിതരായവര്‍ക്ക് ഭൂമിയും, ഭവനങ്ങളും നല്‍കി സുരക്ഷിത ജീവിതമൊരുക്കാന്‍ ആവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.

പൊതുവിദ്യാഭ്യാസം
നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്‍റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിര്‍മിച്ച 46 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. 79 സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും നിര്‍വഹിച്ചു. മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു.

പിണറായി എ.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍റി സ്കൂളില്‍ രണ്ടുകോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഗെയില്‍ കമ്പനിയുടെ പൊതുനډ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

ആലപ്പുഴ പൈതൃക പദ്ധതി
ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും പട്ടണത്തിന്‍റെ സുവര്‍ണകാലം വീണ്ടെടുക്കാനുമുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെ നാല് ഘട്ടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒമ്പത് പുതിയ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നടത്തി.

20 മ്യൂസിയങ്ങള്‍, 11 സ്മാരകങ്ങള്‍, 5 പൊതുഇടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണ, നവീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പൈതൃക പദ്ധതി വഴി നടപ്പാക്കുന്നത്.

പോര്‍ട്ട് മ്യൂസിയത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം, 30 കോടി രൂപ ചെലവില്‍ നടത്തിയ കനാലുകളുടെ ഒന്നാംഘട്ട പുനരുദ്ധാരണത്തിന്‍റെ പൂര്‍ത്തീകരണം, ശൗക്കര്‍ മസ്ജിദ് നവീകരിച്ച് സംരക്ഷിത ആരാധനാകേന്ദ്രമാക്കി മാറ്റിയത്, പോര്‍ട്ട് മ്യൂസിയത്തിനു സമീപത്തായി മിയാവാക്കി വനം നിര്‍മിക്കുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയാണ് യാഥാര്‍ത്ഥ്യമായത്.

നാലുകോടി രൂപ ചെലവില്‍ ആലപ്പുഴ ബീച്ചിന്‍റെ സൗന്ദര്യവല്‍ക്കരണം, കടല്‍പ്പാലത്തിന്‍റെ പുനരുദ്ധാരണം, മരിടൈം സിഗ്നല്‍ മ്യൂസിയത്തിന്‍റെ നിര്‍മാണം, സേത്ത് ബ്രദേഴ്സ് കമ്പനിയുടെ രത്ന പണ്ടകശാല നവീകരിച്ച് ഹെറിറ്റേജ് മ്യൂസിയമാക്കുന്ന പദ്ധതി, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനുവേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടം, കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയത്തിന്‍റെ നിര്‍മാണം, 14 കോടി രൂപ ചെലവില്‍ നടത്തുന്ന രണ്ടാംഘട്ട കനാല്‍ പുനരുദ്ധാരണ പദ്ധതി, ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ സ്മരണയ്ക്കായി കൊച്ചി രൂപത എഡി 1888ല്‍ സ്ഥാപിച്ച ലിയോ സ്കൂള്‍ കെട്ടിട സമുച്ചയം സംരക്ഷിച്ച് സ്മാരകമായി നിലനിര്‍ത്തുന്ന പദ്ധതി എന്നിവയുടെ നിര്‍മാണമാണ് ആരംഭിച്ചത്.

പെരുമണ്‍ പാലം
കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമണ്‍ പാലത്തിന്‍റെ നിര്‍മ്മാണത്തിന് തുടക്കമായി. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്‍റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്.

കിഫ്ബിയില്‍ നിന്നും 42 കോടി രൂപ ചെലവഴിച്ചാണ് അഷ്ടമുടിക്കായലിനു കുറുകെ 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാവും പാലം നിര്‍മിക്കുക. പാലത്തിന്‍റെ പൂര്‍ത്തീകരണത്തോടെ കൊല്ലത്ത് നിന്നും മണ്‍റോതുരുത്തിലേക്കുളള ദൂരം 10 കിലോമീറ്ററോളം കുറയും.

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി
കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി അഥവാ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ ആരംഭിച്ചു. വിവിധ കാരണങ്ങളാല്‍ ഉല്‍പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കൃഷി ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നല്‍കും. സംരംഭകര്‍ക്കും അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, സഹകരണ സംഘങ്ങള്‍, ഗ്രാമ പഞ്ചായത്തുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയ്ക്കും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിങ് സെന്‍ററുകള്‍ അഥവാ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്.

എരുമക്കുഴി ഉദ്യാനം
തിരുവനന്തപുരം നഗരത്തിന്‍റെ മാറ്റത്തിന്‍റെ പ്രതീകമാണ് എരുമക്കുഴിയില്‍ ഉദ്ഘാടനം ചെയ്ത സډതി ഉദ്യാനം. മാലിന്യ സംസ്കരണത്തിന്‍റെയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്‍റെയും കേന്ദ്രമായിരുന്ന സ്ഥലം ഇന്ന് പൂന്തോട്ടമായി മാറിയിരിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ഈ മാലിന്യകേന്ദ്രത്തെ ഇത്തരത്തില്‍ മാറ്റിയെടുത്തത്.

തളിപ്പറമ്പ് വുഡ് ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍
തളിപ്പറമ്പ് വുഡ് ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍, ധര്‍മ്മടം മണ്ഡലത്തിലെ പിണറായി കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവയുടെ ഉദ്ഘാടനവും ഇന്നലെ നിര്‍വഹിച്ചു.

ഇന്നത്തെ ഉദ്ഘാടനങ്ങള്‍
നെല്‍കൃഷിയ്ക്കനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇന്ന് തുടക്കമായി. അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്. നാട്ടിലെ നെല്‍കൃഷി നഷ്ടമാണ് എന്ന പേരില്‍ കൃഷിനിലം തരിശിടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാര്‍ഷിക കേരളത്തിന്‍റെ മുഖച്ഛായ മാറ്റാനുള്ള ഈ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥമായ ഇടപെടലുകളുടെ തുടര്‍ച്ചയാണിത്.

3909 കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്‍റെ വിതരണമാണ് നടന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നിലം ഉടമകള്‍ക്കാണ് ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും റോയല്‍റ്റി ലഭിക്കും.
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന എല്ലാ ഭൂഉടമകളും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകള്‍ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്കും റോയല്‍റ്റി അനുവദിക്കും. നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ സ്വന്തമായോ, ഏജന്‍സികള്‍ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നല്‍കും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.

ആധുനിക കയര്‍പിരി യന്ത്രങ്ങള്‍
100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 100 കയര്‍ സഹകരണ സംഘങ്ങളില്‍ ആധുനിക കയര്‍പിരി യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വിചാരിച്ചതിലും വേഗത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏതാണ്ട് 75 ദിവസംകൊണ്ട് 100 സഹകരണ സംഘങ്ങള്‍ യന്ത്രവല്‍കൃത തൊഴില്‍ശാലകളായി മാറി. ഈ യന്ത്രവല്‍കൃത ഫാക്ടറികളുടെ കൂടി ഉല്‍പാദനത്തിന്‍റെ ഫലമായി അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നമ്മുടെ സംസ്ഥാനത്തെ കയറുല്‍പാദനം 8 ലക്ഷം ക്വിന്‍റലായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടപ്പെട്ട ആ പ്രൗഢി തിരിച്ചുപിടിച്ച് കയര്‍ വ്യവസായ മേഖല സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹൈടെക് കൃഷി
പച്ചക്കറിയുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷിസാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന്, ഇന്‍ഡോ-ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഒരു മികവിന്‍റെ കേന്ദ്രം (സെന്‍റര്‍ ഓഫ് എക്സെലന്‍സ്), കേരളത്തില്‍ സ്ഥാപിതമാവുകയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ കാമ്പസിലാണ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പച്ചക്കറി കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചു വരുന്ന നെതര്‍ലന്‍റുമായുള്ള സഹകരണത്തിലൂടെ, അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടിലെത്തിച്ച് കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഈ മികവിന്‍റെ കേന്ദ്രത്തിലൂടെ സാധിക്കും. സുഭിക്ഷ കേരളം പോലെ കാര്‍ഷിക സ്വയംപര്യാപ്തത നേടാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഈ ഘട്ടത്തില്‍ ഈ കേന്ദ്രം നമ്മുടെ സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകും.

വാര്‍ത്താകുറിപ്പ്: 04-11-2020

സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിന് അവര്‍ തന്നെ മുന്‍കൈ എടുക്കണം. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും ഒരിക്കലും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്‍റെ താല്പര്യം. ആത്മീയാചര്യډാര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. സ്ഥിതിഗതിയില്‍ വലിയ പുരോഗതി ഉണ്ടായതില്‍ ഇരുവിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

യോജിപ്പിന്‍റെ മേഖലകള്‍ കണ്ടെത്താനുള്ള ചര്‍ച്ചയാണ് നടന്നത്. പരസ്പരം സംസാരിച്ച് പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് യോഗത്തില്‍ പൊതുവെ അനുകൂല പ്രതികരണമാണ് ഉണ്ടായത്. പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ടത്തില്‍ ഇരുസഭകളുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. രണ്ടാംഘട്ടമായി രണ്ടുകൂട്ടരെയും ഒന്നിച്ചിരുത്തിയും ചര്‍ച്ച നടത്തി.

ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും  യാക്കോബായ സഭയില്‍ നിന്ന് മെട്രോപ്പൊലിറ്റന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 02-11-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 4138 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 86,681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 47 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകള്‍ പരിശോധന നടത്തി. 7108 പേര്‍ രോഗമുക്തരായി.

കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്യണ്‍ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്യണ്‍. ഇന്ത്യന്‍ ശരാശരി 80248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്. കേരളത്തില്‍ ഇതുവരെ മരണമടഞ്ഞവരില്‍ 94 ശതമാനവും മറ്റു രോഗാവസ്ഥകള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേര്‍ 60 വയസ്സിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അതു ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനും സാധിച്ചതുകൊണ്ടാണ് മരണസംഖ്യ കുറച്ചുനിര്‍ത്താന്‍ കഴിയുന്നത്.

രോഗ വ്യാപനത്തിന്‍റെ പ്രതിവാര വര്‍ദ്ധന 5 ശതമാനം കുറഞ്ഞതായാണ് കാണുന്നത്. ക്യുമുലേറ്റീവ് ഡബ്ളിങ്ങ് റേറ്റ് 40 ദിവസമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. രോഗവിമുക്തിയുടെ നിരക്കും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ട്രയലുകള്‍ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇന്ത്യയില്‍ ഇതുവരെ ക്ളിനിക്കല്‍ ട്രയലുകള്‍ തുടങ്ങിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിറം ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതു പ്രകാരം തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചു മുന്നോട്ടുപോകും.
മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു. ‘മാസ്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കും.

അംഗീകാരങ്ങള്‍
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്‍റര്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച്ച വെക്കുന്ന സംസ്ഥാനമായി കേരളത്തെ തുടര്‍ച്ചയായി ഈ വര്‍ഷവും തെരഞ്ഞെടുത്ത വാര്‍ത്ത നാം എല്ലാവരും കണ്ടതാണ്. അഭിമാനാര്‍ഹമായ നേട്ടമാണ് അത്.

ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ നിരവധി അവര്‍ഡുകളും അംഗീകാരങ്ങളുമാണ് സംസ്ഥാനത്തെ തേടി എത്തിയിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കുന്ന സുസ്ഥിരവികാസനലക്ഷ്യ സൂചികയിലും കേരളം തുടര്‍ച്ചായി ഒന്നാമത് എത്തിയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ പോയിന്‍റ് നേടിയാണ് ഒന്നാമത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യാ ടുഡേ വര്‍ഷാ വര്‍ഷം നടത്തുന്ന സംസ്ഥാനങ്ങളുടെ സര്‍വേയിലും കേരളം വിവിധ വിഭാഗങ്ങളില്‍ ഒന്നാമത് എത്തുന്നുണ്ട്. ക്രമസമാധാനം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വിനോദസഞ്ചാരം, മികച്ച പാല്‍ ഉല്‍പാദന ക്ഷമത തുടങ്ങിയ വിഭാഗങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ കേരളത്തിന് അവാര്‍ഡ് ലഭിച്ചു.

സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്ന് നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേയിലും ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെയാണ് കണ്ടെത്തിയത്.

ഇതുകൂടാതെ കേരളത്തിലെ വിവിധ മേഖലകള്‍ക്കും വകുപ്പുകള്‍ക്കും പല ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

നീതി അയോഗിന്‍റെ തന്നെ വിദ്യാഭ്യാസ റാങ്കിങ്ങിലും ആരോഗ്യ റാങ്കിങ്ങിലും കേരളം തന്നെയാണ് രാജ്യത്ത് ഒന്നാമത്. നമ്മുടെ ആരോഗ്യ വകുപ്പിന് സാംക്രമികേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള യുഎന്‍ അവാര്‍ഡ് ലഭിച്ചത് ഈ അടുത്താണ്.
പോലീസിനും, ഐടി മേഖലയ്ക്കും, നഗരവികസനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വനിതാ വികസനം, ഭക്ഷ്യ സുരക്ഷ, വയോജന സംരക്ഷണം, ഭിന്നശേഷി ശാക്തീകരണം, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി മേഖലകളില്‍ വിവിധ അംഗീകാരങ്ങളും നമ്മള്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നേടി.

ഇപ്പോള്‍ പബ്ലിക് അഫയേഴ്സ് സെന്‍റര്‍ നല്‍കിയ അംഗീകാരം ഗവേണന്‍സിനുള്ളതാണ്. ഭരണ നിര്‍വ്വഹണം എന്നാല്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ജനങ്ങളും കൈകോര്‍ത്തു നിന്നാല്‍ മാത്രം വിജയിക്കുന്ന ഒന്നാണ്. ഇങ്ങനെയുള്ള നേട്ടങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ദൗര്‍ഭാഗ്യവശാല്‍ അതിനെ തകര്‍ക്കാനും വഴിമുടക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചില അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായത് ഈ പശ്ചാത്തലത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങളാണ്.

അന്വേഷണം
ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്‍റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ല. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചിലര്‍ ആഗ്രഹിക്കുന്ന വഴികളിലൂടെ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.

സര്‍ക്കാരിന്‍റെ നിലപാട്
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാരിനോട് ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്.  ഇവര്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമപരമായ വഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ്  (Legitimate expectation) സംസ്ഥാന സര്‍ക്കാരിനും ആ ഘട്ടത്തിലുണ്ടായിരുന്നത്.

അന്വേഷണത്തിന്‍റെ രീതി

എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നോ എന്ന സംശയമുണര്‍ത്തുന്ന തരത്തിലായി.  അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോയെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത് എന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്.  

എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായ തലത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഏജന്‍സിക്ക് പുറത്തുള്ള ആളുകള്‍ അടുത്ത ഘട്ടത്തില്‍ ഏജന്‍സി എങ്ങനെയാണ് പോകുന്നത് എന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അതനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലെയും മറ്റും ഭാഗങ്ങള്‍ ഒരോരുത്തരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്ന സ്ഥിതിയും ഉണ്ടാകുകയാണ്. ചുരുക്കത്തില്‍ അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാമാന്യമായ രീതി പോലും ഉണ്ടാകുന്നില്ല എന്ന ഗൗരവതരമായ പ്രശ്നം ഉയര്‍ന്നുവരികയാണ്.

വിശ്വാസ്യത തകര്‍ക്കരുത്
പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിനതീതമായി നില്‍ക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്.

അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അവ ഏതന്വേഷണത്തിന്‍റെയും താളം തെറ്റിക്കും.  പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുള്ള ഒന്നായിരിക്കണം. ഇന്നയാളെയോ, ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിസ്ഥാനത്തു നിര്‍ത്തണം എന്ന ഉദ്ദേശത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് ദുരുപദിഷ്ടിതമായ ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറും.

അന്വേഷണത്തിന്‍റെ വഴികള്‍
ജൂലൈ 2020 മുതല്‍ നമുക്കു മുന്നില്‍ ചുരുളഴിയുന്ന ചില കാര്യങ്ങളില്‍ ശരിയായ ദിശയിലേക്കാണോ നീങ്ങുന്നത് എന്ന് നോക്കേണ്ടതുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്‍റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെ എല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്.

ഇവിടെ ഒന്നിലധികം കേന്ദ്ര ഏജന്‍സികള്‍ പലതരം അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.  സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ കസ്റ്റംസ്, റെഡ് ക്രസന്‍റ് സംഭവത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ, മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.ഐ എന്നിവയെല്ലാം അന്വേഷണം നടത്തിവരികയാണ്.  

ഒരു അന്വേഷണ ഏജന്‍സിക്ക് തെളിവുശേഖരണത്തിന്‍റെ ഭാഗമായി ചിലപ്പോള്‍ ഒരുദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായിവരാം.  ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായിവരാം. എന്നാല്‍ ഇതിന് ഒരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്.  ഇന്ത്യന്‍ സമ്പദ്ഘടനയുടെ തീരാ ശാപമായി നില്‍ക്കുന്ന ഒന്നാണ് കള്ളപ്പണം.  ഏറ്റവും കുറഞ്ഞപക്ഷം നമ്മുടെ ആഭ്യന്തരവരുമാനത്തിന്‍റെ 25 ശതമാനത്തോളമാണ് സമാന്തര സമ്പദ്ഘടനയുടെ വലിപ്പം എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അനുമാനിച്ചിട്ടുണ്ട്. ഇങ്ങനെ ഭീമാകാരമായ ഒരു സമ്പദ്ഘടന വളര്‍ന്നുവന്നപ്പോഴാണ് കര്‍ക്കശമായ ചില നിയമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായത്.  

അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം. കള്ളപ്പണം രാജ്യത്തിനകത്തോ, പുറത്തോ ഉണ്ടാകുകയും അതിനെ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളുമായി ബന്ധപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഈ നിയമം ബാധകമാകുന്നത്.  ഇതു നടപ്പാക്കുന്ന ഏജന്‍സി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ്. അതാണ് അവരുടെ അധികാര പരിധി. അതിനപ്പുറമുള്ള അധികാരമൊന്നും ഈ സ്ഥാപനത്തിനില്ല. വസ്തുത ഇതായിരിക്കെ അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കണം
നമ്മുടെ ഭരണഘടനയുടെ അവിഭാജ്യഘടകമാണ് നിര്‍ദ്ദേശകതത്വങ്ങള്‍. കേന്ദ്രത്തെപ്പോലെതന്നെ തുല്യ ഉത്തരവാദിത്വം ഇത് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട്. സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കാനും പുരോഗമനപരമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരുകളെ പ്രതിജ്ഞാബദ്ധമാക്കുന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള ഉത്തരവാദിത്തവും അവകാശവും സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങളെയും സര്‍ക്കാരിന്‍റെ വികസന പദ്ധതികളെയും ഇരുട്ടില്‍ നിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു
ഇവിടെ ഭൂരഹിതരും ഭവനരഹിതരുമായുള്ള ആളുകള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാനുള്ള പദ്ധതിയാണ് ലൈഫ്. സുതാര്യമായ പ്രക്രിയയിലൂടെ കേന്ദ്രാവിഷ്കൃത പദ്ധതികളുമായി സമന്വയിപ്പിച്ച് കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ലൈഫ്. അതിനെയാകമാനം താറടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും നടക്കുന്നുണ്ട്. പദ്ധതിയുടെ വിജയത്തിനായി ആശ്രാന്ത പരിശ്രമം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ പദ്ധതി സമയബന്ധിതമായി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് തടയാന്‍ ഒക്കെയുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല.  

അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ രണ്ടാം തവണ സമന്‍സ് അയച്ച് വിളിച്ചുവരുത്തിയിരുന്നു. പദ്ധതിയുടെ എല്ലാ രേഖകളും മറ്റുകാര്യങ്ങളും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍  പ്രവൃത്തിദിവസം പോലുമല്ലാത്ത പിറ്റേന്നുതന്നെ നേരിട്ട് ഹാജരാക്കണമെന്ന് സമന്‍സ് നല്‍കുന്നു.  

സംസ്ഥാന സര്‍ക്കാരിന്‍റെ നയപരിപാടികള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പരിണിത ഫലങ്ങള്‍ ഉണ്ടാകുന്നു എന്നു വന്നാല്‍ മറ്റൊരുദ്യോഗസ്ഥനും ഇത്തരം ഉദ്യമങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകില്ല എന്ന ചേതോവികാരമാണോ അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥരെ നയിക്കുന്നത്.  ഇത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്.  ഇക്കാര്യത്തില്‍ സ്വീകരിച്ചുവന്ന സമീപനം അന്വേഷണ ഏജന്‍സികളുടെ പരിധിയും പരിമിതിയും ലംഘിക്കുന്ന ഒന്നാണെന്നത് നിസ്തര്‍ക്കമാണ്.

ഒരോ ഏജന്‍സിക്കും ഒരോ ചുമതല
ഇന്ത്യന്‍ ഭരണഘടനപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും വരുമാനവും കൃത്യമായി പരിശോധിക്കാന്‍ ഒരു ഭരണഘടനാ സ്ഥാപനമുണ്ട്. (ഭരണഘടനയുടെ അനുച്ഛേദം 148 പ്രകാരം).  അതാണ് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍. ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണനിരോധന നിയമമനുസരിച്ചാണോ ചെയ്യേണ്ടത്?  

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.  ഇത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഭരണഘടനയെ മാനിക്കുന്നവര്‍ക്കും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിനെ ആകെ ഒരു കുറ്റവാളിയെ എന്ന ദൃഷ്ടിയോടെ കാണുന്ന രീതി കൊളോണിയല്‍ സമീപനത്തിന്‍റെ അവശിഷ്ടമാണ്.  കേരളത്തില്‍ വളരെയധികം നേട്ടങ്ങള്‍ സാമൂഹിക, ഭൗതിക മേഖലകളില്‍ വരുത്തുന്ന ശ്രമങ്ങളില്‍ ലക്ഷ്യം കാണുമ്പോള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് ഇത്തരം പദ്ധതികളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികള്‍ക്കാകാം.  അന്വേഷണ ഏജന്‍സികള്‍ക്കാകാമോ എന്നതാണ് നമുക്കു മുന്നിലുള്ള മര്‍മ്മപ്രധാന ചോദ്യം.

നിയമവിദഗ്ദ്ധരുടെ ഭാഷയില്‍ ഇതിനെ  Checks and Balances എന്നാണ് വിളിക്കുന്നത്. ഓരോ സ്ഥാപനത്തിനും അതിന്‍റെ ജോലി നിര്‍വ്വഹിക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ അതിര്‍വരമ്പുകളുമുണ്ട്.  

ഫെഡറല്‍ രീതിക്ക് എതിര്
അതേസമയം ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളുടെ പരിശോധന, തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ പരിശോധന ഇതെല്ലാം ഒരു അന്വേഷണ ഏജന്‍സി ഏറ്റെടുത്താല്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ കടക്കല്‍ കത്തിവയ്ക്കുന്നതോടൊപ്പം തന്നെ ഭരണനിര്‍വ്വഹണത്തിന്‍റെ തകര്‍ച്ചയുമുണ്ടാകും.  ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്.  സത്യവാചകം ചൊല്ലി ഒരാള്‍ നല്‍കുന്ന മൊഴി എവിടെ നിന്നാണ് ഇത്രയധികം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്? ചില പ്രത്യേക അജണ്ടകള്‍ക്കനുസരിച്ച് മൊഴികളില്‍ നിന്ന് വാചകങ്ങള്‍ മാധ്യമങ്ങളില്‍ ഉടന്‍ തന്നെ നിരന്നുനില്‍ക്കുന്നതിന്‍റെ കാരണമെന്താണ്?

തിരക്കഥക്ക് അനുസരിച്ച് നീങ്ങുന്ന സ്ഥിതി
ഒരു പ്രത്യേക പ്രചരണത്തിന്‍റെ കാറ്റിനൊപ്പം നീങ്ങുന്ന രീതിയിലാണ് ഈ മൊഴികള്‍ ഭാഗികമായി പ്രത്യക്ഷപ്പെടുന്നത്.  ഇങ്ങനെ അന്വേഷണം നടത്തുന്ന ഏജന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ആണോ ഉണ്ടാകുക, അതോ അവിശ്വാസമോ? ഏതൊരു ഏജന്‍സിയും അതിന്‍റെതായ ഉത്തരവാദിത്തങ്ങള്‍ ന്യായയുക്തമായും രഹസ്യമായും നിര്‍വഹിക്കുമ്പോഴാണ് അവയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുക. അത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും രാജ്യത്തിന്‍റെ പൊതുവായ താത്പര്യങ്ങള്‍ക്കും ഏറെ പ്രധാനമാണ് താനും.

തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തന്നെ തിരിച്ചടിയേകുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഇത്തരത്തിലല്ല അന്വേഷണം സമൂഹം പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊരു അന്വേഷണരീതി പ്രതീക്ഷിച്ചല്ല സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തത്. ഇപ്പോഴും എല്ലാ സഹായങ്ങളും ചെയ്യുന്നതും. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍വഹണ അധികാരത്തിലേക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരിശോധനാ അധികാരത്തിലേക്കും കടന്നുകയറുകയാണ് ഈ ഏജന്‍സികളില്‍ ചിലത്. അത് അവരുടെ തന്നെ അധികാര പരിധി ലംഘിക്കലും അതുവഴി ഭരണഘടനയ്ക്കുമേലുള്ള കടന്നുകയറ്റവുമാണ്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അത് അനുവദിക്കാനാവില്ല. നിലവിലുള്ള നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതാണ്.

ഒരു കാര്യം കൂടി പറയട്ടെ. എല്ലാ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ  സഹകരണം നല്‍കിയിട്ടുണ്ട്.  എന്നാല്‍ സംസ്ഥാന സര്‍ക്കാരിനുമുകളില്‍ അതിന്‍റെ നയങ്ങളും പരിപാടികളും എങ്ങിനെ തീരുമാനിച്ചു എന്നു പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത് ജനാധിപത്യ വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിലേക്കേ നയിക്കൂ. ഇത് ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന കാര്യമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉദാഹരണമായി കെ-ഫോണ്‍ പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള ശ്രമമാണിത്. ഈ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുക.

ഇന്‍റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേډയുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍.  കേരളത്തിലുടനീളം 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്‍റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം.
കെ-ഫോണിന്‍റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്‍റര്‍നെറ്റ് സേവനദാതാവിനും  ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കും. കെ-ഫോണ്‍  എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്‍റര്‍നെറ്റ് സൗകര്യം കൊടുക്കാന്‍ സാധിക്കും.

അതുകൊണ്ട് കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാന്‍ ഉള്ളത് എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരിക്കും.

അന്വേഷണങ്ങള്‍ക്കെതിരല്ല
ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല. ആരോപണങ്ങള്‍ തെളിവിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ടവയാണെന്ന് വിശ്വസിക്കുന്നു. മുമ്പ് വ്യക്തമാക്കിയപോലെ മനസാക്ഷിയെ കോടതിക്കുമുകളില്‍ പ്രതിഷ്ഠിക്കുന്ന നയം ഞങ്ങള്‍ക്കില്ല. ഭരണഘടനാപരമായ രീതികള്‍ക്കുമേല്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ പരുന്ത് പറക്കുന്ന രീതി ഒരു കാരണവശാലും അനുവദിക്കുന്നതുമല്ല.

അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തമാണ് അതിന്‍റെ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടത്. പകരം തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നടത്തുന്ന രീതി ഉണ്ടാവരുത്. എല്ലാ അന്വേഷണങ്ങളുമായും സര്‍ക്കാര്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും അതുണ്ടാകും. എന്നാല്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരവും നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ആര്‍ക്കു മുമ്പിലും അടിയറവെയ്ക്കുന്ന പ്രശ്നമില്ല.

മാധ്യമങ്ങള്‍
ഇത്രയും വിശദീകരിച്ചത്, നമ്മുടെ ഭരണ മികവ് തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇടപെടലുണ്ടാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്മാറ്റാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് ഭരണം മുന്നോട്ടുകൊണ്ട് പോകാനാവുക? എങ്ങനെയാണ് ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാകാനാവുക? യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം ജനങ്ങള്‍ക്കും ഈ നാടിനും എതിരാണ് എന്ന് മനസ്സിലാക്കാന്‍ വേറെ അന്വേഷണമൊന്നും വേണ്ട.

ഇതില്‍ മാധ്യമങ്ങളുടെ പങ്കും വിശകലനം ചെയ്യണം. സര്‍ക്കാരിനോട് എതിര്‍പ്പുള്ള മാധ്യമങ്ങളുണ്ടാകാം. ഈ സര്‍ക്കാരിനെ നശിപ്പിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ വശംകെട്ടവരും ഉണ്ടാകാം. അവയെ ആ വഴിക്കു വിടാം. അതല്ലാതെ സ്വതന്ത്രം, എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങള്‍ ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനം നല്‍കുന്നില്ലേ. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷമാക്കുന്നതിലൂടെ സര്‍ക്കാരിനെ കരിവാരിത്തേക്കാം എന്ന ധാരണയോ അങ്ങനെ സംഭവിക്കണം എന്ന ദുര്‍മ്മോഹമോ ആണ് അവരെ നയിക്കുന്നത്. തങ്ങള്‍ ഇതുവരെ ആഘോഷിച്ച പല വാര്‍ത്തകളുടെയും പിന്നീടുള്ള സ്ഥിതി എന്തായി എന്ന ആത്മപരിശോധന മാധ്യമങ്ങള്‍ നടത്തണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

ഇവിടെ ഒരു കാര്യം മാത്രമേ ഇപ്പോള്‍ അടിവരയിട്ടു പറയുന്നുള്ളു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ഞങ്ങള്‍ തളര്‍ന്നു പോകില്ല. ഈ നാടിന്‍റെ മുന്നോട്ടുള്ള വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചുകാണുകയും വേണ്ട.

ഉദ്ഘാടനങ്ങള്‍:

എയ്സ്
ടെക്നോപാര്‍ക്കില്‍ ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജീസിന് (എയ്സ്) തുടക്കമായി.

ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടുപ്പുകള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. വളര്‍ച്ചാഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കാനുള്ള പിന്തുണയൊരുക്കും. ഇതിനുള്ള പിന്തുണയാണ് ‘ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക് ടെക്നോളജീസ്’ നല്‍കുക. ഈ മേഖലയില്‍ പുതിയ സംരംഭങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ ഐടി സ്പേസ് ഇരട്ടിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 50,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഈ ആക്സിലറേറ്റര്‍ സൗകര്യം വഴി ആയിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴിലും അനുബന്ധമായുള്ള തൊഴിലവസരവും ലഭ്യമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്സ് സ്ഥാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്സലറേറ്ററില്‍ ലഭിക്കും.

വേളി മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും
വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള വേളി മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും പ്രവര്‍ത്തനം ആരംഭിച്ചു.

രാജ്യത്തെ ആദ്യ പരിസ്ഥിതിസൗഹൃദ ടൂറിസം ട്രെയിന്‍ പദ്ധതിക്കാണ് തുടക്കമായത്. ഇന്ത്യയില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം ട്രെയിനാണിതെന്ന പ്രത്യേകതയുമുണ്ട്. പത്തു കോടി രൂപ ചെലവിലാണ് സംവിധാനം ഒരുക്കിയത്. അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കും. ഒരേ സമയം 45 പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാനാവും.

വേളി ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്ലാന്‍റ് നാച്വറല്‍ പാര്‍ക്ക് എന്നിവ വേളിയുടെ മുഖഛായ മാറ്റും. സ്വിമ്മിംഗ് പൂള്‍, ആംഫി തിയേറ്റര്‍, നടപ്പാത, അലങ്കാരവിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

രാജാ രവിവര്‍മ്മ ആര്‍ട്ട് ഗാലറി
കേരളത്തിന്‍റെ അഭിമാനമായ രാജാ രവിവര്‍മ്മയുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഗ്യാലറിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് നടത്തി. എട്ടുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ ആര്‍ട്ട് ഗ്യാലറിയില്‍ രവിവര്‍മ്മയുടെ 43 യഥാര്‍ത്ഥ ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക.

ഇന്‍ഡോര്‍ സ്റ്റേഡിയം
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിര്‍മിച്ചത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ച് സ്പോര്‍ട്സ് ഹബുകള്‍ തുടങ്ങാനാണ് പദ്ധതി ആവിഷ്കരിച്ചത്. പള്ളിക്കല്‍, ഉഴമലയ്ക്കല്‍, പ്ലാമൂട്ടുകട എന്നിവിടങ്ങളില്‍ ഹബുകള്‍ തുടങ്ങിക്കഴിഞ്ഞു. പെരിങ്ങമലയിലേത് നാലാമത്തേതാണ്. മിതൃമലയില്‍ അഞ്ചാമത്തെ സ്പോര്‍ട്സ് സ്റ്റേഡിയം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വിതുരയില്‍ പി.ടി.ഉഷ സ്റ്റേഡിയത്തിന്‍റെ വികസനത്തിന് 1.60 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.

ആലപ്പുഴ ജില്ലാ ജയില്‍ – പുതിയ കെട്ടിടം
ആലപ്പുഴ ജില്ലാ ജയിലിനുവേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി. 110 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള ശേഷിയാണ് പുതിയ കെട്ടിടത്തിലുള്ളത്. അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിനും സ്ത്രീതടവുകാര്‍ക്കും സൗകര്യമുള്ള വിധമാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിട്ടുള്ളത്.

ഫാസ്റ്റ്ട്രാക്ക് കോടതികള്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന ബലാല്‍സംഗ-പോക്സോ കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനത്ത് സജ്ജമാക്കുന്ന ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ അഞ്ചെണ്ണത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടന്നു. പ്രത്യേക കോടതികളുടെ അഭാവത്തില്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കുകയും വിധി നീണ്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

17 കോടതികളുടെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂലൈ ഒന്നിന് ആരംഭിച്ചു കഴിഞ്ഞു. ശേഷിച്ച 11 കോടതികളില്‍ അഞ്ചെണ്ണമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ്
കോഴിക്കോട് നഗരസഭ രാജാജി റോഡില്‍ നിര്‍മ്മിച്ച എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.

പോലീസ് സറ്റേഷനുകള്‍

സംസ്ഥാനത്തെ 15 പോലീസ് ജില്ലകളില്‍ പുതുതായി ആരംഭിച്ച സൈബര്‍ ക്രൈം പോലീസ് സറ്റേഷനുകളുടെ ഉദ്ഘാടനവും ഇന്നലെ നടന്നു. തൃശൂര്‍ റൂറല്‍ ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ സിറ്റികളിലാണ് നിലവില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നത്. 15 എണ്ണം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും ഇപ്പോള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നിരിക്കുകയാണ്.

വാര്‍ത്താകുറിപ്പ്: 29-10-2020

കേരള സർക്കാർ
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്നും
29-10-2020

———————————–

ഇന്ന് സംസ്ഥാനത്ത് 7020 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 26 പേര്‍ മരണമടഞ്ഞു. 91,784 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6037 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. 734 ഉറവിടമറിയാത്ത പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 54,339 സാമ്പിളുകള്‍ പരിശോധന നടത്തി. 8474 പേര്‍ രോഗമുക്തരായി.

മാസ്ക് ധാരണം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട് എന്നത് നല്ല കാര്യമാണ്. എങ്കില്‍ പോലും മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിന്‍ ഒന്നുകൂടി ശക്തിപ്പെടുത്തും.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം വരാനിരിക്കുകയാണ്. ദര്‍ശനത്തിന് ദിവസം 1000 തീര്‍ത്ഥാടകര്‍ എന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതായി വന്നേക്കാം. അവിടെ വരുന്ന ഗസ്റ്റിന്‍റെ കാര്യത്തിലും എണ്ണം അധികരിക്കാതെ നോക്കേണ്ടതുണ്ട്. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.
തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുപോലെ അവിടെ ജോലി ചെയ്യുന്നവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ കോവിഡ് രോഗബാധിതരായാല്‍ ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്‍കും. മടങ്ങിപ്പോകുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.

കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംഭവിക്കാതിരിക്കാന്‍ ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മിൽ ഏകോപനവും ജാഗ്രതയും വേണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡുകള്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഐസിയു ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലേയും പ്രൈവറ്റ് ഹോസ്പിപിറ്റലുകളിലെ ഐസിയു ബെഡ്ഡുകള്‍ എംപാനല്‍ ചെയ്യുന്നതിനുള്ള നപടിക്രമങ്ങളും പൂര്‍ത്തീയാവുകയാണ്. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളില്‍ കിയോസ്കുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങള്‍ കണ്ടെത്തുകയും, അവയില്‍ 57 ഇടങ്ങളില്‍ ഇതിനകം കിയോസ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
കോവിഡ് രോഗബാധിതരായവരില്‍ മറ്റു അനാരോഗ്യങ്ങള്‍ ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.ഇക്കാര്യത്തില്‍ വേണ്ട ബോധവല്‍ക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞതാണ്. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കും. അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും.

കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേസ് പെര്‍ മില്യണ്‍ 11280 ആയി ഉയര്‍ന്നു. ദേശീയ ശരാശരി 5790 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 123524 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്യണ്‍. ഇന്ത്യയില്‍ അത് 76440 ആണ്.
ഇന്നലെ വരെയുള്ള ആക്റ്റീവ് കേസുകളില്‍ 3885 പേര്‍ കോവിഡ് ഹോസ്പിപിറ്റലുകളില്‍ ചികിത്സയിലാണ്. കോവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 2786 പേരും, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 10478 പേരും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ 1495 പേരും നിലവില്‍ ചികിത്സ തേടുന്നു. വീട്ടില്‍ തന്നെ ചികിത്സിക്കുന്നവര്‍ 62,448 പേരാണ്.

പെന്‍ഷന്‍ വിതരണം
സാമൂഹിക സുരക്ഷാ / ക്ഷേമ നിധി ബോര്‍ഡു വഴിയുള്ള പെന്‍ഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന് 618.71 കോടി രൂപയും ക്ഷേമ നിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്.
മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തില്‍ പരം പേര്‍ക്ക് ഈ മാസം പെന്‍ഷന്‍ ലഭിക്കും
അതാത് മാസത്തെ പെന്‍ഷന്‍ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നടപ്പിലാക്കിയത്.

നെല്ല് സംഭരണം
നെല്ല് സംഭരണത്തില്‍ നിന്നും വിട്ടുനിന്ന സ്വകാര്യ മില്ലുടമകളുടെ സമരം പിന്‍വലിച്ചിട്ടുണ്ട്. അതോടെ സംഭരണം ആരംഭിച്ചു കഴിഞ്ഞു. സഹകരണ സംഘങ്ങള്‍ ഇതിനകം സംഭരിച്ച നെല്ല് സംസ്കരിക്കുവാന്‍ വേണ്ട സഹായം മില്ലുടമകള്‍ ചെയ്യും. ഒരു മാസത്തിനകം മില്ലുടമകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കുന്നത്. ഈ വര്‍ഷവും റെക്കോര്‍ഡ് വിളവ് പ്രതീക്ഷിക്കുകയാണ്.

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി
2018ലെ പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളില്‍ പ്രധാനമാണ് നമ്മുടെ ജൈവവൈവിധ്യനാശം. പമ്പാനദിയുടെ ഇരുകരകളിലും സമൃദ്ധമായുണ്ടായിരുന്ന ജൈവവൈവിധ്യം അപ്പാടെ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടവയെല്ലാം പുനരുജ്ജീവിപ്പിക്കുക അസാധ്യമാണ്. എന്നിരിക്കിലും കഴിയുന്നത്ര എണ്ണം പുനരുജ്ജീവിപ്പിച്ച് പമ്പാനദിയെ സംരക്ഷിക്കുന്നതിനായാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, അവ നടത്തുന്ന പ്രദേശത്തിന്‍റെ ഭൂപ്രകൃതിയ്ക്കും ആവാസവ്യവസ്ഥയ്ക്കും യോജിച്ച രീതിയിലായിരിക്കണമെന്ന് പ്രളയത്തെ തുടര്‍ന്ന് യു.എന്‍. നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഉള്‍ക്കൊണ്ടു കൊണ്ടാണ് പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. പമ്പാ നദീതീരത്ത് ജൈവവൈവിധ്യശോഷണം കൂടുതലായി സംഭവിച്ചിട്ടുള്ള, ഇലന്തൂര്‍, കോയിപ്പുറം, റാന്നി ബ്ലോക്കു പഞ്ചായത്തുകളിലുള്‍പ്പെട്ട ചെറുകോല്‍, കോഴഞ്ചേരി, അയിരൂര്‍, റാന്നി, പഴവങ്ങാടി, അങ്ങാടി, പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറണമ്മൂഴി എന്നീ 10 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തദ്ദേശീയവും, വംശനാശഭീഷണി നേരിടുന്നതും, പ്രദേശവാസികളുടെ ജീവസന്ധാരണത്തിന് പ്രയോജനപ്രദവുമാകുന്ന 64 സസ്യയിനങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

പച്ചക്കറി വിളകള്‍ക്ക് തറവില
കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചു കേരളത്തിൽ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് അടിസ്ഥാന വില തീരുമാനിക്കുന്നത്. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും അതുവഴി സംസ്ഥാനത്തിന്‍റെ അഭ്യന്തര പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ഈ നടപടി.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിക്കുന്നത്. ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്‍റെ അക്കൗണ്ടിലേക്ക് നല്‍കും.
ഉല്‍പന്നത്തന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും, കാലാകാലങ്ങളില്‍ തറവില പുതുക്കി നിശ്ചയിക്കാനും ഉള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയില്‍ സംഭരണവിതരണ സംവിധാനങ്ങള്‍ ഏകോപിക്കുന്നത്. ഈ ഘട്ടത്തില്‍ കൃഷിയിലേയ്ക്ക് വരുന്ന പുതിയ കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നല്‍കുന്നതായിരിക്കും ഈ പദ്ധതി.

പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍
കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ 17 ചെറുകിട തുറമുഖങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
യാത്രാക്കപ്പല്‍ ഇല്ലാത്തപ്പോള്‍ കാര്‍ഗോ കപ്പലുകള്‍ തീരത്തേക്ക് അടുപ്പിക്കാന്‍ കഴിയുംവിധമുള്ള വിവിധോദ്ദേശ ടെര്‍മിനലാണിത്. കൊല്ലവും ലക്ഷദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് കപ്പലുകള്‍ക്കും അനായാസം കൊല്ലത്തെത്താനാകും. നിലവില്‍ ഇവ ബേപ്പൂരിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന കപ്പലിലെ ക്രു ചെയ്ഞ്ച് സംവിധാനം കൊല്ലം തുറമുഖത്തും ലഭ്യമാണ്. ഈ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായതോടെ മിനിക്കോയികൊല്ലം വിനോദസഞ്ചാര കടല്‍പ്പാതയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്.

മോട്ടോര്‍ ടഗ്ഗുകള്‍
തുറമുഖത്തെ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച രണ്ട് പുതിയ മോട്ടോര്‍ ടഗ്ഗുകളും നാടിന് സമര്‍പ്പിച്ചു. 3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ‘ധ്വനി’, ‘മിത്ര’ എന്നീ ടഗ്ഗുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൊരെണ്ണം കൊല്ലം തുറമുഖത്തും മറ്റൊന്ന് ബേപ്പൂര്‍ തുറമുഖത്തുമായാണ് ഉണ്ടാവുക.

കെയര്‍ പ്ലസ് ചികിത്സാ സഹായ പദ്ധതി

കേരള പൊലീസ് ഹൗസിങ് സഹകരണസംഘം അതിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയര്‍ പ്ലസ് എന്ന ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം രൂപയുടെ ചികിത്സാസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാവും എന്ന കാര്യം ഉറപ്പാണ്.

47 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കെട്ടിട ഉദ്ഘാടനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടങ്ങള്‍ വീഡിയോകോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്തതാണ് കഴിഞ്ഞ ദിവസത്തെ മറ്റൊരു പ്രധാന കാര്യം. കുസാറ്റ്, കണ്ണൂര്‍, എംജി, കലിക്കറ്റ് സര്‍വകലാശാലകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓരോ പദ്ധതികള്‍, ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള ഒമ്പത് സ്ഥാപനങ്ങള്‍, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനിയറിങ് കോളേജുകള്‍, മൂന്ന് പോളിടെക്നിക് കോളേജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഉദ്ഘാടനം ചെയ്തത്. 64 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.

ശിവശങ്കറിന്റെ അറസ്റ്റ്
അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ സംഭവവികാസങ്ങള്‍ക്കിടയില്‍ അതിന്‍റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാക്കാനുണ്ട്. നേരത്തെ വ്യക്തമാക്കിയതുമാണ്.
ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ല-അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല. പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസമെത്തിക്കുകയും നാടിനന്റെ വികസനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നത്. ജീവിതാനുഭവത്തിലൂടെ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറെ നാളായി തുടര്‍ന്നുവരുന്ന ഈ പ്രവണതയ്ക്ക് ആക്കം കൂടിയത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. അവിടംതൊട്ടുള്ള കാര്യങ്ങള്‍ വസ്തുതാപരമായി പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

യു.എ.ഇ. കോണ്‍സുലേറ്റിലേയ്ക്ക് വന്ന നയതന്ത്ര ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിനുള്ളില്‍ ഒളിപ്പിച്ചവന്ന 14 കിലോയോളം സ്വര്‍ണ്ണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്‍റെ ലംഘനമാണ്. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. കസ്റ്റംസ് ഇന്ത്യന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ 7ലെ യൂണിയന്‍ ലിസ്റ്റിലെ വിഷയമാണ്. മറ്റൊരര്‍ത്ഥത്തില്‍ രാജ്യാതിര്‍ത്തി കടന്നുവരുന്ന സാധനസാമഗ്രികള്‍ക്ക് നിയമപ്രകാരമുള്ള ഡ്യൂട്ടി അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്‍റെ ധനമന്ത്രാലയത്തിനാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്. ഇതില്‍ കോണ്‍സുല്‍ ജനറല്‍ കാര്യാലയവുമായി ബന്ധപ്പെട്ട ചിലരെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിലൊരു പ്രതിയുമായി കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി. സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചുവന്ന ശിവശങ്കറിനെ അടുപ്പമുണ്ടായിരുന്നു എന്നു കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ഈ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ളു ഒന്നും തന്നെ ഇല്ല. ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം വിട്ടുകിട്ടാനായി സംസ്ഥാനസര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയെന്നാണ്. ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടന്നുവരവേ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സ്വര്‍ണ്ണം വിട്ടുകിട്ടാനായി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിക്കുകയുമുണ്ടായി. ഇല്ല എന്നുള്ള മറുപടിയാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായത്. അദ്ദേഹത്തെ രായ്ക്കുരാമാനം അതിര്‍ത്തികടത്തി വിട്ടത് ഒരു ചര്‍ച്ചാവിഷയമായതേയില്ല.

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണ്. രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായസഹകരണവും നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്‍റെ സാമ്പത്തിക കുറ്റങ്ങളും എന്തുവിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവരെ നീതിന്യായകോടതികള്‍ക്കു മുമ്പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ മുന്‍കാലങ്ങളിലെപ്പോലെ നിയമത്തിനതീതമായി മനഃസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അവിടെയാണ് അഴിമതിയുടെ സമീപനത്തില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള കാതലായ വ്യത്യാസം.

സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നപ്രഭാ സുരേഷ് കെ.എസ്.ഐ.റ്റി.ഐ.എല്ലിന്‍റെ പ്രോജക്ടായ സ്പേസ് പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തുവന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റിയുണ്ടായ ആരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ധനകാര്യ അന്വേഷണ വിഭാഗം 2011 മുതലുള്ള ഐ.ടി. മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമത്തിലാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

കേന്ദ്രസര്‍ക്കാരിന്‍റെ കസ്റ്റംസ് ആക്ടിന്‍റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതിൽ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റുചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണ്.

ഇപ്പോള്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവര്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്‍റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്ന അഭിപ്രായമാണ് സര്‍ക്കാരിന്. ഇതില്‍ ഒരു ഏജന്‍സി (സി.ബി.ഐ) സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍ എന്ന പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എറണാകുളത്തെ കോടതി മുമ്പാകെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിന് നിയമോപദേശം തേടേണ്ടിവന്നു. ലഭ്യമായ നിയമോപദേശം സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ ഇക്കാര്യത്തില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ലംഘിച്ചിട്ടില്ല എന്നാണ്. ഇതിനെത്തുടര്‍ന്നാണ് ബഹു. ഹൈക്കോടതി മുമ്പാകെ ക്രിമിനല്‍ മിസലേനിയസ് ഹര്‍ജി സര്‍ക്കാര്‍ ഫയല്‍ ചെയ്യുകയും ബഹു. ഹൈക്കോടതി 2020 ഒക്ടോബര്‍ 13ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലൈഫ് മിഷനെതിരെയുള്ള അന്വേഷണം രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്യുകയും ചെയ്തത്.

ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്‍റെ പരിധി വിട്ട് ഏതെങ്കിലും അന്വേഷണത്തിന്‍റെ ദിശ മാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതിന് എന്ത് പാകപ്പിഴയാണ് ഉള്ളതെന്ന് ആര്‍ക്കും ഇതേവരെ
പറയാന്‍ കഴിഞ്ഞിട്ടില്ല

ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ശിവശങ്കറിന്റെ പരിചയമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരെ അന്വേഷിച്ചു. ആ ഘട്ടത്തില്‍ മുന്നില്‍ വന്ന പേരുകളിലൊന്നാണ് അത്. നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐ എ എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

വിവിധ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിമാരുടെ ഓഫീസുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കപ്പെടാറുണ്ട്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന നളിനി നെറ്റോ ഐഎഎസിനെയാണ് നിയമിച്ചത്. ശിവശങ്കറിനെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. നളിനി നെറ്റോ ചീഫ് സെക്രട്ടറിയായപ്പോള്‍ വി എസ് സെന്തില്‍ ഐ എ എസാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു. പിന്നീട് പ്രമോഷന്‍ വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്‍റെ പ്രശ്നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കണ്ടെത്തലുണ്ടായത്.

പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവില്ല. അഖിലേന്ത്യാ സര്‍വ്വീസിലുള്ള ആ ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നു കണ്ടപ്പോള്‍ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല.

യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രീ. ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സില്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും പരിചയപ്പെടാനും ഇടപെടാന്‍ അവസരമുണ്ടാകുകയും ചെയ്തിട്ടുണ്ടാകും. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സില്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണ്ടിട്ടുണ്ടാകും.

അതിന് സാധാരണ നടപടിക്ക് അപ്പുറമുള്ള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണ്. കൃത്യമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. വ്യക്തിപരമായ നിലയില്‍ . എം. ശിവശങ്കര്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയുമല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മ്മികപരമായോ ആയ ഒരുത്തരവാദിത്തവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല.

കേരളത്തിലെ ജനസംഖ്യയുടെ 9 ശതമാനത്തോളം ജനങ്ങള്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിനായി പോയിട്ടുള്ള പ്രവാസികളാണ്. ഇതില്‍ 22 ലക്ഷത്തോളം ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. അതിലെ പ്രമുഖ രാജ്യമായ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് 2016ല്‍ ആണ് ആരംഭിക്കുന്നത്. ഇന്ത്യയോടും വിശിഷ്യ കേരളത്തോടും സവിശേഷ സൗഹൃദമുള്ള രാജ്യമാണ് യു.എ.ഇ. അവര്‍ നടത്തുന്ന ചടങ്ങുകളില്‍ ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുക എന്ന സ്വാഭാവികമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 2017 യു.എ.ഇ. ഭരണാധികാരി ഇയര്‍ ഓഫ് ഗിവിംഗ് ആയി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് കോണ്‍സുല്‍ ജനറല്‍ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലും ഈന്തപ്പഴം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ മാത്രമാണ് ഇത് വിതരണം ചെയ്‌തത് എന്നാണ് ചിലരുടെ ധാരണ. കേരളത്തിലിത് ബഡ്സ് സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ തെറ്റായി ഒന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ല. കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കോ നിയമപരമായി ഏതെങ്കിലു നികുതി ഇക്കാര്യത്തില്‍ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ആ ജോലി നിര്‍വ്വഹിക്കാവുന്നതാണ്.

ഖുറാന്‍റെ കാര്യത്തില്‍ നടന്ന കാര്യങ്ങള്‍ നേരത്തേ വിശദീകരിച്ചിരുന്നു. കസ്റ്റംസ് ക്ലിയറന്‍സോടെ എത്തിയ ഖുറാനെ ചുറ്റിപ്പറ്റി സ്വര്‍ണക്കള്ളക്കടത്ത് എന്ന് ആരോപണം അടക്കം ചിലര്‍ ഉയര്‍ത്തിയില്ലേ.

കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം
കേന്ദ്ര ഏജന്‍സികളെ കേന്ദ്രത്തിലെ ഭരണകക്ഷി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെയധികം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിലോട്ടിപ്പോള്‍ കടക്കുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാഗാന്ധി ഇതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒക്ടോബര്‍ 26ന് എഴുതുകയുണ്ടായി.

ഇത്തരമൊരു അഭിപ്രായം ശ്രീ. രാഹുല്‍ഗാന്ധി എം.പി.യും പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ പ്രതിപക്ഷ നേതാവ് ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അദ്ദേഹം പറയുന്ന വാദം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഇത് വാസ്തവമാണെങ്കിലും കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. പക്ഷപാതിത്വം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അസ്തിത്വത്തെ ബാധിച്ചതായാണ് കോണ്‍ഗ്രസ് അധ്യക്ഷ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ വാളയാര്‍ ചുരം കടന്നാല്‍ ഈ പക്ഷപാതിത്വം അപ്രത്യക്ഷമാകുകയും അവര്‍, കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമതികളായിത്തീരുകയും ചെയ്യുമെന്ന വിചിത്രമായ വാദമാണ് സ്വന്തം പാർട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനെ ഘണ്ടിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. പക്ഷപാതിത്വത്തെ കേരളത്തില്‍ മാത്രം ഇല്ലാതാക്കുന്ന എന്ത് മാസ്മരിക ശക്തിയാണ് വാളയാറിലെ കാറ്റിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ അത് നമ്മുടെ പൊതുവിജ്ഞാനത്തിന് ഒരു മുതല്‍ക്കൂട്ടാകും.

വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ ഇപ്പോള്‍ വിശദമായി അവ വിശദീകരിക്കാന്‍ മുതിരുന്നില്ല. ഉന്നയിച്ചിട്ടുള്ള ഒരു ആരോപണത്തിനുപോലും വസ്തുതകളുടെ പിന്‍ബലമില്ലായിരുന്നു. കാര്യങ്ങളെ ഭാഗികമായി കണ്ടുകൊണ്ട് പ്രധാനവസ്തുതകളെ മറച്ചുകൊണ്ട് ഉന്നയിക്കുന്ന ആരോപണങ്ങളായിരുന്നു
അവയെല്ലാം. അദ്ദേഹം മരം കണ്ടു; കാട് കണ്ടില്ല എന്ന രീതി അവലംബിച്ചാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

വാര്‍ത്താകുറിപ്പ്: 26-10-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും
ഇന്ന് സംസ്ഥാനത്ത് 4287 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 20 പേര്‍ മരണമടഞ്ഞു. 93,744 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3711 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത 471 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ .35,141 സാമ്പിളുകള്‍ പരിശോധന നടത്തി. 7107 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരം ജില്ലയില്‍ ആരാധനാലയങ്ങളില്‍ വിപുലമായ ബ്രേക് ദി ചെയിന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് എല്ലാ വിഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണുണ്ടായിട്ടുള്ളത്. ഇതിന് മത  സാമുദായിക സംഘടനകള്‍ക്കും അതിന്‍റെ നേതൃത്വത്തിലുള്ളവര്‍ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

ചില സ്ഥലങ്ങളില്‍, ക്വാറന്‍റൈനില്‍ കഴിയുന്നവരുള്ള വീടുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ഇവരോട് അസഹിഷ്ണുത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് ക്വാറന്‍റൈനില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.

അയല്‍ക്കൂട്ട യോഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകളുടെ യോഗങ്ങള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍  പങ്കെടുക്കാന്‍ പാടില്ല. യോഗങ്ങളില്‍ ബ്രേക് ദി ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഈ കൂട്ടായ്മകളില്‍ പ്രായമുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഓര്‍മിപ്പിക്കുന്നു.

കൊല്ലത്ത് കോവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്. ലാബില്‍ ആന്‍റിജന്‍ പരിശോധന നടത്താം. ആര്‍ ടി പി സി ആര്‍  ടെസ്റ്റു നടത്താന്‍ സ്രവം ശേഖരിക്കാനും കഴിയും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭം ശക്തി പകരും.

പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവനത്തില്‍ 177 പേര്‍ക്ക് ഞായറാഴ്ച (ഒക്ടോബര്‍ 25) വരെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്സ്ഥാപനത്തില്‍ തന്നെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജീകരിക്കുകയും ഡോക്ടറുടെയും സ്റ്റാഫ് നേഴ്സിന്‍റെയും സേവനം ലഭ്യമാക്കുകയും ചെയ്തു.  പ്രധാന ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സ്റ്റെപ്പ് കിയോസ്ക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 40 കിടക്കകളുള്ള കോവിഡ് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്  ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യും. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറിയിലുള്ള രോഗികളുടെ നില  ഗുരുതരമായാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം. ഇതേ രീതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലും 140 പുതിയ കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്.

ഇടുക്കി ജല്ലയില്‍ ഇന്നലെ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  ഉടുമ്പന്‍ചോല, വെള്ളിയാമറ്റം പഞ്ചായത്തുകളിലാണ്. ഏലതോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് തടയുവാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് പ്ളാസ്മ ചികിത്സക്കായി 184 പേരില്‍ നിന്ന് സിസിപി ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 168 ഉപയോഗപ്പെടുത്തി. 16 എണ്ണം ശേഖരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. പ്ളാസ്മ ദാനത്തിന് സന്നദ്ധതയറിയിച്ച് 25 പേര്‍ കാത്തു നില്‍ക്കുന്നുമുണ്ട്.  

തൃശൂര്‍ ജില്ലയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 5000 കോവിഡ് രോഗികളാണ് ഉണ്ടായത്.  തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ജില്ലയിലെ 31 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അതിനിയന്ത്രിതമേഖലയാക്കിയിട്ടുണ്ട്.  
മരണനിരക്ക് കൂടാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ പൂര്‍ണ്ണ സജ്ജമാക്കാന്‍ ആരോഗ്യ വിദഗ്ദ്ധരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരാണ് കോവിഡ് മരണങ്ങളില്‍ കൂടുതലും. കോഴിക്കോട് ജില്ലയിലേതിന് പുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളും ചികിത്സക്കായി എത്തുന്നുണ്ട്. ഇതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിയുണ്ടാവും.    

കാസർഗോഡ് ടാറ്റ ആശുപത്രി
കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. നിയമനം നടന്ന് വരികയാണ്. ഇപ്പോള്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും.  

വടക്കെ മലബാറില്‍ കാവുകളിലും തറവാട്ടുമുറ്റങ്ങളിലും ഇന്ന് മുതല്‍ തെയ്യം അനുഷ്ഠാന ചടങ്ങുകള്‍ ആരംഭിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കുന്നതിനാണ് അനുമതി. കോലധാരികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി നടത്തിപ്പിന് തേടണമെന്നും ഒരു ദിവസം  മാത്രം  ഒരു സ്ഥലത്ത് കളിയാട്ടം നടത്തണമെന്നും നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗ  വ്യാപനം രൂക്ഷമാകാതിരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാരും, പോലീസും കണ്ടെത്തിയ  പ്രധാന പ്രശ്നം മാസ്ക് ധരിക്കുന്നതിലെ വൈമുഖ്യമാണ്. നല്ലൊരു പങ്കും ശരിയായ വിധത്തിലല്ല മാസ്ക്ക്  ധരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചുവരുകയാണ്. കോവിഡ് 19ന് എതിരെയുളള പോരാട്ടത്തില്‍ മാസ്ക് ധരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ധരിക്കുന്നയാളുടെ സുരക്ഷയ്ക്ക് മാത്രമല്ല കുടുംബാംഗങ്ങളുടെയും ആ വ്യക്തിയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. ഈ ആശയം നമ്മുടെ സമൂഹത്തില്‍ പരമാവധി പ്രചരിപ്പിക്കേണ്ടതാണ്.
പോലീസിലെ ഏറ്റവും താഴ്ന്ന തട്ട് മുതല്‍ മുകളിലേയ്ക്കുളള എല്ലാപേരും മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കേണ്ടതും അതിനുവേണ്ടി മറ്റുളളവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി പുനരുദ്ധാരണം
കോവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ കാലത്തു പൊതു ഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും  സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില  വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്തു കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സര്‍ക്കാര്‍ പുതിയ പാക്കേജ് തയ്യാറാക്കുകയാണ്. കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000  കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്‍കുകയുണ്ടായി. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്‍റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടി രൂപ മാത്രമാണ്.
എന്നിട്ടും സര്‍ക്കാരിന്‍റെ അവഗണനയെക്കുറിച്ച് പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ റെയില്‍വെപോലും വിറ്റു കാശാക്കുന്നതിന് തീരുമാനമെടുത്തിട്ടുള്ള കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ ട്രേഡ് യൂണിയനാണ് എന്നതൊരു വിരോധാഭാസമാണ്.
കേരള സര്‍ക്കാരിന്‍റെ നിലപാട് വളരെ വ്യക്തമാണ്. പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കുക തന്നെചെയ്യും.
പുതിയ പാക്കേജിന്‍റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ്.

1. ബാങ്കുകള്‍, എല്‍ഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികള്‍ കുടിശികയിലാണ്. അതുപോലെ തന്നെയാണ് മെഡിക്കല്‍റീ ഇംബേഴ്സ്മെന്‍റും. ജൂണ്‍ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255  കോടി രൂപ ഈ വകകളില്‍ 2016 മുതല്‍ നല്‍കുവാനുണ്ട്. ഈ തുക സര്‍ക്കാര്‍ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കും.

2. 2012നുശേഷം ശമ്പളപരിഷ്കരണം നടപ്പായിട്ടില്ല. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കുന്നു. ഇതിനുള്ള അധിക തുക സക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. പാക്കേജിന്‍റെ ഭാഗമായി ശമ്പളപരിഷ്കരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

3. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കിൽ എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിയുശട സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തില്‍ തുടര്‍ന്നും തൊഴില്‍ നല്‍കും.
സ്കാനിയ, വോള്‍വോ ബസുകള്‍, ദീര്‍ഘദൂര ബസുകള്‍, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ്  ചെയ്യുക.

4. കേരള സര്‍ക്കാരിന് കെഎസ്ആര്‍ടിസി നല്‍കാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്‍പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും.

5. കണ്‍സോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാന്‍ അവകാശമില്ല. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.

6. ഇതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇതിന്‍റെ ഫലമായി അടുത്ത മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആര്‍ടിസി നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്‍റായി കോര്‍പ്പറേഷന് സര്‍ക്കാര്‍  തുടര്‍ന്നു നല്‍കുന്നതാണ്.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചര്‍ച്ച ചെയ്യും. കേരളത്തിന്‍റെ ഗതാഗത സേവനങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് എടുക്കാവുന്ന പരമാവധി സഹായം സര്‍ക്കാര്‍  ലഭ്യമാക്കും. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മാനേജ്മെന്‍റുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് പുതിയ പാക്കേജിന് അന്തിമ രൂപം നല്‍കും.  കെ എസ് ആർ ടി സി യെ സംരക്ഷിക്കുവാനുള്ള ഈ നടപടികൾക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

45 രുപ നിരക്കില്‍ സവാള (വലിയ ഉള്ളി)
സംസ്ഥാനത്തെ സവാള വില വര്‍ദ്ധന  നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ ആ യോഗം തീരുമാനിച്ചു.
സപ്ലൈകോ 1000 ടണ്‍, കണ്‍സ്യൂമര്‍ ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍, എന്ന പ്രകാരമാണ് നാഫെഡില്‍ നിന്നും സവാള വാങ്ങുക. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ ഇത് വിതരണം തുടങ്ങും.നവംബർ 3 തിയ്യതിയോടെ ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഏജന്‍സികള്‍ക്ക് കൂടി അനുമതി നല്‍കാന്‍ അഭ്യര്‍ത്തിച്ച് തമിഴ്നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

പോലീസിനായി നിര്‍മ്മിച്ച
വിവിധ കെട്ടിടങ്ങള്‍ ഉദ്ഘാടനം

സംസ്ഥാനത്ത് പോലീസിനായി നിര്‍മ്മിച്ച
വിവിധ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പോലീസ് ആസ്ഥാനത്തെ ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍, തൃശ്ശൂര്‍ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവ ഇന്ന്  ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്സിന്‍റെ തറക്കല്ലിടലും ഇന്ന് നടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഒരുക്കിയ സി.സി.ടി.എന്‍.എസ് കേന്ദ്രത്തില്‍ ഒരേസമയം 56 പേര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന ഇന്‍ററാക്ടീവ് പാനല്‍ ഉള്‍പ്പെടെയുളള നൂതന സംവിധാനങ്ങളുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ തിരുവനന്തപുരത്ത് ആരംഭിച്ച റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം സഹായകമാകും.
തൃശ്ശൂരില്‍ നിലവില്‍ വന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തില്‍ പാര്‍പ്പിക്കുന്ന പ്രതികളുടെ നീക്കങ്ങള്‍ സി.സി.ടി.വി മുഖേന 24 മണിക്കൂറും നിരീക്ഷിക്കാന്‍ കഴിയും.

കെട്ടിടോദ്ഘാടനം
കൊല്ലം ജില്ലാ ആസൂത്രണ സമിതിക്കായി നിര്‍മിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനവും വടക്കാഞ്ചേരി നഗരസഭാ മന്ദിരത്തിന്‍റെ ഉദ്ഘാടനവും  നിര്‍വഹിച്ചു.  
മൂന്നുകോടി രൂപ ചെലവിട്ട് ആധുനിക സാങ്കേതികവിദ്യയായ ഗ്ളാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ജിപ്സം ടെക്നോളജിയാണ് വടക്കാഞ്ചേരിയിൽ  ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ നഗരസഭാ മന്ദിരമാണിത്.  

അയ്മനത്ത് 18 വീടുകളുടെ താക്കോൽദാനം
അയ്മനത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നല്‍കിയ ഭൂമിയില്‍ 18 കുടുംബങ്ങള്‍ക്ക് റോട്ടറി ഡിസ്ട്രിക്ട് നിര്‍മിച്ചുനല്‍കിയ ഒമ്പത് ഇരട്ടവീടുകളുടെ താക്കോല്‍ദാനം ഇന്ന് നിര്‍വഹിച്ചു. അയ്മനം പിച്ചക്കാട് എന്ന പ്രദേശത്ത് 1.22 കോടി ചെലവിട്ടാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് വാങ്ങി നല്‍കിയ 32 സെന്‍റ് സ്ഥലത്താണ് റോട്ടറി ഡിസ്ട്രിക്റ്റ് ‘സനേഹവീട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചത്. ഓരോ കുടുംബത്തിനും രണ്ടുമുറികളും ഹാളും അടുക്കളയുമടങ്ങുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  ചുരുങ്ങിയ കാലയളവില്‍ ഈ വീടുകള്‍ പൂര്‍ത്തിയാക്കാനായതും സന്തോഷകരമാണ്. ഇതിനുള്ള റോട്ടറി ക്ലബിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഭവനരഹിതരായ 205 കുടുംബങ്ങള്‍ക്കാണ് അയ്മനം പഞ്ചായത്ത് ഇതിനകം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. അതിനുപുറമേയാണ് 18 കുടുംബങ്ങള്‍ക്ക് കൂടി വീടാകുന്നത്. ഭൂരഹിതരായ 24 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം പുരോഗമിക്കുകയുമാണ്. പഞ്ചായത്തിലെ ബാക്കി ഭവനരഹിതര്‍ക്കും മുന്‍ഗണനയനുസരിച്ച് ലൈഫ് മിഷനിലൂടെ വീടുകള്‍ നിര്‍മിച്ചുനല്‍കാനാകും.

പ്രേംനസീര്‍ സ്മാരകം:
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരന്മാരില്‍ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുകയാണ്. 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മിനി തിയേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിര്‍മ്മിക്കുന്നത്.
അതുല്യ കലാകാരന്‍റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മ്യൂസിയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോര്‍ഡ് റൂമുകള്‍ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിര്‍മ്മിക്കുന്നത്. കുറച്ചു വൈകി പോയെങ്കിലും പ്രേം നസീർ എന്ന നടന് വേണ്ടി ഇങ്ങനെ ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനമെടുത്തത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്

വാര്‍ത്താകുറിപ്പ്: 22-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 7482 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 93,291 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6448 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 844 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 56,093 സാമ്പിളുകള്‍ പരിശോധന നടത്തി. 7593 പേര്‍ രോഗമുക്തരായി.

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വന്നതോടെ വാഹനങ്ങള്‍ കൂടുതലായി നിരത്തിലുണ്ട്. സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കും.

ഡ്രൈവിങ് സ്കൂളുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതോടെ നിരവധി ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം വാഹനങ്ങളില്‍ വിദ്യാര്‍ഥികളും പഠിപ്പിക്കുന്നയാളും നിര്‍ബന്ധമായും മാസ്കും കൈയുറയും ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരു സമയം വാഹനത്തില്‍ കയറ്റാവൂ. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം.

വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതിലും അധികം ആളുകള്‍ ചില സ്ഥലങ്ങളില്‍ വന്നുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണിത്. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമുണ്ടാകണം. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. കുറേ കാലത്തേക്കുകൂടി ആഘോഷ പരിപാടികളില്‍ നാം ഇതേ നിയന്ത്രണം തുടരേണ്ടതുണ്ട്.

ആരോഗ്യ മേഖലയിലേക്ക് കെഎംഎംഎല്‍ ദിനംപ്രതി ദ്രവീകൃത ഓക്സിജന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഒക്ടോബര്‍ പത്തിന് കമ്പനിയിലെ പുതിയ ഓക്സിജന്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ അവശ്യത്തിനായി ഓക്സിജന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചത്. കോവിഡ് സമയത്ത് ഓക്സിജന്‍ ദൗര്‍ലബ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണ്.  

തിരുവനന്തപുരം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിനു താഴെയാണ് ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം.  

പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളാണ് ഉള്ളത്. ആറډുള നീര്‍വിളാകം കോളനി കേന്ദ്രീകരിച്ച് പുതിയ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഈ ക്ലസ്റ്ററില്‍ ബുധനാഴ്ച (ഒക്ടോബര്‍ 21) വരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഓമല്ലൂര്‍, കുമ്പഴ, കൂടല്‍, തണ്ണിത്തോട്, വടശേരിക്കര, മല്ലപ്പള്ളി, തിരുവല്ല, ആറډുള, നാറാണംമൂഴി, പ്രമാടം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തും ജോലി ചെയ്യുന്ന ഇടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് കരാറുകാര്‍ ഉറപ്പുവരുത്തണം.

കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും പരിശോധനയുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമായി ആലപ്പുഴയില്‍ കൂടുതല്‍ കോവിഡ് പരിശോധനാ കിയോസ്കുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ജില്ലയിലെ നഗരസഭാ പരിധിയില്‍ കുറഞ്ഞത് രണ്ട് കിയോസ്കുകള്‍ ആരംഭിക്കുന്നതിന്  നിര്‍ദേശം നല്‍കി.  

നഗരസഭാ പരിധിയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന കിയോസ്കുകള്‍ സ്വകാര്യ മേഖലയ്ക്കോ നഗരസഭകളിലുള്ള ആശുപത്രികളിലെ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ക്കോ നടത്താവുന്നതാണ്. സ്വകാര്യ സംരംഭകര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്കുകള്‍ പൂര്‍ണമായി അവരുടെ ചെലവില്‍ സ്ഥാപിക്കണം. നഗരസഭകള്‍ അതത് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ക്കാണ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള സഹായം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നല്‍കും.

കോട്ടയം ജില്ലയില്‍ സുകൃതം 500 കാമ്പയിനിന്‍റെ ഭാഗമായി പ്ലാസ്മാദാനത്തില്‍ സജീവമായി സഹകരിക്കുന്നതിനു പുറമെ ചികിത്സാ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലും സ്വകാര്യ വ്യവസായ ശാലകള്‍ സഹകരിക്കുന്നുണ്ട്. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ തെറാപ്പിക്കു വേണ്ട പത്ത് ഹൈ ഫ്ളോ നേസല്‍ കാനുല (എച്ച്എഫ്എന്‍സി) ഉപകരണങ്ങള്‍ 25 ലക്ഷം രൂപ ചെലവിട്ട് പാരഗണ്‍ പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുകയുണ്ടായി.

തൃശൂര്‍ ജില്ലയില്‍  പത്തു വയസ്സിനു  താഴെയുള്ളവരിലും 60 വയസ്സിന് മുകളില്‍ ഉള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. 60 വയസ്സിന് മുകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1238 ആയി.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ 400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്‍റെ അഭ്യര്‍ഥന പ്രകാരം അവരുടെ ക്വാര്‍ട്ടേഴ്സില്‍ തന്നെ എഫ്എല്‍ടിസി ക്രമീകരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം. കോവിഡിന്‍റെ പേരില്‍ ഗര്‍ഭിണികളെ ചില ആശുപത്രികള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംഭവമുണ്ടായി. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരള ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് 19 ജാഗ്രതാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല.  

ദേശീയതലത്തില്‍ കോവിഡ് വ്യാപനം അതിന്‍റെ ഉയര്‍ന്ന തോതില്‍ പിന്നിട്ടു എന്നൊരു പ്രചരണം നടന്നുവരുന്നുണ്ട്. എന്നാല്‍, കോവിഡ് രോഗവ്യാപനത്തിന്‍റെ ലോകമൊന്നാകെയുള്ള പ്രത്യേകത പരിഗണിക്കുമ്പോള്‍ പലയിടങ്ങളിലും രോഗികളുടെ എണ്ണം പരമാവധിയിലെത്തിയതിനു ശേഷം കുറയുകയും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയരുകയും ചെയ്യുന്നത് കാണാനായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം സമാനമായ സ്ഥിതിവിശേഷം കാണുകയുണ്ടായി.

അതുകൊണ്ടുതന്നെ പരമാവധിയിലെത്തിയതിനു ശേഷം കുറഞ്ഞു വരുന്നു എന്ന തോന്നല്‍ രോഗവ്യാപനം പിന്‍വാങ്ങുന്നതിന്‍റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിദഗ്ധാഭിപ്രായം. വീണ്ടും രോഗവ്യാപനം പീക്ക് ചെയ്യുന്നതിന്‍റെ മുന്നോടിയായുള്ള ഒരു ഇടവേള മാത്രമായിരിക്കാം അത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് മഹാമാരി പിന്‍വാങ്ങുന്നു എന്ന തോന്നലുകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. കോവിഡ് വ്യാപനം കാട്ടുതീ പോലെയാണ്. തീയല്‍പം ശമിക്കുന്നു എന്നത് അടുത്ത കാട്ടിലേക്ക് തീ പടരുന്നതിനു മുന്‍പുള്ള താല്‍ക്കാലിക ശാന്തത മാത്രമാകാം. അതുകൊണ്ട്, തീ പടരാനുള്ള സാഹചര്യമൊഴിവാക്കാനുള്ള ശ്രമമാണ് നമ്മള്‍ നടത്തേണ്ടത്. രോഗം പടരാതിരിക്കാനുള്ള കരുതല്‍ കൂടുതല്‍ ജാഗ്രതയോടെ നമ്മള്‍ തുടരുകയാണ് വേണ്ടത്.

കോവിഡ് വന്നു പോകുന്നതാണ് നല്ലതെന്നുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തില്‍ പ്രബലമാകുന്നുണ്ട്. എന്നാല്‍, നമ്മള്‍ മനസ്സിലാക്കേണ്ടത് പലരിലും രോഗം വന്നുപോകുന്നത് നല്ല ഫലമല്ല സൃഷ്ടിക്കുന്നത് എന്നതാണ്.

കോവിഡ് വിമുക്തി നേടിയാലും അവശതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥ നല്ലൊരു ശതമാനം രോഗികളില്‍ കാണുന്നുണ്ട്. സാധാരണ ഗതിയില്‍ രോഗം ബാധിച്ചാല്‍ പത്തു ദിവസങ്ങള്‍ക്കപ്പുറം വൈറസ് മനുഷ്യശരീരത്തില്‍ നിലനില്‍ക്കുന്നില്ല. എങ്കിലും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് നമ്മള്‍ കോവിഡ് വിമുക്തി കൈവരിച്ചു എന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത്.

അങ്ങനെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയവരുടെ ശരീരത്തില്‍ വൈറസുകള്‍ നിലനില്‍ക്കുന്നുണ്ടാകില്ലെങ്കിലും, പലരിലും രോഗത്തിന്‍റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങല്‍ അവശത നേരിടാനുള്ള സാധ്യതയുണ്ട്. ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളില്‍ കോവിഡ് ബാധയേല്‍പിച്ച വ്യതിയാനങ്ങള്‍ മാറാന്‍ പലപ്പോളും കുറച്ചു കാലമെടുക്കും. അത്തരക്കാരില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ക്ഷീണവും ഹൃദ്രോഗ സാധ്യതകള്‍ കൂടുന്നതും മറ്റും കണ്ടുവരുന്നുണ്ട്. ചെറുതല്ലാത്ത ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്. അതുകൊണ്ട്, പത്തു ദിവസം കഴിഞ്ഞു ടെസ്റ്റുകള്‍ നെഗറ്റീവ് ആയാലും ഒരാഴ്ച കൂടെ ക്വാറന്‍റൈന്‍ തുടരാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ആവശ്യത്തിനു വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഈ സമയം വിനിയോഗിക്കണം. അവശത നീണ്ടുനില്‍ക്കുന്നു എന്നു തോന്നുന്നവര്‍ ഡോക്ടര്‍മാരെ വിവരം ധരിപ്പിക്കാനും അവരുടെ ഉപദേശം സ്വീകരിക്കാനും തയ്യാറാകാണം. ഹൈപ്പര്‍ ടെന്‍ഷന്‍ മുതലായ ദീര്‍ഘസ്ഥായിയായ രോഗങ്ങളുള്ളവര്‍ കോവിഡിനു ശേഷം രോഗാവസ്ഥ മോശമാകാതെ ശ്രദ്ധിക്കാനുള്ള പ്രത്യേക കരുതലും കാണിക്കണം. അവശ്യമായ വിശ്രമം നേടിയതിനു ശേഷമേ കായികാദ്ധ്വാനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. ശബരിമല തീര്‍ഥാടനത്തിനു പോകുന്നവരും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ചവരില്‍ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ മല കയറുന്നതു പോലെയുള്ള കഠിനമായ പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാകും അവരുടെ ആരോഗ്യസംരക്ഷണത്തിന് ഉചിതമായ കാര്യം.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കോവിഡ് ടെസ്റ്റിങ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകളില്‍ വലിയ കുറവ് ഇന്നലെ മുതല്‍ വരുത്തിയിട്ടുണ്ട്. കൂടുതലാളുകള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ചു ടെസ്റ്റ് ചെയ്യാവുന്നതാണ്.

വിജയദശമി ദിവസമായ തിങ്കളാഴ്ച വിദ്യാരംഭ ചടങ്ങുകള്‍ ഉണ്ടാകും. കുട്ടികളുടെ താല്‍പര്യവും ആരോഗ്യവും സംരക്ഷിക്കാനായി ഇത്തവണ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതം. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളും വീടുകളില്‍ നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകളില്‍ പങ്കെടുക്കാവൂ.

തുലാമാസ പൂജയോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭക്തരെ മാത്രമാണ് ശബരിമലയിലേയ്ക്ക് കടത്തിവിട്ടിരുന്നത്. അഞ്ചുദിവസത്തെ തീര്‍ത്ഥാടനകാലത്ത് ദിവസേന 250 പേര്‍ വീതം 1250 പേരെ ദര്‍ശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കാലയളവില്‍ വെര്‍ച്വല്‍ ക്യു വഴി രജിസ്റ്റര്‍ ചെയ്ത 673 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ആദ്യ ദിവസം 146 പേരും രണ്ടാം ദിവസം 164 പേരും മൂന്നാം ദിവസം 152 പേരും വെര്‍ച്വല്‍ ക്യു സംവിധാനം പ്രയോജനപ്പെടുത്തി ശബരിമലയിലെത്തി. നാലാമത്തെ ദിവസം 122 പേരും അവസാന ദിവസം 89 പേരുമാണ് ദര്‍ശനത്തിനെത്തിയത്.

ദര്‍ശനത്തിന് എത്തിയവരില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരുനാട് കോവിഡ് ചികില്‍സാകേന്ദ്രത്തിലേയ്ക്ക് മാറ്റി. ബംഗളൂരുവില്‍ നിന്നു വന്ന ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

വ്യവസായിക ഇടനാഴി
ഇന്ത്യാ ഗവണ്‍മെന്‍റ് കഴിഞ്ഞവര്‍ഷം അംഗീകരിച്ചതാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി. അതിന്‍റെ ട്രസ്റ്റുമായി സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍റും ഷെയര്‍ ഹോള്‍ഡര്‍ എഗ്രിമെന്‍റും സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്‍റേഷനും ഇന്ന് ഒപ്പുവെച്ചു.

ഒന്നാംഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലും ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, ലൈഫ് സയന്‍സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഏകോപനത്തിനായി ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി ഈ പ്രദേശത്ത് നിലവില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളായ കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം പോര്‍ട്ട്, മംഗലാപുരം-ബംഗളൂരു ഗെയില്‍ പൈപ്പ്ലൈന്‍, തിരുവനന്തപുരം-കണ്ണൂര്‍ സെമി ഹൈസ്പീഡ് റെയില്‍, കൊച്ചി മെട്രോ, കൊച്ചി-തേനി ദേശീയപാത എന്നീ പദ്ധതികളുടെ പ്രാദേശിക വളര്‍ച്ചയ്ക്കും സമഗ്ര വികസനത്തിനും ഉന്നമനത്തിനുമുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.

എടുത്തുപറയേണ്ട മറ്റൊന്നാണ് കൊച്ചി ഗിഫ്റ്റ് സിറ്റി. അതായത്, കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി. ആലുവ താലൂക്കിലെ 220 ഹെക്ടര്‍ സ്ഥലത്തായി ഗിഫ്റ്റ് സിറ്റി സ്ഥാപിച്ചു വികസിപ്പിച്ചെടുക്കാന്‍ കേരള സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമാണിത്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ കേന്ദ്രമാകും ഇത്.

പൊതുവായ വികസനത്തിന്‍റെ മുന്നേറ്റത്തിന് ഊര്‍ജം പകരുന്ന ധനബിസിനസ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ടാകും. ആഗോളതലത്തില്‍ ഹെടെക് സര്‍വീസുകളും ധനകാര്യ സംരംഭങ്ങളും വികസിപ്പിച്ചെടുക്കുന്നതിനുള്ള സംവിധാനത്തോടു കൂടിയുള്ളതാവും ഇത്. മികവാര്‍ന്ന അടിസ്ഥാന ഘടനയോടു കൂടിയ ബിസിനസ് ലക്ഷ്യമായി കൊച്ചിയെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന പദ്ധതി എന്ന നിലയ്ക്കാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്ന തരത്തിലുള്ള അധിക നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമാകും ഇത്.

ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ സംവിധാനം 1600 കോടി രൂപയുടെ നിക്ഷേപം വൈകാതെ കൊണ്ടുവരും. 18,000 കോടിയുടെ പിപിപി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനു പുറമെയാണിത്. ഭൂമി ഏറ്റെടുക്കലിനായി 540 കോടി രൂപ സംസ്ഥാന ഗവണ്‍മെന്‍റ് അനുവദിച്ചിട്ടുണ്ട്. സമാനമായ തുക എന്‍ഐസിഡിഐടിയിലൂടെ കേന്ദ്ര ഗവണ്‍മെന്‍റ് കണ്ടെത്തും. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്‍റേഷന്‍ ട്രസ്റ്റാണ് എന്‍ഐസിഡിഐടി. രാജ്യത്ത് വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന്‍റെ ചുമതല ഇവര്‍ക്കാണുള്ളത്.

കൊച്ചി, വിഴിഞ്ഞം പോര്‍ട്ടുകള്‍ക്ക് ഏകദേശം 25,000 കോടി രൂപയുടെ മൂല്യമുള്ള കപ്പല്‍ ചരക്കുകളുടെ നീക്കം ഉറപ്പാക്കാനും ഇതുമൂലം കഴിയും. കേന്ദ്രീകൃത ബന്ധിപ്പിക്കലിന്‍റെ (ഹബ്ബ് കണക്ടിവിറ്റി) അഭാവംമൂലം, ഏകദേശം 14,000 മെട്രിക് ടണ്‍ കാര്‍ഗോയാണ് കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലൂടെ സിയാലിന്  കൂടുതല്‍ കാര്‍ഗോ ആകര്‍ഷിക്കുവാന്‍ കഴിയും എന്നു മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ അടുത്ത എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഈ മേഖലയിലുള്ള തിക്കും തിരക്കും കുറയ്ക്കുവാനും കഴിയും.

പ്രവേശന കവാട കണക്ടിവിറ്റിയിലൂടെ കേരളത്തില്‍നിന്ന് പാശ്ചത്യ കമ്പോളങ്ങളിലേക്കുള്ള വ്യാവസായിക കയറ്റുമതിയുടെ സാമ്പത്തികശേഷി വളര്‍ത്താനും സാധ്യമാവും. ചുരുക്കത്തില്‍ കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി കേരളത്തെയും പടിഞ്ഞാറന്‍ തമിഴ്നാടിനെയും രാജ്യത്തെ വിവിധ സാമ്പത്തിക വ്യവസായിക ഇടനാഴികളുടെ ശൃംഖലയുമായി കോര്‍ത്തിണക്കുന്ന ഒന്നായി തീരും.

ആദ്യ സംരംഭമായി തെരഞ്ഞെടുത്ത പാലക്കാട്ടെ 1800 ഏക്കര്‍ സ്ഥലത്ത് 10,000 കോടി രൂപയുടെ നിക്ഷേപവും അതിലൂടെ പ്രത്യക്ഷമായി 22,000 തൊഴിലവസരങ്ങളും പരോക്ഷമായി 80,000 തൊഴിലവസരങ്ങളും പ്രവൃത്തി ആരംഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെയുള്ള നിക്ഷേപത്തില്‍ ചെറുകിട വ്യവസായങ്ങളുടെ ഓഹരിയായി 3000 കോടി രൂപയും സംസ്ഥാനത്തിന് പ്രതിവര്‍ഷം നികുതിവരുമാനമായി 585 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി, പാലക്കാട് മേഖലയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, സംസ്ഥാനത്തിനാകെ സമഗ്ര വികസനത്തിലേക്കുള്ള നിര്‍ണായക കാല്‍വെയ്പ്പാണിത്.

26 ടൂറിസം പദ്ധതികള്‍
കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊډുടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യം വികസനം നടത്തിയ പദ്ധതിയില്‍ കൂട്ടികള്‍ക്ക് കളിക്കളം, ലാന്‍റ് സ്കേപ്പിങ്, ഇരിപ്പിടങ്ങള്‍  എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകം സൗന്ദര്യവല്‍ക്കരണം എന്നീ പദ്ധതികളും ആരംഭിച്ചു.

പാലാ നഗരത്തില്‍ പാരീസിലെ ‘ലവ്റെ’ മ്യൂസിയത്തിന്‍റെ മാതൃകയില്‍ ഗ്രീന്‍ ടൂറിസം കോംപ്ലക്സ്, ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്‍റര്‍, പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ  ഫിനിഷിങ് പോയിന്‍റിലേക്കുള്ള പാത് വേയും ബോട്ട് ജെട്ടികളും എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളാണ്.

എറണാകുളം ജില്ലയിലെ  ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം തൃശൂര്‍ ജില്ലയില്‍ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും നവീകരിച്ചത്, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴി പദ്ധതി, നവീകരിച്ച പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം, മലപ്പുറം ജില്ലയിലെ കോട്ടക്കുന്നില്‍ മിറക്കിള്‍ ഗാര്‍ഡന്‍, ചമ്രവട്ടത്തെ പുഴയോരം സ്നേഹപാതയുടെ ഒന്നും  രണ്ടും ഘട്ടങ്ങള്‍, കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായ പൂര്‍ത്തീകരിച്ച വികസനങ്ങള്‍, കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നവീകരണ പുനരുദ്ധാരണം, കണ്ണൂരിലെ പാലക്കാട് സ്വാമി മഠം പാര്‍ക്കിന്‍റെ വികസനം, ചൊക്ലി ബണ്ട് റോഡിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതി,  മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, വയനാട്ടിലെ ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം പദ്ധതി, ബേക്കല്‍ കോട്ട കമാനവും പാതയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയും എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാരണം സ്തംഭിച്ച നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതു ജീവന്‍ നല്‍കുന്ന പദ്ധതികളാണിത്.

ഉള്ളിവില
സംസ്ഥാനത്തെ ഉള്ളി വില വര്‍ദ്ധനവ് നിയന്ത്രണത്തിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചു.

ഉള്ളി, സവാള, ചെറുപയര്‍, ഉഴുന്ന്, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാനത്തിന്‍റെ പൊതുവിതരണ വകുപ്പ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സവാള, ഉള്ളി എന്നിവ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു.

വാര്‍ത്താകുറിപ്പ്: 19-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 5022 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 92,731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4257 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 647 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,599 സാമ്പിളുകള്‍ പരിശോധന നടത്തി. 7469 പേര്‍ രോഗമുക്തരായി.

രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചത്. അതിന്‍റെ ഗുണഫലങ്ങള്‍ മുന്‍പ് വിശദീകരിച്ചതാണ്. ഒന്നാമത്തെ കാര്യം ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.  ജീവനുകള്‍ രക്ഷിക്കാന്‍ എന്തു ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്‍റെ ഭാഗമായി നമുക്ക് മരണങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിച്ചു.

ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉച്ചസ്ഥായിയാല്‍ എത്തിയപ്പോള്‍ സംഭവിച്ച ദുരന്തത്തിന്‍റെ ആഘാതം എത്രമാത്രമായിരുന്നു എന്നു നമ്മള്‍ കണ്ടതാണ്. രോഗബാധിതരായവരില്‍ നൂറില്‍ പതിനാലു പേര്‍ വരെ മരിക്കുന്ന അവസ്ഥ അവിടെ സംജാതമായി. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്.

കേരളത്തില്‍ മരണനിരക്ക് ആദ്യമേ കുറവായിരുന്നു എന്നു മാത്രമല്ല, കോവിഡ് വ്യാപനം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്ന ഈ സമയത്ത് മരണ നിരക്ക് കുറയുന്നതായാണ് കാണുന്നത്.

ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു  മഹാമാരിയുടെ കാലത്ത് എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവന്‍,  ജീവിതോപധികള്‍ ആരോഗ്യസംവിധാനങ്ങള്‍ എന്നീ മൂന്നു ഘടകങ്ങളെ ചേര്‍ത്തു നിര്‍ത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും   മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്‍റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാള്‍ മികച്ച രീതിയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചത്.

മെയ് മാസത്തില്‍ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂണ്‍ മാസത്തില്‍ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്‍റെ ആരോഗ്യമേഖല അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. നമുക്ക് കിട്ടിയ അംഗീകാരങ്ങള്‍ ജീവനുകള്‍ രക്ഷിക്കാനായി നമ്മള്‍ നടത്തിയ ആത്മസമര്‍പ്പണത്തിന്‍റേയും അശ്രാന്ത പരിശ്രമത്തിന്‍റേയും ഫലമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതേയും, മനസ്സിലാക്കിയാല്‍ തന്നെ അതു മറച്ചു വച്ചു കൊണ്ടും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആണ്  മുന്നിട്ടിറങ്ങുന്നത്.

ചൈനയിലെ വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടു പുറകേ തന്നെ കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി കോവിഡ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. എന്നാല്‍, അവരില്‍ നിന്നും ആരിലേയ്ക്കും രോഗം പകരാതെ ഒരാള്‍ പോലും മരണപ്പെടാതെ നോക്കാന്‍ കേരളത്തിനായത് നമ്മള്‍ അപ്പോള്‍ തന്നെ സ്വീകരിച്ച ജാഗ്രത കൊണ്ടാണ്. ചൈനയില്‍ നിന്നും തുടക്കത്തില്‍ ലോകത്തിന്‍റെ പല ഭാഗത്തും രോഗം പടര്‍ന്നു പിടിച്ചപ്പോളും, ഉയര്‍ന്ന ജനസാന്ദ്രതയുണ്ടായിട്ടും കേരളത്തിന് അത് ആ ഘട്ടത്തില്‍ തടയാന്‍ സാധിച്ചു.

രാജ്യത്ത് ഏറ്റവും ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാക്കിയ സ്ഥലമാണ് കേരളം. ആരേക്കാളും മുന്‍പ് നമൂഹിക നിയന്ത്രണങ്ങളും, പൊതുബോധവല്‍ക്കരണവും നമ്മള്‍ നടപ്പിലാക്കി. ഇറ്റലിയില്‍ നിന്നും രണ്ടാംഘട്ടം രോഗം സംസ്ഥാന എത്തുകയും പലരേയും ബാധിക്കുകയും ചെയ്ത അവസരത്തില്‍ മാര്‍ച്ച് 15ന് അകം തന്നെ നമ്മള്‍ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൊണ്ടു വന്നു. ലോക്ഡൗണ്‍ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതും ഇവിടെയാണ്.

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഓണാവധിക്കാലത്ത് വളരെയേറെ ഇളവുകള്‍ അനുവദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചരണം വാസ്തവവിരുദ്ധമാണ്. മറ്റ് ഉത്സവകാലത്ത് അനുവദിക്കുന്നപോലെ വളരെ ചെറിയ ഇളവുകള്‍ മാത്രമാണ് ഓണക്കാലത്ത് നല്‍കിയിരുന്നത്. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാര്‍നിര്‍ദ്ദേശങ്ങള്‍ ഓണത്തിന് മുമ്പുതന്നെ പൊലീസ് പുറപ്പെടുവിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ലെന്നും ഓണസദ്യയുടെയും മറ്റും പേരില്‍ കൂട്ടംകൂടാനും പൊതുപരിപാടികള്‍ നടത്താനും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണമെന്നും കണ്ടയ്ന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ മാറ്റില്ലെന്നും അറിയിച്ചിരുന്നു. കടകളുടെ  വലിപ്പമനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും  അനുമതി നല്‍കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഓണക്കാലത്ത് രാത്രി ഒന്‍പതു മണി വരെ മാത്രമാണ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നത്. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പകരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കാലങ്ങളിലേതുപോലെ കൂട്ടംകൂടിയുള്ള ആഘോഷപരിപാടികള്‍ ഓണക്കാലത്ത് നടത്തരുതെന്ന് ഈ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പലതവണ അഭ്യര്‍ത്ഥിച്ചിഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും എല്ലാ മാധ്യമങ്ങളിലൂടെയും ഇതേ കാര്യം ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

ഓണാവധി സമയത്തും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്ന് ആ സമയത്തെ കേസുകളുടെയും അറസ്റ്റുകളുടെയും സംബന്ധിച്ച കണക്കുകളില്‍ വ്യക്തമാകും. ഒന്നാം ഓണദിവസമായ ആഗസ്റ്റ് 30ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2631 കേസും 1279 അറസ്റ്റും  രേഖപ്പെടുത്തി. 137 വാഹനങ്ങള്‍ പിടിച്ചെടുത്തു.

തിരുവോണ ദിവസമായ ആഗസ്റ്റ് 31ന് 1996 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1019 അറസ്റ്റ് രേഖപ്പെടുത്തുകയും 94 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അവിട്ടം ദിനമായ സെപ്റ്റംബര്‍ ഒന്നിന് രജിസ്റ്റര്‍ചെയ്തത് 1198 കേസുകളും പിടിച്ചെടുത്തത് 62 വാഹനങ്ങളുമാണ്. 655 പേര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ രണ്ടിന് നിയന്ത്രണങ്ങള്‍ ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്യുകയും 1612 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 91 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ശക്തമായി തന്നെയാണ്  ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച സഹകരണമുണ്ടായി.

രോഗപ്രതിരോധത്തിനാവശ്യമായ നടപടികള്‍ മാത്രമല്ല,  അതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളും സര്‍ക്കാര്‍ പരമാവധി ഫലപ്രദമായി തന്നെ നേരിട്ടു. ക്ഷേമപെന്‍ഷനുകളും ഭക്ഷ്യധാന്യങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കൈകളില്‍ എത്തിച്ചു. ഇത്തരം ക്രിയാത്മകവും ശ്രദ്ധാപൂര്‍വ്വവുമായ ഇടപെടലുകളുടെ ഫലമായി മെയ് മാസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥിതി വിശേഷം വരെയുണ്ടായി. റിക്കവറി റേറ്റ് 97 ശതമാനമാവുകയും ആക്റ്റീവ് കേസുകള്‍ 3 ശതമാനം മാത്രമാവുകയും ചെയ്തു. ഇത്തരം നേട്ടങ്ങളാണ് ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി കേരളത്തെ മാറ്റിയത്. അതില്‍ അഭിമാനിക്കുന്നതിന് പകരം, ചിലര്‍ അസ്വസ്ഥരാകുന്ന കാഴ്ച ആശ്ചര്യജനകമാണ് എന്നല്ലാതെ എന്തു പറയാന്‍.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും  പ്രവാസി സഹോദരങ്ങള്‍ മടങ്ങി വരുന്ന സാഹചര്യം ഉടലെടുക്കുമെന്നും രോഗവ്യാപനം  ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. ആഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് തന്നെ നല്‍കിയിരുന്നു. അതിനാല്‍ രോഗത്തെ പരമാവധി പിടിച്ചുനിര്‍ത്തിക്കൊണ്ട് ആരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കാനാണ് നമ്മള്‍ ശ്രമിച്ചത്. അതിന്‍റെ ഗുണഫലമായാണ് നേരത്തേ പറഞ്ഞതു പോലെ മരണസംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സഹായകമായത്.

ഇവിടെ എങ്ങനെയാണ് രോഗവ്യാപനം വര്‍ധിച്ചത് എന്നത് എല്ലാവര്‍ക്കും അറിയാം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങിയതിന്‍റെ പ്രത്യാഘാതമാണത്. ജനങ്ങളാകെ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ജനകീയമായി പ്രവര്‍ത്തിക്കുകയും ലക്ഷക്കണക്കിന് ആരോഗ്യപ്രപ്രവര്‍ത്തകര്‍ ത്യാഗനിര്‍ഭരമായി രംഗത്തിറങ്ങുകയും ചെയ്തു കൊണ്ടാണ് കോവിഡ്  പ്രതിരോധം നാം വിജയത്തിലെത്തിച്ചത്.

എന്നാല്‍, ഒരു പ്രത്യേക ഘട്ടത്തില്‍ ഇവിടെ വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചു. മാസ്ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരത്തിനിറങ്ങാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി. മാസ്കില്ലാതെ കൂടിക്കുഴഞ്ഞും പൊലീസിനെ ആക്രമിച്ചും കോവിഡ് പ്രതിരോധം ഒരു പ്രശ്നമല്ല എന്ന് വരുത്തി തീര്‍ത്തു. ഈ രംഗങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. നാം ഒരു ഭാഗത്തു കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുമ്പോള്‍ മറ്റൊരു സന്ദേശമാണ് ഈ അനാവശ്യ അരാജക സമരങ്ങള്‍ നല്‍കിയത്. ഉത്തരവാദപ്പെട്ട നേതാക്കളും പൊതുപ്രവര്‍ത്തകരും ഇങ്ങനെ പെരുമാറുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ബോധം സൃഷ്ടിക്കപ്പെടില്ലേ? പ്രതിപക്ഷ രാഷ്ട്രീയം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രതികാര രാഷ്ട്രീയമായതിന്‍റെ ദുരന്തമായി അനുഭവപ്പെടുകയാണുണ്ടായത്. കോവിഡ് പ്രതിരോധകാര്യത്തില്‍ അതാണ് യഥാര്‍ത്ഥ പ്രശ്നം.

തിരുവനന്തപുരം ജില്ലയിലെ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വന്നിട്ടുള്ളത്. രോഗമുക്തി നിരക്കും നല്ല നിലയില്‍ വര്‍ധിക്കുന്നുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ചില കടകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കുന്നതായി കാണുന്നില്ല.

കൊല്ലത്ത് കോവിഡ് ബാധിച്ച് ഗൃഹചികിത്സയിലിരിക്കുന്നവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്‍റെ ഇന്‍റെഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് വിഭാഗം പഠനം നടത്തി. ഹൈ റിസ്ക് പ്രാഥമിക സമ്പര്‍ക്കത്തിലായവരില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയതെന്നു പഠനം. ആലപ്പാട്, അഴീക്കല്‍, ചവറ, തൃക്കടവൂര്‍, ശക്തികുളങ്ങര ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് പരിശോധന നടന്നത്.

ശക്തികുളങ്ങര, നീണ്ടകര ഫിഷിങ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്നു. ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് 12 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ താല്‍കാലിക അനുമതി നല്‍കി. തങ്കശ്ശേരി, അഴീക്കല്‍ നേരത്തെ തുറന്നു കൊടുത്തിരുന്നു.

പത്തനംതിട്ട ജില്ലയില്‍ 40 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ജില്ലയിലെ ടെസ്റ്റിങ് ദിവസവും അയ്യായിരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരോഗ്യ വകുപ്പും ഡിഡിആര്‍സിയും നിലയ്ക്കലില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തിങ്കളാഴ്ച (ഒക്ടോബര്‍ 19) രാവിലെ ഏഴു മണി വരെ 272 പരിശോധനകളാണ് തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയത്.

ഇടുക്കി ജില്ലയില്‍ കോവിഡ് രോഗബാധ കൂടുതലുള്ള ഉടുമ്പന്‍ചോല, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ കുടുംബശ്രീ, മത സാംസ്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ശക്തിപ്പെടുത്തി.

പാലക്കാട്ട് ഒന്‍പത് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാണ്  സജീവമായിട്ടുള്ളത്. ഇതില്‍ മൂന്ന് എഫ്എല്‍ടിസികളില്‍ കോവിഡ് പോസിറ്റീവായ മറ്റ് ലക്ഷണങ്ങളുള്ള ‘കാറ്റഗറി ബി’ യില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  8 ഡോമിസിലറി കെയര്‍ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ് രോഗികളുടെ ഹോം ഐസൊലേഷന് കണ്ണൂര്‍ ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനകം 10,804 കൊവിഡ് രോഗികളാണ് ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തത്. നിലവില്‍ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്.  

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലും അജാനൂര്‍, ഉദുമ, ചെമ്മനാട് തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലുമാണ് രോഗവ്യാപനം രൂക്ഷം. ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ശക്തമാക്കി. 1600 അധ്യാപകരെ ഒരു വാര്‍ഡില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയും അടക്കം രണ്ടുപേരെ വീതമാണ് ‘മാഷ്’ പദ്ധതിയുടെ ഭാഗമായി നിയോഗിച്ചത്.

എസ്. സി -എസ്. ടി പദ്ധതികള്‍
രാജ്യത്ത് പലയിടത്തും ദളിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ഈ വിഭാഗങ്ങള്‍ക്കായി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണ്. എസ്എസ്ടി, പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതികളാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ നൂറു ദിനം കൊണ്ട് 3060 പേര്‍ക്ക് തൊഴില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍, കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂര്‍ എന്നീ പുതിയ ഓഫീസുകള്‍ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനു കീഴില്‍ 1500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്‍ഷിക മേഖലാ വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ കോട്ടയത്ത് മത്സര പരീക്ഷ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായ വിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി കോടാലിപ്പാറയില്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, കാസര്‍കോട് ബേഡഡുക്കയില്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, കുറ്റിക്കോല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഇരിട്ടിയിലുള്ള ആറളം ഫാം ഉല്‍പന്ന ഷോറൂമായ തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബല്‍ അറ്റ്ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികള്‍.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് മരുതോങ്കരയില്‍ നിര്‍മിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നീ പൂര്‍ത്തികരിച്ച പദ്ധതികളും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ശിലാസ്ഥാപനവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ 18 പട്ടികജാതി കോളനികള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിര്‍വഹിക്കുകയുണ്ടായി.

ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം
കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റത്തിന്  ഇന്ന് തുടക്കമായി. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും ഈ പദ്ധതി പ്രയോജനപ്പെടും. കേരളത്തിന്‍റെ വ്യാവസായിക നഗരമായ കൊച്ചിയില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യ ചുവടുവെയ്പു കൂടിയാണിത്.

കൊച്ചിയിലെ 21 പ്രധാന ജങ്ഷനുകളിലാണ് ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം പ്രവര്‍ത്തിക്കുക. 27 കോടി രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് 35 കേന്ദ്രങ്ങളിലാണ് നൂതന ക്യാമറകള്‍ സ്ഥാപിച്ചത്. വാഹന തിരക്ക് അനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ടിവേറ്റഡ് സിഗ്നല്‍ സംവിധാനം, റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്നല്‍ സംവിധാനം, സ്പീഡ് ലിമിറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, റെഡ് ലൈഫ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം ഇത്തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. റവന്യു ടവറിലെ കണ്‍ട്രോള്‍ സെന്‍ററിലാണ് നിരീക്ഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലാവും കമാന്‍ഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുക.

വാര്‍ത്താകുറിപ്പ്: 15-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 94,517 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6486 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ മണിക്കൂറില്‍ സാമ്പിളുകള്‍ 50,154 പരിശോധന നടത്തി. 7082 പേര്‍ രോഗമുക്തരായി.

കോവിഡിന്‍റെ വിശദമായ കാര്യങ്ങളിലേക്ക് പോകുന്നതിനു മുന്‍പ് മഹാകവി അക്കിത്തത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ്.

അദ്ദേഹത്തിന്‍റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണ്. സാഹിത്യ ലോകത്തിന്‍റെയും  അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും  ദു:ഖത്തില്‍ പങ്കു ചേരുന്നു.

നിരുപാധിക  സ്നേഹം പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ശക്തിയാവണമെന്ന്   ആഗ്രഹിക്കുകയും ആ ആഗ്രഹം കവിതയിലേക്ക് പകര്‍ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം.  മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്‍റെ ‘ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസവും’ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകവും’ പോലുള്ള കവിതകളാണ്.

മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്‍ തന്‍റെ മനസ്സില്‍ പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ തന്‍റെ ആത്മാവില്‍ ആയിരം സൂര്യനുദിക്കുകയാണെന്നും പാടിയ മഹാകവിയുടെ  ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കും.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്  310140 കേസുകളാണ്. 93837 ആക്റ്റീവ് കേസുകളാണ്  നിലവിലുള്ളത്.  215149 പേര്‍ രോഗമുക്തി നേടുകയും 1066 പേര്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു.

കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തു ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. ദേശീയ ശരാശരി 6974 ആണ്. അതിന്‍റെ ഭാഗമായി നമ്മള്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്യണ്‍  107820 ആണ്. ഇന്ത്യയില്‍ അത്  86792 മാത്രമാണ്.  രോഗവ്യാപനം ശക്തമായെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ് കേരളത്തില്‍. കേസ് ഫറ്റാലിറ്റി റേറ്റ് ഇന്ത്യയില്‍ മൊത്തത്തില്‍ 1.6% ആയിരിക്കുമ്പോള്‍ കേരളത്തിലത് 0.34% മാത്രമാണ്. രാജ്യത്ത് പത്തു ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തില്‍ അത് 31 മാത്രമാണ്. മുന്‍പ് വിശദീകരിച്ചതു പോലെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവിന്‍റെ ഫലമായാണ് ഇവിടെ മരണ സംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ട്.  ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. രോഗം പടരാനുള്ള സാധ്യത ഒഴിവാക്കളാണ് പ്രധാനം.  

ജില്ലയിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവമില്ല. 14,250 ആണ് ജില്ലയിലെ കേസ് പെര്‍ മില്യണ്‍ കണക്ക്. എ കാറ്റഗറിയില്‍ 1,026 കിടക്കകളും ബി കാറ്റഗറിയില്‍ 323 കിടക്കകളും സി കാറ്റഗറിയില്‍ 117 കിടക്കകളും ഒഴിഞ്ഞുകിടക്കുന്നു.
 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊല്ലം ജില്ലാ ഭരണസംവിധാനം പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.   കോവിഡ് മുക്തമാവുന്ന ജില്ലയിലെ ആദ്യത്തെ മൂന്ന് തദ്ദേശ സ്ഥാപനം, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശ വാര്‍ഡുകള്‍/ഡിവിഷന്‍/ കൗണ്‍സില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യം കോവിഡ് മുക്തമാവുന്ന തദ്ദേശ സ്ഥാപനം അതോടൊപ്പം മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്/കൗണ്‍സില്‍/ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക. തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് രഹിതമായിരിക്കണം എന്നതാണ് നിബന്ധന.

ആലപ്പുഴ ജില്ലയില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ട് ഓപ്പറേഷന്‍സ് തുടങ്ങാന്‍ തീരുമാനമായി. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ബോട്ടുകളില്‍ പ്രവേശനമുള്ളൂ.  ഹൗസ് ബോട്ടിലെ ഒരു മുറിയില്‍ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വലിയ ഹൗസ് ബോട്ടുകളില്‍ അടക്കം പത്തു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. ഹൗസ് ബോട്ടുകളും വിനോദസഞ്ചാരികളുടെ ലഗേജും  അണുവിമുക്തമാക്കണം. ഓരോ അതിഥിയും പോയി കഴിഞ്ഞാലും ഹൗസ്ബോട്ടുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിലെ ജീവനക്കാരുമായി വിനോദസഞ്ചാരികള്‍ അധികം ഇടപഴകാന്‍ പാടില്ല.
 
കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ വര്‍ധനയില്ലെങ്കിലും നഗര മേഖലകളില്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം ബാധിക്കുന്നവരില്‍ കുട്ടികളും അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരും ഏറുന്നത്  ഉത്കണ്ഠാജനകമാണ്.

എറണാകുളം ജില്ലയില്‍ ഏഴു എഫ്.എല്‍.ടി.സികള്‍ എസ്.എല്‍.ടി.സികള്‍ ആക്കി മാറ്റും.  കറുകുറ്റിയിലെ അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍.ടി.സി സ്പെഷ്യല്‍ കെയര്‍ സെന്‍റര്‍ ആയി മാറ്റുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. നാല് താലൂക്ക് ആശുപത്രികള്‍, കോവിഡ് സംശയിക്കുന്നവരേയും ക്വാറന്‍റീനില്‍ കഴിയുന്നവരേയും പരിചരിക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
പാലക്കാട് ജില്ലയില്‍ 11 ഡോമിസിലറി കെയര്‍ സെന്‍ററുകള്‍ സജ്ജമായതില്‍ ആറു സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് ജില്ലയില്‍ ഡൊമിസിലറി കെയര്‍ സെന്‍ററുകള്‍ കൂടി തുടങ്ങാന്‍ തയ്യാറെടുക്കുകയാണ്. വീടുകളില്‍ ഐസോലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്‍ററുകളില്‍ പാര്‍പ്പിക്കുക. ആദ്യഘട്ടത്തില്‍ എഫ്.എല്‍.ടി.സികളോട് ചേര്‍ന്നാണ് സെന്‍ററുകള്‍ സ്ഥാപിക്കുക.
 
കോഴിക്കോട് ജില്ലയില്‍  കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയിലാണ് രോഗികള്‍ കൂടുതലുളളത്.   തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു. തീരദേശ പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികള്‍ രൂപീകരിച്ചു.  

കണ്ണൂരില്‍ പരിയാരം ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്ക് തിരക്ക് ഒഴിവാക്കുന്നതിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രണ്ട് പുതിയ കിയോസ്ക്കുകള്‍ സജ്ജീകരിക്കും.
 
കാസര്‍കോട് ജില്ലയില്‍   തെയ്യം ആചാരനുഷ്ഠാനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് ഒരു സ്ഥലത്ത് ഒരു ദിവസം മാത്രം നടത്താന്‍  അനുമതി നല്‍കും.

നമ്മള്‍ ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് രോഗികളുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു  ആശുപത്രികളില്‍ സൗകര്യങ്ങളും, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ഐ സി യു  സൗകര്യങ്ങളും ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്രത്തോളം ബെഡുകളും, ഐ സി യു  സൗകര്യങ്ങളും ഉണ്ടെന്നുള്ള കണക്ക്  എടുക്കുന്നുണ്ട്.   സര്‍ക്കാര്‍ സംവിധാനത്തില്‍ 960 വെന്‍റിലേറ്ററുകള്‍ ആണ് പുതിയതായി   ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഓരോ ജില്ലയിലും സ്വകാര്യ ആശുപത്രികളില്‍   10 ശതമാനത്തില്‍ കുറയാത്ത ബെഡുകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റി വെക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്.  എല്ലാ സ്വാകാര്യ ആശുപത്രികളും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ഓരോ ദിവസവും  ആശുപത്രിയില്‍  എത്ര ബെഡ് സൗകര്യങ്ങള്‍ ഉണ്ടെന്നും, ഐ സി യു, വെന്‍റിലേറ്ററുകള്‍ ഉണ്ടെന്നും കണക്കുകള്‍ എടുക്കേണ്ടതുണ്ട്.  ഇത് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രദര്‍ശിപ്പിക്കും. അതനുസരിച്ചു  കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ സ്വാകാര്യ ആശുപത്രികള്‍ തയ്യാറാകണം. ഓരോ ദിവസത്തെയും കണക്കുകള്‍ കൃത്യമായി ലഭ്യമാക്കണം. എല്ലാവരും  ഈ പ്രവര്‍ത്തനത്തില്‍ സഹകരിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു

ഗ്ലോബല്‍ ഹാന്‍റ് വാഷിങ്  ഡേ

കൈകള്‍ ശുചിയാക്കുന്നതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനു ഇന്ന്  ഗ്ലോബല്‍ ഹാന്‍റ് വാഷിങ് ഡേ ആചരിക്കുകയാണ്.  ലോകത്തെ 70 രാജ്യങ്ങളിലെ 12 കോടിയില്‍ കൂടുതല്‍ കുട്ടികള്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്  എതിരെയും, വയറിളക്ക സംബന്ധമായ രോഗങ്ങള്‍ക്ക് എതിരെയും ഒരുമിച്ച് കൈ കഴുകുന്ന പരിപാടി സംഘടിപ്പിച്ചു. ഹാന്‍ഡ് ഹൈജീന്‍ ഫോര്‍ ഓള്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

കോവിഡ് കാലം ആയത് കൊണ്ട് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഹാന്‍ഡ് ഹൈജീന്‍ ഫോര്‍ ഓള്‍ എന്ന മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍   ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ നമ്മള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം കൈവിടാതിരിക്കാന്‍ കൈകഴുകൂ എന്നായിരുന്നു. ഇത് പ്രഖ്യാപിച്ചതിന്‍റെ അടുത്ത ദിവസം തന്നെ സര്‍വ്വീസ് സംഘടനകളും യുവജന സംഘടനകളും  ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും എല്ലാം കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട്  ലോക്ക് ഡൗണിലേക്ക് പോയി. അതിനു ശേഷം രണ്ടാം ഘട്ടത്തില്‍ മാസ്ക് ഉപയോഗിക്കാനും  സാമൂഹിക അകലം പാലിക്കാനും  ക്യാമ്പയിന്‍ ചെയ്തു. എന്നാല്‍ എവിടെയോ വച്ചു നമ്മള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി.

അന്ന് കൈ കഴുകാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ മിക്കതും  ഉപയോഗശൂന്യമായി കിടക്കുകയാണ്.   കൈ ശുചിയാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം മൂലമുണ്ടാകുന്ന മരണത്തിന്‍റെ തോത് 25 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നാണ് ഗ്ലോബല്‍ ഹാന്‍റ് വാഷിങ് ഡേയുടെ സന്ദേശത്തില്‍ പറയുന്നത്.   വയറിളക്ക സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണം 50 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നും  ലോക സ്റ്റാറ്റിറ്റിക്സ് പറയുന്നു.   ഈ വര്‍ഷത്തെ  മെയ് ജൂണ്‍ മാസം വരെയുള്ള  കണക്കുകള്‍ നോമ്പോള്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റു പ്രധാന അസുഖങ്ങളും കുറഞ്ഞതായി കണ്ടു. അതിനു പ്രധാനപ്പെട്ട ഒരു കാരണം   ഈ  ജാഗ്രതയാണ്. അത്കൊണ്ട് തന്നെ   ജാഗ്രത വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് ഈ സമയത്ത് ഉണ്ടാകേണ്ടത്.  കൈ കഴുകാനുള്ള സൗകര്യങ്ങള്‍ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ഒരുക്കാന്‍ മുന്നോട്ട് വരണം. വീടുകളില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എല്ലാവരും   ഇങ്ങനെ കൈ കഴുകുമ്പോള്‍ രോഗ വ്യാപനത്തിന്‍റെ കണ്ണികളെ  പൊട്ടിക്കാന്‍ സാധിക്കും. കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രം പോര അത് പരിപാലിക്കാനുള്ള ശ്രദ്ധയും ഉണ്ടാകണം.

ശബരിമല

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കുകയാണ്.  ദര്‍ശനം സുഗമമായി നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വിര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുളള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കേണ്ടതാണ്. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10 വയസിനും 60 വയസിനും ഇടയ്ക്ക്  പ്രായമുളളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുളളത്. വിര്‍ച്വല്‍ ക്യുവിലൂടെ ബുക്കിംഗ് നടത്തിയപ്പോള്‍ ദര്‍ശനത്തിന് തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ ഭക്തര്‍ ദര്‍ശനത്തിനായി എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ എല്ലാവിധ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും അവ യഥാവിധി ഉപയോഗിക്കുകയും വേണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിന് എത്താവൂ. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്. മലകയറുമ്പോഴും ദര്‍ശന സമയത്തും പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഈ ആശുപത്രികളിലേക്കുള്ള പരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്.  ഡോക്ടര്‍മാരുടെ നിയമനം ഇന്നു  പൂര്‍ത്തീകരിക്കും. 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തീര്‍ഥാടകരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കുകയുള്ളു. കോവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്നാനം അനുവദിക്കില്ല. കുളിക്കാനായി  പ്രത്യേകം  ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ന് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വലിയൊരു നേട്ടം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം  നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍വ്വഹിച്ചു.

ആരോഗ്യ, ഗവേഷണരംഗത്ത് മുതല്‍ക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരും.  

നിപ്പ എന്ന മാരക വൈറസിന്‍റെ വ്യാപനം  പിടിച്ചുനിര്‍ത്താനായും  കോവിഡിനെ വലിയ അളവില്‍  പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത്   ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ  ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ്.  അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെയും പുതുതായി കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങള്‍ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം  ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്‍റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.

2017ല്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ പ്രൊഫ: എം.വി. പിള്ള, ഡോ: ശാര്‍ങ്ധരന്‍ എന്നിവരാണ് പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് ഒരു സ്ഥാപനം കേരളത്തിലില്ല എന്ന ന്യൂനത  ചൂണ്ടിക്കാണിച്ചത്. അവരുടെ അഭിപ്രായം പരിഗണിച്ചാണ്  വൈറോളജി ഗവേഷണ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ചുമതല നല്‍കിയത്. ഡോ. എം.വി. പിള്ളയും ഡോ: ശാര്‍ങധരനും നമ്മെ ലോക വൈറോളജി നെറ്റ് വര്‍ക്കിലേക്ക്  ബന്ധിപ്പിച്ചു. ഡോ. റോബര്‍ട്ട് ഗാലോ, ഡോ. വില്യം ഹാള്‍ എന്നീ പ്രശസ്ത വൈറോളജി വിദഗ്ധരുമായി സഹകരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിദഗ്ധരും സഹകരിച്ചു. ഡോ. വില്യം ഹാളിനെ മുഖ്യ ഉപദേശകനായി നിയമിക്കുകയും അദ്ദേഹം ഇവിടം സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍.

2019 ഫെബ്രുവരിയില്‍ ആദ്യഘട്ട കെട്ടിടോദ്ഘാടനം നടന്നു. രോഗനിര്‍ണയ സൗകര്യവും അതിനുതകുന്ന ഗവേഷണ സൗകര്യവും ഉള്‍പ്പെടുന്ന രണ്ടുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ഈ മേഖലയില്‍  രാജ്യത്തുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐ.സി.എം.ആര്‍, ആര്‍.ജി.സി.ബി, എന്‍.ഐ.എസ്.ടി, ഐ.ഐ.എസ്.ഇ.ആര്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ. അഖില്‍ ബാനര്‍ജി സ്ഥാപനത്തിന്‍റെ മേധാവിയായി ചുമതലയേറ്റിട്ടുണ്ട്.  

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്തും.

വിവിധ വൈറോളജി ഗവേഷണ വിഷയങ്ങള്‍ ആസ്പദമാക്കി എട്ട് സയന്‍റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്സുമാണ്  ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍.  25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.
 
പച്ചത്തുരുത്തുകള്‍

സംസ്ഥാനത്ത് ഹരിത കേരളം മിഷന്‍റെ ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായതിന്‍റെ പ്രഖ്യാപനം നിര്‍വ്വഹിച്ചതാണ് എടുത്തു പറയാനുള്ള മറ്റൊരു കാര്യം.  ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവില്‍ 454 ഏക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്.  എല്ലാ വര്‍ഷവും ഈ മാതൃകയില്‍ കൂടുതല്‍ പച്ചത്തുരുത്തകള്‍ സൃഷ്ടിക്കാന്‍  തദ്ദേശസ്ഥാപനങ്ങളുടെയും  ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,   പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാട്ടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്തേണ്ടത്.

ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തന്‍കോട് വേങ്ങോടില്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ സഹായത്തോടെ അപൂര്‍വ ഔഷധസസ്യങ്ങള്‍ അടങ്ങിയ പച്ചത്തുരുത്താണ് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മുളകള്‍ മാത്രമുള്ളതും കായല്‍, കടലോരങ്ങളില്‍ കണ്ടല്‍ചെടിയും അനുബന്ധ വൃക്ഷങ്ങളും അടങ്ങിയ പച്ചത്തുരുത്തും സൃഷ്ടിച്ചു. കാവുകളെ വിപുലീകരിച്ച് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആവാസവ്യവസ്ഥയില്‍ കണ്ടാലറിയാവുന്ന മാറ്റം സൃഷ്ടിക്കാനായി. കുമരകത്തെ കണ്ടല്‍ചെടികളുടെ പച്ചത്തുരുത്ത് മത്സ്യസമ്പത്തിന് ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടതിനു ശേഷം മൂന്നു വര്‍ഷം അതിന്‍റെ പരിപാലനവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.

വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്രാ  ബോട്ടുകളുടെയും സര്‍വീസ്  ഇന്ന്  ഉദ്ഘാടനം ചെയ്തു.   ആലപ്പുഴയിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടര്‍ ടാക്സികളാണ് ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് നീറ്റിലിറങ്ങിയത്. വാട്ടര്‍ ടാക്സി പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ബോട്ടുകളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാട്ടര്‍ ടാക്സിയില്‍ പത്തു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കറ്റാമറൈന്‍ ബോട്ടുകളില്‍ 100 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം. 20.5 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള അത്യാധുനിക ബോട്ടിന് ഏഴു നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. 14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകള്‍ വാങ്ങാനാണ് ഭരണാനുമതി നല്‍കിയത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്. മറ്റു ബോട്ടുകളും ഉടന്‍ സര്‍വീസ് തുടങ്ങും. ബോട്ടുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവും.

റോഡുകളുടെയും മോട്ടോര്‍ വാഹനങ്ങളുടെയും വരവോടെയാണ് ജലഗതാഗതം കേരളത്തില്‍ കുറഞ്ഞത്. റോഡിലെ കുരുക്കും മലിനീകരണവും വര്‍ധിച്ച സാഹചര്യത്തില്‍ ജലഗതാഗതത്തിന് പുതിയ സാധ്യത തുറന്നിരിക്കുകയാണ്.  കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും മലിനീകരണമുക്ത ഗതാഗതത്തിനും കൂടുതല്‍ സൗകര്യം തുറന്നുകിട്ടും. റോഡ് ഗതാഗതത്തിന് സമാന്തരമായി ജലയാത്രാമാര്‍ഗം സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ചമ്പക്കര പാലം

ഇന്ത്യയില്‍ത്തന്നെ എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി ഉയരുകയാണ്.  കൊച്ചി മെട്രോ നിര്‍മ്മാണത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പ്രാഥമിക പ്രവര്‍ത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം ഉദ്ഘാടനം ഇന്ന് ഗതാഗതത്തിനായി തുറന്നു.

കൊച്ചി മെട്രോ മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ നീട്ടുന്നതിന്‍റെ ഭാഗമായാണ് ചമ്പക്കര കായലിന് കുറുകെ പുതിയ പാലം നിര്‍മിച്ചത്.

ചമ്പക്കര പാലത്തിന്‍റെ ആദ്യഘട്ട നിര്‍മാണം കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അന്ന് രണ്ടുവരി പാതയാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ അവസാനഘട്ട നിര്‍മാണവും പൂര്‍ത്തിയായതോടെ പാലം പൂര്‍ണ അര്‍ഥത്തില്‍ ഗതാഗതയോഗ്യമായി. 245 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്ത രീതിയില്‍ ജലയാത്ര സജ്ജമാകുംവിധമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.  

കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആര്‍.സി നിര്‍മിക്കുന്ന നാലാമത്തെ പാലമാണിത്. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോ ഗതാഗതമാര്‍ഗം മാത്രമല്ല, ജീവിതരേഖ കൂടിയാണ്. ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടം യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ തന്നെ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന നവീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.എം.ആര്‍.എല്ലിന് സാധിക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ അത്തരത്തിലൊന്നാണ്. പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വാട്ടര്‍ മെട്രോ അടുത്തവര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട് കായലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങളുടെ പുരോഗതിക്കും ഇത് മുതല്‍ക്കൂട്ടാകും.

യന്ത്രേതര യാത്രയ്ക്കുള്ള മാസ്റ്റര്‍പ്ലാനും കൊച്ചി മെട്രോ തയാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശവുമുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കലാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ മെച്ചപ്പെട്ട കാല്‍നടപ്പാതകള്‍, സൈക്കിള്‍ സവാരിക്കനുകൂലമായ ഇടങ്ങള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിംഗ് എന്നിവ ഏര്‍പ്പെടുത്തുകയാണ്.
 
കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് സി.എന്‍.ജി ഇന്ധനം ഉപയോഗിച്ച് ആരംഭിച്ച അനുബന്ധ ടാക്സി, ഓട്ടോ, ബസ് സര്‍വീസ് എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടത്തുന്ന ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാര്‍ കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിച്ചത്. 1400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാണ്. ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാവുക.

പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജനത്തിന്‍റെ ഭാഗമായി കോവിഡ് കാലയളവില്‍ വീട്ടിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മൃഗ സംരക്ഷണ- ഉത്പന്ന-സംസ്ക്കരണ-വിപണന സംരഭകരാകുവാന്‍ ജീവനം ജീവധനം എന്ന പദ്ധതി ആരംഭിച്ചു.  

വി.ച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീം കേരള വെറ്റിനറി സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് കാലത്തെ ഒഴിവു സമയം പൂര്‍ണ്ണമായും ക്രിയാത്മക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുവാന്‍ സംസ്ഥാനത്തെ മുഴുവന്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കു ഓണ്‍ലൈനായി വളര്‍ത്തു മൃഗ പരിപാലന നൈപുണികള്‍ പരിശീലിപ്പിക്കുവാനും വീട്ടില്‍ ചെയ്തു നോക്കുവാന്‍ പിന്തുണ കൊടുക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്.

വാര്‍ത്താകുറിപ്പ്: 14-10-2020

കേരള കോണ്‍ഗ്രസ് (എം)തീരുമാനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കും: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) തീരുമാനം കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിഥിലമായ യുഡിഎഫിന്‍റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം.

കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാണ്. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്‍.ഡി.എഫിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി വ്യക്തിമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ ഫലമായി കേരളത്തിലടക്കം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധിയില്‍ കര്‍ഷകരോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാടാണ് എല്‍.ഡി.എഫും സര്‍ക്കാരും എടുക്കുന്നത്. ഇതെല്ലാം വിലയിരുത്തിയാണ് എല്‍.ഡി.എഫാണ് ശരി എന്ന നിലപാട് കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത്. ഇതു തികച്ചും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ മതനിരപേക്ഷ ചേരിയെ ഈ തീരുമാനം ശക്തിപ്പെടുത്തും.

ഇടതുപക്ഷത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ വിശാല കൂട്ടൂകെട്ട് ഉണ്ടാക്കാനും അട്ടിമറിശ്രമം നടത്താനും ഇറങ്ങിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം. യു.ഡി,എഫിന്‍റെ തെറ്റായ സമീപനങ്ങളെയാണ് ആ മുന്നണിയില്‍ നാല് പതിറ്റാണ്ടോളം ഉണ്ടായിരുന്ന കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞത്. ക്രിയാത്മകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ്സിന്‍റെ വികാരം യു.ഡി.എഫില്‍ ഇപ്പോഴും തുടരുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. ആ വികാരവും വരും നാളുകളില്‍ യുഡിഎഫിനെതിരെ തിരിയും. നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ല എന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയാത്തതിന്‍റെ ഫലമാണ് ഈ സംഭവങ്ങള്‍.

കേരളാ കേണ്‍ഗ്രസ്സിന്‍റെ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.