Category: Press Release

വാര്‍ത്താകുറിപ്പ്: 17-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

വളരെ ഗൗരവമുള്ള ഒരു കാര്യം ആദ്യമായി പങ്കുവെക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യം നേരിടുകയാണ്.

തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്ക് ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങില്‍ 83 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്‍റെ ലക്ഷണങ്ങളാണിത്. പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനം ഉണ്ടായിരിക്കുന്നു എന്നാണ് വിലയിരുത്തുന്നത്. ഈ ഗുരുതരസ്ഥിതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.

അതിന്‍റെ വിശദാംശങ്ങളിലേക്ക് വരുന്നതിനുമുമ്പ് ഇന്നത്തെ പൊതുചിത്രം പറയാം.

സംസ്ഥാനത്ത് 791 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,066 ആണ്. ഇന്ന് 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 135 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 98 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7.

ഇന്ന് കോവിഡ്മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു (46)വാണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളി(40)യുടെ സ്രവപരിശോധനാ റിപ്പോര്‍ട്ട് കോവിഡ് പോസിറ്റീവാണ്. സൗദിയില്‍നിന്ന് മടങ്ങിയതായിരുന്നു. കോവിഡ്മൂലമല്ല മരണമുണ്ടായത് എന്നതുകൊണ്ട് കോവിഡ് മരണ പട്ടികയില്‍ ആ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

133 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9.

കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്പിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 6124 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 6029.

ഇതുവരെ ആകെ 2,75,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7610 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 88,903 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 84,454 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആയി.

ഇന്ത്യയില്‍ പത്തു ലക്ഷത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 35,468 പുതിയ കേസുകളും 680 മരണങ്ങളുമുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 4,549 പുതിയ കേസുകളും 69 മരണങ്ങളും കര്‍ണ്ണാടകത്തില്‍ 4,169 പുതിയ കേസുകളും 104 മരണങ്ങളും രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ 1,652 പുതിയ കേസുകളും 58 മരണങ്ങളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് നമുക്കുചുറ്റുമുള്ളത് എന്ന് നാം മനസ്സിലാക്കണം. ഇവിടെയും നാം മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്.

തീരപ്രദേശങ്ങളില്‍ പൂര്‍ണമായി നാളെമുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പു വരെ മൂന്നാമത്തെ സോണുമാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.

ഈ സംവിധാനത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.

ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയമിച്ചു. സോണ്‍ ഒന്ന്: ഹരികിഷോര്‍, യു.വി. ജോസ്. സോണ്‍ രണ്ട്: എം.ജി. രാജമാണിക്യം, ബാലകിരണ്‍. സോണ്‍ 3: വെങ്കിടേശപതി, ബിജു പ്രഭാകര്‍. ഇതിനുപുറമെ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും. ഇതിന് പുറമെ ആരോഗ്യകാര്യങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കും.

തീരമേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകള്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.

കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി.

പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററും തിരുവല്ലയിലെ തുകലശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമാണുള്ളത്. കുമ്പഴയില്‍ 456 റാപിഡ് ആന്‍റീജന്‍ ടെസ്റ്റ് നടത്തിയതില്‍ 46 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുമ്പഴയില്‍ നിന്ന് 361 ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതില്‍ 48 എണ്ണം പോസിറ്റീവായി റിപോര്‍ട്ട് ചെയ്തു. ആകെ 518 ആന്‍റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 73 എണ്ണം പോസിറ്റീവായി.

ആലപ്പുഴ ജില്ലയില്‍ ഇന്നും സമ്പര്‍ക്കംമൂലം 46 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

നൂറനാട് ഐടിബിപി ക്യാമ്പില്‍ രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്നു സ്കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും എറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ ബാരക്ക് പൂര്‍ണമായി ഒഴിപ്പിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്ക് ലാബ് സജ്ജീകരിച്ചുവരികയാണ്. ഓട്ടോമേറ്റഡ് ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ മെഷീന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. യന്ത്രം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ദിവസേന കുറഞ്ഞത് ആയിരം പരിശോധനകള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്‍റെ സാങ്കേതിക സഹായത്തോടെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ലാബ് സജ്ജമാക്കുന്നത്.

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടായത് എട്ടുപേര്‍ക്കാണ്. ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പുതിയ ആര്‍ടി പിസിആര്‍ മെഷീന്‍ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇവിടെ പരിശോധനകള്‍ നടത്താനാകും.

എറണാകുളം ജില്ലയില്‍ മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്‍ ആണുള്ളത്, ചെല്ലാനം, ആലുവ കീഴ്മാട് എന്നിവ. എറണാകുളം മാര്‍ക്കറ്റിലെ രോഗവ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍, ഇന്ന് 115 കേസുകള്‍ പോസിറ്റിവായതും അതില്‍ 76 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ് എന്നതും ആശങ്കയുളവാക്കുന്നതാണ്. ജില്ലയില്‍ ശക്തമായ നിയന്ത്രണം തുടരും.

ചെല്ലാനം പഞ്ചായത്തില്‍ സെന്‍റ് ആന്‍റണിസ് പള്ളിയോട് ചേര്‍ന്നുള്ള ഹാളില്‍ തയ്യാറാക്കുന്ന എഫ്എല്‍ടിസി ഇന്ന് വൈകിട്ടോടു കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.

കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി  പ്രഖ്യാപിച്ചു. ഇന്ന് ഒമ്പതുപേര്‍ മാത്രമാണ് രോഗബാധിതര്‍. ഒരാളുടെ ഉറവിടം വ്യക്തമായിട്ടില്ല.

ഡ്യൂട്ടി കഴിഞ്ഞു വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകരോട് അയല്‍വാസികളും ചില നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യസേവനമാണ്. കുറ്റപ്പെടുത്തുന്നവര്‍ക്ക് രോഗം വന്നാലും നാളെ ഇവര്‍ തന്നെയാണ് പരിചരിക്കേണ്ടത്. അവര്‍ നാടിനു വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനാവശ്യമായി അവിവേകം കാണിക്കാന്‍ ആരും തയ്യാറാകരുത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ പൊതുവെ ഇടപെടുന്ന സ്ഥിതിയുണ്ടാകണം.
 
തൃശൂര്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം 12 ആയി. ഇതുവരെ 202 പേരില്‍ ആന്‍റിജന്‍ പരിശോധന നടത്തി. ഒരാള്‍ മാത്രമാണ് പോസിറ്റീവ്.  

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളത്.  ഇതില്‍ തൂണേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

അഴിയൂര്‍, വാണിമേല്‍, തൂണേരി, നാദാപുരം, ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയും മുഴുവനായും കോഴിക്കോട് കോര്‍പറേഷനിലെ 11 വാര്‍ഡുകളും വില്യാപ്പിള്ളി പഞ്ചായത്തിലെ 5 വാര്‍ഡുകളും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 3 വാര്‍ഡുകളും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലമായ രാജാക്കാട് ഇന്ന് 4 കോവിഡ് കേസുകള്‍ ഉണ്ട്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 26  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 115 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 22ഉം സമ്പര്‍ക്കംമൂലമാണ്. അവിടെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അതത് പ്രദേശത്തെ സാഹചര്യം അനുസരിച്ച് പൊലീസ് ആയിരിക്കും ഗതാഗത നിയന്ത്രണം സംബന്ധിച്ച് നടപടി സ്വീകരിക്കുക. ഓട്ടോ, ടാക്സി സ്റ്റാന്‍റ് അനുവദിക്കില്ല. കൂടാതെ ഇതുവഴി സര്‍വീസ് നടത്തുന്ന ഓട്ടോ, ടാക്സി വാഹനങ്ങളിലെ ഡ്രൈവറുടെയും യാത്രികരുടെയും സീറ്റുകള്‍ ഷീല്‍ഡ് വെച്ച് പ്രത്യേകം വേര്‍തിരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കേസുകള്‍ കുറഞ്ഞു വരികയാണ്. ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കൊല്ലം ജില്ലയില്‍ ജൂലൈ 16ന് 42 കോവിഡ്  പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമല്ല. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. അഞ്ചല്‍, ഏരൂര്‍, ഇടമുളക്കല്‍, തലച്ചിറ, പൊഴിക്കര എന്നിവ നിലവിലെ ക്ലസ്റ്ററുകളാണ്. തെډല, മേലില ഗ്രാമപഞ്ചായത്തുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി.

ക്ളസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായ ക്ളസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ നിലവിലുള്ളത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ളസ്റ്ററുകളാണ്. ഈ ക്ളസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളിലും, രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃതമായ രീതിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുകയും, മറ്റു പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

കൊവിഡിനെക്കുറിച്ച് പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ ചില കാര്യങ്ങളെക്കുറിച്ച് ഇന്നലെ സൂചിപ്പിച്ചിരുന്നു. അപരിചിതമായ പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇത് സ്വാഭാവികമാണ്. പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകുമ്പോള്‍ അശാസ്ത്രീയ മാര്‍ഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണത തന്നെയാണ്. പ്രതിവിധിയായി ശാസ്ത്രീയ പിന്‍ബലമില്ലാത്ത മാര്‍ഗങ്ങളെയും ആശ്രയിക്കാറുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

മറ്റൊരു കൂട്ടര്‍ പറയുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓര്‍മിക്കേണ്ടത് ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്‍റെ പിന്‍ബലമില്ല എന്നതാണ്.

ഈ രോഗം ഭേദപ്പെടുത്താവുന്ന സ്പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്സിന്‍ വികസിപ്പിച്ചിട്ടില്ല. ഒരു വാക്സിന്‍ ഫലപ്രദമാണ് എന്നുറപ്പുവരുത്താന്‍ 12 മുതല്‍ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊവിഡ് 19 ഉമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും.

അതിനുമുമ്പു തന്നെ വാക്സിനും മരുന്നുമൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ ശാസ്ത്രലോകത്തിനു കഴിയട്ടെ എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ശാസ്ത്രലോകം അതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്തബോധമുള്ള ഏതൊരാളും ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തങ്ങളെ അട്ടിമറിക്കാനുതകുന്ന വിധത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുത്.

ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് ഇന്നലെ വൈകുന്നേരം ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.

രോഗം വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സ്വകാര്യ ബസുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കും ബാധകമാണ്. എറണാകുളത്തും വടക്കന്‍ ജില്ലകളിലും മറ്റും ബസുകളില്‍ അമിതമായി തിരക്കുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാന്‍ നിയമനടപടികളെ ആശ്രയിക്കുന്നതിനു പകരം ഓരോരുത്തരും ശ്രദ്ധിക്കുക എന്നതാണ് മുഖ്യമായ കാര്യം.

നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് ഇന്നു വന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ ഒരു പഠന റിപ്പോര്‍ട്ടുള്ളത്. മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ ഒരു സലൂണില്‍ പണിയെടുത്ത കൊവിഡ് ബാധിതരായ രണ്ടു ഹെയര്‍ സ്റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. മെയ് പകുതിയോടെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുവരും രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങള്‍ സ്വീകരിച്ചത്. ശരാശരി 15 മിനിറ്റാണ് ഓരോ ആളിനുമൊപ്പം ഇവര്‍ ചെലവഴിച്ചത്. രോഗബാധിതരായ ഹെയര്‍ സ്റ്റൈലിസ്റ്റുകളുമായി അടുത്തിടപഴകിയിട്ടും ഈ 139 പേര്‍ക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത് ഹെയര്‍ സ്റ്റെലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്ക് ധരിച്ചിരുന്നു എന്നതാണ്. അവരില്‍ പകുതിപേരും ധരിച്ചത് സാധാരണ തുണി മാസ്കുകളാണ്. ബാക്കി ഏറെപ്പേരും ത്രീലെയര്‍ മാസ്കാണ് ധരിച്ചത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇതില്‍ ഒരു ഹെയല്‍ സ്റ്റെലിസ്റ്റിന്‍റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് അടുത്തിടപഴുകുന്ന ഘട്ടങ്ങളില്‍ കൃത്യമായി മാസ്ക് ധരിച്ചാല്‍ രോഗം പടരുന്നത് ഏറെക്കുറെ പൂര്‍ണമായും തടയാനാകും എന്നാണ്. ഈയൊരു ചെറിയ മുന്‍കരുതല്‍ നടപടി വലിയ വിപത്തില്‍ നിന്നു നമ്മെ പ്രതിരോധിക്കുമെങ്കില്‍ ആ പ്രതിരോധവുമായി മുന്നോട്ടു പോകുന്നതാണ് ബുദ്ധി. ഇക്കാര്യത്തില്‍ പരസ്പരം പ്രേരിപ്പിക്കാനും കഴിയണം.

മാസ്ക് ധരിക്കാത്ത 4944 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 12 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
എച്ച്. വി. ഡി. സി ലൈന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വലിയ നേട്ടങ്ങളുണ്ടായിട്ടുള്ള ഒരു മേഖലയാണ് വൈദ്യുതി. എടമണ്‍ കൊച്ചി പവര്‍ഹൈവേ അടക്കം ഈ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.  കേരളത്തിന്‍റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നില്‍ക്കണ്ടുകൊണ്ട് നമ്മുടെ വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഈ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് എച്ച്വിഡിസി ലൈനും സബ്സ്റ്റേഷനും.

തമിഴ്നാട്ടിലെ പുഗലൂര്‍ നിന്ന് തൃശൂര്‍ മാടക്കത്തറയിലേക്ക് നിര്‍മിക്കുന്ന എച്ച്വിഡിസി ലൈനും സബ്സ്റ്റേഷനും ഈ ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരുന്നതിന് എച്ച്വിഡിസി സാങ്കേതികവിദ്യ ഫലപ്രദമാണ് എന്നു കണ്ടുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സാധാരണ ഇത്തരം പദ്ധതികള്‍ക്കെതിരെ പല തരത്തിലുള്ള എതിര്‍പ്പുകള്‍ഉണ്ടാകാറുണ്ട്. എന്നാല്‍, ഏറ്റെടുക്കുന്ന ഭൂമിക്ക് സ്പെഷ്യല്‍ പാക്കേജ് നടപ്പാക്കി നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സമയബന്ധിതമായി പദ്ധതി മുമ്പോട്ടുപോകുന്നത്. 2018 മെയ് മാസത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 138 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും 27 കിലോമീറ്റര്‍ യുജി കേബിളുമാണ് 320 കെവി ഡിസി ലൈനില്‍ ഉള്ളത്. 90 ശതമാനം ജോലികളും പൂര്‍ത്തിയായി.

കൊവിഡ് 19  നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗതയെ ബാധിച്ചിട്ടുണ്ടെങ്കിലും 2020 ഒക്ടോബറോടെ ഇത് പൂര്‍ത്തിയാകും. സബ്സ്റ്റേഷന്‍റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഒക്ടോബറില്‍ ലൈന്‍ ചാര്‍ജ് ചെയ്യുന്നതോടെ സബ്സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകും. ആകെ 1474 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ കഴിയും. ഈ സര്‍ക്കാര്‍ കാലത്ത് ആരംഭിച്ച് ഈ സര്‍ക്കാര്‍ കാലത്തുതന്നെ പൂര്‍ത്തിയാക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് ഇത്.

വാര്‍ത്താകുറിപ്പ്: 16-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
722 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. ഇന്ന് അത് 10,275 ആണ്.

ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 62 പേര്‍. സമ്പര്‍ക്കം 481. അതില്‍ ഉറവിടമറിയാത്തത് 34. ആരോഗ്യപ്രവര്‍ത്തകര്‍ 12. ബിഎസ്എഫ് 5, ഐടിബിപി 3.

രണ്ടു മരണമുണ്ടായി. തൃശൂര്‍ ജില്ലയിലെ തമ്പുരാന്‍പ്പടി സ്വദേശി അനീഷ് (39), കണ്ണൂര്‍ ജില്ലയിലെ പുളിയേനമ്പറം സ്വദേശി മുഹമ്മദ് സലീഹ് (25) എന്നിവരാണ് മരണമടഞ്ഞത്. അനീഷ് ചെന്നെയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദില്‍നിന്നു വന്നതാണ്.

228 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7, ഇടുക്കി 6, എറണാകുളം 7, തൃശൂര്‍ 8, പാലക്കാട് 72, മലപ്പുറം 37, കോഴിക്കോട് 10, വയനാട് 1, കണ്ണൂര്‍ 8, കാസര്‍കോട് 23.

കഴിഞ്ഞ 24 മണിക്കൂറിനകം 16,052 സാമ്പിളുകള്‍ പരിശോധിച്ചു. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേര്‍ ആശുപത്രികളില്‍.  ഇന്നു മാത്രം 804 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 5372.

ഇതുവരെ ആകെ 2,68,128 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7797 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 85,767 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 81,543 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 271 ആയി.

സംസ്ഥാനത്ത് ഇപ്പോള്‍ പത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ആകെ 84 ക്ലസ്റ്ററുകള്‍ ഉണ്ട്.

ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രദേശത്തേയും ആളുകള്‍ അതത് പ്രദേശങ്ങളില്‍ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തില്‍ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവര്‍ത്തനം നടത്തണം.

ആവര്‍ത്തിച്ചുറപ്പിക്കേണ്ടത് ശാരീരിക അകലം പാലിക്കുക, കൈകഴുക, മാസ്ക് ധരിക്കുക എന്നീ ബ്രേക്ക് ദി ചെയിന്‍ ജീവിത രീതികള്‍ തന്നെയാണ്. രോഗികളാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സാമൂഹ്യമായി അകറ്റി നിര്‍ത്താതിരിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണം. അവര്‍ക്കാവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

പൊതുജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകള്‍ എത്തേണ്ട സ്ഥലങ്ങളില്‍ സാനിറ്റൈസറുകള്‍ ലഭ്യമാക്കണം. സമൂഹത്തില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കുന്നതിനും അവശരായവരെ സംരക്ഷിക്കുന്നതിനും എല്ലാവരും മുന്‍ഗണന കൊടുക്കണം. കോവിഡ് വ്യാപനത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബഹുജന-മഹിള-യുവജന-ശാസ്ത്ര സംഘടനകളെല്ലാം ബ്രേക്ക് ദി ചെയിന്‍ മൂന്നാംഘട്ട പ്രചാരണപരിപാടി വമ്പിച്ച ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തി വിജയിപ്പിക്കാന്‍ മുന്നോട്ടുവരണം എന്ന് അഭ്യര്‍ത്ഥിക്കട്ടെ.

പുതിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം റിസള്‍ട്ട് ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും. അതിനാവശ്യമായ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കും. സ്വകാര്യ ലാബുകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാ കേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം നല്‍കും.
എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. 100 കിടക്കകളെങ്കിലുമുള്ള സെന്‍ററാണ് ഓരോ പഞ്ചായത്തിലും ആരംഭിക്കുക. ഇതിന്‍റെ നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും.

ആരോഗ്യപ്രവര്‍ത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് തീരുമാനം. ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയില്‍ സേനയെപ്പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും പ്രവര്‍ത്തിക്കുന്നവരും ആരോഗ്യമേഖലയില്‍ നിയോഗിക്കാന്‍ കഴിയുന്ന, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം കൊണ്ടു മാത്രമാണ് നമുക്കു മുന്നേറാന്‍ കഴിയുക. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതില്‍ ഇതുമായി സഹകരിപ്പിക്കും. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് 301 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടം തിരിച്ചറിയാത്ത 16 പേര്‍ വേറെയും. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 ജീവനക്കാര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണിത്.

ഇന്ന് അതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 17 എണ്ണം പോസിറ്റീവാണ്. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അവിടെനിന്നുള്ള ഫലം ഇനിയും വരാനുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറുകണക്കിനുപേരാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നു പോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുക എന്നതു തന്നെ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.  

മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്നാട്ടുകാരായതിനാല്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ട്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന മറ്റു സ്ഥാപനങ്ങളുമുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ഉള്‍പ്പെടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന തലസ്ഥാന നഗരത്തിലാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ഒരു നിയന്ത്രണവും പാലിക്കാതെ ഒരു കടയില്‍ ആളുകള്‍ ചെല്ലുകയും സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുപോകുന്ന അനുഭവം നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ടതാണ്. തലസ്ഥാനത്തിന്‍റെ ഈ അനുഭവം മുന്‍നിര്‍ത്തി പ്രത്യേക പ്രതിരോധ നടപടികള്‍ പുനഃക്രമീകരിക്കും.

തുണിക്കടയില്‍ ഇത്ര വലിയ രോഗബാധ വന്നെങ്കില്‍ സമൂഹത്തില്‍ എത്രമാത്രം അപകടം വിതച്ചിരിക്കുമെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടിയന്തര പ്രാധാന്യം നല്‍കി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയവര്‍ പെട്ടെന്നു തന്നെ അടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ആവശ്യമായ പരിശോധന നടത്തുന്നതിന് സ്വയമേവ തന്നെ മുന്നോട്ടു വരണം.  

എറണാകുളത്ത് ഇന്ന് 57 പേര്‍ക്ക് രോഗം ബാധിച്ചതില്‍ പുറത്തുനിന്നു വന്ന ആറുപേര്‍ മാത്രമാണുള്ളത്. സമ്പര്‍ക്കത്തിലൂടെ 47, ഹെല്‍ത്ത്വര്‍ക്കര്‍ 1, ഉറവിടമറിയാത്തത് 3 എന്നതാണ് നില. ജില്ലയില്‍ ഇന്നലെ മൂന്നു സ്ഥലങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ആയി. എല്ലാ പഞ്ചായത്തുകളിലും എഫ്എല്‍ടിസികള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പ്രസിഡന്‍റുമാര്‍ക്കും നിര്‍ദേശം നല്‍കി.

കോഴിക്കോട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 15ന് 64 പേര്‍ക്കും 14ന് 58 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകരെ വിലക്കി. 5,000 പേര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ പെട്ടെന്നു തന്നെ പുതുതായി സജ്ജമാക്കും.

ആലപ്പുഴ ജില്ലയില്‍ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഓഡിറ്റോറിയങ്ങള്‍, സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ടെത്തി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഐടിബിപി ക്യാമ്പില്‍ കൂടുതല്‍ രോഗബാധിതര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഐടിബിപി ക്യാമ്പിനുസമീപം സജ്ജീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കുന്നംകുളം നഗരസഭയില്‍ 8 ഡിവിഷനുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍  രോഗവ്യാപനസാധ്യത കൂടുന്ന സാഹചര്യമാണുള്ളത്. പൊന്നാനി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. പൊന്നാനി താലൂക്കില്‍ സമ്പര്‍ക്കമൂലം 130 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  പൊന്നാനി താലൂക്ക് പരിധിയിലെ നന്നംമുക്ക്, തവനൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളിലൊഴികെയുളള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

മത്സ്യതൊഴിലാളികള്‍, സെയില്‍സ്മാന്‍, പെയിന്‍റിങ് തൊഴിലാളി, നിര്‍മാണ തൊഴിലാളി, ആംബുലന്‍സ് ഡ്രൈവര്‍, ആശവര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലും കോവിഡ് പോസിറ്റിവായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ ബാക്കിയുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നത്. നന്നംമുക്ക്, തവനൂര്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആന്‍റിജന്‍ ടെസ്റ്റില്‍ തവനൂരില്‍ ഒരാള്‍ക്കാണ് രോഗം.  

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനസജ്ജമായി. 1200ലധികം കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സര്‍വകലാശാല വനിത ഹോസ്റ്റലിലാണ് ഒരുക്കിയിട്ടുള്ളത്.

കൊല്ലത്ത് സമ്പര്‍ക്കം വഴി രോഗവ്യാപനം തടയാന്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചു. പ്രത്യേക നിരീക്ഷണം ആവശ്യമായി കണ്ടെത്തിയ നാലു പഞ്ചായത്തുകള്‍ കൂടി കണ്ടയിന്‍മെന്‍റ് സോണുകളായി.

അഞ്ചല്‍, ഏരൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ മത്സ്യകച്ചവടക്കാരെ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി  കണ്ടെത്തിയിട്ടുണ്ട്. പരവൂര്‍ നഗരസഭയില്‍ ജാഗ്രത വര്‍ധിപ്പിച്ചു. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസ്  നിരീക്ഷണം നടത്തിവരുന്നുണ്ട്.

കാസര്‍കോട് ജില്ലയില്‍ ഇന്നലെ മാത്രം സമ്പര്‍ക്കം വഴി 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള (26), മഞ്ചേശ്വരം (10), മധൂര്‍ (09), കാസര്‍കോട് നഗരസഭ (മൂന്ന്),  കുമ്പള (2), മുളിയാര്‍ (2), ചെറുവത്തൂര്‍ (1), മീഞ്ച (1) എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആകെ രോഗം സ്ഥിരീകരിച്ച 18 പേരില്‍ എട്ടുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. മൂന്നുപേരുടെ ഉറവിടം അറിയില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇത് ചിലര്‍ പാലിക്കുന്നില്ല.

ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും. കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന  കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി.

സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തുന്ന എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി  ശേഖരിച്ച് വിപണനം നടത്തും.

കോവിഡ് 19 മഹാമാരിയെ നിസ്സാരവല്‍ക്കരിക്കുന്ന കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. ഈ രോഗം വന്നു മാറുന്നതാണ് നല്ലതെന്നും വിദേശത്തൊക്കെ ആളുകള്‍ ഒരുമിച്ച് തിങ്ങിപ്പാര്‍ത്തിട്ടും വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല എന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. കാര്യമായ ജാഗ്രതയുടെ ആവശ്യമില്ല എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ കാതല്‍. പക്ഷേ, ഇവര്‍ പ്രധാനപ്പെട്ട ചില വസ്തുതകള്‍ കാണുന്നില്ല. അല്ലെങ്കില്‍ അത്യന്തം ഹീനമായ ഉദ്ദേശ്യങ്ങള്‍ ഇത്തരക്കാര്‍ക്കുണ്ട്.

കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഡെത്ത് പെര്‍ മില്യണ്‍ അഥവാ പത്തു ലക്ഷത്തിലെത്ര പേര്‍ മരിച്ചു എന്ന കണക്കാണ്  മരണത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോല്‍. രോഗം പടര്‍ന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെര്‍ മില്യണ്‍ എത്രയെന്ന് നമുക്ക് നോക്കാം. യുഎഇയിലെ ഡെത്ത് പെര്‍ മില്യണ്‍ 34 ആണ്.

ആ തോതിലായിരുന്നു കേരളത്തില്‍ മരണങ്ങള്‍ നടന്നതെങ്കില്‍ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിനു സമാനമായി 93 ആയിരുന്നു ഇവിടത്തെ ഡെത്ത് പെര്‍ മില്യണ്‍ എങ്കില്‍ കേരളത്തിലെ മരണസംഖ്യ മൂവായിരത്തിലധികമാകും. അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കില്‍ 14,141 പേര്‍ കേരളത്തില്‍ രോഗത്തിനു ഇരയായി മരണമടഞ്ഞേനെ. സ്വീഡനുമായി താരതമ്യപ്പെടുത്തിയാല്‍ അത് 18,426 ആകും.

നമ്മുടെ സമൂഹത്തിന്‍റെ അശ്രാന്ത പരിശ്രമത്തിന്‍റേയും ജാഗ്രതയുടേയും ഫലമായി കേരളത്തിലെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ കൂടാതെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. അതായത് ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഒന്നിലും താഴെയാണ് ഇവിടത്തെ മരണ സംഖ്യ.

നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വസ്തുത മേല്‍പറഞ്ഞ രാജ്യങ്ങളിലേക്കാളൊക്കെ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം എന്നതാണ്. ഇന്ത്യയുടെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയില്‍ അധികമാണ് കേരളത്തിന്‍റേത്. ഇറ്റലിയിലെ ജനസാന്ദ്രതയുടെ ഏതാണ്ട് നാലിരട്ടിയാണ് നമ്മുടെ ജനസാന്ദ്രത. അതുകൊണ്ടുതന്നെ വളരെ വേഗം രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പ്രദേശമാണ് നമ്മുടേത്. അങ്ങനെ ഉണ്ടായാല്‍ മരണനിരക്ക് തീര്‍ച്ചയായും വര്‍ധിക്കും.  വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും മറ്റു രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും ഈ രോഗം മാരകമായിത്തീരുമെന്ന് നാം മറക്കരുത്.

നമ്മുടെ കരുതലിലും പ്രതിരോധത്തിലും വീഴ്ചകള്‍ ഉണ്ടായാല്‍ ഇതേതു നിമിഷവും വലിയ ദുരന്തമായി മാറും.  ഒരു കാരണവശാലും ഒരു തെറ്റായ അറിവിന്‍റേയും പുറത്ത് നമ്മള്‍ വീഴ്ച വരുത്തരുത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്നേ തീരൂ.

കോവിഡ് 19 പ്രതിരോധരംഗത്ത് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. എത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചാലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ  സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ക്വാറന്‍റൈന്‍ കേന്ദ്രം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

സമ്പര്‍ക്കം വഴിയുളള രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററും പൊലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകള്‍ ഇന്നലെ മുതല്‍ ശിശുസൗഹൃദമായി. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രഖ്യാപിച്ച ‘ചിരി’ എന്ന പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചു.

തിങ്കളാഴ്ച കര്‍ക്കിടക വാവാണ്. ബലിതര്‍പ്പണത്തിന്‍റെ ദിവസമാണത്. ലക്ഷകണക്കിനു വിശ്വാസികള്‍ വാവുദിവസം ബലിതര്‍പ്പണം നടത്താറുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തില്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനമുണ്ടാകുന്ന കൂടിച്ചേരലുകള്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ എല്ലാ തലങ്ങളിലും ശ്രദ്ധയുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ചില പ്രധാന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേരാറുണ്ട്. ഈ രോഗവ്യാപനഘട്ടത്തില്‍ അത് വലിയ തോതില്‍ പ്രയാസമുണ്ടാക്കുമെന്ന് എല്ലാവരും മനസ്സിലാക്കണം.

കോവിഡ് രോഗം രൂക്ഷമായി ബാധിച്ചശേഷം സുഖംപ്രാപിച്ചവരില്‍ പലര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തും.

മാസ്ക് ധരിക്കാത്ത 5199 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

പദ്ധതി അവലോകന യോഗം
ജനുവരി ഒന്നിന് പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി വിലയിരുത്തി. ഒരു കോടി വൃക്ഷത്തൈ നടുന്ന കാര്യത്തില്‍ ആദ്യഘട്ടം നാം വിജയിച്ചു. അതിന്‍റെ പരിപാലനമാണ് ഇനി വളരെ പ്രധാനം. അക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ ഇതില്‍ സജീവമായി ഭാഗഭാക്കാണ്. ബ്ലോക്ക് തലത്തില്‍ നഴ്സറികള്‍ ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും. കൃഷിവകുപ്പിലേതു പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചെടികള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. അങ്ങനെ വന്നാല്‍ നാം വിതരണം ചെയ്യുന്ന ചെടികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിപ്പിക്കാനാകും.  അതുകൊണ്ടാണ് ബ്ലോക്ക് തലത്തില്‍ നഴ്സറികള്‍ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചത്.

റെയിന്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണം ആഗസ്റ്റ് മാസത്തോടെ പൂര്‍ത്തികരിക്കാനാകും. ആയിരം ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഇത് നല്ല രീതിയില്‍ വിജയമാവുകയാണ. അതില്‍ 285 എണ്ണം പൂര്‍ത്തിയായി. 354 എണ്ണം ആഗസ്റ്റ് 15നുള്ളിലും 361 എണ്ണം ആഗസ്റ്റ് 31നകവും പൂര്‍ത്തികരിക്കും. നമ്മുടെ നാടിന്‍റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതാണ് റെയ്ന്‍ ഷെല്‍ട്ടറുകള്‍. വിദേശ രാജ്യങ്ങളില്‍ ഗ്രീന്‍ ഹൗസാണ് ഉള്ളത്. നമുക്ക് ഇത് മതിയാകും. നല്ല മാറ്റം കാര്‍ഷിക രംഗത്ത് ഉണ്ടാക്കാന്‍ ഇതുവഴി സാധിക്കും.

ആഗസ്റ്റ് മാസത്തോടെ റോഡ് അറ്റകുറ്റ ജോലികള്‍ തുടങ്ങും. രണ്ടുഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. ഒന്നാം ഘട്ടത്തില്‍ 2011 റോഡുകളുടെയും രണ്ടാം ഘട്ടത്തില്‍ 2118 റോഡുകളുടെയുമാണ് അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുക.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

മത്സ്യകൃഷി ചെയ്യാന്‍ പൊതുകുളങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ നടപടികളായി. ആഗസ്റ്റ് മാസത്തോടെ നടപടി പൂര്‍ത്തികരിക്കും. ഇതിനാവശ്യമായ മത്സ്യകുഞ്ഞുങ്ങളെ എല്ലായിടത്തും എത്തിക്കാന്‍ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം മോണിറ്റര്‍ ചെയ്യണം.

ഗതാഗത വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും യോജിപ്പ് കെഎസ്ആര്‍ടിസി ടോയ്ലറ്റുകള്‍ നവീകരിക്കും.

സാമൂഹിക സന്നദ്ധസേനയില്‍ 3.55 ലക്ഷം വളണ്ടിയര്‍മാരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഗണ്യമായ വിഭാഗം സജീവമായി നിലവില്‍ രംഗത്തുണ്ട്. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കീം പരീക്ഷ
കീം 2020 പരീക്ഷയെക്കുറിച്ച് ഇന്നലെ പറഞ്ഞിരുന്നല്ലൊ. പരീക്ഷ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഫയര്‍ഫോഴ്സ്, പൊലീസ്, കെഎസ്ആര്‍ടിസി, അധ്യാപകര്‍ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നു. മാതൃകപരമായ പ്രവര്‍ത്തനമാണ് സന്നദ്ധ സേന പ്രവര്‍ത്തകര്‍ കാഴ്ചവെച്ചത്. 336 പരീക്ഷാകേന്ദ്രങ്ങളിലായി നാലായിരത്തോളം സന്നദ്ധ സേന പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

സാനിട്ടെസര്‍ നല്‍കുക, സാമൂഹിക അകലം പാലിക്കുക, തെര്‍മല്‍ സ്കാനര്‍ ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവര്‍ ഏറ്റെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സുരക്ഷിതമായി പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അഭിനന്ദനവും അറിയിക്കട്ടെ.

ഗെയില്‍ പൈപ്പ് ലൈന്‍
നമ്മുടെ സംസ്ഥാനത്തിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തീകരിച്ച് കൊച്ചിയില്‍ നിന്നും മാംഗളൂരിലേക്ക് ഗെയില്‍ പൈപ്പിലൂടെ ഗ്യാസ് എത്തിക്കാന്‍ നമുക്ക് സാധിക്കും.

കൊച്ചി-മംഗലാപുരം ലൈനില്‍ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് വലിക്കാന്‍ ആവശ്യമായ ജോലികള്‍ ആയിരുന്നു ബാക്കിയുണ്ടായിരുന്നത്. പൈപ്പ് ഇടുന്നതിനാവശ്യമായ രീതിയില്‍ മണ്ണിനടിയിലൂടെ 1500 മീറ്റര്‍ തുളച്ചു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന പ്രവൃത്തി ഉടനടി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

സഹായം
പുറമേരികടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിടുന്ന സ്കൂളിലെ 50 കുട്ടികള്‍ക്ക് ടിവിയും 150 കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കൈമാറി. 40 ടിവി പൂര്‍വ്വ വിദ്യാര്‍ത്ഥികളും 10 ടിവി സന്നദ്ധ സംഘടനകളുമാണ് നല്‍കിയത്.

ദുരിതാശ്വാസം

എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി 1,00,500 രൂപ.

എഐഎസ്എഫ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി 30,000 രൂപ.

വയലാര്‍ രാമവര്‍മ്മ സ്മാരക വായനശാല, എസ് എല്‍ പുരം 10,000 രൂപ.

വാര്‍ത്താകുറിപ്പ്: 15-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
623 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.  

ഇന്ന് രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഹെല്‍ത്ത് വര്‍ക്കര്‍ 9, ഡിഎസ്സി 9.

ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (57) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

196 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17.

കഴിഞ്ഞ 24 മണിക്കൂറിനകം 16,444 സാമ്പിളുകള്‍ പരിശോധിച്ചു. 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളില്‍.  ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേര്‍ക്കാണ്. ഇന്നു മാത്രം 602 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 4880.

ഇതുവരെ ആകെ 2,60,356 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7485 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82,568 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 78,415 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 234 ആയി. ഇന്ന് 16 പ്രദേശങ്ങള്‍ പുതുതായി ഹോട്ട്സ്പോട്ടായി.

തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ നേതൃപരമായ പങ്കാണ് നിര്‍വഹിക്കുന്നത്. പ്രാദേശികതലത്തില്‍ സൗകര്യങ്ങളും ഏകോപനവും ഉറപ്പുവരുത്താന്‍ സ്തുത്യര്‍ഹമായ ഇടപെടല്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നു. ഇതിനായുള്ള ചെലവുകള്‍ക്ക് ഒരു തടസ്സവും ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്.

1. തദ്ദേശസ്ഥാപനങ്ങളുടെ രണ്ടു ഗഡു പ്ലാന്‍ഫണ്ട് നല്‍കിക്കഴിഞ്ഞു. മൂന്നാംഗഡു അടുത്തയാഴ്ച അനുവദിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്‍റൈന്‍, റിവേഴ്സ് ക്വാറന്‍റൈന്‍, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കല്‍, കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ഡിപിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാവുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ഏര്‍പ്പെടുത്തും. ഡിപിസികള്‍ ഇത്തരം പ്രൊജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതിയാകും.

2. ഇത്തരത്തില്‍ പ്രൊജക്ടുകള്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തില്‍ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദനീയമായ പ്രൊജക്ടുകള്‍ക്കുള്ള തുക ജില്ലാ കലക്ടറില്‍നിന്നും റീ ഇമ്പേഴ്സ്മെന്‍റായി അനുവദിക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പണം പ്ലാന്‍ഫണ്ടിന്‍റെ ഭാഗമായി അധികമായി അനുവദിക്കുന്നതാണ്.

3. ദുരിതാശ്വാസ നിധിയില്‍നിന്നും ആവശ്യമായ അധിക പണം ലഭ്യമാക്കുന്നതിന് നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് സിഎംഡിആര്‍എഫില്‍നിന്നും അവര്‍ക്ക് അധിക പണം ലഭ്യമാക്കുന്നതാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായി പ്രതിസന്ധികളുണ്ടാകരുത് എന്നതുകൊണ്ടാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്. പണമില്ല എന്ന കാരണത്തിന്‍റെ പേരില്‍ കോവിഡ് പ്രതിരോധം മുടങ്ങാന്‍ പാടില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുപോകണം.

ജീവന്‍റെ വിലയുള്ള ജാഗ്രത
ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘ജീവന്‍റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയര്‍ത്തിയാണ് മൂന്നാംഘട്ട ക്യാമ്പയിന്‍.

കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് 19 വ്യാപനത്തിന്‍റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഒരു പ്രധാന ജാഗ്രത നിര്‍ദ്ദേശം കൂടി പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്. ‘ആരില്‍ നിന്നും രോഗം പകരാം’ എന്നതാണ് അത്.

നമ്മള്‍ ഒരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴില്‍ ഇടങ്ങള്‍,വാഹനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളില്‍ നിന്നും മിനിമം രണ്ടു മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളില്‍ നിന്നു കൊണ്ട് മാസ്ക് ധരിച്ചും സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.
 
രോഗവ്യാപനത്തിന്‍റെ ഈ ഘട്ടത്തില്‍ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതില്‍ മരണങ്ങള്‍ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിര്‍ത്താന്‍ കഴിയുന്നത് നമ്മള്‍ പുലര്‍ത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്. നമ്മുടെ ജനതയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ് നമ്മള്‍. അതുകൊണ്ട് ‘ജീവന്‍റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാം.

വിവിധ ജില്ലകളില്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോരുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ പരിശോധനകളുമാണ് എല്ലാ മേഖലകളിലും നടത്തുന്നത്.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. തലസ്ഥാന ജില്ലയിലെ സ്ഥിതിഗതികള്‍ ഗൗരവതരായി തന്നെ തുടരുന്നു എന്നതിന്‍റെ സൂചനയാണിത്.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി പൂന്തുറ സെന്‍റ് തോമസ് സ്കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ അടിയന്തര സാഹചര്യത്തില്‍ തയ്യാറാക്കുകയാണ്. തിരുവനന്തപുരം കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് അടയന്തര പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കുന്നത്. 500 മുതല്‍ 750 വരെ ഒരേസമയം അക്കോമെഡേറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ആര്‍സലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ സ്ഥാപിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിന് സമാനമായ എല്ലാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

എറണാകുളത്ത് ആലുവ, ചെല്ലാനം, കീഴ്മാട് പഞ്ചായത്തുകളാണ് രോഗബാധ കൂടുതലായുള്ള പ്രദേശങ്ങള്‍. ഇന്ന് സ്ഥിരീകരിച്ച 72 പേരില്‍ സമ്പര്‍ക്കം 64. പ്രദേശത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്ലാനം പഞ്ചായത്തില്‍ ആകെ 544 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 70 ഫലങ്ങള്‍ പോസിറ്റീവ് ആയി. ആലുവയില്‍ 516 പേരുടെ പരിശോധന നടത്തി. 59 പേരാണ് ആലുവയില്‍ പോസിറ്റീവ് ആയത്. എറണാകുളം മാര്‍ക്കറ്റില്‍ 182 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. 20 പേരുടെ ഫലം പോസിറ്റീവ് ആയി.

ചെല്ലാനം പഞ്ചായത്തില്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ ചുമതലപ്പെടുത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച എറണാകുളം മാര്‍ക്കറ്റില്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാന്‍ സാധിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ രാജാക്കാട് മേഖലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടുതലാണ്. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് 55 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയ വെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പര്‍ക്കംമൂലം രോഗം കൂടുതലുള്ള മേഖല. കണ്ണൂര്‍ വിമാനത്താവള ഡ്യൂട്ടിയിലുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇവിടെ താമസിക്കുന്നത്. ഇതിനകം 70ലേറെ പേര്‍ക്ക് ഇവിടെ കൊവിഡ് ബാധയുണ്ടായി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് സന്ദര്‍ശിച്ച് ക്വാറന്‍റൈന്‍ ശക്തിപ്പെടുത്താന്‍ ക്രമീകരണങ്ങള്‍ നടത്തി.

കണ്ണൂര്‍ കണ്ടോണ്‍മെന്‍റ് ഏരിയയിലെ ഡിഎസ്സി സെന്‍ററിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധയുണ്ടായത്. കൂടുതലും സമ്പര്‍ക്കം വഴിയാണ്. ഡിഎസ്സി സെന്‍റര്‍ ഉള്‍പ്പെടുന്ന കണ്ടോണ്‍മെന്‍റ് ഏരിയയിലെ ആറ് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. നൈറ്റ് കര്‍ഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികില്‍സയ്ക്കായി ആര്‍മി ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ സമ്പര്‍ക്ക രോഗബാധ കൂടിയ സ്ഥലങ്ങളോ പ്രത്യേക ക്ലസ്റ്ററുകളോ രൂപപ്പെട്ടിട്ടില്ല.

തൃശൂരില്‍ ബിഎസ്എഫ് ക്യാമ്പ് കൈനൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, തൃശൂര്‍ കോര്‍പറേഷന്‍, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പൊറത്തിശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, പെരിമീറ്റര്‍, ബഫര്‍ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കോവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളും നിലവിലില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം, മുള്ളന്‍കൊല്ലി പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മീനങ്ങാടി പഞ്ചായത്ത് പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രണ്ട് സംസ്ഥാന അതിര്‍ത്തികളുള്ള ജില്ലയാണെന്നതിനാല്‍ വലിയ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ജില്ലയാട് വയനാട്. അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രാദേശിക വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇവിടെയും ഭീഷണിയുണ്ട്. ജനങ്ങള്‍ ചെക്ക്പോസ്റ്റ് ഒഴിവാക്കി കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഈ വാഹനങ്ങള്‍ തിരിച്ചറിയാനും വഴിയില്‍ തങ്ങുന്നത് തടയാനും ജില്ലാ പൊലീസിന്‍റെ നേതൃത്വത്തില്‍ വഴിക്കണ്ണ് എന്ന പേരില്‍ വിവിധ വര്‍ണങ്ങളിലുള്ള സ്റ്റിക്കറുകള്‍ പതിച്ച് തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ നിലവില്‍ കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ചേര്‍ത്തല താലൂക്കും കായംകുളം നഗരസഭയും മറ്റ് ആറ് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

കാസര്‍കോട് ജില്ലയില്‍ സ്ഥിതി വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കമൂലമാണ് രോഗമുണ്ടായത്. 9 പേരുടെ ഉറവിടമറിയില്ല. സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള പഞ്ചായത്തുകള്‍ ചെങ്കള, മധൂര്‍ എന്നിവയാണ്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂരില്‍ 15 പേരും കോവിഡ് ബാധിതരായി. കര്‍ണ്ണാടക സംസ്ഥാനത്ത് നിന്ന് ഊടുവഴികള്‍ വഴി ആളുകള്‍ അനധികൃതമായി കടന്നുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഊടുവഴികളിലൂടെ ഉള്ള അനധികൃതമായ കടന്നുവരവ് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട്ട് 64 പേര്‍ക്ക് ഇന്ന് രോഗബാധയുണ്ടായതില്‍ ഒരാള്‍ മാത്രമാണ് പുറത്തുനിന്ന് വന്നത്. 62 പേര്‍ സമ്പര്‍ക്കം. ഒരാളുടെ ഉറവിടം അറിയില്ല. തൂണേരി, നാദാപുരം പഞ്ചായത്തുകളാണ് ജില്ലയില്‍ സമ്പര്‍ക്കംമൂലം രോഗബാധ കൂടുതലുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടുപേരില്‍നിന്നാണ് ഇവിടങ്ങളില്‍ 53 പേര്‍ക്ക് രോഗം പകര്‍ന്നത്.  

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 കേസുകള്‍ കൂടിവരുന്നത് പൊന്നാനി താലൂക്കിലാണ്. പൊന്നാനി നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും റാപ്പിഡ് ആന്‍റിജെന്‍ ടെസ്റ്റ് നടത്തിവരുന്നു. അതിതീവ്ര മേഖലയായ പൊന്നാനിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനിയും രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.

കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളത് പാറത്തോട് ഗ്രാമപഞ്ചായത്തിലാണ്. ഇന്നു മാത്രം അവിടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്‍റെ എട്ടാം വാര്‍ഡില്‍ 15 പേര്‍ കോവിഡ് ബാധിതരാണ്. ഇതുവരെ ജില്ലയില്‍ സമ്പര്‍ക്കം മുഖേന 72 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയയിലുണ്ടായിരുന്ന 14 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇവര്‍ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ പിന്തുണയോടെ ജില്ലാതല സംഘത്തെ പാറത്തോട്ടില്‍ നിയോഗിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ ചവറ, പډന, ശാസ്താംകോട്ട, പോരുവഴി, വെളിയം, ഗ്രാമ പഞ്ചായത്തുകളാണ്.    

പത്തനംതിട്ട നഗരസഭയിലെ കുമ്പഴ മേഖലയാണ് രോഗബാധ കൂടിയ സ്ഥലം. ഇന്ന് രോഗബാധയുണ്ടായ 64 പേരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. നാലുപേരുടെ ഉറവിടം അറിയില്ല.

ലോക്ക്ഡൗണ്‍ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 3,63,731ഉം വിദേശത്തു നിന്നു വന്നവര്‍ 2,17,757ഉം ആണ്. വന്നവരില്‍ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അവരില്‍ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നും ആണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളും എത്തിയത് റോഡ് മാര്‍ഗം ആണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.64 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.18 ശതമാനം പേര്‍ റെയില്‍വേ വഴിയും കേരളത്തിലെത്തി.

ഹ്രസ്വകാല സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 58,169 ആളുകളാണ്. അവരില്‍ 27,611 പേര്‍ക്ക് പാസ് ഇതിനോടകം അനുവദിച്ചു. പതിവു സന്ദര്‍ശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരില്‍ 8299 പേര്‍ക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദര്‍ശകര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിട്ടുള്ളത് തമിഴ്നാട്ടില്‍ നിന്നുമാണ്.

പെന്‍ഷന്‍ വിതരണം
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക.

സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.

ലൈഫ് മിഷന്‍
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന വിവരം കഴിഞ്ഞദിവസം പറഞ്ഞിരുന്നല്ലൊ. ഭവനരഹിതരായ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ മാത്രം പോരാതെ വരും. ഈ സാഹചര്യത്തിലാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് സുമനസ്സുകളുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് സ്ഥലം ലൈഫ് മിഷനു വേണ്ടി വിനിയോഗിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അതില്‍ നിന്ന് 3 സെന്‍റ് സ്ഥലം വീതം 12 ഗുണഭോക്താക്കള്‍ക്കായി വീതിച്ചു നല്‍കും. ഇതില്‍ ഏഴ് സെന്‍റ് സ്ഥലം പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിവെയ്ക്കും. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം റോട്ടറി ഇന്‍റര്‍നാഷണല്‍ ആറുലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

2018ല്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിനായി സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കമാകും. കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 2000 വീടുകള്‍ നിര്‍മിക്കാനാണ്  തീരുമാനിച്ചിരുന്നത്. സമയബന്ധിതമായിത്തന്നെ പ്രഖ്യാപിച്ച മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി, ഗുണഭോക്താക്കള്‍ക്ക്  കൈമാറാന്‍ സാധിച്ചു.
 
ഭൂരഹിത-ഭവനരഹിതര്‍ക്കായുള്ള ഫ്ളാറ്റുകളുടെ നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്. ഇതിനായി 14 ജില്ലകളിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്.

കോവിഡ് 19ന്‍റെ ആശങ്കകള്‍ക്ക് ഇടയിലും ലൈഫ് മിഷന്‍റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

പുസ്തകവിതരണം
2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ട്. മേയ് 15 മുതലാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്.  മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്.  മറ്റു ജില്ലകളില്‍ ജൂണ്‍ മാസമാണ് പാഠപുസ്തകവിതരണം ആരംഭിക്കുവാന്‍ സാധിച്ചത്.  കോവിഡ് 19ന്‍റെ വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതിനുശേഷമാണ് പൂര്‍ണ്ണ തോതിലുള്ള വിതരണം ആരംഭിക്കുവാന്‍ സാധിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ 15 വരെയുള്ള ഏകദേശം 3 മാസം കൊണ്ടാണ് വിതരണം പൂര്‍ത്തീകരിക്കുന്നത്. പക്ഷേ, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഏകദേശം 1 മാസവും 10 ദിവസവും കൊണ്ടാണ് ഒന്നാംവാല്യം പാഠപുസ്തക വിതരണം ഈ അധ്യയനവര്‍ഷം പൂര്‍ത്തീകരിച്ചത്.

വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള രണ്ട് അറിയിപ്പുകള്‍ കൂടിയുണ്ട്. എല്‍എസ്എസ്/യുഎസ്എസ് പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം ഈ മാസം തന്നെ പ്രഖ്യാപിക്കും.

മന്ത്രിസഭായോഗ തീരുമാനം
2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ്
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വ്വീസ്  രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടാതെ നില്‍ക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തിന് തടസ്സമാവുന്നുണ്ട്. ഇതു പരിഹരിക്കാനാണ് പൊതു സര്‍വീസ്.

ഏകീകൃത വകുപ്പിന്‍റെ പേര് ‘തദ്ദേശസ്വയംഭരണ വകുപ്പ്’ എന്നും വകുപ്പ് തലവന്‍റെ പേര് ‘പ്രിന്‍സിപ്പല്‍ ഡയറക്ടര്‍’ എന്നുമായിരിക്കും.

നിലവിലുള്ള ജീവക്കാര്‍ക്ക് ദോഷം വരാതെയായിരിക്കും ഏകീകരണം. വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മികച്ച പ്രാദേശിക ഭരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമായി ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം അനിവാര്യമാണ്.

നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകള്‍ സംയോജിപ്പിച്ച് റൂറല്‍, അര്‍ബന്‍ എന്നീ രണ്ടു വിംഗുകള്‍ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്ക് പകരം ഡയറക്ടര്‍, എല്‍എസ്ജിഡി (റൂറല്‍), ഡയറക്ടര്‍ എല്‍എസ്ജിഡി (അര്‍ബന്‍) എന്നീ തസ്തികകള്‍ നിലവില്‍ വരും.

ദുരിതാശ്വാസനിധി
കേരള അക്വാ ഫാര്‍മേര്‍സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 1,50,000 രൂപ

സിഐടിയു ഓങ്ങലൂര്‍, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 75,290 രൂപ

പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍ 50,000 രൂപ

രാമന്തളി അയോദ്ധ്യയില്‍ രാമചന്ദ്രന്‍ 50,000 രൂപ

പയ്യന്നൂര്‍ കെഎസ്ആര്‍ടി എംപ്ലോയീസ് കോ- ഓപറേറ്റീവ് സൊസൈറ്റി 50,650 രൂപ

കണ്ണൂര്‍ ജില്ലാ ഖാദി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) തൊഴിലാളികളില്‍ നിന്ന് സമാഹരിച്ച 50,000 രൂപ.

യുഎഇയിലെ അക്കാഫ് ടാക്സ്ഫോഴ്സ് എന്ന പ്ലാറ്റ്ഫോമിനു കീഴില്‍ ടികെഎം എഞ്ചിനീയറിങ് കോളേജ് ദുബായ് ചാപ്റ്റര്‍ 50 ടിവിയും മറ്റു കോളേജുകളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് 50 ടിവിയും അടക്കം 100 ടിവി സംഭാവന ചെയ്തിട്ടുണ്ട്.

വാര്‍ത്താകുറിപ്പ്: 14-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗൗരവമുള്ളതും ആശങ്കാജനകവുമായ വിവരങ്ങളാണ് ഇന്ന് പറയാനുള്ളത്.

608 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മാത്രം 201 പേര്‍ രോഗബാധിതരായി. ഇത് ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണ്. ഇതിനര്‍ത്ഥം സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയിലേക്ക് പോവുകയാണ് എന്നുതന്നെയാണ്.

ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചുനക്കരയിലുള്ള നസീര്‍ ഉസ്മാന്‍കുട്ടി (47) ആണ് മരണമടഞ്ഞത്. സൗദി അറേബ്യയില്‍നിന്ന് വന്നതാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. സമ്പര്‍ക്കം 396. ഹെല്‍ത്ത്വര്‍ക്കര്‍മാര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2, സിഐഎസ്എഫ് 2. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3.

181 പേര്‍ രോഗമുക്തി നേടി

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5.

കഴിഞ്ഞ 24 മണിക്കൂറിനകം 14,227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍.  ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്നു മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 4454.

ഇതുവരെ ആകെ 2,52,302 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7745 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 75,338 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നല്‍കിയിട്ടുണ്ട്. കെ. ഇമ്പാശേഖര്‍ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖര്‍ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആര്‍ പ്രേംകുമാര്‍ (ഇടുക്കി), ജറോമിക് ജോര്‍ജ് (എറണാകുളം), ജീവന്‍ബാബു (തൃശൂര്‍, എസ്. കാര്‍ത്തികേയന്‍ (പാലക്കാട്), എന്‍.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവന്‍ (വയനാട്), വി. വിഗ്നേശ്വരി (കോഴിക്കോട്), വി.ആര്‍.കെ. തേജ (കണ്ണൂര്‍), അമിത് മീണ (കാസര്‍കോട്).

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍ററുകളും റിവേഴ്സ് ക്വാറന്‍റൈന്‍ സെന്‍ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ ഓഫീസര്‍മാര്‍ സഹായം നല്‍കും.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഇവര്‍ പൂന്തുറ കൊട്ടക്കല്‍, പുല്ലുവിള, വെങ്ങാനൂര്‍ ക്ലസ്റ്ററുകളിലുള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരുമുണ്ട്.

ഈ സാഹചര്യത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടെ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നിലവിലെ നില തൃപ്തികരമായതിനാല്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പൊതുജനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയായി.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള രോഗബാധ വര്‍ധിച്ച ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിനു വേണ്ടിയും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ചെല്ലാനത്ത് ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു. സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 15ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടുപേരുമുണ്ട്. കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേല്‍, താമരക്കുളം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണുകളാണ്. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും വ്യാപകമായ കോവിഡ് പരിശോധനകളും നടത്തുന്നുണ്ട്.

ആകെ 130 ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 209 സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റുകയും നെഗറ്റീവ് ആയവരെ സുരക്ഷിതമായ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അലഞ്ഞ് തിരിയുന്നവര്‍, അഗതികള്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജാഗ്രതാപൂര്‍ണ്ണമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ടു പേരില്‍നിന്ന്  53 പേര്‍ക്ക് രോഗബാധയുണ്ടായെന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കി.  

ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും അശ്രദ്ധമായി വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത ഇതുമൂലം വര്‍ധിക്കുകയാണ്. അതുകൊണ്ട്, ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.  

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്.  രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. കേരളം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മലപ്പുറത്തും തിരുവനന്തപരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, അടുത്ത ഘട്ടമായ സാമൂഹ്യവ്യാപനം തടയുന്നതിനായി നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
 
ഇതിനു മുന്‍പ് നമുക്ക് നേരിടേണ്ടി വന്ന നിപ രോഗബാധ ഏകദേശം ഒരു മാസമാണ് നീണ്ടുനിന്നത്. അത് നമുക്ക് വിജയകരമായി തരണം ചെയ്യാന്‍ കഴിഞ്ഞു. കോവിഡ് നിയന്ത്രണ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയായി. ഇവിടെ മാത്രമല്ല,ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുതല്‍ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നാണ് ഒരു വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വാഭാവികമായും ഒരു തളര്‍ച്ച ഉണ്ടാവുന്നുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീനമായ സമീപനം നാട്ടുകാരില്‍ ചിലരെങ്കിലും സ്വീകരിച്ചു വരുന്നുമുണ്ട്.  സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചുവരുന്നതിന്‍റെ പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധകളാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവുക എന്ന മാര്‍ഗമാണ് നമുക്കു മുന്നിലുള്ളത്.

കഴിഞ്ഞദിവസം പറഞ്ഞ കൂട്ടത്തില്‍ പ്രതിരോധരംഗത്ത് ഉണ്ടാകുന്ന മടുപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നത് പ്രദേശിക സര്‍ക്കാരുകളാണ്. അതത് പ്രദേശങ്ങളിലുള്ള ജനങ്ങള്‍ അതത് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കന്‍മാര്‍ അവിടെയുണ്ട്.

കോവിഡിന്‍റെ പകര്‍ച്ച വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. പഞ്ചായത്ത് കമ്മിറ്റികളും നഗരസഭകളും  ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തണം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐസിഡിഎസ്,  കുടുംബശ്രീ തുടങ്ങി പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരേയും പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കണം.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ പ്രകിയയുടെ ഏറ്റവും അടിസ്ഥാന യൂണിറ്റ് വാര്‍ഡുകളാണ് എന്നതിനാല്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള പങ്ക് ഏറ്റവും നിര്‍ണ്ണായകമാണ്. നമ്മുടെ മെമ്പര്‍മാരും കൗണ്‍സിലര്‍മാരും അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇടപെടേണ്ടതുണ്ട്. കോവിഡ് ബാധയുണ്ടാകാതിരിക്കുന്നതിനും അഥവാ ഉണ്ടായാല്‍ അത് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനും അവരുടെ ഇടപെടല്‍ നിര്‍ണായകമാണ്.

രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുക, രോഗികളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊരുക്കുക,  സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും  ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടര്‍ന്നും മുന്‍ഗണന നല്‍കണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഇത്തരത്തിലുള്ള പ്രാദേശിക മാതൃകകള്‍ പങ്കുവെയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. കേരളത്തിലെ  ജനകീയാസൂത്രണത്തിന്‍റെ ശക്തി നാം ഈ കാര്യത്തില്‍ ഉപയോഗിക്കണം.

ഐടിബിപി ജവാന്‍മാര്‍ക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഐടിബിപി ഡയറക്ടര്‍ ജനറല്‍ ഉറപ്പുനല്‍കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള തീരദേശ മേഖലകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ വിന്യസിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സന്നദ്ധസേന പ്രവര്‍ത്തകര്‍ പൊലീസിനൊപ്പവും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പവും ജോലിചെയ്യുന്നുണ്ട്. ഇത്തരം പൊലീസ് വളണ്ടിയര്‍മാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളില്‍ അഡീഷണല്‍ എസ്പിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. പോലീസ് വളണ്ടിയര്‍മാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാര്‍ എല്ലാദിവസവും പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കും.

മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 13 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഹയര്‍ സെക്കന്‍ററി ഫലപ്രഖ്യാപനം
2019-2020 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുകയാണ്. മാര്‍ച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26ന് പുനരാരംഭിച്ചു. ഒട്ടേറെ എതിര്‍പ്പും സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി പരീക്ഷ നടത്തിയത്.

വീടിനടുത്തു തന്നെയുള്ള സ്കൂളുകളില്‍ പരീക്ഷയെഴുതുന്നതിനുള്ള അവസരം നല്‍കി. അകലെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളില്‍ എത്തിച്ചു. ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ലാതിരുന്നിട്ടും ചോദ്യപേപ്പറുകള്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെത്തിച്ച് പരീക്ഷയെഴുതുന്നതിനു സൗകര്യം ഒരുക്കി.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചത്.

പരീക്ഷപോലെ തന്നെ മൂല്യനിര്‍ണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്.  സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ 3020 അധ്യാപകരെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണം നടത്തുകയും ജൂണ്‍ 24ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കുകയും ചെയ്തു. വിദ്യാഭ്യാസവകുപ്പിനെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഈ നേട്ടത്തില്‍ അഭിനന്ദിക്കുന്നു.

കീം പ്രവേശന പരീക്ഷ
2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസികോഴ്സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16നാണ് നടത്തുക. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡെല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്.

ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ അകറ്റിയും കുറ്റമറ്റ രീതിയില്‍ പ്രവേശന പരീക്ഷ നടത്താനിരിക്കുകയാണ്.  

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന്  പൊലിസിന്‍റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവര്‍ക്കായിരിക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്‍റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേകസര്‍വ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. കൂടാതെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതിയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍സ്പ്രെഡ് മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് എച്ച്എച്ച്എസില്‍ പരീക്ഷയെഴുതാം. ഡെല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്.

അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ജാഗ്രതാ പോര്‍ട്ടല്‍ വഴി ‘ഷോര്‍ട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കും.

ദുരിതാശ്വാസനിധി
ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി രണ്ട് ഗഡുക്കളായി 7,69,600 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൂടാതെ ടെക്നോപാര്‍ക്കിലെ ദിവസ വേതനക്കാരായ അഞ്ഞൂറ് ഐടി ഇതര ജീവനക്കാര്‍ക്ക് ആയിരം രൂപയുടെ കോവിഡ് അതിജീവന കിറ്റ്, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത 40 കുട്ടികള്‍ക്ക് ടിവി എന്നിവയും കൈമാറിയതായി അറിയിച്ചിട്ടുണ്ട്.

എസ്ബിഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ 12 ലക്ഷം രൂപ

എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി 10 ലക്ഷം രൂപ

കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട് ,എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലെ ക്ഷീരസംഘങ്ങള്‍ 5,72,631 രൂപ

കെഎസ്കെടിയു എറണാകുളം ജില്ലാ കമ്മിറ്റി 1,90,000 രൂപ.

കഴക്കൂട്ടം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ സഹകരണ സംഘം 70,000 രൂപ

തൃപ്രയാര്‍ ജലോത്സവ സംഘാടക സമിതി 50,000 രൂപ

എഐവൈഎഫ് മങ്കട വിലേജ് കമ്മിറ്റി 35,110 രൂപ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറിയായി വിരമിച്ച എല്‍ പ്രേമലത 25,000 രൂപ.

കേരളത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ദുബായിലെ സംഘടന എകെസിഎഎഫ് യുഎഇ ഓണ്‍ലൈന്‍ പഠന സഹായമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കാനുള്ള സന്നദ്ധത അറിയിച്ചു.

വാര്‍ത്താകുറിപ്പ്: 13-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
449 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 162 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 64 പേര്‍. സമ്പര്‍ക്കം 144. ഉറവിടം അറിയാത്തത് 18. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്സി 10, ബിഎസ്എഫ് 1, ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്സ് 77, ഫയര്‍ഫോഴ്സ് 4, കെഎസ്ഇ 3.

രണ്ടു മരണങ്ങളുണ്ടായി. കൊല്ലം ജില്ലയിലെ ത്യാഗരാജന്‍ (74), കണ്ണൂര്‍ ജില്ലയിലെ അയിഷ (64) എന്നിവരാണ് മരണമടഞ്ഞത്. ത്യാഗരാജന്‍റെ കോവിഡ് ബാധ വെള്ളിയാഴ്ച സ്ഥിരീകരിച്ച പട്ടികയിലാണ്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9, ഇടുക്കി 4.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍കോട് 5.

കഴിഞ്ഞ 24 മണിക്കൂറിനകം 12,230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 713 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്.

ഇതുവരെ ആകെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 78,002 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 74,676 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്, പുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ പഞ്ചായത്തുകളിലെയും പൊന്നാന്നി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. ഇവിടങ്ങളില്‍ സമ്പര്‍ക്കം, രോഗബാധ എന്നിവ കണ്ടെത്താനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. റിവേഴ്സ് ക്വാറന്‍റൈനും ബോധവല്‍ക്കരണവും ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെയടക്കം ഉള്‍പ്പെടുത്തിയും ജനങ്ങളുടെ സഹകരണം തേടിയും മികച്ച ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയുമുള്ള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് എല്ലാ ഘട്ടത്തിലും നാം ശ്രമിച്ചത്. ഈ മഹാമാരിയെ അതിന്‍റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ല എന്ന പ്രശ്നമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനമായതിനാല്‍ ചില മേഖലകളില്‍ മടുപ്പുവരുന്നുണ്ട്. വളണ്ടിയര്‍മാരുടെ കാര്യത്തില്‍ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ വളണ്ടിയര്‍മാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ വര്‍ധനയുടെ തോത്  ഇനിയും വര്‍ധിച്ചാല്‍ നാം വല്ലാതെ പ്രയാസപ്പെടും.

റിവേഴ്സ് ക്വാറന്‍റൈന്‍ വേണ്ടവര്‍ക്ക് രോഗബാധ കൂടുതലുണ്ടായാല്‍ ഐസിയുവിന്‍റെയും വെന്‍റിലേറ്ററിന്‍റെയും മറ്റു സൗകര്യങ്ങളുടെയും ആവശ്യകത കുതിച്ചുയരുന്ന സ്ഥിതിയാണുണ്ടാവുക. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തില്‍ ആരോഗ്യവകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും.

രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി നിയോഗിക്കും. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവിടങ്ങളിലേക്ക് അവശ്യം വേണ്ട താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം ഇവിടെ കൂടുതല്‍ സമയം പ്രതിപാദിച്ചത് തിരുവനന്തപുരം നഗരത്തിലെ തീരമേഖലയിലെ വിഷയങ്ങളായിരുന്നു. അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കുറേ ആളുകള്‍ തെരുവിലിറങ്ങിയതും ചര്‍ച്ച ചെയ്തു. ഇന്നലെ അവിടെ കണ്ട രംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്നതാണ് അത്. ചെറിയ തെറ്റിദ്ധാരണ കൊണ്ട് തെരുവിലിറങ്ങിയവര്‍ പോലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കോവിഡ് പ്രതിരോധവുമായി സര്‍വാത്മനാ സഹകരിക്കാന്‍ തയ്യാറായ ആ കാഴ്ച പൂന്തുറയിലെ ജനങ്ങളുടെ ഉയര്‍ന്ന ബോധത്തെ സൂചിപ്പിക്കുന്നതാണ്. ആ ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞതുപോലെ സംസ്ഥാനത്ത് കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ശക്തമാവുകയാണ്. നമ്മളിതുവരെ പിന്തുടര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയാകെ സഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായാല്‍ അതിനു തടയിടാന്‍ കഴിയും എന്നതില്‍ സംശയമില്ല. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും 4 സങ്കേതങ്ങളുപയോഗിച്ചാണ്.

1. മരണനിരക്ക്. 2. രോഗവ്യാപനം. 3. ടെസ്റ്റ് പര്യാപ്തത. 4. രോഗമുക്തി.

ഇതില്‍ കേരളത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മെച്ചപ്പെട്ടതാണ് എന്ന് മനസ്സിലാക്കാം. കേസ് ഫെറ്റാലിറ്റി റേറ്റ്, അതായത് നൂറു കേസുകള്‍ എടുത്താല്‍ എത്ര മരണമുണ്ടായി എന്ന കണക്ക്. ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിലെ കേസ് ഫെറ്റാലിറ്റി റേറ്റ് 1.77 ശതമാനവും തമിഴ്നാട്ടിന്‍റേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്‍റെ കേസ് ഫെറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്.

ഒരു ദിവസത്തില്‍ എത്ര മരണങ്ങള്‍ ഉണ്ടായി എന്നതും പരിശോധിക്കാം. ജൂലൈ 12ലെ കണക്കുകള്‍ പ്രകാരം ആ ദിവസം കര്‍ണാടകയില്‍ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്നാട്ടില്‍ 68 പേര്‍ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തില്‍ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്.

പത്തുലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു (ഡെത്ത് പെര്‍ മില്യണ്‍) എന്ന മാനദണ്ഡമെടുത്താല്‍ കേരളത്തില്‍ അത് 0.9 ആണ്. ഇന്ത്യയില്‍ 17.1 ആണ് ഡെത്ത് പെര്‍ മില്യണ്‍. കര്‍ണാടകയില്‍ 11.3ഉം, തമിഴ്നാട്ടില്‍ 27.2ഉം, മഹാരാഷ്ട്രയില്‍ 94.2ഉം ആണ്. വളരെ മികച്ച രീതിയില്‍ കോവിഡ് മരണങ്ങളെ നമുക്ക് തടയാന്‍ സാധിച്ചു എന്നതിന്‍റെ തെളിവാണ് ഈ കണക്കുകള്‍.

ഈ കണക്കുകള്‍ ഇവിടെ പറയുന്നത് എന്തെങ്കിലും മേډ തെളിയിക്കാനല്ല. മറിച്ച് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ തുറന്നുകാണിക്കാന്‍ വേണ്ടിയാണ്.

ടെസ്റ്റുകള്‍ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന മറ്റൊരു പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റിന്‍റെ എണ്ണം കൂട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാട്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്.  

100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകള്‍ നടക്കുമ്പോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവര്‍ക്കിടയിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കിടയിലും മാത്രം ടെസ്റ്റുകള്‍ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ രീതിയില്‍ ടെസ്റ്റുകള്‍ നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണ് എന്നു കാണാം. നിലവില്‍ 2.27 ശതമാനമാണത്. അല്‍പ നാള്‍ മുന്‍പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാല്‍,ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കര്‍ണാടകയില്‍ 4.53ഉം തമിഴ്നാട്ടില്‍ 8.57ഉം മഹാരാഷ്ട്രയില്‍ 19.25ഉം തെലുങ്കാനയില്‍ 20.6ഉം ആണ്.

ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട് എന്നതിന്‍റെ സൂചകമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍. 50നു മുകളില്‍ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ ഇപ്പോള്‍ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു ഇവിടെ മിനിമം 44 ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. തുടക്കം മുതല്‍ ഒരാഴ്ച മുന്‍പു വരെ നമുക്കത് 50നു മുകളില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വീണ്ടും ഉടനടി 50നു മുകളില്‍ ആ നമ്പര്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

എങ്കിലും ഇപ്പോള്‍ പോലും ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ എടുത്താല്‍ കേരളം മറ്റു പ്രദേശങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി 13 ആണ്. കര്‍ണാടകയില്‍ 22ഉം തമിഴ്നാട്ടിലും മഹാരാഷ്ടയിലും ആറുമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വെഴ്സസ് കേസ് പെര്‍ മില്യണ്‍. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തിലും നമ്മള്‍ മുന്നിലാണ് എന്നര്‍ത്ഥം.

ഈ തരത്തില്‍ ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണ്. കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ലോകത്തിന്‍റെ തന്നെ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അത് നിലനിര്‍ത്താനാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതു മനസ്സിലാക്കാതെ വിമര്‍ശനമുന്നയിക്കുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കാന്‍ ശ്രമിക്കണം. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനു പകരം, വിഷയത്തെ ശാസ്ത്രീയമായി സമീപിക്കാനും അതിനാവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കാനും അത്തരക്കാര്‍ ശ്രദ്ധിക്കണം.

തീരമേഖലയിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കും. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കടലോര ജാഗ്രതാസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കും.

കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പുകള്‍ അവസാനിക്കുമ്പോള്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കും.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിലെത്തിയത്  5,60,234 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരില്‍ 64.44 ശതമാനം ആളുകളും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി. 54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്.

മാസ്ക് ധരിക്കാത്ത 5776 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ദുരിതാശ്വാസനിധി
കണ്ണൂര്‍ ജില്ലയിലെ ക്രഷര്‍ ക്വാറി അസോസിയേഷന്‍ 40 ലക്ഷം രൂപ.

കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 1,50,000.

എഐവൈഎഫ് ചെമ്മനാട് മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 56,000 രൂപ.

എന്‍ ഉണ്ണികൃഷ്ണന്‍ സ്മാരക വായനശാല ബമ്മണാച്ചേരി, മയ്യില്‍ 25,097 രൂപ.

കാസര്‍കോട് കണിച്ചിറ ജനകീയ കൂട്ടായ്മ 25,000 രൂപ.

വാര്‍ത്താകുറിപ്പ്: 12-07-2020

തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,
കൊല്ലത്തെ ചവറ, പന്മന
ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ
എറണാകുളത്ത് ചെല്ലാനം,
മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും.
ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല.
ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ
ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്.
മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.

വാര്‍ത്താകുറിപ്പ്: 11-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
488 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 143 പേര്‍ രോഗമുക്തി നേടി.

കോവിഡ് പോസിറ്റീവായ രണ്ടു പേര്‍ മരണമടഞ്ഞു. സൈഫുദീന്‍ (66) തിരുവനന്തപുരം, പി.കെ. ബാലകൃഷ്ണന്‍ (79)  എറണാകുളം എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 234. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 3, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്സി 4.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളം 3, തൃശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1.

കഴിഞ്ഞ 24 മണിക്കൂറിനകം 12,104 സാമ്പിളുകള്‍ പരിശോധിച്ചു. 1,82,050 പേരാണ് നിരീക്ഷണത്തിലുള്ളത്. 3694 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 2,33,809 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6449 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,636 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 195. പുതുതായി 16 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ വന്നത്.

ഇന്ന് ലഭിക്കുന്ന കണക്കുകള്‍ സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്‍റെ സൂചനയാണ്.

തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ 69 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. അതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കം. അതിനുപുറമെ എവിടെനിന്ന് ബാധിച്ചു എന്നറിയാത്ത 11 കേസുകളുണ്ട്.  ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുകയാണ്.

ജില്ലയിലെ ഒന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്മെന്‍റ്, സോഷ്യല്‍ മീഡിയ പ്രചാരണം, മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ എന്നിവ നടത്തുന്നു.

കണ്ടെയിന്‍മെന്‍റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി റവന്യു, പൊലീസ്, ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പമുണ്ടാകും.

ഇതുവരെ പൂന്തുറയില്‍ 1366 ആന്‍റിജെന്‍ പരിശോധന നടത്തി. അതില്‍ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുകയാണ്. അവിടെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കും. രണ്ട് മൊബൈല്‍ മെഡിസിന്‍ ഡിസ്പെന്‍സറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ്ഡെസ്ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.

മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ വാര്‍ഡുകളിലെ ഒട്ടേറെ കുടുംബത്തിന് അഞ്ചു കിലോ അരി വീതം വിതരണം നടത്തിവരുന്നു. ഈ മൂന്നു വാര്‍ഡുകളിലുമായി ആകെ 8,110 കാര്‍ഡ് ഉടമകളാണുള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള അധിക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ
ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ വന്നിട്ടുള്ളത്. 87 പേര്‍. അതില്‍ 51 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
 
താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനു പോയ ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും ഇതിലൊരു മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

താമരക്കുളം, നൂറനാട് മേഖലകളിലും, കായംകുളത്തും തീരദേശ മേഖലയിലും കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും  ഏര്‍പ്പെടുത്തി. നൂറനാട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്‍റൈന്‍ ഉറപ്പാക്കും. നൂറനാട് ഐടിബിപി ക്യാമ്പിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെയും കുടുംബാംഗങളെയും ക്വാറന്‍റൈനില്‍ ആക്കി. തീരദേശത്തെ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരെ  കമ്യൂണിറ്റി സെന്‍ററുകളില്‍ നിയോഗിച്ചു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തയ്യാറാക്കുന്നു.

പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 54 ആണ്. അതില്‍ 25 സമ്പര്‍ക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്‍റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിലൂടെ ജൂലൈ 10ന് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.

മലപ്പുറം
51 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. അതില്‍ 27ഉം സമ്പര്‍ക്കംമൂലമാണ്. മലപ്പുറത്ത് ഇപ്പോള്‍ നാല് ക്ലസ്റ്ററുകളാണുള്ളത്. സമ്പര്‍ക്കത്തിലൂടെ പല മേഖലകളിലും രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണ്.

പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പൊന്നാനിയില്‍ 7266 ആന്‍റിജെന്‍ ടെസ്റ്റ് നടത്തിയതില്‍ 89 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാക്കി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല.  അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണമെന്ന നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്.

പാലക്കാട്
48 പേര്‍ക്ക് ഇന്ന് പുതുതായി പാലക്കാട് രോഗം സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിന് പുറമെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജും മാങ്ങോട് കേരള മെഡിക്കല്‍ കോളേജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കഞ്ചിക്കോട് കിന്‍ഫ്രയില്‍ 1000 ബെഡ് സൗകര്യത്തോടെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ഒരുക്കുന്നുണ്ട്.അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

എറണാകുളം
എറണാകുളം ജില്ലയില്‍ 47 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. അതില്‍ 30 പേര്‍ സമ്പര്‍ക്കം മൂലമാണ്. അഞ്ചുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയില്‍ 45 കണ്ടെയിന്‍മെന്‍റ് സോണുകളാണ് നിലവിലുള്ളത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചെല്ലാനം മേഖലയില്‍ പരിശോധന ശക്തമാക്കിയത്. ഇവരുടെ കോണ്ടാക്റ്റ് ട്രെയിസിങ് ആരംഭിക്കുകയും,  123 പ്രൈമറി കോണ്ടാക്റ്റുകളും 243 സെക്കണ്ടറി കോണ്ടാക്റ്റുകളും കണ്ടെത്തുകയും ചെയ്തു. എല്ലാ പ്രൈമറി കോണ്ടാക്റ്റുകളിലും ടെസ്റ്റ് നടത്തുകയും, 13 പോസിറ്റീവ് കേസുകള്‍ ഈ ദിവസത്തിനുള്ളില്‍  കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം സര്‍വൈലന്‍സ് ശക്തമാക്കുകയും, ജൂലൈ 9, 10 തീയതികളിലായി ഫീല്‍ഡ് ടീം ആ പ്രദേശം സന്ദര്‍ശിക്കുകയും  രോഗലക്ഷണങ്ങളുള്ള 161 പേരെ കണ്ടെത്തുകയും ചെയ്തു.

ആലുവ മാര്‍ക്കറ്റിനോട് ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന രണ്ടു പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. അതിനെത്തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിനെ ഒരു ക്ളസ്റ്റര്‍ എന്ന നിലയില്‍ പരിഗണിക്കുകയും രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രോഗബാധയുള്ള വാര്‍ഡുകള്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഏറ്റവുമടുത്ത എല്ലാ പ്രൈമറി കോണ്ടാക്റ്റുകളിലും ടെസ്റ്റ് നടത്തുകയും അതിനായി 3 മൊബൈല്‍ സ്വാബ് കലക്ഷന്‍ ടീമുകളെ നിയോഗിക്കുകയും ചെയ്തു. 448 സാമ്പിളുകള്‍ ശേഖരിക്കുകയും 24 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തു.

തൃശൂര്‍
തൃശൂരില്‍ 29 പേര്‍ക്കാണ് ഇന്ന് രോഗബാധ. മുളങ്കുന്നത്തുകാവ് കില, ഇഎസ്ഐ ആശുപത്രി, കൊരട്ടി ത്വക് രോഗാശുപത്രി എന്നിവയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്. നാട്ടികയില്‍ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്‍റ് ലെയര്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കാന്‍ വിട്ടുനല്‍കിയിട്ടുണ്ട്. ഇവിടെ 1000 ബെഡ് തയ്യാറാക്കും. മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തൃശൂര്‍ സിറ്റി പൊലീസ് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി വരികയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബ് പ്രവര്‍ത്തിക്കുന്നതു കൂടാതെ 2 നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജമാക്കുകയും പ്ലാസ്മ ചികിത്സ ആരംഭിക്കുകയും ചെയ്തു.

കണ്ണൂര്‍
കണ്ണൂരില്‍ ഇന്ന് 19 പേര്‍ക്കാണ് രോഗബാധ. കൊവിഡ് ചികിത്സക്ക് കരുതല്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യത്തെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റരായി പരിയാരം ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ മാര്‍ക്കറ്റുകളിലും ലോറി ജീവനക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കുന്നുണ്ട്.  കണ്ണൂര്‍ മിംസ് ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു.

കാസര്‍കോട്
ഇന്ന് 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. അതിലെ രണ്ടുപേര്‍ക്ക് എവിടെനിന്ന് ബാധിച്ചു എന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് കോവിഡ് മൂന്നാംഘട്ട രോഗവ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവില്‍പന കടയില്‍ നിന്നുമാണ് ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ ജൂലൈ 17 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് നിന്ന് മംഗലാപുരത്ത് പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം പാസ് ഏര്‍പ്പെടുത്തി.

540 പേരെ കിടത്തി ചികിത്സിക്കാവുന്ന ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഉദുമ നിയോജക മണ്ഡലത്തിലെ ചട്ടഞ്ചാലിനടുത്താണ് ആശുപത്രി പൂര്‍ത്തിയായി വരുന്നത്. ഈ ആശുപത്രിയുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കൊല്ലം
ഇന്ന് 18 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം 7, ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലം ജില്ലയില്‍ മത്സ്യ വില്‍പനക്കാരായ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് രോഗബാധയുണ്ടായി. മത്സ്യവില്‍പന നടന്ന സ്ഥലം, വില്‍പനക്കാരുടെ വാസസ്ഥലം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി വരുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കി സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തിവരുന്നു. ജില്ലയില്‍ ഇന്നലെയാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെക്കാള്‍ സമ്പര്‍ക്ക രോഗികള്‍ എണ്ണത്തില്‍ മുന്നില്‍ വന്നത്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് നിലവിലുള്ള പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിനു പുറമേ വാളകം മേഴ്സി ഹോസ്പിറ്റല്‍ പ്രഥമ ചികിത്സക്കായി തയ്യാറാക്കി. മറ്റു കേന്ദ്രങ്ങളിലും കിടക്കകള്‍ സജ്ജമായി വരുന്നു.

കോഴിക്കോട്
കോഴിക്കോട് 17 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. സമ്പര്‍ക്കം 8, ഉറവിടം അറിയാത്തത് കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍  വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കോട്ടയം ജില്ല
കോട്ടയത്ത് ഇന്ന് 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം 4. രണ്ട് കോവിഡ് ആശുപത്രികളിലും മൂന്ന് പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലുമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.

വയനാട് ജില്ല
വയനാട് ഇന്ന് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദിവാസി മേഖലകളില്‍ നിരീക്ഷണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. ഹൈ റിസ്ക്, ലോ റിസ്ക് കോളനികളെ പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. കോളനിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റിസ്ക് ഫാക്ടര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എല്ലാവരെയും ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇടുക്കി
ഇടുക്കിയില്‍ അഞ്ചുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കേന്ദ്രങ്ങള്‍ തയ്യാറായി വരുന്നു.

ഇതിനിടയില്‍ കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. അതിന്‍റെ പ്രത്യാഘാതം വലുതാകും എന്നു സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നും ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നതു കണ്ടു.

ഇത് എന്തിന്‍റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതിദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ അനുഭവമുള്ള നാടാണ് ഇത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് എന്ന് ബന്ധപ്പെട്ടവരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

സമ്പര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊതുവിടങ്ങളിലെ മാസ്കിന്‍റെ  ഉപയോഗവും. രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാന്‍ മാസ്കുകള്‍ സഹായിക്കുന്നുണ്ട്. കോവിഡ് രോഗബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത്  വരുന്ന സാഹചര്യത്തില്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാല്‍, രണ്ടാളുകളും മാസ്ക് ധരിച്ചു കൊണ്ടാണ് നില്‍ക്കുന്നതെങ്കില്‍ രോഗം പകരാനുള്ള സാധ്യതകുറവാണ്. അതുകൊണ്ടുതന്നെ മാസ്കുകള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും എല്ലാവരും ധരിക്കേണ്ടതുണ്ട്.

പക്ഷേ, മാസ്ക് ധരിച്ചതുകൊണ്ട് എല്ലാമായി എന്നും കരുതരുത്. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ മാസ്ക് ധരിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. ശാരീരിക അകലം പാലിക്കുക, കൈകള്‍ നിരന്തരം വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഒരേ സമയം പാലിച്ചെങ്കില്‍ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ. നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപനതോത് കുറയ്ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നതുകൊണ്ടാണ്.

കോവിഡ്-19 വൈറസ് ബാധിതരില്‍ സിംഹഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങളില്ലാത്തവരില്‍ ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നത് ടെസ്റ്റിന്‍റെ ബലഹീനതയല്ല, മറിച്ച് ചെറിയ അണുബാധകള്‍ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്‍റെ കഴിവായി വേണം കണക്കാക്കാന്‍. ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പരക്കാം എന്നതും ഇത്തരത്തില്‍ രോഗം പകര്‍ന്നു കിട്ടുന്നവരില്‍ ഇത് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കാം എന്നതും വസ്തുതയാണ്.

പ്രായേണ ആരോഗ്യമുള്ളവരിലൂടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോവിഡ് സംസ്ഥാനത്താകമാനം പടര്‍ന്നു പിടിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗബാധ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ രോഗബാധ ചില പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്.

അതത് പ്രദേശങ്ങളിലെ രോഗബാധ കഴിയുന്നത്ര നേരത്തെ നിയന്ത്രിക്കുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനുമായാണ് ഇത് ചെയ്യുന്നത്. വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്നലെ സൂചിപ്പിച്ചത് പോലെ ഉചിതമായ ടെസ്റ്റിങ് രീതികളാണു ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂര്‍ണമനസ്സോടെ സഹകരിക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസില്‍ നിന്നും സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നും ധാരാളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികള്‍ വര്‍ദ്ധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളില്‍ പൊലീസിന്‍റെ ജോലിഭാരം വര്‍ദ്ധിച്ചിട്ടുണ്ട്. പലസ്ഥലത്തും പൊലീസുകാര്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നു. ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യഥാസമയം ജോലിക്ക് എത്താന്‍ കഴിയാതെ വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഷ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാവും ഉചിതമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ യൂണിറ്റില്‍ നിന്ന് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊലീസിലെ സ്റ്റേറ്റ് വെല്‍ഫയര്‍ ഓഫീസറും എഡിജിപിയുമായ കെ പത്മകുമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാപകരണങ്ങള്‍ ലഭ്യമാക്കും. കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങള്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ സന്ദര്‍ശിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇനി മാധ്യമങ്ങളോടാണ് ഒരു കാര്യം പറയാനുള്ളത്

ഇന്ന് ഒരു പ്രധാന പത്രം ഒരു വ്യാജ വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍പെട്ടു. പൂന്തുറ പ്രദേശം ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍റ് സോണ്‍ ആയി മാറിയ ഘട്ടത്തില്‍ ചില കുത്സിത ശക്തികള്‍ അഭ്യൂഹങ്ങള്‍ പരത്തി ജനങ്ങളെ തെരുവില്‍ ഇറക്കിയത് നമ്മള്‍ ഇന്നലെ കണ്ടു. ആപ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിച്ച് ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഒരു മാധ്യമം ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സോദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം പ്രവര്‍ത്തകരെ മോശക്കാരായി ചിത്രീകരിക്കാനുമാണ്.

ആ വ്യാജ ചിത്രത്തില്‍ ഉള്ളത് ഇടതുപക്ഷ പ്രവര്‍ത്തകരായ ബെയ്ലിദാസും ബേബിമാത്യുവും ആണ്. വിശ്വാസികളായ പ്രദേശവാസികള്‍ പുരോഹിതന്മാരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണ്. ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ സ്വാഭാവികമായും അവരെ സമാധാനിപ്പിക്കാന്‍ സത്യാവസ്ഥ ബോധിപ്പിക്കാന്‍ സാമൂഹ്യ വ്യാപനത്തിന് ഇടയാകാതെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നാട്ടുകാരെ സാധ്യമായ രീതിയിലെല്ലാം സമീപിച്ചു. അതിനായി പുരോഹിതന്മാരുടെയും പ്രാദേശിക നേതാക്കളുടെയും സഹായവും തേടി.

അപ്പോള്‍ അവിടെ നിന്ന് എടുത്ത ദൃശ്യങ്ങളില്‍ നിന്ന് പുരോഹിതډാരെയും പൊലീസിനെയും അടര്‍ത്തി മാറ്റി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് ജനങ്ങളെ തെരുവിലിറക്കിയത് സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആണ് എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമ നൈതികതയല്ല. കോവിഡ് ഭീതിയില്‍ അല്ലാത്തപ്പോള്‍ പോലും ചെയ്യുവാന്‍ പാടില്ലാത്ത കാര്യമാണ്.

തീരദേശത്ത് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട അവസ്ഥ വന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ആളുകള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകുന്ന അവസ്ഥ അവിടെയുള്ളതു കൊണ്ടാണ്. അത്തരമൊരു അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെയുള്ള ഇടപെടലുകളാണ് അവിടെ ആവശ്യം. ദൈനംദിനം കടലില്‍ പോയി ജീവനോപാധി കണ്ടെത്തുന്ന നമ്മുടെ സഹോദരങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍മൂലം വിഷമിക്കുകയാണ്. അവര്‍ക്ക് ആകാവുന്ന സഹായങ്ങളെല്ലാം നല്‍കേണ്ട ഘട്ടമാണിത്.

കേരളം മഹാപ്രളയം നേരിട്ടപ്പോള്‍ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് മാധ്യമങ്ങളുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടമ എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. അവര്‍ക്ക് നമ്മുടെ യോജിച്ച പിന്തുണ നല്‍കിയേ തീരൂ.

മാസ്ക് ധരിക്കാത്ത 5274 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 14 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

വാര്‍ത്താകുറിപ്പ്: 10-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

416 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 112 പേര്‍ രോഗമുക്തി നേടി. പുറത്തുനിന്ന് വന്നവരേക്കാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച ദിവസമാണിന്ന്.

ഇന്ന് രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51 പേര്‍. സമ്പര്‍ക്കം 204. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3.

കഴിഞ്ഞ 24 മണിക്കൂറിനകം 11,693 സാമ്പിളുകള്‍ പരിശോധിച്ചു. 1,84,112 പേരാണ് നിരീക്ഷണത്തിലുള്ളത്. 3517 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 2,26,868 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4525 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 70,112 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 193.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന കേസുകളില്‍ നിന്നാണ് പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്ടുകള്‍ വരുന്നത്. മൊത്തം കേസുകളുടെ അനുപാതമായി സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാധ്യതയിലേക്കാണ് നയിക്കുക.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27ന് 5.11 ശതമാനമായി. ജൂണ്‍ 30ന് 6.16 ശതമാനം. ഇന്നലെ അത് 20.64 ആയി ഉയര്‍ന്നിരിക്കുന്നു.

സാമൂഹ്യ വ്യാപനം ഒരു തര്‍ക്ക വിഷയമാക്കേണ്ടതില്ല. സാമൂഹ്യത്തില്‍ കൂടുതലാളുകള്‍ക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നത്. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സാ ഉറപ്പാക്കാന്‍ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഏതാണ്ടെല്ലാം തന്നെ കോവിഡ് മഹാമാരിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി കഴിഞ്ഞു. തുടക്കത്തില്‍ പിടിച്ചുനിന്ന ബംഗളൂരു പോലും കാലിടറുന്ന കാഴ്ചയാണ്. കഴിഞ്ഞ ദിവസം മാത്രം 1373 പുതിയ കേസുകളാണ് ആ നഗരത്തില്‍ ഉണ്ടായത്. ഇതുവരെ

13,882 രോഗികളും 177 മരണങ്ങളും ബംഗളൂരുവില്‍ ഉണ്ടായിക്കഴിഞ്ഞു. ചെന്നൈയില്‍ സ്ഥിതി അതിലും മോശമാണ്. 73,728 കേസുകളാണ് ഇതുവരെ അവിടെ ഉണ്ടായത്. കേരളത്തില്‍ രോഗബാധ ഉണ്ടായതിനു ശേഷമാണ് ഇവിടങ്ങളില്‍ ആദ്യത്തെ കേസുകള്‍ ഉണ്ടായതെന്ന് ഓര്‍ക്കണം.

ഇവിടങ്ങളിലൊക്കെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം ഒരു ക്ളസ്റ്റര്‍ രൂപം കൊള്ളുകയും അതില്‍നിന്നും തുടര്‍ന്ന് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ ഉണ്ടാവുകയും അങ്ങനെ  വലിയ വ്യാപനത്തിലേക്കെത്തുകയുമാണ് ചെയ്തത്. സമാനമായ ഒരു സാഹചര്യമാണ് സൂപ്പര്‍ സ്പ്രെഡ്. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കരുതുന്നതിലും വേഗത്തില്‍ രോഗം പടര്‍ന്നുപിടിച്ചേക്കാം. ജനസാന്ദ്രത കൂടിയ കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇതു ഒട്ടാകെ വ്യാപിക്കാന്‍ അധിക കാലതാമസം വേണ്ടി വരില്ല. ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ട സമയമാണിത്.

മാര്‍ച്ച് 24ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന കോവിഡ് കേസുകളുടെ എണ്ണം 519 ആയിരുന്നു. മരണസംഖ്യയാകട്ടെ 9ഉം. എന്നാല്‍ ഇന്നത്തെ ദിവസം ആ കേസുകളുടെ എണ്ണം 7,93,802 ആയി മാറിയിരിക്കുന്നു. 21,604 ആളുകള്‍ ഇതിനോടകം മരിച്ചു കഴിഞ്ഞു. നമ്മളെത്തി നില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴമെന്താണെന്ന് ഈ കണക്കുകള്‍ വിളിച്ചു പറയുന്നു.

രോഗം അതിന്‍റെ ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്താന്‍ നമ്മള്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുത്.

രോഗവ്യാപനത്തിന്‍റെ അവസ്ഥ അത്യന്തം ഗുരുതരമായി മാറിയ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകള്‍ ഉണ്ടാകുന്നത്. കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ  മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.  

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കകത്ത് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച്  ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം.

അതിനായി സന്നദ്ധ വളണ്ടിയര്‍മാരെയും ഉപയോഗിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്ളസ്റ്റര്‍ മാനേജ്മെന്‍റ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാന്‍ ആവശ്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കണം.  

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.

ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്‍റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്‍റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ ‘പരിരക്ഷ’ എന്ന പേരില്‍ റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്‍റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലര്‍ ഇറങ്ങുന്നത്.

ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിനു മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയിലെ രോഗസാധ്യതയുള്ള ജനങ്ങളെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചാരണം നടത്തുകയാണ്. ആന്‍റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നു പോലും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടും എന്ന ദുര്‍ബോധനപ്പെടുത്തലും നടന്നു.

ഇതിന്‍റെ ഫലമായി സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ 10.30ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടുകയുണ്ടായി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകുന്നേരം വരെ തുറന്നുവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും പുറത്തു പോകുന്നതിന് അനുമതി നല്‍കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലേയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. ഇത് പൂന്തുറ നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു.

വിവരം ലഭിച്ചയുടനെ  ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, പൂന്തുറ പള്ളിവികാരി എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുകയുണ്ടായി.

പൂന്തുറയില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിന്‍റെ പേരു പറയാന്‍ കഴിയില്ലല്ലൊ. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല; മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്‍റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവന്‍ മുന്‍നിര്‍ത്തിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്പ്പെടുത്താമെന്നു വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങള്‍ സ്വഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവെച്ച് ചിലര്‍ ചെയ്യിക്കുന്നതാണ്. അതിനുപിന്നില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഉണ്ട് എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക്  ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്‍റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി.  ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്.  രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്‍റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.

ഇതുപോലെ ആന്‍റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്‍റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്‍റിബോഡി ടെസ്റ്റ് ചെയ്യുന്നത്.  

കോവിഡ് സ്ക്രീനിങ്ങിനായി ആന്‍റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്‍റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല.

ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.

സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്.

സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണം.

ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് ഏകോപനത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ റോഡല്‍ ഓഫീസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാന്‍ നടപടിയെടുക്കും.

ഇതുവരെ 5,31,330 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3,33,304 പേര്‍ തിരിച്ചെത്തി. 1,98,026 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ എത്തുന്നത് അവരെ ക്വാറന്‍റൈന്‍ ചെയ്യാനും മറ്റും തടസ്സമാകുന്നുണ്ട്. അതുകൊണ്ടാണ് രജിസ്ട്രേഷന് നിര്‍ബന്ധിക്കുന്നത്.

മാസ്ക് ധരിക്കാത്ത 5164 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുന്നുണ്ട്.

തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും.

മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചാണ്. അവര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അതിനിടെ പലര്‍ക്കും രോഗബാധയുണ്ടാകുന്നു. പൊലീസിന്‍റെയും സന്നദ്ധ വളണ്ടിയര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. അവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണം. സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതെ കര്‍മനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

വാര്‍ത്താകുറിപ്പ്: 09-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

339 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 149 പേര്‍ രോഗമുക്തി നേടി.

രോഗബാധയുടെ തോത് വര്‍ധിച്ചുവരികയാണ്. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 74 പേര്‍. സമ്പര്‍ക്കം 133. ഉറവിടം അറിയാത്തത് 7. ഡിഎസ്സി 1, ബിഎസ്എഫ് 1, എച്ച്സിഡബ്ല്യു 4. ഐടിബിപിപി 2.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പു. 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായിരിക്കുന്നത്.  

ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്‍റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും.

പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6,534 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളില്‍. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4854 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 66,934  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 63,199 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 181 ആണ്.

കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടം.  സമൂഹ വ്യാപനം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് വരുന്നത്.

ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്‍റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു.

തലസ്ഥാന നഗരത്തില്‍ മാത്രമാണ് ഈ പ്രശ്നമെന്ന് കരുതേണ്ടതില്ല. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ടതില്ല.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്‍റെ തലം സൃഷ്ടിക്കണം. ഇപ്പോള്‍ രോഗം ബാധിച്ച പലരുടേയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആള്‍ക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്‍റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ പാടില്ല. സാധാരണ ജീവിതത്തിലേയ്ക്ക് പൂര്‍ണമായും മടങ്ങാനുള്ള സമയമല്ലിത്. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കില്‍, ഇതുവരെ നമ്മള്‍ നടത്തിയ ക്രമീകരണങ്ങള്‍ എല്ലാം അസ്ഥാനത്താവും. മുന്നറിയിപ്പുകള്‍ക്കു പകരം കടുത്ത നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,355 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 254 ആയി ഉയരുകയും ചെയ്തതാണ് രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള ഏറ്റവും വലിയ കണക്ക്. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പിലാക്കി നാം രോഗവ്യാപനം പരമാവധി കുറച്ചു. രോഗം ഭേദമായവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു കുറഞ്ഞുവന്നു. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,720 ആയും കുറഞ്ഞു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയര്‍ന്നു. മൂന്നാം ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വന്നുതുടങ്ങിയതോടെ കുറച്ച് കൊണ്ടുവന്ന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്.

ഇപ്പോള്‍ ഓരോ ദിവസവും പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണം 300 കടന്നിരിക്കുന്നു. ഇത് ഇനിയും ഉയരും. എന്നാല്‍, നമുക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ കഴിയും. പക്ഷെ, സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുക.

തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരില്‍ 88ഉം സമ്പര്‍ക്കം വഴിയാണ്. തീരമേഖലയായ പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡിലേക്ക് കടന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഫീല്‍ഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ്  നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്‍റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്‍റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്‍റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.

പ്രൈമറി കോണ്ടാക്ട്, സെക്കന്‍ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്‍റൈന്‍ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.

കേസുകളുടെ ട്രെന്‍ഡും ദൈനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടക്കുന്നുമുണ്ട്.

സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും.

രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്‍റൈനിലാക്കുന്നതിന്‍റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഗൈഡ്ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുറമേ സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി റാപ്പിഡ് ആന്‍റിജന്‍ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നു.

ഇതുകൂടാതെയാണ് 5 ക്ലസ്റ്റുകളായി തിരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്ന്‍മെന്‍റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവര്‍ക്കര്‍, ആബുലന്‍സുകാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്, ഓഫീസ് ജീവനക്കാര്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ മൂന്നില്‍ കണ്ടെയ്ന്‍മെന്‍റ് സോണിലെ  ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാര്‍, വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ നാലില്‍ അതിഥി തൊഴിലാളികള്‍ക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്‍റിബോഡി പരിശോധനയാണ് നടത്തുന്നത്.

ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റാണ് ഇവര്‍ക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. ഇതിലൊന്നും ആരും വിട്ടുവീഴ്ച വരുത്തരുത്. വിട്ടുവീഴ്ച ചെയ്താല്‍ അതിന്‍റെ പ്രത്യാഘാതം വലുതാണ്.

വളരെ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് നടപ്പാക്കുന്നത്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു. കമാണ്ടോകളും മുതിര്‍ന്ന ഓഫീസര്‍മാരും ഉള്‍പ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകള്‍ കടലിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസുമായുള്ള സഹകരണം തുടരും.

പൂന്തുറയില്‍ പൊലീസ് ഒരു ലക്ഷം മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു.

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയില്‍ തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കായി പൊലീസിന്‍റെ നേതൃത്വത്തില്‍ സഹായം എത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ സഹകരണത്തോടെ  ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളെ സ്തംഭനത്തിലേക്കാണ് നയിക്കുക. അത്തരം അവസ്ഥ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് ഈ സമയത്ത് നാമെല്ലാം കാണിക്കേണ്ടത്.

കുട്ടികളുടെ ആത്മഹത്യ

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു ആത്മഹത്യയുടെ വാര്‍ത്ത വന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയ  കാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്. കുട്ടികളുടെ മാനസികാവസ്ഥ കണ്ടുകൊണ്ടുള്ള തിരുത്താണ് രക്ഷിതാക്കള്‍ വരുത്തേണ്ടേത്.

താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്‍റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മര്‍ദ്ദം കൂട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടായേ തീരൂ.

കുട്ടികളാണെങ്കിലും കൗമാരക്കാരാണെങ്കിലും അവരില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ പടവുകളിലാണ്. മുതിര്‍ന്നവരെ കൈകാര്യം ചെയ്യേണ്ട പോലെയല്ല അവരുമായി ഇടപഴകേണ്ടത്. അവരുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാനും, അവരെ അടുത്തറിയാനും മുതിര്‍ന്നവര്‍ ശ്രമിക്കണം. ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്നേഹപൂര്‍വം പെരുമാറാനും സാധിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള വിദഗ്ധസഹായങ്ങള്‍ തേടാന്‍ ഉപേക്ഷ പാടില്ല. വിദ്യാഭ്യാസവും കുട്ടികളില്‍ വലിയ തോതില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതുണ്ടാകാന്‍ പാടില്ല. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്‍റ് റെസ്ക്യു മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിയ്ക്ക് രൂപം നല്‍കി. അതിനുപുറമേ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍റ് പോലീസ് കാഡറ്റുകള്‍ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നല്‍കുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ചികിത്സാകേന്ദ്രങ്ങളും നമുക്ക് ആവശ്യമാണ്. അതിനാവശ്യമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കും.

ഒരു സമൂഹത്തിന്‍റെ ഭാവി കുട്ടികളുടെ കൈകളിലാണ്. അവരാണ് നാളത്തെ പൗരന്മാര്‍. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്‍റേയും സര്‍ക്കാരിന്‍റേയും ഉത്തരവാദിത്വമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാന്‍ നമ്മള്‍ ദൃഢനിചശ്ചയം ചെയ്തേ തീരൂ.

വാര്‍ത്താകുറിപ്പ്: 09-07-2020

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ വഴിയാണ് കിറ്റുകൾ വീട്ടിൽ എത്തിക്കുക. കേന്ദ്ര വിഹിതമുള്‍പ്പെടെ 81.37 കോടി രൂപയാണ് ഇതിന് ചെലവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഭക്ഷ്യകിറ്റുകളും ഇതേ രീതിയില്‍ വിതരണം ചെയ്യും.

സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വിജയപ്രദമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി. അക്കാര്യത്തില്‍ നാടും നാട്ടുകാരും സ്ഥാപനങ്ങളും വ്യക്തികളും നല്ലനിലയില്‍ സഹായിച്ചു.

ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാതെ ഏതെങ്കിലും കുട്ടികള്‍ ഇനിയും ഉണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരം ഉണ്ടാക്കും. കുട്ടികള്‍ കളിച്ചും പഠിച്ചും വളരുന്നവരാണ്. ക്ലാസുമുറിയുടെയോ സ്കൂളിന്‍റെയോ അന്തരീക്ഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭിക്കില്ല. ഇത് ഒരു താല്‍കാലിക സംവിധാനമാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ സജ്ജമായാല്‍ ഒരു നിമിഷം താമസിയാതെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ ജീവന്‍ബാബു. കെ, സിവില്‍ സപ്ലൈസ് വകുപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.