Category: നേട്ടങ്ങൾ

കേരളത്തിന്റെ സ്വന്തം ബാങ്ക്, ‘കേരള ബാങ്ക് ‘യാഥാർഥ്യമായി

 ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വികസന മുന്നേറ്റത്തിനും ഊർജ്ജം പകരുന്നതിൽ ബാങ്കിങ് മേഖലയ്ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ട്. നമ്മുടെ നാടിന്റെ പുരോഗതിക്കും സമഗ്ര വികസനത്തിനും ഗുണകരമാകും എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം രൂപം കൊണ്ടത്. പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്ത പ്രകാരം സർക്കാരിന്റെ മൂന്നര വർഷം പിന്നിടുമ്പോൾ ബാങ്കിങ്‌ മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്.


എന്താണ് കേരളബാങ്ക് ?

 സംസ്ഥാന സഹകരണബാങ്കും  ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാന തലത്തില്‍ ഒരു ബാങ്ക് , ഇതായിരുന്നു പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം. കേരളത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങളെ സംയോജിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. സാധാരണ ജനങ്ങള്‍ക്ക് പലിശ കുറച്ച് വായ്പകള്‍ നല്‍കുക, വിദേശ മലയാളികളുടേത് ഉള്‍പ്പെടെയുള്ള നിക്ഷേപം സാധ്യമാക്കുക, കേരളത്തിന്റെ സാമൂഹിക വിഷയങ്ങളില്‍ കൂടി ഇടപെടാന്‍ കഴിയുന്ന ബാങ്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു കേരളാ ബാങ്ക് എന്ന ആശയത്തിനു പിന്നില്‍.  ഏവര്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേരള ബാങ്കിന്റെ രൂപീകരണ ലക്ഷ്യം. 


സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരള ബാങ്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.  കേരളബാങ്ക് രൂപീകരണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രൊഫസര്‍ ഡോ.എം.എസ്.ശ്രീറാം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഐ.ഐ.എം)  അധ്യക്ഷനായുള്ള വിദഗ്ധസമിതിയെ നിയോഗിച്ചു. ഈ വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ബാങ്ക് രൂപീകരണത്തിനായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചു.


കേരള ബാങ്ക്  പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അതിനെ എല്ലാം അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നു. ഒടുവില്‍ റിസര്‍വ്വ് ബാങ്ക് നിബന്ധനകളോടെ കേരളാ ബാങ്കിന് അനുമതി നല്‍കി. കേസുകളില്‍ ഹോക്കോടതിയും തീരുമാനമെടുത്തതോടെ കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടി യാഥാര്‍ത്ഥ്യമായി. കേരള ബാങ്കിന്റെ ഒദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.


കേരള ബാങ്ക് രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്ന നേട്ടങ്ങള്‍

 

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് വളരാനുളള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. കാര്‍ഷിക-വ്യാവസായിക രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തി പകരും. . ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കാനും, വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതിനും, മൈക്രോ ഫൈനാന്‍സ് രംഗത്ത് കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ  വരവ് സഹായകമാകും.


കേരള ബാങ്കിലൂടെ കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കാന്‍ കഴിയും. കര്‍ഷകര്‍ക്ക് നിലവിലെ  പലിശ നിരക്കില്‍ നിന്നും കുറച്ചു വായ്പ നല്‍കാനാകും. കാര്‍ഷികേതര വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാന്‍ സാധിക്കും. കേരള ബാങ്ക്  വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപം ശേഖരിക്കാന്‍ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശ നാണയ വിനിമയവും വ്യാപാരവും വര്‍ദ്ധിക്കും. പൊതുമേഖല, സ്വകാര്യ മേഖല-ന്യൂ ജനറേഷന്‍ ബാങ്കുകള്‍ കൈയടക്കി വച്ചിരിക്കുന്ന എന്‍.ആര്‍.ഐ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പാവിതരണശേഷിയില്‍ കുതിച്ചുചാട്ടമുണ്ടാകും.


സമ്പൂര്‍ണ്ണമായും സാങ്കേതിക വിദ്യയിലൂന്നിയ ബാങ്കിംഗ് പ്രവര്‍ത്തനം സാധ്യമാകും. ഡിജിറ്റല്‍ ഇടപാടിന്റെയും മറ്റ് സര്‍വ്വീസ് ചാര്‍ജ്ജുകളുടേയും പേരില്‍ പൊതുമേഖലാ- സ്വകാര്യ – ന്യൂജനറേഷന്‍ ബാങ്കുകളുടെ ചൂഷണവും അവസാനിപ്പിക്കാനാകും. സഹകരണ ബാങ്കിംഗ് മേഖല അതിനൂതന സാങ്കേതിക മികവിലേയ്ക്ക് വരുമ്പോള്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ഈ മേഖലയിലേയ്ക്ക് കൂടുതലായി ആകര്‍ഷിക്കാനാകും. ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ 50 വയസ്സിന് താഴെ പ്രായമുള്ള ഉപഭോക്താക്കള്‍ 23 % ത്തിനടുത്ത് മാത്രമാണ്. യുവതലമുറയ്ക്ക് വേണ്ട സാങ്കേതിക സൗകര്യങ്ങളൊരുക്കാന്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ബാങ്കുകളേക്കാള്‍ ഏകോപിതമായ കേരള ബാങ്കിനായിരിക്കും കഴിയുക. മാത്രമല്ല, യുവതലമുറ ആഗ്രഹിക്കുന്ന ‘ബ്രാന്‍ഡ് മൂല്യം’ ആര്‍ജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും.


കേരളത്തിലെ എറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

ജില്ലാ സഹകരണബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതോടെ എല്ലാത്തരം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്താന്‍  പ്രാപ്തിയുള്ള, റിസര്‍വ്വ് ബാങ്ക് അനുമതിയുള്ള ദേശീയ/അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബാങ്കായി കേരള ബാങ്കിന് ഉയരാന്‍ കഴിയും. കേരള ബാങ്ക് നിലവില്‍ വരുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി അത് മാറും.കേരള ബാങ്കിന് തുടക്കത്തില്‍ 825 ബ്രാഞ്ചുകള്‍ ഉണ്ടാകും. നിലവില്‍ 65000-ത്തിലധികം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്‍.ആര്‍.ഐ. നിക്ഷേപമടക്കം സ്വീകരിക്കാന്‍ അനുമതി ലഭിക്കുകയും, പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കേരള ബാങ്ക് സേവനം ഗ്രാമീണ ജനതയിലേയ്ക്ക് എത്തിക്കുവാന്‍ കഴിയുകയും ചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്നതില്‍ സംശയമില്ല.


സംസ്ഥാന ജില്ലാ ബാങ്കുകള്‍ക്ക് പുറമെ കേരളത്തില്‍ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകളുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍ അല്ലെങ്കില്‍ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി 4500 ത്തിലധികം ബ്രാഞ്ചുകള്‍ ഉണ്ട്. ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഉണ്ടാകുന്ന ബാങ്കിംഗ് നെറ്റ് വര്‍ക്ക് സംസ്ഥാനത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പര്യാപ്തമാകും.


21 പൊതുമേഖലാ ബാങ്കുകളും, ഒരു ഗ്രാമീണ്‍ ബാങ്കും 19 സ്വകാര്യ വാണിജ്യ ബാങ്കുകളും 2 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉള്‍പ്പെടുന്ന കേരളത്തിലെ വാണിജ്യ ബാങ്കിംഗ് രംഗത്തിന് ബദലായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിനും, കേരള ബാങ്കിന്റെ അംഗങ്ങളാകുന്ന 1600 ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും സംസ്ഥാന താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.


കേരളബാങ്ക് രൂപീകരിക്കുമ്പോള്‍  ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. അവരാണ് കേരള ബാങ്കിന്റെ നേരവകാശികളും ഉടമകളും. കാര്‍ഷിക വായ്പാ-ബാങ്കിംഗ് പ്രവര്‍ത്തനത്തെ സംശുദ്ധമായി നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഈ നിലപാടിന് അടിസ്ഥാനം.  എല്ലാ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും കേരള ബാങ്ക് വഴി ഇടപാടുകാരിലെത്തും. കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ ലഭിക്കുന്നതിന് സാഹചര്യമുണ്ടാകും. അംഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്നതിനും അതിലൂടെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കഴിയുമെന്നതാണ് മറ്റൊരു മെച്ചം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ഗ്രാമീണ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറുന്നതിന് സാധിക്കും.


കേരള ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തമാകയാല്‍ നബാര്‍ഡില്‍ നിന്നും പുനര്‍വായ്പാ തുക വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നത് എടുത്തുപറയേണ്ടതാണ്. അതുവഴി കാര്‍ഷിക വായ്പാ തോത് വര്‍ദ്ധിപ്പിക്കാനാകും. കേരള ബാങ്കിന്റെ പ്രവര്‍ത്തന മൂല്യം ഉയരുന്നതിനനുസരിച്ച് ലാഭവിഹിതം ഉയര്‍ന്ന തോതില്‍ ലഭിക്കുകയും ചെയ്യും. മൈക്രോഫിനാന്‍സ് രംഗത്ത് ഫലപ്രദമായ ഇടപെടല്‍ സാധ്യമാക്കുന്നതിനും കഴിയും. വായ്‌പേതര സഹകരണ സംഘങ്ങള്‍ക്കും നിലവിലെ രീതിയില്‍ എല്ലാവിധ അധികാരങ്ങളും സേവനങ്ങളും നല്‍കുന്നതോടൊപ്പം ബാങ്കിംഗ് ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ നല്‍കാനുമാകും. 


നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയിലേക്ക് ഉയരും.  (ആര്‍.ബി.ഐ ആക്ട് 1934 പ്രകാരം ജില്ലാ ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ ഷെഡ്യൂള്‍ഡ് പദവിക്ക് അര്‍ഹതയുണ്ടായിരുന്നില്ല). സംസ്ഥാന സഹകരണ ബാങ്കിനാകട്ടെ കേരള ബാങ്കിലൂടെ  സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാകും. ലയനത്തിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് വഴി കേരളത്തിന്റെ വികസന പ്രക്രിയയില്‍ കൂടുതലായി ഇടപെടുന്നതിന് സാധിക്കും. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കേരള ബാങ്കിലൂടെ കഴിയും. 


കോര്‍ ബാങ്കിംഗ്, ആധുനിക ബാങ്കിംഗ് സൗകര്യങ്ങളെയെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലൂടെ മേല്‍നോട്ടം നടത്താന്‍ റിസര്‍വ് ബാങ്കിനും, നബാര്‍ഡിനും സാധിക്കും. പ്രൊഫഷണല്‍ മികവുള്ള ഉന്നത ഉദ്യോഗസ്ഥരും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും വരുന്നതിലൂടെ ബാങ്കിനെ കൂടുതല്‍ കാര്യക്ഷമതയിലേയ്ക്ക് കൊണ്ടു വരുന്നതിനും സാധിക്കും. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് ബാധകമായ എല്ലാനിയമങ്ങളും നടപ്പാക്കാനാകുന്നുവെന്നത് സുതാര്യത കൂടുതല്‍ ഉറപ്പ് വരുത്താന്‍ കാരണമാകും.


കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ ബാങ്കിംഗ് മേഖലയില്‍ ലോകത്തിന് മുമ്പില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഡിജിറ്റല്‍ ഇന്ത്യ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതിന് ഇത് പ്രയോജനപ്പെടും. പ്രാദേശിക സമ്പദ്‌വ്യവസഥയെ കൂടുതല്‍ ഉല്പാദനപരവും ചലനാത്മകവുമാക്കുന്നുവെന്നത് നമ്മുടെ കമ്പോളത്തില്‍ ഉണര്‍വ്വ് പ്രദാനം ചെയ്യും. വികസന ലക്ഷ്യത്തിനനുസരിച്ച് സാമ്പത്തിക പിന്തുണ നല്‍കുവാന്‍ സാധിക്കുമെന്നത് സംസ്ഥാനത്തിന് വലിയ വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ധൈര്യം നല്‍കും. കാര്യക്ഷമമായ ഭരണനിയന്ത്രണത്തിന് കേരള ബാങ്കിലൂടെ സാധിക്കും.


പ്രാഥമിക സഹകരണ സംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രതിനിധികള്‍ കേരള ബാങ്കിന്റെ ഭരണാധികാരികളാകും. സഹകരണ ജനാധിപത്യത്തിലൂന്നിയ വലിയ ഒരു ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് സഹകാരികള്‍ക്ക് അഭിമാനകരമാകുമെന്നതില്‍ തര്‍ക്കമില്ല. യുവതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങല്‍ ലഭിക്കുന്നതിനും കേരള ബാങ്ക് വഴി സാധിക്കും. നാടിന്റെ വികസനത്തിന് ജനതയുടെ ബാങ്ക് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും.

ലക്ഷ്യം ദീര്‍ഘകാല വികസനം

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് സഹായകമായി ശക്തമായ സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്‍ അനിവാര്യമാണ്.  സര്‍ക്കാരിന്റെ നവകേരള മിഷനിലൂടെ നല്ല പൊതു വിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക-പാരിസ്ഥിതിക വികസനം, ഭവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം നമ്മുടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ കഴിയണം. ഈ ഗതിവേഗത്തിന് രാസത്വരകമാകുന്ന കേരള ബാങ്ക് നമുക്ക് സ്വന്തമായ, ശക്തമായ ഒരു സാമ്പത്തിക ജീവനാഡിയായിരിക്കും. 

നിക്ഷേപവാഗ്ദാനവുമായി ജപ്പാനും കൊറിയയും

കേരളത്തിന്റെ ഭാവിക്കനുയോജ്യമായ  അടിസ്ഥാന സൗകര്യ വികസനം, അതിനുതകുന്ന വിധം നിക്ഷേപങ്ങളെയും ആധുനിക വ്യവസായങ്ങളെയും ആകര്‍ഷിക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കുക എന്നിവ പ്രകടന പത്രികയില്‍ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളാണ്. ഈ സമീപനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഫലമായാണ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ നാം വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്.


അതിന്റെ തുടർച്ച എന്ന നിലയിൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജം പകരുന്ന തരത്തിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഇത്തവണത്തെ വിദേശ യാത്രയുടെ ലക്ഷ്യം


അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തന്‍ വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ചയുടെ അടുത്ത പടിയിലേക്കു കടക്കുക എന്ന നിലയ്ക്കാണ് ജപ്പാനും കൊറിയയും സന്ദര്‍ശിച്ചത്. വളരെ വിജയകരമായി സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു 


ഉത്പാദനം വര്‍ദ്ധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുക എന്നതാണ് നിലപാട്. അങ്ങനയേ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുനയിക്കാനാവൂ. അതിന് ശാസ്ത്ര സാങ്കേതിക രംഗത്ത് മാനവരാശി ആര്‍ജ്ജിച്ച വിജ്ഞാനങ്ങളെ ആകെ ഉള്‍ക്കൊള്ളാന്‍ കഴിയണം. അവയെ നാടിന്റെ സവിശേഷതയ്ക്കനുസൃതമായി ഉത്പാദന രംഗത്ത് പ്രയോഗിക്കുകയും വേണം. ജപ്പാനും കൊറിയയും പോലുള്ള രാജ്യങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ അറിവുകളെ ഉപയോഗിച്ച് വികസനത്തിന്റെ പല മേഖലകളിലും മുന്നോട്ടുപോയിട്ടുള്ളവരാണ്. പാരിസ്ഥിതിക സവിശേഷതകളെ ഉള്‍ക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകള്‍ക്കു നല്‍കുന്ന സവിശേഷ പ്രാധാന്യം കേരളം പോലെ പ്രകൃതി ദുരന്തങ്ങള്‍ അലട്ടുന്ന പ്രദേശങ്ങള്‍ക്ക് പ്രധാനമാണ്.


ഓരോ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിനു ശേഷവും അതുകൊണ്ടുണ്ടായ ഗുണങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. . കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം (മെഡിക്കല്‍ എക്വിപ്‌മെന്റ്), ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്‌കരണം, മല്‍സ്യബന്ധനം, നൈപുണ്യ വികസനം, മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്കൊക്കെ ഗുണകരമാവുന്ന സന്ദര്‍ശനമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.


ഈ യാത്ര യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഒന്നാണ്. അതുകൊണ്ടു തന്നെ, യാത്രയിലെ ഓരോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കള്‍ക്ക് ഗുണകരമായി ഭവിക്കുന്നു എന്നുറപ്പു വരുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കള്‍ക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ട്.


ജപ്പാന്‍

 

ചില ജാപ്പനീസ് കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്, വ്യവസായങ്ങള്‍ നടത്തുന്നുമുണ്ട്. അവര്‍ക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കേരളം ജാപ്പനീസ് നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വളരെ അനുയോജ്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം കുറേക്കൂടി ഫലവത്തായി പ്രയോജനപ്പെടുത്താനാണ് ജപ്പാനിലെ സന്ദര്‍ശങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ശ്രമിച്ചത്.ചെറുകിട ഇടത്തര വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യവുമാണ്. ഇവ രണ്ടും തന്നെ കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളാണ്. അതുകൊണ്ട്, അവയെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിച്ചത്.


ജപ്പാനിലെ ആദ്യ മീറ്റിംഗില്‍ തന്നെ കേരളത്തിലേക്ക് ഇരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കുവാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ ജപ്പാന്‍ സന്ദര്‍ശനം ഒരു ശുഭാരംഭമായിരുന്നു. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് എത്തുമെന്ന ഉറപ്പ് നേടാനായി.


കേരളത്തില്‍ നാല് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള നീറ്റ ജെലാറ്റിന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ കൂടി നിക്ഷേപിക്കുവാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപ സൗഹാര്‍ദ സാഹചര്യത്തിനുള്ള അംഗീകാരം കൂടിയാണിത്.


ടെറുമോ കോര്‍പറേഷന്‍ തിരുവനന്തപുരത്തുള്ള ടെറുമോ പെന്‍പോളില്‍ 105 കോടി രൂപയുടെ നിക്ഷേപം നടുത്തവാനും തീരുമാനിച്ചു. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തില്‍ ഉത്പാദിപ്പിക്കാനാവുന്ന പദ്ധതിയാണിത്.


തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്സൈഡ് (എല്‍ ടി ഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിനു താത്പര്യപത്രം ഒപ്പു വെച്ചു. കേരളത്തിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്നു ഇത്തരം നൂതന ബാറ്ററി പാക്കിങ് യുണിറ്റ് തുടങ്ങുവാനാണ് ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഒരിടത്തും ഇത്തരം ഇത്തരം ബാറ്ററി നിര്‍മ്മിക്കുന്ന ഫാക്ടറി ഇല്ല.


2022 ആവുമ്പോഴേക്കും കേരളത്തില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുവാന്‍ ഉദ്ദേശിച്ചുള്ള വൈദ്യുത വാഹന നയം നമ്മുക്കുണ്ട്. അത് ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാനുള്ള വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. സ്വിസ്സ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് ഇലക്ട്രിക് ബസ് നിര്‍മിക്കുന്നുണ്ട്. അതിലും കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളിലും എല്‍ ടി ഒ ഇലക്ട്രിക് ബാറ്ററി ഉപയോഗിക്കും.വൈദ്യുതി വാഹനങ്ങള്‍ക്കായി അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുള്ള പഠനം നടന്നു കൊണ്ടിരിക്കുന്നു, അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് തോഷിബയുമായുള്ള കരാറില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.


ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജന്‍ ഫ്യൂല്‍ സെല്‍ ഫാകറ്ററി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചര്‍ച്ചകള്‍ നടന്നു. ഇതിനായി ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെക്കും.


എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്‌സില്‍ ഒരു ലൂബ്രിക്കന്റ് ബ്ലെന്‍ഡിങ് യൂണിറ്റ് സ്ഥാപിക്കുവാന്‍ ജിഎസ് കാള്‍ടെക്‌സ് കോര്‍പറേഷന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


ഐടിയിലും, ആയുര്‍വേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത നേരിട്ട് മനസ്സിലാക്കാന്‍ ജപ്പാനിലെ സനിന്‍ പ്രവിശ്യയില്‍ നിന്നും 5 മേയര്‍മാര്‍ അടങ്ങുന്ന സംഘം കേരളത്തിലേക്ക് വരുന്നുണ്ട്.


ടോക്കിയോയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ 150-ഓളം നിക്ഷേപകര്‍ പങ്കെടുത്തു. നിര്‍മാണം, വ്യാവസായിക അടിസ്ഥാന വികസനം, മാര്‍ക്കറ്റിങ് ഹബ്, ആരോഗ്യം, ടൂറിസം, എടി, ബയോ-ടെക്നോളജി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്തുവാന്‍ അവരെ ക്ഷണിച്ചു.


ഇവിടെ നിലവില്‍ നിക്ഷേപം നടത്തിയ നിസാന്‍, ഫ്രാസ്‌കോ ഉള്‍പ്പടെയുള്ള കമ്പിനികള്‍ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ മതിപ്പോടെയാണ് കാണുന്നത് എന്ന് അവിടെ വ്യക്തമാക്കപ്പെട്ടു. ഇത് കേരളത്തിലേക്ക് ഇനിയും നിക്ഷേപം കൊണ്ടുവരുന്നതിനു സഹായകരമായ അനുഭവമായി.ജപ്പാന്‍ എക്‌സ്റ്റേര്‍ണല്‍ ട്രേഡ് ഒരഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുവാന്‍ അവരെ ക്ഷണിച്ചു.


വിദ്യാഭ്യാസ-നൈപുണ്യ രംഗം

കേരളത്തില്‍ നിന്നുമുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഒസാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാന്‍ഡ്വിച് കോഴ്‌സുകള്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള താത്പര്യം അവര്‍ അറിയിച്ചിട്ടുണ്ട്.ഷിമാനെ യൂണിവേഴ്‌സിറ്റി കുസാറ്റുമായി ചേര്‍ന്ന് 4+2 വര്‍ഷത്തിന്റെ രണ്ടു യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സ് ആരംഭിക്കുവാനും തീരുമാനമായി. കേരളത്തില്‍ ആറു മാസം, ജപ്പാനില്‍ ആറു മാസം, എന്ന തരത്തില്‍ വരുന്ന ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേര്‍ന്ന് ആരംഭിക്കുവാനുള്ള നടപടികളിലേക്ക് കടക്കുവാനും ധാരണയായി. കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളുമായും സമാന കോഴ്സുകള്‍ തുടങ്ങുന്നതിനെ പറ്റി ഷിമാനെ യൂണിവേഴ്‌സിറ്റി ചര്‍ച്ച ചെയ്യും.ഷിമാനെ യൂണിവേഴ്‌സിറ്റിയില്‍ യുനെസ്‌കോയുടെ ഭൂ-പരിസ്ഥിതി ദുരന്ത ലഘൂകരണ ചെയര്‍ പ്രൊഫ ഫാവു വാങിന്റെ സഹായത്തോടെ കേരളത്തിലും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ശേഷി വികസനം നടത്തും.കേരളത്തിന്റെ 2 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ജാപ്പനീസ് ഭാഷാ കോഴ്‌സ് തുടങ്ങുവാന്‍ അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്നിക്കല്‍ സ്‌കോളര്‍ഷിപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


കൊറിയ

സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യമാണ് ജപ്പാനെ പോലെ തന്നെ കൊറിയയും. കേരളത്തെ കൊറിയയ്ക്കു പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് കൊറിയന്‍ യാത്രയില്‍ ഏറ്റെടുത്തത്.സമുദ്രോത്പദന-ഭക്ഷ്യകയറ്റുമതി നേരിട്ട് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ആയി. ചേര്‍ത്തലയിലെ സമുദ്രോത്പന്ന സംസ്‌കരണ മേഖല സന്ദര്‍ശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കുവാനും തുടര്‍ന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇമ്പോര്‍ട്ടര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കെ എസ് ഐ ഡി സി യുടെ ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെന്റര്‍ തുടങ്ങുവാനും ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ വിയാറ്റ്നാം വഴിയാണ് പോവുന്നത്, ടെസ്റ്റ് സെന്റര്‍ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്തുവാന്‍ കഴിയും.


ഹ്യുണ്ടായിയുടെ വാഹന പാര്‍ട്‌സ് സപ്ലയര്‍ ആയ എല്‍കെ ഹൈ-ടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുവാന്‍ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.


ഐടി, എല്‍.ഇ.ഡി നിര്‍മ്മാണം, ഓട്ടോമൊബൈല്‍ കംപോണേന്റ്‌സ്, ഭക്ഷ്യ സംസ്‌കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ്, സപ്ലെ ചെയിന്‍ തുടങ്ങിയ മേഖലകളിലില്‍ നിക്ഷേപിക്കുവാനാണ് കൊറിയയില്‍ നിന്നും നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചത്.


വിദ്യാഭ്യാസ നൈപുണ്യ രംഗത്ത്കേരളത്തിലെ ഫിഷറീസ് യൂണിവേഴ്സിറ്റിയും ഫുഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കുവാന്‍ പോകുന്ന വേള്‍ഡ് ഫിഷറീസ് യുണിവേഴ്‌സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുക്യോങ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ട്രെയിനിങ് പ്രോഗ്രാം തയ്യാറാക്കും. ആയുര്‍വേദ രംഗത്തും സഹകരിക്കുന്നതിനുള്ള താത്പര്യം പുക്യോങ് യൂണിവേഴ്‌സിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്.


ബുസാന്‍ പോര്‍ട്ട് അതോറിറ്റി നമ്മുടെ പോര്‍ട്ട് ഓഫിസര്‍മാരെ പരിശീലിപ്പിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ തുറമുഖങ്ങളും ഹാര്‍ബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വേണ്ട ഒരു ധാരണ പത്രം ഒപ്പുവെക്കുവാനും തീരുമാനിച്ചു.


മാലിന്യ സംസ്‌കരണംബുസാനിലും സോളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചതും എടുത്തു പറയേണ്ടതാണ്. അവിടങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കുന്നത് എന്നും മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നതു എങ്ങനെ എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ പ്രയോജനപ്പെടുത്താവുന്ന മാതൃകകളാണ് അവിടെ കണ്ടത്.


സെമി ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ടു ജൈക്ക (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി) യുമായും ഹ്യുണ്ടായിയുമായും കൂടിയാലോചന നടത്തി. ഇരുവരും സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


നമ്മുടെ ഫെഡെറല്‍ ഘടനയില്‍ സംസ്ഥാനത്തിന്റെ വികസനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഉള്ളത്. അതുകൊണ്ടു തന്നെ ആ ഉത്തരവാദിത്തത്തെ വളരെ ഗൗരവത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാണുന്നത്. അതിന് കേരളവുമായി സഹകരിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുമായി നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ നാം സഹകരിക്കേണ്ടതുണ്ട്. കേരളത്തിന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഹിരോഷിമ മെമ്മോറിയലില്‍ ചെന്നതും കേരളത്തിന് വേണ്ടി ആദരവ് അര്‍പ്പിച്ചതും പ്രത്യേകം പറയേണ്ടതുണ്ട്. അത് കേവലമായ ഒരു ചടങ്ങായിരുന്നില്ല- നിരായുധീകരണത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കല്‍ തന്നെയായിരുന്നു. ജപ്പാനിലും കൊറിയയിലും ചരിത്രവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതും പുതിയ തലമുറയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പകര്‍ന്നു കൊടുക്കുന്നതും അനുകരണീയ മാതൃകയാണ്.


മികച്ച ക്രമസമാധാനം, ഉയര്‍ന്ന ജീവിത നിലവാരം, ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനത, അഴിമതിയില്ലാത്ത സുസ്ഥിരമായ സര്‍ക്കാര്‍ തുടങ്ങിയവയൊക്കെയാണ് കേരളത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ജപ്പാനെയും കൊറിയയെയും ഒക്കെ പ്രേരിപ്പിക്കുന്നത്. ആ രാജ്യങ്ങളുമായുള്ള സഹകരണം കേരളത്തിന്റെ വികസനത്തിനും നമ്മുടെ ഭാവി തലമുറയുടെ വളര്‍ച്ചയ്ക്കും ഏറെ ഉപകാരപ്രദമാകും എന്നതില്‍ സംശയമില്ല.

അസാധ്യമായത് സാധ്യമാക്കി സര്‍ക്കാര്‍, പവര്‍ ഹൈവേ നാടിന് സമര്‍പ്പിച്ചു

സാധ്യമാകില്ലെന്ന് കരുതിയ ഒരു പദ്ധതി കൂടി സംസ്ഥാനത്ത് യാഥാർഥ്യമായിരിക്കുകയാണ്. ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയാണ് യാഥാർഥ്യമായത് . അടൂരിൽ നടന്ന ചടങ്ങിൽ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈനിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.


കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന ചരിത്ര മുഹൂര്‍ത്തം കൂടിയാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം. സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധങ്ങൾ മൂലം ദീര്‍ഘകാലം മുടങ്ങിക്കിടന്ന പദ്ധതി, ഉപേക്ഷിക്കാ൯ തന്നെ ഒരു ഘട്ടത്തിൽ പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍ തീരുമാനിച്ചതാണ്. ആകര്‍ഷകമായ നഷ്ട പരിഹാര പാക്കേജ് അനുവദിക്കുകയും പദ്ധതിപ്രവർത്തനങ്ങളിൽ സർക്കാർ നിരന്തരം ശക്തമായി ഇടപെടുകയും ചെയ്തതാണ് ഈ സര്‍ക്കാര്‍ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയെ വിജയപഥത്തിൽ എത്തിച്ചത്.


പദ്ധതി യാഥാർഥ്യമാകാൻ സർക്കാർ സ്വീകരിച്ച നടപടികൾ

ഒരു ഘട്ടത്തിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഉപേക്ഷിക്കാൻ പോലും ആലോചിച്ച പദ്ധതിയ്ക്ക് കൃത്യമായ ഇടപെടലിലൂടെയാണ് സർക്കാർ ജീവൻ നൽകിയത്.


മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും നേത‍ൃത്വത്തില്‍ അവലോക യോഗങ്ങളും മേല്‍നോട്ടവും


ജനപ്രതിനിധികളെ കൂടി ഇടപെടുത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു


പദ്ധതി പൂർത്തീകരിക്കും വരെ ചീഫ് സെക്രട്ടറിയുടെ നേത്രത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ നിരീക്ഷണം .


സ്ഥലമേറ്റടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കേസുകൾ കോടതിക്ക് പുറത്ത് പോലും തീർപ്പാക്കി കോടതിയുടെ അംഗീകാരം നേടി.


നഷ്ട പരിഹാരം നിര്‍ണ്ണയിക്കുന്നതിനുള്ള സ്ഥലവില ഫെയ൪ വാല്യുവിന്‍റെ അഞ്ചിരട്ടിയായി നിശ്ചയിച്ചു.


46 മീ. വീതിയിലുള്ള സ്ഥലത്തെ വെട്ടിമാറ്റേണ്ടി വന്ന മുഴുവ൯ വൃക്ഷങ്ങള്‍ക്കുംവിളകള്‍ക്കും നഷ്ട പരിഹാരം നല്‍കുകയും 16 മീ. വീതിയിലുള്ള ലൈന്‍ ഇടനാഴിക്ക് പ്രത്യേക നഷ്ട പരിഹാരം അനുവദിക്കുകയും ചെയ്തു.
സ്ഥലമേറ്റെടുക്കാതെ ഉടമസ്ഥാവകാശം കക്ഷികള്‍ക്ക് തന്നെ നിലനിര്‍ത്തിയാണ് നഷ്ടപരിഹാരം നല്‍കിയത്.


ലൈനിനടിയില്‍ വരുന്ന 340 ല്‍പ്പരം വീടുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം അധികമായി അനുവദിച്ചു.


ലൈന്‍ റൂട്ടിലെ റബ്ബർ മരങ്ങൾ വെട്ടുന്നത് പരമാവധി കുറയ്ക്കുന്നതിന് ഉയരം കൂടിയടവറുകളാണ് ഉപയോഗിച്ചത്.


വൈദ്യുതി തടസ്സം പരമാവധി കുറച്ചാണ് 15 എക്സ്ട്രാ ഹൈടെന്‍ഷ൯ ലൈനുകള്‍ക്ക് മുകളിലൂടെ ഈ ലൈന്‍ വലിച്ചിട്ടുള്ളത്.


പദ്ധതിയെക്കുറിച്ച് ജനങ്ങളിലുണ്ടായിരുന്ന ആശങ്കകൾ അകറ്റുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കെ.എസ്.ഇ.ബി.യില്‍ ഒരു സ്പെഷ്യല്‍ടാസ്ക്ഫോര്‍സ് രൂപീകരിച്ചു.


നഷ്ടപരിഹാര നിര്‍ണ്ണയവും വിതരണവും വേഗത്തിലാക്കുന്നതിനായി നാല് ജില്ലകളിലും പ്രത്യേക തഹസില്‍ദാർ ഓഫീസുകള്‍ സ്ഥാപിക്കുകയും ചെയ്തു.


ഉന്നതതലത്തില്‍ മാസംതോറും നടത്തിയ അവലോകന യോഗങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ അവസരോചിത ഇടപെടലുകളും പദ്ധതിയെ സമയബന്ധിതമായി പൂര്‍ത്തിയാക്കാ൯ സഹായിച്ചു.


പദ്ധതി പൂര്‍ത്തീകരണത്തിനായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 256 കോടി രൂപയുടെ പുനരധിവാസപാക്കേജിന് രൂപം നല്‍കി.


എന്താണ് ഇടമണ്‍-കൊച്ചി 400 കെ.വി. ട്രാന്‍സ്മിഷ൯ ലൈ൯
ഇടമൺ – കൊച്ചി 400കെ.വി. ലൈന്‍ ( 148.3കി.മീ.) പൂര്‍ത്തിയായതോടെ കേരളത്തിന്‍റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി- ഉദുമല്‍പ്പെട്ട് 400 കെ.വി. പവര്‍ ഹൈവേ (437കി.മീ.) യാഥാ൪ത്ഥ്യമായിരിക്കുന്നു. 2000 മെഗാവാട്ട് പ്രസരണ ശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പ്രസരണമേഖലകളില്‍ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും കേരളത്തിന്‍റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ചു സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ 2019 സെപ്തംബര്‍ 25 നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്. ഈ ലൈൻ പൂര്‍ത്തിയായതോടെ 400കെ.വി.യുടെ പ്രസരണ ശൃംഖല വഴി ഇന്ത്യയിൽ എവിടെ നിന്നും വൈദ്യുതി എത്തിക്കാം എന്നതാണ് പ്രധാന നേട്ടം.


കേരളത്തിന്റെ സ്ഥാപിത വൈദ്യുതോല്‍പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ കേരളത്തിന്‍റെ വൈദ്യുതി ഉപഭോഗം 4350മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി കേരളത്തിലേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് കേന്ദ്ര വൈദ്യുതി നിയന്ത്രണ ഓഫീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി – കൊച്ചി ലൈൻ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ദ്ധിച്ചതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും വിലകുറച്ച് ലഭിക്കുന്ന വൈദ്യുതി, പ്രസരണ നഷ്ടം കുറച്ചു കേരളത്തിൽ എത്തിക്കാൻ സാധിക്കുന്നതുമാണ്. ഈ ലൈൻ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കൂടംകുളത്ത് നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പേട്ട് വഴി കേരളത്തിലേയ്ക്ക് എത്തുമ്പോൾ ഏകദേശം 20 മെഗാവാട്ട് (വര്‍ഷം 102 ദശലക്ഷം യുണിറ്റ്) പ്രസരണ നഷ്ടം ഉണ്ടായിരുന്നതായി കണക്കാക്കിയിട്ടുണ്ട്. ഈ നഷ്ടം ഇനി ഒഴിവാകും. പല സമയങ്ങളിലും സംസ്ഥാനത്തിനു 400മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമേ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്കടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വതപരിഹാരമാണ് ഇപ്പോൾ പൂര്‍ത്തിയായ 400കെ.വി. ഇടമൺ – കൊച്ചി ലൈന്‍. തിരുനെല്‍വേലി മുതല്‍ ഇടമണ്‍വരെയുള്ള 400/220കെ.വി. മള്‍ട്ടി സര്‍ക്യുട്ട് ലൈൻ 2010ല്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.


148.3 കി.മീ. നീളവും 447 ടവറുകളും ഉള്ള 400 കെ.വി. ഇടമണ്‍ – കൊച്ചി ലൈൻ കൊല്ലം(22കി.മീ.), പത്തനംതിട്ട(47കി.മീ.), കോട്ടയം(51കി.മീ.), എറണാകുളം (28കി.മീ.) എന്നീ നാലു ജില്ലകളില്‍ കൂടിയാണ് കടന്നുപോകുന്നത്. 16മീ. ഇടനാഴിയുള്ള ലൈനിന്റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്. 29-08-2005ല്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും 2008 മാര്‍ച്ച് മാസത്തിൽ ടെണ്ടർ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി പവര്‍ഗ്രിഡ്‌ ലൈൻ നിര്‍മ്മാണം ആരംഭിച്ചു. 2008ല്‍ തുടങ്ങി 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ പൂര്‍ണ്ണതോതിൽ നടന്നുവരവെ, സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധങ്ങൾ മൂലം നിര്‍മ്മാണം പൂര്‍ണ്ണമായി തടസ്സപെട്ടു. ഈ സര്‍ക്കാർ അധികാരത്തിൽ വന്ന ശേഷം 09.03.2017-ൽ നിര്‍മ്മാണജോലികൾ പൂര്‍ണതോതിൽ പുനരാരംഭിക്കുകയും 14.09.2019ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.


പദ്ധതിയുടെ നേട്ടങ്ങള്‍

സംസ്ഥാനത്തെ ആദ്യത്തെ 400 കെ.വി. പവർ ഹൈവേയായ തിരുനെല്‍വേലി- കൊച്ചി- തൃശ്ശൂര്‍- ഉദുമല്‍പ്പെട്ട് ലൈൻ യാഥാ൪ത്ഥ്യമായതോടെ വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള ശേഷി വര്‍ദ്ധിച്ചു.അതോടൊപ്പം കേന്ദ്ര വിഹിതം മുഴുവനായും കൃത്യതയോടെ ഉപയോഗപ്പെടുത്താൻ സാധ്യമാകും. ഇതുമൂലം ലൈന്‍ ലഭ്യത ഉറപ്പാവുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോള്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കും. കേരള-തമിഴ്നാട് മേഖലയിലെ ലൈനുകളിലുള്ള തിരക്ക് കുറയ്ക്കുവാൻ കഴിയും. പ്രസരണ നഷ്ടം വന്‍തോതിൽ കുറഞ്ഞു, മെച്ചപ്പെട്ട വോള്‍ട്ടേജിൽ പ്രസരണ-വിതരണം സാധ്യമാവുന്നു.കുറഞ്ഞ ചിലവില്‍ ദീര്‍ഘകാലാടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും.സംസ്ഥാനത്തിന്‍റെ പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍ദ്ദിഷ്ട 400 കെ.വി. സബ്സ്റ്റേഷനുകള്‍ (കോട്ടയം, ഇടമണ്‍) നിര്‍മ്മിക്കുവാനും സാധിക്കും. കൂടാതെ മാടക്കത്തറ-കോഴിക്കോട് 400 കെ.വി. ലൈന്‍കൂടി പൂര്‍ത്തിയാകുന്നതോടെ മലബാർ മേഖലയിലെ വൈദ്യുതിലഭ്യത കൂടുകയും ചെയ്യും.

/ In നേട്ടങ്ങൾ / By CM WEB / Comments Off on അസാധ്യമായത് സാധ്യമാക്കി സര്‍ക്കാര്‍, പവര്‍ ഹൈവേ നാടിന് സമര്‍പ്പിച്ചു

കേരളത്തിലേക്ക് പതിനായിരം കോടിയുടെ നിക്ഷേപക സംരംഭം ,നിക്ഷേപക കൗൺസിൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലേക്ക് വിദേശ  നിക്ഷേപം ആകർഷിക്കുന്നതിന്  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദുബായിൽ നടന്ന സംരംഭകരുടെ യോഗത്തിൽ വിവിധ കമ്പനികൾ പതിനായിരം കോടിയുടെ നിക്ഷേപ വാഗ്‌ദാനം നൽകി.ഡിപി വേൾഡ് 3500 കോടി,ആർപി ഗ്രൂപ്പ് 1000 കോടി,ലുലു ഗ്രൂപ്പ് 1500 കോടി ,ആസ്റ്റർ 500 കോടി,മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം.
ഇതിൽ ഡിപി വേൾഡ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും, ആർപി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ  ടെയിൽ  മേഖലയിലും, ആസ്റ്റർ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ  മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച നോൺ റസിഡന്റ് കേരളൈറ്റ്‌സ് എമർജിങ് എന്റർപ്രനേഴ്‌സ് മീറ്റ് (നീം)   സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 പ്രവാസി സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഉന്നത തല നിക്ഷേപക കൗൺസിൽ രൂപീകരിക്കും. എല്ലാ വിധത്തിലും കേരളം അതി വേഗം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകർ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നത്. അന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്‍റിങ്ങ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മറ്റികള്‍ ചേര്‍ന്ന് 48 ശുപാര്‍ശകളാണ് സര്‍ക്കാരിന് കൈമാറിയത്. അവയെ ലോകകേരള സഭയുടെ സെക്രട്ടറിയറ്റ്- നിക്ഷേപം, ക്ഷേമം, നൈപുണ്യം, കലാസാംസ്കാരികം എന്നിങ്ങനെ നാലു മേഖലകളായി തരംതിരിക്കുകയും പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കുക എന്നത്. അതുപ്രകാരം പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ്   നിക്ഷേപകമ്പനി  രജിസ്റ്റര്‍ ചെയ്തു. കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമാണ്. ബാക്കി 74 ശതമാനം പ്രവാസി മലയാളികളില്‍നിന്ന് സമാഹരിച്ചതാണ്. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍ വഴി പ്രായോഗികമായ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഈ കമ്പനിയെ പ്രയോജനപ്പെടുത്തും.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം വലിയ കുതിപ്പാണ് നടത്തിയത്.
വികസനത്തിന്‍റെ ഏതു മാനദണ്ഡം കണക്കിലെടുത്താലും ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് പ്രകാരം ഭരണനിര്‍വഹണത്തില്‍ 2016 മുതല്‍ കേരളമാണ് ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ളവരുടെ സര്‍വേ പ്രകാരം ക്രമസമാധാനപാലനത്തിലും നാം മുന്നിലാണ്. വര്‍ഗീയ ലഹളകള്‍ തീരെയില്ലാത്ത സംസ്ഥാനവും കേരളമാണ്. ഏറ്റവും പുതിയ നിതീ ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മികച്ച ആരോഗ്യരക്ഷാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം.
ഇതരസംസ്ഥാനക്കാരോട് സൗഹാര്‍ദപരമായി പെരുമാറുകയും അവര്‍ക്കുവേണ്ട സുരക്ഷയൊരുക്കുകയും ചെയ്യുന്ന കാര്യത്തില്‍ കേരളമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന് മുംബൈ ആസ്ഥാനമായുള്ള ‘ഇന്ത്യ മൈഗ്രേഷന്‍ നൗ’ എന്ന സംഘടന അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു.
കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് സംസ്ഥാനത്തിന്‍റെ വ്യവസായ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കും. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുമായാണ് കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയെ ബന്ധിപ്പിക്കുക. ദേശീയ വ്യവസായ ഇടനാഴി പദ്ധതിയില്‍ ആദ്യം കേരളം ഉള്‍പ്പെട്ടിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കി, കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്-മുഖ്യമന്ത്രി പറഞ്ഞു

വ്യവസായ ഇടനാഴിയോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതി ഡിസംബറോടെ പൂര്‍ത്തിയാകും. ആകെയുള്ള 408 കിലോമീറ്ററില്‍ മൂന്നു കിലോമീറ്റര്‍ മാത്രമാണ് പൈപ്പിടാന്‍ ബാക്കിയുള്ളത്. എല്‍എന്‍ജി ടെര്‍മിനല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മലിനീകരണവും വിലയും കുറഞ്ഞ ഇന്ധനം സംസ്ഥാനത്ത് ധാരാളമായി ലഭ്യമാകും.
പുതിയ കാലത്തിന് അനുയോജ്യമായ നിരവധി പദ്ധതികള്‍ വ്യവസായ വകുപ്പിലൂടെ ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്. കാര്‍ഷികവിളകളില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതുള്‍പ്പെടെ കേരളീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്കാണ് മുന്‍ഗണന. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ റൈസ് പാര്‍ക്കുകള്‍, സിയാല്‍ മോഡല്‍ റബര്‍ കമ്പനി, നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ ഉദാഹരണമാണ്. ഇത്തരം നവീന സംരംഭങ്ങളിലൂടെ കാര്‍ഷിക, വ്യവസായ മേഖലകള്‍ ഒരുപോലെ അഭിവൃദ്ധി കൈവരിക്കും.
 കുടുതല്‍ നിക്ഷേപകരും നിക്ഷേപവും കടന്നുവന്നാല്‍ സമസ്ത മേഖലകളിലും കേരളത്തിന് വന്‍ കുതിപ്പ് നടത്താനാകും. കേരളത്തിന്‍റെ അഭിവൃദ്ധിയില്‍ അതിതല്‍പരരും അവിടുത്തെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ പ്രവാസി സഹോദരങ്ങള്‍ക്കാണ് നമ്മുടെ നിക്ഷേപരംഗത്തുണ്ടായ ആശാവഹമായ മാറ്റം ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയുക. അതുകൊണ്ടുതന്നെ ലോകത്തെങ്ങുമുള്ള നിക്ഷേപകര്‍ക്ക് വഴികാണിച്ചു കൊടുക്കാനും  സാധിക്കും-മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോര്‍ക്കയുടെ പ്രവാസി ഐഡി  കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസില്‍ യാത്രാക്കൂലിയുടെ 7 ശതമാനം ഇളവ് ലഭിക്കും. ഇത് കൂടുതല്‍ വിമാന കമ്പനികളില്‍ നിന്ന് നേടിയെടുക്കുവാന്‍ ശ്രമിക്കും. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി  ദുബായ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിശേഷാവസരങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ആ ഘട്ടങ്ങളില്‍ കൂടുതള്‍ വിമാനങ്ങള്‍ ആ സെക്റ്ററില്‍ അനുവദിക്കാമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി  ഉറപ്പു നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി തന്നെ വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിച്ച് ബുക്കു ചെയ്യാന്‍ അവസരം തരുമെന്നാണ് ഉറപ്പ് ലഭിച്ചത്.

പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. അതിവിദഗ്ധരായ മലയാളികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ വിജ്ഞാനം നാടിന് ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ലോക കേരള സഭ രൂപം കൊണ്ടത്. സുരക്ഷിതമായ സമ്പാദ്യം പ്രവാസികള്‍ക്ക് ഉറപ്പുവരുത്താനും നാടിന്‍റെ വികസനത്തിനും കേരള പ്രവാസി ചിട്ടി വഴി സാധിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്സിന്‍റെ കീഴില്‍ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് തിരുച്ചുവരുമ്പോള്‍ ശാരീരിക-സാമ്പത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1718 ഗുണഭോക്താക്കള്‍ക്ക് പത്തു കോടിയിലേറെയും വിതരണം ചെയ്തു.
റിക്രൂട്ട്മെന്‍റ് നിയമപരവും സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് നോര്‍ക്ക് റൂട്ട്സ് ആസ്ഥാനത്ത് ഒരു റിക്രൂട്ട്മെന്‍റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് നോര്‍ക്ക് റൂട്ട്സ്.തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അംഗീകൃത തൊഴിലാളിയാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരിശീലനത്തിന്‍റെ ഭാഗമായ ജോലിയിലേക്ക് പോകാനുള്ള അവസരം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസുകളില്‍ സൗകര്യമൊരുക്കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരപ്പെടുത്തിയ കേരളത്തിലെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്.
കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം ലഘൂകരിക്കാനാണ് പ്രവാസി ഐ.ഡി. കാര്‍ഡ് വിതരണം ചെയ്യുന്നത്. മള്‍ട്ടിപര്‍പ്പസ് ഫോട്ടോ ഐഡി കാര്‍ഡുള്ള ഏതു പ്രവാസി മലയാളിക്കും നോര്‍ക്ക റൂട്ട്സ് വഴി ആവശ്യമായ സേവനം എളുപ്പം ലഭ്യമാകും. നാലു ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഐഡി കാര്‍ഡ് കൈപ്പറ്റി. പേഴ്സണല്‍ ആക്സിഡന്‍റ് കവറേജായി രണ്ടു ലക്ഷം രൂപ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രവാസ ജീവിതത്തിനിടെ നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ട്-മുഖ്യമന്ത്രി അറിയിച്ചു

എംബസികളില്‍ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുതല്‍ ഗ്ലോബല്‍ കോണ്ടാക്റ്റ് സെന്‍റര്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, പരാതികള്‍ എന്നിവ പറയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താം. ഫോണ്‍, ഇ-മെയില്‍, എസ്.എം.എസ്, ലൈവ് ചാറ്റ് മുഖേനയും സെന്‍ററില്‍ ബന്ധപ്പെടാം.പ്രവാസി സഹോദരിമാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ എന്‍.ആര്‍.ഐ. സെല്‍ നോര്‍ക്കാ റൂട്ട്സില്‍ ആരംഭിച്ചു. സാങ്കേതികവിദ്യാ മാറ്റത്തിനനുസരിച്ച് ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡിസംബറില്‍ കൊച്ചിയില്‍ ഇന്‍റര്‍നാഷണല്‍ എംപ്ലോയര്‍ കോണ്‍ഫറന്‍സ് നടത്തും.

അസുഖബാധിതരെയും മരണമടഞ്ഞവരെയും വീടുകളില്‍ എത്തിക്കാന്‍ ഐ.എം.എയുമായി ചേര്‍ന്ന് ആരംഭിച്ച ആംബുലന്‍സ് സര്‍വ്വീസ് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള കരുതലിന്‍റെ ഭാഗമാണ്.
പ്രവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത. ഏതു പ്രശ്നത്തിലും ഏതു സമയവും സര്‍ക്കാരിനെ ബന്ധപ്പെടാന്‍ അറച്ചു നില്‍ക്കേണ്ടതില്ല. അതിന് ആവശ്യമായ നടപടികള്‍ ഉറപ്പു നല്‍കുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു.
/ In നേട്ടങ്ങൾ / By CM WEB / Comments Off on കേരളത്തിലേക്ക് പതിനായിരം കോടിയുടെ നിക്ഷേപക സംരംഭം ,നിക്ഷേപക കൗൺസിൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

നവകേരള നിർമ്മാണത്തിന് കരുത്ത് പകർന്ന് റീബിൽഡ്‌ കോൺക്ലേവ്

  പ്രളയത്തെ അതിജീവിച്ച നമ്മുടെ നാട്  നവകേരള നിർമ്മാണത്തിലൂടെ ലോകത്തിന്  മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. കൃത്യമായ രൂപഘടന അടിസ്ഥാനമാക്കിയാണ്   കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ മുന്നേറുന്നത്. പുനർനിർമ്മാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങളിൽ സുപ്രധാനചുവടുവെപ്പാണ്  കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമം.പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ആ സംഗമം. ലോകബാങ്ക് വികസന പങ്കാളിത്തം നല്കുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയരുമെന്ന് കോൺക്ലേവിൽ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദ് നടത്തിയ പ്രഖ്യാപനം ഏറെ പ്രതീക്ഷ പകരുന്നതാണ്. സാധാരണനിലയിലുള്ള  പ്രോജക്ട് പങ്കാളി  എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിൻറെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നാണ് വ്യക്തമാക്കപ്പെട്ടത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ലോകബാങ്ക് ഇങ്ങനെ ഒരു സംസ്ഥാനത്തെ വികസന പങ്കാളിയാക്കുന്നത്.
വളരുന്ന കേരളത്തിൽ നിക്ഷേപം നടത്താൻ ഉള്ള ഉള്ള ബാങ്കിൻറെ താല്പര്യം ലോകബാങ്ക് പ്രതിനിധി ആവർത്തിച്ച് വ്യക്തമാക്കിയത് ആശാവഹമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതീക്ഷ പ്രകടിപ്പിച്ചു.
         രാജ്യാന്തര വികസന പങ്കാളിസംഗമത്തിൽ  ലോകബാങ്ക് , എ ഡി ബി,  ജെ ഐ സി എ,  കേ എഫ് ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക്   എന്നിവ കേരളത്തിൻറെ പുനർനിർമാണത്തിനുള്ള   സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.നഗരങ്ങളിലെ ജലവിതരണത്തിനും  റോഡുകൾക്കും അടക്കം സഹായം നൽകാമെന്ന് നബാർഡ്, ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു. ടാറ്റ ട്രസ്റ്റ് , ബില് ആൻഡ്മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ,  ഐ എഫ് ഡി സി ഫൗണ്ടേഷൻ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന  പദ്ധതികൾക്ക് സഹായം നൽകാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകാമെന്നും അറിയിച്ചിട്ടുണ്ട് .
റീബിൽഡ് കേരള വികസനരൂപരേഖയെ മുൻനിർത്തി  സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ വിവിധ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ആ ലക്ഷ്യത്തിലേക്കു ഉറച്ച കാൽവെപ്പോടെ നീങ്ങാൻ കഴിയും എന്ന് തെളിയിക്കുന്നതാണ് കോൺക്ലേവിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോണ്ക്ലേവുമായി ബന്ധപെട്ടു നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത് ചുവടെ 
പരിസ്ഥിതി സൗഹാർദ്ദപരവും അതീജീവനക്ഷമതയുള്ളതുമായ പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ‘റീബിൽഡ് കേരള ഡെവലപ്‌മെൻറ് പ്രോഗ്രാമിന്റെ ലക്‌ഷ്യം. അതിൽ  ഊന്നിയുള്ള ചർച്ചകളാണ് നടന്നത്.
ദേശീയ, രാജ്യാന്തര തലത്തിലുള്ള വിവിധ ഏജൻസികളുടെ പ്രതിനിധികൾ കേരളത്തോട് വലിയ താല്പര്യത്തോടെയാണ് കോൺക്ലേവിൽ പങ്കെടുത്തത്.   ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ആണ് നമുക്ക് ലഭിക്കുക.  മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവരുമായി  കോൺക്ലേവിൽപങ്കെടുത്തവർ ആശയവിനിമയം നടത്തി. സർക്കാർതലത്തിൽ നേതൃപരമായി കൈക്കൊള്ളുന്ന നടപടികളും റീബിൽഡ് കേരള പദ്ധതി വഴി നടത്താനുദ്ദേശിക്കുന്ന വികസന ഇടപെടലുകളും സംബന്ധിചാണ് മുഖ്യമന്ത്രി  എന്ന നിലയിൽ സംസാരിച്ചത്.
ദീർഘകാല വികസന പദ്ധതിയായ ‘റീബിൽഡ് കേരള’ വഴി അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളും നൂതനമായ സമീപനവും ഉൾച്ചേർന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്.
പൂർണതോതിലുള്ള ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെൻറ് സംവിധാനം സ്ഥാപിക്കലാണ് ഈ പദ്ധതിയുടെ അടിസ്ഥാന ശിലകളിൽ ഒന്ന്.  കാലാവസ്ഥ-പരിസ്ഥിതി  വ്യതിയാനം മൂലമുള്ള ആഘാത്യം കുറച്ചു കൊണ്ടുവരാൻ  മറ്റൊരു അടിസ്ഥാന ലക്ഷ്യമാണ്.   ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കഴിവും പ്രതിരോധവും ഉയർത്തൽ,  ഓപ്പൺ ഡാറ്റാ സംവിധാനം  എന്നിവയാണ് മറ്റു രണ്ടെണ്ണം.

ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഗമത്തിൽ വിശദീകരിച്ചു. ഉപജീവനമാർഗങ്ങൾ  പൂർവസ്ഥിതിയിലാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ അക്കമിട്ടു പറഞ്ഞു. എന്നാൽ ഇതുവരെ എന്ത് ചെയ്തു എന്നല്ല, ഇനി എന്ത് ചെയ്യാനുണ്ട് എന്നതിന്റെ അന്വേഷണമാണ് പ്രധാനമായും നടന്നത്.   ദുരന്ത സാധ്യതകൾ കണ്ടെത്താനും അവ  നേരിടാൻ തക്കവിധം കേരളത്തെ പുനർനിർമിക്കാനുള്ള അവസരമാക്കി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കുക്കുക എന്ന ആശയമാണ് നാം മുന്നോട്ടു വെക്കുന്നത്. അതിന്റെ അടിത്തറയിലാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി പുനർനിർമാണത്തിന് സ്വീകരിക്കുന്ന അടിസ്ഥാന പ്രമാണങ്ങളും ശൈലികളും പദ്ധതികളും തയാറാക്കിയത്.
സംയോജിത ജലവിഭവ മാനേജ്‌മെൻറ്, ജലവിതരണം , സാനിറ്റേഷൻ, ഗ്രാമ- നഗര  റോഡുകളും പാലങ്ങളും, വനം, കൃഷി, മൃഗസംരക്ഷണവും ക്ഷീരവികസനവും, മത്സ്യബന്ധനം എന്നിങ്ങനെയുള്ള  മേഖലകളിൽ അതിജീവനക്ഷമതയുള്ള ഉപജീവന മാർഗങ്ങൾ കണ്ടെത്തും.


കോൺക്ലേവിൽ ചർച്ച ചെയ്ത മേഖലകളും പദ്ധതികളും


ജലവിതരണം

10 മുനിസിപ്പാലിറ്റികളിൽ പ്രവർത്തനമേഖലയുള്ള 10 വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ വാട്ടർ അതോറിറ്റി മുഖേന സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗ്രാമീണമേഖലകളിൽ ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്പാദനം, വിതരണം ഉൾപ്പെടെയുള്ളവ ശക്തിപ്പെടുത്താനാവുന്ന 12 പദ്ധതികൾ പരിഗണനയിലുണ്ട്.

ജല അതോറിറ്റിയുടെ പൂർണമാകാത്ത പദ്ധതികളുടെ പൂർത്തീകരണം, സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം, കാര്യക്ഷമതയില്ലാത്ത പമ്പുകൾ, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ, തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്കായി സ്വീവറേജ്, സെപ്‌റ്റേജ് സംവിധാനം ഒരുക്കാൻ വിശദമായ പദ്ധതി രേഖ തയാറാക്കും.

സംയോജിത ജലവിഭവ മാനേജ്‌മെൻറ്

ഡാമുകളുടെയും റെഗുലേറ്ററുകളുടെയും കനാലുകളുടെയും പ്രളയാനന്തര അറ്റകുറ്റപ്പണി,  ഡാമുകളിലെയും റിസർവോയറുകളുടെയും മണൽനീക്കാൻ ആധുനിക സാങ്കേതിക സംവിധാനം തുടങ്ങിയവ  സംയോജിത ജലവിഭവ മാനേജ്‌മെൻറ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.

ശുചിത്വം

സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻറ് സംവിധാനം, ഗ്‌ളാസ് വേസ്റ്റ് പുനഃചംക്രമണത്തിനും തരംതിരിക്കലിനും സൗകര്യം, സർക്കാർ ഓഫീസുകളിൽ കളക്ഷൻ സെൻററുകൾ, അജൈവ മാലിന്യ ശേഖരിക്കാനും തരംതിരിക്കാനും ജില്ലാതല സൗകര്യങ്ങൾ തുടങ്ങിയവ ശുചിത്വത്തിന്റെ ഭാഗമായി ഒരുക്കും.

 നഗരവികസനം

ജല വിതരണ പദ്ധതികൾ, സീവറേജ്, സെപ്‌റ്റേജ് മാനേജ്‌മെൻറ് സൗകര്യം, സ്‌റ്റേം വാട്ടർ ഡ്രെയിനേജ്, നഗര ഗതാഗത പദ്ധതികൾ, നഗര തദ്ദേശസ്ഥാപനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നഗര വികസന പദ്ധതികളിൽ പ്രാമുഖ്യം നേടിയിട്ടുണ്ട്.

ഉപജീവനം

ഉപജീവന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നയപരമായ ഇടപെടലുണ്ടാകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് അധിക തൊഴിൽ ദിനങ്ങൾ. യുവാക്കൾക്ക് വിവിധ തൊഴിലുകൾക്ക് ഉതകുംവിധമുള്ള നൈപുണ്യപരിശീലനം, കുടുംബശ്രീകൾക്ക് കമ്യൂണിറ്റി എൻറർപ്രൈസ് ഫണ്ട്, എല്ലാ വാർഡുകളിലും കമ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്‌മെൻറ് ഫോഴ്‌സ് എന്നിവ പദ്ധതിയിലുണ്ട്.

വനം 

സ്വാഭാവിക വനങ്ങളെ സംരക്ഷിക്കുന്നതിനും നാട്ടിലെ ചെറിയ വനങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പിന്തുണ നൽകും. തദ്ദേശീയമായ സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനത്തിന് മുൻഗണന നൽകും. തണ്ണീർത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിനും അവയുടെ പരിസരത്തുള്ള കാടുകളെ സംരക്ഷിക്കുന്നതിനും വനവകുപ്പ് ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുകയും അതിനെ ഉപജീവനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

മത്സ്യമേഖല 

ജലസംഭരണികളിൽ മത്സ്യകൃഷി നടത്തുന്നതിനും മുത്ത് പോലെയുള്ളവ കൃഷി ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കും. ഗ്രാമീണ മേഖലയിൽ തൊഴിൽ ഉണ്ടാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയമായുള്ള മത്സ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഊന്നൽ നൽകും

കൃഷി 

ഗ്രാമീണ മാർക്കറ്റുകളുടെ ശാക്തീകരണം, അട്ടപ്പാടിക്ക് സമഗ്രവും സുസ്ഥരവുമായ കാർഷിക വികസന പദ്ധതി, അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി, കുട്ടനാട്ടിലും കോൾ നിലങ്ങളിലും വെള്ളപ്പൊക്കനിയന്ത്രണത്തിന് പദ്ധതി തുടങ്ങിയവ കൃഷി വിഭാഗത്തിൽ മുൻഗണനയിലുണ്ട്.

മണ്ണ്, ജല സംരക്ഷണം

കുളങ്ങളുടെ സംരക്ഷണം, വാർഡ്തല സോയിൽ ഹെൽത്ത് മാപ്പിംഗ്, വാട്ടർഷെഡ് മാനേജ്‌മെൻറ്, മേഖലാടിസ്ഥാനത്തിലുള്ള സൂക്ഷ്മ ജലസേചനം എന്നിവ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി  നടപ്പാക്കും.

മൃഗസംരക്ഷണം

പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണം, കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പാക്കേജ്, മാർജിൻ ഫ്രീ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ കൂടാതെ കാലിതീറ്റ ഉത്പാദനത്തിന് വിപുലമായ പദ്ധതി, ഡയറി സോണുകളുടെ രൂപീകരണം തുടങ്ങിയവ യാണ് ഈ വിഭാഗത്തിൽ ഉള്ളത്.

റോഡുകളും പാലങ്ങളും

റോഡുകളുടെ മാനേജ്‌മെൻറിന് പൊതുമരാമത്ത് വകുപ്പിന് ഇൻസ്റ്റിറ്റിയൂഷണൽ റോഡ് മാപ്പ് രൂപീകരിക്കും. ജിയോ-സ്‌പേഷ്യൽ മാപ്പുകൾ ഉൾപ്പെടെതുള്ള റോഡ് മെയിൻറനൻസ് മാനേജ്‌മെൻറ് സിസ്റ്റവും സൃഷ്ടിക്കും. റോഡുകൾക്ക് മൈക്രോ സർഫസിംഗ്, കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം എന്നിവ പരിഗണിക്കും

ഗതാഗതം

ഗതാഗതമേഖലയുടെ നവീകരണത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മാനേജ്‌മെൻറിനുമായി ‘ടെക്‌നിക്കൽ ഡയറക്ടറേറ്റ് ഓഫ് ട്രാൻസ്‌പോർട്ട്’ സ്ഥാപിക്കും. കേരളമാകെ ഗ്രീൻ ബസ് കോറിഡോറുകളും സ്ഥാപിക്കും.

നിരത്തുകളിൽ ഇനി ഇ- ഓട്ടോ

സംസ്ഥാനത്തിന്റെ നിരത്തുകളിൽ സാധാരണക്കാരുടെ യാത്രാവശ്യങ്ങൾ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളുടെ പങ്ക് വളരെ വലുതാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും അടക്കം നാടിന്റെ മുക്കും മൂലയിലും ഓട്ടോറിക്ഷകൾ സാധാരണക്കാരന്റെ സവാരികൾക്ക് സാരഥിയാകുന്നു. പെട്രോളിലും ഡീസലിലും പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളാണ് നിരത്തുകളിൽ ഓടുന്നതിൽ ഏറെയും , അതുകൊണ്ടു തന്നെ വായുമലിനീകരണം അടക്കമുള്ളവ ഉണ്ടാക്കുന്ന പരിസ്‌ഥിതി പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടുകൊണ്ടു മാത്രമേ പുതിയ കാലത്തിൽ നമുക്ക് മുന്നോട്ട് പോകുവാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഇലക്ട്രിക് ഓട്ടോ എന്ന ആശയത്തിന് രൂപം നൽകുന്നത് . ആ ആശയം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ് .പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സാണ് ഇലക്ട്രിക് ഓട്ടോ നിര്‍മ്മിച്ച്  നിരത്തിലിറക്കുന്നത്.രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. വാണിജ്യ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീംജി  നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.
                   കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാന്‍ പോകുകയാണെന്ന് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ നല്ലരീതിയില്‍ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റങ്ങള്‍ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്‍െറ തുടക്കമായി സെക്രട്ടേറിയറ്റില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകള്‍ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
നാം മനസുവെച്ചാല്‍ നമ്മുടെ തെരുവുകളിലാകെ ഇ-ഓട്ടോകള്‍ ഓടുന്ന സ്ഥിതിയുണ്ടാക്കാനാകും.  പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നതാണ് പ്രത്യേകത. ഇന്ധനവില വര്‍ധനയുടെ കാലത്ത് ഇ-വാഹനങ്ങള്‍ ആശ്വാസമാണ്.
  വിപ്ലവകരമായ മുന്നേറ്റത്തിനാണ് കേരള ഓട്ടോമൊബൈല്‍സ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്ന് ദേശീയതലത്തില്‍തന്നെ യശസ്സ് ഉയര്‍ത്തിയിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ അടക്കമുള്ള സ്ഥാപനങ്ങള്‍ കേരള ഓട്ടോമൊബൈല്‍സിന് ഓര്‍ഡറുകള്‍ നല്‍കാന്‍ സന്നദ്ധമാകുന്നത് സ്ഥാപനത്തിന്‍െറ അഭിവൃദ്ധിക്ക് വഴിവെക്കും. അതിദയനീയ സാഹചര്യത്തിലായിരുന്ന സ്ഥാപനം, മൂന്നുവര്‍ഷം കൊണ്ട് അഭിമാനകരമായാണ് ഉയര്‍ത്തെഴുന്നേറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുത ഓട്ടോറിക്ഷയ്ക്ക് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. മൂന്ന് മണിക്കൂറും 50 മിനുട്ടും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകും . കിലോമീറ്ററിന് 50 പൈസയാണ് ചെലവ്. ഓണത്തിന് ഇ- ഓട്ടോ വിപണിയിലിറക്കും. വര്‍ഷം എണ്ണായിരം ഓട്ടോകള്‍ നിര്‍മിക്കാനാണ് പദ്ധതി. രണ്ടരലക്ഷത്തോളമാകും ഇ-ഓട്ടോയുടെ വില.  സബ്സിഡി ലഭ്യമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ സൈന്യം കേരളസേനയില്‍

അപ്രതീക്ഷിത പേമാരിയിലും പ്രളയത്തിലും  നമ്മുടെ സംസ്ഥാനം കഴിഞ്ഞ വർഷം വലിയ ദുരിതമാണ് അഭിമുഖീകരിച്ചത്.  പ്രളയദുരന്തത്തിൽ അകപെട്ടവരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ എല്ലാം ഉണർന്നു പ്രവർത്തിച്ചപ്പോഴും അപ്രതീക്ഷിത ദുരന്തത്തിൽ ഒരു വേള കേരളം വിറങ്ങലിച്ചു നിന്നു. അത്തരം ഒരു ഘട്ടത്തിൽ നാടിനു വേണ്ടി മുന്നിട്ടിറങ്ങിയ ഒരു കൂട്ടം നല്ല മനുഷ്യർ ഉണ്ടായിരുന്നു.അവരിൽ ഏറ്റവും മുൻപന്തിയിൽ ഉണ്ടായിരുന്നത് നാം കടലിന്റെ മക്കൾ എന്ന് വിളിക്കുന്ന നമ്മുടെ മൽസ്യത്തൊഴിലാളികൾ ആയിരുന്നു.ദുരിതമേഖലയിൽ ഓടിയെത്തി നിരവധി മനുഷ്യ ജീവനുകളാണ് ഇവർ രക്ഷിച്ചത്.ഒട്ടനവധിപേർക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ കഴിഞ്ഞത് ഇവർ സമയോചിതമായി നീട്ടിയ സഹായ ഹസ്തങ്ങൾ കാരണമാണ്. അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ സൈന്യമായി മാറി സഹജീവികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇവരെ എത്ര ആദരിച്ചാലും മതിയാകില്ല. പ്രളയത്തിൽ നിന്ന് കരകയറിയ ഉടനെ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ മൽസ്യത്തൊഴിലാളികളെയും ആദരിച്ചിരുന്നു.അതോടൊപ്പം അവർക്ക് അർഹമായ സഹായങ്ങൾ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളിൽ നിന്നും , മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും  തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയിരിക്കുന്നു.

ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയത്. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പരേഡും വീക്ഷിച്ചു. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം പൊഴിയുർ സ്വദേശിനി ജി. ഷീബ എന്നിവർക്ക് പ്രത്യേക അവാർഡുകൾ നൽകി. നീല യൂനിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പോലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു.

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല എന്ന് പാസിംഗ് ഔട്ട് ചടങ്ങിൽ വ്യക്തമാക്കുകയുണ്ടായി. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാറും കൈയൊഴിയില്ലെന്ന് കോസ്റ്റൽ പോലീസ് വാർഡൻമാരായി നിയമനം ലഭിച്ചവരെ അറിയിച്ചു . 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കും. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമെ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പോലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനം സേനക്ക് നൽകിയതായും ചടങ്ങിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു. ഇത്തരത്തിൽ മികച്ച പരിശീലനം ലഭിച്ച് നമ്മുടെ പോലീസ് സേനയുടെ ഭാഗമായി മാറിയ ഇവർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ

വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവോൾ‐വ് ഇ മൊബിലിറ്റി കോൺഫറൻസ് ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രിബൂണലിന്റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസുകളെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചു നിന്നു. ഇതിന്റെ ഭാഗമായി സിഎൻജി എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു. കൊച്ചിയിൽ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചു. ആദ്യ എൽഎൻജി ബസ്, ആദ്യ സോളാർ, ഇലക്ട്രിക് ബോട്ടുകൾ എന്നിവയും കേരളത്തിൽ തുടക്കം കുറിച്ചു.

ഐ ഐ ടി മദ്രാസിലെ പ്രൊഫ. അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയാറാക്കിയത്. തുടർന്ന് സ്റ്റേക്ക് ഹോൾഡർമാരുടെ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഇവിടെ നിന്നുള്ള ശുപാർശകളുടെ കൂടി അടിസ്ഥാനത്തിലാണ് വൈദ്യുത വാഹന നയത്തിന് സർക്കാർ അന്തിമ അംഗീകാരം നൽകിയത്.

വൈദ്യുത വാഹന രംഗത്ത് നിക്ഷേപകർക്ക് വലിയ സാധ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിർമ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽ സ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എൽ. കെ എസ് ആർ ടി സിക്കു വേണ്ടി 3000 ഇബസുകളും നിർമ്മിക്കും. ഇ ബസ് നിർമ്മാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിംഗ് സ്റ്റേഷന്റെ വിർച്ച്വൽ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിന്റെ ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. വൈദ്യുത വാഹനങ്ങൾക്കുള്ള സബ്സിഡി ക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു.

ജനീവയിലെ ലോകപുനർനിർമാണ വേദിയിൽ തലയുയർത്തി കേരളം

ലോക പുനർ നിർമ്മാണ സമ്മേളനം മുതൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വരെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത അവസരങ്ങളാണ് ഇത്തവണത്തെ വിദേശയാത്രയിൽ  ലഭിച്ചത്. ഇതൊക്കെ  വ്യക്തിപരമായ നേട്ടങ്ങളായി കാണുന്നതിലുപരി , ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി , വിവിധ മേഖലകളിൽ മുൻ നിരയിൽ നിൽക്കുന്ന കേരളത്തെ ലോകം അടയാളപ്പെടുത്തുന്നു  എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു സമൂഹം എന്ന രീതിയിൽ കേരളം ദുരന്തങ്ങളെ എങ്ങനെ നേരിട്ടു ,അതിജീവിച്ചു എന്നൊക്കെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ  ലഭിച്ച അവസരമായാണ് ജനീവയിൽ നടന്ന നാലാമത് ലോകപുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാനായതിനെ കാണുന്നത്. ലോകബാങ്കും ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ കമ്മീഷനും സംയുക്തമായിട്ടാണ് ലോക പുനർ നിർമാണ സമ്മേളനങ്ങൾ നടത്തുന്നത്. സമ്മേളനത്തിന്റെ  ആദ്യത്തെ പ്ലീനറിയിൽ (ഓപ്പണിങ് പ്ലീനറി) മുഖ്യ പ്രഭാഷണം നടത്താൻ തന്നെ അവസരം ലഭിച്ചു. ഇതുവരെ ഇന്ത്യയിലെ ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ലഭിക്കാത്ത ഒരു അവസരമാണിത് എന്നതും അത്യധികം ആഹ്ലാദം പകരുന്ന കാര്യമാണ് .
ആ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച വിവരങ്ങളുടെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു
  ” ഞാന്‍ ഇവിടെ പ്രതിനിധാനം ചെയ്യുന്ന കേരള സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രദേശമാണ്‌. വൈവിധ്യമാര്‍ന്ന ഒരു പ്രകൃതിസമ്പത്ത്‌ കേരളത്തിനുണ്ട്‌. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ഇത്ര വലിയ ഒരു പ്രകൃതിദുരന്തം നമുക്ക്‌ നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍ ആഗസ്റ്റ്‌ 2018ലുണ്ടായ സമാനതകളില്ലാത്ത വെള്ളപ്പൊക്കം സംസ്ഥാന സര്‍ക്കാരിനു മുന്നിലും പൊതുസമൂഹത്തിനു മുന്നിലും പുതിയൊരു വെല്ലുവിളിയുയര്‍ത്തി.

നമ്മുടെ സംസ്ഥാനത്തെ ഈ വെള്ളപ്പൊക്കം വളരെ പ്രതികൂലമായി ബാധിച്ചു. വിലപ്പെട്ട 453 മനുഷ്യജീവനുകള്‍ നമുക്ക്‌ നഷ്‌ടപ്പെട്ടു. ഇതിനുപുറമെ 2,80,000 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. 1,40,000 ഹെക്‌ടറില്‍ കാര്‍ഷികവിളനാശമുണ്ടായി. 70,000 കിലോമീറ്റര്‍ റോഡ്‌ ശൃംഖലയ്‌ക്ക്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്തിന്റെ മൊത്തം നഷ്‌ടം 4.4 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ (Post Disaster Needs Assessment – PDNA) അനുമാനിച്ചിട്ടുണ്ട്‌.

എന്നാല്‍ കേരളീയ സമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെയാണ്‌ നേരിട്ടത്‌. പ്രത്യേകിച്ച്‌ യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരള സമൂഹത്തില്‍ വേരൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ്‌ അവര്‍ക്കിത്‌ സാധ്യമായത്‌. നമ്മുടെ സമൂഹം മതനിരപേക്ഷ മൂല്യങ്ങളിലധിഷ്‌ഠിതമായതിനാല്‍ ഈ പ്രകൃതിദുരന്തമുയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ ഏകമനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു.

കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാരും ഐക്യത്തോടെയും പെട്ടെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടലിനോട്‌ മല്ലടിച്ച്‌ നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട്‌ നമ്മള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്‌ടപ്പെടുമായിരുന്നു.

സര്‍ക്കാര്‍ സംവിധാനം ജാഗരൂകമായി മുഴവന്‍ സമയവും ഈ പ്രതിസന്ധി നേരിടാനായി പ്രവര്‍ത്തനനിരതമായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി വിലയിരുത്താന്‍ എല്ലാ ദിവസവും യോഗം ചേര്‍ന്നു. സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധസേനാംഗങ്ങളും ഇതില്‍ മുഖ്യപങ്കുവഹിച്ചു. വീടുകളിലകപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയത്‌. സാമൂഹിക പങ്കാളിത്തത്തോടെ ഇത്‌ വളരെ ഫലപ്രദമായി ചെയ്യാന്‍ സാധിച്ചു.

ആയിരക്കണക്കിന്‌ പൗരന്മാരുടെയും പ്രവാസി മലയാളികളുടെയും സഹായ ഏജന്‍സികളുടെയും സംഭാവനകള്‍ സംഭരിക്കാനും കാര്യക്ഷമമായി വിനിയോഗിക്കാനും സാധിച്ചു. നമ്മുടെ സംസ്ഥാനത്ത്‌ സാധാരണ സ്ഥിതി വളരെ പെട്ടെന്ന്‌ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. അടിസ്ഥാന പശ്ചാത്തല സൗകര്യമായ വൈദ്യുതിവിതരണം റെക്കോഡ്‌ സമയത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവില്‍ സമൂഹത്തിന്റെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തത്തോടെ പ്രളയ ബാധിത വീടുകളുടെ ശുചീകരണവും, കുടിവെള്ളം, മരുന്നുകള്‍, മറ്റ്‌ അവശ്യ സാധനങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി.

ഭാഗികമായും പൂര്‍ണ്ണമായും കേടുപാടുകള്‍ വന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരു സമഗ്ര പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഗാര്‍ഹികോപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അവ വീണ്ടെടുക്കാനായി സഹകരണ വാണിജ്യ ബാങ്കുകള്‍ വഴി വായ്‌പകള്‍ ലഭ്യമാക്കി വനിതാ സ്വയംസഹായ സംഘടനയായ കുടുംബശ്രീ വഴി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ വായ്‌പകളിന്മേലുള്ള പലിശ സര്‍ക്കാര്‍ വഹിക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക്‌ നിലവിലുള്ള തൊഴില്‍ദാന പദ്ധതികള്‍ വഴി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞു. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ കേടുപാടുകള്‍ സംഭവിച്ച വീടുകളും പൂര്‍ണ്ണമായി തകര്‍ന്നുപോയ വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നു.

ഇപ്പോള്‍ കേരളം പുനര്‍നിര്‍മ്മിക്കുക എന്ന ബൃഹദ്‌ ദൗത്യമാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്‌. പ്രളയത്തിനു മുമ്പ്‌ ഉണ്ടായിരുന്നത്‌ പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള ഒരു പുതിയ കേരളം നിര്‍മ്മിക്കാനാണ്‌ കേരള പുനര്‍നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്‌.
കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ്‌ നടപ്പാക്കുന്നത്‌. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന്‌ കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ്‌ ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന്‌ സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്‌. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന്‌ ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്‌. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ നമുക്ക്‌ വലിയ താങ്ങായിരിക്കും.

പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നു. ഈ വിഭാഗങ്ങള്‍ക്ക്‌ അവ ഔദാര്യമായല്ല, മറിച്ച്‌, അവരുടെ അവകാശമായി ലഭ്യമാക്കുന്നത്‌ ഉറപ്പാക്കുകയാണ്‌ നമ്മുടെ ലക്ഷ്യം.

എന്റെ പ്രസംഗം ഉപസംഹരിക്കുന്നതിന്‌ മുന്നോടിയായി മെയ്‌ മാസം ഫാനി കൊടുങ്കാറ്റ്‌ ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചതായി ഇവിടെ അറിയിക്കുകയാണ്‌. മനുഷ്യജീവനുകള്‍ക്ക്‌ കാര്യമായ നഷ്‌ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്‌ക്ക്‌ കഴിഞ്ഞത്‌ ആവശ്യമായ മുന്നറിയിപ്പ്‌ കിട്ടിയതുകൊണ്ടാണ്‌. മുന്നറിയിപ്പ്‌ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ്‌ ഇവിടെ ശ്രദ്ധേയമാകുന്നത്‌. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പ്‌ സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്‌.

ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുക എന്ന ഈ സമ്മേളനത്തിന്റെ പ്രധാന ആശയത്തെ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ പിന്താങ്ങുന്നു. ഇവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം 2018ലെ വെള്ളപ്പൊക്കം കേരള സമൂഹത്തിന്റെ ഏറ്റവും വലിയ നന്മയെ പുറത്തുകൊണ്ടുവന്നു എന്നതാണ്‌. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മറന്ന്‌ സാഹോദര്യമനോഭാവത്തോടെ പരസ്‌പരം പിന്തുണ നല്‍കി പ്രകൃതിദുരന്തത്തെ അതിജീവിച്ചു. ഇത്‌ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വേണ്ട ഊര്‍ജ്ജം പകര്‍ന്നുനല്‍കും.

ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലും മറ്റുള്ളവരുടെ അനുഭവങ്ങളും കാര്യക്ഷമമായ പരിഹാരമാര്‍ഗ്ഗങ്ങളും മനസ്സിലാക്കുന്നതിലും ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌. ഈ ഫോറം പുതിയതും മെച്ചപ്പെട്ടതുമായ ആശയങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം മെച്ചപ്പെട്ടതാക്കാനുമുള്ള ഒരു നാഴികക്കല്ലായാണ്‌ ഞങ്ങള്‍ കാണുന്നത്‌.

ഈ ക്ഷണത്തിന്‌ ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു. വിലപ്പെട്ട ആശയങ്ങള്‍ കൈമാറിക്കിട്ടുമെന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നു.”

ലണ്ടൻ ഓഹരി വിപണി

ലണ്ടൻ ഓഹരി വിപണി തുറന്നുകൊടുക്കാൻ അവസരം ലഭിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മാറി. കിഫ് ബി പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതും കേരളത്തിന് നേട്ടമായി.  കേരളത്തിന്റെ നേട്ടത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം
” ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600-ലധികം കമ്പനികള്‍ ഇതിന്‍റെ ഭാഗമാണ്. ലണ്ടന്‍ ഓഹരി വിപണി മെയ് പതിനേഴിന്  വ്യാപാരത്തിന് തുറന്നുകൊടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്.വ്യക്തിപരമായ സന്തോഷത്തേക്കാൾ ഉപരി കേരളത്തിന് ആഗോളതലത്തിൽ ലഭിച്ച അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നത് .
 കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ ക്ഷണിച്ചത്. . ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം അബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി ആശയവിനിമയം നടത്തി.

സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ രാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് ഇതിന്‍റെ നേട്ടം. ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിന്‍റെ റിസ്ക്. റിസര്‍വ് ബാങ്കിന്‍റെ അംഗീകാരത്തോടെ ആദ്യഘട്ടത്തില്‍ 3,500 കോടി രൂപ വിദേശവിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.

വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ല.

വ്യവസായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് ഗവണ്‍മെന്‍റ് നടത്തുന്നത്. സുഗമമായി വ്യവസായം നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സര്‍ക്കാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. അതനുസരിച്ച് നിയമങ്ങളിലും ഭരണനടപടികളിലും മാറ്റം വരുത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കാന്‍ ഇതിനകം ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അനുമതി നല്‍കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വ്യവസായം രജിസ്റ്റര്‍ ചെയ്യും മുമ്പുള്ള ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കി. റിട്ടേണുകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാം. നികുതി അടയ്ക്കുന്നതും ഓണ്‍ലൈനിലേക്ക് മാറ്റി.

വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി. കേരളത്തില്‍ വ്യവസായരംഗത്ത് മുതല്‍മുടക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നല്ല പരിഗണന ലഭിക്കും.

എന്നാല്‍ വ്യവസായവല്‍ക്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും ജനക്ഷേമകരമായ നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാവില്ല.

സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളില്‍ വന്‍കിട ഐടി കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റു മേഖലകളിലും നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ വികസനത്തിലൂടെ ചെറുപ്പക്കാര്‍ക്ക് അന്തസ്സുള്ള തൊഴില്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണ നല്‍കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, ഉയര്‍ന്ന യോഗ്യതയുള്ള മാനവ വിഭവ ശേഷിയുണ്ടാക്കല്‍, നടപടിക്രമങ്ങള്‍ ലളിതമാക്കി നിക്ഷേപത്തിന് കൂടുതല്‍ അവസരമൊരുക്കല്‍ എന്നിവ സര്‍ക്കാരിന്‍റെ അടിയന്തര ലക്ഷ്യങ്ങളാണ്.

കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ നല്ല പങ്ക് ബ്രിട്ടനില്‍ നിന്നാണ്. എന്നാല്‍ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണം.

സന്ദർശനത്തിന്റെ ഭാഗമായി നടന്ന കൂടികാഴ്ചകളിൽ കേരളത്തില്‍ മുതല്‍മുടക്കാന്‍ യു.കെ.യിലെ സംരംഭകരെ ക്ഷണിച്ചു. വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണെന്ന് മനസ്സിലാക്കാൻ സംരംഭകരെ നമ്മുടെ നാട്ടിലേക്ക് സ്വാഗതം ചെയ്തു “