Category: Public Speeches

കണ്ണൂര്‍ എയര്‍പോര്‍ട്ട്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗമാണിത്. ഈ ഘട്ടത്തില്‍ വിമാനത്താവളത്തിന് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്.

ലാര്‍സണ്‍ ആന്‍റ് ട്രൂബോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. റണ്‍വെ ആന്‍റ് സേഫ്ടി ഏരിയയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ജനുവരിയോടുകൂടി പൂര്‍ത്തിയാക്കാനാവും. ഇന്‍റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം നിര്‍മാണമടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. അതും അടുത്ത ജനുവരിയോടെ പൂര്‍ത്തിയാവും.

ടെര്‍മിനല്‍ കെട്ടിടനിര്‍മാണവും അനുബന്ധ ജോലികളും 498 കോടി രൂപയ്ക്കാണ് എല്‍ ആന്‍റ് ടി ഏറ്റെടുത്തിട്ടുള്ളത് എന്നത് അറിയാമല്ലോ. (more…)

SCERT ദേശീയ ശില്‍പശാല

കുരുന്നുകളുടെ ശൈശവകാല പരിചരണത്തെയും അറിവിന്‍റെ വിന്യാസത്തെയും കുറിച്ചുള്ള ഈ ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലെ സന്തോഷം ആദ്യം തന്നെ പങ്കുവയ്ക്കട്ടെ. ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഉതകുന്നതാണ് എസ് സി ഇ ആര്‍ ടിയുടെ ഈ ബൃഹത്തായ സംരംഭം.

ജനനം മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവുമാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ശൈശവകാല പരിചരണം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട സംഗതിയാണ്. എന്നിരിക്കിലും ബോധപൂര്‍വ്വമോ അല്ലാതെയോ പലപ്പോഴും സമൂഹം അവഗണിക്കുന്ന ഒന്നാണ് ഈ ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മനോഭാവം മനസ്സിലാക്കി അവരോടു പെരുമാറേണ്ടതിന്‍റെ ആവശ്യകത. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാലഘട്ടമാണിത്. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഈ ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ച എന്തുകൊണ്ടും അനുയോജ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (more…)

ഗൗരി ലങ്കേഷ് അനുസ്മരണം

ആശയങ്ങളെ സംവാദങ്ങളിലൂടെ എതിരിടുവാന്‍ ഭയക്കുന്നവരാണ് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വ്യക്തികളെ ആയുധങ്ങളിലൂടെ ഇല്ലാതെയാക്കുവാന്‍ ശ്രമിക്കുന്നത്. മഹാത്മാ ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള വ്യക്തികളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അത്തരം ഭയത്താല്‍ വിറയ്ക്കുന്ന കൈകളാണുള്ളതെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.

ഗൗരി ലങ്കേഷിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്ന ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ഇന്ന് ഐക്യരാഷ്ട്രഭയുടെ സാര്‍വദേശീയ ജനാധിപത്യദിനമാണ്. ജനാധിപത്യമില്ലാത്തയിടങ്ങളില്‍ അവ പ്രോല്‍സാഹിപ്പിക്കുവാനും, സാമൂഹികഇടപെടലുകളില്‍ ജനാധിപത്യതത്വങ്ങള്‍ മുറുകെപ്പിടിക്കുവാനുമാണ് ജനാധിപത്യദിനം ആഹ്വാനം ചെയ്യുന്നത്.

ജനാധിപത്യവും സംഘര്‍ഷനിവാരണവും (democracy and conflict prevention) എന്നതാണ് സാര്‍വദേശീയ ജനാധിപത്യദിനം ഈ വര്‍ഷം മുന്നോട്ട് വയ്ക്കുന്ന വിഷയം. ആധുനികമനുഷ്യന്‍ സംഘര്‍ഷത്തിലൂടെയല്ല തീരുമാനങ്ങളിലെത്തേണ്ടത്. സംവാദങ്ങളിലൂടെയും സമവായങ്ങളിലൂടെയുമാണ്. ഭിന്നാഭിപ്രായങ്ങള്‍ക്കിടയില്‍ സംവാദങ്ങളിലൂടെ സമവായം സാധ്യമാക്കുവാന്‍ കഴിയണം. (more…)

സമൃദ്ധി 2017

കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ തന്നെ ഉദ്ഘാടനം ചെയ്ത സരംഭകത്വ അവബോധ പരിശീലന പരിപാടിയായ ‘സമൃദ്ധി 2017’ന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നിവിടെ തുടക്കമാവുന്നത്.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും കോര്‍ത്തിണക്കി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്കു കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്.

തളിപ്പറമ്പ് മണ്ഡലം വിപുലവും വിശാലവുമായ പദ്ധതികളാണ് ഏറ്റെടുക്കാന്‍ പോകുന്നതെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. 2020 നവംബര്‍ ഒന്നിനുമുമ്പ് ജലസുഭിക്ഷത, സമ്പൂര്‍ണ മാലിന്യ സംസ്ക്കരണം, ജൈവകൃഷി, ഊര്‍ജസംരക്ഷണം എന്നീ രംഗങ്ങള്‍ മെച്ചപ്പെടുത്തി മണ്ഡലത്തില്‍ സുസ്ഥിര ജീവനോപാധി ഉറപ്പാക്കാനുള്ള പദ്ധതികളാണ് നിങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങളുടെയും സമഗ്ര വികസനത്തിന് ഉപകാരപ്പെടുന്ന പദ്ധതിയാകും ഇത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. (more…)

ചലച്ചിത്ര അവാര്‍ഡ്ദാനം

2016ലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കും ചലച്ചിത്രപ്രതിഭകള്‍ക്കുമുള്ള പുരസ്കാരങ്ങളാണ് ഇന്നിവിടെ വിതരണം ചെയ്യുന്നത്.

അംഗീകാരങ്ങള്‍ ലഭിച്ച സിനിമകള്‍ എല്ലാം തന്നെ പുരോഗമനപരമായ സാമൂഹിക കാഴ്ചപ്പാടുകള്‍ പങ്കിടുന്നവയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. നാളിതുവരെ തമസ്കരിക്കപ്പെട്ടിരുന്ന കറുത്തവരെയും കീഴാളരെയും ദളിതരെയും സംബന്ധിച്ച മികച്ച ചലച്ചിത്രാഖ്യാനങ്ങള്‍ക്ക് ജൂറി അര്‍ഹിക്കുന്ന അംഗീകാരം നല്‍കി. ദളിത് വിരുദ്ധത ഒരു ഭരണകൂട പദ്ധതി തന്നെയായി മാറുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കീഴാളപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിര്‍മിക്കപ്പെടുന്നുവെന്നത് ആശാവഹമായ കാര്യമാണ്. (more…)

ഗവ. ഐടിഐ പിണറായി

വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്തെ 85-ാമത് ഗവ. ഐടിഐയായ പിണറായി ഗവ. ഐടിഐ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

നിലവില്‍ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ 44 ഐടിഐകളും പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ 2 ഐടിഐകളും സ്വകാര്യ മേഖലയില്‍ 456 ഐടിഐകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഐടിഐകളില്‍ എല്ലാം കൂടി എഴുപത്തി അയ്യായിരത്തോളം ട്രെയിനികള്‍ക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യമാണുള്ളത്.

പിണറായി ഐടിഐയില്‍ ഏറ്റവും ജോലി സാധ്യതയുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍ എന്നീ ദ്വിവത്സര ട്രേഡുകളുടെ 2 യൂണിറ്റുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്. (more…)

ഓണാഘോഷം ഉദ്ഘാടനം 2017

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സമത്വബോധം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന സങ്കല്‍പമാണ് ഓണാഘോഷങ്ങള്‍ക്കു പിന്നിലുള്ളത്. പണ്ടെന്നോ, എല്ലാ അര്‍ത്ഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാല്‍ ഭാവിയില്‍ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്തയ്ക്ക് കരുത്തുലഭിക്കും. ആ അര്‍ത്ഥത്തിലാണ് ഓണത്തിന്‍റെ ഐതീഹ്യം പ്രസക്തമാവുന്നത്.

മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ജനങ്ങളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നത്. ജാതി, മത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരുമയോടെ ദേശീയോത്സവമായി ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍ നമുക്ക് പണ്ടേ പ്രിയപ്പെട്ടവയാണ്. ഏതൊക്കെ വിഷമങ്ങള്‍ക്കു നടുവിലാണെങ്കില്‍ പോലും ആഘോഷങ്ങളോടുള്ള പ്രതിപത്തി നാം കഴിവതും വിടാതെ സൂക്ഷിക്കാറുണ്ട്. (more…)

കശുവണ്ടി തൊഴിലാളികള്‍ക്ക് നിയമനം

ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്നിവിടെ യാഥാര്‍ത്ഥ്യമാവുകയാണ്.

കശുവണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും കൂടുതല്‍ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്‍റെ നയം. അതിനുള്ള പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇന്നത്തെ ചടങ്ങിനെയും ഇതിന്‍റെ ഭാഗമായിവേണം കരുതാന്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്‍റെ കീഴിലുള്ള 30 ഫാക്ടറികളിലായി മൂവ്വായിരത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമന ഉത്തരവ് നല്‍കുകയാണ് ഇവിടെ.

ഇത്രയും തൊഴിലാളി കുടുംബാംഗങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ ഓണസമ്മാനം കൂടിയാണ് ഇത്. അടുത്ത വര്‍ഷത്തോടെ 5000 പേര്‍ക്ക് ജോലി നല്‍കാവുന്ന നിലയിലാണ് പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളെ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നത്. പൊതുമേഖലയെ പരമാവധി ശക്തിപ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കട്ടെ. (more…)

വരട്ടാര്‍

ഏറെ സന്തോഷത്തോടെയാണ് വരട്ടാറിന്‍റെ തീരത്തെ ഈ യോഗത്തില്‍ പങ്കെടുക്കുന്നത്. 20 വര്‍ഷത്തോളമായി ഒഴുകാതെ കിടന്ന ആദിപമ്പയേയും വരട്ടാറിനെയും പുനരുജ്ജീവിപ്പിച്ച് നാടിനു സമര്‍പ്പിക്കുന്നതിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണല്ലോ ഇന്നിവിടെ തുടക്കമാകുന്നത്. ഈ നദിയുടെ ജീവന്‍ വീണ്ടെടുക്കുന്നതിനായി അണിചേര്‍ന്ന ഏവരേയും ആദ്യംതന്നെ ഞാന്‍ അഭിനന്ദിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കുതിച്ചൊഴുകിയ ഒരു നദിയായിരുന്നല്ലോ ഇത്. മണിമലയാറിന്‍റെ തീരത്തേയും പമ്പയാറിന്‍റെ തീരത്തേയും സംയോജിപ്പിക്കുന്ന നദി എന്നായിരുന്നു ഇതിനെ പൊതുവെ വിശേഷിപ്പിച്ചിരുന്നത്. മണിമലയാറില്‍ ജലനിരപ്പുയരുമ്പോള്‍ വരട്ടാര്‍ തെക്കോട്ട് പമ്പയിലേക്ക് ഒഴുകും. പമ്പയില്‍ ജലനിരപ്പുയരുമ്പോള്‍ വടക്ക് മണിമലയാറിലേക്ക് ഒഴുകും. ഇത്ര സമൃദ്ധമായി ഒഴുകിയിരുന്ന വരട്ടാര്‍ എങ്ങിനെയാണ് വറ്റിവരണ്ടത്? വീണ്ടെടുക്കലിന്‍റെ ഈ അവസരത്തില്‍ തന്നെ അതൊന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. (more…)

സ്വാതന്ത്ര്യദിന പ്രസംഗം 2017

രാജ്യത്തിന്‍റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍.

സ്വാതന്ത്ര്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടാനുള്ളതു തന്നെയാണ്. ആഹ്ലാദാഭിമാനങ്ങളോടെ തന്നെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. അത് അങ്ങനെ തന്നെയാണ് ആവേണ്ടതും. എന്നാല്‍, ഈ സ്വാതന്ത്ര്യദിന ഘട്ടത്തില്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു സങ്കടം കൂടി പടരുന്നുണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ. എഴുപതില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു എന്നത് ഏത് പൗരനെയാണ് സങ്കടപ്പെടുത്താതിരിക്കുന്നത്. നഷ്ടം നഷ്ടം തന്നെയാണ്. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടം. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാവട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിനാചരണം. (more…)