Category: Featured Articles

കേരളത്തിന്റെ സ്വന്തം ബാങ്ക്, ‘കേരള ബാങ്ക് ‘യാഥാർഥ്യമായി

 ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വികസന മുന്നേറ്റത്തിനും ഊർജ്ജം പകരുന്നതിൽ ബാങ്കിങ് മേഖലയ്ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ട്. നമ്മുടെ നാടിന്റെ പുരോഗതിക്കും സമഗ്ര വികസനത്തിനും ഗുണകരമാകും എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം രൂപം കൊണ്ടത്. പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്ത പ്രകാരം സർക്കാരിന്റെ മൂന്നര വർഷം പിന്നിടുമ്പോൾ ബാങ്കിങ്‌ മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്.


എന്താണ് കേരളബാങ്ക് ?

 സംസ്ഥാന സഹകരണബാങ്കും  ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാന തലത്തില്‍ ഒരു ബാങ്ക് , ഇതായിരുന്നു പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം. കേരളത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങളെ സംയോജിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. സാധാരണ ജനങ്ങള്‍ക്ക് പലിശ കുറച്ച് വായ്പകള്‍ നല്‍കുക, വിദേശ മലയാളികളുടേത് ഉള്‍പ്പെടെയുള്ള നിക്ഷേപം സാധ്യമാക്കുക, കേരളത്തിന്റെ സാമൂഹിക വിഷയങ്ങളില്‍ കൂടി ഇടപെടാന്‍ കഴിയുന്ന ബാങ്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു കേരളാ ബാങ്ക് എന്ന ആശയത്തിനു പിന്നില്‍.  ഏവര്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേരള ബാങ്കിന്റെ രൂപീകരണ ലക്ഷ്യം. 


സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരള ബാങ്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.  കേരളബാങ്ക് രൂപീകരണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രൊഫസര്‍ ഡോ.എം.എസ്.ശ്രീറാം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഐ.ഐ.എം)  അധ്യക്ഷനായുള്ള വിദഗ്ധസമിതിയെ നിയോഗിച്ചു. ഈ വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ബാങ്ക് രൂപീകരണത്തിനായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചു.


കേരള ബാങ്ക്  പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അതിനെ എല്ലാം അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നു. ഒടുവില്‍ റിസര്‍വ്വ് ബാങ്ക് നിബന്ധനകളോടെ കേരളാ ബാങ്കിന് അനുമതി നല്‍കി. കേസുകളില്‍ ഹോക്കോടതിയും തീരുമാനമെടുത്തതോടെ കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടി യാഥാര്‍ത്ഥ്യമായി. കേരള ബാങ്കിന്റെ ഒദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.


കേരള ബാങ്ക് രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്ന നേട്ടങ്ങള്‍

 

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് വളരാനുളള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. കാര്‍ഷിക-വ്യാവസായിക രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തി പകരും. . ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കാനും, വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതിനും, മൈക്രോ ഫൈനാന്‍സ് രംഗത്ത് കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ  വരവ് സഹായകമാകും.


കേരള ബാങ്കിലൂടെ കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കാന്‍ കഴിയും. കര്‍ഷകര്‍ക്ക് നിലവിലെ  പലിശ നിരക്കില്‍ നിന്നും കുറച്ചു വായ്പ നല്‍കാനാകും. കാര്‍ഷികേതര വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാന്‍ സാധിക്കും. കേരള ബാങ്ക്  വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപം ശേഖരിക്കാന്‍ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശ നാണയ വിനിമയവും വ്യാപാരവും വര്‍ദ്ധിക്കും. പൊതുമേഖല, സ്വകാര്യ മേഖല-ന്യൂ ജനറേഷന്‍ ബാങ്കുകള്‍ കൈയടക്കി വച്ചിരിക്കുന്ന എന്‍.ആര്‍.ഐ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പാവിതരണശേഷിയില്‍ കുതിച്ചുചാട്ടമുണ്ടാകും.


സമ്പൂര്‍ണ്ണമായും സാങ്കേതിക വിദ്യയിലൂന്നിയ ബാങ്കിംഗ് പ്രവര്‍ത്തനം സാധ്യമാകും. ഡിജിറ്റല്‍ ഇടപാടിന്റെയും മറ്റ് സര്‍വ്വീസ് ചാര്‍ജ്ജുകളുടേയും പേരില്‍ പൊതുമേഖലാ- സ്വകാര്യ – ന്യൂജനറേഷന്‍ ബാങ്കുകളുടെ ചൂഷണവും അവസാനിപ്പിക്കാനാകും. സഹകരണ ബാങ്കിംഗ് മേഖല അതിനൂതന സാങ്കേതിക മികവിലേയ്ക്ക് വരുമ്പോള്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ഈ മേഖലയിലേയ്ക്ക് കൂടുതലായി ആകര്‍ഷിക്കാനാകും. ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ 50 വയസ്സിന് താഴെ പ്രായമുള്ള ഉപഭോക്താക്കള്‍ 23 % ത്തിനടുത്ത് മാത്രമാണ്. യുവതലമുറയ്ക്ക് വേണ്ട സാങ്കേതിക സൗകര്യങ്ങളൊരുക്കാന്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ബാങ്കുകളേക്കാള്‍ ഏകോപിതമായ കേരള ബാങ്കിനായിരിക്കും കഴിയുക. മാത്രമല്ല, യുവതലമുറ ആഗ്രഹിക്കുന്ന ‘ബ്രാന്‍ഡ് മൂല്യം’ ആര്‍ജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും.


കേരളത്തിലെ എറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

ജില്ലാ സഹകരണബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതോടെ എല്ലാത്തരം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്താന്‍  പ്രാപ്തിയുള്ള, റിസര്‍വ്വ് ബാങ്ക് അനുമതിയുള്ള ദേശീയ/അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബാങ്കായി കേരള ബാങ്കിന് ഉയരാന്‍ കഴിയും. കേരള ബാങ്ക് നിലവില്‍ വരുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി അത് മാറും.കേരള ബാങ്കിന് തുടക്കത്തില്‍ 825 ബ്രാഞ്ചുകള്‍ ഉണ്ടാകും. നിലവില്‍ 65000-ത്തിലധികം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്‍.ആര്‍.ഐ. നിക്ഷേപമടക്കം സ്വീകരിക്കാന്‍ അനുമതി ലഭിക്കുകയും, പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കേരള ബാങ്ക് സേവനം ഗ്രാമീണ ജനതയിലേയ്ക്ക് എത്തിക്കുവാന്‍ കഴിയുകയും ചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്നതില്‍ സംശയമില്ല.


സംസ്ഥാന ജില്ലാ ബാങ്കുകള്‍ക്ക് പുറമെ കേരളത്തില്‍ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകളുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍ അല്ലെങ്കില്‍ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി 4500 ത്തിലധികം ബ്രാഞ്ചുകള്‍ ഉണ്ട്. ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഉണ്ടാകുന്ന ബാങ്കിംഗ് നെറ്റ് വര്‍ക്ക് സംസ്ഥാനത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പര്യാപ്തമാകും.


21 പൊതുമേഖലാ ബാങ്കുകളും, ഒരു ഗ്രാമീണ്‍ ബാങ്കും 19 സ്വകാര്യ വാണിജ്യ ബാങ്കുകളും 2 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉള്‍പ്പെടുന്ന കേരളത്തിലെ വാണിജ്യ ബാങ്കിംഗ് രംഗത്തിന് ബദലായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിനും, കേരള ബാങ്കിന്റെ അംഗങ്ങളാകുന്ന 1600 ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും സംസ്ഥാന താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.


കേരളബാങ്ക് രൂപീകരിക്കുമ്പോള്‍  ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. അവരാണ് കേരള ബാങ്കിന്റെ നേരവകാശികളും ഉടമകളും. കാര്‍ഷിക വായ്പാ-ബാങ്കിംഗ് പ്രവര്‍ത്തനത്തെ സംശുദ്ധമായി നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഈ നിലപാടിന് അടിസ്ഥാനം.  എല്ലാ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും കേരള ബാങ്ക് വഴി ഇടപാടുകാരിലെത്തും. കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ ലഭിക്കുന്നതിന് സാഹചര്യമുണ്ടാകും. അംഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്നതിനും അതിലൂടെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കഴിയുമെന്നതാണ് മറ്റൊരു മെച്ചം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ഗ്രാമീണ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറുന്നതിന് സാധിക്കും.


കേരള ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തമാകയാല്‍ നബാര്‍ഡില്‍ നിന്നും പുനര്‍വായ്പാ തുക വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നത് എടുത്തുപറയേണ്ടതാണ്. അതുവഴി കാര്‍ഷിക വായ്പാ തോത് വര്‍ദ്ധിപ്പിക്കാനാകും. കേരള ബാങ്കിന്റെ പ്രവര്‍ത്തന മൂല്യം ഉയരുന്നതിനനുസരിച്ച് ലാഭവിഹിതം ഉയര്‍ന്ന തോതില്‍ ലഭിക്കുകയും ചെയ്യും. മൈക്രോഫിനാന്‍സ് രംഗത്ത് ഫലപ്രദമായ ഇടപെടല്‍ സാധ്യമാക്കുന്നതിനും കഴിയും. വായ്‌പേതര സഹകരണ സംഘങ്ങള്‍ക്കും നിലവിലെ രീതിയില്‍ എല്ലാവിധ അധികാരങ്ങളും സേവനങ്ങളും നല്‍കുന്നതോടൊപ്പം ബാങ്കിംഗ് ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ നല്‍കാനുമാകും. 


നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയിലേക്ക് ഉയരും.  (ആര്‍.ബി.ഐ ആക്ട് 1934 പ്രകാരം ജില്ലാ ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ ഷെഡ്യൂള്‍ഡ് പദവിക്ക് അര്‍ഹതയുണ്ടായിരുന്നില്ല). സംസ്ഥാന സഹകരണ ബാങ്കിനാകട്ടെ കേരള ബാങ്കിലൂടെ  സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാകും. ലയനത്തിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് വഴി കേരളത്തിന്റെ വികസന പ്രക്രിയയില്‍ കൂടുതലായി ഇടപെടുന്നതിന് സാധിക്കും. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കേരള ബാങ്കിലൂടെ കഴിയും. 


കോര്‍ ബാങ്കിംഗ്, ആധുനിക ബാങ്കിംഗ് സൗകര്യങ്ങളെയെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലൂടെ മേല്‍നോട്ടം നടത്താന്‍ റിസര്‍വ് ബാങ്കിനും, നബാര്‍ഡിനും സാധിക്കും. പ്രൊഫഷണല്‍ മികവുള്ള ഉന്നത ഉദ്യോഗസ്ഥരും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും വരുന്നതിലൂടെ ബാങ്കിനെ കൂടുതല്‍ കാര്യക്ഷമതയിലേയ്ക്ക് കൊണ്ടു വരുന്നതിനും സാധിക്കും. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് ബാധകമായ എല്ലാനിയമങ്ങളും നടപ്പാക്കാനാകുന്നുവെന്നത് സുതാര്യത കൂടുതല്‍ ഉറപ്പ് വരുത്താന്‍ കാരണമാകും.


കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ ബാങ്കിംഗ് മേഖലയില്‍ ലോകത്തിന് മുമ്പില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഡിജിറ്റല്‍ ഇന്ത്യ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതിന് ഇത് പ്രയോജനപ്പെടും. പ്രാദേശിക സമ്പദ്‌വ്യവസഥയെ കൂടുതല്‍ ഉല്പാദനപരവും ചലനാത്മകവുമാക്കുന്നുവെന്നത് നമ്മുടെ കമ്പോളത്തില്‍ ഉണര്‍വ്വ് പ്രദാനം ചെയ്യും. വികസന ലക്ഷ്യത്തിനനുസരിച്ച് സാമ്പത്തിക പിന്തുണ നല്‍കുവാന്‍ സാധിക്കുമെന്നത് സംസ്ഥാനത്തിന് വലിയ വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ധൈര്യം നല്‍കും. കാര്യക്ഷമമായ ഭരണനിയന്ത്രണത്തിന് കേരള ബാങ്കിലൂടെ സാധിക്കും.


പ്രാഥമിക സഹകരണ സംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രതിനിധികള്‍ കേരള ബാങ്കിന്റെ ഭരണാധികാരികളാകും. സഹകരണ ജനാധിപത്യത്തിലൂന്നിയ വലിയ ഒരു ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് സഹകാരികള്‍ക്ക് അഭിമാനകരമാകുമെന്നതില്‍ തര്‍ക്കമില്ല. യുവതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങല്‍ ലഭിക്കുന്നതിനും കേരള ബാങ്ക് വഴി സാധിക്കും. നാടിന്റെ വികസനത്തിന് ജനതയുടെ ബാങ്ക് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും.

ലക്ഷ്യം ദീര്‍ഘകാല വികസനം

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് സഹായകമായി ശക്തമായ സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്‍ അനിവാര്യമാണ്.  സര്‍ക്കാരിന്റെ നവകേരള മിഷനിലൂടെ നല്ല പൊതു വിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക-പാരിസ്ഥിതിക വികസനം, ഭവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം നമ്മുടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ കഴിയണം. ഈ ഗതിവേഗത്തിന് രാസത്വരകമാകുന്ന കേരള ബാങ്ക് നമുക്ക് സ്വന്തമായ, ശക്തമായ ഒരു സാമ്പത്തിക ജീവനാഡിയായിരിക്കും. 

നിക്ഷേപവാഗ്ദാനവുമായി ജപ്പാനും കൊറിയയും

കേരളത്തിന്റെ ഭാവിക്കനുയോജ്യമായ  അടിസ്ഥാന സൗകര്യ വികസനം, അതിനുതകുന്ന വിധം നിക്ഷേപങ്ങളെയും ആധുനിക വ്യവസായങ്ങളെയും ആകര്‍ഷിക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കുക എന്നിവ പ്രകടന പത്രികയില്‍ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളാണ്. ഈ സമീപനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഫലമായാണ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ നാം വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്.


അതിന്റെ തുടർച്ച എന്ന നിലയിൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജം പകരുന്ന തരത്തിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഇത്തവണത്തെ വിദേശ യാത്രയുടെ ലക്ഷ്യം


അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തന്‍ വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ചയുടെ അടുത്ത പടിയിലേക്കു കടക്കുക എന്ന നിലയ്ക്കാണ് ജപ്പാനും കൊറിയയും സന്ദര്‍ശിച്ചത്. വളരെ വിജയകരമായി സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു 


ഉത്പാദനം വര്‍ദ്ധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുക എന്നതാണ് നിലപാട്. അങ്ങനയേ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുനയിക്കാനാവൂ. അതിന് ശാസ്ത്ര സാങ്കേതിക രംഗത്ത് മാനവരാശി ആര്‍ജ്ജിച്ച വിജ്ഞാനങ്ങളെ ആകെ ഉള്‍ക്കൊള്ളാന്‍ കഴിയണം. അവയെ നാടിന്റെ സവിശേഷതയ്ക്കനുസൃതമായി ഉത്പാദന രംഗത്ത് പ്രയോഗിക്കുകയും വേണം. ജപ്പാനും കൊറിയയും പോലുള്ള രാജ്യങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ അറിവുകളെ ഉപയോഗിച്ച് വികസനത്തിന്റെ പല മേഖലകളിലും മുന്നോട്ടുപോയിട്ടുള്ളവരാണ്. പാരിസ്ഥിതിക സവിശേഷതകളെ ഉള്‍ക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകള്‍ക്കു നല്‍കുന്ന സവിശേഷ പ്രാധാന്യം കേരളം പോലെ പ്രകൃതി ദുരന്തങ്ങള്‍ അലട്ടുന്ന പ്രദേശങ്ങള്‍ക്ക് പ്രധാനമാണ്.


ഓരോ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിനു ശേഷവും അതുകൊണ്ടുണ്ടായ ഗുണങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. . കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം (മെഡിക്കല്‍ എക്വിപ്‌മെന്റ്), ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്‌കരണം, മല്‍സ്യബന്ധനം, നൈപുണ്യ വികസനം, മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്കൊക്കെ ഗുണകരമാവുന്ന സന്ദര്‍ശനമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.


ഈ യാത്ര യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഒന്നാണ്. അതുകൊണ്ടു തന്നെ, യാത്രയിലെ ഓരോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കള്‍ക്ക് ഗുണകരമായി ഭവിക്കുന്നു എന്നുറപ്പു വരുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കള്‍ക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ട്.


ജപ്പാന്‍

 

ചില ജാപ്പനീസ് കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്, വ്യവസായങ്ങള്‍ നടത്തുന്നുമുണ്ട്. അവര്‍ക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കേരളം ജാപ്പനീസ് നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വളരെ അനുയോജ്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം കുറേക്കൂടി ഫലവത്തായി പ്രയോജനപ്പെടുത്താനാണ് ജപ്പാനിലെ സന്ദര്‍ശങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ശ്രമിച്ചത്.ചെറുകിട ഇടത്തര വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യവുമാണ്. ഇവ രണ്ടും തന്നെ കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളാണ്. അതുകൊണ്ട്, അവയെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിച്ചത്.


ജപ്പാനിലെ ആദ്യ മീറ്റിംഗില്‍ തന്നെ കേരളത്തിലേക്ക് ഇരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കുവാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ ജപ്പാന്‍ സന്ദര്‍ശനം ഒരു ശുഭാരംഭമായിരുന്നു. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് എത്തുമെന്ന ഉറപ്പ് നേടാനായി.


കേരളത്തില്‍ നാല് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള നീറ്റ ജെലാറ്റിന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ കൂടി നിക്ഷേപിക്കുവാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപ സൗഹാര്‍ദ സാഹചര്യത്തിനുള്ള അംഗീകാരം കൂടിയാണിത്.


ടെറുമോ കോര്‍പറേഷന്‍ തിരുവനന്തപുരത്തുള്ള ടെറുമോ പെന്‍പോളില്‍ 105 കോടി രൂപയുടെ നിക്ഷേപം നടുത്തവാനും തീരുമാനിച്ചു. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തില്‍ ഉത്പാദിപ്പിക്കാനാവുന്ന പദ്ധതിയാണിത്.


തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്സൈഡ് (എല്‍ ടി ഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിനു താത്പര്യപത്രം ഒപ്പു വെച്ചു. കേരളത്തിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്നു ഇത്തരം നൂതന ബാറ്ററി പാക്കിങ് യുണിറ്റ് തുടങ്ങുവാനാണ് ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഒരിടത്തും ഇത്തരം ഇത്തരം ബാറ്ററി നിര്‍മ്മിക്കുന്ന ഫാക്ടറി ഇല്ല.


2022 ആവുമ്പോഴേക്കും കേരളത്തില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുവാന്‍ ഉദ്ദേശിച്ചുള്ള വൈദ്യുത വാഹന നയം നമ്മുക്കുണ്ട്. അത് ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാനുള്ള വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. സ്വിസ്സ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് ഇലക്ട്രിക് ബസ് നിര്‍മിക്കുന്നുണ്ട്. അതിലും കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളിലും എല്‍ ടി ഒ ഇലക്ട്രിക് ബാറ്ററി ഉപയോഗിക്കും.വൈദ്യുതി വാഹനങ്ങള്‍ക്കായി അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുള്ള പഠനം നടന്നു കൊണ്ടിരിക്കുന്നു, അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് തോഷിബയുമായുള്ള കരാറില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.


ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജന്‍ ഫ്യൂല്‍ സെല്‍ ഫാകറ്ററി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചര്‍ച്ചകള്‍ നടന്നു. ഇതിനായി ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെക്കും.


എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്‌സില്‍ ഒരു ലൂബ്രിക്കന്റ് ബ്ലെന്‍ഡിങ് യൂണിറ്റ് സ്ഥാപിക്കുവാന്‍ ജിഎസ് കാള്‍ടെക്‌സ് കോര്‍പറേഷന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


ഐടിയിലും, ആയുര്‍വേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത നേരിട്ട് മനസ്സിലാക്കാന്‍ ജപ്പാനിലെ സനിന്‍ പ്രവിശ്യയില്‍ നിന്നും 5 മേയര്‍മാര്‍ അടങ്ങുന്ന സംഘം കേരളത്തിലേക്ക് വരുന്നുണ്ട്.


ടോക്കിയോയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ 150-ഓളം നിക്ഷേപകര്‍ പങ്കെടുത്തു. നിര്‍മാണം, വ്യാവസായിക അടിസ്ഥാന വികസനം, മാര്‍ക്കറ്റിങ് ഹബ്, ആരോഗ്യം, ടൂറിസം, എടി, ബയോ-ടെക്നോളജി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്തുവാന്‍ അവരെ ക്ഷണിച്ചു.


ഇവിടെ നിലവില്‍ നിക്ഷേപം നടത്തിയ നിസാന്‍, ഫ്രാസ്‌കോ ഉള്‍പ്പടെയുള്ള കമ്പിനികള്‍ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ മതിപ്പോടെയാണ് കാണുന്നത് എന്ന് അവിടെ വ്യക്തമാക്കപ്പെട്ടു. ഇത് കേരളത്തിലേക്ക് ഇനിയും നിക്ഷേപം കൊണ്ടുവരുന്നതിനു സഹായകരമായ അനുഭവമായി.ജപ്പാന്‍ എക്‌സ്റ്റേര്‍ണല്‍ ട്രേഡ് ഒരഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുവാന്‍ അവരെ ക്ഷണിച്ചു.


വിദ്യാഭ്യാസ-നൈപുണ്യ രംഗം

കേരളത്തില്‍ നിന്നുമുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഒസാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാന്‍ഡ്വിച് കോഴ്‌സുകള്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള താത്പര്യം അവര്‍ അറിയിച്ചിട്ടുണ്ട്.ഷിമാനെ യൂണിവേഴ്‌സിറ്റി കുസാറ്റുമായി ചേര്‍ന്ന് 4+2 വര്‍ഷത്തിന്റെ രണ്ടു യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സ് ആരംഭിക്കുവാനും തീരുമാനമായി. കേരളത്തില്‍ ആറു മാസം, ജപ്പാനില്‍ ആറു മാസം, എന്ന തരത്തില്‍ വരുന്ന ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേര്‍ന്ന് ആരംഭിക്കുവാനുള്ള നടപടികളിലേക്ക് കടക്കുവാനും ധാരണയായി. കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളുമായും സമാന കോഴ്സുകള്‍ തുടങ്ങുന്നതിനെ പറ്റി ഷിമാനെ യൂണിവേഴ്‌സിറ്റി ചര്‍ച്ച ചെയ്യും.ഷിമാനെ യൂണിവേഴ്‌സിറ്റിയില്‍ യുനെസ്‌കോയുടെ ഭൂ-പരിസ്ഥിതി ദുരന്ത ലഘൂകരണ ചെയര്‍ പ്രൊഫ ഫാവു വാങിന്റെ സഹായത്തോടെ കേരളത്തിലും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ശേഷി വികസനം നടത്തും.കേരളത്തിന്റെ 2 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ജാപ്പനീസ് ഭാഷാ കോഴ്‌സ് തുടങ്ങുവാന്‍ അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്നിക്കല്‍ സ്‌കോളര്‍ഷിപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


കൊറിയ

സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യമാണ് ജപ്പാനെ പോലെ തന്നെ കൊറിയയും. കേരളത്തെ കൊറിയയ്ക്കു പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് കൊറിയന്‍ യാത്രയില്‍ ഏറ്റെടുത്തത്.സമുദ്രോത്പദന-ഭക്ഷ്യകയറ്റുമതി നേരിട്ട് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ആയി. ചേര്‍ത്തലയിലെ സമുദ്രോത്പന്ന സംസ്‌കരണ മേഖല സന്ദര്‍ശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കുവാനും തുടര്‍ന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇമ്പോര്‍ട്ടര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കെ എസ് ഐ ഡി സി യുടെ ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെന്റര്‍ തുടങ്ങുവാനും ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ വിയാറ്റ്നാം വഴിയാണ് പോവുന്നത്, ടെസ്റ്റ് സെന്റര്‍ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്തുവാന്‍ കഴിയും.


ഹ്യുണ്ടായിയുടെ വാഹന പാര്‍ട്‌സ് സപ്ലയര്‍ ആയ എല്‍കെ ഹൈ-ടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുവാന്‍ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.


ഐടി, എല്‍.ഇ.ഡി നിര്‍മ്മാണം, ഓട്ടോമൊബൈല്‍ കംപോണേന്റ്‌സ്, ഭക്ഷ്യ സംസ്‌കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ്, സപ്ലെ ചെയിന്‍ തുടങ്ങിയ മേഖലകളിലില്‍ നിക്ഷേപിക്കുവാനാണ് കൊറിയയില്‍ നിന്നും നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചത്.


വിദ്യാഭ്യാസ നൈപുണ്യ രംഗത്ത്കേരളത്തിലെ ഫിഷറീസ് യൂണിവേഴ്സിറ്റിയും ഫുഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കുവാന്‍ പോകുന്ന വേള്‍ഡ് ഫിഷറീസ് യുണിവേഴ്‌സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുക്യോങ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ട്രെയിനിങ് പ്രോഗ്രാം തയ്യാറാക്കും. ആയുര്‍വേദ രംഗത്തും സഹകരിക്കുന്നതിനുള്ള താത്പര്യം പുക്യോങ് യൂണിവേഴ്‌സിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്.


ബുസാന്‍ പോര്‍ട്ട് അതോറിറ്റി നമ്മുടെ പോര്‍ട്ട് ഓഫിസര്‍മാരെ പരിശീലിപ്പിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ തുറമുഖങ്ങളും ഹാര്‍ബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വേണ്ട ഒരു ധാരണ പത്രം ഒപ്പുവെക്കുവാനും തീരുമാനിച്ചു.


മാലിന്യ സംസ്‌കരണംബുസാനിലും സോളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചതും എടുത്തു പറയേണ്ടതാണ്. അവിടങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കുന്നത് എന്നും മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നതു എങ്ങനെ എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ പ്രയോജനപ്പെടുത്താവുന്ന മാതൃകകളാണ് അവിടെ കണ്ടത്.


സെമി ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ടു ജൈക്ക (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി) യുമായും ഹ്യുണ്ടായിയുമായും കൂടിയാലോചന നടത്തി. ഇരുവരും സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


നമ്മുടെ ഫെഡെറല്‍ ഘടനയില്‍ സംസ്ഥാനത്തിന്റെ വികസനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഉള്ളത്. അതുകൊണ്ടു തന്നെ ആ ഉത്തരവാദിത്തത്തെ വളരെ ഗൗരവത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാണുന്നത്. അതിന് കേരളവുമായി സഹകരിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുമായി നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ നാം സഹകരിക്കേണ്ടതുണ്ട്. കേരളത്തിന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഹിരോഷിമ മെമ്മോറിയലില്‍ ചെന്നതും കേരളത്തിന് വേണ്ടി ആദരവ് അര്‍പ്പിച്ചതും പ്രത്യേകം പറയേണ്ടതുണ്ട്. അത് കേവലമായ ഒരു ചടങ്ങായിരുന്നില്ല- നിരായുധീകരണത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കല്‍ തന്നെയായിരുന്നു. ജപ്പാനിലും കൊറിയയിലും ചരിത്രവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതും പുതിയ തലമുറയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പകര്‍ന്നു കൊടുക്കുന്നതും അനുകരണീയ മാതൃകയാണ്.


മികച്ച ക്രമസമാധാനം, ഉയര്‍ന്ന ജീവിത നിലവാരം, ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനത, അഴിമതിയില്ലാത്ത സുസ്ഥിരമായ സര്‍ക്കാര്‍ തുടങ്ങിയവയൊക്കെയാണ് കേരളത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ജപ്പാനെയും കൊറിയയെയും ഒക്കെ പ്രേരിപ്പിക്കുന്നത്. ആ രാജ്യങ്ങളുമായുള്ള സഹകരണം കേരളത്തിന്റെ വികസനത്തിനും നമ്മുടെ ഭാവി തലമുറയുടെ വളര്‍ച്ചയ്ക്കും ഏറെ ഉപകാരപ്രദമാകും എന്നതില്‍ സംശയമില്ല.

കെഎഎല്‍ ഇ-ഓട്ടോ നിര്‍മാണ ഉദ്ഘാടനം ബുധനാഴ്ച

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണവും ആധുനീകരിച്ച മെഷീന്‍ ഷോപ്പും ബുധനാഴ്ച (ജൂലൈ 10) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബീല്‍സ് അങ്കണത്തിലാണ് പരിപാടി.

വ്യവസായ- കായിക- യുവജനക്ഷേമ മന്ത്രി ഇ.പി.ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സഹകരണ- ദേവസ്വം- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സൈഡ് വീല്‍ സ്കൂട്ടറുകളുടെ വിതരണം നിര്‍വ്വഹിക്കും. കെഎഎല്‍ എം.ഡി എ.ഷാജഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡോ. ശശി തരൂര്‍ എം.പി, എംഎല്‍എമാരായ കെ. ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, എന്നിവര്‍ സംസാരിക്കും. കെഎഎല്‍ ചെയര്‍മാന്‍ കരമന ഹരി സ്വാഗതവും ഡയറക്ടര്‍ സി.സത്യചന്ദ്രന്‍ നന്ദിയും പറയും. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്‍. ഹീബ, കൗണ്‍സിലര്‍ എസ്.എസ്. ജയകുമാര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇ. ഇളങ്കോവന്‍, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ.രവിരാമന്‍, കെഎഎല്‍ ഡയറക്ടര്‍ പ്രദീപ് ദിവാകരന്‍, റിയാബ് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, കെഎഎല്‍ എംപ്ലോയീസ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍.എസ്.ദിലീപ്, കെഎഎല്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ശ്രീകണ്ഠന്‍ നായര്‍, കെഎഎല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ജി.മാഹീന്‍ അബൂബേക്കര്‍, സ്പാറ്റോ ജനറല്‍ സെക്രട്ടറി ഡോ.ഗോപകുമാര്‍, കെഎഎല്‍ വര്‍ക്കേഴ്സ് ഫ്രണ്ട് പ്രസിഡന്റ് അഡ്വ.എസ്.കെ.അശോക് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി വൈകിട്ട് നാലു മുതല്‍ ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും ഇതിനൊത്ത് സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസുകളും ഇവിടെത്തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (എആര്‍എഐ) സര്‍ട്ടിഫിക്കേഷന്‍ കെഎഎല്ലിന് ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടമായി പ്രതിവര്‍ഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കും. വൈകാതെ വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങും. കിലോമീറ്ററിന് 50 പൈസ മാത്രമായിരിക്കും ഇലക്ട്രിക് ഓട്ടോയുടെ പ്രവര്‍ത്തനച്ചെലവ്. അറ്റകുറ്റപ്പണികളും താരതമ്യേന കുറവായിരിക്കും. വിദേശ കമ്പനിയായ ഹെസ്സിന്റെ സാങ്കേതിക സഹായത്തോടെയും കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെയും ഒന്‍പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിര്‍മാണ രംഗത്തേക്കും കേരള ഓട്ടോമൊബീല്‍സ് കടക്കും.

മന്ത്രിസഭാ തീരുമാനങ്ങള്‍ 10-07-2019

എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി

പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 26-06-2019

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന അബ്കാരി വര്‍ക്കര്‍മാരുടെ ആശ്രിതര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി കോര്‍പ്പറേഷനിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് ആശ്രിതനിയമനം നല്‍കാന്‍ ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-06-2019

പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിന്‍റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.


ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍നായരുടെ നിയമന കാലാവധി 13-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 12-06-2019

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ
ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 30-05-2019

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി ഏകീകരണം നടപ്പാക്കും

സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 05-03-2019

കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഉള്‍ക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കാത്തതുകൊണ്ട് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നേരത്തെ തന്നെ കര്‍ഷകരുടെ കടങ്ങള്‍ക്ക് പലിശ ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ ഫലപ്രദമായ നടപടികളാണ് വേണ്ടത്. കര്‍ഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇടപെടലും ഇതിന്‍റെ ഭാഗമാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായ ചില തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്.

(more…)

അഭിനന്ദന്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു

എയര്‍ഫോഴ്സ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. അഭിനന്ദന്‍ പ്രകടിപ്പിച്ച നിശ്ചയ ദാര്‍ഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തി സമാധാനത്തിന്റെ സന്ദേശം നല്‍കിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.