Category: Media Update

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 21-10-2020

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം
ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.  

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള  മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനര്‍ഹമായവരെ തീരുമാനിക്കുന്നത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ഉല്‍കണ്ഠ ഉളവാക്കുന്നുണ്ട്. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ നമ്മുടെ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നു മുതല്‍
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരും.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുക. ലിസ്റ്റ് ചെയ്തിട്ടുള്ള വിളകള്‍ കര്‍ഷകരില്‍ നിന്ന് വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 250 വിപണികളില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. ഒരു കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്ഥലത്തിനു മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ.

വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുകയാണെങ്കില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്‍റ് വൈസ് ചെയര്‍മാനായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്.

കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും. കര്‍ഷകരുടെ രജിസ്ട്രേഷന്‍, പ്രദേശവും ഉല്‍പാദനവും നിര്‍ണയിക്കല്‍, പ്രാദേശിക ഉല്‍പന്നമാണെന്ന് സാക്ഷ്യപ്പെടുത്തല്‍ എന്നിവ എ.ഐ.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സംഭരണ ഏജന്‍സികള്‍ക്കെല്ലാം ബാധകമാകുന്ന പ്രവര്‍ത്തന നടപടിക്രമങ്ങള്‍ കൃഷി വകുപ്പ് തയ്യാറാക്കുന്നതാണ്.

വിപണിവില ഓരോ ഉല്‍പന്നത്തിനും നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ താഴെ പോകുമ്പോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നല്‍കും. സംഭരിച്ച വിളകള്‍ ‘ജീവനി-കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡില്‍ വില്‍ക്കാനാണ് തീരുമാനം.

പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും കാലാകാലങ്ങളില്‍ അടിസ്ഥാന വില പുതുക്കി നിശ്ചയിക്കുന്നിതിനും പുതിയ വിള ഉള്‍പ്പെടുത്തുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഏകോപനം) ചെയര്‍മാനും കാര്‍ഷികോല്‍പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായി സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കുന്നതാണ്. സംസ്ഥാനതല കമ്മിറ്റി അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്.

പ്രിസിഷന്‍ ഫാമിംഗ് (സൂക്ഷ്മ കൃഷി) വഴി ഉല്‍പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാന ഉല്‍പാദനക്ഷമത പഠിച്ച ശേഷം ആവശ്യമായ തീരുമാനം എടുക്കുന്നതിന് കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാറ്റിവെച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കും
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്ത ശമ്പളത്തിന്‍റെ 20 ശതമാനം (ആറു ദിവസത്തെ) 2020 ഏപ്രില്‍ മുതല്‍  മാറ്റിവെച്ചിരുന്നു. ഇങ്ങനെ മാറ്റിവെച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉടനെ പണമായി തിരിച്ചുനല്‍കുകയാണെങ്കില്‍ 2500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇന്നത്തെ വിഷമം പിടിച്ച സാഹചര്യത്തില്‍ അത് സര്‍ക്കാരിന് താങ്ങാനാകില്ല. അതുകൊണ്ടാണ് പി.എഫില്‍ ലയിപ്പിക്കുന്നത്. ഇങ്ങനെ പി.എഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി.എഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പി.എഫ് നിരക്കില്‍ പലിശ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്‍പ്പെടെ പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തേയും തുക തുല്യ തവണകളായി നല്‍കുന്നതാണ്.

കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം
ഈസ് ഓഫ് ഡൂയിങ് നടപടികളുടെ ഭാഗമായി കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കുന്നതിന് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, റജിസ്ട്രേഷന്‍ പുതുക്കുന്നതിന് ലേബര്‍ കമ്മീഷണറുടെ ഓട്ടോമേഷന്‍ സിസ്റ്റം വഴി ഫീസ് അടച്ചാല്‍ മതി. തനിയേ റജിസ്ട്രേഷന്‍ പുതുക്കല്‍ നടക്കും.

15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകൾ
സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട് പോലീസ് ജില്ലകളിലാണ് സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. പുതിയ സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍റെ 15 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: പ്രത്യേക ഉദ്ദേശ കമ്പനി
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനത്തിനും നടത്തിപ്പിനുമായി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരിയും കെ.എം.ആര്‍.എല്ലിന് 26 ശതമാനം സ്വെറ്റ് ഇക്വിറ്റിയുമുള്ള കമ്പനിയാണ് രൂപീകരിക്കുക. 30 വര്‍ഷത്തേക്ക് കൊച്ചി വാട്ടര്‍ മെട്രോയുടെ ആസ്തി ഉപയോഗിക്കാനുള്ള അനുമതി ഈ കമ്പനിക്ക് നല്‍കുന്നതാണ്.

2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു.

തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പിരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

തസ്തിക
മലപ്പുറം ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍സെക്കന്‍റി സ്കൂളില്‍ എച്ച്.എസ്.ടി (സീനിയര്‍) അറബിക് ടീച്ചര്‍, എച്ച്.എസ്.ടി (ജൂനിയര്‍) മലയാളം ടീച്ചര്‍ എന്നിവയുടെ ഓരോ തസ്തികയും തിരുവനന്തപരും നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കന്‍ററി സ്കൂളില്‍ എച്ച്.എസ്.ടി (ജൂനിയര്‍) ഹിന്ദിയുടെ ഒരു തസ്തികയും സൃഷ്ടിക്കും.

വാര്‍ത്താകുറിപ്പ്: 19-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 5022 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 92,731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4257 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 647 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,599 സാമ്പിളുകള്‍ പരിശോധന നടത്തി. 7469 പേര്‍ രോഗമുക്തരായി.

രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചത്. അതിന്‍റെ ഗുണഫലങ്ങള്‍ മുന്‍പ് വിശദീകരിച്ചതാണ്. ഒന്നാമത്തെ കാര്യം ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.  ജീവനുകള്‍ രക്ഷിക്കാന്‍ എന്തു ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്‍റെ ഭാഗമായി നമുക്ക് മരണങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിച്ചു.

ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉച്ചസ്ഥായിയാല്‍ എത്തിയപ്പോള്‍ സംഭവിച്ച ദുരന്തത്തിന്‍റെ ആഘാതം എത്രമാത്രമായിരുന്നു എന്നു നമ്മള്‍ കണ്ടതാണ്. രോഗബാധിതരായവരില്‍ നൂറില്‍ പതിനാലു പേര്‍ വരെ മരിക്കുന്ന അവസ്ഥ അവിടെ സംജാതമായി. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്.

കേരളത്തില്‍ മരണനിരക്ക് ആദ്യമേ കുറവായിരുന്നു എന്നു മാത്രമല്ല, കോവിഡ് വ്യാപനം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്ന ഈ സമയത്ത് മരണ നിരക്ക് കുറയുന്നതായാണ് കാണുന്നത്.

ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു  മഹാമാരിയുടെ കാലത്ത് എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവന്‍,  ജീവിതോപധികള്‍ ആരോഗ്യസംവിധാനങ്ങള്‍ എന്നീ മൂന്നു ഘടകങ്ങളെ ചേര്‍ത്തു നിര്‍ത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും   മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്‍റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാള്‍ മികച്ച രീതിയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചത്.

മെയ് മാസത്തില്‍ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂണ്‍ മാസത്തില്‍ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്‍റെ ആരോഗ്യമേഖല അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. നമുക്ക് കിട്ടിയ അംഗീകാരങ്ങള്‍ ജീവനുകള്‍ രക്ഷിക്കാനായി നമ്മള്‍ നടത്തിയ ആത്മസമര്‍പ്പണത്തിന്‍റേയും അശ്രാന്ത പരിശ്രമത്തിന്‍റേയും ഫലമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതേയും, മനസ്സിലാക്കിയാല്‍ തന്നെ അതു മറച്ചു വച്ചു കൊണ്ടും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആണ്  മുന്നിട്ടിറങ്ങുന്നത്.

ചൈനയിലെ വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടു പുറകേ തന്നെ കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി കോവിഡ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. എന്നാല്‍, അവരില്‍ നിന്നും ആരിലേയ്ക്കും രോഗം പകരാതെ ഒരാള്‍ പോലും മരണപ്പെടാതെ നോക്കാന്‍ കേരളത്തിനായത് നമ്മള്‍ അപ്പോള്‍ തന്നെ സ്വീകരിച്ച ജാഗ്രത കൊണ്ടാണ്. ചൈനയില്‍ നിന്നും തുടക്കത്തില്‍ ലോകത്തിന്‍റെ പല ഭാഗത്തും രോഗം പടര്‍ന്നു പിടിച്ചപ്പോളും, ഉയര്‍ന്ന ജനസാന്ദ്രതയുണ്ടായിട്ടും കേരളത്തിന് അത് ആ ഘട്ടത്തില്‍ തടയാന്‍ സാധിച്ചു.

രാജ്യത്ത് ഏറ്റവും ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാക്കിയ സ്ഥലമാണ് കേരളം. ആരേക്കാളും മുന്‍പ് നമൂഹിക നിയന്ത്രണങ്ങളും, പൊതുബോധവല്‍ക്കരണവും നമ്മള്‍ നടപ്പിലാക്കി. ഇറ്റലിയില്‍ നിന്നും രണ്ടാംഘട്ടം രോഗം സംസ്ഥാന എത്തുകയും പലരേയും ബാധിക്കുകയും ചെയ്ത അവസരത്തില്‍ മാര്‍ച്ച് 15ന് അകം തന്നെ നമ്മള്‍ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൊണ്ടു വന്നു. ലോക്ഡൗണ്‍ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതും ഇവിടെയാണ്.

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഓണാവധിക്കാലത്ത് വളരെയേറെ ഇളവുകള്‍ അനുവദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചരണം വാസ്തവവിരുദ്ധമാണ്. മറ്റ് ഉത്സവകാലത്ത് അനുവദിക്കുന്നപോലെ വളരെ ചെറിയ ഇളവുകള്‍ മാത്രമാണ് ഓണക്കാലത്ത് നല്‍കിയിരുന്നത്. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാര്‍നിര്‍ദ്ദേശങ്ങള്‍ ഓണത്തിന് മുമ്പുതന്നെ പൊലീസ് പുറപ്പെടുവിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ലെന്നും ഓണസദ്യയുടെയും മറ്റും പേരില്‍ കൂട്ടംകൂടാനും പൊതുപരിപാടികള്‍ നടത്താനും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണമെന്നും കണ്ടയ്ന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ മാറ്റില്ലെന്നും അറിയിച്ചിരുന്നു. കടകളുടെ  വലിപ്പമനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും  അനുമതി നല്‍കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഓണക്കാലത്ത് രാത്രി ഒന്‍പതു മണി വരെ മാത്രമാണ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നത്. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പകരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കാലങ്ങളിലേതുപോലെ കൂട്ടംകൂടിയുള്ള ആഘോഷപരിപാടികള്‍ ഓണക്കാലത്ത് നടത്തരുതെന്ന് ഈ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പലതവണ അഭ്യര്‍ത്ഥിച്ചിഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും എല്ലാ മാധ്യമങ്ങളിലൂടെയും ഇതേ കാര്യം ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

ഓണാവധി സമയത്തും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്ന് ആ സമയത്തെ കേസുകളുടെയും അറസ്റ്റുകളുടെയും സംബന്ധിച്ച കണക്കുകളില്‍ വ്യക്തമാകും. ഒന്നാം ഓണദിവസമായ ആഗസ്റ്റ് 30ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2631 കേസും 1279 അറസ്റ്റും  രേഖപ്പെടുത്തി. 137 വാഹനങ്ങള്‍ പിടിച്ചെടുത്തു.

തിരുവോണ ദിവസമായ ആഗസ്റ്റ് 31ന് 1996 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1019 അറസ്റ്റ് രേഖപ്പെടുത്തുകയും 94 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അവിട്ടം ദിനമായ സെപ്റ്റംബര്‍ ഒന്നിന് രജിസ്റ്റര്‍ചെയ്തത് 1198 കേസുകളും പിടിച്ചെടുത്തത് 62 വാഹനങ്ങളുമാണ്. 655 പേര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ രണ്ടിന് നിയന്ത്രണങ്ങള്‍ ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്യുകയും 1612 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 91 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ശക്തമായി തന്നെയാണ്  ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച സഹകരണമുണ്ടായി.

രോഗപ്രതിരോധത്തിനാവശ്യമായ നടപടികള്‍ മാത്രമല്ല,  അതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളും സര്‍ക്കാര്‍ പരമാവധി ഫലപ്രദമായി തന്നെ നേരിട്ടു. ക്ഷേമപെന്‍ഷനുകളും ഭക്ഷ്യധാന്യങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കൈകളില്‍ എത്തിച്ചു. ഇത്തരം ക്രിയാത്മകവും ശ്രദ്ധാപൂര്‍വ്വവുമായ ഇടപെടലുകളുടെ ഫലമായി മെയ് മാസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥിതി വിശേഷം വരെയുണ്ടായി. റിക്കവറി റേറ്റ് 97 ശതമാനമാവുകയും ആക്റ്റീവ് കേസുകള്‍ 3 ശതമാനം മാത്രമാവുകയും ചെയ്തു. ഇത്തരം നേട്ടങ്ങളാണ് ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി കേരളത്തെ മാറ്റിയത്. അതില്‍ അഭിമാനിക്കുന്നതിന് പകരം, ചിലര്‍ അസ്വസ്ഥരാകുന്ന കാഴ്ച ആശ്ചര്യജനകമാണ് എന്നല്ലാതെ എന്തു പറയാന്‍.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും  പ്രവാസി സഹോദരങ്ങള്‍ മടങ്ങി വരുന്ന സാഹചര്യം ഉടലെടുക്കുമെന്നും രോഗവ്യാപനം  ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. ആഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് തന്നെ നല്‍കിയിരുന്നു. അതിനാല്‍ രോഗത്തെ പരമാവധി പിടിച്ചുനിര്‍ത്തിക്കൊണ്ട് ആരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കാനാണ് നമ്മള്‍ ശ്രമിച്ചത്. അതിന്‍റെ ഗുണഫലമായാണ് നേരത്തേ പറഞ്ഞതു പോലെ മരണസംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സഹായകമായത്.

ഇവിടെ എങ്ങനെയാണ് രോഗവ്യാപനം വര്‍ധിച്ചത് എന്നത് എല്ലാവര്‍ക്കും അറിയാം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങിയതിന്‍റെ പ്രത്യാഘാതമാണത്. ജനങ്ങളാകെ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ജനകീയമായി പ്രവര്‍ത്തിക്കുകയും ലക്ഷക്കണക്കിന് ആരോഗ്യപ്രപ്രവര്‍ത്തകര്‍ ത്യാഗനിര്‍ഭരമായി രംഗത്തിറങ്ങുകയും ചെയ്തു കൊണ്ടാണ് കോവിഡ്  പ്രതിരോധം നാം വിജയത്തിലെത്തിച്ചത്.

എന്നാല്‍, ഒരു പ്രത്യേക ഘട്ടത്തില്‍ ഇവിടെ വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചു. മാസ്ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരത്തിനിറങ്ങാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി. മാസ്കില്ലാതെ കൂടിക്കുഴഞ്ഞും പൊലീസിനെ ആക്രമിച്ചും കോവിഡ് പ്രതിരോധം ഒരു പ്രശ്നമല്ല എന്ന് വരുത്തി തീര്‍ത്തു. ഈ രംഗങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. നാം ഒരു ഭാഗത്തു കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുമ്പോള്‍ മറ്റൊരു സന്ദേശമാണ് ഈ അനാവശ്യ അരാജക സമരങ്ങള്‍ നല്‍കിയത്. ഉത്തരവാദപ്പെട്ട നേതാക്കളും പൊതുപ്രവര്‍ത്തകരും ഇങ്ങനെ പെരുമാറുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ബോധം സൃഷ്ടിക്കപ്പെടില്ലേ? പ്രതിപക്ഷ രാഷ്ട്രീയം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രതികാര രാഷ്ട്രീയമായതിന്‍റെ ദുരന്തമായി അനുഭവപ്പെടുകയാണുണ്ടായത്. കോവിഡ് പ്രതിരോധകാര്യത്തില്‍ അതാണ് യഥാര്‍ത്ഥ പ്രശ്നം.

തിരുവനന്തപുരം ജില്ലയിലെ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വന്നിട്ടുള്ളത്. രോഗമുക്തി നിരക്കും നല്ല നിലയില്‍ വര്‍ധിക്കുന്നുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ചില കടകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കുന്നതായി കാണുന്നില്ല.

കൊല്ലത്ത് കോവിഡ് ബാധിച്ച് ഗൃഹചികിത്സയിലിരിക്കുന്നവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്‍റെ ഇന്‍റെഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് വിഭാഗം പഠനം നടത്തി. ഹൈ റിസ്ക് പ്രാഥമിക സമ്പര്‍ക്കത്തിലായവരില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയതെന്നു പഠനം. ആലപ്പാട്, അഴീക്കല്‍, ചവറ, തൃക്കടവൂര്‍, ശക്തികുളങ്ങര ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് പരിശോധന നടന്നത്.

ശക്തികുളങ്ങര, നീണ്ടകര ഫിഷിങ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്നു. ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് 12 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ താല്‍കാലിക അനുമതി നല്‍കി. തങ്കശ്ശേരി, അഴീക്കല്‍ നേരത്തെ തുറന്നു കൊടുത്തിരുന്നു.

പത്തനംതിട്ട ജില്ലയില്‍ 40 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ജില്ലയിലെ ടെസ്റ്റിങ് ദിവസവും അയ്യായിരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരോഗ്യ വകുപ്പും ഡിഡിആര്‍സിയും നിലയ്ക്കലില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തിങ്കളാഴ്ച (ഒക്ടോബര്‍ 19) രാവിലെ ഏഴു മണി വരെ 272 പരിശോധനകളാണ് തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയത്.

ഇടുക്കി ജില്ലയില്‍ കോവിഡ് രോഗബാധ കൂടുതലുള്ള ഉടുമ്പന്‍ചോല, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ കുടുംബശ്രീ, മത സാംസ്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ശക്തിപ്പെടുത്തി.

പാലക്കാട്ട് ഒന്‍പത് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാണ്  സജീവമായിട്ടുള്ളത്. ഇതില്‍ മൂന്ന് എഫ്എല്‍ടിസികളില്‍ കോവിഡ് പോസിറ്റീവായ മറ്റ് ലക്ഷണങ്ങളുള്ള ‘കാറ്റഗറി ബി’ യില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  8 ഡോമിസിലറി കെയര്‍ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ് രോഗികളുടെ ഹോം ഐസൊലേഷന് കണ്ണൂര്‍ ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനകം 10,804 കൊവിഡ് രോഗികളാണ് ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തത്. നിലവില്‍ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്.  

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലും അജാനൂര്‍, ഉദുമ, ചെമ്മനാട് തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലുമാണ് രോഗവ്യാപനം രൂക്ഷം. ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ശക്തമാക്കി. 1600 അധ്യാപകരെ ഒരു വാര്‍ഡില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയും അടക്കം രണ്ടുപേരെ വീതമാണ് ‘മാഷ്’ പദ്ധതിയുടെ ഭാഗമായി നിയോഗിച്ചത്.

എസ്. സി -എസ്. ടി പദ്ധതികള്‍
രാജ്യത്ത് പലയിടത്തും ദളിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ഈ വിഭാഗങ്ങള്‍ക്കായി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണ്. എസ്എസ്ടി, പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതികളാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ നൂറു ദിനം കൊണ്ട് 3060 പേര്‍ക്ക് തൊഴില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍, കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂര്‍ എന്നീ പുതിയ ഓഫീസുകള്‍ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനു കീഴില്‍ 1500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്‍ഷിക മേഖലാ വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ കോട്ടയത്ത് മത്സര പരീക്ഷ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായ വിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി കോടാലിപ്പാറയില്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, കാസര്‍കോട് ബേഡഡുക്കയില്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, കുറ്റിക്കോല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഇരിട്ടിയിലുള്ള ആറളം ഫാം ഉല്‍പന്ന ഷോറൂമായ തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബല്‍ അറ്റ്ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികള്‍.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് മരുതോങ്കരയില്‍ നിര്‍മിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നീ പൂര്‍ത്തികരിച്ച പദ്ധതികളും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ശിലാസ്ഥാപനവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ 18 പട്ടികജാതി കോളനികള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിര്‍വഹിക്കുകയുണ്ടായി.

ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം
കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റത്തിന്  ഇന്ന് തുടക്കമായി. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും ഈ പദ്ധതി പ്രയോജനപ്പെടും. കേരളത്തിന്‍റെ വ്യാവസായിക നഗരമായ കൊച്ചിയില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യ ചുവടുവെയ്പു കൂടിയാണിത്.

കൊച്ചിയിലെ 21 പ്രധാന ജങ്ഷനുകളിലാണ് ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം പ്രവര്‍ത്തിക്കുക. 27 കോടി രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് 35 കേന്ദ്രങ്ങളിലാണ് നൂതന ക്യാമറകള്‍ സ്ഥാപിച്ചത്. വാഹന തിരക്ക് അനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ടിവേറ്റഡ് സിഗ്നല്‍ സംവിധാനം, റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്നല്‍ സംവിധാനം, സ്പീഡ് ലിമിറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, റെഡ് ലൈഫ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം ഇത്തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. റവന്യു ടവറിലെ കണ്‍ട്രോള്‍ സെന്‍ററിലാണ് നിരീക്ഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലാവും കമാന്‍ഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുക.

വാര്‍ത്താകുറിപ്പ്: 15-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 94,517 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6486 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ മണിക്കൂറില്‍ സാമ്പിളുകള്‍ 50,154 പരിശോധന നടത്തി. 7082 പേര്‍ രോഗമുക്തരായി.

കോവിഡിന്‍റെ വിശദമായ കാര്യങ്ങളിലേക്ക് പോകുന്നതിനു മുന്‍പ് മഹാകവി അക്കിത്തത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ്.

അദ്ദേഹത്തിന്‍റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണ്. സാഹിത്യ ലോകത്തിന്‍റെയും  അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും  ദു:ഖത്തില്‍ പങ്കു ചേരുന്നു.

നിരുപാധിക  സ്നേഹം പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ശക്തിയാവണമെന്ന്   ആഗ്രഹിക്കുകയും ആ ആഗ്രഹം കവിതയിലേക്ക് പകര്‍ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം.  മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്‍റെ ‘ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസവും’ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകവും’ പോലുള്ള കവിതകളാണ്.

മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്‍ തന്‍റെ മനസ്സില്‍ പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ തന്‍റെ ആത്മാവില്‍ ആയിരം സൂര്യനുദിക്കുകയാണെന്നും പാടിയ മഹാകവിയുടെ  ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കും.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്  310140 കേസുകളാണ്. 93837 ആക്റ്റീവ് കേസുകളാണ്  നിലവിലുള്ളത്.  215149 പേര്‍ രോഗമുക്തി നേടുകയും 1066 പേര്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു.

കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തു ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. ദേശീയ ശരാശരി 6974 ആണ്. അതിന്‍റെ ഭാഗമായി നമ്മള്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്യണ്‍  107820 ആണ്. ഇന്ത്യയില്‍ അത്  86792 മാത്രമാണ്.  രോഗവ്യാപനം ശക്തമായെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ് കേരളത്തില്‍. കേസ് ഫറ്റാലിറ്റി റേറ്റ് ഇന്ത്യയില്‍ മൊത്തത്തില്‍ 1.6% ആയിരിക്കുമ്പോള്‍ കേരളത്തിലത് 0.34% മാത്രമാണ്. രാജ്യത്ത് പത്തു ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തില്‍ അത് 31 മാത്രമാണ്. മുന്‍പ് വിശദീകരിച്ചതു പോലെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവിന്‍റെ ഫലമായാണ് ഇവിടെ മരണ സംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ട്.  ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. രോഗം പടരാനുള്ള സാധ്യത ഒഴിവാക്കളാണ് പ്രധാനം.  

ജില്ലയിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവമില്ല. 14,250 ആണ് ജില്ലയിലെ കേസ് പെര്‍ മില്യണ്‍ കണക്ക്. എ കാറ്റഗറിയില്‍ 1,026 കിടക്കകളും ബി കാറ്റഗറിയില്‍ 323 കിടക്കകളും സി കാറ്റഗറിയില്‍ 117 കിടക്കകളും ഒഴിഞ്ഞുകിടക്കുന്നു.
 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊല്ലം ജില്ലാ ഭരണസംവിധാനം പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.   കോവിഡ് മുക്തമാവുന്ന ജില്ലയിലെ ആദ്യത്തെ മൂന്ന് തദ്ദേശ സ്ഥാപനം, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശ വാര്‍ഡുകള്‍/ഡിവിഷന്‍/ കൗണ്‍സില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യം കോവിഡ് മുക്തമാവുന്ന തദ്ദേശ സ്ഥാപനം അതോടൊപ്പം മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്/കൗണ്‍സില്‍/ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക. തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് രഹിതമായിരിക്കണം എന്നതാണ് നിബന്ധന.

ആലപ്പുഴ ജില്ലയില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ട് ഓപ്പറേഷന്‍സ് തുടങ്ങാന്‍ തീരുമാനമായി. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ബോട്ടുകളില്‍ പ്രവേശനമുള്ളൂ.  ഹൗസ് ബോട്ടിലെ ഒരു മുറിയില്‍ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വലിയ ഹൗസ് ബോട്ടുകളില്‍ അടക്കം പത്തു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. ഹൗസ് ബോട്ടുകളും വിനോദസഞ്ചാരികളുടെ ലഗേജും  അണുവിമുക്തമാക്കണം. ഓരോ അതിഥിയും പോയി കഴിഞ്ഞാലും ഹൗസ്ബോട്ടുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിലെ ജീവനക്കാരുമായി വിനോദസഞ്ചാരികള്‍ അധികം ഇടപഴകാന്‍ പാടില്ല.
 
കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ വര്‍ധനയില്ലെങ്കിലും നഗര മേഖലകളില്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം ബാധിക്കുന്നവരില്‍ കുട്ടികളും അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരും ഏറുന്നത്  ഉത്കണ്ഠാജനകമാണ്.

എറണാകുളം ജില്ലയില്‍ ഏഴു എഫ്.എല്‍.ടി.സികള്‍ എസ്.എല്‍.ടി.സികള്‍ ആക്കി മാറ്റും.  കറുകുറ്റിയിലെ അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍.ടി.സി സ്പെഷ്യല്‍ കെയര്‍ സെന്‍റര്‍ ആയി മാറ്റുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. നാല് താലൂക്ക് ആശുപത്രികള്‍, കോവിഡ് സംശയിക്കുന്നവരേയും ക്വാറന്‍റീനില്‍ കഴിയുന്നവരേയും പരിചരിക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
പാലക്കാട് ജില്ലയില്‍ 11 ഡോമിസിലറി കെയര്‍ സെന്‍ററുകള്‍ സജ്ജമായതില്‍ ആറു സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് ജില്ലയില്‍ ഡൊമിസിലറി കെയര്‍ സെന്‍ററുകള്‍ കൂടി തുടങ്ങാന്‍ തയ്യാറെടുക്കുകയാണ്. വീടുകളില്‍ ഐസോലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്‍ററുകളില്‍ പാര്‍പ്പിക്കുക. ആദ്യഘട്ടത്തില്‍ എഫ്.എല്‍.ടി.സികളോട് ചേര്‍ന്നാണ് സെന്‍ററുകള്‍ സ്ഥാപിക്കുക.
 
കോഴിക്കോട് ജില്ലയില്‍  കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയിലാണ് രോഗികള്‍ കൂടുതലുളളത്.   തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു. തീരദേശ പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികള്‍ രൂപീകരിച്ചു.  

കണ്ണൂരില്‍ പരിയാരം ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്ക് തിരക്ക് ഒഴിവാക്കുന്നതിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രണ്ട് പുതിയ കിയോസ്ക്കുകള്‍ സജ്ജീകരിക്കും.
 
കാസര്‍കോട് ജില്ലയില്‍   തെയ്യം ആചാരനുഷ്ഠാനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് ഒരു സ്ഥലത്ത് ഒരു ദിവസം മാത്രം നടത്താന്‍  അനുമതി നല്‍കും.

നമ്മള്‍ ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് രോഗികളുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു  ആശുപത്രികളില്‍ സൗകര്യങ്ങളും, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ഐ സി യു  സൗകര്യങ്ങളും ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്രത്തോളം ബെഡുകളും, ഐ സി യു  സൗകര്യങ്ങളും ഉണ്ടെന്നുള്ള കണക്ക്  എടുക്കുന്നുണ്ട്.   സര്‍ക്കാര്‍ സംവിധാനത്തില്‍ 960 വെന്‍റിലേറ്ററുകള്‍ ആണ് പുതിയതായി   ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഓരോ ജില്ലയിലും സ്വകാര്യ ആശുപത്രികളില്‍   10 ശതമാനത്തില്‍ കുറയാത്ത ബെഡുകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റി വെക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്.  എല്ലാ സ്വാകാര്യ ആശുപത്രികളും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ഓരോ ദിവസവും  ആശുപത്രിയില്‍  എത്ര ബെഡ് സൗകര്യങ്ങള്‍ ഉണ്ടെന്നും, ഐ സി യു, വെന്‍റിലേറ്ററുകള്‍ ഉണ്ടെന്നും കണക്കുകള്‍ എടുക്കേണ്ടതുണ്ട്.  ഇത് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രദര്‍ശിപ്പിക്കും. അതനുസരിച്ചു  കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ സ്വാകാര്യ ആശുപത്രികള്‍ തയ്യാറാകണം. ഓരോ ദിവസത്തെയും കണക്കുകള്‍ കൃത്യമായി ലഭ്യമാക്കണം. എല്ലാവരും  ഈ പ്രവര്‍ത്തനത്തില്‍ സഹകരിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു

ഗ്ലോബല്‍ ഹാന്‍റ് വാഷിങ്  ഡേ

കൈകള്‍ ശുചിയാക്കുന്നതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനു ഇന്ന്  ഗ്ലോബല്‍ ഹാന്‍റ് വാഷിങ് ഡേ ആചരിക്കുകയാണ്.  ലോകത്തെ 70 രാജ്യങ്ങളിലെ 12 കോടിയില്‍ കൂടുതല്‍ കുട്ടികള്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്  എതിരെയും, വയറിളക്ക സംബന്ധമായ രോഗങ്ങള്‍ക്ക് എതിരെയും ഒരുമിച്ച് കൈ കഴുകുന്ന പരിപാടി സംഘടിപ്പിച്ചു. ഹാന്‍ഡ് ഹൈജീന്‍ ഫോര്‍ ഓള്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

കോവിഡ് കാലം ആയത് കൊണ്ട് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഹാന്‍ഡ് ഹൈജീന്‍ ഫോര്‍ ഓള്‍ എന്ന മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍   ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ നമ്മള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം കൈവിടാതിരിക്കാന്‍ കൈകഴുകൂ എന്നായിരുന്നു. ഇത് പ്രഖ്യാപിച്ചതിന്‍റെ അടുത്ത ദിവസം തന്നെ സര്‍വ്വീസ് സംഘടനകളും യുവജന സംഘടനകളും  ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും എല്ലാം കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട്  ലോക്ക് ഡൗണിലേക്ക് പോയി. അതിനു ശേഷം രണ്ടാം ഘട്ടത്തില്‍ മാസ്ക് ഉപയോഗിക്കാനും  സാമൂഹിക അകലം പാലിക്കാനും  ക്യാമ്പയിന്‍ ചെയ്തു. എന്നാല്‍ എവിടെയോ വച്ചു നമ്മള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി.

അന്ന് കൈ കഴുകാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ മിക്കതും  ഉപയോഗശൂന്യമായി കിടക്കുകയാണ്.   കൈ ശുചിയാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം മൂലമുണ്ടാകുന്ന മരണത്തിന്‍റെ തോത് 25 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നാണ് ഗ്ലോബല്‍ ഹാന്‍റ് വാഷിങ് ഡേയുടെ സന്ദേശത്തില്‍ പറയുന്നത്.   വയറിളക്ക സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണം 50 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നും  ലോക സ്റ്റാറ്റിറ്റിക്സ് പറയുന്നു.   ഈ വര്‍ഷത്തെ  മെയ് ജൂണ്‍ മാസം വരെയുള്ള  കണക്കുകള്‍ നോമ്പോള്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റു പ്രധാന അസുഖങ്ങളും കുറഞ്ഞതായി കണ്ടു. അതിനു പ്രധാനപ്പെട്ട ഒരു കാരണം   ഈ  ജാഗ്രതയാണ്. അത്കൊണ്ട് തന്നെ   ജാഗ്രത വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് ഈ സമയത്ത് ഉണ്ടാകേണ്ടത്.  കൈ കഴുകാനുള്ള സൗകര്യങ്ങള്‍ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ഒരുക്കാന്‍ മുന്നോട്ട് വരണം. വീടുകളില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എല്ലാവരും   ഇങ്ങനെ കൈ കഴുകുമ്പോള്‍ രോഗ വ്യാപനത്തിന്‍റെ കണ്ണികളെ  പൊട്ടിക്കാന്‍ സാധിക്കും. കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രം പോര അത് പരിപാലിക്കാനുള്ള ശ്രദ്ധയും ഉണ്ടാകണം.

ശബരിമല

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കുകയാണ്.  ദര്‍ശനം സുഗമമായി നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വിര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുളള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കേണ്ടതാണ്. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10 വയസിനും 60 വയസിനും ഇടയ്ക്ക്  പ്രായമുളളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുളളത്. വിര്‍ച്വല്‍ ക്യുവിലൂടെ ബുക്കിംഗ് നടത്തിയപ്പോള്‍ ദര്‍ശനത്തിന് തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ ഭക്തര്‍ ദര്‍ശനത്തിനായി എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ എല്ലാവിധ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും അവ യഥാവിധി ഉപയോഗിക്കുകയും വേണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിന് എത്താവൂ. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്. മലകയറുമ്പോഴും ദര്‍ശന സമയത്തും പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഈ ആശുപത്രികളിലേക്കുള്ള പരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്.  ഡോക്ടര്‍മാരുടെ നിയമനം ഇന്നു  പൂര്‍ത്തീകരിക്കും. 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തീര്‍ഥാടകരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കുകയുള്ളു. കോവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്നാനം അനുവദിക്കില്ല. കുളിക്കാനായി  പ്രത്യേകം  ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ന് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വലിയൊരു നേട്ടം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം  നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍വ്വഹിച്ചു.

ആരോഗ്യ, ഗവേഷണരംഗത്ത് മുതല്‍ക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരും.  

നിപ്പ എന്ന മാരക വൈറസിന്‍റെ വ്യാപനം  പിടിച്ചുനിര്‍ത്താനായും  കോവിഡിനെ വലിയ അളവില്‍  പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത്   ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ  ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ്.  അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെയും പുതുതായി കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങള്‍ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം  ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്‍റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.

2017ല്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ പ്രൊഫ: എം.വി. പിള്ള, ഡോ: ശാര്‍ങ്ധരന്‍ എന്നിവരാണ് പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് ഒരു സ്ഥാപനം കേരളത്തിലില്ല എന്ന ന്യൂനത  ചൂണ്ടിക്കാണിച്ചത്. അവരുടെ അഭിപ്രായം പരിഗണിച്ചാണ്  വൈറോളജി ഗവേഷണ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ചുമതല നല്‍കിയത്. ഡോ. എം.വി. പിള്ളയും ഡോ: ശാര്‍ങധരനും നമ്മെ ലോക വൈറോളജി നെറ്റ് വര്‍ക്കിലേക്ക്  ബന്ധിപ്പിച്ചു. ഡോ. റോബര്‍ട്ട് ഗാലോ, ഡോ. വില്യം ഹാള്‍ എന്നീ പ്രശസ്ത വൈറോളജി വിദഗ്ധരുമായി സഹകരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിദഗ്ധരും സഹകരിച്ചു. ഡോ. വില്യം ഹാളിനെ മുഖ്യ ഉപദേശകനായി നിയമിക്കുകയും അദ്ദേഹം ഇവിടം സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍.

2019 ഫെബ്രുവരിയില്‍ ആദ്യഘട്ട കെട്ടിടോദ്ഘാടനം നടന്നു. രോഗനിര്‍ണയ സൗകര്യവും അതിനുതകുന്ന ഗവേഷണ സൗകര്യവും ഉള്‍പ്പെടുന്ന രണ്ടുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ഈ മേഖലയില്‍  രാജ്യത്തുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐ.സി.എം.ആര്‍, ആര്‍.ജി.സി.ബി, എന്‍.ഐ.എസ്.ടി, ഐ.ഐ.എസ്.ഇ.ആര്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ. അഖില്‍ ബാനര്‍ജി സ്ഥാപനത്തിന്‍റെ മേധാവിയായി ചുമതലയേറ്റിട്ടുണ്ട്.  

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്തും.

വിവിധ വൈറോളജി ഗവേഷണ വിഷയങ്ങള്‍ ആസ്പദമാക്കി എട്ട് സയന്‍റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്സുമാണ്  ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍.  25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.
 
പച്ചത്തുരുത്തുകള്‍

സംസ്ഥാനത്ത് ഹരിത കേരളം മിഷന്‍റെ ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായതിന്‍റെ പ്രഖ്യാപനം നിര്‍വ്വഹിച്ചതാണ് എടുത്തു പറയാനുള്ള മറ്റൊരു കാര്യം.  ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവില്‍ 454 ഏക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്.  എല്ലാ വര്‍ഷവും ഈ മാതൃകയില്‍ കൂടുതല്‍ പച്ചത്തുരുത്തകള്‍ സൃഷ്ടിക്കാന്‍  തദ്ദേശസ്ഥാപനങ്ങളുടെയും  ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,   പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാട്ടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്തേണ്ടത്.

ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തന്‍കോട് വേങ്ങോടില്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ സഹായത്തോടെ അപൂര്‍വ ഔഷധസസ്യങ്ങള്‍ അടങ്ങിയ പച്ചത്തുരുത്താണ് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മുളകള്‍ മാത്രമുള്ളതും കായല്‍, കടലോരങ്ങളില്‍ കണ്ടല്‍ചെടിയും അനുബന്ധ വൃക്ഷങ്ങളും അടങ്ങിയ പച്ചത്തുരുത്തും സൃഷ്ടിച്ചു. കാവുകളെ വിപുലീകരിച്ച് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആവാസവ്യവസ്ഥയില്‍ കണ്ടാലറിയാവുന്ന മാറ്റം സൃഷ്ടിക്കാനായി. കുമരകത്തെ കണ്ടല്‍ചെടികളുടെ പച്ചത്തുരുത്ത് മത്സ്യസമ്പത്തിന് ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടതിനു ശേഷം മൂന്നു വര്‍ഷം അതിന്‍റെ പരിപാലനവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.

വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്രാ  ബോട്ടുകളുടെയും സര്‍വീസ്  ഇന്ന്  ഉദ്ഘാടനം ചെയ്തു.   ആലപ്പുഴയിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടര്‍ ടാക്സികളാണ് ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് നീറ്റിലിറങ്ങിയത്. വാട്ടര്‍ ടാക്സി പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ബോട്ടുകളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാട്ടര്‍ ടാക്സിയില്‍ പത്തു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കറ്റാമറൈന്‍ ബോട്ടുകളില്‍ 100 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം. 20.5 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള അത്യാധുനിക ബോട്ടിന് ഏഴു നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. 14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകള്‍ വാങ്ങാനാണ് ഭരണാനുമതി നല്‍കിയത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്. മറ്റു ബോട്ടുകളും ഉടന്‍ സര്‍വീസ് തുടങ്ങും. ബോട്ടുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവും.

റോഡുകളുടെയും മോട്ടോര്‍ വാഹനങ്ങളുടെയും വരവോടെയാണ് ജലഗതാഗതം കേരളത്തില്‍ കുറഞ്ഞത്. റോഡിലെ കുരുക്കും മലിനീകരണവും വര്‍ധിച്ച സാഹചര്യത്തില്‍ ജലഗതാഗതത്തിന് പുതിയ സാധ്യത തുറന്നിരിക്കുകയാണ്.  കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും മലിനീകരണമുക്ത ഗതാഗതത്തിനും കൂടുതല്‍ സൗകര്യം തുറന്നുകിട്ടും. റോഡ് ഗതാഗതത്തിന് സമാന്തരമായി ജലയാത്രാമാര്‍ഗം സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ചമ്പക്കര പാലം

ഇന്ത്യയില്‍ത്തന്നെ എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി ഉയരുകയാണ്.  കൊച്ചി മെട്രോ നിര്‍മ്മാണത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പ്രാഥമിക പ്രവര്‍ത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം ഉദ്ഘാടനം ഇന്ന് ഗതാഗതത്തിനായി തുറന്നു.

കൊച്ചി മെട്രോ മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ നീട്ടുന്നതിന്‍റെ ഭാഗമായാണ് ചമ്പക്കര കായലിന് കുറുകെ പുതിയ പാലം നിര്‍മിച്ചത്.

ചമ്പക്കര പാലത്തിന്‍റെ ആദ്യഘട്ട നിര്‍മാണം കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അന്ന് രണ്ടുവരി പാതയാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ അവസാനഘട്ട നിര്‍മാണവും പൂര്‍ത്തിയായതോടെ പാലം പൂര്‍ണ അര്‍ഥത്തില്‍ ഗതാഗതയോഗ്യമായി. 245 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്ത രീതിയില്‍ ജലയാത്ര സജ്ജമാകുംവിധമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.  

കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആര്‍.സി നിര്‍മിക്കുന്ന നാലാമത്തെ പാലമാണിത്. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോ ഗതാഗതമാര്‍ഗം മാത്രമല്ല, ജീവിതരേഖ കൂടിയാണ്. ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടം യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ തന്നെ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന നവീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.എം.ആര്‍.എല്ലിന് സാധിക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ അത്തരത്തിലൊന്നാണ്. പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വാട്ടര്‍ മെട്രോ അടുത്തവര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട് കായലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങളുടെ പുരോഗതിക്കും ഇത് മുതല്‍ക്കൂട്ടാകും.

യന്ത്രേതര യാത്രയ്ക്കുള്ള മാസ്റ്റര്‍പ്ലാനും കൊച്ചി മെട്രോ തയാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശവുമുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കലാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ മെച്ചപ്പെട്ട കാല്‍നടപ്പാതകള്‍, സൈക്കിള്‍ സവാരിക്കനുകൂലമായ ഇടങ്ങള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിംഗ് എന്നിവ ഏര്‍പ്പെടുത്തുകയാണ്.
 
കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് സി.എന്‍.ജി ഇന്ധനം ഉപയോഗിച്ച് ആരംഭിച്ച അനുബന്ധ ടാക്സി, ഓട്ടോ, ബസ് സര്‍വീസ് എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടത്തുന്ന ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാര്‍ കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിച്ചത്. 1400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാണ്. ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാവുക.

പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജനത്തിന്‍റെ ഭാഗമായി കോവിഡ് കാലയളവില്‍ വീട്ടിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മൃഗ സംരക്ഷണ- ഉത്പന്ന-സംസ്ക്കരണ-വിപണന സംരഭകരാകുവാന്‍ ജീവനം ജീവധനം എന്ന പദ്ധതി ആരംഭിച്ചു.  

വി.ച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീം കേരള വെറ്റിനറി സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് കാലത്തെ ഒഴിവു സമയം പൂര്‍ണ്ണമായും ക്രിയാത്മക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുവാന്‍ സംസ്ഥാനത്തെ മുഴുവന്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കു ഓണ്‍ലൈനായി വളര്‍ത്തു മൃഗ പരിപാലന നൈപുണികള്‍ പരിശീലിപ്പിക്കുവാനും വീട്ടില്‍ ചെയ്തു നോക്കുവാന്‍ പിന്തുണ കൊടുക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 14-10-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിന് നിയമ പരിഷ്കരണം

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും 2010-ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

നാശോډമുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ഇതിന്‍റെ ഭാഗമായി പിടിച്ചെടുക്കുന്ന മത്സ്യത്തിന്‍റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കും. മത്സ്യ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അക്വകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കും. ബയോഫ്ളോക്ക്, കൂടുകളിലെ മത്സ്യകൃഷി, അക്വാപോണിക്സ്, പുനചംക്രമണകൃഷി, മുതലായ നൂതന രീതികള്‍ ഇപ്പോള്‍ അക്വാകള്‍ച്ചര്‍ രംഗത്ത് പ്രയോഗിക്കുന്നുണ്ട്. അത്യൂല്‍പാദനശേഷിയുള്ള നൈല്‍തിലാപ്പിയ, വനാമി ചെമ്മീന്‍, പങ്കേഷ്യന്‍ എന്നീ വിദേശ മത്സ്യ ഇനങ്ങളും വളര്‍ത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതും നിയമഭേദഗതിയുടെ ലക്ഷ്യമാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജമെന്‍റ് കൗണ്‍സിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സികളും രൂപീകരിക്കും.

മത്സ്യത്തിന്‍റെ പ്രജനനത്തിനും ജലാശയത്തിന്‍റെ സ്വാഭാവിക ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന ഒരു നിര്‍മാണവും വിജ്ഞാപനം ചെയ്യപ്പെട്ട നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. സര്‍ക്കാര്‍ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്‍റെ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ല. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അനുവദിക്കില്ല.

അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം കൊണ്ടുവരാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ലൈസന്‍സില്ലാത്ത ഒരാള്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തില്‍ ഏര്‍പ്പെടാനോ ടിക്കറ്റ് വെച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. എന്നാല്‍ ഒരു അലങ്കാര മത്സ്യഉല്‍പാദന യൂണിറ്റില്‍ നിന്നും അലങ്കാര മത്സ്യങ്ങള്‍ വില്‍പന നടത്തുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമില്ല. വിദേശ മത്സ്യ ഇനങ്ങളില്‍ ചിലത് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദര്‍ശനമോ വിപണനമോ അനുവദിക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ കേരളത്തിലേക്ക് കൊണ്ടുവരുന്ന അലങ്കാര മത്സ്യങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമുണ്ടായിരിക്കണം. അല്ലാത്തവ വില്‍ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.

ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടു കൂടി റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യുവാന്‍ 2020-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിനും സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 127-ാം അന്താരാഷ്ട്രതൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശ കണക്കിലെടുത്താണ് ഈ തീരുമാനം.

52 സൂപ്പര്‍ന്യൂമററി തസ്തിക

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ അവര്‍ സേവനമനുഷ്ഠിക്കുന്ന ഗ്രാപഞ്ചായത്തുകളില്‍ / നഗരസഭകളില്‍ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തിക സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും മന്ത്രിസഭ അംഗീകരിച്ചു.

അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ക്ക് സഹായം

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് കേടായ അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുദിക്കാന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 14-10-2020

കേരള കോണ്‍ഗ്രസ് (എം)തീരുമാനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കും: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) തീരുമാനം കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിഥിലമായ യുഡിഎഫിന്‍റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം.

കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാണ്. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്‍.ഡി.എഫിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി വ്യക്തിമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ ഫലമായി കേരളത്തിലടക്കം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധിയില്‍ കര്‍ഷകരോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാടാണ് എല്‍.ഡി.എഫും സര്‍ക്കാരും എടുക്കുന്നത്. ഇതെല്ലാം വിലയിരുത്തിയാണ് എല്‍.ഡി.എഫാണ് ശരി എന്ന നിലപാട് കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത്. ഇതു തികച്ചും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ മതനിരപേക്ഷ ചേരിയെ ഈ തീരുമാനം ശക്തിപ്പെടുത്തും.

ഇടതുപക്ഷത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ വിശാല കൂട്ടൂകെട്ട് ഉണ്ടാക്കാനും അട്ടിമറിശ്രമം നടത്താനും ഇറങ്ങിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം. യു.ഡി,എഫിന്‍റെ തെറ്റായ സമീപനങ്ങളെയാണ് ആ മുന്നണിയില്‍ നാല് പതിറ്റാണ്ടോളം ഉണ്ടായിരുന്ന കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞത്. ക്രിയാത്മകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ്സിന്‍റെ വികാരം യു.ഡി.എഫില്‍ ഇപ്പോഴും തുടരുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. ആ വികാരവും വരും നാളുകളില്‍ യുഡിഎഫിനെതിരെ തിരിയും. നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ല എന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയാത്തതിന്‍റെ ഫലമാണ് ഈ സംഭവങ്ങള്‍.

കേരളാ കേണ്‍ഗ്രസ്സിന്‍റെ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താകുറിപ്പ്: 13-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 8764 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 95,407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48,253 സാമ്പിളുകള്‍ പരിശോധന നടത്തി. 7723 പേര്‍ രോഗമുക്തരായി.

കോവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ജില്ലയാണ് തിരുവനന്തപുരം. ഇപ്പോള്‍ ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സംയുക്തമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍  നടത്തിവരുന്നതു കൊണ്ടാണിത് സാധ്യമാകുന്നത്. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള പൊതുജനങ്ങളുടെ സമീപനം തികച്ചും നിരാശയുണ്ടാക്കുന്നതാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ.  ചില മത്സ്യചന്തകള്‍, വഴിയോര കച്ചവട – ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല.  

കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തി റോഡുകളുടെ വശങ്ങളില്‍ വിവിധ ചെറുകിട കച്ചവടങ്ങള്‍  നടത്തുന്നവര്‍   ഏറെയുണ്ട്. വഴിയരികില്‍ കച്ചവടം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരാണിവര്‍. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി നമുക്ക് ഇവരെ സഹായിക്കാം. എന്നാല്‍ ആളുകള്‍ വല്ലാതെ കണ്ട് കൂട്ടം കൂടിയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഇവരെ ബുദ്ധിമുട്ടിലാക്കരുത്. കാര്യങ്ങള്‍ മനസിലാക്കി  എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുതന്നെ അവരോട് ഇടപഴകണം. കച്ചവടക്കാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഉപഭോക്താക്കളോട് ഇടപഴകാന്‍.  ഇരുകൂട്ടരും ജാഗ്രതയില്‍ കുറവുവരുത്തരുത്.

ചിലയിടങ്ങളില്‍ കുട്ടികള്‍ക്കായി സ്വകാര്യ ട്യൂഷന്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും മറ്റുമായി ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്.  തലസ്ഥാന ജില്ലയില്‍ പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നതില്‍ 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ വലിയ ശതമാനമുണ്ട് എന്നത് മാതാപിതാക്കള്‍ ഓര്‍ക്കണം. ആവശ്യമായ കരുതല്‍ സ്വീകരിക്കുകയും വേണമെന്നാണ്  ഇതുസംബന്ധിച്ച് പറയാനുളളത്.
 
കൊല്ലത്ത്   മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന  വീടുകളില്‍  ഒരു ശൗചാലയം മാത്രമുള്ള ഇടങ്ങളില്‍  രോഗബാധിതര്‍ ഉണ്ടായാല്‍  അവരെ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും. ഗൃഹചികിത്സയ്ക്ക് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേക സി എഫ് എല്‍ ടി സി കേന്ദ്രങ്ങളില്‍ അവരെ നിരീക്ഷിക്കാന്‍  സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയും. തദ്ദേശ വാര്‍ഡ് തലത്തില്‍ മൂന്നു സന്നദ്ധ പ്രവര്‍ത്തകരെ വീതം നിയോഗിക്കുന്നുണ്ട്.  ഓരോ പഞ്ചായത്തും ഇതിനായി സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തണം.   വ്യാപാരി വ്യവസായികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും രോഗബാധ കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരുടെ പ്രത്യേകം ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു.
 
പത്തനംതിട്ട ജില്ലയില്‍ അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജീവനക്കാര്‍ക്കും കടയില്‍ എത്തിയവര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടൂര്‍ കെ.എ.പി ക്യാമ്പിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കി. കെ.എ.പി ക്യാമ്പിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ ഇന്നലെ വരെ 97 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ചുട്ടിപ്പാറ സ്കൂള്‍ ഓഫ് നേഴ്സിംഗിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ജില്ലാതലത്തിലെ കണ്‍ട്രോള്‍ റൂം, സര്‍വെലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു.

ആലപ്പുഴ ജില്ലയിലെ 10 സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആശുപത്രികള്‍ ആക്കാന്‍  നടപടി  സ്വീകരിച്ചു. ഈ ആശുപത്രികളില്‍ ഐ സി യു, വെന്‍റിലേറ്റര്‍ ഉള്‍പ്പെടെ 25% ബെഡുകള്‍ തയ്യാറാക്കി വെക്കും.

നിലവില്‍ കോവിഡ് രോഗികളെ ചികില്‍സിക്കാത്ത സ്വകാര്യ ആശുപത്രികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കോവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളെ നിരീക്ഷിക്കുന്നതിനും, കോവിഡ്-19 രോഗപ്പകര്‍ച്ച തടയുന്നതിനുമായി ആരോഗ്യ വകുപ്പും, റിസോര്‍ട്ട് ഉടമകളുടെ സംഘടനകളും സഹകരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ പുത്തൂര്‍ ദിവ്യാശ്രമം ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്. ഹോസ്റ്റലുകളിലും അനാഥാലയങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
കോഴിക്കോട് ജില്ലയില്‍ മാര്‍ക്കറ്റുകളും ഹാര്‍ബറുകളും ദിവസങ്ങളോളം അടച്ചിടുന്നത് ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകളിലും 20 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ജാഗ്രത കമ്മ്യൂണിറ്റികള്‍ രൂപീകരിച്ച് രോഗ പ്രതിരോധ നടപടികളും  രോഗീപരിചരണവും നിര്‍വഹിക്കാനും ജില്ലാതലത്തില്‍ തീരുമാനമായി.

വയനാട് ജില്ലയില്‍ 155 ആദിവാസികള്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 31-50 പ്രായപരിധിയിലുള്ളവരാണ്  കൂടുതല്‍. മീനങ്ങാടി, പേര്യ, വെങ്ങപ്പള്ളി ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാളെ   പ്രവര്‍ത്തനം തുടങ്ങും.  
 
ചികില്‍സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവായാല്‍ കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍  അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ രീതി ശരിയല്ല. അവിടെ തന്നെ അവരെ ചികില്‍സിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലാത്ത ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്നത് ഇവിടങ്ങളിലെ കൊവിഡ് ചികില്‍സയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പിക്കാവശ്യമായ സജ്ജീകരണങ്ങളായി. കോവിഡ് മുക്തനായി 28 ദിവസം പിന്നിട്ട, എന്നാല്‍ രോഗമുക്തനായി മൂന്ന് മാസം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആളുകളില്‍ നിന്നും  പ്ലാസ്മയ്ക്ക് ആവശ്യമായ രക്തം ശേഖരിച്ച് തുടങ്ങി.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി  അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരുടെ ചികിത്സയ്ക്കുള്ള കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ജില്ലയിലെ  ആദ്യത്തെ  ഡോമിസിലറി  കെയര്‍  സെന്‍റര്‍  പെരിയ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ്സില്‍  പ്രവര്‍ത്തനമാരംഭിച്ചു.

ശബരിമല ദര്‍ശനത്തിന്  ദിവസേന 250 പേര്‍ക്ക് വിര്‍ച്വല്‍ ക്യു വഴി ദര്‍ശനം ഒരുക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.  യാതൊരു തടസ്സവും കൂടാതെ രണ്ടുദിവസം കൊണ്ടുതന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിര്‍ച്വല്‍ ക്യു സംവിധാനം എത്രമാത്രം ജനപ്രിയമാണെന്നതിന്‍റെ തെളിവാണിത്. മണ്ഡല മകരവിളക്ക് കാലത്ത് ഭക്തരെ പ്രവേശിപ്പിക്കുന്നതിനും വിര്‍ച്വല്‍ ക്യു സംവിധാനം പ്രയോജനപ്പെടുത്തും.

ക്രിമിനല്‍ നടപടി ചട്ടം 144ാം വകുപ്പ് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസ് സേനാംഗങ്ങളും സംയുക്തമായി നടപടി സ്വീകരിച്ചുവരികയാണ്.

മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച എട്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 101 പേര്‍ അറസ്റ്റിലായി.

വികസന പദ്ധതികള്‍
ദേശീയപാത വികസനത്തില്‍  സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ ദിവസമാണ് ഇന്ന്.  കഴക്കൂട്ടം-മുക്കോല പാത ഗതാഗതത്തിനായി തുറന്നു.  ഉദ്ഘാടനവും മറ്റ് ഏഴു പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ബഹു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിധിന്‍ ഗഡ്കരി ഇന്ന് നിര്‍വ്വഹിച്ചു.  

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക നല്‍കാന്‍ സമ്മതിച്ച ഏക സംസ്ഥാനം  കേരളമാണ്.   ഇതിനകം 452 കോടി രൂപ ഇതിനായി സംസ്ഥാനം കൈമാറിയിട്ടുണ്ട്.  സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് നാഴികക്കല്ലായി മാറാന്‍ പോകുന്ന റോഡ് വികസന പദ്ധതികള്‍ക്കാണ് തുടക്കമായത്.

17 പാക്കേജുകളായാണ് കേരളത്തിലെ ദേശീയപാത വികസനം നടക്കുന്നത്. ബാക്കിയുള്ള ഒന്‍പതു പാക്കേജുകള്‍ക്കുള്ള അനുമതിയും ഈ സാമ്പത്തികവര്‍ഷം തന്നെ നല്‍കണമെന്ന്  കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  ഏറ്റവും റോഡ് സാന്ദ്രതയുള്ള സംസ്ഥാനമെങ്കിലും ദേശീയപാതകള്‍ കേരളത്തില്‍ താരതമ്യേന കുറവാണ്. ഇത് പരിഹരിക്കാന്‍ 12 റോഡ് സ്ട്രെച്ചുകളുടെ കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന് അനുമതി നല്‍കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നില്‍ വെച്ചിട്ടുണ്ട്.

ഒരുഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ദേശീയപാത അതോറിറ്റി കേരളത്തില്‍ ദേശീയപാതകള്‍ വികസിപ്പിക്കാനാവില്ല എന്നുചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നിന്ന്  പിന്‍മാറിയിരുന്നു.  വിജ്ഞാപന കാലാവധി അവസാനിച്ച് തുടര്‍നടപടി അനിശ്ചിതിതത്വത്തില്‍ ആയപ്പോള്‍ പ്രശ്ന പരിഹാരത്തിന്   പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും   പലവട്ടം സമീപിച്ചു.   ദേശീയപാത വികസനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മികച്ച പിന്തുണയാണ് നല്‍കിയത്.  അതില്‍ അദ്ദേഹത്തോടുള്ള നന്ദി  പ്രത്യേകം അറിയിക്കുന്നു.

ഏറ്റെടുക്കാന്‍ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെയാണ്  ഏറ്റെടുത്തത്.  ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്.  

കഴക്കൂട്ടം-മുക്കോല ബൈപ്പാസിലെ 27 കിലോമീറ്റര്‍ പൂര്‍ത്തിയായതോടെ തമിഴ്നാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 43 കിലോമീറ്ററുള്ള കഴക്കൂട്ടം-കാരോട് റോഡിന്‍റെ ആദ്യഘട്ടം യാഥാര്‍ഥ്യമായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം ബീച്ച്, ശംഖുമുഖം തുടങ്ങിയിടങ്ങളിലേക്കുള്ള യാത്ര ഈ  പാത സുഗമമാക്കും. ഇതോടൊപ്പം 11,571 കോടി ചെലവില്‍ ദേശീയപാത 66 ലെ ആറുറീച്ചുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ഹൈവേകളെല്ലാം ആറുവരി പാതയാണ്. ഇവയെല്ലാം ദേശീയപാത വികസനത്തെ ത്വരിതപ്പെടുത്തുന്ന ഈ പദ്ധതികള്‍ക്കൊപ്പമാണ് ഇടുക്കിയില്‍ ചെറുതോണി പാലത്തിന്‍റെ നിര്‍മാണോദ്ഘാടനവും നടന്നത്.

 ദേശീയപാത വികസനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലിനെ ചടങ്ങില്‍ കേന്ദ്ര മന്ത്രി ശ്രീ നിധിന്‍ ഗഡ്കരി പ്രകീര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നു.  

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ  നിര്‍മ്മാണ ഉദ്ഘാടനം  ഇന്നലെ നിര്‍വ്വഹിച്ചത്  ഇതോടൊപ്പം പറയേണ്ടതാണ്.   നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഈ ഉദ്ഘാടനവും നടന്നത്.  എ.സി. റോഡിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ്  പുനരുദ്ധാരണം നടത്തുന്നത്.  നവീകരിക്കുന്ന റോഡിനും ഫ്ളൈ ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 13 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ടാകും.  

എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് റോഡില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ച് സ്ഥലങ്ങളില്‍  ഫ്ളൈ ഓവര്‍ നിര്‍മിക്കും.   കുറച്ച് ദൂരത്തില്‍ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന്   ഒമ്പത് സ്ഥലങ്ങളില്‍ കോസ്വേ  നല്‍കിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്‍റനന്‍സ് തുക ഉള്‍പ്പെടെ 671.66 രൂപയാണ് ചെലവ് വരുന്നത്. പൂര്‍ത്തീകരണത്തിന് 30 മാസം സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിക്കുകയാണ്.

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി 1883 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികള്‍ തടസ്സമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ്.  നബാര്‍ഡിന്‍റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ  നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.  പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9530 കിലോമീറ്ററോളം റോഡുകള്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി. 1451 കോടി രൂപ മുതല്‍ മുടക്കി 189 റോഡുകള്‍ മൂന്നുമാസത്തിനകം സംസ്ഥാനത്ത്  ഗതാഗതത്തിന് തുറക്കും.  158 കിലോമീറ്റര്‍ കെ.എസ്.ടി.പി റോഡ്, കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈ ഓവര്‍ ഉള്‍പ്പടെ 21 പാലങ്ങള്‍, 671 കോടിയുടെ കിഫ്ബി പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗത യോഗ്യമാക്കും. .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. അതിന്‍റെ വലിയ അടയാളപ്പെടുത്തലാണ്  പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി  കേരളം ഉയര്‍ന്നത്.  

കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാനായി. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങും നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്‍റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു.

പൊതുസംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകമാകെ ഇന്ന് കാണാന്‍ കഴിയുക. അത്തരം ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്‍റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്. ഇതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.

ഇടക്കാല ഉത്തരവ്
ഒക്ടോബര്‍ 13, 2020ന് കേരള ഹൈക്കോടതി, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പ്രോജക്ടില്‍ വിദേശ സംഭാവന(നിയന്ത്രണ) നിയമം – 2010 ലംഘിക്കപ്പെട്ടു എന്ന സെപ്തംബര്‍ 24-ാം തീയതിയിലെ സി.ബി.ഐ.യുടെ എഫ്.ഐ.ആര്‍. ചോദ്യം ചെയ്തുകൊണ്ട് ലൈഫ് മിഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അനില്‍ അക്കരെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  പ്രസ്തുത എഫ്.ഐ.ആര്‍. ല്‍ കരാറുകാരായ യൂണിടാക് ബില്‍ഡേഴ്സിനും സാനേ വെഞ്ചേഴ്സിനുമൊപ്പം ലൈഫ് മിഷന്‍ കേരളയിലെ അണ്‍നോണ്‍    പബ്ലിക്  സെര്‍വന്‍റ്സ്  നെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.  ഈ നടപടിയെ ക്രിമിനല്‍ മിസലേനിയസ്  ഹര്‍ജിയിലൂടെ ഹൈക്കോടതി മുമ്പാകെ ലൈഫ് മിഷന്‍ ചോദ്യം ചെയ്തു.  ഈ ഹര്‍ജിയില്‍ രണ്ടു തവണ വാദം കേട്ടശേഷം ബഹു: ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍റെ കാര്യത്തില്‍ എഫ്.ഐ.ആര്‍ നെ തുടര്‍ന്നുള്ള നടപടികള്‍ക്ക് രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നു.

ഹൈക്കോടതി വിധിയുടെ ചില പ്രസക്ത ഭാഗങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.  ഖണ്ഡിക 15 ല്‍ ലൈഫ് മിഷന്‍ വിദേശ സംഭാവന സ്പോണ്‍സറില്‍ നിന്നും നേരിട്ട് വാങ്ങിയിട്ടില്ല എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് ബഹു: ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.  എഫ് സി ആര്‍ എ  ആക്ടിന്‍റെ വകുപ്പ് (3) വിശദമായി പരിശോധിച്ച ഹൈക്കോടതി കൃത്യമായി പ്രതിപാദിച്ചിട്ടുള്ളത് ലൈഫ് മിഷനോ, ബില്‍ഡര്‍മാരോ വകുപ്പ് (3) ലെ വിവരണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ്.

ഖണ്ഡിക 18ല്‍ ബഹു: ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുള്ളത് എഫ് സി ആര്‍ എ യുടെ വകുപ്പുകളോ, ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്  ന്യായീകരിക്കുന്നില്ല എന്നാണ്.

കോടതി വാദം കേള്‍ക്കാനും വിധി പ്രസ്താവിക്കാനും ബാക്കിനില്‍ക്കേ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല.  എന്നിരിക്കിലും പൊതുമണ്ഡലത്തില്‍ അനാവശ്യപ്രചരണവും ആരോപണങ്ങളുടെ ധൂമപടലങ്ങളും ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി നിയമത്തിന്‍റെ വകുപ്പുകളെ വിശദമായി പ്രതിപാദിച്ച ബഹു: ഹൈക്കോടതിയുടെ വിധിയില്‍ അടങ്ങിയിട്ടുണ്ടെന്നുമാത്രം ചൂണ്ടിക്കാണിക്കട്ടെ.

ലൈഫ് പദ്ധതി
ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അവര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണ്. അതിനെ തെറ്റായി ചിത്രീകരിക്കരുത്.

ഒരു വീട് എന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ഥ്യമാക്കാന്‍  ശേഷിയില്ലാത്തവര്‍ക്കാണ് കൂടുതല്‍ ബോധ്യപ്പെടുക. അത്തരം ആളുകള്‍ക്ക് സൗജന്യമായി ഒരു വീട് ലഭിക്കുമ്പോഴുള്ള സന്തോഷം നമുക്ക് വിവരിക്കാന്‍ കഴിയില്ല. സ്വന്തം സാമ്പത്തികശേഷി  കൊണ്ട്  വീട് നിര്‍മിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ വഴി നടപ്പാക്കുന്നത്.

ഈ പദ്ധതിയില്‍ വളരെ സുപ്രധാനമായ ഒരു ചടങ്ങ്  ഇന്ന് നടന്നു. 1983  മുതല്‍ 1987  വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. പി. കെ. വേലായുധന്‍റെ ഭാര്യ ശ്രീമതി. ഗിരിജക്ക് ലൈഫ് മിഷനിലൂടെ ഒരു വീട് നല്‍കാന്‍ സാധിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്ത്  നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് അവര്‍ക്കു നല്‍കി. അതിന്‍റെ താക്കോല്‍ ദാനം  മന്ത്രി  എ.കെ. ബാലന്‍ നിര്‍വഹിച്ചു.  

2003 ല്‍ ശ്രീ. പി.കെ. വേലായുധന്‍ അന്തരിച്ച ശേഷം വലിയ കഷ്ടപ്പാടിലൂടെയാണ് ഗിരിജയുടെ ജീവിതം മുന്നോട്ടുപോയത്. സ്വന്തമായി ഒരു വീടില്ലാത്തതിന്‍റെ ബുദ്ധിമുട്ട് അവര്‍ ഏറെ അനുഭവിച്ചു. വാടകവീടുകളിലും ചിലയിടങ്ങളില്‍ പേയിങ് ഗസ്റ്റ് ആയും താമസിച്ചു വരികയായിരുന്നു. മുന്‍ ഗവണ്മെന്‍റിന്‍റെ കാലത്ത്  ഒരു വീടിനായി പല വാതിലുകള്‍ മുട്ടി.  മുഖ്യമന്ത്രിക്ക് വരെ  അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ഇപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി  എ.കെ. ബാലന് നല്‍കിയ അപേക്ഷയിലൂടെയാണ് ശ്രീമതി ഗിരിജക്ക് ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. തിരുവനന്തപുരം കോര്‍പറേഷന്‍റെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് ഒരു വീട് അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മന്ത്രി  ബാലന്‍   മേയറോട് ആവശ്യപ്പെടുകയും കോര്‍പറേഷന്‍ വേഗം തന്നെ പരിശോധനയും നടപടികളും പൂര്‍ത്തിയാക്കി വീട് അനുവദിക്കുകയുമാണ് ചെയ്തത്. വളരെ മനുഷ്യസ്നേഹപരമായ ഒരു പ്രവൃത്തിയാണിത്. ഇത്തരം നിരവധി ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട്  നടക്കുന്നുണ്ട് എന്ന സൂചിപ്പിക്കാനാണ് ഇത് എടുത്തുപറഞ്ഞത്.  അതുകൊണ്ട് ആ പദ്ധതിയെ ഇകഴ്ത്താനും തളര്‍ത്താനുമുള്ള നീക്കങ്ങള്‍ ഉണ്ടാകരുത്. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്കെതിരായ നീക്കമാണ്.

വാര്‍ത്താകുറിപ്പ്: 10-10-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

ഒക്ടോബർ നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണ്.   ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. എങ്കിൽ  മരണങ്ങൾ അധികമാകുന്നത് വലിയ തോതിൽ തടയാൻ സാധിക്കും.

പതിനായിരത്തിനു മുകളിൽ ഒരു ദിവസം കേസുകൾ വരുന്ന സാഹചര്യമാണിപ്പോൾ .   ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിൽ നിൽക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ഈ പകർച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കർണ്ണാടകത്തിൽ 6,66,000 കേസുകളും തമിഴ്നാട്ടിൽ 6,35,000 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കർണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്നാടിൻ്റെ ജനസാന്ദ്രത 555ഉം ആണെങ്കിൽ കേരളത്തിൻ്റെ ജനസാന്ദ്രത 859 ആണ് എന്നോർക്കണം.
രോഗവ്യാപനം അതിൻ്റെ ഉച്ചസ്ഥായിൽ എത്തിക്കുന്നത് വൈകിപ്പിക്കാൻ ഇവിടെ സാധിച്ചു.  രോഗവ്യാപനത്തോത് പിടിച്ചു നിർത്തിയത് വഴി കോവിഡ് പ്രതിരോധത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കാനും ആരോഗ്യ സംവിധാനത്തെ ശക്തമാക്കാനും സർക്കാരിനു സാവകാശം ലഭിച്ചു. ഇപ്പോൾ നമുക്ക് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനു കീഴിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉണ്ട്. പതിനായിരക്കണക്കിനു ബെഡുകൾ സജ്ജമാണ്.   ലാബ് സൗകര്യങ്ങൾ ആയി. കോവിഡ് സ്പെഷ്യൽ ആശുപത്രികൾ തയ്യാറായി. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ  സജ്ജമാക്കി. മരണസംഖ്യ മറ്റിടങ്ങളിലേക്കാൾ കുറവായിരിക്കാൻ കാരണം ഈ ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണബോധവും അദ്ധ്വാനവുമാണ്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ക്ലീനിങ്ങ് സ്റ്റാഫ് തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ അംഗത്തിൻ്റേയും നിസ്വാർത്ഥമായ സേവനമാണ് നമ്മെ കാത്തു രക്ഷിച്ചത്.

 മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണ നിരക്ക്. ആഗസ്റ്റിൽ അത് 0.45 ശതമാനവും  സെപ്റ്റംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ടു ദിവസം മുൻപുള്ള കണക്കു പ്രകാരം ആ ദിവസത്തെ കേസ് ഫസ്റ്റാലിറ്റി റേറ്റ് 0.22 ശതമാനം മാത്രമാണ്. കേസുകൾ ഇത്രയധികം കൂടിയിട്ടും മരണ നിരക്ക് ഉയരാത്തത് നമ്മൾ മേൽപറഞ്ഞതു പോലെ രോഗവ്യാപനം അതിൻ്റെ പരമാവധിയിൽ എത്താൻ എടുക്കുന്ന സമയം ദീർഘിപ്പിച്ചതും, ആ സമയത്തിനിടയിൽ ആരോഗ്യ സംവിധാനത്തെ ശക്തമാക്കിയതും കൊണ്ടാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഇവിടെ ഉണ്ടായതിൻ്റെ പത്തിരട്ടി മരണങ്ങൾ ഇതിനകം സംഭവിച്ചു എന്നതുമായി താരതമ്യം ചെയ്യുമ്പോളാണ് കേരളത്തിൻ്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാകുന്നത്.

വിദഗ്ധർ അഭിപ്രായപ്പെട്ടതു പോലെ ഈ അവസരത്തിൽ  നമ്മുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പക്ഷേ, കഴിഞ്ഞ 8 മാസങ്ങളായി അവിശ്രമം പ്രയത്നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ ക്ഷീണിതരാണെന്നു നമ്മൾ മനസ്സിലാക്കണം. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അതു പരിപൂർണമായും അവർക്കു നൽകുന്നതിനു നാം  തയ്യാറാകണം. അവരുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നിൽക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിൻ്റെ ഭാഗമായി 18957 പേർ രജിസ്റ്റർ ചെയ്തു. അവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. 543 പേർ എംബിബിഎസ് ഡോക്ടർമാരുമാണ്. ഈ ഘട്ടത്തിൽ നമുക്ക് കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി  കൂടുതൽ ഡോക്ടർമാർ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.  നിങ്ങളുടെ സേവനം നാടിന് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും കോവിഡ് ബ്രിഗേഡിൻ്റെ ഭാഗമാകാൻ മുന്നോട്ടു വരണം.

രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട്  പൂർണ്ണമായും സഹകരിക്കണം. അതുപോലെ പത്തു ശതമാനത്തോളം ആളുകളെങ്കിലും  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്ത സാഹചര്യം നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണ്. മാസ്ക് ധരിക്കുക എന്നതാണ് നിലവിൽ രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം.  , മാസ്കു ധരിക്കുന്നവരിൽ  രോഗം ബാധിക്കുമ്പോൾ  തീവ്രത കുറവാണെന്നും പഠനങ്ങൾ കാണിക്കുന്നു.  പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ  നിർബന്ധമായും എല്ലാവരും മാസ്ക് ധരിച്ചേ മതിയാകൂ.

 കോവിഡ് വന്നിട്ടു പോയ ആളുകളിൽ 30 ശതമാനം പേരിൽ രോഗത്തിൻ്റെ ലക്ഷണം പിന്നെയും കുറേക്കാലം നിൽക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  അതിൽ പത്തു ശതമാനം പേരിൽ ഗുരുതരമായ രീതിയിൽ ബുദ്ധിമുട്ടുകൾ തുടരുന്നതായും കാണപ്പെടുന്നു. കുട്ടികളിൽ താരതമ്യേന രോഗതീവ്രത കുറവാണെങ്കിലും പലരിലും ‘മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ’ എന്ന സങ്കീർണ്ണ രോഗവസ്ഥ ഉടലെടുക്കുന്നതായി കണ്ടു വരുന്നു. അതുകൊണ്ടു തന്നെ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം കാരണം ഒരുപാടാളുകളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

വളരെ സക്രിയമായ ജനപങ്കാളിത്തം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായി വരണം. തുടക്കത്തിൽ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ  വീണ്ടെടുക്കേണ്ടതുണ്ട്. 9 മണിക്കൂർ നമ്മുടെ ത്വക്കിൻ്റെ പ്രതലത്തിൽ കോവിഡ് രോഗാണുക്കൾക്ക് നിലനിൽക്കാൻ ആകുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതിനാൽ നിരന്തരം കൈകൾ ശുചിയാക്കി ബ്രേയ്ക്ക് ദ ചെയ്ൻ ക്യാംപെയ്ൻ   ശക്തമാക്കണം. അത് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗമാണ്.

സന്നദ്ധ സംഘടനകളും കടയുടമകളും  റെസിഡൻസ് അസോസിയേഷനുകളും മറ്റും പൊതുസ്ഥലങ്ങളിൽ കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്ന പ്രവണത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അത് കൂടുതൽ ഊർജ്ജസ്വലമായി ചെയ്യാൻ എല്ലാവരും വീണ്ടും തയ്യാറാകണം. റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്ക് കൈകൾ കൈഴുകാൻ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കണം. ആ സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കുകയും വേണം. രോഗവ്യാപനം വർധിക്കാതിരിക്കാൻ അതു  വലിയ തോതിൽ സഹായിക്കും.

പല ജില്ലകളിലും കലക്ടർമാരുടെ നേതൃത്വത്തിൽ നൂതനമായ പല പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. ആ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച തീതിയിൽ നടപ്പിലാക്കുന്ന ജില്ലകൾക്ക് സർക്കാർ അംഗീകാരം നൽകും.  ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദ്ദേശങ്ങൾ ഏറ്റവും കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക്    ബ്രേയ്ക് ദ ചെയിൻ എക്സലൻസ് അവാർഡ് നൽകും. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് അറിയിക്കും.
ഓരോ  വീട്ടിലും കുട്ടികളെ ബ്രേയ്ക്ക് ദ ചെയ്ൻ അംബാസഡർമാരാക്കി മാറ്റുന്ന പദ്ധതിയ്ക്കു രൂപം നൽകി. ഇത് വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ  നടപ്പാക്കും. വിക്ടേർസ് ചാനൽ വഴി കുട്ടികൾക്കായി അതിനുള്ള ക്ലാസുകൾ നൽകും. അതുപോലെതന്നെ  അധ്യാപകരുടെ  ക്രിയാത്മകമായ പങ്കാളിത്തവും ബ്രേക്ക് ദ ചെയിൻ ക്യാംപെയ്നിൻ്റെ ഭാഗമായി ആയി ഉയർന്നുവരണം.  കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും  ബ്രേക്ക് ദ ചെയ്ൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കാകും. അതിനായി അൽപ സമയം മാറ്റി വയ്ക്കാൻ അധ്യാപകർ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു. 

തിരുവനന്തപുരം ജില്ലയിൽ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ജില്ലയിൽ മാർക്കറ്റുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലായി കാണുന്നുണ്ട്.
ഓട്ടോ, ടാക്സി ഡ്രൈവർമാർ  മാസ്‌ക്, സാനറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണം.  ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ കൂടി ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷ നൽകും. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും കൂടുതൽ ജാഗ്രത പുലർത്തണം. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശന കവാടത്തിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനും സാനoറ്റൈസർ നൽകുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്താൻ സ്ഥാപന ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം.
പ്രായാധിക്യത്തെയും കോവിഡിനെയും പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ 90 വയസുകാരി, വടകര സ്വദേശി ജാനകിയമ്മയ്ക്ക് മയ്യനാട് എസ് എസ് സമിതിയിൽ വിശ്രമ കേന്ദ്രം ഒരുക്കി. പത്തു ദിവസം മുൻപ് ജില്ലാ ആശുപത്രി മെഡിക്കൽ സംഘത്തിന്റെ തീവ്ര പരിശ്രമത്തിന്റെ ഫലമായി കോവിഡ് ഭേദം ആയെങ്കിലും ചവറ പുത്തൻതുറ നിവാസിനിയായ  ജാനകിയമ്മയെ ഏറ്റെടുക്കാൻ  ബന്ധുക്കളാരും എത്തിയിരുന്നില്ല. ജില്ലാ ആശുപത്രിയിൽ ജാനകിയമ്മയെ താമസിപ്പിക്കുകയും പരിചരിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവർക്ക്  സ്ഥിരമായി  ആശ്രയം ഒരുക്കുന്നതിനുള്ള അഭ്യർത്ഥന മാനിച്ചു മയ്യനാട് എസ് എസ് സമിതി പ്രവർത്തകർ ഇവരെ ഏറ്റെടുക്കാൻ സന്നദ്ധരായി മുന്നോട്ട് വരികയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കും കോവിഡിതര രോഗികൾക്കും പ്രത്യേക ലേബർ റൂമുകൾ ഒരുക്കി. കോവിഡിതര ക്യാൻസർ രോഗികൾക്കായുള്ള റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവ നടത്തുന്നുണ്ട്. കോവിഡിതര രോഗികൾക്കായുള്ള കാത് ലാബ് സൗകര്യങ്ങളും എമർജൻസി ഓപറേഷൻ സംവിധാനവും ഉണ്ട്
മലപ്പുറത്ത് വൃക്ക രോഗികൾക്ക് കോവിഡ് ബാധിച്ചുവെന്ന കാരണത്താൽ ഡയാലിസിസ് ഉൾപ്പെടെ ചികിത്സ സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളും  അമിത ഫീസ് ഈടാക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി്.
ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളിലും കോവിഡ് രോഗികൾക്ക് മാത്രം ഒരു മെഷീൻ പ്രത്യേകം മാറ്റി വെക്കണം. അമിത ഫീസ് ഈടാക്കാനും പാടില്ല. കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾ മറ്റെന്തെങ്കിലും ചികിത്സാ ആവശ്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോൾ അവിടെ  മതിയായായ സൗകര്യമില്ലെങ്കിൽ മാത്രം കൃത്യമായ റഫറൽ മാർഗ്ഗനിർദ്ദേശങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട്  കോർപറേഷൻ പരിധിയിൽ 14 വാർഡുകൾ ഇവിടെ ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണിലാണ്.
കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികൾക്കായി  ഇഖ്‌റ ആശുപത്രിയിൽ കേന്ദ്രം ആരംഭിച്ചു.   15 ഡയാലിസിസ് മെഷീനുകളും ഐ.സി.യു, എച്ച്.ഡി.യു എന്നീ സംവിധാനങ്ങളും   50 കിടക്കകളുള്ള വാർഡും സജ്ജീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം തീവ്രമായതിനാൽ  വയോജനങ്ങളെ സംരക്ഷിക്കുന്നതിന് അതീവ പ്രാധാന്യം നമ്മൾ നൽകേണ്ട സമയമാണിത്. റിവേഴ്സ് ക്വാറൻ്റൈൻ കൂടുതൽ ശക്തമാക്കണം. അവർക്ക് രോഗം വരാതെ നോക്കാൻ എല്ലാവരും ജാഗരൂകരായിരിക്കണം.

 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ അക്ഷരാർഥത്തിൽ  നടപ്പാക്കുന്നുവെന്ന് ഉറപ്പ്  വരുത്തുന്നത്തിന്    ജില്ലകളില്‍ ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിട്ടുണ്ട്. കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കാണ്. അവര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി കടകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സഹായിക്കാനായി ഒപ്പം ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാരും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പാക്കും.

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പാക്കുന്നതിന്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 61 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 183 പേര്‍ അറസ്റ്റിലായി.

ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം വിര്‍ച്വല്‍ ക്യു സംവിധാനം ഇന്ന് രാത്രിയോ നാളെ രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്പാനദിയില്‍ കുളിക്കാന്‍ ഭക്തര്‍ക്ക് അനുവാദം ഉണ്ടായിരിക്കില്ല.

തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കും തന്നെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ല.

ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല
സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണമൊരുക്കുന്നതിലും അനുഗുണമായ  ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല പട്ടാമ്പിയിൽ  കഴിഞ്ഞ ദിവസം  ഉദ്ഘാടനം ചെയ്തു.  ജീവിതശൈലീരോഗങ്ങളും മറ്റും വർധിക്കുമ്പോൾ ആരോഗ്യകരവും വിഷരഹിതവുമായ പച്ചക്കറികൾക്കും ഭക്ഷണത്തിനും താത്പര്യം കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് 619 ജൈവക്ലസ്റ്ററുകൾ രൂപീകരിച്ചാണ് കൃഷി നടത്തുന്നത്.  ജൈവകൃഷിക്ക് ജീവാണു-ജൈവ വളങ്ങളുടെ ഗുണനിലവാരം പ്രധാനമാണ്.  ഔദ്യോഗികമായി ഗുണനിലവാര പരിശോധന നടത്താൻ  ഒരു കോടി 44 ലക്ഷം രൂപ ചെലവിട്ടാണ് സംവിധാനം ഒരുക്കിയത്.

ജലജീവൻ മിഷൻ
 നമ്മുടെ സംസ്ഥാനത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള വലിയ പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം നിർവഹിച്ചു. 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി  നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ

16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കും. 716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ് ജലജീവൻ മിഷനിലൂടെ ഭരണാനുമതി നൽകിയിട്ടുള്ളത്. 564 പദ്ധതികൾ  ആദ്യഘട്ടത്തിൽ നടപ്പാക്കും.
രണ്ടാംഘട്ടത്തിൽ  586 വില്ലേജുകളിൽ 380 പഞ്ചായത്തുകളിലും, 23 ബ്‌ളോക്ക് പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കണക്ഷൻ നൽകും.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാൻ  അവർക്ക് മുൻതൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയിൽതന്നെ ഉൾപ്പെടുത്തി.  പഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ സമിതികൾ രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തി ഈ പദ്ധതി നടപ്പാക്കുന്നത്.

 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണ്.  പാലക്കാട്ടെ അന്തർസംസ്ഥാന നദീതല ഹബ്ബ്, വരട്ടാർ നദിക്കരയിലെ നടപ്പാത നിർമ്മാണം, മൂന്നാർ കണ്ണിമല നദിക്ക് കുറുകേയുള്ള രണ്ട് ചെക്ക് ഡാമുകളുടെ നിർമാണം തുടങ്ങി നിരവധി പദ്ധതികൾ ഉടൻ പൂർത്തീകരിക്കും.

ശുചിത്വപദവി
501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്‌ളോക്ക് പഞ്ചായത്തുകളും ശുചിത്വപദവിയിലേക്ക് ഉയർന്നിട്ടുണ്ട്. അതിന്റെ  പ്രഖ്യാപനം ഇന്ന് ഓൺലൈനായി നിർവഹിച്ചു. ഈ സർക്കാരിന്റെ കാലയളവിൽതന്നെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും ശുചിത്വപദവിയിലും ഭൂരിഭാഗം തദ്ദേശസ്ഥാനങ്ങളെയും സമ്പൂർണ ശുചിത്വപദവിയിലും എത്തിക്കും.

ഇവിടെ നാം ഓർക്കേണ്ട കാര്യം നേരത്തെ ഹരിതകേരള മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ഇതുമായി ബന്ധപ്പെട്ട സ്ഥിതി വളരെ ദയനീയമായിരുന്നു. പലയിടങ്ങളിലും മാലിന്യം നിറഞ്ഞു കൂടി നിൽക്കുന്ന അവസ്ഥയായിരുന്നു. മാലിന്യ സംസ്കരണത്തിൽ നമ്മൾ പരാജയപ്പെട്ട നിലയായിരുന്നു. പൊതുവെ മലയാളികൾ വ്യക്തിശുചിത്വം ഉള്ളവരാണ്. എന്നാൽ പൊതു ശുചിത്വ കാര്യങ്ങളിൽ വലിയ അലംഭാവം ഉണ്ടായിരുന്നു. മാത്രമല്ല ചിലർ നേരെ വിപരീതമായ കാര്യങ്ങളും ചെയ്യുമായിരുന്നു. കൂടാതെ വീട്ടിൽ നിന്നും മാലിന്യം പ്ലാസ്‌റ്റിക് കവറിലാക്കി പൊതു ഇടങ്ങളിൽ എറിയുന്ന പ്രവണതയും ഉണ്ടായിരുന്നു. എന്നാൽ ശുചിത്വത്തിനു പ്രാധാന്യം കൊടുത്ത് നാം നടത്തിയ ക്യാമ്പയിൻ അത് വലിയ തോതിലാണ് സ്വീകരിക്കപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം കൊടുത്തു തന്നെ ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറായി. അതിൽ ഏറ്റവും നന്നായി പ്രവർത്തിച്ചത് ഈ ശുചിത്വ കാര്യങ്ങളിൽ തന്നെയാണ്. പരിസരം ശുചിയാക്കൽ മാത്രമല്ല നദികളും കുളങ്ങളും തോടുകളും എല്ലാം ശുചിയാക്കാനുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ നേരിട്ട് ഇറങ്ങുന്ന കാഴ്ച നമുക്ക് കാണാനായി. അത്തരം ഒരു അവബോധം സൃഷ്ടിക്കാനായി എന്നത് ഹരിത കേരളം മിഷന്റെ നേട്ടം തന്നെയായിരുന്നു.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി 250 തദ്ദേശസ്ഥാപനങ്ങളെ ആദ്യഘട്ടത്തിൽ ശുചിത്വപദവിയിലേക്ക് എത്തിക്കാനായിരുന്നു ഉദ്ദേശ്യം. ശുചിത്വം വന്നിട്ടുണ്ടെങ്കിലും ശുചിത്വ പദവി നേടണം എന്നുണ്ടെങ്കിൽ അതിന്റെതായ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പരിശോധിച്ച് പോകണം. അതിനു ഒരു സമിതിയുണ്ട്. ആ സമിതിയുടെ വിലയിരുത്തലിലൂടെയാണ് ശുചിത്വ പദവി ലഭിക്കുക.

ഈ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിൽ 250 അല്ല അതിലും ഇരട്ടി തദ്ദേശസ്ഥാപനങ്ങളെ ഈ പദവിയിൽ എത്തിക്കാനായി. സമിതിയുടെ അംഗീകാരം ലഭിക്കാത്ത ചില തദ്ദേശ സ്ഥാപനങ്ങൾ കൂടെ ഈ മാസം തന്നെ ശുചിത്വ പദവി നേടും.

സർക്കാർ അധികാരത്തിൽ വരുമ്പോൾ ജൈവ-അജൈവ മാലിന്യങ്ങളും ഇ-മാലിന്യങ്ങളും കൈകാര്യം ചെയ്യാൻ സമഗ്ര പദ്ധതി സംസ്ഥാനത്തുണ്ടായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പ്രധാന ദൗത്യം തന്നെയാണ് സർക്കാർ ഏറ്റെടുത്തത്. വിവിധ മാലിന്യ സംസ്‌കരണരീതികൾ അതിന്റെ ഭാഗമായി ഹരിതകേരളം മിഷൻ വഴി നടപ്പാക്കാനായി. ഉറവിട മാലിന്യ സംസ്‌കരണം, തുമ്പൂർമുഴി മോഡൽ, ഏറോബിക് കമ്പോസ്റ്റിംഗ്, ജൈവമാലിന്യങ്ങൾ വളമാക്കുന്ന യൂണിറ്റുകൾ ഇവയെല്ലാം ഇതിൽ ചിലതാണ്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹരിതകർമസേനകളും രൂപീകരിച്ചിരുന്നു. 850 ഗ്രാമപഞ്ചായത്തുകൾ, 88 നഗരസഭകൾ എന്നിവിടങ്ങളിൽ ഹരിതകർമസേനയുടെ 1551 സംരംഭക ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഇവർ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരംതിരിച്ച് പുനഃചംക്രമണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന ശൃംഖല പൂർത്തിയായതോടെ അവൈ മാലിന്യ പ്രശ്‌നത്തിനും വലിയ അളവിൽ പരിഹാരമായി. ക്ലീൻ കേരള ഇ-മാലിന്യ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചിലയിനം മാലിന്യങ്ങൾ സംസ്‌കരിക്കാൻ കേന്ദ്രീകൃത സംസ്‌കരണ പ്ലാൻറുകൾ വേണം.
മാലിന്യസംസ്‌കരണത്തിൽ സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നത് ശ്‌ളാഘനീയമായ കാര്യമാണ്.

കെ.എം.എം.എൽ ഓക്‌സിജൻ പ്ലാൻറ്
പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി ഓക്‌സിജൻ പ്ലാൻറിനു ഇന്ന് തുടക്കമായിട്ടുണ്ട്.
-പുതിയ ഓക്‌സിജൻ പ്ലാൻറ് വ്യവസായ രംഗത്ത് മാത്രമല്ല മെഡിക്കൽ രംഗത്തും ഗുണകരമാകും. ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി സ്ഥാപനത്തിന്റെ ലാഭം വർധിപ്പിക്കാനായിട്ടുണ്ട്.  

 കെ.എം.എം.എല്ലിലെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദനത്തിന് ഓക്‌സിജൻ അത്യാവശ്യഘടകമാണ്. ആവശ്യമായ ഓക്‌സിജന്റെ അളവ് കൂടിയതിനാലും 1984ൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാൻറിന്റെ കാര്യക്ഷമത കുറഞ്ഞതിനാലും പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. അതു പരിഹരിക്കാൻ പുറത്തുനിന്ന് ഓക്‌സിജൻ വാങ്ങേണ്ട സാഹചര്യമാണുണ്ടായത്. പ്രതിവർഷം 12 കോടിയോളം ഇതിനായി ചെലവഴിക്കുന്നു.  ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ ഓക്‌സിജൻ പ്ലാൻറ് സ്ഥാപിക്കാൻ 2017ൽ സർക്കാർ അനുമതി നൽകിയത്. 50 കോടി രൂപ ചെലവിൽ 70 ടണ്ണിന്റെ ഓക്‌സിജൻ പ്ലാൻറും അനുബന്ധ പ്രവർത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്.

വ്യവസായ ആവശ്യമായതിന് വേണ്ടിവരുന്നതിലും കൂടുതലായി ഏഴുടണ്ണോളം ദ്രവീകൃത ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി പുതിയ പ്ലാൻറിനുണ്ട്. ഇതു ആരോഗ്യ മേഖലയ്ക്കുകൂടി പ്രയോജനപ്പെടുത്താനാകും. ഇക്കാര്യം ഡ്രഗസ് കൺട്രോളർ സർട്ടിഫൈ ചെയ്തിട്ടുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജൻ ഒഴിച്ചുകൂടാത്തതാണ്. അതിനുള്ള കാര്യക്ഷമമായ ബദലായി ഇവിടുത്തെ പ്ലാൻറ് ഉപയോഗപ്പെടുത്തും.

അച്ചടിവകുപ്പിനെ ആധുനികവത്കരിക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ  ഭാഗമായി മണ്ണന്തല ഗവ: പ്രസ്സിന്റെ പുതിയ മൾട്ടികളർ വെബ് ഓഫ്‌സെറ്റ് മെഷീന്റെ ഉദ്ഘാടനവും അച്ചടി വകുപ്പ് ഡയറക്ടറേറ്റിനും മണ്ണന്തല ഗവ: പ്രസ്സിനും ഐ.എസ്.ഒ 9001:2005 സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് നിർവ്വഹിച്ചു ‌.

പൊതുവിദ്യാഭ്യാസം
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണ്.
കോവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാർത്ഥികൾക്കാണ് കൈറ്റ് വിക്ടേഴ്സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരുന്നത്.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്  ഇന്നിവിടെ അറിയിക്കാനുള്ള മറ്റൊരു കാര്യം സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ 2016 ൽ പ്രഖ്യാപിച്ച 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്ന പ്രക്രിയ പൂർത്തിയായി എന്നതാണ്. 4752 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45000 ക്ലാസ്മുറികളാണ്  ഹൈടെക്കാക്കി മാറ്റിയത്.  കൂടാതെ  2019ൽ തുടങ്ങിയ 1 മുതൽ 7 വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്കുളിൽ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി.   സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 41.01 ലക്ഷം കുട്ടികൾക്കായി  3,74,274 ഉപകരണങ്ങൾ വിന്യസിച്ചു.  12,678 സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ഉപകരണങ്ങൾക്ക് 5 വർഷ വാറണ്ടിയും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്പോർട്ടലും കോൾസെന്ററും ഏർപ്പെടുത്തി.  1,19,055 ലാപ്‍ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍
43,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്‍ഷന്‍ പ്രിന്റര്‍, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്കൂളുകളിൽ വിന്യസിച്ച ഉപകരണങ്ങൾ.

പദ്ധതി പൂർത്തീകരണത്തിനായി കിഫ്ബിയിൽ നിന്നും 595 കോടി രൂപയുടേയും ക്ലാസ് മുറികൾക്കായി പ്രാദേശിക തലത്തിൽ 135.5 കോടി രൂപയുടേയും പങ്കാളിത്തമാണുണ്ടാവുക.  അടിസ്ഥാന സൗകര്യമൊരുക്കാൻ മാത്രം 730 കോടി രുപ വകയിരുത്തി. 2 ലക്ഷം കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വിന്യസിച്ചു.  മുഴുവൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റൽ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോർട്ടൽ. 1,83,440 അധ്യാപകർക്കാണ് വിദഗ്ധ ഐസിടി പരിശീലനം നൽകിയത്. ഇത്തരത്തിൽ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടത്തിലേക്കെത്തുകയാണ് കേരളം. തിങ്കളാഴ്ച ഇതിന്റെ ഔദ്യോഗിക  പ്രഖ്യാപനം നടക്കും.  ഈ നേട്ടം ലോകത്തെ അറിയിക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു,

സഹായം
സൺ നെറ്റ് വർക്കിന്റെ മലയാളം ചാനലായ സൂര്യടിവി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
ഡി.വൈ.എഫ്.ഐ
കോവിഡ് പ്ലാസ്മ തെറാപ്പിക്ക് വളരെ അത്യാവശ്യമായ പ്ലാസ്മ സംസ്ഥാനത്താകെ ദാനം നടത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് ഗുരുതര കോവിഡ് രോഗികളെ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. എന്നാല്‍ പ്ലാസ്മ നല്‍കാന്‍ പലരും നല്‍കാന്‍ സന്നദ്ധരാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ. മാതൃക കാട്ടിയത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 07-10-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്

സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.

1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.

2. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും.

3. കുടുംബപെന്‍ഷന്‍: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്‍ഷന്‍ ലഭിക്കുക.

4. അനാരോഗ്യ ആനുകൂല്യം: പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും.

5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.

6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

6. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.

8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.

വൈസ് ചാന്‍സലര്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡോ. പി.എം. മുബാറക് പാഷയെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിഭാഗത്തിന്‍റെ ഡയറക്ടറായും ഫാറൂക് കോളേജിന്‍റെ പ്രിന്‍സിപ്പാളായും മുബാറക് പാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി പ്രൊഫ. എസ്.വി. സുധീറിനെയും രജിസ്ട്രാറായി ഡോ. പി.എന്‍. ദിലീപിനെയും നിയമിക്കും.

പെര്‍മനന്‍റ് ലോക് അദാലത്തില്‍ ചെയര്‍മാന്‍

പാലക്കാട് ജില്ലാ ജഡ്ജി വി. പ്രകാശിനെ കോഴിക്കോട് പെര്‍മനന്‍റ് ലോക് അദാലത്തില്‍ ചെയര്‍മാനായി അന്യത്ര സേവന വ്യവസ്ഥയില്‍ 31-10-2020 വരെ നിയമിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 01-11-2020 മുതല്‍ ചെയര്‍മാനായി തുടരും.

പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.

247 അധ്യാപക തസ്തികകളും 521 നഴ്സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്‍റ്, 18 ജൂനിയര്‍ റസിഡന്‍റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് തസ്തിക സൃഷ്ടിച്ചത്.

72 സൂപ്പര്‍ ന്യൂമററി തസ്തികകള്‍

ആരോഗ്യ വകുപ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 72 സൂപ്പര്‍ ന്യൂമററി (പട്ടികജാതി 20, പട്ടികവര്‍ഗ്ഗം 52) തസ്തികകള്‍ സൃഷ്ടിക്കും. പ്രത്യേക നിയമനത്തിനായി മാറ്റിവെച്ച തസ്തികകളിന്‍മേല്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒഴിവുകള്‍ ഇല്ലാത്ത തസ്തികകളില്‍ ധനവകുപ്പിന്‍റെ അനുമതിയോടെയായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.

കെമിക്കല്‍ എക്സാമിനേഴ്സ് ലാബോറട്ടറയിലെ കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ടെക്നിക്കല്‍ അസിസ്റ്റന്‍റ് / സീറോളജിക്കല്‍ അസിസ്റ്റന്‍റ് (അനലിസ്റ്റ്) തസ്തികയില്‍ 30 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് കൂടി നിയമിക്കാന്‍ അനുമതി നല്‍കി. കോവിഡ് കാരണം മുഴുവന്‍ ദിനങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാലാണിത്.

ദീര്‍ഘകാല കരാര്‍
സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതു മൂലം സില്‍ക്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നും കണ്ടെത്തണമെന്ന നിബന്ധനയ്ക്ക വിധേയമായിട്ടാണ് ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നത്.

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി

ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയുടെ കാലയളവിലേക്ക് മാത്രമായി കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് (പി.എം.യു) രൂപീകരിക്കും. ഇതിനായി വിദഗ്ധരെ / സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെ ധനകാര്യവകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കും.

ഫിനാന്‍സ് മാനേജ്മെന്‍റ് എക്സ്പേര്‍ട്ട്, പ്രൊക്യുര്‍മെന്‍റ് എക്സ്പേര്‍ട്ട്, എന്‍വയേണ്‍മെന്‍റ് എക്സ്പേര്‍ട്ട്, സോഷ്യല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ജന്‍റര്‍ എക്സ്പേര്‍ട്ട്, അര്‍ബന്‍ സാനിറ്റേഷന്‍ ആന്‍ഡ് ടെക്നിക്കല്‍ എക്സ്പേര്‍ട്ട്, മോണിറ്ററിംഗ് ആന്‍ഡ് വാല്യൂവേഷന്‍ എക്സ്പേര്‍ട്ട്, ഐ.ഇ.സി. എക്സ്പേര്‍ട്ട്, ഫിനാന്‍സ് അസിസ്റ്റന്‍റ് എന്നിവയുടെ ഓരോ തസ്തികയിലേക്കും ഡാറ്റ എന്‍ററി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്ക് പേഴ്സണിന്‍റെ മൂന്നു തസ്തികകളിലേക്കുമാണ് കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുക.

ഒരു വീഡിയോ എഡിറ്റിംഗ് ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദഗ്ധനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറട്കര്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.

ഭൂപരിഷ്കരണ നിയമ ഭേദഗതി

2005-ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം തെറ്റായി ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍’ നല്‍കുന്ന കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

തെറ്റായി ടൈറ്റില്‍ നല്‍കപ്പെടുന്നതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് നിലവില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാരിന് മിച്ചഭൂമി നഷ്ടപ്പെടുന്നതും ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

നെല്ല് സംഭരണം

സംസ്ഥാന സര്‍ക്കാര്‍ 2020-21 സീസണിലേക്ക് സപ്ലൈകോ മുഖേന നടത്തുന്ന നെല്ല് സംഭരണത്തില്‍ സഹകരണ വകുപ്പിനെ കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

ധനസഹായം
അവിനാശി കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തോംസണ്‍ ഡേവിസ്, ബിന്‍സി ഇഗ്നി, ബിനു എന്നിവര്‍ക്ക് അധിക ചികിത്സാ ധനസഹായമായി 13,55,301 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുക്കും. നേരത്തെ ബിനുവിന്‍റെ ചികിത്സക്കായി 6,33,880 രൂപ അനുവദിച്ചിരുന്നു.

വാര്‍ത്താകുറിപ്പ്: 06-10-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
ഇന്ന് സംസ്ഥാനത്ത് 7871 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 25 പേര്‍ മരണമടഞ്ഞു. 87,738 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6910 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ മണിക്കൂറില്‍ 60,494 സാമ്പിളുകള്‍ പരിശോധന നടത്തി. 4981 പേര്‍ രോഗമുക്തരായി.

ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നിട്ടും  സർക്കാരും ജനങ്ങളും ഒരുപോലെ ഉയർത്തിയ മികച്ച ജാഗ്രതയുടെ ഫലമായി വ്യാപനം വലിയ തോതിൽ പിടിച്ചു നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളിൽ രോഗ വ്യാപനം വർദ്ധിച്ചിട്ടു പോലും  ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മെച്ചപ്പെട്ട നിലയിൽ തന്നെയാണ്. 

ടെസ്റ്റ് പെർ മില്യൺ ദേശീയ തലത്തിൽ 77054 ആയിരിക്കുമ്പോൾ കേരളത്തിലത് 92788 ആണ്. ദേശീയ തലത്തിൽ പത്തു ലക്ഷത്തിൽ 99 ആളുകൾ മരിച്ചപ്പോൾ കേരളത്തിൽ അത് 24.5 ആണ്. കേസ് ഫറ്റാലിറ്റി റേറ്റിൻ്റെ ദേശീയ ശരാശരി 1.55 ശതമാനമാണെങ്കിൽ കേരളത്തിലത് 0.36 ശതമാനം മാത്രമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തിൽ 8.3% ആയിരിക്കുമ്പോൾ കേരളത്തിലത് 7.2% ആണ്. ഇങ്ങനെ കണക്കുകൾ നോക്കിയാൽ നമ്മളിതു വരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ല എന്നു മനസ്സിലാക്കാനാകും.

അതുകൊണ്ടു തന്നെ അവ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോയേ തീരൂ. ജാഗ്രതക്കുറവ് സമൂഹത്തിൽ ഉണ്ടാകുന്നതിൻ്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വർന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിൽ  കേസ് പെർ മില്യൺ  കഴിഞ്ഞ ആഴ്ചയിൽ  വർധിച്ചു. തിരുവന്തപുരം ഒഴികെയുള്ള ജില്ലകളിലെ  ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി. അതോടൊപ്പം മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

കോവിഡ് സംശയിക്കുന്നവരിൽ ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ  ടെസ്റ്റ് കൂടി   നടത്താനും തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന്നാവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ അവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് അത് തയ്യാറാക്കുന്നതിനും നിർദ്ദേശം നൽകി. ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ട രീതിയിൽ ബെഡുകൾ തയ്യാറാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു. 

എറണാകുളം ജില്ലയിൽ കേസുകൾ കൂടിയ സാഹചര്യത്തിൽ രോഗലക്ഷണം അനുഭവപ്പെടുമ്പോൾ തന്നെ ആളുകൾക്ക് ബന്ധപ്പെടാനായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും അതിനു മാത്രമായി ഫോൺ സൗകര്യം ഏർപ്പാടാക്കി. ജില്ലയിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കായി ടെലി മെഡിസിൻ സൗകര്യവും ക്ലിനിക്കൽ ഫോളോഅപ്പിനുള്ള സൗകര്യും ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ചുമതലകൾ നൽകിക്കൊണ്ട് രോഗികൾക്കു മികച്ച പരിചരണം നൽകുന്നതിനാണ് ശ്രമിക്കുന്നത്.

സമൂഹത്തിൽ എത്ര  ശതമാനം ആളുകൾക്ക് രോഗം വന്നു പോയിട്ടുണ്ടാകാം എന്നു കണ്ടെത്തുന്നതിനായി ആഗസ്തിൽ  ഐസിഎംആർ  നടത്തിയ സെറോ സർവേ (sero survey)  പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്കാണ് കോവിഡ് വന്നു പോയതായി കണ്ടെത്തിയത്. ദേശീയ തലത്തിൽ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം പേർക്ക്  രോഗം വന്നു പോയി എന്നാണ്.   മെയ് മാസത്തിൽ നടത്തിയ സെറോ സർവേ പ്രകാരം 0.73 ശതമാനമായിരുന്നു ദേശീയ തലത്തിൽ കണ്ടെത്തിയത്. അതാണിപ്പോൾ 6.6 ശതമാനമായി
(ഏകദേശം 9 ഇരട്ടിയായി ) ഉയർന്നത്. എന്നാൽ കേരളത്തിൽ അത് 0.33 ശതമാനത്തിൽ നിന്നും 0.8 ശതമാനമായി (ഏകദേശം 2.4 ഇരട്ടി) ആണ് ഉയർന്നത്.

ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയോയോളം  ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നോർക്കുമ്പോളാണ് ഈ വ്യത്യാസം എത്രമാത്രം പ്രധാനമാണെന്ന് മനസ്സിലാക്കാനാവുക. വയോജനങ്ങളുടെ ജനസംഖ്യാനുപാതവും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ പ്രവാസികൾ വന്ന സംസ്ഥാനമാണ് നമ്മുടേത്. . നഗര-ഗ്രാമ ഭേദം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. ഇതൊക്കെ കോവിദഃ വ്യാപനത്തിന് അനുകൂല ഘടകങ്ങളാണ്. എന്നിട്ടും രോഗവ്യാപനം ദേശീയ ശരാശരിയേക്കാൾ ഗണ്യമായി കുറഞ്ഞ നിരക്കിൽ പിടിച്ചു നിർത്താൻ നമുക്കിതു വരെ സാധിച്ചു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വെറുതെയായില്ല എന്ന് ഇതിലൂടെ  മനസ്സിലാക്കണം.

എല്ലാവർക്കും രോഗം വരുമെന്ന നിലയിൽ പ്രചരിക്കുന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പഠനം.  0.8 ശതമാനം ആളുകളിൽ മാത്രമാണ് രോഗം വന്നു പോയത്.

നമ്മുടെ ആരോഗ്യ-പ്രതിരോധ സംവിധാനങ്ങളുടെ മികവ് കൂടി ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ പഠനം പ്രകാരം ഒരു കേസിന് ആനുപാതികമായി 10 എണ്ണമാണ്  കണ്ടെത്താതെ പോകുന്ന കേസുകൾ. എന്നാൽ ദേശീയ തലത്തിൽ അത് നൂറിനും മുകളിലാണ്. നമ്മുടെ  പ്രതിരോധ സംവിധാനങ്ങളുടേയും ആരോഗ്യ പ്രവർത്തകരുടേയും മികവും ആത്മാർത്ഥതയുമാണ് ഈ വ്യത്യാസത്തിൻ്റെ കാരണം.

സെപ്റ്റംബർ മാസത്തിൽ ഗണ്യമായ രോഗവ്യാപനമുണ്ടായി എന്നത് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  സൂചിപ്പിക്കുന്നു. നമ്മുടെ സാമൂഹ്യ ജാഗ്രതയിൽ വന്ന പിഴവാണ് അതിൻ്റെ കാരണം എന്ന് ഈ സെറോ സർവേ ഫലത്തിൽ നിന്നും മനസ്സിലാക്കാം. ജാഗ്രതക്കുറവാണ് രോഗവ്യാപനത്തിനു കാരണമാകുന്നതെന്നതിനാൽ ബ്രേയ്ക്ക് ദ ചെയ്ൻ ക്യാംമ്പെയ്ൻ നമ്മൾ ശക്തമാക്കിയേ തീരൂ. അതിൻ്റെ ഗുണഫലം അനുഭവിച്ച സമൂഹമാണ് നമ്മുടേതെന്ന് മറന്നു കൂടാ. അതു നമ്മളെ ഓർമ്മിപ്പിക്കുന്നു എന്നതാണ് ഈ ഐസിഎംആർ സർവേയുടെ പ്രാധാന്യം.

മാസത്തിന്റെ തുടക്കമായതിനാൽ ബാങ്കുകൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ബാങ്കുകളിൽ കസ്റ്റമർ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമനുസരിച്ച് ബാങ്കിംഗ് സേവനങ്ങൾ നൽകിവരുന്നതിനാൽ ആൾക്കൂട്ടം കുറയ്ക്കാനാകുന്നുണ്ട്. ഇത് മാതൃകയാക്കി മറ്റുള്ളവരും പ്രവർത്തിച്ചാൽ ആൾക്കൂട്ടം കുറയ്ക്കാനാകും. ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതും ഈ സാഹചര്യത്തിൽ ഗുണപരമാണ്.

കണ്ടെയിൻമെന്റ് സോണിൽ കൂട്ടംകൂടലുകളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നതിനായി പ്രത്യേക നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.   ചില സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണുന്നില്ല. ഇവിടെയെത്തുന്നവർ കയ്യുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങൾ എടുത്തു നോക്കുന്നതും കയ്യിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കും.

കോവിഡ്ബാധ തടയുന്നതിൻറെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കഴിഞ്ഞ ശനിയാഴ്ച മുതൽ ക്രിമിനൽ നടപടിച്ചട്ടം 144 വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ്  നിരോധനാജ്ഞ. റോഡുകളിലും ബീച്ചുകളിലും പാർക്കുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലും അഞ്ചുപേരിലധികം കൂട്ടംകൂടുന്നത് പൂർണ്ണമായും തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ശരിയായ അർത്ഥത്തിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന തരത്തിൽ വിസ്തീർണ്ണമുള്ള കടകൾക്കുള്ളിൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ ആൾക്കാരെ പ്രവേശിപ്പിക്കാം. മറ്റുള്ള ഉപഭോക്താക്കൾ കടകൾക്കു വെളിയിൽ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് വരിയായി കാത്തുനിൽക്കേണ്ടതാണ്.

വാഹനങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒരുമിച്ചു യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ യാത്രക്കാരും ജീവനക്കാരും കോവിഡ് സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ആരാധനാസ്ഥലങ്ങളിൽ പരമാവധി ഇരുപത് പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാലയങ്ങളിൽ എണ്ണം അതിനനുസരിച്ച് കുറയ്ക്കേണ്ടതാണ്. ആരാധനാലയങ്ങളിൽ എത്തുന്നവർ കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.  

വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കു ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വീട്ടിൽ തന്നെ തുടരാൻ പ്രേരിപ്പിക്കണം.

കെട്ടിടം, റോഡ് നിർമ്മാണം, വൈദ്യുതീകരണ ജോലികൾ എന്നിവയ്ക്ക് വളരെ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.  ഇത് ഉറപ്പാക്കേണ്ട ഉത്തരാവാദിത്തം കോൺട്രാക്ടർമാർക്കായിരിക്കും.
ഒക്ടോബർ  രണ്ടിനുമുൻപ്  തീയതി തീരുമാനിച്ച പരീക്ഷകൾ നടത്തുന്നതിന് വിലക്കില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് എത്തുന്നതിനു നിരോധനമില്ല.  കുട്ടികളോടൊപ്പം എത്തുന്ന മാതാപിതാക്കൾ, ബന്ധുക്കൾ, അദ്ധ്യാപകർ എന്നിവരെ പരീക്ഷ കേന്ദ്രത്തിനു സമീപത്തു കൂടി നില്ക്കാൻ അനുവദിക്കില്ല.  

ഫാക്ടറികൾക്കും മറ്റ് നിർമ്മാണ സ്ഥാപനങ്ങൾക്കും മുഴുവൻ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാവുന്നതാണ്.  അവർ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഫാക്ടറികളും മറ്റ് നിർമ്മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല.  ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കാനും പാടില്ല.

സ്വകാര്യ ക്ലിനിക്കുകൾക്കും ഡിസ്പെൻസറികൾക്കും തുറന്നുപ്രവർത്തിക്കാം. എന്നാൽ ജീവനക്കാരും രോഗികളും സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ കർശനമായും പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ കാത്തിരിപ്പുകേന്ദ്രത്തിലോ വെളിയിലോ രോഗികൾ കൂട്ടംകൂടി നില്ക്കാൻ പാടുള്ളതല്ല. ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ, ഡെൻറൽ ക്ലിനിക്കുകൾ, ഹോമിയോ, ആയുർവേദ ക്ലിനിക്കുകൾ എന്നിവയ്ക്കും ഇത് ബാധകമാണ്.

നിരോധനാജ്ഞ കർശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ടെങ്കിൽ മാത്രമേ നിരോധനം വിജയകരമാകുകയുള്ളൂ. രോഗബാധ വർധിക്കുന്നത് തടായാൻ ഇത് അത്യാവശ്യമാണ്. എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് വൈറസ് ബാധ തടയുന്നതിനുള്ള സർക്കാരിൻറെ  ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന്  അഭ്യർത്ഥിക്കുന്നു.

കേരള എപ്പിഡമിക് ഡിസീസ് ഓർഡിനസിൽ വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധതരം കുറ്റകൃത്യങ്ങളുടെ പിഴത്തുക വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം പോലീസ് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണ്.  
മാസ്ക് ധരിക്കാത്ത 7482 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറെയ്ൻ ലംഘിച്ച 6 പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തു.
നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 126 പേർ അറസ്റ്റിലായി.

ഇന്ത്യാ ടുഡെ അവാർഡ്
ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കഴിഞ്ഞ ദിവസം  കേരളത്തിന് ലഭിച്ചു. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ  ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും ഓൺലൈനായി കഴിഞ്ഞ ദിവസം അവാർഡ് ഏറ്റു വാങ്ങി.  
ടെസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികിച്ച ചികിത്സ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകിയത്.

പൊതുവിദ്യാലയങ്ങൾ
പൊതുവിദ്യാലയങ്ങളാകെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്കു സംസ്ഥാനം അതിവേഗം മുന്നേറുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ  നാടിന് സമർപ്പിച്ചു.

കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചത്.

54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും  നിർവഹിച്ചു.
കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നത്.

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല
വിദൂരവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ഓപ്പൺ സർവ്വകലാശാലക്ക് കൊല്ലത്ത് തുടക്കമായി. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മലയാളിയെ നയിച്ച നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിനോടുള്ള ആദരവ് കൂടിയാണ് ഓപ്പൺ സർവ്വകലാശാല.
സാധാരണ കോഴ്സുകൾക്ക് പുറമെ തൊഴിലിധിഷ്ഠിത-തൊഴിൽ നൈപുണ്യ കോഴ്സുകളും ഇവിടെ ഉണ്ടാകും.
 പ്രാദേശിക പഠനകേന്ദ്രങ്ങളും കോൺടാക്ട് ക്ലാസുകളും ഓൺലൈൻ ക്ലാസുകളുമാണ് സർവ്വകലാശാല നടപ്പിലാക്കുന്നത്.   കഴിവും യോഗ്യതയും ആഗ്രഹവും ഉള്ള മുഴുവനാളുകൾക്കും ഉപരിപഠനം പ്രാപ്യമാക്കാനുള്ള സംവിധാനമാണിത്. ഏതു പ്രായക്കാർക്കും ഏതറിവും ഇവിടെ നേടിയെടുക്കാനാവും.
വിദൂരവിദ്യാഭ്യാസമേഖലയിലെ മികച്ച മാതൃകയായി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയെ വളർത്തിയെടുക്കും.

കേപ്പ് ബിൽഡിങ്
കേപ്പിന്റെ നാല് കോളജുകളിൽ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും ഇനിര്വഹിച്ചു. . ആറൻമുള എഞ്ചിനീയറിംഗ് കോളേജിൽ അക്കാദമിക് ബ്ലോക്കും, വടകര, കിടങ്ങൂർ, പത്തനാപുരം കോളേജുകളിൽ വനിതാഹോസ്റ്റലുകളുമാണ് പുതുതായി നിർമ്മിച്ചത്. ആറൻമുള എഞ്ചിനീയറിംഗ് കോളേജിൽ 18 കോടി രൂപാ ചെലവിലാണ് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ നൂതന സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

കടമക്കുടയിൽ ജലവിതരണ ശൃംഖല
കിഫ്ബിയിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ച് കടമക്കുടിയിൽ പുതിയ ജലവിതരണ ശൃംഖല സ്ഥാപിച്ചു.
പഴയ പൈപ്പ്‌ലൈൻ മാറ്റിയാണ് പുതിയ ശൃംഖല സ്ഥാപിച്ചത്. 2036 വരെ ഇതിലൂടെ സുഗമമായി കുടിവെള്ള വിതരണം സാധ്യമാകും. എട്ട് മാസം കൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്. 4545 വീടുകളിൽ 4099 വീടുകളിലും പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. 22 പൊതുടാപ്പുകളും പുതിയതായി സ്ഥാപിച്ചു. ശേഷിക്കുന്ന 446 വീടുകളിൽ ജലജീവൻ പദ്ധതിയിൽ പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതോടെ കുടിവെള്ളം പൈപ്പിലൂടെ സമ്പൂർണമായി ലഭിക്കുന്ന പഞ്ചായത്ത് എന്ന നേട്ടം കടമക്കുടിക്ക് ലഭിക്കും.

തുരങ്കപാത
കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കല്ലാടി- മേപ്പാടി തുരങ്കപാത പദ്ധതിക്ക് തുടക്കം കുറിച്ചതാണ് എടുത്തു പറയേണ്ട മറ്റൊന്ന്.

900 കോടി രൂപയാണ് നിലവിൽ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സർവേയും, സാങ്കേതിക പഠനവും പൂർത്തിയായാൽ മാത്രമേ അന്തിമ ചെലവ് കണക്കാക്കാനാവൂ. കൂടുതൽ തുക ആവശ്യമായി വന്നാൽ അനുവദിക്കും.
വനഭൂമിക്ക് അടിയിലൂടെ, പാറ തുരന്ന് ഏഴ് കിലോമീറ്റർ നീളത്തിലാണ് തുരങ്കം നിർമിക്കുന്നത്. ഈ മേഖലയിൽ ദീർഘകാലത്തെ പ്രവൃത്തി പരിചയവും സാങ്കേതിക വൈദഗ്ധ്യവുമുള്ള കൊങ്കൺ റെയിൽവേയ്ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുരങ്കപാതയുടെ സാങ്കേതിക പഠനം ആരംഭിച്ചു.
കോഴിക്കോട് – വയനാട് വനമേഖലയിലെ റോഡിന്റെ സൗകര്യവും പരിസ്ഥിതിലോല പ്രദേശം ഉയർത്തുന്ന വെല്ലുവിളികളും തിരുവമ്പാടി- കല്ലാടി മേഖലയിലെ പ്രകൃതി ദുരന്ത സാധ്യതകളും പരിഗണിച്ചാവും അന്തിമ രൂപരേഖ തയ്യാറാക്കുക.
തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കർണാടകയിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാവും. മലബാറിന്റെയാകെ വികസനകുതിപ്പിന് ഇത് ആക്കം കൂട്ടും. താമരശേരി ചുരത്തിലെ വാഹന ബാഹുല്യം കുറയ്ക്കാനാകും. ചുരത്തിന്റെ തനിമ നിലനിർത്താനും സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കാനാണ് സർക്കാർ ഊന്നൽ നൽകിയത്.

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പാത നിർമിക്കുന്നതിന് നേരത്തെ നിരവധി ബദൽ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സമാന്തരമായി മറ്റൊരു പാത നിർമിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. എന്നാൽ പ്രായോഗിക പ്രശ്‌നങ്ങൾ കാരണം അത് ഉപേക്ഷിച്ചു.  കാലവർഷം, മണ്ണിടിച്ചിൽ, റോഡിലെ മറ്റു തടസങ്ങൾ എന്നിവ കാരണം ദിവസങ്ങളോളവും മാസങ്ങളോളവും താമരശ്ശേരി ചുരത്തിൽ ഗതാഗതം നിലച്ച അവസ്ഥയുണ്ടായിട്ടുണ്ട്. വനമേഖലയിലൂടെയുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിമിതിയുണ്ടാക്കി. തുരങ്കപാത വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവുകയാണ്.  

മൾട്ടിലെവൽ കാർ പാർക്കിംഗ്
തിരുവനന്തപുരം നഗരസഭയിൽ  മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം പൂർത്തിയാക്കി തുറന്നുകൊടുത്തതും  പാളയം സാഫല്യം കോംപ്‌ളക്‌സിനു പിന്നിൽ 32.99 കോടി രൂപ ചെലവഴിച്ച്‌  മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം നിർമ്മിക്കുന്നതിന് തുടക്കമിട്ടതും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ രണ്ടു മുൻകൈകളാണ്.

വൈദ്യുതി മേഖല
വൈദ്യുതി മേഖലയിലെ 4 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും  4 പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും 2 പുതിയ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനവും ഇന്നലെ നിർവ്വഹിച്ചു.

കോട്ടയം 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ, മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷന്റെ പുതിയ കെട്ടിടം, ഷൊർണൂർ സബ് റീജണൽ സ്റ്റോറിന്റെ പുതിയ കെട്ടിടം, നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ കെട്ടിടം എന്നിവയാണ് നിർമ്മാണം ആരംഭിക്കുന്ന പദ്ധതികൾ.

നിർമ്മാണം പൂർത്തിയായ തിരുവല്ല 110 കെ വി സബ്സ്റ്റേഷൻ, അങ്കമാലി ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ കെട്ടിടം, ഭീമനടി ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ കെട്ടിടം, വെളിയം ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു.

വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ഉറപ്പുവരുത്തുന്ന നിലയിൽ ചാർജിംഗ് സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആറു കോർപ്പറേഷൻ പരിധികളിൽ നിർമ്മിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ നവംബർ ഒന്നാം തിയ്യതിയോടെ പ്രവർത്തനം ആരംഭിക്കും. ഈ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് ആദ്യത്തെ മൂന്നു മാസം പൊതുജനങ്ങൾക്ക് സൗജന്യമായി ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം.

കെ. എസ്. ആർ. ടി സി
കെ. എസ്. ആർ. ടി സിയുടെ ഓൺലൈൻ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ. എസ്. ആർ. ടി. സി മൊബൈൽ ആപ്പ്, കെ. എസ്. ആർ. ടി. സി ലോജിസ്റ്റിക്‌സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും ഇന്ന് നിർവഹിച്ചു.  

75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ
75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതിന്റെ  ഉദ്ഘാടനവും നിർവഹിച്ചു.

തിരുവനന്തപുരത്ത് 12 ഉം കൊല്ലത്ത് അഞ്ചും പത്തനംതിട്ടയിൽ ആറും ആലപ്പുഴയിൽ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയിൽ ഒന്നും എറണാകുളത്ത് നാലും തൃശൂരിൽ 19 ഉം പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസർകോടും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമർപ്പിച്ചത്.

ആർദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്  യാഥാർത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഇതുവരെ 461 ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ബാക്കിയുള്ള ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

വാര്‍ത്താകുറിപ്പ്: 01-10-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങൾ

കോവിഡ് പകർച്ചവ്യാധി സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി നടപ്പാക്കും. അതിലൂടെ  100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

1000 ആളുകൾക്ക് 5 എന്ന തോതിൽ  ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള   പരിപാടി ലോക്ഡൗണിനു മുന്നേ പ്രഖ്യാപിച്ചിരുന്നു.  കോവിഡ് സംഭവവികാസങ്ങൾ ഇതിന് വിലങ്ങുതടിയായി. ഈ സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ നൂറു ദിവസം കൊണ്ട് കാർഷികേതര മേഖലകളിൽ സൃഷ്ടിക്കുന്നത്.

ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ മുൻകൈയിലാണ്   ഈ തൊഴിലവസരങ്ങൾ എന്നതു സംബന്ധിച്ച് സൂക്ഷ്മവും വിശദവുമായ  രേഖ തയ്യാറാക്കി. അതുപ്രകാരം 50,000 തൊഴിൽ അവസരങ്ങൾ എത്തിൽ നിന്ന് വ്യത്യസ്തമായി  95,000 തൊഴിലവസരങ്ങൾ അടിയന്തിരമായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.  ചില സ്കീമുകൾ പൂർത്തിയാകുന്നതിന് കാലതാമസം ഉണ്ടായേക്കാം. എന്നാൽ എത്ര ചുരുങ്ങിയാലും  50,000 തൊഴിലവസരങ്ങൾ ഡിസംബർ മാസത്തിനുള്ളിൽ സൃഷ്ടിക്കുമെന്ന് ഉറപ്പു നൽകുന്നു.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ  പോർട്ടൽ ആരംഭിക്കും.

സർക്കാർ മേഖല
സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ  18600 പേർക്ക് തൊഴിൽ നൽകും.  സ്ഥിര- താൽക്കാലിക- കരാർ നിയമനങ്ങൾ ഇതിൽ പെടും.
ഹയർ സെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകളും എയിഡഡ് കോളജുകളിൽ  700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികകളും സൃഷ്ടിക്കും.  എയിഡഡ് സ്കൂളുകളിൽ 6911 തസ്തികകളിലെ നിയമനങ്ങൾ റഗുലറൈസ് ചെയ്യും.  നിയമനം അഡ്വൈസ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതുകൊണ്ട് ജോലിക്ക് ചേർന്നിട്ടില്ലാത്ത 1632 പേരുമുണ്ട്. എല്ലാം ചേർത്ത്  വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്കാണ് തൊഴിൽ നൽകുക.

മെഡിക്കൽ കോളജുകളിൽ 700 തസ്തികകളും പൊതു ആരോഗ്യ സംവിധാനത്തിൽ  500 തസ്തികകളും സൃഷ്ടിക്കും.  . കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1000 ജീവനക്കാർക്ക് താൽക്കാലിക നിയമനം നൽകും.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി  500 പേരെ നിയമിക്കും.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1717 പേർക്ക് തൊഴിൽ ലഭ്യമാകും.

സർക്കാർ സർവ്വീസിലും പി.എസ്.സിക്ക്  വിട്ട പൊതുമേഖലാ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയാണ് നിയമനം നടക്കുക. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകി. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്പെഷ്യൽ റൂൾസിന് അംഗീകാരം ലഭിക്കാത്തതുകൊണ്ട്  നിയമനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഇതു പരിഹരിക്കുന്നതിനുവേണ്ടി ഫിനാൻസ്, നിയമം, പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ എന്നിവരുടെ സ്ഥിരം സമിതി രൂപീകരിച്ച്  കെട്ടിക്കിടക്കുന്ന മുഴുവൻ സ്പെഷ്യൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകും.   പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യവും. പി.എസ്.സി വഴിയുളള നിയമനങ്ങളിലും പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും ഈ സർക്കാർ  സർവ്വകാല റെക്കോർഡാണ് സൃഷ്ടിച്ചിട്ടുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങൾ
42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 1178 സ്ഥിരം നിയമനങ്ങളും 342 താൽക്കാലിക നിയമനങ്ങളും 241 കരാർ നിയമനങ്ങളും അടക്കം 1761 നിയമനങ്ങൾ ഉണ്ടാകും.  കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷനിൽ 241 പേരെ നിയമിക്കും.   കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ ടൈറ്റാനിയം, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയിലോരോന്നിലും നൂറിൽ കൂടുതൽ നിയമനകളാണ് നടക്കുക. ഈ അഞ്ചു സ്ഥാപനങ്ങളിലാണ്  ആകെ  766 നിയമനങ്ങൾ നടക്കും.  

പുതിയ ഹോംകോ ഫാക്ടറിയിലേയ്ക്ക് 150 തസ്തിക സൃഷ്ടിക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം/താൽക്കാലിക നിയമനങ്ങൾ നടതും.  കൂടുതൽ നിയമനം   കെ.എസ്.എഫ്.ഇയിലായിരിക്കും. സെപ്തംബർ, നവംബർ മാസങ്ങളിലായി 1000 പേർക്ക് പി.എസ്.സി വഴി ഇവിടെ നിയമനം നൽകും.

കാർഷിക വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളിൽ   കൂടുതൽ നിയമനം സ്പെഷ്യൽ റൂൾസിന് അംഗീകാരം കിട്ടുന്നതോടെ കേരഫെഡ്ഡിലാണ് നടക്കുക. 6 സ്ഥാപനങ്ങളിലായി 348 പേർക്ക് തൊഴിൽ ലഭിക്കും.

 എല്ലാം ചേർത്ത്  അടുത്ത നൂറു ദിവസത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനങ്ങൾ നടക്കുകയോ തസ്തികകൾ സൃഷ്ടിക്കുകയോ ചെയ്യും.

വ്യവസായ മേഖല
കേരള സമ്പദ്ഘടനയിലെ ഏറ്റവും ചലനാത്മകമായ മേഖല ഇന്ന് വ്യവസായമാണ്. 2014-15ൽ സംസ്ഥാന വരുമാനത്തിന്റെ 9.8 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. 2018-19 ൽ അത് 13.9 ശതമാനമായി ഉയർന്നു. 2014-15 ദേശീയ വ്യവസായ ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19 ൽ അത് 1.6 ശതമാനമായി ഉയർന്നു. നേരത്തെ സൂചിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ 1760 പ്രത്യക്ഷനിയമനമടക്കം 23100 തൊഴിലവസരങ്ങളാണ്  നൂറു ദിവസങ്ങൾ കൊണ്ട് വ്യവസായ മേഖലയിൽ സൃഷ്ടിക്കുക.

ഈ ധനകാര്യവർഷത്തിന്റെ ഒന്നാംപാദത്തിൽ സംസ്ഥാനത്തു  3498 എംഎസ്എംഇ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. രണ്ടാംപാദത്തിൽ ചുരുങ്ങിയത് 2400 യൂണിറ്റുകളും 7200 തൊഴിലവസരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സൃഷ്ടിക്കും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ 4053 ആളുകൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.   ഈ സംരംഭങ്ങളിൽ ചുരുങ്ങിയത് 6000 പേർക്ക് തൊഴിൽ ലഭിക്കും.

വ്യവസായ വകുപ്പിനു കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചിട്ടുണ്ട്. 416 അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധന പൂർത്തീകരിക്കുകയാണ്. ഈ ഇനത്തിൽ 4600 പേർക്ക് തൊഴിൽ ലഭിക്കും.

ഭക്ഷ്യസംസ്ക്കരണ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ചെറുകിട സംരംഭങ്ങൾക്ക് സബ്സിഡി ലഭിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഇത്തരം 100 സംരംഭങ്ങളിലായി 600 പേർക്ക് തൊഴിൽ നൽകാൻ പരിപാടി തയാറാക്കി. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ അക്കൗണ്ടുകളിലായി 4525 കോടി രൂപ കേരളത്തിൽ അധികവായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1200 അധിക തൊഴിൽ അവസരങ്ങൾ   സൃഷ്ടിക്കപ്പെടും.

വ്യവസായ ഉത്തേജക പരിപാടിയുടെ ഭാഗമായി ഏതാണ്ട് 5000 കോടി രൂപ വായ്പയും സബ്സിഡിയുമായി സംരംഭകർക്ക് ലഭ്യമാക്കുന്നുണ്ട്.  മാർച്ച് മാസത്തിൽ നിഷ്ക്രിയ ആസ്തിയായിരുന്ന നാൽപതിനായിരത്തിൽപ്പരം സ്ഥാപനങ്ങൾക്ക് ഈ പാക്കേജിൽ നിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ബാങ്കുകളുമായി ചർച്ച നടത്തും. . കശുവണ്ടി പോലുള്ള  പ്രത്യേക വ്യവസായ മേഖലയിലെങ്കിലും സർക്കാർ പലിശ സഹായം   പരിഗണിക്കും.
കശുവണ്ടി വ്യവസായത്തിൽ കാപ്പെക്സിലും കോർപറേഷനിലുമായി 3000 തൊഴിലാളികളെ  പുതുതായി 100 ദിവസത്തിനുള്ളിൽ ജോലിക്കെടുക്കും. ഇതിനാവശ്യമായ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച തടസങ്ങൾ മറികടക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 100 യന്ത്രവത്കൃത ഫാക്ടറികൾ കയർ വ്യവസായത്തിൽ തുറക്കും. ഇവയിൽ പുതുതായി 500 പേർക്കെങ്കിലും അധികജോലി ലഭിക്കും.

കൃഷി വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന പരിപാടികളിലൂടെ 230 പേർക്കും കാർഷിക യന്ത്രവൽക്കരണ  കർമ്മസേനകൾ വഴി കുറഞ്ഞത് 1000 പേർക്കും  തൊഴിൽ നൽകും.

 അടുത്ത മൂന്ന് മാസത്തേയ്ക്കൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി  2000 പേരെക്കൂടി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നിയമിക്കും.

ഐ ടി മേഖല

ഐ ടി  പാർക്കുകളിലും സ്റ്റാർട്ട്അപ്പുകളിലുമായി വരുന്ന 100 ദിവസത്തിനുള്ളിൽ 2500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.  ടെക്നോസിറ്റിയിലെ പുതിയ ഐറ്റി ബിൽഡിംഗ്  രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും.  പൂർണ്ണമായും സജ്ജമാകാൻ കുറച്ചുകൂടി സമയമെടുക്കും.   ഇവിടെ  100 ദിവസത്തിനുള്ളിൽ 900 പേർക്ക് തൊഴിൽ നൽകുന്നതിന് ഐറ്റി കമ്പനികൾ തയ്യാറായിട്ടുണ്ട്.  ഇൻഫോപാർക്കിലും അനുബന്ധ കെട്ടിടങ്ങളിലുമായി 500 പേർക്കും സൈബർ പാർക്കിൽ 100 പേർക്കും സ്റ്റാർട്ട്അപ്പിലൂടെ 1000 പേർക്കും പുതിയ തൊഴിൽ നൽകും.

സഹകരണ മേഖല
ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത്. സഹകരണ മേഖലയിലൂടെ 17500 തൊഴിൽ അവസരങ്ങളാണ് ഈ കോവിഡ് കാലത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്.  13000ൽപ്പരം   അവസരങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകർക്കു നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതൽ . 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന 1569 സംരംഭങ്ങളും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളിൽ വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങൾക്കും കേരള ബാങ്കിന്റെ 769 ശാഖകൾക്കും ഇതിനുള്ള ടാർജെറ്റ് നിശ്ചയിച്ചു നൽകും.  
 
ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാൽ ഈ ലക്ഷ്യത്തിലെത്തും. . ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന്  പണമില്ലെങ്കിൽ  കേരള ബാങ്ക് വഴി റീ ഫിനാൻസ് ചെയ്യും.

100 നാളികേര സംസ്ക്കരണ യൂണിറ്റുകളിലായി 1000 പേർക്കും  750 പച്ചക്കറി സംഭരണ വിൽപന കേന്ദ്രങ്ങളിലായി 1500 പേർക്കും  തൊഴിൽ നൽകും. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങൾ നേരിട്ടു മറ്റു സംരംഭങ്ങൾക്കു രൂപം നൽകും. ഇവയിലൂടെ  3000 പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിക്കുന്നു.

അപ്പക്സ് സഹകരണ സംഘങ്ങളായ കൺസ്യൂമർ ഫെഡ് (1000), മാർക്കറ്റ് ഫെഡ് (12), വനിതാഫെഡ് (174), റബ്ബർ മാർക്ക് (36), എസ്.സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സഹകരണ വകുപ്പ്/സഹകരണ ബാങ്കുകൾ/സഹകരണ സംഘങ്ങൾ എന്നിവയിലെ സ്ഥിര നിയമനങ്ങളിലൂടെ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

മത്സ്യഫെഡിന്റെ മുൻകൈയ്യിൽ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. അക്വാ കൾച്ചർ യൂണിറ്റുകളിലും മറ്റും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഇപ്പോൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

കുടുംബശ്രീ
വ്യവസായ സേവന മേഖലകൾ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി  കുടുംബശ്രീ വഴി നടപ്പാക്കും.  100 ദിവസം കൊണ്ട് 15441 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം.
 
ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660പേർക്കും തൊഴിൽ നൽകുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക് തൊഴിൽ നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ സംരംഭകരെ പരിശീലിപ്പിച്ച് സ്വയം തൊഴിൽ പ്രാപ്തരാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണോർഷിപ്പ് പ്രോഗ്രാം. ഈ സംരംഭങ്ങളിൽ 1000 പേർക്ക് തൊഴിൽ നൽകും. ഹരിത കർമ്മ സേനയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹരിതസംരംഭങ്ങളിൽ 3000 പേർക്ക് തൊഴിൽ നൽകും. അങ്ങനെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ മൊത്തം 5960 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.  

ഫെസിലിറ്റി മാനേജ്മെന്റ് സെന്ററുകൾ വഴി 1046 പേർക്കും ഫിനിഷിംഗ് പരിശീലനത്തിനുശേഷം പ്രാദേശികമായി കടകളിലും കെയർ സ്ഥാപനങ്ങളിലും മറ്റുമായി 3195 പേർക്കും തൊഴിൽ ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ സ്കീമായ ദീൻ ദയാൽ ഉപാധ്യായ വൈദഗ്ധ്യ വികസന പരിപാടിയുടെ നഗര ഉപജീവന മിഷന്റെയും കീഴിൽ 2000 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ഇങ്ങനെ വൈദഗ്ധ്യ പോഷണത്തിന്റെ അടിസ്ഥാനത്തിൽ ആകെ 6241 പേർക്ക് തൊഴിൽ ലഭിക്കും.

മൂന്ന്  മാസം കൊണ്ട് 500 ജനകീയ ഹോട്ടലുകൾ കൂടി സ്ഥാപിക്കും. ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും. കുടുംബശ്രീ ഡിസ് ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.
 “കയർ – ക്രാഫ്റ്റ് – ഭക്ഷ്യ സ്റ്റോറുകളുടെ  ശൃംഖല കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. . ഹോം ഷോപ്പിയുടെ പ്രാദേശിക ഉൽപാദന ശൃംഖലയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.  അടുത്ത 100 ദിവസത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുറക്കും. ഇവയിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും. വിപണന കിയോസ്കുകൾ, കേരള ചിക്കൻ സംരംഭങ്ങൾ, ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയവയിൽ 189 പേർക്ക് തൊഴിൽ ലഭിക്കും.  വിപണനവുമായി ബന്ധപ്പെട്ട് മൊത്തം 3489 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്.

വികസന കോർപറേഷനുകൾ

പിന്നാക്ക വികസന കോർപറേഷന് 650 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരണ്ടി സർക്കാർ നൽകിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി 3060 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.  400 വനിതാ സംരംഭകർക്ക്  സഹായം, 75 പ്രവാസികൾക്ക് റിട്ടേൺ വായ്പ,1125 മറ്റു സ്വയം തൊഴിൽ വായ്പാ സംരംഭങ്ങൾ,  50 വിധവകൾക്കുള്ള സഹായമടക്കം 1660 സംരംഭകർക്കാണ് സഹായം നൽകുന്നത്. ഇതുവഴി 3060 തൊഴിലവസരങ്ങളാണുണ്ടാവുക.

വനിതാ വികസന കോർപറേഷന് 740 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരണ്ടി നൽകിയിട്ടുണ്ട്.  1200 പേർക്ക് സ്വയം തൊഴിലിന് വായ്പ നൽകും. 50 പട്ടികവർഗ സ്ത്രീകൾക്കും 15 ട്രാൻസ് ജെൻഡേഴ്സിനും വായ്പ നൽകും. വിദേശത്ത് ജോലി ചെയ്യുന്നതിനുവേണ്ടിയുള്ള വൈദഗ്ധ്യപരിശീലനം 90 നെഴ്സുമാർക്കു നൽകുന്നതാണ്. ഇങ്ങനെ മൊത്തം 2920 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.  

കേരള ഫിനാൻഷ്യൽ കോർപറേഷൻ 500 സംരംഭകർക്ക് മൂന്നു മാസം കൊണ്ട് വായ്പ നൽകുന്നുണ്ട്. ഇതിനകം ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 2500 പേർക്ക് ഈ സംരംഭങ്ങളിൽ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തീരദേശ വികസന കോർപ്പറേഷനു കീഴിലുള്ള മത്സ്യസംസ്കരണ യൂണിറ്റുകളിലും ഓൺലൈൻ മാർക്കറ്റിംഗ് സംരംഭങ്ങളിലൂടെയും 150 പേർക്കാണ് തൊഴിൽ നൽകുന്നത്.

പട്ടികജാതി വികസന കോർപ്പറേഷൻ 100 കോടി രൂപ അടങ്കലുള്ള സംരംഭകത്വ വികസന പദ്ധതി നടപ്പാക്കും. ഇതിൽ 100 ദിവസം കൊണ്ട് 1308 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയും.
വികലാംഗ ക്ഷേമ കോർപ്പറേഷന്റെ കൈവല്യ പദ്ധതിയിൽ 7000ൽപ്പരം അപേക്ഷകളുണ്ട്. ഇവ ജില്ലാതല സമിതികൾ അടിയന്തിരമായി പരിശോധിച്ച് അർഹരായ മുഴുവൻ പേർക്കും അംഗീകാരം നൽകും.  5000 പേർക്കെങ്കിലും ഇതുവഴി തൊഴിൽ ലഭിക്കും.

സർക്കാരിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നേരിട്ട് തൊഴിൽ നൽകുന്നതിനു പുറമേ ഈ പരിപാടി ഊന്നൽ നൽകുന്നത് സംരംഭകത്വ പ്രോത്സാഹനത്തിനാണ്.  8000 കോടി രൂപയെങ്കിലും വായ്പയായും സബ്സിഡിയായും സംരംഭകർക്കു ലഭ്യമാക്കുന്നുണ്ട്. കേരള സർക്കാരിന്റെ ഏതാണ്ട് എല്ലാ ഏജൻസികളും ഈ തൊഴിൽ സൃഷ്ടിക്കാനുള്ള കർമ്മപരിപാടിയിൽ പങ്കാളികളാണ്. ഇപ്പോൾ പരാമർശിക്കാത്ത ഏജൻസികൾക്കും തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു വരാം.

തദ്ദേശഭരണ സ്ഥാപനങ്ങളുടെകാര്യം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ല.  തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രോജക്ടുകൾ തയ്യാറാക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. അവ ഊർജ്ജിതമായി നടപ്പാക്കുന്നതിനുള്ള പരിശ്രമം ഒക്ടോബർ മാസത്തിൽ ഉണ്ടാവണം. കുടുംബശ്രീയുടെ സംരംഭങ്ങൾക്ക് പിന്തുണ നൽകേണ്ടതും തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പച്ചക്കറി സംഭരണ, വിതരണ സംരംഭങ്ങൾക്ക് പിന്തുണ നൽകി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിനായി 5 ലക്ഷം രൂപയുടെ പ്രോജക്ട് എല്ലാവരും തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള പണം സർക്കാർ അധികമായി നൽകും. . ഈ വർഷം ആദ്യം പ്രഖ്യാപിച്ചതുപോലെ 1000 പേർക്ക് 5 വീതം മൊത്തത്തിൽ പുതിയ കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ആദരവ് നൽകും.
ഗ്രാമീണ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട്   സംസ്ഥാനം  ആവശ്യപ്പെട്ടിട്ടുണ്ട്.  അനുവദിച്ച തൊഴിൽ ദിനങ്ങൾ  ഊർജ്ജിതമായി നടപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം എന്നഭ്യർത്ഥിക്കുന്നു.  
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക, മത്സ്യമേഖലകളിൽ  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സംസ്ഥാന സർക്കാർ ഈ രംഗത്തു നടത്തുന്ന ഇടപെടലിന്റെ മറ്റൊരു ഭാഗമാണ്.

പുതിയ തൊഴിൽ സംരംഭങ്ങളെ സഹായിക്കുന്നതിനു നമ്മുടെ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ചയ്ക്ക് സർക്കാർ മുൻകൈയ്യെടുക്കും.  ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗം വിളിക്കും.  ഈ പ്രത്യേക കാലത്ത് സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തി ജനജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി തയാറാക്കിയത്.
നാടാകെ ഒന്നിച്ച് അണിനിരന്നുകൊണ്ട് കോവിഡിന്റെ സാമ്പത്തിക സ്തംഭനത്തിൽ നിന്നും മുറിച്ചു കടക്കാനുള്ള സൂത്രവാക്യമായി 50,000 തൊഴിലുകളെന്ന മുദ്രാവാക്യത്തെ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്നത്തെ ഉദ്ഘാടനങ്ങൾ

പാലക്കാട് മെഗാഫുഡ് പാർക്ക്
രാജ്യത്തൊട്ടാകെ പ്രഖ്യാപിച്ച 17 ഫുഡ് പാർക്കിൽ ഒന്നാണ് പാലക്കാട്ടെ മെഗാഫുഡ് പാർക്ക്. 2017 ജൂൺ 11 നാണ് ഈ മെഗാ ഫുഡ്പാർക്കിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. മൂന്നുവർഷത്തിനുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. 102.13 കോടി രൂപ ചിലവിൽ നിർമ്മിച്ച ഫുഡ്പാർക്ക് പുതുശേരി, എലപ്പുള്ളി വില്ലേജുകളിലായി 79.42 ഏക്കറിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
രണ്ടര ലക്ഷം കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.  ഏകദേശം 4,500 പേർക്ക് നേരിട്ടും 10,000ത്തോളം പേർക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന പദ്ധതി കൂടിയാണിത്. ഇതിന്റെ നിർമ്മാണത്തിനായി കേന്ദ്രസർക്കാർ 50 കോടി രൂപയാണ് ഗ്രാന്റായി വാഗ്ദാനം ചെയ്തത്. ബാക്കി തുക സംസ്ഥാന സർക്കാർ വിഹിതവും നബാർഡിൽ നിന്നുള്ള വായ്പയുമാണ്. ഇതുവരെ 40 കോടിരൂപയാണ് കേന്ദ്ര സർക്കാരിൽ നിന്നു‍ ലഭിച്ചിട്ടുള്ളത്. ബാക്കിതുക എത്രയുംവേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഭക്ഷ്യസംസ്കരണ വ്യവസായ സംരംഭകർക്ക് പാട്ടവ്യവസ്ഥയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഭൂമി കൈമാറാൻ പര്യാപ്തമായ രീതിയിലാണ് കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ചക്ക, മാങ്ങ, കൈതച്ചക്ക, നേന്ത്രക്കായ, മഞ്ഞൾ, ഇഞ്ചി, തേങ്ങ, നെല്ല്, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ സംഭരിക്കാനും സംസ്കരിക്കാനുമുള്ള ശീതീകരണ സംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും ഇവിടെയുണ്ട്.
നാല് പ്രാഥമിക ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ കൽപ്പറ്റ, മലപ്പുറം ജില്ലയിലെ കാക്കാഞ്ചേരി, തൃശൂർ ജില്ലയിലെ കൊരട്ടി, എറണാകുളം ജില്ലയിലെ മുഴവന്നൂർ എന്നിവിടങ്ങളിലെ കിൻഫ്ര പാർക്കുകളിലാണ് അവ  പ്രവർത്തിക്കുക.

പാലക്കാട് – പെരിന്തൽമണ്ണ റോഡ് പ്രവൃത്തി ഉദ്ഘാടനം

കേരളാ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് 37.38 കിലോമീറ്റർ വരുന്ന പാലക്കാട് – പെരിന്തൽമണ്ണ റോഡ് അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കുന്നത്. പ്രളയ കാലത്തു തകർന്ന റോഡുകൾക്കൊപ്പം പ്രകൃതി ക്ഷോഭങ്ങളിൽ തകരാൻ സാധ്യതയുള്ള റോഡുകളുടെ നവീകരണം കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർമ്മാണപ്രവൃത്തി ആരംഭിക്കുന്നത്.

364.17 കോടി കോടിരൂപാ ചിലവിൽ നാലുവരിപ്പാതയായാണ് ഈ റോഡിനെ വികസിപ്പിക്കുന്നത്.  പതിനാലു മീറ്റർ വീതിയുണ്ടാകും. നടുവിൽ ഡിവൈഡറും ഡ്രെയിനേജ് സംവിധാനവും നിർമ്മിക്കും. ആവശ്യമായ സ്ഥലങ്ങളിൽ വളവുകൾ നിവർത്തിയും സംരക്ഷണ ഭിത്തികെട്ടിയും നടപ്പാത, കൈവരികൾ എന്നിവ ഒരുക്കിയുമാവും ഈ പാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. നിലവിലുള്ള 5 പാലങ്ങളിൽ 4 എണ്ണത്തിന്റെ വീതി കൂട്ടും. ഒരെണ്ണം പുതുക്കി പണിയും. നിർമ്മാണം പതിനെട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ്  ഉദ്ദേശിക്കുന്നത്. അഞ്ചു വർഷത്തെ പരിപാലനം കൂടി ഉറപ്പു വരുത്തുന്ന തരത്തിലാണ്  പദ്ധതി.

പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കംബ്രിഡ്‌ജിന്റെ നിർമ്മാണ പ്രവൃത്തിക്ക് ഇന്ന്  തുടക്കമായി.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 68.36 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്.

കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂർ പഞ്ചായത്തിനെയും വേളം പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള ഈ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തു കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്ന പ്രശ്‌നം അവസാനിക്കും. ഗുളികപ്പുഴ പാലത്തിനു സമീപത്തെയും, കൂരങ്കോട്ടേയും പമ്പിങ് സ്റ്റേഷനുകളിൽ നിന്നുള്ള കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും സാധിക്കും. 1720 ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യവും  സാധ്യമാകും. ഇവിടുത്തെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഈ പദ്ധതി സഹായിക്കും.. 18 മാസംകൊണ്ട് പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖ ഉദ്ഘാടനം  
2005 ലാണ് ഭരണാനുമതി ലഭിച്ചതെങ്കിലും, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതിന് തുടക്കമിട്ടത്. 66.07 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ടുള്ള ഈ തുറമുഖം കൊയിലാണ്ടിയിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന പത്തൊമ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക്  ഉപകാരപ്പെഡും.
മൺസൂൺ കാലത്തെ പ്രതികൂല കാലാവസ്ഥയിൽപ്പോലും മത്സ്യബന്ധനം നടത്താനും കടൽ പ്രക്ഷുബ്ധമാകുന്ന അവസരങ്ങളിൽ യാനങ്ങൾ സുരക്ഷിതമായി നങ്കൂരമിടാനും ഇത് അവസരമൊരുക്കും. ഈ ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ പ്രതിവർഷം 500 കോടി രൂപാ വിലമതിക്കുന്ന ഇരുപതിനായിരം ടൺ മത്സ്യോൽപാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.  

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് 2014 ലാണ് തുടക്കമായതെങ്കിലും  ഈ സർക്കാർ അധികാരത്തിൽവന്ന ശേഷമാണ് പദ്ധതി ഫലവത്തായി മുന്നോട്ടുപോയത്. 48.13 കോടി രൂപാ ചെലവിൽ പൂർത്തീകരിച്ചിട്ടുള്ള ഈ പദ്ധതി മഞ്ചേശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികൾക്ക്  പ്രയോജനകരമായിരിക്കും. കമ്മീഷൻ ചെയ്യുന്നതോടെ പ്രതിവർഷം 250 കോടി രൂപാ വിലമതിക്കുന്ന പതിനായിരം ടൺ മത്സ്യോൽപാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ക്ഷീരഗ്രാമം പദ്ധതി
സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനൊപ്പം ക്ഷീരകർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം കൂടി ലക്ഷ്യമിട്ടുള്ള സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം ഇന്നുമുതൽ 25 പഞ്ചായത്തുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുകയാണ്.
 ഇതോടെ സംസ്ഥാനത്ത് 53 പഞ്ചായത്തുകളിൽ ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ 50 ലക്ഷം രൂപ വീതമാണ് ചിലവഴിക്കുക. 12.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 പുതിയ സംരംഭകർക്ക് 2 പശു വീതവും, 5 പശു വീതവുമുള്ള ഡയറി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും, നിലവിലെ ക്ഷീരകർഷകർക്ക് പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വഴി ധനസഹായം ലഭ്യമാക്കും.  പശുക്കൾക്കൊപ്പം കിടാരികളെകൂടി വാങ്ങുന്നതിന് ധനസഹായം നല്കുന്ന കോമ്പോസിറ്റ് ഡയറി യൂണിറ്റ് പദ്ധതിയും ക്ഷീരഗ്രാമം പദ്ധതിയുടെ ഒരു ഘടകമാണ്.

ബ്രണ്ണൻ കോളജ്
നാല് പദ്ധതികളാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഇന്ന് ഉദ്ഘാടനം ചെയ്തത്.  ബ്രണ്ണൻ കോളേജ് സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം, എംഎൽഎയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച കോളേജ് റോഡിന്റെ ഉദ്ഘാടനം, കോളജ് ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനവും ഫർണിച്ചർ വിതരണവും, ആധുനികമായി സജ്ജീകരിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം എന്നിവയാണവ.

കോളജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്‍ സമർപ്പിച്ച 97 കോടിരൂപയുടെ മാസ്റ്റർപ്ലാൻ സർക്കാർ അംഗീകരിച്ചിരുന്നു. അതിൽപ്പെട്ട ഒന്നാംഘട്ട പ്രവർത്തനത്തിനാണ് ഇന്നു  തുടക്കമായത്.