Category: Cabinet Decisions

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 01-04-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ലോകബാങ്കിന്‍റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട സ്കില്‍ സ്ട്രെങ്തനിംഗ് ഫോര്‍ ഇന്‍ഡസ്ട്രീയല്‍ വാല്യൂ എന്‍ഹാന്‍സ്മെന്‍റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് നിലവിലുള്ള അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാനും ടെക്നിക്കല്‍ ഡോമൈന്‍ എക്സ്പേര്‍ട്ട് – ട്രെയിനിംഗ് മോണിറ്ററിംഗ് ആന്‍റ് ഇവാല്യൂവേഷന്‍ (1), അക്കൗണ്ടന്‍റ് (1) എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാര്‍ നിയമനം നടത്താനും തീരുമാനിച്ചു.  

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് 01-04-2020 പ്രാബല്യത്തില്‍ അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി പത്തു വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 11-03-2020

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നു

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ ത്രൈമാസ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്‍റെ കൃത്യമായ കണക്ക് ലഭിക്കാന്‍ രണ്ടുവര്‍ഷമെടുക്കുന്ന സ്ഥിതിയുണ്ട്. മാത്രമല്ല, കേരളത്തിലെ നിക്ഷേപത്തിന്‍റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്‍റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല, ഇതുകാരണം സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണത്തിനും ഗവേഷകര്‍ക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മീഷന്‍റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.സി. മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ ഡവല്മെന്‍റിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വര്‍ഷമാണ് കമ്മീഷന്‍റെ കാലാവധി.

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്ക്, ഇലക്ട്രോണിക് ഹാര്‍ഡ് വേര്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെയുള്ള മെഗാ പ്രൊജക്റ്റുകള്‍ക്ക് രണ്ടു പ്രത്യേക ഉദ്ദേശ കമ്പനികള്‍ (എസ്.പി.വി) രൂപീകരിക്കുന്നതിനുള്ള മെമ്മോറാണ്ഡം ഓഫ് അസോസിയേഷന്‍റെയും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍റെയും കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കേരാഫെഡിന്‍റെ കരുനാഗപ്പള്ളി ഫാക്ടറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 25 കാഷ്വല്‍ തൊഴിലാളികളെ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍ തസ്തികയില്‍ മറ്റുവിധത്തില്‍ യോഗ്യരാണെങ്കില്‍ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ കേരഫെഡ് ഭരണസമിതിക്ക് അനുമതി നല്‍കി.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സിലെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്‍റിലേക്ക് 8 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഇതിലേക്ക് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ അനുമതി നല്‍കുന്നതിനും തീരുമാനിച്ചു.

കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മങ്ങാട്ടുതൊടിക വീട്ടില്‍ അനീഷിന്‍റെ ഭാര്യ അശ്വതി സുകുമാരന് മലപ്പുറം ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കുന്നതിന് തീരുമാനിച്ചു.

പുതിയ തസ്തികകള്‍

സൈനിക ക്ഷേമ വകുപ്പില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍മാരുടെ 9 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തസ്തികകള്‍ സൃഷ്ടിക്കുക.

നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ 6 പേരെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വ്വീസിലേക്ക് അതത് തസ്തികയിലെ ജൂനിയര്‍ മോസ്റ്റ് എന്ന നിബന്ധനയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 149 അധ്യാപക തസ്തികകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വൈപ്പിന്‍, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് നിലമ്പൂര്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തിക ഉള്‍പ്പെടെയാണിത്.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്രസ്റ്റില്‍ 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

35-ാമത് ദേശീയ ഗെയിംസില്‍ റോവിങ്ങില്‍ സ്വര്‍ണ്ണം നേടിയ അഞ്ജലി രാജിന് എല്‍.ഡി.ക്ലാര്‍ക്കിന്‍റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.

നിയമനം

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് പി.എം. അലി അസ്ഗര്‍ പാഷയെ സപ്ലൈകോ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

വി.ആര്‍. പ്രേംകുമാറിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 04-03-2020

‘പഠനത്തോടൊപ്പം തൊഴില്‍’ നയമായി അംഗീകരിച്ചു – പാര്‍ട്ട്ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം

പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് ‘പഠനത്തോടൊപ്പം തൊഴില്‍’. ഇത്തരത്തില്‍ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ അവര്‍ക്ക് തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

മഴമറയ്ക്ക് 75 ശതമാനം സബ്സിഡി

പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12 ഇന പരിപാടിയിലുള്‍പ്പെട്ട ‘മഴമറകള്‍’ എന്ന പദ്ധതി കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകള്‍). 75 ശതമാനം സബ്സിഡി നല്‍കിക്കൊണ്ട് ‘ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പച്ചക്കറിവികസന പദ്ധതിയിന്‍ കീഴില്‍ ഇത് നടപ്പാക്കും.

വെണ്ട. വഴുതിന, ചീര, പയര്‍, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവര്‍ഗ്ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാന്‍ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റര്‍ മുതല്‍ 100 ചതുരശ്രമീറ്റര്‍ വരെ വിസ്തൃതിയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരള പുനര്‍നിര്‍മാണ പദ്ധതി

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ (ആര്‍.കെ.ഐ) ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്‍റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.

1.പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് 12.5 കോടി രൂപ.

2.ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ.

3.കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികള്‍ – 42.6 കോടി രൂപ.

4.മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി രൂപ.

5.കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതി – 63.11 കോടി രൂപ.

6.പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.

7.തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 67.9 കോടി രൂപ.

പുനര്‍ഗേഹം പദ്ധതിക്ക് 200 കോടി

തീരദേശ മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

പോലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പോലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായ റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരെ ഈ കമ്മീഷന്‍റെ അധ്യക്ഷനായി നിയമിക്കും. മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഈ കമ്മീഷനില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും.

പോലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തവും സവിശേഷതകള്‍ ഉള്ളതുമാണ്. സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പല പര്‍ച്ചേസുകളും പോലീസ് വകുപ്പിന് നടത്തേണ്ടിവരുന്നത്. നിലവിലെ ചട്ടങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നത് സുരക്ഷയുടെ കോണില്‍ നിന്ന് നോക്കുമ്പോള്‍ പലപ്പോഴും കാലതാമസം വരുത്തുന്നതാണ്. സി.ആന്‍റ് എജിയുടെ പരാമര്‍ശങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.

ടി.എസ്.പി പരിശോധിക്കാന്‍ കമ്മിറ്റി

സര്‍ക്കാര്‍ വകുപ്പുകളില്‍ പര്‍ച്ചേസുകള്‍ നടത്താനും സേവനകരാറുകള്‍ ഉറപ്പിക്കാനും ടോട്ടല്‍ സൊലുഷന്‍ പ്രൊവൈഡേഴ്സിനെ (ടിഎസ്പി) നിയോഗിക്കുന്ന രീതി സംബന്ധിച്ച് വിശദമായി പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്ന് സീനിയര്‍ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ധനകാര്യം, ആഭ്യന്തരം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി വകുപ്പിന്‍റെ സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ടിഎസ്പി രീതിയില്‍ പര്‍ച്ചേസുകള്‍ നടത്തുന്നതും സേവനകരാറുകള്‍ ഉറപ്പിക്കുന്നതും. കെല്‍ട്രോണ്‍, സിഡ്കോ എന്നീ സ്ഥാപനങ്ങള്‍ ടിഎസ്പിയായി പ്രവര്‍ത്തിച്ചിട്ടുള്ള കരാറുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചു.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് 26 കോടി

2018-ലെ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ബാക്കിയുള്ള 26 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന 205 തസ്തികകള്‍ റദ്ദാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഭവനനിര്‍മ്മാണ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2020 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

കിന്‍ഫ്രയിലെ ഓഫീസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന പിന്നോക്ക വികസന കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് ചക്രവര്‍ സമുദായത്തെ എസ്.ഇ.ബി.സി പട്ടികയില്‍ സക്രവര്‍ (കാവതി) സമുദായത്തോടൊപ്പം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഡിസൈന്‍ നയരേഖ രൂപീകരിക്കാന്‍ കമ്മിറ്റി

കേന്ദ്രസര്‍ക്കാരിന്‍റെ ഡിസൈന്‍ നയരേഖയുടെ പോരായ്മകളും കേരളത്തിന്‍റെ സവിശേഷതകളും പഠിച്ച് സംസ്ഥാനത്തിന് തനതായ ഡിസൈന്‍ നയരേഖ രൂപീകരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ കണ്‍വീനറായി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. തൊഴില്‍, തദ്ദേശസ്വയംഭരണം, ഐടി, പൊതുമരാമത്ത് വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും.

ഡിസൈനിങ്ങില്‍ വിദഗ്ധ പരിശീലനവും ഗവേഷണവും നടത്താന്‍ ഉതകുന്ന മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐടി വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. 2020-ല്‍ ആഗോളതലത്തിലുള്ള ഡിസൈന്‍ മേള കേരളത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഐടി വകുപ്പിനെ ചുമതലപ്പെടുത്തി.

മെത്രാന്‍ കായല്‍: ഉത്തരവ് റദ്ദാക്കി

കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ റക്കിന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിക്കൊണ്ട് 2016 മാര്‍ച്ച് 1 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു. ടൂറിസം പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ച സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

നിയമനങ്ങള്‍, മാറ്റങ്ങള്‍

സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. പിന്നോക്ക വികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി സെക്രട്ടറിയുടെയും സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ ആര്‍. ഗിരിജയെ സര്‍വ്വെ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും അധിക ചുമതല അവര്‍ വഹിക്കും.

സഹകരണ രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു.

രജിസ്ട്രേഷന്‍ ഐജി ഡോ. എ. അലക്സാണ്ടറിനെ സഹകരണ രജിസ്ട്രാറായി മാറ്റി നിമിക്കാന്‍ തീരുമാനിച്ചു.

ജിഎസ്ടി ജോയിന്‍റ് കമ്മീഷണര്‍ കെ. ഇമ്പാശേഖറിനെ രജിസ്ട്രേഷന്‍ ഐജിയായി മാറ്റി നിയമിക്കും.

ബി.എസ്.എന്‍.എല്ലിന്‍ നിന്നു റിട്ടയേര്‍ഡ് ചെയ്ത എസ്. ഹരികുമാറിനെ ധനകാര്യവകുപ്പില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറായി നിയമിക്കാന്‍ തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 25-02-2020

മദ്യനയം അംഗീകരിച്ചു

2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ വില്‍പ്പന നടത്തുന്നതാണ്. 2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും.

തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്‍റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയര്‍ത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്‍റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്‍റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയമവിധേയമാക്കും. നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും.

മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എല്‍ -3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്.എല്‍ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും.

ഡിസ്റ്റിലറി ആന്‍റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയാകും. 2007-2008-ൽ നിലവിൽ വന്ന ബ്രുവറി റൂൾസ് പ്രകാരമുള്ള ഫീസ് ഇരട്ടിക്കും.

ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്ക് എഫ്.എല്‍ 4-എ ലൈസന്‍സുണ്ട്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്.

കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്‍റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

നിയമനം, മാറ്റം

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കാഷ്യൂ) വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും.

ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാറിന് വ്യവസായ (കയര്‍) വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. ഇദ്ദേഹം നിലവിലുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി കേരള ജല അതോറിറ്റി ജോയിന്‍റ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിലുള്ള മറ്റ് അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിന് കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും.

കൊല്ലം ജില്ലയിലെ വേലംപൊയ്കയില്‍ കുടിവെള്ള സംഭരണി വീടിനു മുകളിലേക്ക് വീണ് ഏഴു വയസ്സുകാരന്‍ മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍റെ മകന്‍ അബി ഗബ്രിയേലാണ് മരണപ്പെട്ടത്. ആഞ്ചലോസിന്‍റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് ഈ കുടുംബത്തിന് സഹായമായി നല്‍കിയിരുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 19-02-2020

പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികള്‍കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.

24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങള്‍

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

മാസംതോറും താലൂക്ക്തല അദാലത്തുകള്‍

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനു കൂടി ഉദ്ദേശിച്ചാണ് താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നത്. അദാലത്തുകളില്‍ ജില്ലാ കലക്ടറും തഹസില്‍ദാര്‍മാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും.

അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും.

അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റും സെക്രട്ടറിയും അദാലത്തില്‍ പങ്കെടുക്കും.

നൂതന സാങ്കേതിക വിദ്യ: നെതര്‍ലന്‍റ്സുമായി ധാരണാപത്രം ഒപ്പിടും

നൂതന സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷിന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക്ക് റിസര്‍ച്ചുമായി (ടി.എന്‍.ഒ) ഐടി വകുപ്പിനു കീഴിലുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വേര്‍ (ഐസി ഫോസ്) ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഫോര്‍ത്ത്കോഡ് നെതര്‍ലാന്‍റ്സുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. ധാരണാപത്രമനുസരിച്ച് സംസ്ഥാനത്ത് ഐ.ഒ.ടിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് വില്ലേജസ,് വാട്ടര്‍ മാനേജ്മെന്‍റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് നെതര്‍ലാന്‍റ്സുമായുള്ള സഹകരണം.

അധിക ചുമതല

ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ തേജാ മൈല വരപ്പിന് കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി സ്പെഷല്‍ ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ശാസ്ത്ര-സാങ്കേതിക വിഭാഗത്തില്‍ 18 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി

പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 12-02-2020

നിയമനങ്ങള്‍, മാറ്റങ്ങള്‍

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള മറ്റ് ചുമതലകള്‍ അദ്ദേഹം തുടര്‍ന്നും വഹിക്കും.

ന്യൂഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (രണ്ട് ) യുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി മാറ്റി നിയമിക്കും.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ വിക്രംജിത് സിങ്ങിനെ (ഐപിഎസ്) കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡില്‍ റഗുലര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിക്കും വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

ആറാം സംസ്ഥാന ധനകാര്യകമ്മീഷന്‍ അംഗമായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ്ങിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ മനോജ് ജോഷിക്ക് പകരമാണ് ഈ നിയമനം.

വാളയാര്‍ സ്റ്റേഷന്‍ പരിധിയിലെ രണ്ട് പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി.കെ. ഹനീഫ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 25 മുതല്‍ രണ്ടു മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചു.

സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന സാഹചര്യത്തില്‍ പ്രാദേശിക നിരീക്ഷണ സമിതി, ജില്ലാതല അധികൃത സമിതി എന്നിവ മൂന്നു വര്‍ഷ കാലാവധിക്കു മുമ്പ് പുനഃസംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളേജുകള്‍, എയ്ഡഡ് ട്രെയിനിംഗ് കോളേജുകള്‍, എയ്ഡഡ് അറബിക് കോളേജുകള്‍, എയ്ഡഡ് പോളി ടെക്‌നിക്കുകള്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ നിയമത്തിനായി തയ്യറാക്കിയ പദ്ധതിയുടെ കരട് മാര്‍ഗ്ഗരേഖ അംഗീകരിച്ചു.

തൃശ്ശൂര്‍ എസ്.ആര്‍.വി. മ്യൂസിക് കോളേജില്‍ ഒരു ഹെഡ് അക്കൗണ്ടന്റിന്റെയും ഒരു ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തീരദേശ പരിപാലന പ്ലാന്‍ സമയബന്ധിതമായി തയ്യാറാക്കും

തീരദേശ പരിപാലന ചട്ടത്തില്‍ ഇളവു വരുത്തിക്കൊണ്ട് 2019 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ സമയബന്ധിതമായി തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

2019-ലെ വിജ്ഞാപനപ്രകാരമുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയത്. പ്ലാന്‍ തയ്യാറാക്കുന്ന പ്രക്രിയ മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കുന്നതിന് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് ആവശ്യമായ വിദഗ്ധരെയും മറ്റും സര്‍ക്കാര്‍ ലഭ്യമാക്കും.

തീരദേശ പരിപാലന ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യിലുള്ള കേസില്‍ നിയമവശം പരിശോധിച്ച് മറുപടി നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉന്നത വിദ്യാഭ്യാസ- പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, നിയമ സെക്രട്ടറി അരവിന്ദ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 05-02-2020

തൊഴില്‍ നൈപുണ്യവികസനത്തിന് അക്കാദമി സ്ഥാപിക്കും

സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മ്മാണ ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴി ലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അക്കാദമി സ്ഥാപിക്കു ന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴില്‍ ചാത്തന്നൂരി ലായിരിക്കും അക്കാദമി സ്ഥാപിക്കുക.

പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി എന്നീ പഞ്ചായത്തുകള്‍ക്ക് വേിയുള്ള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 98.5 കോടി രൂപയാണ് ഇതിന് ചെലവ്.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരു മാനിച്ചു.

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ഡി. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 4 സീനിയര്‍ റസിഡന്റ് തസ്തി കകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

അര്‍ബന്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം 5 ശതമാനമായി നിജപ്പെടുത്തുന്നതിന് കേരള സഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട പഡ്രെ വില്ലേജിനെ പഡ്രെ, കാട്ടുകുക്കെ എന്നീ രു വില്ലേജുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. ഇതിനു വേി 6 തസ്തികകള്‍ സൃഷ്ടിക്കും.

2010-14 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റില്‍ നിന്നും 5 പേരെ റഗുലര്‍ തസ്തികകളിലും 190 പേരെ താല്‍ക്കാലികമായും നിയമിക്കുന്ന തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

2019 ആഗസ്റ്റ് മാസത്തിലുായ പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തതു വഴി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് ചെലവായ 2.86 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.


പന്തീരാങ്കാവ് കേസ് സംസ്ഥാന പോലീസിന് തിരിച്ചേല്‍പ്പിക്കണം: മുഖ്യമന്ത്രി

കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ സ്വമേധയാ ഏറ്റെടുത്തതിന് ന്യായീകരണമില്ലെന്നും അതിനാല്‍ ഈ കേസ് അന്വേഷണം കേരള പോലീസിന് തിരികെ ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കേരള പോലീസ് കാര്യക്ഷമമായും തൃപ്തികരമായും അന്വേഷിച്ചു വരുന്ന കേസാണ് (നമ്പര്‍ 507/2019) എന്‍.ഐ.എ സ്വമേധയാ ഏറ്റെടുത്തത്. എന്‍.ഐ.എ ആക്ടിന്റെ പ്രഖ്യാപിത ലക്ഷ്യ ങ്ങള്‍ക്കും കോടതിവിധികള്‍ക്കും നിരക്കാത്ത നടപടിയാണിതെന്ന് മുഖ്യമന്ത്രി ചൂിക്കാട്ടി. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്തു വേണം സംസ്ഥാന പോലീസ് അന്വേഷിക്കുന്ന കേസുകള്‍ എന്‍.ഐ.എ ഏറ്റെടുക്കേതെന്ന് കോടതി വിധി ന്യായങ്ങള്‍ ചൂിക്കാണിച്ചിട്ടു്. പ്രസ്തുത കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ മാത്രം ഗൗരവമുള്ളതല്ല എന്നാണ് കാണുന്നത്. കേസ് സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കേതാണെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഈ വസ്തു തകള്‍ കണക്കിലെടുത്ത് കേസ് സംസ്ഥാന പോലീസിന് തിരിച്ചേല്‍പ്പിക്കാന്‍ എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 29-01-2020

മണല്‍വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടും

കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. അതു മാറ്റി കണ്ടുകെട്ടിയ മണലിന്‍റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താന്‍ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി അഞ്ച് തസ്തികകള്‍ അനുവദിക്കും. മറ്റ് തസ്തികകള്‍ സബോര്‍ഡിനേറ്റ് ജുഡീഷ്യറിക്ക് അനുവദിച്ച തസ്തികകളില്‍ നിന്ന് കണ്ടെത്തും.

കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യവികസനത്തിന് തെരഞ്ഞെടുത്ത സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ഉദ്ദേശ കമ്പനിയായി (എസ്.പി.വി) നിയമിക്കപ്പെട്ട കിലയില്‍ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഏഴു തസ്തികകള്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അനുവദിക്കും. ഇതു കൂടാതെ ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കില ഡയറക്ടര്‍ക്ക് അനുമതി നല്‍കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിത്താശയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സാ പിഴവ് കാരണം മരിച്ച ടി.സി. ബൈജുവിന്‍റെ (ചേമഞ്ചേരി, കോഴിക്കോട് ജില്ല) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍ / മാറ്റങ്ങള്‍

പ്ലാനിംഗ് ആന്‍റ് ഇക്കണോമിക് അഫയേഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള ചുമതലകള്‍ ഇദ്ദേഹം തുടര്‍ന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാറോയിക്ക് കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കേരളാ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് ഡോ. കെ. വാസുകിയെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് എസ്. കാര്‍ത്തികേയനെ കെ.ജി.എസ്.ടി ജോയിന്‍റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു.

സ്‌കൂള്‍ യൂണിഫോം ഉല്‍പാദനത്തിന് കുറഞ്ഞ പലിശയ്ക്ക് നബാര്‍ഡ് വായ്പ

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം ഉല്‍പാദനത്തിന് ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്ക് നബാര്‍ഡ് വായ്പയായി നല്‍കും. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫ് നല്‍കുക. സ്‌കൂള്‍ യൂണിഫോം നെയ്യുന്ന 250 ഓളം സംഘങ്ങള്‍ക്ക് ഇതോടെ പ്രവര്‍ത്തന വായ്പ ഉറപ്പായി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 22-01-2020

വ്യവസായ ഇടനാഴി: ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ് അംഗീകരിച്ചു

കൊച്ചി – പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ് മന്ത്രിസഭ അംഗീകരിച്ചു. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചെന്നൈ – ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.

കൊച്ചി – കോയമ്പത്തൂര്‍ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഈ മേഖലയില്‍ ആറ് ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ ഉണ്ടാകും. പാലക്കാട് മേഖലയിലെ ഉല്‍പ്പാദന ക്ലസ്റ്ററില്‍ ഭക്ഷ്യസംസ്കരണം, റബ്ബര്‍, ഇലക്ട്രോണിക്സ്, ജനറല്‍ മെഷിനറി, ഇലക്ട്രിക്കല്‍ മെഷിനറി എന്നിവയ്ക്കാണ് ഉയര്‍ന്ന പരിഗണന നല്‍കുന്നത്. ഈ നിര്‍മ്മാണ മേഖലകളില്‍ വലിയ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ തസ്തികകള്‍

ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ച ശാന്തന്‍പാറ ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ മൂന്ന് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ ക്ലാര്‍ക്കുമാരുടെ 44 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രത്തില്‍ (ഐസി ഫോസ്) അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്‍റ് പ്രൊഫസര്‍, ടെക്നിക്കല്‍ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കെ.എസ്.ഐ.ഡി.സി. ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു.

കേരഫെഡിന്‍റെ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. അംഗീകൃത തസ്തികകള്‍ മാത്രമേ സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്ന നിബന്ധനയോടെയാണ് അംഗീകാരം നല്‍കിയത്.

പാലക്കാട് ശൈവ വെള്ളാള ഒ.ബി.സി.യില്‍

പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാര്‍കാര്‍ത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതോടൊപ്പം മറ്റു ജില്ലകളില്‍ ശൈവ വെള്ളാള സമുദായം ഉണ്ടോ എന്ന് പരിശോധിക്കാനും നിശ്ചയിച്ചു.

നഗരസഭകള്‍ക്ക് ലോകബാങ്ക് സഹായം

പദ്ധതി ഫണ്ടിന് ഉപരിയായി കേരളത്തിലെ നഗരസഭകള്‍ക്ക് ലോകബാങ്ക് ധനസഹായം അനുവദിക്കാവുന്ന രീതിയില്‍ കേരള അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം പരിശനിരക്കില്‍ 25 വര്‍ഷത്തെ കാലാവധിയില്‍ വായ്പ നല്‍കാന്‍ ലോകബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സിവറേജ് – സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും ശുചിത്വത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ട് വിഭാവനം ചെയ്തിട്ടുള്ളത്.

ഒല്ലൂര്‍ ആയുര്‍വേദ കോളേജില്‍ പി.ജി. ഡിപ്ലോമ കോഴ്സ്

ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ രസായന്‍ ആന്‍റ് വാജികരണ്‍ കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

നിയമനം

എന്‍.എസ്.കെ. ഉമേഷിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ശബരിമല എ.ഡി.എം. ആണ്. കെ.എസ്.ഐ.ഡി.സി. നിക്ഷേപ സെല്ലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും ഉമേഷിനായിരിക്കും.

നിയമസഭാ സമ്മേളനം 29 മുതല്‍

നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ജനുവരി 30 മുതല്‍ സമ്മേളനം ചേരാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ : 20-01-2020

എന്‍.പി.ആര്‍ പുതുക്കൽ കേരളത്തില്‍ നടത്തില്ല; സഹകരിക്കില്ല

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിന്‍റെ (സി.എ.എ) ഭരണഘടനാസാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക – മത – സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

നിയമസഭാ സമ്മേളനം 30 മുതല്‍

ജനുവരി 30 മുതല്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വര്‍ധിപ്പിക്കുന്നതിനുള്ള കേരളാ മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്‍റെയും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്‍റെയും കരട് മന്ത്രിസഭ അംഗീകരിച്ചു.