Category: Cabinet Decisions

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 17-07-2019

രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയില്‍ മരിച്ച രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്‍റെ നഴ്സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തിക സഹായം അനുവദിക്കും. തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

ഹയര്‍ ഗ്രേഡ് അനുവദിക്കും

എയ്ഡഡ് സ്കൂള്‍ ലോവര്‍ പ്രൈമറി / അപ്പര്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. 15 വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കി ഹെഡ്മാസ്റ്റര്‍ സ്കെയില്‍ ലഭിച്ചതിനു ശേഷം 10/8 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ ആദ്യ സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കും.

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയിലെ 121 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണ്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

ലാന്‍ഡ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 768 താല്‍ക്കാലിക തസ്തികകള്‍ക്ക് 01-01-2019 മുതല്‍ രണ്ടുവര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കും. പ്രവര്‍ത്തനം അവസാനിപ്പിച്ച ലാന്‍ഡ് ട്രൈബ്യൂണലുകളിലെ താല്‍ക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാന്‍ഡ് ട്രൈബ്യൂണുകളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനിച്ചു.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്‍റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീര്‍ഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും.

ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലെ ലൈബ്രറി അസിസ്റ്റന്‍റ് തസ്തികയില്‍ 01-04-2016 പ്രാബല്യത്തോടെ സെലക്ഷന്‍ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്‍റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം എറണാകുളം അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും. പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കുകയാണ് ചുമതല.

14-07-2019 ന് കാലാവധി അവസാനിച്ച ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ നിയമന കാലാവധി 15-07-2019 മുതല്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍ 10-07-2019

എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി

പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം. (more…)

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 03-07-2019

ആര്‍ദ്രം പദ്ധതി: ആയിരം പുതിയ തസ്തികകള്‍
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കുന്നതിന് 400 അസിസ്റ്റന്‍റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട്, 200 ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-രണ്ട് എന്നീ തസ്തികകള്‍ സൃഷ്ടിക്കും.
നിയമനങ്ങള്‍, മാറ്റങ്ങള്‍
ഡി.എഫ്.എഫ്.ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം. കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന വി.ആര്‍.പ്രേംകുമാറിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിമിക്കും. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സി.പി.എം.യു. ഡയറക്ടറുടെയും ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി സേവനമനുഷ്ഠിക്കുന്ന ജി. പ്രകാശിന്‍റെ കാലാവധി 01-07-2019 മുതല്‍ മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരൂമാനിച്ചു.
2007-ലെ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള
നിര്‍ദ്ദിഷ്ട കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖാന്തിരം അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള
കുടിശ്ശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിനാണ് ഭേദഗതി ബില്‍.
ടൂറിസ്റ്റ് വിസയില്‍ ചൈനയിലെത്തി അവിടെ വച്ച് മരണപ്പെട്ട ആലപ്പുഴആലിശ്ശേരി വഹീദാ കോട്ടേജില്‍ മിര്‍സ അഷ്റഫിന്‍റെ ഭൗതിക ശരീരം തിരികെ നാട്ടിലെത്തിക്കുന്നതിന് ചൈനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചെലവായ 8,28,285 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പിലെ എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് അവധി ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചു. വര്‍ഷത്തില്‍ 15 ദിവസം ആകസ്മിക അവധിയും 20 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസം എന്ന നിരക്കില്‍ ആര്‍ജ്ജിത അവധിയും നിലവിലുള്ള ജീവനക്കാര്‍ക്കുള്ളതു പോലെ സറണ്ടര്‍ ആനുകൂല്യവും അനുവദിക്കാന്‍ തീരുമാനിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍ 26-06-2019

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന അബ്കാരി വര്‍ക്കര്‍മാരുടെ ആശ്രിതര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി കോര്‍പ്പറേഷനിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് ആശ്രിതനിയമനം നല്‍കാന്‍ ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-06-2019

പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിന്‍റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.


ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍നായരുടെ നിയമന കാലാവധി 13-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 12-06-2019

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ
ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 30-05-2019

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി ഏകീകരണം നടപ്പാക്കും

സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 05-03-2019

കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഉള്‍ക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കാത്തതുകൊണ്ട് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നേരത്തെ തന്നെ കര്‍ഷകരുടെ കടങ്ങള്‍ക്ക് പലിശ ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ ഫലപ്രദമായ നടപടികളാണ് വേണ്ടത്. കര്‍ഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇടപെടലും ഇതിന്‍റെ ഭാഗമാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായ ചില തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 27-02-2019

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-02-2019

വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ യോഗം പങ്കുചേര്‍ന്നു.
(more…)