സാമൂഹികക്ഷേമം

ആലംബഹീനരും അവശതയനുഭവിക്കുന്നവരുമായ ആളുകൾക്കുള്ള സമൂഹത്തിന്റെ കരുതലാണ് സാമൂഹിക ക്ഷേമപെൻഷനുകൾ. എല്ലാ ക്ഷേമപെൻഷനുകളും 1000 രൂപയാക്കി വർധിപ്പിച്ച് കുടിശ്ശികയടക്കം വീടുകളിലെത്തിച്ചു തുടങ്ങി. അഞ്ചിനം ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 2016 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കിൽ 3100 കോടി രൂപയാണ് ഓണത്തിന് മുമ്പായി വീടുകളിലെത്തിക്കുന്നത്. പെൻഷൻ വീട്ടിൽ കിട്ടുക എന്ന വൃദ്ധജനങ്ങളുടെ സ്വപ്നം സഫലമാക്കാൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിച്ചു എന്നത് മനസ്സിന് ആശ്വാസം പകരുന്ന കാര്യമാണ്. കടക്കെണിയിലായ മൽസ്യത്തൊഴിലാളികൾക്ക് സമാശ്വാസമായി 50കോടി രൂപ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 13000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയർത്തി ഖാദി ഗ്രാമങ്ങൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്ത് കടക്കെണിയിലായവരെ കണ്ടില്ലെന്ന് നടിക്കാൻ മനസ്സാക്ഷിയുള്ള സർക്കാരിനു കഴിയില്ല. അവർക്കായി സമഗ്ര കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു.ഇതുവഴി പതിനായിരത്തോളം കുടുംബങ്ങള്‍ക്കാണ് ആശ്വാസം ലഭിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി.