സമ്പൂർണ്ണ വൈദ്യുതീകരണം

സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ 94.4 ശതമാനം വീടുകളിലും വൈദ്യുതി എത്തിക്കഴിഞ്ഞപ്പോൾ ഹരിയാന (90.5%), ഗുജറാത്ത് (90.4%), മഹാരാഷ്ട്ര (83.9%), മധ്യപ്രദേശ് (70%), രാജസ്ഥാൻ (67%), ബീഹാർ (16.4%) ഉൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ കേരളത്തിനു പുറകിലാണ്. രാജ്യമൊട്ടാകെ 32 ശതമാനം (8 കോടി) വീടുകളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. 2006-11 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങളിലൂടെയാണ് ഇത്തരത്തിലൊരു മുന്നേറ്റം നേടാൻ സംസ്ഥാനത്തിനു സാധിച്ചത്. കൂട്ടമായും ചിട്ടയായും ഉള്ള പ്രവർത്തനത്തിന്റെ ഫലമായി 2009 -ൽ രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് പ്രഖ്യാപിക്കപ്പെട്ടു. 2011 മെയ് മാസത്തോടെ 89 നിയോജകമണ്ഡലങ്ങൾ സമ്പൂർണ വൈദ്യുതീകൃത മണ്ഡലങ്ങളായി മാറി.

ഈ മുന്നേറ്റം നമ്മൾ തുടരേണ്ടതുണ്ട്. 2017 മാർച്ച് മാസത്തോടെ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

കേരളത്തിൽ ഇനിയും വൈദ്യുതി ലഭിക്കാത്ത 2.5 ലക്ഷം വീടുകൾ ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. നിലവിലെ നിയമപ്രകാരം വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട ഗുണഭോക്താവ് തന്നെ അവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള എല്ലാ ചിലവും വഹിക്കേണ്ടതായുണ്ട്. ഈ ചിലവ് സ്വയം താങ്ങാൻ കഴിയാത്തവർ പലപ്പോഴും വൈദ്യുതി കണക്ഷനായുള്ള അപേക്ഷ തന്നെ സമർപ്പിക്കാറില്ല. ഇത്തരത്തിൽ സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരും, സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്നവരും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും സമയബന്ധിതമായി വൈദ്യുതി എത്തിക്കുക എന്ന ബൃഹത്തായ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

പദ്ധതിയുടെ കുറ്റമറ്റ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി രൂപീകരിക്കും. ജില്ലാതലത്തിൽ അതാത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലും നിയോജകമണ്ഡല അടിസ്ഥാനത്തിൽ എം.എൽ.എ.മാരുടെ നേതൃത്വത്തിലും മേൽനോട്ട സമിതികളുണ്ടാകും. പ്രാദേശികതലത്തിൽ നിർവാഹകസമിതികൾ രൂപീകരിച്ച് പദ്ധതി നടത്തിപ്പിനെ വികേന്ദ്രീകരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട് .

2016 സെപ്തംബർ 9ന് മുമ്പായി വൈദ്യുതി ലഭിക്കാത്ത വീടുകളുടെ വിശദവിവരങ്ങൾ ശേഖരിച്ച് കരടുലിസ്റ്റ് പ്രസിദ്ധീകരിക്കും. ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രക്രിയ ലളിതമാക്കുന്നതിനായി വൈദ്യുതിബോർഡിന്റെ കോൾ സെന്ററുമായി ബന്ധപ്പെട്ട് മിസ്ഡ് കോൾ സംവിധാനം ഏർപ്പെടുത്തും.വൈദ്യുതി ലൈൻ നീട്ടി വൈദ്യുതീകരിക്കുന്നത് പ്രായോഗികമല്ലാത്ത വനാന്തരങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും സൗരോർജ വൈദ്യുതിയും മൈക്രോ ഗ്രിഡും സ്ഥാപിക്കും.

ഈ ദൗത്യത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ച് പദ്ധതി നടപ്പാക്കുന്നതിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിപുലമായ പ്രചാരണപ്രവർത്തനങ്ങളും ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നു.