Month: December 2019

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ : 31-12-2019

മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം: കമ്മിഷന്‍ ശുപാര്‍ശ അംഗീകരിച്ചു
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാന്‍ തീരുമാനിച്ചു.


നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്‍റിലധികവും കോര്‍പ്പറേഷനില്‍ 50 സെന്‍റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.


മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്‍റില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്‍റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.


സംസ്ഥാന സര്‍വ്വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും.


സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.


സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ څസാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെچ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ പരിശോധനാസെല്‍ ഉണ്ടാകും.


പ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന
പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.


സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പിശീലനം നല്‍കും.


അഗ്നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍.സി.സി., എന്‍.എസ്.എസ്., എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവډാരും ഡയറക്ടറേറ്റിന്‍റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്‍റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.
ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കോര്‍പ്പറേഷന്‍ മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക.


പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സമൂഹമൊന്നാകെ ഒന്നിച്ചു നില്‍ക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.

നിയമനങ്ങള്‍
പി.ഡബ്ല്യൂ. ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. സിങിനെ ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. മൃഗസംരക്ഷണ – ക്ഷീര വകുപ്പിന്‍റെ അധിക ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും.


ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
അവധികഴിഞ്ഞ് തിരിച്ചെത്തുന്ന ഹരിത വി. കുമാറിനെ പൊതുഭരണവകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.


ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെയും സിവില്‍സപ്ലൈസ് കമ്മിഷണറുടെയും അധിക ചുമതല നല്‍കി.


മൊറട്ടോറിയം നീട്ടാന്‍ അപേക്ഷിക്കും
കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.


സംസ്ഥാനത്ത് പൊതു ആവശ്യത്തിന് സാധാരണമണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ കഴിയുംവിധം 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.


ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ പൊള്ളലേറ്റു മരണപ്പെട്ട കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പി. പ്രകാശിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.


കൊച്ചി മെട്രോ ലിമിറ്റഡിന്‍റെ പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ സംരക്ഷണ സേനയില്‍ 80 പോലീസ് സേനാംഗങ്ങളുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചെലവ് കൊച്ചി മെട്രോ വഹിക്കണമെന്ന നിബന്ധനയോടെയാണ് തസ്തികകള്‍ അനുവദിക്കുന്നത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ : 26-12-2019

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍
അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13-ല്‍ കുറയാനോ 23-ല്‍ കൂടാനോ പാടില്ല. അത് 14 മുതല്‍ 24 വരെ ആക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയില്‍ വര്‍ദ്ധിക്കും. ജില്ലാപഞ്ചായത്തില്‍ നിലവില്‍ അംഗങ്ങളുടെ എണ്ണം 16 -ല്‍ കുറയാനോ 32-ല്‍ കൂടാനോ പാടില്ല. അത് 17 മുതല്‍ 33 വരെ ആക്കാനാണ് നിര്‍ദ്ദേശം.


മുന്‍സിപ്പല്‍ കൗണ്‍സിലിലും ടൗണ്‍പഞ്ചായത്തിലും ഇരുപതിനായിരത്തില്‍ കവിയാത്ത ജനസംഖ്യയ്ക്ക് നിലവില്‍ 25 അംഗങ്ങളാണ് ഉള്ളത്. ഇരുപതിനായിരത്തില്‍ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52 അംഗങ്ങള്‍ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് ഓരോന്ന് വീതവുമാണ് വര്‍ദ്ധിക്കുക. നിലവില്‍ 25 അംഗങ്ങളുള്ള മുന്‍സിപ്പല്‍ കൗണ്‍സിലില്‍ നിര്‍ദ്ദിഷ്ട ഭേദഗതി പ്രകാരം 26 പേര്‍ ഉണ്ടാവും. പരമാവധി 52 എന്നത് 53 ആകും.


നാല് ലക്ഷത്തില്‍ കവിയാത്ത കോര്‍പ്പറേഷനില്‍ ഇപ്പോള്‍ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോര്‍പ്പറേഷനില്‍ ഇപ്പോള്‍ പരമാവധി 100 കൗണ്‍സിലര്‍മാരാണുള്ളത്. അത് 101 ആകും.


ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.
________
നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീര്‍പ്പുകരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പിനാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിനെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.
________
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാര്‍ക്ക് ഇ.പി.എഫ് പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിന് പെന്‍ഷന്‍ പ്രായപരിധി 60 വയസ്സായി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ഐ.എ.എസ്, ഐ.പി.എസ് പ്രൊമോഷന്‍ പാനല്‍
1995 ഐ.എസ് ബാച്ചിലെ എം.ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


2004 ഐ.എസ് ബാച്ചിലെ അലി അസ്ഗര്‍ പാഷ, കെ.എന്‍. സതീഷ്, ബിജു പ്രഭാകര്‍ എന്നിവരെ സൂപ്പര്‍ ടൈം സ്‌കെയില്‍ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


2007 ഐ.എസ് ബാച്ചിലെ എന്‍. പ്രശാന്തിനെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
2002 ഐ.പി.എസ് ബാച്ചിലെ സ്പര്‍ജന്‍ കുമാര്‍, ഹര്‍ഷിതാ അട്ടല്ലൂരി എന്നിവരെ ഐ.ജി ഓഫ് പോലീസ് പദിവിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


2007 ഐ.പി.എസ് ബാച്ചിലെ ദബേഷ് കുമാര്‍ ബഹ്‌റ, രാജ്പാല്‍ മീണ, ഉമ, വി.എന്‍. ശശിധരന്‍ എന്നിവരെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


1995 ഐ.പി.എസ് ബാച്ചിലെ എസ്. സുരേഷ്, എം.ആര്‍ അജിത് കുമാര്‍ എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


1995 ഐ.എഫ്.എസ് ബാച്ചിലെ രാജേഷ് രവീന്ദ്രന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പദവിയിലേയക്ക് സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.


2006 ഐ.എഫ്.എസ് ബാച്ചിലെ കെ.വിജയാനന്ദന്‍, ആര്‍. കമലാഹര്‍, പി.പി പ്രമോദ് എന്നിവരെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലേയ്ക്ക് സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

______

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിന്റെ കാലാവധി 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

______

2019 ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ജി.എസ്.ടി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ : 18-12-2019

നിയമനങ്ങള്‍
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഇഷിതാ റോയിയെ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിന് ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെയും കെ.എഫ്.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെയും അധികചുമതല നല്‍കാന്‍ തീരുമാനിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഴുവന്‍ സമയ കമ്മീഷണറായി നിയമിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടര്‍ ബി.എസ്. തിരുമേനിയുടെ സേവനം ദേവസ്വം വകുപ്പിന് വിട്ടു നല്‍കാന്‍ തീരുമാനിച്ചു.
രജിസ്‌ട്രേഷന്‍ ഐ.ജി എ.അലക്‌സാണ്ടറിന് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ഹൗസിംഗ് കമ്മീഷണറുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.


കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കറിന് കൃഷി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.


നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍ പുതുതായി ഉൾപ്പെടുത്തിയ 14 – ഇ എന്ന വ്യവസ്ഥയും അനുബന്ധവിഷയങ്ങളും പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ്. കെ.കെ ദിനേശനെ ഏകാംഗ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു.


പഴയകാല മലബാര്‍ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം ഭൂവുടമസ്ഥന് നഷ്ടപരിഹാരം നല്‍കാതെ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള കേരള മിനറല്‍സ് ( വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.


കോട്ടയം ജില്ലയിലെ മരങ്ങാട്ടു പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവിന്റെ മരണം സംബന്ധിച്ച കേസ് സി.ബി.ഐ അനേ്വഷണത്തിനു വിടാന്‍ തീരുമാനിച്ചു.


സിബിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ശ്രീവല്ലഭന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സി.ബി.ഐ അനേ്വഷണത്തിന് തീരുമാനമെടുത്തത്.

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച എം.എസ്.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ സി.കെ. ബിജുവിന്റെ ആശ്രിതര്‍ക്ക് മുന്‍ഗണനാക്രമം മറികടന്ന് ആശ്രിത നിയമനം നല്‍കാന്‍ തീരുമാനിച്ചു.


11-ാം ശമ്പള പരിഷ്‌കരണത്തിന്റെ പ്രവര്‍ത്തനത്തിന് 14 തസ്തികകള്‍ ധനകാര്യ വകുപ്പില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.


പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ സുധാ കലയുടെ മകള്‍ ഹരിഷ്മയ്ക്ക് തുടര്‍ ചികിത്സയ്ക്ക് 3.12 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കാന്‍ തീരുമാനിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ : 11-12-2019

പാലിയേറ്റീവ് പരിചരണ നയം അംഗീകരിച്ചു
2019 ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു. എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയത് കേരളമാണ്.


സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത സംഘടനകള്‍, സര്‍ക്കാര്‍ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. മെഡിക്കല്‍ കോളേജുകളെ പാലിയേറ്റീവ് പരിചരണ രംഗത്തെ മികവിന്‍റെ കേന്ദ്രങ്ങളാക്കും.


കേരള പുനര്‍നിര്‍മ്മാണ പദ്ധതി: പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. ദുരന്തത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനും ‘നമ്മള്‍ നമുക്കായി’ എന്ന ജനകീയ ക്യാമ്പയിന്‍ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികള്‍ക്കും മാപ്പത്തോണ്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. കേരള പുനര്‍ നിര്‍മ്മാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയുടെ പേരില്‍ ലോക ബാങ്കിന്‍റെ വികസന വായ്പയില്‍ നിന്നും നടപ്പാക്കും.


വസന്തോത്സവം 2020 ല്‍ പങ്കെടുക്കുന്ന വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ അനുമതി നല്‍കി. പരമാവധി 5 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 2019 ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം.


പൊതുമരാമത്ത് വകുപ്പില്‍ പുതുതായി നിലവില്‍ വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങള്‍ വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തികകള്‍ വകുപ്പിന്‍റെ വിവിധ കാര്യാലയങ്ങളില്‍ നിന്നും പുനര്‍ വിന്യാസത്തിലൂടെ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് 13, സീനിയര്‍ ക്ലാര്‍ക്ക്/ക്ലാര്‍ക്ക് 152, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് 4, ടൈപ്പിസ്റ്റ് 47, ഓഫീസ് അറ്റന്‍ഡന്‍റ് 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനര്‍ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീ രിയല്‍ തസ്തികകളുടെ പദവി ഉയര്‍ത്താനും തീരുമാനിച്ചു.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷനായ പി.സുരേഷിന് ചീഫ് സെക്രട്ടറി പദവിയും കെ.എസ്.ആര്‍ ഭാഗം 3 ചട്ടം 100 പ്രകാരം വേതനവും നല്‍കാന്‍ തീരുമാനിച്ചു.2020 ജനുവരി 1, 2, 3 തീയതികളില്‍ നടക്കുന്ന രണ്ടാമത് ലോകകേരള സഭയുടെ കാര്യപരിപാടികള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.


നിയമനങ്ങള്‍/സ്ഥലംമാറ്റങ്ങള്‍
പൊതുഭരണവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സൈനിക് വെല്‍ഫെയല്‍, പ്രിന്‍റിംഗ് & സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി.


പ്രളയ പുനര്‍നിര്‍മ്മാണം:
മന്ത്രിസഭ അംഗീകരിച്ച പദ്ധതികള്‍ക.

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിന് “നമ്മള്‍ നമുക്കായ്” എന്ന ജനകീയ പ്രചാരണം, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് നിലവിലുള്ള കാഴ്ചപ്പാടുകളിലും നയങ്ങളിലും തിരുത്തലുകള്‍ ആവശ്യമാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാദേശികവും സമൂഹാ ധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പുതിയ നയങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ജനകീയ പ്രചാരണം സംഘടിപ്പിക്കുന്നത്.


 കൃഷിവകുപ്പ് സമര്‍പ്പിച്ച 182.76 കോടി രൂപ ചെലവു വരുന്ന 12 പദ്ധതികള്‍ അംഗീകരിച്ചു.
1. സംയോജിത കൃഷിയിലൂടെ ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതി. ഇടുക്കി, വയനാട് ജില്ലകള്‍ക്ക് പ്രത്യേക ഊന്നല്‍. (50 കോടി രൂപ)
2. അതിരപ്പള്ളി ട്രൈബല്‍ വാലി കാര്‍ഷിക വികസന പദ്ധതി (7.92 കോടി രൂപ).
3. അട്ടപ്പാടിയ്ക്ക് സമഗ്ര കൃഷി വികസന പദ്ധതി (7.99 കോടി രൂപ)
4. പഴം, പച്ചക്കറി വിപണന ശൃംഖല ശക്തിപ്പെടുത്തുന്ന പദ്ധതി (15 കോടി രൂപ)
5. തോട്ടകൃഷിയ്ക്കും പുഷ്പകൃഷിയ്ക്കും മികവിന്‍റെ കേന്ദ്രം (4 കോടി രൂപ).
6. കുട്ടനാടിന്‍റെ നെല്‍കൃഷിയുടെ സുസ്ഥിരവികസനത്തിന് ആവാസ വ്യവസ്ഥ (2.91 കോടി രൂപ).
7. യന്ത്രവല്‍കൃത കൃഷിയിലൂടെ വടക്കന്‍ കേരളത്തില്‍ ഓര്‍ഗാനിക് കൃഷി, ജൈവ വൈവിധ്യ കൃഷി എന്നിവ വികസിപ്പിക്കാന്‍ പദ്ധതി ( 3 കോടി രൂപ).
8. ചെങ്ങന്നൂര്‍ സമൃദ്ധി തരിശു രഹിത മണ്ഡലം പദ്ധതി (10 കോടി രൂപ).
9. മുണ്ടേരിയിലും മറ്റ് കൃഷി ഭവനങ്ങളിലും ഡിപ്പാര്‍ട്ട്മെന്‍റ് ഫാം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി (6 കോടിരൂപ)
10. പ്രളയബാധിത ജില്ലകളില്‍ മണ്ണ് സംരക്ഷണം (60.94 കോടി രൂപ).
11. നേര്യമംഗലത്ത് സംയോജിത ഫാം മാനേജ്മെന്‍റ് (10 കോടി രൂപ).
12. കാര്‍ഷിക കര്‍മ സേനകളും കാര്‍ഷിക സേവന കേന്ദ്രങ്ങളും ശക്തിപ്പെടുത്തുന്ന പദ്ധതി (5 കോടി രൂപ).


പ്രളയത്തില്‍ തകര്‍ന്ന മത്സ്യബന്ധനന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ (2 കോടി). ശുദ്ധജല അലങ്കാര മത്സ്യം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രൂഡ് ബാങ്ക് (98 ലക്ഷം രൂപ). അക്വാറിയം ഫാബ്രിക്കേഷന്‍ യൂണിറ്റ് (4 ലക്ഷം രൂപ), അക്വാറ്റിക് പ്ലാന്‍റ് പ്രൊഡക്ഷന്‍ യൂണിറ്റ് (1.85 ലക്ഷം) ആകെ 3.03 കോടി രൂപ.


തദ്ദേശ സ്വയംഭരണവകുപ്പിലെ വിവിധ പാലങ്ങളുടെയും തൂക്കുപാലങ്ങളുടെയും പുനര്‍നിര്‍മാണം.


ദുരന്ത പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്‍റെ വിശദമായ പ്രാദേശിക ഭൂപടം പങ്കാളിത്ത അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന പദ്ധതി. ചെലവ് 4.24 കോടി രൂപ. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് പ്ലാറ്റ്ഫോമിലാണ് ഇതു തയ്യാറാക്കുക.

കേരളത്തിന്റെ സ്വന്തം ബാങ്ക്, ‘കേരള ബാങ്ക് ‘യാഥാർഥ്യമായി

 ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വികസന മുന്നേറ്റത്തിനും ഊർജ്ജം പകരുന്നതിൽ ബാങ്കിങ് മേഖലയ്ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ട്. നമ്മുടെ നാടിന്റെ പുരോഗതിക്കും സമഗ്ര വികസനത്തിനും ഗുണകരമാകും എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം രൂപം കൊണ്ടത്. പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്ത പ്രകാരം സർക്കാരിന്റെ മൂന്നര വർഷം പിന്നിടുമ്പോൾ ബാങ്കിങ്‌ മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്.


എന്താണ് കേരളബാങ്ക് ?

 സംസ്ഥാന സഹകരണബാങ്കും  ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാന തലത്തില്‍ ഒരു ബാങ്ക് , ഇതായിരുന്നു പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം. കേരളത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങളെ സംയോജിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. സാധാരണ ജനങ്ങള്‍ക്ക് പലിശ കുറച്ച് വായ്പകള്‍ നല്‍കുക, വിദേശ മലയാളികളുടേത് ഉള്‍പ്പെടെയുള്ള നിക്ഷേപം സാധ്യമാക്കുക, കേരളത്തിന്റെ സാമൂഹിക വിഷയങ്ങളില്‍ കൂടി ഇടപെടാന്‍ കഴിയുന്ന ബാങ്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു കേരളാ ബാങ്ക് എന്ന ആശയത്തിനു പിന്നില്‍.  ഏവര്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേരള ബാങ്കിന്റെ രൂപീകരണ ലക്ഷ്യം. 


സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരള ബാങ്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.  കേരളബാങ്ക് രൂപീകരണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രൊഫസര്‍ ഡോ.എം.എസ്.ശ്രീറാം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഐ.ഐ.എം)  അധ്യക്ഷനായുള്ള വിദഗ്ധസമിതിയെ നിയോഗിച്ചു. ഈ വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ബാങ്ക് രൂപീകരണത്തിനായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചു.


കേരള ബാങ്ക്  പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അതിനെ എല്ലാം അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നു. ഒടുവില്‍ റിസര്‍വ്വ് ബാങ്ക് നിബന്ധനകളോടെ കേരളാ ബാങ്കിന് അനുമതി നല്‍കി. കേസുകളില്‍ ഹോക്കോടതിയും തീരുമാനമെടുത്തതോടെ കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടി യാഥാര്‍ത്ഥ്യമായി. കേരള ബാങ്കിന്റെ ഒദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.


കേരള ബാങ്ക് രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്ന നേട്ടങ്ങള്‍

 

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് വളരാനുളള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. കാര്‍ഷിക-വ്യാവസായിക രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തി പകരും. . ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കാനും, വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതിനും, മൈക്രോ ഫൈനാന്‍സ് രംഗത്ത് കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ  വരവ് സഹായകമാകും.


കേരള ബാങ്കിലൂടെ കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കാന്‍ കഴിയും. കര്‍ഷകര്‍ക്ക് നിലവിലെ  പലിശ നിരക്കില്‍ നിന്നും കുറച്ചു വായ്പ നല്‍കാനാകും. കാര്‍ഷികേതര വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാന്‍ സാധിക്കും. കേരള ബാങ്ക്  വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപം ശേഖരിക്കാന്‍ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശ നാണയ വിനിമയവും വ്യാപാരവും വര്‍ദ്ധിക്കും. പൊതുമേഖല, സ്വകാര്യ മേഖല-ന്യൂ ജനറേഷന്‍ ബാങ്കുകള്‍ കൈയടക്കി വച്ചിരിക്കുന്ന എന്‍.ആര്‍.ഐ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പാവിതരണശേഷിയില്‍ കുതിച്ചുചാട്ടമുണ്ടാകും.


സമ്പൂര്‍ണ്ണമായും സാങ്കേതിക വിദ്യയിലൂന്നിയ ബാങ്കിംഗ് പ്രവര്‍ത്തനം സാധ്യമാകും. ഡിജിറ്റല്‍ ഇടപാടിന്റെയും മറ്റ് സര്‍വ്വീസ് ചാര്‍ജ്ജുകളുടേയും പേരില്‍ പൊതുമേഖലാ- സ്വകാര്യ – ന്യൂജനറേഷന്‍ ബാങ്കുകളുടെ ചൂഷണവും അവസാനിപ്പിക്കാനാകും. സഹകരണ ബാങ്കിംഗ് മേഖല അതിനൂതന സാങ്കേതിക മികവിലേയ്ക്ക് വരുമ്പോള്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ഈ മേഖലയിലേയ്ക്ക് കൂടുതലായി ആകര്‍ഷിക്കാനാകും. ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ 50 വയസ്സിന് താഴെ പ്രായമുള്ള ഉപഭോക്താക്കള്‍ 23 % ത്തിനടുത്ത് മാത്രമാണ്. യുവതലമുറയ്ക്ക് വേണ്ട സാങ്കേതിക സൗകര്യങ്ങളൊരുക്കാന്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ബാങ്കുകളേക്കാള്‍ ഏകോപിതമായ കേരള ബാങ്കിനായിരിക്കും കഴിയുക. മാത്രമല്ല, യുവതലമുറ ആഗ്രഹിക്കുന്ന ‘ബ്രാന്‍ഡ് മൂല്യം’ ആര്‍ജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും.


കേരളത്തിലെ എറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

ജില്ലാ സഹകരണബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതോടെ എല്ലാത്തരം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്താന്‍  പ്രാപ്തിയുള്ള, റിസര്‍വ്വ് ബാങ്ക് അനുമതിയുള്ള ദേശീയ/അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബാങ്കായി കേരള ബാങ്കിന് ഉയരാന്‍ കഴിയും. കേരള ബാങ്ക് നിലവില്‍ വരുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി അത് മാറും.കേരള ബാങ്കിന് തുടക്കത്തില്‍ 825 ബ്രാഞ്ചുകള്‍ ഉണ്ടാകും. നിലവില്‍ 65000-ത്തിലധികം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്‍.ആര്‍.ഐ. നിക്ഷേപമടക്കം സ്വീകരിക്കാന്‍ അനുമതി ലഭിക്കുകയും, പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കേരള ബാങ്ക് സേവനം ഗ്രാമീണ ജനതയിലേയ്ക്ക് എത്തിക്കുവാന്‍ കഴിയുകയും ചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്നതില്‍ സംശയമില്ല.


സംസ്ഥാന ജില്ലാ ബാങ്കുകള്‍ക്ക് പുറമെ കേരളത്തില്‍ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകളുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍ അല്ലെങ്കില്‍ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി 4500 ത്തിലധികം ബ്രാഞ്ചുകള്‍ ഉണ്ട്. ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഉണ്ടാകുന്ന ബാങ്കിംഗ് നെറ്റ് വര്‍ക്ക് സംസ്ഥാനത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പര്യാപ്തമാകും.


21 പൊതുമേഖലാ ബാങ്കുകളും, ഒരു ഗ്രാമീണ്‍ ബാങ്കും 19 സ്വകാര്യ വാണിജ്യ ബാങ്കുകളും 2 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉള്‍പ്പെടുന്ന കേരളത്തിലെ വാണിജ്യ ബാങ്കിംഗ് രംഗത്തിന് ബദലായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിനും, കേരള ബാങ്കിന്റെ അംഗങ്ങളാകുന്ന 1600 ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും സംസ്ഥാന താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.


കേരളബാങ്ക് രൂപീകരിക്കുമ്പോള്‍  ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. അവരാണ് കേരള ബാങ്കിന്റെ നേരവകാശികളും ഉടമകളും. കാര്‍ഷിക വായ്പാ-ബാങ്കിംഗ് പ്രവര്‍ത്തനത്തെ സംശുദ്ധമായി നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഈ നിലപാടിന് അടിസ്ഥാനം.  എല്ലാ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും കേരള ബാങ്ക് വഴി ഇടപാടുകാരിലെത്തും. കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ ലഭിക്കുന്നതിന് സാഹചര്യമുണ്ടാകും. അംഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്നതിനും അതിലൂടെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കഴിയുമെന്നതാണ് മറ്റൊരു മെച്ചം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ഗ്രാമീണ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറുന്നതിന് സാധിക്കും.


കേരള ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തമാകയാല്‍ നബാര്‍ഡില്‍ നിന്നും പുനര്‍വായ്പാ തുക വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നത് എടുത്തുപറയേണ്ടതാണ്. അതുവഴി കാര്‍ഷിക വായ്പാ തോത് വര്‍ദ്ധിപ്പിക്കാനാകും. കേരള ബാങ്കിന്റെ പ്രവര്‍ത്തന മൂല്യം ഉയരുന്നതിനനുസരിച്ച് ലാഭവിഹിതം ഉയര്‍ന്ന തോതില്‍ ലഭിക്കുകയും ചെയ്യും. മൈക്രോഫിനാന്‍സ് രംഗത്ത് ഫലപ്രദമായ ഇടപെടല്‍ സാധ്യമാക്കുന്നതിനും കഴിയും. വായ്‌പേതര സഹകരണ സംഘങ്ങള്‍ക്കും നിലവിലെ രീതിയില്‍ എല്ലാവിധ അധികാരങ്ങളും സേവനങ്ങളും നല്‍കുന്നതോടൊപ്പം ബാങ്കിംഗ് ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ നല്‍കാനുമാകും. 


നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയിലേക്ക് ഉയരും.  (ആര്‍.ബി.ഐ ആക്ട് 1934 പ്രകാരം ജില്ലാ ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ ഷെഡ്യൂള്‍ഡ് പദവിക്ക് അര്‍ഹതയുണ്ടായിരുന്നില്ല). സംസ്ഥാന സഹകരണ ബാങ്കിനാകട്ടെ കേരള ബാങ്കിലൂടെ  സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാകും. ലയനത്തിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് വഴി കേരളത്തിന്റെ വികസന പ്രക്രിയയില്‍ കൂടുതലായി ഇടപെടുന്നതിന് സാധിക്കും. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കേരള ബാങ്കിലൂടെ കഴിയും. 


കോര്‍ ബാങ്കിംഗ്, ആധുനിക ബാങ്കിംഗ് സൗകര്യങ്ങളെയെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലൂടെ മേല്‍നോട്ടം നടത്താന്‍ റിസര്‍വ് ബാങ്കിനും, നബാര്‍ഡിനും സാധിക്കും. പ്രൊഫഷണല്‍ മികവുള്ള ഉന്നത ഉദ്യോഗസ്ഥരും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും വരുന്നതിലൂടെ ബാങ്കിനെ കൂടുതല്‍ കാര്യക്ഷമതയിലേയ്ക്ക് കൊണ്ടു വരുന്നതിനും സാധിക്കും. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് ബാധകമായ എല്ലാനിയമങ്ങളും നടപ്പാക്കാനാകുന്നുവെന്നത് സുതാര്യത കൂടുതല്‍ ഉറപ്പ് വരുത്താന്‍ കാരണമാകും.


കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ ബാങ്കിംഗ് മേഖലയില്‍ ലോകത്തിന് മുമ്പില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഡിജിറ്റല്‍ ഇന്ത്യ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതിന് ഇത് പ്രയോജനപ്പെടും. പ്രാദേശിക സമ്പദ്‌വ്യവസഥയെ കൂടുതല്‍ ഉല്പാദനപരവും ചലനാത്മകവുമാക്കുന്നുവെന്നത് നമ്മുടെ കമ്പോളത്തില്‍ ഉണര്‍വ്വ് പ്രദാനം ചെയ്യും. വികസന ലക്ഷ്യത്തിനനുസരിച്ച് സാമ്പത്തിക പിന്തുണ നല്‍കുവാന്‍ സാധിക്കുമെന്നത് സംസ്ഥാനത്തിന് വലിയ വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ധൈര്യം നല്‍കും. കാര്യക്ഷമമായ ഭരണനിയന്ത്രണത്തിന് കേരള ബാങ്കിലൂടെ സാധിക്കും.


പ്രാഥമിക സഹകരണ സംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രതിനിധികള്‍ കേരള ബാങ്കിന്റെ ഭരണാധികാരികളാകും. സഹകരണ ജനാധിപത്യത്തിലൂന്നിയ വലിയ ഒരു ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് സഹകാരികള്‍ക്ക് അഭിമാനകരമാകുമെന്നതില്‍ തര്‍ക്കമില്ല. യുവതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങല്‍ ലഭിക്കുന്നതിനും കേരള ബാങ്ക് വഴി സാധിക്കും. നാടിന്റെ വികസനത്തിന് ജനതയുടെ ബാങ്ക് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും.

ലക്ഷ്യം ദീര്‍ഘകാല വികസനം

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് സഹായകമായി ശക്തമായ സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്‍ അനിവാര്യമാണ്.  സര്‍ക്കാരിന്റെ നവകേരള മിഷനിലൂടെ നല്ല പൊതു വിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക-പാരിസ്ഥിതിക വികസനം, ഭവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം നമ്മുടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ കഴിയണം. ഈ ഗതിവേഗത്തിന് രാസത്വരകമാകുന്ന കേരള ബാങ്ക് നമുക്ക് സ്വന്തമായ, ശക്തമായ ഒരു സാമ്പത്തിക ജീവനാഡിയായിരിക്കും. 

നിക്ഷേപവാഗ്ദാനവുമായി ജപ്പാനും കൊറിയയും

കേരളത്തിന്റെ ഭാവിക്കനുയോജ്യമായ  അടിസ്ഥാന സൗകര്യ വികസനം, അതിനുതകുന്ന വിധം നിക്ഷേപങ്ങളെയും ആധുനിക വ്യവസായങ്ങളെയും ആകര്‍ഷിക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കുക എന്നിവ പ്രകടന പത്രികയില്‍ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളാണ്. ഈ സമീപനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഫലമായാണ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ നാം വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്.


അതിന്റെ തുടർച്ച എന്ന നിലയിൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജം പകരുന്ന തരത്തിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഇത്തവണത്തെ വിദേശ യാത്രയുടെ ലക്ഷ്യം


അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തന്‍ വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ചയുടെ അടുത്ത പടിയിലേക്കു കടക്കുക എന്ന നിലയ്ക്കാണ് ജപ്പാനും കൊറിയയും സന്ദര്‍ശിച്ചത്. വളരെ വിജയകരമായി സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു 


ഉത്പാദനം വര്‍ദ്ധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുക എന്നതാണ് നിലപാട്. അങ്ങനയേ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുനയിക്കാനാവൂ. അതിന് ശാസ്ത്ര സാങ്കേതിക രംഗത്ത് മാനവരാശി ആര്‍ജ്ജിച്ച വിജ്ഞാനങ്ങളെ ആകെ ഉള്‍ക്കൊള്ളാന്‍ കഴിയണം. അവയെ നാടിന്റെ സവിശേഷതയ്ക്കനുസൃതമായി ഉത്പാദന രംഗത്ത് പ്രയോഗിക്കുകയും വേണം. ജപ്പാനും കൊറിയയും പോലുള്ള രാജ്യങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ അറിവുകളെ ഉപയോഗിച്ച് വികസനത്തിന്റെ പല മേഖലകളിലും മുന്നോട്ടുപോയിട്ടുള്ളവരാണ്. പാരിസ്ഥിതിക സവിശേഷതകളെ ഉള്‍ക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകള്‍ക്കു നല്‍കുന്ന സവിശേഷ പ്രാധാന്യം കേരളം പോലെ പ്രകൃതി ദുരന്തങ്ങള്‍ അലട്ടുന്ന പ്രദേശങ്ങള്‍ക്ക് പ്രധാനമാണ്.


ഓരോ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിനു ശേഷവും അതുകൊണ്ടുണ്ടായ ഗുണങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. . കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം (മെഡിക്കല്‍ എക്വിപ്‌മെന്റ്), ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്‌കരണം, മല്‍സ്യബന്ധനം, നൈപുണ്യ വികസനം, മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്കൊക്കെ ഗുണകരമാവുന്ന സന്ദര്‍ശനമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.


ഈ യാത്ര യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഒന്നാണ്. അതുകൊണ്ടു തന്നെ, യാത്രയിലെ ഓരോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കള്‍ക്ക് ഗുണകരമായി ഭവിക്കുന്നു എന്നുറപ്പു വരുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കള്‍ക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ട്.


ജപ്പാന്‍

 

ചില ജാപ്പനീസ് കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്, വ്യവസായങ്ങള്‍ നടത്തുന്നുമുണ്ട്. അവര്‍ക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കേരളം ജാപ്പനീസ് നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വളരെ അനുയോജ്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം കുറേക്കൂടി ഫലവത്തായി പ്രയോജനപ്പെടുത്താനാണ് ജപ്പാനിലെ സന്ദര്‍ശങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ശ്രമിച്ചത്.ചെറുകിട ഇടത്തര വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യവുമാണ്. ഇവ രണ്ടും തന്നെ കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളാണ്. അതുകൊണ്ട്, അവയെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിച്ചത്.


ജപ്പാനിലെ ആദ്യ മീറ്റിംഗില്‍ തന്നെ കേരളത്തിലേക്ക് ഇരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കുവാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ ജപ്പാന്‍ സന്ദര്‍ശനം ഒരു ശുഭാരംഭമായിരുന്നു. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് എത്തുമെന്ന ഉറപ്പ് നേടാനായി.


കേരളത്തില്‍ നാല് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള നീറ്റ ജെലാറ്റിന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ കൂടി നിക്ഷേപിക്കുവാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപ സൗഹാര്‍ദ സാഹചര്യത്തിനുള്ള അംഗീകാരം കൂടിയാണിത്.


ടെറുമോ കോര്‍പറേഷന്‍ തിരുവനന്തപുരത്തുള്ള ടെറുമോ പെന്‍പോളില്‍ 105 കോടി രൂപയുടെ നിക്ഷേപം നടുത്തവാനും തീരുമാനിച്ചു. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തില്‍ ഉത്പാദിപ്പിക്കാനാവുന്ന പദ്ധതിയാണിത്.


തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്സൈഡ് (എല്‍ ടി ഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിനു താത്പര്യപത്രം ഒപ്പു വെച്ചു. കേരളത്തിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്നു ഇത്തരം നൂതന ബാറ്ററി പാക്കിങ് യുണിറ്റ് തുടങ്ങുവാനാണ് ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഒരിടത്തും ഇത്തരം ഇത്തരം ബാറ്ററി നിര്‍മ്മിക്കുന്ന ഫാക്ടറി ഇല്ല.


2022 ആവുമ്പോഴേക്കും കേരളത്തില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുവാന്‍ ഉദ്ദേശിച്ചുള്ള വൈദ്യുത വാഹന നയം നമ്മുക്കുണ്ട്. അത് ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാനുള്ള വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. സ്വിസ്സ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് ഇലക്ട്രിക് ബസ് നിര്‍മിക്കുന്നുണ്ട്. അതിലും കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളിലും എല്‍ ടി ഒ ഇലക്ട്രിക് ബാറ്ററി ഉപയോഗിക്കും.വൈദ്യുതി വാഹനങ്ങള്‍ക്കായി അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുള്ള പഠനം നടന്നു കൊണ്ടിരിക്കുന്നു, അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് തോഷിബയുമായുള്ള കരാറില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.


ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജന്‍ ഫ്യൂല്‍ സെല്‍ ഫാകറ്ററി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചര്‍ച്ചകള്‍ നടന്നു. ഇതിനായി ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെക്കും.


എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്‌സില്‍ ഒരു ലൂബ്രിക്കന്റ് ബ്ലെന്‍ഡിങ് യൂണിറ്റ് സ്ഥാപിക്കുവാന്‍ ജിഎസ് കാള്‍ടെക്‌സ് കോര്‍പറേഷന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


ഐടിയിലും, ആയുര്‍വേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത നേരിട്ട് മനസ്സിലാക്കാന്‍ ജപ്പാനിലെ സനിന്‍ പ്രവിശ്യയില്‍ നിന്നും 5 മേയര്‍മാര്‍ അടങ്ങുന്ന സംഘം കേരളത്തിലേക്ക് വരുന്നുണ്ട്.


ടോക്കിയോയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ 150-ഓളം നിക്ഷേപകര്‍ പങ്കെടുത്തു. നിര്‍മാണം, വ്യാവസായിക അടിസ്ഥാന വികസനം, മാര്‍ക്കറ്റിങ് ഹബ്, ആരോഗ്യം, ടൂറിസം, എടി, ബയോ-ടെക്നോളജി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്തുവാന്‍ അവരെ ക്ഷണിച്ചു.


ഇവിടെ നിലവില്‍ നിക്ഷേപം നടത്തിയ നിസാന്‍, ഫ്രാസ്‌കോ ഉള്‍പ്പടെയുള്ള കമ്പിനികള്‍ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ മതിപ്പോടെയാണ് കാണുന്നത് എന്ന് അവിടെ വ്യക്തമാക്കപ്പെട്ടു. ഇത് കേരളത്തിലേക്ക് ഇനിയും നിക്ഷേപം കൊണ്ടുവരുന്നതിനു സഹായകരമായ അനുഭവമായി.ജപ്പാന്‍ എക്‌സ്റ്റേര്‍ണല്‍ ട്രേഡ് ഒരഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുവാന്‍ അവരെ ക്ഷണിച്ചു.


വിദ്യാഭ്യാസ-നൈപുണ്യ രംഗം

കേരളത്തില്‍ നിന്നുമുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഒസാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാന്‍ഡ്വിച് കോഴ്‌സുകള്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള താത്പര്യം അവര്‍ അറിയിച്ചിട്ടുണ്ട്.ഷിമാനെ യൂണിവേഴ്‌സിറ്റി കുസാറ്റുമായി ചേര്‍ന്ന് 4+2 വര്‍ഷത്തിന്റെ രണ്ടു യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സ് ആരംഭിക്കുവാനും തീരുമാനമായി. കേരളത്തില്‍ ആറു മാസം, ജപ്പാനില്‍ ആറു മാസം, എന്ന തരത്തില്‍ വരുന്ന ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേര്‍ന്ന് ആരംഭിക്കുവാനുള്ള നടപടികളിലേക്ക് കടക്കുവാനും ധാരണയായി. കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളുമായും സമാന കോഴ്സുകള്‍ തുടങ്ങുന്നതിനെ പറ്റി ഷിമാനെ യൂണിവേഴ്‌സിറ്റി ചര്‍ച്ച ചെയ്യും.ഷിമാനെ യൂണിവേഴ്‌സിറ്റിയില്‍ യുനെസ്‌കോയുടെ ഭൂ-പരിസ്ഥിതി ദുരന്ത ലഘൂകരണ ചെയര്‍ പ്രൊഫ ഫാവു വാങിന്റെ സഹായത്തോടെ കേരളത്തിലും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ശേഷി വികസനം നടത്തും.കേരളത്തിന്റെ 2 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ജാപ്പനീസ് ഭാഷാ കോഴ്‌സ് തുടങ്ങുവാന്‍ അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്നിക്കല്‍ സ്‌കോളര്‍ഷിപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


കൊറിയ

സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യമാണ് ജപ്പാനെ പോലെ തന്നെ കൊറിയയും. കേരളത്തെ കൊറിയയ്ക്കു പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് കൊറിയന്‍ യാത്രയില്‍ ഏറ്റെടുത്തത്.സമുദ്രോത്പദന-ഭക്ഷ്യകയറ്റുമതി നേരിട്ട് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ആയി. ചേര്‍ത്തലയിലെ സമുദ്രോത്പന്ന സംസ്‌കരണ മേഖല സന്ദര്‍ശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കുവാനും തുടര്‍ന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇമ്പോര്‍ട്ടര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കെ എസ് ഐ ഡി സി യുടെ ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെന്റര്‍ തുടങ്ങുവാനും ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ വിയാറ്റ്നാം വഴിയാണ് പോവുന്നത്, ടെസ്റ്റ് സെന്റര്‍ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്തുവാന്‍ കഴിയും.


ഹ്യുണ്ടായിയുടെ വാഹന പാര്‍ട്‌സ് സപ്ലയര്‍ ആയ എല്‍കെ ഹൈ-ടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുവാന്‍ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.


ഐടി, എല്‍.ഇ.ഡി നിര്‍മ്മാണം, ഓട്ടോമൊബൈല്‍ കംപോണേന്റ്‌സ്, ഭക്ഷ്യ സംസ്‌കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ്, സപ്ലെ ചെയിന്‍ തുടങ്ങിയ മേഖലകളിലില്‍ നിക്ഷേപിക്കുവാനാണ് കൊറിയയില്‍ നിന്നും നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചത്.


വിദ്യാഭ്യാസ നൈപുണ്യ രംഗത്ത്കേരളത്തിലെ ഫിഷറീസ് യൂണിവേഴ്സിറ്റിയും ഫുഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കുവാന്‍ പോകുന്ന വേള്‍ഡ് ഫിഷറീസ് യുണിവേഴ്‌സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുക്യോങ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ട്രെയിനിങ് പ്രോഗ്രാം തയ്യാറാക്കും. ആയുര്‍വേദ രംഗത്തും സഹകരിക്കുന്നതിനുള്ള താത്പര്യം പുക്യോങ് യൂണിവേഴ്‌സിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്.


ബുസാന്‍ പോര്‍ട്ട് അതോറിറ്റി നമ്മുടെ പോര്‍ട്ട് ഓഫിസര്‍മാരെ പരിശീലിപ്പിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ തുറമുഖങ്ങളും ഹാര്‍ബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വേണ്ട ഒരു ധാരണ പത്രം ഒപ്പുവെക്കുവാനും തീരുമാനിച്ചു.


മാലിന്യ സംസ്‌കരണംബുസാനിലും സോളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചതും എടുത്തു പറയേണ്ടതാണ്. അവിടങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കുന്നത് എന്നും മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നതു എങ്ങനെ എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ പ്രയോജനപ്പെടുത്താവുന്ന മാതൃകകളാണ് അവിടെ കണ്ടത്.


സെമി ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ടു ജൈക്ക (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി) യുമായും ഹ്യുണ്ടായിയുമായും കൂടിയാലോചന നടത്തി. ഇരുവരും സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


നമ്മുടെ ഫെഡെറല്‍ ഘടനയില്‍ സംസ്ഥാനത്തിന്റെ വികസനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഉള്ളത്. അതുകൊണ്ടു തന്നെ ആ ഉത്തരവാദിത്തത്തെ വളരെ ഗൗരവത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാണുന്നത്. അതിന് കേരളവുമായി സഹകരിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുമായി നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ നാം സഹകരിക്കേണ്ടതുണ്ട്. കേരളത്തിന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഹിരോഷിമ മെമ്മോറിയലില്‍ ചെന്നതും കേരളത്തിന് വേണ്ടി ആദരവ് അര്‍പ്പിച്ചതും പ്രത്യേകം പറയേണ്ടതുണ്ട്. അത് കേവലമായ ഒരു ചടങ്ങായിരുന്നില്ല- നിരായുധീകരണത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കല്‍ തന്നെയായിരുന്നു. ജപ്പാനിലും കൊറിയയിലും ചരിത്രവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതും പുതിയ തലമുറയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പകര്‍ന്നു കൊടുക്കുന്നതും അനുകരണീയ മാതൃകയാണ്.


മികച്ച ക്രമസമാധാനം, ഉയര്‍ന്ന ജീവിത നിലവാരം, ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനത, അഴിമതിയില്ലാത്ത സുസ്ഥിരമായ സര്‍ക്കാര്‍ തുടങ്ങിയവയൊക്കെയാണ് കേരളത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ജപ്പാനെയും കൊറിയയെയും ഒക്കെ പ്രേരിപ്പിക്കുന്നത്. ആ രാജ്യങ്ങളുമായുള്ള സഹകരണം കേരളത്തിന്റെ വികസനത്തിനും നമ്മുടെ ഭാവി തലമുറയുടെ വളര്‍ച്ചയ്ക്കും ഏറെ ഉപകാരപ്രദമാകും എന്നതില്‍ സംശയമില്ല.