Month: March 2020

വാര്‍ത്താകുറിപ്പ്:31-03-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി ഉണ്ടായി. കോവിഡ് 19 ബാധിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രണ്ടുപേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.

1,63,129 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6381 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ലാബുകള്‍ കൂടുതല്‍ സാമ്പിള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാന്‍ നമുക്കു കഴിയുന്നുണ്ട്. കാസര്‍കോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

കൂടുതല്‍ രോഗവ്യാപന ഭീഷണിയുയര്‍ന്ന കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍പ്ലാന്‍ നടപ്പാക്കും. പഞ്ചായത്ത്തല ഡാറ്റാ എടുത്ത് പെട്ടെന്നു തന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കും.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ടെസ്റ്റിങ്ങിന് ഐസിഎംആര്‍ അനുമതി കിട്ടി.

മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കു മാത്രം മതി എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ വന്നിട്ടുള്ള ഒരു വിഷയം നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലകള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നുമുണ്ട്.

സൗജന്യ റേഷന്‍ വിതരണം

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുകയാണ്.

എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ
അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) റേഷന്‍ വിതരണം നടത്തും.

ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിച്ചു മാത്രമേ വിതരണം നടത്താവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സ്വയം സന്നദ്ധരായി വരുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ല. ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ ഇതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാവൂ.

നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകളില്‍ ഉറപ്പുവരുത്തും.

ഈ മാസം റേഷന്‍ വിതരണം കൂടുതല്‍ അളവിലാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ധാന്യം വാങ്ങാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ക്രമീകരണം നടത്തുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. സാധാരണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. പക്ഷേ ഈ ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാവണം.

സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആദ്യം ധാന്യം ലഭ്യമാക്കുന്നതിലാണ്.

വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്ന പൗരډാര്‍, ശാരീരിക അവശതകള്‍ ഉള്ളവര്‍, അസുഖം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചുകൊടുക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകണം. ഇത് തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും കൂടി ചെയ്യണം. റേഷന്‍ കടകളില്‍ ഉണ്ടാകാനിടയുള്ള അഭൂതപൂര്‍വ്വമായ തിരക്ക് ഒഴിവാക്കണം. ശാരീരിക അകലം ഉറപ്പാക്കാനുള്ള ക്രമീകരണം വരുത്തണം. പെന്‍ഷന്‍ വിതരണത്തിനു ചെയ്തതു പോലെ കാര്‍ഡ് നമ്പര്‍ വെച്ചാണ് വിതരണം ക്രമീകരിക്കുക.

റേഷന്‍ കാര്‍ഡ് നമ്പര്‍ 0, 1 എന്ന അക്കത്തില്‍ അവസാനിക്കുന്നവര്‍ക്ക് ഒന്നാം തീയതി റേഷന്‍ നല്‍കും. 2, 3 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് രണ്ടാം തീയതി; 4, 5 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് മൂന്നാം തീയതി; 6, 7 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് നാലാം തീയതി; 8, 9 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് അഞ്ചാം തീയതി എന്നിങ്ങനെയാകും റേഷന്‍ ലഭിക്കുക. അഞ്ചു ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും റേഷന്‍ നല്‍കാനാകും. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരമുണ്ടാകും.

മുംബെയില്‍നിന്നും ഡെല്‍ഹിയില്‍നിന്നും മറ്റും ആശുപത്രികളിലെ നഴ്സുമാര്‍ രോഗഭീതിയില്‍ വിളിക്കുന്നുണ്ട്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ലോക രാഷ്ട്രങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളി സാന്നിധ്യമുണ്ട്. പ്രത്യേകിച്ചും മലയാളി നഴ്സുമാര്‍. അവരില്‍ പലരും തങ്ങളുടെ ആശങ്ക വിളിച്ചുപറയുന്നുണ്ട്. അവരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍  കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

കോഴി, താറാവ്, കന്നുകാലികള്‍, പന്നി ഇവയ്ക്ക് തീറ്റ കിട്ടാതെയുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ പ്രാദേശികതലത്തില്‍ ഇടപെടല്‍ ഉണ്ടാകണം എന്ന് നിര്‍ദേശം നല്‍കി.

നാളെ ഏപ്രില്‍ ഒന്നാണ്. പലരും മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനും നോക്കുന്ന ദിവസം. ഈ ഏപ്രില്‍ ഒന്നിന് അത്തരം തമാശകള്‍ പൂര്‍ണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെനിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി തൊഴിലാളികളുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനം. 48 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കിത്തുടങ്ങും. തൊഴിലാളികള്‍ക്ക് പൊലീസിന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് നല്‍കും. ഈ ഐഡി കാര്‍ഡ് വഴി തൊഴില്‍വകുപ്പ് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ കാര്‍ഡ് സഹായകമാകും.

അതിഥി തൊഴിലാളികള്‍ രണ്ടുതരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടുള്ളവരും. ഭക്ഷണവും മറ്റു സഹായവും നല്‍കുമ്പോള്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഒഴിവായിപ്പോകാന്‍ പാടില്ല. അവര്‍ക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ശ്രദ്ധിച്ചേ തീരൂ. അതില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല.

സാധാരണ ലേബര്‍ വകുപ്പാണ് അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. തദ്ദേശസ്വയംഭരണ ഭാരവാഹികളും വ്യക്തിപരമായി തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയുമുണ്ട്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് പരിശോധിച്ച് നടപടിയെടുക്കാന്‍ വിജിലന്‍സിനെ കൂടി ചുമതലപ്പെടുത്തി. വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നത് ഗുരുതരമായ തെറ്റായിട്ടാണ് കാണുന്നത്. ശക്തമായ നടപടിയെടുക്കും.

സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ തലത്തിലും ശ്രദ്ധിക്കണം എന്ന് നിര്‍ദേശം നല്‍കി. ട്രക്കുകളുടെ വരവ്  വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ആവശ്യമായ ട്രക്കുകള്‍ മുഴുവന്‍ നീങ്ങിത്തുടങ്ങിയിട്ടില്ലെങ്കിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ പോലുള്ള സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകാന്‍ പാടില്ല. വടക്കന്‍ ജില്ലകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ അറച്ചുനില്‍ക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുള്ളവരെ ബോധവല്‍ക്കരിച്ച് തടസ്സമില്ലാതെ സാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണം ഉണ്ടാക്കും.

കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനും മെഡിക്കല്‍ സേവനം ലഭ്യമാക്കാനും മൊബൈല്‍ ആപ്പ് ആരംഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ കൗണ്‍സിലിങ് വ്യാപകമാക്കിയിട്ടുണ്ട്. സാമൂഹ്യനീതിവകുപ്പിലെ കണ്‍സിലര്‍മാരും മനഃശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഹെല്‍പ്പ്ഡെസ്ക്ക് രൂപീകരിക്കാനാണ് ഉദ്ദേശിച്ചിക്കുന്നത്.

കമ്യൂണിറ്റി കിച്ചന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 1304 കമ്യൂണിറ്റി കിച്ചനുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ തന്നെ നല്‍കിയ പൊതു നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതുമായി ബന്ധപ്പെട്ടവര്‍ മാത്രമേ പാടുള്ളൂ. തിരക്ക് പാടില്ല. അര്‍ഹതയുള്ളവരെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കണം.

പച്ചക്കറി വീടുകളില്‍ ഉല്‍പാദിപ്പിക്കുന്നതിന് കൃഷി വകുപ്പിന്‍റെ ഫാമുകളിലും കാര്‍ഷിക സര്‍വകലാശാലയിലുമുള്ള വിത്തുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മൂന്നുലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. ഇതിനുപുറമെ കൃഷിവകുപ്പിന്‍റെ ഫാമുകളില്‍ 9100 പച്ചക്കറി വിത്തുപാക്കറ്റുകളും 1.91 ലക്ഷം തൈകളും വിതരണത്തിന് തയ്യാറായി. ഇത് ഉടനെ വിതരണം ചെയ്യും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹായസഹകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്‍റേതാണ്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കോവിഡ് 19 ചികിത്സയ്ക്ക് സഹായകമായ പാക്കേജ് നടപ്പാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും കണ്ണൂരിലും കോട്ടയ്ക്കലിലും വയനാട്ടിലുമുള്ള ആശുപത്രികളില്‍ 750 കിടക്കകള്‍ മാറ്റിവെക്കാം എന്നും അറിയിച്ചു. ആശുപത്രികള്‍ക്കു ചുറ്റുമുള്ള ഹോട്ടലുകളിലോ ലോഡ്ജുകളിലോ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കുന്നുണ്ടെങ്കില്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ചികിത്സിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
 
ദുരിതാശ്വാസ നിധി

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്ല നിലയില്‍ തന്നെ ലഭിക്കുന്നുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്നുകോടി രൂപ നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാര്‍ ആസാദ് മൂപ്പന്‍ രണ്ടരക്കോടി രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്‍റ് സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഒരുകോടി രൂപ നല്‍കിയിട്ടുണ്ട്. ഭീമാ ജുവലേഴ്സിനുവേണ്ടി ഡോ. ബി ഗോവിന്ദന്‍ ഒരുകോടി രൂപ നല്‍കി. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി വന്നുതുടങ്ങിയിട്ടുണ്ട്. ഇന്ന് ലഭിച്ചത് 5,09,61,000 രൂപയാണ്.

റോഡിലെ തിരക്ക്

റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് സ്വയം നിയന്ത്രണം തന്നെയാണ്. മുന്നില്‍ നില്‍ക്കുന്ന അപകടത്തിന്‍റെ രൂക്ഷത മനസ്സിലാക്കി ഓരോരുത്തരും അനാവശ്യമായ പുറത്തിറങ്ങല്‍ ഒഴിവാക്കണം. അതീവ അടിയന്തര കാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്. ജാഗ്രതക്കുറവും ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കലുമാണ് നമുക്കു മുന്നിലെ വലിയ അപകടമെന്ന് മനസ്സിലാക്കണം. എല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ഈ ഘട്ടത്തില്‍ വീട്ടില്‍ കഴിയുന്നവര്‍ കൂടുതലാണ്. പുതിയ സാഹചര്യത്തില്‍ വീട്ടിനകത്ത് ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കണം, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരും കൂടി കാര്യങ്ങള്‍ സംസാരിക്കുക, ചര്‍ച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവെക്കുക. ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം ഉണ്ടാക്കുന്നതിന് സഹായിക്കും.

പല വീടുകളിലും സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഈ ഘട്ടത്തില്‍ അല്പം ചില വീട്ടു കാര്യങ്ങളില്‍ സഹായിച്ചുകൊടുക്കുന്നത് വലിയ തോതില്‍ സ്ത്രീജനങ്ങള്‍ക്ക് സഹായകമാകും. അത്തരം കാര്യങ്ങള്‍ വീട്ടിന്‍റെ അന്തരീക്ഷം നന്നാക്കുന്നതിന് ഉപകരിക്കും. മദ്യാസക്തിയുള്ള ആളുകള്‍ക്ക് വീടിനടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ കുടുംബാംഗങ്ങളുടെ പിന്തുണയോടുകൂടി ശ്രമിക്കണം. അങ്ങനെ മദ്യാസക്തിയില്‍ നിന്ന് മോചനം നേടാന്‍ മദ്യത്തിന് അടിമപ്പെട്ടു പോയവര്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത് നല്ലതാണ്.

വീട്ടില്‍ തുടര്‍ച്ചയായി കഴിയുമ്പോള്‍ അപൂര്‍വ്വം വീടുകളില്‍ ഗാര്‍ഹിക അതിക്രമമുണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പൊതുവില്‍ പാലിക്കണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ പങ്കുവഹിക്കാനാകും.

പെന്‍ഷന്‍ വാങ്ങുന്നവരില്‍ മഹാഭൂരിഭാഗവും മുതിര്‍ന്നവരും ആരോഗ്യ പ്രശ്നമുള്ളവരുമാണ്. അവരെ മറ്റുള്ളവര്‍ സഹായിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അതറിഞ്ഞുകൊണ്ട് സഹായിക്കാന്‍ സന്നദ്ധരാകണം.

ഇപ്പോള്‍ എവിടെയാണോ നാം, അവിടെ തുടരുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. നമ്മുടെ ചില ബന്ധുക്കള്‍ ഇങ്ങോട്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ അവിടെ തന്നെ തുടരുക എന്നതു മാത്രമാണ് നിലവില്‍ സ്വീകരിക്കാവുന്ന നില.

ആശുപത്രികളില്‍ കഴിയുന്ന രോഗികളെ സംരക്ഷിക്കാന്‍ നമ്മുടെ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും അവരുടെ ജീവന്‍ അപായപ്പെടുത്തിയുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍പരമൊരു ത്യാഗമില്ല. ആ ത്യാഗം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് നമുക്കുള്ളത്. അത് നാം മനസ്സിലാക്കണം. സമ്പന്നര്‍ എന്നു സ്വയം കരുതുന്ന ചിലര്‍ ആരോഗ്യപ്രവര്‍ത്തകരെ പരിഹസിക്കുകുയം പുച്ഛിക്കുകയും ചെയ്യുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അങ്ങേയറ്റം അപത്കരമായ പ്രവണതയാണ്. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ കഴിയില്ലെങ്കിലും നിന്ദിക്കുന്ന നില ഒരു കാരണവശാലും സ്വീകരിക്കാന്‍ പാടില്ല. അത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണുകയാണ്.

നാം ഇപ്പോള്‍ തൃപ്തികരമായി മുന്നോട്ടുപോവുകയാണ്. ഒരു ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറാം. പൊലീസോ സര്‍ക്കാര്‍ സംവിധാനങ്ങളോ ആരോഗ്യവകുപ്പോ മാത്രം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് വീണ്ടും വീണ്ടും പറയുകയാണ്, നമ്മള്‍ ഓരോരുത്തരും ജാഗരൂകരായി മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കണം. അശ്രദ്ധ ഒട്ടും ഉണ്ടാകരുത്.

വാര്‍ത്താകുറിപ്പ്:30-03-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. കാസര്‍കോട് ജില്ലയില്‍ 17, കണ്ണൂര്‍ ജില്ലയില്‍ 11, വയനാട്, ഇടുക്കി ജില്ലകളില്‍ രണ്ടുവീതം എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.

1,57,253 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6031 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പരിശോധന കൂടുതല്‍ വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റിങ് സംവിധാനം ആരംഭിക്കുകയാണ്.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന പ്രശ്‌നം പിഎസ്‌സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതാണ്. ആ വിഷയം സര്‍ക്കാര്‍ പിഎസ്‌സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 20.03.2020ന് ചട്ടപ്രകാരം കാലാവധി പൂര്‍ത്തിയാക്കി അവസാനിക്കുന്ന റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്. 19.06.2020 വരെയായിരിക്കും ഈ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി. 18.06.2020 വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. അതായത് 18.06.2020ന് കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകള്‍ക്കും 19.06.2020 വരെയോ ഈ തസ്തികകള്‍ക്ക് പുതിയ റാങ്ക്‌ലിസ്റ്റ് വരുന്നതുവരെയോ (ഏതാണോ ആദ്യം) അതുവരെ കാലാവധിയുണ്ടാകും.
കൊറോണയോട് നമ്മള്‍ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഇന്നലെ പൊടുന്നനെ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു. കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പൊടുന്നനെ സംഘം ചേര്‍ന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാനത്ത് 5178 ക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ നടപടികള്‍ എടുത്തിട്ടുമുണ്ട്. ഒരിടത്തും ഭക്ഷണം കിട്ടാതെ പട്ടിണികിടക്കുന്ന അവസ്ഥയില്ല. അവര്‍ക്ക് അവരുടേതായ ഭക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് സാധിച്ചുകൊടുക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു.

അവരുടെ നാടുകളിലേക്കുള്ള യാത്ര ഇപ്പോള്‍ നടക്കാത്തതാണ്. ഇപ്പോള്‍ എവിടെയാണോ അവിടെ നില്‍ക്കുക എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത് അവര്‍ക്കും അറിയാം. എന്നാല്‍, അതെല്ലാം മാറ്റിവെച്ചുകൊണ്ടുള്ള ഒരു കൂടിച്ചേരലാണ് ഉണ്ടായത്. അതിനുപിന്നില്‍ ആസൂത്രിതമായ ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.

കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചുകാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമവും അതില്‍ കാണാം. ഇവിടെ അതിഥിത്തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായത്. അതിനു പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. അത് കണ്ടെത്തണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പായിപ്പാട്ട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് ഒരു കച്ചവടമാണ്. സാധാരണനിലയില്‍ താമസിപ്പിക്കാന്‍ പാടില്ലാത്ത സ്ഥലത്തും വാടക വാങ്ങി താമസിപ്പിക്കുന്നു. അതൊരു ബിസിനസ്സാണ്. സാധാരണ നിലയ്ക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്തേണ്ടത് അവരുടെ കരാറുകാരാണ്. എന്നാല്‍ ഇവിടെ അതുമായി ബന്ധപ്പെട്ടും പൊതുവെ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നില ഇവര്‍ക്കെല്ലാവര്‍ക്കും മാന്യമായ താമസസ്ഥലം ഒരുക്കണ മെന്നാണ്. പകല്‍ മുഴുവന്‍ കഠിനമായി അധ്വാനിച്ച് രാത്രി വന്ന് ഉറങ്ങാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് നേരത്തെ അവര്‍ താമസ സ്ഥലം കണ്ടിട്ടുള്ളത്. എന്നാല്‍ ജോലി മുടങ്ങിയ സാഹചര്യത്തില്‍ മറ്റ് എല്ലാവരേയും പോലെ തന്നെ മുഴുവന്‍ സമയവും താമസസ്ഥലത്ത് ചെലവഴിക്കാന്‍ അതിഥിത്തൊഴിലാളികളും നിര്‍ബന്ധിക്കപ്പെടുകയാണ്. അപ്പോള്‍ അതിനുള്ള സൗകര്യം വേണം. അതുകൊണ്ടുതന്നെ സൗകര്യപ്രദമായ രീതിയില്‍ ഈ തൊഴിലാളികളെ താമസിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നേരത്തെ തന്നെ നല്‍കിയ നിര്‍ദേശം. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ഭക്ഷണം കൃത്യമായി നല്‍കണം. വൈദ്യസഹായം ഉറപ്പുവരുത്തണം. ഭക്ഷണകാര്യത്തില്‍, അവര്‍ക്കാവശ്യമായ ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും പരിപ്പുമെല്ലാം നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചില ക്യാമ്പില്‍ അതിഥിതൊഴിലാളികളുടെ എണ്ണം കൂടുതലാണ് എന്ന പ്രശ്‌നമുണ്ട്. ആ തരത്തിലുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ടിവി ഉള്‍പ്പെടെ എന്റര്‍ടെയിന്‍മെന്റ് സൗകര്യവു മൊരുക്കും. അവര്‍ നേരുന്ന ചില പ്രശ്‌നങ്ങള്‍ അവരെ ബോധ്യ പ്പെടുത്തി സഹകരിപ്പിക്കും. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ ലേബര്‍ ഓഫീസര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തും.

പായിപ്പാട് സംഭവത്തില്‍ ഇന്ന് ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ മലപ്പുറം ജില്ലയില്‍ പിടികൂടിയിട്ടുണ്ട്. ഇവര്‍ മലയാളികള്‍ തന്നെയാണ്. അങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കും.

ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോംഗാര്‍ഡുകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചും അവരുടെ സഹകരണം അഭ്യര്‍ത്ഥിച്ചും ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ നല്‍കുന്ന സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.

സാഹചര്യം വിലയിരുത്തി കൈക്കൊളേളണ്ട പരിശോധന രീതികള്‍ സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ദിവസേന എസ്എംഎസ് വഴി നിര്‍ദ്ദേശം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ അറിയിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധസേന എഡിജിപിയെ നിയോഗിച്ചു. ജോലിസമയം, ആരോഗ്യം എന്നിവ നിരീക്ഷിക്കുന്നതും മാസ്‌കുകള്‍, കൈയ്യുറ എന്നിവ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതും അദ്ദേഹമായിരിക്കും.
1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങിയിട്ടുണ്ട്. 1213 കമ്യൂണിറ്റി കിച്ചണുകളാണ് ആകെ പ്രവര്‍ത്തിക്കുന്നത്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കി. 1,37,930 പേര്‍ക്കും സൗജന്യമായിട്ടാണ് ഭക്ഷണം നല്‍കിയത്. ഇവിടെ നിരാലംബര്‍ക്ക്, അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് നാം ഉദ്ദേശിച്ചത്. അക്കാര്യത്തില്‍ കൃത്യതയുണ്ടാകണം. ഇത്തരത്തില്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രം ഭക്ഷണം ഉറപ്പാക്കണം. പാചകം ഒഴിവാക്കിയിട്ട് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ കാശുകൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയ്യാറാകുന്ന ആളുകളുണ്ട്. അത്തരക്കാര്‍ക്ക് ഇതിലൂടെ ഭക്ഷണം കൊടുക്കാനല്ല ഉദ്ദേശിച്ചത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സംസ്ഥാനത്താകെ തുടങ്ങാന്‍ ഉദ്ദേശിച്ച ആയിരം ഹോട്ടലുകളില്‍, ഹോട്ടല്‍ സ്ഥാപിതമായ പ്രദേശത്ത് ഈ പറയുന്ന ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണം എത്തിക്കുന്ന തിന് പ്രയാസമുണ്ടാകില്ല. അതോടൊപ്പം എവിടെയൊക്കെ ആവശ്യം വരുന്നോ അത്തരം സ്ഥലങ്ങളില്‍ പ്രത്യേകമായ ക്രമീകരണത്തോടെ ഹോട്ടല്‍ തുറക്കേണ്ടതായി വരും. ആ ഹോട്ടലില്‍ നിന്ന് സാധാരണ നിലയ്ക്കുള്ള ഭക്ഷണവിതരണം നടക്കില്ല. എന്നാല്‍ ഹോം ഡെലിവറി നടക്കും. അത്തരമൊരു ക്രമീകരണം ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്.

കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫീസിലോ ബാങ്കിലോ പോകുന്നതിന് ഇളവനുവദിച്ചു. സാമൂഹിക അകലം പാലിച്ചും കൃത്യമായ രേഖകള്‍ കൈവശം കരുതിയും വേണം ഈ സൗകര്യം ഉപയോഗിക്കേണ്ടത്.

ഉള്‍വനത്തിലെ ആദിവാസികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനും അവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനും പട്ടികവര്‍ഗക്ഷേമ വകുപ്പ് വനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത നടപടി ആരംഭിച്ചിട്ടുണ്ട്.

അഗതികള്‍, തെരുവില്‍ ഉറങ്ങുന്നവര്‍ എന്നിവരെ പുനരധിവസിപ്പിച്ച 44 ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2569 പേരെ ഇങ്ങനെ പുനരധിവസിപ്പിച്ചു.

സ്‌കൂളുകളില്‍ അരിയും പയറും കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ നശിച്ചുപോകാതെ ന്യായവിലക്ക് വിതരണം ചെയ്യാന്‍ പിടിഎകള്‍ ഇടപെടണം.

മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യേണ്ടവരുണ്ട്. യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍ ഔപചാരികമായ ചാര്‍ജ് കൈമാറ്റം നടന്നില്ലെങ്കിലും അവര്‍ റിട്ടയര്‍ ചെയ്തതായി കണക്കാക്കും.
സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷനും വിധവാ പെന്‍ഷനും മറ്റും മുടങ്ങുന്ന സ്ഥിതിയുണ്ട്. അത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു.

ചില സ്വകാര്യ ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നുദിവസം ജോലിയും നാലുദിവസം ശമ്പളരഹിത അവധി എന്നും മറ്റുമുള്ള പരാതി വന്നു. വസ്തുതയെങ്കില്‍ അത് ശരിയായ രീതിയല്ല. ആ പ്രശ്‌നം പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി സംസാരിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

തൊഴിലാളികളുടെ വേതനം ഈ ഘട്ടത്തില്‍ കുറയ്ക്കാന്‍ പാടില്ല. എല്ലാ തൊഴിലുടമകള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വേണം.

അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ട്രക്കുകള്‍ക്ക് ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ മോണിട്ടറിങ് സംവിധാനം ഉണ്ടാക്കും.
ചരക്കുനീക്കം മൂന്ന് ഇനങ്ങളാക്കി ക്രമപ്പെടുത്തും.

മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, എല്‍പിജി, പാചക എണ്ണ, അവശ്യ ധാന്യങ്ങളും പയറുവര്‍ഗങ്ങളും പ്രധാനവിഭാഗം. പച്ചക്കറി, പഴം, മറ്റ് ധാന്യങ്ങളും പലവ്യഞ്ജനങ്ങളും രണ്ടാം വിഭാഗം. മറ്റെല്ലാ അവശ്യ സാധനങ്ങളും മൂന്നാം വിഭാഗം.

21നും 60 വയസ്സിനുമിടയിലുള്ളവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ യാത്രാപാസുകള്‍ നല്‍കും. ഗവണ്‍മെന്റ് നല്‍കുന്ന യാത്രാ പാസുകള്‍ പൊലീസിന് മൊബൈലില്‍ വെരിഫൈ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കും.

കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മഹത്തായ സേവനമാണ് നടത്തുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്തരത്തിലുള്ളവര്‍ക്ക് ആശുപത്രികള്‍ക്കടുത്തു തന്നെയുള്ള ഹോട്ടലുകളില്‍ ആവശ്യമായ താമസസൗകര്യം നല്‍കണം. വീട് എടുത്തുനല്‍കണമെന്ന് നേരത്തെ കണ്ടിരുന്നു. അത് നടപ്പായില്ലെങ്കി ലാണ് ഹോട്ടലുകള്‍ എടുത്തുനല്‍കുക.

പൊതുജനസേവന കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കണം.

വേനല്‍ കടുക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയുണ്ട്. വെള്ളം വിതരണം ചെയ്യേണ്ടിവരും. ജല ഉപഭോഗം പരമാവധി എല്ലാവരും നിയന്ത്രിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

തൃശൂരിലും മറ്റും ആനകള്‍ക്ക് പട്ട കൊണ്ടുവരാന്‍ പറ്റാത്ത വിഷയമുണ്ട്. അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.

ചാനല്‍ ഉടമകളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ആളുകള്‍ തൊഴിലില്ലാതെ വീട്ടില്‍ കഴിയുകയാണ്. പേ ചാനല്‍ നിരക്കുകള്‍ ഒഴിവാക്കി സമൂഹത്തോട് പ്രതിബദ്ധത കാണിക്കാനുള്ള അവസരമായി ഈ ഘട്ടത്തെ വിനിയോഗിക്കണം.

ഇന്ന് റോഡില്‍ അല്‍പം തിരക്ക് വര്‍ധിച്ചതായി പരാതി വന്നിട്ടുണ്ട്. പൊലീസ് നടപടികള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമാക്കേണ്ടതുണ്ട്. ഒരിടത്തും ആളുകള്‍ കൂടാന്‍ അനുവദിക്കരുത്.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍:

കുടുംബശ്രീ മുഖേന നല്‍കുന്ന വായ്പ ഉടന്‍ നല്‍കും.

ബാങ്കുകളിലെ രോഗപ്രതിരോധ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കും.

എടിഎം മെഷീനുകളില്‍ കൃത്യമായി പണം നിറയ്ക്കും.

ബാങ്ക് ജീവനക്കാരില്‍ പ്രത്യേക ആവശ്യക്കാര്‍ക്ക് സ്‌പെഷ്യല്‍ പാസ് അനുവദിക്കും.

ആയുര്‍വേദ ചികിത്സാരംഗത്തെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ്

എല്ലാ ശാസ്ത്ര, വൈദ്യമേഖലകളുടെയും സഹകരണം ഉണ്ടാകണം. ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി എന്നിവ വ്യാപകമായപ്പോള്‍ ആയുര്‍വേദരംഗം നല്ല ഇടപെടല്‍ നടത്തിയിരുന്നു. സമൂഹം വലിയ അളവില്‍ അത് സ്വീകരിച്ചു.

ഈ അടിയന്തര ഘട്ടത്തില്‍ ആയുവേദ രംഗത്തെ മനുഷ്യ വിഭവശേഷി ഉള്‍പ്പെടെ ഉപയോഗിക്കാനാകണം. അത്തരമൊരു ചര്‍ച്ചയാണ് അവരുമായി നടത്തിയത്.

പ്രായാധിക്യമുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാം. പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആയുര്‍വേദ ചികിത്സാരീതികള്‍ പ്രതിപ്രവര്‍ത്തനം ഇല്ലാത്തതാണെന്ന് ഉറപ്പ് വരുത്തണം. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് പാര്‍ശ്വഫലമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തണം. ആയുര്‍വേദ മേഖലയിലെ വിദഗ്ധരുടെ കൂടിയാലോചനകള്‍ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന് എത്രയും പെട്ടെന്ന് നല്‍കാന്‍ നിര്‍ദേശിച്ചു. അത് കിട്ടിയ ഉടന്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

പല സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങിയതായി കാണുന്നു. അത് ഇപ്പോള്‍ വേണ്ട, കുറച്ചുകഴിഞ്ഞു മതി എന്നാണ് കാണുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് തടസ്സമില്ല.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കാസര്‍കോട് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കും. ഇത്തരത്തിലുള്ള മുന്‍കൈകള്‍ സ്വാഗതാര്‍ഹമാണ്.

യൂണിസെഫ് 35 ലക്ഷം രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് വിനിയോഗിക്കാനായി അനുവദിച്ചിട്ടുണ്ട്.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ നമുക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ദിവസം 3000 ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം അവിടെയുണ്ട്.

പ്രവാസികള്‍

നമ്മുടെ നാട്ടില്‍, കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളായ വരോട് ഒരു പ്രത്യേക വികാരം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. നാം കാണേണ്ടത്, ഇത് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരി ച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ഇതു നാം എല്ലാവരും മനസിലാ ക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.
ദുരിതാശ്വാസ നിധി

നമ്മുടെ നാടിന്റെ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിമായ സഹായം നമുക്ക് കൂടുതല്‍ വേണ്ടിവരും. ഇക്കാര്യ ത്തില്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് സംഭാവനക്കായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. പലരും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ ഇന്ന് ഒരുകോടി രൂപയുടെ ചെക്ക് നല്‍കി. മറ്റ് സഹായങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്.

ഇന്ന് ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി സംസാരിച്ചിരുന്നു. ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. നേരത്തെയും നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോള്‍ മഹാഭൂരിഭാഗം ജീവനക്കാരും അതുമായി സഹകരിക്കാന്‍ തയ്യാറായി. ആ ഒരു അഭ്യര്‍ത്ഥന പൊതുവെ എല്ലാ സംഘടനകളോടും നടത്തി.
ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീ സിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കും.

വാര്‍ത്താകുറിപ്പ്:28-03-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് നമുക്ക് ആദ്യമേ തന്നെ പറയാനുള്ളത് ദുഃഖകരമായ ഒരു വാര്‍ത്തയാണ്. കോവിഡ് ബാധിച്ച ഒരു സഹോദരന്‍ നമ്മുടെ സംസ്ഥാനത്ത് മരണമടഞ്ഞിരിക്കുന്നു. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ 69-കാരനാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ദുബായില്‍നിന്നാണ് അദ്ദേഹം എത്തിയത്.

കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി മാര്‍ച്ച് 22നാണ് അദ്ദേഹത്തെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായ അദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഇങ്ങനെ വിവിധ രോഗങ്ങളുള്ളതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമത്തെയും പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇതുപോലുള്ള അനുഭവങ്ങളുണ്ടാവാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നാം നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍നിന്ന് ഒരാള്‍ക്കും (വിദേശി) രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.
1,34,370 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാന്‍ നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ആലോചിച്ചിട്ടുണ്ട്. പെട്ടെന്ന് ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

റെസ്പിറേറ്റേറുകള്‍, വെന്റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്‌സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ ‘ബ്രേക്ക് കൊറോണ’ പദ്ധതി ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ വെബ്‌സൈറ്റ് സജ്ജീകരിച്ചു (breakcorona.in ).

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്‌കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
രോഗവ്യാപനം തടയാന്‍ സമൂഹം തന്നെ നല്ല കരുതലെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല തരത്തിലും നിയന്ത്രണങ്ങള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തുന്നുണ്ട്.

പത്രവിതരണം അവശ്യസര്‍വീസാണ്. അതിന് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. ചില റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വിലക്കുകള്‍ ഒഴിവാക്കി പത്ര വിതരണവുമായി സഹകരിക്കണം.

ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം, കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നു എന്നതാണ്. അവിടെ ചെന്ന് പടമെടുക്കാനും ഇടപഴകാനും പലരും പോകുന്നു. ചുമതലപ്പെട്ട ആളുകളല്ലാതെ മറ്റാരും കമ്യൂണിറ്റി കിച്ചണുകളില്‍ കടക്കാന്‍ പാടില്ല. അങ്ങനെ ചെല്ലുന്നതും ഇടപഴകുന്നതും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സുരക്ഷാപരമായ കാരണങ്ങളാല്‍ തന്നെ മറ്റുള്ളവര്‍ അവിടെ പോകുന്നത്, അവര്‍ ആരായാലും ഒഴിവാക്കേണ്ടതാണ്.

1059 കമ്യൂണിറ്റി കിച്ചനുകളാണ് ആകെ തുടങ്ങിയത്. ആറ് കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും പൂര്‍ണ്ണമായും തുടങ്ങി. 125 കമ്യൂണിറ്റി കിച്ചനുകളാണ് നഗര കേന്ദ്രങ്ങളില്‍ ഒരുക്കിയത്.

941 പഞ്ചായത്തുകളില്‍ 831 പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 934 കമ്യൂണിറ്റി കിച്ചന്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചന്‍ ഒരുക്കിയത്.

ഇന്നലത്തെ കണക്ക് അനുസരിച്ച് 52,480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 41,826 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്. 31,263 പേര്‍ക്കും വീട്ടിലെത്തിച്ച് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്കു മാത്രമാണ് അത് നല്‍കേണ്ടത് എന്നതാണ്. ഭക്ഷണം ആര്‍ക്കാണോ വിതരണം ചെയ്യേണ്ടത,് അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. വിതരണത്തിനാവശ്യമായ വളണ്ടിയര്‍മാരെ ഇപ്പോള്‍ തന്നെ ചുമതലപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.

വീട്ടില്‍ ഇരിക്കുക എന്നത് പലര്‍ക്കും പരിചയമുള്ള കാര്യമാവില്ല. വീട്ടിലിരിക്കുന്ന വേള വ്യത്യസ്ത തലത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഏറ്റവും നല്ലത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ഉള്ളുതുറന്ന് സംസാരിക്കലാണ്. അതോടൊപ്പം ഈ സമയം നല്ലതുപോലെ വായനയ്ക്കും ചെലവഴിക്കാം. കൗണ്‍സലിങ്ങിനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സമ്മര്‍ദം കുറയ്ക്കാന്‍ ആ മാര്‍ഗം തേടാം.

ആളുകള്‍ വീടുകളില്‍ തന്നെ ഉണ്ട് എന്നതുകൊണ്ട് മറ്റുചില വിഷയങ്ങളുമുണ്ടാകും. ടോയ്‌ലറ്റ് ടാങ്കുകളുടേതാണ് അതിലൊരു പ്രശ്‌നം. ടാങ്കുകള്‍ നിറഞ്ഞുകവിയുന്നത് കുടിവെള്ളത്തിനുപോലും പ്രശ്‌നമുണ്ടാക്കും. ഇക്കാര്യത്തില്‍ കൃത്യസമയത്ത് ശാസ്ത്രീയ രീതിയില്‍ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

പ്രത്യേക സാഹചര്യത്തില്‍ നാം ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യുന്നുണ്ട്. അത് എല്ലാവര്‍ക്കും വേണ്ടിവരില്ല. അങ്ങനെ ആവശ്യമില്ലാത്ത ആളുകള്‍ അക്കാര്യം അറിയിക്കണം. അത് രേഖപ്പെടുത്താനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാവും.
ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തടസ്സം കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കു പുറമെ എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി എന്നിവ കൂടി സംഭരിക്കും. ബിസ്‌കറ്റ്, റസ്‌ക്, നൂഡില്‍സ്, ഓട്‌സ് തുടങ്ങിയവ ഡ്രൈ റേഷന്‍ എന്ന നിലയ്ക്കും സംഭരിക്കും. അടുത്ത ഘട്ടമായി പാല്‍, തൈര് പച്ചക്കറി, മുട്ട, ശീതികരിച്ച മത്സ്യ-മാംസാദികള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത്. ഇവ ഗുണനിലാരം ഉറപ്പുവരുത്തി സംഭരിക്കുക, പരമാവധി ആളുകളെ കടകളിലേക്ക് വരുത്താതെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുക എന്നതാണ് ആലോചിക്കുന്നത്.

എഫ്‌സിഐ, സപ്ലൈകോ, മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ പക്കലുള്ള അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും.

മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ തയ്യാറാക്കിവെക്കും. ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറി, പഴങ്ങള്‍, മുട്ട, പാല്‍ തുടങ്ങി പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളും സമാഹരിക്കാനും വിതരണം ചെയ്യാനും വളണ്ടിയര്‍മാരെ ഉപയോഗിക്കും. ഭക്ഷ്യ സ്‌റ്റോക്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല.

ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയിലാണ് ഇത് നടപ്പാക്കുക.

ഓണ്‍ലൈന്‍ സൗകര്യം വിപുലമാക്കണം. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ദേശീയതലത്തിലുള്ള മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനസമാഗ്രികളുടെ ലഭ്യത ഉറപ്പാക്കും. നാഫെഡ് എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

എല്ലാവരും വീട്ടിലാണ്. എന്നാല്‍, എല്ലാവരും രോഗികളല്ല. അപൂര്‍വ്വം രോഗികളെ ഉള്ളൂ. ഈസ്റ്ററും വിഷുവും അടുത്തു വരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇനിയും ചെലവ് കൂടും. അത് മുന്നില്‍ക്കണ്ട് ഭക്ഷ്യശേഖരണത്തിനുള്ള തയ്യാറെടുപ്പ് നടത്തണം.

ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്കുഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതല നല്‍കും.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്ത നിലപാടുകള്‍ ചില സംസ്ഥാനങ്ങള്‍ എടുക്കുന്നുണ്ട്. അതില്‍ കര്‍ണാടകയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. മണ്ണിട്ട് തടസ്സമുണ്ടാക്കിയത് പൂര്‍ണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും സാധ്യമായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. മണ്ണിട്ട് തടസ്സപ്പെടുത്തിയത് മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് അക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്നും ഉടനെ പുരോഗതി അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിലും ഇവിടത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം പെടുത്തിയിരുന്നു.

ആരോഗ്യകരപരമായ ചികിത്സ വേണ്ടി വന്നാല്‍ കാസര്‍കോട് ഭാഗത്തുള്ളവര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നുത്. ഡയാലിസസ് മുടങ്ങിപോയാല്‍ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ പ്രത്യേക ആംബുലസില്‍ മംഗലാപുരത്ത് എത്തിക്കാനുള്ള ആവശ്യം കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വേഗം തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതവുമായി ബന്ധപ്പെട്ട് പാലക്കാട് ഭാഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തന്നെ ഇടപടല്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്ന ലോറികള്‍ ആവശ്യമായ രീതിയില്‍ അണുമുക്തമാക്കുമെന്ന കാര്യം ഉറപ്പുവരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമന്‍ എന്നിവര്‍ നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക് നടപ്പുളി ചെക്ക് പോസ്റ്റില്‍ നേരിട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ആ ഭാഗത്തുള്ള വണ്ടികളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാകും.

ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, അവര്‍ക്കിടയിലെ വിദ്യാസമ്പന്നന്മാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവരെ നിയോഗിച്ച് ബോധവല്‍ക്കരണ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അവിടങ്ങളില്‍ ആവശ്യമായ ഭക്ഷണം എത്തിക്കും. കോളനികളുടെ ശുചീകരണം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.

ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നു എന്നത് ആശങ്ക അവസാനിച്ചു എന്നതിന്റെ സൂചനയല്ല. ഇനിയും റിസല്‍റ്റ് വരാന്‍ ബാക്കിയുണ്ട്. നമ്മുടെ മുന്‍കരുതലില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലും ഉണ്ടാകരുത്. ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്നത് നാം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട മുദ്രാവാക്യമാണ്. ക്വാറന്റൈനില്‍ ഉള്ളവരും കൃത്യമായ ശാരീരിക അകലം പാലിക്കണം. വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ നിര്‍ത്തുകയും അവരുടെ സുരക്ഷയില്‍ കര്‍ക്കശ നിലപാട് എടുക്കുകയും വേണം.

ഇന്ന് സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത് ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലും ഇല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതക്ക്മങ്ങലേല്‍പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കകത്ത് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. അവശ്യ മരുന്നുകള്‍ കൊറിയര്‍-പോസ്റ്റല്‍ സര്‍വീസ് വഴിയാണ് മിക്കവാറും വരുന്നത്. ഇപ്പോള്‍ ഇവ ഏറെക്കുറെ നിലച്ചിരിക്കുന്നു. അത് തടസ്സപ്പെടാതിരിക്കാന്‍ കൊറിയര്‍ ഏജന്‍സികളുമായി സര്‍ക്കാരിന്റെ വാര്‍ റൂം ബന്ധപ്പെടും. മരുന്നിന്റെ ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ കാണുന്നത്.

ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷനുകള്‍ വിതരണം ചെയ്യുകയാണ്. കൊറോണക്കാലത്തെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം ക്രമീകരിക്കുന്നത് ഉറപ്പാക്കും. ട്രഷറികള്‍ 9 മണി മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റു ക്രമീകരണങ്ങളും നടത്തും.

നമ്മുടെ നാട്ടില്‍ പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. ഇത് വിളവെടുപ്പിന്റെ കാലമാണ്. ആവശ്യമായ അകലം പാലിച്ച് വിളവെടുപ്പ് നടത്താനാവണം.

57,000 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതിന്റെ വിളവെടുപ്പും സംഭരണവും വിതരണവും സുഗമമാക്കണം.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കിയില്ലെങ്കില്‍ ലാപ്‌സാകുന്ന പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും.
കൊറോണ പ്രതിരോധ രംഗത്തുള്ള പൊലീസുകാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെടുത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കും.

ജില്ലകളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തണം. തിങ്ങിനിറഞ്ഞ് ശാരീരിക അകലം പാലിക്കാതെയുള്ള കൂട്ടായ്മ പാടില്ല. പൊതുപ്രവര്‍ത്തകര്‍ സാധാരണ മട്ടില്‍ എല്ലായിടത്തും എത്തുന്നതിലും നിയന്ത്രണം വേണം.

ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഈ നിയന്ത്രണത്തിന്റെ കാലത്ത് പട്ടിണി കിടക്കാനിടവരരുത്. അവരുടെ ഭക്ഷണം ഉറപ്പാക്കണം. അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. തിരുവനന്തപുരം സെക്രട്ടറിയറ്റ് സൊസൈറ്റിയിലെ ഷോപ്പില്‍ ലിസ്റ്റും ഫോണ്‍ നമ്പരും കൊടുത്തിട്ട് ടോക്കണ്‍ വാങ്ങി പോകുക; സാധനങ്ങള്‍ എടുത്തുവെച്ചശേഷം വിളിച്ചറിയിക്കുക എന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ആ സമയത്ത് പണം കൊടുത്ത് സാധനവുമായി മടങ്ങാം. നല്ല മാതൃകയാണത്. ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യവുമാണത്.

പാചകത്തൊഴിലാളികള്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. അവരെ കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യമാണെങ്കില്‍ നിയോഗിക്കും.

സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. ഭക്ഷണം അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ചുമതലക്കാരെ ഇവിടെ നിശ്ചയിക്കും.

രോഗബാധിതരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടേണ്ടതില്ല എന്നാണ് തീരുമാനം. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായി ശ്രമം നടത്തും. പ്രാദേശികമായി ഇത്തരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം.

ഇടുക്കിയില്‍ തോട്ടം മേഖലയില്‍ അരി വിതരണം സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കണം. അവിടെ പ്രത്യേകതരം അരിയാണ്.
കേരളത്തില്‍നിന്ന് പച്ചക്കറി ഉള്‍പ്പെടെ വാങ്ങാന്‍ പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം എന്നുറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്യൂണിറ്റി വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ അതിവേഗം നടക്കുന്നുണ്ട്. ഇതുവരെ 78,000 രജിസ്‌ട്രേഷന്‍ നടന്നു. ഇക്കാര്യത്തില്‍ ഏകോപിപ്പിച്ച പ്രവര്‍ത്തനമുണ്ടാകും.

മദ്യപിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കും.
സംസ്ഥാന പ്രധാന സാമൂദായിക നേതാക്കള്‍ ഒപ്പിട്ട അഭ്യര്‍ത്ഥന

ഇന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു കാര്യം നമ്മുടെ ഈ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മത-സാമുദായിക നേതാക്കള്‍ നല്‍കിയ പിന്തുണയാണ്. കേരളത്തിന്റെ ഈ അതിജീവന സമരത്തില്‍ അതിര്‍വരമ്പുകള്‍ കണക്കാക്കാതെ ഒരുമയോടെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവര്‍ അറിയിച്ചത്.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വെള്ളാപ്പള്ളി നടേശന്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, ജി. സുകുമാരന്‍ നായര്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, ബിഷപ്പ് ജോസഫ് കാരിയില്‍, ബിഷപ്പ് ഡോ. സൂസെപാക്യം, പുന്നല ശ്രീകുമാര്‍, ഹുസൈന്‍ മടവൂര്‍, ബസേലിയോസ് മാര്‍ത്തോമ പൗലോസ്, ബസേലിയോസ് തോമസ് പ്രഥമന്‍, എ. ധര്‍മരാജ് റസാലം, ഡോ. ജോസഫ് മാര്‍ത്തോമ, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ. ടി വത്സന്‍ എബ്രഹാം എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്. കൂടുതല്‍ സംഘടനകളും നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശക്തിപകരുന്ന പിന്തുണയാണ്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനം നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്തുകോടി രൂപ നല്‍കാമെന്നാണ് അറിയിച്ചത്. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു.

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയേറെ താല്‍പര്യത്തോടെ ആളുകള്‍ രംഗത്തുവരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്‌നേഹവും കൊണ്ടാണ്.

നേരിട്ട് സംഭാവന എത്തിക്കാന്‍ പലര്‍ക്കും ഈ ഘട്ടത്തില്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും.
donation.cmdrf. kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്താകുറിപ്പ്:27-03-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി (ഇന്നലെ പറഞ്ഞതില്‍ ഒരാളുടെ റിസള്‍ട്ട് നെഗറ്റീവായി വന്നിട്ടുണ്ട്).

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ ഒരുലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പതുപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരുലക്ഷത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി എണ്‍പത്തിമൂന്നു പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4448 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളവരുടെ എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്ടാണ് ഇതില്‍ കൂടുതലുള്ളത്. ആ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോര, ഇനിയും ശക്തമായ ഇടപെടല്‍ വേണം എന്നാണ് തീരുമാനിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവതരമാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ നാം ഒരുങ്ങേണ്ടതുണ്ട്.

ഒരു കാര്യത്തില്‍ വ്യക്തത വേണ്ടതുണ്ട്. പോസിറ്റീവ് റിസള്‍ട്ടുകള്‍ വരുന്ന എല്ലാവരും നേരേ ആശുപത്രിയില്‍ പോയി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയല്ല. മറിച്ച്, രോഗസാധ്യത കണ്ടെത്തിയാല്‍ അവരെ നിരീക്ഷണത്തില്‍ വെക്കുകയും അവിടെനിന്ന് സാമ്പിളുകള്‍ അയക്കുകയുമാണ് ചെയ്യുന്നത്.

അതേസമയം ഇന്ന് പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അവര്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചവരുമാണ്. അതുകൊണ്ട് അവരുടെ പേരുവിവരങ്ങളും മറ്റും പരസ്യമായി പറയേണ്ടതല്ലേ എന്ന് ആലോചിക്കുകയാണ്.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഇടുക്കിയിലുള്ള ഒരാളുടെ യാത്രയുടെയും സമ്പര്‍ക്കത്തിന്‍റെയും വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചിട്ടുണ്ട്.

തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂര്‍, പാലക്കാട്ടെ ഷോളയൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍… ഇങ്ങനെ യാത്ര ചെയ്ത സ്ഥലങ്ങളുടെ നീണ്ട പട്ടിക. മെഡിക്കല്‍ കോളേജുകള്‍, സ്കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍, സെക്രട്ടറിയറ്റ്, നിയമസഭാ മന്ദിരം ഇങ്ങനെ സന്ദര്‍ശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റും ദൈര്‍ഘ്യമുള്ളതാണ്. സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളിലാകട്ടെ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഈ സഞ്ചരിച്ച സ്ഥലങ്ങളിലെയെല്ലാം ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍നിന്ന് ഇത്തരം ഒരു സമീപനമാണോ ഉണ്ടാകേണ്ടത്? ഇത് നമുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ വൈറസ് ഏറെയൊന്നും അകലെയല്ല. അത് ബാധിക്കാതിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായിട്ടു തന്നെയാണ്.

കാസര്‍കോടിനു സമീപമുള്ള കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ടാണുള്ളത്. പ്രധാന ആശുപത്രികള്‍ മംഗലാപുരത്താണ്. ദൈനംദിന ഡയാലിസിസ് ചെയ്യേണ്ടവര്‍ക്കുള്‍പ്പെടെ അങ്ങോട്ടു പോകാന്‍ കഴിയുന്നില്ല. കണ്ണൂരില്‍ അവരെയാകെ ഉള്‍ക്കൊള്ളാന്‍ സൗകര്യവുമില്ല. ഇത് ഒരു അടിയന്തര സംഗതിയായി കാണുകയാണ്.

കര്‍ണാടകയും കേരളവും അതിര്‍ത്തി പങ്കിടുന്ന രണ്ടു സംസ്ഥാനങ്ങളാണ്. വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാന്‍ പറ്റും. ഈ അതിര്‍ത്തികളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന സമീപനം കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായ കാര്യമാണിത്. യാത്രാസൗകര്യം മനുഷ്യര്‍ക്കുള്ള യാത്ര മാത്രമല്ല. അങ്ങനെ തടഞ്ഞാല്‍ ഒരു അടിയന്തര സാഹചര്യം, രണ്ടു സര്‍ക്കാരുകള്‍ക്കും യോജിപ്പ് വരുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകും. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നമ്മുടെ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. അദ്ദേഹം മണ്ണുമാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ട്. മണ്ണ് ഏതെങ്കിലും ഒരിടിത്ത് മാത്രമല്ല ഇട്ടത്. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും അടച്ചു. കൂട്ടുപുഴയില്‍ അല്‍പം കേരള അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടുതന്നെ മണ്ണിട്ടു. കാസര്‍കോടും മണ്ണിടുന്ന നിലയുണ്ടായി. അത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമായി. ഉണ്ടായ സംഭവങ്ങള്‍ പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതല്‍ റിസല്‍ട്ടുകള്‍ വരികയാണ്. ചില അടിയന്തര നടപടികള്‍ കൂടി വേണ്ടതുണ്ട്. അവിടെയുള്ള മെഡിക്കല്‍ കോളേജ് കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ ത്വരതിഗതിയിലുള്ള നീക്കം നടത്തുന്നുണ്ട്. മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കും.

ജനങ്ങള്‍ പാലിക്കേണ്ടത്

അവിടെ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മുംബൈ, ഡെല്‍ഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ വീടുകളില്‍ തന്നെ കഴിയണം.

തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം.

വിദേശങ്ങളില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിര്‍ബന്ധിത ഐസൊലേഷന് വിധേയമാകണം.

പ്രായമായവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. അവരുമായി മറ്റാരും തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്താത്തതാണ് നല്ലത്.

പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം, തുടര്‍ചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം.

ആരോഗ്യരംഗത്ത്

രോഗം മൂര്‍ച്ഛിച്ച ആളുകളെ ചികിത്സിക്കുന്നതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുകയാണ്.
അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്‍റിലേറ്ററുകളും ഉണ്ട്.

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റണം. ടെസ്റ്റിങ് സൗകര്യം വിപുലമായി നടത്താനുള്ള സംവിധാനം അവിടെയുണ്ട്. ഐ.സി.എം.ആര്‍ അനുമതിക്കാവശ്യമായ കാര്യങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ പെട്ടെന്നു തന്നെ കോവിഡ് ആശുപത്രിയാക്കി മാറ്റും.

ഇന്ന് അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കാം എന്ന അഭിപ്രായം ഉയര്‍ന്നു. ഡ്രഗ്സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട പ്രശ്നമാണത്. രോഗവ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. രോഗപ്രതിരോധത്തിനുള്ള സാധ്യതകളും തേടും.

എന്‍ 95 മാസ്ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കും. പരിശോധനാ സംവിധാനം കൂടുതല്‍ വേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടിവരും. അനുമതി ലഭിച്ചയുടന്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച്ഐവി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

പൊലീസ്

ഫലപ്രദമായ ഇടപെടല്‍ പൊലീസ് നടത്തിയതു കൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പൊലീസിന്‍റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യം എന്ന് അറിഞ്ഞ് പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നോണ്‍ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നതടക്കം എല്ലാ ലേലങ്ങളും കുടിശ്ശിക നോട്ടീസുകളും നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അടക്കേണ്ട ഫീസുകളുടെ കാലാവധി ദീര്‍ഘിപ്പിക്കും.

നിരാലംബരും തെരുവില്‍ കഴിയുന്നവരുമായ ആളുകള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് കോര്‍പ്പറേഷനുകളിലും 26 നഗരസഭകളിലും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 1545 പേരാണ് ഈ 31 ക്യാമ്പുകളിലായുള്ളത്. ഇവരെ ഭദ്രമായി സ്ഥലത്ത് താമസിപ്പിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ പറ്റിയതുള്‍പ്പെടെ സൗകര്യങ്ങളുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ നമുക്കുണ്ട്.

അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്താകെ ഇതുവരെ 4603 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ ഏറ്റെടുക്കണം. ബന്ധപ്പെട്ട കലക്ടര്‍മാര്‍ വ്യക്തിപരമായ ഉത്തരവാദിത്വമായി ഇവ കാണണം. തൊഴില്‍ വകുപ്പിനും ഫലപ്രദമായി ഇതില്‍ ഇടപെടാനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഏകോപിപ്പിക്കണം.

ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലീഫ്ലെറ്റുകല്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കിവരുന്നു. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങള്‍ക്ക് നടപടി സ്വീകരിച്ചു.

സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ വഴിയും തൊഴിലുടമകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികലും സ്വീകരിച്ചുകഴിഞ്ഞു.

സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്‍മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ വിതരണം ചെയ്യുകയാണ്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.

ബാറുകളും, ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് ചില ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു യുവാവ് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നിട്ടുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും വേണം. എക്സൈസ് വകുപ്പ് വിമുക്തിക്ക് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്‍ററുകളും കൗണ്‍സിലിങ് സെന്‍ററുകളും അതിനായി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ചില കത്തോലിക്കാ സഭകള്‍ സമ്മതിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രങ്ങള്‍ പോലുള്ളവ ഇതിന് ഉപയോഗിക്കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മറ്റ് സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വകുപ്പിനോട് പറഞ്ഞിട്ടുണ്ട്.

ലോക്ക്ഡൗണിന്‍റെ ഭാഗമായി വന്ന മറ്റൊരു വിഷയം വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും (പശു, ആട്, പന്നി, കോഴി, താറാവ്…) തീറ്റയ്ക്കുള്ള ദൗര്‍ലഭ്യമാണ്. ഇതിനായി ചരക്കുനീക്കം സുഗമമാകേണ്ടതുണ്ട്. അതിനു വേണ്ട ഇടപെടല്‍ നടത്തും.

പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമല്ല. വിത്ത്, വളം എന്നിവ വിതരണം ചെയ്യാന്‍ കൃഷിവകുപ്പ് പ്രാദേശികമായി വളണ്ടിയര്‍മാരെ നിയോഗിക്കണം.

ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടക്കും. അതിന് എല്ലാ തരത്തിലും ഇടപെടലുണ്ടാകും.

മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പന ശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്ന എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകും. അതുകൊണ്ട് അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണം.

‘സന്നദ്ധം’ പോര്‍ട്ടലിലേക്ക് യുവജനങ്ങള്‍ നല്ലതോതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രജിസ്ട്രേഷന്‍ മുടങ്ങുന്നു എന്ന പരാതി വന്നു. അടിയന്തരമായി അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച 1.15 ലക്ഷം പേരുടെ സന്നദ്ധ സേനയും കോവിഡ് പ്രതിരോധ രംഗത്ത് ഇടപെടുന്നുണ്ട്.

അടിയന്തര സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നുണ്ട്.

സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഒഴിപ്പിക്കലും (രോഗപ്രതിരോധത്തിന്‍റെ ആവശ്യത്തിനല്ലാതെ) ഇപ്പോള്‍ ഉണ്ടാകരുത്. കടമുറികള്‍ ഒഴിപ്പിക്കാന്‍ പാടില്ല.

സാധനങ്ങളുടെ ദൗര്‍ലഭ്യംമൂലം വിലക്കയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ക്കശമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കി.

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കംകുറിച്ചു.

രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തു നിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്.

ഇതിനായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാരില്‍ ചിലര്‍ ഒറ്റപ്പെടുത്തുന്ന ചില പ്രവണതകള്‍ ഉണ്ടാവുന്നുണ്ട്. അത് ഒരു കാരണവശാലും അനുവദിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നമ്മുടെ പിന്തുണയിലൂടെയാണ് ലഭിക്കേണ്ടത്. സമൂഹം കൃതജ്ഞതയോടെയാണ് അത് നോക്കിക്കാണേണ്ടത്. ഊണും ഉറക്കവുമൊഴിഞ്ഞ് രാപ്പകല്‍ ഭേദമില്ലാതെയുള്ള അവരുടെ സേവനം വിലമതിക്കാനാകാത്തതാണ്. വാക്കിലോ നോക്കിലോ ഒരുതരത്തിലുള്ള അനാദരവോ അകല്‍ച്ചയോ അവരോട് കാണിക്കരുത്.

തെരുവുനായ്ക്കള്‍ ഭക്ഷണം കിട്ടാതെ അലഞ്ഞ് ഭീതിയുണ്ടാക്കുന്ന അവസ്ഥയുണ്ട്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാര്‍ രാത്രിയില്‍ ഉള്‍പ്പെടെ സ്കൂളുകളില്‍ കഴിയേണ്ട അവസ്ഥയുണ്ട്. സ്ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്ത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 350ഓളം അതിഥിത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ കഷ്ടപ്പെടുന്നു എന്ന് വാര്‍ത്ത വരുന്നുണ്ട്. ബീഹാറിലെ പ്രതിപക്ഷ നേതാവ് ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി.

ശാസ്താംകോട്ട, മലപ്പുറം മുന്നിയൂര്‍, തലക്കളത്തൂര്‍, പള്ളിക്കാട് തുടങ്ങി നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇല്ലാതായതോടെ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. അവ അക്രമാസക്തമാകുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ക്ഷേത്ര അധികാരികള്‍ ഇടപെടണം.

പൊലീസിന് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ നവജാതശിശുക്കളുടെ വസ്ത്രത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു പോപീസ് എന്ന് വസ്ത്ര നിര്‍മ്മാണ സ്ഥാപനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സൗജന്യമായി നവജാത ശിശുക്കള്‍ക്കുള്ള ചെയ്ത വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

കോവിഡ് കെയര്‍ സെന്‍ററുകളില്‍ വാട്ടര്‍ പ്യൂരിഫെയര്‍, എയര്‍ കൂളര്‍, ടിവി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്.

ഓട്ടോ ടാക്സികള്‍ക്ക് കര്‍ശനനിയന്ത്രണം ഉണ്ട്. എന്നാല്‍ ചില അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ അവര്‍ അവര്‍ ഓടേണ്ടി വരും അത്തരം സന്ദര്‍ഭങ്ങളില്‍ നിരക്ക് അമിതമാകാന്‍ പാടില്ല. പൊലീസുകാര്‍ റോഡിലാണ് ഡ്യൂട്ടി ചെയ്യുന്നത്. നല്ല വേനലാണ്. അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ തയ്യാറാകുന്നത് നന്നായിരിക്കും.

കേന്ദ്ര പാക്കേജ്

കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ നമ്മള്‍ പൊതുവേ സ്വാഗതം ചെയ്തതാണ്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ വിഷമതകള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സില്‍നിന്ന് സ്വകാര്യ മേഖലയെ ഒഴിവാക്കിയിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളും അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. അതുകൊണ്ട് സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തി ആസംവിധാനം വിപുലപ്പെടുത്തണം.

അഞ്ചു കിലോ അരി, ഒരു കിലോ പയര്‍ എന്നത് എല്ലാവര്‍ക്കും നല്‍കണം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കണം.

ദരിദ്രര്‍ക്കായി പ്രത്യേക പദ്ധതി വേണ്ടതുണ്ട്. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം ആവശ്യമായ ഘട്ടമാണിത്. കേന്ദ്ര ഗവണ്‍മെന്‍റ് അതിനു തയ്യാറാകണം.

സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഓരോ സംസ്ഥാനത്തെയും സ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കൊറോണ പാക്കേജ് വിപുലപ്പെടുത്തണം.

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുന്നത് അടക്കം പരിഗണിക്കണം. നിലവിലുള്ള 3 ശതമാനം 5 ശതമാനമായെങ്കിലും ഉയര്‍ത്തണം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. ഈ മൊറോട്ടോറിയം സമയത്ത് പലിശ ഒഴിവാക്കുന്നത് പരിഗണിക്കണം. പലവ്യഞ്ജനകിറ്റ് നല്‍കുമെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത് ഒന്നിച്ച് നല്‍കുന്നതിന് ആവശ്യമായ ധാന്യങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാക്കുന്നതിന് നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.

പ്രധാനമന്ത്രി രാവിലെ വിളിച്ച് സംസ്ഥാനത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളില്‍ മതിപ്പ് രേഖപ്പെടുത്തി. ഏതു ഘട്ടത്തിലും സമീപിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

അഭ്യര്‍ത്ഥന
നമ്മുടെ നാട് ഇന്നുവരെയില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് ഈ കഠിന പരീക്ഷണത്തെ അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വന്‍ ശക്തികള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന ഈ അവസ്ഥ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. നാം വിവിധ ഘട്ടങ്ങള്‍ തരണം ചെയ്തതാണ്. അതിനുള്ള ഐക്യവും കരുത്തും നമുക്കുണ്ട്.

ഇവിടെയും നാം പകച്ചുപോയിക്കൂട. എല്ലാ ചലനങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരവസ്ഥയില്‍ നമുക്ക് വെറുതെയിരിക്കാനാവില്ല. രോഗം പടരാതിരിക്കാനും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനും നിരീക്ഷണത്തില്‍ കഴിയുന്നവരെ സംരക്ഷിക്കാനും രോഗശാന്തി ഉറപ്പാക്കാനും വലിയ പ്രയത്നം വേണ്ടതുണ്ട്. അത് സര്‍ക്കാര്‍ സംവിധാനം കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നല്ല. ഈ ഘട്ടത്തില്‍ നമ്മുടെ ഇടപെടലിനുള്ള സാമ്പത്തിക ശേഷിയും കൂടുതല്‍ കരുത്തുനേടേണ്ടതുണ്ട്.

ഇപ്പോള്‍ ഈ പോരാട്ടത്തില്‍ സഹായഹസ്തവുമായി ഒട്ടേറെ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് മുന്നിലുള്ള വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ദുരിതാശ്വാസ നിധിയിലേക്ക് ആവുന്നത്ര സംഭാവന ലഭിക്കേണ്ട ഘട്ടമാണിത്.

എല്ലാ പ്രയാസങ്ങള്‍ക്കും നടുവിലും അത്തരമൊരു മുന്‍കൈ ഉണ്ടാവേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്നത് സംഭാവന ചെയ്യാന്‍ പ്രിയപ്പെട്ട ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

എംഎ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി അറിയിച്ചു. കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാര്‍ത്താകുറിപ്പ്:20-03-2020

നബാര്‍ഡിനോട് 2000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോവിഡിന്‍റെ സാമ്പത്തിക ആഘാതം  കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാര്‍ഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്കുമാര്‍ ബന്‍വാലക്ക് മുഖ്യമന്ത്രി കത്തയച്ചു.

മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങള്‍;

1.ആര്‍.ഐ.ഡി.എഫില്‍ നിന്നുള്ള പ്രത്യേക വായ്പ 2 ശതമാനം പലിശയ്ക്ക് അനുവദിക്കുക. ഇപ്പോള്‍ 3.9 ശതമാനമാണ് പലിശ.

2.ബാങ്കുകള്‍ക്ക് വര്‍ധിച്ച പുനര്‍വായ്പ നബാര്‍ഡ് ലഭ്യമാക്കണം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ ഇതാവശ്യമാണ്.

3.സംസ്ഥാന സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കമേഴ്സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കും.

4.ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന  പുനര്‍വായ്പയുടെ പലിശ നിരക്ക്  8.4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണം.

5.ഇടക്കാല-ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം റൂറല്‍ ക്രഡിറ്റ് ഫണ്ടിന്‍റെ പുനര്‍വായ്പ 3 ശതമാനം നിരക്കില്‍ ലഭ്യമാക്കണം.

6.നബാര്‍ഡ്, ആര്‍.ബി.ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്‍ററുകളെ  സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് ഡവലപ്മെന്‍റ് ഫണ്ടില്‍നിന്നും  ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍നിന്നും അധിക ഗ്രാന്‍റ് അനുവദിക്കണം.  

7.സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കോവിഡ് ബാധയുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്താകുറിപ്പ്:19-03-2020

കോവിഡ്-19
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഏഴ് രാജ്യങ്ങളില്‍ കൂടി കോവിഡ് 19 വൈറസ് വ്യാപിച്ചതായിട്ടാണ് ഇന്ന് വരുന്ന വിവരം. ഇന്നലെ 159 രാജ്യങ്ങളിലായിരുന്നു. ഇന്ന് അത് 166 രാജ്യങ്ങളിലായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് (കാസര്‍കോട്). ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 28. ആകെ 31,173 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 30,926 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി 6,103 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 5,155 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 2,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,342 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും അംഗങ്ങളുമായി പ്രതിപക്ഷ നേതാവിനോടൊപ്പം സംസാരിച്ചു. കോവിഡ് 19 വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള യോജിച്ച ഇടപെടല്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്‍റെ അനിവാര്യതയാണ് അതില്‍ ഊന്നിപ്പറഞ്ഞത്.

സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് എന്ന് ആവര്‍ത്തിച്ച് പറയേണ്ടതുണ്ട്. സാധാരണ ജനജീവിതത്തെ രോഗാണുവ്യാപനം ബാധിച്ചിരിക്കുന്നു. സാമ്പത്തികരംഗത്തും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കോവിഡ് കാരണം പ്രതിസന്ധിയിലായ നമ്മുടെ സാമ്പത്തിക മേഖലയെയും ജനജീവിതത്തെയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ചില സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയാണ്.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

1.കുടുംബശ്രീ വഴി ഈ വരുന്ന രണ്ടു മാസങ്ങളില്‍ രണ്ടായിരം കോടി രൂപയുടെ വായ്പ നല്‍കും.

2.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനിയോഗിക്കും.

3.രണ്ടുമാസത്തെ (ഏപില്‍ അടക്കം) സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം നല്‍കും. 1,320 കോടി രൂപയാണ് ഇതിനായി ചെലവാക്കുക.

4.ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് ആയിരം രൂപ വീതം ഉപജീവന സഹായമായി നല്‍കും. ഇതിനുവേണ്ടി നൂറുകോടി രൂപ വിനിയോഗിക്കും.

5.പൊതുവിതരണ സമ്പ്രദായത്തിലൂടെ നൂറുകോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കും. ബി.പി.എല്‍ അന്ത്യോദയ ഒഴികെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക.

6.വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് കൊടുക്കാന്‍ ഭക്ഷണശാലകള്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം ഭക്ഷണശാലകള്‍ ഏപ്രില്‍ മാസം തന്നെ തുടങ്ങും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും.ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും.

7.കോവിഡ് ബാധയെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കൂടുതല്‍ ചെലവുകള്‍ വേണ്ടിവരുന്നു. ഇതിനു വേണ്ടി 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിക്കുകയാണ്.

8.സംസ്ഥാന സര്‍ക്കാര്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തില്‍ കൊടുത്തുതീര്‍ക്കും. പതിനാലായിരം കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.

9.എല്ലാം ചേര്‍ത്ത് ഇരുപതിനായിരം കോടി രൂപ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലേക്ക് എത്തിക്കുകയാണ്. ഇതിലൂടെ കോവിഡ്-19 ബാധമൂലം ഉണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.

10.ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ചാര്‍ജ് ഇളവ് നല്‍കും. മറ്റ് വിധത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കും. റൂട്ട് ബസ് (സ്റ്റേജ് കാര്യേജ്), കോണ്‍ട്രാക്ട് കാര്യേജ് എന്നിവയുടെ നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കും. മൂന്നു മാസത്തെ നികുതിയില്‍ ഒരു മാസത്തെ ഇളവാണ് റൂട്ട് ബസ്സുകള്‍ക്ക് നല്‍കുക. കോണ്‍ട്രാക്ട് കാര്യേജിനും ഇതിനു തുല്യമായ ഇളവ് നല്‍കും. ഇതിനു വേണ്ടി 23.6 കോടി രൂപയുടെ ഇളവാണ് ഇതിലൂടെ നല്‍കുന്നത്.

11.വൈദ്യുതിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കും.

12.സിനിമാ തിയറ്ററുകള്‍ക്ക് എന്‍റര്‍ടെയ്മെന്‍റ് ടാക്സില്‍ ഇളവു നല്‍കും.

കോവിഡ് 19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് സേനാവിഭാഗങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തി.

നേരത്തേ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും മറ്റും സേനാവിഭാഗങ്ങള്‍ സംസ്ഥാനത്തിന് നല്‍കിയ സേവനം പ്രശംസനീയമാണ്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് 19 വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് വിപുലവും ഫലപ്രദവുമായ തയ്യാറെടുപ്പ് സര്‍ക്കാര്‍ നടത്തുകയാണ്. ദുരന്തം ഒഴിവാക്കുന്നതിന് നടത്തുന്ന തയ്യാറെടുപ്പില്‍ സേനാവിഭാഗങ്ങളുടെ പൂര്‍ണ സഹായം വേണമെന്നാണ് അവരോട് അഭ്യര്‍ത്ഥിച്ചത്.

സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തില്‍ കൊറോണ കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് മേധാവികള്‍ ഉറപ്പ് നല്‍കി. ആര്‍മി ബാരക്കുകള്‍ താല്‍ക്കാലിക കൊറോണ കെയര്‍ സെന്‍ററാക്കി മാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും ടെക്നിക്കല്‍ സ്റ്റാഫിന്‍റെയും സേവനം വിട്ടുനല്‍കും. ആംബുലന്‍സുകളുമുണ്ടാകും.

അടിയന്തര സാഹചര്യത്തില്‍ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനല്‍കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.

സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയോട് ക്രിയാത്മകമായി പ്രതികരിച്ച സേനാവിഭാഗങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
ഇന്ന് സംസ്ഥാനത്ത് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, റീജണല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി എന്നീ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് പരിശോധനാ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട്.

വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹിക സുരക്ഷാ സന്നദ്ധ സേനയിലേക്ക് കൂടുതല്‍ ആളുകള്‍ വരേണ്ടതുണ്ട്.

ഇന്നലെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകം നല്‍കുന്ന കാര്യം പറഞ്ഞിരുന്നു. ഇന്ന് കലാകൗമുദി പബ്ലിക്കേഷന്‍സ് അവരുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സൗജന്യമായി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എല്ലാവര്‍ക്കും എത്തിക്കുമെന്ന് കലാകൗമുദി മാനേജിങ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇത് ഒരു നല്ല തുടക്കമാണ്. മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ വിലപ്പെട്ടതാണ്.

പരീക്ഷകള്‍ ഈ ഘട്ടത്തില്‍ നിര്‍ത്തിവെക്കേണ്ടതില്ല എന്നാണ് തീരുമാനം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത് ഒഴിവാക്കണം.
ഇന്നിപ്പോള്‍ നാം ഇങ്ങനെ പരസ്പരം ഒരു മീറ്റര്‍ അകലം പാലിച്ച് ഇരുന്നുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുന്ന രണ്ടാം ദിവസമാണ്. ഈ അകലം നമ്മുടെ ഒരുമയില്‍നിന്നും കരുതലില്‍നിന്നും ഉണ്ടാകുന്നതാണ്. ശാരീരികമായി നിശ്ചിത അകലം പാലിച്ച് ഇരിക്കുമ്പോഴും കൊറോണയെ നേരിടണം എന്ന കാര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഒരേ മനസ്സാണ്.

അപ്പോള്‍ ”ശാരീരിക അകലം സാമൂഹിക ഒരുമ’ ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യം.

വാര്‍ത്താകുറിപ്പ്:17-03-2020

കോവിഡ് പ്രതിരോധം
വിദഗ്ധ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ്-19 പ്രതിരോധം സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്‍മാരുമായും ആശയവിനിയമം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്‍ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സര്‍വ്വകലാശാല ഇതിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കും.

പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

പൊതുജനങ്ങള്‍ക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മുന്‍കൈ എടുക്കണം.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും ആവശ്യമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പിന്തുണയുണ്ടാകണം.

കോവിഡ്-19 സംബന്ധിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങളും നിഗമനങ്ങളും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സംവിധാനമുണ്ടാക്കും.

അറുപതിനു മുകളില്‍ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെ അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കുന്നതിന് ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെന്‍ററുകളുടെയും പാലിയേറ്റിവ് വളണ്ടിയര്‍മാരുടെയും സേവനം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും.

ഡോക്ടര്‍മാരും ആശുപത്രികളില്‍ അവരെ സഹായിക്കുന്ന ജീവനക്കാരും കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കും.

സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു നീങ്ങുകയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഡോ. ബി ഇക്ബാല്‍, ഡോ. കെ.പി. അരവിന്ദന്‍, ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. വി. രാമന്‍ കുട്ടി, ഡോ.ഇ. ശ്രീകുമാര്‍ (രാജീവ് ഗാന്ധി സെന്‍റര്‍ ഫോല്‍ ബയോടെക്നോളജി), ഡോ. സ്റ്റാലിന്‍ രാജ് (ഐസര്‍, തിരുവനന്തപുരം), ഡോ. പി.എസ്. ഷെറീക്, ഡോ. സോഫിയ സലീം മാലിക്, ഐ.എം.എ പ്രസിഡന്‍റ് ഡോ. അബ്രഹാം വര്‍ഗീസ്, ഡോ. രവി പ്രസാദ്, ഡോ. ശ്രീജിത് എന്‍ കുമാര്‍, ഡോ. മോഹന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി). മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

**

കോവിഡ്-19: ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്‍കി.

വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, പലിശയില്‍ അനുഭാവപൂര്‍വ്വമായ ഇളവുകള്‍ നല്‍കുക, പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

എസ്.എല്‍.ബി.സിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് സമിതി കണ്‍വീനര്‍ അജിത് കൃഷ്ണന്‍ യോഗത്തില്‍ ഉറപ്പു നല്കി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ബാങ്കുകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. എസ്.എല്‍.ബി.യുടെ നിര്‍ദേശങ്ങള്‍ ഉടനെ റിസര്‍വ് ബാങ്കിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും അജിത് കൃഷ്ണന്‍ അറിയിച്ചു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടത് കേരളത്തിലും അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കോവിഡ്-19 എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറെന്‍റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ധാരാളം പേര്‍ക്ക് തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. യാത്രാനിയന്ത്രണവും സാമ്പത്തിക മേഖലയെ ബാധിച്ചു. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സാഹചര്യമൊരുക്കുകയും വേണം. അതുകൊണ്ടാണ് വായ്പ കാര്യത്തില്‍ ബാങ്കുകള്‍ അനുഭാവ സമീപനം എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രളയ കാലത്ത് ബാങ്കുകള്‍ നല്‍കിയതിനേക്കാള്‍ വലിയ പിന്തുണയും സഹായവും ഈ ഘട്ടത്തില്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ വകുപ്പ് സെക്രട്ടറി ആര്‍.കെ. സിങ്, ആസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക്, ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ വി.ആര്‍ പ്രവീണ്‍കുമാര്‍, എ.ജി.എം. എം. മുരളീകൃഷ്ണന്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്:16-03-2020

വിമാനത്താവളങ്ങളിലെ ക്രമീകരണം

കോവിഡ് – 19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലു വിമാനത്താളങ്ങളിലെയും മേധവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താളമേധാവികള്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായ ധാരണകള്‍:

1.ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.

2.വിദേശത്തേക്ക് പോകുന്നവരെയും സ്ക്രീന്‍ ചെയ്യണം.

3.വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ ധൃതിയുണ്ടാകും. ഇതു കണക്കിലെടുത്ത് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.

4.പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. കൂടുതല്‍ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

5.കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണം.

6.കസ്റ്റംസ് പരിശോധനയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകണം. വിമാനത്താവളത്തില്‍ ഒരുതരത്തിലുള്ള  തിക്കും തിരക്കും ഉണ്ടാകരുത്.

7.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആംബുലന്‍സില്‍ അപ്പോള്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളില്‍ ഐസോലേഷനില്‍ ആക്കണം. പോലീസിന്‍റെ മേല്‍നോട്ടത്തില്‍ അവരെ വീടുകളില്‍ എത്തിക്കണം.

8.വീടുകളില്‍ ഐസോലേഷനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ സെല്ലില്‍ അറിയിക്കണം.

9.വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് കര്‍ശനമായ നടപടികള്‍ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേര്‍ എത്തുന്നത് തടയണം.

10.വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്‍റൈനില്‍ പോകുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ നല്‍കണം.

11.വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍ ലഭ്യമാക്കും. ഐ.എം.എ ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

വാര്‍ത്താകുറിപ്പ്:15-03-2020

പരിശോധന കൂടുതല്‍ ഫലപ്രദമാക്കും: മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു.

റിസോര്‍ട്ടുകള്‍, ഹോം-സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കേണ്ടതാണ്.

ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് സാധാരണ നിലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ എടുക്കണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണം.

അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്‍റായിട്ടുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം കൂടുതല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. നാം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാര്‍  പരിശോധനയ്ക്ക് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കുകയും പുതിയ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണം. ജനങ്ങള്‍ കൂട്ടം ചേരുന്ന മതപരമായതുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യര്‍ത്ഥന യോഗത്തില്‍ നടത്തും. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, എഡി.ജിപി. ടി.കെ. വിനോദ്കുമാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്:14-03-2020

പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

ഭാഷയ്ക്കും സംസ്‌കാരത്തിനും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ് പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൃതജ്ഞതയോടെ മാത്രമേ പുതുശ്ശേരിയെ ഓര്‍മ്മിക്കാനാകൂ.

ശൂരനാട് കലാപത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോള്‍ വിപ്ലവത്തിന്റെ ആ വീറുറ്റ മണ്ണില്‍ നിന്ന് പ്രസ്ഥാനത്തെ നയിച്ച ധീരനാണ് അദ്ദേഹം. എന്നും അദ്ദേഹം ഇടതുപക്ഷത്തോടുള്ള ഹൃദയ ഐക്യം നിലനിര്‍ത്തി.

ഭാഷാഗവേഷണ രംഗത്ത് അതുല്യമായ സംഭാവനകളാണ് പുതുശ്ശേരിയില്‍ നിന്ന് ഉായിട്ടുള്ളത്. വിസ്മൃതിയുടെ മാറാലകളില്‍ മറഞ്ഞുപോയിരുന്ന കണ്ണശ്ശ കവികളേയും അവരുടെ കവിതകളെയും കെത്തി പുതിയ വെളിച്ചത്തില്‍ സമൂഹ മദ്ധ്യത്തില്‍ അവതരിപ്പിച്ചു. ഭാഷയുടെ സൂക്ഷമങ്ങളായ ചരിത്രധാരകളെ കെത്തുന്നതിന് ഗവേഷണബുദ്ധിയോടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ നമ്മുടെ അക്കാദമിക് മണ്ഡലത്തിന് പുതിയ വെളിച്ചം പകര്‍ന്നു നല്‍കി. അതിനൊക്കെ അപ്പുറം മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടിയെടുക്കാനാവശ്യമായ ചരിത്രരേഖകള്‍ ഭാഷയുടെ ചെപ്പേടുകളില്‍ നിന്ന് കെത്തി അവതരിപ്പിക്കുന്നതിനും അത് മുന്‍നിര്‍ത്തി ശ്രേഷ്ഠഭാഷാപദവിക്ക് മലയാളം അര്‍ഹമാണെന്ന് സമര്‍ത്ഥിക്കുന്നതിനും പുതുശ്ശേരി അസാധാരണമായ അര്‍പണ്ണബോധവും ഗവേഷണബുദ്ധിയുമാണ് പ്രദര്‍ശിപ്പിച്ചത്.

ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിക്കുന്നതിലും ലോകത്തെമ്പാടുമുള്ള മലയാളികളില്‍ ഭാഷാഭിമാനം വളര്‍ത്തുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്കാണ് വഹിച്ചത്.

മലയാള കാവ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണ് പുതുശ്ശേരി രാമചന്ദ്രനുള്ളത്. ‘പുതിയ കൊല്ലനും പുതിയൊരാലയും’ എന്ന കവിതയുമായി കടന്നുവന്ന് മലയാള സാഹിത്യചരിത്രത്തില്‍ അരുണാഭമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു പുതുശ്ശേരി രാമചന്ദ്രന്‍. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തെ മുന്‍നിര്‍ത്തിയും ഗാന്ധിജിയെ മുന്‍നിര്‍ത്തിയുമുള്ള അദ്ദേഹത്തിന്റെ കവിതകള്‍ വലിയ തോതില്‍ ദേശാഭിമാനം ഉണര്‍ത്തുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.