മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ഇന്നത്തെ പരിശോധനാ ഫലം 2 പേര്‍ക്ക് പോസിറ്റീവും 14 പേര്‍ക്ക് നെഗറ്റീവുമാണ്. മലപ്പുറം, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. ഒരാള്‍ സമ്പര്‍ക്കം. പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍, കാസര്‍കോട് രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഓരോരുത്തര് വീതം എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഇതുവരെ 497 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 20,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,285 പേര് വീടുകളിലും 426 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25,973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 25,135 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അത് 897 എണ്ണം നെഗറ്റീവാണ്. കൂടുതല്‍ പേര് ഇപ്പോള്‍ ചികിത്സയിലുള്ളത് കണ്ണൂരില്‍ തന്നെയാണ്- 47 പേര്. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസര്‍കോട് 9, കോഴിക്കോട് 4, മലപ്പുറം, തിരുവനന്തപുരം രണ്ടുവീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ കണക്ക്.
തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍ വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തും പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിലുണ്ട്. സംസ്ഥാനത്താകെ 70 പ്രദേശങ്ങളാണ് ഇപ്പോള്‍ ഹോട്ട്സ്പോട്ടിലുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നു. ലോക്ക്ഡൗണിനു മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും അവരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇന്ന് മുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇന്നു വൈകിട്ട് നാലു മണിവരെ കേരളത്തില്‍ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കലക്ടര്‍ സജിത്ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവര്‍ ക്വാറന്‍ൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരേയും അവരുടെ അയല്‍വാസികളേയും നേരിട്ടോ ഫോണ്‍ മുഖേനെയോ ബന്ധപ്പെട്ട് ജനമൈത്രി പൊലീസ് ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം ഇതുവരെ 3,49,504 വീടുകളില്‍ പൊലീസ് സന്ദര്‍ശനം നടത്തുകയോ ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ട്.
അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തീരുമാനം വന്നിട്ടുണ്ട്. അവരെ ബസ്സ് മാര്‍ഗം തിരിച്ചയക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍, അത് പ്രായോഗികമല്ലെന്നും നോണ്‍സ്റ്റോപ്പ് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വെയോട് നിര്‍ദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ 3.6 ലക്ഷം അതിഥിതൊഴിലാളികളുണ്ട്. അവര്‍ 20,826 ക്യാമ്പുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ 99 ശതമാനവും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ബംഗാള്‍, ഒഡിഷ, ബിഹാര്‍, യുപി, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.
ഇവരെ കൊണ്ടുപോകാന്‍ സ്പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്രയധികം പേരെ ബസ്സ് മാര്‍ഗം കൊണ്ടുപോകാന്‍ പ്രയാസമാണ്. മാത്രമല്ല, യാത്രയ്ക്കിടെ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കണക്കിലെടുത്താണ് സ്പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുമുണ്ട്.
ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാന്‍. ഓരോ ട്രെയിനിലും മെഡിക്കല്‍ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും ട്രെയിനില്‍ തന്നെ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യാന്‍ അവസരം ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും തടയാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുമായി ബന്ധമുള്ള മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വഴികള്‍ അടച്ചതോടെ അടിയന്തര ആവശ്യത്തിന് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി റെഡ്സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും ഉണ്ട്. അത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗം തന്നെയാണ്. ഇത് മുന്‍കൂട്ടി കണ്ടതിനാലാണ് അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി നല്‍കണമെന്ന തീരുമാനമെടുത്തത്. അത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയണം. അതിന് പൊലീസിന്റെ സഹായമുണ്ടാകും.
നമ്മുടെ നാട്ടില്‍ അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍നിന്ന് രോഗബാധ ഉണ്ടാകുന്നുണ്ട്. ചരക്കുലോറികളുടെ സഞ്ചാരവും മറ്റും ഉള്ളത് ഇതിന് കാരണമാണ്. ഇപ്പോള്‍ അങ്ങനെയുള്ള കേസുകള്‍ കണ്ടെത്താനും ക്വാറന്റൈന് ചെയ്യാനും കഴിയുന്നുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതി മാറിപോകാനിടയുണ്ട്. നിയന്ത്രണം വക വെക്കാതെ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലം വിളിച്ചുള്ള മീന്വില്പന തുടങ്ങി എന്ന ഒരു വാര്‍ത്ത കണ്ടു. അതുപോലെ കമ്പോളങ്ങളിലും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. മലപ്പുറത്ത് ഏതോ ഒരു പ്രചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പറ്റുന്നതല്ല.
ഇതുവരെയുള്ള രോഗികളുടെ വിവരം എടുത്തുനോക്കിയാല്‍ പലതിലും രോഗപകര്‍ച്ചയ്ക്ക് കാരണമായി അശ്രദ്ധ കാണാം. നേരിയ ഒരു അശ്രദ്ധ പോലും നമ്മള് ആരെയും കോവിഡ് രോഗിയാക്കാം. അതുകൊണ്ടാണ് പരുഷമായി പറയേണ്ടിവരുന്നതും നിയന്ത്രിക്കേണ്ടിവരുന്നതും. പൊലീസ് നിയന്ത്രക്കുന്നതില്‍ വിഷമം തോന്നിയിട്ട് കാര്യമില്ല. എന്നാല്‍ ബലപ്രയോഗം ഉണ്ടാകരുത് എന്ന് ശക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന ധാരണ എല്ലാവര്ക്കും ഉണ്ടാകണം. ഏതെങ്കിലും തരത്തിലുള്ള അമിതമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. നടപ്പാക്കാന്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനാണ് പൊലീസ് തയ്യാറാകുന്നത്.
അതുകൊണ്ടുതന്നെ പൊലീസുമായി സഹകരിക്കുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നാം നല്‍കുന്നുണ്ട്. അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളും നീങ്ങുന്നുണ്ട്. അതിനിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവരെ തെരുവിലിറക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ അതിനെ നിര്‍ദാക്ഷണ്യം നേരിടും.
റോഡുകള്‍ പൂട്ടിയപ്പോള്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് കായല്‍ മാര്‍ഗം ആളുകളെ എത്തിക്കുന്നു എന്നാണ് ഒരു വിവരം. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടത്രെ. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ല.
ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാലയങ്ങളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാക്കി വന്ന അരി കമ്യൂണിറ്റി കിച്ചനില്‍ നല്കാന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രാദേശികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്കൂളുകളും ആശയവിനിമയം നടത്തി അരിയും പയറും കൈമാറേണ്ടതാണ്.
സംസ്ഥാനത്ത് ഇന്നലെ വരെ 2088 ട്രക്ക് ചരക്കുമായി എത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വരവ് തൃപ്തികരമാണ്.
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക.
വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍ നിന്ന് ഇന്നുവരെ 3,53,468 പേര് രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്- 1,53,660 പേര്. സൗദി അറേബ്യയില്‍ നിന്ന് 47,268 പേര് രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.
യുകെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് ഇന്ത്യാ ഗവണ്മെന്റിനും അതത് രാജ്യത്തെ എംബസിക്കും നല്‍കും. കൃത്യമായ പ്ലാന്‍ തയ്യാറാക്കാനും മുന്‍ഗണന പ്രകാരം ആളുകളെ കൊണ്ടുവരാനും ഇത് സഹായിക്കും.
ഇതര സംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന് സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍ 30,576, തമിഴ്നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താല്ക്കാലികമായ ആവശ്യത്തിനു പോയി അവിടെ കുടുങ്ങിപോയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഏറ്റവും മുന്‍ഗണന. അവിടെ വീട് എടുത്ത് താമസിക്കുന്നവര്‍ നാട്ടിലെ ബന്ധുക്കളെ കാണാനായി വരുന്നതൊക്കെ പിന്നീട് ഒരു ഘട്ടത്തില്‍ ആലോചിക്കാം.
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ഈ സ്ഥിതി അനന്തമായി തുടരാനാകില്ല. അതുകൊണ്ട് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിഡിഎഫ്, പിപിടി, വീഡിയോ ഫോര്‍മാറ്റുകളിലാണ് ഇവ ലഭ്യമാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ താമസിക്കാതെ അപ്ലോഡ് ചെയ്യും.
2018-19 അക്കാദമിക് വര്‍ഷത്തെ സ്കോളര്‍ഷിപ്പ് തുകയായ 3.35 കോടി രൂപ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോര്‍ഡ് അറിയിച്ചു.
വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫീസില്‍ പോകാതെ ഓണ്‍ലൈന്‍ അടക്കാന്‍ കഴിയും. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.
കോവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ചത് നമുക്കെല്ലാമറിയാം. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് പരമാവധി പിന്തുണ നല്കാന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പരസ്യ കുടിശികയായ 53 കോടി രൂപ റിലീസ് ചെയ്തിട്ടുണ്ട്. പിആര്‍ഡി വഴി ഇത് വിതരണം ചെയ്യും. മാധ്യമരംഗത്ത് പ്രതിസന്ധിമൂലം ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
വ്യാജ വാര്‍ത്തകളും പ്രചാരണവും വിവിധ മേഖലകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡ് കേസുകള്‍ പോസിറ്റീവാകുന്നത് സര്‍ക്കാരിന്റെ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്ട്സാപ്പ് പ്രചാരണം നടത്തുന്നത് കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ പള്ളിക്കര മുഹമ്മദ്കുഞ്ഞി മകന് ഇമാദ് വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തു. കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. വിവരം ചോര്‍ന്നതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പ്രചാരണം നടത്തി. എന്നാല്‍, കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസര്‍കോട്ടെ രോഗികളുടെ രേഖ ചോര്‍ന്നു എന്ന വ്യാജ പ്രചാരണത്തില്‍ മുന്നില്‍നിന്നത് ഇയാളായിരുന്നു.
സാര്‍വദേശീയ തൊഴിലാളി ദിനം
നാളെ സാര്‍വദേശീയ തൊഴിലാളി ദിനമാണ്. മുഴുവന്‍ ആളുകള്‍ക്കും മെയ്ദിന ആശംസ നേരുന്നു. രാജ്യത്തിനകത്തും പുറത്തും തൊഴിലാളികള്‍ കടുത്ത പരീക്ഷണം നേരിടുന്ന ഘട്ടത്തിലാണ് ഈ മെയ്ദിനം കടന്നുവരുന്നത്. ദുരിതം നേരിടുന്ന തൊഴിലാളിവര്‍ഗത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കട്ടെ. അവര്‍ക്ക് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കും.