Month: May 2020

വാര്‍ത്താകുറിപ്പ്: 29-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ശ്രീ. എം പി വീരേന്ദ്രകുമാറിന്‍റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നില്‍ക്കാന്‍ നിഷ്കര്‍ഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായ നിലപാടുകളില്‍ എന്നും അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു. ഇതില്‍ വിട്ടുവീഴ്ച ചെയ്താല്‍ കിട്ടുമായിരുന്ന സ്ഥാനങ്ങള്‍ വേണ്ടെന്നു വെച്ചു.

സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛന്‍ പത്മപ്രഭാ ഗൗഡറില്‍നിന്നു ലഭിച്ചതാണ്. മാധ്യമ-സാഹിത്യ രംഗങ്ങളിലടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. ‘ഗാട്ടും കാണാച്ചരടും’ പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്‍റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി. ‘രാമന്‍റെ ദുഃഖം’ പോലുള്ളവയിലൂടെ വര്‍ഗീയ വിധ്വംസക നീക്കങ്ങള്‍ക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തി.

അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ചു ജയിലില്‍ കഴിഞ്ഞതിന്‍റെ അനുഭവങ്ങളുണ്ട്. അതടക്കം വ്യക്തിപരമായ നിരവധി ഓര്‍മകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. രാഷ്ട്രീയമായി യോജിച്ചും വിയോജിച്ചും നിന്നിട്ടുണ്ട്. എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്‍റെ സോഷ്യലിസ്റ്റ് ആഭിമുഖ്യം, താന്‍ വിശ്വസിക്കുന്ന ആശയങ്ങളോടും നിലപാടുകളോടുമുള്ള പ്രതിബദ്ധത എന്നിവ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള നേതാവായിരുന്നു. അസാധാരണ ബുദ്ധിവൈഭവവും വിജ്ഞാന ശേഖരണശീലവും അദ്ദേഹത്തെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവാക്കി.

നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും മന്ത്രി എന്ന നിലയ്ക്കും പാര്‍ലമെന്‍റംഗം എന്ന നിലയ്ക്കും പത്രാധിപര്‍ എന്ന നിലയ്ക്കും സാഹിത്യകാരനെന്ന നിലയ്ക്കുമെല്ലാം മഹത്തായ സംഭാവനകള്‍ നല്‍കിയ എം പി വീരേന്ദ്രകുമാറിന്‍റെ വിയോഗം നമ്മുടെ നാടിന്, പുരോഗമന രാഷ്ട്രീയ ജനാധിപത്യ ശക്തികള്‍ക്ക്, സമൂഹത്തിനാകെത്തന്നെ കനത്ത നഷ്ടമാണ്.

കോവിഡ്

62 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 33 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡെല്‍ഹി, പഞ്ചാബ് ഒന്നുവീതം. സമ്പര്‍ക്കം 1. ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ഹെല്‍ത്ത്വര്‍ക്കറിനും രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമെ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 5, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. വയനാട് 5, കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.

രോഗം സ്ഥിരീകരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി (65) ആണ് ഇന്ന് മരണമടഞ്ഞത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഇതുവരെ 1150 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 577 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,24,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,23,087 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 1080 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 62,746 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 60,448 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11,468 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 10,635 നെഗറ്റീവായിട്ടുണ്ട്. ആകെ 101 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 22 ഹോട്ട്സ്പോട്ട്.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ്ജയിലുകളിലാണ് രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കണ്ണൂര്‍ സബ്ജയിലിലും റിമാന്‍ഡ് പ്രതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥാപനങ്ങളിലേയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരേയും നിരീക്ഷിക്കുന്നുണ്ട്.

ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനായി തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ തിരഞ്ഞൈടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളില്‍ പുതുതായി റിമാന്‍റ് ചെയ്യപ്പെടുന്ന തടവുകാരെ സുരക്ഷാസംവിധാനങ്ങളോടെ ഏറ്റെടുക്കുന്നതിന് ജയില്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ട് സംസ്ഥാനത്ത് ഇപ്പോള്‍ വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുമ്പോള്‍ ഇത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതു തന്നെയാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്.

കോവിഡ് മാനേജ്മെന്‍റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന ഇതുവരെ 620.71 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ 227.35 കോടി രൂപ ചെലവിട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ ബെഡ്ഡുകള്‍ സജ്ജമാണ്. അതില്‍ ഇപ്പോള്‍ 1080 പേരാണ് ഉള്ളത്. 1296 സര്‍ക്കാര്‍ ആശുപത്രികളില്‍ 49,702 കിടക്കകള്‍, 1369 ഐസിയു കിടക്കകള്‍, 1045 വെന്‍റിലേറ്ററുകള്‍ എന്നിവയുണ്ട്. സ്വകാര്യമേഖലയില്‍ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്‍റിലേറ്ററുകളുമുണ്ട്.

851 കൊറോണ കെയര്‍ സെന്‍ററുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. അതുകൊണ്ട് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു എന്നതുകൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് ഒരാള്‍ക്കു മാത്രമാണ്. ഇനി പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗം ബാധിച്ചവരില്‍നിന്ന് മറ്റ് ആളുകളിലേക്ക് പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.

ഐസിഎംആര്‍ നിഷ്കര്‍ഷിച്ച വിധത്തില്‍ പരിശോധന വേണ്ട എല്ലാ ആളുകളെയും കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റ് നടത്തുമ്പോള്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവാകുന്നത്. നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 1.7 ശതമാനമാണ്. രാജ്യത്തിന്‍റേത് 5 ശതമാനമാണ്. കൊറിയയിലേതു പോലെ രണ്ടുശതമാനത്തില്‍ താഴെയാകാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കേസ് ഫെറ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍) 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയര്‍ന്ന നിരക്കിലാകുന്നതിനര്‍ത്ഥം ആവശ്യത്തിന് പരിശോധനകള്‍ ഇല്ല എന്നാണ്. ഇവിടെ നേരെ മറിച്ചാണ്. നമ്മുടെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, കാര്യക്ഷമമായ കോണ്‍ടാക്ട് ട്രെയ്സിങ്, ശാസ്ത്രീയമായ ക്വാറന്‍റൈന്‍ എന്നിവയൊക്കെയാണ് ഈ നേട്ടത്തിന് ആധാരം.

ഇതുവരെ എല്ലാ ഇനത്തിലുമായി 80,091 ടെസ്റ്റുകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. പരിശോധനയുടെ എണ്ണത്തിലും നാം മുന്നേറിയിട്ടുണ്ട്. ഒരു ദശലക്ഷത്തിന് 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോഴാണ് ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നത്. രാജ്യത്തിന്‍റെ ശരാശരി എടുത്താല്‍ ഈ തോത് 23ന് ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയാണ് നമ്മുടെ ടെസ്റ്റിന്‍റെ തോത്.

ഇതുവരെയായി 1,33,249 പ്രവാസി മലയാളികളാണ് ഈ ഘട്ടത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 73,421 പേര്‍ വന്നത് റെഡ്സോണുകളില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,16,775 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 16,474 പേരുമാണ് ഇങ്ങനെ എത്തിയത്. കോവിഡ് ആദ്യ കേസ് വന്ന് നൂറുദിവസം പിന്നിട്ടപ്പോള്‍ നാം കോവിഡ് കര്‍വ് ഫ്ളാറ്റണ്‍ ചെയ്തു. അന്ന് കേസുകളുടെ എണ്ണം 16 ആയിരുന്നു. ഇന്ന് അത് 577 ആണ്.

ഇന്നലെ 84 കേസ് ഉണ്ടായതില്‍ സമ്പര്‍ക്കംമൂലം വന്നത് അഞ്ചുപേര്‍ക്കാണ്. ഈ ആഴ്ചത്തെ കണക്കെടുത്താല്‍ ഞായറാഴ്ച 53 കേസില്‍ സമ്പര്‍ക്കം 5. തിങ്കളാഴ്ച 49ല്‍ 6, ചൊവ്വ 67ല്‍ 7, ബുധന്‍ 40ല്‍ 3, ഇന്ന് 62ല്‍ ഒന്ന്. അതായത് ഈയാഴ്ച ഇതുവരെ വന്ന 355ല്‍ 27 ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. മെയ് പത്തു മുതല്‍ 23 വരെയുള്ള കണക്കുനോക്കിയാല്‍ 289 പുതിയ കേസുകളില്‍ 38 ആണ് സമ്പര്‍ക്കം വഴി വന്നത്. മെയ് 10 മുതല്‍ ആകെയുള്ള 644 കേസില്‍ 65 ആണ് സമ്പര്‍ക്കം. 10.09 ശതമാനം. ഇപ്പോഴുള്ള 557 ആക്ടീവ് കേസില്‍ സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത് 45 പേര്‍ക്കാണ്.

സമൂഹവ്യാപന സാധ്യത മനസ്സിലാക്കുന്നതിനായി സെന്‍റിനെല്‍ സര്‍വൈലന്‍സ് നടത്തുന്നതിന്‍റെ ഭാഗമായി ‘ഓഗ്മെന്‍റഡ് ടെസ്റ്റ്’ നടത്തി. ഏപ്രില്‍ 26ന് ഒറ്റ ദിവസം കൊണ്ട് 3128 സാമ്പിളുകള്‍ ഇത്തരത്തില്‍ പരിശോധിച്ചു.

ഇത് കൂടാതെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങളുമായി ഇടപഴകേണ്ടി വരുന്ന വിഭാഗങ്ങളായ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു പ്രവത്തിക്കുന്നവര്‍, സമൂഹ അടുക്കളകളിലെ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, റേഷന്‍ കടകളിലെ ജീവനക്കാര്‍, പഴ/പച്ചക്കറി കച്ചവടക്കാര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപഴകേണ്ടി വരുന്ന ചുമട്ടു തൊഴിലാളികള്‍, മറ്റ് കച്ചവടക്കാര്‍, വെയര്‍ഹൗസ് ജീവനക്കാര്‍, ഇടത്താവളങ്ങളിലെ കച്ചവടക്കാര്‍, അതിഥി തൊഴിലാളികള്‍, രോഗലക്ഷണങ്ങളില്ലാത്ത പ്രവാസികള്‍, രോഗം സ്ഥിരീകരിച്ച വ്യക്തികളോടൊപ്പം വിമാനത്തിലോ, കപ്പലിലോ, തീവണ്ടിയിലോ യാത്ര ചെയ്തവരോ സംസ്ഥാനത്തിന് പുറത്തുള്ള റെഡ്സോണ്‍ പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെതിയവരോ, ഇവരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കുകയാണ്.

സെന്‍റിനല്‍ സര്‍വൈലന്‍സ് പരിശോധനയുടെ ഭാഗമായി 4 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഓക്മെന്‍റഡ് പരിശോധനയില്‍ 4 പേരെ പോസിറ്റീവായി കണ്ടെത്തി. തിരിച്ചെത്തിയ പ്രവാസികളുടെ സെന്‍റിനല്‍ സര്‍വൈലന്‍സ് (പൂള്‍ഡ്) പരിശോധനയില്‍ 29 പേര്‍ക്ക് ഫലം പോസിറ്റീവായി. ഈ കണക്കുകള്‍ വെച്ചുതന്നെയാണ് സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ല എന്ന് പറയാനാവുന്നത്.

കേരളത്തില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ഇവരില്‍ ആശുപത്രിയില്‍ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും (ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ) ഉണ്ട്. എല്ലാവരും കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനയും നടക്കുന്നതും ലഭ്യമാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിന്‍റെ പ്രവര്‍ത്തനമികവുമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ പോലും രോഗം കണ്ടെത്താനും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും സാധിച്ചത്. സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിച്ചാല്‍ നമുക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പോരാതെവരും.

കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാനത്തിന്‍റെ ശരാശരിയേക്കാള്‍ കൂടുതലായി രോഗബാധയുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്. അവിടെ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടിവരും. മാര്‍ക്കറ്റുകള്‍ ചിലത് രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ് എന്ന് മനസ്സിലാക്കി ഇടപെടണം. അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കും.

മറ്റു രോഗങ്ങള്‍

കേരളത്തില്‍ 2019 ജനുവരി ഒന്നുമുതല്‍ മെയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73,155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനര്‍ത്ഥം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് മരണസംഖ്യയില്‍ തന്നെ 20,562 കുറഞ്ഞു എന്നാണ്. ഈ ജനുവരി അവസാനമാണ് കോവിഡ് ബാധ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സമൂഹവ്യാപനമുണ്ടെങ്കില്‍ ഇതായിരിക്കില്ലല്ലൊ അവസ്ഥ.

ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് തന്നെ ഇത് ശാസ്ത്രീയമായി വിശകലനം ചെയ്തു. ഇതനുസരിച്ച് 2018ലേതില്‍നിന്ന് ജനുവരി-മെയ് കാലയളവിലെ പനിബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. ന്യുമോണിയ, ശ്വാസതടസ്സം തുടങ്ങിയവയുമായി എത്തിയ രോഗികളുടെ എണ്ണത്തിലും കുറവാണുണ്ടായത്.

മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് വ്യാപന കാലത്ത് കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എന്‍ വണ്‍ മൂന്ന് പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.

ഡെങ്കിപനി ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുക് വളരുന്നത്. വീട്ടിലും ചുറ്റുപാടുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാനായി ഡ്രൈ ഡേ ഇടക്കിടെ ആചരിക്കേണ്ടതാണ്. ശുചീകരണദിനമായി ആചരിക്കുന്ന ഞായറാഴ്ച ഇക്കാര്യത്തില്‍ പൂര്‍ണ ശ്രദ്ധയുണ്ടാകണം. ടെറസ്, പൂച്ചട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായിടാറുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യേണ്ടതാണ്. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിച്ച് കളഞ്ഞ കമഴ്ത്തി വെക്കണം.

വൈകുന്നരം മുതല്‍ രാവിലെ വരെ വാതിലും ജനാലകളും അടച്ചിടുകയും വീട്ടില്‍ കഴിയുന്നവര്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പറ്റുമെങ്കില്‍ കൊതുകുവല ഉപയോഗിക്കയും വേണം. ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണവകുപ്പും നടത്തിവരുന്ന ഫോഗിങ് പ്രത്യേകിച്ച് രോഗം കണ്ടെത്തിയവരുടെ വീട്ടില്‍ നടത്തിയിരിക്കേണ്ടതാണ്.

എലിപ്പനി എന്നാണ് വിളിക്കാറുള്ളതെങ്കിലും ലെപ്റ്റോ സ്പൈറോസിസ് എന്ന ആ രോഗം കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടെയും മറ്റും മൂത്രത്തിലൂടെയും വ്യാപിക്കും. കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകളും പന്നി ഫാമുങ്ങളും വൃത്തിയായി സൂക്ഷിക്കണം. അവരെ പരിപാലിക്കുമ്പോള്‍ ഗണ്‍ ബൂട്ടുകളും കൈയുറകളും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാല്‍ ഉടനെ വയലില്‍ മേയാന്‍ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടതുണ്ട്.

ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം പ്രത്യേകമായി ശ്രദ്ധിക്കണം.

പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് കൂടി ഉള്‍പ്പെടുത്തും. അതിനനുസരിച്ച് ഫീവര്‍ പ്രോട്ടോക്കൊള്‍ പുതുക്കും. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തില്‍ വെച്ചുതന്നെ വേര്‍തിരിക്കുകയും ചെയ്യും.

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ കണ്ണുവെട്ടിച്ച് കറങ്ങുന്നതായും ചില വാര്‍ത്തകള്‍ വന്നു. ഇതു രണ്ടും തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും.

റേഷന്‍ വാങ്ങുമ്പോള്‍ ഇ-പോസ് മെഷീനിലെ പഞ്ചിങ് ഒഴിവാക്കിയിട്ടുണ്ട്.

കെ-ഫോണ്‍

ഇന്‍റര്‍നെറ്റിനുള്ള അവകാശം പൗരډാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്‍റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേډയുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ആവിഷ്കരിച്ചത്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം.

കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ മേധാവികളുമായി ഇന്ന് കാലത്ത് വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുകയുണ്ടായി. ലോക്ഡൗണ്‍ കാരണം രണ്ടു മാസത്തോളം പ്രവൃത്തി മുടങ്ങിപ്പോയ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്തിയത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് കണ്‍സോര്‍ഷ്യം ലീഡറായ ബിഇഎല്ലിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഉറപ്പുനല്‍കിയിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തിലെ മറ്റു പങ്കാളികളും ഇതിനോട് യോജിച്ചിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായ പൊതുസ്ഥാപനങ്ങള്‍ക്കും ഈ നെറ്റ്വര്‍ക്ക് വഴി കണക്ഷന്‍ ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും.

പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഐടി വകുപ്പ് പദ്ധതിയുടെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. കണ്‍സോര്‍ഷ്യത്തിലെ എല്ലാ പങ്കാളികളോടും കേരളത്തിന്‍റെ വികസനത്തില്‍ പങ്കാളികളാകാനും ഇവിടെ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്‍റര്‍നെറ്റ് ശൃംഖലയായിരിക്കും കെ-ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ധിക്കുമെന്ന് നമുക്കറിയാം. ലോകത്തിന്‍റെ ചലനം തന്നെ ഇന്‍റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്‍റര്‍നെറ്റിന്‍റെ ഇപയോഗം വലിയതോതില്‍ വര്‍ധിക്കും. കോവിഡാനന്തരം കേരളത്തെ ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണയായിരിക്കും.

കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ ലൈനുകളിലൂടെയാണ് ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

BEL ചെയര്‍മാന് പുറമെ റെയില്‍ടെക് റീജിണല്‍ ജനറല്‍ മാനേജര്‍ ചന്ദ്രകിഷോര്‍ പ്രസാദ്, SRIT ചെയര്‍മാന്‍ ഡോ. മധു നമ്പ്യാര്‍, എല്‍.എസ് കേബിള്‍സ് ഡയറക്ടര്‍ ജോങ് പോസോന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള എന്നിവരും ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, KSITIL എം.ഡി. ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വായ്പ തിരിച്ചടവ്

കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവര്‍ എടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടൊമാറിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക വായ്പ തിരിച്ചടക്കുന്നതിന് ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ച് മെയ് 30 വരെ കാലാവധി നീട്ടി.

എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വര്‍ണം പണയംവെച്ചും മറ്റും കൃഷിവായ്പ എടുത്ത ധാരാളം പേര്‍ ഇതുകാരണം കൂടിയ പലിശ നല്‍കേണ്ടിവരും. അതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം ആവശ്യപ്പെടുന്നത്.

ദുരിതാശ്വാസ നിധി

തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല എന്നിവിടങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങള്‍ സമാഹരിച്ച 51,82,042 രൂപ

മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ 50,36,006 രൂപ

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കളമശ്ശേരി മുന്‍സിപ്പല്‍ ഈസ്റ്റ് കമ്മറ്റി സമാഹരിച്ച 11.33 ലക്ഷം രൂപ

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ 10 ലക്ഷം രൂപ

മില്‍മ തിരുവനന്തപുരം റീജണല്‍ മില്‍ക്ക് യൂണിയന്‍ ചെയര്‍മാന്‍റെയും ജീവനക്കാരുടെയും വിഹിതവും റീജിയണല്‍ യൂണിയന്‍ ഫണ്ടും ചേര്‍ത്ത് 9 ലക്ഷം രൂപ

എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് 9,56,010 രൂപ

മലബാര്‍ റൂറല്‍ ഡവലപ്മെന്‍റ് ഫൗണ്ടേഷന്‍ 5 ലക്ഷം രൂപ

സൗത്ത് ഇന്ത്യ അസംബ്ളീസ് ഓഫ് ഗോഡ് 5 ലക്ഷം രൂപ

സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടന എകെജിസിടി ആകെ കൈമാറിയത് 21,20,000 രൂപയാണ്.

വാര്‍ത്താകുറിപ്പ്: 28-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

84 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഇതില്‍ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ഇന്ന് 3 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി.

ഇന്ന് ഒരു മരണവുമുണ്ടായി. തെലങ്കാന സ്വദേശിയായ അഞ്ജയ്യ (68) ആണ് മരണമടഞ്ഞത്. തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും
കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നവരാണ്. തമിഴ്നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡെല്‍ഹി 2, ആന്ധ്ര 1, സമ്പര്‍ക്കം 5 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 992 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 210 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 58,460 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9,937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9,217 നെഗറ്റീവായിട്ടുണ്ട്. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ട്. കാസര്‍കോട് മൂന്നും പാലക്കാട്ടെ രണ്ടു പഞ്ചായത്തുകളും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതുതായി ഹോട്ട്സ്പോട്ടായത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്- 105 പേര്‍. കണ്ണൂരില്‍ 93 പേരും കാസര്‍കോട് 63 പേരുമാണ് ചികിത്സയില്‍. മലപ്പുറത്ത് 52.

സാമൂഹിക സന്നദ്ധസേന

ജനങ്ങളാകെ ഒത്തുചേര്‍ന്നാണ് കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്നത്. നാം അടുത്ത കാലത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയര്‍മാര്‍ ഈ പോരാട്ടത്തില്‍ തികഞ്ഞ അര്‍പ്പണബോധത്തോടെ രംഗത്തുണ്ട് എന്നത് കേരളത്തിന് അഭിമാനമാണ്.

പ്രാദേശിക തലത്തില്‍, പൊലീസിനൊപ്പം പട്രോളിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അവര്‍ ഇപ്പോള്‍ പങ്കാളികളാണ്. ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം അവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചുവരികയാണ്. വയോജനങ്ങളെ സഹായിക്കുന്ന വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ടും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

ദുരന്ത പ്രതികരണത്തില്‍ യുവജനശക്തിയെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ആദ്യം സാമൂഹിക സന്നദ്ധസേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇതിനകം തന്നെ 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

മിക്കവാറും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധസേനയുടെ സാന്നിധ്യമുണ്ട് എന്നത് സവിശേഷതയാണ്. കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികളുമായി വളണ്ടിയര്‍മാര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ദുരന്തപ്രതികരണ രംഗത്ത് ഫയര്‍ ആന്‍റ് റസ്ക്യൂ സേനയോടും പൊലീസിനോടും ഒപ്പം ഇവര്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ അവര്‍ക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും.

വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും ആദ്യഘട്ടത്തില്‍. ജൂണ്‍ 15നു മുമ്പ് 20,000 പേര്‍ക്ക് പരിശീലനം നല്‍കും. ജൂലൈ മാസം 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.

മഴക്കാലത്തെ കെടുതികള്‍ നേരിടുന്നതിനും വളണ്ടിയര്‍ സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ശുചീകരണത്തില്‍ മറ്റു വിഭാഗങ്ങളോടൊപ്പം സന്നദ്ധസേന വളണ്ടിയര്‍മാരും രംഗത്തുണ്ടാകും. കോവിഡ് 19 രോഗത്തില്‍ നിന്ന് പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കുന്നതിലും (റിവേഴ്സ് ക്വാറന്‍റൈന്‍) സേനയക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കാണുന്നത്.

2018ലെ മഹാപ്രളയത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്‍റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കിയത്. സാമൂഹിക സന്നദ്ധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്‍റെ മാതൃകയായിരിക്കും ഈ സേന എന്ന കാര്യത്തില്‍ സംശയമില്ല. സേവനതല്‍പരതയോടെ ഈ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ വളണ്ടിയര്‍മാരെയും സര്‍ക്കാരിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും.

ഇത് പ്രത്യേകമായ ഒരു കാലമാണ്. എല്ലാ മേഖലകളിലും മാറ്റം വരുത്തേണ്ട ഘട്ടവും. പഠനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ നാളത്തേക്ക് അടച്ചിടുന്നതും ഒക്കെ അതിന്‍റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞവരുമാണ് നാട്ടിലാകെ. ഈ ഘട്ടത്തില്‍ അത്തരം ജനങ്ങളെ സഹായിക്കുക, അവരുടെ ഭാരം ലഘൂകരിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വിരുദ്ധമായി ചില പ്രവണതകളെങ്കിലും കാണാന്‍ കഴിയുന്നത്.  

അതിലൊന്ന് സ്വകാര്യ സ്കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയതാണ്. ചില സ്കൂളുകള്‍ വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്‍റെ രസീതുമായി വന്നെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു സ്കൂളിലും ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല. പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുക, വേണ്ട മാറ്റങ്ങള്‍ വരുത്തുക എന്നിവയാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തര പ്രാധാന്യത്തോടെ നടക്കുന്ന കാര്യം. അത് സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമാണ്. പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, പിഴിഞ്ഞുകളയുമെന്ന നില സ്വീകരിക്കാന്‍ പാടില്ല.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിദേശമദ്യ വില്‍പന പുനരാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബെവ്ക്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സംവിധാനത്തിലൂടെയാണ് വില്‍പന. ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ആദ്യദിവസം 2.25 ലക്ഷത്തോളം പേരാണ്  ബെവ്ക്യൂ വഴിയുള്ള ടോക്കണ്‍ സേവനം ഉപയോഗപ്പെടുത്തിയത്.  ആദ്യദിവസമുണ്ടായ ചില സാങ്കേതികതടസ്സങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദേശമദ്യവില്‍പ്പന പുനരാരംഭിച്ചത്.

ബെവ്കോയുടെ ആപ്പ് നിലവില്‍ വരുന്നതിനു മുമ്പുതന്നെ വ്യാജആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനെ ചുമതലപ്പെടുത്തി. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെന്ന്  കാണുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് എടുക്കും.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്‍റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച് അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ മനഃപ്പൂര്‍വ്വം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. ഇങ്ങനെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നടപടി എടുക്കും.

മാസ്ക് ധരിക്കാത്ത 3251 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്‍റൈന്‍ ലംഘിച്ച ആറുപേര്‍ക്കെതിരെ ഇന്ന് കേസെടുത്തു.

വ്യാജ പ്രചാരണം

കേരളത്തിന്‍റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സര്‍ക്കാരിന്‍റെയും ഐക്യത്തിന്‍റെ ബലത്തിലാണ്. അതുകൊണ്ടാണ് ലോകത്തിന്‍റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാല്‍, അതിനെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

ഐസിഎംആറിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ പാലിച്ച് കോവിഡ് 19 വ്യാപനം തടയാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതു അംഗീകരിക്കുകയും കേരളത്തിന്‍റെ പ്രവര്‍ത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ശ്രമിച്ച് സര്‍ക്കാര്‍ മേഖലയില്‍ 15 സ്ഥാപനങ്ങളില്‍ ടെസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. അവയ്ക്ക് ഐസിഎംആറിന്‍റെ അംഗീകാരവും നേടിയെടുത്തു. മാത്രമല്ല, അഞ്ച് സ്വകാര്യ ലാബുകള്‍ക്കും ഇപ്പോള്‍ ടെസ്റ്റിങ് അംഗീകാരമുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറില്‍ നിന്നും ലഭിച്ചിരുന്നുള്ളു.

എന്നാല്‍, ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ലഭിച്ച കിറ്റുകള്‍ നാം ശ്രദ്ധയോടെ വിനിയോഗിച്ചു. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ കൂടുതല്‍ ടെസ്റ്റിന്‍റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചു. ദിവസം ശരാശരി 3,000 ടെസ്റ്റുകളാണ് ഇനി ചെയ്യുന്നത്.

ടെസ്റ്റ് ചെയ്യുന്നതിന് അതിന് ഐസിഎംസിആറിന്‍റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. വ്യാപകമായി ആന്‍റിബോഡി ടെസ്റ്റ് നടത്താന്‍ നാം തീരുമാനിച്ചിരുന്നു. എന്നാല്‍, ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അതു ഉപയോഗിക്കേണ്ടെന്ന് അവര്‍ തന്നെ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി. അതുകാരണമാണ് ആന്‍റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നത്.

സമൂഹത്തില്‍ രോഗം പടരുന്നുണ്ടോ എന്നറിയാനുള്ള സെന്‍റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് കേരളം നല്ല നിലയില്‍ നടത്തുന്നുണ്ട്. അങ്ങനെയാണ് സമൂഹവ്യാപനമുണ്ടായില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയത്.  എന്നാല്‍, ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കിലും വ്യക്തമാകും. കാരണം, ഇവിടെ ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് ഇടയാകും. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണ്.

വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്‍റെ ഈ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്‍റെ പേരില്‍ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ടാകാം- അതില്‍ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ മാത്രമേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നടക്കം വന്നിട്ടുള്ളൂ.

ശുചീകരണം

വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി മാറ്റണമെന്ന് ഇന്നലെ പറഞ്ഞിരുന്നുവല്ലൊ. അത് വീടും പരിസരവും വൃത്തിയാക്കാന്‍ എല്ലാവരും അണിനിരക്കേണ്ട ഇടപെടലാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി നടത്തേണ്ടതുണ്ട്. കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് എന്നീ തീയതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തും.

ജനപ്രതിനിധികള്‍, കുടുംബശ്രീ-ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍, സന്നദ്ധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. മെയ് 30, ജൂണ്‍ ആറ് എന്നീ ദിവസങ്ങളില്‍ പൊതു ഇടങ്ങളാണ് വൃത്തിയാക്കേണ്ടത്. മെയ് 31നു പുറമെ ജൂണ്‍ ഏഴും വീടും പരിസരവും വൃത്തിയാക്കാനായി മാറ്റിവെക്കണം. ഇതിന് പരമാവധി പ്രചാരണം നല്‍കാന്‍ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കാലാവസ്ഥ

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇപ്പൊള്‍ മഴ ലഭിക്കുന്നുണ്ട്. ഇത്തവണ ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. സാധാരണയില്‍ കൂടുതല്‍ മഴ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണ്. അടുത്ത 5   ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണം.

ദുരിതാശ്വാസനിധി

മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് 35 ലക്ഷം രൂപ. പ്രവാസികളടക്കമുള്ളവരുടെ തിരിച്ചു വരവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ സംവിധാനത്തെയും സഭ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സര്‍ക്കിള്‍ ജീവനക്കാരില്‍നിന്നും സമാഹരിച്ച 6 കോടി രൂപ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് കൈമാറി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 20 ലക്ഷം രൂപ

എഐവൈഎഫ് കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച 27,79,081 രൂപ, നേരത്തെ 1,29,975 രൂപ കൈമാറിയിരുന്നു

ശ്രീ. മുഹമ്മദാലി, സീ ഷോര്‍ റസിഡന്‍സി, കൊടുങ്ങല്ലൂര്‍ 25 ലക്ഷം രൂപ

എസ്ബിടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 15 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ചലചിത്ര അക്കാദമി 10 ലക്ഷം രൂപ

മലനാട് എസ്സിബി പ്രസിഡന്‍റ് എം ടി തോമസ് 7.5 ലക്ഷം രൂപ

സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടന എകെജിസിടി ഒന്നാം ഗഡു 2,12,000 രൂപ (വ്യക്തിഗത സംഭാവനകള്‍ക്കു പുറമെ)

എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി 6,18,816 രൂപ

തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ

ചെസ്സ് കേരള, ഇന്‍റര്‍നാഷണല്‍ ഓണ്‍ലൈന്‍ ചെസ്സ് മത്സരം നടത്തി സമാഹരിച്ച 4,55,078 രൂപ  

ആള്‍ കേരള കുടുംബശ്രീ ഓഡിറ്റേര്‍സ് യൂണിയന്‍, കൊല്ലം ജില്ല 2 ലക്ഷം രൂപ

ഭിന്നശേഷിക്കാരുടെ സംഘടന ഡി. എ. ഡബ്ല്യൂ . എഫ് രണ്ടു ഗഡുക്കളായി 5,30,000 രൂപ

വാര്‍ത്താകുറിപ്പ്: 27-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള നമ്മുടെ സഹോദരങ്ങളുടെ മരണം അത്യന്തം വേദനാജനകമാണ്. കഴിഞ്ഞയാഴ്ച ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ കോവിഡ് 19 ബാധിച്ച് മരിച്ച വിദേശത്തുള്ള പ്രവാസികള്‍ 124 പേരായിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്കനുസരിച്ച് അത് 173 ആയി മാറിയിട്ടുണ്ട്. അവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ സംസ്ഥാനവും പങ്കുചേരുന്നു.

40 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്നു വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡെല്‍ഹി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് ഓരോരുത്തര്‍ വീതം, വിദേശത്തുനിന്ന് 9 പേര്‍, സമ്പര്‍ക്കം 3 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.

മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 1004 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 445 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,07,832 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,06,940 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 892 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 56,558 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8541 നെഗറ്റീവാണ്. ആകെ 81 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ട്. പാലക്കാട് 10, തിരുവനന്തപുരം 3.

സര്‍വ്വകക്ഷിയോഗം

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആശങ്കയുളവാക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയുണ്ടായി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നേതാക്കള്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കും. നാം നിതാന്തജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകട സാധ്യത ഉണ്ടെന്ന സര്‍ക്കാരിന്‍റെ നിലപാടിനോട് എല്ലാവരും യോജിച്ചു. പുറത്തു നിന്നും നമ്മുടെ സഹോദരډാര്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ളവരുടെ ജാഗ്രത പ്രധാനമാണ്. ജനങ്ങളാകെ ഈ പോരാട്ടത്തില്‍ സ്വയം പടയാളികളായി മാറണം. നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ ചുറ്റുപാടുള്ള നാട്ടുകാര്‍ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങള്‍ ഏറ്റെടുക്കണം.

പ്രവാസികളുടെ കാര്യത്തില്‍, വിദേശത്തുനിന്നായാലും ഇതര സംസ്ഥാനങ്ങളില്‍ നിന്നായാലും, വരാനാഗ്രഹിക്കുന്ന എല്ലാവരേയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇക്കാര്യം തുടക്കം മുതലേ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഒരു ക്രമീകരണവുമില്ലാതെ ആളുകള്‍ ഒന്നിച്ചു വന്നാല്‍ രോഗവ്യാപനം തടയാന്‍ നാം സ്വീകരിക്കുന്ന നടപടികള്‍ അപ്രസക്തമാകും. നല്ല ആസൂത്രണത്തോടെയും ചിട്ടയോടേയും വേണം പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കുന്നതും ക്വാറന്‍റൈനിലേക്ക് അയക്കുന്നതും. അതിനുള്ള ഫലപ്രദമായ സംവിധാനം നമുക്കുണ്ട്. വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തുന്നവരെ സ്വീകരിച്ച് നേരെ ക്വാറന്‍റൈനിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഹോം ക്വാറന്‍റൈനില്‍ പോകുന്നവര്‍ വഴിയില്‍ ഇറങ്ങാനോ ആരേയും കാണാനോ പാടില്ല. ഈ നിബന്ധനകള്‍ ലംഘിച്ചാല്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതമുണ്ടാകും. ഇത്തരം ക്രമീകരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

സര്‍ക്കാരിനെ അറിയിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അനധികൃതമായി സംസ്ഥാനത്ത് എത്തുന്നവരുടെ കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എവിടെ നിന്നായാലും ഫ്ളൈറ്റുകളും ട്രെയിനുകളും വരട്ടെ. ഒരു നിബന്ധന മാത്രമേ സംസ്ഥാനത്തിനുള്ളൂ. എല്ലാവരുടേയും വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. അതിനുവേണ്ടി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ നിവൃത്തിയില്ല. വരുന്നവരുടേയും നാട്ടിലുള്ളവരുടേയും ആരോഗ്യസുരക്ഷ സര്‍ക്കാരിന് പ്രധാനമാണ്. വരുന്നവരുടെ നാട്ടിലെ വിലാസവും മറ്റു വിവരങ്ങളും ലഭിച്ചാല്‍ മാത്രമേ വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയൂ. സൗകര്യം ഇല്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്‍റൈനിലേക്ക് അയക്കേണ്ടതുണ്ട്. ഈ രീതിയില്‍ രജിസ്ട്രേഷനും മറ്റു ക്രമീകരണങ്ങളും നിഷ്കര്‍ഷിക്കുന്നത് തെറ്റിദ്ധരിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രി ചില പ്രതികരണങ്ങള്‍ നടത്തിയത്. നാം നമ്മുടെ പ്രയാസവും ഉല്‍ക്കണ്ഠയും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.

വിദേശത്തു നിന്നും വരുന്നവരുടെ ക്വാറന്‍റൈന്‍ ചിലവ് അവരില്‍ നിന്നും ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. സര്‍വ്വകക്ഷിയോഗത്തിലും ഈ പ്രശ്നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. ക്വാറന്‍റൈന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. അതു സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കുന്നതാണ്.

വിദേശത്തുള്ള ചില സംഘടനകള്‍ ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി പറയുന്നുണ്ട്. ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതിന് സംസ്ഥാനത്തിന് ഒരു വിരോധവുമില്ല. മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ മാത്രം മതി. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ഇല്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനം വരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്.

ലോക്ക്ഡൗണില്‍ ഇളവു വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തിലും വരികയുണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട ശേഷം അക്കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട് (കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനവും ഇതുതന്നെയാണ്). ആരാധനാലയം ആകുമ്പോള്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുക എന്നത് പ്രയാസമായിരിക്കും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതെല്ലാം തടസ്സമാകും.

സ്രവപരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിര്‍ദ്ദേശവും സര്‍വ്വകക്ഷിയോഗത്തില്‍ വരികയുണ്ടായി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് കിറ്റ് ആവശ്യത്തിന് കിട്ടിയിരുന്നില്ല. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മൂവായിരം വീതം ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.

ഞായറാഴ്ച

ഞായറാഴ്ച ഇപ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. കാലവര്‍ഷം തുടങ്ങുകയാണ്. കോവിഡിനു പുറമെ നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം മഴക്കാല രോഗങ്ങള്‍ തടയുക എന്നതാണ്. അതിന് ശുചീകരണം അനിവാര്യമാണ്. വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണദിനമായിരിക്കും. ഇതുസംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം. മുഴുവന്‍ ആളുകളും വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകും. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും. ഈ ശുചീകരണ പ്രവര്‍ത്തനം. ഇതിന് എല്ലാ കക്ഷികളുടെയും സംഘടനകളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. എല്ലാ പാര്‍ട്ടികളുടേയും സഹകരണം സര്‍ക്കാര്‍ ഇതിനുവേണ്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എല്ലാവരും അത് സ്വീകരിച്ചു എന്നതില്‍ സര്‍ക്കാരിന് സന്തോഷമുണ്ട്. എല്ലാ കക്ഷിനേതാക്കളോടും സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം.വി. ഗോവിന്ദന്‍, തമ്പാനൂര്‍ രവി, കെ. പ്രകാശ് ബാബു, കെ.പി.എ മജീദ്, പി.ജെ ജോസഫ്, സി.കെ. നാണു, ടി.പി. പീതാംബരന്‍മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഹോം ക്വാറന്‍റൈൻ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കു നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ട്. മാസ്ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ മാസം നാലുമുതല്‍ 25 വരെ സംസ്ഥാനത്ത് ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞത് 78,894 പേരാണ്. നമ്മുടെ നാട്ടിലെ സാഹചര്യം മെച്ചപ്പെട്ട ഹോം ക്വാറന്‍റൈന്‍ സാധ്യമാകുന്നതാണ്. ഇത്രയും പേര്‍ കഴിഞ്ഞതില്‍ 468 പേരാണ് ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി ഈ ദിവസങ്ങളില്‍ കണ്ടെത്തിയത്. ഇവയില്‍ 453 കേസ് രജിസ്റ്റര്‍ ചെയ്തു.

ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെയാണ് 145 കേസുകള്‍ കണ്ടെത്തിയത്. 48 കേസുകള്‍ അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്താല്‍ 260 ക്വാറന്‍റൈന്‍ ലംഘനങ്ങള്‍ കണ്ടെത്തി. ഇത് വ്യക്തമാക്കുന്നത് ഹോം ക്വാറന്‍റൈന്‍ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാകുന്നു എന്നും അതിന്‍റെ ലംഘനം തടയാന്‍ അടിമുടി ജാഗ്രത പുലര്‍ത്തുന്നു എന്നുമാണ്.

ലംഘനങ്ങള്‍ ഒന്നുകില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തും; അല്ലെങ്കില്‍ അയല്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തും; അതുമല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പിടിക്കപ്പെടും. രോഗവ്യാപന തോത് നമുക്ക് പിടിച്ചുനിര്‍ത്താന്‍ വലിയ ഒരളവ് കഴിഞ്ഞത് ഫലപ്രദമായ ഹോം ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കി എന്നതുകൊണ്ടു കൂടിയാണ്.

അദാലത്ത്

പരാതി പരിഹാര അദാലത്തുകള്‍ സംസ്ഥാനത്താകെ നടന്നുവരികയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അതിന് തടസ്സം നേരിട്ടു. പരിഹാരമെന്ന നിലയില്‍ ഓണ്‍ലൈന്‍ വഴി അദാലത്ത് നടത്താന്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ അദാലത്ത് വിജയമായിരുന്നു. അടുത്ത ആഴ്ച എല്ലാ ജില്ലകളിലും ഓരോ താലൂക്കില്‍ ഈ രീതിയില്‍ അദാലത്ത് നടത്തും.

സര്‍ക്കാര്‍ ഓഫീസുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പ്രത്യേക ക്രമീകരണമായിരിക്കും.

കോവിഡ് നിര്‍വ്യാപന-പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും പൂര്‍ണമായി തുറക്കും. ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരാകണം.

വേറെ ജില്ലകളില്‍ അകപ്പെട്ടുപോയ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള ബസ് സൗകര്യം കലക്ടര്‍മാര്‍ ഒരുക്കും. മടങ്ങാന്‍ കഴിയാത്തവര്‍ അതത് കലക്ടര്‍മാര്‍ക്കു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത് ആ ജില്ലയില്‍ തന്നെ തുടരേണ്ടതാണ്. കോവിഡ് നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയോ ചെയ്യാം. ഇതിനുള്ള ക്രമീകരണം കലക്ടറേറ്റുകളില്‍ ഉണ്ടാകണം. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് കോവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചില സംഭവങ്ങളില്‍ കുടുംബാംഗത്തിനുണ്ടാകുന്ന രോഗബാധ അറിയാത്തതുകൊണ്ടാണ് പകരുന്നത്. അതേസമയം  രോഗസാധ്യതയുള്ള ആളുകള്‍ വേണ്ട മുന്‍കരുതല്‍ എടുക്കാത്തതു കൊണ്ടുകൂടി ഇങ്ങനെ സംഭവിക്കുന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ ക്വാറന്‍റൈന്‍ നിബന്ധനകള്‍ പാലിച്ചേ തീരൂ. അതിന് കുടുംബവ്യാപനം എന്ന് പറയുന്നത് ശരിയല്ല. ഹോം ക്വാറന്‍റൈന്‍ എന്നത് നിര്‍ബന്ധമായും റൂം ക്വാറന്‍റൈന്‍ തന്നെയായി മാറണം. കുടുംബാംഗങ്ങള്‍ ഈ പ്രത്യേക സമയത്ത് അടുത്തിടപഴുകാതെ ശ്രദ്ധിക്കുകയും ആവശ്യമായ സഹായങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്താല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും.
 
വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ യുവാവ് കോവിഡ് കെയര്‍ സെന്‍ററില്‍ ആയിരുന്നു. ഇയാള്‍ നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചു എന്ന രീതിയില്‍  ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി. വീട്ടിലേക്ക് ഭീഷണി ഫോണ്‍കോളുകള്‍ എത്തുന്നു. കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നില്ല. സമീപവാസികള്‍ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും ഉയര്‍ന്നു. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ അനിവാര്യമാണ്. അത് തുടരുകയുമാണ്.

സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതി നാളെ നടപ്പില്‍വരും. ക്വാറന്‍റൈന്‍ ലംഘനം കണ്ടെത്തുന്നതിനുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്, ജനമൈത്രി പൊലീസിനോടൊപ്പം കണ്ടെയ്ന്‍മെന്‍റ് മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പൊലീസ് വളണ്ടിയര്‍മാരെ നിയോഗിക്കും. പൊലീസിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും അധികജോലിഭാരംമൂലം ഇപ്പോള്‍ ഉള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നടപടികളിലൂടെ കഴിയും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവാതിരിക്കാന്‍ വ്യത്യസ്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫീല്‍ഡ് ജോലിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് സ്പോണ്‍സര്‍മാരുടെ സേവനം തേടും.

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് മുന്നില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കും. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ട്രയല്‍ റണ്‍ നടത്താന്‍ പാടില്ല. ഒരാള്‍ ശരീരത്തില്‍ ഇട്ടുനോക്കിയ വസ്ത്രം തന്നെ മറ്റൊരാളും പരീക്ഷിച്ചുനോക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. ഇക്കാര്യത്തില്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഒരേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകള്‍ വസ്ത്രം വാങ്ങാനെത്തുന്നതും ഒഴിവാക്കണം.

മെയ് 31 സര്‍ക്കാര്‍ സര്‍വീസിലെ അനേകം ആളുകളുടെ റിട്ടയര്‍മെന്‍റ് ദിവസമാണ്. സാധാരണ സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ യാത്രയയപ്പ് പരിപാടികള്‍ ഉണ്ടാകാറുണ്ട്. ഇതേ സാഹചര്യം കഴിഞ്ഞ മാര്‍ച്ച് 31നും വന്നിരുന്നു. ആളുകള്‍ കൂടുന്ന പരിപാടിയും പാര്‍ട്ടികളും പാടില്ല. വൈകാരികമായ മുഹൂര്‍ത്തമാണെങ്കിലും നിലവിലുള്ള സാഹചര്യത്തിന്‍റെ ഗൗരവം പരിഗണിച്ച് യാത്രയയപ്പ് പരിപാടികള്‍ പരിമിതപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ തുടരുകയാണ്. പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം  ആഘോഷിക്കുന്ന പതിവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അത്തരം ആഘോഷങ്ങള്‍ ഈ ഘട്ടത്തില്‍ പാടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകേണ്ടതാണ്.

ശ്രീ. ടോം ജോസ് വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്തയെ നിയമിക്കും. ശ്രീ. ടോം ജോസ് സ്ത്യുത്യര്‍ഹമായ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 27-05-2020

നിയമനങ്ങള്‍ / മാറ്റങ്ങള്‍

മെയ് 31-ന് വിരമിക്കുന്ന ടോം ജോസിനു പകരം ഡോ. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

എ.ഡി.ജി.പി ആര്‍ ശ്രീലേഖയെ സ്ഥാനക്കയറ്റം നല്‍കി ഫയര്‍ ആന്‍ റെസ്ക്യൂ സര്‍വീസ് ഡി.ജി.പിയായി നിയമിക്കും.

ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പി തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കും.

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിക്കും.

പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാറ്റി നിയമിക്കും. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

കൊച്ചി മെട്രോ റെയില്‍ എം.ഡി. അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ സ്പെഷ്യല്‍ പ്രൊജക്ട്സ്, കൊച്ചി-ബാംഗ്ലൂര്‍ ഇന്ഡസ്ട്രീയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡീഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട് സിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകളും കൂടി വഹിക്കുന്നതാണ്.

റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.  പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും സാംസ്കാരികകാര്യ (ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ് ആന്‍റ് മ്യൂസിയം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.

ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  ഡോ. എ. ജയതിലകിനെ റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഹൗസിംഗ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി മാറ്റി നിയമിക്കും. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇവര്‍ വഹിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.  

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും, കെ.എന്‍. സതീഷ് സര്‍വ്വീസില്‍ നിന്നും മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്‍ററി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കുന്നതാണ്.    

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതലകള്‍ കൂടി വഹിക്കും.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും.  

ഡി.എഫ്.എഫ്.റ്റി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്നതാണ്.

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് കെ.എസ്.റ്റി.പി. പ്രോജക്ട് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ കേരളാ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.  

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ. പി. സുരേഷ് ബാബു സര്‍വ്വീസില്‍ നിന്നും മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയുടെ അധികചുമതല ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി ശ്രീ. കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും.

കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നവജോത് ഖോസയെ തിരുവനന്തപുരം ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ.ആര്‍. അജയകുമാറിന് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എ. അലക്സാണ്ടറിനെ ആലപ്പുഴ ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ജനയെ കോട്ടയം ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷിമൃണ്‍മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ (നാഷണല്‍ ഹൈഡ്രോളജി & ഡ്രിപ്പ് പ്രോജക്ട്സ് & വാട്ടര്‍ റിസോഴ്സസ് പ്രോജക്ട്സ് അണ്ടര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍ കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും.  

സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആയി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

പൊതുഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഹരിതാ വി കുമാറിന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

കേരള പുനര്‍നിര്‍മാണ പദ്ധതി

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവെയുടെ വിശദമായ പദ്ധതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു 624.48 കോടിയാണ് ഇതിന് ചെലവ്.  

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം-ആമ്പല്ലൂര്‍-പൂത്തോട്ടം -പിറവം റോഡും പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡും  ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കേരള പുനര്‍നിര്‍മാണ പദ്ധതി മുഖേന കാസര്‍ഗോഡ് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു.

ഒ.ബി.സി പട്ടിക

പത്മശാലി സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 26-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

67 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായതില്‍ 27 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരാണ്. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി 1, ഡെല്‍ഹി 1, സമ്പര്‍ക്കം 7 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.

കോട്ടയം 1, മലപ്പുറം 3, ആലപ്പുഴ 1, പാലക്കാട് 2, എറണാകുളം 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 963 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 415 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരുലക്ഷം കടന്നു. 1,04,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,03,528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 808 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 54,836 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 നെഗറ്റീവായിട്ടുണ്ട്. ആകെ 68 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി ഒമ്പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ 68 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

കണ്ണൂര്‍ ധര്‍മ്മടം സ്വദേശി 61 വയസ്സുള്ള ആസിയയാണ് മരണമടഞ്ഞത്. ഇതോടെ ഇതുവരെ ആറുപേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ആസിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

വീഡിയോ കോണ്‍ഫറന്‍സ്

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സഹോദരډാര്‍ ധാരാളമായി ഇങ്ങോട്ടു വരാന്‍ തുടങ്ങിയതോടെ നാം കോവിഡ് 19 പ്രതിരോധത്തിന്‍റെ മറ്റൊരു ഘട്ടത്തിലാണ് നാം കടന്നത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യര്‍ത്ഥിക്കാനും ഇന്ന് കാലത്ത് എംപിമാരുമായും എംഎല്‍എമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചു.

ഈ മഹാമാരി നേരിടുന്നതിന് കേരളം തുടര്‍ന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചത്. നമ്മുടെ ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിര്‍ദേശങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. അവയെല്ലാം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും.

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്തു. മൂന്നു പേരൊഴികെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിലുണ്ടായിരുന്നു.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതലത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം. വാര്‍ഡുതല സമിതിക്കു മുകളില്‍ പഞ്ചായത്തുതലത്തില്‍ കമ്മിറ്റികള്‍ ഉണ്ട്. ഇവരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശവും സഹായവും ഉണ്ടാകണമെന്ന് എംഎല്‍എമാരോടും എംപിമാരോടും അഭ്യര്‍ത്ഥിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. കൂടുതല്‍ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നുണ്ട്. ആളുകളെ കൊണ്ടുവരുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം.

കോവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും. എന്നാല്‍, അവര്‍ ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനം ഉണ്ടാകില്ല.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ല. നേരത്തെ അത് പറഞ്ഞതാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

അന്തര്‍ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നിരുന്നു. അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന സമയത്ത് ഇക്കാര്യവും പരിഗണിക്കും.വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ യാത്രാസൗകര്യമില്ലാത്ത പ്രശ്നം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ഹോട്ട്സ്പോട്ടില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാസിന്‍റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാര്‍ തന്നെ വഹിക്കണം.

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നല്ല ഫലമുണ്ടായിട്ടുണ്ട്. കേരളം ഒന്നിച്ചു നിന്നാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ഇതുവഴി രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനാറിലേക്ക് ചുരുഞ്ഞിയിരുന്നു.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. പ്രവാസികളെല്ലാം ഒന്നിച്ചെത്തുകയാണെങ്കില്‍ അത് വലിയ പ്രശ്നമുണ്ടാക്കും. കാരണം ലക്ഷക്കണക്കിനാളുകളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളത്. അവരില്‍ വിസാ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിപ്പോയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1,01,779 പേര്‍ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

പ്രവാസികളെത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിനു മുമ്പ് 16 പേര്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിലുള്ളത്. സ്വാഭാവികമായും രോഗികളുടെ എണ്ണം വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നും വന്നവരില്‍ 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്ന് വന്നവരില്‍ 35 പേര്‍ക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരില്‍ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 75 പേര്‍ യുഎഇയില്‍ നിന്നും 25 പേര്‍ കുവൈറ്റില്‍ നിന്നുമാണ്.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആരേയും പുറന്തള്ളുന്ന നയമില്ല. അവര്‍ എത്തുമ്പോള്‍ ശരിയായ പരിശോധനയും ക്വാറന്‍റൈനും ആവശ്യമാണ്. അതിനുവേണ്ടിയാണ് സര്‍ക്കാരിന്‍റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്.

ഈ രജിസ്ട്രേഷന്‍ വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ത്തന്നെ രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്.

ട്രെയിനുകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവുമില്ല. എവിടെ നിന്നായാലും രജിസ്റ്റര്‍ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ പരിശോധിച്ച് ക്വാറന്‍റൈനിലേക്ക് അയക്കുകയാണ്. ക്വാറന്‍റൈന്‍ വീട്ടിലാവാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യമുണ്ടോ എന്ന് മനസ്സിലാക്കണം. ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചാലേ ഇക്കാര്യം പരിശോധിക്കാന്‍ കഴിയൂ.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ഒരു ട്രെയിന്‍ അയക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ഇവിടെ അതു സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വെ മന്ത്രിയെ അറിയിച്ചു. ശരിയായ നിരീക്ഷണത്തിനും അതുവഴി രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അതിനുശേഷം മറ്റൊരു ട്രെയിന്‍ കൂടി ഇതേ രീതിയില്‍ കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിക്കുന്ന പ്രശ്നമുണ്ടായി. അതുകൊണ്ട് ഇക്കാര്യം പ്രധാനമന്ത്രിയുടെ കൂടി ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്.

രോഗവ്യാപനം കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാണ് മുംബൈ. അവിടങ്ങളില്‍ നിന്നുള്ളവരും വരട്ടെ എന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിയേ പറ്റൂ. അതിനുള്ള അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളില്‍ ക്വറന്‍റൈനിലുള്ളവര്‍ അവിടെത്തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പര്‍ക്കം പാടില്ല. ഇക്കാര്യം പരമാവധി ഉറപ്പുവരുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

ലോക്ക്ഡൗണില്‍ വിവിധ ഘട്ടങ്ങളിലായി ചില ഇളവുകള്‍ വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കടകളിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്. ഈ രീതി തുടരാന്‍ പറ്റില്ല. നമ്മുടെ ജാഗ്രതയില്‍ അയവു വന്നുകൂടാ. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ജീവനോപാധിക്കു വേണ്ട സൗകര്യം നല്‍കേണ്ടതുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇളവുകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുക എന്നതാണ് ജനപ്രതിനിധികളുടെ മുമ്പിലുള്ള കടമ. കോവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങളാകെ അണിനിരക്കണം. ഒറ്റ മനസ്സോടെ ഇറങ്ങിയാല്‍ രോഗവ്യാപനം നമുക്ക് തടയാന്‍ കഴിയും.
വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ 20 പേരെ പാടുള്ളൂ. എന്നാല്‍ ഇത് ഒരു സമയം 20 പേരാണ് എന്ന് ദുര്‍വ്യാഖ്യാനിച്ച് പല ഘട്ടങ്ങളിലായി ആളുകള്‍ മരണവീടുകളില്‍ കയറിയിറങ്ങുന്നു. വിവാഹത്തിന് പരമാവധി 50 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇത് ലംഘിച്ച് വിവാഹത്തിന് മുമ്പും ശേഷവും ആളുകള്‍ കൂടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട് കൂടുതല്‍ കര്‍ശനമായ നിലപാട് വേണ്ടിവരും.

ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ക്കശമാക്കണം. അവര്‍ക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക. അവര്‍ നടത്തുന്ന സേവനമാണ് ഈ രോഗപ്രതിരോധത്തില്‍ ഏറ്റവും വിലപ്പെട്ടത്. പിപിഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപഴകുന്ന സാഹചര്യമുണ്ടാകരുത്. പൊലീസിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്.

ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണ്. ഓട്ടോകളിലും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നു. ഇത് സംസ്ഥാനത്തിന്‍റെ പല ഭാഗത്തുമുള്ള കാഴ്ചയാണ്. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടികളെടുക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. തിരക്ക് ഒഴിവാക്കാന്‍ പൊലീസും കാര്‍ക്കശ്യത്തോടെ ഇടപെടും.

ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. വിമാനത്തില്‍ വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ വേണ്ടിവരും.

മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് ധരിക്കാതിരിക്കാനുള്ള പ്രവണത വ്യാപകമായി ഉണ്ട്. അത് അനുവദിക്കാനാവില്ല. എല്ലാവര്‍ക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് ചില നടപടികള്‍ ആലോചിക്കുന്നുണ്ട്.

കടകള്‍ തുറന്നതോടെ ജൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പിഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും സാനിറ്റൈസ് ചെയ്തില്ലെങ്കില്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അക്കാര്യം ഗുരുതരമായി കണ്ട് ഇടപെടും.

മലയാളികള്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള പാസ്സിന്‍റെ മറവില്‍ തമിഴ്നാട്ടില്‍ നിന്നും കെട്ടിടനിര്‍മാണത്തൊഴിലാളികളടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനും ഏര്‍പ്പെടുത്തും.

സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാന്‍ പാസ് നല്‍കും.

സന്നദ്ധ പ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനമുണ്ടാകും. അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും. രണ്ടുപേരടങ്ങുന്ന പൊലീസ് സംഘത്തില്‍ ഒരാള്‍ ഈ വളണ്ടിയറായിരിക്കും.

എടിഎമ്മുകളില്‍ സാന്നിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് നേരത്തേ തന്നെ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് റീഫില്‍ ചെയ്യാനും ബാങ്കുകള്‍ തയ്യാറാകണം.

14 സര്‍ക്കാര്‍ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 20 ഇടത്താണ് കോവിഡ് പരിശോധിക്കാനുള്ള സംവിധാനമുള്ളത്. 3 മാസത്തിനുള്ളിലാണ് ഈ 20 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചത്. എല്ലാ സര്‍ക്കാര്‍ ലാബുകളിലും കൂടി ദിനംപ്രതി 3000ത്തോളം പരിശോധനകള്‍ നടത്താന്‍ കഴിയും. അത്യാവശ്യ ഘട്ടങ്ങളില്‍ അത് 5,000ത്തോളമായി ഉയര്‍ത്താനുമാകും. ടെസ്റ്റിന്‍റെ എണ്ണം വര്‍ധിപ്പിക്കും. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെയാകെ ടെസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കും.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കോടതികളുടെ സുരക്ഷ മാനിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ സേവനം വിനിയോഗിക്കും. ഇതിനായുള്ള നടപടി ആരംഭിച്ചു.

കള്ളനെ പിടിക്കാന്‍ പോയ പൊലീസും കേസ് പരിഗണിച്ച മജിസ്ട്രേറ്റും ക്വാറന്‍റൈനില്‍ പോകുന്ന സ്ഥിതി ഗൗരവമായിട്ടുതന്നെ എടുക്കണം.

അറസ്റ്റിലാകുന്ന പ്രതികളെ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം പ്രതികള്‍ക്കായി സബ് ഡിവിഷന്‍ തലത്തില്‍ ഡീറ്റെന്‍ഷന്‍ കം പ്രൊഡക്ഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും കുറച്ച് പൊലീസുകാരെ മാത്രമേ അറസ്റ്റ് നടപടികളില്‍ പങ്കെടുപ്പിക്കൂ.

സംസ്ഥാനത്തെ പ്രധാന തെരുവുകള്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തും.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചു. കുട്ടികള്‍ ജാഗ്രതയോടെയും അച്ചടക്കത്തോടെയുമാണ് പരീക്ഷയ്ക്ക് എത്തിയത്. അധ്യാപകരും പിടിഎകളും മികച്ച ഇടപെടല്‍ നടത്തി. സുഗമമായ നടത്തിപ്പിന് സ്വീകരിച്ച സുരക്ഷാനടപടികള്‍ തൃപ്തികരമാണ്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പൊലീസ് തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതുപോലെതന്നെ അവരെ സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നതിനും പൊലീസ് മുന്നിലുണ്ടാകും. ഇന്ന് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവരുണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ല. അവര്‍ക്ക് ഉചിതമായ രീതിയില്‍ അവസരം ഉണ്ടാക്കും.

150 തസ്തികകള്‍

കോവിഡ് 19 പരിശോധനകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍എച്ച്എം മുഖാന്തിരം 150 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്നീഷ്യന്‍, 29 ലാബ് അസിസ്റ്റന്‍റ്, 17 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് ഇത്. ഇതോടെ സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.

സഹായം

തൃശൂര്‍ ജില്ലയിലെ  എംപറര്‍ ഇമ്മാനുവേല്‍ ചര്‍ച്ച് വിശ്വാസികള്‍ ഒരുമിച്ച് താമസിക്കുന്ന, 18 വീടുകളടങ്ങിയ സീയോന്‍ ഷെക്കേം എന്ന ഹൗസിംഗ് കോളനി ക്വാറന്‍റീന്‍ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കി.

ദുരിതാശ്വാസം

കല്യാണ്‍ ജ്വല്ലറി-കല്യാണരാമന്‍ രണ്ടുകോടി

കുടുംബശ്രീ 50 ലക്ഷം

ദേശീയ മാധ്യമരംഗത്തെ പ്രമുഖനായ രാജ്ദീപ് സര്‍ദേശായി ‘കേരള കോളിങ്’ മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനുള്ള പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സര്‍ക്കാരിന്‍റെ നേതൃപാടവവും കൂട്ടായ പ്രവര്‍ത്തനവുമാണ് രാജ്യത്തെ ഏറ്റവും മികച്ച കൊറോണ നിയന്ത്രിത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുന്നപ്രവയലാര്‍, മരാരിക്കുളം സമര സേനാനി പരേതനായ സ. എ.വി വേലായുധന്‍റെ സഹധര്‍മ്മിണി വിലാസിനി പെന്‍ഷന്‍ തുക കൈമാറി.

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍റെ സ്മരണ മുന്‍നിര്‍ത്തി മകള്‍ ഡോ. ഗീത പുതുശ്ശേരി ഒരുലക്ഷം രൂപ സംഭാവന ചെയ്തു.

അങ്കണവാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു)  52,75,050 രൂപ

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ജീവനക്കാരും ചേര്‍ന്ന് 2,01,98,300 രുപ

സിയാലിന്‍റെ 26-ാം വാര്‍ഷിക ദിനാഘോഷം റദ്ദാക്കി ഇതിനായി നീക്കിവച്ച 2 ലക്ഷം രൂപ

സിനിമ നടന്‍ കോട്ടയം നസീര്‍, താന്‍ വരച്ച ചിത്രത്തിന്‍റെ പ്രതിഫലമായ 1 ലക്ഷം രൂപ കൈമാറി

കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ

ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ 10 ലക്ഷം രൂപ

പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള എസ്സി പ്രൊമോട്ടേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, അംഗങ്ങളില്‍ നിന്ന് സമാഹരിച്ച 5,55,555 രൂപ

അഗ്രികള്‍ച്ചറല്‍ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 5 ലക്ഷം രൂപ.

വാര്‍ത്താകുറിപ്പ്: 25-05-2020

സര്‍ക്കാർ അഞ്ചാം വർഷത്തിലേക്ക്
………………………………

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് നാലുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത്തവണ വാര്‍ഷികാഘോഷങ്ങള്‍ ഇല്ല. ലോകമാകെയും അതിന്‍റെ ഭാഗമായി കേരളവും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള യുദ്ധമുഖത്താണ്. ഇതുവരെ കേരളം വിവിധ മേഖലകളില്‍ ആര്‍ജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തില്‍ നമുക്ക് തുണയായി നില്‍ക്കുന്നത്.

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയായിരിക്കുന്നു. തുടരെത്തുടരെ വന്ന പ്രകൃതിക്ഷോഭവും മഹാമാരികളും കേരളത്തിന്‍റെ വികസനത്തെ തളര്‍ത്തിയിട്ടില്ല എന്നത് ഈ ഘട്ടത്തില്‍ അഭിമാനപൂര്‍വം പറയാനാകും.

2017 നവംബര്‍ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. തുടര്‍ന്ന് 2018 മെയ് മാസത്തില്‍ നിപ വൈറസ് ബാധ വന്നു. രണ്ട് ദുരന്തങ്ങളെയും അതിജീവിക്കാന്‍ നമ്മുടെ സംവിധാനങ്ങളാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. 2018 ആഗസ്തില്‍ വന്ന പ്രളയം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ പ്രളയം നമ്മുടെ വികസന പ്രതീക്ഷകള്‍ക്കും കുതിച്ചുചാട്ടത്തിനും വിഘാതമായപ്പോള്‍ ലോകത്താകെയുള്ള കേരളീയസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു.

പ്രളയദുരന്തത്തില്‍നിന്ന് അതിജീവിക്കാന്‍ നമ്മളാകെ ശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷം വീണ്ടും പ്രളയം വന്നത്. ഇപ്പോഴിതാ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വെല്ലുവിളിയുയര്‍ത്തി കോവിഡ് 19. ഇതിനെയെല്ലാം അതിജീവിക്കുക എന്നത് സാധാരണ നിലയില്‍ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍, ഈ പ്രതിബന്ധങ്ങളെ തരണംചെയ്ത് ലോകത്തിനും രാജ്യത്തിനും മാതൃകയാകുന്ന മുന്നേറ്റം വ്യത്യസ്ത മേഖലകളില്‍ നേടാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു.

മറ്റെല്ലാ ലക്ഷ്യങ്ങള്‍ക്കുമൊപ്പം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കഴിഞ്ഞ നാലുവര്‍ഷവും നമുക്ക് ഏറ്റെടുക്കേണ്ടിവന്നു. പ്രതിസന്ധികളോട് പൊരുതിയാണ് ഓരോ വര്‍ഷവും പിന്നിട്ടത്. ഒരു ഘട്ടത്തിലും നാം പകച്ചുനിന്നില്ല; ലക്ഷ്യങ്ങളില്‍നിന്ന് തെന്നിമാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്‍റെ അതിജീവനത്തിന്‍റെ പ്രധാന ശക്തിസ്രോതസ്സായി മാറിയത്.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലര്‍ക്ക് തെരഞ്ഞെടുപ്പ് രംഗത്ത് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ താല്‍ക്കാലികമായി കബളിപ്പിച്ച് വോട്ടുതേടാനുള്ള അഭ്യാസമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് തുറന്നുപറയുന്ന ശീലം കണ്ടവരാണ് നാം. എല്‍ഡിഎഫിന്‍റെ സമീപനം വ്യത്യസ്തമാണ്. ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാവര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കും. ഇങ്ങനെ സുതാര്യമായ ഭരണനിര്‍വഹണം ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റിന്‍റെ സവിശേഷതയാണ്.

ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്‍റെ സൃഷ്ടിയാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം. അത് നേടാനായി നാല് സുപ്രധാന മിഷനുകള്‍ ആവിഷ്കരിച്ചു. നാലുകൊല്ലം കൊണ്ട് ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിച്ച് അത്രയും കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമാക്കി. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക്, ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉയര്‍ത്തുകയാണ്. അത് ഈ വര്‍ഷംകൊണ്ട് പൂര്‍ത്തികരിക്കാന്‍ ഉദ്ദേശിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാതെ അന്തിയുറങ്ങാന്‍ 2450 കോടി രൂപയുടെ ‘പുനര്‍ഗേഹം’ പദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്‍റെ മികച്ച ഒരു നേട്ടമായാണ് കാണുന്നത്.

അഞ്ചുവര്‍ഷത്തിനിടെ രണ്ടുലക്ഷം പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതില്‍ 1.43 ലക്ഷം ഇതുവരെ നല്‍കി. ഈ വര്‍ഷം കോവിഡ് പ്രതിസന്ധി തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, 35,000 പട്ടയം കൂടി ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും.

ഒഴുക്കുനിലച്ചുപോയ പുഴകളെ 390 കിലോമീറ്റര്‍ നീളത്തില്‍ പുനരുജ്ജീവിപ്പിച്ചു എന്നതാണ് ഹരിതകേരളം മിഷന്‍റെ ഒരു പ്രധാന നേട്ടം. ഒപ്പം കിണറുകളും ജലാശയങ്ങളും ശുദ്ധീകരിക്കാനും കഴിഞ്ഞു. 546 പുതിയ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണം കേരളീയന്‍റെ ജീവിതചര്യ തന്നെയാക്കാന്‍ ഹരിതകേരള മിഷനിലൂടെ കഴിഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ ജനങ്ങളാകെ ഏറ്റെടുത്തു.

കോവിഡ് 19നെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കരുത്തുനല്‍കിയത് ആര്‍ദ്രം മിഷന്‍ കൂടിയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉന്നത നിലവാരത്തിലെത്തിച്ചു. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളും ലാബും ഫാര്‍മസിയും സജീവമായ ഒ പികളും സ്പെഷ്യാലിറ്റി ചികിത്സകളും ഇന്ന് ലോകം ഉറ്റുനോക്കുകയാണ്. നിപ വൈറസ് ഉയര്‍ത്തിയ ഭീഷണി നേരിടുക മാത്രമല്ല, തുടര്‍ന്നുള്ള അത്തരം പ്രശ്നങ്ങളെ നേരിടാന്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും നമുക്കു കഴിഞ്ഞു.

നേരത്തേ സൂചിപ്പിച്ചതുപോലെ കേരളം നേരിട്ട ദുരന്തങ്ങള്‍ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകള്‍ വര്‍ധിച്ചിട്ടേയുള്ളു. ഈ സാമ്പത്തികവര്‍ഷം 2019-20നേക്കാള്‍ 15 ശതമാനം വര്‍ധന ചെലവുകളില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. അതിനെ മറികടക്കാന്‍ തനതായ വഴികള്‍ കണ്ടെത്തുകയേ മാര്‍ഗമുള്ളു.

ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി പുനഃസംഘടിപ്പിച്ചത്. 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാനാണ് നാം ഉദ്ദേശിച്ചിത്. ‘കിഫ്ബി’ നമ്മുടെ പുനരുജ്ജീവനത്തിന്‍റെ തനതുവഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കി. ബജറ്റിനു പുറത്തുള്ള ധനസമാഹരണത്തിന്‍റെ ഭാഗമായി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ നാം സമാഹരിച്ചു. കിഫ്ബി മുഖേന നമുക്ക് സാധാരണ വികസനത്തിന്‍റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരള സംസ്കാരമാണ് നാം വളര്‍ത്തിയെടുത്തത്. ഈ കോവിഡ് കാലത്ത് ആരും പട്ടിണികിടക്കരുത് എന്ന തീരുമാനത്തിന്‍റെ ഫലമായാണ് നാടാകെ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകള്‍. എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമ പദ്ധതികളുടെ കുടക്കീഴിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. ഒരു താരതമ്യം പറഞ്ഞാല്‍ കഴിഞ്ഞ ഗവണ്‍മെന്‍റ് 2011-16 കാലത്ത് ക്ഷേമ പെന്‍ഷനുവേണ്ടി വിനിയോഗിച്ചത് 9270 കോടി രൂപയായിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമപെന്‍ഷനായി നല്‍കിയത് 23,409 കോടി രൂപയാണ്. നാലുവര്‍ഷവും അഞ്ചുവര്‍ഷവും എന്നതാണ് താരതമ്യം. കോവിഡ് കാലത്ത് ഒരു പെന്‍ഷനും ലഭിക്കാത്ത ആളുകള്‍ക്ക് ആയിരം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി അരിയും പലവ്യഞ്ജന കിറ്റും നല്‍കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചു. 24 മണിക്കൂര്‍ സഹായം ലഭിക്കുന്ന വനിതാ ഹെല്‍പ്പ്ലൈനും ഷീ ലോഡ്ജ് ശൃംഖലയും പൊലീസിന്‍റെ പിങ്ക് പട്രോളും സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ഇടപെടലുകളാണ്. പൊലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും. വനിതകളുടെ പൊലീസ് ബറ്റാലിയനും കമാന്‍ഡോ പ്ലാറ്റൂണുകളും രൂപീകരിച്ചു. കേരള ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ആദ്യമായി 100 ഫയര്‍ വിമണ്‍ നിയമനം നല്‍കുകയാണ്.

പൊതുവിദ്യാഭ്യാസ ശക്തി പെടുത്തുന്നതിനായുള്ള ശക്തമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്, അതിനു തെളിവാണ് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട തോതിലാണ് കുട്ടികളുടെ വര്‍ധനയുണ്ടായത്. അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതിയതായി കടന്നുവന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ 4752 സ്കൂളുകളില്‍ ഐടി അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തി, 14000 സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ്, 45,000 ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കി, 141 സ്കൂളുകള്‍ക്ക് 5 കോടി രൂപ വീതം, 395 സ്കൂളുകള്‍ക്ക് 3 കോടി രൂപ വീതം, 444 സ്കൂളുകള്‍ക്ക് 1 കോടി രൂപ വീതം, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ചാലഞ്ച് ഫണ്ട്, 52 വിദ്യാലയങ്ങള്‍ക്ക് നബാര്‍ഡ് സ്കീമില്‍ 104 കോടി.

ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി, ക്രഷ്, പ്രീ-സ്കൂള്‍ ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും, സ്കൂള്‍ പാചകക്കാര്‍ തുടങ്ങിയവരുടെ വേതനവും ഇന്‍സെന്‍റീവും ഉയര്‍ത്തി. കുടുംബശ്രീക്ക് റെക്കോഡ് വളര്‍ച്ചയാണ് ഈ ഘട്ടത്തിലുണ്ടായത്.

പട്ടികജാതി കടാശ്വാസ പദ്ധതിയില്‍ 43,136 പേരുടെ കടം എഴുതിത്തള്ളി. പൊലീസിലും എക്സൈസിലും നൂറുവീതം പട്ടികവര്‍ഗക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെ ആ മേഖലയില്‍ എണ്ണമറ്റ പുതിയ ഇടപെടലുകളാണ് നടത്തിയത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുവന്ന് ഇവിടെ തൊഴിലെടുക്കുന്നവരെ നാം അതിഥി തൊഴിലാളികള്‍ എന്നാണ് വിളിക്കുന്നത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തെരുവാധാരമായ അവരെ സംരക്ഷിക്കാനും ഭക്ഷണം നല്‍കാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുന്‍കൈ ലോകവ്യാപക പ്രസംശയാണ് നേടിയത്. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനസമുച്ചയം (അപ്നാ ഘര്‍) നിര്‍മിച്ചും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും ഒരു ചുവട് മുമ്പേ നടക്കാന്‍ നമുക്കു കഴിഞ്ഞു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൊത്തം 21,566 ക്യാമ്പുകളാണ് അതിഥി തൊഴിലാളികള്‍ക്കായി സജജീകരിച്ചത്. ഈ ക്യാമ്പുകളിലായി 4,16,917 തൊഴിലാളികളാണുണ്ടായിരുന്നത്. സ്വദേശത്തേക്ക് മടങ്ങിയവരൊഴികെയുള്ള എല്ലാവരും ഈ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നു. ഇതുവരെയായി 55,717 തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോയിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ സഹായിക്കാനും എല്ലാ ഘട്ടത്തിലും ശ്രദ്ധ ചെലുത്തി. എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കിയതും അസംഘടിത തൊഴിലാളികള്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും വേതനസുരക്ഷ ഉറപ്പാക്കിയതും ഇതിന്‍റെ ഒരു ഭാഗം മാത്രമാണ്. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി.

സിഎംഡിആര്‍എഫ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അര്‍ഹരായ ആളുകള്‍ക്ക് ഏറ്റവും ലളിതമായ നടപടിക്രമങ്ങള്‍ പാലിച്ച് ലഭ്യമാക്കുക എന്ന നയമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കുകയും ചികിത്സാസംബന്ധമായ റിപ്പോര്‍ട്ട് തേടല്‍ അടക്കമുള്ള നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുന്നത്. അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കും. സഹായ തുകയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

ആരുടെയും സഹായം തേടാതെ സ്വന്തമായി ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കി സഹായം നേടാമെന്നതാണ് ഈ സര്‍ക്കാര്‍ വന്നതിനുശേഷം ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ ഉണ്ടായ മാറ്റം. ദുരിതം അനുഭവിക്കുന്നവര്‍ക്കാണ് സഹായം. അതുകൊണ്ട് തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും അപകടമേല്‍ക്കൂരയുള്ള കിടപ്പാടത്തില്‍ ജീവന്‍ പണയംവെച്ച് കഴിയുന്ന മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം നല്‍കാനും ഈ നിധിയില്‍നിന്ന് നാം തുക വിനിയോഗിക്കുന്നു. അതെല്ലാം തിരിച്ചറിഞ്ഞ് കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോജനങ്ങള്‍ വരെ മനസ്സുനിറഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന അനുഭവമാണ് ഈ കോവിഡ് കാലത്ത് കാണുന്നത്.

കേരള ബാങ്ക്

ഈ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് കേരള ബാങ്ക് രൂപീകരണമാണ്. നമ്മുടെ അതിജീവനത്തിന്‍റെ പാതയിലെ മുതല്‍ക്കൂട്ടാണ് ഈ ബാങ്ക്. ഇതു നടപ്പാവില്ലെന്നു പറഞ്ഞവരുണ്ട്. അസാധ്യമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നവരുണ്ട്. അത്തരക്കാരുടെ മോഹങ്ങളെയെല്ലാം അപ്രസക്തമാക്കി കേരള ബാങ്ക് നിലവില്‍ വന്നിരിക്കുന്നു. ഈ കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും താങ്ങായി കേരള ബാങ്ക് ഇടപെടുകയാണ്.

കാര്‍ഷിക-വ്യാവസായിക രംഗത്തെ നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തിപകരും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം നല്‍കാനും ഉയര്‍ന്ന നിലയില്‍ കാര്‍ഷികവായ്പ നല്‍കാനും കഴിയും. കേരള ബാങ്കായിരിക്കും കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്.

സ്റ്റാര്‍ട്ട്അപ്പ്

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2018ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ ടോപ് പെര്‍ഫോര്‍മറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.

2016ല്‍ 300 സ്റ്റാര്‍ട്ട്അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 2200 ആണ്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ 1600ലധികം സ്റ്റാര്‍ട്ടപ്പുകളും രണ്ടുലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്പേസുകളും ഇന്ന് കേരളത്തിലുണ്ട്. സ്റ്റാര്‍ട്ട്അപ്പുകളിലെ നിക്ഷേപം ഇതേ കാലയളവില്‍ 2.2 കോടിയില്‍നിന്ന് 875 കോടിയായി വര്‍ധിച്ചു.

സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റും അനുകൂലമായ ഭൗതികവും ഡിജിറ്റലുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പൗരന്മാര്‍ക്കുവേണ്ടിയും അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അങ്ങനെ ഇന്‍റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.

പൊതു ഇടങ്ങളിലും ലൈബ്രറികളിലും മറ്റും സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഇവയിലൂടെയൊക്കെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ എല്ലാ വിഭാഗം പൗരډാര്‍ക്കും തുല്യമായി ഉറപ്പുവരുത്തുകയാണ് ചെയ്തത്. ഇതും നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട്അപ് എക്കോസിസ്റ്റമാണ് കേരളത്തിലുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ട്അപ്പ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചു. അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാബ് ലാബ് ലോകോത്തര നിലവാരമുള്ളതാണ്.

ഐടി മേഖലയില്‍ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്കു വന്നുതുടങ്ങി. നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ്, ടെക് മഹീന്ദ്ര, ഹിറ്റാച്ചി, ടെറാനെറ്റ്, എച്ച് ആന്‍റ് ആര്‍ ബ്ലോക്ക്, വേ ഡോട്ട് കോം, എയര്‍ബസ് ബിസ്ലാബ് തുടങ്ങിയവരും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിഎസ്എസ്സിയുമായി ചേര്‍ന്ന് ആരംഭിച്ച സ്പേസ് പാര്‍ക്കില്‍ അഗ്നിക്കൂള്‍ കോസ്മോസ്, ബെല്ലാര്‍സ്റ്റിക്, സാറ്റ്ഷുവര്‍ എന്നീ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഐടി സ്പേസ് ഇരട്ടിയാക്കുകയാണ്.

കെ-ഫോണ്‍

പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ 1548 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കും. വിദ്യാഭ്യാസരംഗത്തുള്ള പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെ-ഫോണ്‍ സൗകര്യം ഉപയോഗിക്കും.

വ്യവസായം

നിക്ഷേപരംഗത്ത് കേരളം വലിയൊരു മുന്നേറ്റത്തിന്‍റെ പാതയിലാണ്. പുതിയകാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യവസായ-വാണിജ്യരംഗത്തൊകെ ഉണര്‍വ് കൈവന്നിരിക്കുന്നു.

ഈ സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ഭരണത്തിന്‍റെ ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്നു വര്‍ഷവും ഈ മേഖലയെ ലാഭത്തിലാക്കി. 2017-18ല്‍ 5 കോടിയും 2018-19ല്‍ 8 കോടിയുമായിരുന്നു ലാഭം. 2019-20ല്‍ 56 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ട്.

കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ്, ബിഎച്ച്ഇഎല്‍ ഇഎംഎല്‍, കാസര്‍കോട്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് (എച്ച് എന്‍എല്‍) എന്നീ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കേന്ദ്രത്തില്‍നിന്നുള്ള ചില അനുമതികള്‍ വൈകുന്നതാണ് ഇക്കാര്യം നീണ്ടുപോകാന്‍ ഇടയാക്കുന്നത്.

മെച്ചപ്പെട്ട നിക്ഷേപകസൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതവും സൗഹാര്‍ദ്ദപരവുമായതോടെ സംരംഭം തുടങ്ങാന്‍ അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൂടുതല്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭപ്പട്ടികയില്‍ കടന്നുവന്നു.

പുതിയ കാലത്തിനനുസരിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ വ്യാപകമായി തുടങ്ങുകയാണ്. കൊച്ചിയില്‍ നടന്ന അസന്‍ഡ് 2020 പോലുള്ള നിക്ഷേപസംഗമങ്ങളിലൂടെ നിക്ഷേപകസൗഹൃദ കേരളത്തെ ഫലപ്രദമായി സംരംഭകര്‍ക്കിടയില്‍ അവതരിപ്പിക്കാനും സാധിച്ചു.

വ്യവസായ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഉണ്ടായത്. കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി കേരളത്തിന്‍റെ വ്യവസായ വളര്‍ച്ചയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാര്‍ന്നതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമായ വിധത്തില്‍ പുതിയ 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തയ്യാറായി വരികയാണ്.

ഈ നേട്ടങ്ങളുടെ ഫലം പൂര്‍ണ്ണമായി അനുഭവിക്കാന്‍, ഇതിനൊപ്പം ഒരു പുതിയ സംരംഭകത്വ സംസ്കാരം നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. ഈ തിരിച്ചറിവിലാണ് എന്‍റര്‍പ്രെണേഴ്സ് ഡെവലപ്മെന്‍റ് ക്ലബുകള്‍ സജീവമാക്കാന്‍ തീരുമാനിച്ചത്.

കോവിഡിനെത്തുടര്‍ന്ന് ലോകത്താകെ വലിയ മാറ്റങ്ങള്‍ വരികയാണ്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തീരുമ്പോള്‍ പുതിയ സാധ്യതകളും അവസരങ്ങളും തീര്‍ച്ചയായും വരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന ഖ്യാതിയാണ് ഇന്ന് കേരളത്തിനുള്ളത്. പുതിയ വ്യവസായസംരംഭങ്ങളെയും നിക്ഷേപത്തെയും ഇങ്ങോട്ട് ആകര്‍ഷിക്കാനുള്ള സാഹചര്യമായി സര്‍ക്കാര്‍ ഇതിനെ കാണുകയാണ്. വ്യവസായങ്ങള്‍ ഇന്ന് കേന്ദ്രീകരിച്ചിട്ടുള്ള പല രാജ്യങ്ങളില്‍നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് കുറെ വ്യവസായങ്ങള്‍ മാറ്റിസ്ഥാപിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിട്ടുള്ളത്. വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിനുള്ള കര്‍മപദ്ധതി നടപ്പാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ വാല്യു ആഡഡ് ലോജിസ്റ്റിക് പാര്‍ക്കും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

കേരളത്തിലേക്ക് വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം വിദേശങ്ങളില്‍ വ്യവസായം നടത്തുന്ന മലയാളികളെയും ഇവിടെയുള്ള വ്യവസായികളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, തായ്വാന്‍, യുഎസ് എന്നീ രാജ്യങ്ങളിലെ വ്യവസായ സംഘടനാ-വ്യവസായ പ്രതിനിധികളെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

ഊര്‍ജ മേഖലയിലെ പ്രധാന പദ്ധതിയാണ് ഗെയില്‍ പൈപ്പ് ലൈന്‍. നടപ്പാക്കുവാന്‍ കഴില്ല എന്ന് കരുതി 39 കിലോമീറ്ററില്‍ പൈപ്പ് ഇട്ടു ഉപേക്ഷിച്ച വന്‍കിട പദ്ധതി ആയിരുന്നു ഇത്. 2016 ജൂണില്‍ ഈ പദ്ധതി പുനരാരംഭിച്ചു. 444 കി.മീ നീളമുള്ള കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പൂര്‍ത്തിയായി. ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് ഒഴികെ എല്ലാ ജോലികളും തീര്‍ന്നു. ഈ ജോലി മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിച്ചു ജൂണ്‍ പകുതിയോടെ കമീഷന്‍ ചെയ്യുവാന്‍ കഴിയും. ഇതിനുപുറമെ കൂറ്റനാട്-വാളയാര്‍ 95 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടലും പൂര്‍ത്തിയായി. ഇക്കൊല്ലം ആഗസ്ത് 15ന് അത് കമ്മീഷന്‍ ചെയ്യാം എന്നാണ് ധാരണയായിട്ടുള്ളത്.

ഐഒഎജിയുടെ സിറ്റി ഗ്യാസ് പ്രോജക്ട് പുരോഗമിക്കുന്നു. എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും ഗ്യാസ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കൊച്ചിയില്‍ ഏഴ് സിഎന്‍ജി സ്റ്റേഷന്‍ ഈ പദ്ധതിയിലൂടെ കമ്മീഷന്‍ ചെയ്തു.

വൈദ്യുതി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഈ നാലു വര്‍ഷങ്ങള്‍ കൊണ്ട് ശ്രമിച്ചത്. 2017ല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനമായി മാറി. ഈ നാലുവര്‍ഷം പവര്‍ക്കട്ടും ലോഡ് ഷെഡിങ്ങും മലയാളികള്‍ അറിഞ്ഞിട്ടില്ല.

മുടങ്ങിക്കിടന്ന കൊച്ചി-ഇടമണ്‍ വൈദ്യുതി പ്രസരണ ലൈന്‍ യാഥാര്‍ത്ഥ്യമാക്കിയത് ഊര്‍ജരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്. പുകലൂര്‍-മടക്കത്തറ ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്‍റിന്‍റെയും പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മാണവും പുരോഗമിക്കുകയാണ്.

കൊച്ചിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വേറിട്ട് നിറുത്തുന്ന ഒരു ഗതാഗത പദ്ധതിയാണ് വാട്ടര്‍ മെട്രോ പദ്ധതി. ഇതിലെ 38 ജെട്ടികളില്‍ 8 എണ്ണം പണി പൂര്‍ത്തിയാവാറായി.

2017 ജൂണില്‍ കൊച്ചി മെട്രോയുടെ പണി പൂര്‍ത്തികരിച്ചു നാടിനു സമര്‍പ്പിച്ചത് ഈ സര്‍ക്കാരാണ്. ആറു മാസത്തിനുള്ളില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അടുത്ത റീച്ചും നാടിനു സമര്‍പ്പിച്ചു. കഴിഞ്ഞ സെപ്തംബറില്‍ മഹാരാജാസ് തൈകൂടം റീച്ചും നാടിനു സമര്‍പ്പിച്ചു. ലോക്ക് ഡൌണ്‍ തീരുന്ന മുറയക്ക് കൊച്ചി മെട്രോ ഫേസ് 1 അവസാന റീച്ചായ തൈകൂടംപേട്ട റീച്ചും നാടിനു സമര്‍പ്പിക്കും. കൊച്ചി മെട്രോ നഗരപ്രാന്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

കെഎസ്ടിപി പദ്ധതിയില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 226 കി.മീ റോഡ് 951.66 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ 1,425.25 കോടി രൂപയുടെ 10 റോഡുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവു വഹിച്ച 352.05 കോടിയുടെ, 13 കി.മീ നിളമുള്ള കൊല്ലം ബൈപ്പാസ് നാടിനു സമര്‍പ്പിച്ചു. കാലങ്ങളായി പൂര്‍ത്തിയാകാതെ കിടന്ന ആലപ്പുഴ ബൈപ്പാസിന്‍റെ 98.6 ശതമാനം പണികളും തീര്‍ത്തു. രണ്ടു പാലങ്ങളില്‍ ഒന്നിനും കൂടി റെയില്‍വെ അനുമതി കിട്ടാനുണ്ട്, അത് കിട്ടിയാല്‍ രണ്ടു മാസത്തിനുള്ളില്‍ നൂറു ശതമാനം പണിയും പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാന്‍ കഴിയും.

സെമി ഹൈസ്പീഡ് റെയില്‍പാത

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മിക്കും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തിരൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും.

ഇതിനെല്ലാമുള്ള അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുക എന്നത് പ്രധാനമാണ്. അതിന് സമാധാനപരമായ ജനജീവിതം സാധ്യമാകണം. കോവിഡ് പ്രതിരോധത്തില്‍ സമാനതകളില്ലാത്ത ഇടപെടല്‍ നടത്തിയ കേരള പൊലീസ് ക്രമസമാധാന പാലനത്തിനും ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം കേസുകളുടെ എണ്ണം കേരളത്തില്‍ 30 ശതമാനം കുറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജിഷ കൊലപാതകക്കേസ് ആണ് പൊലീസ് ഏറ്റെടുത്ത പ്രധാന അന്വേഷണം. അതുമുതല്‍ ഏറ്റവുമൊടുവില്‍ പാമ്പ് കടിപ്പിച്ചിട്ടുള്ള കൊലപാതക കേസും കൂടത്തായി അടക്കം തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞു. പൊലീസ് സേന നവീകരണത്തിന്‍റെ പാതയിലാണ്. ജനമൈത്രി പൊലീസ് രാജ്യത്തിന് മാതൃകയായി മാറിയിരിക്കുന്നു.

ഫയര്‍ സര്‍വ്വീസ് സേവനത്തിന്‍റെ മകുടോദാഹാരണങ്ങള്‍ സൃഷ്ടിച്ച കാലം കൂടിയായിരുന്നു ഇത്. പ്രളയദുരതിശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധത്തിലും നടത്തിയ ഇടപെടലുകള്‍ ഏവരുടെയും അംഗീകാരം നേടിയതാണ്.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ രൂപീകരണവും ഈ ഘട്ടത്തില്‍ പരാമര്‍ശിക്കേണ്ടതാണ്.

ഇവിടെ സര്‍ക്കാര്‍ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളും വിവരിക്കുക പ്രയാസമാണ്. എന്നാല്‍, ഈ ഒറ്റവര്‍ഷം കേരളത്തിന് നിരവധി അംഗീകാരങ്ങളാണ് ലഭിച്ചത്.
എന്നാല്‍, ഇനിയുള്ള നാളുകള്‍ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. കോവിഡ് 19ന്‍റെ വ്യാപനം എവിടെ എത്തിനില്‍ക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ലോക്ക്ഡൗണ്‍ അനന്തമായി തുടരാനാകില്ല. വാഹനഗതാഗതം കൂടുതല്‍ സജീവമാകുന്നുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ഈ ദിവസങ്ങളില്‍ നാം കാണുന്നുണ്ട്.

മെയ് 23ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് 4638 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് 1035 പേരുമാണ് സംസ്ഥാനത്ത് വന്നത്. അതേ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആണ്. യാത്രക്കാരുടെ വരവിനനുസരിച്ച് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ നാലു ദിവസങ്ങളുടെ കണക്കെടുത്താല്‍ 181 പുതിയ രോഗികളാണുണ്ടായത്. കൂടുതല്‍ യാത്രാ മാര്‍ഗങ്ങള്‍ തുറക്കുന്നതോടെ അത് ഇനിയും വര്‍ധിച്ചേക്കാം.

നമ്മുടെ സഹോദരങ്ങള്‍ പലരും വരേണ്ടത് കൊറോണ വൈറസ് ബാധ വ്യാപകമായ സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമാണ്. അവര്‍ വരുന്നതുകൊണ്ട് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം. വരുന്ന ഓരോരുത്തര്‍ക്കും നാം ചികിത്സ നല്‍കും. ഇവിടെ കൂടുതല്‍ ആളുകളിലേക്ക് വൈറസ് ബാധ പടരാതിരിക്കാനുള്ള ജാഗ്രതയും ശക്തമാക്കും. ഇവിടെ നാം കാണേണ്ടത് ഇനിയുള്ള നാളുകള്‍ ഈ മഹാമാരിക്കൊപ്പമുള്ള ജീവിതമാണ് നാടിന്‍റേത് എന്നതാണ്.

ഇപ്പോള്‍ ശരാശരി 39 പേരെയാണ് ദിവസവും രോഗം ബാധിച്ച് ആശുപത്രിയിലാക്കേണ്ടിവരുന്നത്. ജൂണില്‍ മഴ തുടങ്ങുകയും മഴക്കാല രോഗങ്ങള്‍ വരികയും ചെയ്താല്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടിവരും. ഇതിനനുസരിച്ചുള്ള ആസൂത്രണമാണ് നടത്തുന്നത്. എല്ലാവരും സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കണം. നാടിന്‍റെ ഭാവിയുടെ പ്രശ്നമാണിത്.

ഈ വിഷമകരമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ തന്നെ സംസ്ഥാനത്തിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നിര്‍ബന്ധമായി സര്‍ക്കാര്‍ നിര്‍വഹിക്കുക തന്നെ ചെയ്യും. ജൂണ്‍ അഞ്ചാം തീയതി നമ്മുടെ സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയാണ്. കാര്‍ഷികരംഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയും ഇതിന്‍റെ ഭാഗംതന്നെയാണ്. വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളും ഈ ഘട്ടത്തില്‍ തന്നെയാണ്. റോഡുകളിലും ഇടനാഴികളിലും എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുകയാണ്. എല്ലാ റോഡുകളും ഡിസംബറോടു കൂടി മെച്ചപ്പെട്ട നിലയിലാക്കുക എന്നത് സര്‍ക്കാരിന്‍റെ പരിപാടിയില്‍ ഏറ്റവും പ്രധാനപ്പെട്ടതുതന്നെയാണ്.

യാത്രയുടെ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമായത്ര ടോയ്ലെറ്റ് സൗകര്യമൊരുക്കും. പെട്രോള്‍ ബങ്കുകളില്‍ ടോയ്ലെറ്റ് സൗകര്യമൊരുക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും.

വിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും ഫലപ്രദമായ ചില അഴിച്ചുപണികള്‍ ആവശ്യമായി വരും. വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന മേഖലയാണിത്. പഠന സമയത്ത് പാര്‍ട് ടൈം ജോലി എന്ന ആശയവും കോവിഡ് കഴിഞ്ഞാല്‍ ആലോചിക്കും.

തദ്ദേശസ്ഥാപന അതിര്‍ത്തില്‍ തൊഴില്‍ നല്‍കുക എന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണ്. ആയിരത്തിന് അഞ്ചുപേര്‍ക്ക് തൊഴില്‍ എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി പൂര്‍ത്തിയാക്കും.

കമ്മ്യൂണിറ്റി വളണ്ടിയര്‍ കോര്‍പ്സ് രൂപീകരണം പൂര്‍ത്തിയായി. പരിശീലനം ആരംഭിച്ചു. ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

മത്സ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരികയാണ്. ഓരോ വീട്ടുപറമ്പിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്.

ദുരന്തത്തിനു മുന്നില്‍ കരഞ്ഞിരുന്നിട്ട് കാര്യമില്ല. അത് നമുക്ക് ഒന്നിച്ച് നേരിടാം. ദുരന്തത്തിനു ശേഷം അല്ലെങ്കില്‍ ദുരന്തത്തിനൊപ്പം നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള വഴിയിലേക്ക് നമുക്കെല്ലാവര്‍ക്കും കൂടി ഒന്നിച്ച് നീങ്ങാം. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്താകുറിപ്പ്: 23-05-2020

സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി
വിവരം നല്‍കണം – മുഖ്യമന്ത്രി

കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്‍റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വാര്‍ത്താകുറിപ്പ്: 22-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇതുവരെ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി 73 വയസ്സുള്ള ഖദീജക്കുട്ടിയാണ് മരണമടഞ്ഞത്. അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

42 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 2 പേര്‍ക്ക് നെഗറ്റീവും. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയവരാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നു വന്ന ഓരോരുത്തര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്നു വന്ന 17 പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കംമൂലം. കോഴിക്കോട് ഒരു ഹെല്‍ത്ത്വര്‍ക്കര്‍ക്കാണ് രോഗബാധ.

ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51,310 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 49,535 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 7072 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6630 നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതമാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. 28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.

ഇതുവരെ 91,344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയത്. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുടെ എണ്ണം 82,299. 43 വിമാനങ്ങളിലായി 9367 ആളുകളാണ് വന്നത്. അവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്‍റൈനിലാണ്.

ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമുള്ള മുന്നറിയിപ്പാണ്. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശവുമാണത്. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനി വരും. ഒരു കേരളീയനു മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ് എന്നതുകൊണ്ട് പരിഭ്രമിച്ച് നിസ്സഹായ അവസ്ഥ പ്രകടിപ്പിക്കാനും നാം തയ്യാറല്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും.

ഇങ്ങോട്ടുവരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമുണ്ടാകാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ തയ്യാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത്തരം ഇടപെടലിനാണ് മുന്‍തൂക്കം നല്‍കുക.

അതേസമയം നാം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുമുണ്ട്. ഈ ഇളവുകള്‍ നല്‍കുന്നത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പല ഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. റിവേഴ്സ് ക്വാറന്‍റൈന്‍ നിര്‍ദേശിക്കുന്നത് വൃദ്ധജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതര രോഗങ്ങളുള്ളവര്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ്. അത് മനസ്സിലാക്കി അവരെ സുരക്ഷിതരായി വീടുകളില്‍ ഇരുത്തേണ്ടവര്‍ തന്നെ എല്ലാം മറന്നുപോകുന്ന സ്ഥിതിയുണ്ടാകരുത്. ഇതൊന്നും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കേണ്ട കാര്യങ്ങളല്ല. സ്വയം ബോധ്യപ്പെട്ട് ചെയ്യേണ്ടതാണ്. അത് മറന്നുപോകുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതും ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കേണ്ടിവരുന്നതും.

എസ്എസ്എല്‍സി/ ഹയര്‍സെക്കന്‍ററി പരീക്ഷ

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

1. കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കി.

2. പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍,പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കല്‍, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പരീക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും നല്‍കി.

3. കണ്ടെയിന്‍മെന്‍റ് സോണ്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളിലെ പരീക്ഷകള്‍, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്നിവയിലും ധാരണയായിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും. ഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമായിരിക്കും. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന വേണ്ടവര്‍ക്ക് അത് നല്‍കാനുള്ള സംവിധാനവും സ്കൂളുകളിലുണ്ടാകും.

അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധമാണ്. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ അണുവിമുക്തമാക്കും.

തെര്‍മല്‍ സ്ക്രീനിംഗിനായി പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് അയ്യായിരം ഐആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാദ്ധ്യാപകര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

4. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകള്‍ അടങ്ങിയ അറിയിപ്പും, മാസ്ക്കും, കുട്ടികള്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ സമഗ്രശിക്ഷ കേരളയെ ചുമതലപ്പെടുത്തി. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്ക്കുകള്‍ എന്‍എസ്എസ് വഴി വിതരണം ചെയ്യും.

5. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഫയര്‍ഫോഴ്സ്, പൊലീസ്, ഗതാഗത വകുപ്പ് എന്നിവരുടെ പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും.

6. പരീക്ഷാ കേന്ദ്രമാറ്റത്തിനായി എസ്എസ്എല്‍സി (1866), എച്ച്എസ്ഇ (8835), വിഎച്ച്എസ്ഇ (219) വിഭാഗങ്ങളിലായി 10920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അനുവദിക്കപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും.
7. ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിനാ വശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഗള്‍ഫിലെ സ്കൂളുകളില്‍ പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്.

8. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിന് സൗകര്യപ്പെടു ത്താനുമുള്ള അവസരം ഒരുക്കും. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തീയതികളില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തി അവസരം ഒരുക്കുന്നതാണ്.

9. പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരികരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറകടര്‍ ഓഫീസുകളിലും 23.05.2020 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

കോളേജുകള്‍

ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ 1ന് തന്നെ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം.

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ക്കുള്ള ക്രമീകരണത്തിനായി പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം. സര്‍വ്വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ഓണ്‍ലൈന്‍ പഠനരീതി ആവശ്യമായ കൂടതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനല്‍ പോലെ ടിവി, ഡിടിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

പൊലീസ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് രാപകല്‍ ജോലി ചെയ്യുന്ന ഓരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ നിലയ്ക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് പൊലീസിന്‍റെ പ്രവര്‍ത്തനക്രമത്തില്‍ വരുത്തിയ മാറ്റം. അതിന്‍റെ ഭാഗമെന്ന നിലയില്‍ ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്സ് ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്സ് ഷീല്‍ഡുകള്‍ പൊലീസിന് ലഭ്യമാക്കിയിട്ടുണ്ട്.

സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെ പൊലീസ് ആവിഷ്കരിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മൂടുന്ന മഴക്കോട്ടും ബന്ധപ്പെട്ട മറ്റ് ആവരണങ്ങളുമൊക്കെ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാന്‍ സഹായപ്രദവുമാണ്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

ഗാര്‍ഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റസലൂഷ്യന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. എല്ലാ ജില്ലകളിലേയും ഇത്തരം കേന്ദ്രങ്ങളില്‍ ഇതുവരെ 340 പരാതികളാണ് ലഭിച്ചത്. ഇതില്‍ 254 എണ്ണത്തില്‍ കൗണ്‍സിലിങ്ങിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയില്‍ കൗണ്‍സലിങ് നല്‍കാന്‍ ഈ സെന്‍റര്‍ മുഖേന കഴിയും.

ജനങ്ങള്‍ റെയില്‍പ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതുമായ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രത്യേക യാത്രാ തീവണ്ടികളും ചരക്കു തീവണ്ടികളും ഏതു സമയത്തും അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. മറ്റ് ചില സംസ്ഥാനങ്ങളില്‍ ഉണ്ടായതു പോലെ ഉള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍ പാളങ്ങളിലൂടെയുള്ള കാല്‍നട യാത്ര തടയാന്‍ പൊലീസ് ശ്രദ്ധിക്കും.

ആറ്റിങ്ങല്‍ ആലംകോട് പലഹാര നിര്‍മാണയൂണിറ്റില്‍ നിന്നും നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിലും നിര്‍മാണത്തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളത് എന്ന റിപ്പോര്‍ട്ട് കണ്ടു. മെയ് 20ന് പിടികൂടിയ പലഹാരങ്ങളില്‍ നിര്‍മാണത്തീയതിയായി രേഖപ്പെടുത്തിയിരുന്നത് മെയ് 26 ആയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പലരും പാക്കറ്റിലാക്കിയ ഭക്ഷണത്തെ ആശ്രയിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഇത്തരത്തില്‍ കൃത്രിമം നടത്തുന്നത് അപകടകരമാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കും.

ബസുകളിലും ഓട്ടോകളിലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു. മാസ്ക് ധരിക്കാതെയും യാത്ര ചെയ്യുന്നുണ്ട്. ഇത് തടയാന്‍ പൊലീസിന്‍റെ ഇടപെടലുണ്ടാകും. കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കും.

മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 100 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ലോക്ക്ഡൗണ്‍ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുണ്ട്. കെഎസ്ഇബിക്ക് വലിയ ബില്‍ ഒരുമിച്ച് അടക്കേണ്ട അവസ്ഥയിലാണ് അത്തരക്കാര്‍. അവര്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ ഇളവു നല്‍കാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ച എംഎസ്എംഇകള്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം പുതിയ ഈടില്ലാതെ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കേരളത്തിലെ എംഎസ്എംഇകള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സഹായം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വ്യവസായികളെ അറിയിക്കുന്നതിനും പ്രത്യേക പോര്‍ട്ടല്‍ തുടങ്ങാനും ആലോചനയുണ്ട്.

കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധി തീരുമ്പോള്‍ നമുക്ക് പുതിയ അവസരങ്ങള്‍ ധാരാളമായി കൈവരുമെന്ന പ്രതീക്ഷയാണുള്ളത്. ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വ്യവസായത്തിലും കൃഷിയിലും വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പരിശ്രമം സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനപൂര്‍ണവുമായ പ്രദേശം എന്ന ഖ്യാതി ഇപ്പോള്‍ കേരളത്തിന് കൈവന്നിട്ടുണ്ട്.

ഈ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി) പൂര്‍ണ പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ട്. ഫിക്കി സംഘടിപ്പിച്ച ഒരു വെബിനാറില്‍ ഇന്നലെ പങ്കെടുക്കുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ കേരളത്തിന്‍റെ വ്യവസായ വികസനത്തിന് ചില നല്ല നിര്‍ദേശങ്ങള്‍ ഫിക്കി മുന്നോട്ടുവെച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ പരിഗണിക്കും. ഫിക്കിയുടെ പിന്തുണക്ക് നന്ദി പറയുന്നു.

ലൈഫ് മിഷന്‍

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ലൈഫ്’ എന്ന പാര്‍പ്പിട സുരക്ഷാപദ്ധതിയുടെ പുരോഗതി ലൈഫ് മിഷന്‍ യോഗം വിലയിരുത്തി. കോവിഡ് 19നെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഈ പദ്ധതിയെയും ബാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.

ഒന്നും രണ്ടും ഘട്ടങ്ങളിലായി 2,19,154 വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോയ വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തത്. ഇതില്‍ 52,084 വീടുകള്‍ പൂര്‍ത്തിയായി. ഈ വിഭാഗത്തിലാകെ 54,169 അര്‍ഹരെയാണ് കണ്ടെത്തിയത്. ഇതില്‍ 96.15 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 1266 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതില്‍ 77,424 വീടുകള്‍ പൂര്‍ത്തിയായി- 81.38 ശതമാനം. ബാക്കിയുള്ള 17,712 വീടുകളില്‍ പുതുതായി എഗ്രിമെന്‍റ് വെച്ച 2065 വീടുകള്‍ ഒഴികെ ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളില്‍ നിര്‍മാണ പുരോഗതിയിലാണ്. ഇതു കൂടാതെ മറ്റു വിഭാഗങ്ങളില്‍ പൂര്‍ത്തിയായ വീടുകള്‍:

പിഎംഎവൈ (അര്‍ബന്‍)- 48,446, പിഎംഎവൈ (റൂറല്‍)- 16,703, പട്ടികജാതി വിഭാഗം- 19,018, പട്ടികവര്‍ഗ വിഭാഗം- 1745, മത്സ്യത്തൊഴിലാളി വിഭാഗം- 3734. രണ്ടാംഘട്ടത്തില്‍ 3332 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഈ വിഭാഗത്തില്‍ അര്‍ഹരായ 1,06,792 പേരെയാണ് കണ്ടെത്തിയത്. ഗുണഭോക്താക്കളുടെ പഞ്ചായത്ത് തലത്തിലെ ലിസ്റ്റ് നോക്കിയപ്പോള്‍ പല പഞ്ചായത്തുകളിലും അര്‍ഹരായവര്‍ കുറവാണ്. ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആയ പഞ്ചായത്തുകളില്‍, പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി പ്രത്യേകം വീട് നിര്‍മിച്ചുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. 627 പഞ്ചായത്തുകളില്‍ ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആണെന്നാണ് കണ്ടെത്തിയത്.

ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ ജില്ലകളിലായി മുന്നൂറോളം സര്‍ക്കാര്‍ സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നൂറോളം കേന്ദ്രങ്ങളില്‍ ഉടനെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഏഴ് സമുച്ചയങ്ങളുടെ നിര്‍മാണം ഇതിനകം ആരംഭിച്ചു. ഒമ്പതെണ്ണം ഉടനെ തുടങ്ങും. ഈ 16 സമുച്ചയങ്ങളും 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കും. ഇതുകൂടാതെ 15 സമുച്ചയങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതടക്കം നൂറോളം സമുച്ചയങ്ങള്‍ 2021 ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

പ്രതിസന്ധിക്കിടയിലും 2.19 ലക്ഷം പേര്‍ക്ക് ഇതിനകം പാര്‍പ്പിടമൊരുക്കി എന്നത് ഈ രംഗത്ത് സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്‍റെ വിജയമാണ് സൂചിപ്പിക്കുന്നത്. ലൈഫിന്‍റെ പുരോഗതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്ലാഘനീയമായ പങ്കുവഹിക്കുന്നുണ്ട്.

റംസാന്‍

ഒരുമാസത്തെ റംസാന്‍ വ്രതത്തിനുശേഷം ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. മാസപ്പിറവി കാണുന്നതിനനുസരിച്ച് നാളെയോ മറ്റെന്നാളോ ചെറിയ പെരുന്നാളാകും. ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നു.

കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിനു തടസ്സമാകും. ഇത് കണക്കിലെടുത്ത് ഇന്നും മാസപ്പിറവി ഇന്നു കാണുന്നില്ലെങ്കില്‍ നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു മണി വരെ തുറക്കാന്‍ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കും.

പ്രവാസി ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ അംഗത്വം പുതുക്കുന്നതിന് ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ആറുമാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി. കുടിശിക ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സഹായം

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എഞ്ചിനിയറിങ്ങ് തൊടുപുഴ കാമ്പസിലെ എസ്എഫ്ഐ യൂണിറ്റും മുന്‍കാല പ്രവര്‍ത്തകരും ചേര്‍ന്ന് 1111 പിപിഇ കിറ്റുകള്‍. നേരത്തെ 2,10,000 രൂപ ദുരിതാശ്വാസ നിധിയിലേക്കും കൈമാറിയിരുന്നു.

ശ്രീ സത്യസായി സേവ ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഒരു ഐസിയു വെന്‍റിലേറ്ററും സായി വേദവാഹിനി പരിഷത്ത്, ഒരു അള്‍ട്രാസൗണ്ട് സ്കാനറും നല്‍കി.

ദുരിതാശ്വാസം

ടൂറിസം മേഖലയിലെ സംഘനകള്‍ (കെടിഎം സൊസൈറ്റി, എസ്കെഎച്ച്എഫ്, എസ്ഐഎച്ച്ആര്‍എ, എടിടിഒഐ) 53 ലക്ഷം രൂപ

നെടുമങ്ങാട് നഗരസഭ 50 ലക്ഷം രൂപ

ക്രഷര്‍ക്വാറി ഓര്‍ണേഴ്സ് അസോസിയേഷന്‍, ആര്‍എംസിയു ഇടുക്കി ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ

കേരള സംസ്ഥാന പെന്‍ഷനേഴ്സ് യുണിയന്‍, കൊല്ലം ജില്ല 21.75 ലക്ഷം രൂപ

വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി 21,62,751 രൂപ (62 ലക്ഷം രൂപയുടെ സാധനങ്ങള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്)
ഇത്തിത്താനം ജനത സര്‍വീസ് സഹകരണ ബാങ്ക് രണ്ട് ഗഡുക്കളായി 15,54,358 രൂപ

അക്ഷയ് ഗ്രാനൈറ്റ്സ് 10 ലക്ഷം രൂപ

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ

വിളപ്പില്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

അയിരൂര്‍പാറ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ 9,59,172 രൂപ

നെയ്യാറ്റിന്‍കര നഗരസഭ 8 ലക്ഷം രൂപ

പട്ടികജാതി ക്ഷേമനിധി സംസ്ഥാന കമ്മിറ്റി 5,55,555 രൂപ

മലപ്പുറം ന്യൂ പന്നിപ്പാറ ബ്രിക്സ് ആന്‍ഡ് മെറ്റല്‍സും സഹോദര സ്ഥാപനമായ കോഴിക്കോട് അലിഫ് ബില്‍ഡേഴ്സും ചേര്‍ന്ന് 5 ലക്ഷം രൂപ

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി ഡി രാജന്‍ ഒരു മാസത്തെ ശമ്പളം 2,12,000 രൂപ

മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം സി മായിന്‍ ഹാജി തന്‍റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഗ്രാനൈറ്റ് വഴി 3 ലക്ഷം രൂപ

വാര്‍ത്താകുറിപ്പ്: 21-05-2020

കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ

കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി (ഫിക്കി) പൂര്‍ണ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.

ഫിക്കി ഭാരവാഹികള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, കേരളത്തിലേക്ക് വ്യവസായികളെ ആകര്‍ഷിക്കുന്നതിനു ഏതാനും നിര്‍ദേശങ്ങളും ഫിക്കി ഭാരവാഹികള്‍ മുന്നോട്ടുവെച്ചു. കോവിഡഡ്-19 നിയന്ത്രിക്കുന്നതിനും അതോടൊപ്പം സാമ്പത്തിക രംഗം ചലിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ ഫിക്കി പ്രസിഡണ്ട് ഡോ. സംഗീത റെഡ്ഡിയും സെക്രട്ടറി ജനറല്‍ ദിലീപ് ഷെണോയിയും അഭിനന്ദിച്ചു. രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെ മാതൃകയാണ് കേരളത്തിന്‍റെ നടപടികള്‍. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാനം എടുത്ത നടപടികളെയും അവര്‍ പ്രശംസിച്ചു.

ടൂറിസം, അരോഗ്യപരിപാലനം, ആയുര്‍വേദം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, ഏയ്റോസ്പേസ് തുടങ്ങിയ രംഗങ്ങളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ട്. അമേരിക്കയിലും യൂറോപ്പിലും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തര്‍ക്ക് വലിയ ആവശ്യമുണ്ട്. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയും. നഴ്സുമാരടക്കമുള്ളവരെ കൂടുതല്‍ വിദേശ ഭാഷകള്‍ പഠിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥാനമായി കേരളം മാറിയിരിക്കയാണെന്നും മികച്ച നിക്ഷേപ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട – സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങള്‍ ഏറ്റവുമധികം സ്ഥാപിതമായത് കഴിഞ്ഞ നാലുവര്‍ഷത്തിനടിയിലാണ്. വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമങ്ങള്‍തന്നെ നിര്‍മിച്ചു. ചട്ടങ്ങള്‍ ലളിതമാക്കി ഏഴുദിവസത്തിനകം വ്യവസായ ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഭാഷാപരവും തൊഴില്‍പരവുമായ വൈദഗ്ധ്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദന സംസ്ഥാനമായി മാറ്റാനുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. പുതിയ സാഹചര്യത്തില്‍ കേരള ബ്രാന്‍ഡ് വികസിപ്പിക്കുകയാണ്. ഇതിന് ഫിക്കിയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ഉല്പാദനപരമായ പദ്ധതികള്‍ക്ക് ഉപയോഗിക്കും. അതിനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫിക്കിയുടെ മുന്‍പ്രസിഡണ്ട് ഡോ. ജ്യോത്സനസുരി, സിംബിയോസിസ് സര്‍വകലാശാല പ്രൊചാന്‍സലര്‍ ഡോ. വിദ്യ യെരവ്ദെകര്‍, സഞ്ജയ് ഗുപ്ത (ഫിക്കി സ്പോര്‍ട്സ് കമ്മിറ്റി), ഡോ. ഹാരിഷ് പിള്ള, ഗോയങ്കെ (ആര്‍.പി.ജി. ഗ്രൂപ്പ്), ഡോ. സുബ്ബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അദ്വാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

വാര്‍ത്താകുറിപ്പ്: 20-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

24 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഓരോന്ന് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശങ്ങളില്‍നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍നിന്ന് എട്ടും തമിഴ്നാട്ടില്‍നിന്ന് മൂന്നും. കണ്ണൂരിലെ ഒരാള്‍ സമ്പര്‍ക്കം.

ഇതുവരെ 666 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 74,398 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 73,865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 46,961 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 6090 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5728 നെഗറ്റീവായിട്ടുണ്ട്. പുതിയ ഹോട്ട്സ്പോട്ടുകള്‍ ഇല്ല.

നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ് എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും.

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സഹോദരന്‍മാര്‍ നാട്ടിലേയ്ക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിദേശത്തുനിന്നും ഫ്ളൈറ്റ് വരാന്‍ തുടങ്ങിയത്.

മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ച ആരും ഉണ്ടായിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. മെയ് 13ന് പുതിയ രോഗികളുടെ എണ്ണം പത്ത് ആയി. പതിനാലിന് 26, പതിനഞ്ചിന് 16, പതിനാറിന് 11, പതിനേഴിന് 14, പതിനെട്ടിന് 29, ഇന്നലെ 12, ഇന്ന് 24- ഇങ്ങനെയാണ് പുതുതായി പോസിറ്റിവായ കേസുകള്‍ വര്‍ധിക്കുന്നത്. 16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ നിന്ന് നമ്മള്‍ ഇപ്പോള്‍ 161 ലെത്തി നില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്.

കോവിഡ് 19 വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണ് എന്നു പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യം അതിന്‍റെ വ്യാപനം തടയാനുള്ള പ്രധാന ഉപാധി തന്നൊണ്.

ആ തിരിച്ചറിവ് ശരിക്കും ഉണ്ടാവുക എന്നത് പ്രധാനമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെയിരിക്കുകയും റെഡ്സോണുകളില്‍നിന്ന് വരുന്നവര്‍ എല്ലാവരുമായും അടുത്ത് ഇടപഴകുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനര്‍ത്ഥം കേരളത്തിലേക്ക് എത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ അകറ്റിനിര്‍ത്തപ്പെടേണ്ടവര്‍ ആണ് എന്നോ അല്ല. അങ്ങനെ ആക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടാകാം. എന്നാല്‍, അത്തരം കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകാന്‍ പാടില്ല.

കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എത്തിയ ഒരു കുടുംബത്തിന്‍റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് പെരിനാട് പഞ്ചായത്തില്‍ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ ഏറെനേരം തങ്ങേണ്ടിവന്നു എന്നാണ് വാര്‍ത്ത. അവര്‍ ക്വാറന്‍റൈയിനുവേണ്ടി തയ്യാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു എന്നും പരാതിയുണ്ട്.

മുംബൈയില്‍ നിന്നുതന്നെ പ്രത്യേക വാഹനത്തില്‍ എത്തിയ സംഘം റോഡില്‍ കുറച്ചുനേരം വാഹനം നിര്‍ത്തിയിട്ടത് പരിഭ്രാന്തി പരത്തി എന്നൊരു വാര്‍ത്ത ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് കണ്ടു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ച് പ്രവാസി കേരളീയരെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചാരണവുമായി ഒരു കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്.

ഒരുകാര്യം ഇവിടെ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്- പ്രവാസി കേരളീയരുടെ നാടാണിത്. അവര്‍ക്കു മുന്നില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. അന്യനാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്‍റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്‍റെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിന്‍റെ പുറത്തുണ്ട്. എല്ലാവര്‍ക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങള്‍ അതിന് വേണ്ടിവരും.

വിവിധ മലയാളി സംഘടനകള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളും നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രചാരണങ്ങളില്‍ മുഴുകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

പരീക്ഷ

അവശേഷിക്കുന്ന എസ്എസ്എല്‍സി/ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടക്കുന്നതാണ്. പരീക്ഷാ ടൈംടേബിള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അനുമതി ലഭ്യമാകാന്‍ വൈകിയതുമൂലം ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര അനുമതിയായിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്.

എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവയും പരിഹരിക്കും.

വീഡിയോ കോണ്‍ഫറന്‍സ്

പുറത്തു നിന്ന് ആളുകള്‍ വരികയും ഇളവുകളോടെ നാട് ചലിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ന് രാവിലെ ജില്ലാ കലക്ടര്‍മാര്‍, ജില്ലാപൊലീസ് മേധാവികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. രോഗവ്യാപനം തടയുന്നതില്‍ ജില്ലാ ഭരണ സംവിധാനം ഇതുവരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. എല്ലാ ജില്ലകളിലും നല്ല ഏകോപനത്തോടെ കാര്യങ്ങള്‍ നടന്നു. അതിന് നല്ല ഫലവുമുണ്ടായി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരെയും സര്‍ക്കാര്‍ അഭിനന്ദിക്കുന്നു.

കോവിഡ് 19ന് മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ നമ്മുടെ പ്രയാസം തുടരുകയാണ്. ഇന്നത്തെ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇതിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് നാം മുന്നോട്ടുപോകണം. കണ്ടൈന്‍മെന്‍റ് സോണുകളില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. മാത്രമല്ല, കൂടുതല്‍ കര്‍ക്കശമായ നടപടികളാണ് ഈ പ്രദേശങ്ങളിലുണ്ടാവുക.

പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതില്‍ പ്രധാനമാണ്. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടത് നാടിന്‍റെതന്നെ ചുമതലയായി കാണണം. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടിനകത്തെ മുറിയില്‍ തന്നെ കഴിയണം. മറ്റാരുമായും ബന്ധപ്പെടരുത്.

ഹോം ക്വാറന്‍റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല സമിതികളുടെയും നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. വാര്‍ഡ് തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡന്‍സ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാന്‍ രംഗത്തുണ്ടാകണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളന്‍റിയര്‍മാര്‍ വാര്‍ഡ്തല സമിതിക്കുണ്ടാകണം. പൊലീസും ഇക്കാര്യത്തില്‍ പങ്കുവഹിക്കണം. പൊലീസ് സേനാംഗങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. സമൂഹത്തിന്‍റെ രക്ഷയ്ക്ക് അത്തരം ഇടപെടലുകള്‍ ആവശ്യമാണ്.

ചുരുക്കം സ്ഥലങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ ഉദ്ദേശിച്ച രീതിയില്‍ സജീവമല്ലെന്ന പ്രശ്നമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പഞ്ചായത്ത് തല സമിതികള്‍ ഫലപ്രദമായി ഇടപെടണം. രോഗം സമ്പര്‍ക്കത്തിലൂടെ പടരുന്നത് തടയുക എന്നതാണ് ഇനി നമ്മുടെ മുന്‍പിലുള്ള പ്രധാന കടമ. പുറത്തു നിന്നും വരുന്ന ചിലരില്‍ രോഗം ഉണ്ടാവും എന്ന് നമുക്കറിയാം. എന്നാല്‍, മറ്റുള്ളവരിലേയ്ക്ക് അത് പടരാതിരിക്കാന്‍ നാടാകെ ഒന്നിച്ചുനില്‍ക്കണം. പഞ്ചായത്ത് തല സമിതികളുടെ പ്രവര്‍ത്തനം ജില്ലാതല സമിതികള്‍ തുടര്‍ച്ചയായി പരിശോധിക്കണം.

പ്രശ്നങ്ങളോ പോരായ്മകളോ ഉള്ള സ്ഥലങ്ങളില്‍ ജില്ലാതല സമിതികള്‍ ഇടപെടണം. ജില്ലയിലെ പഞ്ചായത്തുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനാണ്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ മുഖ്യമായും രംഗത്തുള്ളത്. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിനും നല്ല നിലയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും.

പുതിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങാനാണ് തീരുമാനം. അതിന് ഐഎംഎയുടെ പിന്തുണയുമുണ്ട്. മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരേയും പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തന സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് ഉണ്ടാവും. അത് ഡി.എം.ഒ. തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കണം. രോഗിയെ ഡോക്ടര്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം.

മഴക്കാലത്തിനു മുന്‍പേ മഴ തുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ വരാനിടയുണ്ട്. അതുകൊണ്ട് പരിസരമെല്ലാം ശുചിയായിരിക്കണം. കൊതുക് വളരാനുള്ള സാഹചര്യം അനുവദിക്കരുത്. മാലിന്യ നിര്‍മാര്‍ജനം ഏറ്റവും പ്രധാനമാണ്. നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതിനായി ഇതുവരെ 11.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലകളുടെ ആവശ്യത്തിനനുസരിച്ച് ബാക്കി തുക അനുവദിക്കും.

അതിഥി തൊഴിലാളികളോട് സഹാനുഭൂതിയുണ്ടാവണം. ഭക്ഷണവും പാര്‍പ്പിടവും എല്ലായിടത്തും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അവര്‍ക്ക് തൊഴില്‍ കിട്ടും. തൊഴിലുണ്ടെങ്കില്‍ പ്രയാസം മാറും. ആര്‍ക്കെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം പ്രാദേശിക തലത്തില്‍ പരിശോധിക്കണം.

ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സമൂഹ അടുക്കള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനമായിട്ടുണ്ട്. ഇളവുകള്‍ വന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. സമൂഹ അടുക്കള പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ല. ഇനിയും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതില്‍ സമൂഹ അടുക്കള നിലനിര്‍ത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും ഇതിലെ സമീപനം.

ലോക്ക്ഡൗണ്‍ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനുവേണ്ടി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ജോലിയുള്ളവര്‍ തിരുവനന്തപുരത്തും മറ്റും വീടുകളില്‍ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ശേഖരിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ അവരെ ജോലിയുള്ള ജില്ലകളില്‍ എത്തിക്കണം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം ക്വാറന്‍റൈന്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, ധാരാളം പേര്‍ സ്വമേധയാ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ആവശ്യപ്പെടുന്നുണ്ട്. സ്വന്തം വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം എല്ലാവരും സ്വീകരിക്കണം.
കാലവര്‍ഷത്തിന്‍റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേനകളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മണ്‍സൂണ്‍ ദുരന്ത പ്രതിരോധ പ്രതികരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കി. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനതല ദുരന്തലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും മണ്‍സൂണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിവരങ്ങളും സംസ്ഥാന അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന് ദിനംപ്രതി നല്‍കും.

2948 താല്‍ക്കാലിക തസ്തികകള്‍ കൂടി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്.

ഇതോടെ 6700ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ ഈ ഘട്ടത്തില്‍ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഫസ്റ്റ് ലൈന്‍ കെയര്‍ സെന്‍റര്‍, കോവിഡ് കെയര്‍ സെന്‍ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവരെ വിന്യസിക്കും.

38 ഡോക്ടര്‍മാര്‍, 15 സ്പെഷ്യലിസ്റ്റുകള്‍, 20 ഡെന്‍റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്സുമാര്‍, 169 നഴ്സിങ് അസിസ്റ്റന്‍റുമാര്‍, 1259 ജെഎച്ച്ഐമാര്‍, 741 ജെപിഎച്ച്എന്‍മാര്‍, 358 ക്ലീനിങ് സ്റ്റാഫ് തുടങ്ങി 21ഓളം തസ്തികളാണ് സൃഷ്ടിച്ചത്.

യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്ക്കിന്‍റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം നടത്തും. കേരള പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന ക്യാംപെയ്നിന്‍റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരേയും സമൂഹം ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുന്നതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം നല്‍കി.

മാസ്ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസ് എടുത്തു.

ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാരെ ബ്ലോക്ക് തലത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയില്‍ രണ്ടുദിവസം വീതം കലക്ഷന്‍ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്റ്റോഫീസില്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി നല്‍കും. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗം നിര്‍ബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജന്‍റുമാര്‍ ഭവനസന്ദര്‍ശനം നടത്താന്‍ പാടില്ല.

ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.

സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍റെ അനുവാദമില്ലാതെ തന്നെ ഫ്രാഞ്ചൈസികളെ നിയമിക്കാനുള്ള അനുവാദം വിതരണ ലൈസന്‍സിക്കായിരിക്കും. കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിന് കത്തയച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനം

പ്രകൃതിക്ഷോഭംമൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുകോടി രൂപ അനുവദിച്ചു.

സംസ്ഥാന പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍റെ കാലാവധി മെയ് 31 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്ന സൊസൈറ്റിയായ സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മന്ത്രിസഭ അംഗീകരിച്ചു.

സഹായം

പാല രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറി ക്വാറന്‍റൈനുവേണ്ടി വിട്ടുകൊടുത്തതായി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. പാലാ അസിസ്റ്റന്‍റ് ബിഷപ്പ് ഉള്‍പ്പെടെ 50 പുരോഹിതډാര്‍ രക്തം ദാനം ചെയ്തു എന്നും പാല രൂപത അറിയിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓര്‍ണേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി 1,11,60,000 രൂപ

ആള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍ 40,00,001 രൂപ

കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്ക് 30,47,590 രൂപ

കുമിളി ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപ

ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ 7 ലക്ഷം രൂപ

കടനാട് പഞ്ചായത്ത് 7 ലക്ഷം

ആള്‍ കേരള മെഷ്യനൈസ്ഡ് ബേക്കറി ഓര്‍ണേഴ്സ് അസോസിയേഷന്‍ 6,32,005 രൂപ

സിഎസ്ഐ മലബാര്‍ മഹായിടവകയുടെ കീഴിലുള്ള മലബാര്‍ ആന്‍റ് വയനാട് എയ്ഡഡ് സ്കൂളുകള്‍ 3,10,000 രൂപ

അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സമിതി (ഐപ്സോ) രണ്ട് ഗഡുകളായി 2 ലക്ഷം രൂപ

ഗുജറാത്ത് ഹൈക്കോടതി റിട്ട. ജഡ്ജ് കെ ശ്രീധരന്‍, ഡോ. ദേവദത്ത ശ്രീധരന്‍ 1,50,000 രൂപ

വണ്ടന്‍മേട് ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം രൂപ

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമന്‍ കമ്പനി 5 ലക്ഷം രൂപ

പീരുമേട് തോട്ടം തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4,55,000 രൂപ

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ അടിമാലി ബ്ലോക്ക് 4,69,645 രൂപ

വണ്ടിപ്പെരിയാര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 4 ലക്ഷം
രൂപ

കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് 1 ലക്ഷം രൂപ.