Month: June 2020

വാര്‍ത്താകുറിപ്പ്: 29-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ ദീപ്തവ്യക്തിത്വങ്ങളിലൊന്നായ ശ്രീകുമാര ഗുരുദേവന്‍റെ സ്മൃതി ദിനമാണിന്ന്. ജാതിവിവേചനത്തിനതീതമായ സാമൂഹിക സമത്വത്തിന്‍റെ സന്ദേശം പടര്‍ത്തിക്കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട വലിയ ഒരു വിഭാഗം ജനങ്ങളെ ഉണര്‍ത്തിയെടുത്ത നവോത്ഥാന നായകനായ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്. ജാതിമത വിവേചനങ്ങളില്ലാത്ത മനുഷ്യത്വപൂര്‍ണമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വറ്റാത്ത പ്രചോദനമാണ് ആ സ്മൃതി.

121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്‍റെ (55) സ്രവപരിശോധന കോവിഡ് പോസിറ്റീവാണെന്ന് ഇന്ന് ഫലം വന്നിട്ടുണ്ട്.

രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 26 പേര്‍. സമ്പര്‍ക്കം 5. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 3. പുറത്തുനിന്നു വന്ന സിഐഎസ്എഫുകാര്‍ 9.

തൃശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി 5 വീതം, കാസര്‍കോട്, തിരുവനന്തപുരം 4 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം 4, തൃശൂര്‍ 5, പാലക്കാട് 3, കോഴിക്കോട് 8, മലപ്പുറം 7, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  
കഴിഞ്ഞ 24 മണിക്കൂറിനകം 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലായിനത്തിലുമായി ഇതുവരെ 2,24,727 പേരില്‍നിന്നാണ് ഇതുവരെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചത്. സ്വകാര്യ ലാബ് റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍ 2774ന്‍റെ ഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 46,689  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 45,065 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ചുമണി മുതല്‍ ജലൈ ആറിന് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാസ്കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നത്തും. മാര്‍ക്കറ്റുകളിലും കോവിഡ് പരിശോധന നടത്തും.

കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍  കോളേജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കും. അടുത്ത മൂന്നു ദിവസം ക്ലസ്റ്റര്‍ സോണില്‍ വിപുലമായ പരിശോധനയും വീടുതോറുമുള്ള സര്‍വ്വെയും നടത്താന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തും.

കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതല്‍ കണ്ടെയ്െډന്‍റ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കാനും, അതു സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ശ്രമിക്കുന്നത്. കൃത്യമായ ഒരു ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കുന്നുണ്ട്. അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കും. ആപ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

വീടുകള്‍ സന്ദര്‍ശിച്ച്  ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്ന് കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്റ്റ് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം. അതുപോലെ കണ്ടെയ്െډന്‍റ് സോണുകളില്‍ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സര്‍ജ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നത് തൊട്ട് ആശുപത്രികളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ പ്ലാന്‍ ആണത്. ഇത്തരത്തില്‍ രോഗവ്യാപനം തടയാനും, ഉണ്ടായാല്‍ നേരിടാനുമുള്ള പരമാവധി മുന്‍കരുതലുകള്‍ നമ്മള്‍ യഥാസമയം എടുക്കുന്നുണ്ട്. ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ നമുക്കത് കാര്യക്ഷമമായി നടപ്പില്‍ വരുത്താന്‍ സാധിക്കൂ.

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടമാണിത്. ഇത്തവണ വാര്‍ഷികാഘോഷങ്ങള്‍  വേണ്ടെന്നുവെച്ചു. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തതുകൊണ്ടല്ല വാര്‍ഷികാഘോഷം ഉപേക്ഷിച്ചത്. മനുഷ്യരാശി ഒരു മഹാമാരിയെ നേരിടുന്ന ഘട്ടമായതുകൊണ്ടാണ്. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മറ്റെല്ലാം മാറ്റിവെച്ച് നാം ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. അതിന്‍റെ ഫലവും ഉണ്ടായിട്ടുണ്ട്. ലോകത്ത് സമ്പത്തുകൊണ്ടും ആധുനിക സൗകര്യം കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പോലും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികളും ലോക മാധ്യമങ്ങളും തുറന്ന് അംഗീകരിക്കുകയാണ്.

ഇത്തരമൊരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധം പുതിയ തലത്തിലേക്ക് എത്തിയ അവസരത്തില്‍ പ്രത്യേകിച്ചും മറ്റേതെങ്കിലും അജണ്ടയ്ക്കു പിന്നാലെ പോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. എല്ലാ ഊര്‍ജവും ജനങ്ങളുടെ സംരക്ഷണത്തിനായി വിനിയോഗിക്കപ്പെടണം എന്നതാണ്  സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. പ്രതിപക്ഷവും ഈ പോരാട്ടത്തില്‍ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് തുടക്കംമുതല്‍ സര്‍ക്കാര്‍ നടത്തിയത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം ആ നിലയ്ക്കല്ല നീങ്ങുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധത്തെ തുരങ്കംവെക്കാനും ഏതു നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമമുണ്ടാകുന്നത്.

സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നാടിന്‍റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെപ്പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും നാടിന്‍റെ വഴി മുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് അവര്‍ എത്തിയത്.

അതിന്‍റെ ഒരു ഉദാഹരണമാണ് കഴിഞ്ഞദിവസം ടെക്നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്തുന്നുവെന്നും അത് അഴിമതിയാണ് എന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ഒരു മാധ്യമം അത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ ടെക്നോസിറ്റിയിലേക്ക് ഓടിയെത്തി അഴിമതിയാരോപണം ഉന്നയിച്ചു. ടെക്നോസിറ്റിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കളിമണ്ണ് ഉണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാല്‍, സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

പള്ളിപ്പുറം ടെക്നോസിറ്റി വക ഭൂമിയില്‍ കളിമണ്‍ നല്ല നിലയില്‍ ലഭ്യമാണ്. ടെക്നോസിറ്റി സ്ഥലത്ത് നിന്നും സോഫ്റ്റ് സോയില്‍ എടുത്ത് പകരം ഹാര്‍ഡ് സോയില്‍ നിക്ഷേപിക്കാനുള്ള ഒരു നിര്‍ദ്ദേശം കേരള ക്ലേയ്സ് ആന്‍റ് സെറാമിക്സ് പ്രോഡക്ട്സ് എന്ന പൊതുമേഖലാ സ്ഥാപനം മുന്നോട്ടുവെച്ചിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥതല സമിതിയെ ഖനനം സംബന്ധിച്ച സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചു.

വ്യവസായ വകുപ്പ് ഡയറക്ടര്‍, മൈനിങ് ആന്‍റ് ജിയോളജി ഡയറക്ടര്‍, ടെക്നോപാര്‍ക്ക് സിഇഒ എന്നിവരടങ്ങുന്ന ആ സമിതിപരിശോധന നടത്തി, നിര്‍ദ്ദേശം അംഗീകരിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ തലത്തില്‍ കളിമണ്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.

ഇതില്‍ എങ്ങനെയാണ് അഴിമതി ആരോപിക്കാന്‍ കഴിയുന്നത്. കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പഴഞ്ചൊല്ലാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലു കറക്കാന്‍ തന്നെ ഓടുകയാണ് ചെയ്യുന്നത്.

ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. അഞ്ചാംവര്‍ഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവെക്കാനും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താന്‍ കഴിയുമോ എന്നു നോക്കാനുമാണ്. പത്രസമ്മേളനം വിളിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. കുറച്ചുദിവസം അതുതന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാവാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക- ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം. ഇതിനുമുമ്പ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും അതില്‍നിന്നുള്ള നിരുപാധിക പിന്മാറ്റവും കഴിഞ്ഞദിവസം തന്നെ നാം കണ്ടല്ലൊ.

ഒടുവില്‍ അദ്ദേഹം ഉന്നയിച്ചത് സംസ്ഥാനത്ത് ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഏല്‍പ്പിച്ചത് ക്രമരഹിതമായിട്ടാണ് എന്നാണ്.

ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയുമ്പോള്‍ സ്വാഭാവികമായും ഗവണ്‍മെന്‍റിന് അത് അവഗണിക്കാന്‍ പറ്റില്ല. വ്യക്തത വരുത്തേണ്ടിവരും. അതിന് നമ്മുടെയാകെ കുറേ സമയം നഷ്ടപ്പെടും. ഇപ്പോള്‍ അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട ഒരു അവസ്ഥയിലല്ല നമ്മുടെ നാട് നില്‍ക്കുന്നത്.

കോവിഡ് ബാധ അനുദിനം വര്‍ധിക്കുകയാണ്. അതിന്‍റെ ഭീഷണിയില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദുരാരോപണങ്ങളും കുപ്രചാരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തില്‍ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമല്ല എന്നു മാത്രം ഈ ഘട്ടത്തില്‍ പറഞ്ഞുവെക്കട്ടെ. എന്തായാലും വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.

ഇ-മൊബിലിറ്റി സര്‍ക്കാരിന്‍റെ നയമാണ്. പുതിയകാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022ഓടെ പത്തുലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കണം എന്നാണ് ആലോചിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്‍റെ വൈദ്യുതി വാഹനനയം രൂപീകരിച്ചത്.

നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ വര്‍ധിച്ചതോതില്‍ വേണമെന്നത് സര്‍ക്കാരിന്‍റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിനുവേണ്ടിയാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും അതിനായി പഠനങ്ങള്‍ നടത്തുന്നതും.

പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫൊമാറ്റിക്സ് സെന്‍റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റഡ് (നിക്സി) എംപാനല്‍ ചെയ്തിട്ടുള്ളതാണ്.

കേരള സര്‍ക്കാര്‍ 2019 ആഗസ്ത് 13ലെ ഉത്തരവു പ്രകാരം നിക്സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇ-മൊബിലിറ്റിക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍റുകളായി തീരുമാനിച്ചിട്ടുണ്ട്. അവ ഏതാണെന്നു പറയാം.

1. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (ദക്ഷിണ മേഖല – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം).

2. കെപിഎംജി അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (മധ്യമേഖല – കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം).

3. ഏണസ്റ്റ് ആന്‍റ് യങ് ഗ്ലോബല്‍ (ഉത്തരമേഖല – കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്) എന്നിവയാണ്.

പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയം തുടങ്ങി കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാന സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പിഡബ്ല്യുസി എന്നു കൂടി ഈ ഘട്ടത്തില്‍ സൂചിപ്പിക്കട്ടെ.

2020 ഫെബ്രുവരി 20ന്‍റെ ഗതാഗത വകുപ്പ് ഉത്തരവ് പ്രകാരം ഈ മൂന്ന് കമ്പനികളെയും ബസ് പോര്‍ട്ടുകളുടെ കണ്‍സള്‍ട്ടാന്‍റായും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ വൈദ്യുത വാഹന ഉല്‍പാദന ഇക്കോ സിസ്റ്റത്തിന്‍റെ ലോജിസ്റ്റിക് പോര്‍ട്ടുകളുടെയും കണ്‍സള്‍ട്ടന്‍റായും തീരുമാനിച്ചു. ഓരോ ബസ് പോര്‍ട്ടുകള്‍ക്കും 2.15 കോടി രൂപയും (നികുതി പുറമെ) ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.09 കോടി രൂപയും (നികുതി പുറമെ) ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, പ്ലാനിങ്, ധനകാര്യ വകുപ്പുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലില്‍ അന്തിമ തീരുമാനമുണ്ടായത്.

സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തത് എന്ന ആക്ഷേപവും തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍സിയായ നിക്സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നത് പ്രൈസ് വാട്ടര്‍ഹൗസ് ആന്‍റ് കമ്പനി, ബംഗളൂരു എല്‍എല്‍പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.

ആ സ്ഥാപനമാണ് ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിന്‍റെ കാലത്ത് അഗസ്റ്റ് വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. കരാറിലെ പ്രശ്നങ്ങളും ഇടനിലക്കാരുടെ പങ്കാളിത്തവും അവര്‍ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങള്‍ വേണ്ടിവന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനി; ഇത് കണ്‍സള്‍ട്ടന്‍റ് സ്ഥാപനം. രണ്ടും രണ്ട് ലീഗല്‍ എന്‍റ്റിറ്റിയാണ്. ഓഡിറ്റും കണ്‍സള്‍ട്ടന്‍സിയും രണ്ട് വ്യത്യസ്ത പ്രവര്‍ത്തനമാണ് എന്ന ലളിതമായ കാര്യം മറച്ചുവെക്കപ്പെടുന്നു.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്‍റെ ഭാവി ആവശ്യമാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് നയം. ഇതിന്‍റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ നയവും ഇലക്ട്രിക് വെഹിക്കള്‍ മാനുഫാച്വറിങ് ഇക്കോസിസ്റ്റവും.

അവ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കാനായി 2019 ആഗസ്റ്റ് 17ന് വ്യവസായവകുപ്പ്, ധനകാര്യവകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുടെ ഉന്നതതല യോഗം ചേര്‍ന്നു. ഫയലില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ധനകാര്യ-ആസൂത്രണ വകുപ്പുകള്‍ കണ്ടശേഷമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഇറങ്ങിയത്. 2019 ജൂലൈ 11ലെ ഉത്തരവിനുശേഷം 2020 ഫെബ്രുവരി 20ന് വിശദമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് എല്ലാ പരിശോധനകള്‍ക്കും ശേഷമാണ്.

പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യ വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സര്‍ക്കാര്‍ സമീപനം സുതാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിയാന്‍ പോകുന്നില്ല. വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തിന്‍റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കൈക്കൊള്ളും.

ചില അനുഭവങ്ങള്‍ നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

കിഫ്ബി എന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും ഉഡായിപ്പുമാണ് എന്നെല്ലാം പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു. എന്നാലിപ്പോള്‍ കിഫ്ബി അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞത്. ഇതില്‍ 18,500 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതില്‍ തന്നെ 16,000 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. അംഗീകരിച്ച പദ്ധതികളില്‍ 5400 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി കഴിഞ്ഞു.

എല്ലാ നിയോജക മണ്ഡലങ്ങളിലും 5 കോടി രൂപ വീതം ചെലവഴിച്ച് ഓരോ സ്കൂളുകള്‍ രാജ്യാന്തര നിലവാരമുള്ള മികവിന്‍റെ കേന്ദ്രങ്ങളാക്കി  മാറ്റുന്ന പ്രക്രിയ ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ വിദ്യാലയങ്ങളെ സജ്ജമാക്കാന്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലെ 45000 ക്ലാസ്സ് റൂമുകളാണ് ഹൈടെക് ആക്കി മാറ്റിയത്. 11,000 എല്‍പി, യുപി സ്കൂളുകളും ആധുനികവല്‍ക്കരിച്ചു.

ഇരുപത്തഞ്ചോളം ആശുപത്രികളില്‍ 2200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. ഇതില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി, കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. നാളിതുവരെയുണ്ടാകാത്ത വിധം വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന് 14000 കോടി രൂപ വകയിരുത്തി. ഇതില്‍ 977 കോടി രുപ ചിലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിന്‍റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ വിലയായ 434 കോടി രൂപ ആദ്യ നിക്ഷേപ സംരംഭകരായ ബിപിസിഎല്‍ മുതല്‍മുടക്കിക്കഴിഞ്ഞു.

കൂടുതല്‍ പറയുന്നില്ല. മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയണമെന്നൊന്നും ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന്‍റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നുണ്ടല്ലൊ.

ഇനി വേറെ ചിലതു നോക്കാം.

ജൂണ്‍ 25ന് പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു: റീബില്‍ഡ് കേരളക്ക് കെപിഎംജിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതിന് പിന്നില്‍ അഴിമതി ‘സര്‍ക്കാര്‍ കമ്മീഷന്‍ തട്ടാന്‍ വേണ്ടി കരാര്‍ നല്‍കുന്നു’. അതേ പ്രതിപക്ഷ നേതാവ് മൂന്നുദിവസം കഴിഞ്ഞ് ജൂണ്‍ 28ന് പറഞ്ഞത് ഇങ്ങനെയാണ്:

‘കഴിഞ്ഞ ദിവസം ഞാന്‍ (പ്രതിപക്ഷ നേതാവ്) കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്ത കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി…. അന്ന് ഇത് തെറ്റാണെന്നും ശരിയായ നടപടി അല്ല എന്നും ഞാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു ടെണ്ടര്‍ ചെയ്തെന്ന്. ഞാന്‍ അന്വേഷിച്ചപ്പോള്‍ ശരിയാണ്. 28 പേര്‍ അപേക്ഷ കൊടുത്തു, അതില്‍ നിന്നും 5 പേരെ തെരഞ്ഞെടുത്തു. അവര്‍ ടെണ്ടര്‍ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പിനിക്ക് കണ്‍സല്‍ട്ടന്‍സി ഉറപ്പിച്ചത്’.

എന്താണ് ഇതിനര്‍ത്ഥം. ഒരു അന്വേഷണവും നടത്താതെ ഒരു ഉറപ്പുമില്ലാതെയാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നല്ലേ? ഇനി മറ്റൊരു ഉദാഹരണമെടുക്കാം.

ഏപ്രില്‍ 15ന് അദ്ദേഹം പറഞ്ഞത് ‘ഇപ്പോള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത് റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവര്‍ക്ക് ആള്‍റെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തില്‍ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്ളര്‍ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ്’.

മെയ് 25ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇതേ കാര്യത്തില്‍ പറഞ്ഞതു നോക്കുക.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം: 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?

ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്‍റ് പറഞ്ഞപ്പോള്‍ ഒകെ, ഞാന്‍ അത് അംഗീകരിക്കുന്നു.

ഇങ്ങനെയല്ലേ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നത്. ഒരു ഉറപ്പുവേണ്ടേ? ഇത് ഒരു സംസ്ഥാനത്തിന്‍റെയും മൂന്നരക്കോടി ജനങ്ങളുടെയും കാര്യമല്ലേ? അതില്‍ മിനിമം ഉത്തരവാദിത്വമെങ്കിലും കാണിക്കണമെന്നേ എനിക്ക് പ്രതിപക്ഷ നേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യര്‍ത്ഥിക്കാനുള്ളു.

കിളിക്കൊഞ്ചൽ വിനോദ വിഞ്ജാന പരിപാടി

3 മുതല്‍ 6 വയസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കിളിക്കൊഞ്ചല്‍ എന്ന പേരില്‍ വിനോദ വിഞ്ജാന പരിപാടി ആരംഭിക്കുകയാണ്.  സിഡിറ്റിന്‍റെ സാങ്കേതിക സഹായത്തോടെ ജൂലൈ 1 മുതല്‍ വിക്ടേഴ്സ് ചാനലില്‍ പരിപാടി സംപ്രേക്ഷണം തുടങ്ങും. രാവിലെ 8 മണിക്ക് ആരംഭിച്ച് അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കുന്നത്. കൂട്ടികള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവരുടെ ശാരിരക മാനസിക വികാസം ഉറപ്പാക്കേണ്ടതുണ്ട്.
കൂട്ടുകാരുമായി കളിച്ചുലസിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്, അതുകൊണ്ട് കുട്ടികളിലെ പിരിമുറുക്കം ഒഴിവാക്കി  ഭാഷ വികാസം, ക്രിയാത്മക ആസ്വാദന ശേഷി, വൈഞ്ജ്യാനിക വികാസം, ശാരീരിക ചലന വികാസം വ്യക്തിപരവും സാമൂഹികവുമായ വികാസം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിത്വ രൂപീകരണം ലക്ഷ്യം വച്ചുള്ള പരിപാടി കുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് കാണുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കള്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ടതാണ്.

സഹായം

മറൈന്‍ ഫോറം തിരുവനന്തപുരം, കേരള പോലീസിന് 400 റെയ്ന്‍ കോട്ട്, 650 പിപിഇ കിറ്റ് എന്നിവ കൈമാറി.

വിഎച്ച്എസ്ഇ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥി വളണ്ടിയര്‍മാര്‍ മുന്നൂറോളം പഞ്ചായത്തുകളിലേക്ക് ഒന്നര ലക്ഷം ബ്രെയ്ക്ക് ദി ചെയ്ന്‍ ഡയറി നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു.

ദുരിതാശ്വാസം

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ആദ്യ ഗഡു 11,68,000 രൂപ
ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍ രണ്ടാം ഗഡു 7 ലക്ഷം രൂപ, ആകെ കൈമാറിയത് 12 ലക്ഷം രൂപ

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തൊഴിലാളികളും ജീവനക്കാരും 5,25,000 രൂപ

പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

നെല്ലിമൂട് വനിതാ സഹകരണസംഘം 2,64,480 രൂപ

തുമ്പ ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 2 ലക്ഷം രൂപ

ഡിവൈഎഫ്ഐ കിഴക്കെ ചമ്പാട് യൂണിറ്റ്, ടീം കുന്നോത്ത് പീടിക വാട്സ്ആപ്പ് കൂട്ടായ്മ എന്നിവര്‍ ചേര്‍ന്ന് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 1,00,001 രൂപ

വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ 1 ലക്ഷം രൂപ

പാങ്ങപ്പാറ ശ്രീനാരായണ ഗുരുമന്ദിരസമിതി റസിഡന്‍സ് വെല്‍ഫയര്‍ സഹകരണസംഘം 1 ലക്ഷം രൂപ

കോടിയേരി ശ്രീമുദ്ര കലാകായിക സാംസ്കാരിക സമിതി 60,425 രൂപ

ഈസ്റ്റ് മൊകേരിയിലെ ഇ എം എസ് സ്മാരക വായനശാല 51,134 രൂപ

എസ്എഫ്ഐ ഉഴമലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി ന്യൂസ് പേപ്പര്‍ കളക്ഷനിലൂടെയും ബിരിയാണി ചലഞ്ചിലൂടെയും സമാഹരിച്ച 20,000 രൂപ

മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി 27,000 രൂപ

ഈഴവന്‍കരി കിഴക്ക് പാടശേഖരം, ആലപ്പുഴ 11,112 രൂപ

കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ 10,001 രൂപ

കല്ലുവിള അങ്കണവാടി വാര്‍ഷിക നടത്തിപ്പിനായി മാറ്റിവച്ച 10,000 രൂപ.

വാര്‍ത്താകുറിപ്പ്: 26-06-2020

കേരള ഡയലോഗ്

കോവിഡ്-19: കേരളത്തിന് അമര്‍ത്യസെന്നിന്‍റെയും നോം ചോംസ്കിയുടെയും പ്രശംസ

കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമര്‍ശകനുമായ നോം ചോംസ്കി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചോംസ്കി.

കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയില്‍ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യു.എസ്സിന്‍റെ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമില്‍ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഓര്‍ക്കേണ്ടത് ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം എന്നതാണ്.

സൗത്ത് കൊറിയയും സമര്‍ത്ഥമായാണ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. അവിടെ ലോക്ഡൗണ്‍ പോലും വേണ്ടിവന്നില്ല. തായ് വാനും ഈ രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും നാം അത് കണ്ടു. ന്യൂസിലാന്‍റ് ആകട്ടെ ഈ രോഗത്തെ തുടച്ചുനീക്കി. എന്നാല്‍ അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.

യൂറോപ്യന്‍ യൂണിയനെയെടുത്താല്‍ ജര്‍മനിയാണ് ഒരുവിധം നല്ല രീതിയില്‍ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജര്‍മനി സ്വീകരിച്ചില്ല എന്നതാണ് അവര്‍ക്ക് രക്ഷയായത്. അമേരിക്കയില്‍ ആശുപത്രികളെന്നാല്‍ വെറും കച്ചവടമാണ്. കച്ചവടമാകുമ്പോള്‍ കരുതലായി കൂടുതല്‍ ബെഡ്ഡുകള്‍ ഉണ്ടാവില്ല. കാരണം ഒരു ബെഡ്ഡിനു പോലും അധികമായി കാശ് കളയാന്‍ കച്ചവടക്കാര്‍ തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു ദുരന്തമാകും.

ജര്‍മനി നവഉദാരവത്ക്കരണം തന്നെയാണ് സ്വീകരിച്ചത്. പക്ഷേ അവര്‍ അമേരിക്കയെ പോലെ തീവ്രഉദാരവത്ക്കരണത്തിലേക്കോ ലിബറല്‍ ഭ്രാന്തിലേക്കോ പോയിട്ടില്ല. അതുകൊണ്ട് അവരുടെ നില അത്ര ഗുരുതരമായില്ല. ഈ മഹാമാരി വലിയ മനുഷ്യക്കെടുതി ഉണ്ടാക്കിയ രാജ്യമാണ് ഇറ്റലി. എന്നാല്‍, ജര്‍മന്‍ ഡോക്ടര്‍മാര്‍ അവരെ സഹായിക്കാന്‍ പോകുന്നത് നമ്മളാരും കണ്ടില്ല. ഇറ്റലിയും യൂറോപ്യന്‍ യൂണിയനിലെ അംഗമാണ്. നമ്മളെന്താണ് കണ്ടത്? ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടര്‍മാരാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയില്‍ മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മറ്റു രാജ്യങ്ങളിലേക്കെല്ലാം പോയി. ഇതുകണ്ടപ്പോള്‍ നമ്മുടെ ‘ലിബറല്‍ മാധ്യമങ്ങള്‍’ എന്താണ് പറഞ്ഞത്? ‘ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടര്‍മാരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നു.’ ഇതാണ് നമ്മുടെ ലിബറല്‍ പ്രസ്സ്.

ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയില്‍ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടു. 40 വര്‍ഷത്തെ ഉദാരവത്ക്കരണം കഴിഞ്ഞപ്പോള്‍ 0.1 ശതമാനം ആളുകള്‍ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്പെയിനില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും വന്നവരുടെ പിന്‍മുറക്കാരുമാണ് അമേരിക്കയില്‍ ഏറ്റവുമധികം ദുരിതം ഈ വേളയില്‍ അനുഭവിച്ചത്. ഒരു തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് പാവപ്പെട്ട കറുത്തവര്‍ഗ്ഗക്കാരെ കൊല്ലുകയാണ്.

കോവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്കി പറഞ്ഞു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാല്‍ വലിയൊരു ശക്തിയാകും. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകും. പ്രോഗ്രസ്സീവ് ഇന്‍റര്‍നാഷണല്‍ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

അമര്‍ത്യസെന്‍

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യസെന്‍ പറഞ്ഞു.

ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാന്‍ എല്ലാ വകയുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ലോക്ഡൗണ്‍ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല, പകരം ഏകപക്ഷീയമായി ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചു. ജനങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവര്‍ക്ക് ജീവിക്കാന്‍ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇതൊരു ദുരന്തമായി മാറി.

1957ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പൊതു ഇടപെടല്‍ ഉണ്ടായത്. അക്കാലത്ത് ഒരു വാദപ്രതിവാദം നടന്നത് ഓര്‍ക്കുന്നു. ദരിദ്രമായ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളമെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചിലവഴിക്കാന്‍ കേരളത്തിന് ശേഷിയില്ലെന്നുമായിരുന്നു ഒരു വാദം. മാത്രമല്ല, കേരളത്തില്‍ തൊഴിലാളികളുടെ കൂലിയും കുറവായിരുന്നു. അതുകൊണ്ട് കേരളം ചെയ്യുന്നത്, ധനപരമായ പിശകാണെന്ന് വാദമുയര്‍ത്തി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. നിങ്ങള്‍ എങ്ങനെയാണ് പണം വകയിരുത്തുന്നത് എന്നതാണ് പ്രധാനം. ക്രമേണ കേരളം രാജ്യത്ത് ഏറ്റവും അധികം ആളോഹരി ചിലവ് ചെയ്യുന്ന സംസ്ഥാനമായി കേരളം ഉയര്‍ന്നു. ആളോഹരി വരുമാനവും അതിന് അടുത്തേക്ക് വര്‍ദ്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ്-19 നമ്മുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള പുനര്‍വിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. നമ്മുടെ മുന്‍ഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണം. നമുക്കുള്ള പൊതുവായ ചില അറിവുകള്‍ ഉപയോഗശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ അറിവുകള്‍ വേണ്ടിവന്നേക്കാം. ഇത് സര്‍ക്കാര്‍ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദങ്ങള്‍ വേണ്ടതുണ്ട്.

നമുക്കു മുന്നിലുള്ള വലിയ ചോദ്യം അഭിമുഖീകരിക്കാന്‍ കേരളം സന്നദ്ധമാകുന്നതിന്‍റെ തുടക്കമാണ് ‘കേരളാ ഡയലോഗ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിന്‍റെ കരുത്ത്. അധികാരവികേന്ദ്രീകരണത്തില്‍ നാം ഏറെ മുന്നേറി. അതിന്‍റെയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. പാര്‍ശ്വവല്‍കൃതരും ദരിദ്രരുമായ ജനങ്ങളെയാകെ ഇത് ബാധിക്കുന്നു. ജനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. പുതിയ കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുതല്‍ക്കൂട്ടാവുന്നതാണ് ലോകപ്രശ്സതരായ പണ്ഡിതര്‍ പങ്കെടുക്കുന്ന കേരള ഡയലോഗെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സോമിനാഥനും സംവാദത്തില്‍ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ആമുഖം അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ സാമുഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ആദ്യ എഡിഷന്‍ സംപ്രേഷണം ചെയ്തു. സംവാദങ്ങളുടെ പൂര്‍ണരൂപം യുട്യൂബില്‍ ലഭ്യമാണ്. രണ്ടാംഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വെങ്കി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദ പരിപാടി നടക്കും.

വാര്‍ത്താകുറിപ്പ്: 25-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

തുടര്‍ച്ചയായ ഏഴാം ദിവസവും പതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. 123 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 33 പേര്‍. സമ്പര്‍ക്കം 6.

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

കഴിഞ്ഞ 24 മണിക്കൂറിനകം 5240 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3726 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ടെസ്റ്റിന്‍റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുന്നുണ്ട്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 41,944 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 40,302 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 113.

കോവിഡ് വ്യാപനത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന പുതിയ വിവരങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിദേശത്തു നിന്നു വരുന്നവരോട് ക്വാറന്‍റൈന്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് അതിന്‍റെ ഭാഗമായാണ്.

പുറമേനിന്നു വന്ന കേസുകളില്‍ 7 ശതമാനം പേരില്‍ നിന്നു മാത്രമാണ് രോഗം പടര്‍ന്നത്. അതായത് 93 ശതമാനം ആളുകളില്‍ നിന്നും രോഗം ഒരാളിലേക്കു പോലും വ്യാപിക്കാതെ നമുക്ക് തടയാന്‍ സാധിച്ചു. ഇതു ഹോം ക്വാറന്‍റൈന്‍ സംവിധാനത്തിന്‍റെ വിജയമാണ്. അതുകൊണ്ട്, ആക്റ്റീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്വാറന്‍റൈന്‍ സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയേ തീരൂ. അതിനായി പുറത്തുനിന്നു വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയതോതില്‍ പിടിച്ചുനിര്‍ത്താനായി എന്നതാണ് നമ്മുടെ പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണം.

വിദേശ നാടുകളില്‍ നിന്നും എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്‍റി ബോഡി ടെസ്റ്റ് നടത്തും. ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്‍റി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആന്‍റി ബോഡികള്‍ കണ്ടെത്തുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് കൂടി നടത്തും.

ആന്‍റിബോഡികള്‍ കാണാത്ത നെഗറ്റീവ് റിസള്‍ട്ടുള്ളവര്‍ക്ക് രോഗമില്ലെന്ന് തീര്‍ത്തും പറയാനാവില്ല. രോഗാണു ശരീരത്തിലുള്ളവരില്‍ രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് ടെസ്റ്റ് നടത്തിയാല്‍ ഫലം നെഗറ്റീവ് ആയിരിക്കും. അതുകൊണ്ട് ആന്‍റി ബോഡി ടെസ്റ്റ് നെഗറ്റീവാകുന്നവര്‍ തെറ്റായ സുരക്ഷാ ബോധത്തില്‍ കഴിയാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ല. അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ശരിയായ ബോധവല്‍ക്കരണം നടത്തും.

രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ആത്മാര്‍ഥമായി മുന്നോട്ടുകൊണ്ടുപോയേ തീരൂ. കൈകള്‍ ശുചിയാക്കുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്നു കാര്യങ്ങളില്‍ വീഴ്ച പാടില്ല.

ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവില്‍ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ പോയിട്ടുള്ളൂ. നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ എല്ലാവരും സന്നദ്ധരാവണം. ബ്രേയ്ക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. കയറിയ വാഹനത്തിന്‍റെ നമ്പര്‍, സമയം, സന്ദര്‍ശിച്ച ഹോട്ടലിന്‍റെ വിശദാംശങ്ങള്‍ സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തി വെയ്ക്കണം. ഇതു രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളില്‍ പ്രസ്തുത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍ പോലും, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. അതില്‍ കുറയാം അല്ലെങ്കില്‍ വര്‍ധിക്കാം. ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എല്ലാം പാലിക്കാനും തീരുമാനങ്ങള്‍ക്ക് ആത്മാര്‍ഥമായ പിന്തുണ നല്‍കാനും ജനങ്ങള്‍ ഓരോരുത്തരും സന്നദ്ധരാകണം.

ഇന്ന് ഉച്ചവരെ (ജൂണ്‍ 25) വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്.

തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവിടെ വരുന്ന യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ – സ്ക്രീനിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ളവ – ആവശ്യാനുസരണം സജ്ജീകരിക്കും. തിരികെ എത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.

താജികിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.18 ശതമാനവും റഷ്യയില്‍നിന്ന് എത്തിയവരില്‍ 9.72 ശതമാനവും നൈജീരിയയില്‍ നിന്നെത്തിയവരില്‍ 6.51 ശതമാനവും കുവൈത്തില്‍ നിന്നെത്തിയവരില്‍ 5.99 ശതമാനവും സൗദിയില്‍ നിന്നെത്തിയവരില്‍ 2.33 ശതമാനവും യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനവും ഖത്തറില്‍ നിന്നെത്തിയവരില്‍ 1.56 ശതമാനവും ഒമാനില്‍ നിന്നെത്തിയവരില്‍ 0.78 ശതമാനവുമാണ് കോവിഡ് ബാധിതര്‍.

ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത് ഫ്ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 ഫ്ളൈറ്റുകളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതല്‍ ഫ്ളൈറ്റുകള്‍. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്‍റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്‍റെയും ആരോഗ്യവിഭാഗത്തിന്‍റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങള്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്‍റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.

നിലവില്‍ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലുള്ള 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 15,975 കിടക്കകള്‍ കുടി സജ്ജമാക്കിയിട്ടുണ്ട്.

സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്നതാണ് സര്‍ക്കാര്‍ സമീപനം. സര്‍ക്കാര്‍ ചെലവില്‍ ടെസ്റ്റിങ്, ക്വാറന്‍റൈന്‍, ചികിത്സ എന്നിവയ്ക്കായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ച ആളുകളുടെ എണ്ണം – ഏപ്രില്‍ 7,561, മെയ് 24,695, ജൂണ്‍ 30,599 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് പത്തുലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗം (കേസ് പെര്‍ മില്യന്‍). രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തിന്‍റേത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിള്‍ പോസിറ്റിവിറ്റി റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്‍റേത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തില്‍ താഴെയാവുക എന്നതാണ് ആഗോളതലത്തില്‍ തന്നെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20ഉം മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരാണ്.

ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് പൊലീസ് നടപടി ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് അയച്ചു നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം.

വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണം ലഭ്യമാക്കുമ്പോള്‍ അമിതവില ഈടാക്കരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ എത്തുകയും അവര്‍ക്ക് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ തിരക്കുണ്ടാകും. യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം തങ്ങേണ്ടിവരും. ഈ സാഹചര്യത്തില്‍ ലഘുഭക്ഷണ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സിയാല്‍ എയര്‍പോര്‍ട്ടില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ പ്രവാസി സഹോദരങ്ങള്‍ വരുമ്പോള്‍ സന്നദ്ധ സംഘടനകളുടെയും മറ്റും പേരില്‍ സ്വീകരിക്കാന്‍ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങുന്നവര്‍ക്ക് വാഹനം തടഞ്ഞുനിര്‍ത്തി വഴിയില്‍ സ്വീകരണം നല്‍കുന്നതും അനുവദിക്കില്ല.

കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ കാലതാമസമുണ്ടാകുന്നു എന്ന പരാതി ശദ്ധയില്‍പ്പെട്ടു അത് ഒഴിവാക്കാന്‍ നടപടിയെടുക്കും.

കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും. ഇതില്‍ ഏകീകരണം വരുത്താന്‍ നടപടി സ്വീകരിക്കും.

കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതല്‍ കര്‍ശനമാക്കും. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ചിലര്‍ മാസ്ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാസ്ക്കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെയും പോലീസ് കര്‍ശന നടപടി സ്വീകരിക്കും.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്. ജില്ലാ പൊലീസ് മേധാവിമാര്‍ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും ഇടയ്ക്കിടെ സന്ദര്‍ശിക്കും. ക്വാറന്‍റൈല്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ വീടുകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.

മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സിബിഎസ്ഇ പരീക്ഷ

10, 12 ക്ലാസുകളിലേക്ക് ഇനി നടത്താനുള്ള സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് അവസാനവാരത്തില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്തുവാന്‍ ഇവിടെ കഴിഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കേരളത്തിനാണ്. ഇപ്പോള്‍ മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കി. ജൂണ്‍ 30ന് എസ്എസ്എല്‍സി റിസള്‍ട്ട് പ്രസിദ്ധീകരിക്കും. ജൂലൈ 10ന് മുമ്പ് പ്ലസ്ടു റിസള്‍ട്ടും പ്രസിദ്ധീകരിക്കും. ഇതോടൊപ്പം ജൂണ്‍ ഒന്നിനു തന്നെ ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതും നമ്മുടെ നേട്ടമാണ്. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മിപ്പിക്കുന്നത്.

പാലക്കാട്ട് ടെസ്റ്റ് യൂണിറ്റ്

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ പാലക്കാടുള്ള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പുതുതായി ഒരു ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റും കോവിഡ് ഒപിയും ഇന്‍ പേഷ്യന്‍റ് കേന്ദ്രവും ആരംഭിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റിന് ഐസിഎംആറിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ദിവസം 300 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.

പാലക്കാട് ജില്ലാ ആശുപത്രിയുടെ പരിമിതികള്‍ കണക്കിലെടുത്താണ് അതിര്‍ത്തി ജില്ല എന്ന നിലയില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

കേരള ഡയലോഗ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ എന്ന സംവാദ പരിപാടി നാളെ ആരംഭിക്കും. ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും സാങ്കേതികവിദഗ്ധരും ഉള്‍പ്പെടെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ് ഈ തുടര്‍ പരിപാടിയില്‍ പങ്കാളികളാകുക.

നാളെ കേരള ഡയലോഗിന്‍റെ ആദ്യ ദിവസം ‘കേരളം: ഭാവി വികസന മാര്‍ഗങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അമര്‍ത്യ സെന്‍, നോം ചോസ്കി, സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരള മാതൃക മുന്‍നിര്‍ത്തി എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു നേതൃത്വം നല്‍കാന്‍ കേരള ഡയലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

സഹായം

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഷൊര്‍ണൂര്‍ പ്രഭാതം ചാരിറ്റബിള്‍ ട്രസ്റ്റ് 157 കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ 84 ടിവി വിതരണം ചെയ്തു.

ദുരിതാശ്വാസം

റിട്ടയേഡ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ഓഫ് കേരള, ആദ്യ ഗഡു 52,43,132 രൂപ.

മുനമ്പം വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണ സമിതി 19,52,000 രൂപ.

എറണാകുളം എടവനക്കാട് കിഴക്കേവീട്ടില്‍ കാദിര്‍ ഹാജി കുടുംബട്രസ്റ്റ് 7,07,601 രൂപ.

കേരള സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കളമശ്ശേരി ഈസ്റ്റ് കമ്മറ്റി 2,69,000 രൂപ.

പന്ന്യന്നൂര്‍, ചെങ്കൊടിമുക്ക് സഖാക്കള്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 1 ലക്ഷം രൂപ.

എഐവൈഎഫ് കാരമുക്ക് മേഖല കമ്മിറ്റി 70,000 രൂപ.

കല്ല്യാശേരിയിലെ മാങ്ങാട് മഹല്ല് കൂട്ടായ്മ 51,120 രൂപ.

വാര്‍ത്താകുറിപ്പ്: 24-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

152 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8.

ഡെല്‍ഹി 15, പശ്ചിമ ബംഗാള്‍ 12, മഹാരാഷ്ട്ര 5, തമിഴ്നാട് 5, കര്‍ണാടക 4, ആന്ധ്രപ്രദേശ് 3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം 4, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 7, കണ്ണൂര്‍ 10 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  

ഇന്ന് 4941 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3603 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1691 പേരാണ്. 1,54,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2,282 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 39,113 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.

വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സ്ക്രീനിങ് നിര്‍ബന്ധമാക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലര്‍ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒരുകാര്യം തുടക്കത്തിലേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താല്‍പര്യമുള്ള പ്രവാസികളെയാകെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും; അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും.

ആ പ്രഖ്യാപിത നിലപാടില്‍നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പിറക്കോട്ടു പോയിട്ടില്ല. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവിനെയും തടഞ്ഞിട്ടില്ല.

72 ഫ്ളൈറ്റുകള്‍ ഇന്നത്തെ ദിവസം മാത്രം കേരളത്തിലേക്ക് വരാനാണ് അനുമതി നല്‍കിയത്. 14,058 പേര്‍ ഈ ഫ്ളൈറ്റുകളില്‍ ഇന്ന് നാട്ടിലെത്തുന്നത്. ഒന്നൊഴികെ ബാക്കി 71ഉം വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്. കൊച്ചിയില്‍ 24ഉം കോഴിക്കോട് 22ഉം കണ്ണൂരില്‍ 16ഉം തിരുവനന്തപുരത്ത് 10ഉം വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. നമ്മുടെ ആളുകള്‍ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്‍റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.

ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളുമാണ് സംസ്ഥാനത്തെത്തിയത്. 543ല്‍ 335 എണ്ണം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേഭാരത് മിഷന്‍റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജൂണ്‍ 30 വരെ 462 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഇതുവരെ വിദേശങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുകള്‍ക്കെല്ലാം സൗജന്യമായി കേരള സര്‍ക്കാര്‍ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോജനങ്ങളെ ഉള്‍പ്പെടെ ചികിത്സിച്ച് ഭേദമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ എപ്പോള്‍ തിരിച്ചെത്തിയാലും ചികിത്സ വേണ്ടിവന്നാല്‍ അത് ലഭ്യമാക്കുക തന്നെ ചെയ്യും.

216 ലോക രാജ്യങ്ങളിലും പ്രവിശ്യകളിലുമായി വ്യാപിച്ച രോഗമാണ് കോവിഡ് 19. ഇതുവരെ 4.8 ലക്ഷത്തിലധികം ആളുകള്‍ മരണമടഞ്ഞു. 90 ലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചു. 38 ലക്ഷത്തോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ലോകത്താകെ വ്യാപിച്ചുകിടക്കുന്നതാണ് കേരളീയ സമൂഹം. വിദേശ രാജ്യങ്ങളില്‍നിന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരെക്കുറിച്ച് ഈ വേദിയില്‍ തന്നെ പലതവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് മരണമടഞ്ഞവരല്ല അവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാസൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുമുണ്ട്.

‘പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടുമായി ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു കണ്ടു. ‘ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍, നാം ഇനിയും നിശ്ശബ്ദരായിരുന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടും’ എന്നാണ് ആ പത്രം പറയുന്നത്. അതിന് മറുപടി പറയാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അവരെ എങ്ങനെ ബാധിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? (കുത്തിത്തിരിപ്പിനൊക്കെ ഒരു അതിരുവേണം കേട്ടോ).

എന്തു തരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടേത് എന്ന് നാമെല്ലാം ചിന്തിക്കണം. ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങള്‍ സംഭവിച്ചത്. വിദേശ രാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെയാകെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കഴിയുമായിരുന്നോ? ഇന്നാട്ടില്‍ വിമാനങ്ങളും ഇതര യാത്രാമാര്‍ഗങ്ങളുമില്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളില്‍ എന്ന് ഇവര്‍ക്ക് ബോധ്യമില്ലേ?

മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്‍റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനേക്കാള്‍ അപകടകാരിയായ രോഗബാധയാണ്.

സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്; അത് തുടരുകയും ചെയ്യും. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആരെങ്കിലും മൂടിവെച്ചതുകൊണ്ട് ഇല്ലാതാകില്ല. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളും വിദേശത്തു നിന്നു വന്നവരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വിദേശരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതുകൊണ്ട് നമ്മുടെ ഇടപെടലിന്‍റെ ആദ്യപടി അവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് നടത്തുന്ന സ്ക്രീനിങ് ആണ്. ഈ സ്ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണ്.

നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്.  രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോ? അതുപോലെത്തന്നെ, ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റുകളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി ഉണ്ടാകുന്ന മരണനിരക്ക് കൂടുതലാണ്. ഒരാളില്‍ നിന്നും ഒരുപാടു പേരിലേയ്ക്ക് രോഗം പകരുന്ന സൂപ്പര്‍ സ്പ്രെഡ് എന്ന സ്ഥിതിവിശേഷം ഉണ്ടാകനുള്ള സാധ്യതയാണ് മറ്റൊരപകടം. സൂപ്പര്‍ സ്പ്രെഡിന് വിമാന യാത്രകള്‍ കാരണമാകുന്നു എന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുന്‍പായി സ്ക്രീനിങ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് നാം തീരുമാനിച്ചത്. കാര്യക്ഷമമായി സ്ക്രീനിങ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി, യാത്രയെ തടയാതെയും നീട്ടി വെയ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അത് എങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റുമായും എംബസ്സികളുമായും ബന്ധപ്പെട്ടു.
 
ഈ മാസം 20 മുതല്‍ യാത്രക്കാര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരുന്നത്. ആ ദിവസം അത് പ്രായോഗികമാകാതെ വന്നു. തുടര്‍ന്ന് അഞ്ചുദിവസം സമയം ദീര്‍ഘിപ്പിച്ചു. അതിനിടയില്‍ വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് നേരത്തേ തന്നെ ഇവിടെ സൂചിപ്പിച്ചിരുന്നുവല്ലൊ. വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസ്സികളുമായി ബന്ധപ്പെട്ടശേഷം അറിയിച്ച കാര്യങ്ങള്‍ ഇന്നലെ ഇവിടെ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും പരിശോധനാ സംവിധാനങ്ങള്‍ നിലവിലുണ്ട്. കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത് എന്നതടക്കമുള്ള കാര്യങ്ങളാണ് അറിയിച്ചത്.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ നിലയില്‍ തന്നെയാണ് ഈ പ്രശ്നത്തില്‍ ഓരോ ഘട്ടത്തിലും നടപടി സ്വീകരിച്ചിട്ടുള്ളത്. നാളെ മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വന്ദേഭാരത് മിഷനില്‍പ്പെടുന്ന ഫ്ളൈറ്റുകളും കേരളത്തിലേക്ക് വരുമ്പോള്‍ ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവരും ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ത്ഥമായി ശ്രമിക്കണം. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അവര്‍ കയ്യില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ്. അതായത് ടെസ്റ്റ് റിപ്പോര്‍ട്ടിന്‍റെ സാധുത 72 മണിക്കൂറായിരിക്കും.

എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം.

എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്‍റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് എല്ലാ യാത്രക്കാരും വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.

വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി, ഇവിടെയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടി പിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം.

ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതുപോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോകണം.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.

ഖത്തറില്‍നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്‍റെ ‘എഹ്ത്രാസ്’ എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം.

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം, രാജ്യത്തിനു പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരെയും യുഎഇ ആന്‍റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.

സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്കും ഫേസ് ഷീല്‍ഡും കയ്യുറയും കൂടാതെ, സഹയാത്രക്കാരുടെ, സുരക്ഷയ്ക്ക് പിപിഇ (പെഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റ്) ധരിച്ചിരിക്കണം.

കുവൈത്തില്‍നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യവിഭാഗം അനുവദിച്ചശേഷമേ അവര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകാന്‍ പാടുള്ളു.

യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കയ്യുറ, മാസ്ക് എന്നിവ വിമാനത്താവളങ്ങളില്‍നിന്ന് സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും.

ഇവിടുത്തെ എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കും. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും.

ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്.  എന്നാല്‍, അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ നിരസിക്കുന്നുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ തന്നെ ഉണ്ടാകേണ്ട വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ. ഇത്രയും കാര്യങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്.

കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. ഇവര്‍ നാളെ രാവിലെ ജില്ലാ പൊലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്.

വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

ഡോ. ദിവ്യ വി ഗോപിനാഥ്, വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്‍റെയും ചുമതല നല്‍കി. കോഴിക്കോട് വിമാനത്താവളത്തിന്‍റെ ചുമതല ചൈത്ര തെരേസ ജോണിനാണ്. യതീഷ് ചന്ദ്ര, ആര്‍ ആനന്ദ് എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല. ഓരോ വിമാനത്താവളത്തിലും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കും ചുമതല നല്‍കി നിയോഗിക്കും.

മാസ്ക് ധരിക്കാത്ത 4963 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

അതിഥി തൊഴിലാളികള്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേരുന്നവരുടെ രേഖകളും മറ്റും പരിശോധിക്കുന്നതിന് അതിര്‍ത്തി റെയില്‍വെ സ്റ്റേഷനുകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്നവരെ ക്വാറന്‍റൈനിലേക്ക് വിടുകയാണ്. പാസില്ലാതെ വരുന്നവരാണെങ്കില്‍ കോണ്‍ട്രാക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഉത്തരവാദിത്വത്തിലാണ് ക്വാറന്‍റൈനിലേക്ക് അയക്കുന്നത്.

എന്നാല്‍, യാത്രാപാസ്സില്ലാതെ എത്തുകയും ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത്തരം അതിഥി തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തി തിരികെ പോകുന്ന ട്രെയിനുകളില്‍ കയറ്റിവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ തിരിച്ച് കയറ്റിവിടാന്‍ പാടില്ല. പകരം അവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് അയക്കും. ഏത് ജില്ലയിലേക്കാണോ പോകേണ്ടത് ആ ജില്ലാ സംവിധാനം ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കണം. അവര്‍ക്ക്  ഇവിടെത്തന്നെ തൊഴിലെടുക്കുന്നതിന് അവസരം നല്‍കാന്‍ ജില്ലാതലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണം.

സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം നാളെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പ്രീ മണ്‍സൂണ്‍ പരിശീലനം 20,000 പേര്‍ക്ക് നല്‍കും. രജിസ്റ്റര്‍ ചെയ്ത മൂന്നര ലക്ഷം വളണ്ടിയര്‍മാര്‍ക്ക് ആഗസ്റ്റ് മാസത്തോടെ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.

മന്ത്രിസഭായോഗ തീരുമാനം

തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 16 ക്ഷേമനിധി ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള ഷോപ്പ്സ് ആന്‍റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും സംയോജിപ്പിക്കും.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡുമായി ചേര്‍ക്കും. കേരള ബീഡി ആന്‍റ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായുമാണ് സംയോജിപ്പിക്കുക.
 
ഉയര്‍ന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോര്‍ഡുകളുടെയും നിലനില്‍പ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോര്‍ഡുകളില്‍ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്.

ഈ പ്രശ്നം പഠിക്കാന്‍ ലേബര്‍ കമീഷണര്‍ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് 16 ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നിയമനിര്‍മാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സഹായം

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍റ് ഗെയ്ഡ്സ് സംസ്ഥാന കാര്യലയം ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 300 പിപിഇ കിറ്റ് 3 ലക്ഷം മാസ്ക് എന്നിവയും വിതരണം ചെയ്തു. സംസ്ഥനത്ത് 10 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായും 40 കുട്ടികള്‍ക്ക് ടിവി വിതരണം ചെയ്തതായും 1000 കേന്ദ്രങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

ആറളം ഫാം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് ഒരു മാസത്തെ ശബളത്തിന്‍റെ ആദ്യ ഗഡു 24,19,154 രൂപ.

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ 11,02,777 രൂപ.

പാലക്കാട്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 2,12,000 രൂപ.

സിപിഐ എം കോന്നി ഏരിയ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സി ജി ദിനേശിന്‍റെ സ്മരണാര്‍ത്ഥം കുടുംബം 50,000 രൂപ.

എഐവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 70,000 രൂപ.

ഇടുക്കി പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 16,000 രൂപ.

കണ്ണൂരിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ പാഴ്വസ്തുക്കള്‍ വിറ്റ് സ്വരൂപിച്ച 10,000 രൂപ.

വാര്‍ത്താകുറിപ്പ്: 24-06-2020

കിലയില്‍ സെന്‍റര്‍ ഫോര്‍ അര്‍ബന്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അര്‍ബന്‍ ചെയര്‍ രൂപീകരിക്കും. ഇതിന് അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍, സീനിയര്‍ അര്‍ബന്‍ ഫെല്ലോ, അര്‍ബന്‍ ഫെല്ലോ എന്നീ തസ്തികകള്‍ സൃഷ്ടിക്കും.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കിന്‍റെ പദ്ധതി നിര്‍വ്വഹണത്തിന് കെ-ഫോണ്‍ ലിമിറ്റഡില്‍ 6 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടര്‍, കമ്പനി സെക്രട്ടറി ആന്‍റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍, മാനേജര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) 16 സ്ഥിരം തസ്തികകളും പ്രൊജക്ട് അധിഷ്ഠിതമായി 18 താല്‍ക്കാലിക തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി ആന്‍റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മാനേജര്‍ (എസ്റ്റേറ്റ്), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) എന്നിവയുടെ ഓരോ തസ്തിക വീതവും ടെക്നിക്കല്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍ എന്നിവയുടെ 2 തസ്തികകള്‍ വീതവും ഡെപ്യൂട്ടി മാനേജരുടെ (ടെക്) 4 തസ്തികയുമാണ് സ്ഥിരമായി സൃഷ്ടിക്കുക.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണായി അഡ്വ. കെ.വി. മനോജ്കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.

താലൂക്ക്, ജില്ലാ ലൈബ്രറി കൗണ്‍സിലുകളില്‍ ജോലി ചെയ്തുവരുന്ന 46 പേരുടെ സര്‍വ്വീസ് റെഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചു.

ആറാട്ടുപ്പുഴ ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി നോക്കിവരവെ വാഹനാപകടത്തെ തുടര്‍ന്ന് ഇന്‍വാലിഡ് പെന്‍ഷന്‍പറ്റി സേവനത്തില്‍ നിന്നും പിരിഞ്ഞ എം. ഷറഫിന്‍റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി നിയമനം നല്‍കും.

വാര്‍ത്താകുറിപ്പ്: 23-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് പുതുതായി കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇന്ന് 141 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ അത് 138 ആയിരുന്നു. അഞ്ചുദിവസത്തെ കണക്കെടുത്താല്‍ വെള്ളി 118, ശനി 127, ഞായര്‍ 133 എന്നിങ്ങനെയാണ്. എല്ലാ ദിവസവും നൂറില്‍ കൂടുതല്‍. ഇന്ന് ഒരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡെല്‍ഹിയില്‍നിന്നും എത്തിയതാണ്. അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സ്ഥിതി രൂക്ഷമാവുകയാണ് എന്നത് കാണണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ ചില കേസുകളും സംസ്ഥാനത്തുണ്ട്.

ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 52 പേര്‍. സമ്പര്‍ക്കം 9. ഹെല്‍ത്ത്വര്‍ക്കര്‍ ഒന്ന്.

ഡെല്‍ഹി 16, തമിഴ്നാട് 14, മഹാരാഷ്ട്ര 9, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ് 2 വീതം, മധ്യപ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

പത്തനംതിട്ട, പാലക്കാട് 27 വീതം, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം, കൊല്ലം 4 വീതം, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 60 പേര്‍ രോഗമുക്തി നേടി. മലപ്പുറം 15, കോട്ടയം 12, തൃശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം 3, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

ഇന്ന് 4473 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2206 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 38,551 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.

നൂറില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് മലപ്പുറം (201), പാലക്കാട് (154), കൊല്ലം (150), എറണാകുളം (127), പത്തനംതിട്ട (126), കണ്ണൂര്‍ (120), തൃശൂര്‍ (113), കോഴിക്കോട് (107), കാസര്‍കോട് (102) എന്നീ ജില്ലകളിലാണ്. മെയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ വന്നവരാണ്. ജൂണ്‍ 15 മുതല്‍ 22 വരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്താല്‍ ആകെ രോഗികളില്‍ 95 ശതമാനവും പുറത്തുനിന്ന് കേരളത്തില്‍ വന്നവരാണ്.

തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടില്ല.

രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത (അസിംപ്റ്റമാറ്റിക്ക്) കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. അതില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയില്‍ കാണുന്നു. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കി വരുന്ന 20 ശതമാനം ആളുകളിലാണ്. അവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ പേരെയാണ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടതായി വരുന്നത്.

രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍നിന്ന് രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാല്‍, നമ്മുടെ സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. നാം ഇപ്പോള്‍ വീടിനു പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നതും ശാരീരിക അകലവും പാലിക്കുന്നത്. വീടുകളില്‍ സാധാരണ പോലെയാണ്.

വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ വീട്ടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഉള്ളതുപോലെ തന്നെയുള്ള കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്. പ്രത്യേകിച്ച് വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍. നമ്മളില്‍ ആരും രോഗബാധിതരാകാം എന്ന ധാരണയോടെയാണ് ഇടപെടേണ്ടത് എന്നര്‍ത്ഥം.

ഇതിനേക്കാള്‍ കൂടുതല്‍ ഗൗരവതരമായ പ്രശ്നം രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത കേസുകളാണ്. സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ് അത്. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണ്. കേരളത്തില്‍ അത് 2 ശതമാനത്തിലും താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും നമുക്ക് സോഴ്സ് കണ്ടെത്താന്‍ നമുക്ക് ആയിട്ടുണ്ട്.

രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ‘ഇന്‍റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍’ നാം പാലിക്കുന്നുണ്ട്. ഉറവിടമറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളില്‍ ക്ളസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹവ്യാപനത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി തിരിച്ച് സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു. ഈ നടപടികളുടെ ഫലമായി ക്ളസ്റ്ററുകള്‍ ഉണ്ടാകുന്നതും, അതുവഴി സമൂഹവ്യാപനം സംഭവിക്കുന്നതും തടയാന്‍ ഇതുവരെ നമുക്ക് സാധിച്ചിട്ടുണ്ട്. അതിനര്‍ത്ഥം സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്നല്ല.

ഇവിടെ നിസ്സഹായരായി നമുക്ക് നില്‍ക്കാനാവില്ല. വ്യാപനത്തിന്‍റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണം. അതിന്‍റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം നാം ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കുള്‍പ്പെടെ ഈ ആവശ്യമുന്നയിച്ച് സംസ്ഥാനം കത്തുകള്‍ എഴുതിയിരുന്നു. വിദേശ മന്ത്രാലയത്തിനും തുടര്‍ച്ചയായി കത്തെഴുതി.

അതിന്‍റെയടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടിരുന്നു. അതിന്‍റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യുഎഇയാണ് റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ കഴിഞ്ഞദിവസം ഇവിടെ പറഞ്ഞതുപോലെ, ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യാനുസരണം കൂടുതല്‍ ടെര്‍മിനലുകളിലേക്ക് വ്യാപിപ്പിക്കാനാവും എന്നാണ് വിദേശ മന്ത്രാലയം അറിയിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവുവരിക.

ഒമാനില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍, ജൂണ്‍ 25ന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്.

സൗദിയിലും റാപ്പിഡ്, ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളില്‍ നടത്തുന്നു. പക്ഷെ, അത് ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ല.

ബഹ്റൈനില്‍ ഇതിന് പ്രയാസമുണ്ട് എന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ നാം പറഞ്ഞിട്ടുള്ളത് ജൂണ്‍ 25 മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വരുമ്പോള്‍ യാത്രക്കാര്‍ ടെസ്റ്റ് ചെയ്തിരിക്കണം എന്നതാണ്. യാത്രയ്ക്കിടയില്‍ രോഗപകര്‍ച്ച ഉണ്ടാകാന്‍ പാടില്ല.

ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്തു ചെയ്യാനാകും എന്ന് കേന്ദ്ര ഗവണ്‍മെന്‍റുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഇതുവരെ റൂട്ടീന്‍ സാമ്പിള്‍, ഓഖ്മെന്‍റഡ്, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിന്‍റെ തോത് വര്‍ധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.

കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈ ക്രമീകരണത്തിന്‍റെ ഏകോപന ചുമതല നല്‍കും.

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയാണ്.

മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആള്‍ക്കൂട്ടുമുണ്ടാകുന്നു. കോവിഡ് ബാധിച്ച് അഭിനയിക്കാന്‍ പോയ ആളുകളും ഇവിടെത്തന്നെയാണ്. പനിയുണ്ടായിട്ടും ചുറ്റിക്കറങ്ങി എന്നാണ് പറയുന്നത്. ഇതൊക്കെ നാം അറിയാതെ നമുക്കുചുറ്റും രോഗം സഞ്ചരിക്കുന്നു എന്നതിന്‍റെ തെളിവാണ്.

നഗരത്തില്‍ ശക്തമായ നിയന്ത്രണ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത് വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിന്‍ എന്നതിന് നിയന്ത്രണത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ത്ഥം. രോഗവ്യാപനത്തിന്‍റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കേണ്ടത്.

ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പോസ്റ്റിങ് കൊടുക്കും.

ലോക്ക്ഡൗണില്‍ ഇളവുവരുത്തിയപ്പോള്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുണ്ട്. പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് ആലോചിക്കേണ്ടിവരും. സ്വയം കരുതല്‍ എടുക്കുന്നതാണ് നല്ലത്.

ഇത് എല്ലാ മേഖലകളിലും ബാധകമാണ്. ലോക്ക്ഡൗണില്‍ ഇളവ് നല്‍കുക എന്നതിന് രോഗം നാടുവിട്ടുപോയി എന്നല്ല അര്‍ത്ഥം. ബസുകളിലെയും മറ്റു വാഹനങ്ങളിലെയും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രയ്ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

തീരദേശം

കടലാക്രമണം തീരദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇതിനായി 408 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍നിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്‍റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ വിളിച്ച് കരാര്‍ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തില്‍ മണ്‍സൂണ്‍ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കും. ഈ അടിയന്തര സഹായം ഉടനെ കൈമാറും.

ഭക്ഷ്യസുരക്ഷ

കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യവിതരണം ഉറപ്പുവരുത്താന്‍ സാധിച്ചു. കടകളില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കാന്‍ പോവുകയാണ്. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ്. 176 എണ്ണം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് കൊച്ചി സിറ്റിയിലാണ്. 40 എണ്ണം. സ്പോണ്‍സര്‍മാരുടേയും താല്‍പര്യമുള്ള മറ്റ് വ്യക്തികളുടേയും സഹായത്തോടെയാണ് ഇവ സംഭരിച്ചുനല്‍കിയത്.

കോവിഡ് പ്രതിരോധത്തിന് പൊലീസ് വളണ്ടിയര്‍മാര്‍ നല്‍കുന്ന സംഭാവന മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. റോപ്പ് (റോട്ടറി പൊലീസ് ഇന്‍ഗേജ്മെന്‍റ്) എന്ന പേരില്‍ പൊലീസ് വളണ്ടിയര്‍മാര്‍ക്ക് ധരിക്കാനായി ജാക്കറ്റുകള്‍ നല്‍കുന്ന പദ്ധതിയുമായി കേരളത്തിലെ റോട്ടറി ക്ലബുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 4320 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ദുരിതാശ്വാസനിധി

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മ സാന്ത്വം രണ്ടാം ഗഡു 15,25,000 രൂപ

കുമ്പളം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) 2,55,820 രൂപ

ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് ആന്‍റ് റിട്ടയറീസ് അസോസിയേഷന്‍, കേരള 2,10,000 രൂപ

സിപിഐ എം കുന്നിക്കോട് ലോക്കല്‍ കമ്മിറ്റി 2,03,450 രൂപ

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗം, പ്രീത പി. മേനോന്‍ 1,91,786 രൂപ

ചാത്തന്നൂര്‍ എംഇഎസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് 1,66,182 രൂപ

യൂണിയന്‍ ബാങ്ക് റിട്ടയേര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 1,37,000 രൂപ

ഇഎസ്ഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ 1 ലക്ഷം രൂപ

കേരള ബില്‍ഡിങ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്, എംപ്ലോയീസ് യൂണിയന്‍ 1,50,000 രൂപ

കണ്ണൂര്‍ ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലെ ഫാര്‍മസി കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന 1,00,001 രൂപ

ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കേളേജ് 1 ലക്ഷം രൂപ

വാര്‍ത്താകുറിപ്പ്: 22-06-2020

ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണം: മുഖ്യമന്ത്രി

ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ദുബായി ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കും: മുഖ്യമന്ത്രി

കാര്‍ഷികോല്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉല്പാദനം വര്‍ധിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ രംഗത്തെ കാതലായ പ്രശ്നം പരിഹരിക്കപ്പെടില്ല. ഉല്പാദനത്തിനനുസരിച്ച് വിപണിയുണ്ടാകണം. വിലകിട്ടണം. ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. കാര്‍ഷിക മൊത്ത വിപണികള്‍, ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക്ക്തല വിപണികള്‍, ആഴ്ചച്ചന്തകള്‍ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നാളികേര വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈ വിതരണം, ഈ വര്‍ഷത്തെ ഞാറ്റുവേലച്ചന്ത, കര്‍ഷകസഭ, ഒരു കോടി ഫലവൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണം എന്നീ പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുന്നതിനും ആവിഷ്കരിച്ച ബൃഹത്തായ പദ്ധതിയാണ് ‘സുഭിക്ഷ കേരള’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ അഭിവൃദ്ധിപ്പെടുത്താനാണ് ലക്ഷ്യം. തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിന് തുടക്കം കുറിച്ചു കഴിഞ്ഞു. കേരളമൊന്നടങ്കം ഈ പദ്ധതി ഏറ്റെടുത്തുവെന്നത് അഭിമാനകരമാണ്.

‘സുഭിക്ഷ കേരള’ത്തിന്‍റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്. അതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ജൂണ്‍ 22 മുതല്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. അനുയോജ്യമായ ഭൂമി കണ്ടെത്താനും കൃഷി ചെയ്യാനും വൃക്ഷത്തൈ നടാനും തുടര്‍ പരിപാലനം നടത്താനും ഓരോരുത്തരും മുന്‍കൈയെടുക്കണം.

നാളികേര കൃഷി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകര്‍ക്ക് കൃഷി ഭവനുകളിലൂടെ അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 7.81 ലക്ഷം ഹെക്ടറിലായാണ് കേരകൃഷിയുള്ളത്. എന്നാല്‍, ഉല്പാദനക്ഷമത കുറവാണ്. അതുകൊണ്ടാണ് അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തും അതിന്‍റെ പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

തിരുവാതിര ഞാറ്റുവേലയുടെ സവിശേഷത കൂടി കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി കര്‍ഷക സഭകളും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശമുള്ള നടീല്‍ വസ്തുക്കളും വിത്തുകളും പരസ്പരം കൈമാറുന്നതിന് ഓരോ കൃഷി ഭവന്‍ വഴിയും അവസരം ഉണ്ടാകും. നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാമാരിയുടെ കാലത്ത് ഞാറ്റുവേല ചന്തകളും കര്‍ഷകസഭകളും കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും എന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്.

വിവിധ പദ്ധതികളിലൂടെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ ജീവിതനിലവാരവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ ഈ കാലയളവില്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയാനന്തരം നെല്ലുല്‍പാദനത്തില്‍ റെക്കോര്‍ഡ് കൈവരിച്ചതും പാല്‍, മുട്ട എന്നിവയുടെ ഉല്‍പാദനം ഗണ്യമായ വര്‍ധിച്ചതും അതിന് ഉദാഹരണങ്ങളാണ്.

ഈ സര്‍ക്കാര്‍ വന്നപ്പോള്‍ 1.96 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍ക്കൃഷി ഉണ്ടായിരുന്നത്. ഇപ്പോഴത് രണ്ടേകാല്‍ ലക്ഷത്തിലധികം ഹെക്ടറായി വര്‍ധിച്ചു. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ കൃഷിയിറക്കാന്‍ സാധിച്ചു. 5000 ഹെക്ടറില്‍ കൂടി നെല്‍ക്കൃഷി വ്യാപിപ്പിക്കാനാണ് ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയാക്കാനും സര്‍ക്കാരിന് സാധിച്ചു. ഏഴു ലക്ഷം മെട്രിക് ടണ്ണായിരുന്ന പച്ചക്കറി ഉല്‍പാദനം ഇപ്പോള്‍ 14.72 ലക്ഷം മെട്രിക് ടണ്ണായി. സ്കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പച്ചക്കറി കൃഷി ചെയ്യുന്നു. സംസ്ഥാനത്ത് കൃഷി ഒരു സംസ്കാരമായി മാറുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താകുറിപ്പ്: 20-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധിച്ച ദിവസമാണ് ഇന്ന്. 127 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 118 ആയിരുന്നു. ഇന്ന് 57 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 36 പേര്‍. സമ്പര്‍ക്കം 3. ആരോഗ്യപ്രവര്‍ത്തകര്‍ 1.

മഹാരാഷ്ട്ര 15, ഡെല്‍ഹി 9, തമിഴ്നാട് 5, ഉത്തര്‍പ്രദേശ്, കര്‍ണാടക 2 വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7, തൃശൂര്‍ 6, മലപ്പുറം 5, വയനാട് 5, തിരുവനന്തപുരം 5, കണ്ണൂര്‍ 4, ആലപ്പുഴ 4, ഇടുക്കി 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 2, കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 12, എറണാകുളം 1, മലപ്പുറം 1, പാലക്കാട് 10, കോഴിക്കോട് 11, വയനാട് 2, കണ്ണൂര്‍ 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.  

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3039 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1450 പേരാണ്. 1,39,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2036 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 37,136 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 35,712 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.

മെയ് നാലിനാണ് ചെക്ക്പോസ്റ്റുകള്‍ വഴിയും ഏഴുമുതലാണ് വിമാനങ്ങളിലൂടെയും 14 മുതലാണ് ട്രെയിന്‍ മുഖേനയും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആളുകള്‍ മടങ്ങിയെത്തിത്തുടങ്ങിയത്. പത്തുമുതല്‍ കപ്പലുകളും വന്നു. മെയ് നാലുമുതല്‍ ജൂണ്‍ 19 വരെ വൈറസ് ബാധിതരായ 2413 പേരില്‍ 2165 പേരും പുറത്തുനിന്നു വന്നവരാണ്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,32,569 പേര്‍ നിരീക്ഷണത്തിലുള്ളപ്പോള്‍ 39,683 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്നത്. ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ 23,695 പേരുണ്ട്.

മെയ് ഏഴുമുതല്‍ ഇന്നുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതില്‍ 225 ചാര്‍ട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി 176 വിമാനങ്ങള്‍ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളില്‍നിന്ന് ഇങ്ങനെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേര്‍ എത്തിയിട്ടുണ്ട്.

ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയില്‍നിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം – 10,439 പേര്‍, ഒമാന്‍ 50 വിമാനം – 8,707 പേര്‍, ഖത്തര്‍ 36 വിമാനം – 6005 പേര്‍, ബഹ്റൈന്‍ 26 വിമാനം – 4309 പേര്‍, സൗദി 34 വിമാനം – 7190 പേര്‍. ഇത് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തിയവരാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകള്‍ എത്തിയിട്ടുണ്ട്. ആകെ വന്ന 71,958 പേരില്‍  1524 മുതിര്‍ന്ന പൗരډാരും 4898 ഗര്‍ഭിണികളും 7193 കുട്ടികളുമുണ്ട്. 35,327 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടു വന്നവരാണ്.

തിരുവനന്തപുരം നഗരത്തില്‍ കോവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് നിര്‍ദശം നല്‍കിയിട്ടുണ്ട്. ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പട്രോള്‍ വാഹനങ്ങള്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ചില കടകളില്‍ വലിയ തിരക്കുണ്ട്. സാമൂഹിക അകലം പാലിക്കുന്നില്ല. മാനദണ്ഡം ലംഘിച്ച് കട പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികള്‍ക്ക് നിര്‍ബന്ധിതമാകും.

മാസ്ക് ധരിക്കാത്ത 4929 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 19 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സാധാരണ വാര്‍ത്താ സമ്മേളനങ്ങളില്‍ ഞാന്‍ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാറില്ല. എന്നാല്‍, ഇന്ന് അതില്‍ ഒരു മാറ്റം വേണം എന്ന് തോന്നുന്നു.

ഇന്ന് കണ്ട ഒരു വാര്‍ത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചു നടത്തി എന്നതാണ്.  

ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല, ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ വ്യക്തിയാണ് സിസ്റ്റര്‍ ലിനി. ആ കുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അംഗീകരിക്കണം എന്ന് നിര്‍ബന്ധിക്കുന്നില്ല. ആ കുടുംബത്തെ വേട്ടയാടാതിരുന്നു കൂടെ? എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ  ക്രൂരത എന്നതാണ് ഏറെ ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് തന്‍റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു എന്നതിന്‍റെ പേരിലാണ് ഈ പ്രതിഷേധം.

നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചു വീഴും എന്ന് ഭയപ്പെട്ട നിപ എന്ന മാരക രോഗത്തെ ചെറുത്തു തോല്‍പ്പിച്ചതിന്‍റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യ മുഖം ലിനിയുടേതാണ്. നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ സര്‍ക്കാരിലെ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്.

ആ മന്ത്രിയെ ‘നിപ്പ രാജകുമാരി, കോവിഡ് റാണി’ എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ സ്വഭാവികമായും ആദ്യം പ്രതികരണം ഉണ്ടാകുന്നത് ലിനിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആകും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നത്തിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിറവേറ്റുന്നത്? അതിന്‍റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റര്‍ ലിനി കേരളത്തിന്‍റെ സ്വത്താണ്. ആ കുടുംബത്തോടും ആ കുഞ്ഞുമക്കളോടും സജീഷിനും ഒപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും നല്‍കും.  

കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെ കുറിച്ച് രാഷ്ട്രീയ വിരോധം വെച്ച് പറയുന്നതല്ല. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ മന്ത്രിയെ കുറിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ചില നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അതിന്‍റെ പ്രകോപനം? തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിച്ചത്. അതിന് അവരെ വേട്ടയാടാന്‍ ശ്രമിക്കുകയല്ലേ? പൊതു സമൂഹം ഇതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല.

ഈ സര്‍ക്കാരിനോട് ഒരുതരത്തിലുമുള്ള പ്രത്യേക അനുഭാവവും കാട്ടാത്ത ഒരു പത്രം ഇന്ന് എഴുതിയ മുഖപ്രസംഗത്തിലെ വാചകങ്ങള്‍ ഇതാണ്:  

‘പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു മാത്രമല്ല, നാടിനുതന്നെ വലിയ നാണക്കേടു വരുത്തിവെയ്ക്കുന്നു. അന്ന് നിപ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണി പദവികള്‍ക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണു കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചത്. പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയുമാണ്’.

ഇത് പറഞ്ഞുകൊണ്ട് പത്രം ഇങ്ങനെ അഭിപ്രായപ്പെടുന്നു:

‘സ്വന്തം നാവിന്‍റെ വിലയും നിലയും അവനവന്‍ തിരിച്ചറിയേണ്ട കാര്യമാണ്’.

വിലകെട്ട വാക്കുകള്‍ പൊതുജനമധ്യത്തില്‍ ഉപയോഗിച്ചത് ഒരു വനിതയ്ക്കു നേരെയാവുമ്പോള്‍ അതു കൂടുതല്‍ നിന്ദ്യമായിത്തീരുന്നു എന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നുണ്ട്.

‘സര്‍ക്കാര്‍ നിലപാടുകളിലുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. പക്ഷേ, ആരോഗ്യപ്രവര്‍ത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്‍റില്‍ നിന്നുണ്ടായത്’. ഇതൊന്നും ഞാന്‍ ഉന്നയിക്കുന്ന വിമര്‍ശനമല്ല. ആ പത്രത്തിന്‍റെ മുഖപ്രസംഗത്തിലെ വാചകങ്ങളാണ്.

സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്‍റ് മാറുകയാണ്. സിസ്റ്റര്‍ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരേചൊവ്വേ പറയാന്‍ പറ്റുന്നില്ല. കേരളത്തെക്കുറിച്ച് ലോകം നല്ലതു പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നെങ്കില്‍, എത്രമാത്രം അധഃപതിച്ച മനസ്സായിരിക്കണം അത്?  

നല്ലതു നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുന്നു എന്നാണ് നോക്കേണ്ടത്. പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണ്. അപ്പോഴാണ് ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുത് എന്നതിന്‍റെ മാതൃകയാകാന്‍ കോണ്‍ഗ്രസ് നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുന്നു.  

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള  ആക്രോശം പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇങ്ങനെയൊക്കെ പറഞ്ഞാലേ അണികളുടെ കൈയടിയും വാര്‍ത്താ പ്രാധാന്യവും ലഭിക്കൂ എന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയില്‍ കെപിസിസിയുടെ അധ്യക്ഷന്‍ വീണുപോയതില്‍ ഖേദമുണ്ട്.

ഞങ്ങള്‍ ഇതിനെ കാണുന്നത് കേവലമൊരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്‍റെ തരംതാണ വിമര്‍ശനം എന്ന നിലയിലല്ല. മറിച്ച്, കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നത് എന്ന തുറന്നു പറച്ചിലായാണ് ഇതിനെ പരിഗണിക്കേണ്ടത്. കേരളത്തെക്കുറിച്ച് ലോകത്ത് നല്ല അഭിപ്രായമുണ്ടാകുന്നത് മലയാളികള്‍ക്കെല്ലാം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ആ അഭിമാനം പങ്കുവെയ്ക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ആ ക്ഷോഭംകൊണ്ട് പേശികള്‍ക്ക് അല്‍പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ല.  

ലോകമാകെ ശ്രദ്ധിക്കുന്ന വിധത്തിലാണ് നമ്മള്‍ നിപ മുതല്‍ കൊറോണ വരെയുള്ളവയെ ചെറുത്തുനിന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചെറുത്തുകൊണ്ടിരിക്കുന്നതും. പ്രതിരോധ മരുന്നുപോലും ലോകത്തെങ്ങും ഫലപ്രദമായി വികസിപ്പിച്ചിട്ടില്ലായിരുന്നിട്ടു കൂടി നമ്മള്‍ ലോകം ശ്രദ്ധിക്കും വിധം  രോഗബാധയെ നിയന്ത്രിച്ചുനിര്‍ത്തി. അത് സാധ്യമായത് നിത്യേനയുള്ള ജാഗ്രതപ്പെടുത്തല്‍ കൊണ്ടും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ചുള്ള ആത്മാര്‍പ്പണം കൊണ്ടുമാണ്. ഇതിനൊപ്പം നാടാകെ ഒന്നിച്ചുനിന്നതുകൊണ്ടുകൂടിയാണ്.

ഇതു സാധിച്ച കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്‍റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെപോയ ഒരു മനസ്സിന്‍റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാനാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ പല വഴിക്കു ശ്രമിച്ചവര്‍ പ്രതിരോധത്തിനു നേതൃത്വം നല്‍കിയവരെ അധിക്ഷേപിക്കുന്നതിന്‍റെ രാഷ്ട്രീയ മനഃശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നു മാത്രമേ അഭ്യര്‍ത്ഥിക്കാനുള്ളൂ.

മഹാദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് മനുഷ്യത്വമുള്ളവര്‍ ചെയ്യുക. ഈ പൊതുതത്വത്തിന് അപമാനമാണു കേരളം എന്ന പ്രതീതി ലോകസമൂഹത്തിനു മുന്നില്‍ ഉളവാക്കുന്നതാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അധിക്ഷേപം. ഇത് ആ തരത്തിലാണ് കേരളത്തിനാകെ അപമാനകരമാവുന്നത്. ലോകസമൂഹത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തലാണിത്.

ലോകം ഒരു മഹാമാരിയെ നേരിടുകയാണ്. നമ്മുടെ ജീവിത ചര്യകളും പതിവുകളും പ്രതീക്ഷകളും മാറി മറിഞ്ഞിരിക്കുന്നു. ഇന്നത്തെ തലമുറകളൊന്നും ഇങ്ങനെ ഒരു ദുരന്തം അനുഭവിച്ചിട്ടില്ല. ലോക രാഷ്ട്രങ്ങള്‍ അമ്പരപ്പോടെയാണ് ഇതിനെ നേരിടുന്നത്. ഒറ്റയ്ക്കൊറ്റക്കല്ല. എല്ലാവരും ഒന്നിച്ചു നില്‍ക്കണം. സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ അതിനെ അങ്ങനെയാണ് കണ്ടത്. പ്രതിപക്ഷത്തിന്‍റെ സഹായം അങ്ങോട്ടഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു വേദിയിലിരുന്ന് രോഗ പ്രതിരോധത്തിനായി ചര്‍ച്ചകള്‍ നടത്തി. നിരവധി വിയോജിപ്പുകളും പ്രശ്നങ്ങളും ഉണ്ടായിട്ടും കേന്ദ്ര ഗവര്‍മെന്‍റുമായി പൂര്‍ണ്ണമായി സഹകരിച്ചു. വിയോജിപ്പുകള്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചില്ല.

ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ തുരങ്കം വെക്കാനുള്ള നിരന്തര ശ്രമങ്ങളാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്.  നിങ്ങള്‍ മറന്നോ എന്ന് അറിയില്ല, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കാര്യം ഞാനിവിടെ ഓര്‍മിപ്പിക്കുകയാണ്. കൊറോണ കാലത്ത് കെപിസിസി യോഗം നടന്നപ്പോള്‍ സര്‍ക്കാരിനെ കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ അനുവദിക്കരുത് എന്ന് തീരുമാനിച്ചവരാണവര്‍.

നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ വാദം എന്തായിരുന്നു? ‘നമ്മള്‍ ഇനിയും മാറേണ്ടത് മിറ്റിഗേഷന്‍ സ്ട്രാറ്റജിയിലേക്കാണ്, കൊറോണ റിസ്ക് മിറ്റിഗേഷന്‍ ഏറ്റവും പ്രധാനമാണ്. 100 ശതമാനവും കണ്ടയ്മെന്‍റ് മെത്തേഡില്‍ നിന്നും മാറി മിറ്റിഗേഷന്‍ മെത്തേഡ് സ്വീകരിക്കാം’.

അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുക? അതു മനസ്സിലാക്കാന്‍ അമേരിക്കയിലൊന്നും പോകേണ്ടതില്ല. ‘മിറ്റിഗേഷന്‍ സ്ട്രാറ്റജി’യാണ് അഭികാമ്യമെന്ന അഭിപ്രായം അദ്ദേഹമോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരോ ഇപ്പോള്‍ പറയുമോ?

അമേരിക്കയെയും രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കണമെന്നു വാദിക്കുക മാത്രമല്ല ദൈനംദിന രോഗവ്യാപന വിവരങ്ങള്‍ ജനങ്ങളോട് പങ്കുവെയ്ക്കുന്നതിനെ ‘മീഡിയ മാനിയ’ എന്നും ആക്ഷേപിച്ചു.

സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചത്, ആ രീതി കൂടിയുണ്ടായാലേ ദുരിതാശ്വാസ സഹായം ഫലപ്രദമായി എത്തിക്കാനാവൂ എന്നതു കൊണ്ടാണ്. ആ അഭ്യര്‍ത്ഥന വന്നപ്പോള്‍, അതിലേക്കു പരമാവധി സഹായം ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ചുമതലയുള്ള ഇവരില്‍ ചിലര്‍ എന്താ ചെയ്തത്? അതിലേക്ക് പണം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു. കള്ളം പ്രചരിപ്പിച്ച് സഹായം മുടക്കാന്‍ ശ്രമിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ ഖജനാവിലേക്കുള്ള വരവ് വല്ലാതെ കുറഞ്ഞ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ചെറിയൊരംശം വരുമാനമുണ്ടാകുന്ന മുറയ്ക്ക് പിന്നീട് നല്‍കാമെന്ന തീരുമാനമെടുത്തപ്പോള്‍, അതിനെ അട്ടിമറിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങി. ഉത്തരവ് കത്തിച്ചു. അതിനെതിരെ കോടതിയില്‍ പോകുകയും പരാജിതരാവുകയും ചെയ്തത് നാം കണ്ടു.  

പ്രവാസി മലയാളികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തില്‍, രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്ന് ഒരു വിമാനത്തില്‍ വരുന്നത് ഒഴിവാക്കാന്‍ അവിടെ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അതിനെയും എതിര്‍ത്തു. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലര്‍ന്ന് ഒരേ വിമാനത്തില്‍ വരുന്ന സംവിധാനമുണ്ടാക്കാനും അങ്ങനെ രോഗം പടരുന്ന സാഹചര്യമുണ്ടാക്കാനും എന്തിനാണു പ്രതിപക്ഷം വ്യഗ്രതപ്പെട്ടത്?

കോവിഡിന്‍റെ ആരംഭ ഘട്ടത്തില്‍  ജാഗ്രതാ സന്ദേശം സര്‍ക്കാര്‍ കൊടുത്തപ്പോള്‍ പലയാളുകളും ശാസ്ത്രവിദഗ്ധരായി രംഗത്തു വന്നു. 30 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് നില്‍ക്കില്ല എന്നും ചൂടുള്ള ഗള്‍ഫ് നാടുകളില്‍ കോവിഡില്ലല്ലൊ എന്നുമൊക്കെ പറഞ്ഞ് ജനങ്ങളുടെ ജാഗ്രതയെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഏതു പ്രേരണയാലാണ്?

പ്രതിച്ഛായ കൂട്ടാന്‍ പിആര്‍ ഏജന്‍സികളെ ആശ്രയിച്ചെന്നതായിരുന്നു അടുത്തത്. വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നു എന്ന് പോലും പ്രചരിപ്പിച്ചില്ലേ?

കോവിഡിനെ ചെറുക്കുന്നതില്‍ ഈ ചെറു സംസ്ഥാനം സൃഷ്ടിച്ച മാതൃകയെപ്പറ്റി ലോക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം പിആര്‍ ഏജന്‍സി കൊടുക്കുന്നതാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. മുഖ്യമന്ത്രി, വാര്‍ത്താസമ്മേളനത്തില്‍ ചിരിക്കുന്നതുപോലും പിആര്‍ ഏജന്‍സി പറയുന്നതനുസരിച്ചാണെന്നു പോലും വിളമ്പാന്‍ മടി കാണിച്ചില്ല.

‘നാല്‍പത്തിരണ്ടു അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് നിങ്ങള്‍ പിആര്‍ ഏജന്‍സിയെ വെച്ച് പരസ്യം കൊടുത്തതെന്നും അത് ഞങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്’ എന്നുമാണ് കെപിസിസി പ്രസിഡന്‍റ് പ്രസംഗിച്ചത്. എവിടെയാണ് ഈ സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ വെച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിപ്പിച്ചത്? ഒരുവിധത്തില്‍ ആലോചിച്ചാല്‍ ഈ ആരോപണം ലോകത്താകെയുള്ള മാധ്യമങ്ങളെ പോലും അവഹേളിക്കുന്നതല്ലേ.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പാസ് ഏര്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ നടത്തിയ കാട്ടിക്കൂട്ടലുകള്‍ എന്തൊക്കെയായിരുന്നു? വാളയാറില്‍ പാസ്സില്ലാത്തവരെ എത്തിച്ച് പരിശോധനപോലും ഇല്ലാതെ കേരളത്തിലേക്ക് കടത്തിവിടാനായി ശ്രമം. ഇവരുടെ ചെയ്തികളുടെ ഭാഗമായി നിരപരാധികളായ നൂറു കണക്കിനു പേര്‍ രോഗവ്യാപന ഭീഷണിയില്‍ കഴിയേണ്ടി വന്നില്ലേ?

നമ്മുടെ കുട്ടികള്‍ക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് എതിരെയും രംഗത്തുവന്നു. ഒരു കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപ വാക്കുകള്‍ ഓര്‍മയില്ലേ? ‘വട്ടാണ്’ എന്നല്ലേ പറഞ്ഞത്. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനായിരുന്നു അവരുടെ ശ്രമം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോഴോ? തുറക്കണമെന്ന് പ്രതിപക്ഷ  നേതാവും മുന്‍ മുഖ്യമന്ത്രിയുമെല്ലാം പറഞ്ഞില്ലേ? സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തു. അപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ചോദിക്കുന്നു, എന്തിനാ തുറന്നതെന്ന്? രാഷ്ട്രീയ മുതലെടുപ്പിനുള്ള വഴി തേടുക, അതായിരുന്നില്ലേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്ദേശം? ഏറ്റവും ഒടുവിലാണ് പ്രവാസി പ്രശ്നം ഉയര്‍ത്തിയത്.

പ്രതിപക്ഷത്തിന് അതിന്‍റെ ധര്‍മ്മം നിറവേറ്റാം. അത് ആരും തടസ്സപ്പെടുത്തുന്നില്ല. ഇവിടെ അതാണോ നടക്കുന്നത്? അവര്‍ നടത്തുന്ന സമരങ്ങള്‍ നോക്കുക. ഇന്നലെ പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു സമരം നടത്തി. റോഡ് എത്ര നേരമാണ് ബ്ലോക്ക് ആയത്? ഒരു ക്യാമറാ ഫ്രയിമില്‍ ഉള്‍പ്പെടാന്‍ നേതാക്കള്‍ തമ്മില്‍ ഇടിക്കുകയായിരുന്നില്ലേ? ശാരിക അകലം പാലിക്കപ്പെട്ടോ? എന്തിനായിരുന്നു ഈ വെപ്രാളം? അതേസമയം കഴിഞ്ഞ ദിവസം സിപിഐഎം ഒരു സമരം നടത്തിയല്ലോ? പങ്കെടുത്ത ജനങ്ങളുടെ എണ്ണം വളരെ വലുതാണ്. എന്നാല്‍, എവിടെയെങ്കിലും ശാരീരിക അകലം പാലിക്കാത്തത് ചൂണ്ടിക്കാട്ടാനാകുമോ? ആ വ്യത്യാസമാണ് കാണേണ്ടത്.

തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഇതൊന്നും ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചതല്ല, കോവിഡ് കാലത്തെ വാര്‍ത്താ സമ്മേളനങ്ങളില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ബന്ധമായി ആഗ്രഹിച്ചിരുന്നു. അപൂര്‍വ്വമായി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തെയാകെ തുരങ്കം വെക്കുന്ന രീതിയിലേക്ക് ഇത് വളര്‍ന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്. സമൂഹ വ്യാപനത്തിലേക്ക് നീങ്ങുമെന്ന ആശങ്ക തലയ്ക്കു മുകളില്‍ നില്‍ക്കുന്ന ഘട്ടമാണിത്. അത് ഒഴിവാക്കാനായി ഒരു സിസ്റ്റം സാധ്യമായ എല്ലാ വഴികളും തേടുകയാണ്.

ആ സിസ്റ്റത്തിന്‍റെ പ്രധാന ഭാഗമായ ഒരു മന്ത്രിയെ അധിക്ഷേപിക്കുന്നത് ആ സിസ്റ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവരെ ഒറ്റതിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ താളം തെറ്റിക്കാനാകുമോ എന്നാണ് ശ്രമം. ഒന്നേ പറയാനുള്ളൂ, ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഈ മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് നമ്മള്‍ പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.

സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാനല്ലാതെ, അര്‍ഹതപ്പെട്ട സഹായം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും ആവശ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷം പ്രത്യേക ശ്രദ്ധ വെച്ചു എന്നു വേണം പറയാന്‍.

പ്രതിപക്ഷം സത്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? എടുത്ത നിലപാടുകളൊക്കെ നാടിന്‍റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുന്ന തരത്തിലുള്ളതായിരുന്നില്ലേ? ഉന്നയിച്ച ആവശ്യങ്ങളൊക്കെ അബദ്ധങ്ങളായില്ലേ? ആ പറഞ്ഞത് സര്‍ക്കാര്‍ അനുസരിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയുന്ന നിലയായില്ലേ?  

രാഷ്ട്രീയമായ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം തുടര്‍ച്ചയായി മഹാദുരന്തത്തെപ്പോലും ഉപയോഗിക്കുകയായിരുന്നുവെന്നു ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇങ്ങനെ ജനങ്ങള്‍ക്കുമുമ്പില്‍ തുടര്‍ച്ചയായി തുറന്നുകാട്ടപ്പെട്ടതിന്‍റെ ജാള്യതയാണ് ഇപ്പോള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കു പിന്നിലുള്ളത്. എന്നതും ജനങ്ങള്‍ തിരിച്ചറിയും.

ഇന്നും പറയുന്നത് കേട്ടു. ക്രെഡിറ്റ്, ക്രെഡിറ്റ് എന്ന്. ക്രെഡിറ്റ് ആര്‍ക്ക് എന്നത് മാത്രമാണ് പ്രതിപക്ഷത്തെ അലട്ടുന്ന പ്രശ്നമെന്നാണ് തോന്നുന്നത്. മുമ്പ് ക്രെഡിറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയേ ഇപ്പോഴും പറയാനുള്ളു. നിപയായാലും കോവിഡായാലും പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കാണ്. ഈ നാടന് മൊത്തമാണ്. ഈ നാട് ഒന്നായി നിങ്ങള്‍ക്കുമ്പോഴാണ് ഇത്തരം മഹാമാരികളെ ചെറുക്കാനാകുന്നത്. എല്ലാം ജനം കാണുന്നുണ്ട്. കേള്‍ക്കുന്നുണ്ട്. അവര്‍ തീരുമാനിക്കട്ടെ.

അന്താരാഷ്ട യോഗ ദിനമാണ് നാളെ

നമുക്കറിയാവുന്നതുപോലെ, യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസ്സിനു കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണത്. നിത്യവുമുള്ള യോഗാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സഹായകരമാണ്. ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ ഒരുപോലെ ഫലപ്രദമാണ്. അത് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. 

വാര്‍ത്താകുറിപ്പ്: 19-06-2020

പ്രവാസികള്‍ക്ക് കോവിഡ്-19 പരിശോധന: തീയതി നീട്ടി

വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ്-19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂണ്‍ 24 വരെ നീട്ടി. ജൂണ്‍ 25 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പരിശോധനക്ക് വിധേയരായിരിക്കണം.

കോവിഡ്-19 നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ കൊണ്ടുവരണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയത്. കോവിഡ്-19 പരിശോധനക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിബന്ധന നടപ്പാക്കുന്നത് നാലുദിവസം നീട്ടിയതെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു.

വാര്‍ത്താകുറിപ്പ്: 18-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് അയ്യന്‍കാളി സ്മൃതി ദിനമാണ്. 1941 ജൂണ്‍ 18 നാണ് അയ്യന്‍കാളി നമ്മെ വിട്ടുപിരിഞ്ഞത്. മനുഷ്യരില്‍ വലിയൊരു വിഭാഗത്തെ മനുഷ്യരായി കാണാന്‍ കൂട്ടാക്കാതിരുന്ന അന്ധകാരം നിറഞ്ഞ കാലത്തെ വകഞ്ഞുമാറ്റി മനുഷ്യത്വത്തിന്‍റെ വെളിച്ചം നിറഞ്ഞ കാലഘട്ടം സൃഷ്ടിക്കാന്‍ ത്യാഗപൂര്‍വ്വം ശ്രമിച്ച നവോത്ഥാന നായകരില്‍ പ്രധാനിയാണ് അയ്യന്‍കാളി.

ഇന്നു നാം കാണുന്ന കേരളത്തെ ഈ വിധത്തില്‍ പുരോഗമനപരമാക്കി മാറ്റിയത് അയ്യന്‍കാളിയെ പോലുള്ള മഹാന്മാരുടെ നവോത്ഥാന സംരംഭങ്ങളാണ്. അദ്ദേഹത്തിന്‍റെ സ്മരണ അനശ്വരമാക്കാനാണ് തിരുവനന്തപുരത്തെ പഴയ വിജെടി ഹാളിനെ അയ്യന്‍കാളി ഹാള്‍ എന്ന് ഈ സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തത്. അയ്യന്‍കാളി മുന്നോട്ടുവെച്ച സാമൂഹ്യമാറ്റത്തിന്‍റെ സന്ദേശങ്ങള്‍ ഊര്‍ജസ്വലമാം വിധം മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടമാണിത്. ഈ കോവിഡ് പ്രതിരോധ ഘട്ടത്തിലും മനുഷ്യരെയാകെ മനുഷ്യരായി കാണാന്‍ പഠിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ ജീവിതസന്ദേശം നമുക്ക് പ്രചോദനമാവുകയാണ്.

97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ 28കാരനായ കെ പി സുനിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 29 പേര്‍. സമ്പര്‍ക്കം 3.
മഹാരാഷ്ട്ര 12, ഡെല്‍ഹി 7, തമിഴ്നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഓറീസ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം, തൃശൂര്‍, ഇടുക്കി 6 വീതം, തിരുവനന്തപുരം, കോഴിക്കോട് 5 വീതം, മലപ്പുറം, കണ്ണൂര്‍ 4 വീതം, കാസര്‍കോട് 3 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2794 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1967 പേര്‍ ആശുപത്രികളില്‍. ഇന്നു 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 35,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 33,386 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 108 ആയി.

ട്രൂനാറ്റ്

റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്.

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യമുണ്ട്. അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇതു സഹായിക്കും.

സംസ്ഥാനത്ത് ഇതുവരെ 2,79,657 ആളുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി എത്തിയിട്ടുള്ളത്. ഇതില്‍ 1172 പേര്‍ക്ക് പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. 669 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 503 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗബാധിതരില്‍ 327 പേര്‍ റോഡു വഴിയും 128 പേര്‍ ട്രെയിനിലുമാണ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന് രോഗബാധിതരായവരുടെ കണക്ക് നോക്കിയാല്‍ മഹാരാഷ്ട്രയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ – 313.

യഥാര്‍ത്ഥത്തില്‍ ഈ കണക്കുകള്‍ നമ്മുടെ ജാഗ്രത കൂടുതല്‍ വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് വൈറസ് ബാധ വരുമ്പോള്‍ ഒരു മേഖലയാകെ സ്തംഭിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ഏതായാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലച്ചുപോകരുത്. പകുതിയാളുകള്‍ മാത്രമേ ഒരുസമയം ഓഫീസില്‍ ഉണ്ടാകേണ്ടതുള്ളു. വീടുകളില്‍നിന്ന് ജോലി ചെയ്യുന്നത് ഈ ഘട്ടത്തില്‍ തുടരുക തന്നെ വേണം.

ഓഫീസ് മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാക്കണം. ഓഫീസുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിയതിന്‍റെ ഫലം പലയിടങ്ങളിലും കാണുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് സെക്രട്ടറിയറ്റില്‍ തന്നെ ഉണ്ടായ പ്രശ്നങ്ങളും മരണവും നാം കണ്ടതാണ്. അതുകൊണ്ട് നിയന്ത്രണം തുടര്‍ന്നേ തീരൂ. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം ചീഫ് സെക്രട്ടറി മോണിറ്റര്‍ ചെയ്ത് ഉറപ്പു വരുത്തും.

കോവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ അതത് ജില്ലകളില്‍നിന്ന് പൂള്‍ ചെയ്ത് നിയോഗിക്കുന്നതാണ് നല്ലത്. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്താന്‍ നടപടികള്‍ സ്വീകരിക്കും.

രോഗവ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നമുക്ക് വേണ്ടതുണ്ട്. അതിന് വിപുലമായ പദ്ധതി തയ്യാറാക്കും. ഇപ്പോള്‍ സംസ്ഥാന സര്‍വീസിലുള്ള 45 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കും. ആരോഗ്യരംഗത്തെ വിവിധ കോഴ്സുകള്‍ പഠിക്കുന്ന ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍, തൊഴില്‍രഹിതരായ ആരോഗ്യപ്രവര്‍ത്തകര്‍, റിട്ടയര്‍ ചെയ്ത ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ – ഇവരെ സംഘടനാടിസ്ഥാനത്തില്‍ ഒരുക്കി ആവശ്യമുള്ളിടത്ത് നിയോഗിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് പരിശീലനം നല്‍കും. എന്‍സിസി, എന്‍എസ്എസ്, എസ്പിസി വളണ്ടിയര്‍മാരെയും ഇതില്‍ ഉള്‍പ്പെടുത്തും. അതോടൊപ്പം താല്പര്യമുള്ള യുവാക്കള്‍ക്കും സന്നദ്ധസേനയിലെ വളണ്ടിയര്‍മാര്‍ക്കും ഇതിനോടൊപ്പം പരിശീലനം നല്‍കും.

ഈ രോഗത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ പങ്കാളികളാകുന്ന എല്ലാവരും അനുമോദനം അര്‍ഹിക്കുന്നു. താല്‍ക്കാലികമായി ചുമതല ഏറ്റെടുത്ത സന്നദ്ധ സേവകര്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഫയര്‍ ആന്‍റ് റെസ്ക്യു സേനാംഗങ്ങളും അടക്കം എല്ലാവരെയും സമൂഹമാകെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ടതുണ്ട്. തുടര്‍ച്ചയായി ആഴ്ചകളോളം പ്രവര്‍ത്തിപ്പിച്ച് അവരെ തളര്‍ത്താന്‍ ഇടയാക്കരുത് എന്നാണ് സര്‍ക്കാര്‍ കാണുന്നത്. വിശ്രമത്തിന് സൗകര്യം നല്‍കണം.

ഇന്നത്തെ അവസ്ഥയെടുത്താല്‍ പൊതുവെ നമ്മുടെയാകെ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും. റോഡുകളും കമ്പോളങ്ങളും പതിവുനിലയില്‍ തിരക്കേറിയതായി. ശാരീരിക അകലം പലയിടത്തും പാലിക്കപ്പെടുന്നില്ല. പൊതുവായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെ സാനിറ്റൈസര്‍-സോപ്പ് ഉപയോഗവും കുറഞ്ഞു. ഇത് സംസ്ഥാനത്താകെയുള്ള കാഴ്ചയാണ്. ശക്തമായ ഇടപെടല്‍ വേണ്ടതുണ്ട് എന്നാണ് തീരുമാനം.

സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് പലരും കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് പോകുന്നത്. ഇത്തരം യാത്രകള്‍ തടയാനോ യാത്രക്കാര്‍ക്ക് വിഷമമുണ്ടാക്കാനോ പൊലീസോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തിലേക്ക് വലിയതോതില്‍ ചരക്ക് വരുന്ന മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ രൂക്ഷമാവുകയാണ്. ഇത് ചരക്കുഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

കോവിഡ് രോഗികളുടെ താമസസ്ഥലത്തിന് സമീപത്തുളള ഏതാനും വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണ്‍ രൂപീകരിച്ച് നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമായി നടപ്പിലാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ കോവിഡ് ബാധ ഒരു വീട്ടിലുണ്ടായാല്‍ ആവാര്‍ഡാകെ കണ്ടെയിന്‍മെന്‍റ് സോണാവുകയാണ്. മൈക്രോ കണ്ടെയിന്‍മെന്‍റ് സോണ്‍ വരുന്നതോടെ ആ വീടും ചുറ്റുപാടും ചേര്‍ന്നുള്ള ഒരു ക്ലസ്റ്റര്‍ മാത്രമാണ് കണ്ടെയിന്‍മെന്‍റ് സോണായി മാറുക. അത് കൂടുതല്‍ കര്‍ക്കശമാക്കും. അതേ സമയം മറ്റു സ്ഥലങ്ങളില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യും.

ക്വാറന്‍റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നേരിട്ട് നിരീക്ഷിക്കാനായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈല്‍ ബീറ്റ് പട്രോളിന് പുറമെയാണിത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 3486 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 18 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ചെറിയ കുട്ടികള്‍ ആത്മഹത്യകള്‍ ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വരുന്നുണ്ട്. ഈ വിഷയത്തില്‍ കുട്ടികളുടെ കുടുംബസാഹചര്യം, മരണകാരണം എന്നിവയുള്‍പ്പെടെ ബഹുതലത്തിലുള്ള പഠനം നടത്തും.

എല്ലാ വിമാന യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വരുന്ന ആളുകളുടെ വിവരം ലഭ്യമാക്കാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കാനും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.

വൈദ്യുതി ബില്‍

സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക്ഡൗണ്‍ മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

ഇപ്പോള്‍ ചില തീരുമാനങ്ങള്‍ കൂടി എടുത്തിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് എടുത്തത്.

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്‍റെ പകുതി സബ്സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 30 ശതമാനം സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 25 ശതമാനമായിരിക്കും സബ്സിഡി.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്‍റെ 20 ശതമാനം സബ്സിഡി നല്‍കും.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

സമീകൃതാഹാരത്തിന്‍റെ പ്രാധാന്യം
കോവിഡ് നേരിടുന്നതിന് കൃത്യമായ ആഹാരം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സമീകൃതാഹാരത്തിന്‍റെ കുറവാണ്.

ശരീരത്തിന്‍റെ പ്രതിരോധ ശക്തി നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകവും സമീകൃതാഹാരം തന്നെ. സമീകൃതാഹാരം എന്നാല്‍, ആരോഗ്യസംരക്ഷണത്തിനു വേണ്ട ഘടകങ്ങള്‍ ശരിയായ അളവില്‍ കിട്ടുക എന്നതാണ്.

ഊര്‍ജത്തിനു വേണ്ടി അരി, ഗോതമ്പ് അല്ലെങ്കില്‍ ചോളം, മുത്താറി അല്ലെങ്കില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം.

സമീകൃത ഭക്ഷണത്തിന്‍റെ രണ്ടാമത്തെ ഘടകം മാംസ്യമാണ് (പ്രോട്ടീന്‍). പയര്‍, കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായിരിക്കണം.

ഊര്‍ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്‍റെ 20-25 ശതമാനം മാംസ്യവിഭവം ഉണ്ടായിരിക്കണം.

ഭക്ഷണത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉണ്ടാകണം. പച്ചക്കറി നാരുള്ള ഭക്ഷണ പദാര്‍ത്ഥമാണ്. ചീര, വെണ്ടക്ക, പാവയ്ക്ക, കോവക്ക, കക്കിരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇവയൊക്കെ ധാരാളം കഴിക്കാം.

നാലാമത്തെ ഇനമായ പഴങ്ങള്‍ എല്ലാ നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളായ വാഴപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പയ്ക്ക ഏതുമാകാം.

വെള്ളം ഏറെ പ്രധാനമാണ്. ദിവസം രണ്ടര-മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. സര്‍വ്വോപരി വേണ്ടത്ര ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും ഉറപ്പുവരുത്തണം.

ജങ്ക് ഫുഡ് പാടേ ഒഴിവാക്കുന്നതാണ് നല്ലത്.

പോഷകാഹാരക്കുറവ് ദരിദ്രവിഭാഗങ്ങളില്‍ മാത്രമല്ല. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരിലും കാണുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമീകൃതാഹാരത്തെക്കുറിച്ച് പലര്‍ക്കും ശരിയായ ധാരണയില്ല.

നല്ല ജീവിതശൈലിയില്‍ സമീകൃതാഹാരവും പെടുമെന്ന് മനസ്സിലാക്കണം.

ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം നല്ല ജീവിതശൈലിയും നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. സാമൂഹിക പ്രതിരോധമാണ് പകര്‍ച്ചവ്യാധികളെ നേരിടാന്‍ ഏറ്റവും ഫലപ്രദം.

എസ്എല്‍ബിസി യോഗം
കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായം നല്‍കാന്‍ കഴിയും.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്നത്. വ്യവസായ, വാണിജ്യ മേഖല വന്‍ തകര്‍ച്ച നേരിടുന്നു. സേവന മേഖലയുടെ കാര്യവും വ്യത്യസ്തമല്ല. പരമ്പരാഗത രീതിയില്‍നിന്നും ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങള്‍ മാറി ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. അതാവട്ടെ നിക്ഷേപസുരക്ഷയുടെ മാനദണ്ഡങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടാവുകയും വേണം. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ വലിയ അളവില്‍ ആവശ്യമുണ്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി ചര്‍ച്ച നടത്തി.

സംസ്ഥാന പദ്ധതിയിലൂടെയും കിഫ്ബിയിലൂടെയും മറ്റും നടപ്പാക്കുന്ന വികസന പരിപാടികളില്‍ സര്‍വാത്മനാ സഹകരിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുഗുണമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു.

തൊഴിലുകള്‍ നഷ്ടപ്പെടുന്നതിനും സാമ്പത്തിക മേഖലയെ പിന്നോട്ടടിക്കുന്നതിനും വലിയ വരുമാന നഷ്ടമുണ്ടാകുന്നതിനും ലോക്ക്ഡൗണ്‍ കാരണമായിട്ടുണ്ട്. ബാങ്കിങ് സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കി സുപ്രധാന മേഖലകളെ ഊര്‍ജസ്വലമാക്കാന്‍ കഴിയും.

കേന്ദ്ര പാക്കേജിലെ അടക്കം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുള്ള സര്‍ക്കാര്‍ ശ്രമത്തിന് ബാങ്കുകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും കൃഷിയെയും പുത്തന്‍ മേഖലകളെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. കേരളവും സ്വന്തം നിലയ്ക്ക് നിരവധി ഇടപെടലുകള്‍ സമാന്തരമായി നടത്തുകയാണ്. ‘സുഭിക്ഷ കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതില്‍ വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും വലിയതോതില്‍ സഹകരിക്കാന്‍ കഴിയും.

2500 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി നബാര്‍ഡ് അനുവദിച്ചിട്ടുണ്ട്. നബാര്‍ഡിന്‍റെ റീഫിനാന്‍സിങ് കര്‍ഷകനു തന്നെ ലഭ്യമാകുന്നു എന്നുറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളാവട്ടെ രാജ്യത്തിനുതന്നെ മാതൃകയാവുന്നുണ്ട്. 1000 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി അധികമായി ലഭ്യമാക്കണമെന്ന് നബാര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു.

‘സുഭിക്ഷ കേരളം’ പദ്ധതിയെ ശാക്തീകരിക്കുന്ന വിധത്തില്‍ മോഡല്‍ ഫാമുകള്‍ യാഥാര്‍ത്ഥ്യമാക്കാനും ട്രെയിനിങ് നല്‍കാനും നബാര്‍ഡിന്‍റെ ‘ഫാം സെക്ടര്‍ പ്രൊമോഷന്‍ ഫണ്ട്’ പ്രയോജനപ്പെടുത്തണം. കേരളത്തില്‍ കര്‍ഷകരുടെ കൈവശമുള്ള ഭൂമിയുടെ തോത് താരതമ്യേന കുറവാണ്. അതിനാല്‍ തന്നെ ഉല്‍പാദന ക്ഷമത അഥവാ ഒരു നിശ്ചിത അളവ് ഭൂമിയില്‍ നിന്നും ലഭിക്കുന്ന ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധ പതിയേണ്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി വായ്പാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്. നബാര്‍ഡിനും ഡിസ്ട്രിക്ട് ലെവല്‍ റിവ്യു കമ്മിറ്റികള്‍ക്കും (ഡിഎല്‍ആര്‍സി) ഇത്തരത്തിലൊരു നിര്‍ദേശം എസ്എല്‍ബിസി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

മുദ്രാ-ശിശു ലോണുകള്‍ക്ക് 1500 കോടിയുടെ പലിശയിളവ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മാസത്തേക്ക് കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടുശതമാനം പലിശ ഇളവ് അനുവദിക്കും. തിരിച്ചടവു കാരണം വരുമാനം ശോഷിച്ച് പ്രയാസത്തിലായിരിക്കുന്ന പ്രാഥമിക-ദ്വിതീയ തലങ്ങളിലുള്ള അപേക്ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഇതിന് ജില്ലാ തലത്തിലുള്ള ഒരു നിര്‍വഹണ രീതി എസ്എല്‍ബിസിയും ഡിഎല്‍ആര്‍സികളും ചേര്‍ന്ന് തയ്യാറാക്കണം.

പലതരം പ്രശ്നങ്ങളാലും വലിയ പ്രതിസന്ധിയിലുമാണ് കശുവണ്ടി വ്യവസായം. ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ മിക്കവയും സ്ട്രസ്ഡ് ലോണ്‍ വിഭാഗത്തില്‍പ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജുകളുടെ വെളിച്ചത്തില്‍ കശുവണ്ടി വ്യവസായത്തിന്‍റെ പുനരുജ്ജീവനത്തിനായി അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കമെന്നും യോഗത്തില്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു.

ദുരിതാശ്വാസം
ഇടുക്കി ജില്ലിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും 58,58,780 രൂപ

എഐവൈഎഫ് പുനലൂര്‍ മണ്ഡലം കമ്മിറ്റി 3,10,370 രൂപ

തൃശൂര്‍, തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി കുഞ്ഞുമുഹമ്മദ് 4,44,000 രൂപ

ഫോറം ഓഫ് ഫോര്‍മര്‍ മെമ്പര്‍ ഓഫ് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, കേരള 4 ലക്ഷം രൂപ

പെരിന്തല്‍മണ്ണ ജൂബിലി റോഡ് സ്വദേശിനി സ്വര്‍ണ്ണ മോതിരം

പേരൂര്‍ക്കട സ്വദേശിനി രഘുപതി തനിക്കു കിട്ടിയ ക്ഷേമനിധി പെന്‍ഷനടക്കം ആകെ 5,110 രൂപ.