മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് ലഭിച്ച ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. (ഐസിഎംആര്‍ വെബ്പോര്ട്ടിലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ളത് ജില്ലകള്‍ക്ക് ലഭ്യമാക്കും).
കോവിഡ്മൂലമുള്ള രണ്ട് മരണങ്ങള് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ന് 375 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 29.വിദേശത്തുനിന്ന് 31 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 37.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തൃശൂര്‍ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂര്‍ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസര്‍കോട് 28, കൊല്ലം 22, ഇടുക്കി 6, പാലക്കാട് 4, വയനാട് 3.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49 ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57, വയനാട് 17, കണ്ണൂര്‍ 47, കാസര്‍കോട് 4. കഴിഞ്ഞ 24 മണിക്കൂറിനകം 21,533 സാമ്പിളുകള്‍ പരിശോധിച്ചു.
ബലിപെരുന്നാള്‍
നാളെ ബലിപെരുന്നാളാണ് – ഈദുല്‍ അസ്ഹ. ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ, മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുല്‍ അസ്ഹ നമുക്കു നല്‍കുന്നത്. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേരുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യം ഇന്ന് ലോകത്തെവിടെയുമില്ല. വളരെ കുറച്ച് തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങള്‍ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്കാരം നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും അതു പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് പള്ളികളില്‍ ഇത്തവണയും നമസ്കാരം വേണ്ടെന്നുവെച്ച കമ്മിറ്റികളുമുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
അതിജീവനത്തിന്റെ 6 മാസങ്ങള്‍
കോവിഡിനൊപ്പം നമ്മള് സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാവുകയാണ്. സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എന്ത് പങ്കാണ് ഉള്ളത് എന്ന ഒരു ചോദ്യം ഇന്നു കേട്ടു. കോവിഡ് പ്രതിരോധത്തിന്റെ നാള്‍വഴികള്‍ പരിശാധിച്ചാല്‍ അതിനുള്ള ഉത്തരം ഉണ്ടാകും.
ജനുവരി 30നാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ചൈനയില്‍ ഒരു പ്രത്യേകതരം സാര്‍സ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിരുന്നു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവര്‍ത്തന രൂപരേഖയും നിര്‍ദേശങ്ങളും തയ്യാറാക്കി.
ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളിലായി ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്. ആ 3 കേസുകളില്‍ ആദ്യ ഘട്ടം ഒതുങ്ങുകയും ചെയ്തു. ആദ്യം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യഘട്ടം അതിജീവിച്ചത്. മാര്‍ച്ച് 8ന് വിദേശത്തുനിന്നും എത്തിയവരില്‍ നിന്ന് രോഗമുണ്ടായതോടെ കേരളത്തില്‍ രണ്ടാം ഘട്ടം ആരംഭിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തില്‍ മാര്‍ച്ച് 24ന് കേരളത്തില്‍ 105 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയാണ് ചെയ്തത്. രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കോവിഡിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന അതിര്‍ത്തി വഴിയും എയര്‍പോര്‍ട്ട്, സീപോര്‍ട്ട് വഴിയും ആളുകള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേര് വന്നിട്ടുണ്ട്. അതില്‍ 4,19,943 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും 2,62,756 പേര് വിദേശ രാജ്യങ്ങളില്‍നിന്നുമാണ്.
മൂന്നാംഘട്ടത്തില്‍ ഇന്നലെ (ജൂലൈ 29) വരെ 21,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 9099 പേര് കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 12,199 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാല്‍ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനില്‍ക്കുന്നത്.
ഈ ആറു മാസത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരുന്നത്. ആരോഗ്യമേഖലയെ മാത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ നടത്തിയ ഇടപടലുകള്‍ എത്രത്തോളമാണ് എന്ന് മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെയാണ് നിയമിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാക്കി. 273 തസ്തികകള്‍ സൃഷ്ടിച്ചു. 980 ഡോക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. ഇതിനുപുറമെ 6700 താല്‍ക്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. ഏറ്റവും താഴെത്തട്ടില്‍വരെ നമ്മുടെ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നുലക്ഷ്യം.
കോവിഡ് പ്രതിരോധത്തിനു മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റുകയും സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. 105ഉം 93ഉം വയസ്സുള്ള പ്രായമേറിയ രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വാര്‍ഡുതല സമിതികള്‍ തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങളാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ കരുത്താകുന്നത്.
ഇടപെടലുകള്‍
ഒരാള്‍ പോലും പട്ടിണി കിടക്കരുത്. ഒരു ജീവിപോലും നമ്മുടെ കരുതലിന് പുറത്തായികൂടാ. ലോക്ഡൗണ്‍ ഘട്ടമായാലും അണ്‍ലോക്ക് ഘട്ടമായാലും സര്‍ക്കാരിന്റെ നിലപാട് ഇതായിരുന്നു. ലോക്ഡൗണ്‍ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആസാഹചര്യത്തെ മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്തു.
ക്ഷേമപെന്ഷന് കിട്ടാത്ത പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍ക്ക് ധനസഹായം വേറെയും നല്കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. അതില്‍ 1,84,474, പേര്‍ക്കായി 1742.32 കോടി രൂപ ഇതിനകം വിതരണം ചെയ്തു.
പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം പലവ്യജ്ഞന കിറ്റുകളും സൗജന്യമായി നല്കി. അങ്കന്‍വാടികളില്‍ നിന്നും നല്കുന്ന പോഷകാഹാരം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്കി. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. സമൂഹ അടുക്കള വഴി ലോക്ഡൗണ്‍ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണവിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്കുന്ന ജനകീയ ഭക്ഷണശാലകള്‍ ആരംഭിച്ചു.
ജനങ്ങള്‍ക്ക് അധികഭാരമില്ലാതെ ഈ കാലഘട്ടത്തെ മറികടക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഐടി, വ്യവസായം, ചെറികിട വ്യവസായം, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കുള്ള വ്യാപാരികള്‍ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ആവശ്യമായ ഇളവകുള്‍ ഈ ഘട്ടങ്ങളില്‍ നല്കി. ഇത്തരം ഇടപെടലുകള്‍ അണ്‍ലോക്ക് ഘട്ടത്തിലും തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴില്‍ മേഖലയിലും ഉല്‍പാദനമേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.
രണ്ടുമാസത്തെ ക്ഷേമപെന്‍ഷനും സാമൂഹ്യസുരക്ഷാ പെന്‍ഷനും ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓണത്തിനു മുന്നോടിയായി സൗജന്യ ഭക്ഷണകിറ്റ് നല്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ ആറു മാസങ്ങളാണ് നാം പിന്നിടുന്നത്. കോവിഡിനോടൊപ്പം തന്നെ ഇനിയും നാം സഞ്ചരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാകുക എന്നതാണ് പ്രധാനം.
പൊതുസ്ഥിതി
തിരുവനന്തപുരത്ത് കോവിഡ് 19 പ്രതിരോധത്തിനായി ശക്തമായ നടപടികളാണ് ഒരുക്കിയിരിക്കുന്നത്. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. 1612 പേര് ഇപ്പോള്‍ വിവിധ സിഎഫ്എല്‍ടിസികളിലായി കഴിയുന്നു. 888 കിടക്കകളോളം ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ചികിത്സയ്ക്കായുള്ള കോവിഡ് ഹോസ്പിറ്റലാക്കും. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നഗരത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അവിടെത്തന്നെ ചികിത്സിക്കും. 769 ബെഡുകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കകളുമുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍ എന്നീ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നുണ്ട്.
കൊല്ലം ജില്ലയില്‍ കണ്ടയിന്മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനമായി. കുറഞ്ഞ എണ്ണം ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.
മഴ ശക്തി പ്രാപിച്ചതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ പ്രത്യേക സ്ഥലങ്ങളിലാണ് താമസിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 622 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളുടെ കീഴിലുള്ളത് ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ കൂടി കോവിഡ് ചികിത്സാ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും.
മുതിര്‍ന്ന പൗരډാരെയും മാരക രോഗങ്ങളുള്ളവരേയും സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കരുതല്‍ കെയര്‍ സെന്ററുകള്‍ എന്ന പേരില്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ചു. ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു കരുതല്‍ കെയര്‍ സെന്റര്‍ ഒരുക്കും.
വയനാട് ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമായി ഗതാഗതം പരമിതപ്പെടുത്തി. എവിടെയും 20ല്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്കി. വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ല.
വീട്ടില്‍ നിരീക്ഷണം
ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്ലൈന്‍ പുറത്തിറക്കിയിരുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്ലൈന്‍ അടിസ്ഥാനമാക്കി ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.
രോഗലക്ഷണമില്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കും.
സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലുള്ള പലരും പറയുന്നത് ‘ഞങ്ങള്‍ വീട്ടില്‍ പൊയ്ക്കോളാം എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അറിയിച്ചാല്‍ പോരേ’ എന്നാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല. താല്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം.
കോവിഡ് പ്രതിരോധത്തിനായി പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്റൈന്. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ വീട്ടില്‍ ടോയിലറ്റ് ഉള്ള ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുന്ന രീതിയാണ് ഹോം ക്വാറന്റൈന്. ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷത്തിനും പുറത്തിറങ്ങിയാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന അവബോധം ഉണ്ട്. പ്രിയപ്പെട്ടവരെ രോഗത്തിലേക്ക് തള്ളി വിടാന്‍ ആരും തയ്യാറല്ലല്ലോ. വളരെ കുറച്ച് പേരാണ് ക്വാറന്റൈന് നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുള്ളത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഹോം ക്വാറന്റൈന് നടപ്പിലാക്കിയപ്പോഴും അന്നും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. മിറ്റിഗേഷന്‍ മെത്തേഡ് നടപ്പിലാക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്റൈന് ലോകം തന്നെ അംഗീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളും ഹോം ക്വാറന്റൈനില്‍ കേരളത്തെ മാതൃകയാക്കുന്നുണ്ട്. ഇതിനിടയില്‍, ‘സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക്’ രോഗികളെ തള്ളിവിടുന്നു എന്ന പരിഹാസം എങ്ങനെ വിശേഷിക്കപ്പെടേണ്ടതാണ് എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
ഒരു കാര്യം കൂടി. സംസ്ഥാനത്ത് 29 കോവിഡ് ആശുപത്രികളിലായി 8715 ബെഡുകളും 25 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 984 ബെഡുകളും, 103 സിഎഫ്എല്‍ടിസികളിലായി 14,894 ബെഡുകളും 19 സ്വകാര്യ ആശുപത്രികളിലായി 943 ബെഡുകളും ഉള്‍പ്പെടെ മൊത്തം 176 സ്ഥാപനങ്ങളിലായി 25,536 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാസൗകര്യം ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല.
പൊലീസ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്മാര് നേരിട്ടോ അല്ലാതെയോ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്നതുവരെ ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും.
സംസ്ഥാനത്തിനകത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്
മാസ്ക് ധരിക്കാത്ത 5821 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന് ലംഘിച്ച ആറു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
കാലവര്‍ഷം
രണ്ടു ദിവസമായി വ്യാപകമായ മഴ ലഭിക്കുന്നു. കാലവര്‍ഷം ശക്തിപ്പെട്ടിട്ടുണ്ട്. മഴ പെയ്യുന്ന സ്ഥിതി ഉണ്ടായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയുണ്ടായി.
കോട്ടയം, വൈക്കം, കുമരകം, ചേര്‍ത്തല, എറണാകുളം സൗത്ത്, കണ്ണൂര്‍, വെള്ളാനിക്കര, കൊച്ചി, കക്കയം എന്നീ മേഖലകളില്‍ 24 മണിക്കൂറില്‍ 150 മില്ലിമീറ്ററില്‍ അധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതാണ് വെള്ളക്കെട്ട് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെങ്കിലും ആളുകളെ മാറ്റി താമസിപ്പിച്ചതുകൊണ്ട് അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചു. ഇന്നും നാളെയും കൂടി കാലാവസ്ഥ വകുപ്പ് ചില ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്.
അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകള്‍ക്ക് കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്.
ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി
കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധേയമായിരിക്കുന്നു. തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എംഎച്ച്ആര്‍ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിനേറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ ക്ലാസ് റൂം, ഐസിടി ലാബ്, ഓണ്‍ലൈന്‍ പ്രവേശനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എംഎച്ച്ആര്‍ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15ഉം കേരളം നേടിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ട്രോളിങ്
കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗസ്ത് അഞ്ചുമുതല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും. എല്ലാ ബോട്ടുകളും രജിസ്ട്രേഷന് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണ്. കണ്ടെയിന്മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാല്‍, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം. കണ്ടെയിന്മെന്റ് സോണില്‍നിന്ന് മത്സ്യവില്പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കും.
മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതും.
ഫയാസിന് അഭിനന്ദനം
എത്ര വലിയ പ്രശ്നങ്ങള്‍ക്കു നടുവിലും തളരാതെ മുന്നോട്ടുപോകാന്‍ ഒരു സമൂഹത്തിന്റെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഈ ഘട്ടത്തില്‍ നമ്മളെല്ലാവരും പരസ്പരം പ്രചോദിപ്പിച്ചേ തീരൂ.
ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫയാസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകള്‍ നമ്മളൊന്നാകെ സ്വീകരിച്ച് ഹൃദയത്തോടു ചേര്‍ത്തതും മറ്റൊന്നും കൊണ്ടുമല്ല. പരാജയങ്ങള്‍ക്ക് മുന്നില്‍ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാന്‍ ഓര്‍മിപ്പിക്കുന്ന ആ കുഞ്ഞിന്റെ നിഷ്ക്ളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറി.
ഫയാസ് തന്റെ ചിന്തകളെ വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തികളിലൂടെ മാതൃക തീര്‍ക്കുക കൂടി ചെയ്തിരിക്കുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയിരിക്കുന്നു. ഇന്ന് മലപ്പുറം കലക്ടര്‍ അത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. ബാക്കി തുക ഒരു നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു.
ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹികബോധമാണ് ഒരു കൊച്ചുകുട്ടി നമുക്ക് പകര്‍ന്നു തന്നത്. ആ പ്രതീക്ഷയും ദയാവായ്പുമാണ് നമ്മെ നയിക്കേണ്ടത്. ഫയാസിനേയും അവനു പിന്തുണ നല്കിയ രക്ഷിതാക്കളേയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.
സഹായം
കാസര്‍കോട് ജില്ലയിലെ ഇളംമ്പച്ചി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പിടിഎയും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് 33 കുട്ടികള്‍ക്ക് ടി.വി വിതരണം ചെയ്തു.
കുലശേഖരപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് ജീവന് രക്ഷാമരുന്നുകള്‍ സൂക്ഷിക്കുന്നതിനായി അഞ്ചു റഫ്രിഡ്ജറേറ്ററുകള്‍ കൈമാറി.
ദുരിതാശ്വാസം
കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 14,93,919 രൂപ.
മഹിളാ അസോസിയേഷന് മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി രൂചിക്കൂട്ട് ചലഞ്ചിലൂടെ സ്വരൂപിച്ച 1,20,000 രൂപ.
ചെറുവത്തൂര്‍ തുരുത്തിയിലെ സിപിഐഎം കാവുംചിറ, ഓര്‍ക്കുളം ബ്രാഞ്ചുകളും എകെജി ക്ലബ്ബും ചേര്‍ന്ന് 61,400 രൂപ.
ആലത്തൂരിലെ അത്തിപ്പൊറ്റ വായനശാലയുടെ നേതൃത്വത്തില്‍ പാലട പ്രഥമന്‍ ചലഞ്ചിലൂടെ ശേഖരിച്ച 55,555 രൂപ.
മഹിളാ അസോസിയേഷന് കല്യാട് വില്ലേജ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 40,000 രൂപ.
തൃക്കരിപ്പൂര്‍ ഉദിനൂരിലെ നടക്കാവ് വി.വി. ബാബുരാജ് 50,000 രൂപ.
കര്‍ഷക തൊഴിലാളി യൂണിയന് പെരളം നോര്‍ത്ത് വില്ലേജ് കമ്മറ്റി 30,000 രൂപ
ചെന്താര തുരുത്തിമുക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 33,670 രൂപ.
നീലേശ്വരം പള്ളിക്കരയിലെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച കെ. ലക്ഷ്മണന് പെന്ഷന് തുക 25,800 രൂപ.
വെസ്റ്റ് എളേരി വരക്കാട് സ്ട്രൈക്കേഴ്സ് ക്ലബ്ബ് 25,450 രൂപ.
കയ്യൂര്‍ ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം 25,000 രൂപ.
പിലിക്കോട് ചന്തേര ചെമ്പിലോട്ട് ക്ഷേത്രം, മാണിയാട്ട് ഊരു കമ്മറ്റി 25000 രൂപ.
കരിവെള്ളൂര്‍, കുണിയന്‍ സൂര്യോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 15,000