Month: July 2020

വാര്‍ത്താകുറിപ്പ്: 09-07-2020

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ വഴിയാണ് കിറ്റുകൾ വീട്ടിൽ എത്തിക്കുക. കേന്ദ്ര വിഹിതമുള്‍പ്പെടെ 81.37 കോടി രൂപയാണ് ഇതിന് ചെലവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഭക്ഷ്യകിറ്റുകളും ഇതേ രീതിയില്‍ വിതരണം ചെയ്യും.

സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വിജയപ്രദമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി. അക്കാര്യത്തില്‍ നാടും നാട്ടുകാരും സ്ഥാപനങ്ങളും വ്യക്തികളും നല്ലനിലയില്‍ സഹായിച്ചു.

ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാതെ ഏതെങ്കിലും കുട്ടികള്‍ ഇനിയും ഉണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരം ഉണ്ടാക്കും. കുട്ടികള്‍ കളിച്ചും പഠിച്ചും വളരുന്നവരാണ്. ക്ലാസുമുറിയുടെയോ സ്കൂളിന്‍റെയോ അന്തരീക്ഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭിക്കില്ല. ഇത് ഒരു താല്‍കാലിക സംവിധാനമാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ സജ്ജമായാല്‍ ഒരു നിമിഷം താമസിയാതെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ ജീവന്‍ബാബു. കെ, സിവില്‍ സപ്ലൈസ് വകുപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 03-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

211 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 201 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 138 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 39 പേര്‍. സമ്പര്‍ക്കം 27. സിഐഎസ്എഫ് 6. എയര്‍ക്രൂ 1.

രോഗം ബാധിച്ചവരുടെ 200 കടന്നിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിരിക്കുന്നു. ഇന്ന് സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12.

കഴിഞ്ഞ 24 മണിക്കൂറിനകം 7306 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4964 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2098 പേരാണ്. 1,77,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്നു 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,91,773 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4834 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130.

രോഗവ്യാപനത്തിന്‍റെ തോത് വലുതാവുകയാണ്. ഒരു ദിവസം 200 കടന്നത് ആദ്യമാണ്. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തേയുള്ളതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണ്ടതുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്‍റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകും വിധം ഇതുവരെ നമുക്ക് ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്.

എന്നാല്‍, ഈ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നതു കണ്ടു. അന്യദേശങ്ങളില്‍ നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ വാര്‍ത്തകളാണ് വന്നത്.

ഇന്ന് കണ്ടത് കോട്ടയത്തുനിന്നുള്ള വിഷമകരമായ ഒരു അനുഭവമാണ്. ബംഗളൂരുവില്‍നിന്ന് എത്തി 14 ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും വീട്ടില്‍ കയറാനാകാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കലക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓര്‍ക്കണം.

എവിടെയാണ് മനുഷ്യത്വം. സാധാരണ നിലയ്ക്ക് ക്വാറന്‍റൈനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്‍റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണ് എന്നത് അത്തരം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.

വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് ഈ നാടിന്‍റെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. വരുന്നവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടാകാം. അത് പകരാതിരിക്കാനാണ് ക്വാറന്‍റൈന്‍. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ക്വാറന്‍റൈന്‍ നടപ്പിലാക്കിയാല്‍ രോഗം പകരാതെ തടയാന്‍ സാധിക്കും.

ക്വാറന്‍റൈന്‍ എന്നത് ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് വിഷമം ഉള്ള കാര്യമാണം തന്നെയാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടിവരികയാണ്. രോഗം ഇല്ലെങ്കില്‍ കൂടി നമ്മുടെ സഹോദരങ്ങള്‍ അതിനു തയ്യാറാകുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളില്‍ വലിയൊരു ശതമാനവും വരുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നല്‍കാന്‍ നാമാകെ ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

കോവിഡ് രോഗവ്യാപനത്തിന്‍റെ സ്വഭാവം മനസ്സിലാക്കിയാണ് ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചത്. പുറമേ നിന്ന് വരുന്നവര്‍ പ്രത്യേക മുറിയില്‍ താമസിച്ച് റൂം ക്വാറന്‍റൈനിലാണ് ഏര്‍പ്പെടേണ്ടത്. വീട്ടിലുള്ളവര്‍ മാസ്ക് ധരിക്കുകയും പുറമേ നിന്ന് വരുന്നവരുമായി ശാരീരിക അകലം പാലിക്കുകയും വേണം. ക്വാറന്‍റൈനില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കാനായി വാര്‍ഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെല്‍പ്പ്ലൈനും ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

ഈ മഹാമാരിയെ തടുത്തുനിര്‍ത്താന്‍ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവര്‍ ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാം എന്നാണ്. ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുമുണ്ട്.

തലസ്ഥാന ജില്ല എന്ന നിലയില്‍ വിവിധ തുറകളില്‍പ്പെട്ട നിരവധി ആളുകള്‍ തിരുവനന്തപുരത്ത് വന്നുപോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പാളയത്തെ സാഫല്യം കോംപ്ലക്സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വഞ്ചിയൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുമാണ്. അടുത്തയാള്‍ മത്സ്യ കച്ചവടക്കാരനാണ്. ഇവരെല്ലാം നിരവധി ആളുകളുമായി ദിവസേന സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല.

സെക്രട്ടറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ-ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. സെക്രട്ടറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്‍റിനല്‍ സര്‍വയ്ലന്‍സ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസള്‍ട്ടാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്.

നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടെ. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാകുകയുള്ളൂ.

മാര്‍ച്ച് മാസം തൊട്ട് നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിശ്രമമില്ലാത്തതാണ്. ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്‍റ് റെസ്ക്യു തുടങ്ങിയ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധസേനയും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിന്‍റെ എല്ലാ തലത്തിലുമുള്ള ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു. അവര്‍ക്ക് തുടര്‍ച്ചയായ ഈ പ്രവര്‍ത്തനത്തിനിടെ ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതൊഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. വിവിധസ്ഥലങ്ങളില്‍ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയില്‍ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ടാക്സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍പോട്ടില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടില്‍ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.

റിവേഴ്സ് ക്വാറന്‍റൈന്‍ കൂടുതല്‍ ശക്തമാക്കണമെന്ന് കണ്ടിട്ടുണ്ട്. കൂടുതല്‍ റിസ്കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് വളണ്ടിയര്‍മാര്‍

757 വനിതകള്‍ ഉള്‍പ്പെടെ 7592 പേര്‍ പൊലീസ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേര്‍. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകള്‍ ഉള്‍പ്പെടെ 2364 വളണ്ടിയര്‍മാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

മാസ്ക് ധരിക്കാത്ത 4716 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സൗദി അറേബ്യയില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് നാട്ടിലെത്തുന്ന കുട്ടികളുടെ തുടര്‍പഠനം ടിസി ലഭിക്കാത്തതുമൂലം തടസ്സപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം കെഎംസിസി പ്രതിനിധികള്‍ വന്ന് കണ്ടിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്‍റെ ഭക്ഷ്യക്കിറ്റ്

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സപ്ലൈക്കോ മുഖാന്തിരം സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. പ്രഥമാദ്ധ്യാപകര്‍ക്കാണ് സ്കൂളുകളിലെ കിറ്റ് വിതരണത്തിന്‍റെ മേല്‍നോട്ട ചുമതല.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്.

സഹകരണ ദിനം

നാളെ അന്താരാഷ്ട്ര സഹകരണ ദിനമാണ്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്.

ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് നല്‍കുന്നത്. പുനരുജ്ജീവന പദ്ധതികളില്‍ സഹകരണ മേഖല ക്രിയാത്മകമായ പങ്കുവഹിക്കും. ‘സുഭിക്ഷ’ പദ്ധതിയുടെ നടത്തിപ്പിലും സഹകരണ മേഖലയുടെ പങ്കാളിത്തം വലുതാണ്.

നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അതിനെ എല്ലാം മറികടന്നാണ് നമ്മുടെ സഹകരണ മേഖല ശക്തിപ്പെട്ടുവന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

സഹായം

കോവിഡ് 19 മുന്നണി പോരാളികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കള്‍ക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ട്യൂഷന്‍ ഫീസില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവു നല്‍കിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. ഫൗണ്ടേഷനെ അഭിനന്ദിക്കുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാവുന്നതാണ്.

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്കീം എഡ്യുഹെല്‍പ്പ് പദ്ധതി മുഖേന ഇതുവരെ 820 ടിവികള്‍, 170 മൊബൈല്‍ ഫോണുകള്‍, 26 ലാപ്പ്ടോപ്പുകള്‍, 56 കേബിള്‍ കണക്ഷനുകള്‍, 42 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവ കൈമാറി. 1123 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിച്ചത്.

ദുരിതാശ്വാസ നിധി

അമേരിക്കന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (എഎല്‍എ) 10 ലക്ഷം രൂപ

കേരള ഈറ്റ കാട്ടുവള്ളിപന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 5 ലക്ഷം രൂപ

ഇന്‍കം ടാക്സ് ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ കേരള ഘടകം 3,50,000 രൂപ

സെക്രട്ടറിയേറ്റ് എല്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് കേരള 2,38,000 രൂപ

കൊടുങ്ങലൂര്‍, എറിയാട് പരേതനായ കടമ്പോട്ട് സെയ്തു മുഹമ്മദിന്‍റെയും ഭാര്യ നഫീസയുടെയും സ്മരണാര്‍ത്ഥം കുടുംബം 2,25,000 രൂപ

സിപിഐ എം പാറാല്‍തെരു ബ്രാഞ്ച് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 1,02,408 രൂപ

തൃശൂരിലെ പഴയന്നൂര്‍ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ 1 ലക്ഷം രൂപ

ബ്രണ്ണന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ

പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ 50,000 രൂപ

സിപിഐ എം കളിയാംവെള്ളി ബ്രാഞ്ച് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ

തിരുവനന്തപും നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 50,000 രൂപ

പൂവച്ചല്‍ പഞ്ചായത്തിലെ ഡോക്ടര്‍ എസ് രാജേന്ദ്രന്‍റെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് കുടുംബം 30,000 രൂപ കൈമാറി.

സിപിഐ എം കരക്കണ്ടം ബ്രാഞ്ച് 25,110 രൂപ.

പിക്കോസ് പിണറായിയില്‍ 28 വര്‍ഷത്തെ സേവനത്തിനു ശേഷം പിരിഞ്ഞ തൊഴിലാളി പി. പവിത്രന്‍ തനിക്കു തൊഴിലാളികള്‍ നല്‍കിയ സ്വര്‍ണ മോതിരം കൈമാറി.

വാര്‍ത്താകുറിപ്പ്: 01-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

151 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 132 പേര്‍ രോഗമുക്തി നേടി.

ഇതിന്‍റെ വിശദാംശങ്ങളിലേക്ക് വരുന്നതിനു മുമ്പ് ഇന്നത്തെ ദിവസത്തിന്‍െറ പ്രാധാന്യം പറയേണ്ടതുണ്ട്.

ഇന്ന് ഡോക്ടേഴ്സ് ഡേ ആണ്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തിന്‍റെ അടിത്തറകളിലൊന്ന്. ലോകത്തിന്‍റെ നാനാകോണുകളിലും ജീവന്‍ വരെ ബലികൊടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരെ പടപൊരുതുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരികെ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലെന്നും മരണനിരക്ക് വലുതായി വര്‍ധിച്ചിട്ടില്ലെന്നതും നമുക്ക് ആശ്വാസം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തുടര്‍ന്നും കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പുണ്ട്.

ഡോ. ബി.സി. റോയിയുടെ ജډദിനമാണ് ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാര്‍പ്പണം ചെയ്യുന്ന ഡോക്ടര്‍മാരാണ് ഈ ദിനത്തില്‍ ആദരിക്കപ്പെടുന്നത്.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകമാദരിക്കുന്ന കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തിന്‍റെ കീര്‍ത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍ കേരളത്തില്‍ മാത്രമല്ല, മറ്റിന്ത്യന്‍ സംസ്ഥാനങ്ങളിലും പല ലോക രാജ്യങ്ങളിലും സേവനത്തിന്‍റേതായ പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. ഈ ദുരിത നാളുകളിലും കേരളത്തിന്‍റെ അംബാസഡര്‍മാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് അവര്‍ കാഴ്ചവെക്കുന്നത്. അവരെയാകെ ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 86 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51 പേര്‍. സമ്പര്‍ക്കം 13. ജൂണ്‍ 27ന് കോഴിക്കോട്ട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍റെ (68) സ്രവപരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 16, എറണാകുളം 12, കാസര്‍കോട് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3, കോട്ടയം 4, ഇടുക്കി 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16.

കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,81,780 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4042 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,448 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പൊലീസ് കര്‍ശനജാഗ്രത പുലര്‍ത്തിവരികയാണ്. ഉത്തരമേഖലാ ഐജി അശോക് യാദവ് പൊന്നാനിയില്‍ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

പച്ചക്കറിക്കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്ക് വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. ഈ കടകളുടെ മൊബൈല്‍ നമ്പര്‍ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനസാമഗ്രികള്‍ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കാം. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ ജില്ലാ കളക്ടര്‍ പാസ് നല്‍കിയ വളണ്ടിയര്‍മാര്‍ കടകളില്‍ നിന്ന് സാധനസാമഗ്രികള്‍ വീട്ടില്‍ എത്തിച്ചുനല്‍കും.

സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ വാര്‍ഡ്തല സമിതികളെ അറിയിക്കണം.

മാസ്ക് ധരിക്കാത്ത 5373 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

തീവണ്ടികളിലും മറ്റും വരുന്നവര്‍ ക്വാറന്‍റൈന്‍ ഒഴിവാക്കാന്‍ ശ്രമം നടത്തുന്നതായി വിവരമുണ്ട്. അത് അപകടകരമാണ്. നല്ല ജാഗ്രതയോടെ അത്തരം നീക്കങ്ങള്‍ കണ്ടെത്തി തടയും.

പൊതു ഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തും.

ടെലിമെഡിസിന്‍ ആരംഭിച്ചത് ഈ ഘട്ടത്തില്‍ ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അത് പ്രാദേശികതലത്തില്‍ വ്യാപിപ്പിക്കണം. എല്ലായിടത്തും അതിനുള്ള സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്‍റെ ഭാഗമാക്കണം. കോവിഡ് ചികിത്സ ഇപ്പോള്‍ നടത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്. ഇതിന്‍റെ അനുഭവം സ്വകാര്യ മേഖലയ്ക്കു കൂടി പങ്കുവെക്കണം.

ഈ ഘട്ടത്തില്‍ ജോലിക്കുപോകാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകണമെന്ന് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തന രംഗത്തുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ പിന്തുണയാകും. കാസര്‍കോട് ജില്ലയില്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മാതൃകാപരമായ ഇടപെടല്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകര്‍ വാര്‍ഡ്തല സമിതികളുടെ ഭാഗമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണ്. ഈ മാതൃക മറ്റു ജില്ലകളിലും പിന്തുടരണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

രോഗബാധിതരുടെ എണ്ണം കൂടുകയാണ്. സമൂഹവ്യാപനത്തിന്‍റെ ആശങ്കയില്‍നിന്ന് നാം മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടതുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരും മറ്റു രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇടപെടും. ഫീല്‍ഡ്തല നിരീക്ഷണവും റിപ്പോര്‍ട്ടിങ്ങും കൂടുതല്‍ ഫലപ്രദമാക്കും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരവും ശേഖരിക്കും.

ആംബുലന്‍സുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നു എന്നുറപ്പാക്കും. പരാതികള്‍ വരുന്നിടത്ത് ഇടപെട്ട് നടപടി സ്വീകരിക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭ്യമാകും എന്നതിന് കൃത്യത വരുത്തും.

സംസ്ഥാനത്ത് മെയ് ഏഴിനുശേഷം ഇന്നലെ വരെ 870 വിമാനങ്ങളും 3 കപ്പലുകളും വിദേശങ്ങളില്‍നിന്ന് വന്നിട്ടുണ്ട്. 600 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വന്നത് യുഎഇയില്‍ നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നത്. കോഴിക്കോട്ട് 222ഉം കൊച്ചിയില്‍ 201ഉം കണ്ണൂരില്‍ 104 ഉം തിരുവനന്തപുരത്ത് 67ഉം വിമാനങ്ങളെത്തി.

ആകെ വന്ന 1,43,147 പേരില്‍ 52 ശതമാനവും (74,849) തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീര്‍ന്ന 46,257 പേരെത്തി. കേരളം ഇന്നലെ വരെ 1543 ഫ്ളൈറ്റുകള്‍ക്കാണ് അനുമതിപത്രം നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ക്കായി അനുമതിപത്രം ലഭിക്കുന്നുണ്ട്. ആര്‍ക്കും നിഷേധിക്കുന്നില്ല.

ഡ്രീം കേരള പദ്ധതി

കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്‍റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്.

2018ലെ സര്‍വെ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്.

പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും തിരികെ എത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ വന്ന ശേഷം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭ രൂപീകരിച്ചത്. ഇതു കൂടാതെ, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

എന്നാല്‍ കോവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായ-വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഈ പ്രശ്നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്‍റെയടിസ്ഥാനത്തില്‍ ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കയാണ്.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്‍റെ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്‍റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്‍റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.

ഓരോ ആശയവും നടപ്പാക്കുന്നതില്‍ വിദഗ്ദോപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്കു രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ വകുപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.

ഇതിനു വേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.

പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. അബ്രഹാം ചെയര്‍മാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ് സഹസ്ഥാപകന്‍), സി. ബാലഗോപാല്‍ (ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍), സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

ഡ്രീം കേരള കാമ്പയിന്‍, ഐഡിയത്തോണ്‍ – ജൂലൈ 15 മുതല്‍ 30 വരെ.

സെക്ടറല്‍ ഹാക്കത്തോണ്‍ – ആഗസ്റ്റ് 1 മുതല്‍ 10 വരെ.

തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍ – ആഗസ്റ്റ് 14.

പദ്ധതി നിര്‍വഹണം – 100 ദിവസം. 2020 നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കണം.

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് പദ്ധതി

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.

കെഎസ്എഫ്ഇ ‘വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും. കുടുംബശ്രീയുമായി ചേര്‍ന്നാണ് ഇത് പ്രവാര്‍ത്തികമാക്കുക. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നുമാസം മുടക്കം തവണകള്‍ അടക്കുന്നവര്‍ക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്പ്ടോപ്പ് കെഎസ്എഫ്ഇ മുഖേന വായ്പയായി നല്‍കും. വായ്പയുടെ പലിശ 4 ശതമാനം കെഎസ്എഫ്ഇയും 5 ശതമാനം സര്‍ക്കാരും വഹിക്കും.

ഈ പദ്ധതി വഴി ലാപ്പ്ടോപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്സിഡി ലഭ്യമാക്കാനും ശ്രമിക്കും.

യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി

2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതികളും നേരിടുന്നതില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജന സമൂഹം അഭിമാനകരമായ പങ്കാണ് വഹിച്ചത്. ഇവരുടെ ത്യാഗമനോഭാവവും മനുഷ്യസ്നേഹവും വിവിധ രംഗങ്ങളിലുള്ള വൈദഗ്ധ്യവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

ഈ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് 3,43,000 പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഇതിന് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഇതിനകം തന്നെ 3,47,000 പേര്‍ വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ വലിയ പങ്ക് 18നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

യുവസമൂഹത്തിന് ദിശാബോധം നല്‍കാനും അവരെ ഭാവി നേതാക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് ഭരണരംഗത്തും നിയമകാര്യങ്ങളിലും പരിശീലനം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഭരണഘടനയെപ്പറ്റിയും പ്രധാന നിയമങ്ങളെപ്പറ്റിയും അറിവ് നല്‍കുക, ദുരന്തപ്രതികരണത്തിലും വിവിധ തൊഴിലുകളിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിക്ക് ഉണ്ട്.

ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള വിശദമായ നിര്‍ദേങ്ങള്‍ തയ്യാറാക്കുന്നതിന് സാമൂഹിക സന്നദ്ധ സേനാ ഡയറക്ടര്‍ അമിത് മീണയെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് ഇതിനു വേണ്ടി രൂപീകരിക്കുന്നതാണ്.

ബസ് ചാര്‍ജ് വര്‍ധനവ്

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ (കോവിഡ് കാലത്തേക്കുള്ള സ്പെഷ്യല്‍ നിരക്ക്) നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

മിനിമം ചാര്‍ജില്‍ മാറ്റമില്ല. നിലവിലുള്ള മിനിമം ചാര്‍ജ് 8 രൂപ എന്നത് തുടരും. എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്റര്‍ എന്നത് 2.5 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

കിലോമീറ്റര്‍ ചാര്‍ജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് നിലവിലുള്ളതു തന്നെ തുടരും. ഇതിന്‍റെ വിശദാംശങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ടല്ലൊ.

പാഠപുസ്തക വിതരണം

2020-21 അധ്യയന വര്‍ഷത്തിലെ പാഠപുസ്തകവിതരണം ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നീണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി.

പത്തനംതിട്ടയില്‍ 48 ശതമാനം, കോഴിക്കോട് 38 ശതമാനം, കോട്ടയം 27.69 ശതമാനം, കണ്ണൂര്‍ 23.50 ശതമാനം എന്ന തോതിലാണ് വിതരണം നടന്നിട്ടുള്ളത്. കാസര്‍കോട് 18.62 ശതമാനവും കൊല്ലത്ത് 11.74 ശതമാനവും വിതരണം നടന്നിട്ടുണ്ട്. സംസ്ഥാനത്താകെ 54.94 ശതമാനമാണ് വിതരണം നടന്നിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ സമ്പൂര്‍ണ്ണമായി 15 ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി

ഇന്നലെ വന്ന എസ്എസ്എല്‍സി ഫലത്തില്‍ വിജയശതമാനം 98.82 ആണ്. ഇത് റെക്കോഡാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ ഘട്ടത്തില്‍ പോലും സമയബന്ധിതമായി പരീക്ഷ നടത്താനും റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞതില്‍ വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിക്കുന്നു.

പരീക്ഷകളില്‍ പങ്കാളികളായ എല്ലാ കുട്ടികളെയും കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിയ അധ്യാപകരെയും അനധ്യാപകരെയും രക്ഷകര്‍ത്താക്കളെയും വിവിധ വകുപ്പുകളെയും സഹായിച്ചവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ഇത് സമൂഹത്തിന്‍റെ കൂട്ടായ്മയുടെ വിജയമാണ്.

കോവിഡ് കാലമായതിനാല്‍ തുടര്‍പഠനത്തിന് ആവശ്യമായ ചില സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത എളുപ്പമല്ല. അതുകൊണ്ട് പ്രവേശനഘട്ടതിതല്‍ നേരത്തേയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി എന്നു നിര്‍ദേശിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

സിപിഐ മുന്‍ എംഎല്‍എമാരും എംപിമാരും വിവിധ സംഘടനങ്ങളും ചേര്‍ന്ന് 24,25,976 രൂപ

കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ 4,54,592 രൂപ

ഹംദ മുഹമ്മദ് നവാസ്, ദി മോഡല്‍ സ്കൂള്‍ അബുദാബി 3 ലക്ഷം രൂപ

കോഴിക്കോട് ജില്ലയിലെ റിട്ടയര്‍ഡ് റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഓര്‍മ്മ 1 ലക്ഷം രൂപ

ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രെണ്ട് 50,001 രൂപ

കേരള മഹിള സംഘം, തലയോലപ്പറമ്പ് 41,452 രൂപ.

കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ചേളാരി യൂണിറ്റ് തേഞ്ഞിപ്പാലം 61,000 രൂപ.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടി

അദ്ദേഹം ഉത്തരവാദപ്പെട്ട ഉയര്‍ന്ന പദവിയിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ‘ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്’. അത് സമര്‍ത്ഥിക്കാന്‍ ഫയലിന്‍റെ ഒരു ഭാഗവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയുണ്ടായി.

ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതില്‍ ഇതില്‍ ഒരു വാചകം എഴുതിയിട്ടുണ്ട്.
‘ചീഫ് സെക്രട്ടറി കാണുക’ എന്നതാണ് ആണ് ആ വാചകം. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.

അതിനര്‍ത്ഥം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്. ഇത് എന്തിനാണ് പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത്? പ്രതിപക്ഷ നേതാവ് പറയുന്ന ഫയലില്‍ ഒരു തവണ മാത്രമല്ല മുഖ്യമന്ത്രി ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടത്. ഫയല്‍ അദ്ദേഹത്തിന്‍റെ കൈയിലുണ്ടല്ലൊ. ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കണം.

കഴിഞ്ഞദിവസം ഞാനൊരു കാര്യം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണമെന്ന്. ഇപ്പോഴും പറയുന്നു- ഉറപ്പു വേണം. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് നമ്മുടെയാകെ വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്.

തെറ്റായ കാര്യങ്ങള്‍ ഓരോ ദിവസം പറയുകയും അതിനു നിങ്ങള്‍ മറുപടി തേടുകയും ചെയ്യുന്നത് വൃഥാ വ്യായാമമാണ്. എന്നാല്‍, ഒരുകാര്യം ഉറപ്പിച്ചു പറയാം. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യമായ പദ്ധതികള്‍ ഉപേക്ഷിക്കുവാനും പോകുന്നില്ല.

ഇലക്ട്രിക് ബസ് നിര്‍മാണത്തിനുള്ള പദ്ധതി കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതായി വിവരമുണ്ട്. അത്തരം ഒരു ശ്രമത്തിന് വളംവെച്ചുകൊടുക്കാന്‍ തയ്യാറാവരുത് എന്നാണ് പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

ആദ്യമായി പറയാനുള്ളത് കേരളത്തെ വൈദ്യുത വാഹന നിര്‍മാണത്തിന്‍റെ ഹബ്ബാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ രൂപീകരിച്ച വൈദ്യുത വാഹന നയത്തിന്‍റെ പ്രധാന ലക്ഷ്യം എന്നതാണ്. അത് കുറേ വൈദ്യുതി ബസുകള്‍ ഉണ്ടാക്കുക എന്നതിലേക്ക് ചുരുക്കിക്കാണരുത്. വൈദ്യുതി ബസുകള്‍ ഉള്‍പ്പെടെയുള്ളവ നിരത്തിലിറക്കി പൊതുഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹൃദമാക്കുക, വൈദ്യുത വാഹന നിര്‍മാണ മേഖലയിലും അനുബന്ധ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഇതിനോടൊപ്പം ബാറ്ററി നിര്‍മാണം അടക്കമുള്ള അനുബന്ധ വ്യവസായങ്ങളും സംസ്ഥാനത്തേക്കു വരും. വൈദ്യുത വാഹനനിര്‍മാണം പുരോഗമിക്കുമ്പോള്‍ തന്നെ ഐടി, ബിടി, ആഗ്രോ വ്യവസായങ്ങളും വളരുകയാണ്. ഇങ്ങനെ വ്യവസായ മേഖലയെ പരസ്പരബന്ധിതവും കാലാനുസൃതവുമായ പുതിയ തലത്തിലേക്ക് ഉണര്‍വുനല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. അതിനെ ചുരുക്കിക്കാണിക്കാനും വിവാദങ്ങളുയര്‍ത്തി തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ജനവിരുദ്ധമാണ്.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിക്കുമേല്‍ സെബി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിഡബ്ല്യുസിയുടെ കാര്യം വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതല്ലാതെ തന്നെ ചോദിക്കട്ടെ – സെബിയുടെ നിരോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പിഴവ് വരുത്തി എന്ന കാരണം പറഞ്ഞ് സെബി, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ബംഗളൂരു എല്‍എല്‍പി എന്ന സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയത് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിങ് നടത്തുന്നതില്‍ നിന്നും രണ്ടുവര്‍ഷത്തേക്കുള്ള വിലക്കാണ്.
25.03.2019ന് നിക്സി എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികളുടെ ലിസ്റ്റ് താഴെ പറയുന്നു:

1. ഡെലോയിറ്റ് ട്യൂഷ്യേ തൊമാത്സു ഇന്ത്യ
2. ഏണ്‍സ്റ്റ് ആന്‍റ് യങ്
3. കെപിഎംജി
4. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
5. വിപ്രോ ലിമിറ്റഡ്

കണ്‍സള്‍ട്ടന്‍സിക്ക് വിലക്ക് ഉണ്ടെങ്കില്‍ നിക്സി അതു പറയില്ലേ? നിക്സി ഇങ്ങനെ പാനല്‍ തയ്യാറാക്കുമോ? വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ചും യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിച്ചും പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാകുമോ എന്ന ശ്രമമല്ലേ പ്രതിപക്ഷ നേതാവിന്‍റേത്?

അദ്ദേഹം ഉന്നയിച്ച മറ്റൊരു വിഷയം ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്തേക്ക് ഹെസ്സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനെ സംബന്ധിച്ചാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നയത്തിനനുസരിച്ചാണ് ഇ-വെഹിക്കിള്‍ പോളിസി സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി സത്വരമായ നടപടികള്‍ സ്വീകരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട.

2018 മെയ് 15ന് സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇ.വി. റോഡ്മാപ്പ് തയ്യാറാക്കാന്‍ ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. 2018 ജൂണ്‍ 18ന് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേര്‍ന്ന് കരട് വൈദ്യുത വാഹന നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2018 ജൂണ്‍ 27ന്‍റെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജൂലൈ 9ന് ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.

2018 നവംബര്‍ 30, ഡിസംബര്‍ 21 എന്നീ തീയതികളിലെ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കുറിപ്പുകള്‍ പ്രകാരമാണ് ഹെസ് കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചത് സര്‍ക്കാരിന്‍റെ മുന്നില്‍ പരിഗണനയ്ക്കായി എത്തുന്നത്. അവരുടെ സംഘം കെഎസ്ആര്‍ടിസി, കേരള ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വ്യവസായ, ഗതാഗത വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തില്‍ ബസ് ബോഡി നിര്‍മാണത്തിനായുള്ള ഒരു ജോയിന്‍റ് വെന്‍ച്വര്‍ യൂണിറ്റ് സ്ഥാപിച്ച് അസംബ്ലിങ് നടത്തുന്നതിനും താല്‍പര്യം ഹെസ്സ് അറിയിച്ചു. താല്‍പര്യമുള്ള മറ്റു കമ്പനികള്‍ ഉണ്ടോ എന്നറിയാന്‍ കെഎഎല്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. മറ്റൊരു കമ്പനിയും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ഹെസ്സുമായി മുന്നോട്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചു. ഇതിനായി കരട് ധാരണാപത്രം സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

ഈ ഫയലിന്‍റെ ഭാഗമായി 2018 നവംബര്‍ 30ന് സമര്‍പ്പിച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ‘ചീഫ് സെക്രട്ടറി കാണുക’ എന്ന് അഭിപ്രായപ്പെട്ടത്. 2018 ഡിസംബര്‍ 21ന് സമര്‍പ്പിക്കപ്പെട്ട ഫയലില്‍ ഹെസ്സുമായുള്ള ധാരണാപത്രം നിയമവകുപ്പ് കാണണമെന്നും ധനകാര്യവകുപ്പിന്‍റെ അഭിപ്രായം തേടണമെന്നും നടപടി ത്വരിതപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി കുറിപ്പ് എഴുതിയത്. നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയത് എന്നു സാരം.

അതു പ്രകാരമാണ് ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഫയല്‍ പരിശോധിക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. എംഒയു ഒപ്പിടാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശമന്ത്രാലയത്തിന്‍റെ അനുമതി കൂടി ആവശ്യമാണ്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്യോഗസ്ഥ തലത്തില്‍ ഇതിന് അനുമതി തേടുകയും വിദേശമന്ത്രാലയം 2019 ജൂലൈ 22ന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇതെല്ലാം എങ്ങനെയാണ് തെറ്റാവുന്നത്? ആരോടും അഭിപ്രായം തേടാതെ മുഖ്യമന്ത്രി അംഗീകരിക്കുന്നതാണോ ശരി? മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനനുസരിച്ച് വിവിധ വകുപ്പുകള്‍ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്?

എംഒയു ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇപ്പോഴും പരിശോധനയിലാണുള്ളത്. എന്നാല്‍, വൈദ്യുത വാഹന നയത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുമില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അതിലാരും സംശയിക്കേണ്ടതില്ല. ബഹളംവെച്ച് ഒരു നിക്ഷേപക കമ്പനിയെ കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോയി വേറെ എവിടെയെങ്കിലും നട്ടുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുബുദ്ധികളുണ്ടെങ്കില്‍ അവരുടെ അജണ്ടയ്ക്കു പിന്നാലെ പോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല.

നമ്മുടെ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ഒരു കമ്പനി താല്‍പര്യമെടുത്തു വന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് നിലപാട്. ഈ നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരെ തേടി കെഎഎല്‍ താല്‍പര്യപത്രം വിളിച്ചകാര്യം നേരത്തേ പറഞ്ഞല്ലൊ.

നടത്താന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ അംഗീകാരങ്ങള്‍ നേടിയാല്‍ അത് നടത്താന്‍ അനുവദിക്കുക എന്നുള്ളതാണ് നിക്ഷേപ സൗഹൃദ നയം. കഴമ്പില്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങളെ ഇവിടുന്ന് ഓടിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ സ്വിസ് സന്ദര്‍ശനത്തിന്‍റെ ഭാഗമായാണോ സ്വിസ് കമ്പനി കേരളത്തിലേക്കു വരുന്നത്?

ഞങ്ങള്‍ യൂറോപ്പ് യാത്ര നടത്തിയത് 2019 മെയ് എട്ടു മുതലാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിലേക്ക് വരുന്നത് അതിനു മുമ്പത്തെ വര്‍ഷം, 2018 നവംബറിലാണ്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 01-07-2020

നഷ്ടപരിഹാരം നേരിട്ട് നല്‍കും

2019-ലെ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും തീരുമാനിച്ചു.

ധനസഹായം

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത മലപ്പുറം ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

തസ്തികകള്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് 15 അധ്യാപക തസ്തികകളും ഹെഡ് നഴ്സിന്‍റെ 1 തസ്തികയും സൃഷ്ടിക്കും. ഇതിനു പുറമെ കരാര്‍ / ദിവസവേതന അടിസ്ഥാനത്തില്‍ 86 അനധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കും.

കാലാവധി ദീര്‍ഘിപ്പിച്ചു

ഹൈക്കോടതിയിലെ 102 സര്‍ക്കാര്‍ അഭിഭാഷകരെ കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 2021 ജൂണ്‍ 21 വരെ പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.

അധിക ചുമതല

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിക്ക് കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.

ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന് ജലവിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.

കേരളാ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിക്ക് ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.