Month: September 2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 30-09-2020

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
…………………..

സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിൽ വിതരണം ചെയ്ത മാതൃകയിൽ സെപ്തംബർ മുതൽ ഡിസംബർ വരെ റേഷൻ കടകൾ മുഖേന വിതരണം ചെയ്യും. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകയിരുത്തും.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിർമിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കുന്നതിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയിൽ നിന്നും അനുവദിക്കും.

തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെ മെമ്പർമാരുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പാനലിന് അംഗീകാരം നൽകി. മുൻ ജില്ലാ സെഷൻസ് ജഡ്ജ്മാരായ കെ ശശിധരൻ നായർ, ഡി പ്രേമചന്ദ്രൻ,
പി മുരളീധരൻ എന്നിവരാണ് പാനലിൽ ഉള്ളത്.

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ പേട്ട – ഒരു വാതിൽ കോട്ട റോഡിന്റെ നവീകരണ പ്രവൃത്തികളോടൊപ്പം പുതുതായി സ്വീവേജും ശുദ്ധജല സംവിധാനങ്ങളും ക്രമീകരിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കും. ഇതിന്റെ ആദ്യ ഘട്ടം 10.11 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി.

കാസർകോട് ജില്ലയിൽ കോവിഡ് പ്രതിരോധത്തിന് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിർമിച്ച് സർക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കും.

പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കി സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഫയൽചെയ്ത പ്രഥമവിവര റിപ്പോർട്ടിനെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരെ ചുമതലപ്പെടുത്തി.

2020 – 21 വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നതിനും പരിഗണിക്കുന്നതിനും സർവ്വകലാശാലകൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തുന്ന വിധം കേരള, കോഴിക്കോട്, മഹാത്മാഗാന്ധി, കണ്ണൂർ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ആക്ടുകൾ ഭേദഗതി ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ അധ്യാപകർക്ക് യുജിസി അഞ്ചാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും ആറാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കേണ്ടതില്ലെന്നും ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുന്ന മാസത്തിന്റെ ഒന്നാം തീയതി മുതൽ മാത്രമേ പുതുക്കിയ ശമ്പളം പണമായി അനുവദിക്കുകയുള്ളൂ എന്നു മുള്ള വ്യവസ്ഥകളോടെയാണ് അംഗീകരിച്ചത്.

വാര്‍ത്താകുറിപ്പ്: 29-09-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
ഇന്ന് സംസ്ഥാനത്ത് 7354   പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 22 പേര്‍ മരണമടഞ്ഞു. 61791  പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6364 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 672   പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130   പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 52755   സാമ്പിളുകള്‍ പരിശോധന നടത്തി. 3420   പേര്‍ രോഗമുക്തരായി.

സർവ്വകക്ഷി യോഗം

കോവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവതാരവുമായ സാഹചര്യം മുൻനിർത്തി ഇന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു.

സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ നേരിടുന്നത്. ആദ്യഘട്ടത്തിൽ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം. മെയ് പകുതിയാകുമ്പോൾ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തിലൂടെ പ്രവർത്തിക്കുകയും ജനങ്ങളിൽനിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാക്കിയാണ് സർക്കാർ നീണ്ടുന്നത്. സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
എല്ലാ അർത്ഥത്തിലും രോഗവ്യാപനം പിടിച്ചു നിർത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമാണ്. എന്നാൽ സെപ്തംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വളർച്ചയാണുണ്ടായത്. പ്രതിദിന കേസുകൾ ഏഴായിരമായി വർധിച്ചു.

സമ്പർക്കത്തിലൂടെയാണ് തൊണ്ണൂറ്റിയാറ് ശതമാനം പേർക്കും രോഗം ബാധിക്കുന്നതു എന്നത് അതിവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടർന്നാൽ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുക, അതുകൊണ്ട് എന്ത് വിലകൊടുത്തും രോഗവ്യാപനം
പിടിച്ചു കെട്ടണം.
 
നിലവിലെ  നമ്മുടെ അവസ്ഥയും ചികിത്സാ സൗകര്യങ്ങളും ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത് കൊണ്ട് ആവർത്തിക്കുന്നില്ല.
എല്ലാവർക്കും അറിയുന്നതുപോലെ കോവിഡ്‌ വ്യാപനം തടയുന്നതിനുള്ള വർഗ്ഗ നിർദ്ദേശങ്ങൾ അതിന്റേതായ അർത്ഥത്തിൽ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ  അവസ്ഥയ്ക്ക് പ്രധാന കാരണം.  നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടണം. സർക്കാർ സംവിധാനങ്ങൾ അതിന് വേണ്ടി സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നല്ല ഇടപെടൽ ഉണ്ടാകണം.
പ്രതിഷേധ സമരങ്ങൾ ആരോഗ്യ പരിപാലന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കണം. പ്രതിഷേധ സമരങ്ങൾ നമ്മുടെ ജനാധിപത്യ അവകാശമാണ്. അതിനെ എതിർക്കാൻ ആർക്കും കഴിയില്ല. എന്നാൽ ഇന്ന് നാം നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ ആവശ്യമാണ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയേ പറ്റൂ. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യർത്ഥിച്ചു. ലോക്ക് ഡൗണിനു ശേഷം രാജ്യത്താകെ വിവിധ മേഖലകൾ തുറന്നു പ്രവർത്തിക്കുകയാണ്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു ഇത് ആവശ്യമാണ്.

കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതക്ക് നല്ല കുറവുണ്ടായതായി കാണുന്നു.  ഇതിന്‍റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നുമുണ്ട്.  ഇവിടെ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ സംവിധാനത്തോടൊപ്പം പ്രാദേശികതലത്തിലെ രാഷ്ട്രീയകക്ഷിനേതാക്കള്‍ നല്ല ഇടപെടല്‍ നടത്തേണ്ടതുണ്ട്.  
 
നാളിതുവരെയുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുവേ നല്ല പിന്തുണയാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ചില ഘട്ടങ്ങളില്‍ സങ്കുചിത താല്‍പര്യങ്ങള്‍ നാം പൊതുവായി നേരിടുന്ന ഭീഷണിയെ അവഗണിച്ചുകൊണ്ട് പൊന്തിവന്നിട്ടുണ്ട്.  രോഗവ്യാപനം വലിയൊരു ഭീഷണിയായി പത്തിവിടര്‍ത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിജ്ഞാബദ്ധരാകണം.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അതിസങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്.  ഇത് നാം തടഞ്ഞേ തീരൂ.  ഈ പ്രതിസന്ധി തരണം ചെയ്യാന്‍  എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് സർവ്വകക്ഷി യോഗത്തിൽ അഭ്യര്‍ത്ഥിച്ചത്.
നാടിനെയും ജനങ്ങളുയും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനമേ ഏതു ഭാഗത്തു നിന്നുമുണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ ഒരുമിച്ചു നീങ്ങണം എന്ന അഭ്യർത്ഥന എല്ലാ ഭാഗത്തു നിന്നും സ്വീകരിക്കപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാൻ സർവകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

എകീകൃതമായ രീതിയിൽ കോവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കോവിഡ് മാനദണ്ഡം പാലിക്കണമെന്നും എല്ലാവരും അംഗീകരിച്ചു.

വിവിധ പരിപാടികൾ നടക്കുമ്പോൾ നിശ്ചിത എണ്ണത്തിൽ ഒതുങ്ങണം. ആൾക്കാർ കൂടുന്ന ഏത് പരിപാടി ആയാലും. ഒപ്പം മുൻകരുതലുകൾ എടുക്കുകയും വേണം.

ഇന്നത്തെ പൊതുവായ അവസ്ഥ നോക്കിയാൽ,
മലപ്പുറം ജില്ലയിൽ ഇന്ന് രോഗംസ്ഥിരീകരിച്ചവരുടെ എണ്ണം 1040 ആണ്. അതിൽ 970 ഉം സമ്പർക്കം മൂലം.  തിരുവനന്തപുരം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ട്.  ഇന്ന് 935 പേർക്കാണ് സ്ഥിരീകരിച്ചത്,   കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 988 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ചത്. ഇന്നത്തെ കണക്കുകൾ ഇതിനു പുറമെയാണ്.  ഈ കാലയളവിൽത്തന്നെ 15 വയസിനു താഴെയുള്ള 567 കുട്ടികൾക്കും 60 വയസിനു മുകളിലുള്ള 786 പേർക്കും കോവിഡ് ബാധിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ  ദുരുപയോഗം ചെയ്യപ്പെടുന്ന  പ്രവണത ജില്ലയിലെ പല ഭാഗത്തും കാണാനുണ്ട്.

പത്തനംതിട്ട ജില്ലയിൽ 12 ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്. റാന്നി ഉതിമൂട്ടിലെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് കേന്ദ്രീകരിച്ച് ഒരു ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്റർ പുതിയതായി രൂപപ്പെട്ടു.  ലോക്ഡൗൺ ഇളവുകൾക്ക് ശേഷം ജില്ലയിലെ ആറന്മുള, കോന്നി, പന്തളം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾപുതുതായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആന്മുളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കൊണ്ടുവന്ന കരാറുകാരൻ തൊഴിൽ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഈ അതിഥി തൊഴിലാളിയെ ആരോഗ്യ വകുപ്പ് ഇടപെട്ട് ആംബുലൻസിൽ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. അതിഥി തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്ന കരാറുകാർ തൊഴിലാളികൾക്ക് ക്വാറന്റീൻ സൗകര്യമുൾപ്പെടെ ഒരുക്കുന്നതിൽ സർക്കാർ നിർദേശം കർശനമായി പാലിക്കണം.

അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് കൂടുതൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്.

എറണാകുളം ജില്ലയിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്നതാണ്. ഇന്ന്      859 പേര് പുതുതായി രോഗബാധിതരായി.     പശ്ചിമ കൊച്ചി , കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സമ്പർക്ക വ്യാപനത്തോത് ഉയർന്നിട്ടുണ്ട്.
കോവിഡ് ആശുപത്രി ആയ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐ. സി. യു ബെഡുകളുടെ  എണ്ണം വർധിപ്പിച്ചിട്ടുണ്ട്.  ഗുരുതര രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിനയി പി. വി. എസ് ആശുപത്രിയിൽ 120 ഐ. സി. യു  ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ആശുപത്രികളിലും ഗുരുതര രോഗലക്ഷണം ഉള്ളവർക്കായി 20 ബെഡുകൾ  ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്കായി പ്രത്യേക എഫ്. എൽ. ടി. സി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റിവേഴ്സ് ക്വാറന്റീൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കി.

തൃശൂർ ജില്ലയിൽ ഇതുവരെ കോവിഡ് ചികിത്സ ആരംഭിക്കാത്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉടനെ ഒരുക്കാൻ നിർദ്ദേശം നൽകി.

കോഴിക്കോട്  ജില്ലയിൽ രോഗികൾ കൂടുതലുള്ളത് കോർപറേഷൻ പരിധിയിലാണ്. വയനാട് ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ വളരെ കുറവാണെന്നത് ആശ്വാസകരമാണ്. 3.76 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ- സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഇതര രോഗികൾക്ക് ശരിയായ രീതിയിൽ ചികിൽസ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള  നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  ഏതു സാഹചര്യത്തിലായാലും ഒരാൾക്കും  ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ മൂന്ന് ആശുപത്രികൾ ഉൾപ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകൾ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞു.  

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് സംസ്ഥാനത്ത്  പ്ലാസ്മാ തെറാപ്പി നടത്തിവരുന്നുണ്ട്. ഇതിന് ആവശ്യമായ പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന് രോഗമുക്തരായവരുടെ സഹകരണം അനിവാര്യമാണ്.
ആശങ്കയുടെ നാളുകളിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർക്ക് ഇപ്പോൾ രോഗബാധിതരായി കഴിയുന്നവരെ സഹായിക്കാനാകും. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിയിൽ  ഉപയോഗിക്കുന്നത്.
18നും 50നുമിടയിൽ പ്രായമുള്ളവരിൽനിന്നാണ് ഈ ആവശ്യത്തിനായി രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. സാധാരണ രക്തദാനത്തേക്കാൾ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും കഴിഞ്ഞവർക്ക്  ഒന്നോ അതിലധികമോ തവണ പ്ലാസ്മ നൽകാം.
 പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബർ ഒന്നു മുതൽ കോട്ടയം ജില്ലയിൽ പ്രത്യേക കാമ്പയിന് തുടക്കം കുറിക്കുകയാണ്. പ്രതിദിനം അഞ്ചു പേരെ വീതം പങ്കെടുപ്പിച്ച് നൂറു ദിവസം കൊണ്ട് അഞ്ഞൂറു പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്മാ ലഭിക്കാത്ത പ്രശ്നം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

10000 പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ വാസയോഗ്യമാക്കാന്‍ ധനസഹായം

ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടാതിരിക്കുകയും മുന്‍കാല ഭവനപദ്ധതികളില്‍ സഹായം ലഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിന് ധനസഹായം നല്‍കും.
നിർമ്മാണം  മുടങ്ങിപ്പോയ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതായിരുന്നു ലൈഫ് മിഷന്‍റെ ഒന്നാംഘട്ടം. മുന്‍ ഭവന പദ്ധതികളില്‍ മുഴുവന്‍ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ പരിഗണിച്ചത്.  എന്നാല്‍, അവസാനഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍  കഴിയാതെ പോയതും കാലപ്പഴക്കം കൊണ്ട് വാസയോഗ്യമല്ലാതായതുമായ നിരവധി വീടുകള്‍ ഉണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ 10000 പട്ടികജാതി കുടുംബങ്ങള്‍ക്ക് അവരുടെ വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുന്നതിന് റഫ് കോസ്റ്റ് എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ 1.50 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ചെലവഴിച്ചാല്‍ വാസയോഗ്യമാക്കാവുന്ന വീടുകള്‍ക്കാണ് മുന്‍ഗണന. 135 കോടി രൂപയുടെ ഭരണാനുമതി ഈ പദ്ധതിക്ക് നല്‍കിയിട്ടുണ്ട്.

ഇന്നത്തെ പരിപാടികൾ

സംസ്ഥാനത്ത്  ഒട്ടേറെ നിക്ഷേപ സൗഹൃദ നടപടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. അവ ഫലപ്രദമായി നടപ്പാക്കുന്നതിൽ  ചില  പരാതികളും പ്രശ്നങ്ങളും നിലനില്‍ക്കുകയാണ്. നിക്ഷേപക സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ പരിഗണിച്ച് അവ പരിഹരിക്കുന്നതിന്റെ ഭാഗമായി   പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കും.
ഒരു സംരംഭകന് പദ്ധതി ആരംഭിക്കാന്‍ ആദ്യമായി അറിയേണ്ട പൊതുവായ ചില കാര്യങ്ങളുണ്ട്. ഏതൊക്കെ അനുമതികള്‍ എവിടെ നിന്നെല്ലാം ലഭിക്കും, എവിടെ നിന്നെല്ലാം ധനസഹായം ലഭിക്കും, അടിസ്ഥാന സൗകര്യങ്ങള്‍ എവിടെയെല്ലാം നിലവിലുണ്ട് തുടങ്ങിയവയാണ് നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ പതിവായി ചോദിക്കുന്നത്. ഈ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു ടോള്‍ഫ്രീ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ലക്ഷ്യം.
രണ്ടാമതായി, വ്യവസായ അനുമതികള്‍ ലഭ്യമാക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് അവതരിപ്പിക്കുകയാണ്. കെ സ്വിഫ്റ്റ് 2.0 എന്നാണ് ഈ പതിപ്പിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലൈസന്‍സുകളും അനുമതികളും കെ സ്വിഫ്റ്റ് വഴി ലഭ്യമായിരുന്നു. പുതിയ പതിപ്പ് വരുന്നതോടെ ലൈസന്‍സുകളും അനുമതികളും പുതുക്കുന്നതും ഓണ്‍ലൈന്‍ വഴി സാധ്യമാകും.  സംരംഭകരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന, എന്റര്‍പ്രെണര്‍ സപ്പോര്‍ട്ട് സ്‌കീം വഴിയുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം, പ്രെഫഷണല്‍ ടാക്‌സ് ഒടുക്കുന്നതിനുള്ള സംവിധാനം എന്നിവ കൂടി കെ സ്വിഫ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

പദ്ധതി ചെലവ് എത്രയയായിരുന്നാലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമം അനുസരിച്ച് റെഡ് കാറ്റഗറിയില്‍ പെടാത്ത സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം അനുമതി നല്‍കാനുള്ള ഒരു ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഓര്‍ഡിനന്‍സ് അനുസരിച്ച് സംരംഭ അനുമതിക്കുള്ള അപേക്ഷകള്‍ ഒരു അഞ്ചംഗ സമിതി പരിഗേണിച്ച് ഏഴ് ദിവസത്തിനകം സംരംഭകനെ അറിയിക്കണം. ഈ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ എന്ന സംവിധാനം രൂപീകരിച്ചു.
സംരംഭകര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനും കോള്‍സെന്റര്‍ വഴി പരിഹരിക്കപ്പെടാത്ത സംശയങ്ങള്‍ക്ക് നിവാരണം ഉണ്ടാക്കാനും ഈ  സെല്‍ സഹായകമാകും.

നാലാമതായി, ഇന്‍വെസ്റ്റ് കണക്ട് എന്ന പേരില്‍ വ്യവസായവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍, നയപരമായ തീരുമാനങ്ങള്‍, സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍  അടങ്ങുന്ന പ്രതിമാസ ഇ  ന്യൂസ്‌ലെറ്ററും ഇന്നാരംഭിച്ചു.

റോഡുകൾ
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കു ഇന്ന്  തുടക്കം കുറിച്ചു.  റീബിൾഡ് കേരളയുടെ ഭാഗമായാണ് എരിഞ്ഞിമാവു മുതൽ എടവണ്ണവരെയും സൗത്ത് പുത്തലം മുതൽ നെല്ലിപ്പറമ്പ് വരെയുമുള്ള ഈ റോഡ് അത്യാധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നത്.
31.5 കി മീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മലപ്പുറത്തുനിന്നും പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പോകുന്നവർക്കും തദ്ദേശീയർക്കും സുഗമമായ യാത്ര ഉറപ്പു വരുത്താനാകും.

186 കോടിരൂപാ ചിലവിൽ ഏഴു മീറ്റർ വീതിയിലാണ്  ഈ റോഡ് നിർമ്മിക്കുന്നത്. ഈ പ്രദേശത്തെ മണ്ണിന്റെയും ഭൂമിയുടെയും പ്രത്യേക ഘടനയെ ആസ്പദമാക്കി ബിറ്റുമിൻ കോൺക്രീറ്റ് ഉൾപ്പടെയുള്ള നിര്‍മ്മാണ രീതികൾ അവലംബിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി, കലുങ്കുകള്‍, അഴുക്ക് ചാല്‍, നടപ്പാത, കൈവരികള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുടങ്ങിയവയും നിർമ്മിക്കും. രണ്ടു  പാലങ്ങളും പുനർനിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ജംഗ്ഷനുകളുടെ നവീകരണം, ദിശാ ബോര്‍ഡുകള്‍ തുടങ്ങിയവയും വിഭാവനം ചെയ്യുന്ന ഈ റോഡ് പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള  കെ എസ് ടി പി മുഖേനെയാണ് നിർമിക്കുന്നത്.

പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയിൽ പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കും തുടക്കമായി. കേരളാ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് 30.88 കിലോമീറ്റര്‍ വരുന്ന ഈ റോഡ് അത്യാധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നത്. പ്രളയ കാലത്തു തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതു പോലെ പ്രകൃതി ക്ഷോഭങ്ങളിൽ തകരാൻ സാധ്യതയുള്ള റോഡുകളും പുനർനിർമ്മിക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ റോഡ് നവീകരണം സാധ്യമാക്കുന്നത്.  

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ 21 റോഡുകളാണ് അപകട സാധ്യത മുൻനിറുത്തി  പുനർനിർമ്മിക്കുന്നത്. 3346 കോടി രൂപയാണ് ഇതിനായി ചിലവിടുന്നത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന റോഡെന്ന നിലയിൽ  പെരുമ്പിലാവ് -നിലമ്പൂര്‍ പാതയും അതിൽ ഉൾപ്പെടുകയാണ്. 172.35 കോടിരൂപാ ചിലവിൽ ഏഴു മീറ്റർ വീതിയിലാണ് ഈ റോഡ് നിർമ്മിക്കുന്നത്.  

പയ്യന്നൂർ, ഫറോക്ക്, ചടയമംഗലം, പത്തനാപുരം സബ് ആർടി ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന്   നിർവഹിച്ചു.  സംസ്ഥാനത്ത് മൊത്തം 67 സബ് ആർ. ടി ഓഫീസുകളാണ് ഇപ്പോൾ ഉള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയതായി 12 ആർ. ടി ഓഫീസുകൾ ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പോളി കാർബണേറ്റ് കാർഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളായി നൽകുന്നതിന് ഉടൻ നടപടിയുണ്ടാവും.
കേന്ദ്രീകൃത ഓൺലൈൻ വാഹന പരിശോധന സംവിധാനവും അവസാന ഘട്ടത്തിലാണ്.
ചെക്ക്‌പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനുള്ള ആർ. എഫ്. ഐ. ഡി സംവിധാനവും സ്‌റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജി. പി. എസ് ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനുള്ള നടപടികൾ അതിവേഗം ഒരു താലൂക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒരു ഓഫീസ് എങ്കിലും ഉണ്ടാവണമെന്നാണ് സർക്കാർ കാഴ്ചപ്പാട്.

സാമൂഹ്യ പരിഷ്കർത്താവായ പണ്ഡിറ്റ് കറുപ്പന്റെ സ്മാരകമായി കേരള സാംസ്കാരിക വകുപ്പ് ചെറായിയിൽ നിർമിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ന് നിർവഹിച്ചു.
ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് അടിത്തറയിട്ട സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള മഹാനാണ് പണ്ഡിറ്റ് കറുപ്പൻ.

ആംബുലൻസുകൾ  
നിലവിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തവയാണ്  ആംബുലന്‍സുകളും പിപിഇ കിറ്റും.

സാമൂഹ്യ ഉത്തരവാദിത്ത നിധിയില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തി 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും സര്‍ക്കാരിന് കൈമാറാൻ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് തീരുമാനിച്ചു. തികച്ചും ശ്ലാഘനീയമായ പ്രവൃത്തിയാണത്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഇവ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഓക്‌സിജൻ
മെഡിക്കൽ ഓക്‌സിജൻ ലഭ്യത എല്ലാ സർക്കാർ ആശുപത്രികളിലും ഉറപ്പു വരുത്തുക എന്നത് കോവിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ ഏറെ പ്രധാനമാണ്.

എറണാകുളത്തു  ജില്ലാ കളക്ടറെ  സർക്കാർ ആശുപത്രികൾക്കാവശ്യമായ ഓക്‌സിജൻ സൗജന്യമായി നൽകാമെന്നാണ് ബി.പി.സി.എൽ, പ്രോഡയർ എയർ പ്രോഡക്ട്‌സ് എന്നിവർ സംയുക്തമായി അറിയിച്ചിട്ടുണ്ട്.  

ഇൻഡസ്ട്രിയൽ ഓക്‌സിജൻ മെഡിക്കൽ ഓക്‌സിജൻ ആയി രൂപാന്തരപ്പെടുത്തി സിലിണ്ടറുകളായോ, ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. 20 ലക്ഷം രൂപ വിലമതിക്കുന്ന 90 ടൺ ഓക്‌സിജനാണ് സി. എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുക. ഇതിനായുള്ള സമ്മതപത്രം  കൈമാറി.

വാര്‍ത്താകുറിപ്പ്: 28-09-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായത്.  ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്  20 പേര്‍ മരണമടഞ്ഞു. 57,879 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3997 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,027 സാമ്പിളുകള്‍ പരിശോധന നടത്തി. 3347 പേര്‍ രോഗമുക്തരായി.
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ദിനം മുതൽ ഇന്നു വരെയുള്ള കണക്കുകൾ പ്രകാരം 179922 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 57879 ആക്റ്റീവ് കേസുകളാണുള്ളത്.  വലിയതോതിലുള്ള വ്യാപനത്തിൽ ലേക്ക് പോകും എന്ന ആശങ്ക ആണ് നമുക്കുള്ളത്. ഇന്നലെ ഏഴായിരത്തിലേറെ കേസുകളുണ്ടായി. ഇന്ന് നേരത്തെ എടുത്തതിനാൽ ആവും കുറഞ്ഞത്. ഇതുംകൂടി നാളെ വർദ്ധിക്കും
 
ഇത്രയും നാൾ രോഗവ്യാപനത്തിൻ്റെ തോത് നിർണ്ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ രോഗനിയന്ത്രണത്തിൽ നമ്മൾ ബഹുദൂരം മുന്നിലായിരുന്നു. ആ സ്ഥിതിയിൽ ഇപ്പോൾ മാറ്റങ്ങൾ വന്നു തുടങ്ങി. ശരാശരി 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കാണുന്നത്. ഇന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിവ്യു യോഗത്തിൽ ചർച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഒപ്പം ജില്ലാ കലക്ടർമാരും ജില്ലാ പോലീസ് മേധാവികളും പങ്കെടുത്തു

കേസ് പെർ മില്യൺ കേരളത്തിൽ 5143 ആയിരിക്കുന്നു. ഇന്ത്യൻ ശരാശരി 5852 ആണ്. എങ്കിലും കേസ് ഫറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിൽ പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനം ആണെങ്കിൽ  കേരളത്തിൽ അത് 0.4 ശതമാനം മാത്രമാണ്. രോഗികൾ നമ്മൾ നൽകുന്ന മികച്ച പരിചരണത്തിൻ്റേയും സൗകര്യങ്ങളുടേയും ഗുണഫലമാണത്. 

രോഗികളുടെ എണ്ണം വർദ്ധിച്ചതിനു ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണം. രോഗവ്യാപനം ഉയരാതെ നോക്കിയാൽ മാത്രമേ, മരണങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കൂ. രോഗം കൂടുന്ന സ്ഥിതി വിശേഷമുള്ളതിനാൽ അതിനെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സർക്കാർ ശക്തമാക്കി വരികയാണ്. കുറഞ്ഞ ദിവസത്തിനിടയിൽ വലിയതോതിലുള്ള  വർധനയാണ്.  ഈ സാഹചര്യത്തിൽ വ്യാപനം തടഞ്ഞു നിർത്തുക വളരെ പ്രധാനമാണ്. വ്യാപന സാധ്യത കുറക്കാനുള്ള ഇടപെടൽ നേരത്തെതന്നെ നമ്മൾ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയതും ഇത് നടപ്പാക്കാൻ തടസ്സമായിട്ടുണ്ട്. പ്രധാന പങ്ക് വഹിക്കുന്ന പോലീസിന് ക്രമസമാധാന പാലനത്തിന് ഇറങ്ങേണ്ടി വന്നു. ഇതാണ് അടിസ്ഥാനപരമായി ഒരു തടസ്സമായി വന്നത് .ഇനി കാത്തുനിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് നീങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നു.
സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കണം.  അകലം പാലിക്കാതെ നിൽക്കുന്ന കടകളിൽ കട ഉടമകൾക്കെതിരെ  നടപടി ഉണ്ടാവണം . കല്യാണത്തിന് 50 ശവദാഹത്തിന് ഇരുപത് എന്ന നിലയിൽ നമുക്ക് നമ്പർ നിശ്ചയിച്ച നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം. ഇത്തരം കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇടപെടൽ ഉണ്ടാവണം. അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാൻ ആകണം .  സംസ്ഥാന സർക്കാർ സർവീസിലെ ഗസറ്റഡ് ഓഫീസർ റാങ്ക് ഉള്ളവരെ പഞ്ചായത്തുകൾ , മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഇത്തരം കാര്യങ്ങളുടെ ചുമതല നൽകും . അവർക്ക് തൽക്കാലം ചില അധികാരങ്ങൾ കൊടുക്കേണ്ടിവരും.
മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കാനും ആലോചിച്ചിട്ടുണ്ട്.

സംസ്ഥാനത്താകമാനം 225 കോവിഡ്  ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതിൽ 19478 ബെഡുകളിൽ ഇപ്പോൾ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരിക്കുന്നു.  
കോവിഡ് മുക്തർക്ക് പല വിധ അസുഖങ്ങൾ വരാനിടയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് . അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യമായ 38 കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 18 സി. എസ്. എൽ. ടി.സികളിൽ അഡ്മിഷൻ ആരംഭിക്കുകയും  689 രോഗികൾ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഐ സി യു സൗകര്യങ്ങൾ, വെൻ്റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സർക്കാർ പരമാവധി ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ സ്ഥിതു കൂടുതൽ ഗൗരവതാരമാവുകയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്- 918  പേര്‍ക്ക്. അതില്‍ 900പേര്‍ക്കും സമ്പര്‍ക്കംമൂലമാണ്.

കോട്ടയം ജില്ലയിൽ എല്ലാ മുനിസിപ്പാലിറ്റികളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കോവിഡ് ബാധിതരുണ്ട്. രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസമായി ഗണ്യമായി വർധിക്കുന്നു.
വാഴപ്പള്ളി, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി, പാമ്പാടി തുടങ്ങിയ മേഖലകളിൽ സമ്പർക്ക വ്യാപനം ശക്തമാണ്.

പത്ത് ദിവസത്തിനുള്ളിൽ തൃശൂർ ജില്ലയിൽ വർധിച്ചത് 4000 രോഗികളാണ്.  60 വയസ്സിന് മുകളിലുള്ള 73 പേർക്കും 10 വയസ്സിന് താഴെയുള്ള 28 പേർക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

വയനാട് ജില്ലയിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതായി കാണുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 105 പേരും 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. 16 പേർ പത്തിൽ താഴെ പ്രായമുള്ളവരും 12 പേർ 60 നു മുകളിൽ പ്രായമുള്ളവരുമാണ്.

കണ്ണൂർ ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ നടപടികളെയും സുരക്ഷാ മാർഗങ്ങളെയും കുറിച്ച് പരിശീലനം നൽകും. ജില്ലയിൽ മൂന്ന് ആശുപത്രികൾ ഉൾപ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകൾ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞു.    

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപകമായ പ്രചാരണപരിപാടികൾ  ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ,  എൻഎസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും പങ്കാളിത്തം ബോധവത്കരണ കാമ്പയിനുകളിൽ ഉറപ്പാക്കും.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കോവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. അത്യാഹിത നിലയിലുള്ള കോവിഡ് രോഗികൾക്കായി 100 കിടക്കകളുള്ള  വാർഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകൾ ഇവിടെ ഒരുക്കും.കോവിഡ് ബാധിച്ച ഗർഭിണികൾക്ക് ഇവിടെ ചികിത്‌സാ സൗകര്യം ഒരുക്കും.

രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആവശ്യാനുസൃതമായ ക്രമീകരണങ്ങൾ എല്ലാ തലത്തിലും ഒരുക്കുന്നുണ്ട്.
കോവിഡ് സെക്കൻഡറി കെയർ സെന്ററുകളിൽ ബി കാറ്റഗറിയിൽപ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഇതിന്റെ ഭാഗമായി നിലവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന നടപടികളിലേക്ക്  കടന്നു. ഇവ സെക്കന്ററി കെയർ സെന്ററുകളാക്കുകയും രോഗലക്ഷണങ്ങൾ പ്രകടമായവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇവിടെ ചികിത്സയിൽ കഴിയുന്നവരെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക്  രോഗലക്ഷണമില്ലാത്ത കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും ഗൃഹചികിത്സ നിർദേശിക്കും. ഒരു വീട്ടിൽ ഒരാൾ പോസിറ്റീവായാൽ കുടുംബാംഗങ്ങളെ കർശനമായ ഗൃഹനിരീക്ഷണത്തിലാക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റിംഗിന് വിധേയമാക്കുകയും ചെയ്യും.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർ, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ, ആശുപത്രിയിൽ നിന്നും രോഗലക്ഷണങ്ങൾ ശമിച്ച്  തിരികെയെത്തുന്നവർ എന്നിവർക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യ സംഘടന നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്.

നമുക്കാർക്കും പരിചിതമല്ലാത്ത സാഹചര്യമാണിത്. ഇതിനെ മറികടക്കാൻ സാധ്യമായ എല്ലാ വഴികളും  സ്വീകരിക്കേണ്ടിവരും. എല്ലാവരും ഒത്തൊരുമിച്ചാണ് ഇതിനെ നേരിടേണ്ടത്. തുടക്കം മുതൽ  സർക്കാർ ആ നിലപാടാണ് സ്വീകരിച്ചത്.  ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നിലുള്ളത്. അതിനെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കാൻ നാളെ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകീട്ട് നാലരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക.

സ്ത്രീകൾക്കെതിരായ അധിക്ഷേപം
നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1), 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട്  ആവശ്യപ്പെട്ടിട്ടുണ്ട്.
 
മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയശേഷം  കേസിന്‍റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറും.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളിൽ  തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് നടന്ന ഉദ്ഘാടനങ്ങൾ
ചെറുകിട- സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുകയാണ്.  തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളിൽ പരവാധി സംരംഭങ്ങൾ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സർക്കാർ നടപ്പാക്കുന്നത്. സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു.

പ്രളയബാധിതമായ 14 ബ്‌ളോക്കുകളിൽ കാർഷികേതര മേഖലയിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്‌ളോക്ക്തല സമിതികൾ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നൽകുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.

 സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയിൽ 2550 സംരംഭങ്ങൾക്ക് അംഗീകാരം ലഭ്യമാക്കി. 2016-20 ൽ ഈ മേഖലയിൽ 5231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി. 1,54,341 പേർക്ക് തൊഴിൽ ലഭ്യമാക്കാനായി.
പ്രതിവർഷം 1000 പുതിയ സംരംഭങ്ങൾ എന്ന നിലയിൽ അഞ്ചു വർഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതാണ് കെ. എഫ്. സിയുടെ വായ്പാ പദ്ധതി. ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെ. എഫ്. സി നൽകും. മൂന്ന് ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് വായ്പ നൽകുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്കയുമായി സഹകരിച്ച് മൂന്ന് ശതമാനം അധിക സബ്‌സിഡി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. 355 സംരംഭകർക്കാണ് തുടക്കത്തിൽ വായ്പ അനുമതി പത്രം നൽകുന്നത്. 1300 അപേക്ഷയിൽ നിന്ന് യോഗ്യരെ കണ്ടെത്തി പരിശീലനവും മാർഗനിർദ്ദേശവും നൽകിയാണ് വായ്പ നൽകുന്നത്.

കായികം
തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഇൻഡോർ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ ജില്ലയിലെ പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.

ലോക നിലവാരമുള്ള കളിക്കളങ്ങൾ നാടെങ്ങും തയാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങൾക്ക് മികച്ച പരിശീലനത്തിനും ഒപ്പം പ്രതിഭയുള്ള കുട്ടികൾക്ക്  കളിച്ച് വളരാനും പൊതുജനങ്ങൾക്ക്  കായിക വിനോദങ്ങളിൽ ഏർപ്പെടാനും  വിപുലമായ അവസരങ്ങളാണ് ഈ കളിക്കളങ്ങളിൽ ഒരുക്കുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങൾക്കും 43 പഞ്ചായത്ത്, മുൻസിപ്പാലിറ്റി സ്റ്റേഡിയങ്ങൾക്കും 1000 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളിൽ 26 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്‌ബോൾ ഗ്രൗണ്ടുകൾ, 27 സിന്തെറ്റിക് ട്രാക്കുകൾ, 33 സ്വിമ്മിംഗ് പൂളുകൾ, 33 ഇൻഡോർ സ്‌റ്റേഡിയങ്ങൾ എന്നിവയാകും. ദേശീയ, അന്തർദേശീയ  മത്സരങ്ങൾ നടത്താൻ കഴിയുന്ന രീതിയിൽ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.

ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം
സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിനു ഇന്ന് തുടക്കമായിട്ടുണ്ട്.
പഞ്ചായത്തുകളിലെ ഇ-ഗവേണൻസ് രംഗത്ത് പുതിയ കാൽവയ്പ്പായിരിക്കും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം. ഇൻഫർമേഷൻ മിഷൻ തയാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 150 പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടമെന്ന നിലക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈനായി ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്.

പുതിയ സംവിധാനത്തിൽ അപേക്ഷയോടൊപ്പം നൽകിയ ഇ-മെയിൽ ഐഡിയിലും അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പും ലഭ്യമാകും.  നടപടികൾ പൂർത്തിയാകുമ്പോൾ അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭ്യമാകും.  ഒട്ടും കാലതാമസം ഇല്ലാത്ത തരത്തിൽ സുതാര്യവും ലളിതവുമായ നടപടിക്രമത്തിലൂടെ എല്ലാവർക്കും വീട്ടിലിരുന്നും അക്ഷയകേന്ദ്രങ്ങൾ വഴിയും ഇ-സേവനങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. അപേക്ഷകരുടെ മുൻഗണനാ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ വഴി പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകും.

ഫയലുകളെല്ലാം വെബ് അധിഷ്ഠിതമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ജീവനക്കാർക്ക് ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ഓഫീസ് പ്രവർത്തനങ്ങൾ നിർവഹിക്കാൻ സാധിക്കും. സർക്കാർ നയത്തിനനുസൃതമായി ഓപ്പൺസോഴ്‌സ് ടെക്‌നോളജിയിലാണ് സോഫ്റ്റ്‌വെയർ തയാറാക്കിയിട്ടുള്ളത്. അതിലൂടെ പഞ്ചായത്തുകൾക്ക് ലൈസൻസ് ഇനത്തിലുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കും. വലിയതോതിൽ ജനസേവനം നടത്തുന്ന പഞ്ചായത്തുകൾക്ക് ഫലപ്രദമായി ഇടപെടുന്നതിനും പുതിയ സംവിധാനം വഴി കഴിയും.

ശബരിമല
1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനിച്ചു.

2. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി,  വനം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ്   പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതാണ്. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാര്‍ത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതാണ്.

3. ശബരിമല തീര്‍ത്ഥാടനത്തിന്  പൂര്‍ണ്ണമായും വെര്‍ച്വൽ ക്യൂ  സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന   പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും  ഈ വര്‍ഷത്തെ  പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകുന്നതാണ്.

4. കോവിഡ് -19  രോഗ ബാധിതർ തീര്‍ത്ഥാടനത്തിന് എത്താത്ത സാഹചര്യം  ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി  വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.

5. തീര്‍ഥാടകര്‍ക്ക്  ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയിൽ തീര്‍ത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീര്‍ത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയിൽ  വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

6.   കുടിവെള്ള വിതരണത്തിന് പ്രത്യേക സംവിധാനമായിരിക്കും. 100 രൂപ പമ്പയിൽ അടച്ച്  സ്റ്റീൽ  പാത്രത്തിൽവെള്ളം വാങ്ങാം.  മടങ്ങി വന്ന്  പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകും.

7. തീർത്ഥാടകർക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്ളേറ്റിൽ അന്നദാനം നൽകും.

8.  സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ   ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി  തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.

9. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാൽ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.

10.കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ എണ്ണം ബസുകൾ വിന്യസിക്കും.

11.ഭക്തര്‍  മല കയറുമ്പോൾ  മാസ്ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ  ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും.

12.നെയ്യഭിഷേകത്തിനുള്ള നെയ്യ് ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.

13. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചുമാത്രം നടത്തുന്നതാണ്.

14. പമ്പ എരുമേലി എന്നിവിടങ്ങളില്‍ സ്നാനഘട്ടങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പ്രിംഗ്ളര്‍/ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.
******

വാര്‍ത്താകുറിപ്പ്: 24-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 24-09-2020
—————————-

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 6324 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 45,919 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5321 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 628 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 54,989 സാമ്പിളുകള്‍ പരിശോധന നടത്തി. 3168 പേര്‍ രോഗവിമുക്തരായി.

ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്- 883 പേര്‍ക്ക്. അതില്‍ 820 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ്.

തിരുവനന്തപുരം ജില്ലയില്‍ വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് 875 പേര്‍ക്ക് രോഗബാധയുണ്ടായി. പോസിറ്റീവാകുന്നവരില്‍ ഉറവിടം വ്യക്തമല്ലാത്ത നൂറിനുമേല്‍ ആളുകള്‍ ഓരോ ദിവസവും ഉണ്ട്. ഇന്നലെ മാത്രം 60 വയസിനു മുകളില്‍ പ്രായമുള്ള 118 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15 വയസിനു താഴെ പ്രായമുള്ള 78 കുട്ടികള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയുടെ തീരപ്രദേശത്തെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ രോഗികളുള്ള മേഖലകളെ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായി നിലനിര്‍ത്തി.

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ആദ്യമായി 500 കടന്നു. ഇന്ന് 440 ആണ്.

പത്തനംതിട്ട ജില്ലയിലെ എല്ലാ നഗരസഭാ പരിധിയിലും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് രോഗികളെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ പുതുതായി 14 ആംബുലന്‍സുകള്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ മെഡിക്കല്‍ കോളേജില്‍നിന്ന് കാര്യമായ ശാരീരിക പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികളെ അടുത്തുള്ള സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്നത് പരിശോധിക്കും. ഇത്തരത്തില്‍ ബെഡ്ഡുകള്‍ ഒഴിച്ചിടുന്നതിലൂടെ അടിയന്തിര പരിചരണം ആവശ്യമുള്ള കോവിഡ് രോഗികളെ പുറത്തുനിന്ന് എത്തിച്ചാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.

കോട്ടയം ജില്ലയില്‍ മെഡിക്കല്‍ കോളേജിന് പുറമെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍  കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 45 വെന്‍റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജന്‍ സപ്ലൈ സംവിധാനമുള്ള സെമി ഐസിയു സംവിധാനം ഉള്‍പ്പെടെ 200ഓളം ഐസിയു കിടക്കകളും തയ്യാറായിട്ടുണ്ട്. ബുധനാഴ്ച്ച രോഗം സ്ഥിരീകരിക്കപ്പെട്ട 262 പേരില്‍ 30 പേര്‍ 16 വയസില്‍ താഴെയുള്ളവരാണ്.

എറണാകുളം ജില്ലയില്‍ പ്രതിദിന സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 13 പേര്‍ മാത്രമാണ് പുറത്തുനിന്ന് വന്നത്. 707 പേര്‍ക്ക് സമ്പര്‍ക്കംമൂലം.

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പോസിറ്റീവ് രോഗികളുടെ ഹോം ഐസൊലേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ടീവ് പോസിറ്റീവ് കേസുകളില്‍ 1966 പേര്‍ വീടുകളിലാണ് ചികില്‍സയില്‍ കഴിയുന്നത്. ബാക്കി 929 പേരാണ് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി ചികില്‍സയിലുള്ളത്.

കാസര്‍കോട് ജില്ലയില്‍ ഈ മാസം ഒന്നുമുതല്‍ 23 വരെയായി 3705 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 41.87 ശതമാനമാണ് ഇത്. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം  ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, മൂന്നുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുമാകും.

ഇന്ന് ഒരു സംഭവം പ്രത്യേകം പറയേണ്ടതുണ്ട്. കോവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയതിന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിനെതിരെ പോത്തന്‍കോട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 419-ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 ലെ 4(2)(ബി), 4(2)(എ), 5 എന്നിവ പ്രകാരമാണ് കേസെടുത്തത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  സംഭവത്തെക്കുറിച്ച് പോത്തന്‍കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുനടത്തുന്ന സമരങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ്. അത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന ആക്ഷേപത്തിന് വിധേയനായിരിക്കുന്നത്. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളോടൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്.

കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണത എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ ചുമതലയുണ്ട്. രാഷ്ട്രീയമായി ഭിന്നതയും താല്‍പര്യങ്ങളുമുണ്ടാകാം. അത് രോഗവ്യാപനത്തിന്‍റെ തോത് വര്‍ധിപ്പിക്കുന്ന നിലയില്‍ അപകടകരമായ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം മനസ്സിലാക്കണം എന്നു മാത്രമേ ഇപ്പോള്‍ പറയാനുള്ളു.

ഭക്ഷ്യക്കിറ്റ് വിതരണം

100 ദിന കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ച ഓരോ കാര്യവും സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു ഒരു വാഗ്ദാനം. കിറ്റ് വിതരണത്തിന് ഇന്ന് തുടക്കും കുറിച്ചു. 88.42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്‍റെ ആശ്വാസം ലഭിക്കുക. കോവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിന്‍റെ ഭാഗമായി നേരത്തെ എടുത്ത നടപടികളുണ്ട്. അതിന്‍റെ തുടര്‍ച്ചയായാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കോവിഡിന്‍റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവര്‍ക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും ഒന്നര ലക്ഷത്തോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങള്‍ക്കും നാലു മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്.

കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ എട്ടിനം അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് സപ്ലൈകോ തയാറാക്കുന്ന ഈ ഭക്ഷ്യകിറ്റ്. ഇതിനൊപ്പം അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ സപ്ലൈകോ, കണ്‍സ്യുമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നീ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലുള്ള റേഷനും നല്‍കിവരുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് 86 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് സൗജന്യമായി ലഭ്യമാക്കുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് 1,000 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം വാഗ്ദാനം ചെയ്ത ധാന്യത്തിനു പുറമെയാണിത്.

പൊതുവിതരണ രംഗത്ത് നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത്. ഈ രംഗത്ത് വാഗ്ദാനം ചെയ്ത മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കി.  മാത്രമല്ല, പ്രകടനപത്രികയില്‍ പറയാത്ത പുതിയ പല ജനകീയ പദ്ധതികള്‍ക്കും തുടക്കം കുറിക്കാനും കഴിഞ്ഞു. മുന്‍കാലത്തെ അപേക്ഷിച്ച് റേഷന്‍-പൊതുവിതരണരംഗം പാടേ മാറിയിരിക്കുകയാണ്. അഴിമതി അവസാനിപ്പിച്ചു. എല്ലാം സുതാര്യമായി നടക്കുന്നു. ജനങ്ങള്‍ക്ക് പരാതിയില്ല.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ല്‍ നടപ്പിലാക്കിയെങ്കിലും കേരളത്തില്‍ അത് നടപ്പാക്കിയത് ഈ സര്‍ക്കാര്‍ വന്നശേഷമാണ്. ഇതിന്‍റെ ഭാഗമായി വാതില്‍പ്പടി വിതരണം ആരംഭിച്ചു. ഓരോ റേഷന്‍ കടയ്ക്കും അനുവദിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ ആ റേഷന്‍ കടയുടെ മുമ്പില്‍ എത്തിക്കുന്ന പരിപാടിയാണ് വാതില്‍പ്പടി വിതരണം. വലിയൊരളവില്‍ അഴിമതിയും ക്രമക്കേടും ഇതോടെ തന്നെ ഇല്ലാതായി. ആധാര്‍ അധിഷ്ഠിതമായി ഇ-പോസ് മെഷീന്‍ വഴിയാണ് ഇപ്പോള്‍ റേഷന്‍ വിതരണം. മുഴുവന്‍ റേഷന്‍ കടകളും ഇതിനുവേണ്ടി കമ്പ്യൂട്ടറൈസ് ചെയ്തു. റേഷന്‍ കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തുന്ന വിവരവും റേഷന്‍ വാങ്ങിയാല്‍ അതു സംബന്ധിച്ച വിവരവും തല്‍സമയം ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ സന്ദേശമായി നല്‍കുന്നുമുണ്ട്.

ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാന മാറ്റം ഗുണമേډയുള്ള അരിയും മറ്റ് ഭക്ഷ്യസാധനങ്ങളുമാണ് റേഷന്‍ കടകളിലൂടെ ലഭിക്കുന്നത് എന്നതാണ്. മുന്‍കാലത്ത് റേഷന്‍ കടകളില്‍ നിന്ന് അകന്നുപോയ ജനങ്ങള്‍ ഇതോടെ റേഷന്‍ കടകളിലേക്ക് തിരിച്ചെത്തി. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരും ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരും ഇപ്പോള്‍ കൃത്യമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. റേഷന്‍ വാങ്ങുന്നവരുടെ ശതമാനം ഇപ്പോള്‍ 92 ആണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട റേഷന്‍ കടയില്‍പോയി സാധനം വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

റേഷന്‍ വ്യാപാരികള്‍ക്ക് തീരെ തുച്ഛമായ കമ്മീഷനായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇത് ഈ രംഗത്ത് വലിയ പ്രശ്നമായി നിലനിന്നു. ക്രമക്കേടുകളുടെ പ്രധാന കാരണം ഇതായിരുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കി ഈ പ്രശ്നത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടു. പ്രതിമാസം കുറഞ്ഞത് 18,000 രൂപ ലഭിക്കുന്ന പാക്കേജാണ് നടപ്പാക്കിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 14,221 റേഷന്‍ കടകളുണ്ട്.

ഈ സര്‍ക്കാര്‍ വരുമ്പോള്‍ റേഷന്‍ കാര്‍ഡ് വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. കാര്‍ഡുടമകളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തുകൊണ്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി. വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്‍റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനം. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡുടമകളാണ് ഉള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതുതായി വിതരണം ചെയ്തു.

ഭക്ഷ്യഭദ്രത നിയമം അനുശാസിക്കുന്ന രീതിയില്‍ പരാതി പരിഹാരത്തിന് സംസ്ഥാന ഭക്ഷ്യകമ്മീഷനെ നിയമിച്ചു. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും പരാതിപരിഹാര ഓഫീസര്‍മാരായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നിയമിച്ചു. സുതാര്യത പോര്‍ട്ടല്‍ വഴി പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് പരിഹാരം തേടാന്‍ കഴിയും.

പൊതുവിപണിയില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് മുന്‍ സര്‍ക്കാരുകളെക്കാള്‍ ഉയര്‍ന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ 200 കോടി രൂപ വീതവും 2019-20ല്‍ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നല്‍കിയത്. പൊതുവിപണിയേക്കാള്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങള്‍ സപ്ലൈകോ വിതരണം ചെയ്യുന്നത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതനുസരിച്ച് ഈ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടേയില്ല. ഉദാഹരണത്തിന് ചെറുപയറിന് കിലോഗ്രാമിന് 2016ല്‍ ഉണ്ടായിരുന്ന 74 രൂപയാണ് ഇപ്പോഴും വില.

എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു യൂണിറ്റെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന പരിപാടിയും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓര്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ ആരംഭിക്കും. ഗൃഹോപകരണങ്ങള്‍ക്ക് പ്രത്യേക വില്‍പ്പനശാലകള്‍ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.

ഭവനസമുച്ചയങ്ങള്‍
കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്ന ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പ് ഇന്നു നടത്തിയിരിക്കയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലായി പണിയുന്ന 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്നു നിര്‍വഹിച്ചു. 29 ഭവനസമുച്ചയങ്ങളിലായി 1285 കുടുംബങ്ങള്‍ക്കാണ് വീടു ലഭിക്കുക. മൊത്തം 181.22 കോടി രൂപ ചെലവുവരുന്ന ഈ സമുച്ചയങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും.

ലൈഫിന്‍റെ മൂന്നാം ഘട്ടമായാണ് ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങളില്‍ പാര്‍പ്പിടം നല്‍കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചുകൊടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അതു ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 1,35,769 ഗുണഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ഭവനസമുച്ചയങ്ങള്‍ക്ക് 300ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും 101 എണ്ണം നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 12 സമുച്ചയങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. 101 സമുച്ചയങ്ങളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.

ഭവനനിര്‍മാണരംഗത്ത് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഇടപെടലാണ് കേരളത്തിന്‍റെ ലൈഫ്. തലചായ്ക്കാനിടമില്ലാത്ത ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലാണ് ഈ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഇതിനകം തന്നെ 2,26,518 വീടുകള്‍ പൂര്‍ത്തിയാക്കി. ഒന്നരലക്ഷത്തോളം പേര്‍ക്കുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയിലൂടെ രണ്ടായിരത്തിലേറെ വീടുകള്‍ നിര്‍മിച്ചു കൈമാറി. പട്ടികജാതി വകുപ്പ് 19,247 വീടുകളും പട്ടികവര്‍ഗ വകുപ്പ് 1,745 വീടുകളും ഫിഷറീസ് വകുപ്പ് 4,177 വീടുകളും പൂര്‍ത്തിയാക്കി. മൊത്തം 8,068 കോടി രൂപയാണ് ഇതുവരെ വീടുനിര്‍മാണത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. വ്യത്യസ്ത പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ലൈഫിലെ മൂന്നു ഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയ നിരവധി പേര്‍ വീടെന്ന സ്വപ്നവുമായി കഴിയുന്നുണ്ട്. അവരുടെ സ്വപ്നവും സര്‍ക്കാര്‍ സഫലമാക്കും. അതിനുവേണ്ടിയാണ് ലൈഫ് മിഷന്‍ അത്തരക്കാര്‍ക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചത്. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ ഗുണഭോക്തൃ പട്ടികയുണ്ടാക്കി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീടു ലഭ്യമാക്കും.

വീടില്ലാത്തവര്‍ക്ക് വീടും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇവിടെ വിവരിച്ചത്. അധഃസ്ഥിതരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും കരിവാരിത്തേക്കാനും ചിലര്‍ രംഗത്തുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളോ അപവാദ പ്രചാരണമോ കാരണം സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കട്ടെ.

മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്

കോവിഡിന് ശേഷമുള്ള കാലം വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യംവെക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്‍റെ നിര്‍മാണത്തിന് ഇന്ന് തുടക്കം കുറിച്ചു. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിന്‍റെയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒമ്പത് ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് മെഡ്സ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം 150 കോടി രൂപയാണ്. 80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. മെഡിക്കല്‍ ഗവേഷണം, പുതിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസിപ്പിക്കല്‍, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് മെഡ്സ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.

വാര്‍ത്താകുറിപ്പ്: 23-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 23-09-2020
——————————

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 5376 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 20 പേര്‍ മരണമടഞ്ഞു. 42,786 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4424 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 51,200 സാമ്പിളുകള്‍ പരിശോധന നടത്തി. 2951 പേര്‍ രോഗവിമുക്തരായി.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഇപ്പോഴും തുടരുകയാണ്. പോസിറ്റീവാകുന്നവരില്‍ 10 വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് 852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അനാവശ്യമായ ഭീതിയും തെറ്റിധാരണയുമാണ് ഇതിന് കാരണമാകുന്നത്.

ക്വാറന്‍റീനിന്‍റെ കാര്യത്തിലെന്ന പോലെ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ, രോഗം സ്ഥിരീകരിക്കപ്പെടുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കുടുംബാഗങ്ങളും നാട്ടുകാരുമൊക്കെ നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.  സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത് രോഗാവസ്ഥയിലെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് മനസിലാക്കണം.
രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ സൗകര്യമുള്ളവരുമായ പരമാവധി ആളുകള്‍ ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ രണ്ട് പ്രയോജനങ്ങളാണുള്ളത്. ഒന്ന്, മാനസിക സമ്മര്‍ദം കുറയ്ക്കാനും കുടുംബാന്തരീക്ഷത്തില്‍ ജാഗ്രതയോടെ കഴിയാനും സാധിക്കും. രണ്ട്, ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ലക്ഷണങ്ങള്‍  ഉള്ളവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമായി പരമാവധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം.

പത്തനംതിട്ട ജില്ലയില്‍ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളായി ഉയര്‍ത്തി. പനി, ഗുരുതരമല്ലാത്ത മറ്റ് രോഗം ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ ചികില്‍സിക്കുന്നത്.

ഇന്ന് മുതല്‍ പുതുതായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ കൂടി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസിറ്റീവാകുന്ന ആളുകളെ അതത് ഹെല്‍ത്ത് ബ്ലോക്ക് പരിധിയിലുള്ളഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ പ്രവേശിപ്പിക്കും. എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മീനടം, പുതുപ്പള്ളി, നാട്ടകം തുടങ്ങിയ മേഖലകളില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം അഞ്ചാം തീയതിക്കുശേഷം മീനടത്ത് 57 പേര്‍ക്കും നാട്ടകത്ത് 34 പേര്‍ക്കും പുതുപ്പള്ളിയില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വാഴപ്പള്ളി, കോട്ടയം മുനിസിപ്പാലിറ്റി, കുമരകം, ഏറ്റുമാനൂര്‍ മേഖലകളില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.

എറണാകുളം ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. 56 പേരാണ് ഇതുവരെ മരണമടഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, ഐഎന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൂടുതലായി പോസിറ്റീവാകുന്ന സ്ഥിതിയുണ്ടായി. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകാം എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

റിവേഴ്സ് ക്വാറന്‍റീന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനമന്ദിരങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളിലേക്ക് ജില്ലാ ഭരണ കേന്ദ്രത്തില്‍നിന്നു തന്നെ നിത്യോപയോഗ വസ്തുക്കളും മറ്റും എത്തിച്ചു നല്‍കുന്നുണ്ട്. പ്ളാസ്മാ തെറാപ്പി ചികിത്സക്കാവശ്യമായ എഫറസിസ് മെഷീന്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ കെ ജെ മാക്സി എംഎല്‍എയുടെ സഹായത്തോടെ സ്ഥാപിച്ചു.

തൃശൂരില്‍ പരിശോധിക്കുന്നതിന്‍റെ 8 മുതല്‍ 14 ശതമാനമാണ് കോവിഡ് പോസറ്റീവായിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി 22 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.

പാലക്കാട് കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 2486 രോഗബാധിതരാണുള്ളത്.

മലപ്പുറം ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികളിലും ഹജ്ജ് ഹൗസിലുമായി ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കും. 684 കിടക്കകള്‍ കൂടി  സജ്ജമാക്കും. ഡി  ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍, ബാക്ക് റെസ്റ്റുകളോടുകൂടിയുള്ള കട്ടിലുകള്‍ തുടങ്ങിയ സംവിധാനങ്ങളും  തയ്യാറാക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് വാര്‍ഡുകള്‍കൂടി കോവിഡ് ഐസിയു ആക്കി മാറ്റും. ഇതിലൂടെ 50 ഐസിയു കിടക്കകള്‍ കൂടി അധികമായി ഒരുക്കും.

കണ്ണൂര്‍ ജില്ലയില്‍ ഗുരുതര രോഗങ്ങളുമായി എത്തുന്ന കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് സര്‍ജറി ഉള്‍പ്പെടെ മികച്ച ചികില്‍സ ലഭ്യമാക്കുന്നതിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇവിടങ്ങളിലെത്തുന്ന സാധാരണ പ്രസവ കേസുകളില്‍ സാധ്യമായവ കൂത്തുപറമ്പ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റാനും അതിനായി ഈ രണ്ട് ആശുപത്രികളിലെയും പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്കായി 40 അധിക കിടക്കകള്‍ ഒരുക്കും.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ടാറ്റാ കോവിഡ് ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതു വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും.

ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ്മൂലമുള്ള മരണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത വളരെ കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് ആനുപാതികമായ മരണങ്ങളും ഉണ്ടാവുകയാണ്. ഉദാഹരണമായി  0.1 ശതമാനമാണ് യുവാക്കള്‍ക്കിടയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് എന്ന് കരുതുക. അങ്ങനെയെങ്കില്‍ 100 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 1 മരണമായിരിക്കും സംഭവിക്കുക. എന്നാല്‍ 10000 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 10 പേരും, അത് ഒരു ലക്ഷമായാല്‍ 100 പേരും മരിക്കുന്ന സാഹചര്യമുണ്ടാകും. ചെറുപ്പക്കാര്‍ക്ക് കോവിഡ്  അപകടകരമാകില്ല എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കിയേ തീരൂ.

സെപ്തംബര്‍ 11 മുതല്‍ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരിലും നേതാക്കളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇതുവരെ ഉറപ്പിച്ചിട്ടുണ്ട്. കൊല്ലം സിറ്റിയില്‍ നാലു പേര്‍ക്കും തിരുവനന്തപുരം സിറ്റിയില്‍ മൂന്നു പേര്‍ക്കും തൃശൂര്‍ റൂറലില്‍ രണ്ട് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇത് ഇപ്പോള്‍ ലഭ്യമായ കണക്കുകളാണ്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിന്‍റെ കൃത്യമായ എണ്ണം തല്‍ക്കാലം ലഭ്യമായിട്ടില്ല. സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍നിന്ന് എത്ര പേര്‍ക്ക് രോഗം പടര്‍ന്നു എന്നതും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

കാലാവസ്ഥ
സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പൊതുവില്‍ അടുത്ത 5 ദിവസവും മിതമായ മഴ മാത്രമേ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുള്ളൂ.

കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല.

പാലാരിവട്ടം

സുപ്രീം കോടതി ഉത്തരവിന്‍റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് ശ്രീ. ഇ. ശ്രീധരനുമായി ഇന്ന് സംസാരിച്ചു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും. എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാവും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഗതാഗതത്തിന് തുറന്നു നല്‍കിയ ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധനയ്ക്ക് തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിക്കാന്‍ ശ്രീ. ഇ. ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടായി എന്നാണ് ശ്രീ. ഇ. ശ്രീധരന്‍ കണ്ടെത്തിയത്. കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്താന്‍ ഫലപ്രദമാവില്ല. സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലത് എന്നതായിരുന്നു ഇ. ശ്രീധരന്‍റെ നിര്‍ദ്ദേശം. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുള്ള അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. പാലം പൊളിച്ചു പണിയുന്നതിനുള്ള ചുമതല ഇ. ശ്രീധരനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.  ഭാരപരിശോധനയെന്ന നിര്‍ദ്ദേശം ബഹു. ഹൈക്കോടതി അംഗീകരിച്ചു. അതേത്തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചു.

സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒരു സംഭവമാണ് പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേട്. പാലം നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. അവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
 
നഗ്നമായ അഴിമതിയാണ് നടന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതികളില്‍ ഒന്നുമാത്രമാണിത്. ഇതില്‍ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്കു പറയിക്കുക എന്നതാണ് ഈ നാടിന്‍റെ തന്നെ ഉത്തരവാദിത്വമായാണ് കാണുന്നത്.

വയനാട്ടിലേക്ക് തുരങ്കപാത
പാലാരിവട്ടം പാലത്തിന്‍റെ അനുഭവം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ അഴിമതിയുടെ ഓര്‍മപ്പെടുത്തലാണെങ്കില്‍ ഈ സര്‍ക്കാര്‍ ഓരോ പ്രവൃത്തിയും ഗുണമേډ ഉറപ്പുവരുത്തിയും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അഴിമതിരഹിതവുമായാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാഷ്ട്രീയ അഴിമതിയില്‍നിന്ന് പൊതുമരാമത്ത് മേഖലയെ മുക്തമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്നത് വലിയ നേട്ടമായാണ് കാണുന്നത്.
സര്‍ക്കാരിന്‍റെ 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ ചില പ്രധാന പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ്. ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. അതിവര്‍ഷമുണ്ടാകുമ്പോള്‍ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്.

ബദല്‍പാത എന്നത് ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബദല്‍പാത മാത്രമാണ് ഇതിനെല്ലാം പരിഹാരം.

ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്‍റെ നീളം 6.9 കിലോമീറ്റര്‍ വരും. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ ആരംഭിക്കും.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം
ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ നവീകരിക്കുന്നതിന് 625 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കും.

ആലപ്പുഴ-കോട്ടയം ജില്ലകളെ കരമാര്‍ഗം ബന്ധിപ്പിക്കുന്ന എസി റോഡ് എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങളായ കൈനകരി, കാവാലം, എടത്വാ, മുട്ടാര്‍, നെടുമുടി, ചമ്പക്കുളം എന്നിവിടങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക കാലത്ത് ആശ്രയിക്കുന്നത് എസി റോഡാണ്. എസി റോഡിലെ വെള്ളപ്പൊക്കം കുട്ടനാട്ടിലെ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കും. ഇതിന് പരിഹാരമായാണ് എസി റോഡ് നവീകരിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും കൂടുതല്‍ വെള്ളം കയറുന്ന അഞ്ച് സ്ഥലങ്ങളിലാണ് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. ഒമ്പത് സ്ഥലങ്ങളില്‍ കോസ് വേകള്‍ പണിയും. വീതി കുറഞ്ഞ പാലങ്ങള്‍ വീതി കൂട്ടും. 13 കള്‍വെര്‍ട്ടുകള്‍ പുനര്‍നിര്‍മിക്കും. രാത്രി യാത്ര സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനങ്ങളും നിര്‍ദിഷ്ട പാതയിലുണ്ടാകും.

ശംഖുമുഖം റോഡ് പുനര്‍നിര്‍മാണം
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ശംഖുമുഖം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡിസൈന്‍ പ്രകാരം 260 മീറ്റര്‍ കോണ്‍ക്രീറ്റ് ഡയഫ്രം വാള്‍ ഒന്നാംഘട്ടമായി നിര്‍മിക്കും. ഇതിന് 4.29 കോടി രൂപയുടെയും റോഡ് നിര്‍മിക്കുന്നതിന് 1.1 കോടി രൂപയുടെയും പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ബൈപാസ്

225 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആലപ്പുഴ ബൈപാസ് നവംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കൊമ്മാടിയില്‍ നിന്ന് ആരംഭിച്ച് കളര്‍കോട് എത്തുന്ന ബൈപാസിന് 6.8 കിലോമീറ്ററാണ് നീളം.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍
എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന കുണ്ടന്നൂര്‍ (780 മീറ്റര്‍), വൈറ്റില (700 മീറ്റര്‍) മേല്‍പ്പാലങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഡിസംബറില്‍ രണ്ടു മേല്‍പ്പാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് 88.77 കോടി രൂപയും വൈറ്റില മേല്‍പ്പാലത്തിന് 113 കോടി രൂപയുമാണ് ചെലവ്.

ശബരിമല – പ്രധാന റോഡുകളും അനുബന്ധ റോഡുകളും
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും നവീകരണത്തിന് 225 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 62 പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ വരുന്നത്. ഒക്ടോബറില്‍ എല്ലാ പ്രവൃത്തികളും ആരംഭിക്കും.

പെരുമണ്‍ പാലം
കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിന്‍റെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. 42 കോടി രൂപയാണ് ഇതിന് ചെലവ്.

38 പാലങ്ങള്‍
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 38 പാലങ്ങളുടെ നിര്‍മാണം നവംബറിനകം ആരംഭിക്കും. പ്രവൃത്തി തുടങ്ങിയ 28 പാലങ്ങള്‍ നവംബറിനു മുമ്പ് പൂര്‍ത്തിയാകും.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യമാണ് ഇവിടെ കാണേണ്ടത്. നാടിനുവേണ്ട ഒരു പദ്ധതിയും പണമില്ല എന്ന കാരണത്താല്‍ മാറ്റിവെക്കാനോ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാനോ ഈ സര്‍ക്കാര്‍ തയ്യാറാവില്ല; അത് അനുവദിക്കുകയുമില്ല.

യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി
കേരളത്തിലെ യുവജനങ്ങള്‍ക്ക് നേതൃശേഷിയും നൈപുണ്യവും പ്രദാനം ചെയ്യുന്ന യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു.

അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അറിയപ്പെടുന്ന പണ്ഡിതരും ചിന്തകരും അവരുടെ മേഖലകളിലെ വിഷയങ്ങളെപ്പറ്റി കേരളത്തിലെ യുവതീയുവാക്കളുമായി അനുഭവം പങ്കുവെയ്ക്കുന്നതിനുള്ള അവസരം അക്കാദമി ഒരുക്കും. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമുള്ള ഗുണനിലവാരമേറിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ അവസരം കിട്ടാതെപോയ ബഹുഭൂരിപക്ഷം പേര്‍ക്കും ഈ അവസരം അവരുടെ നാട്ടിലും വീട്ടുമുറ്റത്തും മറ്റൊരു വിധത്തില്‍ ഇതിലൂടെ ലഭ്യമാക്കുകയാണ്.

വിജ്ഞാനവും വൈദഗ്ദ്ധ്യവും പ്രായോഗികതലത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ പ്രാപ്തമായ ഒരു പൊതുസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഉദ്ദേശം. നമ്മുടെ യുവതീയുവാക്കള്‍ ജനപ്രതിനിധികളാകുമ്പോള്‍ ഉദ്യോഗസ്ഥരാല്‍ നയിക്കപ്പെടുന്നവരായല്ല, മറിച്ച് ഉദ്യോഗസ്ഥരെ നയിക്കുന്നവരായി മാറണം. അവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മികവു പുലര്‍ത്തുന്നവരാകണം. ബന്ധപ്പെട്ട വിഷയങ്ങളിലും നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും അറിവുള്ളവരാകണം. ഈ ലക്ഷ്യങ്ങളെല്ലാം യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയിലൂടെ സാധ്യമാകണം.  

അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളം യുവതീയുവാക്കളെ നാനാമേഖലകളില്‍ നേതൃപാടവമുള്ളവരാക്കാന്‍ നടത്തുന്ന പുതിയൊരു കാല്‍വയ്പിന്‍റെ നാഴികക്കല്ലാണ് കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി. ഇതിലെ ആദ്യ സെഷന്‍ തന്നെ പ്രതിഭാധനനായ ശ്രീ. കമലഹാസനാണു കൈകാര്യം ചെയ്തത്.

വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് തീരുമാനിച്ച സാഹചര്യം

വടക്കാഞ്ചേരിയില്‍ റെഡ്ക്രെസന്‍റ് നിര്‍മ്മിച്ചു നല്‍കുന്ന ഭവനസമുച്ചയം സംബന്ധിച്ച് ചിലര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. 20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ തുക കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

ലൈഫ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിവരുന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുന്‍കാലത്ത് പല പദ്ധതികളിലുമായി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍, ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നിവര്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ്. സമയബന്ധിതമായി രണ്ട് ലക്ഷം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 2020 ഫെബ്രുവരിയില്‍ പ്രഖ്യാപനം നടത്തി. നവംബര്‍ അവസാനത്തോടെ അമ്പതിനായിരം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. മുന്‍പ് അവസരം നഷ്ടപ്പെട്ടവര്‍ക്കും പല കാരണങ്ങളാല്‍ വീട് ലഭിക്കാത്തവര്‍ക്കും ഒരിക്കല്‍ കൂടി അപേക്ഷിക്കുവാന്‍ ഇന്ന് വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഇതാണ് ലൈഫ്. വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ മൊത്തത്തില്‍  ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് എതിരായി മാറ്റുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. നിയമ സംവിധാനത്തില്‍ കൂടിയായിരിക്കും അത്തരം നടപടികള്‍ ഉണ്ടാവുക. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തലിലുണ്ടാവില്ല.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് എംഒയുവിന്‍റെ കോപ്പി ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള മറുപടിയായി ചോദിച്ച രേഖകള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകില്ല.

മാധ്യമങ്ങള്‍
ശരിയായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന മാധ്യങ്ങളെ നമ്മള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കാറുമുണ്ട്.  സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തെ വക്രീകരിക്കുന്ന നിലയുണ്ടായി. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം തീവെയ്പ്പിന് നേതൃത്വം കൊടുക്കുന്നു എന്നു പറയുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. അത് ഏതെങ്കിലും ഒരാള്‍ പറഞ്ഞ വിടുവായത്തമല്ല. ചില മാധ്യമങ്ങള്‍ അങ്ങനെത്തന്നെ പറയുന്ന നിലയുണ്ടായി. തെറ്റായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നത് സാധാരണനിലയിലുള്ള മാധ്യമ ധര്‍മമല്ലല്ലോ. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീവെയ്ക്കാനും തെളിവു നശിപ്പിക്കാനും നടക്കുന്നവരാണ് എന്ന് പറയുന്ന നിലയുണ്ടായാല്‍ അത് സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലേ. അങ്ങേയറ്റം അവിശ്വാസമായ ഒരു അവസ്ഥ നാട്ടിലുണ്ടാക്കുന്ന നിലയല്ലേ വരിക. അത് മാധ്യമ ധര്‍മമല്ലല്ലോ. അക്കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രയില്‍പ്പെടുത്തുക എന്നാണ് മന്ത്രിസഭ കണ്ടത്. 

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 23-09-2020

വ്യവസായങ്ങള്‍ക്ക്  ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്‍സുകളും അനുവദിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംരംഭകര്‍ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

കേരള സമുദ്ര മത്സ്യസമ്പത്തിന്‍റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തില്‍ (1980) ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഡോ. അഖില്‍ സി ബാനര്‍ജിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ എമിററ്റസ് സയന്‍റിസ്റ്റാണ് ഇപ്പോള്‍ അദ്ദേഹം.

കേരള ഫോക്ലോര്‍ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിലെ 39 സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

ആഗസ്റ്റ് 25-ന് സെക്രട്ടറിയേറ്റിലെ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ ഉണ്ടായ അഗ്നിബാധ സംബന്ധിച്ച് ചില ദിനപത്രങ്ങളില്‍ ബോധപൂര്‍വ്വം തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടാന്‍ തീരുമാനിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ക്രിമിനല്‍ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടും. അപകീര്‍ത്തികരമായ വാര്‍ത്ത സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഇക്കാര്യത്തില്‍ അധികാരമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും പരാതി നല്‍കാനും തീരുമാനിച്ചു.


കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി

കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

2019-ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ തീരുമാനിച്ചത്.

18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്‍റെ വീതി പത്തു മീറ്റര്‍ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കുന്നതാണ് ഭേദഗതികളില്‍ ഒന്ന്.

ഫ്ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നതിന് പഴയ രീതിയിലുള്ള ഫോര്‍മുല തന്നെ ഉപയോഗിക്കാന്‍ ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തെയുള്ള ചട്ടങ്ങള്‍ പ്രകാരം ഫ്ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നത് ഫ്ളോര്‍ ഏരിയയുടെ അടിസ്ഥാനത്തിലായിരുന്നു. 2019-ല്‍ വരുത്തിയ ഭേദഗതി പ്രകാരം അത് ബില്‍ട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിലാക്കി മാറ്റി. ഇത് കാരണം നിര്‍മിക്കാവുന്ന ഫ്ളോര്‍ ഏരിയ കുറഞ്ഞതായി നിര്‍മാണ മേഖലയിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. ഇത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പഴയ ഫോര്‍മുല തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

വാര്‍ത്താകുറിപ്പ്: 22-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 22-09-2020

——————————–

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേര്‍ മരണമടഞ്ഞു. 40,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3463 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധന നടത്തി. 3007 പേര്‍ രോഗവിമുക്തരായി.

കോവിഡ് വ്യാപനം സംസ്ഥാനത്ത്  ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നു എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് എന്നതാണ്. ഇന്നലെ വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോള്‍ അതില്‍ 7047 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. അതായത് 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്ന് കാണാം. മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍, ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍. ഇന്ന് ജില്ലയില്‍ 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് എവിടെനിന്ന് ബാധിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആള്‍ക്കൂട്ടമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തി വരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ല. മാധ്യമങ്ങളും ആ പ്രശ്നത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല.

കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ നമ്മള്‍ മുന്‍പുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകള്‍ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങള്‍ നടത്തുന്നത്, കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതലുകള്‍ എല്ലാം സ്വീകരിച്ചിരിക്കുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ സമരങ്ങള്‍ എന്ന പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ  തകിടം മറിക്കുന്നത്.

ലോകാരോഗ്യ സംഘടനയുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന്‍റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ട സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്‍റെ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരങ്ങള്‍ തടയാന്‍ സംസ്ഥാനവ്യാപകമായി നിയുക്തരായ പൊലീസുകാരില്‍ 101 പേര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചത്.  

ഇവരില്‍ ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്പെക്ടര്‍, 12 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് എഎസ്ഐമാര്‍ എന്നിവരുള്‍പ്പെടുന്നു. കൂടാതെ 71 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ പ്രൈമറി കോണ്ടാക്ടാണ്. 171 പേര്‍ നിരീക്ഷണത്തിലാണ്. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പോലീസുകാര്‍ ക്വാറന്‍റൈനില്‍ ആകുന്ന അവസ്ഥയാണ്.

കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് ഇത് വിഘാതമാകുന്നു. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിക്കുന്ന സേനയാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണം.

ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ, പ്രതിഷേധിക്കുന്നവര്‍ അതു സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറണം. മറ്റെന്തെല്ലാം പ്രതിഷേധ മാര്‍ഗങ്ങളുണ്ട്. അക്രമസമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ആകൂ എന്നൊരു ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്നത്തിന് വലിയ അളവ് പരിഹാരമാകും.

നമ്മള്‍ എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറായേ തീരൂ. നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടു കൊടുക്കില്ല എന്നു തീരുമാനിക്കണം. അതിനാവശ്യമായ ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും വേണം.  

കൊല്ലം ജില്ലയില്‍ 347 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മടങ്ങിപ്പോയ അതിഥിതൊഴിലാളികളില്‍ 379 പേര്‍ ജില്ലയില്‍ തിരികെയെത്തിയിട്ടുണ്ട്. നാട്ടില്‍ പോകാതെ ജില്ലയില്‍ തങ്ങിയത് 7,834 തൊഴിലാളികളാണ്. ട്രെയിനില്‍ എറണാകുളത്തു എത്തിയശേഷം ജില്ലയിലേക്ക് വരുന്ന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാതെ പോകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥിതൊഴിലാളികളെ പൊലീസ് നിരീക്ഷിക്കുന്നത് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള 11 ആക്ടീവ് ക്ലസ്റ്ററുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പന്തളം കടയ്ക്കാട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററിലാണ്. ശവസംസ്ക്കാര ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ 11 ക്ലസ്റ്ററുകളില്‍ പുറക്കാട്, പുന്നപ്ര സൗത്ത് ആറാട്ടുപുഴ, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. പള്ളിപ്പുറം അമ്പലപ്പുഴ സൗത്ത്, ചേര്‍ത്തല സൗത്ത് എന്നീ ക്ലസ്റ്ററുകളിലും സജീവമായ കേസുകളുടെ എണ്ണം കൂടുതലാണ്.

കോട്ടയം ജില്ലയില്‍ മാര്‍ക്കറ്റുകളോ ജനങ്ങള്‍ കൂട്ടം ചേരുന്ന മറ്റു കേന്ദ്രങ്ങളോ ഇല്ലാത്ത വാഴപ്പള്ളി പഞ്ചായത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നു. സെപ്റ്റംബര്‍ 14 മുതല്‍ നാലു തവണയായി 856 പേരെ ഇവിടെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗവ്യാപനം ശക്തമായിരുന്ന മേഖലകളില്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യവുമുണ്ട്.

എറണാകുളം ജില്ലയിലെ പ്രതിദിന സ്ഥിരീകരണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓണം ആഘോഷങ്ങളോടനുബന്ധിച്ച് സമ്പര്‍ക്ക വ്യാപനത്തിന്‍റെ തോതില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ നല്ലൊരു പങ്ക് രോഗലക്ഷണങ്ങളില്ലാത്തവരാണ്.

കോഴിക്കോട് ജില്ലയില്‍ തീരദേശങ്ങളില്‍ രോഗം വ്യാപിക്കുന്ന സാഹചര്യം തുടരുകയാണ്. കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കോര്‍പറേഷനിലെ കപ്പക്കല്‍ വാര്‍ഡിലാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇവിടെ 107 പേര്‍ പോസിറ്റീവ് ആയി.  

കണ്ണൂര്‍ ജില്ലയില്‍ നാല് ആശുപത്രികള്‍ ഉള്‍പ്പെടെ എട്ട് ആക്ടീവ് ക്ലസ്റ്ററുകള്‍ ഉണ്ട്. 11 ക്ലസ്റ്ററുകളിലെ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. ഇവിടെ തിങ്കളാഴ്ച വൈകിട്ട് ഡയാലിസിസ് ചെയ്ത രോഗിക്ക് പിന്നീട് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ ആശുപത്രിയിലെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവിടത്തെ ഓഫീസുകള്‍ ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചു.

കാലാവസ്ഥ

കഴിഞ്ഞ 4 ദിവസം കൊണ്ട് കേരളത്തില്‍ പെയ്ത ശരാശരി മഴ 169.5 മില്ലിമീറ്റര്‍ ആണ്. സെപ്റ്റംബര്‍ മാസത്തിലെ ഈ ദിവസങ്ങളിലെ ദീര്‍ഘകാല ശരാശരി കേവലം 32.5 മില്ലിമീറ്റര്‍ മാത്രമാണ്. ഇതോടുകൂടി ജൂണില്‍ തുടങ്ങിയ നമ്മുടെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ ആകെ ലഭിച്ച മഴ 2194.1 മില്ലിമീറ്ററായി. ദീര്‍ഘകാല ശരാശരിയായ 1973 മില്ലിമീറ്ററിനേക്കാള്‍ 11 ശതമാനം അധിക മഴയാണിത്. കാലാവസ്ഥ വകുപ്പിന്‍റെ കണക്കനുസരിച്ച് വയനാട് ജില്ലയില്‍ ഇപ്പോഴും ആകെ മഴയില്‍ 16 ശതമാനത്തിന്‍റെ കുറവുണ്ട്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെങ്കിലും മഴയുടെ ശക്തി നാളെ മുതല്‍ പൊതുവെ കുറഞ്ഞുവരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ 5 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലമ്പൂര്‍, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഇത്.

മഴക്കെടുതിയില്‍ 5 മരണങ്ങളാണ് മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാസര്‍കോട് 2, തിരുവനന്തപുരം 2, ഇടുക്കി ഒന്ന്.

ശ്രീനാരായണ ഗുരു പ്രതിമ

ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകം നിര്‍മിക്കുക എന്ന സര്‍ക്കാരിന്‍റെ ഏറെക്കാലത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. നമുക്ക് ജാതിയില്ലാ വിളംബരത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണാര്‍ത്ഥം മ്യൂസിയം ജംഗ്ഷനില്‍ ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥാപിച്ച ഗുരുവിന്‍റെ വെങ്കല പ്രതിമ ഇന്നലെ അനാച്ഛാദനം ചെയ്തു. മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാനത്ത് സ്മാരകം സര്‍ക്കാര്‍ ഒരുക്കും.

സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം ഈ ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇ-ചെലാന്‍

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വ്വഹിച്ചു. വാഹന പരിശോധന, പിഴ അടയ്ക്കല്‍ എല്ലാം ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സിറ്റികളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്‍റെ നമ്പരോ ഡ്രൈവിങ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയും. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത ഉറപ്പാക്കാനാകും.

കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം

മധ്യകേരളത്തിലെ മികച്ച പൊതുജനാരോഗ്യ കേന്ദ്രമായ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ വികസനത്തിനുതകുന്ന വിവിധ പദ്ധതികള്‍  ഉദ്ഘാടനം ചെയ്തു. പൂര്‍ത്തീകരിച്ച അഞ്ച് പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവുമാണ് നടത്തിയത്. പുതിയ വാര്‍ഡുകളും ഐസിയുവും, നെഗറ്റീവ് പ്രഷര്‍ ഐസിയു, മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഹോസ്റ്റല്‍, പിജി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മിച്ച റസിഡന്‍റ് ക്വാര്‍ട്ടേഴ്സ്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുമാണ് ഉദ്ഘാടനം ചെയ്തത്.

രണ്ട് പൂതിയ നിര്‍മാണ പ്രവത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. 134.45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സര്‍ജിക്കല്‍ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്റ്റോര്‍ എന്നിവയാണവ. മെഡിക്കല്‍ കോളേജിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ടതാണ് സര്‍ജിക്കല്‍ ബ്ലോക്ക്. 564 കോടി രൂപ മുതല്‍മുടക്കുള്ള ഈ ബ്ലോക്കിന്‍റെ ആദ്യഘട്ട നിര്‍മാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയത്.

മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്‍റെ നിര്‍മാണത്തിന് നബാര്‍ഡിന്‍റെ
ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്‍റെ നിര്‍മാണോദ്ഘാടനവും ഇന്ന് നിര്‍വഹിച്ചു.

ഷോളയൂര്‍, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകള്‍ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലില്‍ 60 ആണ്‍കുട്ടികള്‍ക്കും ഇരുമ്പുപാലത്ത് 100 പെണ്‍കുട്ടികള്‍ക്കും ആനവായില്‍ 100 കുട്ടികള്‍ക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

ഷോളയൂരിലും ഇരുമ്പുപാലത്തും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ആനവായില്‍ പുതിയ ഇരുനില മന്ദിരമാണ്. അഗളിയില്‍ 4.74 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില മന്ദിരമാണ് നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള സംവിധാനവും ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കും.

വ്യവസായം

കുണ്ടറ കേരളാ സിറാമിക്സിലെ നവീകരിച്ച പ്ലാന്‍റുകളുടെയും പുതിയ പ്രകൃതി വാതക പ്ലാന്‍റിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കുകയുണ്ടായി. പൊതുമേഖലാ വ്യവസായങ്ങള്‍ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയത്തിന്‍റെ ഭാഗമായാണ് കുണ്ടറ സിറാമിക്സിലെ നവീകരണവും വ്യവസായ വകുപ്പ് ഏറ്റെടുത്തത്.

ഇതോടെ ഇവിടെ ആകെയുള്ള അഞ്ചു പ്ലാന്‍റുകളുടെയും നവീകരണം പൂര്‍ത്തിയായിരിക്കുകയാണ്. അതിനൊപ്പം പ്രകൃതിവാതക പ്ലാന്‍റും ആരംഭിക്കുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ഈ സ്ഥാപനത്തെ രക്ഷിക്കുന്നതിന് 2017ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 23 കോടി രൂപയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതി ഇതിലൂടെ പൂര്‍ത്തിയാവുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചു വരുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി രൂപയായിരുന്നു. ഭരണത്തിന്‍റെ ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. പിന്നീട്  തുടര്‍ച്ചയായ മൂന്നു വര്‍ഷവും ഈ സ്ഥാപനങ്ങളില്‍ പലതും ലാഭത്തിലായി. 2015-16ല്‍ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ല്‍ പതിനഞ്ച് കമ്പനികള്‍ ലാഭത്തിലാണ്.

2017-18ല്‍ 5 കോടിയും 2018-19ല്‍ 8 കോടിയുമായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭം. 2019-20ല്‍ പ്രവര്‍ത്തന ലാഭം 56 കോടി രൂപയാണ്. ഈ മികച്ച നേട്ടം പൊതുമേഖലയോടുള്ള സര്‍ക്കാരിന്‍റെ സമീപനത്തിന്‍റെ ഫലമാണ്. ഈ സമീപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനങ്ങള്‍ പോലും  സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
പൊതുമേഖലാ വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് കെഎംഎംഎല്‍ ആണ്. 2018-19ല്‍ 163 കോടി രൂപയാണ് ലാഭം. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം 181 കോടി രൂപ ലാഭമുണ്ടായി.  

കോവിഡ് മഹാമാരി നമ്മുടെ വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ പ്രോത്സാഹന പദ്ധതികളിലൂടെ ഈ പ്രതികൂല സാഹചര്യം മറികടക്കാനാണ് ശ്രമിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇപ്പോള്‍ കഴിയും. ഇതിനുവേണ്ടി നിയമം കൊണ്ടുവന്നു. ഇതുപ്രകാരം 2020 ജനുവരി മുതല്‍ ഇന്നുവരെ 4042 സംരംഭകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 958 കോടിയുടെ നിക്ഷേപം ഇതുവഴി സംസ്ഥാനത്തുണ്ടായി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങളാണ് മുന്‍കൂര്‍ അനുമതിയില്ലാതെ തുടങ്ങാന്‍ കഴിയുക.

വ്യവസായ നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കുന്നതിന് കെ-സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. ഇതുപ്രകാരം 9261 പേര്‍ രജിസ്റ്റര്‍ ചെയ്തു. 906 പേരാണ് അപേക്ഷകള്‍ പൂര്‍ണമായും സമര്‍പ്പിച്ചത്. ഇവരില്‍ 171 പേര്‍ക്ക് അനുമതി നല്‍കി. 237 പേര്‍ കല്‍പ്പിത അനുമതിയോടെ വ്യവസായം തുടങ്ങി. 3600 കോടി രൂപ മുതല്‍മുടക്ക് വരുന്ന 29 വന്‍കിട പദ്ധതികള്‍ക്ക് കെ-സ്വിഫ്റ്റ് വഴി അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

വ്യവസായ ലൈസന്‍സുകളുടെ കാലാവധി നേരത്തെ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയായിരുന്നു. അത് എല്ലാ വിഭാഗത്തിലും അഞ്ചുവര്‍ഷമായി വര്‍ധിപ്പിച്ചു.

കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ചെറുകിട വ്യവസായങ്ങള്‍ക്ക് ‘വ്യവസായ ഭദ്രത’ എന്ന പേരില്‍ 3434 കോടി രൂപയുടെ സഹായ പാക്കേജ് നടപ്പാക്കുകയാണ്. കേരള ബാങ്കുവഴി നബാര്‍ഡിന്‍റെ 225 കോടി രൂപയുടെ മൂലധനസഹായം അനുവദിക്കുന്നുണ്ട്.

കേരളത്തിലെ വ്യവസായങ്ങളില്‍ 70 ശതമാനവും സുക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 58,826 എംഎസ്എംഇകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 5,388 കോടി രൂപയുടെ നിക്ഷേപം നമ്മുടെ സംസ്ഥാനത്ത് വന്നു. 1.6 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 1878 ഏക്കര്‍ ഭൂമി പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കും. കൊച്ചി-സേലം ദേശീയ പാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്‍റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അനുമതികള്‍ ഏകജാലക സംവിധാനത്തിലൂടെ നല്‍കും.

വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റി ‘ഗിഫ്റ്റ്’ (കൊച്ചി ഗ്ലോബല്‍ ഇന്‍ഡസട്രീയല്‍ ഫിനാന്‍സ് ആന്‍റ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. അടുത്ത ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രമായി ഗിഫ്റ്റിലൂടെ കൊച്ചി മാറും. 1.2 ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴില്‍ ലഭിക്കും.

കോവിഡിനു ശേഷമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മെയ് 30ന് നാം മുന്നോട്ട് പരിപാടിയില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ ടെറുപെന്‍പോള്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ശ്രീ. പത്മകുമാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. തിരുവനന്തപുരം കേന്ദ്രമായി മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യവസായം തുടങ്ങുന്നതിന് വലിയ സാധ്യതയുണ്ടെന്ന് പത്മകുമാര്‍ തന്‍റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചു. ഈ നിര്‍ദേശം ഗൗരവമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഡിവൈന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 24-ന് ഇതിന്‍റെ നിര്‍മാണ ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്.

പാലക്കാട് മെഗാ ഫുഡ്പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫുഡ് പാര്‍ക്കില്‍ 30 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു കഴിഞ്ഞു. ഡിഫന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടനം വൈകാതെ നടക്കും.

ചേര്‍ത്തലയില്‍ മെഗാ മറൈന്‍ ഫുഡ് പാര്‍ക്കിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 84 ഏക്കര്‍ വരുന്ന പാര്‍ക്കില്‍ 26 സംരംഭകര്‍ക്ക് സ്ഥലം അനുവദിച്ചു. 130 കോടി രൂപയാണ് പാര്‍ക്കിന്‍റെ നിര്‍മാണ ചെലവ്. ഈ പാര്‍ക്ക് വഴി 500 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകും.

പാലക്കാട് ലൈറ്റ് എഞ്ചിനീയറിംഗ് പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉള്‍പ്പെടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഏഴു സംരംഭങ്ങള്‍ക്ക് കെട്ടിടം അനുവദിച്ചു. രണ്ടാം ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും.

മട്ടന്നൂരില്‍ 137 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപരും തോന്നയ്ക്കലില്‍ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് ഒന്നാംഘട്ടം തുടങ്ങുന്നതിന് 7.45 ഏക്കര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. രണ്ടാംഘട്ടത്തിന് വര്‍ക്കലയില്‍ 32 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.

വാര്‍ത്താകുറിപ്പ്: 19-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 19-09-2020

——————————–

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 4644 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 18 പേര്‍ മരണമടഞ്ഞു. 37,488 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3781 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 47,452 സാമ്പിളുകള്‍ പരിശോധന നടത്തി. 2862 പേര്‍ രോഗവിമുക്തരായി.

സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്കാണ്. ഇന്നലെ മാത്രം ജില്ലയില്‍ 2,014 പേര്‍ രോഗനിരീക്ഷണത്തിലായി.

കൊല്ലം ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാ രംഗത്തെ വലിയ നേട്ടമാണ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് കോവിഡ്  അതിജീവനത്തിന്‍റെ ഈ അടയാളപ്പെടുത്തല്‍. 43 ദിവസം വെന്‍റിലേറ്ററിലും അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വെന്‍റിലേറ്ററിന്‍റെയും ഡയാലിസിസ് യൂണിറ്റിന്‍റെയും സഹായം വിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മത്സ്യ വില്‍പന തൊഴിലാളിയായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐസിയുവിലും പിന്നീട് വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായി വന്നു. ആറു ലക്ഷം രൂപ വിനിയോഗിച്ച് വെന്‍റിലെറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പി നടത്തി.

ജൂലൈ 15ന് ടൈറ്റസ് കോവിഡ്  നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളെ  തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്‍റിലേറ്ററിലും പിന്നീട് ഐസിയുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായി ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു.

സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയത്. പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃക ആയതിനാലാണ് ഇത് ഇവിടെ എടുത്തുപറയുന്നത്. ടൈറ്റസിനെ ചികിത്സിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കോവിഡിനെതിരെ ഇത്രയേറെ പ്രത്യേകതകളുള്ള ഇടപെടലാണ് നടത്തുന്നത്. അതിനിടയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനു കൂടിയാണ് ഇത് ഇവിടെ സൂചിപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ വെള്ളിയാഴ്ച വരെ 55 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുണ്ടായ പ്രാഥമിക സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവാഹത്തിന് വലിയ തോതില്‍ ആളുകള്‍ ഒത്തുകൂടുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കും.

ആലപ്പുഴ ജില്ലയില്‍ സജീവമായ 11 ക്ലസ്റ്ററുകളില്‍ പുറക്കാട്, ആറാട്ടുപുഴ, പുന്നപ്ര സൗത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പുറമെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സ് വീതം നല്‍കും.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നനിലയില്‍ തുടരുന്നു.

ഇടുക്കിയില്‍ നെടുങ്കണ്ടം ടൗണ്‍ പൂര്‍ണ്ണമായി അടച്ചു. മത്സ്യ മൊത്തക്കച്ചവടക്കാരനും, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കങ്ങളില്‍ ഒന്നാണ് നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 3,000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുമളി എട്ടാംമൈല്‍ മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍, കമ്പംമേട് തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.

എറണാകുളത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പര്‍ക്ക വ്യാപനം ഉണ്ട്. 42 ക്ലസ്റ്ററുകളില്‍ 28 വലിയ കമ്യൂണിറ്റി ക്ലസ്റ്ററുകളുണ്ട്. പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍ക്കായി ഐസിഡിഎസ് സഹകരണത്തോടെ മുട്ടം എസ്സിഎംഎസ് കോളേജില്‍ പുതിയൊരു എഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് ഇന്ന് 534 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

തൃശൂര്‍ ജില്ലയിലെ എഴുപതോളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

പാലക്കാട് ജില്ലയില്‍ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ദിനംപ്രതി അയ്യായിരത്തിലധികം സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. 6681 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും വടകര, ചോറോട് ക്ലസ്റ്ററുകളിലുമാണ് കൂടുതല്‍  രോഗികളുള്ളത്. വെള്ളയില്‍ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 76 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് 412 പേര്‍ക്കാണ് പോസിറ്റീവായത്.

വയനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട്ട് നിലവിലുള്ള തീരദേശ ക്ലസ്റ്ററുകളില്‍ നിന്നും പലരും പരിശോധനയ്ക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തിന്‍റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി നമ്മുടെ രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം  സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്‍റെ നിഗമനം.

ഗവേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം  നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ  2 വിന്‍റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ (A 2 a)  ആണെന്ന് നിര്‍ണ്ണയിക്കുവാനും  സാധിച്ചു. വിദേശ വംശാവലിയില്‍ പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍  കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്.

അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മളിപ്പോള്‍. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥങ്ങളില്‍ എല്ലാവരും ഉത്തരവാദിത്വബോധത്തോടെ പെരുമാറിയേ തീരൂ.

കാലാവസ്ഥ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് തയ്യാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതിതീവ്ര മഴ അപകടസാധ്യത വര്‍ധിപ്പിക്കും. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്  പ്രഖ്യാപിച്ചത്.

ഈ ജില്ലകളിലെ ദുരന്തസാധ്യതാ മേഖലകളില്‍ ഉള്ളവരെ മുന്‍കരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കേണ്ടതാണ്.

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ എല്ലാവരും സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്ര സേനകള്‍ തയ്യാറാകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരായി. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവര്‍ തയ്യാറായിട്ടുണ്ട്. വായൂസേനയുടെ വിമാനങ്ങളും തയ്യാര്‍ ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.

വികസനം
സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ഇന്ന് നാല് സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് ഉതകുന്ന കാര്‍ഷിക കലണ്ടറിന്‍റെ പ്രഖ്യാപനവും മണ്‍റോ തുരുത്തിലെ കാലാവസ്ഥാ അനുരൂപകൃഷിയുടെ ഉദ്ഘാടനവുമാണ് അതിലൊന്ന്. 100 ദിന കര്‍മ്മ പദ്ധതിയില്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായാണ് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയത്. മണ്‍റോതുരുത്തിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് കാലാവസ്ഥ അനുരൂപ കൃഷി എന്ന പദ്ധതി ആരംഭിക്കുന്നത്. ഇവ രണ്ടും കാര്‍ഷിക കേരളത്തിനു ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതികളാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ട്രോമാകെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടുത്തി നവീകരിച്ച അത്യാഹിതവിഭാഗത്തിന് ഇന്ന് തുടക്കമായി. രോഗികള്‍ ആശുപത്രിയിലെത്തുന്ന നിമിഷംമുതല്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് 33 കോടി രൂപ ചെലവില്‍ ഏര്‍പ്പെടുത്തിയത്.

അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്, അത്യാഹിതത്തിന്‍റെ തീവ്രതയ്ക്കനുസരിച്ച് ചികിത്സ ഉറപ്പാക്കാനുള്ള അത്യാധുനിക സംവിധാനമാണ് ഒരുക്കിയത്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനവും ഇന്ന് ഉദ്ഘാടനം ചെയ്തു.

രോഗികളുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുതിയ കാഷ്വാലിറ്റിയില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍, രോഗതീവ്രതയനുസരിച്ച് സേവനം നല്‍കാന്‍ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിടക്കകള്‍, ജീവന്‍രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 187 കോടി രൂപ ചെലവില്‍ പുതിയ 14 നില കെട്ടിടം 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന ഒരു പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നിര്‍വഹിക്കുകയുണ്ടായി.

കുട്ടികള്‍ക്ക് പഠിക്കാന്‍ വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ധാരാളമുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കാണേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതി ആവിഷ്കരിച്ചത്. പട്ടികജാതിക്കാര്‍ക്ക് അവരുടെ വീടിനോടുചേര്‍ന്ന് പഠനമുറിയൊരുക്കാന്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ സഹായം നല്‍കും. മുറി പൂര്‍ത്തിയാകുമ്പോള്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ ലഭ്യമാക്കും. സംസ്ഥാനത്താകെ 12,250 പഠനമുറികള്‍ പൂര്‍ത്തിയായതിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നിര്‍വഹിച്ചത്. ഈ വര്‍ഷം 3750 പഠനമുറികള്‍ കൂടി പൂര്‍ത്തിയാകും. ഇതിനുപുറമെ 2021ല്‍ 8500 പഠനമുറികള്‍ ഉണ്ടാക്കും.

പട്ടികവര്‍ഗക്കാര്‍ക്ക് സാമൂഹ്യ പഠനമുറികളാണ് ഒരുക്കുന്നത്. കമ്യൂണിറ്റി ഹാള്‍ പോലുള്ള പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 250 സാമൂഹ്യ പഠനമുറികള്‍ ഇതിനകം പൂര്‍ത്തിയായി. ഒരു പഠനമുറിയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമുണ്ടാകും. ആകെ 500 സാമൂഹ്യ പഠനമുറികളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമാവധി സഹായവും പിന്തുണയും നല്‍കി ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വളരെ തുച്ഛമായ വിദ്യാഭ്യാസ സഹായമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍  ഓരോ കുട്ടിക്കും പ്രതിവര്‍ഷം 2000 രൂപ വീതം വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍റും സ്റ്റൈപെന്‍റും 50 ശതമാനം വര്‍ധിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞ ആയിരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള 44 ഐടിഐകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. 15 ഐടിഐകള്‍ക്ക് പുതിയ ബ്ലോക്കുകള്‍ നിര്‍മിച്ചു. ഏറ്റവും പ്രധാനം ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്തി എന്നതാണ്.

വിദേശത്തെ മികച്ച സര്‍വകലാശാലകളില്‍ പിജി കോഴ്സ് ചെയ്യുന്നതിന് പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപ വരെ അനുവദിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ 300 പേര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ വന്ന ശേഷം 29,710 വീടുകള്‍ പൂര്‍ത്തിയാക്കി. ഇതില്‍ 11,000 വീടുകള്‍ ലൈഫ് പദ്ധതിയിലാണ് പണിതത്. കൂടാതെ 5,000ത്തോളം വീടുകളുടെ പ്രവൃത്തി ലൈഫ് മുഖേന പുരോഗമിക്കുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഭൂരഹിതരായി 10,790 പട്ടികവര്‍ഗ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 4682 പേര്‍ക്ക് 3787 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ബാക്കിയുള്ള 6108 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

പട്ടികവര്‍ഗക്കാരായ കുട്ടികള്‍ സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതിന് പ്രധാന കാരണം അവരുടെ സ്വന്തം ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മാറുമ്പോഴുള്ള പ്രയാസമാണ്. ഇത് പരിഹരിക്കുന്നതിന് ഗോത്രഭാഷ അറിയുന്ന അധ്യാപകരെ മെന്‍റര്‍ ടീച്ചര്‍മാരായി അട്ടപ്പാടിയിലും വയനാട്ടിലും നിയമിച്ചു. ‘ഗോത്രബന്ധു’ എന്ന പദ്ധതി പ്രകാരം 269 അധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചത്. അതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് ഗണ്യമായി കുറഞ്ഞു. സ്വന്തം ഭാഷയില്‍ അധ്യാപകരോട് സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം അവര്‍ക്ക് നല്ല ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്.

പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നതിന് ‘ഗോത്ര വാത്സല്യനിധി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ പ്രയോജനം 2073 കുട്ടികള്‍ക്ക് ലഭിക്കുന്നു. വിദ്യാസമ്പന്നരായ 19,000 ത്തോളം പട്ടികവര്‍ഗ്ഗക്കാരുണ്ടെന്നാണ് കണക്കാക്കിയത്. അവര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നതിന് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. നിര്‍മാണ മേഖലയില്‍ നൈപുണ്യവികസന പരിശീലനം നല്‍കി 1140 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി. പരിശീലനം ലഭിച്ചവര്‍ 54 സ്വയംസഹായ സഹകരണ സംഘങ്ങള്‍ ആരംഭിച്ച് സര്‍ക്കാരിന്‍റെ വിവിധ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നു.

പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളില്‍ പ്രത്യേക റിക്രൂട്ട്മെന്‍റ് വഴി 100 പേരെ നിയമിച്ചു. 125 പേര്‍ക്കു കൂടി ഉടനെ നിയമനം നല്‍കും.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പാരമ്പര്യ ധാന്യകൃഷി പ്രോത്സാഹിപ്പിക്കാനും അട്ടപ്പാടിയില്‍ കൃഷിവകുപ്പുമായി സഹകരിച്ച നടപ്പാക്കിയ മില്ലറ്റ് വില്ലേജ് എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി സ്വയംതൊഴില്‍ ചെയ്യാന്‍ പട്ടികവര്‍ഗ വനിതകളെ പ്രാപ്തരാക്കുന്നതിന് അട്ടപ്പാടിയില്‍ അപ്പാരല്‍ പാര്‍ക്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 292 വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ യൂണിഫോമും മാസ്ക്കും നിര്‍മിക്കുന്നത് ഇവിടെ പരിശീലനം ലഭിച്ച വനിതകളാണ്.

പോഷകാഹാരം എല്ലാവര്‍ക്കും ലഭിക്കുന്നതിന് അട്ടപ്പാടിയില്‍ 192 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ ഗോത്രവര്‍ഗ കോളനികളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.  

വാര്‍ത്താകുറിപ്പ്: 17-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 17-09-2020
—————————-

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 4351 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണ്. കോവിഡ് ബാധിച്ച് ഇന്ന് 10 പേര്‍ മരണമടഞ്ഞു. 34,314 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3730 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 351 പേരുണ്ട്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 71 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 45,730 സാമ്പിളുകള്‍ പരിശോധന നടത്തിയതിലാണ് 4351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 2737 പേര്‍ രോഗവിമുക്തരായി.

തിരുവനന്തപുരം ജില്ലയിലാണ് രോഗബാധയുടെ തീവ്രത വലിയതോതില്‍ തുടരുന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം ഇന്ന് 820 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതില്‍ 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്. എങ്ങനെ രോഗം ബാധിച്ച് എന്ന് അറിയാത്ത 83 പേരുണ്ട്. തലസ്ഥാന ജില്ലയെ സംബന്ധിച്ചിടത്തോളം രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്ര ശക്തമാക്കിയെങ്കിലും വ്യാപനനിരക്ക് കുറയുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ആറ് ജില്ലകളില്‍ മുന്നൂറിനു മുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍കോട് 319 എന്നിങ്ങനെ.

തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഒരാഴ്ചയ്ക്കിടെ 30,281 ടെസ്റ്റുകളാണ് ജില്ലയില്‍ നടത്തിയത്. ഇതില്‍ 4,184 എണ്ണം പോസിറ്റിവായി. സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്‍റീന്‍ പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ 218 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്  കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആകാവൂയെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാന്‍ പാടുള്ളു. കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കണം.

പത്തനംതിട്ട ജില്ലയില്‍ ഓണത്തിനു ശേഷമാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് നേരത്തെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ മലയോര മേഖലകളിലും വ്യാപിക്കുന്നുണ്ട്. ചിറ്റാര്‍, കോഴഞ്ചേരി തുടങ്ങിയ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തി. ചില മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു.

ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴ, പുറക്കാട് ക്ളസ്റ്ററുകളിലാണ് രോഗവ്യാപനം എറ്റവും കൂടുതലുള്ളത്.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച വൈറോളജി ലാബില്‍ കോവിഡ് ടെസ്റ്റ് നടന്നു വരുന്നതിനാല്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തോത് കുറച്ചു കൊണ്ടുവരാനായിട്ടുണ്ട്. 42 ക്ലസ്റ്ററുകളിലും സര്‍വൈലന്‍സ് ശക്തിപ്പെടുത്തിയതിന്‍റെ ഫലമായി വ്യാപനത്തോതും ഭയപ്പെട്ടതിനേക്കാള്‍ കുറവാണ്. ജില്ലയില്‍ കോവിഡ് ബാധിതരാകുന്നതില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്.  റിവേഴ്സ് ക്വാറന്‍റീന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്‍റെ നേട്ടമാണിത്. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും 70 വയസില്‍ താഴെ പ്രായമുള്ളവരാണ്.

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.  ഇന്നലെ 468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 161 പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡുകളിലുള്ളവരാണ്. ഇന്നത്തെ എണ്ണം 545. സമ്പര്‍ക്ക വ്യാപനം കൂടുതലുള്ളതും കോര്‍പറേഷന്‍ മേഖലയിലാണ്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ 180ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വടകര എടച്ചേരിയിലെ തണല്‍ അഗതി മന്ദിരത്തില്‍ നൂറിലധികം അന്തേവാസികള്‍ക്ക്  രോഗബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരുമാണ് ഇവിടുത്തെ അന്തേവാസികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച്  ചികിത്സ നല്‍കുന്നു.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഹൗസ് സര്‍ജന്‍മാരുടെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ പകുതി ഹൗസ് സര്‍ജന്‍മാരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിട്ടുനല്‍കും.

കണ്ണൂര്‍ ജില്ലയില്‍ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ചികില്‍സാ കേന്ദ്രത്തിനു പുറമെ, നാലു സര്‍ക്കാര്‍ ആശുപത്രികളിലും 12 സഹകരണ സ്വകാര്യ ആശുപത്രികളിലും 10 സിഎഫ്എല്‍ടിസികളിലുമായാണ് കൊവിഡ് ചികില്‍സ നടക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മാത്രം 2386 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2272 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

നിലവിലുള്ള മാര്‍ഗനിര്‍ദേശപ്രകാരം പരമാവധി 50 പേര്‍ക്കാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളത്. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നുണ്ട്. അവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയോ ചെയ്യുന്നില്ല.

ഇത്തരം ലംഘനങ്ങള്‍ തുടരുകയും ക്രമസമാധാനപ്രശ്നമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കലാപം ഉണ്ടാക്കുന്നതും നിയമവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ പ്രകാരവും നിയമനടപടി കൈക്കൊള്ളും. അനാവശ്യമായി ജനങ്ങള്‍ കൂട്ടംകൂടുന്ന സംഭവങ്ങള്‍ ബഹു. ഹൈക്കോടതി വളരെ ഗൗരവമായാണ് കാണുന്നത്.

മന്ത്രി ഡോ. കെ.ടി. ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 11 മുതല്‍  നടന്ന വിവിധ രാഷ്ട്രീയ പാര്‍ടികളുടെ സമരങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ച് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1131 പേര്‍ അറസ്റ്റിലായി. സമരവുമായി ബന്ധപ്പെട്ട് മാസ്ക്ക് ഉപയോഗിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ മുതലായ കുറ്റങ്ങള്‍ക്ക്  1629 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, മഹിളാമോര്‍ച്ച, എബിവിപി, കെഎസ്യു, എംഎസ്എഫ്, യുവമോര്‍ച്ച, മുസ്ലീംലീഗ് ഇത്തരം പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരും വിവിധ ജില്ലകളില്‍ അറസ്റ്റിലായിട്ടുണ്ട്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇത്തരം ജാഗ്രതയില്ലാത്ത സമരങ്ങള്‍ കാരണമായിട്ടുണ്ട്. മാസ്കില്ലാതെയും അകലം പാലിക്കാതെയും അക്രമസമരം നടത്തുന്നത് പ്രോത്സാഹിക്കപ്പെടാന്‍ പാടില്ല. അത് ഈ നാടിനെതിരെയുള്ള വെല്ലുവിളിയായി കാണണം. നിയമലംഘനങ്ങളും രോഗവ്യാപന ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണം.

വ്യാജ വാര്‍ത്തകള്‍

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രത്യേക സംവിധാനം പോലീസിന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്നത് ചിലരില്‍ തെറ്റിധാരണ ഉണ്ടാക്കിയതായി കാണുന്നുണ്ട്. പ്രത്യേകമായി ആരെയോ അല്ലെങ്കില്‍ ചിലരെയോ ഉദ്ദേശിച്ചുള്ള നീക്കമെന്ന രീതിയില്‍ തെറ്റിധാരണ ഉള്ളതായി കാണുന്നു.

വ്യാജ വാര്‍ത്തകള്‍ തടയണം എന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. 2017ല്‍ കോളിന്‍സ് ഡിക്ഷണറി ലെക്സിക്കോഗ്രാഫര്‍മാര്‍ തെരഞ്ഞെടുത്ത വേഡ് ഓഫ് ഇയര്‍ ആയിരുന്നു ‘ഫേക്ക് ന്യൂസ്’. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചും, തുടര്‍ന്നിങ്ങോട്ടുള്ള എത്രയോ തെരഞ്ഞെടുപ്പുകളിലും വ്യാജവാര്‍ത്തകള്‍ ജനങ്ങളെ ദുഃസ്വാധീനിക്കുന്നതിന്‍റെ തെളിവുകളും പഠനങ്ങളും നിരവധിയായി പുറത്തു വന്നിട്ടുണ്ട്.

ഇത് കാണിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ് എന്ന് നാം തിരിച്ചറിയണം. വ്യാജ വാര്‍ത്തകളുടെ വ്യാപനം ജനാധിപത്യത്തെ തന്നെ അപകടപെടുത്തുന്ന ഒന്നാണ്.

തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്ന പ്രവണത പണ്ടും ഉണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും ചിലപ്പോള്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധനവിനു വേണ്ടിയുമൊക്കെ പരിണിതപ്രജ്ഞരെന്നു നാം കരുതുന്ന പാരമ്പര്യമുള്ള മാധ്യമങ്ങള്‍ വരെ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചാരക്കേസിന്‍റെ നാള്‍ വഴി നോക്കിയാല്‍ അറിയാം, അത് ഒരേസമയം പല ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ചിലര്‍ നടപ്പാക്കിയ ഗൂഢപദ്ധതിയായിരുന്നു എന്ന്. അതുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പകരം ആവില്ലെങ്കിലും കോടതി പറഞ്ഞ പ്രകാരം, ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ അതിന് ഒരു വലിയ അനീതിക്ക് പരിഹാരം കണ്ടത്.

മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കാന പോകുന്നില്ല. തെറ്റുപറ്റിയാല്‍ തിരുത്തണം. അതില്‍ വിമുഖത പാടില്ല. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്താനോ, തെറ്റായ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാര്‍ത്ത കൊടുക്കുവാനോ തയ്യാറാവുന്നില്ല എന്നതാണ് പൊതു അനുഭവം.

ഒരു മാധ്യമത്തിന്‍റെ ഏകപക്ഷീയമായ വേട്ടയാടലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു അമ്മയ്ക്കും മകനും ജീവന്‍ നഷ്ടപ്പെട്ടത് ആരും മറന്നു കാണില്ല. 70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്‍റെ പേരില്‍ കുട്ടനാട്ടിലെ ഓമനക്കുട്ടന്‍ നേരിടേണ്ടി വന്ന മാധ്യമ വിചാരണ നമ്മുടെ മുന്നില്‍ ഉണ്ട്. ആ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ട് വന്നതും മാധ്യമങ്ങള്‍ തന്നെ. ഒട്ടുമിക്ക മാധ്യമങ്ങളും തുടര്‍ന്ന് ആ വാര്‍ത്ത തിരുത്തി, അദ്ദേഹത്തോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയും കൊടുത്തു. ഒരു കൂട്ടര്‍ അത് തിരുത്താന്‍ തയ്യാറായില്ല.

ഈ ഘട്ടത്തില്‍ കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ആളുകളുടെ വീടുകള്‍ അക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായില്ലേ? വ്യാജ വാര്‍ത്തകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ഘട്ടത്തില്‍ അവയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യരുത് എന്ന സമീപനം സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ക്ക് എടുക്കാന്‍ സാധിക്കും? ഇപ്പോള്‍ ഉണ്ടാക്കിയ സംവിധാനം സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ്.

അതുകൊണ്ട് മാധ്യമ നൈതികയും ധാര്‍മിക നിലപാടും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മാധ്യമങ്ങളും വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടികളില്‍ പൂര്‍ണമായി സഹകരിക്കുമെന്ന് ഉറപ്പാണ്. അതിനായി അഭ്യര്‍ത്ഥിക്കുന്നു. തെറ്റായ വാര്‍ത്തകളും അടിസ്ഥാനരഹിതമായ നിഗമനങ്ങളും നുണപ്രചരണവും ഇന്നത്തെ കാലത്ത് നാട്ടില്‍ കുറെ ആപത്തുണ്ടാക്കുന്നുണ്ട്. അത് തടയുക. മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ഹനിക്കാനോ തടയാനോ ഏതെങ്കിലും രീതിയില്‍ ദുര്‍ബലപ്പെടുത്താനോ ഇതിലൂടെ ഉദ്ദേശിക്കുന്നില്ല എന്നു കൂടി വ്യക്തമാക്കുകയാണ്.

കമറുദ്ദീന്‍ കേസ്

കാസര്‍കോട് ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയും ക്രൈംബ്രാഞ്ചിനു കൈമാറും. വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയമായ രീതിയിലാണ് കേസ് അന്വേഷിക്കുന്നത്.

കാര്‍ഷികമേഖലയിലെ മുന്നേറ്റം

കുട്ടനാടിന്‍റെ സമഗ്ര വികനസത്തിനു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച രണ്ടാം കുട്ടനാട് പാക്കേജ് ഇന്ന് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടികളുടെഭാഗമായാണ് ഈ ബൃഹദ് പദ്ധതി.  പ്രളയാന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.

വിവിധ വകുപ്പുകളില്‍ കൂടി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2,447 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കുട്ടനാടിന്‍റെ കാര്‍ഷികമേഖല  അഭിവൃദ്ധിപ്പെടുത്തുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നത് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.  ബൃഹത്തായ ഈ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില പദ്ധതികള്‍ക്കു വരുന്ന 100 ദിവസത്തിനകം തന്നെ ഫലം കണ്ടുതുടങ്ങും.

ഈ സര്‍ക്കാര്‍ വന്നശേഷം കാര്‍ഷികമേഖലയുടെ നവീകരണത്തിനും ഉല്‍പാദനവര്‍ധനവിനും അതിലൂടെ കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതിന്‍റെയെല്ലാം പ്രയോജനം കാര്‍ഷിക മേഖലയില്‍ പ്രകടമാണ്. മഹാപ്രളയവും കഴിഞ്ഞവര്‍ഷമുണ്ടായ അതിവര്‍ഷക്കെടുതിയും കാര്‍ഷികമേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.

ഗുരുതരമായ ഈ തിരിച്ചടികള്‍ കൂടി നേരിട്ടാണ് കാര്‍ഷികമേഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗ്ഗമായി മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. കൃഷിയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യം വര്‍ധിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. ജനങ്ങളുടെ താല്പര്യവും സര്‍ക്കാരിന്‍റെ പിന്തുണയും ഒത്തുചേര്‍ന്നാല്‍ കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ പച്ചക്കറി ഉല്‍പാദനം 6.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോള്‍ അത് 15 ലക്ഷം ടണ്ണായി വര്‍ധിച്ചു. 2016-17ല്‍ 52,830 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. അത് 96,000 ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത സവാള പോലുള്ള പച്ചക്കറികളാണ് പുറത്തുനിന്ന് ഇപ്പോള്‍ അധികമായി വരുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂര്‍ മേഖലകളെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി പ്രകൃതിക്ക് ദോഷകരമായ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചത്.

പച്ചക്കറികൃഷി വ്യാപിക്കുന്നതിന് സംസ്ഥാനത്താകെ മഴമറ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഴമറയുണ്ടെങ്കില്‍ 365 ദിവസവും പച്ചക്കറി കൃഷി ചെയ്യാന്‍ കഴിയും. ഈ വര്‍ഷം 1118 മഴമറ യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 100 ചതുരശ്ര മീറ്ററുള്ള മഴമറയ്ക്ക് സര്‍ക്കാര്‍ അര ലക്ഷം രൂപ സബ്സിഡി നല്‍കുന്നുണ്ട്. അടുത്ത  വര്‍ഷം 1000 യൂണിറ്റുകള്‍ കൂടി സംസ്ഥാനത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബറില്‍ ഇത് നടപ്പാകും. ഈ പദ്ധതിയും ഇന്ത്യയില്‍ ആദ്യമാണ്. ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. 619 ജൈവപച്ചക്കറി ക്ലസ്റ്ററുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജൈവഉല്‍പാദന ഉപാധികളുടെ നിര്‍മാണം കൂടി അടുത്ത വര്‍ഷം ആരംഭിക്കും.

നെല്‍കൃഷിയിലും നമുക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. നെല്‍കൃഷിയുടെ വിസ്തൃതി 4 വര്‍ഷത്തിനുള്ളില്‍ 1.92 ലക്ഷം ഹെക്ടറില്‍ നിന്ന് 2.2 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 50,000 ഏക്കര്‍ തരിശുനിലമാണ് ഈ കാലയളവില്‍ നെല്‍കൃഷിക്കായി മാറ്റിയെടുത്തത്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സംഭരണ വില നല്‍കി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ് – 27.48 രൂപ. സംഭരണത്തില്‍ നാലു വര്‍ഷത്തിനിടയില്‍ 28 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം 7.1 ലക്ഷം ടണ്‍ സംഭരിച്ചു. അത് റെക്കോഡാണ്. അടുത്ത വര്‍ഷം പത്തുലക്ഷം ടണ്‍ സംഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

തൃശൂര്‍, പൊന്നാനി കോള്‍പ്പാടങ്ങളുടെ വികസനത്തിന് 298 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നെല്ലുത്പാദനത്തിന്‍റെ പ്രധാന മേഖലയായി ഈ കോള്‍നിലങ്ങളെ മാറ്റാന്‍ സാധിക്കും.

കര്‍ഷകര്‍ക്ക് പരമാവധി സഹായവും പിന്തുണയും ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയാണ്. ഇതിന്‍റെ ഭാഗമായാണ് നെല്‍വയലുകള്‍ സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ഉടമകള്‍ക്ക് ഹെക്ടറിന് 2,000 രൂപ റോയല്‍റ്റി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരമൊരു പ്രോത്സാഹന പദ്ധതിയും നമ്മുടെ രാജ്യത്ത് ആദ്യമാണ്. ഇതിന്‍റെ ആദ്യഘട്ടത്തിലേക്ക് 40 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. റോയല്‍റ്റിക്ക് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കൃഷി വികസനത്തോടൊപ്പം കര്‍ഷകന്‍റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. കര്‍ഷകനും കുടുംബത്തിനുമുള്ള പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം തുടങ്ങിയവയെല്ലാം ഈ ബോര്‍ഡിലൂടെ ലഭ്യമാക്കും.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം മറികടക്കുന്നതിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം പദ്ധതി’ നല്ല നിലയില്‍ മുന്നോട്ടുപോകുകയാണ്. തരിശുനിലങ്ങളില്‍ പരമാവധി കൃഷിയിറക്കി ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ  പ്രധാന ലക്ഷ്യം. 25,000 ഹെക്ടര്‍ തരിശുനിലം ആദ്യഘട്ടത്തില്‍ കൃഷിയോഗ്യമാക്കാനായിരുന്നു തീരുമാനം. എന്നാല്‍, 16,716 പദ്ധതികളിലൂടെ ഇതിനകം തന്നെ 26,580 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞുവെന്നത് ജനങ്ങളുടെ പങ്കാളിത്തവും ഉല്‍സാഹവുമാണ് കാണിക്കുന്നത്.

കാര്‍ഷിക ജോലിക്ക് ആളെ കിട്ടാത്ത പ്രയാസം സംസ്ഥാനത്തിന്‍റെ പല ഭാഗത്തും നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ‘കാര്‍ഷിക കര്‍മ്മ സേനകള്‍’ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 367 പഞ്ചായത്തുകളില്‍ കര്‍മ്മ സേനകള്‍ പ്രവര്‍ത്തിക്കുന്നു. ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഈ വര്‍ഷം കര്‍മ്മ സേനകള്‍ രൂപീകരിക്കും.

പ്രാദേശിക ഫലവര്‍ഗ്ഗങ്ങളുടെയും വിദേശ ഇനങ്ങളുടെയും ഉല്‍പാദനം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകള്‍ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. തൈകളുടെ പരിപാലനം കാര്യക്ഷമമായി നടത്തുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് രണ്ടു കോടി ഗുണമേډയുള്ള തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി 2019ല്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ഡുകള്‍തോറും 75 തെങ്ങിന്‍തൈ വീതം ഓരോ വര്‍ഷവും വിതരണം ചെയ്യും. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളം പൂര്‍ണമായും കേരം തിങ്ങുന്ന നാടായി മാറും.

ഈ പദ്ധതിക്കു പുറമെ ‘കേരഗ്രാമം’ എന്ന മറ്റൊരു പദ്ധതി നാളികേര കൃഷി വികസിപ്പിക്കാന്‍ നടപ്പാക്കുകയാണ്. 250 ഹെക്ടര്‍ വീതമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ തെങ്ങുകൃഷിയുടെ വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവരെ 206 കേരഗ്രാമ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കേരഗ്രാമത്തിന് 75 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നത്.

നാടന്‍ മാവിനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ‘നാടന്‍ മാന്തോപ്പുകള്‍’ എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 100 പഞ്ചായത്തുകളില്‍ ഈ വര്‍ഷം നടപ്പാക്കും.  

കാര്‍ഷികമേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപിപ്പിക്കേണ്ടത് കൃഷിവികസനത്തിന് ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതോടൊപ്പം നൂതന കൃഷിരീതികളും നാം പ്രയോഗിക്കണം. യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 100 കോടിയുടെ പദ്ധതിയാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രം വാങ്ങുന്നതിന് 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്സിഡി സര്‍ക്കാര്‍ നല്‍കും.

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കേണ്ടതിന്‍റെ പ്രാധാന്യം തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചുവല്ലോ. കൃഷിയിലേക്കും അനുബന്ധ മേഖലയിലേക്കും വരുന്ന യുവജനങ്ങള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും കൃഷി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് കുട്ടികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടത് പ്രധാന ആവശ്യമാണ്. വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയിലേക്ക് കൊണ്ടുവരുന്നതിന് ‘പാഠം ഒന്ന് പാടത്തേക്ക്’ എന്ന പദ്ധതി കൃഷിവകുപ്പ് തുടങ്ങിയത്. നെല്ലിന്‍റെ ജന്മദിനമായി സങ്കല്‍പ്പിക്കപ്പെടുന്ന കന്നിമാസത്തിലെ മകം നാളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യിപ്പിക്കുക എന്നതാണ് ഈ പരിപാടി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 16-09-2020

ചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികള്‍
കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയുമാണ് പഠനവും അവലോകനവും നടത്തിയത്. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനങ്ങള്‍ എടുത്തത്.

1. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.

2. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കും. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.

3. പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.

4. ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ.

5. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും. നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന 5 വര്‍ഷത്തിന് ശേഷമുള്ള അവധി അപേക്ഷകള്‍ ദീര്‍ഘിപ്പിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമ്പോള്‍ കരാര്‍ വ്യവസ്ഥ നിലനില്‍ക്കുന്ന കേസുകളില്‍ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

6. ഒരു ഉദ്യോഗസ്ഥന്‍ 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വ്വഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

7. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് പതിനാറു മണിക്കൂര്‍ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 01-06-2020 പ്രാബല്യത്തില്‍ അനുമതി നല്‍കുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 31-05-2020 വരെ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങള്‍, പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയ തസ്തികകള്‍ എന്നിവ അംഗീകരിക്കും.

8. ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കും. സ്കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയിഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുകയും അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

9. കേന്ദ്രാവിഷ്കൃത പദ്ധതികളുള്‍പ്പെടെ പല പദ്ധതികളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികള്‍ക്കായി നിയമിച്ച ജീവനക്കാര്‍ തുടരുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ വിവരങ്ങള്‍ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും. ഇതു സംബന്ധിച്ച തുടര്‍ നടപടികളടങ്ങിയ കരട് കുറിപ്പുകള്‍ അവയുടെ നിര്‍വ്വഹണ കലണ്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.

10. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയര്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുവരുന്ന ഓഫീസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്ക് പുനര്‍വിന്യാസം ചെയ്യും. ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ഐടി വകുപ്പുമായി ചേര്‍ന്ന് നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കും.

11. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് വരുന്നതിനാല്‍ ഇപ്പോള്‍ ക്ലറിക്കല്‍ സ്റ്റാഫ് തയാറാക്കി വരുന്ന ബില്ലുകളും റിപ്പോര്‍ട്ടുകളും എസ്റ്റിമേറ്റുകളും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ തന്നെ ഇരട്ടിപ്പായി ചെയ്തുവരുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കല്‍ സ്റ്റാഫിന്‍റെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കണം.

12. ക്ഷേമനിധികള്‍, കമ്മീഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റി കളായി രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി ഒരേ മേഖലയില്‍ പൊതുവായി ഒരേ തരത്തിലുള്ള വികസന സേവന ഉദ്ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഭരണ-സേവന പ്രവര്‍ത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കി കഴിയുന്നത്ര ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. ഇക്കാര്യത്തില്‍ നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് കുറിപ്പുകള്‍ ആസൂത്രണ വകുപ്പും ഭരണ പരിഷ്കരണ വകുപ്പും കൂടിയാലോചിച്ചു ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.

13. സ്റ്റാറ്റ്യൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യല്‍ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന് ഒരു ഏകോപിത ഓഫീസ് സംവിധാനം മതിയാകും. ഇതു സാധ്യമാക്കുന്നതിനുള്ള കരട് നടപടികള്‍ അവയുടെ നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടെ ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ആഭ്യന്തര, നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.

14. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സ്വന്തമായിട്ടുള്ളതും വാടകക്ക് ഉപയോഗി ക്കുന്നതുമായ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ധനകാര്യ വകുപ്പിന്‍റെ വെബ് സൈറ്റില്‍ ലഭ്യമായ ‘വീല്‍സ്’ എന്ന വെബ് അധിഷ്ഠിത വെഹിക്കിള്‍ മാനേജ്മെന്‍റ് സിസ്റ്റത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അതിന്‍റെ അടിസ്ഥാനത്തിലേ ഇനിമുതല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ വാങ്ങല്‍, പരിപാലനം, വില്പന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ എന്നിവ നടത്തുവാന്‍ പാടുള്ളു.

15. ഓരോ സര്‍ക്കാര്‍ ഓഫീസിലെയും സ്ഥാപനങ്ങളിലെയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ അവയുടെ പ്രതീക്ഷിത ലക്ഷ്യത്തിനായുള്ള വിനിയോഗക്ഷമതയുടെ അടിസ്ഥാനത്തില്‍ ചുരുക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ധനവകുപ്പ് പ്രസിദ്ധീകരിക്കുന്ന നിശ്ചിത ഫോറത്തില്‍ ഓണ്‍ലൈനായി അവരുടെ സ്ഥാപന മേധാവികള്‍ക്കു സമര്‍പ്പിക്കണം. വകുപ്പ് മേധാവികള്‍ ഇവ പരിശോധിച്ച് ശ്രദ്ധേയവും പ്രായോഗികവുമായ പദ്ധതി നിര്‍ദേശങ്ങള്‍ സംസ്ഥാന ആസൂത്രണ ബോഡ് മുഖേനയും അല്ലാതുള്ളവ ധനവകുപ്പിന് നേരിട്ടും സമര്‍പ്പിക്കേണ്ടതാണ്. അവയില്‍ നടപ്പാക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു സംസ്ഥാന തലത്തില്‍ പ്രത്യേക പാരിതോഷികം ധനവകുപ്പ് നല്‍കും.

16. വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കുന്നതല്ല.

17. ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം.

18. ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഒരു ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം സ്പാര്‍ക്കിന്‍റെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏര്‍പ്പെടുത്തും.

19. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാന്‍ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങള്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്റ്റോര്‍ പെര്‍ച്ചസ് വകുപ്പ് കൈക്കൊള്ളണം.

20. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതല്‍ സ്ഥലം അവശ്യമുള്ളവര്‍ക്കു നല്‍കുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളില്‍ പൊതുമരാമത്തു വകുപ്പ് നിര്‍വഹണ നിര്‍ദേശങ്ങള്‍ തയാറാക്കേണ്ടതാണ്.

21. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ മിഷന്‍ മോഡില്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.

22. ഈ നടപടികള്‍ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള മറ്റെല്ലാ ചെലവു ചുരുക്കല്‍ നടപടികളും തുടരും.

23. എല്ലാ ചെലവു ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം.

24. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്രവൃത്തിയുടെയും സപ്ലയറുടെയും ബില്ലുകള്‍ നവംബര്‍ 1 മുതല്‍ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും.

25. അധിക വായ്പക്കുള്ള നിബന്ധനകള്‍ എത്രയും പെട്ടെന്ന് പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കും.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി
പൊതുസമൂഹത്തിന്‍റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും കൊല്ലം ആസ്ഥാനമായി ‘ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

കേരളത്തിലെ കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാദമിക് പ്രോഗ്രാം നടത്തുന്നുണ്ട്. എം.ജി. സര്‍വകലാശാല 2015 മുതല്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019-ല്‍ യു.ജി.സി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷന്‍ 4-ല്‍ 3.26 നു മുകളില്‍ സ്കോര്‍ ഉണ്ടെങ്കിലേ സര്‍വകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രോം നടത്താന്‍ കഴിയുകയുള്ളൂ. വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തുന്ന മൂന്ന് സര്‍വകലാശാലകള്‍ക്കും ഇപ്പോള്‍ ഈ സ്കോര്‍ ഇല്ല. അതേ സമയം ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018-19-ല്‍ 80,552 വിദ്യാര്‍ത്ഥികളാണ് വിവിധ ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഡോ. ജെ. പ്രഭാഷിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴില്‍, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കോഴ്സുകള്‍ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ നിര്‍ദിഷ്ട സര്‍വകലാശാലയില്‍ ഉണ്ടായിരിക്കും.

സര്‍വകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സര്‍വകലാശാല നിലവില്‍ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും
കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു