Month: October 2020

വാര്‍ത്താകുറിപ്പ്: 29-10-2020

കേരള സർക്കാർ
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്നും
29-10-2020

———————————–

ഇന്ന് സംസ്ഥാനത്ത് 7020 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 26 പേര്‍ മരണമടഞ്ഞു. 91,784 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6037 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. 734 ഉറവിടമറിയാത്ത പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 54,339 സാമ്പിളുകള്‍ പരിശോധന നടത്തി. 8474 പേര്‍ രോഗമുക്തരായി.

മാസ്ക് ധാരണം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട് എന്നത് നല്ല കാര്യമാണ്. എങ്കില്‍ പോലും മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിന്‍ ഒന്നുകൂടി ശക്തിപ്പെടുത്തും.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം വരാനിരിക്കുകയാണ്. ദര്‍ശനത്തിന് ദിവസം 1000 തീര്‍ത്ഥാടകര്‍ എന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതായി വന്നേക്കാം. അവിടെ വരുന്ന ഗസ്റ്റിന്‍റെ കാര്യത്തിലും എണ്ണം അധികരിക്കാതെ നോക്കേണ്ടതുണ്ട്. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.
തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുപോലെ അവിടെ ജോലി ചെയ്യുന്നവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ കോവിഡ് രോഗബാധിതരായാല്‍ ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്‍കും. മടങ്ങിപ്പോകുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.

കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംഭവിക്കാതിരിക്കാന്‍ ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മിൽ ഏകോപനവും ജാഗ്രതയും വേണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡുകള്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഐസിയു ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലേയും പ്രൈവറ്റ് ഹോസ്പിപിറ്റലുകളിലെ ഐസിയു ബെഡ്ഡുകള്‍ എംപാനല്‍ ചെയ്യുന്നതിനുള്ള നപടിക്രമങ്ങളും പൂര്‍ത്തീയാവുകയാണ്. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളില്‍ കിയോസ്കുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങള്‍ കണ്ടെത്തുകയും, അവയില്‍ 57 ഇടങ്ങളില്‍ ഇതിനകം കിയോസ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
കോവിഡ് രോഗബാധിതരായവരില്‍ മറ്റു അനാരോഗ്യങ്ങള്‍ ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.ഇക്കാര്യത്തില്‍ വേണ്ട ബോധവല്‍ക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞതാണ്. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കും. അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും.

കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേസ് പെര്‍ മില്യണ്‍ 11280 ആയി ഉയര്‍ന്നു. ദേശീയ ശരാശരി 5790 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 123524 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്യണ്‍. ഇന്ത്യയില്‍ അത് 76440 ആണ്.
ഇന്നലെ വരെയുള്ള ആക്റ്റീവ് കേസുകളില്‍ 3885 പേര്‍ കോവിഡ് ഹോസ്പിപിറ്റലുകളില്‍ ചികിത്സയിലാണ്. കോവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 2786 പേരും, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 10478 പേരും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ 1495 പേരും നിലവില്‍ ചികിത്സ തേടുന്നു. വീട്ടില്‍ തന്നെ ചികിത്സിക്കുന്നവര്‍ 62,448 പേരാണ്.

പെന്‍ഷന്‍ വിതരണം
സാമൂഹിക സുരക്ഷാ / ക്ഷേമ നിധി ബോര്‍ഡു വഴിയുള്ള പെന്‍ഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന് 618.71 കോടി രൂപയും ക്ഷേമ നിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്.
മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തില്‍ പരം പേര്‍ക്ക് ഈ മാസം പെന്‍ഷന്‍ ലഭിക്കും
അതാത് മാസത്തെ പെന്‍ഷന്‍ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നടപ്പിലാക്കിയത്.

നെല്ല് സംഭരണം
നെല്ല് സംഭരണത്തില്‍ നിന്നും വിട്ടുനിന്ന സ്വകാര്യ മില്ലുടമകളുടെ സമരം പിന്‍വലിച്ചിട്ടുണ്ട്. അതോടെ സംഭരണം ആരംഭിച്ചു കഴിഞ്ഞു. സഹകരണ സംഘങ്ങള്‍ ഇതിനകം സംഭരിച്ച നെല്ല് സംസ്കരിക്കുവാന്‍ വേണ്ട സഹായം മില്ലുടമകള്‍ ചെയ്യും. ഒരു മാസത്തിനകം മില്ലുടമകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കുന്നത്. ഈ വര്‍ഷവും റെക്കോര്‍ഡ് വിളവ് പ്രതീക്ഷിക്കുകയാണ്.

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി
2018ലെ പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളില്‍ പ്രധാനമാണ് നമ്മുടെ ജൈവവൈവിധ്യനാശം. പമ്പാനദിയുടെ ഇരുകരകളിലും സമൃദ്ധമായുണ്ടായിരുന്ന ജൈവവൈവിധ്യം അപ്പാടെ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടവയെല്ലാം പുനരുജ്ജീവിപ്പിക്കുക അസാധ്യമാണ്. എന്നിരിക്കിലും കഴിയുന്നത്ര എണ്ണം പുനരുജ്ജീവിപ്പിച്ച് പമ്പാനദിയെ സംരക്ഷിക്കുന്നതിനായാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, അവ നടത്തുന്ന പ്രദേശത്തിന്‍റെ ഭൂപ്രകൃതിയ്ക്കും ആവാസവ്യവസ്ഥയ്ക്കും യോജിച്ച രീതിയിലായിരിക്കണമെന്ന് പ്രളയത്തെ തുടര്‍ന്ന് യു.എന്‍. നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഉള്‍ക്കൊണ്ടു കൊണ്ടാണ് പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. പമ്പാ നദീതീരത്ത് ജൈവവൈവിധ്യശോഷണം കൂടുതലായി സംഭവിച്ചിട്ടുള്ള, ഇലന്തൂര്‍, കോയിപ്പുറം, റാന്നി ബ്ലോക്കു പഞ്ചായത്തുകളിലുള്‍പ്പെട്ട ചെറുകോല്‍, കോഴഞ്ചേരി, അയിരൂര്‍, റാന്നി, പഴവങ്ങാടി, അങ്ങാടി, പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറണമ്മൂഴി എന്നീ 10 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തദ്ദേശീയവും, വംശനാശഭീഷണി നേരിടുന്നതും, പ്രദേശവാസികളുടെ ജീവസന്ധാരണത്തിന് പ്രയോജനപ്രദവുമാകുന്ന 64 സസ്യയിനങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

പച്ചക്കറി വിളകള്‍ക്ക് തറവില
കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചു കേരളത്തിൽ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് അടിസ്ഥാന വില തീരുമാനിക്കുന്നത്. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും അതുവഴി സംസ്ഥാനത്തിന്‍റെ അഭ്യന്തര പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ഈ നടപടി.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിക്കുന്നത്. ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്‍റെ അക്കൗണ്ടിലേക്ക് നല്‍കും.
ഉല്‍പന്നത്തന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും, കാലാകാലങ്ങളില്‍ തറവില പുതുക്കി നിശ്ചയിക്കാനും ഉള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയില്‍ സംഭരണവിതരണ സംവിധാനങ്ങള്‍ ഏകോപിക്കുന്നത്. ഈ ഘട്ടത്തില്‍ കൃഷിയിലേയ്ക്ക് വരുന്ന പുതിയ കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നല്‍കുന്നതായിരിക്കും ഈ പദ്ധതി.

പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍
കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ 17 ചെറുകിട തുറമുഖങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
യാത്രാക്കപ്പല്‍ ഇല്ലാത്തപ്പോള്‍ കാര്‍ഗോ കപ്പലുകള്‍ തീരത്തേക്ക് അടുപ്പിക്കാന്‍ കഴിയുംവിധമുള്ള വിവിധോദ്ദേശ ടെര്‍മിനലാണിത്. കൊല്ലവും ലക്ഷദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് കപ്പലുകള്‍ക്കും അനായാസം കൊല്ലത്തെത്താനാകും. നിലവില്‍ ഇവ ബേപ്പൂരിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന കപ്പലിലെ ക്രു ചെയ്ഞ്ച് സംവിധാനം കൊല്ലം തുറമുഖത്തും ലഭ്യമാണ്. ഈ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായതോടെ മിനിക്കോയികൊല്ലം വിനോദസഞ്ചാര കടല്‍പ്പാതയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്.

മോട്ടോര്‍ ടഗ്ഗുകള്‍
തുറമുഖത്തെ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച രണ്ട് പുതിയ മോട്ടോര്‍ ടഗ്ഗുകളും നാടിന് സമര്‍പ്പിച്ചു. 3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ‘ധ്വനി’, ‘മിത്ര’ എന്നീ ടഗ്ഗുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൊരെണ്ണം കൊല്ലം തുറമുഖത്തും മറ്റൊന്ന് ബേപ്പൂര്‍ തുറമുഖത്തുമായാണ് ഉണ്ടാവുക.

കെയര്‍ പ്ലസ് ചികിത്സാ സഹായ പദ്ധതി

കേരള പൊലീസ് ഹൗസിങ് സഹകരണസംഘം അതിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയര്‍ പ്ലസ് എന്ന ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം രൂപയുടെ ചികിത്സാസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാവും എന്ന കാര്യം ഉറപ്പാണ്.

47 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കെട്ടിട ഉദ്ഘാടനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടങ്ങള്‍ വീഡിയോകോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്തതാണ് കഴിഞ്ഞ ദിവസത്തെ മറ്റൊരു പ്രധാന കാര്യം. കുസാറ്റ്, കണ്ണൂര്‍, എംജി, കലിക്കറ്റ് സര്‍വകലാശാലകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓരോ പദ്ധതികള്‍, ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള ഒമ്പത് സ്ഥാപനങ്ങള്‍, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനിയറിങ് കോളേജുകള്‍, മൂന്ന് പോളിടെക്നിക് കോളേജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഉദ്ഘാടനം ചെയ്തത്. 64 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.

ശിവശങ്കറിന്റെ അറസ്റ്റ്
അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ സംഭവവികാസങ്ങള്‍ക്കിടയില്‍ അതിന്‍റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാക്കാനുണ്ട്. നേരത്തെ വ്യക്തമാക്കിയതുമാണ്.
ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ല-അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല. പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസമെത്തിക്കുകയും നാടിനന്റെ വികസനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നത്. ജീവിതാനുഭവത്തിലൂടെ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറെ നാളായി തുടര്‍ന്നുവരുന്ന ഈ പ്രവണതയ്ക്ക് ആക്കം കൂടിയത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. അവിടംതൊട്ടുള്ള കാര്യങ്ങള്‍ വസ്തുതാപരമായി പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

യു.എ.ഇ. കോണ്‍സുലേറ്റിലേയ്ക്ക് വന്ന നയതന്ത്ര ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിനുള്ളില്‍ ഒളിപ്പിച്ചവന്ന 14 കിലോയോളം സ്വര്‍ണ്ണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്‍റെ ലംഘനമാണ്. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. കസ്റ്റംസ് ഇന്ത്യന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ 7ലെ യൂണിയന്‍ ലിസ്റ്റിലെ വിഷയമാണ്. മറ്റൊരര്‍ത്ഥത്തില്‍ രാജ്യാതിര്‍ത്തി കടന്നുവരുന്ന സാധനസാമഗ്രികള്‍ക്ക് നിയമപ്രകാരമുള്ള ഡ്യൂട്ടി അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്‍റെ ധനമന്ത്രാലയത്തിനാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്. ഇതില്‍ കോണ്‍സുല്‍ ജനറല്‍ കാര്യാലയവുമായി ബന്ധപ്പെട്ട ചിലരെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിലൊരു പ്രതിയുമായി കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി. സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചുവന്ന ശിവശങ്കറിനെ അടുപ്പമുണ്ടായിരുന്നു എന്നു കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ഈ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ളു ഒന്നും തന്നെ ഇല്ല. ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം വിട്ടുകിട്ടാനായി സംസ്ഥാനസര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയെന്നാണ്. ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടന്നുവരവേ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സ്വര്‍ണ്ണം വിട്ടുകിട്ടാനായി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിക്കുകയുമുണ്ടായി. ഇല്ല എന്നുള്ള മറുപടിയാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായത്. അദ്ദേഹത്തെ രായ്ക്കുരാമാനം അതിര്‍ത്തികടത്തി വിട്ടത് ഒരു ചര്‍ച്ചാവിഷയമായതേയില്ല.

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണ്. രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായസഹകരണവും നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്‍റെ സാമ്പത്തിക കുറ്റങ്ങളും എന്തുവിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവരെ നീതിന്യായകോടതികള്‍ക്കു മുമ്പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ മുന്‍കാലങ്ങളിലെപ്പോലെ നിയമത്തിനതീതമായി മനഃസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അവിടെയാണ് അഴിമതിയുടെ സമീപനത്തില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള കാതലായ വ്യത്യാസം.

സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നപ്രഭാ സുരേഷ് കെ.എസ്.ഐ.റ്റി.ഐ.എല്ലിന്‍റെ പ്രോജക്ടായ സ്പേസ് പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തുവന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റിയുണ്ടായ ആരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ധനകാര്യ അന്വേഷണ വിഭാഗം 2011 മുതലുള്ള ഐ.ടി. മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമത്തിലാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

കേന്ദ്രസര്‍ക്കാരിന്‍റെ കസ്റ്റംസ് ആക്ടിന്‍റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതിൽ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റുചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണ്.

ഇപ്പോള്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവര്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്‍റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്ന അഭിപ്രായമാണ് സര്‍ക്കാരിന്. ഇതില്‍ ഒരു ഏജന്‍സി (സി.ബി.ഐ) സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍ എന്ന പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എറണാകുളത്തെ കോടതി മുമ്പാകെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിന് നിയമോപദേശം തേടേണ്ടിവന്നു. ലഭ്യമായ നിയമോപദേശം സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ ഇക്കാര്യത്തില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ലംഘിച്ചിട്ടില്ല എന്നാണ്. ഇതിനെത്തുടര്‍ന്നാണ് ബഹു. ഹൈക്കോടതി മുമ്പാകെ ക്രിമിനല്‍ മിസലേനിയസ് ഹര്‍ജി സര്‍ക്കാര്‍ ഫയല്‍ ചെയ്യുകയും ബഹു. ഹൈക്കോടതി 2020 ഒക്ടോബര്‍ 13ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലൈഫ് മിഷനെതിരെയുള്ള അന്വേഷണം രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്യുകയും ചെയ്തത്.

ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്‍റെ പരിധി വിട്ട് ഏതെങ്കിലും അന്വേഷണത്തിന്‍റെ ദിശ മാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതിന് എന്ത് പാകപ്പിഴയാണ് ഉള്ളതെന്ന് ആര്‍ക്കും ഇതേവരെ
പറയാന്‍ കഴിഞ്ഞിട്ടില്ല

ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ശിവശങ്കറിന്റെ പരിചയമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരെ അന്വേഷിച്ചു. ആ ഘട്ടത്തില്‍ മുന്നില്‍ വന്ന പേരുകളിലൊന്നാണ് അത്. നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐ എ എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

വിവിധ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിമാരുടെ ഓഫീസുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കപ്പെടാറുണ്ട്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന നളിനി നെറ്റോ ഐഎഎസിനെയാണ് നിയമിച്ചത്. ശിവശങ്കറിനെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. നളിനി നെറ്റോ ചീഫ് സെക്രട്ടറിയായപ്പോള്‍ വി എസ് സെന്തില്‍ ഐ എ എസാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു. പിന്നീട് പ്രമോഷന്‍ വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്‍റെ പ്രശ്നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കണ്ടെത്തലുണ്ടായത്.

പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവില്ല. അഖിലേന്ത്യാ സര്‍വ്വീസിലുള്ള ആ ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നു കണ്ടപ്പോള്‍ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല.

യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രീ. ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സില്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും പരിചയപ്പെടാനും ഇടപെടാന്‍ അവസരമുണ്ടാകുകയും ചെയ്തിട്ടുണ്ടാകും. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സില്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണ്ടിട്ടുണ്ടാകും.

അതിന് സാധാരണ നടപടിക്ക് അപ്പുറമുള്ള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണ്. കൃത്യമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. വ്യക്തിപരമായ നിലയില്‍ . എം. ശിവശങ്കര്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയുമല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മ്മികപരമായോ ആയ ഒരുത്തരവാദിത്തവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല.

കേരളത്തിലെ ജനസംഖ്യയുടെ 9 ശതമാനത്തോളം ജനങ്ങള്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിനായി പോയിട്ടുള്ള പ്രവാസികളാണ്. ഇതില്‍ 22 ലക്ഷത്തോളം ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. അതിലെ പ്രമുഖ രാജ്യമായ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് 2016ല്‍ ആണ് ആരംഭിക്കുന്നത്. ഇന്ത്യയോടും വിശിഷ്യ കേരളത്തോടും സവിശേഷ സൗഹൃദമുള്ള രാജ്യമാണ് യു.എ.ഇ. അവര്‍ നടത്തുന്ന ചടങ്ങുകളില്‍ ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുക എന്ന സ്വാഭാവികമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 2017 യു.എ.ഇ. ഭരണാധികാരി ഇയര്‍ ഓഫ് ഗിവിംഗ് ആയി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് കോണ്‍സുല്‍ ജനറല്‍ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലും ഈന്തപ്പഴം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ മാത്രമാണ് ഇത് വിതരണം ചെയ്‌തത് എന്നാണ് ചിലരുടെ ധാരണ. കേരളത്തിലിത് ബഡ്സ് സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ തെറ്റായി ഒന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ല. കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കോ നിയമപരമായി ഏതെങ്കിലു നികുതി ഇക്കാര്യത്തില്‍ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ആ ജോലി നിര്‍വ്വഹിക്കാവുന്നതാണ്.

ഖുറാന്‍റെ കാര്യത്തില്‍ നടന്ന കാര്യങ്ങള്‍ നേരത്തേ വിശദീകരിച്ചിരുന്നു. കസ്റ്റംസ് ക്ലിയറന്‍സോടെ എത്തിയ ഖുറാനെ ചുറ്റിപ്പറ്റി സ്വര്‍ണക്കള്ളക്കടത്ത് എന്ന് ആരോപണം അടക്കം ചിലര്‍ ഉയര്‍ത്തിയില്ലേ.

കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം
കേന്ദ്ര ഏജന്‍സികളെ കേന്ദ്രത്തിലെ ഭരണകക്ഷി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെയധികം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിലോട്ടിപ്പോള്‍ കടക്കുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാഗാന്ധി ഇതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒക്ടോബര്‍ 26ന് എഴുതുകയുണ്ടായി.

ഇത്തരമൊരു അഭിപ്രായം ശ്രീ. രാഹുല്‍ഗാന്ധി എം.പി.യും പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ പ്രതിപക്ഷ നേതാവ് ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അദ്ദേഹം പറയുന്ന വാദം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഇത് വാസ്തവമാണെങ്കിലും കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. പക്ഷപാതിത്വം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അസ്തിത്വത്തെ ബാധിച്ചതായാണ് കോണ്‍ഗ്രസ് അധ്യക്ഷ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ വാളയാര്‍ ചുരം കടന്നാല്‍ ഈ പക്ഷപാതിത്വം അപ്രത്യക്ഷമാകുകയും അവര്‍, കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമതികളായിത്തീരുകയും ചെയ്യുമെന്ന വിചിത്രമായ വാദമാണ് സ്വന്തം പാർട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനെ ഘണ്ടിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. പക്ഷപാതിത്വത്തെ കേരളത്തില്‍ മാത്രം ഇല്ലാതാക്കുന്ന എന്ത് മാസ്മരിക ശക്തിയാണ് വാളയാറിലെ കാറ്റിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ അത് നമ്മുടെ പൊതുവിജ്ഞാനത്തിന് ഒരു മുതല്‍ക്കൂട്ടാകും.

വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ ഇപ്പോള്‍ വിശദമായി അവ വിശദീകരിക്കാന്‍ മുതിരുന്നില്ല. ഉന്നയിച്ചിട്ടുള്ള ഒരു ആരോപണത്തിനുപോലും വസ്തുതകളുടെ പിന്‍ബലമില്ലായിരുന്നു. കാര്യങ്ങളെ ഭാഗികമായി കണ്ടുകൊണ്ട് പ്രധാനവസ്തുതകളെ മറച്ചുകൊണ്ട് ഉന്നയിക്കുന്ന ആരോപണങ്ങളായിരുന്നു
അവയെല്ലാം. അദ്ദേഹം മരം കണ്ടു; കാട് കണ്ടില്ല എന്ന രീതി അവലംബിച്ചാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

വാര്‍ത്താകുറിപ്പ്: 26-10-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും
ഇന്ന് സംസ്ഥാനത്ത് 4287 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 20 പേര്‍ മരണമടഞ്ഞു. 93,744 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3711 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത 471 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ .35,141 സാമ്പിളുകള്‍ പരിശോധന നടത്തി. 7107 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരം ജില്ലയില്‍ ആരാധനാലയങ്ങളില്‍ വിപുലമായ ബ്രേക് ദി ചെയിന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് എല്ലാ വിഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണുണ്ടായിട്ടുള്ളത്. ഇതിന് മത  സാമുദായിക സംഘടനകള്‍ക്കും അതിന്‍റെ നേതൃത്വത്തിലുള്ളവര്‍ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

ചില സ്ഥലങ്ങളില്‍, ക്വാറന്‍റൈനില്‍ കഴിയുന്നവരുള്ള വീടുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ഇവരോട് അസഹിഷ്ണുത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് ക്വാറന്‍റൈനില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.

അയല്‍ക്കൂട്ട യോഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകളുടെ യോഗങ്ങള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍  പങ്കെടുക്കാന്‍ പാടില്ല. യോഗങ്ങളില്‍ ബ്രേക് ദി ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഈ കൂട്ടായ്മകളില്‍ പ്രായമുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഓര്‍മിപ്പിക്കുന്നു.

കൊല്ലത്ത് കോവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്. ലാബില്‍ ആന്‍റിജന്‍ പരിശോധന നടത്താം. ആര്‍ ടി പി സി ആര്‍  ടെസ്റ്റു നടത്താന്‍ സ്രവം ശേഖരിക്കാനും കഴിയും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭം ശക്തി പകരും.

പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവനത്തില്‍ 177 പേര്‍ക്ക് ഞായറാഴ്ച (ഒക്ടോബര്‍ 25) വരെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്സ്ഥാപനത്തില്‍ തന്നെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജീകരിക്കുകയും ഡോക്ടറുടെയും സ്റ്റാഫ് നേഴ്സിന്‍റെയും സേവനം ലഭ്യമാക്കുകയും ചെയ്തു.  പ്രധാന ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സ്റ്റെപ്പ് കിയോസ്ക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 40 കിടക്കകളുള്ള കോവിഡ് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്  ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യും. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറിയിലുള്ള രോഗികളുടെ നില  ഗുരുതരമായാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം. ഇതേ രീതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലും 140 പുതിയ കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്.

ഇടുക്കി ജല്ലയില്‍ ഇന്നലെ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  ഉടുമ്പന്‍ചോല, വെള്ളിയാമറ്റം പഞ്ചായത്തുകളിലാണ്. ഏലതോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് തടയുവാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് പ്ളാസ്മ ചികിത്സക്കായി 184 പേരില്‍ നിന്ന് സിസിപി ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 168 ഉപയോഗപ്പെടുത്തി. 16 എണ്ണം ശേഖരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. പ്ളാസ്മ ദാനത്തിന് സന്നദ്ധതയറിയിച്ച് 25 പേര്‍ കാത്തു നില്‍ക്കുന്നുമുണ്ട്.  

തൃശൂര്‍ ജില്ലയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 5000 കോവിഡ് രോഗികളാണ് ഉണ്ടായത്.  തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ജില്ലയിലെ 31 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അതിനിയന്ത്രിതമേഖലയാക്കിയിട്ടുണ്ട്.  
മരണനിരക്ക് കൂടാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ പൂര്‍ണ്ണ സജ്ജമാക്കാന്‍ ആരോഗ്യ വിദഗ്ദ്ധരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരാണ് കോവിഡ് മരണങ്ങളില്‍ കൂടുതലും. കോഴിക്കോട് ജില്ലയിലേതിന് പുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളും ചികിത്സക്കായി എത്തുന്നുണ്ട്. ഇതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിയുണ്ടാവും.    

കാസർഗോഡ് ടാറ്റ ആശുപത്രി
കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. നിയമനം നടന്ന് വരികയാണ്. ഇപ്പോള്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും.  

വടക്കെ മലബാറില്‍ കാവുകളിലും തറവാട്ടുമുറ്റങ്ങളിലും ഇന്ന് മുതല്‍ തെയ്യം അനുഷ്ഠാന ചടങ്ങുകള്‍ ആരംഭിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കുന്നതിനാണ് അനുമതി. കോലധാരികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി നടത്തിപ്പിന് തേടണമെന്നും ഒരു ദിവസം  മാത്രം  ഒരു സ്ഥലത്ത് കളിയാട്ടം നടത്തണമെന്നും നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗ  വ്യാപനം രൂക്ഷമാകാതിരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാരും, പോലീസും കണ്ടെത്തിയ  പ്രധാന പ്രശ്നം മാസ്ക് ധരിക്കുന്നതിലെ വൈമുഖ്യമാണ്. നല്ലൊരു പങ്കും ശരിയായ വിധത്തിലല്ല മാസ്ക്ക്  ധരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചുവരുകയാണ്. കോവിഡ് 19ന് എതിരെയുളള പോരാട്ടത്തില്‍ മാസ്ക് ധരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ധരിക്കുന്നയാളുടെ സുരക്ഷയ്ക്ക് മാത്രമല്ല കുടുംബാംഗങ്ങളുടെയും ആ വ്യക്തിയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. ഈ ആശയം നമ്മുടെ സമൂഹത്തില്‍ പരമാവധി പ്രചരിപ്പിക്കേണ്ടതാണ്.
പോലീസിലെ ഏറ്റവും താഴ്ന്ന തട്ട് മുതല്‍ മുകളിലേയ്ക്കുളള എല്ലാപേരും മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കേണ്ടതും അതിനുവേണ്ടി മറ്റുളളവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി പുനരുദ്ധാരണം
കോവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ കാലത്തു പൊതു ഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും  സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില  വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്തു കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സര്‍ക്കാര്‍ പുതിയ പാക്കേജ് തയ്യാറാക്കുകയാണ്. കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000  കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്‍കുകയുണ്ടായി. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്‍റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടി രൂപ മാത്രമാണ്.
എന്നിട്ടും സര്‍ക്കാരിന്‍റെ അവഗണനയെക്കുറിച്ച് പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ റെയില്‍വെപോലും വിറ്റു കാശാക്കുന്നതിന് തീരുമാനമെടുത്തിട്ടുള്ള കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ ട്രേഡ് യൂണിയനാണ് എന്നതൊരു വിരോധാഭാസമാണ്.
കേരള സര്‍ക്കാരിന്‍റെ നിലപാട് വളരെ വ്യക്തമാണ്. പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കുക തന്നെചെയ്യും.
പുതിയ പാക്കേജിന്‍റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ്.

1. ബാങ്കുകള്‍, എല്‍ഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികള്‍ കുടിശികയിലാണ്. അതുപോലെ തന്നെയാണ് മെഡിക്കല്‍റീ ഇംബേഴ്സ്മെന്‍റും. ജൂണ്‍ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255  കോടി രൂപ ഈ വകകളില്‍ 2016 മുതല്‍ നല്‍കുവാനുണ്ട്. ഈ തുക സര്‍ക്കാര്‍ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കും.

2. 2012നുശേഷം ശമ്പളപരിഷ്കരണം നടപ്പായിട്ടില്ല. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കുന്നു. ഇതിനുള്ള അധിക തുക സക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. പാക്കേജിന്‍റെ ഭാഗമായി ശമ്പളപരിഷ്കരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

3. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കിൽ എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിയുശട സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തില്‍ തുടര്‍ന്നും തൊഴില്‍ നല്‍കും.
സ്കാനിയ, വോള്‍വോ ബസുകള്‍, ദീര്‍ഘദൂര ബസുകള്‍, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ്  ചെയ്യുക.

4. കേരള സര്‍ക്കാരിന് കെഎസ്ആര്‍ടിസി നല്‍കാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്‍പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും.

5. കണ്‍സോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാന്‍ അവകാശമില്ല. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.

6. ഇതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇതിന്‍റെ ഫലമായി അടുത്ത മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആര്‍ടിസി നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്‍റായി കോര്‍പ്പറേഷന് സര്‍ക്കാര്‍  തുടര്‍ന്നു നല്‍കുന്നതാണ്.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചര്‍ച്ച ചെയ്യും. കേരളത്തിന്‍റെ ഗതാഗത സേവനങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് എടുക്കാവുന്ന പരമാവധി സഹായം സര്‍ക്കാര്‍  ലഭ്യമാക്കും. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മാനേജ്മെന്‍റുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് പുതിയ പാക്കേജിന് അന്തിമ രൂപം നല്‍കും.  കെ എസ് ആർ ടി സി യെ സംരക്ഷിക്കുവാനുള്ള ഈ നടപടികൾക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

45 രുപ നിരക്കില്‍ സവാള (വലിയ ഉള്ളി)
സംസ്ഥാനത്തെ സവാള വില വര്‍ദ്ധന  നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ ആ യോഗം തീരുമാനിച്ചു.
സപ്ലൈകോ 1000 ടണ്‍, കണ്‍സ്യൂമര്‍ ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍, എന്ന പ്രകാരമാണ് നാഫെഡില്‍ നിന്നും സവാള വാങ്ങുക. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ ഇത് വിതരണം തുടങ്ങും.നവംബർ 3 തിയ്യതിയോടെ ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഏജന്‍സികള്‍ക്ക് കൂടി അനുമതി നല്‍കാന്‍ അഭ്യര്‍ത്തിച്ച് തമിഴ്നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

പോലീസിനായി നിര്‍മ്മിച്ച
വിവിധ കെട്ടിടങ്ങള്‍ ഉദ്ഘാടനം

സംസ്ഥാനത്ത് പോലീസിനായി നിര്‍മ്മിച്ച
വിവിധ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പോലീസ് ആസ്ഥാനത്തെ ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍, തൃശ്ശൂര്‍ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവ ഇന്ന്  ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്സിന്‍റെ തറക്കല്ലിടലും ഇന്ന് നടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഒരുക്കിയ സി.സി.ടി.എന്‍.എസ് കേന്ദ്രത്തില്‍ ഒരേസമയം 56 പേര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന ഇന്‍ററാക്ടീവ് പാനല്‍ ഉള്‍പ്പെടെയുളള നൂതന സംവിധാനങ്ങളുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ തിരുവനന്തപുരത്ത് ആരംഭിച്ച റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം സഹായകമാകും.
തൃശ്ശൂരില്‍ നിലവില്‍ വന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തില്‍ പാര്‍പ്പിക്കുന്ന പ്രതികളുടെ നീക്കങ്ങള്‍ സി.സി.ടി.വി മുഖേന 24 മണിക്കൂറും നിരീക്ഷിക്കാന്‍ കഴിയും.

കെട്ടിടോദ്ഘാടനം
കൊല്ലം ജില്ലാ ആസൂത്രണ സമിതിക്കായി നിര്‍മിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനവും വടക്കാഞ്ചേരി നഗരസഭാ മന്ദിരത്തിന്‍റെ ഉദ്ഘാടനവും  നിര്‍വഹിച്ചു.  
മൂന്നുകോടി രൂപ ചെലവിട്ട് ആധുനിക സാങ്കേതികവിദ്യയായ ഗ്ളാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ജിപ്സം ടെക്നോളജിയാണ് വടക്കാഞ്ചേരിയിൽ  ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ നഗരസഭാ മന്ദിരമാണിത്.  

അയ്മനത്ത് 18 വീടുകളുടെ താക്കോൽദാനം
അയ്മനത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നല്‍കിയ ഭൂമിയില്‍ 18 കുടുംബങ്ങള്‍ക്ക് റോട്ടറി ഡിസ്ട്രിക്ട് നിര്‍മിച്ചുനല്‍കിയ ഒമ്പത് ഇരട്ടവീടുകളുടെ താക്കോല്‍ദാനം ഇന്ന് നിര്‍വഹിച്ചു. അയ്മനം പിച്ചക്കാട് എന്ന പ്രദേശത്ത് 1.22 കോടി ചെലവിട്ടാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് വാങ്ങി നല്‍കിയ 32 സെന്‍റ് സ്ഥലത്താണ് റോട്ടറി ഡിസ്ട്രിക്റ്റ് ‘സനേഹവീട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചത്. ഓരോ കുടുംബത്തിനും രണ്ടുമുറികളും ഹാളും അടുക്കളയുമടങ്ങുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  ചുരുങ്ങിയ കാലയളവില്‍ ഈ വീടുകള്‍ പൂര്‍ത്തിയാക്കാനായതും സന്തോഷകരമാണ്. ഇതിനുള്ള റോട്ടറി ക്ലബിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഭവനരഹിതരായ 205 കുടുംബങ്ങള്‍ക്കാണ് അയ്മനം പഞ്ചായത്ത് ഇതിനകം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. അതിനുപുറമേയാണ് 18 കുടുംബങ്ങള്‍ക്ക് കൂടി വീടാകുന്നത്. ഭൂരഹിതരായ 24 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം പുരോഗമിക്കുകയുമാണ്. പഞ്ചായത്തിലെ ബാക്കി ഭവനരഹിതര്‍ക്കും മുന്‍ഗണനയനുസരിച്ച് ലൈഫ് മിഷനിലൂടെ വീടുകള്‍ നിര്‍മിച്ചുനല്‍കാനാകും.

പ്രേംനസീര്‍ സ്മാരകം:
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരന്മാരില്‍ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുകയാണ്. 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മിനി തിയേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിര്‍മ്മിക്കുന്നത്.
അതുല്യ കലാകാരന്‍റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മ്യൂസിയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോര്‍ഡ് റൂമുകള്‍ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിര്‍മ്മിക്കുന്നത്. കുറച്ചു വൈകി പോയെങ്കിലും പ്രേം നസീർ എന്ന നടന് വേണ്ടി ഇങ്ങനെ ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനമെടുത്തത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്

വാര്‍ത്താകുറിപ്പ്: 22-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 7482 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 93,291 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6448 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 844 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 56,093 സാമ്പിളുകള്‍ പരിശോധന നടത്തി. 7593 പേര്‍ രോഗമുക്തരായി.

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വന്നതോടെ വാഹനങ്ങള്‍ കൂടുതലായി നിരത്തിലുണ്ട്. സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കും.

ഡ്രൈവിങ് സ്കൂളുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതോടെ നിരവധി ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം വാഹനങ്ങളില്‍ വിദ്യാര്‍ഥികളും പഠിപ്പിക്കുന്നയാളും നിര്‍ബന്ധമായും മാസ്കും കൈയുറയും ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരു സമയം വാഹനത്തില്‍ കയറ്റാവൂ. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം.

വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതിലും അധികം ആളുകള്‍ ചില സ്ഥലങ്ങളില്‍ വന്നുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണിത്. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമുണ്ടാകണം. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. കുറേ കാലത്തേക്കുകൂടി ആഘോഷ പരിപാടികളില്‍ നാം ഇതേ നിയന്ത്രണം തുടരേണ്ടതുണ്ട്.

ആരോഗ്യ മേഖലയിലേക്ക് കെഎംഎംഎല്‍ ദിനംപ്രതി ദ്രവീകൃത ഓക്സിജന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഒക്ടോബര്‍ പത്തിന് കമ്പനിയിലെ പുതിയ ഓക്സിജന്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ അവശ്യത്തിനായി ഓക്സിജന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചത്. കോവിഡ് സമയത്ത് ഓക്സിജന്‍ ദൗര്‍ലബ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണ്.  

തിരുവനന്തപുരം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിനു താഴെയാണ് ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം.  

പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളാണ് ഉള്ളത്. ആറډുള നീര്‍വിളാകം കോളനി കേന്ദ്രീകരിച്ച് പുതിയ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഈ ക്ലസ്റ്ററില്‍ ബുധനാഴ്ച (ഒക്ടോബര്‍ 21) വരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഓമല്ലൂര്‍, കുമ്പഴ, കൂടല്‍, തണ്ണിത്തോട്, വടശേരിക്കര, മല്ലപ്പള്ളി, തിരുവല്ല, ആറډുള, നാറാണംമൂഴി, പ്രമാടം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തും ജോലി ചെയ്യുന്ന ഇടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് കരാറുകാര്‍ ഉറപ്പുവരുത്തണം.

കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും പരിശോധനയുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമായി ആലപ്പുഴയില്‍ കൂടുതല്‍ കോവിഡ് പരിശോധനാ കിയോസ്കുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ജില്ലയിലെ നഗരസഭാ പരിധിയില്‍ കുറഞ്ഞത് രണ്ട് കിയോസ്കുകള്‍ ആരംഭിക്കുന്നതിന്  നിര്‍ദേശം നല്‍കി.  

നഗരസഭാ പരിധിയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന കിയോസ്കുകള്‍ സ്വകാര്യ മേഖലയ്ക്കോ നഗരസഭകളിലുള്ള ആശുപത്രികളിലെ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ക്കോ നടത്താവുന്നതാണ്. സ്വകാര്യ സംരംഭകര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്കുകള്‍ പൂര്‍ണമായി അവരുടെ ചെലവില്‍ സ്ഥാപിക്കണം. നഗരസഭകള്‍ അതത് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ക്കാണ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള സഹായം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നല്‍കും.

കോട്ടയം ജില്ലയില്‍ സുകൃതം 500 കാമ്പയിനിന്‍റെ ഭാഗമായി പ്ലാസ്മാദാനത്തില്‍ സജീവമായി സഹകരിക്കുന്നതിനു പുറമെ ചികിത്സാ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലും സ്വകാര്യ വ്യവസായ ശാലകള്‍ സഹകരിക്കുന്നുണ്ട്. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ തെറാപ്പിക്കു വേണ്ട പത്ത് ഹൈ ഫ്ളോ നേസല്‍ കാനുല (എച്ച്എഫ്എന്‍സി) ഉപകരണങ്ങള്‍ 25 ലക്ഷം രൂപ ചെലവിട്ട് പാരഗണ്‍ പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുകയുണ്ടായി.

തൃശൂര്‍ ജില്ലയില്‍  പത്തു വയസ്സിനു  താഴെയുള്ളവരിലും 60 വയസ്സിന് മുകളില്‍ ഉള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. 60 വയസ്സിന് മുകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1238 ആയി.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ 400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്‍റെ അഭ്യര്‍ഥന പ്രകാരം അവരുടെ ക്വാര്‍ട്ടേഴ്സില്‍ തന്നെ എഫ്എല്‍ടിസി ക്രമീകരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം. കോവിഡിന്‍റെ പേരില്‍ ഗര്‍ഭിണികളെ ചില ആശുപത്രികള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംഭവമുണ്ടായി. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരള ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് 19 ജാഗ്രതാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല.  

ദേശീയതലത്തില്‍ കോവിഡ് വ്യാപനം അതിന്‍റെ ഉയര്‍ന്ന തോതില്‍ പിന്നിട്ടു എന്നൊരു പ്രചരണം നടന്നുവരുന്നുണ്ട്. എന്നാല്‍, കോവിഡ് രോഗവ്യാപനത്തിന്‍റെ ലോകമൊന്നാകെയുള്ള പ്രത്യേകത പരിഗണിക്കുമ്പോള്‍ പലയിടങ്ങളിലും രോഗികളുടെ എണ്ണം പരമാവധിയിലെത്തിയതിനു ശേഷം കുറയുകയും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയരുകയും ചെയ്യുന്നത് കാണാനായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം സമാനമായ സ്ഥിതിവിശേഷം കാണുകയുണ്ടായി.

അതുകൊണ്ടുതന്നെ പരമാവധിയിലെത്തിയതിനു ശേഷം കുറഞ്ഞു വരുന്നു എന്ന തോന്നല്‍ രോഗവ്യാപനം പിന്‍വാങ്ങുന്നതിന്‍റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിദഗ്ധാഭിപ്രായം. വീണ്ടും രോഗവ്യാപനം പീക്ക് ചെയ്യുന്നതിന്‍റെ മുന്നോടിയായുള്ള ഒരു ഇടവേള മാത്രമായിരിക്കാം അത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് മഹാമാരി പിന്‍വാങ്ങുന്നു എന്ന തോന്നലുകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. കോവിഡ് വ്യാപനം കാട്ടുതീ പോലെയാണ്. തീയല്‍പം ശമിക്കുന്നു എന്നത് അടുത്ത കാട്ടിലേക്ക് തീ പടരുന്നതിനു മുന്‍പുള്ള താല്‍ക്കാലിക ശാന്തത മാത്രമാകാം. അതുകൊണ്ട്, തീ പടരാനുള്ള സാഹചര്യമൊഴിവാക്കാനുള്ള ശ്രമമാണ് നമ്മള്‍ നടത്തേണ്ടത്. രോഗം പടരാതിരിക്കാനുള്ള കരുതല്‍ കൂടുതല്‍ ജാഗ്രതയോടെ നമ്മള്‍ തുടരുകയാണ് വേണ്ടത്.

കോവിഡ് വന്നു പോകുന്നതാണ് നല്ലതെന്നുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തില്‍ പ്രബലമാകുന്നുണ്ട്. എന്നാല്‍, നമ്മള്‍ മനസ്സിലാക്കേണ്ടത് പലരിലും രോഗം വന്നുപോകുന്നത് നല്ല ഫലമല്ല സൃഷ്ടിക്കുന്നത് എന്നതാണ്.

കോവിഡ് വിമുക്തി നേടിയാലും അവശതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥ നല്ലൊരു ശതമാനം രോഗികളില്‍ കാണുന്നുണ്ട്. സാധാരണ ഗതിയില്‍ രോഗം ബാധിച്ചാല്‍ പത്തു ദിവസങ്ങള്‍ക്കപ്പുറം വൈറസ് മനുഷ്യശരീരത്തില്‍ നിലനില്‍ക്കുന്നില്ല. എങ്കിലും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് നമ്മള്‍ കോവിഡ് വിമുക്തി കൈവരിച്ചു എന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത്.

അങ്ങനെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയവരുടെ ശരീരത്തില്‍ വൈറസുകള്‍ നിലനില്‍ക്കുന്നുണ്ടാകില്ലെങ്കിലും, പലരിലും രോഗത്തിന്‍റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങല്‍ അവശത നേരിടാനുള്ള സാധ്യതയുണ്ട്. ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളില്‍ കോവിഡ് ബാധയേല്‍പിച്ച വ്യതിയാനങ്ങള്‍ മാറാന്‍ പലപ്പോളും കുറച്ചു കാലമെടുക്കും. അത്തരക്കാരില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ക്ഷീണവും ഹൃദ്രോഗ സാധ്യതകള്‍ കൂടുന്നതും മറ്റും കണ്ടുവരുന്നുണ്ട്. ചെറുതല്ലാത്ത ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്. അതുകൊണ്ട്, പത്തു ദിവസം കഴിഞ്ഞു ടെസ്റ്റുകള്‍ നെഗറ്റീവ് ആയാലും ഒരാഴ്ച കൂടെ ക്വാറന്‍റൈന്‍ തുടരാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ആവശ്യത്തിനു വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഈ സമയം വിനിയോഗിക്കണം. അവശത നീണ്ടുനില്‍ക്കുന്നു എന്നു തോന്നുന്നവര്‍ ഡോക്ടര്‍മാരെ വിവരം ധരിപ്പിക്കാനും അവരുടെ ഉപദേശം സ്വീകരിക്കാനും തയ്യാറാകാണം. ഹൈപ്പര്‍ ടെന്‍ഷന്‍ മുതലായ ദീര്‍ഘസ്ഥായിയായ രോഗങ്ങളുള്ളവര്‍ കോവിഡിനു ശേഷം രോഗാവസ്ഥ മോശമാകാതെ ശ്രദ്ധിക്കാനുള്ള പ്രത്യേക കരുതലും കാണിക്കണം. അവശ്യമായ വിശ്രമം നേടിയതിനു ശേഷമേ കായികാദ്ധ്വാനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. ശബരിമല തീര്‍ഥാടനത്തിനു പോകുന്നവരും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ചവരില്‍ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ മല കയറുന്നതു പോലെയുള്ള കഠിനമായ പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാകും അവരുടെ ആരോഗ്യസംരക്ഷണത്തിന് ഉചിതമായ കാര്യം.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കോവിഡ് ടെസ്റ്റിങ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകളില്‍ വലിയ കുറവ് ഇന്നലെ മുതല്‍ വരുത്തിയിട്ടുണ്ട്. കൂടുതലാളുകള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ചു ടെസ്റ്റ് ചെയ്യാവുന്നതാണ്.

വിജയദശമി ദിവസമായ തിങ്കളാഴ്ച വിദ്യാരംഭ ചടങ്ങുകള്‍ ഉണ്ടാകും. കുട്ടികളുടെ താല്‍പര്യവും ആരോഗ്യവും സംരക്ഷിക്കാനായി ഇത്തവണ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതം. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളും വീടുകളില്‍ നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകളില്‍ പങ്കെടുക്കാവൂ.

തുലാമാസ പൂജയോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭക്തരെ മാത്രമാണ് ശബരിമലയിലേയ്ക്ക് കടത്തിവിട്ടിരുന്നത്. അഞ്ചുദിവസത്തെ തീര്‍ത്ഥാടനകാലത്ത് ദിവസേന 250 പേര്‍ വീതം 1250 പേരെ ദര്‍ശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കാലയളവില്‍ വെര്‍ച്വല്‍ ക്യു വഴി രജിസ്റ്റര്‍ ചെയ്ത 673 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ആദ്യ ദിവസം 146 പേരും രണ്ടാം ദിവസം 164 പേരും മൂന്നാം ദിവസം 152 പേരും വെര്‍ച്വല്‍ ക്യു സംവിധാനം പ്രയോജനപ്പെടുത്തി ശബരിമലയിലെത്തി. നാലാമത്തെ ദിവസം 122 പേരും അവസാന ദിവസം 89 പേരുമാണ് ദര്‍ശനത്തിനെത്തിയത്.

ദര്‍ശനത്തിന് എത്തിയവരില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരുനാട് കോവിഡ് ചികില്‍സാകേന്ദ്രത്തിലേയ്ക്ക് മാറ്റി. ബംഗളൂരുവില്‍ നിന്നു വന്ന ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

വ്യവസായിക ഇടനാഴി
ഇന്ത്യാ ഗവണ്‍മെന്‍റ് കഴിഞ്ഞവര്‍ഷം അംഗീകരിച്ചതാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി. അതിന്‍റെ ട്രസ്റ്റുമായി സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍റും ഷെയര്‍ ഹോള്‍ഡര്‍ എഗ്രിമെന്‍റും സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്‍റേഷനും ഇന്ന് ഒപ്പുവെച്ചു.

ഒന്നാംഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലും ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, ലൈഫ് സയന്‍സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഏകോപനത്തിനായി ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി ഈ പ്രദേശത്ത് നിലവില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളായ കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം പോര്‍ട്ട്, മംഗലാപുരം-ബംഗളൂരു ഗെയില്‍ പൈപ്പ്ലൈന്‍, തിരുവനന്തപുരം-കണ്ണൂര്‍ സെമി ഹൈസ്പീഡ് റെയില്‍, കൊച്ചി മെട്രോ, കൊച്ചി-തേനി ദേശീയപാത എന്നീ പദ്ധതികളുടെ പ്രാദേശിക വളര്‍ച്ചയ്ക്കും സമഗ്ര വികസനത്തിനും ഉന്നമനത്തിനുമുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.

എടുത്തുപറയേണ്ട മറ്റൊന്നാണ് കൊച്ചി ഗിഫ്റ്റ് സിറ്റി. അതായത്, കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി. ആലുവ താലൂക്കിലെ 220 ഹെക്ടര്‍ സ്ഥലത്തായി ഗിഫ്റ്റ് സിറ്റി സ്ഥാപിച്ചു വികസിപ്പിച്ചെടുക്കാന്‍ കേരള സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമാണിത്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ കേന്ദ്രമാകും ഇത്.

പൊതുവായ വികസനത്തിന്‍റെ മുന്നേറ്റത്തിന് ഊര്‍ജം പകരുന്ന ധനബിസിനസ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ടാകും. ആഗോളതലത്തില്‍ ഹെടെക് സര്‍വീസുകളും ധനകാര്യ സംരംഭങ്ങളും വികസിപ്പിച്ചെടുക്കുന്നതിനുള്ള സംവിധാനത്തോടു കൂടിയുള്ളതാവും ഇത്. മികവാര്‍ന്ന അടിസ്ഥാന ഘടനയോടു കൂടിയ ബിസിനസ് ലക്ഷ്യമായി കൊച്ചിയെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന പദ്ധതി എന്ന നിലയ്ക്കാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്ന തരത്തിലുള്ള അധിക നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമാകും ഇത്.

ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ സംവിധാനം 1600 കോടി രൂപയുടെ നിക്ഷേപം വൈകാതെ കൊണ്ടുവരും. 18,000 കോടിയുടെ പിപിപി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനു പുറമെയാണിത്. ഭൂമി ഏറ്റെടുക്കലിനായി 540 കോടി രൂപ സംസ്ഥാന ഗവണ്‍മെന്‍റ് അനുവദിച്ചിട്ടുണ്ട്. സമാനമായ തുക എന്‍ഐസിഡിഐടിയിലൂടെ കേന്ദ്ര ഗവണ്‍മെന്‍റ് കണ്ടെത്തും. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്‍റേഷന്‍ ട്രസ്റ്റാണ് എന്‍ഐസിഡിഐടി. രാജ്യത്ത് വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന്‍റെ ചുമതല ഇവര്‍ക്കാണുള്ളത്.

കൊച്ചി, വിഴിഞ്ഞം പോര്‍ട്ടുകള്‍ക്ക് ഏകദേശം 25,000 കോടി രൂപയുടെ മൂല്യമുള്ള കപ്പല്‍ ചരക്കുകളുടെ നീക്കം ഉറപ്പാക്കാനും ഇതുമൂലം കഴിയും. കേന്ദ്രീകൃത ബന്ധിപ്പിക്കലിന്‍റെ (ഹബ്ബ് കണക്ടിവിറ്റി) അഭാവംമൂലം, ഏകദേശം 14,000 മെട്രിക് ടണ്‍ കാര്‍ഗോയാണ് കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലൂടെ സിയാലിന്  കൂടുതല്‍ കാര്‍ഗോ ആകര്‍ഷിക്കുവാന്‍ കഴിയും എന്നു മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ അടുത്ത എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഈ മേഖലയിലുള്ള തിക്കും തിരക്കും കുറയ്ക്കുവാനും കഴിയും.

പ്രവേശന കവാട കണക്ടിവിറ്റിയിലൂടെ കേരളത്തില്‍നിന്ന് പാശ്ചത്യ കമ്പോളങ്ങളിലേക്കുള്ള വ്യാവസായിക കയറ്റുമതിയുടെ സാമ്പത്തികശേഷി വളര്‍ത്താനും സാധ്യമാവും. ചുരുക്കത്തില്‍ കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി കേരളത്തെയും പടിഞ്ഞാറന്‍ തമിഴ്നാടിനെയും രാജ്യത്തെ വിവിധ സാമ്പത്തിക വ്യവസായിക ഇടനാഴികളുടെ ശൃംഖലയുമായി കോര്‍ത്തിണക്കുന്ന ഒന്നായി തീരും.

ആദ്യ സംരംഭമായി തെരഞ്ഞെടുത്ത പാലക്കാട്ടെ 1800 ഏക്കര്‍ സ്ഥലത്ത് 10,000 കോടി രൂപയുടെ നിക്ഷേപവും അതിലൂടെ പ്രത്യക്ഷമായി 22,000 തൊഴിലവസരങ്ങളും പരോക്ഷമായി 80,000 തൊഴിലവസരങ്ങളും പ്രവൃത്തി ആരംഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെയുള്ള നിക്ഷേപത്തില്‍ ചെറുകിട വ്യവസായങ്ങളുടെ ഓഹരിയായി 3000 കോടി രൂപയും സംസ്ഥാനത്തിന് പ്രതിവര്‍ഷം നികുതിവരുമാനമായി 585 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി, പാലക്കാട് മേഖലയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, സംസ്ഥാനത്തിനാകെ സമഗ്ര വികസനത്തിലേക്കുള്ള നിര്‍ണായക കാല്‍വെയ്പ്പാണിത്.

26 ടൂറിസം പദ്ധതികള്‍
കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊډുടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യം വികസനം നടത്തിയ പദ്ധതിയില്‍ കൂട്ടികള്‍ക്ക് കളിക്കളം, ലാന്‍റ് സ്കേപ്പിങ്, ഇരിപ്പിടങ്ങള്‍  എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകം സൗന്ദര്യവല്‍ക്കരണം എന്നീ പദ്ധതികളും ആരംഭിച്ചു.

പാലാ നഗരത്തില്‍ പാരീസിലെ ‘ലവ്റെ’ മ്യൂസിയത്തിന്‍റെ മാതൃകയില്‍ ഗ്രീന്‍ ടൂറിസം കോംപ്ലക്സ്, ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്‍റര്‍, പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ  ഫിനിഷിങ് പോയിന്‍റിലേക്കുള്ള പാത് വേയും ബോട്ട് ജെട്ടികളും എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളാണ്.

എറണാകുളം ജില്ലയിലെ  ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം തൃശൂര്‍ ജില്ലയില്‍ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും നവീകരിച്ചത്, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴി പദ്ധതി, നവീകരിച്ച പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം, മലപ്പുറം ജില്ലയിലെ കോട്ടക്കുന്നില്‍ മിറക്കിള്‍ ഗാര്‍ഡന്‍, ചമ്രവട്ടത്തെ പുഴയോരം സ്നേഹപാതയുടെ ഒന്നും  രണ്ടും ഘട്ടങ്ങള്‍, കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായ പൂര്‍ത്തീകരിച്ച വികസനങ്ങള്‍, കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നവീകരണ പുനരുദ്ധാരണം, കണ്ണൂരിലെ പാലക്കാട് സ്വാമി മഠം പാര്‍ക്കിന്‍റെ വികസനം, ചൊക്ലി ബണ്ട് റോഡിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതി,  മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, വയനാട്ടിലെ ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം പദ്ധതി, ബേക്കല്‍ കോട്ട കമാനവും പാതയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയും എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാരണം സ്തംഭിച്ച നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതു ജീവന്‍ നല്‍കുന്ന പദ്ധതികളാണിത്.

ഉള്ളിവില
സംസ്ഥാനത്തെ ഉള്ളി വില വര്‍ദ്ധനവ് നിയന്ത്രണത്തിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചു.

ഉള്ളി, സവാള, ചെറുപയര്‍, ഉഴുന്ന്, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാനത്തിന്‍റെ പൊതുവിതരണ വകുപ്പ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സവാള, ഉള്ളി എന്നിവ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 21-10-2020

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം
ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.  

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള  മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനര്‍ഹമായവരെ തീരുമാനിക്കുന്നത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ഉല്‍കണ്ഠ ഉളവാക്കുന്നുണ്ട്. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ നമ്മുടെ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നു മുതല്‍
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരും.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുക. ലിസ്റ്റ് ചെയ്തിട്ടുള്ള വിളകള്‍ കര്‍ഷകരില്‍ നിന്ന് വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 250 വിപണികളില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. ഒരു കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്ഥലത്തിനു മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ.

വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുകയാണെങ്കില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്‍റ് വൈസ് ചെയര്‍മാനായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്.

കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും. കര്‍ഷകരുടെ രജിസ്ട്രേഷന്‍, പ്രദേശവും ഉല്‍പാദനവും നിര്‍ണയിക്കല്‍, പ്രാദേശിക ഉല്‍പന്നമാണെന്ന് സാക്ഷ്യപ്പെടുത്തല്‍ എന്നിവ എ.ഐ.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സംഭരണ ഏജന്‍സികള്‍ക്കെല്ലാം ബാധകമാകുന്ന പ്രവര്‍ത്തന നടപടിക്രമങ്ങള്‍ കൃഷി വകുപ്പ് തയ്യാറാക്കുന്നതാണ്.

വിപണിവില ഓരോ ഉല്‍പന്നത്തിനും നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ താഴെ പോകുമ്പോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നല്‍കും. സംഭരിച്ച വിളകള്‍ ‘ജീവനി-കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡില്‍ വില്‍ക്കാനാണ് തീരുമാനം.

പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും കാലാകാലങ്ങളില്‍ അടിസ്ഥാന വില പുതുക്കി നിശ്ചയിക്കുന്നിതിനും പുതിയ വിള ഉള്‍പ്പെടുത്തുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഏകോപനം) ചെയര്‍മാനും കാര്‍ഷികോല്‍പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായി സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കുന്നതാണ്. സംസ്ഥാനതല കമ്മിറ്റി അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്.

പ്രിസിഷന്‍ ഫാമിംഗ് (സൂക്ഷ്മ കൃഷി) വഴി ഉല്‍പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാന ഉല്‍പാദനക്ഷമത പഠിച്ച ശേഷം ആവശ്യമായ തീരുമാനം എടുക്കുന്നതിന് കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാറ്റിവെച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കും
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്ത ശമ്പളത്തിന്‍റെ 20 ശതമാനം (ആറു ദിവസത്തെ) 2020 ഏപ്രില്‍ മുതല്‍  മാറ്റിവെച്ചിരുന്നു. ഇങ്ങനെ മാറ്റിവെച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉടനെ പണമായി തിരിച്ചുനല്‍കുകയാണെങ്കില്‍ 2500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇന്നത്തെ വിഷമം പിടിച്ച സാഹചര്യത്തില്‍ അത് സര്‍ക്കാരിന് താങ്ങാനാകില്ല. അതുകൊണ്ടാണ് പി.എഫില്‍ ലയിപ്പിക്കുന്നത്. ഇങ്ങനെ പി.എഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി.എഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പി.എഫ് നിരക്കില്‍ പലിശ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്‍പ്പെടെ പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തേയും തുക തുല്യ തവണകളായി നല്‍കുന്നതാണ്.

കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം
ഈസ് ഓഫ് ഡൂയിങ് നടപടികളുടെ ഭാഗമായി കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കുന്നതിന് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, റജിസ്ട്രേഷന്‍ പുതുക്കുന്നതിന് ലേബര്‍ കമ്മീഷണറുടെ ഓട്ടോമേഷന്‍ സിസ്റ്റം വഴി ഫീസ് അടച്ചാല്‍ മതി. തനിയേ റജിസ്ട്രേഷന്‍ പുതുക്കല്‍ നടക്കും.

15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകൾ
സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട് പോലീസ് ജില്ലകളിലാണ് സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. പുതിയ സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍റെ 15 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: പ്രത്യേക ഉദ്ദേശ കമ്പനി
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനത്തിനും നടത്തിപ്പിനുമായി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരിയും കെ.എം.ആര്‍.എല്ലിന് 26 ശതമാനം സ്വെറ്റ് ഇക്വിറ്റിയുമുള്ള കമ്പനിയാണ് രൂപീകരിക്കുക. 30 വര്‍ഷത്തേക്ക് കൊച്ചി വാട്ടര്‍ മെട്രോയുടെ ആസ്തി ഉപയോഗിക്കാനുള്ള അനുമതി ഈ കമ്പനിക്ക് നല്‍കുന്നതാണ്.

2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു.

തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പിരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

തസ്തിക
മലപ്പുറം ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍സെക്കന്‍റി സ്കൂളില്‍ എച്ച്.എസ്.ടി (സീനിയര്‍) അറബിക് ടീച്ചര്‍, എച്ച്.എസ്.ടി (ജൂനിയര്‍) മലയാളം ടീച്ചര്‍ എന്നിവയുടെ ഓരോ തസ്തികയും തിരുവനന്തപരും നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കന്‍ററി സ്കൂളില്‍ എച്ച്.എസ്.ടി (ജൂനിയര്‍) ഹിന്ദിയുടെ ഒരു തസ്തികയും സൃഷ്ടിക്കും.

വാര്‍ത്താകുറിപ്പ്: 19-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 5022 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 92,731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4257 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 647 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,599 സാമ്പിളുകള്‍ പരിശോധന നടത്തി. 7469 പേര്‍ രോഗമുക്തരായി.

രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചത്. അതിന്‍റെ ഗുണഫലങ്ങള്‍ മുന്‍പ് വിശദീകരിച്ചതാണ്. ഒന്നാമത്തെ കാര്യം ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.  ജീവനുകള്‍ രക്ഷിക്കാന്‍ എന്തു ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്‍റെ ഭാഗമായി നമുക്ക് മരണങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിച്ചു.

ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉച്ചസ്ഥായിയാല്‍ എത്തിയപ്പോള്‍ സംഭവിച്ച ദുരന്തത്തിന്‍റെ ആഘാതം എത്രമാത്രമായിരുന്നു എന്നു നമ്മള്‍ കണ്ടതാണ്. രോഗബാധിതരായവരില്‍ നൂറില്‍ പതിനാലു പേര്‍ വരെ മരിക്കുന്ന അവസ്ഥ അവിടെ സംജാതമായി. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്.

കേരളത്തില്‍ മരണനിരക്ക് ആദ്യമേ കുറവായിരുന്നു എന്നു മാത്രമല്ല, കോവിഡ് വ്യാപനം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്ന ഈ സമയത്ത് മരണ നിരക്ക് കുറയുന്നതായാണ് കാണുന്നത്.

ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു  മഹാമാരിയുടെ കാലത്ത് എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവന്‍,  ജീവിതോപധികള്‍ ആരോഗ്യസംവിധാനങ്ങള്‍ എന്നീ മൂന്നു ഘടകങ്ങളെ ചേര്‍ത്തു നിര്‍ത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും   മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്‍റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാള്‍ മികച്ച രീതിയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചത്.

മെയ് മാസത്തില്‍ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂണ്‍ മാസത്തില്‍ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്‍റെ ആരോഗ്യമേഖല അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. നമുക്ക് കിട്ടിയ അംഗീകാരങ്ങള്‍ ജീവനുകള്‍ രക്ഷിക്കാനായി നമ്മള്‍ നടത്തിയ ആത്മസമര്‍പ്പണത്തിന്‍റേയും അശ്രാന്ത പരിശ്രമത്തിന്‍റേയും ഫലമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതേയും, മനസ്സിലാക്കിയാല്‍ തന്നെ അതു മറച്ചു വച്ചു കൊണ്ടും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആണ്  മുന്നിട്ടിറങ്ങുന്നത്.

ചൈനയിലെ വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടു പുറകേ തന്നെ കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി കോവിഡ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. എന്നാല്‍, അവരില്‍ നിന്നും ആരിലേയ്ക്കും രോഗം പകരാതെ ഒരാള്‍ പോലും മരണപ്പെടാതെ നോക്കാന്‍ കേരളത്തിനായത് നമ്മള്‍ അപ്പോള്‍ തന്നെ സ്വീകരിച്ച ജാഗ്രത കൊണ്ടാണ്. ചൈനയില്‍ നിന്നും തുടക്കത്തില്‍ ലോകത്തിന്‍റെ പല ഭാഗത്തും രോഗം പടര്‍ന്നു പിടിച്ചപ്പോളും, ഉയര്‍ന്ന ജനസാന്ദ്രതയുണ്ടായിട്ടും കേരളത്തിന് അത് ആ ഘട്ടത്തില്‍ തടയാന്‍ സാധിച്ചു.

രാജ്യത്ത് ഏറ്റവും ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാക്കിയ സ്ഥലമാണ് കേരളം. ആരേക്കാളും മുന്‍പ് നമൂഹിക നിയന്ത്രണങ്ങളും, പൊതുബോധവല്‍ക്കരണവും നമ്മള്‍ നടപ്പിലാക്കി. ഇറ്റലിയില്‍ നിന്നും രണ്ടാംഘട്ടം രോഗം സംസ്ഥാന എത്തുകയും പലരേയും ബാധിക്കുകയും ചെയ്ത അവസരത്തില്‍ മാര്‍ച്ച് 15ന് അകം തന്നെ നമ്മള്‍ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൊണ്ടു വന്നു. ലോക്ഡൗണ്‍ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതും ഇവിടെയാണ്.

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഓണാവധിക്കാലത്ത് വളരെയേറെ ഇളവുകള്‍ അനുവദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചരണം വാസ്തവവിരുദ്ധമാണ്. മറ്റ് ഉത്സവകാലത്ത് അനുവദിക്കുന്നപോലെ വളരെ ചെറിയ ഇളവുകള്‍ മാത്രമാണ് ഓണക്കാലത്ത് നല്‍കിയിരുന്നത്. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാര്‍നിര്‍ദ്ദേശങ്ങള്‍ ഓണത്തിന് മുമ്പുതന്നെ പൊലീസ് പുറപ്പെടുവിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ലെന്നും ഓണസദ്യയുടെയും മറ്റും പേരില്‍ കൂട്ടംകൂടാനും പൊതുപരിപാടികള്‍ നടത്താനും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണമെന്നും കണ്ടയ്ന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ മാറ്റില്ലെന്നും അറിയിച്ചിരുന്നു. കടകളുടെ  വലിപ്പമനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും  അനുമതി നല്‍കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഓണക്കാലത്ത് രാത്രി ഒന്‍പതു മണി വരെ മാത്രമാണ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നത്. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പകരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കാലങ്ങളിലേതുപോലെ കൂട്ടംകൂടിയുള്ള ആഘോഷപരിപാടികള്‍ ഓണക്കാലത്ത് നടത്തരുതെന്ന് ഈ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പലതവണ അഭ്യര്‍ത്ഥിച്ചിഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും എല്ലാ മാധ്യമങ്ങളിലൂടെയും ഇതേ കാര്യം ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

ഓണാവധി സമയത്തും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്ന് ആ സമയത്തെ കേസുകളുടെയും അറസ്റ്റുകളുടെയും സംബന്ധിച്ച കണക്കുകളില്‍ വ്യക്തമാകും. ഒന്നാം ഓണദിവസമായ ആഗസ്റ്റ് 30ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2631 കേസും 1279 അറസ്റ്റും  രേഖപ്പെടുത്തി. 137 വാഹനങ്ങള്‍ പിടിച്ചെടുത്തു.

തിരുവോണ ദിവസമായ ആഗസ്റ്റ് 31ന് 1996 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1019 അറസ്റ്റ് രേഖപ്പെടുത്തുകയും 94 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അവിട്ടം ദിനമായ സെപ്റ്റംബര്‍ ഒന്നിന് രജിസ്റ്റര്‍ചെയ്തത് 1198 കേസുകളും പിടിച്ചെടുത്തത് 62 വാഹനങ്ങളുമാണ്. 655 പേര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ രണ്ടിന് നിയന്ത്രണങ്ങള്‍ ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്യുകയും 1612 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 91 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ശക്തമായി തന്നെയാണ്  ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച സഹകരണമുണ്ടായി.

രോഗപ്രതിരോധത്തിനാവശ്യമായ നടപടികള്‍ മാത്രമല്ല,  അതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളും സര്‍ക്കാര്‍ പരമാവധി ഫലപ്രദമായി തന്നെ നേരിട്ടു. ക്ഷേമപെന്‍ഷനുകളും ഭക്ഷ്യധാന്യങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കൈകളില്‍ എത്തിച്ചു. ഇത്തരം ക്രിയാത്മകവും ശ്രദ്ധാപൂര്‍വ്വവുമായ ഇടപെടലുകളുടെ ഫലമായി മെയ് മാസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥിതി വിശേഷം വരെയുണ്ടായി. റിക്കവറി റേറ്റ് 97 ശതമാനമാവുകയും ആക്റ്റീവ് കേസുകള്‍ 3 ശതമാനം മാത്രമാവുകയും ചെയ്തു. ഇത്തരം നേട്ടങ്ങളാണ് ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി കേരളത്തെ മാറ്റിയത്. അതില്‍ അഭിമാനിക്കുന്നതിന് പകരം, ചിലര്‍ അസ്വസ്ഥരാകുന്ന കാഴ്ച ആശ്ചര്യജനകമാണ് എന്നല്ലാതെ എന്തു പറയാന്‍.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും  പ്രവാസി സഹോദരങ്ങള്‍ മടങ്ങി വരുന്ന സാഹചര്യം ഉടലെടുക്കുമെന്നും രോഗവ്യാപനം  ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. ആഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് തന്നെ നല്‍കിയിരുന്നു. അതിനാല്‍ രോഗത്തെ പരമാവധി പിടിച്ചുനിര്‍ത്തിക്കൊണ്ട് ആരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കാനാണ് നമ്മള്‍ ശ്രമിച്ചത്. അതിന്‍റെ ഗുണഫലമായാണ് നേരത്തേ പറഞ്ഞതു പോലെ മരണസംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സഹായകമായത്.

ഇവിടെ എങ്ങനെയാണ് രോഗവ്യാപനം വര്‍ധിച്ചത് എന്നത് എല്ലാവര്‍ക്കും അറിയാം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങിയതിന്‍റെ പ്രത്യാഘാതമാണത്. ജനങ്ങളാകെ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ജനകീയമായി പ്രവര്‍ത്തിക്കുകയും ലക്ഷക്കണക്കിന് ആരോഗ്യപ്രപ്രവര്‍ത്തകര്‍ ത്യാഗനിര്‍ഭരമായി രംഗത്തിറങ്ങുകയും ചെയ്തു കൊണ്ടാണ് കോവിഡ്  പ്രതിരോധം നാം വിജയത്തിലെത്തിച്ചത്.

എന്നാല്‍, ഒരു പ്രത്യേക ഘട്ടത്തില്‍ ഇവിടെ വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചു. മാസ്ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരത്തിനിറങ്ങാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി. മാസ്കില്ലാതെ കൂടിക്കുഴഞ്ഞും പൊലീസിനെ ആക്രമിച്ചും കോവിഡ് പ്രതിരോധം ഒരു പ്രശ്നമല്ല എന്ന് വരുത്തി തീര്‍ത്തു. ഈ രംഗങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. നാം ഒരു ഭാഗത്തു കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുമ്പോള്‍ മറ്റൊരു സന്ദേശമാണ് ഈ അനാവശ്യ അരാജക സമരങ്ങള്‍ നല്‍കിയത്. ഉത്തരവാദപ്പെട്ട നേതാക്കളും പൊതുപ്രവര്‍ത്തകരും ഇങ്ങനെ പെരുമാറുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ബോധം സൃഷ്ടിക്കപ്പെടില്ലേ? പ്രതിപക്ഷ രാഷ്ട്രീയം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രതികാര രാഷ്ട്രീയമായതിന്‍റെ ദുരന്തമായി അനുഭവപ്പെടുകയാണുണ്ടായത്. കോവിഡ് പ്രതിരോധകാര്യത്തില്‍ അതാണ് യഥാര്‍ത്ഥ പ്രശ്നം.

തിരുവനന്തപുരം ജില്ലയിലെ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വന്നിട്ടുള്ളത്. രോഗമുക്തി നിരക്കും നല്ല നിലയില്‍ വര്‍ധിക്കുന്നുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ചില കടകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കുന്നതായി കാണുന്നില്ല.

കൊല്ലത്ത് കോവിഡ് ബാധിച്ച് ഗൃഹചികിത്സയിലിരിക്കുന്നവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്‍റെ ഇന്‍റെഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് വിഭാഗം പഠനം നടത്തി. ഹൈ റിസ്ക് പ്രാഥമിക സമ്പര്‍ക്കത്തിലായവരില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയതെന്നു പഠനം. ആലപ്പാട്, അഴീക്കല്‍, ചവറ, തൃക്കടവൂര്‍, ശക്തികുളങ്ങര ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് പരിശോധന നടന്നത്.

ശക്തികുളങ്ങര, നീണ്ടകര ഫിഷിങ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്നു. ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് 12 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ താല്‍കാലിക അനുമതി നല്‍കി. തങ്കശ്ശേരി, അഴീക്കല്‍ നേരത്തെ തുറന്നു കൊടുത്തിരുന്നു.

പത്തനംതിട്ട ജില്ലയില്‍ 40 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ജില്ലയിലെ ടെസ്റ്റിങ് ദിവസവും അയ്യായിരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരോഗ്യ വകുപ്പും ഡിഡിആര്‍സിയും നിലയ്ക്കലില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തിങ്കളാഴ്ച (ഒക്ടോബര്‍ 19) രാവിലെ ഏഴു മണി വരെ 272 പരിശോധനകളാണ് തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയത്.

ഇടുക്കി ജില്ലയില്‍ കോവിഡ് രോഗബാധ കൂടുതലുള്ള ഉടുമ്പന്‍ചോല, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ കുടുംബശ്രീ, മത സാംസ്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ശക്തിപ്പെടുത്തി.

പാലക്കാട്ട് ഒന്‍പത് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാണ്  സജീവമായിട്ടുള്ളത്. ഇതില്‍ മൂന്ന് എഫ്എല്‍ടിസികളില്‍ കോവിഡ് പോസിറ്റീവായ മറ്റ് ലക്ഷണങ്ങളുള്ള ‘കാറ്റഗറി ബി’ യില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  8 ഡോമിസിലറി കെയര്‍ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ് രോഗികളുടെ ഹോം ഐസൊലേഷന് കണ്ണൂര്‍ ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനകം 10,804 കൊവിഡ് രോഗികളാണ് ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തത്. നിലവില്‍ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്.  

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലും അജാനൂര്‍, ഉദുമ, ചെമ്മനാട് തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലുമാണ് രോഗവ്യാപനം രൂക്ഷം. ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ശക്തമാക്കി. 1600 അധ്യാപകരെ ഒരു വാര്‍ഡില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയും അടക്കം രണ്ടുപേരെ വീതമാണ് ‘മാഷ്’ പദ്ധതിയുടെ ഭാഗമായി നിയോഗിച്ചത്.

എസ്. സി -എസ്. ടി പദ്ധതികള്‍
രാജ്യത്ത് പലയിടത്തും ദളിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ഈ വിഭാഗങ്ങള്‍ക്കായി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണ്. എസ്എസ്ടി, പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതികളാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ നൂറു ദിനം കൊണ്ട് 3060 പേര്‍ക്ക് തൊഴില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍, കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂര്‍ എന്നീ പുതിയ ഓഫീസുകള്‍ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനു കീഴില്‍ 1500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്‍ഷിക മേഖലാ വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ കോട്ടയത്ത് മത്സര പരീക്ഷ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായ വിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി കോടാലിപ്പാറയില്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, കാസര്‍കോട് ബേഡഡുക്കയില്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, കുറ്റിക്കോല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഇരിട്ടിയിലുള്ള ആറളം ഫാം ഉല്‍പന്ന ഷോറൂമായ തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബല്‍ അറ്റ്ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികള്‍.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് മരുതോങ്കരയില്‍ നിര്‍മിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നീ പൂര്‍ത്തികരിച്ച പദ്ധതികളും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ശിലാസ്ഥാപനവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ 18 പട്ടികജാതി കോളനികള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിര്‍വഹിക്കുകയുണ്ടായി.

ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം
കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റത്തിന്  ഇന്ന് തുടക്കമായി. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും ഈ പദ്ധതി പ്രയോജനപ്പെടും. കേരളത്തിന്‍റെ വ്യാവസായിക നഗരമായ കൊച്ചിയില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യ ചുവടുവെയ്പു കൂടിയാണിത്.

കൊച്ചിയിലെ 21 പ്രധാന ജങ്ഷനുകളിലാണ് ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം പ്രവര്‍ത്തിക്കുക. 27 കോടി രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് 35 കേന്ദ്രങ്ങളിലാണ് നൂതന ക്യാമറകള്‍ സ്ഥാപിച്ചത്. വാഹന തിരക്ക് അനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ടിവേറ്റഡ് സിഗ്നല്‍ സംവിധാനം, റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്നല്‍ സംവിധാനം, സ്പീഡ് ലിമിറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, റെഡ് ലൈഫ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം ഇത്തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. റവന്യു ടവറിലെ കണ്‍ട്രോള്‍ സെന്‍ററിലാണ് നിരീക്ഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലാവും കമാന്‍ഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുക.

വാര്‍ത്താകുറിപ്പ്: 15-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 23 പേര്‍ മരണമടഞ്ഞു. 94,517 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6486 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ മണിക്കൂറില്‍ സാമ്പിളുകള്‍ 50,154 പരിശോധന നടത്തി. 7082 പേര്‍ രോഗമുക്തരായി.

കോവിഡിന്‍റെ വിശദമായ കാര്യങ്ങളിലേക്ക് പോകുന്നതിനു മുന്‍പ് മഹാകവി അക്കിത്തത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ്.

അദ്ദേഹത്തിന്‍റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണ്. സാഹിത്യ ലോകത്തിന്‍റെയും  അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും  ദു:ഖത്തില്‍ പങ്കു ചേരുന്നു.

നിരുപാധിക  സ്നേഹം പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ശക്തിയാവണമെന്ന്   ആഗ്രഹിക്കുകയും ആ ആഗ്രഹം കവിതയിലേക്ക് പകര്‍ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം.  മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്‍റെ ‘ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസവും’ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകവും’ പോലുള്ള കവിതകളാണ്.

മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്‍ തന്‍റെ മനസ്സില്‍ പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ തന്‍റെ ആത്മാവില്‍ ആയിരം സൂര്യനുദിക്കുകയാണെന്നും പാടിയ മഹാകവിയുടെ  ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കും.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്  310140 കേസുകളാണ്. 93837 ആക്റ്റീവ് കേസുകളാണ്  നിലവിലുള്ളത്.  215149 പേര്‍ രോഗമുക്തി നേടുകയും 1066 പേര്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു.

കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തു ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. ദേശീയ ശരാശരി 6974 ആണ്. അതിന്‍റെ ഭാഗമായി നമ്മള്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്യണ്‍  107820 ആണ്. ഇന്ത്യയില്‍ അത്  86792 മാത്രമാണ്.  രോഗവ്യാപനം ശക്തമായെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ് കേരളത്തില്‍. കേസ് ഫറ്റാലിറ്റി റേറ്റ് ഇന്ത്യയില്‍ മൊത്തത്തില്‍ 1.6% ആയിരിക്കുമ്പോള്‍ കേരളത്തിലത് 0.34% മാത്രമാണ്. രാജ്യത്ത് പത്തു ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തില്‍ അത് 31 മാത്രമാണ്. മുന്‍പ് വിശദീകരിച്ചതു പോലെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവിന്‍റെ ഫലമായാണ് ഇവിടെ മരണ സംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ട്.  ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. രോഗം പടരാനുള്ള സാധ്യത ഒഴിവാക്കളാണ് പ്രധാനം.  

ജില്ലയിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവമില്ല. 14,250 ആണ് ജില്ലയിലെ കേസ് പെര്‍ മില്യണ്‍ കണക്ക്. എ കാറ്റഗറിയില്‍ 1,026 കിടക്കകളും ബി കാറ്റഗറിയില്‍ 323 കിടക്കകളും സി കാറ്റഗറിയില്‍ 117 കിടക്കകളും ഒഴിഞ്ഞുകിടക്കുന്നു.
 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊല്ലം ജില്ലാ ഭരണസംവിധാനം പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.   കോവിഡ് മുക്തമാവുന്ന ജില്ലയിലെ ആദ്യത്തെ മൂന്ന് തദ്ദേശ സ്ഥാപനം, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശ വാര്‍ഡുകള്‍/ഡിവിഷന്‍/ കൗണ്‍സില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യം കോവിഡ് മുക്തമാവുന്ന തദ്ദേശ സ്ഥാപനം അതോടൊപ്പം മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്/കൗണ്‍സില്‍/ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക. തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് രഹിതമായിരിക്കണം എന്നതാണ് നിബന്ധന.

ആലപ്പുഴ ജില്ലയില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ട് ഓപ്പറേഷന്‍സ് തുടങ്ങാന്‍ തീരുമാനമായി. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ബോട്ടുകളില്‍ പ്രവേശനമുള്ളൂ.  ഹൗസ് ബോട്ടിലെ ഒരു മുറിയില്‍ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വലിയ ഹൗസ് ബോട്ടുകളില്‍ അടക്കം പത്തു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. ഹൗസ് ബോട്ടുകളും വിനോദസഞ്ചാരികളുടെ ലഗേജും  അണുവിമുക്തമാക്കണം. ഓരോ അതിഥിയും പോയി കഴിഞ്ഞാലും ഹൗസ്ബോട്ടുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിലെ ജീവനക്കാരുമായി വിനോദസഞ്ചാരികള്‍ അധികം ഇടപഴകാന്‍ പാടില്ല.
 
കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ വര്‍ധനയില്ലെങ്കിലും നഗര മേഖലകളില്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം ബാധിക്കുന്നവരില്‍ കുട്ടികളും അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരും ഏറുന്നത്  ഉത്കണ്ഠാജനകമാണ്.

എറണാകുളം ജില്ലയില്‍ ഏഴു എഫ്.എല്‍.ടി.സികള്‍ എസ്.എല്‍.ടി.സികള്‍ ആക്കി മാറ്റും.  കറുകുറ്റിയിലെ അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍.ടി.സി സ്പെഷ്യല്‍ കെയര്‍ സെന്‍റര്‍ ആയി മാറ്റുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. നാല് താലൂക്ക് ആശുപത്രികള്‍, കോവിഡ് സംശയിക്കുന്നവരേയും ക്വാറന്‍റീനില്‍ കഴിയുന്നവരേയും പരിചരിക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
പാലക്കാട് ജില്ലയില്‍ 11 ഡോമിസിലറി കെയര്‍ സെന്‍ററുകള്‍ സജ്ജമായതില്‍ ആറു സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് ജില്ലയില്‍ ഡൊമിസിലറി കെയര്‍ സെന്‍ററുകള്‍ കൂടി തുടങ്ങാന്‍ തയ്യാറെടുക്കുകയാണ്. വീടുകളില്‍ ഐസോലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്‍ററുകളില്‍ പാര്‍പ്പിക്കുക. ആദ്യഘട്ടത്തില്‍ എഫ്.എല്‍.ടി.സികളോട് ചേര്‍ന്നാണ് സെന്‍ററുകള്‍ സ്ഥാപിക്കുക.
 
കോഴിക്കോട് ജില്ലയില്‍  കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയിലാണ് രോഗികള്‍ കൂടുതലുളളത്.   തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു. തീരദേശ പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികള്‍ രൂപീകരിച്ചു.  

കണ്ണൂരില്‍ പരിയാരം ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്ക് തിരക്ക് ഒഴിവാക്കുന്നതിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രണ്ട് പുതിയ കിയോസ്ക്കുകള്‍ സജ്ജീകരിക്കും.
 
കാസര്‍കോട് ജില്ലയില്‍   തെയ്യം ആചാരനുഷ്ഠാനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് ഒരു സ്ഥലത്ത് ഒരു ദിവസം മാത്രം നടത്താന്‍  അനുമതി നല്‍കും.

നമ്മള്‍ ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് രോഗികളുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു  ആശുപത്രികളില്‍ സൗകര്യങ്ങളും, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ഐ സി യു  സൗകര്യങ്ങളും ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്രത്തോളം ബെഡുകളും, ഐ സി യു  സൗകര്യങ്ങളും ഉണ്ടെന്നുള്ള കണക്ക്  എടുക്കുന്നുണ്ട്.   സര്‍ക്കാര്‍ സംവിധാനത്തില്‍ 960 വെന്‍റിലേറ്ററുകള്‍ ആണ് പുതിയതായി   ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഓരോ ജില്ലയിലും സ്വകാര്യ ആശുപത്രികളില്‍   10 ശതമാനത്തില്‍ കുറയാത്ത ബെഡുകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റി വെക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്.  എല്ലാ സ്വാകാര്യ ആശുപത്രികളും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ഓരോ ദിവസവും  ആശുപത്രിയില്‍  എത്ര ബെഡ് സൗകര്യങ്ങള്‍ ഉണ്ടെന്നും, ഐ സി യു, വെന്‍റിലേറ്ററുകള്‍ ഉണ്ടെന്നും കണക്കുകള്‍ എടുക്കേണ്ടതുണ്ട്.  ഇത് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രദര്‍ശിപ്പിക്കും. അതനുസരിച്ചു  കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ സ്വാകാര്യ ആശുപത്രികള്‍ തയ്യാറാകണം. ഓരോ ദിവസത്തെയും കണക്കുകള്‍ കൃത്യമായി ലഭ്യമാക്കണം. എല്ലാവരും  ഈ പ്രവര്‍ത്തനത്തില്‍ സഹകരിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു

ഗ്ലോബല്‍ ഹാന്‍റ് വാഷിങ്  ഡേ

കൈകള്‍ ശുചിയാക്കുന്നതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനു ഇന്ന്  ഗ്ലോബല്‍ ഹാന്‍റ് വാഷിങ് ഡേ ആചരിക്കുകയാണ്.  ലോകത്തെ 70 രാജ്യങ്ങളിലെ 12 കോടിയില്‍ കൂടുതല്‍ കുട്ടികള്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്  എതിരെയും, വയറിളക്ക സംബന്ധമായ രോഗങ്ങള്‍ക്ക് എതിരെയും ഒരുമിച്ച് കൈ കഴുകുന്ന പരിപാടി സംഘടിപ്പിച്ചു. ഹാന്‍ഡ് ഹൈജീന്‍ ഫോര്‍ ഓള്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

കോവിഡ് കാലം ആയത് കൊണ്ട് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഹാന്‍ഡ് ഹൈജീന്‍ ഫോര്‍ ഓള്‍ എന്ന മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍   ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ നമ്മള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം കൈവിടാതിരിക്കാന്‍ കൈകഴുകൂ എന്നായിരുന്നു. ഇത് പ്രഖ്യാപിച്ചതിന്‍റെ അടുത്ത ദിവസം തന്നെ സര്‍വ്വീസ് സംഘടനകളും യുവജന സംഘടനകളും  ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും എല്ലാം കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട്  ലോക്ക് ഡൗണിലേക്ക് പോയി. അതിനു ശേഷം രണ്ടാം ഘട്ടത്തില്‍ മാസ്ക് ഉപയോഗിക്കാനും  സാമൂഹിക അകലം പാലിക്കാനും  ക്യാമ്പയിന്‍ ചെയ്തു. എന്നാല്‍ എവിടെയോ വച്ചു നമ്മള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി.

അന്ന് കൈ കഴുകാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ മിക്കതും  ഉപയോഗശൂന്യമായി കിടക്കുകയാണ്.   കൈ ശുചിയാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം മൂലമുണ്ടാകുന്ന മരണത്തിന്‍റെ തോത് 25 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നാണ് ഗ്ലോബല്‍ ഹാന്‍റ് വാഷിങ് ഡേയുടെ സന്ദേശത്തില്‍ പറയുന്നത്.   വയറിളക്ക സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണം 50 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നും  ലോക സ്റ്റാറ്റിറ്റിക്സ് പറയുന്നു.   ഈ വര്‍ഷത്തെ  മെയ് ജൂണ്‍ മാസം വരെയുള്ള  കണക്കുകള്‍ നോമ്പോള്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റു പ്രധാന അസുഖങ്ങളും കുറഞ്ഞതായി കണ്ടു. അതിനു പ്രധാനപ്പെട്ട ഒരു കാരണം   ഈ  ജാഗ്രതയാണ്. അത്കൊണ്ട് തന്നെ   ജാഗ്രത വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് ഈ സമയത്ത് ഉണ്ടാകേണ്ടത്.  കൈ കഴുകാനുള്ള സൗകര്യങ്ങള്‍ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ഒരുക്കാന്‍ മുന്നോട്ട് വരണം. വീടുകളില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എല്ലാവരും   ഇങ്ങനെ കൈ കഴുകുമ്പോള്‍ രോഗ വ്യാപനത്തിന്‍റെ കണ്ണികളെ  പൊട്ടിക്കാന്‍ സാധിക്കും. കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രം പോര അത് പരിപാലിക്കാനുള്ള ശ്രദ്ധയും ഉണ്ടാകണം.

ശബരിമല

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കുകയാണ്.  ദര്‍ശനം സുഗമമായി നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വിര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുളള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കേണ്ടതാണ്. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10 വയസിനും 60 വയസിനും ഇടയ്ക്ക്  പ്രായമുളളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുളളത്. വിര്‍ച്വല്‍ ക്യുവിലൂടെ ബുക്കിംഗ് നടത്തിയപ്പോള്‍ ദര്‍ശനത്തിന് തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ ഭക്തര്‍ ദര്‍ശനത്തിനായി എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ എല്ലാവിധ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും അവ യഥാവിധി ഉപയോഗിക്കുകയും വേണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിന് എത്താവൂ. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്. മലകയറുമ്പോഴും ദര്‍ശന സമയത്തും പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഈ ആശുപത്രികളിലേക്കുള്ള പരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്.  ഡോക്ടര്‍മാരുടെ നിയമനം ഇന്നു  പൂര്‍ത്തീകരിക്കും. 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തീര്‍ഥാടകരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കുകയുള്ളു. കോവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്നാനം അനുവദിക്കില്ല. കുളിക്കാനായി  പ്രത്യേകം  ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ന് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വലിയൊരു നേട്ടം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം  നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍വ്വഹിച്ചു.

ആരോഗ്യ, ഗവേഷണരംഗത്ത് മുതല്‍ക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരും.  

നിപ്പ എന്ന മാരക വൈറസിന്‍റെ വ്യാപനം  പിടിച്ചുനിര്‍ത്താനായും  കോവിഡിനെ വലിയ അളവില്‍  പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത്   ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ  ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ്.  അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെയും പുതുതായി കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങള്‍ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം  ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്‍റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.

2017ല്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ പ്രൊഫ: എം.വി. പിള്ള, ഡോ: ശാര്‍ങ്ധരന്‍ എന്നിവരാണ് പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് ഒരു സ്ഥാപനം കേരളത്തിലില്ല എന്ന ന്യൂനത  ചൂണ്ടിക്കാണിച്ചത്. അവരുടെ അഭിപ്രായം പരിഗണിച്ചാണ്  വൈറോളജി ഗവേഷണ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ചുമതല നല്‍കിയത്. ഡോ. എം.വി. പിള്ളയും ഡോ: ശാര്‍ങധരനും നമ്മെ ലോക വൈറോളജി നെറ്റ് വര്‍ക്കിലേക്ക്  ബന്ധിപ്പിച്ചു. ഡോ. റോബര്‍ട്ട് ഗാലോ, ഡോ. വില്യം ഹാള്‍ എന്നീ പ്രശസ്ത വൈറോളജി വിദഗ്ധരുമായി സഹകരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിദഗ്ധരും സഹകരിച്ചു. ഡോ. വില്യം ഹാളിനെ മുഖ്യ ഉപദേശകനായി നിയമിക്കുകയും അദ്ദേഹം ഇവിടം സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍.

2019 ഫെബ്രുവരിയില്‍ ആദ്യഘട്ട കെട്ടിടോദ്ഘാടനം നടന്നു. രോഗനിര്‍ണയ സൗകര്യവും അതിനുതകുന്ന ഗവേഷണ സൗകര്യവും ഉള്‍പ്പെടുന്ന രണ്ടുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ഈ മേഖലയില്‍  രാജ്യത്തുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐ.സി.എം.ആര്‍, ആര്‍.ജി.സി.ബി, എന്‍.ഐ.എസ്.ടി, ഐ.ഐ.എസ്.ഇ.ആര്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ. അഖില്‍ ബാനര്‍ജി സ്ഥാപനത്തിന്‍റെ മേധാവിയായി ചുമതലയേറ്റിട്ടുണ്ട്.  

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്തും.

വിവിധ വൈറോളജി ഗവേഷണ വിഷയങ്ങള്‍ ആസ്പദമാക്കി എട്ട് സയന്‍റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്സുമാണ്  ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍.  25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.
 
പച്ചത്തുരുത്തുകള്‍

സംസ്ഥാനത്ത് ഹരിത കേരളം മിഷന്‍റെ ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായതിന്‍റെ പ്രഖ്യാപനം നിര്‍വ്വഹിച്ചതാണ് എടുത്തു പറയാനുള്ള മറ്റൊരു കാര്യം.  ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവില്‍ 454 ഏക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്.  എല്ലാ വര്‍ഷവും ഈ മാതൃകയില്‍ കൂടുതല്‍ പച്ചത്തുരുത്തകള്‍ സൃഷ്ടിക്കാന്‍  തദ്ദേശസ്ഥാപനങ്ങളുടെയും  ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,   പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാട്ടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്തേണ്ടത്.

ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തന്‍കോട് വേങ്ങോടില്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ സഹായത്തോടെ അപൂര്‍വ ഔഷധസസ്യങ്ങള്‍ അടങ്ങിയ പച്ചത്തുരുത്താണ് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മുളകള്‍ മാത്രമുള്ളതും കായല്‍, കടലോരങ്ങളില്‍ കണ്ടല്‍ചെടിയും അനുബന്ധ വൃക്ഷങ്ങളും അടങ്ങിയ പച്ചത്തുരുത്തും സൃഷ്ടിച്ചു. കാവുകളെ വിപുലീകരിച്ച് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആവാസവ്യവസ്ഥയില്‍ കണ്ടാലറിയാവുന്ന മാറ്റം സൃഷ്ടിക്കാനായി. കുമരകത്തെ കണ്ടല്‍ചെടികളുടെ പച്ചത്തുരുത്ത് മത്സ്യസമ്പത്തിന് ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ട്. വൃക്ഷത്തൈകള്‍ നട്ടതിനു ശേഷം മൂന്നു വര്‍ഷം അതിന്‍റെ പരിപാലനവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.

വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്രാ  ബോട്ടുകളുടെയും സര്‍വീസ്  ഇന്ന്  ഉദ്ഘാടനം ചെയ്തു.   ആലപ്പുഴയിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടര്‍ ടാക്സികളാണ് ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് നീറ്റിലിറങ്ങിയത്. വാട്ടര്‍ ടാക്സി പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ബോട്ടുകളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാട്ടര്‍ ടാക്സിയില്‍ പത്തു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കറ്റാമറൈന്‍ ബോട്ടുകളില്‍ 100 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം. 20.5 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള അത്യാധുനിക ബോട്ടിന് ഏഴു നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. 14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകള്‍ വാങ്ങാനാണ് ഭരണാനുമതി നല്‍കിയത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്. മറ്റു ബോട്ടുകളും ഉടന്‍ സര്‍വീസ് തുടങ്ങും. ബോട്ടുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവും.

റോഡുകളുടെയും മോട്ടോര്‍ വാഹനങ്ങളുടെയും വരവോടെയാണ് ജലഗതാഗതം കേരളത്തില്‍ കുറഞ്ഞത്. റോഡിലെ കുരുക്കും മലിനീകരണവും വര്‍ധിച്ച സാഹചര്യത്തില്‍ ജലഗതാഗതത്തിന് പുതിയ സാധ്യത തുറന്നിരിക്കുകയാണ്.  കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും മലിനീകരണമുക്ത ഗതാഗതത്തിനും കൂടുതല്‍ സൗകര്യം തുറന്നുകിട്ടും. റോഡ് ഗതാഗതത്തിന് സമാന്തരമായി ജലയാത്രാമാര്‍ഗം സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ചമ്പക്കര പാലം

ഇന്ത്യയില്‍ത്തന്നെ എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി ഉയരുകയാണ്.  കൊച്ചി മെട്രോ നിര്‍മ്മാണത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പ്രാഥമിക പ്രവര്‍ത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം ഉദ്ഘാടനം ഇന്ന് ഗതാഗതത്തിനായി തുറന്നു.

കൊച്ചി മെട്രോ മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ നീട്ടുന്നതിന്‍റെ ഭാഗമായാണ് ചമ്പക്കര കായലിന് കുറുകെ പുതിയ പാലം നിര്‍മിച്ചത്.

ചമ്പക്കര പാലത്തിന്‍റെ ആദ്യഘട്ട നിര്‍മാണം കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അന്ന് രണ്ടുവരി പാതയാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ അവസാനഘട്ട നിര്‍മാണവും പൂര്‍ത്തിയായതോടെ പാലം പൂര്‍ണ അര്‍ഥത്തില്‍ ഗതാഗതയോഗ്യമായി. 245 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്ത രീതിയില്‍ ജലയാത്ര സജ്ജമാകുംവിധമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.  

കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആര്‍.സി നിര്‍മിക്കുന്ന നാലാമത്തെ പാലമാണിത്. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോ ഗതാഗതമാര്‍ഗം മാത്രമല്ല, ജീവിതരേഖ കൂടിയാണ്. ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടം യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ തന്നെ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന നവീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.എം.ആര്‍.എല്ലിന് സാധിക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ അത്തരത്തിലൊന്നാണ്. പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വാട്ടര്‍ മെട്രോ അടുത്തവര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട് കായലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങളുടെ പുരോഗതിക്കും ഇത് മുതല്‍ക്കൂട്ടാകും.

യന്ത്രേതര യാത്രയ്ക്കുള്ള മാസ്റ്റര്‍പ്ലാനും കൊച്ചി മെട്രോ തയാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശവുമുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കലാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ മെച്ചപ്പെട്ട കാല്‍നടപ്പാതകള്‍, സൈക്കിള്‍ സവാരിക്കനുകൂലമായ ഇടങ്ങള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിംഗ് എന്നിവ ഏര്‍പ്പെടുത്തുകയാണ്.
 
കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് സി.എന്‍.ജി ഇന്ധനം ഉപയോഗിച്ച് ആരംഭിച്ച അനുബന്ധ ടാക്സി, ഓട്ടോ, ബസ് സര്‍വീസ് എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടത്തുന്ന ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാര്‍ കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിച്ചത്. 1400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാണ്. ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാവുക.

പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജനത്തിന്‍റെ ഭാഗമായി കോവിഡ് കാലയളവില്‍ വീട്ടിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മൃഗ സംരക്ഷണ- ഉത്പന്ന-സംസ്ക്കരണ-വിപണന സംരഭകരാകുവാന്‍ ജീവനം ജീവധനം എന്ന പദ്ധതി ആരംഭിച്ചു.  

വി.ച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീം കേരള വെറ്റിനറി സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് കാലത്തെ ഒഴിവു സമയം പൂര്‍ണ്ണമായും ക്രിയാത്മക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുവാന്‍ സംസ്ഥാനത്തെ മുഴുവന്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കു ഓണ്‍ലൈനായി വളര്‍ത്തു മൃഗ പരിപാലന നൈപുണികള്‍ പരിശീലിപ്പിക്കുവാനും വീട്ടില്‍ ചെയ്തു നോക്കുവാന്‍ പിന്തുണ കൊടുക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 14-10-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിന് നിയമ പരിഷ്കരണം

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും 2010-ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

നാശോډമുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ഇതിന്‍റെ ഭാഗമായി പിടിച്ചെടുക്കുന്ന മത്സ്യത്തിന്‍റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കും. മത്സ്യ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അക്വകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കും. ബയോഫ്ളോക്ക്, കൂടുകളിലെ മത്സ്യകൃഷി, അക്വാപോണിക്സ്, പുനചംക്രമണകൃഷി, മുതലായ നൂതന രീതികള്‍ ഇപ്പോള്‍ അക്വാകള്‍ച്ചര്‍ രംഗത്ത് പ്രയോഗിക്കുന്നുണ്ട്. അത്യൂല്‍പാദനശേഷിയുള്ള നൈല്‍തിലാപ്പിയ, വനാമി ചെമ്മീന്‍, പങ്കേഷ്യന്‍ എന്നീ വിദേശ മത്സ്യ ഇനങ്ങളും വളര്‍ത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതും നിയമഭേദഗതിയുടെ ലക്ഷ്യമാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജമെന്‍റ് കൗണ്‍സിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സികളും രൂപീകരിക്കും.

മത്സ്യത്തിന്‍റെ പ്രജനനത്തിനും ജലാശയത്തിന്‍റെ സ്വാഭാവിക ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന ഒരു നിര്‍മാണവും വിജ്ഞാപനം ചെയ്യപ്പെട്ട നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. സര്‍ക്കാര്‍ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്‍റെ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ല. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അനുവദിക്കില്ല.

അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം കൊണ്ടുവരാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ലൈസന്‍സില്ലാത്ത ഒരാള്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തില്‍ ഏര്‍പ്പെടാനോ ടിക്കറ്റ് വെച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. എന്നാല്‍ ഒരു അലങ്കാര മത്സ്യഉല്‍പാദന യൂണിറ്റില്‍ നിന്നും അലങ്കാര മത്സ്യങ്ങള്‍ വില്‍പന നടത്തുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമില്ല. വിദേശ മത്സ്യ ഇനങ്ങളില്‍ ചിലത് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദര്‍ശനമോ വിപണനമോ അനുവദിക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ കേരളത്തിലേക്ക് കൊണ്ടുവരുന്ന അലങ്കാര മത്സ്യങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമുണ്ടായിരിക്കണം. അല്ലാത്തവ വില്‍ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.

ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടു കൂടി റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യുവാന്‍ 2020-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിനും സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 127-ാം അന്താരാഷ്ട്രതൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശ കണക്കിലെടുത്താണ് ഈ തീരുമാനം.

52 സൂപ്പര്‍ന്യൂമററി തസ്തിക

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ അവര്‍ സേവനമനുഷ്ഠിക്കുന്ന ഗ്രാപഞ്ചായത്തുകളില്‍ / നഗരസഭകളില്‍ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തിക സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും മന്ത്രിസഭ അംഗീകരിച്ചു.

അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ക്ക് സഹായം

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് കേടായ അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുദിക്കാന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 14-10-2020

കേരള കോണ്‍ഗ്രസ് (എം)തീരുമാനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കും: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) തീരുമാനം കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിഥിലമായ യുഡിഎഫിന്‍റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം.

കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാണ്. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്‍.ഡി.എഫിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി വ്യക്തിമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ ഫലമായി കേരളത്തിലടക്കം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധിയില്‍ കര്‍ഷകരോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാടാണ് എല്‍.ഡി.എഫും സര്‍ക്കാരും എടുക്കുന്നത്. ഇതെല്ലാം വിലയിരുത്തിയാണ് എല്‍.ഡി.എഫാണ് ശരി എന്ന നിലപാട് കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത്. ഇതു തികച്ചും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ മതനിരപേക്ഷ ചേരിയെ ഈ തീരുമാനം ശക്തിപ്പെടുത്തും.

ഇടതുപക്ഷത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ വിശാല കൂട്ടൂകെട്ട് ഉണ്ടാക്കാനും അട്ടിമറിശ്രമം നടത്താനും ഇറങ്ങിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം. യു.ഡി,എഫിന്‍റെ തെറ്റായ സമീപനങ്ങളെയാണ് ആ മുന്നണിയില്‍ നാല് പതിറ്റാണ്ടോളം ഉണ്ടായിരുന്ന കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞത്. ക്രിയാത്മകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ്സിന്‍റെ വികാരം യു.ഡി.എഫില്‍ ഇപ്പോഴും തുടരുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. ആ വികാരവും വരും നാളുകളില്‍ യുഡിഎഫിനെതിരെ തിരിയും. നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ല എന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയാത്തതിന്‍റെ ഫലമാണ് ഈ സംഭവങ്ങള്‍.

കേരളാ കേണ്‍ഗ്രസ്സിന്‍റെ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താകുറിപ്പ്: 13-10-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 8764 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 95,407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48,253 സാമ്പിളുകള്‍ പരിശോധന നടത്തി. 7723 പേര്‍ രോഗമുക്തരായി.

കോവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ജില്ലയാണ് തിരുവനന്തപുരം. ഇപ്പോള്‍ ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സംയുക്തമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍  നടത്തിവരുന്നതു കൊണ്ടാണിത് സാധ്യമാകുന്നത്. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള പൊതുജനങ്ങളുടെ സമീപനം തികച്ചും നിരാശയുണ്ടാക്കുന്നതാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ.  ചില മത്സ്യചന്തകള്‍, വഴിയോര കച്ചവട – ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല.  

കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തി റോഡുകളുടെ വശങ്ങളില്‍ വിവിധ ചെറുകിട കച്ചവടങ്ങള്‍  നടത്തുന്നവര്‍   ഏറെയുണ്ട്. വഴിയരികില്‍ കച്ചവടം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരാണിവര്‍. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി നമുക്ക് ഇവരെ സഹായിക്കാം. എന്നാല്‍ ആളുകള്‍ വല്ലാതെ കണ്ട് കൂട്ടം കൂടിയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഇവരെ ബുദ്ധിമുട്ടിലാക്കരുത്. കാര്യങ്ങള്‍ മനസിലാക്കി  എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുതന്നെ അവരോട് ഇടപഴകണം. കച്ചവടക്കാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഉപഭോക്താക്കളോട് ഇടപഴകാന്‍.  ഇരുകൂട്ടരും ജാഗ്രതയില്‍ കുറവുവരുത്തരുത്.

ചിലയിടങ്ങളില്‍ കുട്ടികള്‍ക്കായി സ്വകാര്യ ട്യൂഷന്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും മറ്റുമായി ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്.  തലസ്ഥാന ജില്ലയില്‍ പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നതില്‍ 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ വലിയ ശതമാനമുണ്ട് എന്നത് മാതാപിതാക്കള്‍ ഓര്‍ക്കണം. ആവശ്യമായ കരുതല്‍ സ്വീകരിക്കുകയും വേണമെന്നാണ്  ഇതുസംബന്ധിച്ച് പറയാനുളളത്.
 
കൊല്ലത്ത്   മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന  വീടുകളില്‍  ഒരു ശൗചാലയം മാത്രമുള്ള ഇടങ്ങളില്‍  രോഗബാധിതര്‍ ഉണ്ടായാല്‍  അവരെ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും. ഗൃഹചികിത്സയ്ക്ക് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേക സി എഫ് എല്‍ ടി സി കേന്ദ്രങ്ങളില്‍ അവരെ നിരീക്ഷിക്കാന്‍  സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയും. തദ്ദേശ വാര്‍ഡ് തലത്തില്‍ മൂന്നു സന്നദ്ധ പ്രവര്‍ത്തകരെ വീതം നിയോഗിക്കുന്നുണ്ട്.  ഓരോ പഞ്ചായത്തും ഇതിനായി സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തണം.   വ്യാപാരി വ്യവസായികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും രോഗബാധ കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരുടെ പ്രത്യേകം ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു.
 
പത്തനംതിട്ട ജില്ലയില്‍ അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജീവനക്കാര്‍ക്കും കടയില്‍ എത്തിയവര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടൂര്‍ കെ.എ.പി ക്യാമ്പിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കി. കെ.എ.പി ക്യാമ്പിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ ഇന്നലെ വരെ 97 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ചുട്ടിപ്പാറ സ്കൂള്‍ ഓഫ് നേഴ്സിംഗിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ജില്ലാതലത്തിലെ കണ്‍ട്രോള്‍ റൂം, സര്‍വെലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു.

ആലപ്പുഴ ജില്ലയിലെ 10 സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആശുപത്രികള്‍ ആക്കാന്‍  നടപടി  സ്വീകരിച്ചു. ഈ ആശുപത്രികളില്‍ ഐ സി യു, വെന്‍റിലേറ്റര്‍ ഉള്‍പ്പെടെ 25% ബെഡുകള്‍ തയ്യാറാക്കി വെക്കും.

നിലവില്‍ കോവിഡ് രോഗികളെ ചികില്‍സിക്കാത്ത സ്വകാര്യ ആശുപത്രികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കോവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളെ നിരീക്ഷിക്കുന്നതിനും, കോവിഡ്-19 രോഗപ്പകര്‍ച്ച തടയുന്നതിനുമായി ആരോഗ്യ വകുപ്പും, റിസോര്‍ട്ട് ഉടമകളുടെ സംഘടനകളും സഹകരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ പുത്തൂര്‍ ദിവ്യാശ്രമം ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്. ഹോസ്റ്റലുകളിലും അനാഥാലയങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
കോഴിക്കോട് ജില്ലയില്‍ മാര്‍ക്കറ്റുകളും ഹാര്‍ബറുകളും ദിവസങ്ങളോളം അടച്ചിടുന്നത് ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകളിലും 20 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ജാഗ്രത കമ്മ്യൂണിറ്റികള്‍ രൂപീകരിച്ച് രോഗ പ്രതിരോധ നടപടികളും  രോഗീപരിചരണവും നിര്‍വഹിക്കാനും ജില്ലാതലത്തില്‍ തീരുമാനമായി.

വയനാട് ജില്ലയില്‍ 155 ആദിവാസികള്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 31-50 പ്രായപരിധിയിലുള്ളവരാണ്  കൂടുതല്‍. മീനങ്ങാടി, പേര്യ, വെങ്ങപ്പള്ളി ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാളെ   പ്രവര്‍ത്തനം തുടങ്ങും.  
 
ചികില്‍സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവായാല്‍ കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍  അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ രീതി ശരിയല്ല. അവിടെ തന്നെ അവരെ ചികില്‍സിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലാത്ത ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്നത് ഇവിടങ്ങളിലെ കൊവിഡ് ചികില്‍സയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പിക്കാവശ്യമായ സജ്ജീകരണങ്ങളായി. കോവിഡ് മുക്തനായി 28 ദിവസം പിന്നിട്ട, എന്നാല്‍ രോഗമുക്തനായി മൂന്ന് മാസം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആളുകളില്‍ നിന്നും  പ്ലാസ്മയ്ക്ക് ആവശ്യമായ രക്തം ശേഖരിച്ച് തുടങ്ങി.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി  അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരുടെ ചികിത്സയ്ക്കുള്ള കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ജില്ലയിലെ  ആദ്യത്തെ  ഡോമിസിലറി  കെയര്‍  സെന്‍റര്‍  പെരിയ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ്സില്‍  പ്രവര്‍ത്തനമാരംഭിച്ചു.

ശബരിമല ദര്‍ശനത്തിന്  ദിവസേന 250 പേര്‍ക്ക് വിര്‍ച്വല്‍ ക്യു വഴി ദര്‍ശനം ഒരുക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.  യാതൊരു തടസ്സവും കൂടാതെ രണ്ടുദിവസം കൊണ്ടുതന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിര്‍ച്വല്‍ ക്യു സംവിധാനം എത്രമാത്രം ജനപ്രിയമാണെന്നതിന്‍റെ തെളിവാണിത്. മണ്ഡല മകരവിളക്ക് കാലത്ത് ഭക്തരെ പ്രവേശിപ്പിക്കുന്നതിനും വിര്‍ച്വല്‍ ക്യു സംവിധാനം പ്രയോജനപ്പെടുത്തും.

ക്രിമിനല്‍ നടപടി ചട്ടം 144ാം വകുപ്പ് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസ് സേനാംഗങ്ങളും സംയുക്തമായി നടപടി സ്വീകരിച്ചുവരികയാണ്.

മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച എട്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 101 പേര്‍ അറസ്റ്റിലായി.

വികസന പദ്ധതികള്‍
ദേശീയപാത വികസനത്തില്‍  സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ ദിവസമാണ് ഇന്ന്.  കഴക്കൂട്ടം-മുക്കോല പാത ഗതാഗതത്തിനായി തുറന്നു.  ഉദ്ഘാടനവും മറ്റ് ഏഴു പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ബഹു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിധിന്‍ ഗഡ്കരി ഇന്ന് നിര്‍വ്വഹിച്ചു.  

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക നല്‍കാന്‍ സമ്മതിച്ച ഏക സംസ്ഥാനം  കേരളമാണ്.   ഇതിനകം 452 കോടി രൂപ ഇതിനായി സംസ്ഥാനം കൈമാറിയിട്ടുണ്ട്.  സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് നാഴികക്കല്ലായി മാറാന്‍ പോകുന്ന റോഡ് വികസന പദ്ധതികള്‍ക്കാണ് തുടക്കമായത്.

17 പാക്കേജുകളായാണ് കേരളത്തിലെ ദേശീയപാത വികസനം നടക്കുന്നത്. ബാക്കിയുള്ള ഒന്‍പതു പാക്കേജുകള്‍ക്കുള്ള അനുമതിയും ഈ സാമ്പത്തികവര്‍ഷം തന്നെ നല്‍കണമെന്ന്  കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  ഏറ്റവും റോഡ് സാന്ദ്രതയുള്ള സംസ്ഥാനമെങ്കിലും ദേശീയപാതകള്‍ കേരളത്തില്‍ താരതമ്യേന കുറവാണ്. ഇത് പരിഹരിക്കാന്‍ 12 റോഡ് സ്ട്രെച്ചുകളുടെ കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന് അനുമതി നല്‍കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നില്‍ വെച്ചിട്ടുണ്ട്.

ഒരുഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ദേശീയപാത അതോറിറ്റി കേരളത്തില്‍ ദേശീയപാതകള്‍ വികസിപ്പിക്കാനാവില്ല എന്നുചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നിന്ന്  പിന്‍മാറിയിരുന്നു.  വിജ്ഞാപന കാലാവധി അവസാനിച്ച് തുടര്‍നടപടി അനിശ്ചിതിതത്വത്തില്‍ ആയപ്പോള്‍ പ്രശ്ന പരിഹാരത്തിന്   പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും   പലവട്ടം സമീപിച്ചു.   ദേശീയപാത വികസനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മികച്ച പിന്തുണയാണ് നല്‍കിയത്.  അതില്‍ അദ്ദേഹത്തോടുള്ള നന്ദി  പ്രത്യേകം അറിയിക്കുന്നു.

ഏറ്റെടുക്കാന്‍ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെയാണ്  ഏറ്റെടുത്തത്.  ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്.  

കഴക്കൂട്ടം-മുക്കോല ബൈപ്പാസിലെ 27 കിലോമീറ്റര്‍ പൂര്‍ത്തിയായതോടെ തമിഴ്നാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 43 കിലോമീറ്ററുള്ള കഴക്കൂട്ടം-കാരോട് റോഡിന്‍റെ ആദ്യഘട്ടം യാഥാര്‍ഥ്യമായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം ബീച്ച്, ശംഖുമുഖം തുടങ്ങിയിടങ്ങളിലേക്കുള്ള യാത്ര ഈ  പാത സുഗമമാക്കും. ഇതോടൊപ്പം 11,571 കോടി ചെലവില്‍ ദേശീയപാത 66 ലെ ആറുറീച്ചുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ഹൈവേകളെല്ലാം ആറുവരി പാതയാണ്. ഇവയെല്ലാം ദേശീയപാത വികസനത്തെ ത്വരിതപ്പെടുത്തുന്ന ഈ പദ്ധതികള്‍ക്കൊപ്പമാണ് ഇടുക്കിയില്‍ ചെറുതോണി പാലത്തിന്‍റെ നിര്‍മാണോദ്ഘാടനവും നടന്നത്.

 ദേശീയപാത വികസനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലിനെ ചടങ്ങില്‍ കേന്ദ്ര മന്ത്രി ശ്രീ നിധിന്‍ ഗഡ്കരി പ്രകീര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നു.  

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ  നിര്‍മ്മാണ ഉദ്ഘാടനം  ഇന്നലെ നിര്‍വ്വഹിച്ചത്  ഇതോടൊപ്പം പറയേണ്ടതാണ്.   നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഈ ഉദ്ഘാടനവും നടന്നത്.  എ.സി. റോഡിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ്  പുനരുദ്ധാരണം നടത്തുന്നത്.  നവീകരിക്കുന്ന റോഡിനും ഫ്ളൈ ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 13 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ടാകും.  

എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് റോഡില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ച് സ്ഥലങ്ങളില്‍  ഫ്ളൈ ഓവര്‍ നിര്‍മിക്കും.   കുറച്ച് ദൂരത്തില്‍ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന്   ഒമ്പത് സ്ഥലങ്ങളില്‍ കോസ്വേ  നല്‍കിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്‍റനന്‍സ് തുക ഉള്‍പ്പെടെ 671.66 രൂപയാണ് ചെലവ് വരുന്നത്. പൂര്‍ത്തീകരണത്തിന് 30 മാസം സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിക്കുകയാണ്.

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി 1883 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികള്‍ തടസ്സമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ്.  നബാര്‍ഡിന്‍റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ  നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.  പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9530 കിലോമീറ്ററോളം റോഡുകള്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി. 1451 കോടി രൂപ മുതല്‍ മുടക്കി 189 റോഡുകള്‍ മൂന്നുമാസത്തിനകം സംസ്ഥാനത്ത്  ഗതാഗതത്തിന് തുറക്കും.  158 കിലോമീറ്റര്‍ കെ.എസ്.ടി.പി റോഡ്, കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈ ഓവര്‍ ഉള്‍പ്പടെ 21 പാലങ്ങള്‍, 671 കോടിയുടെ കിഫ്ബി പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗത യോഗ്യമാക്കും. .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. അതിന്‍റെ വലിയ അടയാളപ്പെടുത്തലാണ്  പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി  കേരളം ഉയര്‍ന്നത്.  

കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാനായി. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങും നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്‍റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു.

പൊതുസംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകമാകെ ഇന്ന് കാണാന്‍ കഴിയുക. അത്തരം ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്‍റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്. ഇതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.

ഇടക്കാല ഉത്തരവ്
ഒക്ടോബര്‍ 13, 2020ന് കേരള ഹൈക്കോടതി, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പ്രോജക്ടില്‍ വിദേശ സംഭാവന(നിയന്ത്രണ) നിയമം – 2010 ലംഘിക്കപ്പെട്ടു എന്ന സെപ്തംബര്‍ 24-ാം തീയതിയിലെ സി.ബി.ഐ.യുടെ എഫ്.ഐ.ആര്‍. ചോദ്യം ചെയ്തുകൊണ്ട് ലൈഫ് മിഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അനില്‍ അക്കരെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  പ്രസ്തുത എഫ്.ഐ.ആര്‍. ല്‍ കരാറുകാരായ യൂണിടാക് ബില്‍ഡേഴ്സിനും സാനേ വെഞ്ചേഴ്സിനുമൊപ്പം ലൈഫ് മിഷന്‍ കേരളയിലെ അണ്‍നോണ്‍    പബ്ലിക്  സെര്‍വന്‍റ്സ്  നെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.  ഈ നടപടിയെ ക്രിമിനല്‍ മിസലേനിയസ്  ഹര്‍ജിയിലൂടെ ഹൈക്കോടതി മുമ്പാകെ ലൈഫ് മിഷന്‍ ചോദ്യം ചെയ്തു.  ഈ ഹര്‍ജിയില്‍ രണ്ടു തവണ വാദം കേട്ടശേഷം ബഹു: ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍റെ കാര്യത്തില്‍ എഫ്.ഐ.ആര്‍ നെ തുടര്‍ന്നുള്ള നടപടികള്‍ക്ക് രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നു.

ഹൈക്കോടതി വിധിയുടെ ചില പ്രസക്ത ഭാഗങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.  ഖണ്ഡിക 15 ല്‍ ലൈഫ് മിഷന്‍ വിദേശ സംഭാവന സ്പോണ്‍സറില്‍ നിന്നും നേരിട്ട് വാങ്ങിയിട്ടില്ല എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് ബഹു: ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.  എഫ് സി ആര്‍ എ  ആക്ടിന്‍റെ വകുപ്പ് (3) വിശദമായി പരിശോധിച്ച ഹൈക്കോടതി കൃത്യമായി പ്രതിപാദിച്ചിട്ടുള്ളത് ലൈഫ് മിഷനോ, ബില്‍ഡര്‍മാരോ വകുപ്പ് (3) ലെ വിവരണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ്.

ഖണ്ഡിക 18ല്‍ ബഹു: ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുള്ളത് എഫ് സി ആര്‍ എ യുടെ വകുപ്പുകളോ, ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്  ന്യായീകരിക്കുന്നില്ല എന്നാണ്.

കോടതി വാദം കേള്‍ക്കാനും വിധി പ്രസ്താവിക്കാനും ബാക്കിനില്‍ക്കേ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല.  എന്നിരിക്കിലും പൊതുമണ്ഡലത്തില്‍ അനാവശ്യപ്രചരണവും ആരോപണങ്ങളുടെ ധൂമപടലങ്ങളും ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി നിയമത്തിന്‍റെ വകുപ്പുകളെ വിശദമായി പ്രതിപാദിച്ച ബഹു: ഹൈക്കോടതിയുടെ വിധിയില്‍ അടങ്ങിയിട്ടുണ്ടെന്നുമാത്രം ചൂണ്ടിക്കാണിക്കട്ടെ.

ലൈഫ് പദ്ധതി
ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അവര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണ്. അതിനെ തെറ്റായി ചിത്രീകരിക്കരുത്.

ഒരു വീട് എന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ഥ്യമാക്കാന്‍  ശേഷിയില്ലാത്തവര്‍ക്കാണ് കൂടുതല്‍ ബോധ്യപ്പെടുക. അത്തരം ആളുകള്‍ക്ക് സൗജന്യമായി ഒരു വീട് ലഭിക്കുമ്പോഴുള്ള സന്തോഷം നമുക്ക് വിവരിക്കാന്‍ കഴിയില്ല. സ്വന്തം സാമ്പത്തികശേഷി  കൊണ്ട്  വീട് നിര്‍മിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ വഴി നടപ്പാക്കുന്നത്.

ഈ പദ്ധതിയില്‍ വളരെ സുപ്രധാനമായ ഒരു ചടങ്ങ്  ഇന്ന് നടന്നു. 1983  മുതല്‍ 1987  വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. പി. കെ. വേലായുധന്‍റെ ഭാര്യ ശ്രീമതി. ഗിരിജക്ക് ലൈഫ് മിഷനിലൂടെ ഒരു വീട് നല്‍കാന്‍ സാധിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്ത്  നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് അവര്‍ക്കു നല്‍കി. അതിന്‍റെ താക്കോല്‍ ദാനം  മന്ത്രി  എ.കെ. ബാലന്‍ നിര്‍വഹിച്ചു.  

2003 ല്‍ ശ്രീ. പി.കെ. വേലായുധന്‍ അന്തരിച്ച ശേഷം വലിയ കഷ്ടപ്പാടിലൂടെയാണ് ഗിരിജയുടെ ജീവിതം മുന്നോട്ടുപോയത്. സ്വന്തമായി ഒരു വീടില്ലാത്തതിന്‍റെ ബുദ്ധിമുട്ട് അവര്‍ ഏറെ അനുഭവിച്ചു. വാടകവീടുകളിലും ചിലയിടങ്ങളില്‍ പേയിങ് ഗസ്റ്റ് ആയും താമസിച്ചു വരികയായിരുന്നു. മുന്‍ ഗവണ്മെന്‍റിന്‍റെ കാലത്ത്  ഒരു വീടിനായി പല വാതിലുകള്‍ മുട്ടി.  മുഖ്യമന്ത്രിക്ക് വരെ  അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ഇപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി  എ.കെ. ബാലന് നല്‍കിയ അപേക്ഷയിലൂടെയാണ് ശ്രീമതി ഗിരിജക്ക് ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. തിരുവനന്തപുരം കോര്‍പറേഷന്‍റെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് ഒരു വീട് അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മന്ത്രി  ബാലന്‍   മേയറോട് ആവശ്യപ്പെടുകയും കോര്‍പറേഷന്‍ വേഗം തന്നെ പരിശോധനയും നടപടികളും പൂര്‍ത്തിയാക്കി വീട് അനുവദിക്കുകയുമാണ് ചെയ്തത്. വളരെ മനുഷ്യസ്നേഹപരമായ ഒരു പ്രവൃത്തിയാണിത്. ഇത്തരം നിരവധി ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട്  നടക്കുന്നുണ്ട് എന്ന സൂചിപ്പിക്കാനാണ് ഇത് എടുത്തുപറഞ്ഞത്.  അതുകൊണ്ട് ആ പദ്ധതിയെ ഇകഴ്ത്താനും തളര്‍ത്താനുമുള്ള നീക്കങ്ങള്‍ ഉണ്ടാകരുത്. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്കെതിരായ നീക്കമാണ്.

വാര്‍ത്താകുറിപ്പ്: 10-10-2020

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

ഒക്ടോബർ നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണ്.   ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. എങ്കിൽ  മരണങ്ങൾ അധികമാകുന്നത് വലിയ തോതിൽ തടയാൻ സാധിക്കും.

പതിനായിരത്തിനു മുകളിൽ ഒരു ദിവസം കേസുകൾ വരുന്ന സാഹചര്യമാണിപ്പോൾ .   ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിൽ നിൽക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ഈ പകർച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കർണ്ണാടകത്തിൽ 6,66,000 കേസുകളും തമിഴ്നാട്ടിൽ 6,35,000 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കർണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്നാടിൻ്റെ ജനസാന്ദ്രത 555ഉം ആണെങ്കിൽ കേരളത്തിൻ്റെ ജനസാന്ദ്രത 859 ആണ് എന്നോർക്കണം.
രോഗവ്യാപനം അതിൻ്റെ ഉച്ചസ്ഥായിൽ എത്തിക്കുന്നത് വൈകിപ്പിക്കാൻ ഇവിടെ സാധിച്ചു.  രോഗവ്യാപനത്തോത് പിടിച്ചു നിർത്തിയത് വഴി കോവിഡ് പ്രതിരോധത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കാനും ആരോഗ്യ സംവിധാനത്തെ ശക്തമാക്കാനും സർക്കാരിനു സാവകാശം ലഭിച്ചു. ഇപ്പോൾ നമുക്ക് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനു കീഴിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉണ്ട്. പതിനായിരക്കണക്കിനു ബെഡുകൾ സജ്ജമാണ്.   ലാബ് സൗകര്യങ്ങൾ ആയി. കോവിഡ് സ്പെഷ്യൽ ആശുപത്രികൾ തയ്യാറായി. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ  സജ്ജമാക്കി. മരണസംഖ്യ മറ്റിടങ്ങളിലേക്കാൾ കുറവായിരിക്കാൻ കാരണം ഈ ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണബോധവും അദ്ധ്വാനവുമാണ്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ക്ലീനിങ്ങ് സ്റ്റാഫ് തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ അംഗത്തിൻ്റേയും നിസ്വാർത്ഥമായ സേവനമാണ് നമ്മെ കാത്തു രക്ഷിച്ചത്.

 മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണ നിരക്ക്. ആഗസ്റ്റിൽ അത് 0.45 ശതമാനവും  സെപ്റ്റംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ടു ദിവസം മുൻപുള്ള കണക്കു പ്രകാരം ആ ദിവസത്തെ കേസ് ഫസ്റ്റാലിറ്റി റേറ്റ് 0.22 ശതമാനം മാത്രമാണ്. കേസുകൾ ഇത്രയധികം കൂടിയിട്ടും മരണ നിരക്ക് ഉയരാത്തത് നമ്മൾ മേൽപറഞ്ഞതു പോലെ രോഗവ്യാപനം അതിൻ്റെ പരമാവധിയിൽ എത്താൻ എടുക്കുന്ന സമയം ദീർഘിപ്പിച്ചതും, ആ സമയത്തിനിടയിൽ ആരോഗ്യ സംവിധാനത്തെ ശക്തമാക്കിയതും കൊണ്ടാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഇവിടെ ഉണ്ടായതിൻ്റെ പത്തിരട്ടി മരണങ്ങൾ ഇതിനകം സംഭവിച്ചു എന്നതുമായി താരതമ്യം ചെയ്യുമ്പോളാണ് കേരളത്തിൻ്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാകുന്നത്.

വിദഗ്ധർ അഭിപ്രായപ്പെട്ടതു പോലെ ഈ അവസരത്തിൽ  നമ്മുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പക്ഷേ, കഴിഞ്ഞ 8 മാസങ്ങളായി അവിശ്രമം പ്രയത്നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ ക്ഷീണിതരാണെന്നു നമ്മൾ മനസ്സിലാക്കണം. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അതു പരിപൂർണമായും അവർക്കു നൽകുന്നതിനു നാം  തയ്യാറാകണം. അവരുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നിൽക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിൻ്റെ ഭാഗമായി 18957 പേർ രജിസ്റ്റർ ചെയ്തു. അവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. 543 പേർ എംബിബിഎസ് ഡോക്ടർമാരുമാണ്. ഈ ഘട്ടത്തിൽ നമുക്ക് കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി  കൂടുതൽ ഡോക്ടർമാർ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.  നിങ്ങളുടെ സേവനം നാടിന് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും കോവിഡ് ബ്രിഗേഡിൻ്റെ ഭാഗമാകാൻ മുന്നോട്ടു വരണം.

രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട്  പൂർണ്ണമായും സഹകരിക്കണം. അതുപോലെ പത്തു ശതമാനത്തോളം ആളുകളെങ്കിലും  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്ത സാഹചര്യം നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണ്. മാസ്ക് ധരിക്കുക എന്നതാണ് നിലവിൽ രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം.  , മാസ്കു ധരിക്കുന്നവരിൽ  രോഗം ബാധിക്കുമ്പോൾ  തീവ്രത കുറവാണെന്നും പഠനങ്ങൾ കാണിക്കുന്നു.  പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ  നിർബന്ധമായും എല്ലാവരും മാസ്ക് ധരിച്ചേ മതിയാകൂ.

 കോവിഡ് വന്നിട്ടു പോയ ആളുകളിൽ 30 ശതമാനം പേരിൽ രോഗത്തിൻ്റെ ലക്ഷണം പിന്നെയും കുറേക്കാലം നിൽക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  അതിൽ പത്തു ശതമാനം പേരിൽ ഗുരുതരമായ രീതിയിൽ ബുദ്ധിമുട്ടുകൾ തുടരുന്നതായും കാണപ്പെടുന്നു. കുട്ടികളിൽ താരതമ്യേന രോഗതീവ്രത കുറവാണെങ്കിലും പലരിലും ‘മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ’ എന്ന സങ്കീർണ്ണ രോഗവസ്ഥ ഉടലെടുക്കുന്നതായി കണ്ടു വരുന്നു. അതുകൊണ്ടു തന്നെ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം കാരണം ഒരുപാടാളുകളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

വളരെ സക്രിയമായ ജനപങ്കാളിത്തം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായി വരണം. തുടക്കത്തിൽ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ  വീണ്ടെടുക്കേണ്ടതുണ്ട്. 9 മണിക്കൂർ നമ്മുടെ ത്വക്കിൻ്റെ പ്രതലത്തിൽ കോവിഡ് രോഗാണുക്കൾക്ക് നിലനിൽക്കാൻ ആകുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതിനാൽ നിരന്തരം കൈകൾ ശുചിയാക്കി ബ്രേയ്ക്ക് ദ ചെയ്ൻ ക്യാംപെയ്ൻ   ശക്തമാക്കണം. അത് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗമാണ്.

സന്നദ്ധ സംഘടനകളും കടയുടമകളും  റെസിഡൻസ് അസോസിയേഷനുകളും മറ്റും പൊതുസ്ഥലങ്ങളിൽ കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്ന പ്രവണത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അത് കൂടുതൽ ഊർജ്ജസ്വലമായി ചെയ്യാൻ എല്ലാവരും വീണ്ടും തയ്യാറാകണം. റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്ക് കൈകൾ കൈഴുകാൻ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കണം. ആ സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കുകയും വേണം. രോഗവ്യാപനം വർധിക്കാതിരിക്കാൻ അതു  വലിയ തോതിൽ സഹായിക്കും.

പല ജില്ലകളിലും കലക്ടർമാരുടെ നേതൃത്വത്തിൽ നൂതനമായ പല പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. ആ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച തീതിയിൽ നടപ്പിലാക്കുന്ന ജില്ലകൾക്ക് സർക്കാർ അംഗീകാരം നൽകും.  ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദ്ദേശങ്ങൾ ഏറ്റവും കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക്    ബ്രേയ്ക് ദ ചെയിൻ എക്സലൻസ് അവാർഡ് നൽകും. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് അറിയിക്കും.
ഓരോ  വീട്ടിലും കുട്ടികളെ ബ്രേയ്ക്ക് ദ ചെയ്ൻ അംബാസഡർമാരാക്കി മാറ്റുന്ന പദ്ധതിയ്ക്കു രൂപം നൽകി. ഇത് വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ  നടപ്പാക്കും. വിക്ടേർസ് ചാനൽ വഴി കുട്ടികൾക്കായി അതിനുള്ള ക്ലാസുകൾ നൽകും. അതുപോലെതന്നെ  അധ്യാപകരുടെ  ക്രിയാത്മകമായ പങ്കാളിത്തവും ബ്രേക്ക് ദ ചെയിൻ ക്യാംപെയ്നിൻ്റെ ഭാഗമായി ആയി ഉയർന്നുവരണം.  കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും  ബ്രേക്ക് ദ ചെയ്ൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കാകും. അതിനായി അൽപ സമയം മാറ്റി വയ്ക്കാൻ അധ്യാപകർ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു. 

തിരുവനന്തപുരം ജില്ലയിൽ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ജില്ലയിൽ മാർക്കറ്റുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലായി കാണുന്നുണ്ട്.
ഓട്ടോ, ടാക്സി ഡ്രൈവർമാർ  മാസ്‌ക്, സാനറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണം.  ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ കൂടി ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷ നൽകും. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും കൂടുതൽ ജാഗ്രത പുലർത്തണം. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശന കവാടത്തിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനും സാനoറ്റൈസർ നൽകുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്താൻ സ്ഥാപന ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം.
പ്രായാധിക്യത്തെയും കോവിഡിനെയും പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ 90 വയസുകാരി, വടകര സ്വദേശി ജാനകിയമ്മയ്ക്ക് മയ്യനാട് എസ് എസ് സമിതിയിൽ വിശ്രമ കേന്ദ്രം ഒരുക്കി. പത്തു ദിവസം മുൻപ് ജില്ലാ ആശുപത്രി മെഡിക്കൽ സംഘത്തിന്റെ തീവ്ര പരിശ്രമത്തിന്റെ ഫലമായി കോവിഡ് ഭേദം ആയെങ്കിലും ചവറ പുത്തൻതുറ നിവാസിനിയായ  ജാനകിയമ്മയെ ഏറ്റെടുക്കാൻ  ബന്ധുക്കളാരും എത്തിയിരുന്നില്ല. ജില്ലാ ആശുപത്രിയിൽ ജാനകിയമ്മയെ താമസിപ്പിക്കുകയും പരിചരിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവർക്ക്  സ്ഥിരമായി  ആശ്രയം ഒരുക്കുന്നതിനുള്ള അഭ്യർത്ഥന മാനിച്ചു മയ്യനാട് എസ് എസ് സമിതി പ്രവർത്തകർ ഇവരെ ഏറ്റെടുക്കാൻ സന്നദ്ധരായി മുന്നോട്ട് വരികയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കും കോവിഡിതര രോഗികൾക്കും പ്രത്യേക ലേബർ റൂമുകൾ ഒരുക്കി. കോവിഡിതര ക്യാൻസർ രോഗികൾക്കായുള്ള റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവ നടത്തുന്നുണ്ട്. കോവിഡിതര രോഗികൾക്കായുള്ള കാത് ലാബ് സൗകര്യങ്ങളും എമർജൻസി ഓപറേഷൻ സംവിധാനവും ഉണ്ട്
മലപ്പുറത്ത് വൃക്ക രോഗികൾക്ക് കോവിഡ് ബാധിച്ചുവെന്ന കാരണത്താൽ ഡയാലിസിസ് ഉൾപ്പെടെ ചികിത്സ സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളും  അമിത ഫീസ് ഈടാക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി്.
ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളിലും കോവിഡ് രോഗികൾക്ക് മാത്രം ഒരു മെഷീൻ പ്രത്യേകം മാറ്റി വെക്കണം. അമിത ഫീസ് ഈടാക്കാനും പാടില്ല. കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾ മറ്റെന്തെങ്കിലും ചികിത്സാ ആവശ്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോൾ അവിടെ  മതിയായായ സൗകര്യമില്ലെങ്കിൽ മാത്രം കൃത്യമായ റഫറൽ മാർഗ്ഗനിർദ്ദേശങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട്  കോർപറേഷൻ പരിധിയിൽ 14 വാർഡുകൾ ഇവിടെ ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണിലാണ്.
കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികൾക്കായി  ഇഖ്‌റ ആശുപത്രിയിൽ കേന്ദ്രം ആരംഭിച്ചു.   15 ഡയാലിസിസ് മെഷീനുകളും ഐ.സി.യു, എച്ച്.ഡി.യു എന്നീ സംവിധാനങ്ങളും   50 കിടക്കകളുള്ള വാർഡും സജ്ജീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം തീവ്രമായതിനാൽ  വയോജനങ്ങളെ സംരക്ഷിക്കുന്നതിന് അതീവ പ്രാധാന്യം നമ്മൾ നൽകേണ്ട സമയമാണിത്. റിവേഴ്സ് ക്വാറൻ്റൈൻ കൂടുതൽ ശക്തമാക്കണം. അവർക്ക് രോഗം വരാതെ നോക്കാൻ എല്ലാവരും ജാഗരൂകരായിരിക്കണം.

 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ അക്ഷരാർഥത്തിൽ  നടപ്പാക്കുന്നുവെന്ന് ഉറപ്പ്  വരുത്തുന്നത്തിന്    ജില്ലകളില്‍ ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിട്ടുണ്ട്. കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കാണ്. അവര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി കടകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സഹായിക്കാനായി ഒപ്പം ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാരും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പാക്കും.

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പാക്കുന്നതിന്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 61 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 183 പേര്‍ അറസ്റ്റിലായി.

ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം വിര്‍ച്വല്‍ ക്യു സംവിധാനം ഇന്ന് രാത്രിയോ നാളെ രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്പാനദിയില്‍ കുളിക്കാന്‍ ഭക്തര്‍ക്ക് അനുവാദം ഉണ്ടായിരിക്കില്ല.

തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കും തന്നെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ല.

ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല
സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണമൊരുക്കുന്നതിലും അനുഗുണമായ  ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല പട്ടാമ്പിയിൽ  കഴിഞ്ഞ ദിവസം  ഉദ്ഘാടനം ചെയ്തു.  ജീവിതശൈലീരോഗങ്ങളും മറ്റും വർധിക്കുമ്പോൾ ആരോഗ്യകരവും വിഷരഹിതവുമായ പച്ചക്കറികൾക്കും ഭക്ഷണത്തിനും താത്പര്യം കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് 619 ജൈവക്ലസ്റ്ററുകൾ രൂപീകരിച്ചാണ് കൃഷി നടത്തുന്നത്.  ജൈവകൃഷിക്ക് ജീവാണു-ജൈവ വളങ്ങളുടെ ഗുണനിലവാരം പ്രധാനമാണ്.  ഔദ്യോഗികമായി ഗുണനിലവാര പരിശോധന നടത്താൻ  ഒരു കോടി 44 ലക്ഷം രൂപ ചെലവിട്ടാണ് സംവിധാനം ഒരുക്കിയത്.

ജലജീവൻ മിഷൻ
 നമ്മുടെ സംസ്ഥാനത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള വലിയ പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം നിർവഹിച്ചു. 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി  നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ

16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കും. 716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ് ജലജീവൻ മിഷനിലൂടെ ഭരണാനുമതി നൽകിയിട്ടുള്ളത്. 564 പദ്ധതികൾ  ആദ്യഘട്ടത്തിൽ നടപ്പാക്കും.
രണ്ടാംഘട്ടത്തിൽ  586 വില്ലേജുകളിൽ 380 പഞ്ചായത്തുകളിലും, 23 ബ്‌ളോക്ക് പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കണക്ഷൻ നൽകും.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാൻ  അവർക്ക് മുൻതൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയിൽതന്നെ ഉൾപ്പെടുത്തി.  പഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ സമിതികൾ രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തി ഈ പദ്ധതി നടപ്പാക്കുന്നത്.

 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണ്.  പാലക്കാട്ടെ അന്തർസംസ്ഥാന നദീതല ഹബ്ബ്, വരട്ടാർ നദിക്കരയിലെ നടപ്പാത നിർമ്മാണം, മൂന്നാർ കണ്ണിമല നദിക്ക് കുറുകേയുള്ള രണ്ട് ചെക്ക് ഡാമുകളുടെ നിർമാണം തുടങ്ങി നിരവധി പദ്ധതികൾ ഉടൻ പൂർത്തീകരിക്കും.

ശുചിത്വപദവി
501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്‌ളോക്ക് പഞ്ചായത്തുകളും ശുചിത്വപദവിയിലേക്ക് ഉയർന്നിട്ടുണ്ട്. അതിന്റെ  പ്രഖ്യാപനം ഇന്ന് ഓൺലൈനായി നിർവഹിച്ചു. ഈ സർക്കാരിന്റെ കാലയളവിൽതന്നെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും ശുചിത്വപദവിയിലും ഭൂരിഭാഗം തദ്ദേശസ്ഥാനങ്ങളെയും സമ്പൂർണ ശുചിത്വപദവിയിലും എത്തിക്കും.

ഇവിടെ നാം ഓർക്കേണ്ട കാര്യം നേരത്തെ ഹരിതകേരള മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ഇതുമായി ബന്ധപ്പെട്ട സ്ഥിതി വളരെ ദയനീയമായിരുന്നു. പലയിടങ്ങളിലും മാലിന്യം നിറഞ്ഞു കൂടി നിൽക്കുന്ന അവസ്ഥയായിരുന്നു. മാലിന്യ സംസ്കരണത്തിൽ നമ്മൾ പരാജയപ്പെട്ട നിലയായിരുന്നു. പൊതുവെ മലയാളികൾ വ്യക്തിശുചിത്വം ഉള്ളവരാണ്. എന്നാൽ പൊതു ശുചിത്വ കാര്യങ്ങളിൽ വലിയ അലംഭാവം ഉണ്ടായിരുന്നു. മാത്രമല്ല ചിലർ നേരെ വിപരീതമായ കാര്യങ്ങളും ചെയ്യുമായിരുന്നു. കൂടാതെ വീട്ടിൽ നിന്നും മാലിന്യം പ്ലാസ്‌റ്റിക് കവറിലാക്കി പൊതു ഇടങ്ങളിൽ എറിയുന്ന പ്രവണതയും ഉണ്ടായിരുന്നു. എന്നാൽ ശുചിത്വത്തിനു പ്രാധാന്യം കൊടുത്ത് നാം നടത്തിയ ക്യാമ്പയിൻ അത് വലിയ തോതിലാണ് സ്വീകരിക്കപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം കൊടുത്തു തന്നെ ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറായി. അതിൽ ഏറ്റവും നന്നായി പ്രവർത്തിച്ചത് ഈ ശുചിത്വ കാര്യങ്ങളിൽ തന്നെയാണ്. പരിസരം ശുചിയാക്കൽ മാത്രമല്ല നദികളും കുളങ്ങളും തോടുകളും എല്ലാം ശുചിയാക്കാനുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ നേരിട്ട് ഇറങ്ങുന്ന കാഴ്ച നമുക്ക് കാണാനായി. അത്തരം ഒരു അവബോധം സൃഷ്ടിക്കാനായി എന്നത് ഹരിത കേരളം മിഷന്റെ നേട്ടം തന്നെയായിരുന്നു.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി 250 തദ്ദേശസ്ഥാപനങ്ങളെ ആദ്യഘട്ടത്തിൽ ശുചിത്വപദവിയിലേക്ക് എത്തിക്കാനായിരുന്നു ഉദ്ദേശ്യം. ശുചിത്വം വന്നിട്ടുണ്ടെങ്കിലും ശുചിത്വ പദവി നേടണം എന്നുണ്ടെങ്കിൽ അതിന്റെതായ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പരിശോധിച്ച് പോകണം. അതിനു ഒരു സമിതിയുണ്ട്. ആ സമിതിയുടെ വിലയിരുത്തലിലൂടെയാണ് ശുചിത്വ പദവി ലഭിക്കുക.

ഈ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിൽ 250 അല്ല അതിലും ഇരട്ടി തദ്ദേശസ്ഥാപനങ്ങളെ ഈ പദവിയിൽ എത്തിക്കാനായി. സമിതിയുടെ അംഗീകാരം ലഭിക്കാത്ത ചില തദ്ദേശ സ്ഥാപനങ്ങൾ കൂടെ ഈ മാസം തന്നെ ശുചിത്വ പദവി നേടും.

സർക്കാർ അധികാരത്തിൽ വരുമ്പോൾ ജൈവ-അജൈവ മാലിന്യങ്ങളും ഇ-മാലിന്യങ്ങളും കൈകാര്യം ചെയ്യാൻ സമഗ്ര പദ്ധതി സംസ്ഥാനത്തുണ്ടായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പ്രധാന ദൗത്യം തന്നെയാണ് സർക്കാർ ഏറ്റെടുത്തത്. വിവിധ മാലിന്യ സംസ്‌കരണരീതികൾ അതിന്റെ ഭാഗമായി ഹരിതകേരളം മിഷൻ വഴി നടപ്പാക്കാനായി. ഉറവിട മാലിന്യ സംസ്‌കരണം, തുമ്പൂർമുഴി മോഡൽ, ഏറോബിക് കമ്പോസ്റ്റിംഗ്, ജൈവമാലിന്യങ്ങൾ വളമാക്കുന്ന യൂണിറ്റുകൾ ഇവയെല്ലാം ഇതിൽ ചിലതാണ്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹരിതകർമസേനകളും രൂപീകരിച്ചിരുന്നു. 850 ഗ്രാമപഞ്ചായത്തുകൾ, 88 നഗരസഭകൾ എന്നിവിടങ്ങളിൽ ഹരിതകർമസേനയുടെ 1551 സംരംഭക ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഇവർ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരംതിരിച്ച് പുനഃചംക്രമണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന ശൃംഖല പൂർത്തിയായതോടെ അവൈ മാലിന്യ പ്രശ്‌നത്തിനും വലിയ അളവിൽ പരിഹാരമായി. ക്ലീൻ കേരള ഇ-മാലിന്യ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചിലയിനം മാലിന്യങ്ങൾ സംസ്‌കരിക്കാൻ കേന്ദ്രീകൃത സംസ്‌കരണ പ്ലാൻറുകൾ വേണം.
മാലിന്യസംസ്‌കരണത്തിൽ സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നത് ശ്‌ളാഘനീയമായ കാര്യമാണ്.

കെ.എം.എം.എൽ ഓക്‌സിജൻ പ്ലാൻറ്
പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി ഓക്‌സിജൻ പ്ലാൻറിനു ഇന്ന് തുടക്കമായിട്ടുണ്ട്.
-പുതിയ ഓക്‌സിജൻ പ്ലാൻറ് വ്യവസായ രംഗത്ത് മാത്രമല്ല മെഡിക്കൽ രംഗത്തും ഗുണകരമാകും. ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി സ്ഥാപനത്തിന്റെ ലാഭം വർധിപ്പിക്കാനായിട്ടുണ്ട്.  

 കെ.എം.എം.എല്ലിലെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദനത്തിന് ഓക്‌സിജൻ അത്യാവശ്യഘടകമാണ്. ആവശ്യമായ ഓക്‌സിജന്റെ അളവ് കൂടിയതിനാലും 1984ൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാൻറിന്റെ കാര്യക്ഷമത കുറഞ്ഞതിനാലും പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. അതു പരിഹരിക്കാൻ പുറത്തുനിന്ന് ഓക്‌സിജൻ വാങ്ങേണ്ട സാഹചര്യമാണുണ്ടായത്. പ്രതിവർഷം 12 കോടിയോളം ഇതിനായി ചെലവഴിക്കുന്നു.  ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ ഓക്‌സിജൻ പ്ലാൻറ് സ്ഥാപിക്കാൻ 2017ൽ സർക്കാർ അനുമതി നൽകിയത്. 50 കോടി രൂപ ചെലവിൽ 70 ടണ്ണിന്റെ ഓക്‌സിജൻ പ്ലാൻറും അനുബന്ധ പ്രവർത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്.

വ്യവസായ ആവശ്യമായതിന് വേണ്ടിവരുന്നതിലും കൂടുതലായി ഏഴുടണ്ണോളം ദ്രവീകൃത ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി പുതിയ പ്ലാൻറിനുണ്ട്. ഇതു ആരോഗ്യ മേഖലയ്ക്കുകൂടി പ്രയോജനപ്പെടുത്താനാകും. ഇക്കാര്യം ഡ്രഗസ് കൺട്രോളർ സർട്ടിഫൈ ചെയ്തിട്ടുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജൻ ഒഴിച്ചുകൂടാത്തതാണ്. അതിനുള്ള കാര്യക്ഷമമായ ബദലായി ഇവിടുത്തെ പ്ലാൻറ് ഉപയോഗപ്പെടുത്തും.

അച്ചടിവകുപ്പിനെ ആധുനികവത്കരിക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ  ഭാഗമായി മണ്ണന്തല ഗവ: പ്രസ്സിന്റെ പുതിയ മൾട്ടികളർ വെബ് ഓഫ്‌സെറ്റ് മെഷീന്റെ ഉദ്ഘാടനവും അച്ചടി വകുപ്പ് ഡയറക്ടറേറ്റിനും മണ്ണന്തല ഗവ: പ്രസ്സിനും ഐ.എസ്.ഒ 9001:2005 സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് നിർവ്വഹിച്ചു ‌.

പൊതുവിദ്യാഭ്യാസം
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണ്.
കോവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാർത്ഥികൾക്കാണ് കൈറ്റ് വിക്ടേഴ്സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരുന്നത്.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്  ഇന്നിവിടെ അറിയിക്കാനുള്ള മറ്റൊരു കാര്യം സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ 2016 ൽ പ്രഖ്യാപിച്ച 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്ന പ്രക്രിയ പൂർത്തിയായി എന്നതാണ്. 4752 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45000 ക്ലാസ്മുറികളാണ്  ഹൈടെക്കാക്കി മാറ്റിയത്.  കൂടാതെ  2019ൽ തുടങ്ങിയ 1 മുതൽ 7 വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്കുളിൽ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി.   സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 41.01 ലക്ഷം കുട്ടികൾക്കായി  3,74,274 ഉപകരണങ്ങൾ വിന്യസിച്ചു.  12,678 സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ഉപകരണങ്ങൾക്ക് 5 വർഷ വാറണ്ടിയും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്പോർട്ടലും കോൾസെന്ററും ഏർപ്പെടുത്തി.  1,19,055 ലാപ്‍ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍
43,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്‍ഷന്‍ പ്രിന്റര്‍, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്കൂളുകളിൽ വിന്യസിച്ച ഉപകരണങ്ങൾ.

പദ്ധതി പൂർത്തീകരണത്തിനായി കിഫ്ബിയിൽ നിന്നും 595 കോടി രൂപയുടേയും ക്ലാസ് മുറികൾക്കായി പ്രാദേശിക തലത്തിൽ 135.5 കോടി രൂപയുടേയും പങ്കാളിത്തമാണുണ്ടാവുക.  അടിസ്ഥാന സൗകര്യമൊരുക്കാൻ മാത്രം 730 കോടി രുപ വകയിരുത്തി. 2 ലക്ഷം കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വിന്യസിച്ചു.  മുഴുവൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റൽ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോർട്ടൽ. 1,83,440 അധ്യാപകർക്കാണ് വിദഗ്ധ ഐസിടി പരിശീലനം നൽകിയത്. ഇത്തരത്തിൽ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടത്തിലേക്കെത്തുകയാണ് കേരളം. തിങ്കളാഴ്ച ഇതിന്റെ ഔദ്യോഗിക  പ്രഖ്യാപനം നടക്കും.  ഈ നേട്ടം ലോകത്തെ അറിയിക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു,

സഹായം
സൺ നെറ്റ് വർക്കിന്റെ മലയാളം ചാനലായ സൂര്യടിവി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
ഡി.വൈ.എഫ്.ഐ
കോവിഡ് പ്ലാസ്മ തെറാപ്പിക്ക് വളരെ അത്യാവശ്യമായ പ്ലാസ്മ സംസ്ഥാനത്താകെ ദാനം നടത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് ഗുരുതര കോവിഡ് രോഗികളെ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. എന്നാല്‍ പ്ലാസ്മ നല്‍കാന്‍ പലരും നല്‍കാന്‍ സന്നദ്ധരാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ. മാതൃക കാട്ടിയത്.